**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 22, 2014

സുനില്‍കുമാറിന് ദയാവധം ആവശ്യമാണോ...??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ കൊലക്കയര്‍ ഉറപ്പാണെന്ന് കണ്ടാല്‍ അയ്യോ എന്നെ കൊല്ലല്ലേ എനിക്ക് ഭാര്യയും മക്കളുമുണ്ടേ അല്ലെങ്കില്‍ വയസ്സായ അച്ഛനും അമ്മയുമുണ്ടേ വെറുതെവിടണേയെന്നു മേലധികാരത്തിങ്കലേക്ക് ദയാഹര്‍ജികള്‍ നല്‍കാറുണ്ട്... പത്തുപ്രാവശ്യം തൂക്കിലിടെണ്ട ചിലതെല്ലാം ഇത്തരം ഹരജികളുടെ ബലത്തില്‍ രക്ഷപെട്ടു പോരാറുമുണ്ട്... ഇവിടെ  ഇരയുടെ നീതി സ്വാഹാ എന്നത് വേറെകാര്യം... ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌.... അതാണ്‌ നമ്മള്‍ ലക്ഷ്യം വെയ്ക്കുന്ന കിണാശ്ശേരി... അതുകൊണ്ട് ആയിരം  കുറ്റവാളികള്‍  രക്ഷപെട്ടാലും നമുക്കതിനെ കുറ്റം പറയാന്‍ കഴിയില്ല.. കുറ്റവാളികള്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ നിരപരാധികളാണ് അതുകൊണ്ട് കൊല്ലരുതേ ശിക്ഷിക്കരുതെന്നു ആര്‍ത്തലച്ചുപറയുമ്പോള്‍ ഇതാ ഇവിടൊരു മനുഷ്യന്‍ കോടതിയോട് പറയുന്നു;;; ഞങ്ങളെ കൊന്നുകൊള്ളുക; നീതിതേടി അലഞ്ഞ് ഞങ്ങള്‍ മടുത്തു അതുകൊണ്ട് ഞങ്ങള്‍ക്ക് ദയാവധം തരൂ... അതിലൊരു അസ്വഭാവികതയുണ്ട് ,നിസ്സഹായതയുടെ ധ്വനിയുണ്ട്, എല്ലാറ്റിലും ഉപരിയായി നീതിപീഠത്തോടുള്ള ഒരു സാധാരണ പൌരന്‍റെ പുശ്ചം കലര്‍ന്ന പരിഹാസമുണ്ട്... വ്യവസ്ഥിതിയോടുള്ള പ്രതികാരവുമുണ്ട്.

  നീതി കിട്ടാനാണ്‌ ഏതൊരാളും കോടതിയെ സമീപിക്കുന്നത്. നീതി കിട്ടുമെന്നുള്ള വിശ്വാസത്തില്‍ കേസ് നടത്തി ജീവിതംതന്നെ കോഞ്ഞാട്ടയാകുമ്പോള്‍ ഞങ്ങളെയൊന്നു കൊന്നുതരൂവെന്നു അധികാരസ്ഥാനത്തോട് ഒരു പൌരന്‍ പറയുമ്പോള്‍; മികച്ചതെന്നു നമ്മള്‍ പറയുന്ന നമ്മുടെ വ്യവസ്ഥിതിക്ക് ഇതില്‍പ്പരം എന്തു നാണക്കേടാണുള്ളത്..  മഹത്തായ നമ്മുടെ നിയമവ്യവസ്ഥയുടെ അഴുകിദ്രവിച്ച ദുര്‍ഗന്ധം വമിപ്പിക്കുന്ന മറ്റൊരു വശമാണ് ഇവിടെ കാണുന്നത്,, മീണലൂര്‍ സ്വദേശി സുനില്‍കുമാറാണ്, ഇങ്ങനെയാണ് തന്‍റെ കേസ് പോകുന്നതെങ്കില്‍ എനിക്കും കുടുംബത്തിനും ദയാവധം തരണമെന്ന് മനുഷ്യാവകാശകമ്മിഷനോട് ആവശ്യപ്പെട്ടത്,, 2007 തുടങ്ങിയ വസ്തുസംബന്ധിയായ  കേസാണ് ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നത്.. നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍വെച്ചു നോക്കുമ്പോള്‍ ഇതൊരു ചെറിയ കാലയളവാണെങ്കിലും സുനില്‍കുമാറിനെ സംബന്ധിച്ച് ഇതൊരു വലിയകാലമാണ്, കാരണം അയാള്‍ക്ക് കോടതികള്‍ത്തോറും കയറിയിറങ്ങാനുള്ള ആരോഗ്യസ്ഥിതിയില്ല,രോഗിയാണ്‌, അംഗവൈകല്യമുള്ള ആളാണ്‌... ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ എന്താണ് നമ്മുടെ നിയമങ്ങള്‍ക്ക് ചെയ്യാനുള്ളത്,,, അര്‍ഹിക്കുന്ന നീതി അല്പം നേരത്തെയാക്കിയാല്‍ എന്താണ്കുഴപ്പം...  പ്രായമായ അമ്മയും, വിധവയായ സഹോദരിയും മകനും അടങ്ങുന്ന കുടുംബം... അംഗപരിമിതികളുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടാത്തോളം നല്ലൊരു ചുമട് ഇപ്പോഴേ ചുമക്കുന്നുണ്ട്.. അക്കൂട്ടത്തില്‍ നമ്മുടെ വ്യവസ്ഥിതിയും അദേഹത്തോട് കരുണ കാട്ടുന്നില്ലായെന്നത് ദയനിയംതന്നെ. ഒരു കോടതിയില്‍ നിന്നും അനുകൂല വിധിവരുമ്പോള്‍ അടുത്ത കോടതി അത് സ്റ്റേ ചെയ്യും.. ഇപ്പോള്‍ കേസ് ഹൈക്കോടതിയുടെ വെയിടിംഗ് ലിസ്റ്റിലാണുള്ളത്.. ...എട്ടു വര്‍ഷമായി നടക്കുന്ന വ്യവഹാരത്തില്‍ എന്നാണ് അയാള്‍ക്ക് നീതി കിട്ടുക..??? തന്‍റെ പരിമിതികള്‍ പലതവണ അറിയിച്ചിട്ടും ആരും തന്‍റെ സങ്കടം കേള്‍ക്കുന്നില്ലായെന്ന്‍ അദേഹം പറയുന്നു... അസ്ഥികള്‍പൊട്ടുന്ന അസുഖവും അംഗവൈകല്യവുമുള്ള സുനില്‍കുമാര്‍ മനുഷ്യാവകാശകമ്മിഷന്‍ സിറ്റിംഗ് നടത്തുന്ന സ്ഥലത്തേയ്ക്ക് ഇഴഞ്ഞാണ് വന്നത്... കേസ് തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്കും കുടുംബത്തിനും ദയാവധം തരൂവെന്ന യാചനയ്ക്ക് മുന്നില്‍ കമ്മിഷനും മുഖംതാഴ്ത്തി.. മുന്‍സീഫ് വ്യവഹരങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് കഴിയില്ലെന്ന ഉത്തരവും വാങ്ങി ഇഴഞ്ഞു നീങ്ങാനെ ഇവിടെയും സുനില്‍കുമാറിനു കഴിഞ്ഞൊള്ളൂ.   വൈകിക്കിട്ടുന്ന നീതി; നീതിനിഷേധത്തിന് തുല്യമെന്ന് പറഞ്ഞും പഠിപ്പിച്ചും നമ്മള്‍ കാലം കഴിക്കുമ്പോള്‍ എന്താണ് കളത്തിലെ അവസ്ഥയെന്ന് സുനില്‍കുമാറിന്‍റെ അവസ്ഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
  സുനില്‍കുമാറിന്‍റെ കാര്യത്തില്‍ ഇഴയുന്ന നിയമം മറ്റു ചിലരുടെ കാര്യത്തില്‍ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു കാണുമ്പോഴാണ് നിയമത്തിന്‍റെ മുന്‍പില്‍ എല്ലാവരും തുല്യരാണ് തുല്യരാണ് എന്നതിന്‍റെ തമാശ ഉയര്‍ന്നു വരുന്നത്.. അനധികൃതമായി കോടിക്കണക്കിനുരൂപയുടെ സ്വത്തു സമ്പാദിച്ചകുറ്റത്തിന്  കോടതിശിക്ഷിച്ച ഒരു ക്രിമനിനല് പണവും സ്വാധിനവും ഉപയോഗിച്ച് പുല്ലുപോലെ പുറത്തുവരുന്നു.. അവിടെ പ്രായവും, സ്ത്രീയെന്നുള്ള പരിഗണനയും, ശാരീരിക അവശതകളും,  രോഗവുമൊക്കെ വളരെ പ്രസക്തമായ ലൊ പോയന്റുകളാകുന്നു... ജയിലറകള്‍ വിശ്രമത്തിനുള്ള മണിയറകളാകുന്നു... ഇവിടെ സ്വന്തമായി നടക്കാന്‍ പോലുമാകാത്ത ഇഴഞ്ഞു നീങ്ങുന്ന നിസ്സാഹയനായ ഒരു മനുഷ്യന്‍റെ കാര്യത്തില്‍ ഒരു പരിഗണനയും പ്രസക്തമല്ല.. അതെന്തേ..?? നിയമം ഒരു ചിലന്തി വലയാണെന്നും ചെറുജീവികള്‍ മാത്രമേ അതില്‍ കുടുങ്ങുവെന്നും വല്യ സ്രാവുകള്‍ക്ക് ആ വല പ്രശ്നമാകില്ലെന്നും ആരോ എവിടെയോ പറഞ്ഞതില്‍ അല്പം കാര്യമില്ലേ എന്നൊരു തോന്നല്‍...
  രോഗശമനത്തിന് മന്ത്രവാദചികല്‍സനടത്തി യുവതിയെ പീഡിപ്പിച്ചു കൊന്നകേസില്‍ പ്രതിയായ രാഷ്ട്രീയ നേതാവിനെ അറസ്റ്റുചെയ്ത പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു... കുളിമുറിയില്‍വരെ ആദര്‍ശം പറയുന്ന ഇമ്മണിവലിയ നേതാവിനെ വൈദ്യുതി  മോഷ്ടിച്ച കുറ്റത്തിന് പിഴയടപ്പിച്ചപ്പോള്‍ വകുപ്പ് മേധാവിക്ക് കസേരതെറിക്കല്‍ ഭീഷണി ഉയരുന്നു... എന്താപ്പാ ഇത്;; അപ്പൊ ഈ നിയമവും വകുപ്പുമൊക്കെ ആര്‍ക്കാണ് ബാധകം..? ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് മാത്രം ബാധകമാണോ ഇതൊക്കെ..?? നുമ്മ ഭരിച്ചാല്‍ നുമ്മക്ക് കൊല്ലാം, കക്കാം എന്നാണോ തിയറി...??  സുനില്‍കുമാറിനെ പോലുള്ള സാധാരണക്കാര്‍ ആരോടാണ് പ്രതികരിക്കേണ്ടത്.. ആരെയാണ് സ്ഥലംമാറ്റേണ്ടത്... പ്രതിഷേധിക്കാനും പ്രതികരിക്കാനും കഴിവില്ലാത്തവര്‍ക്ക് ദയാവധമെങ്കിലും അനുവദിക്കണം... നമ്മുടെ ഈ നാറിയ വ്യവസ്ഥിയില്‍ നിന്നും രക്ഷപെടാന്‍ മറ്റൊരു വഴിയും ഇല്ലാത്തവര്‍ക്ക് സ്വയം ഇല്ലതാകാനുള്ള അവകാശം കൊടുത്തേതീരൂ.. 

 സംരക്ഷണവും നീതിയും നടപ്പാക്കി കൊടുക്കേണ്ടവരുടെ മുഖത്തുനോക്കി എന്നെയൊന്നു കൊന്നുതരൂവെന്നു ഒരു മനുഷ്യന്‍ പറയേണ്ട സാഹചര്യമുണ്ടായാല്‍ അതില്പരം ലജ്ജാവഹം വേറെയെന്തുണ്ട്.. എല്ലാം പൂട്ടിക്കെട്ടി ചെരയ്ക്കാന്‍ പോയ്ക്കൂടെ;;;;;??  കള്ളനും, ചതിയനും, കൊലപാതകിയും, ബലാല്‍സംഗവീരനുമൊക്കെ സമൂഹത്തില്‍ മാന്യന്മാരായി നടക്കുമ്പോള്‍ ചെയ്തകുറ്റം എന്താണെന്നുപോലും അറിയാതെ പതിനായിരങ്ങള്‍ നമ്മുടെ ജയിലറകളില്‍ നരകിച്ചു ജീവിതം തീര്‍ക്കുന്നു... നീതികിട്ടാന്‍ കാലങ്ങളായി കോടതിവരാന്തകള്‍ നിരങ്ങി ജീവിതം തീര്‍ക്കുന്ന വേറൊരു കൂട്ടര്‍..... ഇവരുടെയൊന്നും കുടുംബത്തെപ്പറ്റിയോ മനുഷ്യാവകാശത്തെപറ്റിയൊ പറയാന്‍ ആര്‍ക്കും നാവില്ല.. എന്നേ തല്ലിക്കൊല്ലേണ്ട ഗോവിന്ദചാമിക്ക്‌ വരെ മനുഷ്യാവകാശത്തള്ളല്‍ ഉണ്ടാകാതിരിക്കാന്‍ ബിരിയാണി കൊടുക്കുന്ന  കാലമാണ്... നിരപരാധികളെ കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി സുനില്‍കുമാറിന്‍റെ കാര്യത്തില്‍ ഇടപെടുമെന്ന് വെറുതെ ആശിക്കാം..
 അഭിസാരികയുടെ നഗ്നമേനിയുടെ ക്ലിപ്പുകണ്ടവരെ പിടിക്കാന്‍ ഭരണകൂടവും പോലീസും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.. ഇത്തരം പുലയാടിമക്കളുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ മിനക്കിട്ടിറങ്ങുമ്പോള്‍  നിസ്സാഹയനായി ഇഴഞ്ഞുനീങ്ങുന്നവന്‍റെ അവശതകള്‍ കാണാന്‍ സര്‍ക്കാരുമില്ല നിയമവുമില്ല...  നാടുനീളെ കട്ടുമുടിച്ച് ജയിലില്‍ കിടന്നവള്‍ക്കുവേണ്ടി ചാകാന്‍ വിഡ്ഢി കുശ്മ്മാണ്ടങ്ങള്‍ ഇഷ്ടംപോലെ... അര്‍ഹിക്കുന്നവനു വേണ്ടി ശബ്ധമുയര്‍ത്താന്‍ ആരുമില്ല... അധികാരം, പണം, മേനിയഴക് തുടങ്ങിയവ ഭരണം നടത്തുമ്പോള്‍ ഇഴഞ്ഞുനീങ്ങുന്നവന് ദയാവധം തന്നെയാണ് നീതി......

  

7 comments:

 1. കൊള്ളാം മാഷേ

  ReplyDelete
 2. അധികാരവും പണവും പിടിപാടും ഇല്ലാത്ത മനുഷ്യജന്മങ്ങള്‍ ക്ക് അവകാശങ്ങളും നീതിയുമെല്ലാം പടിക്ക് പുറത്താണ്

  ReplyDelete
 3. ഒന്ന് പ്രതികരിച്ചാല്‍ പോലും ജീവിതം നഷ്ടമാകുന്നു എന്ന അവസ്ഥ പ്രതികരണശേഷിയെപ്പോലും പുറകോട്ടു വലിക്കുന്നു....

  ReplyDelete
 4. ഇത്തരം വിഷയങ്ങള്‍ പലപ്പോഴും മുഖ്യാധാര മാധ്യമങ്ങള്‍ കണ്ടില്ലയെന്ന് നടിക്കുന്നു ..സരിത തുണിയഴിച്ചോ എന്നതാണ് അവര്‍ക്കരിയേണ്ടത് ... ഇനിയിപ്പോ സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു ആത്മഹത്യാ ഭീഷണി നടത്തിയാല്‍ അറിയാം തീരുമാനം അകുമോയെന്നു

  ReplyDelete

 5. ധാർമിക രോഷം മനസിലാക്കാം ,ഭാഷ മാന്യമാകുന്നതിനാൽ പ്രതികരണത്തിലുണ്ടാക്കിയേക്കാവുന്ന ഫലം കൂടുതലമാകാനെ സാധ്യതയുള്ളൂ

  ReplyDelete