**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, July 31, 2013

അത്ഭുതം; മരിച്ച നടി കനക ഉയര്‍ത്തെഴുന്നേറ്റു...


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  മരിച്ചശേഷം തന്നോട് വീട്ടുകാരും നാട്ടുകാരുമൊക്കെ  എങ്ങനെയാണ് പെരുമാറുന്നതെന്നറിയാന്‍ പല ആത്മാക്കള്‍ക്കുമാഗ്രഹം കാണും. കാലന്‍റെ അടുത്തുനിന്നു അതു കാണാമോ എന്നാരും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നടി കനക  ഭാഗ്യവതിയാണ്. ജീവിച്ചിരിക്കെത്തന്നെ, മരണശേഷം നാട്ടുകാര്‍ തന്നോട് കാണിക്കുന്ന സ്നേഹപ്രകടങ്ങള്‍ നേരിട്ടുകാണാന്‍ ഭാഗ്യംലഭിച്ച അപൂര്‍വവ്യക്തിയാണവര്‍. ഇങ്ങനെ ഒരു കാഴ്ച ഒരുക്കിത്തന്ന ചാനലിനും അഭിനന്ദനം .ബ്രേക്കില്ലാതെ ബ്രേക്കിംഗ് ന്യൂസുകള്‍വരുമ്പോള്‍ അതിനിടയില്‍ ബ്രേക്കുകിട്ടാതെ ഒലിച്ചുപോകുന്ന ചാനലുകളും ധാരാളം... നിലവിലുള്ള ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രേക്കില്ലാതെ കൊടുത്താല്‍ ചാനലും മൊതലാളിയും  മലവെള്ളപാച്ചിലില്‍ മരം പോണപോലെ അറബിക്കടലിലെത്തും. ആ സാഹചര്യത്തില്‍  ബ്രേക്കിന് ഒരു ഗതിയുമില്ലാതെ റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍ ആലപ്പുഴയുടെ നാട്ടുവഴിയിലൂടെ  ചെത്തുകള്ളുംമ്മോന്തി നടക്കുമ്പോഴാണ് വട്ടത്തിലുള്ള റീത്തില്‍ കനകമ്മ എന്ന കടലാസുമൊട്ടിച്ചു നാട്ടുകാരില്‍ ചിലര്‍ ധൃതിയില്‍ ചലോ ചലോ നടത്തുന്നത് കണ്ടത്. എന്താകാര്യം... കുട്ടപ്പന്‍ ഒട്ടൊന്നു വേഗത്തില്‍ ചോദിച്ചു. ....നമ്മുടെ നടി കനകമ്മ തട്ടിപ്പോയി..... എന്നൊരു മറുപടിയും കിട്ടി. ഏതു കനകമ്മ...... ഹാ നമ്മുടെ നടിയില്ലേ..... ആയമ്മ തന്നെ..

  ചവിട്ടുനാടകത്തിലെ രാജാപ്പാട്ടു കൊച്ചാപ്പിയുടെ പട്ടമഹഷിയായി അഭിനയിച്ചിരുന്ന അണ്ടിഫാക്ടറിയില്‍ തൊണ്ടുതല്ലുന്ന എണ്പതുകാരി കനകമ്മ, ചിക്കന്‍ ഗുനിയ പിടിച്ചു കിടപ്പിലായതും, സര്‍ക്കാരാശുപത്രിയിലെ കൊയനാവെള്ളം രോഗത്തെ ഭേധമാക്കാത്തതിനെത്തുടര്‍ന്ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചതിന്‍പ്രകാരം സഹചവിട്ടുനാടകക്കാര്‍ റീത്തുമായിപോയതുമായ  വാര്‍ത്തയാണ് നടി കനകമ്മ അന്തരിച്ചു എന്ന ഉത്തരത്തിലൂടെ റിപ്പോര്‍ട്ട്ര്‍ കുട്ടപ്പന് വെളിപ്പെട്ടുകിട്ടിയത് . കേട്ടപാതി കേള്‍ക്കാത്തപാതി റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍ ചാനലില്‍ വിളിച്ചു... ബ്രെക്കുണ്ടേ,,,,, ബ്രെക്കുണ്ടേ,,,, നടി കനകാ)))))),,,,,മ  അന്തരിച്ചു... ഏതു കനക))))) എന്നു ചോദിക്കും മുന്‍പേ ഫോണ്‍ കട്ടായി...കട്ടായ ഫോണ്‍ കുട്ടയിലിട്ട്, ബ്രേക്കുകിട്ടിയ ചാനല്‍ മേധാവി കാര്‍ക്കോടകന്‍, ഉടന്‍ ഗൂഗിളില്‍ സേര്‍ച്ചി,,,,,, നടി കനക....... ഉത്തരം വന്നു, ഫോട്ടോയും വന്നു. ഗോഡ്ഫാദര്‍, വിയറ്റ്‌നാംകോളനി..തുടങ്ങി നിരവധി മലയാള ചിത്രങ്ങള്‍....സംഗതി മാച്ച്...വാര്‍ത്ത ഓണ്‍ എയറില്‍...  മലയാള സിനിമാനടി കനക അന്തരിച്ചു,,, ബ്രേക്കിംഗ് ന്യൂസ് ബ്രേക്കില്ലാതെ പാഞ്ഞു. സോഷ്യല്‍ നെറ്റ് മുഴുവന്‍ ആദരാഞ്ജലികളുടെ പ്രളയം.കണ്ണുനീര്‍ത്തുള്ളികള്‍ ഫേസ് ബുക്കു പേജുകളെ കുതിര്‍ക്കുന്ന ദുര്‍ബലനിമിഷം....

  ചാനലുകാര്‍ അന്തരിപ്പിച്ചതും എന്നാല്‍ കാലന്‍, അന്തരിപ്പിക്കാത്തതുമായ  സിനിമനടി കനക; ചെന്നയിലെ തന്‍റെ വീട്ടിലിരുന്നു നാലുമണിക്കാപ്പിയും കൂടെ പതിവായികഴിക്കുന്ന ഉണ്ടന്‍ പൊരിയും തട്ടിവിടുമ്പോഴാണ് താന്‍ അന്തരിച്ച വിവരം ബ്രേക്കിങ്ങായി അറിയുന്നത്. ഉടനെ നെറ്റില്‍ക്കേറി തപ്പിനോക്കി, അവിടെയാകെ കണ്ണിരില്‍ കുതിര്‍ന്നുകിടക്കുന്നു..പടംവെച്ച അനുശോചനകാര്‍ഡുകള്‍ പറന്നുകളിക്കുന്നു..പടത്തിന്‍മേല്‍  റോസപൂക്കളും കണ്ണുനീര്‍ത്തുള്ളികളും... സംശയമില്ല താന്‍ അന്തരിച്ചിരിക്കുന്നു. ബാഷ്പ്പാഞ്ജലികളും അസ്രൂപൂക്കളും പരക്കുന്നു. ഒരു നിമിഷം നടിയും കണ്ഫ്യൂഷനിലായി. ഇനി താന്‍ ചത്തോ..?? അപ്പൊ താനെന്നു പറഞ്ഞു നില്‍ക്കുന്ന ഈ ഞാന്‍ ആരാ... താനാരാണന്നു തനിക്കറിയില്ലെങ്കില്‍ താനതു ആരോട് ചോദിക്കുമെന്ന കണ്ഫ്യൂഷനില്‍ ..... സ്വയം പിച്ചിനോക്കി നോവുന്നുണ്ട്. കാലുരണ്ടും തറയില്‍ തൊടുന്നുണ്ട്. കയ്യിലിരുന്ന ഉണ്ടന്‍ പൊരി കടിച്ചുനോക്കി; പൊട്ടുന്നുണ്ട്. ഇറക്കിനോക്കി ഇറങ്ങുന്നുണ്ട്. വെപ്പുകാരി ശോശാമ്മയെ അടുക്കളയില്‍ നിന്നും അകത്തോട്ടു വിളിച്ചു... എടി ശോശെ, നീ എന്നെ കാണുന്നുണ്ടോ.... ഉണ്ടല്ലോ...... എനിക്കെന്തേങ്കിലും കുഴപ്പം കാണുന്നുണ്ടോ?... ഇല്ലല്ലോ..!!!.. എന്താ കൊച്ചമ്മേ..... അല്ലാ,,,,,, ഞാനിപ്പോ ആലപ്പുഴയില്‍ അന്തരിച്ചുവെന്ന് ടീവിക്കാര്‍ പറയുന്നു. അത് സത്യമല്ലല്ലോ അല്ലേ ...ശോശ ടീവിയിലും കൊച്ചമ്മേയും മാറിമാറി നോക്കി,,,,ഒടുവില്‍ കണ്ണുമഞ്ഞളിച്ച് കര്‍ത്താവേ,,,,, പ്രേതം എന്ന അലര്‍ച്ചയോടെ പിറകോട്ടു മലച്ചു. സംഗതി പിടിവിടുമെന്നു കണ്ടപ്പോള്‍ ചെന്നയില്‍ ജീവിച്ചിരിക്കുന്ന കനക പത്രക്കാരെ വിളിച്ചുപറഞ്ഞു; ആലപ്പുഴയില്‍ മരിച്ച കനക ചെന്നയില്‍ ജീവനോടെ ഉണ്ടെന്ന്.. കണ്ടും തൊട്ടും വിശ്വസിക്കാന്‍ ചാനലുകാര്‍ അവിടെയും റെഡി. വാര്‍ത്ത ഓണ്‍ എയറില്‍.. ഇല്ല ഇല്ല പോയിട്ടില്ല .കനക ജീവനോടെ ഉണ്ട്... ഇതൊന്നും അറിയാത്ത പാവം ശശികള്‍  സോഷ്യല്‍ നെറ്റുകളില്‍ കണ്ടോളന്‍സ് അയച്ചുകൊണ്ടേ ഇരുന്നു.

  ബ്രേക്കിംഗ് ന്യൂസ് കൊടുത്ത കുട്ടപ്പനെ കാണാനില്ല എന്നതാണ് ഇതു സംബന്ധിച്ച് അവസാനവാര്‍ത്ത. ബ്രേക്കിംഗ് ന്യൂസുകള്‍, ബ്രേക്കില്ലാതെ കൊടുക്കുന്ന കാലമാണ്. ചാനലായചാനലൊക്കെ സരിത, ശാലൂ, ബിജു, ജോപ്പന്‍, കോപ്പന്‍ ഇവരെയെല്ലാം ബ്രേക്കിംഗ് ആക്കുമ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ തൊണ്ണയില്‍ പുഴുത്തത് ഇറക്കണം എന്നു വിലപിക്കുന്ന ചാനലുകാരും ഇവിടുണ്ട്.. അവര് എന്തു ബ്രേക്കാണ് കൊടുക്കേണ്ടത്..? പെണ്ണുകേസ് ഒഴിച്ചുള്ള ഒരു കേസിനും ജനത്തിന്‍റെ ബ്രേക്ക് പൊട്ടിക്കാന്‍ കഴിയില്ല.. അട്ടപ്പാടിയില്‍ ആദിവാസി മരിച്ചു, വെള്ളംകേറി പത്തുമരണം എന്നൊക്കെ ബ്രേക്കിംഗ് കൊടുത്താല്‍ ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ല. സരിത ഇന്നലെ പച്ചസാരി ഉടുത്തു, ശാലുവിനു ജയിലില്‍ മലബന്ധം എന്നൊക്കെ പടച്ചുവിട്ടാല്‍ പത്താള് വാര്‍ത്തകാണും. അങ്ങനെയാണ് കുട്ടനാട്ടിലെ ഹൌസ്‌ബോട്ടുകളില്‍ വല്ല ചുറ്റിക്കളിയും കിട്ടുമോന്നറിയാന്‍ കുട്ടപ്പനും കൂട്ടരും ..സ്പ്രിംഗ്... ഓപ്പറേഷനുമായി ഇറങ്ങിയത്‌..പണിപാളി എന്നുപറഞ്ഞാല്‍ മതിയല്ലോ..

 പടച്ചുവിടുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നന്വേഷിക്കാന്‍ പോലും സമയമില്ല. കാളപെറ്റെന്നു കേട്ടാല്‍ അപ്പൊ കയറെടുക്കും.. അന്തരിച്ച നടന്‍ തിലകനെ ഇതുപോലെ കൊല്ലാന്‍ നോക്കിയതാണ്,, ആ വകുപ്പില്‍ ചിലരൊക്കെ തല്ലുകൊണ്ടോ എന്നുള്ളത് ഇപ്പോഴും തര്‍ക്കവിഷയമാണ്. മണ്ടേലയെ ഇതുപോലെ ഇതിനകം നിരവധിതവണ കൊന്നുകഴിഞ്ഞു. എന്നിട്ടും മണ്ടേല ഇപ്പോഴും ജീവിക്കുന്നു. ഏതായാലും കനകയും മരിച്ചു നിമിഷങ്ങള്‍ക്കകം ഉയര്‍ത്തെഴുന്നേറ്റു. ആശ്വസിക്കാം...

 പണിയൊന്നുമില്ലേല്‍ പ്ലാമൂട്ടില്‍ വിദ്യാധരന്‍ അന്തരിച്ചു എന്നൊരു ഫ്ലാഷ് കൊടുക്കടാ പുല്ലുകളേ ,,എന്‍റെ പെമ്പറന്നോത്തിക്കും മക്കള്‍ക്കും എന്നോടുള്ള സ്നേഹം ഒന്നു കാണട്ടെ..എത്ര നാട്ടുകാര്‍ക്ക്‌ വിഷമമുണ്ടാകും എന്നൊന്നു  കാണണം,  ഫേസ്ബുക്കില്‍ എത്ര പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും എന്നറിയണം,  അനുശോചനം അറിയ്ക്കാന്‍ ഏതൊക്കെ രാഷ്ട്രിയനേതാക്കള്‍ വരും എന്നും നോക്കണം; എന്നിട്ടു വേണം പിരിവ് കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍, നാട്ടില്‍ നടക്കുന്ന  കല്യാണത്തിനു സംഭാവന കൊടുക്കുന്നതും,  വീടുംപറമ്പും ഭാര്യക്കും മക്കള്‍ക്കും എഴുതിക്കൊടുക്കുന്നതുമെല്ലാം ഇതറിഞ്ഞിട്ടു വേണം..ചങ്കത്തടിയും നിലവിളിയും അനുശോചനവും ഒന്നുമില്ലെങ്കില്‍  എല്ലാം വല്ല അനാഥാലയത്തിനും കൊടുത്തിട്ട് തപസ്സ് അനുഷ്ടിക്കാന്‍ പോകാനാ ...എവിടെ റിപ്പോര്‍ട്ടര്‍ കുട്ടപ്പന്‍..കൊടുക്കടാ ന്യൂസ്,,, വിദ്യാധരന്‍ അന്തരിച്ചു..ഞാനൊന്നു കാണട്ടെ.

  വാര്‍ത്തകള്‍ എത്രയുംവേഗം പ്രേക്ഷകരില്‍ എത്തിച്ചുകൊണ്ട് ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ സെക്കണ്ടിനു സെക്കണ്ടിനു ബ്രേക്കിംഗ് ന്യൂസുകള്‍ പടച്ചു വിടുന്ന കാലമാണിത്... ബ്രേക്കിംഗ് ന്യൂസുകളധികവും  നിലവിലുള്ള ഏതെങ്കിലും പ്രധാനവാര്‍ത്തയുടെ വാലുപിടിച്ചു പടയ്ക്കുന്നതയിരിക്കും.. അതുകൊണ്ടുതന്നെ സത്യാവസ്ഥ ചികയാതെ വാര്‍ത്തകള്‍ കൂട്ടിവായിച്ചു പ്രേക്ഷകന്‍ തൃപ്തിയടയുന്നു..വ്യക്തികളുടെ സ്വകാര്യനിമിഷങ്ങള്‍വരെ സ്കൂപ്പുകളായി വെളിപ്പെടുത്തുന്നു...എതിര്‍ത്താല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള അവകാശം എടുത്തിടും..ഇങ്ങനെ ആരാലും പേടിക്കേണ്ടാത്ത അമ്പലക്കാളകളായി പത്രപ്രവര്‍ത്തനം മാറിയോ എന്നൊരു തോന്നല്‍.. വാര്‍ത്തയിലെ കൃത്യതയാണ് പത്രപ്രവര്‍ത്തനത്തിലെ പരമമായകാര്യം..പൊതുജനതാല്പര്യാര്‍ഥം; സാമ്പത്തികലാഭമോ, കുറ്റകരമായ ഗൂഡാലോചനകളോ ഇല്ലാതെയുള്ള സ്റ്റിംഗ് ഓപ്പറേഷനുകളെ മാത്രമാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന രീതിയില്‍ കോടതി അംഗികരിച്ചിരിക്കുന്നത്...പലപ്പോഴും പൊതുജനതാല്പര്യാര്‍ഥം എന്നത് ചാനലിന്‍റെ താല്പര്യാര്‍ഥം എന്നായി മാറിയിരിക്കുന്നു.. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്നൊരു ന്യൂസ് ഒരു ചാനല്‍ കൊടുക്കുമ്പോള്‍ ആ ചാനലിനു എന്തു വിശ്വാസ്യതയാണുള്ളത്..വളരെശ്രദ്ധിച്ചു കൊടുക്കേണ്ട വാര്‍ത്തകളില്‍പ്പോലും ഒരു ശ്രദ്ധയും കാണിക്കാതെ , വായില്‍ തോന്നിയതു കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വിളിച്ചു പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തനം തരംതഴ്ന്നാല്‍, വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളെ മാത്രം ആശ്രയിക്കുന്ന പൊതുജനം വീണ്ടും കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്..

  ജനാധിപത്യത്തിന്‍റെ നാലാം തൂണായിട്ടാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പുറത്തുവിടുന്ന വാര്‍ത്തകളില്‍ കൃത്യത അത്യാവശ്യമാണ്... തുടര്‍ച്ചയായി തെറ്റായവാര്‍ത്തകളും, ജനങ്ങളുടെ ഇടയില്‍ തെറ്റുധാരണ പരത്തുന്ന ബ്രേക്കിംഗ് വെളിപ്പെടുത്തലുകളും നടത്തുമ്പോള്‍ മാധ്യമങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും.. പഴയ പത്രമാരണ ബില്ലിന്‍റെ പ്രേതം ഇപ്പോഴും കറങ്ങിനടക്കുന്നുണ്ട്. മാധ്യമങ്ങള്‍ അതിരുകടക്കുന്നു നടപടിവേണം എന്നുള്ള പ്രസ്താവനകള്‍ ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.പൊതുജനങ്ങളില്‍നിന്നും വേണ്ടത്ര പിന്തുണകിട്ടാതെ കുപ്പിയില്‍ അടയ്ക്കപ്പെട്ട ആ ഭൂതം ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ തുറന്നുവിട്ടാല്‍, പത്രപ്രവര്‍ത്തനത്തിലെ തെണ്ടിത്തരങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ദ്ധിപ്പിക്കും.. പ്രതിഷേധംകൂടാതെ മാരണനിയമം നടപ്പിലാകുകയും ചെയ്യും.. അതുകൊണ്ട് ജനങ്ങളെ വെറുപ്പിക്കരുത്..കുറഞ്ഞപക്ഷം ജീവിച്ചിരിക്കുന്നവനെയെങ്കിലും മരിച്ചവനാ ക്കാതെ ജീവിക്കാന്‍ അനുവദിക്കൂ...

Tuesday, July 30, 2013

ലെസ്ബിയന്‍ വിവാഹങ്ങള്‍ മനുഷ്യാവകാശമാണോ.?


വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍
  നാട്ടില്‍, ഒന്നിച്ചുതാമസിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതുകൊണ്ട് രണ്ടുകാമിതാക്കള്‍  കേരളംവിട്ടു ബംഗ്ലൂരില്‍ അഭയം തേടിയിരിക്കുന്നു. ഭയങ്കരം....അവരുടെ അവകാശങ്ങളുടെമേല്‍ വീട്ടുകാരുടെ കടന്നുകയറ്റം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഇവര്‍ കേരളംവിട്ടത്. അവകാശ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ മുംബയും ബാംഗ്ലൂരും നേടിയ വളര്‍ച്ച കേരളത്തില്‍ ഇനിയും വന്നിട്ടില്ല.. തങ്ങള്‍ക്ക് വേണ്ടത്രേ പ്രായമായെന്നും, അവകാശങ്ങള്‍ സ്വന്തമായുണ്ടെന്നും പറഞ്ഞിട്ടും വീട്ടുകാര്‍ സമ്മതിക്കുന്നില്ല പോലും. മാത്രമല്ല ഡിഗ്രിയും കൈയ്യിലുണ്ട്‌...എന്നിട്ടാ കളി. ഈ വീട്ടുകാര്‍ക്കൊന്നും ഭരണഘടന അറിയില്ലാന്നു തോന്നുന്നു....ബാഗ്ലൂരിലെ സംഗമ എന്ന മനുഷ്യാവകാശസംഘടനയാണ്  ഇവരുടെ കാര്യം ഏറ്റെടുത്തിരിക്കുന്നത്....ജോലിയും ഉടനെ ശരിയാക്കികൊടുക്കും..  ഷോര്‍ണ്ണൂരുകാരായ രണ്ടു യുവതികളാണ് കഥാപാത്രങ്ങള്‍. വീട്ടുകാരുടെ എതിര്‍പ്പുകാരണം ഒന്നിച്ചു താമസിക്കാന്‍ കഴിയുന്നില്ലായെന്നു പറഞ്ഞു രണ്ടുപേരുംകൂടി ബാഗ്ലൂര്‍ക്ക് വണ്ടികയറി. ഇതില്‍ ഒരാളുടെ പിതാവ്, മകളെ മറ്റേ യുവതി തട്ടിക്കൊണ്ടുപോയതായികാണിച്ചു പോലിസ്സ്റ്റേഷനില്‍ പരാതികൊടുത്തു.  പോലിസ് രണ്ടുപേരെയും ബാഗ്ലൂരില്‍ നിന്നും പൊക്കി... അപ്പോഴാണ്‌ അറിയുന്നത് രണ്ടുപേരും ഒന്നിച്ചു താമസിക്കാന്‍ ഇറങ്ങിയതാണെന്ന്.. സ്ത്രീയുംസ്ത്രീയും ഒന്നിച്ചുതാമസിക്കുന്ന ഏര്‍പ്പാടാ യതുകൊണ്ട് വീട്ടുകാര്‍ സമ്മതിക്കുന്നില്ലപോലും ..രണ്ടുപേര്‍ക്കും അവകാശം പ്രഖ്യാപിക്കാനുള്ള പ്രായമായെന്നാണ് വാര്‍ത്താസമ്മേളനം നടത്തി യുവതികള്‍ പറയുന്നത്. പോരാത്തതിന് ഡിഗ്രിയും കൈയ്യിലുണ്ട്‌... ഇതിനപ്പുറം എന്തുവേണം ..വീട്ടുകാരോട് പോയി പണിനോക്കാന്‍ പറ. അല്ല പിന്നെ...
 

  മക്കളെ ഉണ്ടാക്കലും അവര്‍ക്ക് അവകാശം പറയാനുള്ള പ്രായംവരെ മാത്രം; അവരെ വളര്‍ത്തലുമാണ് ഭരണഘടനപ്രകാരം തന്തയ്ക്കും തള്ളയ്ക്കും ചെയ്യാനുള്ളത്..പ്രായമായാല്‍ പിന്നിടുള്ള കാര്യങ്ങള്‍ മക്കള്‍ തീരുമാനിക്കും...അതുകൊണ്ട് നീ പൊയ്ക്കോ എന്നു പറയാന്‍ പറ്റുമോ; അതുമില്ല..ഓഹിരി അതും കൊടുക്കണം...ഇക്കാര്യത്തില്‍ ഏതെങ്കിലും യുവാക്കള്‍vsയുവാക്കള്‍, യുവതിvsയുവതികള്‍ വീട്ടുകാരുടെ പീഡനം ഏല്ക്കുന്നുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായികരുതി സംഗമയുടെ ബാഗ്ലൂര്‍ ഓഫീസുമായി ഉടനെ  ബന്ധപ്പെടെണ്ടതാണ്...അവരത് കുളമാക്കി തന്നിരിക്കും. ഈ കൃഷി കേരളത്തില്‍ അത്രകണ്ടു വേരുപിടിച്ചിട്ടില്ല.. സംഗമ പോലുള്ള ഇനങ്ങള്‍ കേരളത്തില്‍ ഇല്ലാത്തതുകൊണ്ടായിരിക്കണം.. നെറ്റില്‍ നോക്കി കഷ്ടപ്പെട്ടാണ്‌ യുവതികള്‍ സംഗമയുടെ ഓഫീസ് കണ്ടുപിടിച്ചതെന്നു പറയുന്നു.. അതുകൊണ്ട് ഉടനെ ഒരു ബ്രാഞ്ച് കേരളത്തിലും തുടങ്ങണം. ആണുംപെണ്ണും തമ്മിലുള്ള ലീവിംഗ് ടുഗതറൊക്കെ പരിക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷിചെയ്യുന്ന സ്ഥിതിയ്ക്ക് ഇതുംകൂടി ഒന്നുനടക്കട്ടെ; പച്ചപിടിക്കുമോ എന്നു കാണാമല്ലോ....സംഗതി ക്ലിക്കായാല്‍ കുടുബാസൂത്രണത്തിന് ചിലവഴിക്കുന്ന തുക ലാഭിക്കാം..കേരളത്തില്‍ത്തന്നെ ജീവിക്കാനാണ് ഇവര്‍ക്ക് താല്പര്യംപോലും ..വീട്ടുകാരെ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ കണ്ടെത്തിയ സ്ഥിതിയ്ക്ക് അവരുടെ ഭാഗവുംകൊടുത്ത് അവരെ അനുഹ്രഹിക്കുക..ഒരു പക്ഷെ അവരുടെ പരമ്പരകള്‍ ആയിരിക്കും നാളത്തെ മഹാന്മ്മാര്‍..

 ഒന്നിച്ചു താമസിക്കാന്‍ ഒരുങ്ങുന്ന യുവതികളോട് ചിലത് പറയാനുണ്ട്‌.. കേരളത്തിലാണ് താമസമെങ്കില്‍ വീടിനുചുറ്റും എട്ടടിപ്പൊക്കത്തില്‍ മതിലും അതിനു മുകളില്‍ മുള്ളുവേലിയും പിടിപ്പിക്കുന്നത് നന്നായിരിക്കും.നല്ലൊരു ഇരുമ്പുഗേറ്റും, കാവലിനു ഒരു പട്ടിയും അത്യാവശ്യമാണ്..ആണുങ്ങളുള്ള വീട്ടില്‍പോലും ഒളിഞ്ഞുനോട്ടക്കാരുടെ ശല്യമാ..കുളിമുറിയില്‍വരെയാണ് ഒളിക്യാമറകള്‍  അതുകൊണ്ട് ജാമറുകള്‍ വയ്ക്കാന്‍ മടിക്കേണ്ട. രണ്ടു പെണ്ണുങ്ങള്‍മാത്രം അവകാശങ്ങളും, പ്രായവും, ഡിഗ്രിയും കെട്ടിപിടിച്ചു ജീവിക്കുന്നു എന്നറിയുമ്പോള്‍ മതിലുചാടാനും, വെള്ളംചോദിച്ചും, ബീഡി കത്തിക്കാന്‍ തീ ചോദിച്ചും... ഒത്തിരിപ്പേര്‍ വരാന്‍ സാധ്യതയുണ്ട്.. കേരളമാണ് നാട്.. എങ്ങാനും പെട്ടുപോയാല്‍ തീര്‍ന്നു..അരുതാത്തത് വല്ലതും സംഭവിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു ആണ്‍പ്പേരുപോലും  ഇല്ലാന്നുള്ളത് ഓര്‍ക്കണം.. അക്കാര്യത്തിലും അത്ഭുതംനടന്നു എന്നുപറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കാന്‍ പ്രയാസമാ.....

 സഹോദരിമാരെ സംഗതി വളരെ റിസ്ക്കാണ്...അമേരിക്കയില്‍ അങ്ങനാ, യൂറോപ്പില്‍ അങ്ങനാ, അന്റാര്‍ട്ടിക്കയില്‍ അങ്ങനാ.... എന്നൊക്കെ പറഞ്ഞു പലരുംവരും..കേള്‍ക്കുമ്പോള്‍ ഇവിടം അമേരിക്കയാണെന്നു തോന്നുകയും ചെയ്യും.. പക്ഷെ അവിടെ  പാമ്പിന്‍റെ പടം പൊഴിക്കണപോലെ ഒന്നൂരികളഞ്ഞാല്‍ അടുത്തതുകിട്ടും. ഇവിടെ അതിനു വലിയ പ്രയാസമാ.. സെക്കണ്ട് ഹാന്‍ഡ്‌ സാധനങ്ങള്‍ക്ക് അവിടുത്തെപോലെ ഇവിടെ ഡിമാന്‍ഡില്ല... ഒടുവില്‍ ഒരുമുഴം കയറോ, റെയില്‍വേ ട്രാക്കോ, കീടനാശിനികളോ ഒക്കെ ജീവിതത്തിലേക്ക് കടന്നുവന്നാല്, കരയാന്‍; ജനിപ്പിച്ച മാതാപിതാക്കള്‍ മാത്രമേ ഉണ്ടാവൂ..അതു മറക്കേണ്ട.

 കുട്ടിക്കാലം മുതല്‍ അറിയാവുന്ന പരിചയങ്ങള്‍ക്ക് പക്വതയുടെ പ്രായത്തില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ കഴിയാതെവരുമ്പോള്‍.. വിവേകം വികാരത്തിനു വഴിമാറുന്നു. പ്രായവും, അവകാശബോധവുമൊക്കെ വല്ലാതെയങ്ങ് ഉയര്‍ത്തെണിക്കും.. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയായിരിക്കും അപ്പോള്‍ ഏറ്റവും വലിയ ശാത്രുക്കള്‍. ഒടുവില്‍ പാണ്ടിലോറി തടയാന്‍ച്ചെന്ന തവളയുടെ സ്ഥിതിയാകും.. അതുകൊണ്ട് സഹോദരിമാര്‍ തലയില്‍  ചെമ്പരത്തിതാളിയിട്ടുകാച്ചിയ എണ്ണ നല്ലവണ്ണം തേച്ചുപിടിപ്പിച്ചു പച്ച വെള്ളത്തില്‍ നല്ലൊരു കുളിയുംകുളിച്ചു സെറ്റുസാരിയുമൊക്കെ ഉടുത്തു ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ പരമാനന്ദ സുഖത്തിനെ....എന്ന മനോഹര ഗാനം ഇരുന്നു കേള്‍ക്കുക. മാതൃഭൂമി ആരോഗ്യമാസിക എടുത്ത് ആര്‍ത്തവ കാലത്തെ പ്രശ്നങ്ങള്‍ എന്തൊക്കെ, വിവാഹാനന്തരം കുട്ടികള്‍ എപ്പോള്‍, മുലപ്പാലിന്‍റെ ഗുണങ്ങള്‍,വളര്‍ത്തിയ മക്കള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോള്‍, സ്വവര്‍ഗ്ഗാനുരാഗം നല്ലതോ... തുടങ്ങിയവ പംക്തികള്‍ വായിക്കണം... ഭര്‍ത്താവിന്‍റെ മദ്യപാനശീലം എന്ന പംക്തി വായിക്കുകയേ അരുത്.

ഡിഗ്രിയൊക്കെ കൈവശമുള്ള സ്ഥിതിയ്ക്ക് ഈ ബുക്കുകള്‍ കിട്ടിയാല്‍ വായിക്കാന്‍ മറക്കരുത്...തല തണുത്താല്‍ വല്ലതുമൊക്കെ തലയില്‍ കയറും..

The Five Love Languages: How to Express Heartfelt Commitment to Your Mate

by Gary Chapman

Love and Respect: The Love She Most Desires; The Respect He Desperately Needs

by Emerson Eggerich

The Meaning of Marriage: Finding Happiness in Your Most Profound Relationship

by Timothy Keller, Kathy Keller

Real Marriage: The Truth about Sex, Friendship & Life Together

by Mark Driscoll, Grace Driscoll

ഇതൊന്നും മനസിലാവുന്നില്ല എങ്കില്‍ നമ്മുടെ ഭരതന്‍സാറിന്‍റെ ‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം’ രണ്ടാളും ഒരുമിച്ചുകാണുക...ചിലപ്പോള്‍ തലവിധി മാറിയേക്കും.

 ഇനി സംഗമക്കാരോട് ഒന്നേപറയാനുള്ളൂ..ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണുമ്പോഴേ ചങ്ങലയല്ല എടുക്കേണ്ടത്.. മനുഷ്യാവകാശം എന്നാല്‍ വ്യക്തിയുടെ അവകാശം എന്നപോലെതന്നെ പൊതുസമൂഹത്തിന്‍റെ കഴ്ച്ചപ്പാടുകളോടുള്ള ബഹുമാനവും പരിഗണിക്കപ്പെടെണ്ടതാണ്.

 നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കാര്യത്തില്‍ ഇപ്പോഴേ ചില സ്വപ്‌നങ്ങളോക്കെയുണ്ട്. അവളെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണം ഒരു ഐ എ എസ് കാരനെക്കൊണ്ട് കൊട്ടിക്കണം. അതില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ചക്കിയെന്നും ചാത്തനെന്നും പേരിടണം..ഗുരുവായൂര് പോയി ചോറുണ് നടത്തണം.. അങ്ങനെ,അങ്ങനെ പോകുന്നു...അതിനിടയില്‍ പ്രായംതികഞ്ഞു ഡിഗ്രികഴിഞ്ഞു എന്നൊക്കെപറഞ്ഞു അവള്‍ അയലത്തെ പെണ്ണിന്‍റെകൂടെ  ഒളിച്ചോടിയാല്‍... ഭാഗവാനാണെ,, മകളാണ് സംഗമയാണ് എന്നൊന്നും ഞാന്‍ നോക്കില്ല. അതു കട്ടായം. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍,  വളര്‍ത്തിവലുതാക്കുമ്പോള്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും, കാണുന്ന സ്വപ്നങ്ങള്‍ക്കും; പെട്ടന്നൊരു സുപ്രഭാതത്തില്‍ മക്കള്‍ക്കുണ്ടാകുന്ന അവകാശങ്ങളെക്കാളും, സംഗമയുടെ മനുഷ്യാവകാശത്തോക്കാളും വിലയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

 മക്കള്‍ക്ക് പതിനെട്ടുതികഞ്ഞുവെന്നു കരുതി, മാതാപിതാക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലായെന്നു പറയുന്നതല്ല മനുഷ്യാവകാശം. നിരപരാധികളുടെ ജീവനും സ്വത്തിന്‍മ്മേലും കടന്നുകയറി നടത്തുന്ന മനുഷ്യാവകാശധ്വംസനം പോലെയല്ല സ്ത്രീയുംസ്ത്രീയും ലിവിംഗ് ടുഗതര്‍ നടത്താനുള്ള  മനുഷ്യാവകാശം. അതൊരു അവകാശമാണോ എന്ന കാര്യത്തില്‍പ്പോലും ഇതുവരെ വ്യക്തത വന്നിട്ടില്ല.... എന്തെങ്കിലും കേള്‍ക്കുന്നപാടെ അതെല്ലാം മനുഷ്യാവകാശമാണെന്നു പറഞ്ഞു വാര്‍ത്താസമ്മേളനം നടത്താതെ..കാര്യങ്ങളെക്കുറിച്ച് പഠിക്കുക..ഇവിടെ ആദ്യം പത്രസമ്മേളനം വിളിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്..യുവതികള്‍ക്ക്‌ നല്ലൊരു കൌണ്‍സിലിംഗ് ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. സമൂഹത്തില്‍ അത്ര പഥ്യമല്ലാത്ത ഒരു ജീവിതക്രമം തിരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ വരുംവരായ്കകളെക്കുറിച്ചു അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നിട്ടും ഉറച്ച തീരുമാനമാണെങ്കില്‍മാത്രം  അവരുടെ അവകാശംപോലെ നടക്കട്ടെ. അല്ലാതെ ചെറുപ്പത്തില്‍ ഒന്നിച്ചാണ് വളര്‍ന്നത്‌ അതുകൊണ്ട് ഞങ്ങള്‍ക്ക് കല്യാണംകഴിച്ചു ജീവിക്കണമെന്നു ഒരേ ലിംഗക്കാര്‍ പറഞ്ഞാല്‍; അപ്പോഴേ  താലികെട്ടു നടത്തണമെന്നു പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. അവകാശമാണ്, പ്രായംതികഞ്ഞു,ഡിഗ്രികഴിഞ്ഞു എന്നൊക്കെ പറയുന്നത് സ്ത്രീയുംസ്ത്രീയും തമ്മിലും പുരുഷനുംപുരുഷനും തമ്മിലും ഒന്നിച്ചു ജീവിക്കാനുള്ള ഒരു ന്യായമായിയെടുക്കാന്‍ തക്കവിധം നമ്മുടെ നാട് ഇനിയും വളര്‍ന്നിട്ടില്ല. അതുകൊണ്ട്,  ആദ്യം നടപ്പുരീതികള്‍ നന്നാക്കാം; എന്നിട്ടാകട്ടെ ഇരുപ്പുരീതികള്‍....

Sunday, July 28, 2013

ജയസൂര്യ ചെയ്തത് രാജ്യദ്രോഹക്കുറ്റം..അറസ്റ്റ് ഉടനെ.?.


 
  മാക്കാകൂക്കാ കോപ്പാപാസാ പ്രകാരം, നടന്‍ ജയസൂര്യയും കൂട്ടുകാരും കൊച്ചിനഗരത്തിലെ കുഴിയടച്ചത്, രാജ്യദ്രോഹക്കുറ്റമാണെന്ന്‍ മേയറും കുഴിതോണ്ടല്‍ മന്ത്രിയും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ റോഡുകളും, കൊച്ചിയിലെ കൊതുകുകളും  കോര്‍പ്പറേഷന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാ ണെന്നും ഇവരണ്ടും കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള സംരക്ഷിത സ്മാരകങ്ങളാണെന്നുമാണ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. ഇവ ഈ രീതിയില്‍ത്തന്നെ തുടര്‍ന്നു കൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് പോലും. കുഴിയടയ്ക്കാനും കൊതുകിനെ കൊല്ലാനും അധികാരികളുടെ നേരിട്ടുള്ള സമ്മതം ആവശ്യമാണ്.ജയസൂര്യ അതു വാങ്ങിയില്ല...സമ്മതം എന്നുപറഞ്ഞാല്‍ ഉല്ഘാടനം നടത്തുന്നത് ജനപ്രതിനിധികള്‍ ആയിരിക്കണം...ജനാധിപത്യനിയമത്തില്‍ പണിയെടുക്കാന്‍ ജനങ്ങളും, ഉല്ഘാടിക്കാന്‍ നേതാക്കളും എന്നതാണ് ചട്ടം. റോഡിന്‍റെ കുഴിയടയ്ക്കല്‍, കക്കൂസിനു കുഴിവെട്ട്, ചാണകം കോരല്‍, മരിച്ച വീട്ടില്‍ റീത്ത് വയ്ക്കല്‍, നാട്ടുകാരുനന്നാക്കിയ റോഡ്‌ ഉല്ഘാടനം ചെയ്യല്‍, ബസ്‌ കാത്തിരിപ്പ് കേന്ദ്രം തുറക്കല്‍, മൂത്രപ്പുര ഉല്ഘാടനം തുടങ്ങി,,,, എന്തും ഏതും ഉത്ഘാടനം ചെയ്യല്‍, തരാതരംപോലെ വാര്‍ഡുമെമ്പര്‍, പഞ്ചായത്തു പ്രസിഡന്റ്, മേയര്‍, മന്ത്രി തുടങ്ങിയ ആള്‍ക്കാരുടെ അവകാശമാണ്... അതിലാണ് ജയസൂര്യ കൈവെച്ചത്...ടിയാന്‍ സ്വയമങ്ങു ഉത്ഘാടിച്ചു പണി നടത്തിയിരിക്കുന്നു. ഇനിയിപ്പോ അടച്ചകുഴിയിലെ മെറ്റല്‍ ഇളകിയാല്‍ ആരാണ് സമാധാനം പറയുക...നിലവില്‍ മെറ്റലിളകി വണ്ടിമറിയുന്നതിനും കുഴിയില്‍ വീണു ആളുമരിക്കുന്നതിനും മേയറും, റോഡുവകുപ്പ് മന്ത്രിയും സമാധാനം പറയുന്നുണ്ട്...ഈ അടച്ച കുഴികളുടെകാര്യത്തില്‍ ആരാണ് സമാധാനം പറയുക.അവര്‍ ഉറങ്ങിയപ്പോഴാണ് അടയ്ക്കല്‍ നടന്നത്.. അതുകൊണ്ട് അടച്ചകുഴികളെല്ലാം തുറന്ന് പഴയപടിയാക്കണമെന്നാണ് മേയറുടെ അഭിപ്രായം...ഇതേ റോഡിലെ കുഴിയില്‍ വീണു രണ്ടുബൈക്കു യാത്രക്കാര്‍ മരിച്ചതിനു, മേയറും മന്ത്രിയും വേണ്ടത്രസമാധാനം റോഡില്‍ വാരിവിതറുന്നത് കണ്ടതുകൊണ്ടാണ് പിറ്റേ രാത്രിയില്‍ നാട്ടുകാര്‍ കുഴിയടയ്ക്കാന്‍ ഇറങ്ങിയത്‌, ജയസൂര്യ കാശുമുടക്കാന്‍ തയ്യാറായി നാട്ടുകാര്‍ അധ്വാനിക്കാന്‍ തയ്യാറായി. അങ്ങനെ റോഡിലെ കുറച്ചുകുഴികള്‍ അടഞ്ഞു..

  മേയറും മന്ത്രിയും കമ്പിളിപ്പുതപ്പിനുള്ളില്‍ പെമ്പിളയേയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയപ്പോള്‍ മഴനനഞ്ഞു റോഡിലെ കുഴികള്‍ മൂടിയതാണ് മഹാ അപരാധമായത്.. കുഴിയടയ്ക്കല്‍ ഒരു മഹാ മാമാങ്കമായി നടത്തി, മേയറെയും മന്ത്രിയേയും വിളിച്ചു നാടമുറിപ്പിച്ചു ചെയ്തിരുന്നേല്‍ ഈ കുഴപ്പമൊന്നും  ഉണ്ടാകില്ലായിരുന്നു. ഇതിപ്പോ മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയപോലെയായി കാര്യങ്ങള്‍ നമ്മളിവിടെ പുതപ്പിനടിയില്‍ക്കിടന്നു കൂര്‍ക്കംവലിക്കുമ്പോള്‍ ലെവന്മ്മാര്‍ ടീവിക്കാരെയും കൂട്ടി കുഴിയടച്ചുവാര്‍ത്തയാക്കി. ഇന്നലെ ഒരുത്തന്‍ ഞാറുനട്ടു വാര്‍ത്തയാക്കാന്‍ ഇറങ്ങി, അതു നമ്മള് പൊളിച്ച് കൈയ്യില്‍ കൊടുത്തു. ഇനി മേലാല്‍ അങ്ങേര് ആ പണിക്ക് ഇറങ്ങില്ല...ഇതും  സമ്മതിക്കാന്‍ പറ്റുമോ.. നഗരപിതാവ് ഉറങ്ങുമ്പോള്‍ മക്കള്‍ അണ്ടി ചെത്തണ പരിപാടിയല്ലേയിത്. തീട്ടം കോരലാണേലും, കക്കൂസ് കഴുകലാണേലും, മൂത്രപ്പുര ഉത്ഘാടനമാണേലും ഉത്ഘാടനം നമ്മളായിരിക്കണം... പത്രത്തില്‍ വാര്‍ത്തയും ഇളിച്ചുകൊണ്ട്‌ നില്‍ക്കുന്ന ഫോട്ടോയും വരണം..അത്രയേയുള്ളൂ നമ്മുടെ ഡിമാണ്ട്.. പിന്നെ നിങ്ങള്‍ കുഴി തുറക്കുകയോ, അടയ്ക്കുകയോ, മാന്തുകയോ എന്തുവേണേലും ചെയ്തോ... നോ പ്രോബ്ലം.. വേനക്ക് പണിതറോഡ്‌ മഴയത്ത് കുഴിയായി, ആ കുഴിയില്‍ ആളുവീണു മരിച്ചാല്‍ അതു പണിത കരാറുകാരനെതിരെ കേസെടുക്കുമോ..? ഉത്ഘാടനം നടത്തിയ മന്ത്രിയ്ക്കെതിരെ കേസെടുക്കുമോ..? ഇല്ല...പക്ഷെ റോഡിലെ കുഴിയടച്ചാല്‍ അപ്പൊ കേസെടുക്കും...അതാണ്, അതാണു ശശിയുടെഭരണം.

  റോഡിലെ ഓരോ കുഴിയും യാത്രക്കാരുടെ പേടിസ്വപ്നങ്ങളാണ്, എന്നാല്‍ രാഷ്ട്രിയക്കാര്‍ക്കും കരാറുകാര്‍ക്കും ഓരോ കുഴിയും ചില്ലറതടയുന്ന സ്വപ്നങ്ങളാണ്. മഴയൊന്നുമാറി മാനംതെളിഞ്ഞാല്‍ പത്തുകാശുണ്ടാക്കാനുള്ള വഴികളാണ് ഈ കുഴികള്‍.. ആ സ്വപ്നങ്ങളാണ് ജയസൂര്യയും കൂട്ടരും, മെറ്റലും സിമിന്റുമിട്ടു മൂടിയത്..കുഴിയൊന്നിനു ആയിരംരൂപവെച്ചു കൂട്ടിയാല്‍തന്നെ കരാറുകാരനും, മേയര്‍ക്കും, കുമ്പിടിയ്ക്കുമൊക്കെ ലക്ഷങ്ങളാണ് ഒറ്റരാത്രികൊണ്ട്‌ നഷ്ടപ്പെട്ടത്. മേയറുമൂപ്പന്‍റെ  അഭിപ്രായത്തില്‍ ജയസൂര്യ പണംമുടക്കി കരാറുകാരെക്കൊണ്ട് റോഡിലെ കുഴിയടയ്പ്പിക്കണം പോലും.....വളരെ നല്ല അഭിപ്രായം. പിന്നെ ഇയാള്‍ അവിടെ എന്നാ ചെരയ്ക്കാന്‍ ഇരിക്കുവാ... എന്നു ചോദിച്ചാല്‍ എന്നാ പറയുമോ ആവോ..

 ഇങ്ങനെ യുവാക്കളും നടന്മാരുമൊക്കെ സംഘടിച്ചു റോഡുനന്നാക്കാന്‍ ഇറങ്ങിയാല്‍ പാവം കരാറുകാരും അവരുടെ കീശയില്‍ നോക്കിയിരിക്കുന്ന നമ്മുടെ ജനസേവകരും എങ്ങനെ ജീവിക്കും..ഈ നന്നാക്കല്‍ അറിഞ്ഞ് മെഗാ സ്റ്റാറുകളും അവരുടെ ഫാന്‍സുകളും കുഴിയടയ്ക്കാന്‍ ഇറങ്ങിയാല്‍ ഒറ്റ രാത്രികൊണ്ട്‌ കേരളത്തിലെ റോഡുകളിലെ കുഴികള്‍ അപ്രത്യക്ഷമാകും.. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പണിനഷ്ടപ്പെടുന്ന കരാറുകാരെ ആരു നോക്കും. ജോലിയില്ലാതാകുന്ന തൊഴിലാളികളോട് ആരു സമാധാനം പറയും. എത്ര ബാരല്‍ ടാറാണ് പിന്നെ വെറുതെപോകുന്നത്. അങ്ങനെ വന്നാല്‍ എത്ര അമ്മാവന്‍ വണ്ടികളാണ് കട്ടപ്പുറത്ത് ഇരിക്കുക. വലിയൊരു തൊഴില്‍മേഖലയെ മുഴുവനാണ്‌; ജയസൂര്യയും കൂട്ടരും ഒറ്റരാത്രികൊണ്ട്‌ പ്രതിസന്ധിയിലാക്കിയത്.. അനുവദിക്കാന്‍ പറ്റുമോ..കേസെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.... മേയര്‍ക്കും, മന്ത്രിയ്ക്കും അഭിനന്ദനങ്ങള്‍. മേലാല്‍ ഒരുത്തനും കുഴിയടയ്ക്കാന്‍ ഇറങ്ങരുത്..പറ്റുമെങ്കില്‍ കുഴികുഴിച്ചോളുക. ഓരോ കുഴിയിലും നൂറുവീതം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ മഴക്കാലവസാനത്തോടെ വിളവെടുപ്പ് നടത്താനുള്ള പദ്ധതിയാണ് ഈ കുഴിയടയ്ക്കലിലൂടെ തകിടംമറിഞ്ഞത്. ഇതിനു ആരു സമാധാനം പറയും. കുഴിയുടെ വക്കത്തു ചൂണ്ടയുമായി കാത്തിരിക്കുന്ന നാട്ടുകാരെ, ആരാണ് ആശ്വസിപ്പിക്കുന്നത്...മേയറുടെ ചോദ്യം തികച്ചും ന്യായമാണ്.. ജയസൂര്യ സമാധാനം പറഞ്ഞേപറ്റൂ...സിമിന്റും മെറ്റലും ചേര്‍ത്താണ് കുഴിയടച്ചത്. അത് അതിനെക്കാള്‍ വലിയ കുറ്റമാണ്. അടുത്ത രണ്ടുവര്‍ഷത്തേയ്ക്ക് അവിടെ കുഴിയുണ്ടാവില്ല.. കുഴിയടയ്ക്കാന്‍ ബട്ജെറ്റില്‍ തുക അനുവദിക്കാന്‍ പറ്റുമോ..? അങ്ങനെവന്നാല്‍ കരാറുകാര്‍ക്ക് ആരു പണിനല്‍കും, നമുക്ക് കിട്ടാനുള്ള കമ്മിഷന്‍ ആരുതരും...ജയസൂര്യ തരുമോ നാട്ടുകാര്‍ തരുമോ...അതുകൊണ്ട് ഇങ്ങനെ ആരെങ്കിലും ജനങ്ങളെ നന്നാക്കാന്‍ ഇറങ്ങിയാല്‍, അപ്പൊ നമ്മള്‍ ഇടപെടും..കയ്യിലിരുന്നകാശുകൊണ്ട് കുറച്ചു മണ്ണുവാങ്ങി, അവിടെ കൃഷിയിറക്കി കേരളിയര്‍ക്ക് കഴിക്കാന്‍ കുറച്ച് അരിയുണ്ടാക്കാം എന്നുകരുതി പടത്തിറങ്ങിയ  മെഗാസ്റ്റാറിനെവരേ നമ്മള്‍ ഒതുക്കി; പിന്നെയാ ജയസൂര്യ. കേട്ടിട്ടില്ലേ മന്ത്രം അറിയാവുന്നവന്‍ തന്ത്രി..തന്ത്രം അറിയാവുന്നവന്‍ മന്ത്രി...നല്ല മനസ്സുണ്ടായിട്ടു കാര്യമില്ല. തന്ത്രം അറിയണം യൂദാസിനെപോലെ...

 പണ്ട് കര്‍ത്താവുതമ്പുരാന്‍റെ കാല്, സുഗന്ധതൈലംകൊണ്ടു കഴുകാന്‍ വന്ന മഗ്ദ്ധലനാമറിയത്തോട്  യൂദാസെന്ന പരമനാറി ചോദിച്ചു ... എന്തിനാണ് ഈ സുഗന്ധതൈലം കളയുന്നത്... എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറായ്ക്ക് വിറ്റ്‌ ആ കാശ് ദരിദ്രര്‍ക്ക് കൊടുത്തില്ല..? അവന്‍ ഇതുപറഞ്ഞത് അവനു ദരിദ്രരോട് പരിഗണന ഉണ്ടായിരുന്നതുകൊണ്ടല്ല പ്രത്യുത അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും, പണസഞ്ചി അവന്‍റെ കൈയ്യിലായിരുന്നതുകൊണ്ടും, അതില്‍ വീഴുന്നതില്‍നിന്നും അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്(യോഹ:12:5,6)……റോഡുയാത്രക്കാരോടുള്ള മേയറുടെ സ്നേഹം കാണുമ്പൊള്‍ അത് എന്തുകൊണ്ടാണെന്ന് ഈ ബൈബിള്‍ വചനം ഉത്തരംനല്‍ക്കുന്നു..ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്ത മേയര്‍ ഇതൊക്കെ ഇടയ്ക്ക് വായിച്ചാല്‍ കൊള്ളാം...

Thursday, July 25, 2013

ഡാന്‍സ്ബാറില്‍ പണിയുണ്ട്; ഇപ്പൊ അപേക്ഷിക്കാം.


വിദ്യാധരന്റെ വ്യാകുലചിന്തകള്‍
  ഭഗവാനേ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണേ... നടന്നാല്‍ തിരിച്ചു വന്നിട്ട് രണ്ടുതേങ്ങാ ഉടയ്ക്കുന്നതായിരിക്കും...സംഗതി നടന്നില്ലേല്‍ പ്രാക്കും തെറിവിളിയും നിശ്ചയം. എല്ലാം കാണാനും കേള്‍ക്കാനും നീയിങ്ങനെ മിണ്ടാതിരുന്നുതരുന്നതാണ് ഈയുള്ളവന്‍റെ ഏക ആശ്രയം. പ്രമോഷന്‍റെ കാര്യമാണ് എ.ഇ.ഒ ഓഫീസുവരെ പോകണം. കഴിഞ്ഞ തവണത്തെ പിക്കറ്റിങ്ങിനുപോയി പോലീസിന്‍റെ തല്ലുകൊണ്ട പാട് ചന്തിയിലുള്ളതുകൊണ്ട് യൂണിയന്‍കാരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ഇനിയിപ്പോ ഓഫീസറുടെ കനിവാണുവേണ്ടത്. ബസുപിടിക്കാന്‍ തെല്ലു വേഗത്തില്‍ നടന്നു. അപശകുനങ്ങളോന്നും മുന്നില്‍വന്നുപെടാതിരുന്നാല്‍ മതിയായിരുന്നു. ഓ,, പ്രാര്‍ഥനകേട്ടു ശുഭലക്ഷണം. എതിരെവരുന്നത് വെട്ടിരുമ്പ് കാര്‍ത്യായനിയാണ്; നല്ല ഐശ്വര്യമുള്ള കണി.....കാര്‍ത്യാനിയെന്ന, കാത്തു എന്നെനോക്കി പുഞ്ചിരിതൂകിയാണ് വരുന്നത്...ഒന്നുകില്‍ കാശു പോകും അല്ലെങ്കില്‍ മാനംപോകും.... ഇന്നിവിടെ വല്ലതും നടക്കും.ഒരു ‘എച്ചുസ് മീ’ അടിച്ചു കടന്നുപോകാമെന്നുകരുതിയതാണ്. അപ്പോഴേ വിളി വന്നു..

  മാഷേ,,,,,

    ഓ,,,,,എന്നാ കാത്തു....

      ഒന്നു നിന്നെ,,,,, ഒരു കാര്യം ചോദിക്കാനാ..

ഭഗവാനെ കുടുങ്ങിയോ..ഇതിപ്പോ വിടുന്ന ലക്ഷണമില്ല.നാട്ടുകാരേങ്ങാനും കണ്ടാല്‍ പുതിയ പറ്റുതുടങ്ങിയതാണെന്ന് വിചാരിക്കും..രമണിയും പിള്ളേരും ഇപ്പൊ ഇങ്ങെത്തും. ഇതിയാന്‍ നേരെത്തെ ഇറങ്ങിയത്‌ ഇതിനാണെന്നു അവള്‍ക്കെങ്ങാനും തോന്നിയാല്‍ ഇന്നു വീട്ടില്‍ക്കേറ്റം ഉണ്ടാകില്ല. ശുഭാലക്ഷണം അപലക്ഷണമാകുമെന്നാ തോന്നുന്നത്.

 അതേ കാത്തു,,, എനിക്ക് ഇന്നല്‍പ്പം തിരക്കുണ്ട്‌. എ. ഇ. ഒ ഓഫീസ് വരെ പോകാനുണ്ട്..

  അതിനു മാഷ്‌ പൊയ്ക്കോ,, എന്‍റെകൂടെ പോരണം എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ..ഉവ്വോ.ഒരു കാര്യം അറിയാനാ മാഷേ, നമ്മക്ക് അക്ഷരാഭ്യാസം കുറവാണെന്ന് മാഷ്ക്ക് അറിയാല്ലോ......   കാര്യം നാട്ടുകാര്‍ക്കൊക്കെ കാത്തുവിനെവേണം പക്ഷെ രാത്രിയിലാണെന്നു മാത്രം. പകല് ഒരുത്തനും കണ്ടഭാവം നടിക്കില്ല. എന്നാ രാത്രിയായാലോ..? ഈ മന്യന്മാരൊക്കെ, കാത്തൂ; ചക്കരെ, പൊന്നേ, മുത്തേ എന്നൊക്ക വിളിച്ചുകൊണ്ടു വാതിലില്‍ മുട്ടുതുടങ്ങും.പരിപ്പുവടയും പക്കാവടയുമായി രാത്രിവരുന്ന നാറികള്‍, പകലെന്തെങ്കിലും ഒരാവശ്യത്തിന് വിളിച്ചാല്‍ കണ്ടഭാവം നടിക്കില്ല. ഫ്പൂ........അതുപോട്ടെ...മാഷ്‌ ഇതൊന്നു നോക്കിക്കേ ഇന്നലെ കടേന്നു മീന്‍പൊതിഞ്ഞുകൊണ്ടുവന്ന കടലാസാ..ഇതൊന്നു വായിച്ചേ ഇതില്‍ പറഞ്ഞിട്ടുള്ള പണി നമുക്കുകിട്ടുമോ മാഷേ,,, വായിച്ചിട്ട് എനിക്കത്ര മനസിലായില്ല. നമ്മളൊക്കെ ഓള്‍ഡല്ലേന്ന്..

 കാത്തു; നാലായി ചുരുട്ടി മടക്കിയ് ഒരു കടലാസുകഷണം ബ്ലവുസിനുള്ളില്‍ നിന്നും പുറത്തെടുത്തു. നിവര്‍ത്തിയപ്പോള്‍ ആകെയൊരു മീന്‍ മണം. അതൊരു പരസ്യമാണ്. ബോംബയില്‍ പുതിയതായി ആരംഭിക്കുന്ന ഡാന്‍സ് ബാറിലേക്ക് മലയാളിസ്ത്രീകളെ ആവശ്യമുണ്ട്. മേഖലയില്‍ മുന്‍പരിചയമു ള്ളവര്‍ക്ക് മുന്‍ഗണന, പ്രായം ഇരുപതിനും  മുപ്പത്തിയഞ്ചിനും ഇടയില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവ് ഇവയാണ് യോഗ്യത...

 എന്താ മാഷേ, ഈ പണിക്ക് അപേക്ഷിച്ചാല്‍ കിട്ടുമോ..മാഷ്ക്ക് അറിയാല്ലോ എന്‍റെകാര്യം. മകളോരുത്തി ഉണ്ടായിരുന്നതിനെ, എന്നേപ്പോലെ ആകല്ലല്ലോയെന്നു കരുതി, കോണ്‍വെന്റില്‍ നിറുത്തിയാണ് പഠിപ്പിച്ചത്. അവളുടെ കല്യാണം കഴിഞ്ഞതോടെ അവള്‍ക്കിപ്പം അമ്മയെ വേണ്ട. അമ്മ ദുര്‍നടപ്പുകാരിയാതുകൊണ്ട് ഞാനങ്ങോട്ടു ചെല്ലുന്നത് അവള്‍ക്കും ഭര്‍ത്താവിനും ഇഷ്ടമല്ല.കുട്ടികളുടെ ഭാവിയെ അതു ബാധിക്കും പോലും.. അവസാനകാലത്ത് ആരും നോക്കാനുണ്ടാവില്ലായെന്നു ഉറപ്പായിമാഷേ.. തൊഴിലില്‍നിന്നു പഴയ വരുമാനമൊന്നുമില്ല..കോളേജ് കുട്ട്യോളൊക്കെ ഇപ്പൊ പൈസ കൊടുത്താല്‍ വരാന്‍ റെഡിയാണത്രെ.പഴയ പറ്റുകാരോക്കെ പുതിയ താവളംതേടി പോയിത്തുടങ്ങി. പിന്നെ വല്ലവനും വഴിതെറ്റിവന്നാലായി. വല്ല കൂലിപ്പണിക്കും പോകാമെന്നുവെച്ചാല്‍ ഒരുത്തനും ജോലിക്ക് വിളിക്കില്ല. കണ്ട വേശ്യയെയൊക്കെ ആരു പണിക്കു വിളിക്കാനാ..ആണുങ്ങള്‍ സമ്മതിച്ചാല്‍ത്തന്നെ കുടുബത്തുള്ള പെണ്ണുങ്ങള്‍ സമ്മതിക്കുമോ...ആകെ പരുങ്ങലിലാണ് മാഷേ..... എന്‍റെ കെട്ട്യോന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു.അങ്ങേര് തെങ്ങേന്നു വീണു ചത്തതില്‍പ്പിന്നെ ഓരോരുത്തന്മമാര്‍ സഹായിച്ചാണ് ഞാനി ഗതിയിലായത്...ആരോട് പറയാന്‍, എന്‍റെ വിധി..മാഷ് ടൌണില്‍ പോകുവല്ലേ ഈ പണികിട്ടുമോന്ന് ഒന്നന്വേഷിക്കുമോ..

ഞാന്‍ അന്വേഷിച്ചു പറയാം കാത്തു.... മറക്കല്ലേ മാഷേ,,,,,,,, ഉവ്വ്

 കാര്‍ത്യാനിതന്ന മീന്‍ മണക്കുന്ന കടലാസുകഷണവും ചുരുട്ടിപ്പിടിച്ചുകൊണ്ട്  ഞാന്‍ ബസുപിടിക്കാന്‍ നടന്നു.കാര്‍ത്യായനിയുടെ ഭര്‍ത്താവ് തെങ്ങില്‍നിന്നും വീണാണ് മരിച്ചത്. മറക്കമുറ്റാത്ത കുഞ്ഞും, യവ്വനം വിടാത്ത കാര്ത്യാനിയും ഒറ്റയ്ക്കായി.. ഞടുക്കവും ദുഖവുമൊക്കെ പങ്കുവെച്ചു ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞുപോയപ്പോള്‍ കാര്‍ത്യാനിയും കുഞ്ഞും ജീവിതത്തില്‍ തനിച്ചായി. ഈ അവസരം മുതലെടുത്ത്‌ സ്ഥലത്തെ ചില പ്രമുഖര്‍ സഹായഹസ്തവുമായി അവരെ സമീപിച്ചു.ഒരു ചെറിയ വീട്, കക്കൂസ്, ആട് എന്നിങ്ങനെയുള്ള പഞ്ചായത്തുസഹായങ്ങള്‍ കൊടുത്ത കൂട്ടത്തില്‍ സ്ഥലത്തെ ചില പ്രമുഖര്‍ക്കും രാത്രിയില്‍ വാതിലുതുറന്നു കൊടുക്കാന്‍ നിര്‍ബന്ധിതമായി.... പലരും സ്ഥിരം പതിവുകാരായപ്പോള്‍ സംഭവം നാട്ടില്‍ പാട്ടായി... യോഗ്യന്മാര്‍ പൊടിയുംതട്ടി പിന്മാറി. പിഴച്ചവള്‍ എന്നപേര് വീണപ്പോള്‍, ഉണ്ടായിരുന്ന കൂലിപ്പണിയും അവര്‍ക്ക് കൈവിട്ടു പോയി. ഒടുവില്‍ ആഹാരം മുട്ടിയപ്പോള്‍ പെണ്‍കുഞ്ഞിനെ ഒരു അനാഥാലയത്തിലാക്കി കാര്‍ത്യാനി നാടിന്‍റെ പൊതുസ്വത്തായി മാറുകയാണുണ്ടായത്...ഏതായാലും ഡാന്‍സ് ബാറിലെ പണിക്കൊന്നും കാത്തു പറ്റില്ല. അവിടെ ഇത്തരം രൂപങ്ങളൊന്നും എടുക്കാന്‍ സാദ്ധ്യതയില്ല. തുരുമ്പെടുക്കാറായ ഇത്തരം ജന്മങ്ങളാണ് ഡാന്‍സ് ബാറുകളുടെ ശേഷിപ്പ്...

  എട്ടുവര്‍ഷം മുന്‍പ് മഹാരാഷ്ട്രസര്‍ക്കാര്‍ നിരോധിച്ച എല്ലാ ഡാന്‍സ് ബാറുകളും സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും തുറക്കുയാണ്. നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെട്ട എഴുപതിനായിരത്തില്‍ അധികംവരുന്ന സ്ത്രീ ഡാന്സുകാര്‍ക്ക് ഇതുമൂലം ജോലികിട്ടും എന്നാണ് പറയുന്ന ന്യായം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു താഴെയുള്ള നിരോധനം; തരംതിരിവാണ്, തുല്യനീതിയല്ല എന്ന സാങ്കേതികന്യായമാണ് സുപ്രീകോടതി വിധിയ്ക്ക് അടിസ്ഥാനം. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 2500 ഡാന്‍സ് ബാറുകളില്‍ 345 എണ്ണത്തിനു മാത്രമേ ലൈസന്‍സ് ഉള്ളു എന്ന ന്യായം കാണാതെ കിടക്കുന്നു. ബോംബയിലെ ജനങ്ങളുടെ പൊതുവിനോദമാണ് ഈ നൃത്തമെന്നാണ് മറ്റൊരു നിരീക്ഷണം. നിരോധനംമൂലം ജോലിനഷ്ടപ്പെട്ട സ്ത്രീ ഡാന്സുകാരുടെ കുടുബങ്ങള്‍ പട്ടിണിയിലായെന്നും, പലരും ആത്മഹത്യ ചെയ്തെന്നും, ബാറുകളിലെഡാന്‍സ് ത്രീ-സ്റ്റാര്‍ വരെയാക്കി ചുരുക്കുമ്പോള്‍ അതു പാവപ്പെട്ടവന് ഡാന്‍സ് കാണാനുള്ള നിഷേധമാണെന്നുമാണ് സുപ്രീകോടതിയില്‍ ‘ഈ ജോലി നഷ്ടപ്പെട്ട’ തൊഴിലാളികളുടെ വക്കീല്‍ വാദിച്ചത്. സര്‍ക്കാര്‍ വക്കിലാകട്ടെ കാര്യമായ തടസ്സങ്ങള്‍ ഉന്നയിച്ചുമില്ല. അങ്ങനെ ഡാന്‍സ് ബാറുകളെല്ലാം തുറക്കുകയാണ്..പൊതുവിനോദത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞിരുന്ന എല്ലാ പാവങ്ങള്‍ക്കും ഇനി സന്തോഷത്തിന്‍റെ രാവുകളാണ്.

 ഇങ്ങനെ ഒരു വിധി നേടിയെടുക്കാന്‍ സുപ്രീംകോടതിവരെപോയി കേസ് നടത്തിയത് ഡാന്‍സ്ബാര്‍ നിരോധനംമൂലം തൊഴിലുനഷ്ടപ്പെട്ട സ്ത്രീകളല്ലന്നത് വ്യക്തമാണ്..കാരണം 2500ഡാന്‍സ് ബാറുകളില്‍ വെറും  350എണ്ണത്തിനു മാത്രമേ ലൈസന്‍സ് ഉള്ളു.അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഡാന്‍സ് കളിക്കുന്ന തൊഴിലാളികള്‍ക്കേ കേസിനുപോകാന്‍  കഴിയൂ..അവര്‍ക്കു കിട്ടുന്ന ശമ്പളത്തിന്‍റെ കണക്കുനോക്കിയാല്‍ കേസിനു പോകാനുള്ള പാങ്ങ് കണ്ടറിയണം.. മാംസക്കച്ചവടക്കാരും സ്ത്രീവിപണന സംഘങ്ങളുമാണിതിനു പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്. ഇങ്ങനെ ജോലിചെയ്യുന്ന സ്ത്രീ കളില്‍ ഭൂരിഭാഗവും നൃത്തം പഠിച്ചവരോ കലയില്‍നിന്നും  വരുമാനം കണ്ടെത്തി ജീവിക്കുന്നവരോ അല്ല. പട്ടിണിയും ദാരിദ്ര്യവുംകൊണ്ട് പൊറുതി മുട്ടി ജോലിതേടി ഇറങ്ങുമ്പോള്‍ ഏജന്റ്റ്മാരുടെ കെണിയില്‍പ്പെട്ടു പോകുന്നവരോ, ബംഗ്ലാദേശ് നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കടത്തി കൊണ്ടുവരുന്നരോവായ പെണ്‍കുട്ടികളാണ്.

  കൂലിക്കുവേണ്ടിയുള്ള ജോലി എന്നതിനേക്കാള്‍ ഏജന്റൂമാരുടെ ചൂഷണമാണ് ഇവരുടെ കാര്യത്തില്‍ നടക്കുന്നത്. നിശ്ചിത പ്രായംകഴിഞ്ഞു ഇവിടെനിന്നും പുറത്താക്കപ്പെടുന്ന സ്ത്രീതൊഴിലാളികളിലധികവും ചുമന്നതെരുവുകളിലാണ് എത്തപ്പെടുന്നത്. ശിഷ്ടകാലം നരകിച്ച്‌ ഒരു തെരുവുപട്ടിയെപ്പോലെ അലഞ്ഞുതീരാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് പെന്‍ഷനൊ, പുനരധിവാസകേന്ദ്രങ്ങളോ, ക്ഷേമപദ്ധതികളോ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ തികഞ്ഞ അലംബവമാണ് കാണിക്കുന്നത്.,നിരോധനം മാറ്റിയ സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനവ്യവസ്ഥകള്‍ നടപ്പിലാക്കണം. ഇന്‍ഷുറന്‍സും, പെന്‍ഷനും, തിരിച്ചറിയല്‍ കാര്‍ഡുകളുമൊക്കെ ഏര്‍പ്പെടുത്തി ഇതിനെ തൊഴില്‍ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഈ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കു.

  നിലവിലുള്ള അവസ്ഥതന്നെയാണ് തുടരുന്നതെങ്കില്‍ ചൂഷണത്തിന്‍റെയും  സ്ത്രീവാണിഭത്തിന്‍റെ മറ്റൊരു മേഖലകൂടി തുറന്നു കൊടുത്തു എന്നതില്‍കവിഞ്ഞ് നിരോധനം നീക്കിയതുകൊണ്ടു സ്ത്രീ തൊഴിലാളികള്‍ക്ക് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. മറ്റൊന്ന് മാംസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു നടപടികളും സമൂഹത്തിന് ആശാസ്യകരമല്ല.. ഇതിനുവേണ്ടി വാദിക്കുന്നവരുടെയും, വിധിക്കുന്നവരുടെയും കുടുംബങ്ങളില്‍നിന്നും എത്രപേര്‍ തങ്ങളുടെ പെണ്മക്കളെ കലാമണ്ഡലത്തിലയച്ചു നൃത്തം പഠിപ്പിച്ചശേഷം ഡാന്‍സ് ബാറുകളില്‍ ജോലിക്കുവിടും എന്നതും ചിന്തിക്കേണ്ടത്..ഇതൊക്കെ വെറും സദാചാരവാദം എന്നുപറഞ്ഞു എതിര്‍ക്കുമ്പോള്‍ ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേല്... എന്ന മനോഭാവത്തിലാകരുത് പറയുന്നത്. ഇതൊക്കെ എങ്ങനെ അവസാനിക്കും എന്നു കൂടി ചിന്തിക്കുന്നത് നല്ലതാണ്.

 

Tuesday, July 23, 2013

അട്ടപ്പാടിയിലെ ശിശുമരണം ബിരിയാണി കഴിച്ചിട്ടോ.?

വിദ്യാധരന്റെ വ്യാകുലചിന്തകള്‍
 
  ലോകാവസാനം അടുത്തോ എന്നൊരു സംശയം. വെളിവുകളും വെളിവുകേടുകളും തമ്മില്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. കല്ലറതുറന്നു പല ശവങ്ങളും ഉയര്‍ത്തുവെന്നു പറഞ്ഞാലും അത്ഭുതപ്പെടാനില്ല.എല്ലാ ദൈവങ്ങളും എല്ലാ മതങ്ങളും പിറവിയെടുത്തത് മധ്യപൌരസ്ത്യ ദേശങ്ങളിലാണെങ്കിലും, ചിന്തകന്‍മ്മാരും ചിന്തകളും അധികവും ഉണ്ടാകുന്നത് പടിഞ്ഞാറുനിന്നാണ്. എന്നാല്‍ ഇക്കുറി പതിവിനു വിപരിതമായി നമ്മുടെ നാട്ടുകാരായ ചിന്തകന്മ്മാരുടെ ചില ചിന്തകളും മഹത് വചനങ്ങളും നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്...ലിസ്റ്റില്‍ ഒത്തിരി പ്പേര്‍ ഉണ്ടെങ്കിലും ഈയാഴ്ച്ചയിലെ മഹനിയ ചിന്തകരില്‍ മുന്നിട്ട് നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്. അട്ടപ്പാടിയില്‍ ആദിവാസികള്‍ ഫുഡ്‌ കഴിക്കാത്തതാണ് ശിശുമരണം ഉണ്ടാകാന്‍ കാരണമെന്നു മുഖ്യമന്ത്രി കണ്ടുപിടിച്ചിരിക്കുന്നു...മറ്റൊരുപ്രശ്നം അവര്‍ കക്കൂസ് ഉപയോഗിക്കുന്നില്ല എന്നതാണ്...ഫുഡ്‌ കഴിക്കാത്ത കാലത്തോളും കക്കൂസ് ഉപയോഗിക്കേണ്ട ആവശ്യം വരുമോ എന്നതിനെക്കുറിച്ച് ഒരു മന്ത്രിതലചര്‍ച്ച ആവശ്യമാണ്. പാല്‍, മുട്ട, അണ്ടിപ്പരിപ്പ്, ബദാം, രാഗി, ഗോതമ്പ്, അരി, പയര്, ഉപ്പ്, മുളക്, പഞ്ചസാര ഇവയെല്ലാം ആദിവാസി ഊരുകളുവഴി വേണോ വേണോ എന്നു ചോദിച്ചുകൊണ്ട് നടക്കുകയാണ്...കക്കൂസില്‍ പോകാനുള്ള മടി കാരണം ഇവറ്റകള്‍ ഇവയൊന്നും കഴിക്കുന്നില്ല...കാര്യം മനസിലാക്കി ഫുഡ്‌ കഴിക്കേണ്ടത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കാന്‍ വോളണ്ടിയര്‍മ്മാരെ വച്ചിട്ടുണ്ട്. ആദ്യപടിയായി എങ്ങനെ മുള്ളും കത്തിയും ഉപയോഗിച്ചു കഞ്ഞികുടിക്കാം എന്നാണ് പഠിപ്പിക്കുന്നത്‌..കഞ്ഞികുടി കഴിഞ്ഞാല്‍ എങ്ങനെ യൂറോപ്യന്‍ ക്ലോസറ്റില്‍ തൂറാം എന്നതിനെക്കുറിച്ചാണ് ക്ലാസ്.. അതിനായി വയറ്റിളക്കം പിടിച്ച വളണ്ടിയര്‍മാരെ അങ്ങ് ടെല്‍ഹിന്നു കൊണ്ടുവന്നിട്ടുണ്ട്.. ഇതൊന്നു പഠിപ്പിച്ചുകഴിഞ്ഞാല്‍ അട്ടപ്പാടിയിലെ ശിശുമരണം നിലയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.കാറ്റുള്ളപ്പോള്‍ എങ്ങനെ തൂറ്റാം`എന്നു പഠിപ്പിക്കാന്‍ നാലഞ്ചു കാറ്റാടിയന്ത്രങ്ങളും അട്ടപ്പാടിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. സരിത ജയിലിലായതാണ് പദ്ധതി വൈകാന്‍കാരണം, ഉടനെ ഒരു തീരുമാനമുണ്ടാകും...

 ഇങ്ങനെ പുളകിതനായി ഇരിക്കുമ്പോഴാണ് അടുത്ത ചിന്തകന്‍ വരുന്നത്. വിശ്വമലയാളത്തില്‍ പങ്കെടുക്കാന്‍ പരലോകത്തേക്കുവരെ ക്ഷണകത്തയച്ച ആളാണ്. സി വി രാമന്‍പിള്ളയെ ഒറ്റരാത്രികൊണ്ട്‌ സി വി രാമനാക്കി മാറ്റിയ വകുപ്പിന്‍റെ തലവനുമാണ്.... അപ്പൊ പറയുന്നത് കേള്‍ക്കണം... ശിശുക്കളുടെ അമ്മമാര്‍ പട്ടച്ചാരായം അടിച്ചു മുട്ടയും തിന്നു നടക്കുന്നതിനാലാണ് ശിശുമരണം ഉണ്ടാകുന്നതെന്നാണ് ടിയാന്‍ കണ്ടുപിടിച്ചു കളഞ്ഞത്. ഈ പഠനത്തില്‍ രണ്ടാമതൊരു ഡോക്ടറേറ്റും കിട്ടാന്‍ സാധ്യതയുണ്ട്. ചില്ലറ ആളല്ല; മുഖ്യന്‍റെ മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ഇതു പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അട്ടപ്പാടി നിവാസികള്‍ ഒന്നും കഴിക്കുന്നില്ല കുടിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ വാദം, ഒരു മന്ത്രിതന്നെ തള്ളിയിരിക്കുന്നു. മുട്ടയുടെകൂടെ പട്ടയടിക്കാന്‍ പാടില്ല എന്നൊരു ബോധവല്‍ക്കരണം അട്ടപ്പാടി കേന്ദ്രികരിച്ചു ഉടനെയുണ്ടാകും അതിനായി ചില്ലറ കോടികള്‍ ഉടനെ മാറ്റിവയ്ക്കും എന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.....

 പറഞ്ഞതുവെച്ചു നോക്കുമ്പോള്‍ കാര്യങ്ങള്‍ നൂറു ശതമാനവും ശരിയാണ്.. പട്ടിണികിടന്നാല്‍ മരണം ഉറപ്പാണ്‌...ശിശുമരണം അധികവും പോഷകാഹാരക്കുറവ് മൂലമാണെന്നതും ശരിയാണ്..പക്ഷെ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് താന്‍ അങ്ങനെ പറഞ്ഞിട്ടില്ല ഭക്ഷണം കഴിക്കാതെ അവിടെ ആരും മരിച്ചിട്ടില്ല തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് എന്നാണ്.. അപ്പൊ ഇതാണ് ശരി; തിന്നു തിന്നു വയറു വീര്‍ത്താണ് ശിശുക്കള്‍ മരിച്ചതെന്നു വിശ്വസിക്കാം..അല്ലേ. സരിത വിഷയത്തില്‍ രാമചന്ദ്രന്‍നായര്‍ കള്ളം പറഞ്ഞാലും മുഖ്യമന്ത്രി കള്ളം പറയില്ല..എന്നൊരു തിയറിതന്നെ രൂപപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍ കള്ളം പറയില്ല എന്നതാണ് പരക്കെ അംഗികരിക്കപ്പെട്ട തിയറി..ഭരണഘടനയില്‍ അതു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതും വിശ്വസിക്കാം..അങ്ങനെ അട്ടപ്പാടിയിലെ ശിശുമരണം അമിതാഹാരം കഴിച്ചതു കൊണ്ടാണെന്ന നിഗമനത്തില്‍ എത്താം..

  മനുഷ്യനു ജീവിക്കാന്‍ അത്യാവശ്യംവേണ്ടത് വായൂ, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം  ഇവയാണ്..അതില്‍ വായൂ നമ്മുടെ സര്‍ക്കാര്‍ ആവശ്യംപോലെ തരുന്നുണ്ട്..സര്‍ക്കാരിന്‍റെ സബ്സീടി കിട്ടുന്നതുകൊണ്ട് എ.പ്പി.എല്‍, ബി. പി. എല്‍ വിത്യാസംകൂടാതെ എല്ലാവര്ക്കും വായൂകിട്ടുന്നുണ്ട്‌. പാര്‍പ്പിടമെന്നത് അത്ര പ്രസക്തമല്ല. ആര്‍ഷസംസ്കാരത്തില്‍ വല്ല കാട്ടിലോ കൂട്ടിലോ ഒക്കെ കൂടിയാല്‍ മതി. പിന്നെ വസ്ത്രം അത് എത്രത്തോളം ഒഴിവാക്കാമോ അത്രയും നല്ലത്, പ്രത്യേകിച്ചും സ്ത്രീകള്‍..നഗ്നത പ്രദര്‍ശനം ഒരു സാമൂഹ്യ സേവനമാണെന്നാണ് പ്രമുഖ സമൂഹ്യപ്രവര്‍ത്തക പൂനംപാണ്ടേ പ്രസ്താവിച്ചിരിക്കുന്നത്‌, അതു തെറ്റാന്‍ ഒരു വഴിയുമില്ല. പിന്നെ ഭക്ഷണം അവിടെയാണ് പ്രശ്നം. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പാലും, മുട്ടയും, അണ്ടിപ്പരിപ്പും, ചോറുമൊന്നും കഴിക്കാതെ ഈ ആദിവാസികള്‍ വായൂമാത്രം കഴിക്കുന്നതാണ് യഥാര്‍ത്ഥപ്രശ്നം. അതാരും മനസിലാക്കുന്നില്ല.. അതുകൊണ്ട് ശിശുക്കളെ നിര്‍ബന്ധിച്ചു പാലും, മുട്ടയും, അണ്ടിപ്പരിപ്പും ബദാമും, അരച്ചുകലക്കി കുടിപ്പിക്കാനുള്ള ഒരു ബദല്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.അതിനായി പ്രമുഖ പാലുകാച്ചലുകാരെയും കരിക്കു കുടികാരെയും അട്ടപ്പടിയിലേക്ക് അയക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ ആയിട്ടുണ്ട്‌.

 അതുപോലെ മുട്ടവിഴുങ്ങി പട്ടയടിച്ചു പൂസായി നടക്കുന്ന അമ്മമാരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജും ഉടനെ നടപ്പിലാക്കും.അതിനായി അമ്പലം വിഴുങ്ങികളുടെ കണക്ക് എടുത്തുകൊണ്ടിരിക്കുയാണ്.ഇതെല്ലാം കൂടിനോക്കുമ്പോള്‍ ലോകാവസാനം ഉടനെ ഉണ്ടാക്കാന്‍ സാദ്ധ്യത ഉണ്ട്.

 ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങു പറയുന്നകാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ഒരു ജനകിയനേതാവിന്‍റെ വാക്കുകളാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അട്ടപ്പാടിയിലും അതുപോലെ പിന്നോക്ക പ്രദേശങ്ങളിലും പിന്നോക്ക ക്കാരായ ആദിവാസികളുടെ കാര്യംനോക്കാനും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും അധികാരപ്പെട്ട ഒരു വകുപ്പും അതിനു ഒരു മന്ത്രിയും അങ്ങയുടെ കീഴിലുണ്ട്. ഈ മന്ത്രിയ്ക്കും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കും എന്താണ് പണി എന്നറിഞ്ഞാല്‍ കൊള്ളാം. സുതാര്യത, ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കല്‍ തുടങ്ങിയ ഗിമിക്കുകളുടെ വിശ്വാസ്യത അനുദിനം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. സുതാര്യതയില്‍  കേറിനിരങ്ങാന്‍ ഇനി ബണ്ടിച്ചോര്‍ മാത്രമേ ബാക്കിയുള്ളൂ...രാത്രി കാലത്തെ പാളയം ബസ്സ്‌സ്റ്റാന്റിനെ പോലും നാണിപ്പിക്കുന്ന ഇടാപടുകളാണ് സുതാര്യതവഴി നടന്നത്. എന്നിട്ടും എല്ലാം ശരിയാണെന്ന് പറയുന്നു..അതും വിശ്വസിക്കുന്നു..

 ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനുമുള്ള ജനാധിപത്യസംവിധാനമാണ് മന്ത്രിസഭ. ഭരണത്തെ വകുപ്പുകളായി തിരിച്ച്, ഒരോവകുപ്പിനും തലവനായി മന്ത്രിമാരെ നിയമിച്ചുകൊണ്ട് മന്ത്രിക്കുകീഴില്‍ അങ്ങു താഴെത്തട്ടില്‍ വരെ നീളുന്ന ഉദ്യോഗസ്ഥവൃന്തവും ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്തിരിക്കുന്നതാണ്. അതായതു അങ്ങയുടെ മുന്നില്‍ എത്തുന്ന ഏതൊരു പരാതിയും അങ്ങയുടെ കീഴിലുള്ള മന്ത്രിമാരുടെ വിവിധ വകുപ്പുകള്‍ തീര്‍ക്കേണ്ടാതാണ്. അതിനു വേണ്ടിയാണ് മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി പ്യൂണ്‍ വരെ നീളുന്ന ഉദ്യോഗസ്ഥന്‍മ്മാരുള്ളതു...പരാതി പരിഹാരത്തിനായി അങ്ങു തന്നെ നേരിട്ടിരങ്ങുമ്പോള്‍ ഇവയൊന്നും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. ഈ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്നെ എന്താണ് പരിപാടി,, എല്ലാം കേള്‍ക്കാനും തീര്‍ക്കാനും അങ്ങുമാത്രം മതിയെങ്കില്‍പ്പിന്നെ  എന്തിനാണ് പത്തൊന്‍പതു മന്ത്രിമാരും അവരുടെ സേവകരും അടങ്ങുന്ന പെരുച്ചാഴികളെ ഖജനാവ് കട്ടുമുടിക്കാന്‍ അനുവദിക്കുന്നത്. ഇവര്‍ ഒരു മാസം പൊടിക്കുന്ന കോടികള്‍ മാത്രംമതി അട്ടപ്പാടിയെ സ്വര്‍ഗമാക്കാന്‍.. ഇരുപത്തിനാലുമണിക്കൂറും ഓഫിസും തുറന്നുവെച്ചിട്ടു അങ്ങ് ലോകംച്ചുറ്റാന്‍ പോയാല്‍..അങ്ങയുടെ കസേരയില്‍ പട്ടി കയറിയിരിക്കും; എന്നതിനിപ്പോള്‍ പ്രത്യേകിച്ച് തെളിവൊന്നും വേണ്ടല്ലോ. അങ്ങ് ആര്‍ജവമുള്ള മുഖമന്ത്രിയാണെങ്കില്‍ സ്വന്തം ഓഫിസ്സില്‍ ഇരുന്നുകൊണ്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കാനും മറ്റു മന്ത്രിമാരെക്കൊണ്ട് അവരുടെ പണി എടുപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. പട്ടിണിമരണങ്ങളും വിലക്കയറ്റവും പൊറുതിമുട്ടിക്കുമ്പോള്‍ കേരളഭരണം, ചില പെണ്ണുങ്ങളുടെ പാവാടച്ചരടില്‍ ഇഴയുന്ന വെറും കാഴ്ച തോന്നലൊന്നുമല്ല.....

 ഭക്ഷണംകിട്ടാതെ പട്ടിണികൊണ്ട് മരിക്കുമ്പോള്‍ അതു ഭക്ഷണം കഴിക്കാത്തതുകൊണ്ട് സംഭവിച്ചതാണെന്നു ഒരു ഇംഗ്ലീഷ് വാരികയോട് ഒരു ഉളുപ്പുമില്ലാതെ തട്ടിവിട്ടത് കേരളിയര്‍ക്കു ഇംഗ്ലീഷ് മനസിലാവില്ല എന്ന ധാരണ കൊണ്ടാകും...ആ കാലം പോയി സാര്‍. നാടുനീളെ ഇംഗ്ലീഷ്മീഡിയങ്ങള്‍ മുളച്ചുവരുമ്പോള്‍ ‘ഔട്ട് ലുക്ക്‌’ വായിക്കാന്‍ മലയാളിയും പഠിക്കും. അമ്മമാര്‍ കുഞ്ഞുങ്ങളെ നോക്കാതെ ചാരയമടിച്ചു നടക്കുന്നതാണ് ശിശുമരണത്തിനു കാരണമെന്നു ഒരു മന്തി സോറി മന്ത്രി പറഞ്ഞിരിക്കുന്നു. വ്യാജവാറ്റും, കള്ളച്ചാരായവിതരണവും തടയാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താതെ പട്ടയും,മൊട്ടയും മോന്തി വെളിവില്ലാതെ വളിപ്പ് പറയുന്ന ഇത്തരം ഇനങ്ങളെ ജനങ്ങളെ ഓര്‍ത്തെങ്കിലും സഭയില്‍ നിന്നു ഒഴിവാക്കണം. ശേഷകാലം ഇവരെ ഏതെങ്കിലും കള്ളുഷാപ്പിന്‍റെ താക്കോലും കൊടുത്തു വിടണം. മുട്ടയും പട്ടയും അടിച്ചു അവിടെ കൂടട്ടെ...

 ഭക്ഷണം കൊടുത്തിട്ടും; അതു കഴിക്കാത്തതാണ് ശിശുമരണത്തിനു കാരണമെന്നും, കുഞ്ഞിനെമുലയുട്ടേണ്ട അമ്മ ചാരായം അടിച്ചു നടക്കുകയാണ്..... തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍ നടക്കുന്ന നാട്ടില്‍, പൂനം പാന്‍ണ്ടെ  പറഞ്ഞതിലും കാര്യമുണ്ട്.. ആരാധകര്‍ക്ക് എന്‍റെ നഗ്നത ഇഷ്ടമാണ്. മാത്രമല്ല ഈ തുണിയഴിക്കല്‍ ഒരു സാമൂഹ്യസേവനം കൂടിയാണ് എന്നാണ് പുള്ളിക്കാരി പറഞ്ഞിരിക്കുന്നത്.  ഭരണം ഒരു സാമൂഹ്യ സേവനമായതുകൊണ്ട്...ശിശുമരണവും പട്ടിണിയുമെല്ലാം ഭരണത്തിന്‍റെ ഭാഗമാണെന്നും, മന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും അഴിമതിയും അവിഹിതവേഴ്ചകളും അനുയായികള്‍ക്ക് ആസ്വദിക്കാനുള്ള വകയാണെന്നും പറഞ്ഞാല്‍ നമുക്കതങ്ങ് വിശ്വസിക്കാം അല്ലേ...’നിന്‍റെ രഹസ്യഭാഗങ്ങള്‍ മൃദുലമാണെന്ന’ എസ്.എം.എസ് വായിച്ചു ചിരിക്കാം. മന്ത്രിമാരെയും എം. എല്‍. എ മാരെയും ശരിരംകൊണ്ട് കീഴ്പ്പെടുത്തി എന്നുപറഞ്ഞാല് അതിന്‍റെ വീഡിയോ തരൂ ഞങ്ങള്‍ കണ്ടുനോക്കട്ടെ എന്നുപറഞ്ഞു സന്തോഷിക്കാം.. അന്ത്യകാലത്തിന്‍റെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.മൂലക്കുരുവും അര്ശ്ശസും ഉള്ളവര്‍ക്ക് ചിക്കന്‍ കഴിച്ചുതുടങ്ങാം. കരിക്കുകുടിയും പാലുകാച്ചാലും നടക്കട്ടെ...യുവാക്കള്‍ മുതല്‍ പടുകിളവന്മാര്‍വരെ പാവാട ച്ചരടില്‍ തൂങ്ങട്ടെ.... ഭക്ഷണം കൊടുത്താല്‍ അതു കഴിക്കാതെ മരിക്കുന്ന, കക്കൂസ് ഉപയോഗിക്കാത്ത ജനം. കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കാതെ ചാരായം കഴിക്കുന്ന അമ്മമാര്‍... കലികാലം.. കല്ലുമഴ ???/

Sunday, July 21, 2013

മമ്മൂട്ടി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ....


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
 പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടി ഈ കഴിഞ്ഞമിഥുനമാസം മുപ്പത്തി രണ്ടാം തിയതി അര്‍ദ്ധരാത്രിയില്‍ ഒരു തീരുമാനമെടുത്തു. നാളെ, അതായത് കര്‍ക്കിടകം ഒന്നിന്, സ്വന്തമായുള്ള പത്തേക്കര്‍പാടത്ത് തന്‍റെ നേതൃത്വത്തില്‍ തന്നെ ഞാറുനടില്‍ നടത്തും...അതിനായി അതിരാവിലെതന്നെ കുളിച്ചൊരുങ്ങി. തനികര്‍ഷകനായി പണിയായുധങ്ങളുമെടുത്തു കച്ചത്തോര്‍ത്തും ചുറ്റി പാളത്തൊപ്പിയും കാലന്‍കുടയും കയ്യിലേന്തി അദേഹം യാത്രയായി .ഒരു കിലോമീറ്റര്‍ നടന്നു കടവിലെത്തി; കുറ്റിയില്‍ കെട്ടിയിട്ടിരുന്ന കൊതുമ്പ് വള്ളമഴിച്ച് ഒറ്റയ്ക്കു തുഴഞ്ഞു പുന്നമടക്കായലിന്‍റെ ഓളപരപ്പിലൂടെ തിത്തിത്തായ് തകതോം താളത്തില്‍ തുഴഞ്ഞ് അദേഹം പാടശേഖരത്തു എത്തുന്നു .അവിടെ കാത്തുനിന്നു തൊഴിലാളികളോടൊപ്പം ആടിയും പാടിയും ഞാറുനടീല്‍ ആരംഭിച്ചു. കഠിനമായ മഴയത്തും കാറ്റിലും കഠിനമായ നടീല്‍ നടത്തുന്നു. ഇടയ്ക്കിടെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ... എന്ന പാട്ടും പാടികൊടുത്തു. ചെറുമികളും കിടാത്തന്മ്മാരും അതേറ്റു പാടി. ചെളിപുരണ്ട കൈ ചന്തിയില്‍ത്തുടച്ചു കൊണ്ട് ചെണ്ടന്‍കപ്പയും ചാളക്കറിയും വാഴയിലയില്‍ കുഴച്ചുകഴിച്ചു. പാടവരമ്പത്തുനിന്നു ടീവി ക്കാര്‍ ലൈവ് സംപ്രേക്ഷണം നടത്തുന്നു. പത്രക്കാര്‍ പാടവരമ്പിലൂടെ ഓടിനടന്നു ഫോട്ടോ എടുക്കുന്നു. ആരാധക വൃന്തം ആമോദത്തോടെ കീ ജയ്‌ വിളിക്കുന്നു. വഴിയേ പോകുന്ന സാധാരണക്കാരന്‍, ഇതെന്താ..കൂത്ത്‌. എന്ന മട്ടില്‍ തുറിച്ചുനോക്കുന്നു. എല്ലാവര്‍ക്കും ഹാപ്പിയായി. ഇന്നത്തെ ന്യൂസ് അവര്‍ മമ്മൂട്ടിയുടെ ഞാറു നടീലിനെക്കുറിച്ചാണ്.. കേരളം മുഴുവന്‍ മമ്മൂട്ടിക്ക് പിന്നില്‍ അണി നിരക്കണമെന്നു കൃഷിമന്ത്രി....യുവാക്കള്‍ മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്ന് മുഖ്യമന്ത്രി....ഇങ്ങനെയൊക്കെയാണ് മമ്മൂട്ടി ഞാറുനടാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ സംഭവിക്കുമെന്ന് കരുതിയത്‌.. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ ജനകിയന്മാരില്‍ കാണുന്ന അഭിനയരീതിപ്രകാരം മമ്മൂട്ടിയും ഇങ്ങനെയാണ് അഭിനയിക്കേണ്ടിയിരുന്നത്. അതു പ്രതിക്ഷിച്ചാണ് എല്ലാവരും ഇരുന്നതും... അഭിനയം, അതാണല്ലോ നമുക്ക് വേണ്ടത്.. ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി, കോടികള്‍ കട്ടുമുടിച്ച് കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി ചന്തികഴുകാന്‍ വരെ ജോലിക്കാരെ വയ്ക്കുന്ന നമ്മുടെ ജനകിയന്മാരെ നമ്മളാരും ഇങ്ങനെ പഴിക്കാറില്ല. എല്ലാം നിങ്ങള്‍ക്ക് വേണ്ടിയാണ്...ഞാന്‍ ജനങ്ങളുടെ കൂടെയാണ്.... അല്ലെങ്കില്‍ ഞാന്‍ സുതാര്യനാണ്... എന്നൊക്കെ ഇടയ്ക്കിടെ അടിച്ചുവിട്ടാല്‍ മതി; എല്ലാം ശുഭം. നമ്മള്‍ക്ക് കിട്ടേണ്ട എല്ലിന്‍ കഷണം കിട്ടിയാല്‍ മതി..യജമാനന്‍ നല്ലവനായി....ഇവിടെ പ്രതീക്ഷിച്ച എല്ലിന്‍ കഷണം കിട്ടിയില്ല അതുകൊണ്ട് നമ്മള്‍ വൈലന്റായി......

ഇനി മാമാങ്കത്തില്‍ പങ്കെടുത്ത പ്ലാമൂട്ടില്‍ വിദ്യാധാരന്‍റെ വാക്കുകളിലേക്ക്....

  മമ്മൂട്ടി കണ്ടത്തില്‍ പൂട്ടാനിറങ്ങുന്ന വാര്‍ത്ത അറിഞ്ഞാണ് കൂട്ടത്തില്‍ പൂട്ടാന്‍ ഞാനും സ്ഥലത്തെത്തിയത്. പറഞ്ഞുറപ്പിച്ച സമയത്തുതന്നെ അദേഹം തന്‍റെ സ്വന്തം വാഹനമായ ലാന്‍ഡ് ക്രൂയിസറില്‍ ആറ്റുവക്കിലേക്ക് വന്നെത്തി. ആറ്റിലേക്കിറക്കിയാണ് വണ്ടിനിറുത്തിയത്. കാല്‍ ചെളിയില്‍ തൊടാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് എതിര്‍ ഫാന്‍സുകാര്‍ അപ്പോഴേ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ അദേഹത്തിന് വളംകടിയുടെ അസുഖമുള്ളതിനാലും നടുവളയാതെ വള്ളത്തെക്കേറാനുമാണ് അടുപ്പിച്ചു നിറുത്തിയതെന്നും സ്വന്തം ഫാന്‍സുകാര്‍ പ്രസ്താവിച്ചു. ടീവിക്കാരും, പത്രക്കാരും, സ്വന്തം ലേഖകരും, സ്ഥലം ഫോട്ടോക്കാരും, പിന്നെ പ്രദേശത്തെ  മുഴുവന്‍ മൊബൈല്‍ വരിക്കാരും തങ്ങളുടെ ക്യാമറാ ഫ്ലാഷുകള്‍ മിന്നിച്ച വെട്ടത്തിലാണ് അദേഹം ബോട്ടിലെക്ക് കയറിയത്. താന്‍ കൃഷിലേക്ക് ഇറങ്ങുവാണെന്നും, കേരളിയരുടെ പത്തായത്തിലേക്ക് ഒരു മണി അരിയെങ്കിലും പെറുക്കിക്കൂട്ടാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും, തന്‍റെ ഈ പൂട്ടൂകാണുന്ന എല്ലാ യുവാക്കളും മറ്റു തൊഴിലുകള്‍(പ്രത്യേകിച്ച് സിനിമാ ഫീല്‍ഡ് ) ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങണമെന്നും ബോട്ടില്‍ വച്ച് വിദ്യാധരന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പൂട്ടാനിറങ്ങേണ്ട സമയത്ത് യുവാക്കളെല്ലാം സിനിമ പിടിക്കാന്‍ ഇറങ്ങുന്നതാണ് ഇപ്പോഴത്തെ ഈ ക്ഷാമത്തിന് പ്രധാന കാരണമെന്നു അദേഹം കൂട്ടിച്ചേര്‍ത്തു... ബോട്ടുയാത്രയില്‍ കര്‍ഷകരുടെ മുഖം കണ്ട അദേഹം വികാരാധീനനായി. ഈ അലവലാതികളോന്നും ഇതിനുമുന്നെ ബോട്ടു കണ്ടിട്ടില്ലേയെന്നു ഇരുകരകളിലുംനിന്നു തന്നെ തുറിച്ചു നോക്കുന്ന ജനസഞ്ചയത്തെ നോക്കി അദേഹം നെടുവീര്‍പ്പിട്ടു. ചന്ദനം ചുമക്കുന്നകഴുതയ്ക്ക് അതിന്‍റെ മണം അറിയില്ലെന്നുപറയുന്നത് എത്ര വാസ്തവം. കായലില്‍ കക്കാവാരുന്ന കല്യാണിയേയും, ഞണ്ടു പിടിക്കുന്ന കണാരനെയും, വലയിറക്കുന്ന വേലപ്പനെയുമൊക്കെക്കണ്ട് അദേഹം വിങ്ങിപ്പൊട്ടി ..എന്തുകൊണ്ട് നമ്മുടെ യുവാക്കള്‍ ഈ തൊഴിലുകള്‍  ഉപേക്ഷിക്കുന്നുവെന്നു അദേഹം ചോദിച്ചു. കൂടുതല്‍ വിങ്ങിപ്പൊട്ടലുകള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയായിരുന്നു പിന്നിട് യാത്ര.....

  ബോട്ടില്‍നിന്നിറങ്ങിയ അദേഹം ചേറുകണ്ട വട്ടോനെപ്പോലെ ചെളിയിലേക്ക് എടുത്തു ചാടി. പ്രായത്തിന്‍റെ അവശതകൊണ്ട് വേച്ചു പോയ അദേഹത്തെ ഒരു  കര്‍ഷകത്തൊഴിലാളി സ്വന്തം കൈകളില്‍ താങ്ങി. മുന്‍തയ്യാര്‍ പ്രകാരം, അദേഹം സ്റ്റാര്‍ട്ടാക്കി നിറുത്തിയ ഞാറുനടീല്‍ യന്ത്രത്തില്‍ ചാടിക്കയറുകയും, യന്ത്രം നൂറുമൈല്‍ സ്പീഡില്‍ ഓടിച്ചുകൊണ്ട് ഒരേക്കര്‍ സ്ഥലത്തെ നടീല്‍ വെറും പത്തുമിനുട്ടും നാലുസെക്കണ്ടുമെടുത്തു പൂര്‍ത്തിയാക്കി, ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍  വണ്ടി സൈഡിലാക്കി....... കണ്ടുനിന്ന ആബാലവൃന്തം കൈയ്യടിച്ചു. ചെറുമികളും കിടാത്തന്മാരും തമ്പുരാനേത്തൊടാന്‍ മത്സരിച്ചു. അയിത്തം നിലവിലുണ്ടെങ്കിലും തിരെഞ്ഞെടുപ്പുസമയത്ത് തെരുവുകുട്ടികളുടെ മൂക്ക് പിഴിയുന്ന രാഷ്ട്രിയക്കാരെപ്പോലെ അദേഹം തീണ്ടലും തൊടീലും സഹിച്ചുനിന്നു.

 തിമിരത്തിന്‍റെ ഓപ്പറേഷന്‍ കഴിഞ്ഞ അന്നുമുതല്‍ ഉപയോഗിക്കുന്ന കട്ടിക്കണ്ണട മാറ്റാന്‍ പാടില്ലായെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശംകൊണ്ടാണ് ഇന്നും, അന്നും, എന്നും, എപ്പോഴും കറുത്തകണ്ണട ഉപയോഗിക്കുന്നത്.. ഗ്ലാസ്സിന്‍റെ പവര്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം..അതിനെയാണ് ന്യൂ ജനറേഷന്‍ കൂതറകള്‍ കൂളിംഗ് ഗ്ലാസ് വച്ചു ഞാറുനട്ടു എന്നൊക്കെ ആക്ഷേപിക്കുന്നത്. ഈ രാജ്യത്തു കര്‍ഷകര്‍ക്ക് കൂളിംഗ് ഗ്ലാസ്‌ ഉപയോഗിക്കാന്‍ പാടില്ല എന്നൊരു നിയമം ഉണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ്.

 നടീല്‍വണ്ടിയെന്നിറങ്ങി കാലില്‍പ്പറ്റിയ ചെളികഴുകാന്‍ കുനിഞ്ഞതെയുള്ളൂ തലകറങ്ങി.. അടുത്തുണ്ടായിരുന്നവര്‍ താങ്ങിയില്ലായിരുന്നുവെങ്കില്‍ കായലില്‍ കിടന്നാനെ ..നടുവളച്ചു കാലിലെ ചെളികഴുകാന്‍ ആവതു ശ്രമിച്ചു, നാലഞ്ചു വളിപോയതു മിച്ചം. നടുവളയുന്നില്ല.....കണ്ടുനിന്ന പ്രകൃതി കൃഷിക്കാരന്‍ ഹിലാലിനു വിഷമംതോന്നി അങ്ങേര്, ആ കാലൊന്നു കഴുകിക്കൊടുത്തു...പാടത്തും പറമ്പിലുമൊക്കെ വെളിക്കിരിക്കുന്നവനെ സമ്മതിക്കണമെന്നൊരു തിരിച്ചറിവും ഇതുമൂലം ഉണ്ടാകും . യൂറോപ്യന്‍ ക്ലോസറ്റ് കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ തന്‍റെ അവസ്ഥ എന്താകുമെന്നു അദേഹത്തിന് മനസ്സിലായി. ഇങ്ങനെ നടു വളയ്ക്കാന്‍ കഷ്ടപ്പെടുന്ന ഒരു മനുഷ്യനെ സഹായിച്ചതിനാണ്....... മമ്മൂട്ടി കര്‍ഷകത്തൊഴിലാളിയെക്കൊണ്ട് കാലു കഴുകിച്ചുവെന്നു പറഞ്ഞുപരത്തുന്നത്. അല്ലെങ്കില്‍ത്തന്നെ മണ്ണിനെയും കൃഷിയും സ്നേഹിക്കുന്ന ഏതൊരാള്‍ക്കും കാലില്‍ പറ്റിയ മണ്ണ് കഴുകുന്നതില്‍ വലിയ വിഷമമൊന്നുമില്ല.. അതുപോലെ കാലുകഴുകല്‍ അത്ര മോശമായ ഇടപാടുമല്ല. സ്വന്തം ശിഷ്യന്മ്മാരുടെ കാലുകഴുകിയാണ് ഗുരുവായ ക്രിസ്തുദേവന്‍ സ്നേഹത്തിന്‍റെ മാതൃക ലോകത്തിനു കാണിച്ചു തന്നത്. ഒരു കര്‍ഷകത്തൊഴിലാളി കാലുകഴുകി എന്നുവെച്ച് മമ്മൂട്ടി വലിയവന്‍, അഹങ്കാരി എന്നര്‍ത്ഥമില്ല.. യഥാര്‍ത്ഥ കര്‍ഷകന്‍റെ, മണ്ണിനെ സ്നേഹിക്കുന്ന ഹിലാലിന്‍റെ ഹൃദയവിശാലതയാണ് ഇവിടെ ആരും കാണാതെപോയത്. തൊഴിലാളി ഇപ്പോഴും അടിമയാണ് എന്നു സ്ഥാപിക്കാനാണ് ഇതുവഴി എല്ലാവരും ശ്രമിച്ചത്‌. വെറുതെ നോക്കിയിരുന്നു കൂലിവാങ്ങുന്ന തൊഴിലാളികളുടെ നാട്ടില്‍,  മറ്റൊരാളുടെ കാലു കഴുകാനുള്ള, കര്‍ഷക സന്മനസ് ആരും കണ്ടില്ല..
 
        മറ്റൊരുകാര്യം തരിശായിക്കിടന്നിരുന്ന പാടത്തുനിന്നു, ലാഭമൊന്നും കിട്ടില്ലായെന്നു മനസ്സിലാക്കിത്തന്നെ  കൃഷിയിറക്കാന്‍ തയ്യാറായ കര്‍ഷകനും അഭിനന്ദനം അര്‍ഹിക്കുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടു വാരിയും,കട്ടുമുടിച്ചും നാടിനെസേവിക്കുന്ന ജനകീയ അലവലാതികളെക്കാള്‍ എന്തുകൊണ്ടും മികച്ചവനാണ് പാടത്ത് വിത്തുവിതയ്ക്കാന്‍ തയ്യാറാകുന്ന കര്‍ഷകനും, അതിനുവേണ്ടി യത്നിക്കുന്ന തൊഴിലാളിയും..ഒരാള് കാലു കഴുകി എന്ന ഒറ്റക്കാരണത്താല്‍ ഇവിടെ ഒന്നും ഒലിച്ചു പോകുകയൊന്നുമില്ല... ഇതുകൊണ്ട് ആരുടെ വീട്ടിലും കഞ്ഞി വേവാതിരിക്കുകയുമില്ല. ഹോട്ടല്‍ മുറികളിലും റിസോട്ടുകളിലും  കാലുമാത്രമല്ല മറ്റുപലതും കഴുകികൊടുക്കുന്ന കാര്യം പുറത്തുവന്നിട്ടും ലെവനൊക്കെ ഓശാനപാടുന്ന ആരും ഇതില്‍ ഞെട്ടേണ്ട ആവശ്യവുമില്ല... ഇന്നത്തെ കാലത്ത് കേരളത്തില്‍ പത്തേക്കര്‍ പാടത്തു കൃഷി ഇറക്കുന്നവന്‍റെ കാലുമാത്രമല്ല ചന്തിപോലും കഴുകികൊടുക്കണം. അരിവില അന്പതായി എന്നുറക്കെ പറയുമ്പോഴും ഉള്ള പാടം നികത്താന്‍ നോക്കുന്നവാരാണ് അധികവും. ലാഭകരമല്ലാത്ത ഒരു ബിസിനസ് നടത്തികൊണ്ട് സാമൂഹ്യപ്രതിബത്ധത ഉറപ്പിക്കാനുള്ള ശ്രമം ആരുനടത്തിയാലും അയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനെ കേവലം കാലുകഴുകല്‍ കാരണം പറഞ്ഞു താഴ്ത്തികെട്ടാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല. ചുരുക്കത്തില്‍ ‘ഇമ്മാനുവേലിനെ’ കാണാന്‍പോയ മലയാളികണ്ടത് ‘ഭാസ്ക്കരപട്ടേലിനെയാണ്’. അവിടെയാണ് പ്രശ്നം വന്നത്; പരിഹാരമായി ‘ ‘ പൊന്തന്‍മാട ’  രണ്ടുപ്രാവശ്യം കണ്ടാല്‍മതി സമാധാനമായിക്കോളും......

 

Friday, July 19, 2013

നിത്യമേനോന്‍ കൊക്പ്പിറ്റില്‍ കയറി. ലോകം ആശങ്കയില്‍.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കൊക്പ്പിറ്റില്‍ എലികേറി,, പാമ്പുകേറി, പാറ്റാകേറി, പഴുതാരകേറി എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ നിത്യകേറി എന്നാദ്യം കേള്‍ക്കുവാണ്... നമ്മുടെ ഉറുമിനടി നിത്യാമേനോന്‍ കൊക്പ്പിറ്റില്‍ കയറി, പൈലറ്റിനു പണിയുംപോയി.. വലിയ പൈലറ്റ്‌ വിളിച്ചുകയറ്റി പ്രത്യേകം ക്ഷണിതാക്കള്‍ക്ക് മാത്രം ഇരിക്കാവുന്ന നിരീക്ഷണസീറ്റിലിരുത്തി ആകാശകാഴ്ചകള്‍ കാണിച്ചുവെന്നതാണ് കുറ്റം.അഭ്രപാളികളില്‍ കാണുന്ന സ്വപ്നസുന്ദരിയെ അടുത്തിരുത്താന്‍ കഴിയുന്നതിലുള്ള ആത്മനിര്‍വൃതിയാകാം പൈലറ്റിനെകൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്. നിലവില്‍ ഡി.ജി.സി.എ നിര്‍ദ്ദേശിക്കുന്ന നിരീക്ഷകര്‍ക്കും, പരിശോധകര്‍ക്കും മാത്രമാണ് ഈ സീറ്റിലിരുന്ന് യാത്രചെയ്യാന്‍ അനുവാദമുള്ളത്.  തത്സമയം വിമാനംപറത്തിയ രണ്ടു പൈലറ്റുമാരും, ലാണ്ടിങ്ങിനു ശേഷം സസ്പ്പെന്ഷനിലായി.. സസ്പെന്‍ഷന്‍ ചായകുടിക്കുന്ന സമയത്തേക്ക് മാത്രമാണെങ്കിലും, ഇങ്ങനെയൊക്കെ എയര്‍ ഇന്ത്യയില്‍ നടക്കുന്നത് നാടോടെയാണ്. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പോലും നിത്യയുടെ ഈ വിദ്യകണ്ടുപിടിച്ചു റിപ്പോര്‍ട്ട്‌ ചെയ്തത്. ലെവന്‍ ആരായാലും തീര്‍ച്ചയായും ഒരു മലയാളിയാണെന്നു ഉറപ്പിക്കാം. രെന്ജിനിയോടുള്ള കലിപ്പ് ഇവിടെ തീര്‍ത്തുവെന്നുകരുതാം.

  സാധാരണഗതിയില്‍ ഇത്തരം സസ്പെന്‍ഷന്‍ പരിപാടികളൊന്നും എയറിന്ത്യയില്‍ നടക്കാറില്ല. ഒരു ഇന്ക്രിമെന്റ്കൂടി വെച്ചുകൊടുക്കാറാണ് പതിവ്. കൊക്പ്പിറ്റില്‍ പൈലറ്റില്ലാതെ വിമാനം പറന്നതും, ക്യാബിന്‍ ക്രൂ വിമാനം പറത്തിയതും, പറത്തുന്നതിനിടയില്‍ പൈലറ്റും എയര്‍ ഹോസ്റ്റസും തമ്മില്‍ തല്ലുകൂടുന്നതും,കൊച്ചിയില്‍ ഇറക്കേണ്ട വിമാനം കൊയിലാണ്ടിയില്‍ ഇറക്കി യാത്രക്കാരെ വഴിയാധാരമാക്കുന്നതുമൊക്കെയാണ് നമ്മുടെ ഒരു കസ്റ്റമര്‍ സര്‍വിസ് ലൈന്‍. ആരെങ്കിലും തിരിച്ചു പറഞ്ഞാല്‍ അവന്‍ അകത്താവും. പൈലറ്റുമാരാണ് എയറിന്ത്യയുടെ രാജാക്കന്മ്മാര്‍; എവിടെ ഇറക്കണം, എപ്പോ പൊങ്ങണം, ആരൊക്കെ കയറണം, ഇവിടെയൊക്കെ കയറ്റണം എന്നൊക്കെ ആവരായിരുന്നു ഇതുവരെ തീരുമാനിച്ചിരുന്നത്. അതിന്‍ പ്രകാരമാണ് നിത്യമേനോനെ കൊക്പ്പിറ്റില്‍ കയറ്റിയത്. അല്ലാതെ പൈലറ്റിനു നിയമം അറിയാത്തതുകൊണ്ടൊന്നുമല്ല.

  കാര്യങ്ങളുടെ കിടപ്പുവെച്ച് നോക്കുമ്പോള്‍ ആ പൈലറ്റുകളുവല്ല തമിഴ് അണ്ണാച്ചികളുമാകാനാണ് സാദ്ധ്യത. അവര്‍ക്കാകുമ്പോള്‍ സിനിമാക്കാര്‍ ദൈവങ്ങളാണ്, പ്രത്യേകിച്ചും നടിമാര്‍ക്ക് അമ്പലങ്ങള്‍ പണിത് ആരാധിക്കുന്ന നാടാണ്. ദൈവങ്ങള്‍ക്ക് എവിടെയും കയറിച്ചെല്ലമല്ലോ...നടി കയറിയതു കണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പിറകെ പോയിക്കാണും, തത്തിച്ചു പുറത്തു ചാടിച്ചിരിക്കും. അതിന്‍റെ കലിപ്പ് അങ്ങേര് തീര്‍ത്തു. അല്ലപിന്നെ....

 നിത്യ ഇരിക്കുക മാത്രമേ ചെയ്തൊള്ളോ, അതോ പറത്തിയോ എന്നുള്ളതാണ് ഇനി അറിയേണ്ടത്..നടിയായതുകൊണ്ട്‌ സിസി ടിവി ദ്രെശ്യങ്ങള്‍ മാഞ്ഞുപോകാനും സാധ്യതയുണ്ട്. ഏതായാലും കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചകള്‍ക്ക് പലുംവെള്ളത്തില്‍ പണികൊടുത്ത എയര്‍ ഇന്‍ഡ്യയെ അനുമോദിക്കുന്നു.ഒരു മലയാളി, വിമാനമന്ത്രിയായ വിവരം അറിയാത്ത പൈലറ്റുമാര്‍ ജാഗ്രതെ...നിത്യയല്ല ഇനി സരിതയായാലും കൊക്ക്, പിറ്റിനു പുറത്തായിരിക്കണം ഇടപാടുകള്‍. നമുക്ക് ഈ ‘സ്ത്രീവിഷയം’ അത്ര ഇഷ്ടമല്ലാത്തതിനാല്‍..കൊക്ക് പിറ്റില്‍ കയറിയാലും ഇറങ്ങിയാലും നമ്മള് പണികൊടുക്കും...

 കൊക്പ്പിറ്റ് പണികള്‍ ഉഷാറായി നടത്തുന്ന കൂട്ടത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ഭാഗത്തും അലറച്ചില്ലറ അറ്റകുറ്റപ്പണികളും നടത്തണമെന്ന് ഒരു അപേക്ഷയുണ്ട്.എയറിന്ത്യ എക്സ്പ്രസ്സ്‌ പോലുള്ള കന്നുകാലിക്ലാസ് വണ്ടികളുടെ ഇരിപ്പിടമെങ്കിലും ഒന്നു നന്നാക്കിയാല്‍ ഉപകാരമായിരിക്കും. പത്തുകാശു ലാഭിക്കാന്‍ മാത്രമല്ല വേറെ ഗതിയില്ലാത്തതുകൊണ്ടുമാണ് മൂത്രംപോലും പോവാത്ത പരുവത്തിലുള്ള കന്നുകാലിക്ലാസ്സില്‍ മൂന്നരമണിക്കൂര്‍ കുത്തിയിരുന്നു സഞ്ചരിക്കുന്നത്. ആ സീറ്റെങ്കിലുമൊന്നു ശരിയാക്കിത്തരണം.. സ്ര്കൂപോയേടത്തൊക്കെ ബബിള്‍ഗം തിരുകിയും, കീറിയതൊക്കെ സലെടേപ്പുവെച്ച് ഒട്ടിച്ചും, തുന്നിക്കൂട്ടിയും വയ്ക്കുന്ന പരിപാടിയൊന്നു മാറ്റണം. കാര്യം കന്നുകാലിക്ലാസ്സാണെങ്കിലും അതിനും  അതിന്‍റെയൊരു ഗമയൊക്കെ വേണ്ടേ . ഒന്നുമില്ലെങ്കിലും നമ്മളും അത്തറും ദീര്ഹവും കൊണ്ടുവരണ ഗള്‍ഫുകാരല്ലേ.. രണ്ടുവര്‍ഷം മൂട്ടകടി കൊണ്ടാലാണ് ഒരുമാസം നാട്ടില്‍ പോകാന്‍ കഴിയുന്നത്‌.. ഇട്ടോണ്ട് പോരുന്ന പുത്തന്‍ ജീന്‍സിന്‍റെ ചന്തിയില്‍ ബബിള്‍ഗവും ഒട്ടിച്ചു നാട്ടിലേക്കുചെല്ലുന്നത് ഒരു നാണക്കേടല്ലേ... അതുകൊണ്ടാ...വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരിക്കുന്നത് ഈ വിമാനയാത്രയില്ലേ........ അതൊരു മഹാസംഭവമാണെന്നാ... നമുക്കല്ലേ അറിയൂ; കവലേന്നു ടൌണിലേക്ക് ട്രിപ്പ്‌ അടിക്കുന്ന ജീപ്പുയാത്രയേക്കാള്‍ കഷ്ടമാണിയാത്രയെന്ന്......

Wednesday, July 17, 2013

സച്ചിന്‍ പുറത്ത്; പിലാറ്റസ് അകത്ത്


വിദ്യാധരന്റെ വ്യാകുലചിന്തകള്‍
  സച്ചിന്‍റെ അണ്ടിപ്പരിപ്പും, മോഹന്‍ലാല്‍ ചപ്പാത്തിയും, കാവ്യാമാധവന്‍റെ കോഴിക്കറിയുംകൂട്ടി ഒരു പിടിപിടിക്കുന്നതിനിടയിലാണ്, ഇടിത്തീപോലെ ആ വാര്‍ത്ത കേട്ടത്. സച്ചിനെ അംബാസിഡര്‍ സ്ഥാനത്തുനിന്നു നീക്കിയിരിക്കുന്നു. വല്ലാത്തദാഹം, തൊണ്ട വരളുന്നു; അടുത്ത കടയിലേക്ക് അന്നേരെ വിളിച്ചു.     ശുക്കൂരെ, എടാ, ഇതു ഞാനാ....വിദ്യാധരന്‍,,, നീയൊരു രണ്ടുകുപ്പി സച്ചിന്‍ പെപ്സിയും, ഒരുകുപ്പി സച്ചിന്‍ ബൂസ്റ്റും ഇങ്ങോട്ടെടുത്തോ.. പെട്ടന്നു വേണം.

    എന്തുപറ്റി മാഷേ....

 എന്നാ പറയാനാടാ... നമ്മുടെ സച്ചിന്‍റെ അംബാസിഡര്‍ സ്ഥാനം പോയി. കേട്ടപ്പോള്‍ വല്ലാത്ത ഒരു തലകറക്കം.

   അതിനു, സച്ചിന്‍ ഇതിനിടയ്ക്ക് അംബാസിഡറുമായോ.. അതെപ്പോ.?...

 എടാ നിനക്കറിയില്ലേ, നമ്മുടെ വായൂസേനയുടെ അംബാസിഡറായിരുന്നു പുള്ളിക്കാരന്‍. അതീന്നു മൂപ്പരെ ഒഴിവാക്കി... ഭഗവാനെ ഇനിവല്ല യുദ്ധവും ഉണ്ടാവുമോന്ന എന്‍റെ പേടി..

      അതെന്താ മാഷേ...

 എടാ സച്ചിന്‍ അംബാസിഡറാണെന്നുള്ള ഒറ്റപ്പേടികൊണ്ടല്ലേ പാക്കിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിക്കാത്തത്..ചൈന ലഡാക്കില്‍നിന്നു പിന്മാറിയതും ഈ  സച്ചിനെ പേടിച്ചിട്ടാ അറിയാമോ.. എന്തിനധികംപറയുന്നു, ഇറ്റലി നാവികരെ വീണ്ടും തിരിച്ചയച്ചത് എന്തുകൊണ്ടാ സച്ചിനെ പേടിച്ചിട്ട്‌.. ഇതിപ്പോ കുഴപ്പമാകുമോ എന്തോ..

ഇങ്ങള് ബെജരാവണ്ട മാഷേ; നമുക്ക് വേറെ ആളില്ലേ.... അതാരാട,,,,, ഹാ നമ്മുടെ ലാലേട്ടന്‍ ഇല്ലെന്ന്‍..ഇനി അങ്ങേര് നോക്കിക്കോളും.. കീര്‍ത്തിചക്രയിലും, കുരുക്ഷേത്രയിലും, കണ്ടഹാറിലുമൊക്കെ അങ്ങേര് പാക്കിസ്ഥാന്‍കാരെ പപ്പടം പോലെയല്ലേ പൊടിച്ചത്.അങ്ങേര്‍ക്കു ഒരു തോക്കുംകൊടുത്ത് അതിര്‍ത്തിയിലേക്ക് വിട്ടാല്‍ മതി, പാക്കിസ്ഥാനും ചൈനയും എല്ലാം പമ്പകടക്കും. നിങ്ങള്‍ക്ക് അറിയാന്‍ മേലഞ്ഞിട്ടാ മാഷേ. അല്ലപിന്നെ..എന്നിട്ടും രക്ഷയില്ലേല്‍ നമുക്ക് സേനക്കരോട് പറയാം അടുത്ത അംബാസിഡറായി രജനിയണ്ണനെ നിയമിക്കാന്‍; ആ യന്തിരനും ബാഷയും മാത്രം കണ്ടാല്‍മതി, അങ്ങേരുടെ ശക്തി അറിയാന്‍. ‘..ഞാന്‍ ഒരു തടവ് ശോന്നാല്‍ മതി...’ എന്ന ആ മിസൈലുണ്ടല്ലോ അതുകേട്ടാല്‍ എല്ലാവനും ഓടിക്കോളും. ഇനി സൈന്യത്തില്‍ ചേരാന്‍ ആളില്ലേല്‍,നമ്മുടെ രവിച്ചേട്ടന്‍റെ നാലുപടം അടിപ്പിച്ചു ഓടിച്ചല്‍മതി യെല്ലാവനും സൈന്യത്തിലും ചേരും...

 വായൂസേനയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവിയില്‍നിന്നും സച്ചിന്‍ ടെണ്ടൂല്‍ക്കാരെ നീക്കിയിരിക്കുന്നു. പകരം ഇനിമുതല്‍  ‘പിലാറ്റസ്’ എന്നു പേരുള്ള ട്രെയിനര്‍ വിമാനമായിരിക്കും വായൂസേനയുടെ ബ്രാണ്ട് അംബാസിഡര്‍. കഴിഞ്ഞ രണ്ടുവര്ഷമായി സച്ചിനായിരുന്നു അംബാസിഡര്‍.  ‘ഗ്രൂപ്പ് ക്യാപ്റ്റന്‍’ പദവി നല്‍കിയാണ്‌ വായൂസേന ഇദേഹത്തെ ആദരിച്ചത്. ഏതു യുദ്ധത്തിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് ഈ ആദരവെന്നു ഏതെങ്കിലും ഒരു സാധാരണക്കാരന് തോന്നിയാല്‍ ചുറ്റിപ്പോകും. സേനയ്ക്കും ഇന്ത്യന്‍ജനതയ്ക്കും ഇദേഹം നല്‍കിയ സേവനങ്ങള്‍ എന്താണെന്നു മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല. ക്രിക്കറ്റെന്ന കളിയാണ് അതിനുള്ള യോഗ്യത. അതൊരു വല്ലാത്ത യോഗ്യതയാണ്. സച്ചിന്‍ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാണെന്നതില്‍ ആര്‍ക്കുംതര്‍ക്കമില്ല. അതു മാത്രമാണുതാനും അങ്ങേരുടെ യോഗ്യത. കളിക്കളത്തിലെ കഴിവ്  രാഷ്ട്രസേവനത്തിനെന്നു പറയുന്നതിലുപരി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു തൊഴില്‍ എന്ന രീതിയില്‍ മാത്രമാണ് അങ്ങേര് കാണുന്നത്... മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പറഞ്ഞുകൊടുക്കുന്ന അംഗന്‍വാടി ടീച്ചറും, മരിക്കാറായ ഒരു രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന ഒരു ഡോക്ടറും, മുന്‍സിപ്പാലിറ്റിയില്‍ കൊതുകിനു മരുന്നു തളിക്കുന്ന ജോലിക്കാരനും, അനേകരെ ഊട്ടാന്‍ വേണ്ടി വയലില്‍  വിത്തുവിതയ്ക്കുന്ന കര്‍ഷകനും; രാജ്യത്തിനു നല്കുന്നതില്‍ കൂടുതല്‍ മേന്മയൊന്നും സച്ചിനും ഇവിടാര്‍ക്കും ചെയ്യുന്നില്ല. ഇവരൊന്നും ചെയ്യാത്ത  മറ്റൊരുകാര്യം സച്ചിന്‍ ചെയ്യുന്നുമുണ്ട്. കൊക്കോകോള, പെപ്സി പോലുള്ള ഉണ്ടാക്കിയസ്ഥലത്തു നിരോധിച്ച പാനിയങ്ങള്‍ ഇന്ത്യക്കാരെ കുടിപ്പിക്കാനും, ഗോതുമ്പുപൊടിയും, ചോക്ലേറ്റ് പൊടിയും ബൂസ്റ്റാക്കി ഇന്ത്യക്കാരെ തീറ്റിക്കാനും മള്‍ട്ടിനാഷണല്‍ കമ്പനികളെ സഹായിക്കാറുണ്ട്... ഇതിനൊക്കെ ഒരു ക്യാപ്ടന്‍ പദവി കൊടുത്തു പൂജിക്കേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ രാജ്യം ഇന്ത്യയാണ് എന്ന മറുപടിയില്‍ ഒതുക്കാം....

 ഇത്തരം ബ്രാന്‍ഡ്‌ അംബാസിഡര്‍പദവികളോക്കെ ഉപയോഗിക്കുന്നത് പടച്ചുവിടുന്ന ഉത്പന്നങ്ങള്‍ക്കു വേണ്ടത്ര പരസ്യംകിട്ടുന്നതിനു വേണ്ടിയാണ്. സന്നദ്ധസംഘടനകളായാലും സര്‍ക്കാരായാലും  ഇങ്ങനെയുള്ള പദവികള്‍ ഉണ്ടാക്കുന്നതും കൊടുക്കുന്നതും തങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്ക് ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ്...അതിനവര്‍ വമ്പിച്ച പണവും മുടക്കാറുണ്ട്. ഇതിനു പിന്നിലൊക്കെ ഒരു പരസ്യതന്ത്രം ഒളിഞ്ഞിരിക്കുന്നു.ഏതു തരക്കാരനെയും തങ്ങുളുടെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണത്. പക്ഷെ നമ്മുടെ വായൂസേനയ്ക്ക് അതിന്‍റെ ആവശ്യമുണ്ടോ..ഒരു പരസ്യം ഇറക്കിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന്‍ പ്രയാസമാണോ..?. യുവാക്കളെ ആകര്‍ഷിക്കാനാണത്രേ ഈ പരിപാടി നടത്തിയത്. പക്ഷെ ഒരു ആകര്‍ഷണവും നടന്നില്ലപോലും. ക്രിക്കറ്റുകളി കണ്ടു ആരെങ്കിലും സൈന്യത്തില്‍ ചേരാന്‍ പോകുമോ.. അറിയില്ല... നേരെചൊവ്വേ ഒരു തോക്കുപോലും കണ്ടിട്ടില്ലാത്ത പല തവളപ്രിക്കാണ്ടികളും ഒന്നോരണ്ടോ സിനിമകളില്‍ സൈനിക വേഷമിട്ടു ചില്ലറ ഗിമിക്കുകള്‍ കാണിച്ചപ്പോള്‍ നാട്ടിലുള്ള യുവാക്കളെല്ലാം അതുകണ്ട് സൈന്യത്തില്‍ ചെരുമെന്നു പറഞ്ഞുകൊണ്ട് മേപ്പടിയാന്മ്മാര്‍ക്ക്  കേണല്‍, ഡോക്ടറേറ്റ് തുടങ്ങി പലതും കൊടുക്കുന്ന കാലമാണ്. ഇനി എന്നാണാവോ ലെവനെയൊക്കെ പിടിച്ചു സൈനിക മേധാവിയാക്കുന്നത്. കാശും ആള്‍ സ്വാധിനവുമുണ്ടെങ്കില്‍ ഒരുമാതിരിപ്പെട്ടതൊക്കെ തരമാക്കാവുന്ന നാടാണ്... മോശമാകാന്‍ തരമില്ല. സത്യം പറഞ്ഞാല്‍ ഇതൊരു നാണംകെട്ട പരിപാടിയാണ്. രാജ്യത്തിനുവേണ്ടി ജീവന്‍പോലും ത്യജിച്ചു പോരാടുന്ന സൈനികരോടുള്ള അപമതിയാണിത്. സൈന്യത്തിലെ തന്നെ മികച്ച ഒരാളെ അംബാസിഡറാക്കൂ... എന്നാലല്ലേ ബ്രണ്ടിനെക്കുറിച്ചു എന്തെങ്കിലും ലോകത്തോട്‌ പറയാന്‍ കഴിയൂ. സോപ്പ്, ചീപ്പ്, കണ്ണടി പരസ്യംപോലെ ഉപയോഗിക്കൂ സൌന്ദര്യം വര്‍ദ്ധിപ്പിക്കൂ എന്നു പറയുന്നതാണോ.. രാജ്യസുരക്ഷയും സൈനികസേവനവും. ചുമ്മാ വാരിക്കോരി കൊടുക്കുന്ന ഈ ക്യാപ്റ്റന്‍സ്ഥാനവും കേണല്‍സ്ഥാനവുമൊക്കെ ചോരനീരാക്കുന്ന ഒരു സാധരണ സൈനികന് സ്വപ്നംപോലും കാണാന്‍ കഴിയാത്ത സ്ഥാനമാണ്. അതിനെ ഇങ്ങനെ ചെറുതാക്കുന്നത് മോശം തന്നെയാണ്. ആ സ്ഥാനത്തിന്‍റെ എന്തെങ്കിലും യോഗ്യതകളുണ്ടോ ഈ സിനിമാക്കാര്‍ക്കും കളിക്കാര്‍ക്കും..മറ്റു മേഖലകള്‍ പോലെയല്ല രാജ്യസുരക്ഷപോലുള്ള സുപ്രധാന ജോലികള്‍. എല്ലാ മേഖലകള്‍ക്കും മേലയായിരിക്കണം അതിനുള്ള സ്ഥാനം.

 കേവലം ഒരു ക്രിക്കറ്റ് കളിക്കാരന്‍ പറഞ്ഞാല്‍ ഓടിവന്നു ചേരാന്‍ കഴിയുന്ന ഒരു മേഖലയല്ല സൈന്യം. സൈന്യത്തില്‍ ചേരാന്‍ ആളെ കിട്ടുന്നില്ല എന്ന പ്രസ്താവനയ്ക്ക് ഒരു ന്യായികരണവുമില്ല. കാരണം റിക്രൂട്ട്മെന്‍റ് നടത്തുന്ന എല്ലാ സ്ഥലങ്ങളിലും യുവാക്കളുടെ തിരക്കാണ്. മൂന്നുംനാലും ദിവസങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാത്തുകെട്ടികിടക്കുന്നത് കേരളത്തിലും കാഴ്ച്ചയാണ്.
                                                 നമ്മുടെ അഭിമാനം
     ഇന്ത്യന്‍ സൈന്യത്തിന് എന്തിനാണ് ക്രിക്കറ്റ് കളിക്കാരന്‍റെയും സിനിമാക്കരന്‍റെയും പരസ്യങ്ങള്‍.. അല്ലാതെതന്നെ ജനങ്ങള്‍ക്ക്‌ നിങ്ങളവിശ്വാസമാണ്. നിങ്ങളുടെ സേവനതല്‍പ്പരതയിലും, അര്‍പ്പണ മനോഭാവത്തിലും ഞങ്ങള്‍ സംതൃപ്ത്തരാണ്; പിന്നെയെന്തിനാണ്, നിങ്ങളെ വെച്ചുനോക്കുമ്പോള്‍ വെറും കീടങ്ങള്‍മാത്രമായ ഇവരുടെയൊക്കെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക്. ഇപ്രാവശ്യത്തെ ഹിമാലയന്‍ വെള്ളപ്പൊക്കത്തില്‍ ഒരു ബ്രാന്‍ഡ്‌ അംബാസിഡറും തിരിഞ്ഞുനോക്കാത്ത ദുരന്തമേഖലകളില്‍ സൈന്യം ചെയ്ത സേവനങ്ങള്‍ മാത്രംമതി ലോകശ്രദ്ധ നേടാന്‍.... .
                                                                           നമ്മുടെ ശക്തി
    ജ്ഞാനപീഠജേതാവ് എസ് കെ പൊറ്റക്കാട്; എംപി-യായിരുന്ന കാലത്ത് ഹിമാലയത്തിലേക്ക് നടത്തിയ തന്‍റെ യാത്രകളില്‍ നമ്മുടെ സൈനികരുടെ സേവനത്തെക്കുറിച്ചു കൃത്യമായി പറയുന്നുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന മഞ്ഞുപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വളവിലും കാണാം ഏകനായി  തോക്കുംപിടിച്ചു രാജ്യത്തിന് കാവല്‍നില്‍ക്കുന്ന പട്ടാളക്കാരനെ. ആരോടും പരിഭവമില്ലാതെ തണുത്തമരവിച്ച ശരീരത്തിനൊപ്പം മരവിച്ച സ്വപ്നങ്ങളുമായി നാടുംവീടും വിട്ട് നിതാന്ത ജാഗ്രതയോടെ ദേശത്തിന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍. തണുത്തുറഞ്ഞമഞ്ഞില്‍ തണുത്തുമരച്ച് ദ്രെവിച്ചു വിരലുകള്‍ നഷ്ടപ്പെടുമ്പോഴും അതെല്ലാം മാറുന്നുകൊണ്ട് രാജ്യത്തിനു കാവല്‍നില്‍ക്കുന്ന സൈനികന്‍...... സ്ലീപ്പിംഗ് ബാഗില്‍ കിടന്നുറങ്ങി പിറ്റേന്ന് എണീക്കുമ്പോള്‍ ശരിരത്തിനു മുകളില്‍ രൂപപെട്ട മഞ്ഞുപാളികള്‍ പൊട്ടിച്ചുകൊണ്ടു ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുന്ന നമ്മുടെ സൈനികര്‍. ഈ രൂപങ്ങളൊക്കെ നമ്മുടെ  മനസ്സിലുള്ളപ്പോള്‍ എന്തിനാണ്..ആഡംബരത്തിന്‍റെ അത്യുന്ന കോടിയില്‍, ചുറ്റുംതീര്‍ക്കുന്ന സുരക്ഷാവലയത്തിനുള്ളില്‍ നിന്നുകൊണ്ട് ആരാധകര്‍ എന്ന ബുദ്ധിനശിച്ച കൂട്ടത്തിന്‍റെ ജയ്‌ വിളികള്‍ കേട്ട് പുളകിതനായി ഇന്ത്യന്‍യുവത്വത്തെ കോളകളില്‍ മുക്കി രോഗത്തിലാഴ്ത്തുന്ന ഒരാളുടെ ബ്രാന്‍ഡില്‍ ഇന്ത്യന്‍ സൈന്യം അറിയപ്പെടുന്നത്.
                                                                         നമ്മുടെ വികാരം
      ഏതെങ്കിലും രണ്ടു പൊറോട്ട് സിനിമകളില്‍ സൈനികവേഷവും കുത്തിക്കേറ്റി പ്ലാസ്റ്റിക് ആയുധങ്ങളും, നാടന്‍ പൊട്ടാസും പൊട്ടിച്ചു പ്രേക്ഷകരെ പറ്റിക്കുന്ന സിനിമാക്കാര്‍ക്ക് എങ്ങനെയാണ് സൈനികര്‍ക്ക് പകരക്കാരാകാന്‍ കഴിയുക. ഓരോ യുദ്ധത്തിലും മരിക്കുന്ന ധീരയോദ്ധക്കളുടെ ഓര്‍മ്മ പുതുക്കികൊണ്ട് രാഷ്ട്രം അമര്‍ ജവാന്‍ ജ്യോതിയില്‍ സല്യൂട്ട് അര്‍പ്പിക്കുമ്പോള്‍; സച്ചിനും മോഹന്‍ലാലും ഒന്നുമല്ല ഞങ്ങളുടെ മനസ്സില്‍; രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ജവാന്മ്മാര്‍ മാത്രമാണ് മനസ്സില്‍. കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായ വ്യോമസേനയുടെ ഓപ്പറേഷന്‍ ‘സഫേദ് സാഗര്‍’ നയിച്ചത് സച്ചിനോ ഏതെങ്കിലും സിനിമാക്കാരോ ആയിരുന്നില്ല. കമ്പും കോലും കളിക്കുന്നവന്‍ നാട്ടുകാരെ പെപ്സിയും കോളയും കുടിപ്പിക്കട്ടെ,  ബൂസ്റ്റ്‌ തീറ്റിച്ചു മുടിപ്പിക്കട്ടെ.. സൈന്യത്തിന്‍റെ പരസ്യം കാണിക്കുമ്പോളെങ്കിലും നമ്മുടെ സൈനികരെ തന്നെ കാണിക്കൂ... ഓരോ വിജയങ്ങളും കാണുമ്പൊള്‍ സേനയ്ക്ക് മറ്റൊരു പരസ്യം എന്തിനാണ്. സൈന്യം അതൊരു വികാരമാണ്.. അതിനെ ഏതെങ്കിലും കളിക്കാരന്‍റെയോ സിനിമാക്കാരന്‍റെയോ പേരില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെടാന്‍ ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്നില്ല. സൈനികയൂണിഫോറം ധരിപ്പിച്ച്  സൈനികനാണ് എന്ന ലേബലും തലയിലൊട്ടിച്ച് ഇയാളാണ് നമ്മുടെ സേനയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ എന്നുപറയുന്ന ഗതികേടില്‍നിന്നു ഇനിയെങ്കിലും നമ്മുടെ സേന മാറിച്ചിന്തിക്കട്ടെ...