**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 29, 2012

മാണിസാറിന്‍റെ സത്യാന്വേഷണ വെളിപ്പെടുത്തലുകള്‍........

      

  സീറോവോള്‍ട്ട് ബള്‍ബുകളെ ആയിരംവോള്‍ട്ട് ബള്‍ബുകള്‍ ആക്കാന്‍ പരസ്യങ്ങള്‍ക്ക് പലപ്പോഴും കഴിയാറുണ്ട്. മങ്ങിയ പ്രകാശമാണെങ്കില്‍പോലും ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയാണെന്നു പറഞ്ഞു ഫലിപ്പിക്കാറുമുണ്ട്. ജനം ഒരുവേള ഇതങ്ങു വിശ്വസിച്ചുവെന്നുമിരിക്കും കാരണം മറ്റൊന്നുമല്ല മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍രാജാവ് അത്രതന്നെ. ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഉപയോഗം കൊണ്ട് തട്ടിപ്പ്‌തിരിച്ചറിയാം എന്നാല്‍ വാഗ്ദാനങ്ങളിലേയും പ്രസ്താവനകളിലേയും നുണകള്‍ തിരിച്ചറിയാന്‍ കുറച്ചുസമയമെടുക്കും.ഇത് മുതലെടുത്ത്‌കൊണ്ടാണ് രാഷ്ട്രിയക്കാര്‍ നുണകള്‍ പറയുന്നത്.അപ്പോഴത്തെ ആവേശത്തില്‍ ജനം കയ്യടിക്കും നുണയാണന്നു തിരിച്ചറിയുമ്പോഴേക്കും ജനം കാര്യം മറക്കും.എത്ര വലിയ നുണയനും വിശുദ്ധപശുക്കള്‍ ആകുന്നത് ഇങ്ങനെയാണ്...

 ബ്രിട്ടിഷുകാരില്‍നിന്ന് ഇന്ത്യ സ്വതന്ത്ര്യമായെങ്കിലും അവരുടെ മനസ്ഥിതിയില്‍ വല്യ മാറ്റമൊന്നും നാളിതുവരെ വന്നിട്ടില്ല.ഒരു രാജ്യമെന്ന നിലയില്‍ അവര്‍ ഇതുവരെ ഒരു കാര്യത്തിലും നമ്മളെ പ്രശംസിച്ചിട്ടില്ല മാത്രമല്ല കിട്ടിയ അവസരങ്ങളിലൊക്കെ കളിയാക്കിയിട്ടുമുണ്ട്. രാഷ്ട്രിയനയങ്ങളില്‍ എന്നും വിമര്‍ശിച്ചിട്ട്മാത്രമേയുള്ളൂ. അടുത്ത കാലത്ത്‌ നമ്മുടെ പ്രധാനമന്ത്രിയെ ബ്രിട്ടിഷ് പത്രമായ ‘ഇന്‍ഡിപെണ്ടന്റ്’ ഉപമിച്ചത് നായ്ക്കുട്ടിയോടാണ്. അങ്ങനെയിരിക്കെയാണ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെവരെ ചീത്ത വിളിക്കുന്ന ബ്രിട്ടിഷുകാര്‍ ഒരു കേരള മന്ത്രിയെ അതും; മാണി സാറിനെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വിളിച്ച് ആദരിക്കുന്നു എന്ന വാര്‍ത്ത കേട്ടത്‌. നെല്‍സന്‍ മണ്ടേലയെ പോലുള്ള വിശിഷ്ട വ്യക്തികളെ മാത്രം ആദരിക്കുന്ന ബ്രിട്ടിഷ്പാര്‍ലമെന്റ് ആഗോള മുതലാളിത്വത്തിന്‍റെ വക്താവായ മന്മോഹന്‍നെവരെ ഇതേവരെ പ്രശംസിച്ചിട്ടില്ല. എന്നാല്‍ കേരളമന്ത്രി കെ എം മാണിയെ ആദരിക്കുന്നു. മാത്രമല്ല അദേഹത്തിന്റെ ‘വിഖ്യാതമായ’ പുസ്തകം ‘അധ്വാനവര്‍ഗ സിദ്ധാന്തം’ അവതരിപ്പിക്കണമെന്നും  പറഞ്ഞിട്ടുണ്ടത്രേ. സായ്പ്പിനും മനം മാറ്റമോ???
 പാലാ മുതല്‍ കോട്ടയം വരെയുള്ള റോഡിന്‍റെ വശങ്ങളില്‍  അരകിലോമീറ്റര്‍ ഇടവിട്ട്‌, ബ്രിട്ടിഷ് പാര്‍ലമെന്റ്ന്‍റെ ആദരം ഏറ്റുവാങ്ങുന്ന മാണിസാറിന് അവിവാദ്യങ്ങള്‍ എന്ന്പരസ്യപ്പെടുത്തിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘നേരോടെ നിര്‍ഭയം’ മുതല്‍ ‘ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍’ വരെ അഭിമുഖങ്ങളും എട്ടു കോളം വാര്‍ത്തയും കൊടുത്ത് കേരളിയരെ ആവേശം കൊള്ളിച്ചു. ഒരു അഭിനന്ദനകത്ത് അയക്കാനുള്ള ആവേശത്തില്‍ അദേഹത്തിന്‍റെ മഹനീയകൃത്യങ്ങള്‍ ഒന്ന് ചികഞ്ഞുനോക്കിയപ്പോഴല്ലെ പണി പാളിയത്. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ പച്ച കള്ളമാണെന്നു മനസിലായി. സത്യം ഇങ്ങനെയാണ്.(തെറി വിളിക്കരുത്‌ പ്ലീസ്‌..)കോട്ടയംകാരായ കുറച്ച് ലണ്ടന്‍ അച്ചായന്‍മ്മാര്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. കേരള ബിസിനസ് ഫോറം എന്നാ പേരിലുള്ള ലണ്ടന്‍ മലയാളികളുടെ ഒരു സംഘടനയാണ്; മാണിക്ക് അവിടെ സ്വികരണം നല്‍കുന്നത്. പരിപാടി നടത്താന്‍വേണ്ടി; അവര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. സാസ്കാരിക സംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ ഇങ്ങനെ അവിടെ  ഹാള്‍ വാടകയ്ക്ക് കൊടുക്കുന്നതാണ്. ഒരു എംപി യുടെ ശുപാര്‍ശ വേണമെന്ന് മാത്രം. പഞ്ചാബ് സ്വദേശിയും എംപി യുമായ വീരേന്ദ്ര ശര്‍മ്മയാണ്,ഇവര്‍ക്ക് ഹാള്‍ കിട്ടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ഒരു പരിപാടി ആയതിനാല്‍ എല്ലാ എംപി മാരെയും മറ്റു അംഗങ്ങളെയും പരിപാടിക്ക് ക്ഷണിക്കാറുണ്ട്. സമയമുള്ളവര്‍ പങ്കെടുക്കാറുമുണ്ട്.വിശിഷ്ടവ്യക്തികളുടെ എണ്ണം സംഘാടകരുടെ പിടിപോലെ കൂടിയും കുറഞ്ഞുമിരിക്കും.ഇതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഈ പരിപാടിക്കില്ല.ഒരു മലയാളിസംഘടന ലണ്ടനില്‍ നടത്തുന്ന പരിപാടിയില്‍ പ്രസംഗിക്കാന്‍ മാണിയെ വിളിക്കുന്നു.പരിപാടി നടത്താന്‍ അവര്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നു.ഇതാണ് വസ്തുത. ഇതിനെയാണ്, ബ്രിട്ടിഷ് പാര്‍ലമെന്റ്ന്‍റെ ആദരം എന്ന വാര്‍ത്തയാക്കി മാറ്റിയത്‌. ഗിമിക്കുകള്‍ കാട്ടി ആളെക്കൂട്ടുന്നതില്‍ മാണിസാറിനുള്ള കഴിവ്‌മലയാളിക്ക് പണ്ടേ അറിയാവുന്നതാണ്.പക്ഷെ മാണിസാറിന്‍റെ നുണകള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളം എന്നത് പാലാ മാത്രാമല്ലല്ലോ മാണിസാറേ...........

  അങ്ങനെ കേരളത്തിന്‌ പുതിയൊരു സിദ്ധാന്തം കൂടി ലഭിച്ചിരിക്കുന്നു. അധ്വാനവര്‍ഗ്ഗ സിദ്ധാന്തം.2003-ലാണ് ഈ പുണ്യഗ്രന്ഥം രചിച്ചിരിക്കുന്നത്...കുടുംബങ്ങളിലുള്ള അച്ചാരുഭരണികള്‍ക്ക് മൂടിയായി ഉപയോഗിക്കാന്‍പാകത്തിലാണത്രേ ഈ ഗ്രന്ഥം രൂപകല്പന ചെയ്തിരിക്കുന്നത്. പുറത്തിറങ്ങിയ പാടെ മുഴുവന്‍ തീര്‍ന്നുപോയതിനാല്‍ എല്ലാ കേരള കോണ്‍ഗ്രസ്കാര്‍ക്ക് പോലും ഇത് കിട്ടിയിട്ടില്ല.പിന്നെങ്ങനെ മറ്റുള്ളവര്‍ക്ക്കിട്ടും. ലിമിറ്റഡ്‌ എഡിഷന്‍ ആയതിനാല്‍ പിന്നെയത് പ്രസിദ്ധികരിച്ചിട്ടുമില്ല. വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ട് ഇഗ്ലീഷ്പതിപ്പ്‌ പുറത്തിറക്കുന്നുണ്ട്പോലും.സ്വന്തം പാര്‍ട്ടിക്കാര്‍ വായിക്കാന്‍ പാടില്ല എന്നതാണ് ലക്ഷ്യമെന്ന് മനസിലായി.പ്രസ്തുത പൊത്തകം വായിച്ച ചില കുബുദ്ധികള്‍ പറയുന്നത്.മൂലധനം ആണോ അധ്വാനവര്‍ഗ്ഗ സിദ്ധാന്തമാണോ കോപ്പിയടി എന്നുള്ള കാര്യം തിരിച്ചറിയാനേ പറ്റില്ല പോലും. അത്ര സൂഷ്മതയോടെയാണ്പോലും ഓരോ ഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. കൊള്ളാവുന്നയൊന്നായിരുന്നെങ്കില്‍ ബൈബിളിനൊപ്പം അതും വായിക്കണമെന്നു പള്ളിലച്ചന്മ്മാര്‍ അന്നെ ഇടയ ലേഖനം ഇറക്കിയേനെ.

  അധ്വാനവര്‍ഗ്ഗവുമായി പുലബന്ധം പോലുമില്ലാത്ത മാണി; അവരുടെ പ്രതിനിധിയായി സ്വയം ചമയുന്നത്; ക്രിസ്ത്യന്‍ വോട്ട്ബാങ്ക് കണ്ടു കൊണ്ടാണെന്ന്, ഇവിടെ ആര്‍ക്കാണറിയാത്തത്‌.(ക്ഷമിക്കണം രാഷ്ട്രീയം പറയുന്നതല്ല..) മറ്റു സാമുദായിക കക്ഷികള്‍ രാഷ്ട്രിയത്തിലൂടെ ജാതിമത താല്‍പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍, പിടിച്ചു നില്ക്കാന്‍ മാത്രം മതത്തെ കൂട്ടുപിടിക്കുകയെന്ന അവസരവാദപരമായ വാണിജ്യരാഷ്ട്രീയതന്ത്രം സമര്‍ത്ഥമായി പ്രയോഗത്തില്‍ വരത്തിയ ആളാണ് മാണി.വളരുംതോറും പിളരും,പിളരുംതോറും വളരും എന്നതില്‍ കവിഞ്ഞ് എന്ത് സിദ്ധാന്തമാണതിനുള്ളത്.അധ്വാനവര്‍ഗ്ഗ സമരത്തില്‍ കേരളകോണ്‍ഗ്രസിന്‍റെ പങ്ക് എന്താണെന്നു ഒരു പിടിയുമില്ല. അധരവ്യായാമവും വിഴുപ്പലക്കലുമല്ലാതെ എന്ത് അധ്വാനമാണിവര്‍ നടത്തികൊണ്ടിരിക്കുന്നത്.ഒരു പ്രാദേശിക ജനവിഭാഗത്തിനു ആനുകൂല്യങ്ങള്‍ വിളമ്പിയെന്നതിന്‍റെ കണക്കുകള്‍ പറയുന്നതും. മണ്ഡലം മറ്റാര്‍ക്കുംവിട്ടുകൊടുക്കാതെ അധികാരത്തില്‍ ഇരുന്നുതന്നെ മരിക്കണമെന്നു പറയുന്നതും മഹത്വികരണത്തിന്‍റെ ലക്ഷണമോന്നുമല്ല.

  കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പാലായിലും കോട്ടയത്തും മറ്റൊരു ഫ്ലക്സ്ബോര്‍ഡുകള്‍ നിരന്നിരുന്നു. മികച്ച പാര്‍ലമന്‍റെറിയനുള്ള അവാര്‍ഡ്നേടിയ മാണിപുത്രന്‍ ജോസ് കെ മാണിയെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു അത്. പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സമയങ്ങളില്‍ മാത്രം വായ തുറന്നിട്ടുള്ള ഇദേഹത്തിന് അവാര്‍ഡോ....ആര് കൊടുത്തതാണത്,അന്വേഷണങ്ങള്‍ എത്തിനിന്നത് കോട്ടയത്ത്‌ ബ്ലേഡ്‌ബാങ്ക് നടത്തുന്ന ഒരു വ്യവസായിലാണ്. അദേഹം സംഘാടകനായുള്ള ഒരു തട്ടിമുട്ട് കമ്മിറ്റിയാണ് ഈ അവാര്‍ഡ്കൊടുത്തിരിക്കുന്നത്. കിട്ടുന്നേടത്തുന്നൊക്കെ അവാര്‍ഡ് വാങ്ങണം,അവാര്‍ഡ് കുറ്റികള്‍കൊണ്ട് ഷെല്‍ഫ്‌ നിറച്ചാല്‍;വീട്ടില്‍ ഇരിക്കുന്നകാലത്ത്‌ (അങ്ങനെയൊരു കാലം ഉണ്ടായാല്‍)കൊച്ചുമക്കളെ എണ്ണം പഠിപ്പിക്കാം.ഇത്ര വലിയ ഒരു പുളു പറഞ്ഞ് ഈ ഓണക്കാലത്ത് കേരളിയരെ പറ്റിച്ചതിനു മാണിസാറിനൊരു അവാര്‍ഡ് തരണമെന്നുണ്ട്, പക്ഷെ ഒരു പൂക്കളത്തിനുള്ള പൂക്കള്‍ വാങ്ങിയപ്പോഴേക്കും കീശ കാലിയായി,നല്ല ഓര്‍മ്മകള്‍ തന്ന മഹാബലിയെ മറക്കാന്‍ പറ്റുമോ?? അതുകൊണ്ട് ക്ഷമിക്കണം ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ .അതുകൊണ്ട് മാണിസാറേ...ഇനിയെങ്കിലും നുണപറയുമ്പോള്‍ പാലായിലുള്ള ഏതെങ്കിലും അന്തിപത്രം വഴിയോ, പ്രാദേശിക ചാനലുകള്‍ വഴിയോ പറയുക...കാരണം കേരളിയര്‍ എല്ലാവരും പാലാ പെറ്റ മക്കള്‍ അല്ല...................

 എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

Monday, August 27, 2012

ഭഗവാന്‍റെ കഴുതകള്‍.....

       
     ആത്മശാന്തിക്കായി, അലയുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലങ്ങളിലൂടെയുള്ള തീര്‍ഥാടനം നിര്‍വൃതീധായകമാണ്.കഠിനമായ വൃതാനുഷ്ടാനങ്ങളിലൂടെ ജിവിതത്തെയൊന്ന് പുഷ്ടിപ്പെടുത്താന്‍ ഈ തീര്‍ഥാടനങ്ങള്‍ സഹായിക്കുന്നു. തല്ക്കാലത്തെയ്ക്കെങ്കിലും പുതിയൊരു മനുഷ്യനായിത്തീരാന്‍ ഇതുമൂലം കഴിയുന്നു. എന്നാല്‍ ഇത്തരം തീര്‍ഥാടനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കാണുന്ന മറ്റൊരു കാഴ്ചയുണ്ട്. മോക്ഷം തേടി അലയുന്നവരുടെ ആവശ്യങ്ങള്‍ക്കായി ചൂഷണം നേരിടേണ്ടിവരുന്ന വരുന്ന മറ്റൊരു വര്‍ഗം. അതില്‍ മനുഷ്യനും, മൃഗങ്ങളും ഉള്‍പ്പെടുന്നു. ഇതിനൊരുദാഹരണമാണ്`ശബരിമലയിലെ കഴുതകള്‍. കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്‍റെ ക്രൂരതകള്‍ ഏറ്റുവാങ്ങി; ചുമട് ചുമക്കാന്‍ വിധിക്കപ്പെട്ട കഴുതകളുടെ വേദനകള്‍ ഒടുവില്‍ ഭഗവാന്‍ കണ്ടിരിക്കുന്നു. അങ്ങനെ ശബരിമലയില്‍ ഇനിമുതല്‍ കഴുതച്ചുമട് പാടില്ല എന്ന് നിയമം വന്നിരിക്കുന്നു. ഉത്സവസമയത്ത് പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയില്‍ ചുമടും ചുമന്നു മലകയറുന്ന ഈ സാധു ജീവികളെ കാണാം. ദേവസന്നിധിയില്‍ പോലും മനുഷ്യന്‍റെ കരുണയില്ലാത്ത സ്വഭാവത്തിന്‍റെ പ്രകടമായ ഉദാഹരണമായിരുന്നു ഈ കഴുതകള്‍. ഭഗവത്‌ സന്നിധിയില്‍ എത്തുന്ന ഭക്തരുടെ വിശപ്പും ദാഹവും തീര്‍ക്കാന്‍ ചുമടെടുക്കുന്ന ഇവരുടെ യാതനകള്‍ തീരാന്‍ ഇത്രയുംകാലം കാത്തിരിക്കേണ്ടിവന്നു. പേപ്പട്ടിയെപ്പോലും തല്ലിക്കൊന്നാല്‍ വാളെടുക്കുന്ന മേനകാഗാന്ധിയും കൂട്ടരുമോന്നും ഇവരുടെ സങ്കടം കണ്ടതായിപ്പോലും നടിച്ചിരുന്നില്ല.

    ഉത്സവ സമയത്ത് തമിഴ്‌നാട്ടില്‍ നിന്നാണ് ഇവയെ കൊണ്ടുവരുന്നത്. ചുമട് ചുമന്നു മലകയറുന്നതിനിടയില്‍ പലപ്പോഴും ഇവ ക്രൂരമര്‍ദ്ദനത്തിനു വിധേയമാവുന്നു.മനുഷ്യന്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്ക് സ്ഥലവും കാലവും ഒരു തടസമല്ലായെന്നുള്ളതിന്‍റെ ഉത്തമഉദാഹരണമാണ് ഈ സാധു ജീവികള്‍. നടത്തത്തിനിടയില്‍  വീണുപോകുന്നതിനെ അങ്ങനെ തന്നെ കാട്ടില്‍തള്ളുന്നു, വന്യമൃഗങ്ങളും മറ്റും ഇവയെ കടിച്ചുകീറി കൊല്ലുകയും ചെയുന്നു. ദേഹത്ത് തേപ്പ്‌പെട്ടി വച്ച് പൊള്ളിച്ച് ആ ഭാഗത്ത്തന്നെ വടികൊണ്ട് അടിക്കുന്നു; വേഗത്തില്‍ നടക്കാന്‍ വേണ്ടി ചെയ്യുന്ന പീഡനമാണിത്. ദേഹമാസകലം മര്‍ദ്ദനമേറ്റ്പൊട്ടി, ഒടിഞ്ഞ കാലുകളുമായി നടക്കാന്‍ വയ്യാതെ ഇഴഞ്ഞു നീങ്ങുന്ന ഈ സാധുക്കളെ പമ്പയുടെ പരസരങ്ങളില്‍ പോലും കാണാന്‍കഴിയും. ഉത്തരവാദിത്വപ്പെട്ടവര്‍ തീര്‍ഥാടകരെ പിഴിയുന്നതിരക്കിലായതിനാല്‍ ആരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലായെന്നുമാത്രം. പരിക്ക്പറ്റിയാല്‍ ഉടമസ്ഥര്‍ പിന്നെ തിരിഞ്ഞു നോക്കാറില്ല. അവ പിന്നിട് ആളുകള്‍ക്കിടയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് സാധാരണയായി ഒരു നടപടിയും ഉണ്ടാവാറില്ല. 2010-ല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ട് ഒരു വിധി പറഞ്ഞിരുന്നു. വിധി പ്രകാരം ആരോഗ്യമുള്ള മൃഗത്തെ കൊണ്ട് മാത്രമേ ചുമട് എടുപ്പിക്കാന്‍പാടുള്ളൂ. എന്നാല്‍ പ്രായംച്ചെന്നതും,തീരെ പ്രായം കുറഞ്ഞതുമായവയെകൊണ്ട്പോലും ചുമട് എടുപ്പികുന്നു. കൃത്യമായ ഭക്ഷണമോ വെള്ളമോ ഇവയ്ക്ക് കിട്ടാറില്ല. തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക്കും, കടലാസുമോക്കെയാണ് ഇവയുടെ ഭക്ഷണം. ചെവിയില്‍ കത്തികൊണ്ട് വരയുക, വാലുപിടിച്ചു തിരിക്കുക തുടങ്ങിയ പീഡനങ്ങളും ജോലിക്കിടെ ഇവ ഏറ്റുവാങ്ങുന്നു. ചുമട്ചുമക്കാന്‍ പാകത്തില്‍ മുതുക്‌ ശരിയാക്കാന്‍ കല്ല്‌കൊണ്ട് ഇടിക്കുന്ന രീതിയും നിലവിലുണ്ട് പത്തു മുതല്‍ അമ്പതു വരെയുള്ള ഇവയുടെ കൂട്ടങ്ങളെ നോക്കാന്‍ പലപ്പോഴും ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ; അതുകൊണ്ടുതന്നെ പരിക്ക് പറ്റിയതിനെയും, രോഗംബാധിച്ചവയെയും ചികല്‍സിക്കാന്‍ മിനക്കെടാറില്ല; മലകയറ്റത്തിനിടയില്‍ ജീവനോടെ കൊക്കയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്‌.

   പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ ഇല്ലാത്തതിനാല്‍ ജോലിയില്ലാത്തപ്പോള്‍ ഇവ ജനങ്ങള്‍ക്കിടയിലൂടെ അലഞ്ഞു നടക്കുന്നു. ഇവയില്‍ നിന്ന് പകരാവുന്ന രോഗങ്ങളോ മറ്റു പാരിസ്ഥിതികപ്രശ്നങ്ങളോ ആരുംതന്നെ ശ്രദ്ധിക്കാറില്ല. ആത്മശുദ്ധിയും ദേഹശുദ്ധിയും കൈമുതലാക്കി ദേവദര്‍ശനത്തിന് വരുമ്പോള്‍ ഇങ്ങനെയുള്ള കാഴ്ചകള്‍ ഒരുവേള മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു. തിരക്കിനിടയില്‍ മറന്നുപോകുന്ന ഈ നൊമ്പരകാഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ. ദേഹമാസകലം പൊട്ടിയൊലിക്കുന്ന മുറിവുകള്‍ ഉണ്ടായിട്ടും, നടക്കാന്‍വയ്യാതെ ഒറ്റക്കാലില്‍ ചാടുമ്പോഴും, തലയുര്‍ത്തി ആരോടും പ്രതിക്ഷേധം പ്രകടിപ്പിക്കാതെ ഭഗവാന്‍റെ പുണ്യഭൂമിയില്‍ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട കഴുതകളുടെ അവസ്ഥ ഇനിയെങ്കിലും നന്നാകുമെന്ന് ആശ്വസിക്കാം........

Friday, August 24, 2012

ഭോപ്പാലിലെ ഒളിമ്പിക്സ്.......

          

 നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട് മനഞ്ഞിലിന്‍റെ സ്വഭാവമാണെന്ന്. ഈ മത്സ്യത്തിന്‍റെ പ്രത്യേകത; ഇതിന്‍റെ തല കണ്ടാല്‍ പാമ്പാണന്നുതോന്നും വാല് കണ്ടാല്‍ മത്സ്യമാണന്നും.പാമ്പിനെ കണ്ടാല്‍ ടിയാന്‍ തല കാണിച്ചു രക്ഷപെടും, മത്സ്യത്തിന്‍റെ കൂടെയാണെങ്കില്‍ വാല് ഇളക്കി കാണിക്കും.രണ്ടു കൂട്ടരുടെഇടയിലും പതപ്പിച്ച്നില്‍ക്കുമെന്നര്‍ത്ഥം.രാഷ്ട്രീയക്കാരുടെ അവസര വാദത്വത്തെക്കുറിച്ച് പറയുമ്പോള്‍ ഈ
പ്രയോഗത്തിന്  പ്രസക്തിയുണ്ട്. വേട്ടക്കാരന്‍റെയും ഇരയുടെയും ഒപ്പം ഓടുന്നവര്‍. രാഷ്ട്രീയത്തെ വെറും കഞ്ഞികുടിക്കായി മാത്രം കാണുന്നവന്‍റെ തത്വശാസ്ത്രമാണിത്. എന്നാല്‍ ഭരണകൂടങ്ങള്‍ അങ്ങനെ ആകാന്‍ പാടില്ല.ഒരു രാജ്യത്തിന്‍റെ ഭരണകൂടമെന്നത് ആ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും, അവകാശങ്ങള്‍ക്കും വേണ്ടി രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന വിധം നീതി പൂര്‍വകമായി പ്രവര്‍ത്തിക്കേണ്ടതാണ്. സ്വന്തം ജനത എവിടെയൊക്കെ ഇരയാക്കപ്പെടുന്നുവോ അവിടെയൊക്കെ അവരുടെ സംരക്ഷകന്‍ ആകേണ്ട ആളാണ്‌ ഭരണകൂടം. എന്നാല്‍ ഭരണകൂടം വേട്ടാക്കാരനോപ്പം കൂടിസ്വന്തം ജനതയെ ആക്രമിക്കാന്‍ തുനിഞ്ഞാലോ. ശക്തിയുള്ളവന്‍ നില്‍ക്കട്ടെ ബലഹീനന്‍ മരിക്കട്ടെ എന്നൊരു ഭരണകൂടം പറയാന്‍ പാടുണ്ടോ?? രാജ്യത്തുണ്ടാകുന്ന വികലാംഗരെയും ദുര്‍ബലരെയും വധിച്ചു കളയാന്‍ പരസ്യമായിതന്നെ കല്പ്പിച്ച നേതാവായിരുന്നു ഹിറ്റ്ലര്‍. രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ ഒരു ബാധ്യത ആണെന്നായിരുന്നു ഹിറ്റ്ലരുടെ കണ്ടുപിടുത്തം. ലോകജനത അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചു. അസ്ഥിക്കുഴിയിലേക്ക് തള്ളപ്പെട്ട; അത്തരം നേതാക്കളുടെ പ്രേതം നമ്മുടെ ഇന്ത്യയിലേക്ക് എത്തിയെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാവപ്പെട്ടവന്‍റെയും അധ്വാനിക്കുന്നവന്‍റെയും സര്‍വോപരി ഇന്ത്യന്‍ ജനതയുടെ തന്നെ സ്വാതിന്ത്ര്യത്തിനായി ഒന്നരച്ചാണ്‍ വസ്ത്രവും ചുറ്റി, അരയില്‍ തൂക്കിയ കൊച്ചു ടൈംപിസും, ഒരു ഊന്നുവടിയും പിടിച്ചു; ബ്രിട്ടിഷ് സാമ്രാജ്യത്തോട് പോരാടിയ ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ നാട് ഭരിക്കുന്ന ഈ കാലത്ത് നാസിസത്തിന്‍റെ പ്രേതം ഇന്ത്യയിലൂടെ കറങ്ങി നടക്കുന്നത് നല്ല ലക്ഷണമല്ല.

  ലോകകായിക മാമാങ്കമായ ഒളിമ്പിക്സില്‍ കോടികള്‍ തുലച്ച്; നമ്മുടെ ജംബോ ടീം ഇക്കുറിയും ചരിത്രമാവര്ത്തിച്ചുകൊണ്ട് തിരിച്ചുപോന്നു. പൊരുതിയ കിട്ടിയ രണ്ടും, നിയമത്തിന്‍റെ ആനുകൂല്യത്തില്‍ കിട്ടിയ രണ്ടു മെഡലുകളും കൂടി നാല് മെഡലുകകളുമായി നമ്മള് സ്ഥിതി മെച്ചപ്പെടുത്തുക തന്നെ ചെയ്തു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി; 120 കോടി ജനങ്ങളുടെ അഭിമാനം രക്ഷിച്ച ജേതാക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.തങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്നതിന്‍റെ അങ്ങേയറ്റത്തെ പ്രകടനം നടത്തിയ മറ്റ് താരങ്ങളെയും അഭിനന്ദിക്കുന്നു. ഈ അഭിനന്ദനം നമ്മുടെ ദേശിയതയുടെ പ്രകടനം കൂടിയാണ്.എന്‍റെ രാജ്യം ,എന്‍റെ ടീം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

  എന്നാല്‍ നമ്മുടെ ദേശിയ ടീം ലണ്ടനില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ തന്നെ ഒരു പ്രതിഷേധഒളിമ്പിക്സ് നടന്നിരുന്നു. ഒന്നോ രണ്ടോ പത്രങ്ങളില്‍ വന്നതൊഴിച്ചാല്‍ മിക്ക മാധ്യമങ്ങളും അത് വാര്‍ത്തയാക്കിയില്ല. നമ്മുടെ ഭരണകൂടത്തിന്‍റെ ശ്രദ്ധ അങ്ങോട്ട്‌ നീങ്ങിയതുമില്ല. ആളും ആരവവും ഇല്ലാത്ത നിസഹായരുടെ ഒളിമ്പിക്സ്നു എന്ത് പ്രസക്തി. സ്വന്തം ഭരണകൂടം വേട്ടക്കരനോപ്പം ചേര്‍ന്ന് വേട്ടയാടിയ ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന നിസഹായരായ ഒരു ജനതയുടെ പ്രതിഷേധ ഒളിമ്പിക്സ് ആയിരുന്നു; അത്. മധ്യപ്രാദേശിലെ ഭോപ്പാലിലാണ് ഈ ഒളിമ്പിക്സ് അരങ്ങേറിയത്‌. ഭോപ്പാല്‍ ദുരന്തത്തിന്‍റെ ജിവിക്കുന്ന രക്തസാക്ഷികള്‍ നടത്തിയ ഒരു പ്രതിഷേധമായിരുന്നു അത്. ഞണ്ട് നടത്തം, ഇഴച്ചില്‍ ,ഊന്നുവടിയുടെ സഹായത്തോടെയുള്ള ഓട്ടം,വികലാംഗ ഫുട്ബോള്‍ തുടങ്ങിയവ ആയിരുന്നു മത്സരം ഇനങ്ങള്‍. ഇത് പ്രത്യേകം തയ്യാറാക്കിയ മത്സരഇനങ്ങള്‍ ആയിരുന്നില്ല. അവര്‍ക്ക്അങ്ങനെയേ മത്സരിക്കാന്‍ കഴിയുകയുള്ളൂ കാരണംഅവരെല്ലാം അംഗവൈകല്യം സംഭവിച്ചവരായിരുന്നു. അവരുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവര്‍; മാന്യന്‍മ്മാരായി ലണ്ടന്‍ ഒളിമ്പിക്സ്നു വേണ്ടി കോടികള്‍ പൊടിക്കുന്നു. അതിനെതിരെയുള്ള ഇരകളുടെ പ്രതിഷേധമായിരുന്നു; കാണുന്നവരുടെ കണ്ണ് നനയ്ക്കുന്ന, കരളലിയിക്കുന്ന ഈ മത്സരം. എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യാമങ്ങളും ചാനലുകളുമെല്ലാം അത് കണ്ടില്ലായെന്ന് നടിച്ചു. അങ്ങനെ സംഭവം പുറംലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി.

  1984 ഡിസംബര്‍ മൂന്നിനു സംഭവിച്ച ഭോപ്പാല്‍ ദുരന്തത്തില്‍ ഏതാണ്ട് 15000-ത്തോളം ആളുകള്‍ മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായിരുന്നു,അത്.  മീഥയില്‍ ഐസോ സയിനെറ്റ്‌ എന്ന വിഷവാതകം അഞ്ചു ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ ബാധിച്ചു. ഇന്നും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകില്യം സാധാരണം. യൂണിയന്‍ കാര്‍ബൈട് എന്ന വിദേശ കമ്പനിയുടെഫാക്ടറിയില്‍ നടന്ന ഈ അപകടത്തില്‍ സ്വന്തം ജനതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കുന്നതില്‍ പോലും നമ്മുടെ ഗവേര്‍മെന്റ്റ്‌ വീഴ്ച്ച വരുത്തി. കമ്പനി എംഡി ആയിരുന്ന വാറന്‍ ആണ്ടെര്സനെ നാലാം ദിവസം അറസ്റ്റ്‌ചെയ്തുവെങ്കിലും;25000-രൂപയുടെ ജാമ്യതുകയില്‍ അന്ന്തന്നെവിട്ടയച്ചു. അടുത്ത ദിവസംതന്നെ ആള്‍ ഇന്ത്യ വിടുകയും ചെയ്തു. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിവരെയും തുടര്‍ന്ന് രാജ്യത്തിന്‌ പുറത്തു കടക്കാനും ആണ്ടെര്സനെ സഹായിച്ചത്‌ അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ടായിരുന്നുവെന്ന്,പിന്നിട് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. നോക്കണേ.... നമ്മുടെ ഭരണകൂടത്തിനു സ്വന്തം ജനതയോടുള്ള പ്രതിബദ്ധത. സ്വന്തം ജനതയെ കൊന്നവനെ, നമ്മുടെ ചിലവില്‍ തന്നെ രാജ്യം വിടാന്‍ സഹായിക്കുക. പിന്നിട് നാളിതു വരെ ആളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയിട്ടില്ല. 2010ജൂണിലാണ്; 1984-നടന്ന സംഭവത്തിന്‍റെ കോടതിവിധി വന്നത്. ഏഴ് ജോലിക്കാരെ ശിക്ഷിച്ചു. രണ്ടുവര്ഷം തടവും 2000അമേരിക്കന്‍ ഡോളര്‍ പിഴയുമായിരുന്നു ശിക്ഷ. 15000ആളുകള്‍ മരിക്കാന്‍ ഇടയായ സംഭവത്തിലെ ശിക്ഷയാണിത്. നിയമ പോരാട്ടത്തിനൊടുവില്‍ മരിച്ചവര്‍ക്ക് 1500ഡോളറും, പരിക്ക്പറ്റിയവര്‍ക്ക് 500ഡോളറും കൊടുത്ത് കമ്പനി തടിയൂരി. അന്നത്തെ ദുരന്തത്തിന്‍റെ ബാക്കിയായി 425-ടെണ്ണ്‍ അപകടകാരികളായ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കിടക്കുന്നു. സമീപത്തെഎല്ലാ കിണറുകളും ഉപയോഗ ശൂന്യമായി, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം അസുഖങ്ങള്‍; ഇങ്ങനെ ഒരു നാടു മുഴുവന്‍ നരകിക്കുമ്പോഴും സര്‍ക്കാരിനു നിസംഗത തുടരുന്നു..

  1999-ല്‍ അമേരിക്ക ആസ്ഥാനമാക്കിയുള്ള ഡോവ് എന്നകമ്പനി യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്തു. എന്നാല്‍ ഭോപ്പാല്‍ ദുരന്തംമൂലമുണ്ടായ യാതൊരുബാദ്ധ്യതകളും ഏറ്റെടുക്കാന്‍ കമ്പനി തയ്യാറായില്ല. കോടതിയില്‍ നമ്മുടെ സര്‍ക്കാറിന്‍റെ വാദങ്ങള്‍ അമ്പേ പരാജയപ്പെടുന്നു. ഇത്രയും നാശങ്ങള്‍ ഉണ്ടാക്കിയ ഈ കമ്പനിയെ രാജ്യത്ത്‌നിന്ന്തന്നെ ഒഴിവാക്കുന്നതിന് പകരം സര്‍ക്കാര്‍ ‘മനഞ്ഞില്’ നയം കളിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കേസ്‌ കോടതിയില്‍ കളിക്കുന്നു. വിധി വരുമ്പോള്‍ കമ്പനിയ്ക്ക് അനുകൂലമായി കേസ്‌ തോറ്റു കൊടുക്കുന്നു. സംരക്ഷിക്കേണ്ടാവര്‍ തന്നെ സംഹരിക്കാന്‍ ഇറങ്ങുന്ന അവസ്ഥ. ഇതേ ഡോവ് കമ്പനിയാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍റെ മുഖ്യസ്പോണ്സര്‍. 100-മില്ല്യന്‍ ഡോളരാണ് അവര്‍ ഒളിമ്പിക്സ്‌നു വേണ്ടി ചിലവാക്കുന്നത്. സ്വന്തം ജനതയെക്കരുതിയെങ്കിലും നമ്മുടെ സര്‍ക്കരിനൊരു പ്രതിക്ഷേധക്കുറിപ്പ്‌ ഇറക്കാമായിരുന്നു. സായിപ്പിന്‍റെ മുന്നില്‍ ചെല്ലുമ്പോള്‍ കവാത്ത് മറക്കുന്ന സ്ഥിരം ഏര്‍പ്പാട് ഇവിടെയും ആവര്‍ത്തിച്ചു...ഇതങ്ങ് വടക്കേ ഇന്ത്യയില്‍ അല്ലെ?? നമുക്ക്എന്ത്കാര്യം എന്ന്കരുതിയാല്‍  തെറ്റി. കേരളത്തിലും സ്ഥിതി വ്യതസ്തമല്ല. മൂഷികസ്ത്രീ എന്നും മൂഷികസ്ത്രീതന്നെ ആയിരിക്കും. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കരളലിയിപ്പിക്കുന്ന ദ്രശ്യങ്ങള്‍ കേരളത്തിന്‍റെ സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്നതായിരുന്നു. അംഗവൈകുല്യങ്ങള്‍ സംഭവിച്ച ആളുകള്‍, കാന്‍സര്‍ രോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, വളര്‍ച്ചയില്ലത്തവര്‍, ഒരു ജനതയെ മുഴുവന്‍ എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി വിഴുങ്ങി, കുടിക്കാന്‍ വിഷം കലര്‍ന്ന ജലം,തോടുകളിലെ മീനുകളെല്ലാം ചത്തുപൊങ്ങി,പക്ഷികളും ചിത്രശലഭങ്ങളും എല്ലാം അവിടം വിട്ടു. പ്രകൃത്യാലുള്ള ആവാസവ്യവസ്ഥയ്ക്ക് വരെ താളംതെറ്റി. ആ ദേശത്തെ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ മുടങ്ങി.ഇങ്ങനെ വലിയൊരു ദുരന്തത്തിന്‍റെ നേര്‍കാഴ്ചകള്‍ കണ്മുന്നില്‍ കാണുമ്പോഴും.നമ്മുടെ കേന്ദ്രഭഷ്യ മന്ത്രിപറയുന്നു. എന്‍ഡോസള്‍ഫാന്‍ നല്ലൊരു ടോണിക് ആണെന്ന്.തെറിവിളി ഏറിയപ്പോള്‍ അദേഹം തന്‍റെ അഭിപ്രായത്തില്‍ നിന്ന് മലക്കം മറിയുന്നതും നമ്മള്‍ കണ്ടതാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ മാരകകീടനാശിനി ഇന്‍ഡ്യ മുഴുവനായി നിരോധിക്കണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. കേരളവും,കര്‍ണ്ണാടകവും മാത്രമേ ഇത് നിരോധിക്കണം എന്ന് പറഞ്ഞിട്ടുള്ളൂ എന്നതാണ് ഇതിനുപറയുന്ന ന്യായം.

 നമ്മുടെ കേരള സര്‍ക്കാരാകട്ടെ മുഴുവന്‍ സമയവും ജനങ്ങളുടെ കൂടെ തന്നെയാണ്; പക്ഷെ ജനങ്ങളുടെ കീശയിലുള്ള ചില്ലികാശുവരെ കയ്യിട്ടു വരാനാണെന്ന് മാത്രം. ഇപ്പോഴിതാ മനുഷ്യാവകാശ കമ്മിഷന്‍റെ നിര്‍ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതര്‍ക്ക് കൊടുക്കുന്ന സഹായം വെട്ടികുറയ്ക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. കാന്‍സര്‍ രോഗംബാധിച്ചവരെയും, ബുദ്ധിമാന്ദ്യമുള്ളവരെയും  ആനുകൂല്യ പട്ടികയില്‍നിന്ന് ഒഴിവാക്കി. പരസഹായം കൂടാതെ എഴുന്നേറ്റ്‌നടക്കാന്‍ പോലും ആവതില്ലാത്ത ഈ ജീവച്ഛവങ്ങളോട് ഇങ്ങനെപെരുമാറുന്നതില്‍ എന്ത് നീതിയാണുള്ളത്.അവരുടെ മരണം ഉറപ്പാക്കുകയാണോ ഇതിനുപിന്നിലെ ലക്‌ഷ്യം.

  ഒരു ജനതമുഴുവന്‍ അസുഖ ബാധിതരായി നരകിക്കുമ്പോഴും നമ്മുടെ ഭരണകൂടമെന്തേ... ജനങ്ങള്‍ക്ക്അനുകൂലമായ നിലപാട് എടുക്കാത്തത്‌?? ഇവര്‍ ആരുടെ പ്രതിനിധികളാണ്.... കണ്ണിനുകാഴ്ചയുള്ള ഏതൊരു മനുഷ്യനും കണ്ടു മനസിലാക്കാവുന്ന കാര്യങ്ങള്‍ പോലും കെട്ടുകണക്കിനു യോഗ്യതകള്‍ ഉണ്ടെന്നു വിളിച്ചുപറയുന്ന ഇവര്‍ക്ക് മനസിലാകാത്തത് എന്തുകൊണ്ടാണ്??? സ്വന്തം ജനതയെ കശാപ്പുകാരന് വിറ്റിട്ട്. അവരുടെ മാംസത്തിന്‍റെ വിലകൊണ്ട്‌മണിമാളിക പണിയുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ തീ പന്തം എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

Tuesday, August 21, 2012

കല്‍ക്കരി; ഭരണത്തിന്ഹാനികരം......

    
  ആകെ നനഞ്ഞാല്‍ പിന്നെയെന്ത് കുളിര് എന്നാ രീതിയിലാണിപ്പോള്‍ കാര്യങ്ങള്‍.സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടിക്കഴിഞ്ഞു .മന്ത്രി പൂവംഗന്‍മ്മാര്‍ പോലീസ് അകമ്പടിയോടെ എല്ലായിടത്തും പതാകയുയര്‍ത്തി.ശാന്തിയും, സമാധാനവും നിറഞ്ഞ പുരോഗതിയിലൂന്നിയ സ്വാതന്ത്ര്യദിനത്തെക്കുറിച്ചുള്ള പതിവ്‌ ഗീര്‍വാണങ്ങള്‍ നിരത്തികൈയ്യടിയും വാങ്ങി. എവിടെയാണ് ശാന്തിയും സമാധാനവും എന്നതിലാണ് തര്‍ക്കം.അസമില്‍ കലാപത്തില്‍പ്പെട്ട് ഗ്രാമങ്ങള്‍ കത്തിയമരുന്നു, കുടുംബങ്ങളുടെ കൂട്ടപാലായനങ്ങള്‍ നടക്കുന്നു.ജോലിതേടിമറ്റുസ്ഥലങ്ങളില്‍ പോയവരെല്ലാം പ്രാണരക്ഷാര്‍ത്ഥം മടങ്ങിപോകുന്നു.ഭരണകൂടമാണെങ്കില്‍ യഥാര്‍ത്ഥ പ്രശ്നം കണ്ടത്തിപരിഹരിക്കാതെ കര്‍ഫ്യു പ്രഖ്യാപിച്ച് ജനജീവിതംകൂടുതല്‍ ദുസ്സഹമാക്കുന്നു.നമ്മുടെ കേരളത്തിലാണെങ്കിലൊ.... നാല്മാസമായി തുടരുന്ന സമരം പരിഹരിക്കാന്‍ അധികാരികള്‍ ശ്രമിക്കാതെ വന്നപ്പോള്‍ പട്ടിണിയിലായ നേഴ്സുമാര്‍ ആസ്പത്രിയുടെ മുകളില്‍ കയറി ആത്മഹത്യചെയ്യാന്‍ തുടങ്ങുന്നു. ഇങ്ങനെയെല്ലാമായിട്ടും നമ്മള്‍ സ്വാതന്ത്യ്രദിനം ആഘോഷപൂര്‍വം കൊണ്ടാടി എന്നാണ് വിലയിരുത്തല്‍.


   അഴിമതി വിരുദ്ധ നിയമം ജനസേവകാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയില്‍ ആകരുതെന്നാണ്പ്രധാനമന്ത്രി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. തകര്‍ന്ന സമ്പത്ത്‌വ്യവസ്ഥയെക്കുറിച്ചോ, വിലക്കയറ്റത്തെക്കുറിച്ചോ,ഒന്നും മിണ്ടിയില്ല.ജനത്തിന് ആശ്വസിക്കാന്‍ വകയുള്ള എന്തെങ്കിലും വാഗ്ദാനം പോലും അദേഹത്തിന്‍റെ വായില്‍നിന്നും വീണില്ല; പകരം അഴിമതിക്കെതിരായി ജനശബ്ദം ഉയരുന്നതാണ് അദേഹത്തെ ഭയപ്പെടുത്തിയത്. അഴിമതിവിരുദ്ധ സമരം; ആര്‍ക്കുമൊരു ശല്യവും ഉണ്ടാക്കാതെ ഏതെങ്കിലുമൂലയ്ക്കിരുന്ന് ചെയ്തോണം എന്ന് പറഞ്ഞതിന്‍റെ പൊരുള്‍ പിറ്റേദിവസംതന്നെ മനസിലായി. 2010-11ലെ സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന ഖനി മന്ത്രാലയം നടത്തിയ അഴിമതി  1.86 ലക്ഷംകോടി രൂപയുടെതാണ്. അങ്ങനെ ലക്ഷംകോടി രൂപയുടെ അഴിമതി നടന്ന 2G- സ്പെക്ട്രംത്തെയും കടത്തി വെട്ടുന്നതായി ഈ അഴിമതി. ഇതിനെക്കുറിച്ച് പ്രധാനമന്ത്രിക്കു കമാന്നൊരക്ഷരം മിണ്ടാട്ടമില്ല.എതായെലും തന്‍റെ മന്ത്രിസഭയിലെ ഒരുമന്ത്രി ലക്ഷംകോടി രൂപയുടെ അഴിമതി നടത്തിയപ്പോള്‍ പ്രധാനമന്ത്രി 1.86 -ലക്ഷം കോടി രൂപയുടെ അഴിമതി നടത്തി കഴിവ് തെളിയിച്ചു എന്നൊരു വാര്‍ത്ത നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ വന്നാലും അത്ഭുതപ്പെടാനില്ല.ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തിയാല്‍; കൊള്ളാം നന്നായിരിക്കുന്നു, അദേഹത്തിന് ദീര്‍ഘയുസ് ഉണ്ടാകട്ടെ എന്ന രീതിയിലുള്ള പ്രതികരണമാ യിരിക്കും അധികവും.അതാണ്‌ ഇന്ത്യ......

     ലക്ഷംകോടി രൂപ കട്ടിട്ട് ജയിലില്‍ പോയ മന്ത്രി; രാജ, സന്തോഷവാന്‍ ആയിരിക്കുന്നു.ബാഡ്‌മിന്റണ്‍ കളിക്കുന്നു,പുണ്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നു.തുടങ്ങിയ വാര്‍ത്തകള്‍ വായിച്ച്‌ സമാധാനിച്ചവരാണ് നമ്മള്‍.ആദ്യമായി വായിക്കുന്ന ആള്ധരിക്കും ഈ രാജ ഏതോ സ്വാതന്ത്ര്യ സമരസേനാനി ആണെന്ന്.അതാണ് നമ്മുടെ മാധ്യമങ്ങള്‍...നമ്മള്‍ ഇന്ത്യക്കാരല്ലേ ഇവിടെ ഇതല്ല ഇതിനപ്പുറവും വേവും..

  .റ്റാറ്റാ, ബിര്‍ള, ജിണ്ടാല്‍ തുടങ്ങിയ പട്ടിണി പാവങ്ങളെ സഹായിക്കാനാണ് നമ്മുടെ മന്‍മോഹന്‍ 1.86ലക്ഷം കോടി മുക്കിയത് എന്നറിയുമ്പോഴാണ് അദേഹത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാവു.ഖജനാവിന് നഷ്ടമായ ഈ തുക ഡീസലിന്‍റെ വിലയുയര്‍ത്തിയും പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചും ജനങ്ങളില്‍ നിന്നും തിരിച്ചു പിടിക്കണം എന്നാണ് മന്‍മോഹന്‍ന്‍റെ ഓക്സ്ഫോര്‍ഡ് ധനതത്വശാസ്ത്രത്തില്‍ പറയുന്നത്. തീര്‍ന്നില്ല സേവനങ്ങള്‍ ‘റിലയന്‍സ്‌പവര്‍ ലിമിറ്റഡിനു’ 29033 കോടി രൂപലാഭം ഉണ്ടാക്കാന്‍പ്രധാനമന്ത്രിയുടെ കീഴിലുണ്ടായിരുന്ന ഊര്‍ജ മന്ത്രാലയം വഴിവിട്ട സഹായങ്ങള്‍ ചെയ്തതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെഅടിസ്ഥാന വര്‍ഗത്തിന്‍റെ പിച്ചചട്ടിയില്‍ കയ്യിട്ടുവാരുന്ന കേന്ദ്രഗവര്‍മെന്റ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വന്ക്കിട കമ്പനികളെ സഹായിക്കാന്‍ നടത്തുന്ന ഈ കൊടിയ അഴിമതി എങ്ങനെ കണ്ടില്ലയെന്നു നടിക്കനാവും.1947-ല്‍ വെള്ളക്കാര്‍ ഇന്ത്യ വിട്ടു. എന്നാല്‍ പിന്നിടങ്ങോട്ട് കൊള്ളക്കാരല്ലെ നമ്മളെ ഭരിക്കുന്നത്???
  
 അഴിമതിനിരോധന നിയമം കൊണ്ടുവരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി ഇതുവരെ നിയമം പാസാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാലിനുവേണ്ടി ശബ്ദമുയര്‍ന്നപ്പോള്‍; അങ്ങേര് ചെറുപ്പത്തില്‍കുടിച്ച ചായയുടെ പറ്റുകാശു കൊടുത്തിട്ടില്ല .അതുകൊണ്ട് ഹസാരെ ശരിയല്ല എന്നാ മട്ടിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അഴിമതിവിരുദ്ധ സമരത്തെ ഞെക്കികൊല്ലാനല്ലേ ഇവിടുത്തെ മാധ്യമങ്ങള ടക്കം ശ്രമിച്ചത്‌. ജനാധിപത്യത്തിന്‍റെ കാവലാള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നമാധ്യമങ്ങള്‍വരെ അഴിമതിയെ മൂടിവയ്ക്കുന്ന തരത്തിലല്ലേ വാര്‍ത്തകള്‍ കൊടുക്കുന്നത്. കാരണം മറ്റൊന്നുമല്ല നമ്മുടെ മാധ്യമങ്ങള്‍ എല്ലാംതന്നെ വന്‍കിട മുതലാളിമാരുടെ സ്വന്തമാണ്. അവര്‍ക്കനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിട്ടു ജനങളുടെ ഇടയില്‍ തെറ്റുധാരണ പരത്താന്‍ ഇത് മൂലം കഴിയുന്നു. പ്രധാനമന്ത്രിയുടെ വകുപ്പ്തന്നെ കോടികളുടെ അഴിമതിക്ക് നേതൃത്വംകൊടുക്കുമ്പോള്‍ മറ്റു വകുപ്പുകളുടെ കാര്യം പറയേണ്ടതില്ല.പ്രതിപക്ഷത്തിന്‍റെ പ്രതികരണമാകട്ടെ നനഞ്ഞ പടക്കം പോലെ അനക്കമില്ലാതെ കിടക്കുന്നു. അടുത്ത ഭരണത്തില്‍ നമുക്കിതിനെ കടത്തി വെട്ടണം എന്നായിരിക്കും ഭാവം.പതിവ്‌പോലെ ഇടതുപക്ഷക്കാര്‍ പഠനം തുടങ്ങിയിട്ടേയുള്ളൂ,അത് കഴിയുമ്പോഴേക്കും കേന്ദ്രത്തില്‍ വേറെ ആരെങ്കിലും അധിക്കാരത്തില്‍ വന്നിരിക്കും.

   വോട്ടെടുപ്പിന്‍റെ അന്ന് മാത്രം ജനാധിപത്യവും അത് കഴിഞ്ഞാല്‍ പണാധിപത്യവുമാണ് നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് ആരെയും പേടിക്കണ്ട.ഒരു ജനവും ചോദിക്കാന്‍ വരില്ല വന്നാല്‍ പോലീസിനെ വിട്ടു തല്ലിച്ചതയ്ക്കാം.ഇതാണ് ഇപ്പോള്‍ നടക്കുനത്. ഈ അവസ്ഥയ്ക്ക് എങ്ങനെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.ഏഴാം കൂലികളായ അണികള്‍; നേതാവ്‌ കാണിക്കുന്ന എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്നു. അവനുകൂടി കിട്ടേണ്ട മുതലുകളാണ് പെരുംകള്ളന്മ്മരായ നേതാക്കള്‍ ഒറ്റയ്ക്ക് ഒതുക്കുന്നത് എന്ന സാമാന്യബോധം പോലും സിന്ദാബാദ്‌ വിളിക്കുന്ന അണികള്‍ക്കില്ല. അടിമത്വത്തിന്‍റെ പേര് മാറിയെന്നല്ലാതെ നമുക്കെവിടെയാണ് സ്വാതന്ത്ര്യം കിട്ടിയത്.വിദേശ അടിമത്വം മാറി സ്വദേശിഅടിമത്വം വന്നു.അഴിമതിക്കും ധൂര്‍ത്തിനുമെതിരായി ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് ഗവര്‍മെന്റ് അവരെ നിശബ്ദരാക്കുന്നു. ഇതുതന്നെയല്ലേ ബ്രിട്ടിഷുകാരും ചെയ്തിരുന്നത്.28 സംസ്ഥാനങ്ങളും, 415-ഭാഷകളുമുള്ളപ്പോഴും നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ശക്തിയെന്ന്പറയുമ്പോള്‍തന്നെ അത് ഒരു പരാജയവുമാണെന്ന് പറയേണ്ടിവരും.

  രാഷ്ട്ര ഭാഷ ഹിന്ദിയാണെന്ന്പറയുന്നതല്ലാതെ ജനസംഖ്യയുടെ 43 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്.പൊതുവായ ഒരു ആശയ വിനമയ സംവിധാനം പോലും നമ്മുടെ രാജ്യത്തിനില്ല. പാര്‍ലമെന്റില്‍ പോലും ഇംഗ്ലീഷിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ജനങ്ങളുടെ ഭാഷാപരമായ ഐക്യമില്ലായ്മ ഫലത്തില്‍; അവരെ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്.ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ചു നില്‍ക്കാനോ,ഒന്നിച്ച് ശബ്ദിക്കാനോ ഇന്‍ഡ്യന്‍ ജനതയ്ക്ക് ഇത് മൂലം കഴിയാതെ വരുന്നു. വെള്ളം, റോഡുകള്‍,അതിര്‍ത്തികള്‍  തുടങ്ങിയ പൊതുവായ കാര്യത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രാദേശിക വികാരങ്ങള്‍ കുത്തിപൊക്കി, ഭരണം നിലനിറുത്താന്‍ പാര്‍ട്ടികളെ സഹായിക്കുന്ന പ്രധാന ഘടകമാണ് ഭാഷാപരമായ അന്തരം.തമിഴന്‍പറയുന്നത് മലയാളിക്കോ,മലയാളിപറയുന്നത് കന്നഡക്കരാനൊ മനസിലാവുന്നില്ല. പിന്നെയെങ്ങനെ അവരുതമ്മില്‍ ഐക്യമുണ്ടാകും. ഈ ഭിന്നിപ്പിച്ച് ഭരിക്കലിന്‍റെ അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്; കേവലം വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രം അധികാരമുള്ള പാര്‍ട്ടി ഇന്ത്യഭരിക്കുന്നത്.

   പ്രാദേശികമായ ഭാഷയുടെയും വര്‍ഗത്തിന്റെയും പേരില്‍മാത്രം അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഇന്ത്യ ഭരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വാണിജ്യ, കമ്പനിരാഷ്ട്രിയമാണ് കേന്ദ്രത്തില്‍ അധികാരം കയ്യാളുക.കുതിര കച്ചവടങ്ങളും,കുതികാല്‍ വെട്ടും നടത്തി അധികാരം പിടിച്ചടക്കുക മാത്രമാണ് കമ്പനിരാഷ്ട്രീയത്തിന്‍റെ ലക്ഷ്യം.അങ്ങനെ വാണിജ്യകുത്തകകള്‍ പണം മുടക്കി അധികാരത്തില്‍ എത്തിക്കുന്ന പാവസര്‍ക്കാരുകള്‍ക്ക് അവര്‍ക്കനുകൂലമായെ നിയമങ്ങള്‍ നിര്‍മ്മിക്കാനേ കഴിയു. കാരണം അവരുടെ പണമാണ് സര്‍ക്കാരിനെ താങ്ങിനിറുത്തുന്നത്. റ്റാറ്റായ്ക്കും ബിര്‍ലയ്ക്കും,റിലയന്‍സിനുമൊക്കെ ആനുകൂല്യങ്ങള്‍ കൊടുത്ത് കോടികള്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്നത് ഇങ്ങനെയാണ്.ഇത്തരം പാവഗവ്ര്‍മെന്റുകള്‍ ഒരിക്കലും സാധാരണ ജനങ്ങളുടെ പ്രതിനിധി ആയിരിക്കില്ല.കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ ഭരണമായിരിക്കും അവര്‍ നടത്തുക.നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതാണ്.വെറും 28രൂപയ്ക്ക് നിത്യച്ചിലവ് കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരന്‍റെ മുന്നിലാണ് ഈ 1.86ലക്ഷം കോടി രൂപയുടെ അഴിമതി നടക്കുന്നത്.അതും പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ .ഇവരില്‍ നിന്ന് എന്ത് നീതിയാണ് ഒരു സാധാരണക്കാരന്‍ പ്രതീക്ഷിക്കേണ്ടത്?

   രാജ്യത്താകമാനം സംഘടിതരൂപത്തിലുള്ള ഒരു പ്രതിഷേധം ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല എന്നുള്ള ധാരണ തന്നെയാണ് ഇത്തരം അഴിമതികള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്.ലക്ഷം കോടിരൂപയുടെ അഴിമതി നടത്തുമ്പോള്‍ അതില്‍ ഏതാനും കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വികസന പരസ്യങ്ങള്‍ കൊടുത്ത് വിമര്‍ശകരുടെ വായ്‌ അടപ്പിക്കുന്നു. പണം കിട്ടുന്നതിനാല്‍ മാധ്യമങ്ങള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. ജാനകീയ അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക് താരതമ്യേന സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാല്‍ പണം കൊടുത്ത് അതിനെയും എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിയുന്നു. പണം കൊടുത്തിട്ടും മെരുങ്ങാത്തവരെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. കൂടംകുളം സമരം ഇതിനു ഉദാഹരണമാണ്.

    രാഷ്ട്രിയപാര്‍ട്ടികളുടെയും, മതങ്ങളുടെയും പൊതുയോഗങ്ങള്‍ക്കും രഥയാത്രകള്‍ക്കും ഏത് സ്ഥലവും ഉപയോഗിക്കാം എന്നിരിക്കെ അഴിമതി വിരുദ്ധസമരത്തിന്‌ നിരായുധരായ സാധാരണക്കാര്‍ ഒന്നിച്ചു കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഈ അടിച്ചൊതുക്കല്‍ നയത്തിന്‍റെ ഭാഗമാണ്.സമര നായകന്മാര്‍ക്കെതിരെ മാധ്യമങ്ങളുടെ സഹായത്തോടെ നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.അണ്ണഹസാരെയുടെ സമരത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളുടെ തലക്കെട്ടുകള്‍ നോക്കുക.’അണ്ണാ സമരത്തില്‍ ആളില്ല..,അണ്ണാ സംഘാംങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം..,അണ്ണാ സംഘത്തില്‍ അഴിമതിക്കാര്‍..,ഹസാരെ വര്‍ഗിയ വാദി, ഹസാരെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു...... ഇങ്ങനെയുള്ള തലക്കെട്ടുകള്‍ ആയിരുന്നു മാധ്യമങ്ങള്‍ കൊടുത്തിരുന്നത്.ഒരു ജനകീയ സമരത്തെ എങ്ങനെ വികൃതമാക്കി ചിത്രീകരിക്കാം എന്ന് മാധ്യമങ്ങള്‍ കാണിച്ചുതന്നു.എന്നാല്‍ 1.86ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന കാര്യംവെറും ഒരു സി.എ.ജി റിപ്പോര്‍ട്ട് എന്നാക്കിചുരുക്കി.ഇവിടെ മാധ്യമങ്ങള്‍ ആരുടെ ഭാഗത്താണ് എന്നത് വ്യക്തമാണ്.
  ജനാധിപത്യത്തിന്‍റെ പേര് പറഞ്ഞുനടക്കുന്ന ഒരു മാഫിയ ഭരണമാണിപ്പോള്‍ നടക്കുന്നത്.       കീ കൊടുക്കുമ്പോള്‍ നടക്കുകയും കയ്കാലിട്ടടിക്കുകയും ചെയ്യുന്ന ഒരു യന്ത്രപാവയെ അല്ല നമുക്കാവശ്യം; ജനങ്ങളോട് ബന്ധമുള്ള,അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള,അവരോടു സംസാരിക്കാന്‍ കഴിയുന്ന അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു നേതാവിനെയാണ് നമുക്കാവശ്യം.നമുക്കും നമ്മുടെ വരും തലമുറയ്ക്കും വീണ്ടുമൊരു അടിമത്വതിലേക്ക് പോകാതിരിക്കണമെങ്കില്‍ ..ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടികളോടും നേതാക്കളോടുമുള്ള മാനസിക വിധേയത്വത്തിന്‍റെ പേരില്‍ അവരുടെ അഴിമതികളെ ന്യായീകരിക്കുന്നതും അടിമത്വം തന്നെയാണ്. സ്വാതന്ത്ര്യത്തിന്‍റെ നല്ല നാളെയ്ക്കായി നമ്മള്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.....

പിന്മൊഴി: “അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതില്‍ തനിക്ക് സന്തോഷമാണ്...”കേന്ദ്രമന്ത്രി.  “ഉണ്ടവന് അറിയാമോ ഉണ്ണാത്തവന്‍റെ വിശപ്പ്.”

Saturday, August 18, 2012

ഡോക്ടര്‍മ്മാര്‍ക്കെന്താ...കൊമ്പുണ്ടോ??

      
 അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കുഴപ്പമുണ്ടാക്കി എന്നാരോപിച്ച് അറസ്റ്റ്‌ചെയ്യപ്പെട്ട സത്നംസിങ്ങ് പേരുര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍വച്ച് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചാര്‍ജ്നേഴ്സിനെയും, വാര്‍ഡനെയും, രണ്ടു അറ്റന്‍ഡര്‍മ്മാരെയും സസ്പ്പെന്റ്റ്‌ ചെയ്തിരുന്നു. ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരെയും അന്തേവാസികളെയും`അറസ്റ്റ്‌ചെയ്തു മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും സത്നംസിങ്ങ്നു ചോദിക്കാനും പറയാനും ആള്‍ക്കാര്‍ ഉള്ളതുകൊണ്ട് പ്രശ്നം; ദേശിയ മനുഷ്യാവകാശകമ്മിഷനില്‍വരെ എത്തിയിരിക്കുന്നു. ബീഹാര്‍ പോലീസും അന്വേഷണത്തിനായി കേരളത്തിലെത്തി.പ്രശ്നം ദേശിയശ്രദ്ധയാകര്‍ഷിച്ചതിനാല്‍; തുടക്കത്തില്‍  പൂഴ്ത്തിയ ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധതമായി.അങ്ങനെ ജില്ല മെഡിക്കല്‍ഓഫിസര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മ്മാരെ; ശിക്ഷണ നടപടിയായി സ്ഥലം മാറ്റിയിരിക്കുന്നു. എന്നാല്‍; ശിക്ഷണ നടപടിയ്ക്കും സ്ഥലംമാറ്റത്തിനുമെതിരായി ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കയാണ്.ജനങ്ങളുടെ ജീവന്‍വച്ച് വിലപേശുന്ന ഈ സമരത്തിന്‌ എന്ത് ന്യായികരണമാണുള്ളത്.

   നമ്മുടെ ആരോഗ്യമേഖല ആകമാനം കുത്തഴിഞ്ഞരീതിയിലാണ്. അതിനെ പൊളിച്ചടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ വോട്ട്ബാങ്ക് രാഷ്ട്രിയമാണ് അതിനു തടസമായിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ സേവനമനുഷ്ട്ട്ക്കാന്‍ പറഞ്ഞാല്‍ സമരം, കുറ്റക്കാരെ അറസ്റ്റ്‌ചെയ്താല്‍ സമരം, ജോലിസമയങ്ങളില്‍ സ്വകാര്യപ്രക്ടിസ്‌ നിരോധിച്ചാല്‍ സമരം,സ്ഥലം മാറ്റിയാല്‍ സമരം....എന്താണിങ്ങനെ???? ആരാണന്നാണ് ഇവരുടെ ഭാവം. നമ്മുടെ കേരളത്തില്‍ ഗ്രാമിണമേഖലെയന്നു പറഞ്ഞാല്‍ ബീഹാര്‍പോലെ പട്ടിക്കാടെന്നുമല്ല. മിക്കവാറും എല്ലായിടത്തും ജിവിതയോഗ്യമായ സാഹചര്യങ്ങള്‍ ആണുള്ളത്. പിന്നെ എന്തുകൊണ്ടാണ് പഠിച്ചുപുറത്തിറങ്ങുന്നസമയത്ത് പോലും ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യാന്‍ പറ്റില്ലയെന്ന് ഇവര്‍ പറയുന്നത്. അപ്പോള്‍ എന്താണ് ഇവരുടെ ആതുര സേവനം.പണംമാത്രമല്ലെ ഇവരുടെ ലക്ഷ്യം.കേന്ദ്രഗവര്‍മെന്റിന്‍റെ നിര്‍ബന്ധിധഗ്രാമീണ സേവനനിയമം നിലനില്‍ക്കെയാണിതെന്ന് ഓര്‍ക്കണം.നിയമംനടപ്പകേണ്ട സര്‍ക്കാര്‍ ഇവരുടെമുന്നില്‍ ഒശ്ചാനിച്ചു നില്‍ക്കുമ്പോള്‍ ആരാണ് നിയമംനടപ്പാക്കേണ്ടത്‌. ജനംതന്നെ നിയമം കയ്യിലെടുക്കണം എന്നാണോ???? ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കുവേണ്ടി സര്‍ക്കാര്‍ഖജനാവില്‍ നിന്ന് ഏതാണ്ട് ഇരുപതുലക്ഷത്തോളം രൂപ ചിലവാക്കുന്നു. അത് നമ്മുടെ നികുതിപ്പണമാണ്.അങ്ങനെയിരിക്കെ ഇവര്‍ക്ക് നമ്മളോട് യാതൊരു ബാധ്യതയുമില്ലേ??

 മുപ്പത്തിയാറുമണിക്കൂര്‍ തുടര്‍ച്ചയായി പണിയെടുപ്പിച്ച് നേഴ്സുമാരെ കൊല്ലാകൊല ചെയ്യുന്ന നമ്മുടെ നാട്ടില്‍; ഇവര്‍ക്കെന്താ ഇത്ര വലിപ്പം??? ബോണ്ട് നിരോധിച്ചിട്ടും പഠിച്ചിറങ്ങുന്ന; എല്ലാ നേഴ്സുമാരെയും, രണ്ടുവര്‍ഷം നിര്‍ബന്ധിത ബോണ്ട്‌ ചെയ്യിപ്പിക്കുന്നു.അത് ചോദ്യംചെയ്താല്‍ കുഴപ്പം. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ ആത്മഹത്യ സമരത്തില്‍ പോലും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് മിട്ടാട്ടമില്ല. ഡോക്ടര്‍മ്മാര്‍ക്കെന്ത കൊമ്പുണ്ടോ??

   നമ്മുടെ കേരളത്തില്‍ ഡോക്ടര്‍മ്മര്‍ക്ക് മാന്യമായ ഒരു സ്ഥാനം നമ്മള്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്‌ .അതിനെ ചൂഷണം ചെയ്യുകയാണിവര്‍.ആരോഗ്യ മേഖലയെ അവശ്യസര്‍വിസായി പ്രഖ്യാപിക്കാന്‍ സര്‍ക്കരിനോട്ട് നട്ടെല്ലുമില്ല. സ്ഥലംമാറ്റവും, ശിക്ഷണനടപടികളും സര്‍വീസിന്‍റെ ഭാഗമാണ്.കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.അതൊന്നും അംഗികരിക്കാന്‍ കഴിയില്ലായെന്ന് പറയുമ്പോള്‍ ഇവര്‍ക്ക് ഒരു  നിയമവും ബാധകമല്ലന്നാണോ?. എന്താണ് ആശുപത്രികളുടെ അവസ്ഥ...... അഡ്മിറ്റ്‌ ചെയ്യാന്‍ കൈക്കൂലി, രോഗിയെ നോക്കണമെങ്കില്‍ കൈക്കൂലി, ഓപ്പറേഷനു കൈക്കൂലി,.ജിവന് വേണ്ടി യാചിക്കുന്നവരോടുവരെ പണം ആവശ്യപ്പെടുന്ന ഇവരാണോ ആതുരസേവകര്‍??? വേണ്ടാത്ത മരുന്നും, മെഡിക്കല്‍ ടെസ്റ്റുകളും എഴുതിക്കൊടുത്ത് കമ്മിഷന്‍ പറ്റുന്ന ഇവര്‍ ശരിക്കും കൊള്ളക്കാരാണ്. അപകടത്തില്‍ പരിക്കേറ്റു കിടക്കുന്നവന്‍റെയും,രോഗ കാഠിന്യത്തല്‍ അവശത അനുഭവിക്കുന്നവന്‍റെയും മുഖത്തെ നിസഹായതയ്ക്ക് നേരെ മുഖം തിരിച്ചുകൊണ്ട്ഞങ്ങള്‍ പണിമുടക്കിലാണന്നുപറഞ്ഞ് മാറി നില്‍ക്കുന്ന ഇക്കുട്ടരുടെ മാനസികാവസ്ഥ എന്താണ്?? ഇവരെയല്ലേആദ്യം മാനസികാരോഗാശുപത്രിയിലെ സെല്ലുകളിലേക്ക് അയയ്ക്കേണ്ടത്.

 രാഷ്ട്രിയപ്പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെക്കാള്‍ ഭീകരമായ സമരമുറയാണ് ഡോക്ടര്‍മ്മാര്‍ പരീക്ഷിക്കുന്നത്. നിസഹായരായ മനുഷ്യരുടെ ജിവന്‍ വച്ചുള്ള വിലപേശലാണിത്. വെള്ളകുപ്പായമിട്ട് നടക്കുന്ന ഈകൊള്ളക്കാര്‍ക്കു മനുഷ്യന്‍റെ വേദന അറിയില്ലാത്തതുകൊണ്ടാണിത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ സമരംചെയ്യും എന്ന്പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നാളെ ഇതേ ആവശ്യമുന്നയിച്ച് മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരത്തിനിറങ്ങിയാല്‍ എന്ത് ചെയ്യും. അതുകൊണ്ട് ഇത്തരം ആശാസ്യമല്ലാത്ത പ്രവണതകള്‍ മുളയിലെ നുള്ളെണ്ടിയിരിക്കുന്നു.അതിനുള്ള ആര്‍ജവം സര്‍ക്കാര്‍കാണിച്ചില്ലെങ്കില്‍ ചികത്സകിട്ടാത്തവന്‍റെ പ്രതിഷേധം ഏതു രൂപത്തിലേക്ക്മാറിയാലും അതിനെ  കുറ്റപ്പെടുത്താന്‍ കഴിയില്ല.


പിന്മൊഴി: “ആതുരസേവന മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച്,മേഖല വെടിപ്പാക്കും” ഈ ‘വെടിപ്പാക്കല്‍’ കൊണ്ട്‌ എന്താണാവോ.... ഉദേശിച്ചത്‌

Friday, August 17, 2012

മധുരമുള്ള ഓര്‍മ്മകള്‍   കുറിപ്പടപ്രകാരമുള്ള സാധനങ്ങളെല്ലാം വാങ്ങി. ആഴ്ച്ചവട്ടത്തിലെ ഷോപ്പിംഗ്‌ അതിന്‍റെ പര്യവസാനത്തിലെക്ക്എത്തുന്നതിനിടെ; വെള്ളം കണ്ട താറാവിനെപ്പോലെ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഭാഗത്തെക്ക് നീങ്ങി. എല്ലാ ഷോപ്പിംഗ്‌കളുടെയും അവസാനം ഇവിടെയാണ്.പഴംപൊരി സമുസ, ബോണ്ട, പരിപ്പുവട തുടങ്ങിയ തനിനാടന്‍ വിഭവങ്ങള്‍ കണ്ണാടിക്കൂട്ടിനുള്ളിലിരുന്നുചിരിക്കുന്നു.വശങ്ങളിലേക്ക് പോകുംന്തോറും എണ്ണമറ്റ വിഭവങ്ങള്‍.രസക്കൂട്ടുകളുടെ അളവില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി സൃഷ്ടിച്ചെടുത്ത വിഭവങ്ങള്‍. ആളുകളുടെ നല്ല ക്യു എല്ലായിടത്തും ഉണ്ട്.ഒരു സൈഡില്‍ നമ്മുടെ നാടന്‍ റെസ്ക്കിനെ കണ്ടു.വലുതും ചെറുതും വെള്ളയും മഞ്ഞയും നിറങ്ങളില്‍.ഇരിപ്പില്‍ എല്ലാ വിഭവങ്ങളും കെങ്കേമം തന്നെ പക്ഷെ കഴിച്ചുനോക്കിയപ്പോഴാണ് അറിഞ്ഞത് ഡ്യുപ്പ് ആണന്ന്.ആകൃതിയും നിറവുമൊക്കെ കേരളിയം തന്നെ രുചി മാത്രം ഒക്കുന്നില്ല.നാവിലെ രസമുകുളങ്ങള്‍ കള്ളം പറയില്ലല്ലോ.നമ്മുടെ തനതായ ഭഷ്യവിഭവങ്ങളുടെ ആകൃതിയും നിറവും മാത്രമല്ല രുചിയും കുടിയാണ് അവയെ വിത്യസ്തമാക്കുന്നത്. ടിവി ഷോകളിലെ പാചകരംഗങ്ങളും മാസികകളിലെ പാചക വിധികളുമൊക്കെ ഓരോന്നിന്‍റെയും പേരും നിറവും ആകൃതിയും നമ്മെ കാണിക്കുന്നു.എന്നാല്‍രുചി  എന്താണന്നു അനുഭവിച്ചുതന്നെ അറിയണം.സ്വന്തമായ ഒരു ഭഷ്യസംസ്കൃതിയുള്ള ഒരു നാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് ചേക്കേറുമ്പോള്‍ പല രുചിക്കൂട്ടുകളും ഓര്‍മ്മയില്‍ തന്നെ വയ്ക്കേണ്ടിവരുന്നു.

 ബാല്യത്തിന്‍റെ ബലഹീനതയായിരുന്നു പലഹാരങ്ങളും മിട്ടായികളും. ഒരു ചെറിയ മിട്ടായിക്ക് വേണ്ടി ചിലപ്പോള്‍ ഒത്തിരി കണ്ണുനിര്‍ ചിലവാക്കേണ്ടിവരും. അത് കിട്ടുമ്പോള്‍ ഒഴുക്കിയ കണ്ണ്‍നീരെല്ലാം ഒരുനിമിഷം കൊണ്ട് ആവിയായി സന്തോഷത്തിന്‍റെ പുഞ്ചിരി കടന്നു വരുന്നു.നാട്ടിലെ പ്രസിദ്ധമായ മിട്ടായിക്കട ജോസഫ്‌ചേട്ടന്‍റെ ആയിരുന്നു. നിര നിരയായിഅടുക്കിവച്ചിരിക്കുന്ന മിട്ടായിഭരണികളില്‍ പല കളറുകളില്‍ നിറഞ്ഞിരിക്കുന്ന മിട്ടായികള്‍.ഓരോ മിട്ടായ്ക്കും ഓരോപേര് ചക്രമിട്ടായി, ഗ്യാസ് മിട്ടായി, വെല്ലമിട്ടായി,നാരങ്ങമിട്ടായി, പാരിസ്‌, കാരാമില്‍ക്, ന്യുട്രീന്‍, കടല മിട്ടായി എന്നിങ്ങനെ പോകുന്നു. പേരുകളില്‍ പലതും ജോസഫ്‌ചേട്ടന്‍തന്നെഇട്ട പേരുകളാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന അയാളുടെ കഴുത്തില്‍കറുത്ത നിറത്തിലുള്ള വെന്തിങ്ങവും വെളുത്ത കൊന്തയും ഉണ്ടായിരുന്നു. തോളില്‍ വെള്ള തോര്‍ത്തും, ഷര്‍ട്ട് ഇട്ടുകണ്ടിട്ടേയില്ല.വീടിന്‍റെ തിണ്ണയാണ്‌ കടയായി മാറിയിരിക്കുന്നത്. ഒരു സൈഡില്‍ പത്തുപൈസാക്കുറികള്‍ തൂക്കിയിട്ടിരിക്കുന്നു.ഒരു കഷണം ഫിലിമില്‍ ഒരു പേപ്പര്‍ച്ചുറ്റിയതാണ് കുറി. പേപ്പര്‍ തുറക്കുമ്പോള്‍ ലിസ്റ്റിലുള്ള പേര് കണ്ടാല്‍ കുറി അടിച്ചു.ഇല്ലങ്കില്‍ ഫിലിംഫ്രീ.ഫിലിം വെളിച്ചത്തിനു നേരെ പിടിച്ച് മമ്മുട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ തിരഞ്ഞിരുന്നു. കണ്ടില്ലഎന്നു മാത്രം. അയാള്‍ക്ക് കണ്ണ് കാണില്ലടാ അതുകൊണ്ടാ കണ്ണാടി വച്ചിരിക്കുന്നത്.കടക്കാരന്‍റെ കറുത്ത ഫ്രെയിമുള്ള കട്ടി കണ്ണട നോക്കി തോമസ്കുട്ടി പറഞ്ഞു.എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികരികമായി അഭിപ്രായം പറഞ്ഞിരുന്നത് തോമസ്കുട്ടിയാണ്.കണ്ണട ചാടിപോകണ്ടിരിക്കാനാ അതിന്‍റെ കാലേല്‍ ചരട് കെട്ടിയിരിക്കുന്നത്. കണ്ണട ഇല്ലാത്തപ്പോള്‍ നമുക്ക് മിട്ടായി അടിച്ചുമാറ്റാം.അങ്ങനെ ഒരുദിവസം കണ്ണട ഇല്ലാതെ ജോസഫ്‌ചേട്ടന്‍ കടയില്‍ഇരിക്കുന്നു.തോമസ്കുട്ടിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കടയില്‍ എത്തി. മിട്ടായി ഭരണിയുടെ അടപ്പ് തിരിച്ചതും; ആരാടാ ഭരണിതുറക്കുന്നത് എന്നാഅലര്‍ച്ചയും ജോസഫ്‌ചേട്ടന്‍റെ ഒരു വരവും................
പിന്നെ ഒന്നും ഓര്‍മ്മയില്ല കാലുകള്‍ ചിറകുകളായി മാറിയ നിമിഷം.കാലിലെ നഖം പറിഞ്ഞതിന്‍റെ വേദന അറിഞ്ഞുപോലുമില്ല.ഒരാഴ്ച്ചത്തെക്ക് ആ ഭാഗം ഒഴിവക്കിയാണ് നടന്നിരുന്നത്.പതുക്കെഎല്ലാം മറന്നു.

  മിട്ടായിയുടെ മധുരമുള്ള ഓര്‍മ്മകള്‍ കടയിലേക്ക് വിണ്ടും അടുപ്പിച്ചു.കഴിക്കുന്ന മിട്ടായിക്കൂടുകള്‍ക്ക് വിത്യസ്ത നിറങ്ങള്‍ ആയിരുന്നു.നിറങ്ങളോടുള്ള സ്നേഹം കൂടു ശേഖരണത്തില്‍ എത്തിച്ചു.പല വര്‍ണ്ണത്തിലുള്ള മിട്ടായിക്കൂടുകള്‍ ശേഖരത്തില്‍ എത്തി; പിന്നിടത് മാലയായി രൂപാന്തരപ്പെട്ടു.അതോടൊപ്പം തീപ്പെട്ടി പടങ്ങളും സിഗരെറ്റ്‌ കൂടുകളുമൊക്കെ ശേഖരത്തിലേക്ക്‌ വന്നു. .ട്രാക്ടെര്‍,വിമാനം,മീന്‍,മഹാരാജാവ്‌,കാജാ,ഒട്ടകംതുടങ്ങിനിരവധി...........പടങ്ങളുടെശേഖരം അഭിമാനമായി കൂട്ടുകാരെ കാണിച്ചു.കാലം മുന്നോട്ട് നീങ്ങിയതോടെ ശേഖരണം എന്ന വാക്ക് മാറി. കളക്ഷന്‍ എന്നായി.മിട്ടായികടലാസ്സുകളും തീപ്പെട്ടിപടങ്ങളും മാറി നാണയങ്ങളും സ്റ്റാമ്പുകളുമൊക്കെയായി സ്പെസിമെന്‍സ്‌ വന്നു.വളര്‍ച്ചയുടെ നാളുകളില്‍ മധുരമുള്ള രുചികളോടൊപ്പം അറിയാതെ അഭിരുചികളും വളര്‍ന്നുവന്നു.    ഒരുദിവസം ജോസഫ്‌ ചേട്ടന്‍റെ കട തുറന്നില്ല; പതിവില്ലാതെ മുറ്റത്ത്‌ നിറയെ ആളുകള്‍; പതുക്കെ അകത്തുകടന്നു.അകത്ത് കട്ടിലില്‍ ചേട്ടന്‍ അനക്കമില്ലാതെ കിടക്കുന്നു. മിട്ടായിഭരണികളുടെ കാവല്‍ക്കാരന്‍ കടന്നുപോയിരിക്കുന്നു.സാമ്പ്രാണിതിരികളുടെ മണവും, നിലവിളിയുമൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ദേഹം മുഴുവന്‍ ഒന്നുവിയര്‍ത്തു അടഞ്ഞുകിടക്കുന്ന കടയെ നോക്കി തിരിച്ചുനടന്നു.

     നാലുംകൂടുന്ന കവലയുടെ ഒരു സൈഡില്‍ തങ്കപ്പവിലാസം റ്റിഷോപ്പ് എന്ന ബോര്‍ഡ്‌ ഉയര്‍ന്നുനിന്നു. അങ്ങാടിയിലെ ഏക ചായക്കട അതാണ്.പലഹാരങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ആദ്യമായി ലഭിച്ചത്‌റോഡിന്അഭിമുഖമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ചായക്കടയിലെ ചില്ല്അലമാരയില്‍നിന്നാണ്.അനേകം കള്ളികളായി തിരിച്ച അലമാര; ഓരോ കള്ളിയിലും ഓരോതരം പലഹാരം. ബോണ്ട. സുഹിയന്‍,പരിപ്പുവട,ഉഴുന്നുവട, ഉള്ളിവട, പപ്പടബോളി തുടങ്ങിയ കളര്‍ഫുള്‍ ഐറ്റംസ് ഏറ്റവും മുകളിലായി ക്രമികരിച്ചിരിക്കുന്നു. താഴത്തെ തട്ടില്‍ ഇന്നത്തെ സ്പെഷ്യല്‍ പൊറോട്ട, പുട്ട്, ഇഡലി തുടങ്ങിയവയാണ്.തങ്കപ്പന്‍നായര്‍ ആണ് കടയുടെ നടത്തിപ്പുകാരന്‍.തലയില്‍ മുടിയില്ലാത്ത; താടിനീട്ടി വളര്‍ത്തിയനായര്‍ പച്ചയില്‍വെള്ള കള്ളികളുള്ള മുണ്ടാണ് ഉടുത്തിരുന്നത്.നായരേ ഒരു ചായ......... ഏതുവേണം........ലൈറ്റ്, മീഡിയം, സ്ട്രോങ്ങ്‌ വേണ്ടത് പറഞ്ഞാല്‍സമ്മോവര്‍ ഒന്ന്തട്ടി കരിഊതി കനല്‍ ജ്വലിപ്പിക്കുന്നു,ടാപ്പ്‌ തിരിച്ച് ചൂട് വെള്ളം പൊടിസഞ്ചിയിലുടെ കപ്പിലേക്ക്. ഇനിയാണ്നായര്‍ സ്പെഷ്യല്‍ രണ്ട്കൈയിലും കപ്പ്; കൈകള്‍ തമ്മില്‍ വളരെ അകലത്തില്‍ ഉയര്‍ന്ന് താഴുന്നു. ചായ വില്ലിന്‍റെ ആകൃതിയില്‍ കപ്പുകളിലെക്ക് മാറിമാറി വിഴുന്നു.ഒരു തുള്ളിപോലും നിലത്ത് വിഴുന്നില്ല.അന്തരിക്ഷത്തിലെ ചായയുടെ പാച്ചില്‍ കണ്ടാല്‍ അത്ഭുതം തോന്നും.സ്പെഷ്യല്‍ ഫീസ്, സ്റ്റാമ്പ്‌ഫീസ്, കഞ്ഞിപിരിവ്‌ തുടങ്ങിയ സാങ്കല്പികപിരിവുകള്‍, വീട്ടില്‍ പറഞ്ഞ് കിട്ടുന്ന പൈസകള്‍ക്ക്‌; നായരുടെ ചായക്കട വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.ഓരോ ഫീസിലും ഓരോ തരം പലഹാരങ്ങളുടെ രുചി അറിഞ്ഞു.കടയില്‍ കയറിയാല്‍ പല സൗകാര്യങ്ങളും ഉണ്ട്. പഞ്ചായത്തിലെ കോഴിവിതരണം തൊട്ട് അന്താരാഷ്ട്രകാര്യങ്ങള്‍ വരെ കൈകാര്യംചെയ്യുന്ന സ്ഥിരം കുറ്റികള്‍ കടയില്‍ കാണും.നാടിനും വിടിനും കൊള്ളാത്ത ഏമ്പോക്കികള്‍ എന്നാണ് ഇവരെകുറിച്ചുള്ള പൊതുഅഭിപ്രായം.പക്ഷെ ഈ ഏമ്പോക്കികളുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമായിരുന്നു.കണ്ണാടിക്കുട്ടിലെ പപ്പടബോളിക്കും പഴംപൊരിക്കുമോന്നും പ്രായം കൂടാതെ നോക്കിയിരുന്നത് ഇവരാണ്.ഒരു സൈഡില്‍ ചര്‍ച്ച നടക്കുമ്പോള്‍ അടുപ്പില്‍ വച്ചിരിക്കുന്ന വലിയ ചിനചട്ടിയില്‍ എണ്ണ തിളക്കുന്നു.മാവില്‍ മുക്കിയ ഒരു കഷ്ണം പഴം എണ്ണയിലേക്ക്‌ വിഴുന്നു. ചില്‍............. എന്നൊരു പിടച്ചില്‍.തുടര്‍ച്ചയായി വിഴുന്ന പഴകഷ്ണങ്ങള്‍ മിനിട്ടുകള്‍ക്കകം പഴം പൊരി ആയി മാറുന്നു.ചായകുടിച്ച് പഴംപൊരികഴിച്ച് കൈയില്‍ പറ്റിയ എണ്ണ കാലില്‍ തൂത്ത് പുറത്തേക്ക്ഇറങ്ങുമ്പോള്‍ ഒരു പ്രത്യേക സുഖം.
 
  പണമേശയുടെ പുറത്ത്‌ ഒരു പഴയറേഡിയോ നിറുത്താതെ പാടിയിരുന്നു.ചര്‍ച്ചകള്‍ ഒരു സൈഡില്‍; പാട്ട്മറ്റൊരുസൈഡില്‍. കടയുടെ പുറത്ത്‌ ഒരു ബോര്‍ഡ്‌ ഉണ്ട്.   പട്ടികകഷ്ണങ്ങള്‍ അടിച്ചുകൂട്ടി അതില്‍ ചാക്ക് വലിച്ച് ഉണ്ടാക്കിയിരുന്ന ആ ബോര്‍ഡിലാണ് വിജയടാക്കിസിലെ പടങ്ങളുടെ പോസ്റ്റര്‍ ഒട്ടിച്ചിരുന്നത്.എല്ലാ വെള്ളിയാഴ്ചയും രാവിലെ നീണ്ടുമെലിഞ്ഞ ഒരാള്‍ വരും കക്ഷത്തില്‍ പോസ്റ്റര്‍ ചുരുട്ടിയതും, കൈയില്‍ പഴയ പെയിന്റ് പാട്ടയും തൂക്കി.പാട്ടയില്‍ മൈദ കുഴച്ചതായിരുന്നു.പഴയ പോസ്റ്റര്‍നു മുകളില്‍ പുതിയത് ഒട്ടിച്ചു.പുതിയ പടം ഏതാണന്ന് അറിയാന്‍ ഒരു ചെറിയ ജനക്കുട്ടം അവിടെ കൂടുന്നു.കൂട്ടത്തില്‍ സ്കൂളില്‍ പോകുന്ന
ഞങ്ങളും. വിരലുകള്‍ ചൂണ്ടി അക്ഷരങ്ങള്‍ പെറുക്കി വായിച്ചു. എസ്തപ്പാന്‍.......ഓ.. അവാര്‍ഡ്‌; ആരോ പറഞ്ഞു. അതെന്താ സാധനം ഞങ്ങളുടെ ഇടയിലെ ചര്‍ച്ച അതായിരുന്നു.കാലക്രമത്തില്‍ വിജയടാക്കിസ്‌ കത്തിയമാര്‍ന്നു, കത്തിച്ചതാണന്നും അല്ല ഷോര്‍ട്ട്സര്‍ക്യുട്ട്ആണന്നും പറയുന്നു.ഏതായാലും മുന്നിലുംപിന്നിലുംഭിത്തിയും നടുക്ക് നട്ടെല്ല് പോലെ ആറുതുണുകളുമായി ടാക്കിസിന്റെ അസ്ഥികുടം കുറെക്കാലം നിലനിന്നു.

  ഒരു സ്കൂള്‍ദിവസം നായരുടെ ചായക്കടയിലെ ചില്ല്അലമാരയില്‍ ഒരുപക്ഷി ഇടിച്ചുവീണു. കണ്ണടച്ചുപറക്കുന്ന ഒരുപൊട്ടന്‍ചെങ്ങലി; അലമാരപൊട്ടി’ പക്ഷി ചത്തു. പപ്പടബോളി ഇരുന്നഭാഗത്താണ് ഇടി. ബോളികള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാനായിരുന്നു ഞങ്ങള്‍ക്കുതിടുക്കം. അലമാരചില്ലില്‍ എട്ടുകാലി വല പോലെ നിറയെ പൊട്ടല്‍ വരകള്‍.
  നിനച്ചിരിക്കാതെ വേനല്‍ മഴ എത്തി. ഉച്ചവരെ വെയില്‍; ഉച്ചകഴിഞ്ഞ് മഴ. മഴയ്ക്ക് അകമ്പടിയായി കാറ്റും, ഇടിയും. സ്കൂള്‍ നേരത്തെ വിട്ടു. “നേരെ വിട്ടില്‍ പൊയ്ക്കോണം” സാറുംമ്മാരുടെ കര്‍ശനനിര്‍ദേശം വന്നു.ഇടിയെ പേടിആയിരുന്നതുകൊണ്ട് മഴയ്ക്ക്‌ മുന്‍പേ വീട്പിടിക്കാന്‍ ഓടി. അങ്ങനെ ഒരു ദിവസം സ്കൂളില്‍പോകുന്ന വഴി ആ കാഴ്ച കണ്ടു. തലേ രാത്രിയിലെ കാറ്റിലും മഴയിലും നായരുടെ ചായക്കട നിലം പൊത്തി. കച്ചികെട്ടുകള്‍ക്കിടയില്‍ എന്തൊക്കയോ തിരയുന്ന നായര്‍. കണ്ണാടിഅലമാര പൊട്ടി ചിതറിക്കിടക്കുന്നു.അനാഥരായ പലഹാരങ്ങള്‍ പലവഴിക്ക്............നായരുടെ മേലാകെ കരിയും,പുല്ലിന്‍റെ കഷ്ണങ്ങളും.നിസ്സഹായതയുടെ മറ്റൊരു മുഖം.പിന്നിട് അവിടൊരു ചായക്കട ഉണ്ടായില്ല.റോഡില്‍ നിന്നുള്ള അകലം അതിനെ തടസ്സപ്പെടുത്തി.അങ്ങനെ ഒരു യുഗം അവസാനിച്ചു.ആ കടയെചുറ്റിപറ്റി വളര്‍ന്ന ഒരു സംസ്ക്കാരം തകര്‍ന്നു.പലഹാരങ്ങളുടെ രുചിഭേദങ്ങള്‍ക്ക് അടിത്തറ പാകിയ തങ്കപ്പവിലാസം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍. മിട്ടായിക്കാരന്‍ ജോസഫ്‌ചേട്ടനും ചായക്കടക്കാരന്‍ തങ്കപ്പന്‍നായരുമൊക്കെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എങ്കിലും നാട് അതിന്‍റെ ഓര്‍മ്മകള്‍ ജിവിതവളര്‍ച്ചകള്‍ ഇവയൊക്കെ പൂര്‍ണ്ണമാവണമെങ്കില്‍ ഇവരൊക്കെ കൂടിയേ തീരു. ഓര്‍മ്മകള്‍ ഒരിക്കലും ഒന്നിന്‍റെയും അവശിഷ്ടങ്ങള്‍ അല്ല, എത്തിനില്‍ക്കുന്നതിന്‍റെ അടിത്തറയാണ്....................

എക്കാലത്തെയും മികച്ച ചിത്രം ‘വെര്‍ട്ടിഗൊ’

   
 ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ വെര്‍ട്ടിഗൊ* എക്കാലത്തെയും മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഓര്‍സന്‍വെല്‍സിന്‍റെ ‘സിറ്റിസണ്‍ കെയിന്‍’-നെ പിന്തള്ളിയാണ് ‘വെര്‍ട്ടിഗൊ*’ ഈ സ്ഥാനം ഉറപ്പിച്ചത്. ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിട്യൂട്ടിന്‍റെ സൈറ്റ്‌സ്ആന്‍ഡ്‌സൗണ്ട്‌ മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലാണ് ‘വെര്‍ട്ടിഗൊ*’; ‘സിറ്റിസണ്‍ കെയിന്‍’-നെ പിന്തള്ളിയത്. കഴിഞ്ഞ അമ്പതുവര്‍ഷമായി ‘സിറ്റിസണ്‍ കെയിന്‍’ ആയിരുന്നു ഒന്നാം സ്ഥാനത്ത്‌. 1958-ലാണ് ‘വെര്‍ട്ടിഗൊ*’ പുറത്തിറങ്ങിയത്. എക്കാലത്തെയും മികച്ച ക്യാമറ ടെക്നിക്കാണ് ഹിറ്റ്ച്ച്കൊക്ക്‌ ‘വെര്‍ട്ടിഗൊ’-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ‘സൂംഇന്‍’ ടെക്നിക്കാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഫ്രഞ്ച് നോവലായ “THE LIVING AND THE DEAD നെ ആസ്പദമാക്കിയാണ് ‘വെര്‍ട്ടിഗൊ*’ നിര്‍മ്മിച്ചിരിക്കുന്നത്. ജയിംസ്സ്റ്റുവാര്‍ട്ട്, കിംനൊവാക്‌, ബാര്‍ബറബെല്‍ഗെട്സ് തുടങ്ങിയ താരനിര സിനിമയെ അനശ്വരമാക്കി. അക്രോഫോബിയ** രോഗം ബാധിച്ച ഒരു പോലീസ് ഓഫീസറുടെ കഥ പറയുന്ന വെര്‍ട്ടിഗൊ* ആഖ്യാനരീതികൊണ്ടും മനോഹരമായ ദൃശ്യഭംഗി കൊണ്ടും, പ്രേക്ഷകന് പിടികൊടുക്കാതെ മുന്നോട്ട്നിങ്ങുന്ന സസ്പെന്‍സുകൊണ്ടും മനോഹരമാണ്.

കഥാഗതി: ‘ജോണ്‍സ്കേറ്റിഫര്‍ഗുസന്‍’ സാന്ഫ്രാസിസ്ക്കോ പോലീസില്‍നിന്നും റിട്ടയര്‍ ചെയ്ത ഒരു ഓഫീസറാണ്. ജോണും സുഹൃത്തും കൂടി ഒരു ക്രിമിനലിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, സുഹൃത്തായ ഓഫിസര്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് വീണു മരിക്കുന്നു. സംഭവത്തിന്‌ ദൃക്സാക്ഷിയാവേണ്ടി വന്ന ജോണിനെയത് വിടാതെ പിന്തുടരുന്നു. അതിന്‍റെ ഫലമായി അദേഹമിപ്പോള്‍ അക്രോഫോബിയ** രോഗത്തിന് അടിമയാണ്. ഉയര്‍ന്നസ്ഥലങ്ങളില്‍ കയറാനോ അവിടുന്ന് താഴേക്ക്‌ നോക്കാനോ കഴിയില്ല. തലകറങ്ങും. തന്‍മൂലം കോണിപ്പടികളോ,കല്പ്പടവുകളോ.. കയറാന്‍ അദേഹത്തിന് കഴിയുന്നില്ല. ഡോക്ടര്‍മാരുടെ ചികത്സയൊന്നും ഒരു മാറ്റവും ഉണ്ടാക്കിയില്ല.ജോണിന്‍റെ സ്നേഹിത ‘മിട്ജിവുഡ്‌ന്‍റെ’ അഭിപ്രായത്തില്‍ അന്നത്തെ സംഭവം പോലെ എന്തെങ്കിലുമൊന്ന് വീണ്ടും ഉണ്ടായാല്‍ മാത്രമേ ഈ പേടി മാറാന്‍ പോകുന്നുള്ളൂ.

  റിട്ടയര്‍മെന്റ്‌നു ശേഷം പ്രൈവറ്റ് ഡിറ്റക്റ്റിവായി തുടരുന്ന ജോണിനെ അദേഹത്തിന്‍റെ ഒരു പരിചയക്കാരന്‍ ‘ഗവിന്‍എല്‍സ്റ്റാര്‍’ ഒരു കേസ് ഏല്പ്പിക്കുന്നു. ഗവിന്‍റെ ഭാര്യ മാഗ്ദലിനെക്കുറിച്ചുള്ള രഹസ്യങ്ങളെ ക്കുറിച്ച് അന്വേഷിക്കനായിരുന്നു അത്. ജോണ്‍; മാഗ്ദലിനെ രഹസ്യമായി പിന്തുടരുന്നു.മാഗ്ദലിന് ‘കാര്‍ലിറ്റാ വോലട്സ്’ എന്നൊരു സ്ത്രിയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതായും; ആര്‍ട്ട്‌ഗാലറിയില്ലുള്ള അവരുടെ ചിത്രത്തിനരികെ സമയം ചിലവഴിക്കുന്നതായും ജോണ്‍കണ്ടെത്തി.എന്നാല്‍ കാര്‍ലിറ്റാ; മാഗ്ദ്‌ലിന്‍റെ  മുതുമുത്തശി ആയിരുന്നുവെന്നും, അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യചെയ്തതാണെന്നും ജോണിന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ മാഗ്ദ്‌ലിന് അങ്ങനെ ഒരു മുതുമുത്തശിയുള്ളതായി അറിയില്ലെന്ന് ‘ഗവിന്‍’ പറയുന്നു, ഇത് ജോണിനെ കൂടതല്‍ കുഴപ്പത്തിലാക്കി. അയാള്‍ അവളെ വിടാതെ പിന്തുടര്‍ന്നു. സാന്‍ഫ്രാന്‍സിസ്കോ കടലിടുക്കില്‍ ചാടി മരിക്കാന്‍ ശ്രമിച്ച മഗ്ദ്‌ലിനെ ജോണ്‍രക്ഷപെടുത്തി; തന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. ജോണിനോട് പറയാതെ അവള്‍ അവിടുന്ന്പോകുന്നു. എന്നാല്‍ പിറ്റേന്ന്; തന്നെ രക്ഷിച്ചതിന് നന്ദി പറയാന്‍ മഗ്ദ്‌ലിന്‍, ജോണിന്‍റെ വീട്ടിലേക്ക് വരുന്നു. ജോണുമായി മഗ്ദ്‌ലിന് ഒരു സ്നേഹബന്ധം തോന്നുന്നു.പിന്നീടുള്ള മാഗ്ദ്‌ലിന്‍റെ യാത്രകളില്‍ ജോണും പങ്കാളിയായി.

  അവള്‍ തന്നെ വേട്ടയാടുന്ന ദു:സ്വപ്നങ്ങളും ചിന്തകളും ജോണുമായി പങ്കുവെച്ചു.അവള്‍ കാണുന്ന ദു:സ്വപ്നങ്ങളിലെ സ്ഥലം കാലിഫോര്‍ണിയായിലുള്ള ‘സാന്‍ജുവാന്‍ബാറ്റിസ്റ്റ’ ആണന്നു ജോണ്‍ മനസിലാക്കി. ആ സ്ഥലത്തിന്‍റെ പ്രത്യേകത അറിയാന്‍, അയാള്‍; അവളെയും കൂട്ടി അവിടെ പോകുന്നു. പഴയ പട്ടാളബാരക്കുകളും, ജീര്‍ണിച്ചകെട്ടിടങ്ങളും, സത്രവും, ഒരു ദേവാലയവും ആയിരുന്നു; ആ മതില്‍ക്കെട്ടിനകത്ത്‌ ഉണ്ടായിരുന്നത്. പള്ളിമുറ്റത്ത്‌ നിന്ന് അവര്‍ സംസാരിക്കുന്നതിനിടയില്‍ പെട്ടന്ന് മഗ്ദ്‌ലിന്‍ പള്ളിക്കുള്ളിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്നു വന്ന ജോണിന്; അവള്‍ പള്ളിയുടെ മണിമാളികയിലേക്കുള്ള കോണിപ്പടികള്‍ ഓടി കയറുന്നതാണ് കാണാന്‍ കഴിഞ്ഞത്. കോണിപ്പടികള്‍ കയറാനുള്ള ജോണിന്‍റെ ശ്രമം പാഴാകുന്നു. അയാളിലെ അക്രോഫോബിയ** ഉണര്‍ന്നു. തലചുറ്റലും പേടിയുമായി പടികള്‍ കയറാന്‍ കഴിയാതെ നിന്ന ജോണിന് മാഗ്ദ്‌ലിന്‍റെ നിലവിളി ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. അവള്‍ മണിമാളികയുടെ മുകളില്‍ നിന്ന് താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

 മാഗ്ദ്‌ലിന്‍റെ സംരക്ഷണം ഏറ്റെടുത്ത തനിക്ക് അവളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍  കഴിയാതെവന്നതിലുള്ള വിഷമം അയാളെ വിഷാദരോഗത്തിനു അടിമയാക്കി.അസുഖം ഭേദമായ ജോണ്‍ ഒരുദിവസം തെരുവില്‍വച്ച് അവിചാരിതമായി മാഗ്ദ്‌ലിനെപ്പോലുള്ള ഒരു സ്ത്രിയെ കണ്ടുമുട്ടുന്നു. എന്നാല്‍ താന്‍ കാന്‍സിലുള്ള ജൂഡിബോര്‍ട്ടന്‍ ആണെന്നു അവള്‍ പറഞ്ഞു. ജോണ്‍ അവളെ ഒരു ഡിന്നറിനു ക്ഷണിക്കുന്നു.ജൂഡിയ്ക്ക് മാഗ്ദ്‌ലിനുമായുള്ള അനിതരസാധാരണമായ രൂപസാദൃശ്യം ജോണില്‍ സംശയം ജനിപ്പിക്കുന്നു. കടന്നുപോയ സംഭവങ്ങളെ അയാള്‍ഒന്നുകൂടി കോര്‍ത്തിണക്കി.അവസാനം അയാള്‍ സത്യം കണ്ടെത്തി. ജൂഡിത്ത് കഴുത്തിലണിഞ്ഞിരിക്കുന്ന നെക്ലെസ്സും;മാഗ്ദ്‌ലിന്‍റെ കഴുത്തിലും അവളുടെ മുതുമുത്തശിയുടെ ഛായാപടത്തിലും കണ്ട നെക്ലെസ്സും ഒന്നാണന്നു ജോണിന് മനസിലായി. ആത്മഹത്യചെയ്ത മാഗ്ദ്‌ലിനും തന്‍റെ മുന്നിലുള്ള ജൂഡിയും; ഒരാള്‍ തന്നെയാണന്നു അയാള്‍ക്ക്മനസിലായി. അതിന്‍റെ സത്യം കണ്ടെത്താന്‍ ജോണ്‍ ശ്രമിക്കുന്നു. ജൂഡിത്തില്‍നിന്ന് തന്നെ സത്യം മനസിലാക്കാന്‍ അയാള്‍; അവള്‍ അറിയാതെ തന്നെ അവളെ പഴയ സംഭാവങ്ങളിലേക്ക് കൊണ്ടുപോകുന്നു. മരിച്ച മഗ്ദലിന്‍റെ അതെ രീതികള്‍ അയാള്‍ അവളിലേക്ക് സന്നിവേശിപ്പിക്കുന്നു.വസ്ത്രവും, മുടികെട്ടുന്ന രീതികള്‍ വരെ പഴയ രീതികളിലേക്ക് മാറ്റി. എങ്കിലും അയാള്‍ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല. മഗ്ദലിന്‍ കൊല്ലപ്പെട്ട പള്ളിമുറ്റത്തേക്ക് ജോണ്‍; ജൂഡിനെ കൊണ്ടുവന്നു. പഴയസംഭവങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. എതിര്‍ത്ത്നിന്ന ജൂഡിയെ അയാള്‍ പള്ളിക്കകത്തെക്ക് ബലമായി കൊണ്ടുപോയി; കോണിപ്പടികള്‍ കയറാന്‍ നിര്‍ബന്ധിച്ചു.

പടികള്‍ കയറാന്‍ വിസമ്മതിച്ച ജൂഡിയെ അയാള്‍; വലിച്ചിഴച്ചുമണിമാളികയുടെ മുകളില്‍ കയറ്റി. ഓരോ പടികള്‍കയറുമ്പോഴും അയാളിലെ അക്രോഫോബിയ** തലപൊക്കി;എങ്കിലുംതാന്‍ വഞ്ചിക്കപ്പെട്ടുവെന്ന ആത്മരോഷം അതിനെ കീഴടക്കി. മാഗ്ദ്‌ലിന്‍ താഴേക്കു ചാടിയ അതെസ്ഥലത്ത് വച്ച് അയാള്‍ ജൂഡിയെ ചോദ്യം ചെയ്തു.അവള്‍ക്കു എല്ലാം തുറന്നു പറയേണ്ടിവന്നു.   ജോണിന്‍റെ അക്രോഫോബിയ മുതലാക്കി സുഹൃത്ത്‌ ഗിവിന്‍ അയാളുടെ ഭാര്യ മഗ്ദലിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി അതിനായി അയാള്‍ ജൂഡിയെ വാടകയ്ക്ക് കൂട്ടി.യഥാര്‍ത്ഥ മഗ്ദ്‌ലിനെ ഒളിപ്പിച്ച് പകരം ജൂഡിയെ മഗ്ദ്‌ലിനാക്കി ജോണിന്‍റെ അടുത്തേക്കയച്ചു. ജൂഡി മണിമാളികയുടെ മുകളിലേക്ക് ഓടിക്കയറുമ്പോള്‍ മുന്‍പദ്ധതി പ്രകാരം ഗിവിന്‍ തന്‍റെ ഭാര്യയെ കൊന്ന്‌ മൃതശരീരവുമായി മുകളില്‍ കാത്തുനിന്നു. 

അക്രോഫോബിയയുള്ള ജോണ്‍ മുകളിലേക്ക് വരില്ലാന്ന് അയാള്‍ക്ക് അറിയാമായിരുന്നു.ജൂഡി മുകളില്‍ എത്തിയപ്പോള്‍ ഗിവിന്‍ മഗ്ദ്‌ലിന്‍റെ ശരീരം താഴെക്കിട്ടു. താഴെ നിന്നിരുന്ന ജോണ്‍ വീഴ്‌ചമൂലമുള്ള മരണത്തിന് സാക്ഷിയുമായി.

      സംഭവത്തിന്‍റെ സത്യാവസ്ഥ ജോണിന് മനസിലാകുന്നു.പള്ളി മണിയടിക്കാനായി കടന്നു വന്ന കന്യസ്ത്രിയെക്കണ്ട് പേടിച്ച ജൂഡി കാല്‍ വഴുതി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴെവീണു മരിക്കുന്നു.തന്‍റെ രോഗം വിട്ടുമാറിയ ജോണ്‍; മണിമാളികയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് നില്‍ക്കുന്നതായിക്കണ്ട് സിനിമ അവസാനിക്കുന്നു.

 ഒരു സംഭവത്തിലൂടെ ഉണ്ടായ ഫോബിയ സമാനമായ മറ്റൊരു സംഭവത്തിലൂടെ സുഖപ്പെടുന്നു.മനശാസ്ത്രപരമായി കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തെ വളരെ ആകാംക്ഷയോടെതന്നെ പ്രേക്ഷകനിലെത്തിക്കാന്‍ ‘ഹിറ്റ്‌ച്ച് കോക്കിന്’ കഴിഞ്ഞു.’ജോണ്‍’ എന്ന കേന്ദ്രകഥാപാത്രം; ജെയിംസ് സ്റ്റുവര്‍ട്ട്‌ന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.അക്രോഫോബിയ ബാധിച്ച ഒരാളുടെ മാനസിക വ്യവഹാരങ്ങളെ കൃത്യതയോടെ പകര്‍ത്തുന്നതില്‍ ജയിംസ് വിജയിച്ചു.’കിംനൊവാക്കും’ തന്‍റെ ഭാഗം കൃത്യമായി ഫലിപ്പിച്ചു.എന്നാല്‍ പടത്തെ മനോഹരമാകുന്നത് അതിന്‍റെ ദൃശ്യഭംഗി തന്നെയാണ്.ഓരോ ഫ്രെയിമും വളരെ സൂഷ്മതയോടെയാണ് തയ്യറാക്കിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയുടെ പ്രകൃതിഭംഗി അതി മനോഹരമായി പകര്‍ത്തിയിരിക്കുന്നു. ഓരോ സീനിലും കഥാപാത്രങ്ങല്‍ക്കൊപ്പംതന്നെ ചുറ്റുമുള്ള ദൃശ്യ ഭംഗിയും സ്ഥാനം പിടിച്ചിരിക്കുന്നു.ദൃശ്യങ്ങള്‍ക്ക്ഇത്രമേല്‍ ചാരുത നല്‍കിയ ക്യാമറമാന്‍ റോബര്‍ട്ട്‌ ബര്‍ക്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.സാങ്കേതികതയെ; കലാപരമായ ഉന്നതിയിലെത്തിക്കാന്‍ നടന്ന ശ്രമങ്ങളാണ് ‘വെര്‍ട്ടിഗൊ’-യെകാലമേറെ കഴിഞ്ഞിട്ടും, ഇന്നും; ഒന്നാം സ്ഥാനത്ത്‌ നിറുത്തുന്നത്.

 അക്രോഫോബിയ= ഉയര്‍ന്ന സ്ഥലങ്ങളോടുള്ള അകാരണമായ ഭയം.
 വെര്‍ട്ടിഗൊ= തലചുറ്റല്‍.