**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, November 20, 2014

ഇഗ്ലീഷ് മീഡിയം; പീഡന ലക്ഷണങ്ങള്‍

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍     
  ഒരു പിഞ്ചുകുഞ്ഞ് പീഡനത്തിനിരയായാല്‍ എന്തൊക്കെയായിരിക്കും ലക്ഷണമെന്നോര്‍ത്തു ആരുമിനിബുദ്ധിമുട്ടേണ്ട കാര്യമില്ല.. കൃത്യമായ ലക്ഷണങ്ങള്‍ എന്തൊക്കെയാകണമെന്നു വിശദികരിച്ചു പറഞ്ഞിരിക്കുന്നു... ഡോക്ടര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, പിന്നെ നിരക്ഷരകഞ്ഞികളായ പൊതുജനം എന്നവര്‍ക്കെല്ലാംവേണ്ടിയാണ് പൊതുജനതാല്‍പ്പര്യപ്രകാരം ഈ അറിവ് പകരുന്ന പ്രബോധനം ഒരു പണ്ഡിതന്‍ നടത്തിയിരിക്കുന്നത്. പറഞ്ഞകാര്യങ്ങള്‍ മനസ്സിരുത്തി വായിച്ച്  കേസന്വേഷിച്ചാല്‍ പ്രതികള്‍ വേഗം അകത്താവും..വേണമെങ്കില്‍ കേസേ ഒഴിവാക്കാം.. കോഴിക്കോട് നാദാപുരത്ത് ഒരു സ്കൂളില്‍ നാല് വയസ്സുള്ള പെണ്‍കുഞ്ഞ് മുതിര്‍ന്ന വിദ്യാര്‍ഥികളാല്‍ പീഡിപ്പിക്കപ്പെട്ട സംഭവമാണ് ദ്രിഷ്ടാന്തം... തിരിച്ചറിയല്‍ പരേഡില്‍ കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതിന്‍ പ്രകാരം പ്രതികളെ പോലിസ് അറസ്റ്റ്ചെയ്തു.. സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഒരു പ്രതിയെ കണ്ടെത്തിയിരുന്നു... ഒരു ബസ് ക്ലീനര്‍.... നമ്മുടെ പോലിസ് വളരെ ബുദ്ധിപൂര്‍വ്വം വലവിരിച്ച് അങ്ങേരെ അറസ്റ്റ്ചെയ്ത്  പറയേണ്ടകാര്യങ്ങളെല്ലാം  തല്ലിപഠിപ്പിച്ച് പറയിപ്പിച്ച് ആ മൊഴി വീഡിയോയില്‍ പകര്‍ത്തിയതുമാണ്.. അപ്പോഴാണ്‌ യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം കിട്ടിയവനെപ്പിടിച്ച് തല്ലിപഴിപ്പിക്കുന്ന കേരളപോലിസ് മോഡലിനെതിരെ  നാട്ടുകാരും രക്ഷിതാക്കളും രംഗത്തു വന്നത്.. എതിര്‍പ്പ് രൂക്ഷമായതിനെതുടര്‍ന്ന്‍ ഒടുവില്‍ മാനേജ്മെന്റ് കണ്ടെത്തിയ പ്രതിയെ വെറുതെ വിടേണ്ടിവന്നു.. തല്ലുകൊണ്ട് കുറ്റം സമ്മതിച്ച ബസ് ക്ലീനര്‍ അങ്ങനെ രക്ഷപെട്ടു... പകരം തിരിച്ചറിയല്‍ പരേഡില്‍ കുട്ടി ചുണ്ടിക്കാണിച്ച പ്രതികളെ ഗത്യന്തരമില്ലാതെ അകത്താക്കി... അകത്താക്കിയവരെ പുറത്താക്കാന്‍ ഒരുകൂട്ടര്‍ നടത്തുന്ന ശ്രമങ്ങളിലാണ് പുതിയ പീഡനകണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്..

  പീഡനം നടന്നുവെന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമായി നിലനില്‍കുന്നു.. പ്രതികളാരാണ് എന്നതിലാണ് തര്‍ക്കം... ഇര ചൂണ്ടിക്കാണിച്ച  ആളുകളല്ല കുറ്റക്കാര്‍ പകരം തങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആളിനെ പ്രതിയാക്കണമെന്ന സ്കൂള്‍ മാനേജ്മെന്റ് നിലപാടാണ് ഇവിടെ വിവാദമായിരിക്കുന്നത്... ഒരു കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നതും നിശ്ചയിക്കുന്നതും മതനേതാക്കളും  രാഷ്ട്രിയക്കാരുമായാല്‍പ്പിന്നെ എന്തിനാണ് പോലീസും കോടതിയും..?. കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളില്‍ കോടതിയെ സഹായിക്കേണ്ട പോലിസ് സംവിധാനം മതനേതാക്കളുടെയും രാഷ്ട്രിയക്കാരുടെയും വലാട്ടികളായാല്‍ എങ്ങനെയാണ് ഇരയ്ക്ക് നീതി കിട്ടുക..?.
  ഇതിനിടയിലാണ് പീഡനം നടന്നാല്‍ പീഡനത്തിനിരയായ കുഞ്ഞുങ്ങള്‍ നിര്‍ബന്ധമായും പ്രകടിപ്പിക്കേണ്ട ലക്ഷണങ്ങളുമായി ഒരു പണ്ഡിതന്‍ രംഗത്ത്‌ വന്നിരിക്കുന്നത്... അവയില്‍ ചിലത് ഇപ്രകാരമാണ്  പീഡനം നടന്നാല്‍ കുഞ്ഞ് നിര്‍ബന്ധമായും ബോധംകെട്ടു വീഴണം അല്ലെങ്കില്‍ കൊല്ലപ്പെടണം... പരിസരവും ദേഹമാസകലവും ചോരകൊണ്ട് നിറയണം. ഭാവന ഇത്രയ്ക്ക് സമ്പന്നമകാന്‍ ഗോവിന്ദചാമിയായിരിക്കണം ഇദേഹത്തിന്‍റെ ഗുരു... ഇതൊന്നുമല്ലെങ്കില്‍ ഉറക്കെ കരയണം. ഹിറ്റ്ലര്‍ മാധവന്കുട്ടിയോടു സോമന്‍ പറഞ്ഞ അതേ ഡയലോഗ്.. ‘അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍’....   പീഡിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍പ്പിന്നെ ഓടാനും ചാടാനും കഴിയില്ല അഥവാ അങ്ങനെ ചെയ്താല്‍ നിലവിളിച്ചുകൊണ്ടയിരിക്കണം ഓടുന്നത്.. പഴയ ടി ജി രവി മോഡല്‍ ബലാല്‍സംഗമായിരിക്കും ഉദേശിക്കുന്നത്.. പിന്നെ എടുത്തു പറയേണ്ട മറ്റൊരുകാര്യം പീഡനംനടന്ന അന്നുതന്നെ  കുട്ടി സംഭവം ആരോടും പറഞ്ഞില്ലായെങ്കില്‍ പീഡനം നിലനില്‍ക്കുന്നതല്ല . ഈ പറഞ്ഞ മാനദണ്ടങ്ങളൊന്നും സ്കൂള്‍ പീഡനക്കേസില്‍ ശരിയാകാത്തതുകൊണ്ട് പീഡനമേ നടന്നിട്ടില്ലയെന്നാണ് പണ്ഡിതന്‍റെ നിലപാട്...അതുകൊണ്ട് അറസ്റ്റ്ചെയ്തവരെ വെറുതെ വിടണം.. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള പല പീഡനങ്ങളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവരുന്നത് സംഭവംനടന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞ് അവരുടെ സ്വഭാവത്തിലെ വിത്യാസങ്ങള്‍ പരിശോധിച്ചാണെന്നുള്ളത്‌ ഈ പണ്ഡിതന്‍ ഇതുവരെ അറിഞ്ഞിട്ടില്ലായെന്നു തോന്നുന്നു
  ‘പരനാറി’ പ്രയോഗത്തിലൂടെ അതിവിശിഷ്ടനായ ജനകീയനേതാവും ഈ വിഷയത്തില്‍ പണ്ഡിതരെ പിന്താങ്ങിയിരിക്കുന്നു.. അദേഹം വിദേശത്താ  യിരുന്നെങ്കിലും, സംഭവം എന്താണെന്നു അറിയില്ലയെങ്കിലും പ്രതികളെ വെറുതെ വിടണമെന്നാണ് അദേഹവും പറയുന്നത്... സെപ്റ്റംബര്‍ പതിനൊന്നിന്‍റെ  ആക്രമണവും, ഇറാക്കിലും, സിറിയയിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ഇങ്ങനെ നിരപരാധികള്‍ കുറ്റവാളികളായ സംഭവങ്ങളാണത്രേ മുഴുവന്‍... അതുകൊണ്ട് ഈ സംഭവത്തിലും പ്രതികള്‍ നിരപരാധികളാണുപോലും. ഇത് മനുഷ്യാവകാശത്തിന്‍റെയും സാമൂഹ്യനീതിയുടെയും പ്രശ്നമായാതിനാല്‍ തന്‍റെ എല്ലാ സഹായവും ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ഉണ്ടാകുമെന്നും അദേഹം ഉറപ്പ് കൊടുത്തിരിക്കുന്നു... ഇതോടെ ഒരുകാര്യം ഉറപ്പായി ‘പരനാറി’ പ്രയോഗം തെറ്റിയിട്ടില്ല... ഇനിയിപ്പോ ഒന്നും പേടിക്കാനില്ല ആഭ്യന്തരമന്ത്രിയെ വിളിച്ച് പുതിയ രണ്ടു പ്രതികളെയുണ്ടാക്കാന്‍ പോലീസിനോട് പറഞ്ഞാല്‍ മതി.. ‘എസ്’ കത്തി ഉണ്ടാക്കിയവര്‍ക്ക് ഇതിനാണോ വിഷമം..
   ഇവരുടെ പറച്ചിലില്‍ വ്യക്തമാകുന്ന കാര്യം; തന്നെ പീഡിപ്പിച്ചവരെ കുട്ടി ചൂണ്ടിക്കാണിച്ചതാണ് കാര്യങ്ങള്‍ പൊല്ലാപ്പായത്... അവിടെയാണ് പീഡനംനടന്നാല്‍ ഇര കൊല്ലപ്പെടണം  അല്ലെങ്കില്‍ ബോധം കെടുത്തണം എന്ന പണ്ഡിതവാദത്തിന്‍റെ കഴമ്പ്... എങ്കില്‍ ഈ തിരിച്ചറിയല്‍പ്പരേഡും തിരിച്ചറിയലും ഒന്നുമുണ്ടാകില്ല .. നുമ്മ ആരെ ചൂണ്ടിക്കാണിക്കുന്നുവോ അവനായിരിക്കും പ്രതി... പീഡനം നടത്തിയാല്‍ പിടിപ്പക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്ന് പരസ്യമായി പറയുന്ന  പണ്ഡിതനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്....
  
   ഒരു പിഞ്ചുകുഞ്ഞ് ക്രൂരമായി പീഡനത്തിനിരയായാല്‍ ആ കേസ് തേച്ചുമായ്ച്ചുകളയാന്‍ മുന്നോട്ടിറങ്ങുന്ന മതനേതാക്കളും രാഷ്ട്രിയക്കാരും ആരുടെ വക്താക്കളാണ്.?. സ്വാതന്ത്ര്യമായ അന്വേഷണം നടക്കട്ടെ കാര്യങ്ങള്‍ പുറത്തുവരട്ടെ.. തുടക്കത്തില്‍ത്തന്നെ ആരെ സംരക്ഷിക്കാനാണ് ഇത്ര വേവലാതി... പണവും അധികാരവും മതപരമായ പിന്‍ബലവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാമെന്നാണെങ്കില്‍ ഇതൊന്നുമില്ലത്തവന്‍റെ അവസ്ഥ എന്തായിരിക്കും; അവനു നീതി ലഭിക്കുമോ.. കുറ്റാരോപിതര്‍ക്ക് അനുകൂലമായി അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ത്തന്നെ മതനേതാക്കളും രാഷ്ട്രിയക്കാരും സംഘടിതമായി രംഗത്തു വരുന്ന കാഴ്ച ആശങ്കാജനകമാണ്... കുറ്റാരോപിതരുടെ പിന്‍ബലം ചില്ലറയല്ലെന്നു വ്യക്തം.. വി ഐ പി കള്‍ ഉള്‍പ്പെട്ട ഒരു കേസിലും ഇരകള്‍ക്ക് നീതിലഭിച്ച ചരിത്രമില്ല.. സൂര്യനെല്ലിയും കിളിരൂരും കവിയൂരുമൊക്കെയായി ശാരി, അനഘാ അഭയ എന്നിങ്ങനെ പട്ടിക നീളുകയാണ്.. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ നിരപരാധികളെ മര്‍ദ്ദിച്ച് അവശരാക്കി പറഞ്ഞു പഠിപ്പിച്ച് മൊഴിയെടുക്കന്ന പോലിസ് ഭീകരതയും ആശങ്കാജനകമാണ്.. സങ്കടകരമായ മനുഷ്യാവകാശലംഘനമാണ് ബസ് ക്ലീനറുടെ കാര്യത്തില്‍ പോലിസ് നടത്തിയിരിക്കുന്നത്... കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു ഒടുവില്‍ പൊതുജനപ്രതിഷേധം ശക്തമായപ്പോള്‍ വെറുതെ വിടുന്നു . അയാള്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് കിട്ടിയ തല്ലുംമേടിച്ച് ആ പാവം പിന്‍വാങ്ങിക്കോളും... സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞാല്‍ അതില്‍ ഒരു ന്യായമുണ്ട്.. എന്നാല്‍  അന്വേഷണം ഞങ്ങള്‍ പറയുന്ന വഴിക്കേ നടക്കാവൂവെന്ന് വാശിപിടിച്ചാല്‍ അത് തീര്‍ച്ചയായും എന്തോ ഒളിപ്പിക്കാന്‍വേണ്ടിയാണെന്നു പറയേണ്ടിയിരിക്കുന്നു.. പ്രതികള്‍ അനാഥരാണെന്ന തൊടുന്യായം എങ്ങനെ കുറ്റകൃത്യത്തെ ലഘുവാക്കും.. സംഭവം നടക്കുമ്പോള്‍ വിദേശത്തായിരുന്നെന്നും, കൂടുതല്‍ അറിയില്ലായെന്നു പറയുന്ന ജനപ്രതിനിധി ഈ വിഷയത്തില്‍ ഓടിക്കയറി ന്യായികരണം നടത്തുമ്പോള്‍ അദേഹം ആരെയാണ് സുഖിപ്പിക്കുന്നത്... സംഭവത്തില്‍ ഉള്‍പ്പെട്ടവരേല്ലാം ഒരേ സമുദായത്തില്‍പ്പെട്ടവരായതുകൊണ്ട് സാമൂദായിക പീഡനമെന്ന സ്ഥിരംതന്ത്രം ഇവിടെ ഏശില്ലായെന്നത് ആശ്വാസകരമാണ്...

   മതവും ഭരണകൂടവുമൊക്കെകൂടി ഒരു പീഡനകേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുമ്പോള്‍ ഇരയക്ക് എവിടെയാണ് നീതി ലഭിക്കുക.. ആരോടാണ് പരാതി പറയുക.. മകളെ പീഡിപ്പിച്ചവനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പിതാവ് പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടെണ്ടാതാണ്...  ‘എന്‍റെ മകളെ പീഡിപ്പിച്ചവന്‍ ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’ ഇതൊരു മുന്നറിയിപ്പാണ് നീതിന്യായത്തില്‍ വിശ്വസിച്ച് അടങ്ങിയിരിക്കുന്ന ഒരു സമൂഹത്തിന്‍റെ മുന്നറിയിപ്പ്... നിങ്ങള്‍ പണവും സ്വാധീനവും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളില്‍നിന്നും രക്ഷപെടാമെന്നു വ്യമോഹിച്ചാല്‍ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കളുടെ നാടാണിത്... എന്‍റെ മകളെ പീഡിപ്പിച്ചവന് ഞാന്‍തന്നെ ശിക്ഷ നടപ്പാക്കുമെന്ന് ഏതെങ്കിലും പിതാവ് തീരുമാനിച്ചാല്‍ ആര്‍ക്ക് തടുക്കാനാവും...  അതുകൊണ്ട് സങ്കടവും നിസ്സഹായതയും പ്രതികാരത്തിലൂന്നിയ സ്വയം നീതിനിര്‍വ്വഹണത്തിലേക്ക് കടക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷകൊടുക്കാന്‍ ഭരണസംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരികുന്നു..   

Sunday, November 16, 2014

നങ്ങേലിയുടെ മാറുമുറിക്കലും ഫേസ്ബുക്കിലെ ഫോട്ടോയും.....


വിദ്യാധാരന്‍റെ വ്യാകൂലചിന്തകള്‍ 
  ഒന്നാം ചുംബനസമരം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ എന്തുസംഭവിച്ചുവെന്നു ചോദിച്ചാല്‍ മുലക്കരത്തിനെതിരെ മുലമുറിച്ച നങ്ങേലിയുടെ കാര്യത്തില്‍ ഒരു തീരുമാനമായതാണ് എടുത്തുപറയേണ്ട കാര്യം...... തങ്ങള്‍ നങ്ങേലിയുടെ പിന്മുറക്കാരാണെന്ന അവകാശ വാദവുമായി മറടക്കം സകലതും തുറന്നു കാണിക്കുന്ന ഒരു കൂട്ടര്‍ എത്തിയത് ആശ്വാസമായി... മുലച്ചിപറമ്പില്‍ നങ്ങേലിയുടെ ഒരു പ്രതിമ ഉടനെ ഉണ്ടാകുമെന്നും രക്തസാക്ഷിത്വദിനം കൊണ്ടാടുമെന്നും പ്രതീക്ഷിക്കാം.. എല്ലാവരും മറന്ന നങ്ങേലിയെ അങ്ങനെയെങ്കിലും നാലാള് അറിയട്ടെ... നങ്ങേലിയുടെ ചിതയില്‍ച്ചാടി മരിച്ച  ഭര്‍ത്താവ് കണ്ടപ്പനെ ഇനി ആരാണ് ഏറ്റെടുക്കുന്നതെന്നു കണ്ടറിയാം...

   സ്ത്രീകള്‍ മാറും മുലയും തുറന്നു കാണിക്കണമെന്ന ഫ്യൂഡല്‍ മാടമ്പി നിയമത്തിനെതിരെ മുലയറത്തു സമരം ചെയ്ത നങ്ങേലി; സ്ത്രീയുടെ സ്വകാര്യതയ്ക്കുവേണ്ടിയാണ് സമരം ചെയ്തത്... മാറ് മറച്ചാല്‍ നികുതി വേണമെന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ നാറിയ നിയമത്തിനെതിരെയാണ് നങ്ങേലി സമരം ചെയ്തത്... എന്നാല്‍ പിന്മുറക്കാരെന്നു അവകാശപ്പെടുന്ന വിപ്ലവകാരികള്‍ പറയുന്നത് നങ്ങേലി നേടിയെടുത്ത സ്ത്രീയുടെ സ്വകാര്യതയല്ല  ഇനി വേണ്ടത്;  മാറും മുലയും സകലതും തുറന്നു കാണിക്കുന്ന ബിക്കിനി സംസ്ക്കാരമാണ് നാടിനാവശ്യമെന്നതാണ്; ഇതാണ് ഏറ്റവും വലിയ വിരോധാഭാസം... നങ്ങേലിയെ നേതാവാക്കി  നങ്ങേലിക്കെതിരെ സമരം ചെയ്യുന്ന അപൂര്‍വ്വകാഴ്ചയാണിത്‌... ഇത്തരം സമരങ്ങള്‍ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച്  പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് ആരും പറയാത്തത് എന്താണാവോ... അങ്ങനെ ചെയ്തിരുന്നെങ്കില്‍ .ഒന്നാം ചുംബന സമരത്തില്‍ പങ്കെടുത്ത് തല്ലുകൊണ്ടവര്‍ക്കൊരാശ്വസമായാനെ.... ചുംബനക്കാര്‍ക്ക് പോലിസ് സംരക്ഷണം നല്‍കി... പ്രതിഷേധക്കാര്‍ സംഘംചേര്‍ന്ന്‍ സുരക്ഷിതരായി രക്ഷപെട്ടു...എന്നാല്‍ വിപ്ലവം കാണാന്‍ വന്ന നിരപരാധികള്‍ മര്‍ദനമേറ്റു വാങ്ങി.. ഇതെവിടുത്തെ നീതിയാണ്... ഇത് മാറണം...ഇത്തരം സമരങ്ങളില്‍  കാണികള്‍ക്ക് സുരക്ഷിതരായിരുന്നു പരിപാടി ആസ്വദിക്കാന്‍ ഗ്യാലറികള്‍ പണിയാനുള്ള തീരുമാനങ്ങളും ഉടനെയുണ്ടാകണം...
  സമരക്കാര്‍പ്പറയുന്നത് ശരിയാണെങ്കില്‍, രണ്ടാം ചുംബനസമരം നടക്കുന്നതോടൂകൂടി സ്ത്രീപീഡനങ്ങള്‍ കേരളത്തിന്‌ അന്യമാകും.. പകരം എല്ലാം  ഉഭയസമ്മതപ്രകാരമായിരിക്കും നടക്കുക.. മൈതാനത്തും ചന്തസ്ഥലത്തും മന്മദലീലകള്‍ ആറാടുന്നത്‌ സ്ഥിരം കാഴ്ചയാകും.... സ്ഥിരം കാഴ്ചയാകുന്നതോടെ ഒളിഞ്ഞുനോട്ടമെന്ന അളിഞ്ഞ പരിപാടിക്കും തിരശ്ശീല വീഴും... സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ബിക്കിനിയും ആണ്‍കുട്ടികള്‍ക്ക് ജട്ടിയും യൂണിഫോമായിരിക്കും... അന്ന് നമ്മുടെ മക്കള്‍ ചോറ്റുപാത്രത്തിനൊപ്പം ചെറിയൊരു പത്രത്തില്‍ ക്വണ്ടവും കൊണ്ടുപോകും... സദാചാരമെന്നത് തൂക്കിക്കൊല്ലുന്ന കുറ്റമായി പ്രഖ്യാപിക്കും... കയറൂരി നടക്കുന്ന മുട്ടന്മാര്‍ പെണ്ണാടുകളെ തിരയുന്നതുപോലെ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ആര്‍ക്കും കയറി യിറങ്ങാം; രണ്ടുകൂട്ടര്‍ക്കും സമ്മതമാണെന്നുള്ള സമ്മതപത്രം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് കയ്യില്‍ സൂക്ഷിച്ചാല്‍ മതിയെന്നത് നിയമമാക്കും... ഇതുമൂലം പ്രവാസിയായി അകലങ്ങളില്‍ ഏകനായി കഴിയുന്നവര്‍ക്ക് മനസ്സമാധാനമെന്നത് കിട്ടാക്കനിയാകും... ജരന്മാര്‍ക്ക് സുവര്‍ണ്ണകാലവും,,,, സൂക്ഷിക്കുക എതിര്‍പ്പിന്‍റെ സ്വരങ്ങള്‍ സ്ത്രീവിരോധിയുടെയും ഫാസിസ്റ്റ്കളുടെയും ശബ്ദമായി വിലയിരുത്തപ്പെടും...
  മൂന്നാം ചുംബനസമരം നടക്കുന്നതോടെ സ്ത്രീകള്‍ പൂര്‍ണ്ണമായും സ്വതന്ത്രരാക്കപ്പെടും... അതോടെ നാം സ്വപനംകണ്ട വെള്ളരിക്കാപ്പട്ടണം സാദ്ധ്യമാകും... എല്ലാവര്‍ക്കും എപ്പോഴും റോഡെന്നോ വീടെന്നോ വിത്യാസം കൂടാതെ സ്വാതന്ത്ര്യം അനുഭവിക്കാം...   അതോടുകൂടി സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ പിരിച്ചുവിടുകയും,, പുരുഷന്മാര്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുകയും ചെയ്യും... പൂവന്‍കോഴികള്‍ മുട്ടയിടുകയും പൊരുന്നുകയും ചെയ്യും, പിടക്കോഴികള്‍ രാവിലെ ലോകത്തെ കൂവിയുണര്‍ത്തും.... അന്നുമുതല്‍ സിഡ്നിഷെല്‍ഡന്‍റെ അര്‍ദ്ധരാത്രിക്കൊരു മറുവശത്തിനു പുതിയ അവതാരിക എഴുതുന്ന തിരക്കിലായിരിക്കും ബുദ്ധിജീവികള്‍ ... അല്ലപ്പാ ഇതൊക്കെയാണെങ്കിലും ആ അലിഗഡ് സര്‍വ്വകലാശാലയുടെ ലൈബ്രറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാന്നു കേള്‍ക്കുന്നു.. സ്ത്രീ വിമോചാനക്കാരെ നിങ്ങള്‍  ഇവിടെ ഉമ്മവെച്ചുകളിക്കുന്ന സമയത്ത് ലൈബ്രറി നിരോധനത്തിനെതിരെ ഒരു പ്രതിഷേധം നടത്തിയാല്‍ അതായിരിക്കും ഗുണപ്രദം.. വികാരത്തേക്കാള്‍ വിവേകവും വിവരവുമാണ് നാടിനാവശ്യം...വിവരം വന്നാല്‍ വികാരങ്ങളെ എങ്ങനെ പ്രകടിപ്പിക്കാമെന്നത് സ്വയമേവ മനസ്സിലാകും.... പുസ്തകവും വായനയും ഈ വിഷയത്തില്‍ മരുന്നായി ഉപയോഗിക്കാം...
    ദേ ഒന്നിങ്ങുവന്നേ നിങ്ങളിത് കണ്ടോ..  ഭാര്യയുടെ വിളി...............  
എന്താ,,, എന്താ പ്രശ്നം.. ഒന്നു ചിന്തിക്കാനും സമ്മതിക്കില്ലേ ..
  നിങ്ങളിവിടെ സ്വപ്നവും കണ്ടിരുന്നോ ..അതുപോലെയുള്ളവര്‍ പടമൊക്കെ ഫേസ്ബുക്കിലിട്ടു..  കണ്ടോ..
    ആരുടെ പടം..............
നമ്മുടെ പങ്കജാക്ഷന്‍റെയും  സുമതിയുടെയും വിവാഹവാര്‍ഷികത്തിന്‍റെ ഫോട്ടോകള്‍.... എന്നാ കേമമാ... ദേ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും  ഫോട്ടോയുണ്ട്... വിളിച്ചതല്ലേ പോകാഞ്ഞത്‌ നഷ്ടമായി. അതെങ്ങനാ ഇവിടോരാള്‍ക്ക് ജോലികഴിഞ്ഞിട്ടു വല്ലതിനും സമയമുണ്ടോ.. നമുക്കും ഉണ്ടായിരുന്നല്ലോ വിവാഹവാര്‍ഷികം..ഒരു സമ്മാനമെങ്കിലും വാങ്ങിത്തന്നോ....കണ്ടുപടിക്ക് പങ്കന്‍  അഞ്ചുപവന്‍റെ മാലയാ സുമതിക്ക് സമ്മാനം കൊടുത്തത് ,,സുമതി ഐ ഫോണാണ് തിരിച്ചു സമ്മാനിച്ചത്‌.. ദേ നോക്ക്;;; കേക്ക് മുറി, ബൊക്ക കൊടുക്കല്‍, ഉമ്മ കൊടുക്കല്‍, ഗാനമേള ,സദ്യ എന്തൊരു കേമം.. നിങ്ങളെന്താമനുഷ്യാ കുന്തം വിഴുങ്ങിയപോലെ ഇരിക്കണത്...നിങ്ങളെയും വിളിച്ചതല്ലേ ഒന്നു പോകാനെങ്കിലും പറ്റിയോ....
 എടീ ഇന്നലെ  ലീവ് കിട്ടതതുകൊണ്ടാല്ലേ.......  നമുക്കിന്നു പോയിക്കളയാം... പിന്നെ ആഘോഷം; നമുക്കെന്നും ആഘോഷമല്ലേ... നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ മാലയും ഫോണുമൊക്കെ വേണോ .... നീ ഒരുങ്ങിക്കോ ഞാന്‍ റെഡി..
അങ്ങനെ സുമതി പങ്കന്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ അല്പം വൈകിയാണെങ്കിലും ഞങ്ങളും പുറപ്പെട്ടു ....ബസിറങ്ങി നടന്നു.. ഗെയിറ്റ് പൂട്ടിയിട്ടില്ല,, ഭാഗ്യം  വീട്ടില്‍ ആളുണ്ട് .. ഗെയിറ്റുകടന്ന് വീടിനോട് അടുക്കുംതോറും അകത്തുനിന്നും ഒച്ച കേള്‍ക്കാം 
 എടി അവിടെ ആഘോഷം കഴിഞ്ഞിട്ടില്ലാട്ടോ..ഇന്നലെ വന്നവരോന്നും പോയിട്ടില്ലാന്നു തോന്നുന്നു... വീടിനോട് അടുക്കുംതോറും ശബ്ദം തെളിഞ്ഞു വന്നു... പങ്കന്‍റെയും സുമതിയുടെയും ഒച്ചതന്നെ... കോളിംഗ് ബെല്ലില്‍ വിരല മര്‍ത്താന്‍ തുടങ്ങിയപ്പോഴേ അകത്തുനിന്നും എന്തോ നിലത്തുവീഴുന്ന ഒച്ച കേള്‍ക്കുന്നു ... പതുക്കെ ചെവിയോര്‍ത്തു...

  നിന്‍റെ അപ്പന്‍റെ വകയൊന്നുമല്ലല്ലോ ഞാന്‍ ചിലവാക്കുന്നത്..@#$*&.
  
   ദേ എന്‍റെ അപ്പന് പറഞ്ഞാലുണ്ടല്ലോ തന്‍റെ പല്ലു ഞാന്‍ അടിച്ചിടും പറഞ്ഞേക്കാം ..
  പിന്നേ നീ ഒലത്തും ..

    കണ്ട അലവലാതികളെയൊക്കെ വിളിച്ചു സദ്യകൊടുത്തപ്പോഴേ ഞാന്‍ പറഞ്ഞതാ ഇതൊന്നും വേണ്ടാന്ന്. കൈയ്യിലിനി നയാപൈസ ബാക്കിയില്ല.. വന്നവനോക്കെ തിന്നിട്ടുപോയതല്ലാതെ എന്തെങ്കിലും തന്നോ..?
   അഞ്ചു പവന്‍റെ മാലയെന്നും പറഞ്ഞു വാങ്ങിത്തന്നത് വെറും പറക്കാട്ട് ഗോള്‍ഡ്‌..നാണമില്ലല്ലോ നിങ്ങള്‍ക്ക്... ഞാന്‍തന്ന ഐ ഫോണ്‍ തിരിച്ചു തന്നേക്കണം..
  പോടീ പുല്ലേ... മാല വേണോന്നും, അതിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇടണമെന്നും നീയല്ലേ പറഞ്ഞത് .. നിന്‍റെ അപ്പനോട് പറ ഒരു അഞ്ചു പവന്‍ തരാന്‍... എനിക്കിപ്പോ ഇതേപറ്റൂ...

  എന്‍റെ അപ്പന് പറയുന്നോ ... ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം എന്തോ എവിടെയോ കൊള്ളുന്ന  ശബ്ദവും തുടര്‍ന്ന്‍ പങ്കന്‍റെ ദയനീയ നിലവിളിയും കേട്ടു... തുടര്‍ന്ന്‍ ചില്ലുഗ്ലാസ്സുകള്‍ നിലത്തുവീണുടയുന്ന ശബ്ദം..
സംഗതിയുടെപോക്ക് ഏതാണ്ട് മനസ്സിലായി... ഇനിയിപ്പോ ഇവിടെ നിന്നാല്‍ ചിലപ്പോള്‍ കൊലപാതകത്തിന് സാക്ഷിപറയേണ്ടി വരും... ഞാന്‍ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കി ..നിക്കണോ പോകണോ...
നിക്കണ്ട  നമുക്ക് പോകാം..
  വേഗം തിരിച്ചു നടന്നു..റോഡിലിറങ്ങി ആദ്യംകണ്ട ഓട്ടോയ്ക്കുതന്നെ വേഗം വീടുപിടിച്ചു..
ഉടുപ്പുമാറി ഉമ്മറത്തെകസേരയില്‍ വന്നിരുന്നു...... 
         രമണി ഒരു ഗ്ലാസ്‌ വെള്ളമിങ്ങെടുത്തോ..
 നീ കണ്ടല്ലോ മാതൃകാ കുടുംബത്തിന്‍റെ അവസ്ഥ... ഇന്നലത്തെ ആഘോഷത്തിന്‍റെ ശരിക്കുള്ള ഭാഗമാണ് ഇന്നുനമ്മള്‍ കണ്ടത്.. എന്തുതോന്നുന്നു... നടുറോഡില്‍ പരസ്യമായി കെട്ടിപ്പിടിക്കുന്നതും.. നാട്ടുകാരെ കാണിക്കാന്‍ ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നതുമാണോ സ്വാതന്ത്ര്യം.. അതിലാണോ സ്നേഹമിരിക്കുന്നത്.. ഇല്ലാത്തതുപലതും ഉണ്ടെന്നു കാണിക്കാനുള്ള തത്രപ്പാടാണ് ഇമ്മാതിരി പ്രഹസനങ്ങളില്‍ കാണുന്നത്..


  ഒഴിഞ്ഞ ഗ്ലാസ് തിരികെ വാങ്ങുന്നതിനിടയില്‍ എന്‍റെ കവിളത്തൊരു ചുംബനം,,,, സമ്മാനങ്ങളും ആഘോഷങ്ങളുമൊന്നുമല്ല പ്രധാനം; നമ്മളെന്നും ഇതുപോലെ ഒന്നിച്ചുണ്ടായാല്‍ മതി.... 

   ഭാര്യയുടെ മുഖം എന്‍റെ കൈക്കുള്ളിലാക്കി, ഞാനാ കണ്ണുകളിലേക്ക് നോക്കി... എന്‍റെ മുഖം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു...അറിയാതെ ഒരു ചിരി ഉണ്ടാകുന്നു... പ്രണയത്തിന്‍റെ സ്വകാര്യലോകത്ത് ഇങ്ങനെ ചുംബനങ്ങളും ചിരികളും ഉണ്ടാകുമ്പോള്‍ കുടുംബം ധന്യമായി മുന്നോട്ടു പോകുന്നു.. പുരുഷന്‍റെ തലയില്‍ ചവിട്ടി സ്ത്രീക്ക് ഉയരാന്‍ കഴിയില്ല; സ്ത്രീയില്ലാതെ പുരുഷന് വളര്‍ച്ചയും ഇല്ല... രണ്ടുപേരും ഇമ്പമായി കൂടിയാല്‍ നല്ലൊരു കുടുംബം രൂപം പ്രാപിക്കും.... രണ്ടുപേരും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ അസ്സല്‍  നരകം  പണിയാം.. 

Monday, November 3, 2014

ലാത്തി ചുംബിച്ച ചുംബനസമരം.....

ഫോട്ടോ  മാതൃഭൂമി

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍         
   മറൈന്‍ഡ്രൈവില്‍ ചുംബനമേളയില്‍പ്പങ്കെടുക്കാനും, കാണാനും, ആസ്വദിക്കാനും സര്‍വ്വോപരി കടല്ക്കാറ്റുകൊണ്ട് കടലകൊറിക്കാനും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓടിക്കൂടിയ ജനക്കൂട്ടം ഒടുവില്‍ ലാത്തിയടിയേറ്റ് തലങ്ങുംവിലങ്ങും ഓടുന്ന കാഴ്ചയാണ് കണ്ടത്... പോലിസ് ലാത്തിച്ചാര്‍ജില്‍ ചുംബനക്കാരനെന്നോ, സദാചാരക്കാരനെന്നോ, പരിപാടി കാണാന്‍വന്നവനെന്നോ ഒരു വിത്യാസവുമില്ലാതെയായിരുന്നു തല്ല്... സര്‍വ്വോപരി തല്ല്.... ഇതിനിടയില്‍ എന്നെ അടിക്കരുത് ഞാന്‍ ഭരണകക്ഷിയുടെ ആളാണെന്നുംപറഞ്ഞ് ഓടാതെനിന്നു തല്ലുകൊള്ളുന്ന മാന്യദേഹങ്ങളേയും കാണാമായിരുന്നു.. എങ്കിലും എല്ലാവരുംതന്നെ  ഒരേ വികാരത്തില്‍, ഒരൊറ്റ ശ്വാസത്തില്‍ ഓടുന്നു... പലരും പത്തടി പൊക്കമുള്ള മതില്‍ നിഷ്പ്രയാസം ചാടിയാണ് തടിയെടുത്തത്.. ചിലര്‍ ചെളിക്കുഴിയില്‍ വീഴുന്നു ..ചിലര്‍ പ്രാണരക്ഷാര്‍ഥം മരത്തില്‍ ഓടിക്കയറുന്നു..നേരതെതന്നെ മരത്തില്‍ കയറിപ്പറ്റിയ മറ്റൊരുകൂട്ടര്‍ മൊബൈല്‍ ഷൂട്ടിംഗ് നടത്തുന്നു..  ലാത്തിയുടെ രക്തചുംബനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഒരുകൂട്ടം ആശുപത്രിയെ അഭയം പ്രാപിക്കുന്നു... അങ്ങനെ ചുംബനസമരവും മറൈന്‍ഡ്രൈവും  മറ്റൊരു ജാലിയന്‍ബാലാബാഗാകുന്ന കാഴ്ചയാണ് കേരളംകണ്ടത്.. ഇനിയൊരു ചുംബനമേള നടത്തിയാല്‍ എങ്ങനെയിരിക്കുമെന്നുള്ള സാമ്പിള്‍ വെടിക്കെട്ട്‌ കണ്ടുകഴിഞ്ഞു.... ഇതിനിടയില്‍ കിട്ടിയസമയത്തിനുള്ളില്‍ ചില ചുംബനക്കാര്‍ കെട്ടിപ്പിരിഞ്ഞു ചുംബനം നടത്തുകയുംചെയ്തു,,, പോലിസ് വണ്ടിയെന്നോ, ചുറ്റും തല്ലു നടക്കുന്നുവെന്നോ അറിയാതെ, മനസ്സിലാക്കാതെ, ചുംബനംനടത്തി നിര്‍വൃതിയടയുന്ന പാവങ്ങള്‍... ഇതുതന്നെയാണ് പരസ്യചുംബനത്തെ എതിര്‍ക്കാനുള്ള  കാരണവും... സ്ഥലകാലബോധമില്ലാതെ ചുംബിക്കുക ,പോലിസെന്നോ, പട്ടാളമെന്നോ നോട്ടമില്ല...., വണ്ടിയെന്നോ ട്രൈയിനെന്നോ നോട്ടമില്ല..., കോടതിയെന്നോ അമ്പലമെന്നോ നോട്ടമില്ല.., പാര്‍ക്കെന്നോ സ്കൂളെന്നോ നോട്ടമില്ല... ഇഷ്ടംതോന്നിയാല്‍ ഉടനെ ചുംബിക്കണം... ഈ തോന്ന്യസമാണ് വേണ്ടയെന്നു പറഞ്ഞത്.. നിങ്ങള്‍ ചുംബിച്ചുകൊള്ളൂ പക്ഷെ അല്പം സ്വകാര്യമായി;;; അതുമാത്രമേ പറയുന്നുള്ളൂ.
  പോലിസ് വണ്ടിയിലും പോലിസ് സ്റ്റേഷനിലും ചുംബനം നടത്തിചിരിക്കുമ്പോള്‍ ഇവിടെ  എന്തു സ്വാതന്ത്ര്യം കിട്ടിയെന്നാണ് പറയുന്നത്... പോലിസ് വാഹനത്തിലിരുന്നു ചുംബനം നടത്തി അതിന്‍റെ ചിത്രങ്ങള്‍ ജനങ്ങളെ കാണിക്കുമ്പോള്‍ ഇവിടെ എന്തുമാറ്റം വരുമെന്നാണ് ചുംബനക്കാര്‍ പറയുന്നത്....  വീട്ടില്‍ ചുംബിക്കാന്‍ കഴിയാത്തവര്‍ പോലിസ് വലയത്തില്‍ ചുംബനം നടത്തി തൃപ്തിയടഞ്ഞുയെന്നതില്‍കവിഞ്ഞ് ഒരു വിജയവും ഈ പരിപാടിക്ക് ഉണ്ടായില്ല... വലിയ വാര്‍ത്താപ്രാധന്യമെന്നു പറഞ്ഞ് ഊറ്റം കൊള്ളേണ്ട; ഒരു വികൃതജീവിയുണ്ടായിയെന്നു കേള്‍ക്കുമ്പോള്‍ അതിനെ കാണാന്‍ തടിച്ചുകൂടുന്ന ജനക്കൂട്ടം; അതാണ്‌ ഈ വാര്‍ത്തയ്ക്ക് കിട്ടിയ പ്രാധാന്യം.... പോലിസ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ ചുംബനക്കാരെ ജനക്കൂട്ടം പഞ്ഞിക്കിട്ടാനെയെന്നതും വേറെകാര്യം... അന്‍പതുപേരുടെ പ്രതിഷേധത്തെ നേരിടാന്‍ അയ്യായിരംവരുന്ന ജനകൂട്ടം ഇവര്‍ക്കിടയില്‍ അറുനൂറോളം വരുന്ന പോലീസുകാര്‍... ഈ പരിപാടിയിലൂടെ എന്തുനേടി.. ചുംബനമേള വിജയിച്ചോ... എന്തെങ്കിലും ബോധവല്‍ക്കരണം നടന്നോ,,, പരസ്യചുംബനം അവകാശമായി കിട്ടിയോ... ഒന്നും കിട്ടിയില്ലായെന്നു മാത്രമല്ല... ഒരു വന്‍പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു...
   കേരളത്തിലെ സാംസ്‌കാരികരംഗത്തു എന്തുമാറ്റമാണ് കമിതാക്കള്‍ തമ്മിലുള്ള പരസ്യചുംബനംകൊണ്ട് ഉണ്ടാകുന്നത്... പോലിസ് സംരക്ഷണയില്‍ ലിപ്-ലോക്ക് നടത്തിയാല്‍ ഇവിടെ എന്തുമാറ്റം നടക്കുമെന്നാണ് പറയുന്നത്... പഴയ നായര്‍നമ്പൂതിരി സംബന്ധകഥകളും, മാറുമറയ്ക്കല്‍ സമരത്തെയുമൊക്കെ ഈ ചുംബന പരിപാടിയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിന്‍റെ കാര്യമെന്താണ്... അവയൊക്കെ മാറേണ്ട അനാചാരങ്ങളായിരുന്നു മാറുകയുംചെയ്തു...അതുപോലെ  ഇന്ന് കമിതാക്കള്‍ക്ക് പരസ്യമായി ചുംബിക്കണം, നാളെ അരക്കെട്ടില്‍പ്പിടിക്കണം, മറ്റന്നാള്‍ മാറില്‍ക്കിടക്കണം തുടങ്ങിയ പരിപാടികള്‍ ഏതു സ്വാതന്ത്ര്യത്തിന്‍റെ പേരിലാണ് വകവെച്ചുകൊടുക്കേണ്ടത്... എല്ലാ അഴിഞ്ഞാട്ടങ്ങളെയും സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ന്യായികരിക്കാന്‍ പറ്റുമോ.. കാമിതാക്കളുടെ ചുംബനവും കെട്ടിപ്പിടിക്കലും ഇണചെരലുമൊക്കെ പൊതുസ്ഥലങ്ങളില്‍ അനുവദിച്ചുകൊണ്ടുള്ള സാമൂഹ്യവിപ്ലവത്തിന് കേരളത്തില്‍ സ്വീകാര്യതയില്ലയെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ കൊള്ളാം... ഇത്തരം കാര്യങ്ങള്‍ നിരോധിച്ചുവെന്നതുകൊണ്ട് ഇവിടൊരുകുഴപ്പവും സംഭവിക്കില്ല... ഏതാനം അരാജകവാദികളുടെ കുത്തഴിഞ്ഞ ജീവിതരീതികള്‍  സ്വാതന്ത്ര്യമെന്ന പേരില്‍ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം മുളയിലെ നുള്ളേണ്ടതുതന്നെയാണ്....
  ഈ മേളയില്‍ കാണാന്‍ കഴിഞ്ഞ ഒരുകാര്യം ഒരേയൊരുകാര്യം RSS, SDPI, KSU, ശിവസേന തുടങ്ങിയ വിരുദ്ധചേരികളെല്ലാം ഒറ്റ കുടക്കീഴില്‍ അണിനിരക്കുന്നത് കാണാന്‍കഴിഞ്ഞുവെന്നുള്ളതാണ്... സദാചാരപോലീസെന്ന സാമൂഹ്യവിപത്തിന് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്ന കാഴ്ച്ചയാണ് ഈ ചുംബനമേളയിലൂടെ  കാണാന്‍ കഴിഞ്ഞത്... ഫലത്തിലിത്  ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കിയത്... ഇനിയങ്ങോട്ട്‌ സദാചാരപോലീസിന്‍റെ കണ്ണുകള്‍ എല്ലാവര്‍ക്കുമേലും പതിയാനുള്ള ഒരു അനുവാദം ഇതോടെ ഉണ്ടാക്കിക്കൊടുത്തു...
വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച കേവലം അന്‍പതോളം ആളുകളെ നേരിടാന്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം രാഷ്ട്രിയമതനിലപാടുകള്‍ മറന്ന് ഒന്നിച്ചുവെങ്കില്‍;;; ചുംബനക്കാരെ ഒരു കാര്യം മനസിലാക്കുക, നിങ്ങള്‍ ഇവിടെ ഇറക്കാന്‍ ശ്രമിച്ച വിത്തിന് ഇനിയും നിലം പാകമായിട്ടില്ലായെന്നാണ് കരുതേണ്ടത്...

  ചുംബിക്കാനുള്ള അവകാശത്തിനായി പോരാടുമ്പോള്‍ ആദ്യംതന്നെ ചുണ്ടുകളെയല്ല ആയുധമാക്കേണ്ടതെന്ന ബോധം നടത്തിപ്പുകാര്‍ക്ക് ഇല്ലാതെ പോയതാണ് പ്രശ്നങ്ങളിത്ര രൂഷമാകാന്‍ കാരണം. മാത്രമല്ല ഇത്തരം മൂര്‍ച്ചയുള്ള വിഷയങ്ങളെ പക്വതയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള ക്രെടിബിലിറ്റിയുള്ള നേതൃത്വവും ആവശ്യമാണ്. നഗ്നതാപ്രദര്‍ശങ്ങള്‍ മാത്രം നടത്തി സെലിബ്രിറ്റി ചമയുന്നവര്‍ പറയുന്ന സ്വാതന്ത്ര്യചിന്തകളെ ജനം സംശയത്തോടെ കണ്ടാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല..... പരസ്പരം പോര്‍വിളികള്‍നടത്തി അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനുപകരം  ചര്‍ച്ചകളും, സെമിനാറുകളും സംഘടിപ്പിച്ചും, സംവാദങ്ങള്‍ നടത്തിയും  എന്താണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാടുകളെന്നു സമൂഹത്തോട് പറയുകയായിരുന്നു ചുംബനക്കാര്‍ ആദ്യം ചെയ്യണ്ടിയിരുന്നത്.. സമര വിജയമെന്ന പേരില്‍ കാണിച്ച കമിതാക്കളുടെ കെട്ടിപ്പിടുത്തവും സ്വവര്‍ഗ്ഗഭോഗികളുടെ ലിപ്-ലോക്ക് ചുംബനവുമൊക്കെ ഒഴിവാക്കി സദാചാരപോലീസിനെതിരെ ചുംബനസന്ദേശംകൊടുത്തു പ്രതിഷേധിക്കാന്‍; മറൈന്‍ഡ്രൈവില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും അണിനിരത്തിയിരുന്നുവെങ്കില്‍ , മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹചുംബനങ്ങള്‍ക്ക് മറൈന്‍ഡ്രൈവില്‍ വഴിയൊരുക്കിയിരുന്നെങ്കില്‍, രോഗികളെയും അനാഥരെയും ചുംബനം കൊടുത്ത് മറൈന്‍ഡ്രൈവിലേക്ക് സ്വീകരിച്ചിരുന്നുവെങ്കില്‍ പ്രതിഷേധിക്കാന്‍ വന്ന ജനക്കൂട്ടം നിങ്ങള്‍ക്ക് പൂമാലയിട്ടു തിരിച്ചുപോയേനെ...വലിയൊരു സംസ്കാരികമുന്നേറ്റത്തിനുതന്നെ അത് കാരണമായേനെ,,, ചുംബനത്തെ കുത്തഴിഞ്ഞ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയെന്നു പറയാം..

  നിങ്ങള്‍ക്ക് പരസ്യമായി ചുംബിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്,,,, പക്ഷെ നിങ്ങളുടെ  ചുംബനം ആര്‍ക്കെങ്കിലും ഇടര്‍ച്ചയുണ്ടാക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ ഒരു മറവ് ഉണ്ടാക്കുന്നതിനുള്ള  പക്വത ഉണ്ടായിരിക്കണം .... പക്വതയില്ലാത്തവന്‍റെ കൈയ്യില്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കിട്ടിയപോലിരിക്കും.. അതുതന്നെയാണ് മറൈന്‍ഡ്രൈവില്‍ സംഭവിച്ചതും...