**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 31, 2014

സാര്‍ എനിക്കൊരു ലിഫ്റ്റ്‌ തരുമോ..?


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍         
   പുതിയ കാര്‍ വന്നതോടെ തലമുറകളായി കുടുംബത്തെ ചുമക്കുന്ന ലാമ്പിക്ക്(സ്കൂട്ടര്‍) വിശ്രമം അനുവദിച്ചു.. മുത്തച്ഛനില്‍നിന്നും അച്ഛനിലേക്കും  അവിടുന്നു എന്‍റെ കൈയ്യിലുമെത്തിയപ്പോള്‍ മൂന്നു തലമുറയുടെ ഭാരം അങ്ങേരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു.. യാത്രകളില്‍ കിടപ്പും കിതപ്പും പതിവായതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.. പഴയസ്കൂട്ടറില്‍ പതിവായി ഉന്തിയും തള്ളിയും ഇഴഞ്ഞുനീങ്ങുന്ന ഞാന്‍ കാര്‍ വാങ്ങിയതില്‍  എല്ലാവര്‍ക്കും സന്തോഷമായിരിക്കുന്നു... ഒരുകൂട്ടര്‍ക്ക് ഒഴിച്ച്... സ്കൂളിലേക്കുള്ള യാത്രയില്‍ പാതിവഴിയില്‍ പണിമുടക്കുന്ന സ്കൂട്ടറിനെ തള്ളാന്‍ എന്നോടൊപ്പം കൂടുന്ന എന്‍റെ കൊച്ചുശിഷ്യഗണങ്ങള്‍ക്ക് കാറിന്‍റെ വരവ് നിരാശയാണ് ഉണ്ടാക്കിയത്... അപ്പൊ മാഷിനി സ്കൂട്ടര്‍ കൊണ്ടിവരില്ലേയെന്ന അവരുടെ ചോദ്യത്തില്‍ നിരാശ നിഴലിച്ചു നിന്നിരുന്നു.. ഇനി ഞങ്ങള്‍ ആരുടെ സ്കൂട്ടറാണ് ഉന്തുകയെന്നാണ് അവരെന്നോട് ചോദിക്കാതെ ചോദിച്ചത്... അവരുടെ വിഷമം മാറ്റാന്‍ എല്ലാവര്‍ക്കുമൊരു ലഡു വിതരണം നടത്തി.....  കാര്‍ വാങ്ങിതോടെ ആളുകളെ കാണിക്കാന്‍ ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെ ധാരാളം സഞ്ചാരങ്ങള്‍ സംഘടിപ്പിക്കേണ്ടിവന്നു . ബന്ധുവീടുകളില്‍ കാറുമായി പതിവില്ലാത്ത ദര്‍ശനങ്ങളും നടത്തി... വിദേശത്തുള്ളവരെ ഫോണിലൂടെയാണ് വിവരം ധരിപ്പിച്ചത്.. അവധി ദിവസങ്ങളില്‍ നായരുടെ ചായക്കടയുടെ മുന്നില്‍ നിറുത്തിയിടുന്ന കാറില്‍ ചാരിനിന്നാണ് ഞാന്‍ പത്രം വായിക്കുക... കാറിന്‍റെ നിറം വെള്ളയായതിനാണ് ചിലര്‍ക്ക് പ്രശ്നം; ചുമപ്പായിരുന്നുപോലും  എടുപ്പ്.. വൈകുന്നേരം വായനശാലയ്ക്ക് മുന്നിലും കാറിന്‍റെ പ്രദര്‍ശനം സംഘടിപ്പിച്ചു... ആരും നഖംകൊണ്ട് പോറരുതെന്ന്  നിര്‍ദേശംനല്‍കിയാണ്‌ കുട്ടികളെ  അടുത്തേയ്ക്ക് വരാന്‍ അനുവദിച്ചത്...
  ഗംഭീരമായ ഓട്ടപ്രദക്ഷണം നടത്തിയതിനാല്‍ രണ്ടാമത്തെമാസംത്തന്നെ മൂന്നാമത്തെ സര്‍വിസിനു കണ്ണൂരിലെ പോപ്പുലര്‍ സര്‍വിസ് സെന്‍ററില്‍ എത്തിയിരിക്കുകയാണ്... എല്ലാംകഴിഞ്ഞു വണ്ടികിട്ടാന്‍ അഞ്ചുമണിയാകും. അതുകൊണ്ട് കളക്ട്രേറ്റില്‍ തീര്‍ക്കാനുള്ള ചെറിയ ആവശ്യങ്ങളുമായി അങ്ങോട്ടുപോയി... അഞ്ചുമണിക്ക് വണ്ടി റെഡി... ഏതായാലും വൈകി... ഇനിയിപ്പോ ഒരു സിനിമയുംകൂടി ആയാലോ... താമസിച്ചേ വരികയുള്ളൂവെന്നു വീട്ടില്‍ അറിയിച്ചശേഷം നേരെ തിയേറ്ററിലെക്ക് വിട്ടു.. ദൃശ്യം സിനിമയാണ് കണ്ടത്... ഒരു കള്ളം പറഞ്ഞാല്‍ എങ്ങനെ അതിനെ സ്ഥാപിച്ചെടുക്കാമെന്ന് പഠിച്ചു... സിനിമ കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. നേരം രാത്രിയായിരിക്കുന്നു. ഇനിയിപ്പോ നല്ല തട്ടുഭക്ഷണംതന്നെ കഴിക്കാം... തട്ടുകടകളുടെ വിഹാരകേന്ദ്രമായ കാള്‍ട്ടക്സിലെക്ക് വണ്ടിവിട്ടു.. ചിരട്ടപ്പുട്ടും, മുളംകുറ്റിപ്പുട്ടും വാഴയിലയിലങ്ങനെ അടുങ്ങിയിരിക്കുന്നു.. ദോശക്കല്ലിലെക്ക് വീഴുന്ന മാവ് അപ്പങ്ങളായി മാറുന്നു.. ചിക്കന്‍ കറിയും, ബീഫ് ഒലത്തിയതും, മട്ടന്‍ ചാപ്സുമൊക്കെ ആവിപറക്കുന്ന പരുവത്തില്‍ റെഡിയായങ്ങനെ ഇരിക്കുന്നു.. ആമാശയമുള്ള ഏതു ബലവാനും ബലഹീനനാവുന്ന ദൃശ്യം... നല്ലൊരു പിടുത്തമങ്ങു പിടിച്ചു... ഗംഭീരം.. ഭക്ഷണം കഴിച്ചുകൈകഴുകി; ഇനി പതുക്കെ വീട്ടിലേക്ക് തിരിക്കാം.... റോഡിലാണേല്‍ തിരക്കൊന്നുമില്ല ഒരു സുഖഡ്രൈവ് നടത്തിക്കളയാമെന്ന വിചാരത്തില്‍ ഡോറുതുറന്നതേയുള്ളൂ ഒരാള്‍ അടുത്തെത്തി.. കണ്ണടധരിച്ച ഒരപരിചിതന്‍. ചെറിയൊരു ബാഗ് തോളിലും, ഒരു ട്രാവല്‍ ബാഗ് കൈയ്യിലും പിടിച്ചിരിക്കുന്നു. ഒരു പരിചയവും ഇല്ല... വണ്ടിയ്ക്കകത്തു കയറാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി സാര്‍,,, ശെടാ ഇവനേതാ ,ഏതെങ്കിലും സ്കൂളിലെ വാധ്യാരായിരിക്കുമോ... ഇനിയിപ്പോ ചിലപ്പോ  അസോസിയേഷനില്‍ വെച്ചുള്ള പരിചയമായിരിക്കണം..നാശം പണിയായല്ലോ...
  ‘ആരാ എനിക്ക് മനസിലായില്ല..’
 ‘സാര്‍ എന്‍റെ പേര്‍ വേണുഗോപാല്‍ ഏറണാകുളത്തുനിന്നു വരികയാണ്,,,  വീടു മാനന്തേരിയാണ്,  സാര്‍ കൂത്തുപറമ്പ് വഴിയാണ് പോകുന്നതെങ്കില്‍ അവിടെവരെ എനിക്കൊരു ലിഫ്റ്റ്‌ തരുമോ.. സമയം വൈകിയതിനാല്‍ ഇനി അങ്ങോട്ടു ബസില്ലാത്തതുകൊണ്ടാണ്..’
  എനിക്ക് പോകേണ്ടത് ആ വഴിതന്നെയാണെങ്കിലും രാത്രിയില്‍ അപരിചിതരേ വണ്ടിയില്‍ കയറ്റാന്‍ ഒരു പേടി, പോരെങ്കില്‍ ഞാന്‍ ഒറ്റയ്ക്കേയുള്ളൂതാനും..അതുകൊണ്ട് ഈ കുരിശ് ഒഴിവാക്കാന്‍ തീരുമാനിച്ചു.. “”””””അയ്യോ ഞാന്‍ മട്ടന്നൂര്‍ വഴിക്കാണല്ലോ പോകുന്നത്.. സോറി ഡിയര്‍..............”
 നൊ പ്രോബ്ലം സാര്‍ ...
   ശരി ശരി,,,,,, ഭാഗ്യം... കേസ്കെട്ട് ഒഴിവായി. വണ്ടിയെടുത്തു മുന്നോട്ട് പോന്നു.. പക്ഷെ ഉള്ളില്‍ എന്തോ ഒരു സുഖക്കുറവ്; എന്നാലും അതു ശരിയായോ വിദ്യാധരാ..? ഉള്ളിലിരുന്ന്‍ ആരോ ചോദിക്കുന്നു.. ഈ രാത്രി അയാള്‍ക്ക് തെരുവില്‍ കഴിയേണ്ടിവന്നാല്‍ നിനക്കതില്‍ ഉത്തരവാദിത്തമില്ലേ വിദ്യാധരാ.??. നിനക്കും ഇതേ സാഹചര്യം വന്നിട്ടില്ലേ,????, അതു നീ മറന്നോ..??? .ഉള്ളിലെ ശബ്ദം വീണ്ടുംവീണ്ടും പറയുന്നു..തിരിച്ചു പോകൂ... തിരിച്ചുപോയി അയാളെ കൂട്ടി വാ..  താണയിലെത്തിയ ഞാന്‍ വണ്ടിതിരിച്ചു വീണ്ടും കാള്‍ട്ടകസ് ജങ്ങ്ഷനിലേക്ക് വിട്ടു... അയാള്‍ അവിടെത്തന്നെയുണ്ട്.. വരുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നുണ്ട്... പോകണോ.. വീണ്ടും ഒരു സംശയം... വിദ്യാധരാ ചെല്ലൂ അയാളെ വിളിക്കൂ.. ഉള്ളില്‍നിന്നും വീണ്ടും പറയുന്നു...ഞാനയാളുടെ അടുത്തേയ്ക്ക് ചെന്നു.. ‘ഇതുവരെ വണ്ടിയൊന്നും കിട്ടിയില്ലേ....’. ‘ഇല്ല രാത്രി യായില്ലേ;പോരാത്തതിനു  അതുവഴി വാഹനങ്ങളും കുറവാണ്..’ അയാള്‍ പറഞ്ഞു...
  ‘വരൂ; എന്‍റെകൂടെ പോകാം.. ഞാനും ആ വഴിയാ പോകുന്നത്  രാത്രിയായതിനാലും പരിചയം ഇല്ലാത്തതിനാലുമാണ് വഴി മാറ്റിപ്പറഞ്ഞത്. ക്ഷമിക്കണം.....’
 ‘ഓ അതു സാരമില്ല ആര്‍ക്കണേങ്കിലും അങ്ങനെയേ തോന്നൂ..ഏതായാലും ഭഗവാന്‍ കാത്തു..”
ഞങ്ങള്‍ ഒരുമിച്ച് യാത്രതുടങ്ങി... ഞാനൊരു അധ്യാപകനാണെന്നും ഇന്ന സ്കൂളിലാണ് പഠിപ്പിക്കുന്നതുമൊക്കെ പറഞ്ഞു .. അദേഹം ഇപ്പോള്‍ എറണാകുളത്ത് ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നു.. ഇതിനിടയില്‍ അയാള്‍ ഒരു കാര്യം എന്നോട് ചോദിച്ചു.. ‘എന്തുകൊണ്ടാണ് മാഷേ എന്നെ ഒഴിവാക്കിപ്പോയ നിങ്ങള്‍ തിരിച്ചുവന്നുവീണ്ടും  എന്നെ വിളിച്ചുകയറ്റിയത്.. എന്താണതിന്‍റെ പ്രേരണ..’
   ഞാന്‍ അതിനുള്ളകാരണം പറഞ്ഞു.. പഠനംകഴിഞ്ഞ് ഒരു ജോലിക്കുവേണ്ടി അലഞ്ഞ നാളുകള്‍.. പത്രങ്ങളിലെ ക്ലാസ്സിഫൈഡ് കോളങ്ങളിലെ ജോലിയൊഴിവ് വിലാസങ്ങളില്‍ സ്ഥിരമായി ബയോഡേറ്റ അയക്കുന്ന കാലം.. അങ്ങനെയൊരുദിവസം  പതിനായിരംരൂപവരെ മാസം  സമ്പാദിക്കാവുന്ന ഒരു ജോലിയുടെ ഇന്റെര്‍വ്യൂ കാര്‍ഡ് വന്നിരിക്കുന്നു... സന്തോഷംകൊണ്ട് മതിമറന്നുപോയി. ഗുരുവായൂരില്‍വെച്ചാണ്‌ ഇന്റെര്‍വ്യൂ,, സമയവും സ്ഥലവും വഴികളും എല്ലാം കാര്‍ഡിലുണ്ട്.. അച്ഛനോട്ചിലവുകാശുംവാങ്ങി തലേദിവസമേ ഗുരുവായൂര്‍ക്ക് വണ്ടികയറി. വൈകുന്നരമായപ്പോള്‍ അവിടെയെത്തി  ഒരു ലോഡ്ജില്‍ മുറിയെടുത്തു.. പിറ്റേദിവസം പതിനൊന്നു മണിക്കാണ് ഇന്റെര്‍വ്യൂ.. കൃത്യസമയത്ത് ഇന്റെര്‍വ്യൂ സ്ഥലത്തെത്തി. ഞാനടക്കം ഏതാണ്ട് അന്‍പതുപേരോളമുണ്ട് പരിപാടിക്ക് .. പതിനായിരം രൂപ ശമ്പളംകിട്ടുന്ന കാര്യമല്ലേ .. പക്ഷെ ഇന്റെര്‍വ്യൂവിലാണ് ജോലിയുടെ ശരിക്കുള്ള കിടപ്പ് മനസ്സിലായത്..പുസ്തക വിലപ്നയാണ് പണി. കമ്മിഷനാണ് ശമ്പളം.. വീടുതോറും കയറിയിറങ്ങി വില്പനനടത്തണം. വണ്ടിക്കൂലി കമ്പനി തരും... ഇതിലും ഭേദം വീട്ടിലെ തെങ്ങിനു തടമെടുക്കുന്നതാണ് നല്ലതെന്ന് മനസ്സിലായതിനാല്‍  വേഗം സ്ഥലം കാലിയാക്കി.. ഇനിയിപ്പോ എത്രയുംവേഗം വീടുപിടിക്കണം.. പന്ത്രണ്ടിനു തലശ്ശേരിക്കൊരു ബസുണ്ടെന്നാണ്  സ്റ്റാന്‍ഡില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്... അതിന് ഇനിയും സമയമുണ്ട്..നല്ല ദാഹം; ശ്രീ കൃഷ്ണ കൂള്‍ബാറില്‍കയറി ഒരു ജ്യൂസ് കുടിച്ചതിനുശേഷം പൈസകൊടുക്കാന്‍ പേഴ്സ് നോക്കിയപ്പോഴാണ് ഒരു കാര്യം അറിഞ്ഞത്.. എന്നെ ആരോ പോക്കറ്റടിച്ചിരിക്കുന്നു... ഈശ്വരാ വണ്ടിക്കൂലിയടക്കം എല്ലാം പോയിരിക്കുന്നു... ഷര്‍ട്ടിന്‍റെ കീശയിയിലുള്ള പത്തുരൂപയും ഞാനുമുണ്ട് ബാക്കി... ജ്യൂസിനുള്ള അഞ്ചുരൂപയും കൊടുത്ത് ബാക്കി അഞ്ചുംവാങ്ങി, ഏതപ്പാ കോതമംഗലമെന്ന രീതിയില്‍ നടുറോഡില്‍ വട്ടംകറങ്ങി.. ജ്യൂസ് കടക്കാരനോട് വിവരം പറഞ്ഞെങ്കിലും അയാള്‍ കേട്ടഭാവം നടിച്ചില്ല.. ഇനിയെങ്ങനെ വീട്ടില്‍പോകും. എനിക്കാണേല്‍ ഇവിടെ  ആരെയും പരിചയമില്ല ആരുടെമുന്നിലും കൈനീട്ടന്‍ കഴിയുന്നുമില്ല.. നാട്ടിലേക്കുള്ള ബസുപോകാനിനി അധികനേരമില്ല... അതുകഴിഞ്ഞാല്‍ നേരിട്ടുള്ള ബസില്ല.. കൈയ്യിലിനി ബാക്കിയുള്ളത് അഞ്ചുരൂപയാണ്. ബസ്‌ സ്റ്റാന്‍ഡിലെ സിമന്റുബെഞ്ചില്‍ ഞാന്‍ പരവശനായി ഇരുന്നു... മേലാകെ വിയര്‍ത്തുകുളിച്ചിരിക്കുന്നു.. ആരോട് ചോദിച്ചാല്‍ കുറച്ചു പൈസകിട്ടും.. ചുറ്റുംനോക്കി പരിചയക്കാരായി ആരേയും കാണാനില്ല ... ബസ് പുറപ്പെടാനുള്ള സമയമാണേല്‍  അടുത്തുവരുന്നു.. എന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ല... പുറംലോകത്തിറങ്ങി പരിചയമില്ലാത്ത കാലമാണ്.. പരാതിപറയാന്‍ ഒരു പോലീസുകാരനെപോലും കാണുന്നുമില്ല.. നടുക്കടലില്‍ അകപ്പെട്ട അവസ്ഥ.. അറിയാതെ കണ്ണുനിറഞ്ഞു.. ആരുംകാണാതെ ഞാന്‍ തലതാഴ്ത്തിയിരുന്നു കരഞ്ഞു.. തോളില്‍ ഒരു തോണ്ടുകിട്ടിയപ്പോഴാണ് തല ഉയര്‍ത്തിയത്‌..  എന്‍റെ ഏങ്ങലടികള്‍ കേട്ടതുകൊണ്ടാകണം സിമന്റുബഞ്ചില്‍ അടുത്തിരുന്ന ആളാണ്‌ എന്നെ തോണ്ടിയത്.. ‘എന്തുപറ്റി എന്തിനാണ് കരയുന്നത്...’ വിവരങ്ങളെല്ലാം അയാളോട് പറഞ്ഞു.. ജോലിയന്വേഷിച്ചു വന്നതാണ്‌, പോക്കറ്റടിക്കപ്പെട്ടു, വീടുപിടിക്കാന്‍ പണമില്ല.. ബസാണേല്‍ ഇപ്പോള്‍ പോകും.. അയാള്‍ എന്‍റെ വിഷമങ്ങളെല്ലാം കേട്ടൂ.. ഒടുവില്‍ കീശയില്‍നിന്നും ഒരു നൂറുരൂപാ നോട്ടെടുത്ത് എനിക്കു നേരെനീട്ടി.. ഞാന്‍ അന്ധാളിച്ചു പോയി, പരിചയമില്ലാത്ത ഒരാള്‍...ഇത്രയും പൈസതന്നു സഹായിക്കുന്നു... ‘മടിക്കാതെ വാങ്ങിച്ചോളൂ  താങ്കളുടെ ബസ്സിപ്പോള്‍ പോകും..’.അയാള്‍ നിര്‍ബന്ധിച്ചു.  ‘നന്ദി സുഹൃത്തേ,,, ഒരുപാട് നന്ദിയുണ്ട്,, പക്ഷെ ഈ പണം ഞാന്‍ എങ്ങനെ മടക്കിത്തരും.? താങ്കളുടെ അഡ്രസ്സ് തരൂ; പണം ഞാന്‍ മണിയോര്‍ഡറായി അയച്ചുതരാം.’. ‘അതുസാരമില്ല ഇതുപോലെ ആരെങ്കിലും എന്നെങ്കിലും ഒരു സഹായത്തിനു താങ്കളുടെ മുന്നില്‍വന്നാല്‍ അവര്‍ക്കത്‌ ചെയ്തുകൊടുക്കുക അതുമതി... അതാ താങ്കളുടെ ബസ് സ്റ്റാര്‍ട്ടായി ..പൊയ്ക്കോളൂ ...’ അപരിചിതനായ നല്ല സുഹൃത്തിനെ ഓര്‍മ്മയില്‍വെയ്ക്കാന്‍ അയാളിലെ അടയാളങ്ങള്‍ക്കായി പരാതി.. ഒന്നു കണ്ടുപിടിച്ചു;അയാള്‍ ഒരു കോങ്കണ്ണനായിരുന്നു... കൈവീശി എന്നെ സഹായിച്ച ആ ദൈവത്തിനു നന്ദി പറഞ്ഞു ഞാന്‍ യാത്രയായി... അയാളെ പിന്നിടോരിക്കലും ഞാന്‍ കണ്ടിട്ടില്ല.. പക്ഷെ ആ വാക്കുകളാണ് നിങ്ങളെത്തേടിയുള്ള എന്‍റെ മടങ്ങിവരവിനു കാരണം...
  മാഷിന്‍റെ അനുഭവം എന്നെ അത്ഭുതപ്പെടുത്തുന്നു..വേണു പറഞ്ഞുതുടങ്ങി  ‘ചെയ്തുകിട്ടുന്ന ഉപകാരങ്ങള്‍ പലരും പിന്നീട് ഓര്‍ക്കാറില്ല പക്ഷെ മാഷ്‌ അതിപ്പോഴും ഓര്‍ത്തിരിക്കുന്നു. വലിയ  കാര്യമാണത്.. സംസാരിച്ചിരുന്ന്‍ സ്ഥലം എത്തിയതറിഞ്ഞില്ല മാനന്തേരിയായി... ദേ ആ വളവിലാണ് എനിക്ക് ഇറങ്ങേണ്ടത്,,, പണ്ട് ഇവിടൊരു അപകടം നടന്നിരുന്നു മാഷിനു ഓര്‍മ്മയുണ്ടോ അത്’ .. ‘ഉവ്വ് പട്ടുവം ഡി.എസ്.എസ് സിസ്റ്റെര്സ് സഞ്ചരിച്ച വാന്‍മറിഞ്ഞ് മദര്‍ പേട്ര യടക്കം മൂന്നുപേര്‍ മരിച്ച സംഭവമല്ലേ...’ അതേയതെ .. മദറിന്‍റെ ഫോട്ടോസ്ഥാപിച്ച സ്മൃതി മണ്ഡപത്തിനരുകില്‍ ഞാന്‍ വണ്ടിനിറുത്തി.. വേണുഗോപാല്‍ അയാളുടെ ബാഗെടുത്ത് പുറത്തിറങ്ങി.. എന്‍റെകൂടെ ഇത്രനേരം യാത്ര ചെയ്ത ആ നല്ല സുഹൃത്തിനെ യാത്രയാക്കാന്‍ ഞാനും കാറില്‍നിന്നും പുറത്തേയ്ക്കിറങ്ങി.... ‘വേണു എന്‍റെ അഡ്രെസ്സ് കൈയ്യിലുണ്ടല്ലോ അല്ലേ ഇനിയും കാണണം കേട്ടോ...’
  മാഷിങ്ങു വന്നേ...
 ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു.. അയാളെന്‍റെ കൈയ്കളില്‍ പിടിച്ചു... ‘വിദ്യാധരന്‍ മാഷിനു നല്ല ഓര്‍മ്മകളുണ്ടല്ലോ.. എന്നിട്ടും എന്നെ മനസ്സിലായില്ല അല്ലേ...’
 ‘ഇല്ല ആരാണ് നിങ്ങള്‍..’.
അന്നു നിങ്ങളെ സഹായിച്ച ആ മനുഷ്യന്‍ ഞാനായിരുന്നു...
  ഒരു നിമിഷം ഞാന്‍ സ്തബ്ധനായി നിന്നുപോയി... എന്നാല്‍ പെട്ടന്ന്‍ ഞാന്‍  അയാളുടെ കണ്ണടയെടുത്തുമാറ്റി ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി... എന്‍റെ മനസ്സില്‍ സൂക്ഷിച്ച അടയാളം ഞാന്‍ ഒത്തുനോക്കി.... അതേ,,,,,,, ശരിയാണ് അതേ കോങ്കണ്ണ്‍............എന്‍റെ ഉള്ളംകാല്‍ മുതല്‍ തലവരെ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടു.. നാക്ക് ഇറങ്ങിപ്പോയ അവസ്ഥ.. വര്‍ഷങ്ങള്‍ക്ക് മുന്പ് എന്നെ സഹായിച്ച ആ നല്ല ദൈവത്തെ അവിചാരിതമായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു... ഒരു കെട്ടിപ്പിടുത്തം ..കണ്ണുകള്‍ നിറഞ്ഞതൊന്നും അറിഞ്ഞില്ല.. ഇനിയും കാണാമെന്ന ഉറപ്പോടെ ഞങ്ങള്‍ പിരിഞ്ഞു.. എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന സന്തോഷത്തോടെ ഞാന്‍ വീണ്ടും യാത്ര ആരംഭിച്ചു...

   നന്മചെയ്താല്‍ നിനക്കുള്ള സമ്മാനം നിന്നെത്തേടിവരാന്‍ സ്വര്‍ഗ്ഗം വരെയൊന്നും കാത്തിരിക്കേണ്ട... നിനക്കുള്ള സമ്മാനം ഈ ജീവിതത്തില്‍ ത്തന്നെ നിന്നെത്തേടിവരും... അതിനു കാലവും, നേരവും, ദേശവുമൊന്നും ഒരു തടസ്സമാകില്ല... അപേക്ഷകള്‍ക്കുമുന്നില്‍ ഉപേക്ഷ വിചാരിക്കാതെ സഹായഹസ്തം നീട്ടിയാല്‍ ഏതു പ്രതികൂലസാഹചര്യത്തിലും നമുക്കായി ഒരു കരം ഉയര്‍ന്നുവരും.. സംശയിക്കേണ്ട....

Wednesday, March 26, 2014

രമ്യ, നഗ്മ,---,-----, കേരളത്തിനും വേണം ഷക്കീറ


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ഗ്ലാമറും രാഷ്ട്രിയവും തമ്മില്‍ വളരെ അടുത്തിടപഴകുന്ന സാഹചര്യത്തില്‍ നല്ലൊരു ഗ്ലാമര്‍ താരത്തെ തങ്ങളുടെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഒരുമാതിരിപ്പെട്ട  വോട്ടൊക്കെ പെട്ടിയില്‍ വീഴുമെന്നു രാഷ്ട്രിയനേതാക്കള്‍ക്ക് നല്ലതുപോലെ അറിയാം... ഏതു പഴന്തുണിക്കും കുത്തുന്ന ഉറച്ച അനുയായികളും ഗ്ലാമറില്‍ വീഴുന്ന ആരാഷ്ട്രിയവാദികളും ചേര്‍ന്നാല്‍ വിജയം ഉറപ്പെന്ന ഫോര്‍മുലയിലാണ് പല താരങ്ങളും രാഷ്ട്രിയക്കാരുടെ സ്ഥാനാര്‍ഥിലിസ്റ്റില്‍ കടന്നുകൂടുന്നത്... കൈയ്യില്‍ കിട്ടുന്ന  ഏതു ചളി സാധനത്തേയും തികഞ്ഞ രാഷ്ട്രീയ ബോധമുള്ള  സ്ഥാനാര്‍ഥികളായി മുക്കിയെടുത്ത് ജനങ്ങളുടെമുന്നില്‍ കെട്ടി എഴുന്നോള്ളിക്കലാണ് പിന്നീടുള്ള പരിപാടി ..അതിനായി തുറന്ന വണ്ടിയില്‍ നല്ല ഗംഭീരന്‍ റോഡ്‌ ഷോ തന്നെ അരങ്ങേറും... ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഗ്ലാമര്‍ താരങ്ങളെ അടുത്തുകാണുന്ന ജനങ്ങള്‍ വലിയ ജയ്‌ വിളികളും മുഴക്കും.. അതില്‍ത്തന്നെ  വികാരത്തള്ളിച്ചയില്‍ പരിസരം മറക്കുന്ന ചിലര്‍ താരസ്ഥാനാര്‍ഥികളെ കെട്ടിപ്പിടിക്കാനും ഉമ്മകൊടുക്കാനും ആക്രാന്തം കാട്ടിയെന്നും വരാം.. താരാധനയില്‍ കവിഞ്ഞ് ഇതിനു യാതൊരു രാഷ്ട്രിയമാനവും ഇല്ലായെന്നുള്ളതാണ് സത്യം... നഗ്മയ്ക്ക് നേരെനടന്ന ഉമ്മകൊടുക്കല്‍ പരിപാടിയും ഇതുതന്നെയാണ് കാണിക്കുന്നത്.. തങ്ങളുടെ രാഷ്ട്രിയ വീഷണങ്ങളോ, വികസന കാഴ്ചപ്പാടുകളോപറഞ്ഞു വോട്ടുചോദിക്കാന്‍ പോയാല്‍ പച്ചതൊടുകയില്ലെന്ന തിരിച്ചറിവാണ്; രാഷ്ട്രീയ വീഷണമോ, പ്രവര്‍ത്തിപരിചയമോ ഇല്ലാത്ത ഇത്തരം ഗ്ലാമര്‍ താരങ്ങളെ കെട്ടിയിറക്കാന്‍ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്ന ഘടകം... സിനിമയില്‍ കാണിക്കുന്ന കോമഡി സീനുകള്‍ ജനസേവനത്തിനു ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി കേരളത്തിലും ഇത്തരം റോഡ്‌ ഷോകള്‍ അരങ്ങു തകര്‍ക്കുന്നു.. കാട്ടുകോഴിയുടെ സ്വഭാവമുള്ള രാഷ്ട്രീയസ്ഥാനാര്‍ഥികള്‍ക്ക് നല്ല ഒന്നാംതരം ബദല്‍ എന്നതില്‍കവിഞ്ഞ് നാടിന്‍റെ പുരോഗതിയുടെകാര്യം തതൈവ തന്നെയാകാനാണ് സാദ്ധ്യത.... കാരണം ഇത്തരത്തിലുള്ള മുന്‍ പരീക്ഷണങ്ങള്‍ എല്ലാം ചീഞ്ഞളിഞ്ഞു മുന്നില്‍ കിടപ്പുണ്ട്.. മറ്റു സാദ്ധ്യതകള്‍ ഉള്ളതുകൊണ്ട്  ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ലായെന്നു പ്രതീക്ഷിക്കാം...

      നഗ്മ മാഡത്തിനെപ്പോലുള്ള സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ വോട്ട് തെണ്ടുന്നത് കാണുമ്പൊള്‍ കൊതിയാവുന്നു... ഇവിടെ  ഈ ഓഞ്ഞ കിളവന്‍ന്മാര്‍ക്ക് മുദ്രാവാക്യം വിളിച്ചു മടുത്തു.. ഒന്നു കെട്ടിപ്പിടിക്കാനും ചുംബനപൂക്കള്‍ അര്‍പ്പിക്കാനും ഹാരാര്‍പ്പണങ്ങള്‍ നടത്താനും ഉള്ളം തുടിക്കുന്നു... പകലന്തിയോളം മുദ്രാവാക്യം വിളിച്ചു പിറകെ നടന്നാല്‍ അഞ്ഞൂറ് ഉലുവായാണ് കിട്ടുന്നത്. പിന്നെയൊരു കോണമെന്താന്നു വെച്ചാല്‍  ബീഫും പൊറോട്ടയും തൊണ്ണ നനയ്ക്കാന്‍ ഡ്രിങ്കിങ്ങ് വാട്ടറും കിട്ടുമെന്നതാണ്. അതുപോര... സമൂലമായ ഒരു മാറ്റംവേണം... ഞരമ്പില്‍ തീ പാറണമെങ്കില്‍  നഗ്മ, രമ്യ മോഡല്‍ താരങ്ങള്‍ ഇവിടെയും വേണം... പ്രവര്‍ത്തകര്‍ ഉണരാന്‍ അതാണ് ഏറ്റവും നല്ല വഴി... ഏതു കൊഞ്ഞാണന്‍ ജയിച്ചാലും നമുക്ക് കുമ്പിളില്‍ തന്നെയാണ് കഞ്ഞി അതുകൊണ്ട് നല്ല ഫിഗര് തന്നെ ജയിക്കട്ടെ... എന്‍റെ ഒരഭിപ്രായത്തില്‍  നമ്മുടെ ഷക്കീറ ചേച്ചിയെ സ്ഥാനാര്‍ഥിയാക്കണം.. ഒരു ഇന്‍ഡ്യന്‍നാഷണല്‍ ബ്രാന്‍ഡ്‌ തന്നെ ഇരിക്കട്ടെ.. പുതിയ ഗാനം ‘ലാ ല ലാ ല’ കണ്ടപ്പോള്‍ മുതല്‍ തോന്നിയ കാര്യമാണ് . കണ്ട  അണ്ടനും അടകോടനും  ലൊട്ടുലൊടുക്കിനെയുമൊക്കെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കുമ്പോള്‍ ഷക്കീറ ചേച്ചിക്ക് എന്താണ് ഒരു കുറവ്.?? വിദേശിയാണന്നതോ..??. അതൊരു പൌരത്വം എടുത്താല്‍ തീരാവുന്ന കേസേയുള്ളൂ... ഇന്ത്യാക്കാര്‍ക്ക് അമേരിക്കയില്‍ മേയറാകാമെങ്കില്; ഇന്ത്യയില്‍  എം.പി യാകാനുള്ള എല്ലാ യോഗ്യതകളും ഷക്കീറയ്ക്കുമുണ്ട്. ‘എ’ പടത്തിലെ നായികമാരേക്കാളും  ചില കൂതറ മിമിക്രിക്കാരെക്കാളും കൂടുതല്‍ കലാസാംസ്കാരിക, ജനപ്രിയ, രാഷ്ട്രിയ, മുതലാളിത്ത, തൊഴിലാളി, സ്ത്രീപുരുഷ, യുവപിന്തുണ ഷക്കീറ ചേച്ചിക്കുണ്ട്.. ഏയ്‌ ഹീറോ നായികയേക്കാള്‍ നന്നായി ഡാന്‍സും കളിക്കും.. കഴിഞ്ഞ ലോകകപ്പ്‌ കാലഘട്ടത്തിലാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്‌. വക്കാവക്കയാണ് അതിനു കാരണം. ആറ്റിലെ വെള്ളത്തില്‍ നഞ്ചുകലക്കി കൊഞ്ചിനെ പിടിച്ചിരുന്ന കാലത്ത് ജീവിതംതന്നെ മടുത്ത ഒരുപാട് യുവാക്കള്‍ വക്കാവക്ക കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അന്നേ ഞാന്‍ പുള്ളിക്കാരിയെ കേരളത്തിലെക്ക് ക്ഷണിച്ചതാണ്..  വന്നാല്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് തരമാക്കി കൊടുക്കാമെന്നും പറഞ്ഞ് ഞാനൊന്നു ട്വിറ്റി ..പക്ഷെ നിങ്ങളുടെ രാഷ്ട്രിയക്കാരുടെ കൂട്ടത്തില്‍ ഇറങ്ങിയാല്‍ ജീവന്‍ തിരിച്ചു കിട്ടുമോയെന്നാണ് പുള്ളിക്കാരി തിരിച്ചു ട്വിറ്റിയത്.. ഹേമമാലിനിയും ജയാബച്ചനുമൊക്കെ പരിക്കുകൂടാതെ പാര്‍ലമെന്റില്‍ ഇരിക്കുന്ന ഫോട്ടോ അയച്ചുകൊടുത്തിരുന്നു എന്നിട്ടും പുള്ളിക്കാരി വഴങ്ങിയില്ല; അതൊക്കെ കഴിഞ്ഞ കഥ ഇപ്പോളിതാ  ആല്‍ബവുമായി താരം നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നു.  ‘ലാ ലാ ലല ലാ.........’ എന്നാണ് പുതിയ പാട്ട്.. അതിലെ പെര്‍ഫോമന്‍സ് കണ്ടപ്പോഴേ തീരുമാനിച്ചു... പുള്ളിക്കാരി മോഡിക്കെതിരെ നിന്നാല്‍പ്പോലും വിജയിക്കും.. അടുത്ത  ലോകകപ്പിലും ചേച്ചി തകര്‍ക്കും..  പുതിയ പാട്ടുകേട്ട ഉടനെ ട്വിറ്റി  പ്ലീസ് കാം ഇവിടെ തിരഞ്ഞെടുപ്പാണ് സെലിബ്രിറ്റികള്‍ക്ക് വന്‍ ചാന്‍സാണ് .. സുരക്ഷിത മണ്ഡലംതന്നാല്‍ മത്സരിക്കാന്‍ വരാമെന്ന്  ഷക്കീര തിരിച്ചു ട്വിറ്റിയിട്ടുണ്ട്.... മാത്രമല്ല അടുത്ത ആല്‍ബം ഷൂട്ടിംഗ് കേരളത്തിലാക്കാമെന്നും സമ്മതിച്ചിട്ടുണ്ട്... പ്ലീസ്  രാഷ്ട്രീയ അണ്ണന്മാരെ നിങ്ങള്‍ക്ക്  ഇതൊരു അവസരമാണ്; ശക്കീരയെ ഇറക്കിയാല്‍ ഒരു സീറ്റ് ഉറപ്പിക്കാം... ഇനിയിപ്പോള്‍ കേരളത്തില്‍ പറ്റില്ലായെങ്കില്‍ മറ്റെവിടെയെങ്കിലും ഒരു സീറ്റ് കൊടുക്കണം.. അല്ലെങ്കില്‍ ഇവിടുന്ന്‍ ഒരു രാജ്യസഭാ സീറ്റ് കൊടുത്താലും മതി.. എന്താണ് അവര്‍ക്കൊരു കുറവ് ..നല്ല ഒന്നാംതരം അഭിനയ പ്രതിഭയാണ്... ഈ ഇട്ടാവട്ടത്തിലല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്.. പവാര്‍ പറഞ്ഞപോലെ താമസസ്ഥലത്തു വോട്ട് ചെയ്തശേഷം മഷികളഞ്ഞു ജോലിസ്ഥലത്ത് വോട്ടു ചെയ്യാന്‍ പോകേണ്ട ആവശ്യമേയില്ല; അല്ലാതെതന്നെ ജയിക്കും.. ഷക്കീര ഒരു ട്വിറ്റ് ചെയ്താല്‍ മതി ആരാധകര്‍ ഒരു മാസം മുന്നേ പോളിംഗ് ബുത്തില്‍ ക്യൂ നില്‍ക്കും. ഓരോട്ടിനു പകരം പത്തു വോട്ട് ചെയ്യാനും ആളുകള്‍ റെഡി.. ഇതുവഴി വിദേശനിക്ഷേപം ആകര്‍ഷിക്കാനും ഉപകരിക്കും.. ഇവിടെയാണേല്‍ കൊട്ടിഘോഷിച്ച എമെര്‍ജിംഗ് കേരളയില്‍ ബിരിയാണിതിന്നു പോയ ഒരുത്തനും ഈ വഴി പിന്നിട് വന്നിട്ടില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും  കോടികള്‍ തുലച്ചത് മിച്ചം... ഇനിയിപ്പോ വിദേശ നിക്ഷേപം വരാന്‍ എളുപ്പവഴി വിദേശ സ്ഥാനാര്‍ഥികളെ ജയിപ്പിക്കുക എന്നതാണ്.. ഷക്കീറ  മാഡമാണെങ്കില്‍ ലോകംമുഴുവന്‍ അറിയപ്പെടുന്ന ആളാണ്, കേരളത്തിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡറായി ജയിപ്പിച്ചുവിട്ടാല്‍  നമ്മുടെനാട്  ലോകംമുഴുവന്‍ അറിയും..അടുത്ത ആല്‍ബത്തിന് മൂന്നാറോ തേക്കടിയോ കോവളമൊ ലൊക്കേഷനാക്കിയാല്‍ വിനോദസഞ്ചാരികള്‍ പറന്നിറങ്ങും..പെട്ടെന്നൊരു പൌരത്വവും ഏതെങ്കിലും പാര്‍ട്ടിമെമ്പര്‍ ഷിപ്പും കൊടുത്താല്‍ ആളിവിടെത്തും ..നാട്ടിലെ തുക്കട സിനിമാക്കാരെയും, അടുത്തൂണ്‍ പറ്റിയ ഐ എ എസ് കാരെയും, കോളേജ്  മുതലാളിമാരേയും സ്ഥാനാര്‍ഥിയാക്കി വിയര്‍പ്പൊഴുക്കുന്നതിനേക്കാള്‍  എന്തുകൊണ്ടും ഭേദമാണ് ഷക്കീറ മാഡത്തെപ്പോലുള്ളവര്‍...
 നിറുത്തുവാണേല്‍ നല്ല ഗ്ലാമര്‍ താരങ്ങളെത്തന്നെ നിറുത്തണം.. വയസാന്‍ കാലത്ത് വിശ്രമിക്കാന്‍ വരുന്നവരെ വേണ്ടേ വേണ്ട.... തൊട്ടാല്‍ പൊട്ടുന്ന പരുവക്കാര്‍ക്ക് സീറ്റ് കൊടുക്കണം .... എങ്കിലേ അല്പസ്വല്പം ഉമ്മയൊക്കെ കൊടുക്കാന്‍ കഴിയൂ... നടന്മാരെക്കാള്‍ നടികളെ സ്ഥാനാര്‍ഥിയാക്കി നിറുത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും അതൊരു അവസരമായിരിക്കും. കെട്ടിപ്പിടിക്കാം, ചന്തിക്ക് പിടിക്കാം, ഉമ്മ കൊടുക്കാം, ഒരെതിര്‍പ്പും പേടിക്കേണ്ട; വോട്ടല്ലേ പ്രധാനം.. അച്ഛനായി, ഭര്‍ത്താവായി,കാമുകനായി  സഹോദരനായി പിന്നെ മറ്റു പലതുമായി കരുതിയാണ് പിടിച്ചത്, ഉമ്മവെച്ചത്, തോണ്ടിയത് എന്നൊക്കെ അടിച്ചുവിട്ടാല്‍ മതി..
  സ്ത്രീകളെ സ്ഥാനാര്‍ഥിയക്കുമ്പോള്‍ പരമാവധി സിനിമാക്കാരെത്തന്നെ നിറുത്തണം. അതും നല്ല ‘അടല്സ് ഒള്ളി’ പടങ്ങളില്‍ അഭിനയിച്ച താരങ്ങളെ ത്തന്നെവേണം നിറുത്താന്‍ ..പേരു കേള്‍ക്കുമ്പോള്‍ത്തന്നെ വോട്ട് വീഴും..

    സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിലെ പൊടിക്കൈകള്‍:-  സ്ഥാനാര്‍ഥി നിര്‍ണ്ണയം വരുമ്പോള്‍  ഇസങ്ങളും തത്വങ്ങളും വീഷണകോണകവുമെല്ലാം ചുരുട്ടിക്കൂട്ടി അട്ടത്തു വയ്ക്കണം ..കര്‍ഷകനോ, കര്‍ഷക തൊഴിലാളിയോ, ഫാക്ടറി തൊഴിലാളിയോ, ഓട്ടോതൊഴിലാളിയോ  തുടങ്ങി ചോരനീരാക്കി അധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട ഒന്നിനേയും  സ്ഥാനാര്‍ഥിയാക്കരുത്.. അവരെ കൊടിപിടിക്കാനും, തല്ലുകൊള്ളാനും, പോലിസിനെ എറിയാനും , ലഹള ഉണ്ടാക്കാനും മാത്രമേ ഉപയോഗിക്കാവൂ.. സ്ഥാനാര്‍ഥിയായി പരമാവധി നല്ല ചുകചുക ചുമന്ന താരങ്ങളെത്തന്നെ നിറുത്തണം.. പട്ടിണി പാവങ്ങളുടെ പ്രതിനിധിയായി നല്ല ഒന്നാംതരം കുടവയറന്മാരെത്തന്നെ നിറുത്തണം... സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന്‍ ജനനയകന്മാരായി പടപൊരുതുന്ന വ്യക്തിത്വങ്ങളെ സ്ഥാനാര്‍ഥിയാക്കുന്ന പഴയരീതി മാറ്റണം .. ആയകാലത്ത് നല്ല പൌഡര്‍ കുട്ടപ്പന്മാരായി കോട്ടും സ്യൂട്ടുംമൊക്കെ അണിഞ്ഞ് പാറിപ്പറന്നു ജീവിതം ആസ്വദിച്ചിരുന്ന   പിണ്ടങ്ങളെ വിശ്രമകാലത്ത് രാഷ്ട്രിയത്തിലേക്ക് കെട്ടിയിറക്കണം.. എന്നിട്ടു അണികളെക്കൊണ്ട് അവരെ ചുമപ്പിക്കണം.. തോറ്റാല്‍ പിണ്ടങ്ങള്‍ വന്ന വഴിയേ പൊയ്ക്കോളും; ജയിച്ചാല്‍ അഞ്ചുവര്‍ഷം ജനങ്ങളുടെ ചിലവില്‍ സുഖവാസം അതുകഴിയുമ്പോള്‍ അവരുടെ വഴിക്ക് പോകും.. രാഷ്ട്രിയമെന്തെന്നു ചോദിച്ചാല്‍ എന്‍റെ അപ്പന്‍ പണ്ട് കള്ളുഷാപ്പില്‍ കറിവെച്ചപ്പോള്‍  രാഷ്ട്രിയം പറഞ്ഞിട്ടുണ്ട് തുടങ്ങിയ കഥകള്‍ അടിച്ചുവിടുന്നവനായിരിക്കണം സ്ഥാനാര്‍ഥി. മത്സരലിസ്റ്റായാല്‍ മത സാമുദായിക ആസ്ഥാനങ്ങളില്‍ പോയി അവിടെയുള്ള ദൈവങ്ങളുടെ ഒപ്പു വാങ്ങണം.. ഈ ഒപ്പിനെയാണ്  മതേതരം എന്നു പറയുന്നത്... തുടര്‍ന്ന്‍ സ്ഥാനാര്‍ഥികള്‍ ദൈവങ്ങളുടെ കാലുനക്കല്‍ നടത്തിയിരിക്കണം.. ഇത്രയുമായാല്‍ ഗോദയിലേക്ക് ഇറങ്ങാം.. പിന്നെ നുണകള്‍ മിടുക്കോടെ അവതരിപ്പിക്കണം...  അങ്ങനെ മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോകുന്നതായിരിക്കണം നമ്മുടെ തിരഞ്ഞെടുപ്പുകള്‍.. ജയിക്കുന്ന പലര്‍ക്കും ഭാഷ അറിയാത്തതുകൊണ്ട് പാര്‍ലമെന്റില്‍ പോയിട്ടും വലിയ കാര്യമൊന്നുമില്ല.. പോയാല്‍ത്തന്നെ അവിടെക്കിടന്നു ഉറങ്ങിക്കോളും ..മാസാമാസം ശമ്പളവും ബത്തയും ഒപ്പിട്ടു വാങ്ങുന്നതുമാത്രം മുറപോലെ നടക്കും .. ഈ കൊണങ്ങളെല്ലാം വെച്ചു നോക്കുമ്പോള്‍ ഷക്കീറ മാഡം പരമയോഗ്യയാണ് വക്കാവക്കയും ലാ ലാ ലാ യും കേള്‍ക്കുമ്പോള്‍ത്തന്നെ വയറുനിറയുന്നു..  കേരളത്തിനുവെളിയില്‍ നഗ്മയെപ്പോലുള്ളവര്‍ക്ക് സീറ്റ് കൊടുക്കുമ്പോള്‍ എന്തിനാണ് കേരളത്തോട് മാത്രം ഈ അവഗണന.. എടുത്തു പറയാന്‍ ഒരു ശക്കീലയെങ്കിലും ഉണ്ടോ നമുക്ക്..? തമിഴ്നാട്ടില്‍ താരം തന്നെ ഭരിക്കുന്നു... കര്‍ണ്ണാടകത്തിനു ഒരു രമ്യയെങ്കിലും ഉണ്ട് കേരളത്തിനോ..? പരിഹാരമായി പുരുഷതാരങ്ങളെ നിറുത്തുന്നതിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല.. ഈ വിഷയത്തില്‍ സ്ത്രീശാക്തികരണമാണ് വേണ്ടത്.. ഇനിയിപ്പോ ഷക്കീറയെ നിറുത്താന്‍ താല്പര്യമില്ലെങ്കില്‍ ഷക്കീല, മറിയ, രമ്യ തുടങ്ങിയ കഴിവ് തെളിയിച്ചവരെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല.. സ്ഥാനാര്‍ഥിക്ക് രാഷ്ട്രിയ ബോധം ആവശ്യമില്ലായെന്ന് രാഷ്ട്രിയകക്ഷികള്‍ത്തന്നെ പറഞ്ഞസ്ഥിതിക്ക് ജാതിയും മതവും നോക്കിയാല്‍ മതി. അങ്ങനെ നോക്കിയാലും  ഷക്കീല മറിയ രമ്യ കണക്ക് ശരിയാണ്.. എല്ലാവര്‍ക്കും തുല്യപ്രാധാന്യം വന്ന സ്ഥിതിക്ക് സാമുദായിക സന്തുലനവും നടക്കും... വോട്ടിനു പകരം ഉമ്മ തരാം എന്നൊരു വാഗ്ദാനവും കൊടുക്കട്ടെ എപ്പോ ജയിച്ചുവെന്ന് ചോദിച്ചാല്‍ മതി...ഒരു വോട്ടിനു ഒരുമ്മ അതായിരിക്കണം മുദ്രാവാക്യം 

Sunday, March 23, 2014

റിയാലിറ്റി-ഷോയില്‍ കന്യാസ്ത്രീയുടെ തകര്‍പ്പന്‍ പ്രകടനം..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മാലതി മരംകയറാന്‍ പാടുണ്ടോ എന്നതാണ് വിഷയം... തര്‍ക്കം മുറുകുകയാണ്
  ‘എന്‍റെ ശിവനേ,,,, ഞാന്‍ എന്താ ഈ കേക്കണേ,,,,,, പെങ്കുട്യോള്‍ മരം കയറുകയോ ..നല്ല തല്ലിന്‍റെ കുറവാ...’ മുത്തശ്ശിയുടെ അഭിപ്രായം എനിക്ക് നന്നേ ബോധിച്ചു
  അമ്മാവന്‍റെ ഇളയമകള്‍ മാലതി വീട്ടുവളപ്പിലെ നെല്ലിമരത്തില്‍ കയറി നെല്ലിക്ക പറിച്ചതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കം.. അഞ്ചു നെല്ലിക്കയില്‍ മൂന്നെണ്ണം എനിക്കു തരണമെന്നുള്ള എന്‍റെ ആവശ്യം മാലതി ദയയില്ലാതെ തള്ളിയപ്പോള്‍ മാലതി മരം കയറിയെന്ന വാര്‍ത്ത‍ വീട്ടില്‍ പാട്ടാക്കി... മാലതിയെ മുത്തശ്ശി ക്രോസ് വിസ്താരം നടത്തുകയാണ്..വീട്ടില്‍ എന്നെപ്പോലുള്ള ആമ്പിള്ളേര്‍ ഉള്ളപ്പോള്‍ നിയാരടി നെല്ലിയേല്‍ കേറാനെന്ന ഭാവത്തില്‍ നമ്മളും വിസ്താരരംഗം വീക്ഷിക്കുന്നു.. ഒച്ചകേട്ട് അമ്മാവനും സ്ഥലത്ത് എത്തിയിരിക്കുന്നു.... ഇനിയിപ്പോ കുശാലായി..എന്നെ മരമാക്രിയെന്നു വിളിച്ചതല്ലേ; ഇവള്‍ക്കിട്ടു നാലെണ്ണം കിട്ടണം..
 “>>>ഇങ്ങോട്ട് മാറിനിക്കെടി അസത്തെ ..മരം കയറാനാണോടി നിന്നെ പഠിപ്പിച്ചത് ..വല്ല ആളുകളും കണ്ടാല്‍ എന്നാ വിചാരിക്കും ..മരം കേറിയാണെന്ന് അറിഞ്ഞാല്‍ നിന്നെ കെട്ടാന്‍ ഒരു ചെറുക്കനും വരില്ല പറഞ്ഞേക്കാം ..മേലാല്‍ ഇതാവര്‍ത്തിച്ചാല്‍ നിന്‍റെ കൈയ്യും കാലും ഞാന്‍ തല്ലിയൊടിക്കും പറഞ്ഞേക്കാം ...പൊയ്ക്കോ എന്‍റെ മുന്‍പില്‍ നിന്ന്...”””
ഹോ എന്തൊരു ആശ്വാസം... നല്ല അമ്മാവന്‍...
“”””അമ്മാവാ അത് അവള്‍ ഇന്നലെയും നെല്ലിയേല്‍ കേറി ,,,”””
“”നീ ഇങ്ങു വന്നേ.... ഇതൊക്കെ അവളെ പഠിപ്പിക്കുന്നത്‌ നീയാണ് എനിക്കറിയാം.. അതുകൊണ്ട് മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇരുന്നോളണം അല്ലെങ്കില്‍ നീയും മേടിക്കും പറഞ്ഞേക്കാം പൊയ്ക്കോ..””. തൃപ്തിയായി വയറുനിറഞ്ഞു.. അമ്മാവന്‍ എനിക്ക് തന്ന ഉപദേശം ആരും കാണാഞ്ഞതിനാല്‍ കുഴപ്പമില്ല..
  ചില പണികള്‍ ചിലര്‍ക്കൊന്നും പറഞ്ഞിട്ടില്ലായെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്... നമ്മുടെ ഫീല്‍ഡില്‍ മറ്റാരെങ്കിലും പണിയ്ക്കിറങ്ങിയാല്‍  യൂണിയനായി ഇടപെടുക, അല്ലേല്‍ തടസ്സപ്പെടുത്തുക ഇതൊക്കെയാണ് അതിന്‍റെ ഒരു രീതി... ഞാന്‍ അല്ലാതെ എനിക്ക് മുകളില്‍ ഒന്നിനേയും വളരാന്‍ അനുവദിക്കരുത് അതാണ്‌ നമ്മുടെ ഒരു ശൈലി... പക്ഷെ പറഞ്ഞിട്ടെന്തു കാര്യം ചിലര്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തുചെയ്യും... മിണ്ടാതിരുന്നു കാണുക അത്രതന്നെ ... അമ്മാതിരി ഒരു സംഭവം ഇറ്റലിയിലെ സിസ്സിലിയില്‍ നടന്നിരിക്കുന്നു... പുത്തന്‍ തലമുറയുടെ വെടിക്കെട്ട് രംഗമായ റിയാലിറ്റി ഷോകളില്‍ തിരുവസ്ത്രമണിഞ്ഞ സന്യാസിനികളും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു.. നാളെയിത് ഇവിടെയും ആയിക്കൂടന്നില്ല  ഫ്രീക്കുകാര്‍ ജാഗ്രതെ...  ഇറ്റലിയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോ യില്‍ ഇതാ  ഒരു കന്യാസ്ത്രീ ആടിയുംപാടിയും അരങ്ങു കൈയ്യിലെടുത്തിരിക്കുന്നു.. മതവാദികളൊന്നും ഇതുവരെ സംഭവം അറിഞ്ഞ മട്ടില്ല... അതോ ഈ മതത്തില്‍ അങ്ങനെയൊന്നും ഇല്ലേ... എങ്കില്‍ രക്ഷപെട്ടു; നല്ലൊരു ഗായികയെ ലോകത്തിനു ലഭിക്കും...

  സിസിലിയിലെ ഊര്സിലിന്‍ സിസ്റ്റെര്സ് ഓഫ് ഹോളിഫാമിലി മഠത്തിലെ സിസ്റ്റര്‍ ക്രിസ്റ്റിന സ്കൂസിയായാണ് ‘ദ വോയിസ്’ എന്ന ഇറ്റലിയാന്‍ റിയാലിറ്റി ഷോയില്‍ തന്‍റെ ഗാനങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് വിധികര്‍ത്താക്കളേയും കാണികളെയും അത്ഭുതപ്പെടുത്തിയത്... മഠത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ കഴിവിനെ പുറംലോകത്ത്‌ എത്തിച്ചതില്‍ മഠം അധികാരികളെ ബഹുമാനിക്കണം... വളരെ ദുര്‍ലഭമാണ് ഇത്തരം സംഭവങ്ങള്‍.... ഒരു യാഥാസ്ഥികമതവാദിക്ക് ഈ സംഭവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല... കാരണം നമ്മുടെ പല മതകാഴ്ച്ചപ്പാടുകളും അടച്ചുപൂട്ടിയ ചുമരുകള്‍ക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്... അവര്‍ ഇന്നതേ ചെയ്യാവൂയെന്നു നമ്മള്‍ നേരത്തെ എഴുതി വെച്ചിട്ടുണ്ട്; അതിലൊന്നും റിയാലിറ്റി ഷോയുടെ പേരുകാണില്ല... അതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യുന്നവരുടെ നാക്ക് പിഴുതെടുക്കണമെന്നുതോന്നാനും സാദ്ധ്യതയുണ്ട്.. പക്ഷെ പേടിക്കേണ്ട ഇന്ത്യയില്‍ അതുപോലുള്ള സംഭവം അടുത്ത നൂറ്റാണ്ടില്‍ പ്രതീക്ഷിച്ചാല്‍ മതി... നമ്മളിപ്പോഴും കണ്ണിനുപകരം കണ്ണ്; പല്ലിനുപകരം പല്ല് എന്ന രീതിയില്‍ത്തന്നെയാണ് ദൈവരാജ്യം സൃഷ്ടിക്കുന്നത്... ഇവിടെ ആത്മീയം ഭൌതികം എന്ന രണ്ടുതട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്.. ആത്മീയത്തില്‍ ഭൌതികമോ, ഭൌതികത്തില്‍ ആത്മീയമോ പാടില്ല എന്നാണ് നമ്മുടെ നാട്ടുരീതി... ഇമ്മാതിരി റിയാലിറ്റി ഷോകളൊക്കെ നമ്മുടെ കണ്ണില്‍ തികഞ്ഞ ലൌകികമാണ് അതുകൊണ്ട് നമ്മുടെ നാട്ടിലെ പാട്ടുകാര്‍ക്കൊന്നും ഇതുപോലുള്ള ആത്മീയ മത്സരാര്‍ത്ഥികളുടെ  ഭീഷണി അടുത്തകാലത്തൊന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ല.. നമ്മുടെ നാട്ടില്‍ സന്യാസമെന്നാല്‍  തപസ്സ്, ധ്യാനം, ഉപവാസം, പ്രാര്‍ഥന,  പൂജാദികര്‍മ്മങ്ങള്‍ തുടങ്ങിയവയിലൂടെ അടങ്ങിയൊതുങ്ങിക്കഴിയുന്ന ആര്‍ഭാടരഹിതമായ ജീവിതരീതിയാണ്‌... ഇന്ദ്രിയ നിഗ്രഹമാണ് പരമപ്രധാനം... ജന്മസിദ്ധമായ കഴിവുകളൊക്കെ പൂട്ടിക്കെട്ടി അട്ടത്തുവെച്ചുകൊള്ളണം... പ്രത്യേകിച്ചും സന്യാസിനികള്‍. കലാകായിക വിനോദങ്ങള്‍ തുടങ്ങിയവയൊക്കെ നിഷിപ്തമാണ്... പാടാന്‍ കഴിവുള്ളവര്‍ അകത്തിരുന്ന്‍ പാടിക്കോളണം; ഓടാന്‍ കഴിവുള്ളവര്‍  അടങ്ങിയിരുന്നുകൊള്ളണം.... സന്യാസമെന്നാല്‍ എല്ലാം മനപ്പൂര്‍വം അടക്കിവെയ്ക്കപ്പെടുന്നതാണന്നാണ് വെയ്പ്പ്... എന്നാല്‍  വരിഞ്ഞുമുറുക്കുന്തോറും കെട്ടുപൊട്ടാനുള്ള സാദ്ധ്യതയും കൂടുകയാണ്..... കെട്ടുപൊട്ടുന്ന ദുര്‍ബലനിമിഷത്തില്‍ പലതും സംഭവിക്കുന്നു.. പിന്നിടതൊക്കെ പുസ്തകരൂപത്തില്‍ നമ്മളും വായിക്കുന്നു... ജന്മസിദ്ധമായ കഴിവുകള്‍ ആത്മിയതയുടെ പേരില്‍ അടച്ചുപൂട്ടി നഷ്ടപ്പെടുത്താതെ അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സിസ്റ്റര്‍ക്ക് അവസരം നല്‍കിയ സഭയുടെ നിലപാട് പ്രശംസ അര്‍ഹിക്കുന്നു... കാഴ്ചപ്പാടുകളില്‍  കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ മതങ്ങള്‍ തയ്യാറാകുന്നതിന്‍റെ ലക്ഷണം കൂടിയാണിത്... സന്യാസത്തിലേക്ക് കടന്നാല്‍ തന്നിലെ കഴിവുകള്‍ കുഴിച്ചുമൂടേണ്ടിവരുമോയെന്നു ഭയക്കുന്നവര്‍ക്കും ഇതൊരു ശുഭസൂചനയാണ്.... തീര്‍ച്ചയായും മതമൌലികവാദികള്‍ ഇതിനെതിരെ രംഗത്തു വരാന്‍ ഇടയുണ്ട്.. ഇങ്ങനെയായാല്‍ ആത്മീയതയും ഭൌതികകതയും തമ്മില്‍ കൂടിച്ചേരുമെന്നും ഭാവിയില്‍ ദൈവകോപം ഉണ്ടാകാന്‍ ഇടയുണ്ടെന്നും വാദങ്ങള്‍ ഉയര്‍ന്നുവരാം... മത്സരത്തില്‍ സിസ്റ്ററുടെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെട്ടെക്കാം..എങ്കിലും ഇതൊരു തുടക്കമാണ്... ജന്മസിദ്ധമായ കഴിവുകള്‍ ദൈവത്തിന്‍റെ ഒരു വരദാനം തന്നെയാണ്  ആ കഴിവുകള്‍ അംഗികരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒരിക്കലും തെറ്റാകില്ല.. അതു മനസ്സിലാക്കി പ്രവര്‍ത്തിച്ച മഠം അധികാരികളുടെ സമീപനം നമ്മുടെ നാട്ടിലും ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്... സന്യാസം നേരിടുന്ന മതപരമായ വിലക്കുകളെക്കുറിച്ചും,സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഈ സംഭവത്തിലൂടെ സജീവമാകാന്‍ സാദ്ധ്യതയുണ്ട്.. എവിടെന്നൊക്കെ ചാട്ടവാറുകള്‍ ഉയരുമെന്നും ആരുടെയൊക്കെ പുറംപൊളിയുമെന്നും കാത്തിരുന്ന്‍ കാണാം..

Saturday, March 22, 2014

മതങ്ങള്‍ മനുഷ്യനെ തിന്നുന്നുവോ..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍       
  ഒരു ദൈവത്തിന്‍റെ ആളുകള്‍ അദേഹത്തിന്‍റെ കൈകാലുകള്‍ തകര്‍ത്തു. മറ്റൊരു ദൈവത്തിന്‍റെ ആളുകള്‍ അദേഹത്തിന്‍റെ കഞ്ഞികുടി മുട്ടിച്ചു.. ഇപ്പോഴിതാ എല്ലാവരും കൂടി ആ കുടുംബവും തകര്‍ത്തു.. മത വെറിയന്മാര്‍ കൈയ്യുംകാലും തകര്‍ത്ത തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്‍റെ ഭാര്യ സലോമി ജീവിതം അവസാനിപ്പിച്ചു കടന്നുപോയി... ഇനിയും പകതീരാത്ത മതനേതാക്കള്‍ക്ക് ഇനി സമാധാനമായി കിടന്നുറങ്ങാം.. നിങ്ങള്‍ പ്രസംഗിക്കുന്ന സ്നേഹം, കാരുണ്യം, ക്ഷമ എല്ലാം ഒരു കുടുംബത്തിന്‍റെമേല്‍ പെയ്തിറങ്ങുന്നതു കാണുമ്പൊള്‍ ഞങ്ങളുടെ ഉള്ളു കുളിരുന്നു... ഇനിയും ആ കുടുംബത്തില്‍ ജന്മങ്ങള്‍ ബാക്കിയുണ്ട്... അതുംകൂടി തുലയ്ക്കാനാണോ ഭാവം.. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.. ബൈബിള്‍ പറയുന്നു,,,  ഫരിസയരെ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറംകഴുകി വെടിപ്പാക്കുന്നു എന്നാല്‍ നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു..(ലൂക്കാ 11;39). നിങ്ങള്‍ താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെ മേല്‍ കെട്ടിയെല്‍പ്പിക്കുന്നു നിങ്ങളോ അവരെ സഹായിക്കാന്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല (ലൂക്ക് 11;46).... ഈ വചനങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നത്.???.. സമാധാനത്തിന്‍റെ മതം എന്തിനാണ് മനുഷ്യരെകൊല്ലാക്കൊല ചെയ്യുന്നത്...???.
  ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ജോസഫ്മാഷ്‌.. കുട്ടികളുടെ പഠനസിലബസിലുള്‍പ്പെട്ട ‘തിരക്കഥയുടെ രീതിശാസ്ത്രമെന്ന’ പുസ്തത്തിലെ ‘തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തലുകളെ’ന്ന പി ടി കുഞ്ഞുമുഹമ്മദിന്‍റെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ജോസഫ് മാഷ് തയ്യാറാക്കിയ ചോദ്യങ്ങളാണ് വിവാദമായത്... ചോദ്യത്തിലെ മുഹമ്മദ്‌ എന്ന പേരാണ് മതവെറിയന്മാരെ ചൊടിപ്പിച്ചത്... പ്രവാചകനിന്ദ ആരോപിച്ച് ഒരു കൂട്ടം കാപാലികര്‍ മാഷിന്‍റെ കൈകാലുകള്‍ വെട്ടിയറഞ്ഞു... സമാധാനം പ്രസംഗിക്കുന്ന ഒരു മതനേതാവും ഈ സംഭവത്തെ അപലപിച്ചില്ല; പകരം ഈ കൃത്യം ചെയ്ത കാട്ടാളന്മാര്‍ക്ക് മതത്തിനുവേണ്ടി ത്യാഗം ചെയ്തവരെന്ന ഭൂഷണം ചാര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്.. മതവെറിയന്മാരെപ്പേടിച്ച കോളേജു മാനേനജുമെന്റാകട്ടെ പ്രഫസറെ ജോലിയില്‍നിന്നും പുറത്താക്കുകയും ചെയ്തു.. എന്നാല്‍  വിവാദ ചോദ്യപ്പേറിന്‍റെ സത്യാവസ്ഥ വെളിപ്പെട്ടിട്ടും എന്തുകൊണ്ടാണ് അദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സഭാനേതൃത്വവും കോളേജ് മാനേജുമെന്റും സമ്മതിക്കാതിരുന്നത്.. സമാധാന മതത്തിലെ മതവെറിയര്‍ ജോസഫ് മാഷിന്‍റെ കൈ വെട്ടിമാറ്റിയപ്പോള്‍  കോളേജ് അധികാരികള്‍ ആ മുറിവില്‍ മരുന്നുവെച്ചു കെട്ടാന്‍ പോലും അനുവദിക്കാതെ അദ്ദേഹത്തിന്‍റെ ജോലി ഇല്ലാതാക്കി . സ്വന്തം ആലയിലെ ഒരു കുഞ്ഞാടിനെ മതകശാപ്പുകാര്‍  വാഴത്തടപോലെ വെട്ടിക്കൂട്ടിയപ്പോഴും അയാള്‍ക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറാകാതെ ഇരയുടെ ജീവിതം തന്നെ ചവിട്ടിമെതിക്കാനാണ് ഈ മഹിതജന്മങ്ങള്‍ ഉത്സാഹം കാട്ടിയത്. ഭ്രാന്തുപിടിച്ച മതവെറിയന്മാരെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല സ്വന്തം ഉള്ളിലെ മതവിഷം പുറത്തേക്ക് വമിപ്പിക്കാനും അവര്‍ക്കിത്  അത്യാവശ്യമായിരുന്നിരിക്കണം..ഇതാണോ പൌരോഹിത്യം പുറത്തുവിടുന്ന സാമാന്യ തത്വം...
      മതനിരപേക്ഷത ഊന്നിഊന്നി പ്രസംഗിക്കുന്ന അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഈ കൈവെട്ടുകേസില്‍ ഒട്ടകപക്ഷിനയമാണ് സ്വീകരിച്ചത്... മതമില്ലാത്ത ജീവന്‍ കൈപൊള്ളിച്ച സമയമായതിനാല്‍ ഈ വിഷയത്തിലൂടെ നല്ലൊരു കൈകഴുകല്‍ നടത്തി ജോസഫ് മാഷിനെ സര്‍ക്കാരും കൈവിട്ടു... മതനിന്ദ ആരോപിച്ച്  മാസ്റ്റര്‍ക്കെതിരെ പോലിസ് കേസ് എടുക്കുന്നു... മാഷിനെ കിട്ടാതിരുന്നപ്പോള്‍ മകനെ കാസ്റ്റഡിയിലെടുത്ത് കാല്‍വെള്ള അടിച്ചുപൊട്ടിച്ചു... ഗത്യന്തരമില്ലാതെ പോലീസില്‍ പിടികൊടുത്ത മാഷിനെ ഒരു രാജ്യദ്രോഹിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ജയിലില്‍ അടയ്ക്കുന്നു.. റിമാണ്ട് കാലാവധി കഴിഞ്ഞു ജാമ്യത്തില്‍ പുറത്തുവന്നു  മാസങ്ങള്‍ക്ക് ശേഷമാണ് ജോസഫ് മാഷ്‌ ആക്രമിക്കപ്പെടുന്നത് ..ജീവനു ഭീഷണി ഉണ്ടെന്നു അറിയിച്ചിട്ടും പോലിസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല.. ഇതിനിടയിലാണ് ആരോപിക്കപ്പെടുന്ന മതനിന്ദകുറ്റം നിലനില്‍ക്കുന്നില്ലായെന്ന വിധിയോടെ കോടതി ജോസഫ് മാഷിനെ വെറുതെ വിടുന്നത്... കേരളരാഷ്ട്രിയ സാംസ്കാരിക മണ്ഡലങ്ങള്‍ മതവെറിയന്മാരെ ഭയന്ന്‍ വായ്‌ മൂടി മൂലയ്ക്കിരിക്കുന്ന കാഴ്ചയും ഈ സംഭവത്തിലൂടെ കാണാന്‍ കഴിഞ്ഞു. ദൈവസ്നേഹം പ്രസംഗിക്കുന്ന ഇടയ്മാരും അവര്‍ നയിക്കുന്ന കോളേജ് മാനേജ്മെന്റും കൈകാലുകള്‍ വെട്ടിനുറുക്കപ്പെട്ട മാഷിനോട്  കരുണ കാണിക്കുമെന്നു കരുതിയവര്‍ക്കും തെറ്റി... ഉള്ള കഞ്ഞിയില്‍ പാറ്റ ഇട്ടുകൊണ്ടാണ് അവര്‍ മാഷിനോടുകരുണ കാട്ടിയത്...
     ജനങ്ങളോട് സ്നേഹവും കാരുണ്യം പ്രസംഗിക്കുന്നവര്‍ക്ക് സ്വന്തം കുഞ്ഞാടിനോടുപോലും കരുണ കാണിക്കാന്‍ കഴിയില്ലായെങ്കില്‍ എന്താണ് നിങ്ങള്‍ പ്രസംഗിക്കുന്ന ദൈവരാജ്യം... കൈവെട്ടിയ മതഭ്രാന്തന്മാക്ക് പിന്തുണ കൊടുക്കാന്‍ ജോസഫ് മാഷിനെ ജോലിയില്‍ നിന്നും പുറത്താക്കിയവര്‍ക്ക് ഒറ്റുകാരന്‍ യൂദാസിനെ കുറ്റം പറയാന്‍ എന്താണധികാരം... കൂട്ടത്തിലെ ഒരു കുഞ്ഞാടിനെ അറക്കാന്‍ കൊടുക്കുകയല്ലേ നിങ്ങളും ചെയ്തത്.. ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നത് സര്‍ക്കാരായിട്ടും  കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരുദിവസംപോലും ജോലിചെയ്യാന്‍ നിങ്ങള്‍ അദേഹത്തെ അനുവദിച്ചില്ല... മാഷിന്‍റെ ഭാര്യ സലോമി ദിവസവും പള്ളിയില്‍ വന്നിട്ടും നിങ്ങളുടെ മനസ്സ് അലിഞ്ഞില്ല... ഇത്തരത്തില്‍ കൊടിയ വിഷം മനസ്സില്‍ ചുമന്നുകൊണ്ടു നടക്കുന്ന  വെള്ളയടിച്ച കുഴിമാടങ്ങള്‍ക്ക് എങ്ങനെയാണ് ഒരു സമൂഹത്തെ നേരായ രീതിയില്‍ നയിക്കാന്‍ കഴിയുക... തങ്ങള്‍ക്ക് സിന്താബാദ്‌ വിളിക്കാന്‍ ഒരു ഗുണ്ടപ്പടയെ പോറ്റി വളര്‍ത്തുന്നതിനപ്പുറം എന്താണ് ഇതിലെ ആത്യാത്മികത.. മാഷിന്‍റെ ഭാര്യയുടെ മരണം നിങ്ങള്‍ക്ക് ആഘോഷമാക്കാം കൊഴുത്ത കാളക്കുട്ടിയെക്കൊന്ന് തിന്നുകുടിച്ച് ആഘോഷിക്കാം.. മാഷിന്‍റെ ചോരയ്ക്കായി ദാഹിച്ച മതവെറിയന്‍മ്മാരുടെ വിശപ്പുതീരാന്‍ സലോമിയുടെ മൃതദേഹവും കൊടുക്കൂ...


 ദൈവത്തെ കണ്ടെത്താന്‍ സമാധാനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ പ്രസംഗിക്കുന്ന മതനേതാക്കള്‍  എന്തുകൊണ്ടാണ് മുനുഷ്യജീവിതത്തെത്തന്നെ തല്ലിക്കെടുത്തുന്നത്... എന്തുകൊണ്ടാണ്  അക്രമത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന കാട്ടാളന്മാരെ തള്ളിപ്പറയാന്‍ സമാധാനത്തിന്‍റെ മതങ്ങള്‍ക്ക് കഴിയാത്തത്,,, മസ്തിഷ്കപ്രക്ഷാളനം ലഭിച്ച അണികളെ കൊടുവാളുമായി പറഞ്ഞുവിടുന്നതിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക... സമാധാനമാണ് മതമെങ്കില്‍ കൊലയാളികളെ തള്ളിപ്പറയാന്‍ കഴിയണം... അതല്ല മതം പറയുന്ന സമാധാനം അക്രമത്തിന്‍റെ വഴിയിലൂടെയാണെങ്കില്‍ പൌരനു അതില്‍നിന്നും സംരക്ഷണം കൊടുക്കാനും അത്തരം മതങ്ങളെ നിലയ്ക്കുനിറുത്താനും സര്‍ക്കാരുകള്‍ക്ക് കഴിയണം.. ഒരു മതം കൈവെട്ടുമ്പോള്‍  അടുത്തമതം കഞ്ഞികുടിമുട്ടിക്കുന്നു.. ജനാധിപത്യമതേതര സര്‍ക്കാരുകള്‍ നിസ്സംഗത പുലര്‍ത്തുന്നു... ജീവിക്കാനുള്ള സംരക്ഷണം പൌരന് എവിടുന്നാണ് കിട്ടുക.. കൈയ്യുംകാലും വെട്ടിനുറുക്കപ്പെട്ടു   നിസ്സഹായനായ മനുഷ്യനു തുള്ളിവെള്ളം പോലും കിട്ടരുതെന്ന്‍ ആഗ്രഹിക്കുന്ന മതനേതാക്കള്‍ ആരുടെ വക്താക്കളാണ്.. ദൈവത്തിന്റെയോ ചെകുത്താന്റെയോ....??. ഇത്തരത്തില്‍ അന്ധരെ നയിക്കുന്ന അന്ധന്മാരാണോ ജനങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നത്... എന്തുകൊണ്ടാണ് മനുഷ്യന്റെ വേദനകളും കഷ്ടപ്പാടുകളും മനസ്സിലാക്കാന്‍ മതനേതാക്കള്‍ക്ക് കഴിയാതെ പോകുന്നത്... സഹജീവിയുടെ വേദനയും കഷ്ടപ്പാടും  മനസ്സിലാവാണമെങ്കില്‍ നെഞ്ചിനകത്ത് മൂന്നക്ഷരമുള്ള ഒരു സാധനം വേണം ഹൃദയം... നിര്‍ഭാഗ്യവശാല്‍ മതങ്ങള്‍ക്ക് വേണ്ടത് ചോരയും, നീരും, പണവും,  എതിര്‍പ്പിന്‍റെ സ്വരം കാണിക്കാത്ത അനുയായികളെയും മാത്രമാണ്... മത വെറിയന്മാരുടെ ആക്രമണത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട ജൊസഫ് മാഷിന്‍റെ ജോലികൂടി കളഞ്ഞ് ആ കുടുംബത്തെ തീര്‍ത്തും തളര്‍ത്തിയത്തില്‍ മതത്തിനുള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല... സലോമിയെന്ന സ്ത്രീയുടെ മരണത്തിന്‍റെ കറ മതനേതാക്കള്‍ അണിഞ്ഞിരിക്കുന്ന മേലങ്കികളില്‍ നിന്നും അങ്ങനെയൊന്നും പോവില്ല... ഒറ്റപ്പെട്ട അവസ്ഥയില്‍ പള്ളിയും പട്ടക്കാരനും മഠവുമൊക്കെ അല്പം ആശ്വാസം ആ കുടുംബത്തില്‍ പകര്‍ന്നിരുന്നെങ്കില്‍ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നു... സ്വന്തം വിശ്വാസികള്‍ക്ക് പോലും ആത്മീയ അടിത്തറനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണിവരുടെയൊക്കെ ജോലി... ഇവര്‍ ആശ്വാസവക്കുമായി സമാധാനിപ്പിച്ചിരുന്നുവെങ്കില്‍ സലോമിയുടെ ആത്മഹത്യാ ഒഴിവാക്കാമായിരുന്നില്ലേ... സാമ്പത്തികമായി തകര്‍ന്ന കുടുംബത്തിനു താങ്ങാകാന്‍ ഒടുവില്‍ തൊഴിലുറപ്പ് ജോലിക്ക് പോലും ഇറങ്ങെണ്ടിവന്ന ഒരു കോളേജ് പ്രഫസറുടെ ഭാര്യയുടെ ഗതികേട് ഇവരാരും അറിഞ്ഞിരുന്നില്ലേ.. രണ്ടു രൂപയുടെ അരിവാങ്ങി വിശപ്പടക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരെയൊന്നു ആശ്വസിപ്പിക്കാമായിരുന്നു..
    മതത്തിന്‍റെ പേരില്‍ ആളുകളെ തമ്മില്‍ അടിപ്പിച്ചു സ്വന്തം സിംഹാസനങ്ങള്‍ ഉറപ്പിക്കുന്ന ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ എന്നു സ്വയം അവകാശപ്പെടുന്നവരെ... ഇനിയെങ്കിലും സ്വന്തം ഇരിപ്പിടങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യജീവിതങ്ങള്‍ ബാലികൊടുക്കുന്ന രീതി അവസാനിപ്പിക്കൂ... കുടുംബങ്ങളെ തകര്‍ക്കുന്ന ജീഹാദുകള്‍ നിറുത്തൂ... ദൈവം ശക്തനെങ്കില്‍ അവന്‍ സ്വയം സംരക്ഷിക്കാനും പ്രപ്താനാണ്.. സലോമിയുടെ മരണത്തിനു പ്രാശ്ചിത്തം ചെയ്യാന്‍ വൈകിയിട്ടില്ല... അവരുടെ ഭര്‍ത്താവും മക്കളും ഇപ്പോഴും സമൂഹത്തിന്‍റെയും മതനേതാക്കളുടെയും ദയ പ്രതീക്ഷിച്ചുകൊണ്ട് തെരുവില്‍ തന്നെയുണ്ട്‌ അവരെ പുനരധിവസിപ്പിക്കാനുള്ള ചുമതല ഈ സമൂഹത്തിനുണ്ട്... വിശ്വസികളുടെ പാപത്തിനു പരിഹാരം കല്‍പ്പിക്കുന്ന ആത്മീയനേതാക്കളെ നിങ്ങളുടെ പാപത്തിനു പരിഹാരം ചെയ്യേണ്ടേസമയമാണിത്.... ഇതൊരു നോമ്പുകാലാമാണ് അത്യന്തത്താഴത്തിനും, കുരിശുമരണത്തിനും ,രക്ഷകന്‍റെ ഉയര്‍പ്പിനും കാത്തിരിക്കുന്ന വിശ്വസികള്‍ക്ക് ഒരു സദ്‌വാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയാക്കൂ... ജോസഫ് മാഷിനെയും മക്കളെയും ഏറ്റെടുത്തുകൊണ്ട്... ജീവിതം തളര്‍ന്ന്‍ മരണത്തിലേക്ക് നടന്നുപോയ സഹോദരിയോട്‌ ഇനിയെങ്കിലും പ്രാശ്ചിത്തം ചെയ്യൂക..
  എനിക്ക് ദുഖമുണ്ട് സഹോദരി നിങ്ങളുടെ മരണത്തില്‍ ഞാനുള്‍പ്പെടുന്ന സമൂഹവും കുറ്റക്കാരനാണെന്നറിയാം .. ദൈവത്തിന്‍റെ പ്രതിപുരുഷന്മാരെന്ന മുഖംമൂടിയണിഞ്ഞ  വെള്ളയടിച്ച കുഴിമാടങ്ങളുടെ മഹദ് വചനങ്ങള്‍ എന്‍റെ ചെവിയില്‍ ഈയമായി ഉരുകിയൊഴിക്കപ്പെട്ട് എന്‍റെ ചെവികളെ അടച്ചുകളഞ്ഞപ്പോള്‍; ഞാന്‍ വിശക്കുന്നവരുടെ രോദനം കേട്ടില്ല...  മതഭ്രാന്തിന്‍റെ കറുത്ത മൂടുപടം എന്‍റെ കണ്ണുകളെ അന്ധമാക്കിയപ്പോള്‍ ഞാന്‍ ആരുടേയും വേദനകള്‍ കണ്ടില്ല... പ്രിയപ്പട്ട സഹോദരി ഞാനും മനുഷ്യനല്ലാതായി മാറുകയായിരുന്നു... എന്‍റെ കണ്ണുകള്‍ നിറയാനും, ചെവികള്‍ തുറക്കാനും സഹോദരി നിങ്ങളുടെ മരണംത്തന്നെ വേണ്ടിവന്നു.. മാപ്പ് .........................


Thursday, March 20, 2014

നിങ്ങള്‍ നിക്കറൂരി പിയാനോവായിച്ചാല്‍; ഞങ്ങള്‍ തൊള്ളകീറി കൂവും.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
 ഗ്രീസിലെ ഏതന്‍‌സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ANT1  ചാനലിലെ Ellada Eheis Talents  എന്ന റിയാലിറ്റി ഷോയില്‍  രണ്ടു ചെറുപ്പക്കാര്‍ തങ്ങളുടെ കഴിവ് തെളിയിച്ചത് ലിംഗം ഉപയോഗിച്ച് പിയാനോ വയിച്ചുകൊണ്ടാണ്. പരിപാടി കണ്ട  ജനക്കൂട്ടം ആര്‍ത്തുചിരിച്ചു. വിധികര്‍ത്താക്കള്‍ അന്ധാളിച്ചിരുന്നുപോയി...  പ്രസ്തുത പിയാനോ വായന  ഷോ-യ്ക്ക് വേണ്ടി നടത്തിയതാണെങ്കിലും പിന്നീടവര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയായി... ആയകാലത്ത്  കേരളരാഷ്ട്രിയത്തില്‍ ഇതുപോലുള്ള ചില വീണവായനകള്‍  നടത്തിയിരുന്ന ചിലരൊക്കെ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടു പൊതുജനത്തിനെതിരെ കേസുമായി നടക്കുകയാണ്... വാണകാലത്ത് അവിടവിടെ പോയിയിരുന്ന്‍ തിണ്ണനിരങ്ങിയ ദ്രെശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവരുന്നത് സ്വാഭാവികമാണ്. മണ്ടലത്തില്‍ ചെയ്ത ആയിരം കോടിയുടെ വികസനം മാത്രമല്ല കാച്ചിയ പാലിന്‍റെ കണക്കും, എസ് എം സും, റഷ്യന്‍ വിഷവും, ഇളനീരും, ചായകുടിക്കാന്‍ ക്ഷണിച്ചതുമൊക്കെ പുറത്തുവരുന്ന സമയം കൂടിയാണ് തിരഞ്ഞെടുപ്പ്... ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വ്രണങ്ങളും പുറത്തുവരട്ടെ എന്നാലല്ലേ നേതാക്കളുടെ അസുഖത്തിനു മരുന്നുകൊടുക്കാന്‍ ജനങ്ങള്‍ക്കു കഴിയൂ..

 കൊടകര പേരാമംഗലം വീട്ടില്‍ കുട്ടമണി വീടില്ലാതെ ഈ ലോകത്തുനിന്നും യാത്രയായി...പത്രങ്ങള്‍ക്ക് ചെറിയൊരു കോളം ന്യൂസ്.. പേരിനുമുന്നില്‍ വെയ്ക്കാന്‍  ഒരു വീട്ടുപേരുണ്ടെങ്കിലും കുട്ടമണിക്ക് വീടുണ്ടായിരുന്നില്ലായെന്നതാണ് സത്യം... എങ്കിലും ആരോടും പരിഭവം പറഞ്ഞില്ല, തള്ളപ്പെട്ട നിവേദനങ്ങളുമായി എവിടെയും സമരം നടത്തിയില്ല.. പാവപ്പെട്ടവന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നു പറയുന്ന  ആരും കുട്ടമണിയെ തിരിഞ്ഞുനോക്കിയതുമില്ല.. വീടു പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ നല്കാമെന്നേറ്റ സഹായം പ്രതീക്ഷിച്ച്  ആകെയുണ്ടായിരുന്ന മൂന്നുസെന്റ്‌ സ്ഥലത്തെ വീടും പൊളിച്ചുമാറ്റി കാത്തിരുന്ന കുട്ടമണിക്ക്  ഒടുവില്‍ വീടിനുപകരം അന്തിയുറങ്ങാന്‍ സ്ഥലം തരമായത് പഞ്ചായത്തുവക വാട്ടര്‍ ടാങ്കിനു അടിയിലാണ്... കുട്ടമണിയെ കൂടാതെ വേറെ മൂന്നു അഗതികള്‍ക്കും വാട്ടര്‍ ടാങ്ക് തന്നെയായിരുന്നു അഭയസ്ഥാനം.. സമീപത്തെ കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന കുട്ടമണി മഴയെപ്പേടിച്ചാണ് തൂണില്‍ ഉയര്‍ന്നുനില്‍ക്കുന്ന വാട്ടര്‍ ടാങ്കിനടിയിലേക്ക്  താമസം മാറ്റിയത്... ഒരു ദിവസം തന്‍റെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാമെന്ന സ്വപ്നവുമായി ഉറങ്ങാന്‍കിടന്ന കുട്ടമണി ഉറക്കമുണരാതെ മരണത്തിന്‍റെ ലോകത്തേയ്ക്ക് നടന്നുകഴിഞ്ഞു.. അങ്ങനെ സര്‍ക്കാരിന്‍റെ വാഗ്ദാനവീടുംനോക്കി ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയ കുട്ടമണി വീടില്ലാതെ വാട്ടര്‍ ടാങ്കിനടിയില്‍ കിടന്നു മരിച്ചു.. ഒടുവില്‍ നഗരസഭയുടെ ചൂളയില്‍ എരിഞ്ഞടങ്ങി... വോട്ടു തെണ്ടികള്‍ക്ക് ഒരു വോട്ടു പോയി എന്നതൊഴിച്ചാല്‍ ഇവിടെ ഒന്നും സംഭവിച്ചില്ല.... ഇങ്ങനെ എത്രയെത്ര ജന്മങ്ങള്‍ വഴിവക്കിലും കടത്തിണ്ണയിലും കിടന്നുമരിക്കുന്നു അതിലെന്തു കാര്യം എന്നുചോദിച്ചാല്‍ ഇതു തിരഞ്ഞെടുപ്പ് കാലമാണ്.. ജനത്തിനു കൊടുത്തുവെന്നുപറയുന്ന കോടികളുടെ കണക്കുകള്‍ പരസ്യപ്പെടുത്തുന്ന സമയമാണ് .നാട്ടിലാകെ വികസനം ഉണ്ടാക്കിയെന്നു അവകശപ്പെടുന്നതിനിടയില്‍ ഈ മരണത്തിനു പ്രസക്തിയുണ്ട്.... എവിടെയാണ് നിങ്ങള്‍ പറയുന്ന വികസനം... ഒരു നേരത്തെ ഭക്ഷണം കിട്ടാതെ, തല ചായ്ക്കാന്‍ ഇടമില്ലാത്ത ജനങ്ങള്‍ ഇവിടെ നരകിച്ചു മരിക്കുമ്പോള്‍ എവിടെയാണ് നിങ്ങള്‍ വികസനം ചുരത്തിയത്..  തന്‍റെ ഭരണകാലത്ത് വാരിക്കോരി നടത്തിയ വികസനങ്ങളുടെ കണക്കുപറഞ്ഞ് വോട്ട് തെണ്ടികള്‍  ഊരുച്ചുറ്റുന്ന സമയമാണിത്.. കാണാതായ മലേഷ്യന്‍വിമാനം എഴാം പേജിലുണ്ടെന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്ന മഹാപത്രത്തെപ്പോലും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്  കസേരമോഹികള്‍ അടിച്ചുവിടുന്നത്.. മണ്ഡലത്തില്‍; അയ്യായിരം കോടി വിതറിയെന്ന്‍ ഒരാള്, തിരുവനന്തപുരത്തു ഹൈക്കോടതിക്കൊരു ബഞ്ച് പണിയാന്‍ കൊടുത്തിട്ടുണ്ടെന്ന് മറ്റൊരാള്, തമിഴ്നാട്ടിലെ എക്സ്പ്രെസ്സ്-വെയുടെ ചിത്രം കാണിച്ചു അതു ഞാന്‍  ഉണ്ടാക്കിയതാണെന്ന് വേറൊരുത്തന്‍... ഇല്ലാത്ത കടല്‍ഭിത്തിക്ക് കോടികള്‍ വകയിരുത്തിയെന്നു വേറൊരാള്‍... അടുത്ത തവണ വയനാട്ടില്‍ ട്രെയിന്‍ വരുമെന്നു വേറൊരു പുരുഷു... ഇങ്ങനെ  നാട്ടില്‍വന്നിട്ടുള്ള സകല റോഡും, കലുങ്കും, പാലവും നാട്ടുകാര്‍ പിരിവെടുത്ത് ഉണ്ടാക്കിയ വെയിറ്റിംഗ്-ഷെഡ്‌ വരെ താന്‍ ഉണ്ടാക്കിയതാണെന്നാണ് സിറ്റിംഗ് സീറ്റുകാരുടെ അവകാശവാദം.. കോടികള്‍ വാരിവിതറിയിട്ടും മൂന്നുസെന്റുകാരന് തല ചായ്ക്കാന്‍ കൂരയില്ലാതെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ അന്തിയുറങ്ങി അവിടെക്കിടന്നുക്കിടന്നു മരിക്കേണ്ടിവന്നെങ്കില്‍ ഈ പറയുന്ന  വികസനം ആരുടെ ആമാശയത്തിലാണ് നടന്നത് പറയൂ,,,,,,,,,,,,,,,,,,,
     യുവരക്തങ്ങള്‍ക്ക് മുന്‍ഗണന നല്ക്കുമെന്നു പറയുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും പടുകിളവന്മാര്‍.. പെണ്ണുപിടിയും പാലുകാച്ചാലും വികസനമായി കൊണ്ടുനടക്കുന്ന മാന്യന്മാരല്ലാതെ ആണായിപ്പിറന്ന ഒരുത്തനുമില്ലേ അങ്കത്തിനിറങ്ങാന്‍.... എഴുന്നേറ്റ് നടക്കാന്‍ നാലാളുടെ സഹായംവേണ്ട നിത്യരോഗിയും പടുകിളവനുമല്ലാതെ വേറെ ചേകൊന്മാര്‍ ആരുമില്ലേ നിങ്ങളുടെ കളരിയില് അങ്കത്തിനിറങ്ങാന്‍ .... കട്ടിലില്‍ക്കിടത്തി ചുമന്ന്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വീടുവീടാന്തരം  എത്തിക്കുന്ന കാഴ്ച നയനാന്ദകരം തന്നെ.. ഇക്കാലമെത്രെയും നാട്ടില്‍ വികസനവും, രാഷ്ട്രിയ ഉദ്ദാരണവും, പ്രബുദ്ധതയും വളര്‍ത്തിയിട്ടും സ്വന്തം കൂട്ടത്തില്‍നിന്നും സ്ഥാനാര്‍ഥിയായി നിറുത്താന്‍ കൊള്ളാവുന്ന ഒരെണ്ണത്തിനെപ്പോലും വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്ത മറൊരുകൂട്ടര്‍ സിനിമാക്കാരനെയും വിദ്യാഭ്യാസക്കച്ചവടക്കരെനെയും സ്ഥാനാര്‍ഥിയാക്കുന്നു.. ആര്‍ക്ക് വേണ്ടിയെന്നു ചോദിച്ചാല്‍  പാവം ജനത്തിനുവേണ്ടിയെന്നുത്തരം.. സ്വയാശ്രയ കോളേജ് സമരത്തില്‍ കുട്ടിനേതാക്കള്‍ക്ക് തൂറൂവോളം തല്ലു വാങ്ങിക്കൊടുത്ത കോളേജ് മുതലാളിയെ വലിയനേതാക്കള്‍ സ്ഥാനാര്‍ഥിയാക്കുന്നു.. തല്ലുവാങ്ങിത്തന്ന മുതലാളിക്ക് ജയ്‌ വിളിക്കാന്‍ വിധിക്കപ്പെട്ട ധീഷണയുവത്വം... ഇന്ത്യകണ്ട ഏറ്റവും ദൂര്‍ത്തയായ രാഷ്ട്രപതിയുടെ കണക്കപ്പിള്ളയും ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്സിസ്റ്റ് മുതലാളിയുടെ മാനസപുത്രനുമായ ബ്യൂറോക്രാറ്റിനെയാണ്  തികഞ്ഞ മതേതരവാദികളും അഴിമതിരഹിതരുമായ ഒരുപക്ഷം;  ഏറണാകുളം സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് ... ഇതാണപ്പാ പുതിയ വൈരുദ്ധ്യാത്മക ഭൌതികവാദം.. സമ്മതിക്കാതെ വയ്യ,,, മറ്റവന്‍ അങ്ങനെ ചെയ്തില്ലേ അതുകൊണ്ട് ഞാന്‍ ചെയ്താല്‍ എന്താ കുഴപ്പം എന്നാണ് മറുചോദ്യം .. ചുരുക്കത്തില്‍ മറ്റവനും ഞാനും ഒരേ കണ്ടത്തില്‍ പൂട്ടുന്ന അലവലാതികള്‍ത്തന്നെയാണെന്നുള്ള സമ്മതിക്കലാണിത്.. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നമുക്ക് ഒരു മാറ്റാം ആഗ്രഹിച്ചുകൂടാ..?/
  സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരമാണ് ഏറെ രസകരം.. ജനിച്ചപ്പോള്‍ മുതല്‍ എം പി യായി കടിച്ചു തൂങ്ങിയവന്‍വരെ കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരേയൊക്കെ ഇനിയും ബി പി എല്‍ ആക്കേണ്ടിവരും.. പലരുടെ കൈയ്യിലും ആകെയുള്ളത് അന്‍പതിനയിരത്തില്‍ താഴെ രൂപമാത്രം.. കൊടികുത്തിയ വയനാടന്‍ ജന്മിയും പാലക്കാടന്‍ സ്ഥാനാര്‍ഥിയുമായ കുമാരന്‌ ആകെയുള്ളത് വെറും നാല്‍പതുകോടി മാത്രം... അമ്പതുകോടി കൊടുത്താല്‍ ഉള്ളതൊക്കെ ഇങ്ങു എഴുതി തരുമോപോലും.. പാവങ്ങളുടെ പട്ടിണിമാറ്റാന്‍ ഭക്ഷ്യസുരക്ഷാ ബില്ല് ഉണ്ടാക്കിയ ഏറണാകുളത്തിന്‍റെ കൊച്ചുമുതലാളിക്ക് ആകെയുള്ളത് ഒന്നേകാല്‍ കോടിയുടെ സ്വത്താണ്.. അപ്പന്‍റെ ചന്തിയിലെ തഴമ്പിന്‍റെ ബലത്തില്‍  എം പി യായ കോട്ടയംകാരന് കയ്യിലുള്ളത് വെറുമൊരു ഒന്നരലക്ഷം വിലയുള്ള ഒരു പാട്ടക്കാറുമാത്രം... സീറ്റിനുവേണ്ടി മാത്രം ഇപ്പറത്തുനിന്നു അപ്പുറത്തുചാടിയ കൊല്ലത്തെ ആദര്‍ശധീരന്‍റെ ആസ്തി വെറും ഒന്നേകാല്‍ കോടി മാത്രം.. പാലുകാച്ചല്‍ വീരന് കയ്യിലുള്ളത് വെറും ഇരുപതിനായിരം രൂപ മാത്രം.. അനന്തപുരിയിലെ വികസനവീരന് വെറും ഇരുപത്തിമൂന്നു കോടിയുടെ ആസ്തിയാണുള്ളത്... വടക്കുള്ള ഏഭ്യന്തരസഹയ്ക്കും കോടികള്‍ക്ക് മുകളിലാണ് ആസ്തി പറഞ്ഞിരിക്കുന്നത്.. മറ്റ് മാന്യന്മാരുടെ കണക്കുകള്‍ പിറകെ വരുന്നതേയുള്ളൂ.. ജനസേവനം വെറും നഷ്ടക്കച്ചവടം മാത്രമാണെന്നതിനു ഇനിയെന്തു തെളിവുവേണം... നമ്മളൊക്കെ ഇവിടെ അഞ്ഞൂറിന്‍റെ നോട്ടു പോക്കറ്റിലിട്ടു നടക്കുമ്പോള്‍ വെറും കോടികള്‍ മാത്രമാണ് ഈ പാവങ്ങളുടെ കൈയ്യിലുള്ളത്..
 കള്ളന്‍റെ കുമ്പസാരം പോലെയാണ് ഇവരുടെയൊക്കെ സ്വത്തു വിവരങ്ങള്‍.. കള്ളന്‍ ഇങ്ങനെ കുമ്പസരിച്ചു
അച്ചോ ഞാന്‍ ഒരു മരക്കുറ്റി മോഷ്ടിച്ചു......
വെറും മരക്കുറ്റി...???? അല്ലച്ചോ ,, 
പിന്നെ..???  അതില്‍ ഒരു കയര്‍ കെട്ടിയിരുന്നു..  അതുമാത്രമോ..???. അല്ലച്ചോ ,,
പിന്നെ..??? കയറിന്‍റെ അറ്റത്ത്‌ ഒരു പശു ഉണ്ടായിരുന്നു.. അതുമാത്രം..?? ,,അല്ലച്ചോ....
പിന്നെ?? കൂട്ടത്തില്‍ അതിന്‍റെ കിടാവും ഉണ്ടായിരുന്നു..
ഇതുപോലെയാണ് നേതാക്കളുടെ സ്വത്തു വെളിപ്പെടുത്തല്‍..കുറ്റിയുടെ വിവരമാണ് പൊതുജനം അറിയുന്നത്... അതു മഞ്ഞുമലയുടെ അറ്റം മാത്രമാണ്... തിരഞ്ഞെടുപ്പ് കമ്മിഷനും അതുമതി..
 സ്വന്തമുള്ള മൂന്നുസെന്റ്‌ സ്ഥലത്തു തലചായ്ക്കാന്‍  ചെറിയൊരു കൂരെയെന്ന സ്വപ്നം നടപ്പിലാക്കാന്‍ കഴിയാതെ, വാട്ടര്‍ ടാങ്കിനു കീഴില്‍ അന്തിയുറങ്ങി മരണത്തിലേക്ക് നടന്നുപോയ കുട്ടമണിയെ നോക്കി; കോടികളുടെ കണക്കുപറഞ്ഞ് വെളുക്കെ ചിരിച്ചുകൊണ്ട് വോട്ടു തെണ്ടിവരുന്ന എമ്പോക്കികളെ എന്തുചെയ്യണം.. കേരളത്തില്‍ ഉടനീളം ഭൂസ്വത്തുകള്‍, നഗരങ്ങളുടെ കണ്ണായ ഭാഗങ്ങളില്‍ സ്ഥലവും ഫ്ലാറ്റുകളും, ഭര്‍ത്താവിനും ഭാര്യയ്ക്കും ആഡംബരവാഹനങ്ങള്‍,  അലമാരയില്‍ കിലോകണക്കിനു സ്വര്‍ണ്ണം, ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം, വിദേശത്തും സ്വദേശത്തും വന്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മക്കള്‍,.. ഇതിനൊക്കെ പുറമേ സര്‍ക്കാര്‍ ചിലവില്‍ അടിച്ചെടുക്കുന്ന ആനുകൂല്യങ്ങള്‍ വേറെ.. കേറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാതെ വഴിയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ആശകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു കഴിയുന്ന ആയിരങ്ങളെ വിറ്റുകാശാക്കിക്കൊണ്ട് ഭൂമിയില്‍ സ്വര്‍ഗ്ഗം പണിത് സ്വയം തിന്നുകൊഴുക്കുന്ന ഇത്തരം മാടമ്പി പ്രഭുക്കളെ എങ്ങനെയാണ് ജനപ്രതിനിധികള്‍ എന്നു വിളിക്കുന്നത്‌..  ‘നാഷണല്‍ ഇലക്ഷന്‍ വാച്ച്’ ,’ ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ ഫോറം’ തുടങ്ങിയ സംഘടനകളുടെ കണക്കുപ്രകാരം  പ്രമുഖ രാഷ്ട്രിയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുപ്പതുശതമാനത്തില്‍ അധികം സ്ഥാനാര്‍ഥികളും കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ചട്ടലംഘനം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.. സംശുദ്ധഭരണം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുമ്പോള്‍ പിന്നാമ്പുറ കഥകള്‍ ഇതൊക്കെയാണ്... തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് പല്ലുതേയ്ക്കാന്‍ ടൂത്ത്‌പേസ്റ്റ്‌ കമ്പനികള്‍ പ്രത്യേക ടൂത്ത്‌പേസ്റ്റ്‌ ഉണ്ടാക്കി കൊടുക്കുന്നതിനാല്‍ ജനത്തിനു നല്ല തിളങ്ങുന്ന ചിരി ഫ്രീയായി കിട്ടുമെന്നതൊഴിച്ചാല്‍ വേറൊന്നും പ്രതീക്ഷിക്കേണ്ട...

   പാലുകാച്ചാലും, എസ് എം സും, റഷ്യന്‍ വിഷവും, മസ്ക്കറ്റ്ഹോട്ടലുമൊക്കെ തരംഗമായി വിലസുമ്പോള്‍.. ഒരു കാര്യം ഉറപ്പാണ് നിങ്ങള്‍ ലിംഗം കൊണ്ട് പിയാനോ വായിച്ചാല്‍ ഞങ്ങള്‍ തൊള്ളകീറി കൂവും... മിക്കവാറും ബട്ടണ്‍ മാറ്റി ഞെക്കുകയും ചെയ്യും... എല്ലാ വൃത്തികേടുകള്‍ക്കും  കൈയ്യടിച്ചു നിങ്ങളുടെ പിന്നിലെ നടക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ല നേതാക്കളെ... വോട്ടുചെയ്തു ജയിപ്പിച്ചുവിട്ടാല്‍ അഞ്ചുവര്‍ഷം രാജാവ് ചമഞ്ഞ് ജനത്തിനുനേരെ മുണ്ടുപൊക്കി കാണിക്കുന്ന രീതി ഇനിയുള്ള കാലം വകവെച്ചുതരാന്‍ ബുദ്ധിമുട്ടാണ്...........  

Monday, March 17, 2014

പത്മശ്രീ ആര്‍ക്ക് കൊടുക്കണം;ചെമ്മണ്ണൂരിനോ, ഷിനുവിനോ..??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
     കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍  രണ്ടു മാരത്തോണ്‍ ഓട്ടങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . ഒന്നു കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്തെയ്ക്കാണെങ്കില്‍ മറ്റൊന്ന് പാറശ്ശാലയില്‍ നിന്നും കാസര്‍ഗോടെയ്ക്കാണ് ഓടുന്നത്... കാസര്‍ഗോഡ്‌-തിരുവനന്തപുരം മാരത്തോണ്‍ ബോബി ചെമ്മണ്ണൂര്‍ നടത്തുമ്പോള്‍; പാറശ്ശാല-കാസര്‍ഗോഡ്‌ മാരത്തോണില്‍  നെയ്യാറ്റിന്‍കരക്കാരനായ ഷിനുവാണ് ഓടുന്നത്... രണ്ടു മരത്തോണുകളും ആരോഗ്യരംഗത്തു അവശതയനുഭവിക്കുന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടിയായതിനാല്‍ ഓട്ടക്കാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു..
 ചെമ്മണ്ണൂര്‍ ബോബിയുടെ മാരത്തോണിനു പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ല.. അങ്ങേരത് ആവോളം കൊടുക്കുന്നുണ്ട്... ഓട്ടം തുടങ്ങുന്നതിനു മുന്പുതന്നെ  ഇങ്ങനെ ഒരോട്ടം വരാന്‍ പോകുന്നുവെന്ന് ചാനലുകളും പത്രങ്ങളും ജനങ്ങളെ അറിയിക്കാന്‍ തുടങ്ങിയതാണ്... ഓട്ടം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഓട്ടത്തിന്‍റെയും   വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളുടെയും ദ്രെശ്യങ്ങള്‍ ചാനലുകള്‍ നമ്മളെ കാണിക്കുന്നുമുണ്ട്... സംഭവം ലോകത്തിലെ ഏറ്റവും വലിയ മാരത്തോണ്‍ ആണെന്നും, ഗിന്നസ് ബുക്കില്‍ കേറുമെന്നും, ചിപ്പ് ഘടിപ്പിച്ച ഷൂവും ധരിച്ചാണ് ആശാന്‍ ഓടുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്... പാതയോരത്തും കവലകളിലും ചെമ്മണ്ണൂരിന്‍റെ ഓട്ടം കാണാനും തലോടല്‍ ഏറ്റുവാങ്ങാനും ഓടിക്കൂടുന്ന ജനലക്ഷങ്ങളെ കാണുമ്പൊള്‍ രക്തദാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഉദ്ബുധ്തയില്‍ അഭിമാനം തോന്നുന്നു... ഒക്കെ സ്പോണ്‍സേര്‍ഡ് പരിപാടിയെന്ന് പറഞ്ഞാലും ഈ ഓട്ടം മൂലം കുറച്ചു രോഗികള്‍ക്കെങ്കിലും രക്തം കിട്ടിയാല്‍ അതൊരു നല്ല കാര്യമാണ്..
 രക്തം നല്‍കൂ ,ജീവന്‍ രക്ഷിക്കൂഎന്ന സന്ദേശവുമായാണ് ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ്‌ നിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ 600 കിലോ മീറ്റര്‍ ഓടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് സ്ഥാപിക്കുക  എന്നതും ഇതിന്‍റെ ലക്ഷ്യമാണെന്നു പറയുന്നു.... വളരെ നല്ല ആശയംതന്നെ...   ദിവസവും 50 കിലോമീറ്റര്‍ വീതം ഒടുകയാണ് ലക്ഷ്യം. അത് ഈ ഓട്ടത്തില്‍ നടക്കില്ലായെന്നു ജീവിതത്തില്‍ അല്പമെങ്കിലും ഓടിയിട്ടുള്ള എല്ലാവര്‍ക്കുമറിയാം... അതുകൊണ്ട് ആ പ്രഖ്യാപനം വിട്ടുപിടിക്കാം.. മാരത്തോണിനോടൊപ്പം ബോബി ഫാന്‍സ് ബ്ലഡ് ബേങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള മൊബൈല്‍ രജിസ്ട്രേഷന്‍ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. മരത്തോണിന് ശേഷം സംസ്ഥാനത്തെ ഓരോ ജില്ലയിലും മിതമായ നിരക്കില്‍ ജീവന്‍രക്ഷാമരുന്ന് വിതരണകേന്ദ്രവും സൗജന്യ ഭക്ഷണകേന്ദ്രവും സ്ഥാപിക്കുമെന്ന് ബോബി ചെമ്മണൂര്‍ കാസര്‍ഗോഡ്‌ വെച്ചു പറഞ്ഞിട്ടുണ്ട്.. അക്കാര്യത്തില്‍ കേരളം പ്രതീക്ഷയോടെ നോക്കുന്നു.... കേരളാ മാരത്തോണിന് ശേഷം ദുബൈയിലും അമേരിക്കയിലും ബോബി മാരത്തോണ്‍ ഉണ്ടായിരിക്കും..... കേരളം കഴിഞ്ഞാല്‍ രക്തദാനം ഏറ്റവും കുറവ് അമേരിക്കയിലും ദുബായിലുമാണ് അതുകൊണ്ട് അവിടംകൂടി ബോധവല്ക്കരിക്കലാണ് ലക്ഷ്യം.. ഇന്ത്യയിലെ മറ്റു സ്റ്റേറ്റ്കളില്‍ രക്തം ആവശ്യത്തില്‍ അധികമായതിനാല്‍ അവിടെങ്ങും ഒരു ബോധാവല്കരക്കണഓട്ടത്തിന്‍റെയും ആവശ്യമില്ലന്നാണ് ചെമ്മണ്ണൂര്‍ പറയുന്നത്... ഇക്കാര്യത്തില്‍ സ്വാമി ശരണം.
  
  ഇതു ബോബിയുടെ പരസ്യഗിമിക്ക് മാത്രമാണെന്നും അടുത്ത പത്മശ്രീയാണ് ലക്ഷ്യമെന്നും വിമര്‍ശകര്‍ പറയുന്നു.. സ്വര്‍ണ്ണക്കടയുടെ പരസ്യവും അക്കുട്ടത്തില്‍ തന്‍റെതന്നെ പരസ്യവുമാണ് ഉദേശമെന്നും ആരോപണമുണ്ട്... മറഡോണയെ സര്‍ക്കാര്‍ ചിലവില്‍ കൊണ്ടുവന്ന് ഹെലികോപ്റ്റര്‍ സര്‍വിസ് ഉത്ഘാടനം നടത്തിയ ബുദ്ധിയാണ് ഇതിനു പിന്നിലെന്നും പറയുന്നു... ഇതിലൊക്കെ സത്യമുണ്ടെങ്കിലും സ്വന്തം കീശയിലെ കാശെടുത്ത് ഒരു രക്തദാനസേനയുണ്ടാക്കാനും ഒരു ബ്ലേഡ് ബാങ്ക് രൂപികരിക്കാനും ശ്രമിക്കുമ്പോള്‍ പ്രാഞ്ചിയേട്ടനാണെങ്കിലും അതിനകത്തൊരു പുണ്യമുണ്ട്...  ഓരോ വര്‍ഷവും ‘രക്തദാനം മഹാദാനം’ എന്ന പരസ്യത്തിനുവേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കിയിട്ടും രക്തം കിട്ടാതെ ആളുകള്‍ മരിക്കുന്നു... കൈയ്യില്‍ കാശ് ഇല്ലാത്തവന്‍ രക്തത്തിനു വേണ്ടി ബ്ലഡ്ബാങ്കുകള്‍ക്ക് മുന്നിലിരുന്നു കരയുന്നു.. അപ്പോള്‍ ഒരു വ്യക്തി സ്വന്തം കീശയില്‍ നിന്നും കാശെടുത്തു ഒരു സൌജന്യ ബ്ലഡ്ബാങ്ക് രൂപികരിക്കാന്‍ മുന്നോട്ടിരങ്ങിയാല്‍ ആശാന് ഒരു പത്മശ്രീയൊക്കെ കൊടുക്കാം... അതില്‍ തെറ്റൊന്നുമില്ല... പതിവുപോലെ ജനത്തിന്‍റെ ചോര ഊറ്റിക്കുടിച്ച് തടിച്ചുതിമിര്‍ത്ത രാഷ്ട്രിയക്കാര്‍ ഇത്തരം പരിപാടികള്‍ ഉത്ഘാടിക്കാന്‍ മുന്നില്‍ കാണുന്നുണ്ട് അതുപോര;  കൂട്ടത്തില്‍ ഓടാനും ശ്രമിക്കണം.. ദുര്‍മോദസ്സോക്കെ വിയര്‍ത്തു തീരട്ടെ.. ചെമ്മണൂര്‍ മുതലാളിയുടെ ഓട്ടത്തിന് അങ്ങേരുതന്നെ ആവശ്യത്തിനു പരസ്യം കൊടുക്കുന്നതിനാല്‍ നമുക്ക് പരസ്യം അശേഷം ഇല്ലാതെ  ‘ജീവന്‍രക്ഷാ മാരത്തോണ്‍’ ഓടുന്ന നെയ്യാറ്റിന്‍കരസ്വദേശ്ശിയായ  ഷിനുവിലേക്ക് വരാം...

  ക്യാന്‍സര്‍, കിഡ്‌നി അസുഖം , ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെട്ട നിര്‍ദ്ധന രോഗികള്‍ക്ക്  അടിയന്തരശസ്ത്രക്രിയയ്ക്കുള്ള സാമ്പത്തികസഹായം ഒരുക്കുന്നതില്‍   ചെറിയൊരാശ്വാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌ ഷിനുവെന്ന ചെറുപ്പക്കാരന്‍ ജീവന്‍രക്ഷാമാരത്തോണ്‍ ഓടുന്നത്. കഴിഞ്ഞ ആറുകൊല്ലംകൊണ്ട് 12 ലക്ഷംരൂപയാണ് ഷിനു മാരത്തോണ്‍ ഓടി സ്വരൂപിച്ചത്. അത് 15 പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുകയുംചെയ്തു. ആറു മാസങ്ങള്‍ക്കുമുമ്പ്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ നിന്നും കാസര്‍കോട്‌ മഞ്ചേശ്വരം വരെ ഓടി സമാഹരിച്ച രൂപയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ബാധിതനായിക്കിടന്ന നിര്‍ദ്ധന രോഗിയായ മുപ്പത്തിയേഴുകാരന്‌ ഒരുലക്ഷം രൂപയും തിരുവനന്തപുരം ആര്‍സി സെണ്റ്ററിലെ ക്യാന്‍സര്‍ രോഗികളായ നിര്‍ദ്ധനരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ചികിത്സാസഹായവും നല്‍കി. 
ഷിനു ഇപ്പോള്‍ ഓടുന്ന  ജീവന്‍രക്ഷ മാരത്തോണിലൂടെ  സമാഹരിക്കുന്ന പണം രണ്ട്‌ ക്യാന്‍സര്‍ രോഗികള്‍ക്കും  ഹൃദ്രോഹം ബാധിച്ച ഒരാള്‍ക്കും  സഹായധനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. എറണാകുളംവരെ എത്തിയപ്പോഴേക്കും ഒന്നരലക്ഷംരൂപ പിരിഞ്ഞുകിട്ടി. ആ തുക  തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശിവാനി എന്ന ഒന്നരവയസ്സുകാരിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് നല്‍കികഴിഞ്ഞു. ബാക്കിയുള്ളവരെ സഹായിക്കാനുള്ള പണം കണ്ടെത്താനായി ഓട്ടം തുടരുന്നു.

   നിര്‍ദ്ധനരായ രോഗികളെ സഹായിക്കാനുള്ള സന്‍മനസുമായി നൂതനമാര്‍ഗ്ഗം കണ്ടെത്തി പ്രാവര്‍ത്തികമാക്കുന്ന ഈ ചെറുപ്പക്കാരന്‍ പുതുതലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ ഒരു മാതൃകയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. പക്ഷെ ഷിനുവിനെ അംഗികരിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മുടെ സാമൂഹ്യ രാഷ്ട്രിയരംഗങ്ങളും മാധ്യമരംഗവും അല്പം മടി കാണിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതു തെറ്റാകില്ല.. മാധ്യമങ്ങളില്‍ ഷിനുവിന്‍റെ മാരത്തോണ്‍ ഓട്ടത്തിന്  വലിയ കവറെജൊന്നും കിട്ടാറില്ല. ഷിനുവിന്‍റെ ഓട്ടങ്ങളില്‍ രാഷ്ട്രിയസാമൂഹ്യരംഗത്തുള്ളവരുടെ സാന്നിദ്ധ്യവും തുലോം കുറവാണ്.. എങ്കിലും കൈകൊട്ടലും ആര്‍പ്പുവിളികളും ഇല്ലാതെ ഷിനു ഓടുന്നു.. ഏതെങ്കിലും  ആശുപത്രിയില്‍ ചികല്‍സയ്ക്ക് കാശില്ലാതെ നിരാലംബരായി കിടക്കുന്ന രോഗികളുടെ രക്ഷകനായി അവര്‍ക്കുവേണ്ടി ഷിനു ഓടുന്നു.. ഒരു കയ്യടിയെങ്കിലും അദേഹത്തിന് കൊടുത്തുകൂടെ.. ഇതൊരു മഹത്തായ കാര്യമല്ലേ..? പ്രശംസകളും ബഹുമതികളും ആഗ്രഹിക്കാതെ,  ആളും ആരവവുമില്ലാതെ, മാധ്യമങ്ങളുടെ പിന്തുണയില്ലാതെ ജീവിതത്തിന്‍റെ പുറമ്പോക്കില്‍ ഉപേക്ഷിപ്പെട്ടവര്‍ക്കായി ഈ കത്തിക്കാളുന്ന ചൂടിലും കേരളം മുഴുവന്‍ ഓടുന്ന ഷിനുവിനെപോലുള്ളവരെ എന്തുകൊണ്ട് രാഷ്ട്രം ആദരിക്കുന്നില്ല... സിനിമയിലും, രാഷ്ട്രിയത്തിലും, പാട്ടിലും, ഡാന്‍സിലും, എഴുത്തിലും മറ്റു കലാകായിക സംസ്കാരിക രംഗത്തുമൊക്കെ ആദ്യം ഞാനും എന്‍റെ കുടുംബവും അതുകഴിഞ്ഞു മറ്റുള്ളവര്‍ എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകള്‍ വാരിക്കോരി കൊടുക്കാമെങ്കില്‍ മറ്റുള്ളവരുടെ ജീവനുവേണ്ടി ഓടുന്ന ഷിനുവിനെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ..?? മനുഷ്യസ്നേഹത്തെക്കാള്‍ വലിയ  സേവനമുണ്ടോ..?

  കാശുകൊടുത്തും, രാഷ്ട്രിയംകളിച്ചും നിര്‍ഗുണന്മരെ ‘ശ്രീയും’ ‘ഭൂഷനും’ ‘വിഭൂഷനും’ കൊടുത്ത് ആദരിക്കുമ്പോള്‍ ഷിനുവിനേപ്പോലുള്ളവര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു... ലാഭേച്ഛ അല്പം പോലും കൂടാതെ ജീവാകാരുണ്യരംഗത്ത് സജീവസേവനം നടത്തുന്ന ആളുകളെ മുഖ്യാധാരാസമൂഹം ഏറ്റെടുത്തു ആദരിച്ചുപ്രോത്സാഹിപ്പിച്ചെങ്കില്‍ മാത്രമേ  അതുകണ്ടുവളരുന്ന പുതുതലമുറയില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ നാമ്പുകള്‍ മുളയ്ക്കൂ.... പ്രതിഫലം ആഗ്രഹിക്കാതെ, വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കാതെ, അശരണര്‍ക്ക് വേണ്ടി, പൊരിവെയിലത്ത് ചോര നീരാക്കി നടത്തുന്ന ഓട്ടമായതിനാല്‍ ഷിനുവിന്‍റെ മാരത്തോണ്‍;   കൂലിപ്പട്ടാളത്തിന്‍റെ അകമ്പടിയോടെ നാടും നഗരവും ഇളക്കി മറിച്ചുകൊണ്ട് നടത്തുന്ന കൂലിപരസ്യഓട്ടത്തിനെക്കാള്‍  ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്നു.. ഗിന്നസ് ബുക്കില്‍ കയറിയില്ലെങ്കിലും സ്നേഹത്തിന്‍റെ  ബുക്കില്‍ ഷിനുവിന്‍റെ പേര്‍ കയറും ഉറപ്പാണ്‌... മാരത്തോണ്‍ ഓട്ടക്കാര്‍ക്ക് പത്മശ്രീ കൊടുക്കുന്നെങ്കില്‍ അത് ഷിനുവിന് കൊടുക്കട്ടെ.. അയാള്‍ക്ക് അതിനുള്ള അര്‍ഹതയുണ്ട്..


Thursday, March 13, 2014

കുട്ടിയെ എംപിയാക്കൂ; സരിതയെ ഗവര്‍ണ്ണറാക്കൂ....

  

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
 കുട്ടിയെ എംപിയാക്കൂ; സരിതയെ ഗവര്‍ണ്ണറാക്കൂ; പത്മിനിക്കൊരു   ജോലികൊടുക്കൂ........ഭയങ്കരമായ രാഷ്ട്രിയ നിരൂപണങ്ങളോ, അതിഭയങ്കരമായ വിലപേശല്‍ തന്ത്രങ്ങളോ അറിയാത്ത സാധാരണജനം ഒരിക്കലും വാര്‍ത്തകളെ ഇഴകീറി പരിശോധിക്കാറില്ല ..സത്യങ്ങള്‍ ചികഞ്ഞുകണ്ടുപിടിക്കാന്‍ ശ്രമിക്കാറുമില്ല.. ആവര്‍ത്തിച്ചു കേള്‍ക്കുന്ന നുണകള്‍ സത്യമാണെന്നു സമാധാനിക്കുകയാണ് പതിവ്...എല്ലാത്തിനും ഒരു പരിഹാരം എന്നെങ്കിലും ഉണ്ടാകുമോയെന്നാണ് അവരുടെ ചിന്ത...  

 സത്ഗുണസമ്പന്നനും, അറിവിന്‍റെ ഭണ്ടാകാരവും, സര്‍വോപരി പരിശുദ്ധനും,അഴിമതിയുടെ കറ പുരളാത്തവനുമായ ഞങ്ങളുടെ എം എല്‍ എ  ഒരുകൂട്ടം ചെറുപ്പക്കാരുടെ ഇടയില്‍പ്പെട്ടു ജീവനുവേണ്ടി യാചിക്കുന്നത് ടീവി സ്ക്രീനില്‍ കണ്ടപ്പോള്‍ അതിഭയങ്കരമായ കരച്ചില്‍ വന്നു.. യുവാക്കള്‍ പഴയതലമുറയിലെ  കുറുക്കനുംകോഴിയും കളിക്കുന്ന രീതിയില്‍ എം.എല്‍. എ വലയം ചെയ്തുകൊണ്ട്  ഓന്തിന്‍റെ  വാലേല്‍ ഓറഞ്ചുകെട്ടി എന്നു തുടങ്ങുന്ന ഗാനം പാടുകയാണുണ്ടായത്.. എന്നാല്‍ വലയത്തിനകത്തു അകപ്പെട്ട കോഴിയില്‍നിന്നും എന്നെ രക്ഷിക്കണേ എന്നെ രക്ഷിക്കണേ എന്ന പതിവ് നിലവിളിയാണ് കേട്ടത്.. ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ എടുക്കുകയല്ലേ വേണ്ടത്.....  എം.എല്‍.എ യുടെ ജീവന് ഭീഷണിയുണ്ടെന്ന് അദേഹം തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദേഹത്തെ  എം പി ആക്കണമെന്നാണ് എന്‍റെ അഭിപ്രായം ... അദേഹം അതിനു യോഗ്യനാണ്... നിയമസഭയില്‍ നിന്നും പരലമെന്റിലെക്ക് ഒരു സ്ഥലംമാറ്റം കൊടുത്താല്‍ എല്ലാ പ്രശ്നങ്ങളും അതോടെ തീരും.. എം പി ഫണ്ട്‌ കിട്ടിയാല്‍ തീരാനുള്ള പ്രശ്നമേയുള്ളൂ ഇതിലൊക്കെ... ഫണ്ടിന്‍റെ അപര്യാപ്തതയാണ് ഇത്തരം  പ്രശ്നങ്ങള്‍ക്ക് കാരണം.. സമാന ആരോപണം നേരിടുന്ന എം പി മാരൊക്കെ ഫണ്ട് വിനയോഗിച്ച് പ്രശ്നം ഇതിനകം തീര്‍ത്തുകഴിഞ്ഞു... പക്ഷെ പറ്റുകാശ് കൊടുക്കാതെ മുങ്ങിയ പതിവുകാരനെ വടുതലവത്സല നടുറോഡില്‍ മടിക്കുത്തിനു പിടിച്ചാല്‍ നിങ്ങള്‍ക്കെന്താ യുവാക്കളെ അവിടെ കാര്യമെന്നാണ് എന്‍റെ സംശയം... വയറുനിറയെ കഴിച്ച് ഒടുവില്‍ പണം കൊടുക്കാതെ മുങ്ങുന്ന എല്ലാ മന്യന്മാരെയും ഓടിച്ചിട്ടു പിടിക്കണമെന്നാണ് എന്‍റെ അഭിപ്രായമെങ്കിലും അതിനിവിടെ പോലിസൊക്കെ ഇല്ലേ... അക്കാര്യത്തില്‍ നിയമം കൈയ്യില്‍ എടുക്കുന്നത് ശരിയാണോ..??
  പണിതീരാത്ത വീടിന്‍റെ നനഞ്ഞിറങ്ങുന്ന ചുമരില്‍ ഇത്തിരി തേപ്പു നടത്തിയേക്കാമെന്ന് കരുതി ആറ്റുവാക്കത്തുനിന്ന് രണ്ടുകുട്ട മണലുവാരി പോലീസിന്‍റെ ഇടികിട്ടിയപ്പോ ഞാന്‍ എന്‍റെ എം.എല്‍.എ ഓര്‍ത്തു.. റിസര്‍വയറുകളില്‍ നിറഞ്ഞുകിടക്കുന്ന മണലിനെപ്പറ്റി അദേഹം കൊതിയോടെ സംസാരിച്ചപ്പോള്‍ എന്‍റെ വായില്‍ വെള്ളം ഊറി... റിസര്‍വയറുകള്‍ തപ്പിയിറങ്ങിയ ആ മനുഷ്യനേയാണ് ബലാല്‍സംഗവീരന്‍ എന്നു പറയുന്നത്.. ഒരുസ്ത്രീ എന്നെ ഇയാള്‍ ബലാല്‍സംഗം ചെയ്തെന്നു പറഞ്ഞൊരു പരാതി കൊടുത്താല്‍ ഇന്നത്തെ നിലവെച്ച് അവന്‍റെ കാര്യം പോക്കാണെന്നു പലരും പറയുന്നുണ്ടെങ്കിലും സൂര്യനെല്ലി മുതല്‍ എല്ലാ വി ഐ പി പീഡനങ്ങള്‍ക്കും നിയമം വേറെയാണെന്നു ആരും അറിഞ്ഞില്ലായെന്നു തോന്നുന്നു... കൂലിപ്പണിക്കാരന്‍ ശംഭൂ അറിയാതെ വല്ല പെണ്ണുങ്ങളെയും മുട്ടിയാല്‍ നമ്മുടെ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കും.. അവന്‍റെ ഇസ്പ്പേടും ഡൈമനും നിമിഷനേരംകൊണ്ട് ക്ലാവറും ഗുലാനുമാക്കും... എന്നാല്‍ നമ്മുടെ ഒരു ജനപ്രതിനിധി ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി ലഭിച്ചാല്‍ സ്ത്രീ കുറ്റക്കാരിയും ജനപ്രതിനിധി നിരപരാധിയുമാകും... ജനപ്രതിനിധിക്ക് ശക്തമായ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി അദേഹം ഒളിവിലാണെന്നു പറഞ്ഞ് കോടതിയ്ക്ക് റിപ്പോര്‍ട്ടും കൊടുക്കും... മാത്രമല്ല തിരുവനന്തപുരത്ത് ബലാല്‍സംഗം നടന്നാല്‍ തിരുവനന്തപുരത്തെ പോലിസിനേ പ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിയൂവെന്ന ചരിത്രപ്രധാനമായ സത്യവും  നമ്മുടെ പോലിസ് പറഞ്ഞിരിക്കുന്നു... ആ സ്ഥിതിക്ക് ഞങ്ങളുടെ എം എല്‍ എ യെ എന്തിനു തടഞ്ഞുവെച്ചു... മിനിമം ഒരു പീഡനക്കേസിലെങ്കിലും പ്രതിയാവുകയെന്നത് ജനപ്രതിനിധികളുടെ  ഒരു അധികയോഗ്യതയാണ്.. ഇത്തരം വിഷയങ്ങളില്‍  രാജിവെയ്ക്കൂ എന്നൊക്കെ പറയുന്നത് ചരിത്രം വായിക്കാത്ത കുട്ടികള്‍ മാത്രമാണ്... നല്ല ഒന്നാംതരം സി ഡി ഇറങ്ങിയിട്ടും ഇവിടാരും ഇതുവരെ രാജിവെച്ചില്ല പിന്നല്ലേ ഇത്.. അഥവ ഒരു ആരോപണം വന്നാല്‍ ഞാന്‍ അറിഞ്ഞില്ല, കേട്ടില്ല, നിരപരാധിയാണ്, ജനങ്ങളുടെ കോടതി എന്നൊക്കെ അടിച്ചങ്ങുവിട്ടേക്കണം... ചുണ്ട് കടിച്ചു, മാറിടം മാന്തിപ്പോളിച്ചു, ബ്ലൌസ് വലിച്ചുകീറി, ഒടുവില്‍ എല്ലാംകഴിഞ്ഞ് നെടുവീര്‍പ്പോടെയുള്ള യാത്രയാക്കല്‍  തുടങ്ങിയവ പമ്മന്‍ രീതിയില്‍ പറഞ്ഞാല്‍ പോര,, മിനിമം സീഡിയെങ്കിലും കാണിക്കണം പരാതിക്കാരിയുടെ മോഡസ് ഓപ്രാണ്ടി വെച്ചുനോക്കുമ്പോള്‍ ക്യാമറ ഷൂട്ടിംഗ് നടന്നില്ലായെന്നു പറയുന്നത് വിശ്വസിക്കാനും വയ്യ.... ചാനലില്‍ ഇരുന്നു അരുളപ്പാട് നടത്തുന്ന വക്കീല്‍ സാറു പറഞ്ഞതിന്‍ പ്രകാരം  വി ഐ പി പീഡനത്തില്‍; സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നു പറഞ്ഞാല്‍ ആദ്യം അവരുടെ ക്രെടിബിലിറ്റി നോക്കണമെന്നാണ്,,, ക്രെടിബിലിറ്റി ഇല്ലാത്ത ഏതു സ്ത്രീയേയും ആര്‍ക്കും എവിടെ വെച്ചും ബലാല്‍സംഗം ചെയ്യാം എന്നതാണോ ഇവിടെ ശരിയെന്ന്‍ അറിയില്ല.. പക്ഷെ ക്രെടിബിലിറ്റി കാണിക്കാത്ത സ്ഥിതിക്ക് ഞങ്ങള്‍ ഈ പരാതി വിശ്വസിക്കില്ല..  കടിച്ചുപറിച്ച ചുണ്ടുകളും, വലിച്ചു കീറിയ ബ്ലൌസും കാണിച്ചാലേ അറസ്റ്റ് നടക്കൂ..  ഇതിനൊക്കെ ആ മോണിക്ക ലെവന്സ്കിയെ കണ്ടുപടിക്കണം. ക്ലിന്റന്‍റെ എന്തൊക്കെയാ ആ മിടുക്കി എടുത്തു വെച്ചത്... ഇവിടെ അങ്ങനെത്തെ കറകളൊന്നും കാണിക്കാന്‍ വാദി ഭാഗത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.. എന്നിട്ടും കേരളത്തിലെ ഒരു ഹോട്ടലില്‍നിന്നും ഞങ്ങളുടെ നേതാവിന് ചായകുടിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളതിനാല്‍ അദേഹത്തെ എം പി യാക്കി ഡല്‍ഹിക്ക് വിടണമെന്നാണ് എന്റെയൊരു അഭിപ്രായം...
     
 ഡല്‍ഹിയില്‍ ഭരിച്ചുമുടിച്ച് ഒടുവില്‍ ജനം കുറ്റിച്ചൂല്‍കൊണ്ട് അടിച്ചോടിച്ച ഭരണവിദഗ്ധയെയാണ് കേരളത്തിലെ ഗവര്‍ണ്ണറാക്കിയിരിക്കുന്നത്.. മറ്റൊരു സ്ഥലത്തും ഇരുത്താന്‍ കഴിയാതെ വന്നപ്പോള്‍ പറ്റിയ സ്ഥലം കേരളമാണെന്ന് കണ്ടെത്തി ഇങ്ങോട്ട് അയച്ച കാരുണ്യത്തിനു നന്ദി അറിയ്ക്കുന്നു.. ഗവര്‍ണ്ണറാക്കിയ സ്ഥിതിക്ക് നിലവിലുള്ള അഴിമതിക്കേസുകളില്‍മേലുള്ള അന്വേഷണവും നിലയ്ക്കും.. ഇനിയിപ്പോ ആര്‍ഭാടത്തിന്‍റെ പുതിയ ജീവിതം ആരംഭിക്കാം.. നയാ പൈസയുടെ ഉപകാരമില്ലാതെ പത്തായം മുടിക്കാന്‍ പെരുച്ചാഴികളെ വളര്‍ത്തുന്ന പരിപാടിക്ക് തുല്യമാണ് ഗവര്‍ണ്ണര്‍ സ്ഥാനമെന്നു പറയുന്നത്. മാറിപ്പോയ മഹാന്‍ കാറുവാങ്ങിയും വിമാനം കേറിയും കോടികളാണ് സര്‍ക്കാര്‍ ചിലവില്‍ മുടിച്ചത്... ആര്‍ക്കും ഒരു പ്രതിഷേധവും ഇല്ല..അടുത്ത പെരുച്ചാഴി പത്താഴത്തില്‍ എത്തിക്കഴിഞ്ഞു.. പെരുച്ചാഴിക്ക് തിന്നുമുടിക്കാനുള്ള നെല്ലിനുവേണ്ടി പാടത്തു പണിയെടുക്കുക; അതുമാത്രമാണ് ജനത്തിന്‍റെ ജോലി... ഡല്‍ഹിയില്‍ നിന്നു ജനം അടിച്ചുപുറത്താക്കിയ  ഒരാളെ കേരളത്തില്‍ പ്രതിഷ്ടിച്ച സ്ഥിതിക്ക് ഇവിടുന്ന് ഒരെണ്ണത്തിനെ വടക്കോട്ട്‌ വിട്ടാലോ... പുള്ളിക്കാരിക്ക് അതൊരു ജീവനോപാധിയുമാകും... കേരളത്തിലിപ്പോള്‍ സകല രാഷ്ട്രിയക്കാര്‍ക്കും അവരുടെ പ്രിഷ്ടം ചുമക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കും തലവേദന ഉണ്ടാക്കുന്ന നമ്മുടെ സരിത മാഡത്തിനെ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണറാക്കി നിയമിക്കണമെന്നാണ് എന്‍റെ അഭിപ്രയം... ആ കസേരയ്ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല.. തിന്നുക, ഉറങ്ങുക, അപ്പിയിടുക, ടൂര്‍ നടത്തി അടിച്ചുപൊളിക്കുക അതിനിടയ്ക്ക് വല്ലപ്പോഴും ഓരോ കടലാസ് മുന്നില്‍ വരും അതിനടിയില്‍ പറയുന്ന സ്ഥലത്ത്  ഒരോപ്പിടുക ഇതാണ് ആകെ പണി... പക്ഷെ ജീവിതമോ രാജാവിനു തുല്യം... കോടികള്‍ അടിച്ചുപൊളിക്കാം ആരും ചോദിക്കില്ല.. സരിതാ മാഡമിങ്ങനെ ഇപ്പൊ പൊട്ടിക്കും വെളിപ്പെടുത്തും എന്നൊക്കെ പറഞ്ഞു മനസമാധാനം കെടുത്തുമ്പോള്‍ ഈ ഓഫാര്‍ കൊടുത്താല്‍ എല്ലാമൊന്നു കലങ്ങിത്തെളിയാന്‍ സാദ്ധ്യതയുണ്ട്..മേഘാലയ, മിസോറം, മണിപൂര്‍ തുടങ്ങിയ ഏതെങ്കിലും വടക്കന്‍ മേഖലയില്‍ നിയമിച്ചാല്‍ മതി..ആവശ്യത്തിനു കാശും, കാറും, വീടും, മേക്കപ്പ് സെറ്റും, സാരിയുമൊക്കെ കിട്ടുന്ന പണിയായതിനാല്‍ എല്ലാ കേസും തീരും.. ഇടയ്ക്കിടയ്ക്ക് കാണണമെന്ന് തോന്നിയാല്‍ ഒരു വിമാനയാത്ര കേരളത്തില്‍ ഒരു കുഞ്ഞും അറിയില്ല... ഇവിടെയണേല്‍ കക്കൂസില്‍ വരെ ക്യാമറയുമായി നടക്കുവല്ലേ അലവലാതികള്‍... ഒരുമിച്ചൊരു ബോട്ട് യാത്ര നടത്താനോ ..ഒരു ചില്ലിചിക്കന്‍ കഴിക്കാനോ എന്തിന് ഒരു എസ് എം എസ് അയക്കാന്‍ പോലും കഴിയില്ല.. പെട്ടന്നു പരിഗണികേണ്ട കാര്യമാണ് അല്ലെങ്കില്‍ പലരും കുട്ടിയെപ്പോലെ തട്ടുകൊള്ളേണ്ടിവരും പറഞ്ഞേക്കാം..
    ബലാല്‍സംഗവും പീഡനവും ചുണ്ട് കടിക്കലുമൊക്കെയായി  അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോള്‍ .. മറ്റൊരു കേസില്‍ സര്‍ക്കാരും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.. നമ്മുടെ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ഓര്‍മ്മയില്ലേ.. ഡ്യൂട്ടിക്കിടെ നടുറോഡില്‍ മര്‍ദനമേല്‍ക്കേണ്ടി വന്ന ട്രാഫിക്‌ വാര്‍ഡന്‍ .. തന്നെ മര്‍ദിച്ച പ്രതിയെ പോലിസ് സംരക്ഷിക്കുന്നുവെന്നും മൊഴിയെടുക്കാനെന്ന പേരില്‍ പോലിസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പറഞ്ഞു പത്മിനി കൊടുത്ത പരാതിയില്‍ എ ഡി ജി പി യുടെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല..പക്ഷെ പത്മിനിയുടെ ജോലിക്കാര്യത്തില്‍ തീരുമാനമായി..പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു... പട്ടാപ്പകല്‍ നടുറോഡില്‍ പൊതുജനമധ്യത്തില്‍ വെച്ച് തന്നെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് പറഞ്ഞതാണ് ജോലി പോകാനുള്ള കാരണമായി പത്മിനി പറയുന്നത്... അങ്ങനെ കുടുംബം പുലര്‍ത്താന്‍ മാന്യമായി ജോലിചെയ്ത ഒരു സ്ത്രീയുടെ ജീവിതം കുട്ടിച്ചോറാക്കിയതിന്‍റെ ബഹുമതി വകുപ്പുമന്ത്രിതന്നെ പോലീസിനു കൊടുക്കണം.. ലോകവനിതാദിനം ഇന്നലെ കഴിഞ്ഞതേയുള്ളൂ. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സ്റ്റാര്‍ ഹോട്ടലിലെ ശീതികരിച്ച മുറിയിലിരുന്നു ചര്‍ച്ചനടത്തിയശേഷം ബിരിയാണികഴിച്ച് എമ്പോക്കം വിട്ടു എഴുന്നേറ്റ സമയമേയായോള്ളൂ.. അപ്പോഴേക്കും ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റതിന്‍റെ പേരില്‍ പ്രതിയ്ക്കെതിരെ പരാതികൊടുത്ത കാരണത്താല്‍ ഒരു സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു... ഇതാണ് നമ്മുടെ സ്ത്രീ ക്ഷേമം..

 ഒന്നുറക്കെ നിലവിളിക്കാന്‍ പോലുമാകാത്ത വിധം നമ്മുടെ കഴുത്തിനു കുത്തിപ്പിടിച്ചിരികുന്ന ഈ വ്യവസ്ഥിതിയെ പിഴുതു മാറ്റാന്‍ ആഹ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ആയുധമാണ് വിളിപ്പാടകലെ വന്നു നില്‍ക്കുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം കൈയ്യില്‍ കിട്ടുന്ന ആയുധം.. അഴിമതിക്കും കയ്യിട്ടുവാരലിനും  സ്ത്രീ പീഡനങ്ങള്‍ക്കും വേണ്ടി ജനം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അമ്പലക്കാളകളെ പിടിച്ചുകെട്ടി അറവുശാലയിലേക്ക് അയക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണിത്.. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാതെ സ്വന്തം അധികാരക്കസേര നിലനിറുത്താന്‍ എന്ത് അളിഞ്ഞ വിട്ടുവീഴ്ചകള്‍ക്കും വഴങ്ങിക്കൊടുക്കുന്ന ആണുംപ്പെണ്ണുംകെട്ട ശിഖണ്ടിവര്‍ഗ്ഗങ്ങളെ തുരത്താന്‍ ഈ തിരഞ്ഞെടുപ്പെങ്കിലും ഉപയോഗിക്കാന്‍ കഴിയണം..മേലാളനു ഒരു നിയമം കീഴാളന് വേറൊരു നിയമം മേലാളന്‍ കുറ്റംചെയ്താല്‍ അവനു പ്രത്യേക പരിരക്ഷ.. സാധാരണജനത്തിനു പീഡനം ..ഈ വ്യവസ്ഥിതി മാറിയേ ഒക്കൂ..

Monday, March 10, 2014

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ശംഖുകച്ചവടവും ചാത്തന്‍ പിടുത്തവും.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
        തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍ കാണുന്നതുനിമിത്തം കഴിഞ്ഞകുറേ രാത്രികളില്‍ ഉറക്കം ശരിയായിരുന്നില്ല..  ഉറക്കംവരാത്ത രാത്രികളില്‍ ജനാലവഴി പുറത്തേയ്ക്കുനോക്കുമ്പോള്‍ ഇരുട്ടത്ത്‌ തൊടിയിലൂടെ എന്തൊക്കെയോ നിഴലുകള്‍ അനങ്ങുന്നതുപോലെ കാണുന്നു.. തെങ്ങില്‍നിന്നും മച്ചിങ്ങകള്‍ കൂട്ടത്തോടെ താഴേക്കുവീഴുന്ന ശബ്ദവും തുടര്‍ന്ന്‍ കട വാവലുകളുടെ നിറുത്താതെയുള്ള ചിറകടികളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്;  ഇതിന്‍റെ കൂടെത്തന്നെ അയല്‍പക്കത്തുള്ള കില്ലപ്പട്ടികള്‍ ഒരു വല്ലാത്ത രീതിയില്‍ മോങ്ങുന്നതും കേള്‍ക്കാം.. ജനാലയിലൂടെ  കടന്നുവരുന്ന കാറ്റില്‍ പാലപ്പൂവിന്‍റെ ഗന്ധമുണ്ടോയെന്നു സംശയംതോന്നുന്നു... ഏതായാലും എന്‍റെ മുട്ടുകള്‍ കൂട്ടിയിടിക്കുന്നത് കാരണം ജനലഴിപിടിച്ചുകൊണ്ടുള്ള ഈ നില്പുനില്‍ക്കാന്‍ വിഷമമാണ്. ദൈവത്തിലും ചെകുത്താനിലുമുള്ള വിശ്വാസം തുലോം കുറവായതുകൊണ്ടും ഒറ്റയ്ക്ക് പുറത്തിറങ്ങാനുള്ള ധൈര്യം അശേഷം ഇല്ലാത്തതുകൊണ്ടും  ഉയര്‍ന്നുവന്ന മൂത്രശങ്ക അമര്‍ത്തിവെച്ചുകൊണ്ട് കട്ടിലില്‍ ഇരുന്നു.. ലേശം ഭയത്തിന്‍റെ ആക്രമണം ഉള്ളതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ത്തന്നെ തലമൂടി കട്ടിലില്‍ കിടക്കുകയാണ് പതിവ്..... എന്താ ഇതിനൊരു പ്രതിവിധിയെന്നു  ഭാര്യയോട് ചോദിക്കാമെന്നുവെച്ചാല്‍ ഉടനെ അമ്പലത്തില്‍ നേര്‍ച്ച കഴിക്കാനും, ഉരുളി കമിഴ്ത്തനും, തകിട് മന്ത്രിച്ചു കെട്ടാനും പറയും..  ഇപ്പോഴത്തെ നിലവെച്ചു നോക്കുമ്പോള്‍ കുറഞ്ഞത്‌ രണ്ടായിരം രൂപയെങ്കിലും ആ വകുപ്പില്‍ പൊടിയും, അതുകൊണ്ടാണ് പണിക്കര് സാറിനോട് രഹസ്യമായി ഈ കാര്യം ചോദിക്കാമെന്നുവെച്ചത്. സാറിനാണെങ്കില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു നല്ല തിട്ടമാണെന്നാണ് സ്റ്റാഫ് റൂമില്‍ പരക്കെ പറയുന്നത്.. വളരെ രഹസ്യത്തില്‍ ആരും അറിയരുതെന്ന അറിയിപ്പോടെ രാവിലത്തെ ഇന്റര്‍വെല്‍ സമയത്തുതന്നെ വിഷയം പണിക്കരുസാറിന്‍റെ മുന്നില്‍ അവതരിപ്പിച്ചു.. കാര്യങ്ങള്‍ വിശദമായികേട്ട സാര്‍ സംഗതിയുടെ കിടപ്പുവശം വെളിപ്പെടുത്തി. ഇതു ചാത്തന്മാരുടെ ആക്രമണംത്തന്നെ... തെങ്ങേന്നു മച്ചിങ്ങ പറിച്ചെറിയുന്നത് ഇവറ്റകളുടെ രീത്യാണ് പോലും.. പുള്ളിക്ക് മച്ചിങ്ങകൊണ്ട് ഏറുപോലും കിട്ടിയിരിക്കണത്രേ... വാവലുകള്‍ നമ്മുടെ ചോരയ്ക്ക് വേണ്ടിയാണു പോലും വട്ടമിട്ട് പറക്കുന്നത്.... ഇവറ്റകളുടെ സാന്നിധ്യമാണ് പോലും പട്ടികളുടെ മോങ്ങല്‍ സൂചിപ്പിക്കുന്നത്.. സാറിന്‍റെ അഭിപ്രായത്തില്‍ ചാത്തന്‍ സ്വാമിയേ കണ്ടാല്‍ മതി ഇതിനുള്ള പ്രതിവിധി പറയും. തൃശൂരുള്ള ഒരു ചാത്തന്‍ മഠത്തിന്‍റെ അഡ്രസ്സും തന്നു.. ചാത്തന്‍ സന്ദര്‍ശനം വീട്ടില്‍ അറിയാതിരിക്കാന്‍ സ്കൂളുള്ള ഒരു ദിവസം ലീവ് എടുത്ത് പോകാന്‍ തീരുമാനിച്ചു. രാവിലെ പോയാല്‍ സ്കൂള്‍ വിടുമ്പോള്‍ തിരിച്ചുവരാം.. ആരും അറിയാന്‍ പോകുന്നില്ല. ചാത്തന്‍ മഠത്തിലേക്കുള്ള വഴിയും മറ്റു വിവരങ്ങളും എഴുതിവാങ്ങി പോക്കറ്റില്‍ താഴ്ത്തി.. കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിയ്ക്ക് ഇനിയിപ്പോ എന്തിനു നീട്ടിവെയ്ക്കണം നാളെത്തന്നെ പോയേക്കാമെന്നു കരുതിയിരിക്കുമ്പോഴാണ്; നമ്മുടെ നികേഷ് സാറിന്‍റെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ‘കാണാത്ത കേരളം’ എന്ന പരിപാടി കണ്ടത്.. ചാത്തന്‍ മഠങ്ങളില്‍ നടക്കുന്ന തട്ടിപ്പ് റിപ്പോര്‍ട്ടര്‍ ടീം ഒളിക്യാമറയിലൂടെ പകര്‍ത്തി പ്രേക്ഷകരെ കാണിക്കുന്നു.. അവര്‍ പറഞ്ഞ ഇല്ലാത്ത കമ്പനിയ്ക്ക് ശത്രുദോഷമുണ്ടെന്നും പ്രതിവിധിയായി ഏഴായിരത്തിയെന്നുരൂപയുടെ പൂജ വേണമെന്നുമാണ് ചാത്തന്‍ സ്വാമി പറയുന്നത്... മറ്റൊരിടത്ത് ജനിക്കാത്ത അനിയന്‍ നഗരങ്ങളില്‍ അലയുന്നുവെന്നു മഷിനോട്ടക്കാരന്‍ പറയുന്നു.. അവിടെ ആദ്യം തകിടും പിന്നിട് പൂജയും വേണമെന്നാണ് അരുളപ്പാട്.. ഭയങ്കരം തന്നെ.... എല്ലാം വെറും തട്ടിപ്പാണെന്ന് മനസ്സില്‍ പറയുമ്പോഴാണ് ഒരുകാര്യം മനസിലായത് എനിക്ക് കിട്ടിയ അഡ്രസ്സില്‍ പറയുന്ന ചാത്തന്‍ മഠത്തിലാണ് ഈ ഷൂട്ടിംഗ് നടന്നിരിക്കുന്നത്.. പരിപാടി ഇപ്പോള്‍ കണ്ടതുകൊണ്ട് ഒരുദിവസത്തെ ലീവും കീശയിലെകാശും പോകാതെ രക്ഷപെട്ടു... എന്‍റെ റിപ്പോര്‍ട്ടറെ നീയേ കൃപ..

 അമ്മദൈവത്തിന്‍റെ ആണിക്കല്ലുനോക്കി ബ്രിട്ടാസും സംഘവും റോക്കറ്റ് വിട്ടതുകൊണ്ട്‌ കേരളത്തിലെ ആത്മീയവ്യാപാരത്തിലെ ഓഹരിവിലകള്‍ തുടര്‍ച്ചായി ഇടിഞ്ഞു നില്‍ക്കുമ്പോഴാണ് റിപ്പോര്‍ട്ടറില്‍ നികേഷ് കുമാറും സംഘവും കാണാത്തകേരളം പരിപാടിയിലൂടെ ചാത്തന്മാരെ പിടിക്കാന്‍ ഇറങ്ങിയിരികുന്നത്.. കോഴിവെട്ടും, കള്ളുകുടിയും, ഉറയലും, തുള്ളലുമൊക്കെ തോണ്ടിയെടുത്തു നാട്ടുകാരെ കാണിക്കുന്നു.. ഇല്ലാത്ത കമ്പനിക്കും, ജനിക്കാത്ത അനിയനുമൊക്കെ ഐശ്വര്യം വരാന്‍ വേണ്ടി മഷിനോട്ടക്കാരനും, ചാത്തന്‍ സ്വാമിയും ആയിരങ്ങളുടെ റേറ്റ് പറയുമ്പോള്‍ ആത്മീയ തട്ടിപ്പുകളുടെ മറ്റൊരു മുഖമാണ് റിപ്പോര്‍ട്ടര്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്... വാര്‍ത്ത‍ സംപ്രേക്ഷണരംഗത്തു പാരമ്പര്യം പ്രസംഗിക്കുന്ന മുത്തശ്ശിച്ചാനലുകളും, മലയാളി ഞങ്ങളെമാത്രമേ കാണുന്നുള്ളൂവെന്നു ഇടയ്ക്കിടെ വിളിച്ചുപറയുന്ന ഭയംകൂടാതെ നിരന്തരം നുണപറയുന്ന പേടിത്തൊണ്ടന്‍ചാനലും പറയാന്‍ പേടിക്കുന്ന കാര്യങ്ങള്‍  സമൂഹമധ്യേ വിളിച്ചുപറയുന്നത് നല്ലൊരു ഉദ്യമമാണ്.. സാധാരണക്കാരനെ ബാധിക്കുന്ന ചെറിയചെറിയ വിഷയങ്ങളില്‍ ഇടപെട്ട് കുളമാക്കി മന്ത്രവാദക്കാരനും മഷിനോട്ടക്കാരനും കപട ആത്മീയദൈവങ്ങളും എങ്ങനെയാണ് തടിച്ചുകൊഴുക്കുന്നതന്ന്‍ ഇത്തരം പരിപാടികളിലൂടെ സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. എന്നിരുന്നാലും ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട ഒരുകൂട്ടം ആത്മീയ അടിമകള്‍ കോപാകുലരായി പ്രതികരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.. വിശ്വാസത്തെ മുതലാക്കി തട്ടിപ്പുകള്‍നടത്തി ഭക്തരുടെ കീശകള്‍ കാലിയാക്കി പണംതട്ടുന്ന ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളെ ഓരോന്നായി പുറത്തു കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്.. പുലിയെ പുലിമടയില്‍ പോയി നേരിട്ട കൈരളിയും ചാത്തന്മാരെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന റിപ്പോര്‍ട്ടറും ഇക്കാര്യത്തില്‍ ഇനിയും മുന്നോട്ട് നീങ്ങട്ടെ .. ആത്മീയകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാ നിഗൂഡതകളും മാറിനീക്കി പുറത്തുവരണം.. സുതാര്യമായ വിശ്വാസവും പവിത്രമായ ആത്മീയതയും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും  ജനങ്ങളെ പ്രാപ്തരാക്കാന്‍ ഇത്തരത്തിലുള്ള പൊളിച്ചെഴുത്തുകള്‍ക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല..
  മാടനും മറുതയും ചാത്തനും വിഹരിക്കുന്ന എല്ലാ കേന്ദ്രങ്ങളുടെയും നിലനില്‍പ്പുതന്നെ  ഭക്തര്‍ നിക്ഷേപിക്കുന്ന പണത്തില്‍ ആശ്രയിച്ചാണ്‌.. അതായത് പരസ്യങ്ങള്‍വഴി കൂടുതല്‍ ഭക്തരെ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുക. അങ്ങനെവരുന്ന ഭക്തരുടെ കീശയിലെ പണം ഉപദേശങ്ങള്‍ വഴിയും, തകിടുവില്പനവഴിയും ,പൂജ് ചെയ്യിപ്പിച്ചും തട്ടിയെടുത്ത് ആസ്തി വര്‍ധിപ്പിക്കുക.. ഇതാണ് എല്ലാ തട്ടിപ്പ് കേന്ദ്രങ്ങളുടെയും പൊതുസ്വഭാവം.. അതിനുവേണ്ടി ദൈവത്തെ കാണാന്‍ രെജിസ്ട്രേഷന്‍ ഫീസ്‌, സംഭാവനത്തുക,  പൂജാവിധികളുടെ നീണ്ടനിര ഇങ്ങനെ പലവിധപരിപാടികളിലൂടെ ഭക്തരുടെ പോക്കറ്റ് ലക്ഷ്യമാക്കിത്തന്നെയായിരിക്കും ഇവരുടെയൊക്കെ നീക്കം.. ചുരുക്കത്തില്‍ പണത്തിനു വേണ്ടി ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഹീനമായ അവസ്ഥയാണ് റിപ്പോര്‍ട്ടര്‍ചാനല്‍ കാണാത്തകേരളം പരിപാടിയിലൂടെ പറയുന്നത്.. 
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചിലകാര്യങ്ങള്‍ പറയാതെ വയ്യ.. നിങ്ങളിങ്ങനെ രണ്ടുവള്ളത്തേല്‍ ചവിട്ടിനില്ക്കാന്‍ നോക്കിയാല്‍ എന്താകും അവസ്ഥ..?? ചാനലിനോടാണ് ചോദ്യം??  ഭക്തിയുടെ മറവില്‍ ആളുകളെ പറ്റിച്ചു പണംപിടുങ്ങുന്ന ചാത്തന്മാരുടെ തട്ടിപ്പുകള്‍ ജനങ്ങളോട് വെളിപ്പെടുത്തുമ്പോള്‍ ഈ വിഷയത്തില്‍ ചാനലിന്‍റെ നിലപാടും ജനങ്ങള്‍ കാണുന്നുണ്ടെന്നകാര്യം മറക്കരുത് സാറുംമാരെ.. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ അക്കൌണ്ടുകള്‍ പൊലിപ്പിക്കുന്നതില്‍ ഇത്തരം ചാത്തനും മറുതയുമൊക്കെ ഉണ്ടെന്നുള്ളതാണ് ഏറ്റവും രസകരം. ചാത്തന്‍ സ്വാമിയേയും, മഷിനോട്ടക്കാരനെയും, കിരാതമൂര്‍ത്തിയേയുമൊക്കെ പൊളിച്ചടുക്കാന്‍ ഒളിക്യാമറയുമായി ഇറങ്ങിയ ഇതേ റിപ്പോര്‍ട്ടര്‍ ചാനലില്‍ത്തന്നെ പറയുന്നു  കുടുംബത്തിന്‍റെ എല്ലാ ദോഷങ്ങളുംമാറി ഐശ്വര്യം വരാന്‍ വലംപിരിശംഖ് വാങ്ങി അലമാരയില്‍ സൂക്ഷിച്ചാല്‍ മതിയെന്ന്‍ .. അണ്ണാ എന്തൊരു വിരോധാഭാസം..
   ഒരുവശത്ത് സ്റ്റിംഗ് ഓപ്പറെഷനുകള്‍ നടത്തി ചാത്തന്മാരെ പിടിക്കുന്നു.. മറുവശത്ത്  ഐശ്വര്യം ഉണ്ടാക്കുമെന്നുപറഞ്ഞ് ശംഖ് കച്ചവടം പൊടിപൊടിക്കുന്നു... എത്ര ആലോചിച്ചിട്ടും ഇതിന്‍റെ ലോജിക് പിടികിട്ടുന്നില്ല ..നികേഷ് സാറുതന്നെ പറയട്ടെ മറുപടി..
  
 കപടദൈവങ്ങളും ആത്മീയതട്ടിപ്പുകാരും തുള്ളിയും, കെട്ടിപ്പിടിച്ചും, മഷിനോക്കിയും ആളുകളെ പറ്റിച്ചു കാശുണ്ടാക്കുന്നു... ശംഖ് വാങ്ങി വീട്ടില്‍വെച്ചാല്‍ ദോഷം മാറുമെന്നുള്ള കപടപ്രചരണം നടത്താന്‍ വേദിയൊരുക്കി റിപ്പോര്‍ട്ടര്‍ ചാനലും ഇതേ വ്യാപാരം നടത്തുന്നു.. രണ്ടുകൂട്ടരും ഒരേ പരിപാടിയാണ് നടത്തുന്നത്; ആളെപറ്റിക്കല്‍.... ഒരുവശത്ത്  മഷിനോട്ടം വെളിപ്പെടല്‍ മറുവശത്ത് ശംഖ് കച്ചവടം.. രണ്ടുംതട്ടിപ്പുതന്നെ... അങ്ങനെവരുമ്പോള്‍ ഒരേ ഫീല്‍ഡില്‍ വ്യാപാരം നടത്തുന്നവര്‍   പരസ്പരം പാരപണിയുന്നത് ശരിയാണോ നികേഷ് സാറേ....??  രണ്ടുകൂട്ടര്‍ക്കും പണംതന്നെയാണ് പ്രശ്നം.. തട്ടിപ്പ് പരസ്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍വിളമ്പാന്‍ കൂട്ടുനിന്ന്; ശംഖും തകിടും വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ചാനല്‍;   ചാത്തനായും മറുതയായും മാഷിനോട്ടമായും ഇതേ തട്ടിപ്പ് നടത്തുന്ന മറ്റുള്ളവരെ പിടിക്കാന്‍ ഇറങ്ങുന്നത് കാണുമ്പൊള്‍ മാധ്യമധര്‍മ്മത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു.. സമൂഹത്തിലെ മാലിന്യങ്ങള്‍ അടിച്ചുവാരാന്‍ ഇറങ്ങുമ്പോള്‍; ആദ്യം സ്വന്തം പൂമുഖം വൃത്തിയാക്കി തുടക്കം കുറിക്കുന്നതല്ലേ നല്ലത്... പരസ്യവരുമാനമെന്ന സാങ്കേതികന്യായം പറഞ്ഞാല്‍ തട്ടിപ്പുകാരും ഇതേ ന്യായം പറയും ഇതവരുടെ ചോറാണെന്ന്‍ .. അതുകൊണ്ട് പ്രയപ്പെട്ട നികേഷ് സാറെ ഒന്നുകില്‍ നിങ്ങള്‍ ചാത്തന്മാരുമായി ഒരു അട്ജെസ്റ്റ്മെന്റില്‍ പോവുക അല്ലെങ്കില്‍ കുറഞ്ഞപക്ഷം കാണാത്തകേരളം എപ്പിസോഡുകള്‍ കഴിയുന്നതു വരെയെങ്കിലും ഇത്തരം ‘വലംപിരിശംഖ്’ കച്ചവടം പോലുള്ള തട്ടിപ്പ് പരസ്യങ്ങള്‍ നിറുത്തുക,,, മോഷണം നിറുത്താന്‍ കൊള്ളനടത്തിയാല്‍ അതിനെന്തു ഫലം..... ഇനിയും എന്തൊക്കെ കാണേണ്ടിവരും എന്‍റെ ചാത്തന്മാരെ.....