**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, August 31, 2013

സ്റ്റീഫന്‍; താങ്കളില്‍ ഞാന്‍ ദൈവത്തെ കാണുന്നു.


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഹലോ വിദ്യാധരന്‍ മാഷല്ലേ ..............അതേ ആരാ..............

 പള്ളിമേടയില്നിന്നും അച്ചനാ  വിളിക്കുന്നത്‌ ............

എന്താ ഫാദര്‍ ..

നാളെ ‘മരിച്ചവിശ്വാസികളുടെ’ ഓര്‍മ്മദിവസമാണ്... ഞാന്‍ വെറുതെയൊന്നു ഓര്‍മ്മിപ്പിച്ചുവെന്നുമാത്രം ...

ങ്ഹാ...... ഞാന്‍ മറന്നിട്ടില്ല ഫാദര്‍....

പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ കഴിഞ്ഞ് സെമിത്തേരിയില്‍ പ്രാര്‍ഥനയും ഉണ്ടാകും ..എന്നാ ശരി ഞാന്‍ വെയ്ക്കുവാ..................ശരി ഫാദര്‍ 

ഞാന്‍ കലണ്ടറിലെക്ക് നോക്കി.. ഉവ്വ്,,, വട്ടമിട്ടുവെച്ചിട്ടുണ്ട് ആ ദിവസം. അത് നാളെയാണ് ..ഇന്നെന്‍റെ കൊച്ചുകൃഷിയിടത്തിനു അവധിയാണ്. വെണ്ടയും,വഴുതനയും,ചീരയും,പാവലുമൊക്കെ ഒരുദിവസം വെള്ളമില്ലാതെ ജീവിക്കട്ടെ ...ഇളകിക്കിടുന്ന കൈക്കോട്ടിനെ  ഇല്ലിപ്പൂളുകൊണ്ട് മുറുക്കി, മുണ്ടുംഷര്‍ട്ടും ധരിച്ചു, ഒരു തോര്‍ത്ത്‌ തലയിലും ചുറ്റി, തൂമ്പയും കയ്യിലെടുത്ത് ഭാര്യയെ വിളിച്ചു.  രമണിയേ,,,,, ഞാന്‍ അങ്ങോട്ടു പോവുകയാ.... അച്ചന്‍ വിളിച്ചിരുന്നു .................................................ഉവ്വ് ....

നാട്ടുവഴിയിലൂടെ തൂമ്പയും തോളില്‍വെച്ച് ഞാന്‍  പള്ളിസെമത്തേരി ലക്ഷ്യമാക്കി നടന്നു...

കവലയില്‍ എല്ലാവരുമുണ്ട് ,   മാഷേ ഞങ്ങളു വരണോ..........വേണ്ട വേണ്ട ആരും വരേണ്ട ..................വൈകിട്ട് കാണാം...

വര്‍ഷത്തില്‍ ഒരുദിവസം തൂമ്പയും തോളില്‍വെച്ച് പള്ളി സെമിത്തേരിയിലേക്ക് വിദ്യാധരന്‍ നടത്തുന്ന യാത്രയെക്കുറിച്ച് അവര്‍ക്കെല്ലാമറിയാം.... ഇന്നത്തെ പണിക്ക് ഞാന്‍ ആരെയും കൂട്ടിനു വിളിക്കാറില്ല. അത് വിദ്യാധരന്‍ മാത്രം ചെയ്യേണ്ട പണിയാണ്. അതെന്‍റെ മാത്രം അവകാശമാണ് ..ജീവനുള്ള കാലത്തോളും ഞാനതു ചെയ്യും...

നടത്തം പള്ളിയുടെ സെമത്തേരിയില്‍ അവസാനിച്ചു... അവിടെ രണ്ടു കുഴിമാടങ്ങളില്‍ ഉറങ്ങുന്നവര്‍ ഇന്നത്തെദിവസം വിദ്യാധരനെ കാത്തിരിക്കും. ഞാന്‍ ചെല്ലാന്‍ വൈകുന്ന ഓരോനിമിഷങ്ങളിലും അവര്‍ തമ്മില്‍ പറയും ഇന്ന് വിദ്യാധരന്‍ വരില്ലേ... അവന്‍ പറ്റിക്കുമോ....ഇല്ല; ഞാനിതാ വന്നിരിക്കുന്നു. മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ചിട്ടു, തലയില്‍ വട്ടംകെട്ടിയ തോറത്തഴിച്ചു തോളിലിട്ടു, തൂമ്പ താഴെവെച്ചു. ഞാന്‍ അവരെ ഓര്‍ത്തു. എന്‍റെ ഏറ്റവും പ്രിയസുഹൃത്ത്‌ ജോണും അവന്‍റെ അമ്മയും ഉറങ്ങിക്കിടക്കുന്ന കുഴിമാടം.. ആ കുഴിമാടങ്ങളെ പുതഞ്ഞുനിന്നിരുന്ന പുല്ലുകളും കളകളും പറിച്ചു കളഞ്ഞു. കൈക്കോട്ട് ഉപയോഗിച്ച് പരിസരം വൃത്തിയാക്കി... ഞാന്‍ അവരുടെ അടുത്തിരുന്നു .നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പിനെക്കാള്‍ കണ്ണില്‍നിന്നും പൊടിഞ്ഞ കണ്ണൂനീരിനെ ഞാന്‍ കൈകൊണ്ടു തുടച്ചുനീക്കി...വിദ്യാധരന്‍ വ്യാകുലപ്പെട്ടു...

 വര്‍ഗ്ഗീസ്മാഷും അന്നമ്മടീച്ചറും ഏകമകന്‍ ജോണുമടങ്ങുന്ന കുടുംബം കോട്ടയംജില്ലയില്‍നിന്നും അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളിലേക്ക് മാറ്റംകിട്ടി  വന്നവരാണ്... പരിചയമില്ലാത്ത നാട്ടില്‍ അവര്‍ ഞങ്ങളുടെ കുടുബത്തിന് നല്ല അയല്‍ക്കാരായിരുന്നു... എന്‍റെ അതേ പ്രായത്തിലുള്ള ജോണും ഞാനും നല്ല സുഹൃത്തുകളായി വളര്‍ന്നു...കോളേജ് പഠനത്തിനായി നഗരത്തിലേക്ക് തിരിച്ച ജോണ്‍ അപ്രതിക്ഷിതമായി ഒരു ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട സാറിനെയും ടീച്ചറെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു. മകന്‍ മരിച്ചിട്ടും, അവന്‍ മരിച്ചിട്ടില്ല എന്ന രീതിയിലാണ് സാറും ടീച്ചറും ജീവിച്ചത്.. അവന്‍റെ മുറിയും കിടക്കയും പുസ്തകങ്ങളുമെല്ലാം എപ്പോഴും വൃത്തിയാക്കി അടുക്കിപ്പെറുക്കിവെച്ചു അവര്‍ അവനെ കാത്തിരുന്നു... ഒരിക്കലും തിരിച്ചുവരാത്ത ആ കാത്തിരിപ്പിനു ഞാനും സാക്ഷിയായിരുന്നു. മകനെക്കുറിച്ച് അവര്‍ പറഞ്ഞതിനൊക്കെയും ഞാനും തലകുലുക്കി.. മകന്‍ ഇവിടെയായതുകൊണ്ട് പെന്‍ഷന്‍ പറ്റിയാലും തങ്ങള്‍ എങ്ങോട്ടും പോകില്ലായെന്നവര്‍ കൂടെക്കൂടെ പറയുമായിരുന്നു... വര്‍ഷങ്ങള്‍ കഴിഞ്ഞു.. സാറും ടീച്ചറും പെന്‍ഷനായി... കാലചക്രം ഉരുണ്ടപ്പോള്‍ ടീച്ചറും ഓര്‍മ്മയായി...ഭാര്യയും മകനും നഷ്ടപ്പെട്ട മാഷ്‌ അനാഥനായി.....സംസ്ക്കാരത്തിനു വന്ന കോട്ടയംകാരായ ബന്ധുക്കള്‍ തങ്ങളോടൊപ്പം ചെല്ലാന്‍ മാഷിനെ നിര്‍ബന്ധിച്ചു...മകനെയും ഭാര്യയെയും തനിച്ചാക്കി താന്‍ എങ്ങോട്ടും ഇല്ലായെന്നു മാഷ്‌.. അവസാനം പള്ളീലച്ചന്‍റെയും ബന്ധുക്കളുടെയും മറ്റു സുഹൃത്തുക്കളുടെയും സംസാരത്തിനൊടുവില്‍ തന്‍റെ അനാഥത്വവും വാര്ധിക്യവും അംഗികരിച്ചുകൊണ്ട് മാഷ് ബന്ധുകള്‍ക്കൊപ്പം യാത്രയായി..പോകാന്‍നേരം വര്‍ഗ്ഗീസ്മാഷ്‌ എന്നെ അരികിലേക്ക് വിളിച്ചു.

 വിദ്യാധരാ നീയും എനിക്കൊരു മകനെപ്പോലെയാണ്.മറ്റു മാര്‍ഗങ്ങളോന്നും ഇല്ലാത്തതിനാല്‍ ഞാന്‍ ഇവരോടൊപ്പം പോവുകയാണ്..എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ട്‌; അപേക്ഷയാണ്. എന്‍റെ അന്നമ്മയും ജോണും ഇവിടുത്തെ സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ട്.ഞാനല്ലാതെ അവരെ ഓര്‍ക്കാന്‍ വേറാരുമില്ല...എനിക്കിനി ഇങ്ങോട്ടുവരാന്‍ കഴിയുമോയെന്ന് അറിയില്ല.. വര്‍ഷത്തില്‍ ഒരു ദിവസം; ഒരു ദിവസമെങ്കിലും മോന്‍ അവരുടെ കുഴിമാടത്തില്‍ പോകണം; അവിടമൊന്നു വൃത്തിയാക്കി, അവരുടെ കുഴിമാടത്തില്‍ ഓരോ മെഴുകുതിരി കത്തിക്കണം, അവരെ ഓര്‍ക്കണം.. മറക്കരുത്. സാര്‍ എന്നെ കെട്ടിപ്പിടിച്ച് എന്‍റെ തോളില്‍ തലചായ്ച്ച് കരഞ്ഞു.. കണ്ണുനിറഞ്ഞ ഞാന്‍,,, ഉഉം,,,, എന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല..മാഷ്‌ കൈവീശി യാത്രയായി....

ഇല്ല വര്‍ഗ്ഗീസ്സാറെ... വിദ്യാധരന്‍ വാക്ക് തെറ്റിച്ചിട്ടില്ല. ‘മരിച്ചവിശ്വാസികളെ’ ഓര്‍ക്കുന്നദിവസം വിദ്യാധരന്‍ കൃത്യമായി ഇവിടെ വരും; ഇവിടം വൃത്തിയാക്കി ഞാന്‍ അവരെ ഓര്‍ക്കും ..അതെന്‍റെ കടമയും അവകാശവുമായി ഞാന്‍ കൊണ്ടുനടക്കുന്നു..

വൃത്തിയാക്കല്‍ കഴിഞ്ഞ് വിയര്‍ത്തോലിച്ചശരീരവും .ഓര്‍മ്മകള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ വീട്ടിലേക്കുപോയി.

പിറ്റേന്ന് രാവിലെതന്നെ കുളിച്ചു റെഡിയായി ..മാഷേ ഞങ്ങളും വരണോ..? രമണിയുടെ ചോദ്യം. വേണ്ട നിങ്ങള്‍ അമ്പലത്തില്‍ പൊയ്ക്കോ; രണ്ടു വഴിപാടുകളും നടത്തിക്കോ. ഞാന്‍ തൊടിയിലേക്ക്‌ ഇറങ്ങി.. ചെണ്ടുമാല്ലികയുടെയും, റോസയുടെയും,  ചെത്തിയുടെയും കുറച്ചു പൂക്കള്‍ പറിച്ചു കൂടിനകത്താക്കി കവലയിലേക്ക് നടന്നു. നായരുടെ കടയില്‍നിന്നും ഒരുകൂട് സൈക്കിള്‍ ബ്രാന്‍ഡ്‌ സുഗന്ധത്തിരിയും, ഒരുകൂട് മെഴുകുതിരിയും, ഒരു തീപ്പെട്ടിയും വാങ്ങി സെമിത്തേരിയിലീക്ക് നടന്നു..പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞ വിശ്വാസികള്‍, തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു..മെഴുകുതിരിയും സാമ്പ്രാണിയും കത്തിക്കുന്നു.. വിദ്യാധരനും പൂക്കള്‍വെച്ചു, സാമ്പ്രാണിയും മെഴുകുതിരികളും കത്തിച്ചു.. ജോണിനെയും അവന്‍റെ അമ്മയേയും ഓര്‍ത്തു..ഏകനായി മടങ്ങിപ്പോയ വര്‍ഗ്ഗിസ് മാഷിനെ ഓര്‍ത്തു..

ഇന്നെലെയുള്ളോര്‍,,, ഇന്നിവിടില്ല,,,, ഇനി വരികില്ല...

യാത്രക്കാരാ,,,, മുന്നിലിതാ നിന്‍,,,,, കബറിടമല്ലോ............

സെമിത്തേരിയില്‍ നിന്നുകൊണ്ട് ...അച്ചന്‍ ഈണത്തില്‍ പാടി...ഭഗവാനേ അടുത്തവര്‍ഷവും ഇവിടെവന്നു ഇവര്‍ക്കുവേണ്ടി തിരികത്തിക്കാന്‍ എന്നെ അനുവദിക്കണമേയെന്നു ഞാനും പ്രാര്‍ഥിച്ചു....

നമുക്കുവേണ്ടി കാത്തിരിക്കാനും നമ്മളെ ഓര്‍ക്കാനും ആരെങ്കിലും ഉള്ളതു വലിയൊരു ഭാഗ്യമാണ്..കാലങ്ങള്‍ക്ക് മുന്പ് ഒരു പിതാവ് നടത്തിയ അപേക്ഷയെത്തുടര്‍ന്നു വിദ്യാധരന്‍ നടത്തുന്ന ഓര്‍മ്മപുതുക്കലുകളെക്കാള്‍ എത്രയോ മഹത്തരമാണ്...ആരോടും പരാതിപറയാതെ, പ്രതിഫലം കാംക്ഷിക്കാതെ ഓര്‍മ്മിക്കാന്‍ ആരുമില്ലാത്തവര്‍ക്കുവേണ്ടി ജീവിക്കുന്നത്...

 മയക്കുമരുന്നു കേസില്‍  പത്തുവര്‍ഷം ജയില്‍വാസം കഴിഞ്ഞു മോചിതനായ,  കടുത്ത വിഷാദരോഗത്തിനടിമയായ നാല്‍പതുകാരനെ ഭാര്യയും ബന്ധുക്കളും കയ്യൊഴിഞ്ഞപ്പോള്‍, ഇനി ഇതിനെ എവിടെ ഉപേക്ഷിക്കുമെന്നു അധികൃതര്‍ അന്വേഷിച്ചപ്പോള്‍, ആ സഹോദരനെ ഞാന്‍ ഏറ്റെടുക്കാമെന്നു പറഞ്ഞുകൊണ്ട് മുന്നോട്ടുവരുന്ന ആള്‍ തീര്‍ച്ചയും ദൈവീകതയുള്ളവനാണെന്നു ഞാന്‍ കരുതുന്നു... ഗീതാഞ്ജലിയിലൂടെ ടാഗോര്‍ ലോകത്തോട് പറഞ്ഞ ആ ദൈവം എന്‍റെ നാട്ടിലുമുണ്ടെന്നു എനിക്ക് മനസ്സിലായി.. അരയങ്ങാട് സ്നേഹഭവനിലെ സ്റ്റീഫന്‍ എന്ന ആ മനുഷ്യസ്നേഹിയില്‍ ടാഗോര്‍കാണിച്ചുതന്ന ആ  ദൈവം കുടികൊള്ളുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. ഉച്ചത്തില്‍ ആര്‍പ്പ് വിളിക്കാന്‍ ഭക്തരില്ല... പൂജാമുറിയിലെ ചിത്രമല്ല...ആത്മീയ പ്രാഭാഷണങ്ങളില്ല...പണം കൊടുത്താല്‍ കിട്ടുന്ന അനുഗ്രഹങ്ങളില്ല... പക്ഷെ കര്‍മ്മമാണ്‌ ധര്‍മ്മം എന്നു കരുതുന്ന ആ മനുഷ്യന്‍റെ ലോകം സന്ദര്‍ശിക്കുന്ന എല്ലാ മനുഷ്യരിലും... ദൈവമേ ഞാന്‍ എത്രയോ ഭാഗ്യവാന്‍ എന്നു പറയുന്ന ഒരു നിമിഷം ഉണ്ടാകുന്നു..

കണ്ണൂര്‍ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കോളയാട് ടൌണില്‍ നിന്നും ഏതാണ്ട് അഞ്ചുകിലോമീറ്ററോളം ഉള്ളിലായി സ്ഥിതിചെയ്യുന്ന അരയങ്ങാട് സ്നേഹഭവന്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒത്തിരി മനുഷ്യജീവികളുടെ അഭയകേന്ദ്രമാണ്.. ഒരിക്കല്‍ അവിടം സന്ദര്‍ശിക്കാന്‍ പോയ വിദ്യാധരനോട് അഴികള്‍ക്കുള്ളില്‍ അടച്ചിട്ടിരുന്ന മാനസികരോഗിയായൊരു കുട്ടി, ഒരു ആവശ്യം പറഞ്ഞു,,,,’ചേട്ടന്‍ ഇനി ഇവിടെ വരുമോ..?’ വരുമെന്നുള്ള എന്‍റെ മറുപടികേട്ട അവന്‍ പറഞ്ഞു .ഇനി വരുമ്പോള്‍ എനിക്കൊരു ചോക്ക് കൊണ്ടുവരണം.. എന്തിനാ മോനെ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ് “..എനിക്കൊരു പടം വരയ്ക്കണം ദൈവത്തിന്‍റെ.....”. സ്വബോധം നഷ്ടപ്പെട്ടവരേയും, പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി കിടക്കുന്നവരെയും, കിടക്കുന്ന സ്ഥലത്തുതന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെയും ഞാന്‍ അവിടെ കണ്ടു.. അവിടെ ജാതിയില്ല, മതമില്ല...സംവരണങ്ങള്‍ ഒന്നുമില്ല... എല്ലാവരും മനുഷ്യര്‍ മാത്രം...ഞാനൊരു ചോക്കുകൊടുത്താല്‍ ആ കുട്ടി വരയ്ക്കുന്ന ദൈവത്തിന്‍റെ മുഖം എങ്ങനെ ഇരിക്കും..ചിത്രങ്ങളില്‍ കാണുന്ന സുന്ദരമുഖമായിരിക്കുമോ ആ ദൈവത്തിന്.... അല്ല എന്നു ഞാന്‍ കരുതുന്നു..അവന്‍ വരയ്ക്കുന്ന ദൈവത്തിന്‍റെ മുഖം; ബ്രദര്‍ സ്റ്റീഫന്‍റെ മുഖമായിരിക്കും....................  

Thursday, August 29, 2013

e-ലോകം നാറിയ ഇടപാടുകള്‍ നടക്കുന്നസ്ഥലം.നാറ്റം ‘കാട്ടാക്കട’ വരെ എത്തിയിരിക്കുന്നു...



 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 മാഷെ,,മാഷേ വിദ്യാധരന്‍ മാഷേ .....

എന്തോന്നാടെ.....?.......  ...നിങ്ങളവിടെ എന്തെടുക്കുകയാ മാഷേ ?

ഞാന്‍ പിള്ളേരുടെ പേപ്പറുനോക്കുകയാ, നാളെ കൊടുക്കേണ്ടതാ...

നാളെയല്ലേ കൊടുക്കേണ്ടത്.. നിങ്ങളിങ്ങുവന്നേ.................. എന്താകാര്യം..

അതേയ്; നിങ്ങള്; ബുദ്ധിജീവി എന്നു കേട്ടിട്ടുണ്ടോ..?

 ഉണ്ട്............... നേരിട്ട് കണ്ടിട്ടുണ്ടോ................ ഇല്ല.................എന്നാ വാ കാണിച്ചു തരാം....

മാഷ്‌, ‘വയനാടന്‍ തമ്പാന്‍’  എന്നു കേട്ടിട്ടുണ്ടോ... തൂലികാ നാമമാണ്... ആളു ഭയങ്കര ഘടിയല്ലേ... ..ഒരുഗ്രന്‍ ബുദ്ധിജീവി..പത്തുപതിനഞ്ചു പൊത്തകം എഴുതിയിട്ടുണ്ട്...വ്യാകരണഗ്രന്ഥങ്ങളാണ് അധികവും..പിന്നെ കണ്‍സല്‍ട്ടിങ്ങ് സൈക്കോളജിസ്റ്റ്, ബ്രോക്കറേജ്, കോളമിസ്റ്റ്, ചാനല്‍ പ്രഭാക്ഷണങ്ങള്‍, ആട്, കോഴി, താറാവ് എന്നുവേണ്ട എല്ലാ കാര്യത്തിലും ജ്ഞാനിയാ.... അദേഹത്തിന്‍റെ  ആത്മകഥ ‘ചക്കച്ചുള’ എന്നപേരില്‍  അദേഹംതന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്...അദേഹത്തിന്‍റെ ‘ചിറകൊടിഞ്ഞ കുറവന്‍’ മാഷ്‌  വായിച്ചിട്ടില്ലേ? ..........ഇല്ല.   ........ശ്ശേ മോശം.

അഴീക്കോട്മാഷ്‌  പോയതിനുശേഷമുണ്ടായ  വിടവ് നികത്തുന്നത് ഇദേഹമാണെന്നാണ് അദേഹം സ്വയം പറയുന്നത്. ഒരു അത്ഭുതപ്രതിഭാസം...

  വടക്കൊരു മീറ്റിങ്ങിനു പോയിട്ടുവരുന്ന വഴിയാ.... ഞങ്ങളു പറഞ്ഞുനിര്‍ബന്ധിച്ചു ക്ലബില്‍ ഇറങ്ങിയിട്ടുണ്ട്.. അഞ്ചരയ്ക്കുള്ള വണ്ടിക്ക് കയറ്റിവിട്ടാല്‍ മതി..പോകുമ്പോള്‍ വണ്ടിക്കൂലിമാത്രം കൊടുത്താല്‍മതിയാകും. മാഷിനെ ഒന്നു പരിചയെപ്പെടുത്താന്‍ വിളിച്ചതാ... നേരോ...

പിന്നേ,, മാഷ്‌ എന്തൊക്കെയോ എഴുതിവെച്ചിട്ടുണ്ടെന്നു പറഞ്ഞില്ലേ; അതും കൂടി എടുത്തോ.... അങ്ങേരെയൊന്നു കാണിക്കാം ചിലപ്പോ പ്രസിദ്ധികരിച്ചാലോ..  .............ശരിയാ

അങ്ങനെ, വളരെക്കാലമായി കുത്തികുറിച്ച അക്ഷരങ്ങളെക്കൊണ്ടു നിറഞ്ഞ തുന്നിക്കൂട്ടിയ കടലാസുകളും എടുത്തു ‘ഘടിയെ’ കാണാന്‍ യാത്രയായി..

ക്ലബിനു ചുറ്റും ചെറിയൊരാള്‍ക്കൂട്ടമുണ്ട്...ആളുകളെ വകഞ്ഞുമാറ്റി ഉള്ളിലേക്ക് കടന്നു ..ക്ലബില്‍ ആകെയുള്ള s മോഡല്‍ കസേരയില്‍ നമ്മുടെ അവതാരം ഇരിപ്പുണ്ട്.. ഒറ്റനോട്ടത്തില്‍ വയനാടന്‍ ചുരം കയറുമ്പോള്‍ റോഡ്‌ സൈഡില്‍ കുത്തിയിരിക്കുന്ന കുരങ്ങനെപ്പോലെ ഒരുത്തന്‍..മുടിയെല്ലാം ജെല്ല് തേച്ച് പാരാപോലെയാക്കിയിട്ടുണ്ട്.. കൊളുന്തുനുള്ളാത്ത തേയിലച്ചെടി പോലുള്ള ബുള്‍ഗാനും, നെഞ്ചത്ത്‌ XXX അടയാളപ്പെടുത്തിയ ബനിയനും, ഇറുക്കിപ്പിടിച്ച ജീന്‍സും, അതിന്‍റെ അറ്റത്ത്‌ എടുത്താല്‍ പൊന്താത്തഷൂവും ചിത്രംപൂര്‍ത്തിയായി...ആധുനിക ബുദ്ധിജീവി....

  ഉഉം..ആരാ ..ബുദ്ധിജീവി ചിനച്ചു...ഇതാണ് ഞങ്ങള്‍ പറഞ്ഞ മാഷ്‌ ക്ലബിന്‍റെ സെക്രട്ടറിയാ ..

നമസ്ക്കാരം, ഞാന്‍ വിദ്യാധരന്‍;  ഇവിടെ സ്കൂളിലെ മാഷാ....

എന്‍റെ നമസ്ക്കാരത്തിനു ഒരു മൂളല്‍ മാത്രമാണ് മറുപടികിട്ടിയത്..അപ്പൊ മാഷൊരു സര്‍ക്കാരുദ്യോഗസ്ഥനാണല്ലേ....?.    ................അതേ....... ..

‘യൂസലെസുകള്‍;  എനിക്കി സര്‍ക്കാരുദ്യോഗസ്ഥരേ കണ്ടുകൂടാ.. ഞാന്‍ പത്തുമുപ്പതു പി.എസ്.സി എഴുതി ഒന്നുംകിട്ടിയില്ല.... എങ്ങനെകിട്ടും എല്ലാംവെറും കോപ്പിയടിച്ചല്ലേ ജോലിനേടുന്നത്.. .കിട്ടിയാലോ ഒരു പണിയുമെടുക്കാതെ ഖജനാവ് കട്ടുമുടിക്കുന്ന ജാതികള്‍.....’

‘ഹോ ഹോ അപ്പൊ അതാണ്‌ പ്രശ്നം..കിട്ടാത്ത മുന്തിരിപുളിക്കുന്ന ഇടപാട്’.....മനസ്സില്‍ തോന്നിയകാര്യം പുറത്തുപറഞ്ഞില്ല. ഘടിയല്ലേ പിണങ്ങിയാലോ? മുഖം കണ്ടപ്പോള്‍മുതല്‍ ഇയാളെ എവിടെയോ കണ്ട നല്ല പരിചയം തോന്നിത്തുടങ്ങി ...

 അപ്പൊ; സര്‍ എന്തുജോലിയാ ചെയ്യുന്നത്.....എന്‍റെ ഫീല്‍ഡ് ‘ആട്’ ആണ്. ആടോ, അപ്പൊ ആടുവളര്‍ത്തലാണോ പണി.... ച്ചേയ് ‘ആട്’ ബിസ്നസ് ..ഹോ ഹോ അപ്പൊ ആടുകച്ചവടമാണല്ലേ....

യൂസലെസ്സുകള്‍.... ഞാനൊരു അട്വേര്ടസിംഗ്  മാര്‍ക്കറ്റിംഗ് സോല്യുഷന്‍റെ എം ഡി യാണ്....

ക്ഷമിക്കണം സര്‍, അറിയാതെ പറഞ്ഞതാണ്.......... ഓക്കേ ഓക്കേ ...

ഇവനെ എവിടെയോ കണ്ട നല്ല പരിചയം; പക്ഷെ ഓര്‍മ്മകിട്ടുന്നില്ല..ഞാന്‍ വീണ്ടും മനസ്സില്‍ വിചാരിച്ചു..

അതുപോട്ടെ സാറെ, നമുക്കൊരു ചര്‍ച്ച നടത്തിയാലോ..ഞങ്ങള്‍ ബുദ്ധിജീവിയോടു ചോദിച്ചു...

അയ്യോ സമയമില്ല. ഇപ്പൊത്തന്നെ രണ്ടുമണിക്കൂര്‍ സ്പീച്ച് കഴിഞ്ഞാ വരുന്നത്.. ഇനി ചെന്നിട്ട് രണ്ടുമണിക്കൂര്‍ സ്പീച്ച് വേറെയുണ്ട്..നിങ്ങളുടെ വായനശാലയൊന്നു സന്ദര്‍ശിക്കണമെന്ന അപേക്ഷകൊണ്ടുമാത്രം ഇറങ്ങിയതാണ്. വല്ല പുസ്തകപ്രകാശനവും ഉണ്ടെങ്കില്‍ നടത്തിത്തരാം......

 എന്നാല്‍ സാര്‍; എന്‍റെ ഈ എഴുത്തുകളോന്നു വായിച്ചുനോക്കി ഒരു അഭിപ്രായം പറയണം...

 താ,,,,നോക്കട്ടെ

‘ഘടി’ ഞാന്‍കൊടുത്ത കടലാസുകള്‍  മറിച്ചുനോക്കാന്‍ തുടങ്ങി....... ഇതിനിടയിലും എന്‍റെചിന്ത ലെവനെ എവിടെയോ കണ്ടിട്ടുണ്ടെന്നതായിരുന്നു.

 ഹും; ഇതാണോ എഴുത്ത്..പുല്ല്.... താനെന്താ പ്രേമവും, പെണ്ണുവിഷയവും  മാത്രമാണോ എഴുതുന്നത്‌... ഇതിനൊരു ഫ്രെയിം ഉണ്ടോ...ക, ഞ്ഞ, ണ, പ്പ വിന്യാസം ശരിയാണോ ..ചില്ലക്ഷരങ്ങള്‍ വരുമ്പോള്‍ മകാരം ഉണ്ടോ, കായ്ക്ക് വാല് ഉണ്ടോ...കോമയുണ്ടോ, കുത്തുണ്ടോ....എന്തിനധികം പറയുന്നു.ഘടി അതു നടുവേകീറി കൈയ്യില്‍ത്തന്നു... ഒരുപാടു ദിവസംകൊണ്ട് എഴുതിയ ഒരു കഥയാണ്...എല്ലാം ആ ദ്രോഹി വലിച്ചുകീറി.. മാത്രമല്ല നാട്ടുകാരുടെ മുന്നില്‍ അപമാനിച്ചത് വേറെ...

സര്‍ അത് കീറിയത് ശരിയായില്ല...

തനിക്കൊക്കെ പോയി ചത്തുടടോ..എഴുത്താണെന്നും പറഞ്ഞ് ഇറങ്ങിക്കോളും... .ദേ ഞാന്‍ എഴുതിയ പുസ്തകങ്ങളാ വായിച്ചുപഠിക്ക്... രണ്ടു ചോട്ടാ ബുക്കുകള്‍ ‘ജീവി’ സഞ്ചിയില്‍നിന്നുമെടുത്തു എനിക്കുനേരെനീട്ടി ഞാന്‍ താളുകള്‍ മറിച്ചുനോക്കി...ഒന്ന് ‘സ്വാതന്ത്ര്യം പാതിരാത്രിയില്‍’ എന്നപേരില്‍. മറ്റൊന്ന് ‘അര്‍ദ്ധരാത്രിയില്‍ കോഴികൂവിയപ്പോള്‍’...താളുകള്‍ മറിച്ചുനോക്കിയപ്പോഴേ കാര്യംമനസ്സിലായി ഏതോ എല്‍.പി സ്കൂളിലെ സാഹിത്യസമാജത്തിന് എഴുതിയ പ്രസംഗമാണ്.. ഭാരതം എന്‍റെ നാടാണ്, എല്ലാവരും എന്‍റെ സഹോദരിസഹോദരന്മാരാണ് അങ്ങനെപോകുന്നു... കൊള്ളാം ഇവന്‍ പറ്റിയ ബുദ്ധിജീവിതന്നെ..ആമുഖത്തില്‍ ‘എന്നെക്കുറിച്ച്’ എന്ന ഭാഗം സൂഷ്മമായിവായിച്ചു...ചാരത്തില്‍നിന്നും ഉയര്‍ന്നുവന്ന പക്ഷി. കൊള്ളാം.. പക്ഷെ തുടര്‍ന്നങ്ങോട്ട്‌ വായിച്ചപ്പോള്‍ക്കിട്ടിയ അവ്യക്തസൂചനകളില്‍നിന്നും ആളെ മനസ്സിലായി...

എടാ നീയാ,,,,,,, അയ്യപ്പന്‍റെ മകന്‍ സരസപ്പനല്ലേ.....

ഏതു സരസ്സപ്പന്‍ ഏതു അയ്യപ്പന്‍..എനിക്കിപ്പം പോകണം ചെന്നിട്ടു പ്രസംഗിക്കാനുള്ളതാ..ബസ്സിന്‍റെ ശബ്ദംകേട്ട സരസപ്പന്‍ വണ്ടിക്കൂലിപോലും ചോദിക്കാതെ വേഗം സ്ഥലംകാലിയാക്കി..

 അപ്പൊ മാഷിനു ഇയാളെ നേരത്തെയറിയാമോ...അറിയാമോന്നോ.. ഇവന്‍ വെറും കൂതറ. ആളെപ്പറ്റിച്ചു ജീവിക്കുന്നവന്‍..കുറച്ചുകാലം മുന്പ്  എനിക്ക് വടക്കൊരു സ്കൂളില്‍ നാലുവര്‍ഷം ജോലിചെയ്യേണ്ടിവന്നിരുന്നു.. അന്ന് ആ സ്കൂളിലെ സ്ഥിരം തലവേദനയായിരുന്നു ഈ സാധനം. സാറുമ്മാരുടെ ദേഹത്തു മഷി തെറുപ്പിക്കുക, ബോര്‍ഡില്‍ വൃത്തികേട് എഴുതുക ഇതിക്കെയായിരുന്നു കലാപരിപാടികള്‍. ഒടുവില്‍ അച്ഛന്‍വന്നു കാലുപിടിക്കും അങ്ങനെ പത്തുവരെ ഒപ്പിച്ചു..പിന്നിടുകേട്ടു അച്ഛനെ തല്ലി ടിയാന്‍ നാടുവിട്ടുവെന്ന്.. പിന്നെ ഇപ്പോഴാകാണുന്നത് ..പഴയാ അതേ സ്വഭാവം ..കക്കാന്‍ പടിച്ചതുപോലെ നിക്കാനും പഠിച്ചിട്ടുണ്ട് അതുകൊണ്ട് പിടിവീഴാതെ കഴിഞ്ഞുപോകുന്നു... കണ്ടില്ലേ പേര് ചോദിച്ചപ്പോഴേ ആളു മുങ്ങിയത്. ലെവന്‍റെ പൊത്തകം കണ്ടോ ‘സ്വാതന്ത്ര്യം പാതിരാത്രിയില്‍’ ‘അര്‍ദ്ധരാത്രിയില്‍ കോഴികൂവിയപ്പോള്‍’ ത്ഫൂ.. ഇവനൊക്കെയാണ് പുതിയ ഭാഷാ വളര്‍ത്തുകാര്‍..ലെവന്‍ പറഞ്ഞകേട്ടോ അവനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുശ്ചാമാണെന്നു...പാവം കഴിയുന്നത്രേ നോക്കി കിട്ടിയില്ല. കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും..

 ആരും വായിക്കാത്ത കുറേ പൊത്തകവും എഴുതി. അതും സഞ്ചിയിലാക്കി കക്ഷത്തിലും തൂക്കി, ബുദ്ധിജീവിയെന്ന ബോര്‍ഡുംതൂക്കി ഇറങ്ങിക്കോളും.. ആരുടെയെങ്കിലും കാലുപിടിച്ചോ, പുറംചൊറിഞ്ഞോ എങ്ങനെയെങ്കിലും ഒരു ചാനല്‍ ഇന്റെര്‍വ്യൂ തരപ്പെടുത്തും. അങ്ങനെ എവിടെയെങ്കിലും നാലഞ്ചുസ്റ്റേജുകള്‍ കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ വെല്ലുവിളിയാണ്.. ഇപ്പൊ മുഴുവന്‍ മറിക്കും എന്നാണ് ഭാവം...നിന്‍റെതൊക്കെ എന്തിനുകൊള്ളാം കാണുവാണെങ്കില്‍ എന്റേതു കാണണം,,എന്തൊരു വലിപ്പമാ... തുടങ്ങി സ്വയംപുകഴ്ത്തല്‍ ആരംഭിക്കുകായി... കഴിഞ്ഞ ദിവസങ്ങളില്‍ ആദരണിയനായ കവി കാട്ടാക്കടസാര്‍ ഇത്തരത്തില്‍ ഒരു വളിപ്പ് പറഞ്ഞുകണ്ടു.. കണ്ണടയും ബാഗ്ദാദും എഴുതിയ കവി ബൂലോകത്തെ എഴുത്തുകള്‍ മുഴുവന്‍ ചവറുകളാണെന്നും, ‘ഈ-ലോകം’ എന്നത് നാറിയ ഇടമാണെന്നും പ്രഖ്യാപനംനടത്തി. ഫേസ്ബുക്ക് കൂട്ടായ്മയായ ആല്‍ത്തറ ഗ്രൂപ്പിലെ കവികളുടെ രചനകള്‍ സമാഹരിച്ച് പച്ചമലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച E- ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന പുസ്തകം കൊല്ലംജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഓഗസ്റ്റ് 22 ന് പ്രകാശനം ചെയ്തുകൊണ്ടാണ് കവി ഇങ്ങനെ ഒരു പ്രസ്താവന  നടത്തിയത്. ഏതെങ്കിലും സൌജന്യ ഫ്ലാറ്റ്ഫോമില്‍ അക്ഷരം അറിയുന്നവന്‍ രണ്ടുവരി എഴുതുന്നതില്‍ എന്തിനാണ് ഈ അസഹിഷ്ണുത. .സൌകര്യമുള്ളവരു വായിച്ചാല്‍ പോരെ.. ചവറുകളാണെങ്കില്‍ അതു സ്വയം അഴുകിത്തീര്‍ന്നോളും..  അല്ലാതെ ഈ- എഴുത്തുകാരുടെ തന്തയ്ക്കുവിളിക്കുമ്പോള്‍ കിട്ടുന്ന ആ ആത്മസുഖം മാനസികരോഗത്തിന്‍റെ ആദ്യലക്ഷണമാണ്.. തനിക്ക് നഷ്ടപ്പെട്ടതും അറിയാത്തതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ ആസ്വദിക്കുന്നത് കാണുമ്പൊള്‍ ഉണ്ടാകുന്ന മുഴുത്ത അസൂയയാണിത്. ഒരുത്തനും പൂര്‍ണ്ണതികവോടെ ഉണ്ടാകുന്നില്ല.. വീഴ്ചകളില്‍നിന്നേ നടക്കാന്‍പഠിക്കൂ...അതുകൊണ്ട് പണ്ഡിതര്‍ എന്നു സ്വയം പ്രഖ്യാപിച്ചു നടനം നടത്തുന്ന കൂതറകളോട് ഒന്നേ പറയാനുള്ളൂ.. സ്വന്തം വീഴ്ച്ചകള്‍ മറച്ചുവെച്ചുകൊണ്ട് ...ആക്ഷേപം അരുത്... സ്വയം ചെരിഞ്ഞുനടന്നിട്ട് മക്കളോട് നേരെ നടക്കാന്‍ പറയുന്ന ഞണ്ടിന്‍റെ സ്വഭാവം കാണിക്കരുത്.. വഴിച്ചെലവും ചായക്കാശും വാങ്ങി സ്റ്റേജുകള്‍ തരപ്പെടുത്തി; അതേ സ്റ്റേജില്‍ത്തന്നെ  മലമൂത്രവിസര്‍ജനം നടത്തി സംഘാടകരെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും നമ്മുടെ സ്വയം അവതരിക്കപ്പെട്ട സാഹിത്യകാരന്മാര്‍ കാണിക്കണം.കണ്ണടയും ബാഗ്ദാദും പറയുമ്പോള്‍തന്നെ നെല്ലിക്കാപോലുള്ള കവിതകള്‍ അച്ചാറ്പാത്രത്തിനു മൂടിയാക്കാനല്ലാതേ ഒന്നിനും കൊള്ളില്ലായെന്നും മനസിലാക്കുക... അഴിക്കോടിനെയും എന്‍പി കൃഷ്ണവാര്യരെയും പോലുള്ള മഹാരഥന്‍ന്മാരും  എഴുത്തച്ഛനും, വള്ളത്തോളും, ആശാനും, വൈലോപ്പിള്ളിയും, കുഞ്ഞിരാമന്‍നായരും പോലുള്ള കവികളും നിറഞ്ഞുനിന്ന കേരളിയ സാഹിത്യലോകത്ത് സ്വയം പ്രഖ്യാപിത കിരീടങ്ങളുമായി ആര്‍ക്കും എപ്പോഴും തുടരാന്‍ കഴിയില്ല..വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴും കവിത പാടുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു... സമരവീധികളിലും പ്രതിക്ഷേധമാര്‍ച്ചിലും കവിതയല്ല കാ കൂ വിളികളാണ് കേള്‍ക്കുന്നത്... വായ്പ്പാട്ടുകളും,കവിതകളും മറ്റ് എഴുത്തുകളും ജരാനരകള്‍ കൂടാതെ പിടിച്ചുനിറുത്തുന്ന ഈ-ലോകത്തെയും, വായനക്കാരെയും, അവിടെ  എഴുതുന്നവരെയും  ആക്ഷേപിക്കുന്നത് ശുംഭത്വം എന്നേ പറയാന്‍ കഴിയൂ..  തിളക്കംമങ്ങിയ ക്ലാവുപിടിച്ച കിരീടവും, പിഞ്ഞിക്കീറിയ വേഷഭൂഷാദികളും ധരിച്ച് ഞാന്‍ രാശാവാണെന്നു വിളിച്ചുകൂവിയാല്‍ അതും ഒരു ലക്ഷണമാണ് ധരിച്ചിരിക്കുന്ന കണ്ണടയുടെ ലെന്‍സ്‌ മാറാനായിരിക്കുന്നു; എന്ന ലക്ഷണം........

 

Sunday, August 25, 2013

പറ്റിച്ചേ പറ്റിച്ചേ ബ്ലെസ്സിയണ്ണന്‍ കളിമണ്ണില്‍ പറ്റിച്ചേ......



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ടര്‍ണീം ടര്‍ണീം ടര്‍ണീം....
ആരാണാവോ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്..............
ഹലോ മാഷേ; ഇതു ഞാനാ ഉല്‍പ്പലാക്ഷന്‍ ..ഇന്നു കൃത്യം പത്തുമണിക്ക് ക്ലബിന്‍റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. മാഷ്‌ വരണം ഒരു അത്യാവശ്യ കാര്യമുണ്ട് .. പൈസതീരുന്നു വെക്കുവാ ..ശരി ശരി
  എന്താണാവോ ഇത്ര അത്യാവശ്യകാര്യം...പുതിയ വല്ല ഗുലുമാലും ഉണ്ടായോ ആവോ.. ഇനിയിപ്പോ വയറ്റിളക്കമാണെന്നു പറഞ്ഞു മാറാനും പറ്റില്ല.....  സ്കൂള്‍ അവധിയായതിനാല്‍ പത്തുമണിക്കുതന്നെ ക്ലബിലേക്കു പുറപ്പെട്ടു.. റോഡുമുഴുവന്‍ കുളമായിക്കിടക്കുന്നതിനാല്‍ പാട വരമ്പിലൂടെയാണ് പോയത് .. എളുപ്പവഴിയാണത്. ക്ലബിന്‍റെ പിറകുവശത്ത് എത്തുകയും ചെയ്യാം. അകലേനിന്നെ ഒച്ചകേള്‍ക്കാം.. എന്തോ കാര്യമായ തര്‍ക്കം നടക്കുന്നുണ്ട്. ഇപ്പൊ അങ്ങോട്ടു പോകണമോ എന്നൊരു സംശയം.... അംഗങ്ങളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്; അധ്വാനികളും ശക്തരുമാണവര്‍.  പതിവുരീതിവെച്ചു നോക്കുമ്പോള്‍ ഉന്തുംതള്ളും കോളറിനുപിടുത്തവും നടക്കും, എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ അടിനടക്കും.... ഒരുമണിക്കൂര്‍ യോഗംവിളിച്ചാല്‍ പത്തുമിനിറ്റു ചര്‍ച്ച, പത്തുമിനിട്ട് തര്‍ക്കം, മുപ്പതുമിനിട്ട് തല്ല് അവസാനത്തെ  പത്തുമിനിറ്റ് അനുരഞ്ജനം, അതാണ്‌ കണക്ക്. ഇതിലെ അവസാന പത്തുമിനിറ്റിലെ നമുക്കു റോള്‍ ഉള്ളു. അതിന്‍ പ്രകാരം തല്ലില്‍ പരിക്കുപറ്റിയവന് നഷ്ടപരിഹാരവും, തല്ലിയവരുടെ മാപ്പുപറച്ചിലും കെട്ടിപ്പിടുത്തവുമായി പ്രശ്നംതീരും, തുടര്‍ന്ന്‍ എല്ലാവരും ഒന്നിച്ചു കുമാരേട്ടന്‍റെ  കടയില്‍പ്പോയി ചായയും വടയും കഴിച്ച് പിരിഞ്ഞു പോകും.. അതാണ്‌ പൊതുയോഗരീതി.. ഇന്നിപ്പോ എന്താകുമോ എന്തോ... പിറകുവശത്തെ ജനല്‍പ്പാളിക്കിടയിലൂടെ അകത്തെയ്ക്കൊന്നു നൂഴ്ന്നു നോക്കി ...
 ‘മാഷിങ്ങുവരട്ടെ ചോദിക്കാം ..ഒരു തീരുമാനം അറിയണമല്ലോ... വലിച്ചു കീറുകയാ വേണ്ടത്.. നിക്കട്ടെ ചോദിച്ചിട്ടു മതി.. അതേയതെ....’
 ഭഗവാനേ ഇന്ന് എല്ലാവരുംകൂടി എന്നെ കൈവയ്ക്കാന്‍ തന്നെ പ്ലാന്‍... കഴിഞ്ഞ ഓണത്തിന് നടന്ന കമ്പവലിയില്‍ കള്ളത്തരം കാണിച്ചുവെന്ന് പറഞ്ഞുനടന്ന കൂട്ടത്തല്ലില്‍ തടസ്സംപിടിക്കാന്‍ പോയപ്പോ ലക്ഷ്യമ്മാറിക്കിട്ടിയ അടിയുടെവേദന ഇപ്പോഴുമുണ്ട്.. ഇതിപ്പോ ചതിയില്‍വിളിച്ചു തല്ലനാ പ്ലാന്‍.. ഓണമിങ്ങെത്താറായി, അപ്പോഴിനി അടുത്ത തല്ലുപിടിക്കാന്‍ വിദ്യാധരനെ കിട്ടില്ല മക്കളെ..... പതുക്കെ സ്ഥലംവിട്ടേക്കാമെന്നു കരുതി തിരിഞ്ഞപ്പോഴാണ്, ഉല്‍പ്പലാക്ഷന്‍ അവന്‍റെ കോളാമ്പിപോലത്തെ  വാ തുറന്നു മുറുക്കിതുപ്പല്‍ ജനാലവഴി ചീറ്റിച്ചത്. ഭാഗ്യംകൊണ്ട് മുഖത്തു വീണില്ലന്നേയുള്ളൂ.
 ങ്ഹാ മാഷോ ..നിങ്ങളെന്തിനാ ജനാലയ്ക്കുപിറകില്‍ പതുങ്ങിനില്ക്കുന്നത്.. വാ വാ അകത്തേയ്ക്ക് വാ ഞങ്ങളുനിങ്ങളെ കാത്തിരിക്കുവായിരുന്നു........ ,,,,കുടുങ്ങി,,,,,, ഇന്നു തല്ലുകിട്ടിയതു തന്നെ....... ഓടാമെന്നു വിചാരിച്ചാല്‍ ഇവന്മ്മാര്‍ ഓടിച്ചിട്ടുപിടിക്കും. കാലുപിടിക്കലാണ് ബുദ്ധി; വേണമെങ്കിലൊന്നു കരഞ്ഞു കാണിക്കണം.. തല്ക്കാലം തടി രക്ഷപ്പെടുത്തണം, അകത്തേയ്ക്ക് ചെന്നു. എല്ലാവരും എന്നെനോക്കി നില്‍ക്കുന്നു..
‘ദൈവത്തെയോര്‍ത്തു ഒന്നും ചെയ്യരുത്. എനിക്ക് ഓടാന്‍ വയ്യ...........’   മുന്‍‌കൂര്‍ കാലുപിടുത്തം നടത്തി................
ഹാ അതിനു മാഷെന്തിനാ ഓടുന്നത്..? ഇവിടാരും ഒന്നും പറഞ്ഞില്ലല്ലോ??
അല്ല, എങ്കിലും....................
അതല്ല മാഷേ പ്രശ്നം. നമ്മുടെ ആ മറ്റേ പടം ഇറങ്ങി. ദേ,,, പോസ്റ്റര്‍; കവലയില്‍ ഒട്ടിച്ചിരുന്നത് ഞങ്ങളങ്ങു കീറി...
ഏതു പടം?
ബ്ലസ്സിയുടെ പ്രസവം..
 ഹോ അത്,,,,, നമ്മുടെ നടി പ്രസവിക്കുന്ന സിനിമ അല്ലേ... അതിനെന്താ കുഴപ്പം...?
അപ്പൊ മാഷല്ലേ ഇന്നാള് പറഞ്ഞത്; നടി സ്ക്രീനില്‍ പ്രസവിക്കുന്നത് മോശമാണെന്ന് ..ഒരു പ്രതിഷേധം നടത്തിയാലോന്ന് ആലോചിക്കാനാ മാഷിനെ വിളിച്ചത്. എന്തു പറയുന്നു.
വേണ്ട വേണ്ട. അതില്‍ നമ്മള് വിചാരിച്ച പോലല്ല കാര്യങ്ങള്‍. ആ ബ്ലസ്സി നമ്മളെ പറ്റിച്ചതാ..... വിവാദമുണ്ടാക്കി ആളെക്കൂട്ടാന്‍ അയാളിട്ട ഒരു നമ്പറാ അത്.. കല്യാണം കഴിഞ്ഞ് പ്രസവിക്കാന്‍ സമയമായ നടി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രസവിക്കുന്നു.. സുഖപ്രസവം ....അന്നു ഞാന്‍ വിചാരിച്ചത് സിനിമാസെറ്റിലായിരിക്കും പ്രസവമെന്നാ,,,, അതാകുമ്പോള്‍ തള്ളയ്ക്കുംപിള്ളയ്ക്കും കേടല്ലേ.. അതുകൊണ്ടാ ഞാന്‍ അങ്ങനെ പറഞ്ഞത്..   അപ്പൊ മാഷ്‌ കണ്ടോ,,,,,,
 ച്ചേയ്,,,,,, ഞാനോ..? സ്വന്തം ഭാര്യയുടെ പ്രസവം കണ്ടില്ലാ.. പിന്നാ വല്ല പെണ്ണുമ്പിള്ളയുടെയും പ്രസവം.................
 എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണു. പടം റിലീസായ അന്നേ ഞാന്‍ പോയി കണ്ടു... പയങ്കര പടമല്ലേ ഒന്നു കണ്ടേക്കാമെന്ന് കരുതി. ദോഷം പറയരുതല്ലോ ബ്ലസ്സിയുടെ പതിവ് മസാലകള്‍ എല്ലാം ചേര്‍ത്തു പരുവപ്പെടുത്തിയിട്ടുണ്ട്. ഒരു ആശുപത്രിപ്രസവംകൂടി അഡീഷണല്‍ ഉണ്ടെന്നുമാത്രം. മൊത്തം തുറന്നിടുമെന്നു കരുതിയാണ് പോയത്. ഊമ്പിയത് മിച്ചം. എല്ലാം തുറന്നുകാട്ടാന്‍ തയ്യാറായ ഒരു നടിയുടെ ശരിരത്തിന്‍റെ വിപണനസാദ്ധ്യതയെ  വളരെ ബുദ്ധിജീവിപരമായി ..അലക്കി വെളുപ്പിച്ച് മസാലയിട്ടുവെച്ച നല്ല നാടന്‍ ചിക്കന്‍ കറിയെന്നു പറയിപ്പിച്ച് ബ്ലസ്സി കേരളിയരെ പറ്റിച്ചു എന്നതാണ് സത്യം. പറഞ്ഞിരുന്നതുപോലെ ഇതു കണ്ടതുകൊണ്ടു കേരളത്തില്‍ ഒരു ചുക്കും സംഭവിക്കില്ല. അതുപോലെ ഇതിലെ പേറു കണ്ടതുകൊണ്ടു കേരളത്തിലെ പെണ്ണുങ്ങളുടെ പ്രസവത്തോടുള്ള മനോഭാവത്തില്‍ എന്തെങ്കിലും മാറ്റാമുണ്ടാകുമെന്നും കരുതേണ്ട...’എ’ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു കച്ചവട മസാലപ്പടം അത്രയ്ക്കെയുള്ളൂ..
 രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ താരങ്ങളും താരികളും ആടിത്തിമര്‍ത്തിട്ടും മലയാളസിനിമ, വിത്തുകളുടെ മുന്നില്‍ നടുതളര്‍ന്നു ചാവാലിപ്പശുവിനെ പ്പോലെ തളര്‍ന്നുകിടന്നപ്പോള്‍;,,, ദേ ഇങ്ങോട്ടു പോരെ അങ്കത്തിനു ഞങ്ങള്‍ റെഡിയെന്നു പറഞ്ഞുകൊണ്ട് ഷക്കീല, മറിയ, രേഷ്മാ തുടങ്ങിയ പോരാളികള്‍ വെള്ളിത്തിരയില്‍ തുണിപറിച്ചാടി...തുടര്‍ന്ന്‍ ഏതാണ്ട് രണ്ടു വര്‍ഷം ഉന്മാദത്തിന്‍റെതായിരുന്നു. അതോടുകൂടി മലയാളിയുടെ വിത്തുകാള മനോഭാവം വാടിതളര്‍ന്ന ചേമ്പിന്‍ താളുപോലെയായി... സിനിമാതിയേറ്ററിലെ കസേരകള്‍ക്ക് ഒരുപാടു നനഞ്ഞോട്ടിത്തളര്‍ന്ന കഥകള്‍ പറയാമെന്ന നിലയിലേക്ക് വന്നപ്പോള്‍ ശക്കീലയും മറിയയും രേഷ്മയുമൊക്കെ  പതുക്കെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറി. സടകൊഴിഞ്ഞസിംഹങ്ങളൊക്കെ പതുക്കെ ജരാനരബാധിച്ച തൊലികളെ പോളിഷുചെയ്തുകൊണ്ട്; സിംഹമായും ഏട്ടനായുമൊക്കെ പുറത്തിറങ്ങി. അങ്ങനെ വീണ്ടുംകുറെ നാളുകള്‍... ഇപ്പോള്‍ പതുക്കെ പഴയ മാന്ദ്യം വീണ്ടും വന്നിരിക്കുന്നു. ന്യൂ ജനറെഷനും ഓള്‍ഡ്‌ ജനറെഷനും എല്ലാമായി വര്‍ഷത്തില്‍ ഇരുനൂറിനടുപ്പിച്ചു സിനിമ പടച്ചു വിടുന്നുണ്ടെങ്കിലും, പച്ചതൊടുന്നത് പത്തില്‍ത്താഴെ മാത്രം. മലയാളികള്‍ പഴയ വിത്തുകാളയുടെ ശൌര്യം വീണ്ടെടുത്തിരിക്കുന്നു. ഓ ഇതൊക്കെ എന്ത്.? വേറെ വരട്ടെ... വെരൈറ്റി വരട്ടെ എന്ന രീതിയില്‍ മുക്രശബ്ദം കേള്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഷക്കീലയും മറിയയും രേഷ്മയുമൊക്കെ എടുത്താല്‍ പൊന്താത്ത പരുവത്തിലായി.... അപ്പോളിനി എടുത്താല്‍ പൊന്തുന്ന ആട്ടങ്ങള്‍ വേണം.. പഴയ കഥയിലെ  ഇറുകിയ ബ്ലൌസിനുള്ളില്‍കാണുന്ന കിണ്ടല്‍ മുലകളും, ആനവയറും പോര, കുത്തിയിരുന്നു അരിയാട്ടുമ്പോള്‍ കാണുന്ന കൊഴുത്ത കാലുകള്‍ പോരാ.... അങ്ങനെയാണ് ആരും ഇതുവരെയും കാണിക്കാത്ത ലൈവ് പരിപാടികള്‍ കാണിക്കാമെന്നു വച്ചത്... കലാകാരന്‍ ഒരു വിവാദ മാര്‍ക്കറ്റിംഗുകാരന്‍ കൂടിയാകണമെന്നു തെളിയിച്ചുകൊണ്ട്‌ പ്രസവം, പ്രസവം നടിയുടെ പ്രസവം എന്നൊരു ഫ്ലാഷ് വിട്ടു.......... സകല സദാചാരക്കാരും ദുരാചാരക്കാരും അതില്‍  ആഞ്ഞുകൊത്തി... ഒക്കെയും വലയിലായി... അങ്ങനെ സംഗതി ക്ലിക്ക്.
 ഇനിയിപ്പോ അവലോകനവാരമാണ്.. പ്രസവംകാണാന്‍ പോകുന്ന കൊച്ചു കുട്ടികളുടെയും കുടുംബങ്ങളുടെയും ഫോട്ടോകാണിച്ച് ആളെക്കൂട്ടും, കുറച്ചു ന്യൂജനറെഷന്‍ സ്ത്രീജനങ്ങളുടെ ‘നൈസ്, ബ്യൂട്ടിഫുള്‍’ മറുപടിയും ഒപ്പിക്കും.. അടിപൊളിയെന്നു അരയ്ക്കുതാഴെ നിക്കറിടുന്നവരുടെ അഭിപ്രായങ്ങള്‍ കാണിക്കും... രാമായണം വായിക്കുന്ന അമ്മച്ചിയെക്കൊണ്ടും പറയിപ്പിക്കും ഇപ്പോഴത്തെ പെണ്ണുങ്ങള്‍ കാണേണ്ടതാണന്നു. പടം പിന്നെയും ഓടും....അതാണ് അതാണ്‌....
 ഷക്കീലയുടെ ഹോസ്റ്റലും, കിന്നാരത്തുമ്പികളും ആരുമറിയാതെയാണ് കണ്ടത്... കണ്ട അപ്പോഴേ അവാര്‍ഡും കൊടുത്തു. പക്ഷെ അതിനു ബുദ്ധിജീവികളുടെ അംഗികാരം ഇല്ലായിരുന്നതുകൊണ്ട് വെളിച്ചത്തു പറയാന്‍ കഴിഞ്ഞില്ല.. ഊശാന്‍താടി ലൈനില്‍ പറഞ്ഞാല്‍,  ഒരു മലയാളി യുവതിയുടെ ഹോസ്റ്റല്‍ ജീവിതകഥ പച്ചയായി, വളരെ വ്യക്തമായി, ഒന്നും ഒളിപ്പിക്കാതെ തുറന്നുകാണിച്ച.. മനസിന്‍റെയും ശരീരത്തിന്‍റെയും ആഴത്തിലുള്ള തലങ്ങളെ ഉണര്‍ത്തിയ ഒരു ചിത്രമായിരുന്നു ഹോസ്റ്റല്‍.... കിന്നാരത്തുമ്പികളിലാകട്ടെ സ്നേഹം നിഷേധിക്കപ്പെട്ട ഒരു ചെറുപ്പക്കാരനും അവനു സ്വാന്തനവുമായി കടന്നുവരുന്ന തറവാടിയായ സ്ത്രീയുടെ കഥ .. ശക്തം,ഭയങ്കരം എന്നേ പറയാന്‍ കഴിയൂ... അങ്ങനെ എത്രയെത്ര മനോഹര കഥകളാണ് ബുദ്ധിജീവികളുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പിന്തള്ളപ്പെട്ടത്... എന്നാലും ശരാശരി മലയാളികള്‍ വളരെ താല്പര്യപൂര്‍വ്വം തന്നെ ആ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിരുത്തി പഠിച്ചു.. അന്നത്തെ യുവത്വം ക്ലാസ്സുകള്‍ കട്ടുചെയ്ത് അതിനു പിന്തുണ പ്രഖ്യാപിച്ചു.. ഷക്കീലയും മറിയയും പോലല്ല ബ്ലസ്സിയും ശ്വേതയുമൊക്കെ അവരൊക്കെ വമ്പന്‍  ഇന്റിലെക്ച്ചല്‍സാണ്..അതുകൊണ്ടുതന്നെ എന്തു കാണിച്ചാലും മോശം എന്നു പറയാനേ പാടില്ല...പറഞ്ഞാല്‍ പറയുന്നവന്‍ വെറും കണ്ട്രി.....അതുകൊണ്ട് ഞാനും പറയുന്നു പുതിയപടം ഭയങ്കര മൂല്യം ചിതറിത്തെറിക്കുന്ന സിനിമയാണ്...ചെല്ലപ്പനാശാരി വെളിക്കിരുന്നാല്‍ ‘തൂറാന്‍പോയിയെന്നും’ രാജാവ്‌ വെളിക്കിരുന്നാല്‍ ‘തിരിയിറക്കാന്‍ പോയെന്നും’ പറയുന്ന നാടാണ്...തിരിച്ചുപറഞ്ഞാല്‍ അവന്‍ രാജ്യദ്രോഹിയാവും...കഴിഞ്ഞ കുറേനാളുകളായി പുലിവരുന്നേ പുലി വരുന്നേയെന്നുപറഞ്ഞു വിളിച്ചുകൂവി ഒടുവില്‍ വന്നതുവെറും ചുണ്ടെലി മാത്രമായപ്പോള്‍ വായില്‍ നാക്കുള്ളവന്‍ വല്ലതും പറഞ്ഞുപോകും...അല്ലാതെ പൂച്ചയ്ക്ക് മീശവന്നാല്‍ അമ്പട്ടനെന്തു കാര്യം... 
 അഭിനയത്തിനുമപ്പുറം ഏതുതരത്തിലുള്ള ശരീരവിപണനത്തിലൂടെയും പണം സമ്പാദിക്കാനുള്ള ഒരു നടിയുടെ ഗതികേട് മുതലാക്കിയും , സിനിമാ സെലിബ്രിറ്റികളുടെ മേനിക്കുമുന്നില്‍ സദാചാരനും ദുരാചാരനും ന്യൂജനറേഷന്‍ ക്ലീഷേകളുമടങ്ങിയ കേരളിയസമൂഹം   ഒന്നിച്ചിരുന്നു മുറുക്കിതുപ്പി ആസ്വാദനം നടത്തുമെന്നും മനസ്സിലാക്കി സൃഷ്‌ടിച്ച ഒരു കച്ചവടമസാല സിനിമാ എന്നതില്‍ കവിഞ്ഞ് കളിമണ്ണ്‍ മലയാളിക്ക് ഒരു ചുക്കും സമ്മാനിക്കുന്നില്ല. പ്രസവം കാണിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ മുഖ്യാധാരയില്‍ നിന്നും അവഗണിക്കപ്പെട്ട ഷക്കീല, മറിയ, രേഷ്മ പോലുള്ള എല്ലാ അഭിനേത്രികളുടെയും പാവനസ്മരണയ്ക്ക് മുന്നില്‍ വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു..

Thursday, August 22, 2013

പുഴുവരിച്ചുജീവിക്കുന്ന മക്കളോട് സഹതപിക്കുക..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മയുടെ മരണം മക്കളറിഞ്ഞത് ഒന്നരമാസം കഴിഞ്ഞ്; മൃതദേഹത്തിനു നാല്പ്പത്തിയഞ്ചുദിവസം പഴക്കമുണ്ടെന്ന് ഡോക്ടര്‍മ്മാര്‍; മാംസഭാഗങ്ങള്‍ അഴുകി ഉണങ്ങിയ നിലയിലായിരുന്നു. ആ അമ്മയ്ക്ക് മക്കള്‍ രണ്ടുപേര്‍, മകന്‍ ഡോക്ടര്‍ , മകള്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു... പത്രങ്ങളുടെ തലക്കെട്ടിലൂടെ ആ അമ്മയുടെ മരണവും കടന്നുപോയിരിക്കുന്നു. വാര്‍ത്തകള്‍ അറിയ്ക്കുക എന്നത് മാധ്യമ ധര്‍മ്മം.. അറിഞ്ഞ വാര്‍ത്തയെ തള്ളുകയും കൊള്ളുകയും ചെയ്യേണ്ടത് വായനക്കാര്‍... ചില വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പാണ്; ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പ്... രാവിലെ കുടിക്കുന്ന കട്ടന്‍ചായക്ക് മേമ്പൊടിയായി വായിച്ചുതള്ളുന്ന വാര്‍ത്തകളില്‍ നിന്നും  അറിയേണ്ടത്;  എന്‍റെ നാട് ഇങ്ങനെയൊക്കെയാണ്...കൊള്ളേണ്ടത്; ഞാന്‍ ഇങ്ങനെയാകാന്‍ പാടില്ലായെന്ന തിരിച്ചറിവും....

 ഇന്നെനിക്കുനല്ല ക്ഷീണമുണ്ട്. രാവിലെ ഇറങ്ങിയതാണ് എ.ഇ.ഒ ഓഫീസിലും ട്രഷറിയിലും ചുറ്റിക്കറങ്ങി തിരിച്ചെത്തിയപ്പോള്‍ ഒരു പരുവമായി... പച്ചവെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞു, കഞ്ഞിയും ചമ്മന്തിയും കൂട്ടിന് പപ്പടവും കടിച്ചിറക്കുന്ന സമയത്തുതന്നെ  ടീ വി വാര്‍ത്തയും കാണുന്നു. “..മക്കള്‍ തിരിഞ്ഞുനോക്കാത്ത അമ്മയുടെ ജഡം അഴുകിയ നിലയില്‍,,” വാര്‍ത്തകണ്ട് ഭക്ഷണം കഴിക്കല്‍ മുഴുമിപ്പിക്കാതെ കൈകഴുകി തിണ്ണയിലെ ചാരുകസേരയില്‍ വന്നിരുന്നു.. അന്തിമലരിപൂവിന്‍റെ മണമുള്ള നല്ല തണുത്തകാറ്റ് എന്നെ തഴുകി കടന്നുപോയി... മുറ്റത്തിനുപുറത്തുനില്‍ക്കുന്ന വാഴയുടെ ചുണ്ടില്‍നിന്നും ഒരു കടവാവല്‍ തേന്‍കുടിക്കാന്‍ വട്ടമിട്ടു പറക്കുന്നു.. ഭിത്തിയിലെ ട്യുബ് ലൈറ്റിനുചുറ്റും പറന്നടക്കുന്ന ചെറിയപ്രാണികളും അവയെ ഉന്നം വെച്ചു നിങ്ങുന്ന പല്ലിയും.. ഇരപിടുത്തം.. ഒരു ദീര്‍ഘനിശ്വാസം അറിയാതെവന്നു; ...ഭഗവാനേ....നോട്ടം അറിയാതെ വീണ്ടും ഭിത്തിയിലേക്കുപോയി. അതുകഴിഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അമ്മയും അച്ഛനും ഫ്രെയിംചെയ്ത ഫോട്ടോയില്‍ ഭിത്തിയില്‍ വിശ്രമിക്കുന്നു..

  എടാ വിദ്യാധരാ...

  എന്തോ,,,,, അച്ഛനെന്നെ വിളിച്ചോ....

   ഇല്ല മോനെ; മോന്‍ വിശ്രമിച്ചോ.... അമ്മയുടെ ശബ്ദം...

അമ്മയുടെമോന്‍ വിദ്യാധരന്‍....വല്ലാതെയൊന്നു വിയര്‍ത്തു...

അച്ഛനിരുന്നിരുന്ന കസേരയിലാണ് ഞാനിരിക്കുന്നത്...അച്ഛന്‍റെ വിയര്‍പ്പിന്‍റെ മണമുള്ള കസേര.. സാധാരണ ഞാനതില്‍ ഇരിക്കാറില്ല. ഇന്ന് എന്തോ അതിലിരുന്നു...

 എന്‍റെ അച്ഛന്‍ ആദ്യമായി കരഞ്ഞുകണ്ടത് അമ്മ മരിച്ചദിവസമാണ്.,,,, “എന്നെ ഇട്ടേച്ചു പോയല്ലേടീ,,,,,” എന്ന ആ വിലാപത്തില്‍ അമ്മയുടെ ശക്തിയും, അമ്മയില്ലാതെ തളരുന്ന അച്ഛനേയും ഞാന്‍ കണ്ടു... പക്ഷെ അന്നു വിദ്യാധരന്‍ പരസ്യമായി കരഞ്ഞില്ല. കടിച്ചുപിടിച്ചുനിന്നു..സംസ്ക്കാരം കഴിഞ്ഞ രാത്രിയില്‍ വിദ്യാധരന്‍ കരഞ്ഞു... ആവശ്യംപോലെ പൊട്ടിക്കരഞ്ഞു... ആദ്യമായി നുണഞ്ഞ അമ്മിഞ്ഞ പാലിന്‍റെ രുചി എന്‍റെ നാവിനെ ഉണര്‍ത്തി; അത് എന്നേക്കും നഷ്ടപ്പെട്ടതിനെയോര്‍ത്തു വിദ്യാധരന്‍ വ്യാകുലനായിത്തന്നെ കരഞ്ഞു...

ജോലികിട്ടി ആദ്യമാസങ്ങളിലാണ് പഠിപ്പിച്ചിരുന്ന സ്കൂളിലെ സഹപ്രവര്‍ത്തകയോട് ആദ്യാനുരാഗം പൊട്ടിമുളച്ചത്.. ടീച്ചറുടെ നീണ്ട മുടിയും, വെളുത്തനിറവും, വട്ടമുഖവും മനസ്സില്‍ സ്ഥാനംപിടിച്ചു.. കുട്ടിക്കൂറ പൌഡറിന്‍റെ സുഖമുള്ള ഗന്ധം ആ ബന്ധത്തെ വളര്‍ത്തി.. ബന്ധത്തിന്‍റെ ഗന്ധമറിഞ്ഞ സഹപ്രവര്‍ത്തകര്‍ അതു വിളക്കിച്ചേര്‍ക്കാന്‍ മുന്നിട്ടറങ്ങി.. എന്നാല്‍ ആദ്യവെടി വീട്ടില്‍നിന്നുതന്നെ പൊട്ടി. ഇതു നടക്കില്ലാന്ന് അച്ഛന്‍ കട്ടായം പറഞ്ഞു... പ്രായവും പക്വതയും ആയില്ല എന്നാണ് അച്ഛന്‍റെ വാദം... ഇതുതന്നെ നടക്കുമെന്നു ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.. എന്നാല്‍ പടിക്കുപുറത്താണ് സ്ഥാനം അച്ഛന്റെ ഓര്‍ഡര്‍ വന്നു.. അമ്മ ഇടപെട്ടു, അച്ഛന്‍ തണുത്തു. ജാതകം കൈമാറിയപ്പോള്‍ ചൊവ്വാദോഷം. എനിക്ക് താല്പര്യമുണ്ടായിട്ടുകാര്യമില്ല.. ഈ കല്യാണം നടന്നാല്‍ രണ്ടിലൊന്നു തട്ടിപ്പോകുമെന്നു കണിയാന്‍ ഉറപ്പിച്ചുപറഞ്ഞപ്പോള്‍ എന്‍റെ പ്രേമഭാജനവും കാലുമാറി... പ്രേമം അസ്ഥിക്കുപിടിച്ചു കഴിഞ്ഞ ഞാന്‍ ചെറിയൊരു പരിക്കുട്ടിയായി മാറി.. നടക്കാത്ത ബന്ധത്തിന്‍റെ ദേഷ്യം മുഴുവന്‍ അച്ഛനോടും അമ്മയോടുമായിരുന്നു.. അച്ഛനോട് മിണ്ടാറില്ല, ഭക്ഷണം പലപ്പോഴും വീട്ടില്‍നിന്നും കഴിക്കാറില്ല... മിണ്ടാന്‍ വരുന്ന അമ്മയെ മൈന്‍ഡ് ചെയ്യാതെ നടക്കും, സ്കൂളില്‍നിന്നുവന്നാല്‍ മുറിയില്‍ക്കയറി ഞാന്‍ കതകടയ്ക്കും... അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ എന്‍റെ മുറിയില്‍വന്ന് എന്നോടു കുറച്ചു പണം ആവശ്യപ്പെട്ടു. ശമ്പളം ഞാന്‍ വീട്ടില്‍ ഏല്‍പ്പിക്കാറില്ലായിരുന്നു. അച്ഛന്‍ ചോദിക്കാറുമില്ല... മനസ്സില്‍ ഉണ്ടായിരുന്ന ദേഷ്യം അവിടെ തീര്‍ത്തു. എന്‍റെ ജോലി ഞാനധ്വാനിച്ചുണ്ടക്കുന്ന ശമ്പളം അതിപ്പോ തരാന്‍ മനസ്സില്ലായെന്ന മറുപടിയുംകൊടുത്തു. അമ്മ ഒന്നുംപറയാതെ മുറിയില്‍നിന്നും ഇറങ്ങിപ്പോയി.. മുറിക്കുപുറത്തു കാത്തുനിന്ന അച്ഛന്‍, നിരാശനായി നടന്നകലുന്ന കാലടിശബ്ദം ഞാന്‍ കേട്ടു... വൈകുന്നേരംവരെ ആരും ഒന്നും മിണ്ടിയില്ല. വൈകിട്ട് അമ്മ എന്‍റെ മുറിയിലേക്ക് കടന്നുവന്നു;കട്ടിലിലിരുന്ന് കൈകൊണ്ടു എന്‍റെ തലയില്‍ തലോടി....

എന്‍റെ മോന്‍ ഒന്നും കഴിച്ചില്ലല്ലോ, എന്തെങ്കിലും വന്നുകഴിക്കൂ........

എനിക്കു വേണ്ട..........; അതെന്താ....? ............എനിക്കു വേണ്ടാഞ്ഞിട്ട്‌......

മോന്‍ ഇങ്ങോട്ടൊന്നു നോക്കിക്കേ; അമ്മയ്ക്ക് നിന്നോട് ചിലത് പറയാനുണ്ട്‌...

എനിക്കിപ്പോ ഒന്നും കേള്‍ക്കേണ്ട.......

നീ കേള്‍ക്കണം നീ എന്‍റെ മൂത്തമോനാണ്..... ഞാന്‍ അമ്മയുടെ കണ്ണിലേക്ക് നോക്കി, ആ കണ്ണുകളില്‍ നനവുപടരുന്നതു എനിക്കുകാണാനായി.. ഞാന്‍ കട്ടിലില്‍ കുത്തിയിരുന്നു...എന്തോ ഞാനൊരു കുഞ്ഞായിമാറുന്ന അനുഭവം...

 വിദ്യാധരാ; എന്നെ ആദ്യമായി അമ്മേയെന്നു വിളിച്ചത് നീയാണ്.. നീയിപ്പോള്‍ വളര്‍ന്നു മുതിര്‍ന്ന ഒരാളായി ചെറിയ കുട്ടിയല്ല.. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നത് നിനക്ക് മനസ്സിലാക്കാന്‍ കഴിയും,, കഴിയണം..അമ്മ തുടര്‍ന്നു..

 നീ എന്‍റെ വയറ്റില്‍ ഉരുവായെന്ന് അറിഞ്ഞദിവസം, നിന്‍റെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു.. മോനാണ്.... ഇവന് നമുക്ക് വിദ്യാധരന്‍ എന്നു പേരിടണം, പഠിപ്പിച്ച് ഒരു മാഷ്‌ ആക്കണം.. അന്നെനിക്ക് സമ്മാനമായി നിന്‍റെ അച്ഛന്‍ തന്നതാണ് ഈ വളകള്‍; അറിയാമോനിനക്ക്..??? അമ്മ കൈയ്യിലെ വളകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. എന്‍റെ ഉദരത്തിലെ നിന്‍റെ വളര്‍ച്ചയുടെ ഓരോ നിമിഷത്തിലും ഞങ്ങളുനിന്നെ മോനെ വിദ്യാധരായെന്നു പേരുചൊല്ലി വിളിച്ചു. ജനിച്ച ഉടനെ നിന്‍റെ നാവില്‍ തേനും വയമ്പും സ്വര്‍ണ്ണവും അരച്ചുതന്നു. നിന്നെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്തി. നിന്നെ ആദ്യമായി എഴുത്തിനിരുത്തിയപ്പോള്‍ മണലില്‍ അക്ഷരങ്ങള്‍ എഴുതി നിന്‍റെവിരല്‍ വേദനിച്ച് നീ കരഞ്ഞപ്പോള്‍ നിന്‍റെ ചുമന്ന വിരലുകള്‍ നോക്കി ഞാനും കരഞ്ഞു; അറിയാമൊനിനക്കത്.?. പിച്ചവെച്ചുനടക്കുന്ന സമയത്ത് വീണു മുട്ടുപൊട്ടിയപ്പോള്‍ മരുന്നുവെച്ചുകെട്ടിയത് നിന്‍റെ അച്ഛനാണ്.. നീയതൊക്കെ മറന്നു. നിന്നെ ഞങ്ങള്‍ പഠിപ്പിച്ചു; ഇന്ന് നീ ഒരു ഉദ്യോഗസ്ഥനായി.. ഞങ്ങള്‍ക്ക് പഴയ ആരോഗ്യവുംശക്തിയും ഇന്നില്ല.. . ഞാന്‍ നിന്നോട് പണം ചോദിച്ചത് മറ്റൊന്നിനുമല്ല.... അച്ഛന്‍റെ പെന്‍ഷന്‍ പൈസ കിട്ടിയില്ല.... ആസ്മയ്ക്കുള്ള മരുന്നുതീര്‍ന്നു... മരുന്നു വാങ്ങാനായിരുന്നുപണം ചോദിച്ചത് ..അച്ഛനിന്ന് മരുന്നുകഴിച്ചിട്ടില്ല.. നീയിതറിയണം അതിനാ പറഞ്ഞത്... നീ ഭക്ഷണം കഴിക്കാത്തതുകൊണ്ട് ഇന്നീ വീട്ടില്‍ ആരും ഒരു ജലപാനവും നടത്തിയിട്ടില്ല അറിയാമോ.. നിനക്കിതൊക്കെ മനസിലാകണമെങ്കില്‍ നീയും ഒരച്ഛനാകണം... മോന്‍ കിടന്നോളൂ..അമ്മ വാതില്‍തുറന്നു പുറത്തെയ്ക്ക് പോയി..

 എന്‍റെ എല്ലാ ദേഷ്യവും അലിഞ്ഞുപോകുന്നു.. കാലിന്‍റെ പെരുവിരലിലെ പൊട്ടിയനഖവും, മുട്ടു പൊട്ടിയപ്പോളുണ്ടായ പാടുകളും മെല്ലെ തടവി നോക്കി.. മണലില്‍ അക്ഷരമെഴുതി വേദനിച്ച വിരല്‍ത്തുമ്പ് വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. ഒരുനിമിഷം സ്കൂളിലെകുട്ടികള്‍ക്ക് അക്ഷരം ചൊല്ലിക്കൊടുക്കുന്ന വിദ്യാധരന്‍ ഒരു ശിശുവായി മാറി......അച്ഛനെവിടെ..?? ഉമ്മറത്തുനിന്നു ചെറിയ ചുമകേള്‍ക്കാം..... ഞാന്‍ അങ്ങോട്ടോടി; അമ്മ അടുത്തിരുപ്പുണ്ട്.. ഞാന്‍ അച്ഛന്‍റെ കാലുപിടിച്ചുകരഞ്ഞു...അച്ഛനെന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു..അതിനോടൊപ്പം രണ്ടുതുള്ളി ചുടുകണ്ണുനീര്‍ എന്‍റെ പുറത്തും വീണു.. ഏങ്ങലടിയുടെ ചെറിയ ശബ്ദത്തിനിടയില്‍ അച്ഛന്‍ എന്നോടുപറഞ്ഞു പോയി ഭക്ഷണംകഴിക്കൂ..ഞാനതൊന്നും കേള്‍ക്കാന്‍ നിന്നില്ല, കവലയിലെ മരുന്നുഷോപ്പിലേക്കോടി അച്ഛന്‍റെ മരുന്നുമായാണ് തിരിച്ചുവന്നത്. ആദ്യമായി സ്വര്‍ഗംപ്പിടിച്ചടക്കിയ ഒരനുഭവം എനിക്ക് തോന്നി.. വസ്ത്രംമാറി അടുക്കളയിലേക്ക് ചെല്ലുമ്പോള്‍ അച്ഛന്‍ അമ്മയോട് സ്വകാര്യംപറയുന്ന ശബ്ദം ഞാന്‍ കേട്ടു;,,,,വിദ്യാധരന്‍ നല്ലവനാ..

 അച്ഛനുവമ്മയും വിദ്യാധരനെന്നും ദൈവങ്ങളായിരുന്നു.. എന്‍റെ എല്ലാ ഉയര്‍ച്ചയ്ക്കുപിന്നിലും അവരുടെ സ്നേഹവും പ്രാര്‍ഥനയുമായിരുന്നുവെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. ഒരു ചോരകുഞ്ഞായിരുന്ന എന്നെ അവര്‍ വളര്‍ത്തിവലുതാക്കി.... ഒരു സുരക്ഷിതസ്ഥാനത്തു എത്തിക്കുന്നതുവരെ അവരെന്നെ അവരുടെ ചിറകുകളില്‍ത്താങ്ങി നിറുത്തി....എനിക്ക് ഭാരം കൂടിയപ്പോള്‍ അവരുടെ ചിറകുകള്‍ തളര്‍ന്നു. ഇനി അവരെ നോക്കേണ്ടത് എന്‍റെ കടമയാണ്.

 ഒന്നരമാസക്കാലത്തിനിടയില്‍  തന്‍റെ പെറ്റമ്മയെ ഒരിക്കല്‍പ്പോലും അന്വേഷിക്കാത്ത ആ  മകനോട്‌ എനിക്ക് സഹതാപമേയുള്ളു... അയാള്‍ പൌലോ കൊയിലയുടെ ആല്ക്കമിസ്റ്റിനെപ്പോലെയാണ്. അയാള്‍ക്ക് എന്നെങ്കിലും ഫിലോസഫര്‍ സ്റ്റോണ്‍ കിട്ടുമോയെന്നു കണ്ടറിയണം.. ഒരു കാര്യം ഉറപ്പാണ്‌ അയാള്‍ അയാളുടെ അമ്മയ്ക്ക് കഞ്ഞികൊടുത്ത ആ പാത്രം ഇപ്പോള്‍ അയാളുടെ മക്കളുടെ കൈയ്യിലാണ്.... അതേ പാത്രത്തില്‍ത്തന്നെയായിരിക്കും അയാള്‍ക്കും കഞ്ഞികിട്ടുക.. ഒരുപക്ഷെ അതിലേക്ക് ചെറിയ ഇടവേളകള്‍ വന്നേക്കാം .. ആ ചെറിയ ഇടവേളകളെ വലിയ ആഘോഷങ്ങളായിക്കരുതുന്ന വലിയ വിഡ്ഢികളായ മകനോ മകളോ ആകാതിരിക്കാന്‍ നമുക്ക് കഴിയണം... അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് നമ്മള്‍ കഞ്ഞികൊടുത്ത ആ പാളപ്പാത്രം അന്വേഷിച്ചു നമ്മുടെ മക്കളിറങ്ങും; എന്തിനെന്നോ..??? നമുക്ക് കഞ്ഞിതരാന്‍...ഒന്നും തീര്‍ന്നിട്ടില്ല മകനേ; വടിവെട്ടാന്‍ പോയിട്ടേയുള്ളൂ...

 

Wednesday, August 21, 2013

‘ഐസ്ക്രീം’,, ‘വീഡിയോ’ ,,,പിന്തുണയില്ലാതെ ജസീറ നടത്തുന്നസമരം


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 വിദ്യാധരന്‍, ശാരിരികമായി സ്വതവേ ദുര്‍ബലനാണ്....പോളിയോ ബാധിച്ചപോലുള്ള കൈകാലുകളും, മെലിഞ്ഞ ഉടലും, വലിയതലയുമുള്ള വികൃതജീവി. എന്നാല്‍ അലക്കിത്തേച്ച വസ്ത്രങ്ങളുംധരിച്ച് ഗാന്ധിക്കണ്ണടയും കാലന്‍ക്കുടയും പിടിച്ചു പോകുന്നതുകണ്ടാല്‍ ബുദ്ധിജീവിയും..എല്ലാത്തിനും പരിഹാരമായി അരമണിക്കൂര്‍ മണ്ണുമായി മസിലുപിടുത്തം.......അതാണ് കണക്ക്. വീടിനുചുറ്റുമുള്ള പറമ്പില്‍ കൈക്കോട്ടുമെടുത്തു അരമണിക്കൂര്‍ കിളയ്ക്കുമ്പോഴേക്കും കൈയ്യിലെയും കാലിലെയും ഞരമ്പുകളൊക്കെ എഴുന്നുവരും, മേലാകെ വിയര്‍പ്പില്‍ കുളിക്കും, പച്ചക്കറിയുടെ തടങ്ങളിലൊക്കെ കുറെശ്ശേ  പച്ചച്ചാണകം വിതറി തിരിച്ചു വീട്ടില്‍ക്കയറുമ്പോളുള്ള ചാണകത്തിന്‍റെ മണം വേറെ ..അമ്പലക്കുളത്തില്‍ നല്ലവണ്ണമൊന്നു മുങ്ങിക്കുളിക്കാനായി അല്പം എണ്ണയും, തേയ്ക്കാന്‍ ഇഞ്ചയും കയ്യിലെടുത്തു ഇറങ്ങുമ്പോഴേ ഭാര്യപറയും ...

മാഷേ, നിങ്ങളീ ഇഞ്ചയും താളിയുമൊക്കെ തേച്ചാല്‍ ദേഹത്തുനിന്നു ചാണകത്തിന്‍റെ മണം മാറില്ലകേട്ടോ. നാറ്റവുംകൊണ്ടിങ്ങുവന്നാല്‍ എന്‍റെ അടുത്തുകിടക്കാമെന്ന് വിചാരിക്കേണ്ട....പറഞ്ഞേക്കാം.

 നല്ല വാസനതൈലമൊക്കെത്തേച്ചുകുളിച്ചു ഈറനണിഞ്ഞു തലയില്‍ തുളസിക്കതിരും ചൂടിനില്‍ക്കുന്ന രമണി; ഇന്നു കൂടെകിടത്തില്ലായെന്നു പറഞ്ഞാല്‍ ചിന്തക്കാന്‍ കൂടി കഴിയില്ല.. എന്തിനാ വെറുതെ ആശകളോരോന്നു  തല്ലിക്കെടുത്തുന്നത്.. അങ്ങനെ ‘ഇഞ്ച’ മാറ്റി; പീയെഴ്സാണ് ഇപ്പോള്‍ ആ സ്ഥാനം അലങ്കരിക്കുന്നത്.

 പീയേഴ്‌സും പതപ്പിച്ചു കുളത്തില്‍ മുങ്ങിനിവരുമ്പോഴാണ് കാലിലെമുറിവ് ശ്രദ്ധിച്ചത്... ഇന്നലെ ഒരു സഹായത്തിനുപോയതിന്‍റെ  അടയാളമാണ്. കാറ്റിലും മഴയിലും വീടുതകര്‍ന്ന മാലതിയുടെ വീടു നന്നാക്കാനുള്ള പണി സഹായമായിരുന്നു. ഉദാരാമനസ്ക്കാര്‍ പണവും അതില്ലാത്തവര്‍ ഒരു ദിവസത്തെ അധ്വാനമെങ്കിലും ശ്രമദാനത്തില്‍ അര്‍പ്പിക്കണമെന്നു നാടുനീളെ ചെണ്ടകൊട്ടിയതാണ്.. പക്ഷെ വന്നവര്‍ വിരലിലെണ്ണന്‍ മാത്രം.

 എന്നാലോ; ഭര്‍ത്താവു മരിച്ചുകഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ സ്വന്തമായി ഡ്രൈവിംഗ് സ്കൂളും വാഹനവും എല്ലാം ആകേണ്ടിവന്ന വെട്ടിരുമ്പ് കാര്ത്യാനിയുടെ വീട്ടില്‍; നാട്ടിലെ നല്ല കുടുംബത്തില്‍ പിറന്ന ഒരുത്തന്‍ ഒളിസേവയ്ക്ക് വരുന്നുണ്ടെന്ന വാര്‍ത്തകേട്ട് .. ടിയാനെ ഒന്നു കൈകാര്യം ചെയ്യണമെന്ന പ്രാദേശിക സദാചാരവാദികളുടെ ആഹ്വാനത്തിനു പിന്തുണയുമായി വീടിനുചുറ്റും സംരക്ഷിതവലയം തീര്‍ത്തു കാത്തിരുന്നത്, പുരുഷത്വം സ്വയം  പ്രഖ്യാപിച്ച കൌമാരക്കാര്‍ മുതല്‍ അനക്കമില്ലാതെ ആട്ടം മാത്രം ശീലമാക്കിയ കിളവന്മ്മാര്‍ വരെ... അമ്മാവന്‍ വീട്ടില്‍ പൊയ്ക്കോ, എന്തിനാ ഈ തണുപ്പത്തു വെറുതെ.. എന്നു പറഞ്ഞാല്‍..ഹേയ്  അതു കുഴപ്പമില്ല.. ഒരു പൊതുകാര്യത്തിനുവേണ്ടിയല്ലേ എന്ന ത്യാഗോത്ജലമായ മറുപടിയാണ് കിട്ടുന്നത്... ഒളിസേവക്കാരനെതിരെ പ്രഖ്യാപിച്ച ഒളിയുദ്ധത്തില്‍ കൈത്തരിപ്പ് തീര്‍ക്കാത്തവര്‍ ചുരുക്കം.. കൊടുത്ത ഓരോ അടിയുടെയും കണക്കുകള്‍ സ്വയം പ്രഖ്യാപിച്ചാണ് ഓരോരുത്തരും നിര്‍വൃതിയടഞ്ഞത്.....   ചേതമില്ലാത്തൊരു ഉപകാരത്തിനു പറഞ്ഞാല്‍ ആര്‍ക്കും താല്പര്യമില്ല .. പാവാട,, പാവാട,, അടിപ്പാവാട.... എന്നരുളിയാല്‍മതി  എവിടെയെന്നു ചോദിച്ച് ആളുകള്‍ കൂടുകയായി.. ഒത്തിരി സംസ്കാരങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഒന്നുകൂടി ചേര്‍ക്കാം, ഞരമ്പ് സംസ്ക്കാരം...

 പണ്ട്പണ്ട് ഭൂമിയില്‍ വെള്ളമുണ്ടായിരുന്ന കാലത്ത്, ഒരു സ്ത്രീ ഒരു ചാനലില്‍ വന്നിരുന്നു എന്നെയൊരു മന്ത്രി പീഡിപ്പിച്ചുവെന്നു വെളിപ്പെടുത്തുകയുണ്ടായി ..സകലമാനമാധ്യമങ്ങളും, കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ആ കേസ് ഏറ്റെടുത്തു. തൂണിലും തുരുമ്പിലും തുണിയുരിയല്‍ ചര്‍ച്ചനടന്നു.. ഇതിനിടയില്‍ പരാതിക്കാരിക്ക് കോടികള്‍ കൊടുക്കുന്നു,വീട്,സ്ഥലം,കാറു എല്ലാംകിട്ടുന്നു..ഒരോ കൊടുക്കല്‍വാങ്ങലുകളിലും  അവരു പറഞ്ഞത് മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു.. അതനുസരിച്ച് പുതിയ ബ്രേക്കിംഗ് ന്യൂസുകള്‍ പിറന്നു.. പ്രായംതികയാത്ത പീഡനം, പ്രായംതികഞ്ഞ പീഡനം, കൊടിവെച്ച കാറില്‍ വന്നു പീഡനം, ഐസ് ക്രീമില്‍ പീഡനം... എന്നിങ്ങനെ പലതരത്തിലുള്ള പീഡനകഥകള്‍ കേരളം വായിച്ചുരസിച്ചു.. എന്തിനധികം ബാലരമയ്ക്കുപോലും അക്കാലത്തു സര്‍ക്കുലേഷന്‍ കുറഞ്ഞിരുന്നു.. മഴക്കാലത്തും ജനം ഐസ്-ക്രീം കഴിച്ചിരുന്ന കാലം...... കാലം മുന്നോട്ട് നീങ്ങിയപ്പോള്‍  പുതിയപുതിയ സാങ്കേതികവിദ്യകള്‍ വന്നപ്പോള്‍ വായനാപീഡനം മാറി; പീഡനത്തിന്‍റെ ദൃശ്യാവിഷ്ക്കാരങ്ങളുതന്നെ പുറത്തുവന്നു. മന്ത്രിയെന്നത് എം.എല്‍.എ എന്നായി മാറി.. വാത്സ്യായനശാസ്ത്രപ്രകാരമുള്ള എം.എല്‍.എ യുടെ കാമശാസ്ത്രക്ക്ലാസുകള്‍ കേരളംമുഴുവന്‍ ആസ്വദിച്ചു കണ്ടു.. സംശയം തോന്നിയ ഭാഗങ്ങള്‍ കേളികളില്‍പ്പങ്കെടുത്തവരുതന്നെ പ്രേക്ഷകര്‍ക്ക് വിശദികരിച്ചു കൊടുത്തു... പിങ്ക് ജട്ടി ആദ്യം ഊരി, പിന്നിട് ബ്ലൌസിന്‍റെ കൊളുത്ത്,,, അങ്ങനെ ഓരോന്നും... നമ്മുടെ മാധ്യമങ്ങള്‍ ഈ വാര്‍ത്താ വിതരണത്തില്‍  തികഞ്ഞ നീതിപുലര്‍ത്തുകയും ചെയ്തു. വിശന്നിരിക്കുന്നവന്‍റെ മുന്നില്‍ അറിഞ്ഞുതന്നെ വിളമ്പി.. ഒടുവില്‍ കോടതിതന്നെ പറഞ്ഞു, ഇതെന്താ കേസ്..... ഒരു സ്ത്രീയും പുരുഷനും അടച്ചിട്ടമുറിയില്‍ സന്തോഷത്തോടെ കെട്ടിമറിയുന്നതിനു എവിടെയാണ് ‘ബലാല്‍’ നടന്നതെന്ന്...എന്നിട്ടും നമ്മള്‍ വിട്ടില്ല..അത്രയ്ക്ക് നീതിബോധമാണ്.. ‘ബലാല്‍’ നടന്നോ എന്നായി പിന്നെ ചര്‍ച്ച.. ഒടുവില്‍ പതപ്പിച്ചുപതപ്പിച്ച് അലിഞ്ഞു തീര്‍ന്ന പിയേഴ്സ് പോലെയായി കാര്യങ്ങള്‍............

 ഇവിടെയാണ് കണ്ണൂരുകാരി ജസീറ വ്യത്യസ്തയാകുന്നത്. അവരും ഒരു സ്ത്രീയാണ്. അവരും നീതിയ്ക്കുവേണ്ടിയാണ് ഒന്നരവര്‍ഷമായി സമരം ചെയ്യുന്നത്. കൂട്ടിനു പറക്കമുറ്റാത്ത കുഞ്ഞുങ്ങളും...മുന്കേസുകളില്‍നിന്നും ഒരു വിത്യാസം മാത്രം; നീതിക്കുവേണ്ടി യാചിക്കുന്നത്‌, തുണിയഴിച്ച വീഡിയോ കാണിച്ചോ,, ചാനലിലിരുന്നു അവിഹിതത്തിന്‍റെ നാറുന്ന കഥകള്‍ വെളിപ്പെടുത്തിയോ അല്ല. പകരം  ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ കുത്തിയിരുന്നാണ്.. നിരവധി വമ്പന്‍സമരങ്ങള്‍ ഇതിനിടയില്‍ അവിടെ നടന്നുകഴിഞ്ഞു. നല്ലൊരു പെരുന്നാളും, സ്വാതന്ത്ര്യദിനവും കടന്നുപോയി.. എന്നിട്ടുമെന്തേ ജസീറയുടെ സമരത്തിനുമാത്രം ഒരു തീരുമാനവും ആകാത്തത്..??. ഐസ്-ക്രീമും, വീഡിയോഅവിഹിതങ്ങളും അലക്കാന്‍ കാലങ്ങളായി നമ്മുടെ മാധ്യമങ്ങളും രാഷ്ട്രിയക്കാരും മത്സരിക്കുമ്പോള്‍ എന്തേ ജസീറയ്ക്കുവേണ്ടി ചര്‍ച്ചകള്‍ സംഘടിപ്പിക്കാത്തത്.???.

 പീഡനത്തിന്‍റെയും, കൂട്ടിക്കൊടുപ്പിന്‍റെയും, വീഡിയോപോണിന്‍റെയും കാര്യത്തില്‍ സ്ത്രീപക്ഷത്തുനിന്നു പിത്തലാട്ടം നടത്തുന്ന നവ സദാചാരകൂട്ടങ്ങളും ജസീറയെന്ന സ്ത്രീ ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്നങ്ങള്‍ പൊതുധാരയില്‍ എത്തിക്കാന്‍ ശ്രമിച്ചുകണ്ടില്ല. കടലോരത്തെ അനധികൃത മണലൂറ്റിനെതിരെയാണ് ജസീറയുടെയും മക്കളുടെയും സമരം. ഇതുമൂലം ഒരു പ്രദേശത്തെതന്നെ കടല്‍വിഴുങ്ങുന്നു. സ്ഥലവാസികളുടെ വീടും, സ്വത്തും, ജീവനുമെല്ലാം അപകടത്തിലാവുന്നു.. പ്രസക്തമായ ഈ വിഷയത്തില്‍ തികഞ്ഞ അലംഭാവമാണ് ഭരണകൂടവും, വല്ലാതെ പ്രതികരണശേഷിയുള്ള കേരളിയരും കാണിക്കുന്നത്.. കേരളമൊന്നാകെ അവര്‍ക്ക് പിന്തുണ കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. എല്ലായിടത്തുംഎല്ലാവരോടും പറയുന്നതുപോലെ ‘പരിഹരിക്കാം’ എന്ന കുറുപ്പിന്‍റെ പതിവ് ഉറപ്പു മാത്രമാണ് ഭരണസിരകേന്ദ്രത്തിന്‍റെ മൂക്കിനുകീഴെ നടത്തുന്ന ഈ സമരത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി.. എന്നാല്‍  കള്ളനു കഞ്ഞിവെച്ചു പണിപോയ ഒരു ഗണ്‍മ്മാനുവേണ്ടി ഭരണയന്ത്രം മിനിട്ടുകള്‍ക്കകം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതും കേരളം കണ്ടതാണ്...

 ഇവിടെ ഒരുകാര്യം മനസിലാക്കാം...  സ്ത്രീയുടെ സത്വം ഉന്നയിക്കുന്ന പ്രശ്നങ്ങളിളല്ല സമൂഹവും സര്‍ക്കാരും ശ്രദ്ധിക്കുന്നത് ..അവളുടെ ശരീരം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന .. സ്ത്രീ അവളുടെ മാന്യമായ വ്യക്തിത്വത്തിനുള്ളില്‍നിന്നുകൊണ്ട് ഒരു പ്രശ്നത്തെ സമീപിച്ചാല്‍ ഇപ്പോഴും അവഗണന തന്നെയാണ്.. എന്നാല്‍ ബ്ലൌസിന്‍റെ കൊളുത്തും, പാവാടച്ചരടും, ജട്ടിയുടെ കളറും  മുന്‍നിറുത്തിയുള്ള പ്രശ്നമാണെങ്കില്‍ മാധ്യമങ്ങളും രാഷ്ട്രിയവും അക്കാര്യത്തില്‍ സജീവമായി ഇടപെടുന്നു.. നിന്‍റെ രഹസ്യഭാഗങ്ങള്‍ എത്രയോ മൃദുലമെന്നു പതിവുപറ്റുകാരിക്ക് എസ്.എം. എസ് അയക്കുന്ന നേതാവും, പാതിരാകോളുകളില്‍ നിര്‍വൃതിയടയുന്ന ഭരണചക്രം തിരിക്കുന്ന പുലികളും; അകത്തമ്മമാരുടെ ചുടുചുംബനങ്ങളിലും,  മൃദുലമേനി നല്‍കുന്ന ആനന്ദനിര്‍വൃതിയിലും മയങ്ങുന്നതാണ് നമ്മുടെ ജനാധിപത്യമെങ്കില്‍,,,, നീലവാര്‍ത്തകളും ,പീഡന,ബലാല്‍സംഗക്കഥകളും ആസ്വദിച്ചു സ്ഖലനം നടത്തലാണ്‌ മലയാളിയുടെ ആത്മരോഷമെങ്കില്‍,,,,,,, നീതിക്കായി ജസീറമാര്‍ ഇനിയും കാത്തിരിക്കേണ്ടിവരും... 

Sunday, August 18, 2013

കേരളത്തെ വഴിയാധാരമാക്കുന്ന ചില വയറുകള്‍...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കൃഷിഭവനില്‍നിന്നു കിട്ടിയ പച്ചക്കറിവിത്തുകളൊക്കെ വളര്‍ന്നിരിക്കുന്നു. വെണ്ടയും, വഴുതനയും, പാവലും, പടവലവുമൊക്കെ, പൂവും കായുമായി നില്‍ക്കുന്നത് കാണുമ്പൊള്‍ മനസ്സുനിറയുന്നു. പന്തലില്‍ പടര്‍ന്നുകയറിയ  പാവലില്‍ കുരുത്ത കുഞ്ഞുങ്ങളെ ഈച്ചയുടെ കുത്തെല്‍ക്കാതെ കൂടിനകത്ത്‌ പൊതിഞ്ഞു കെട്ടുന്നതിനിടയിലാണ് മതിലിനപ്പുറത്തുനിന്നു ഒരു വിളി കേട്ടത്..      .............മാഷേ,,,,,

 ങാഹാ,,, ഇതാര് നാണുവോ.....

തിരോന്തോരത്തുനിന്നു എപ്പൊ എത്തി...???........ഇന്നലെയാ എത്തിയത്...............

 അതെന്തേ താമസിച്ചത് ..

ഓ,,ഏതായാലും പോയതല്ലേ, കോവളത്തും പരിസരങ്ങളിലുമൊക്കെയൊന്നു കറങ്ങി, രണ്ടു സിനിമാ കണ്ടു, പത്മനാഭസ്വാമിയേ ഒന്നു തൊഴുതു... പറ്റിയാല്‍ അടുത്ത സമരത്തിനു വരാമെന്ന ഉറപ്പും കൊടുത്താണ് മടങ്ങിയത്.

 എങ്ങനെയുണ്ടായിരുന്നു സമരമൊക്കെ ..

ഗംഭീരം...കിടപ്പ് മാത്രമേ ശകലം ബുദ്ധിമുട്ട് തോന്നിയൊള്ളൂ...പെട്ടന്നു തീര്‍ന്നതുകൊണ്ടു അതുമൊരു  പ്രശ്നമായി തോന്നിയില്ല...

 ശാപ്പാടൊക്കെഎങ്ങനെ..

അടിപൊളി; രാവിലെ ഉപ്പുമാവും പഴവും, ഉച്ചയ്ക്ക് ചോറ്, നാലുമണിക്ക് കാപ്പി, വൈകിട്ട് കഞ്ഞിയും ചമ്മന്തിയും പപ്പടവും...ഇതില്‍ക്കൂടുതല്‍ നമുക്കെന്താ വേണ്ടത്..

അവിടെ കക്കൂസെല്ലാം അടച്ചുപൂട്ടിയെന്നൊരു  വാര്‍ത്തകണ്ടല്ലോ ..അപ്പൊ എങ്ങനെ കാര്യം സാധിച്ചു..

ഹോ അതിനൊക്കെ  നമുക്ക് എന്തോന്നു വിഷമം മാഷേ..ഒരു മതിലങ്ങു ചാടിയാല്‍ സെക്രട്ടറിയേറ്റ് വളപ്പല്ലേന്ന്,,,, നല്ല പുല്ലും, മരവും, കല്ലുമെല്ലാം അടുക്കി വച്ചിരിക്കുവല്ലേ... പൊങ്ങിയിരിക്കുന്ന കല്ലും ഒരു ചെറിയകുപ്പി വെള്ളവു മുണ്ടെങ്കില്‍, ഇക്കാര്യത്തില്‍ നാട്ടിന്‍പുറത്തുകാരന് എന്തു വിഷമമാ..

അപ്പൊ വെറുതെയല്ല ചാണ്ടിസാറ് സമരംതുടങ്ങി പിറ്റേദിവസംതന്നെ സെക്രട്ടറിയേറ്റ് അടച്ചത്.....

 സമരം പെട്ടന്നുതീര്‍ന്നതിലാ സങ്കടം... പിന്നെ ഒരു ഭാഗ്യംകിട്ടി എല്ലാ നേതാക്കളെയും അടുത്തുകണ്ടു.. നമ്മുടെ നേതാക്കളെ മാത്രമല്ല, അവരുടെ നേതാക്കളെയും അടുത്തുകണ്ടു; മന്ത്രിമാരെയും കണ്ടു.. എല്ലാത്തിനും ഒടുക്കത്തെ ഗ്ലാമറാ.. കിടിലന്‍ ടീമല്ലേ എല്ലാരും.. പോലീസ് അകമ്പടിയോടെ ചുമന്നലൈറ്റും കത്തിച്ച്‌ ന്ഗോ,,,ന്ഗോ. എന്ന ഒച്ചയും വെച്ചു വരുന്ന ആ വരവ് ഒന്നു കാണേണ്ടത് തന്നെയാ മാഷേ,, സുരേഷ്ഗോപി മാറിനിക്കും.. നമ്മുടെ നേതാക്കളും മോശമല്ല. എല്ലാവരും ഒരു ഫിഗറുതന്നെയാട്ടോ..ഓ അതൊക്കെ വെച്ചു നോക്കുമ്പോള്‍ നമ്മളൊക്കെ എന്ത്......?

അതെന്താ നാണു അങ്ങനെ,,,, നമ്മുടെ നേതാക്കളെല്ലാം നല്ല ഫിഗറും, നമ്മളിങ്ങനെ കരിഞ്ഞൊണങ്ങിയും...??

 അതൊക്കെ ഒരു യോഗമല്ലേ മാഷേ...അവരുടെയൊക്കെ വയറുമാത്രം കണ്ടാല്‍ മതി; നമ്മുടെ കൊട്ടിയൂര്‍ കേശവന്‍റെ വയറാണന്നേ തോന്നു; ആത്രയ്ക്കുണ്ട്...വെറുതെയല്ല നമ്മളിവിടെ പട്ടിണി കിടക്കുന്നത്... നല്ല വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചു നടക്കാം . നാക്കിനും വയറിനും മാത്രമാണ് കാര്യമായ പണി.. നമുക്ക് അങ്ങനെയാണോ..? നാവടക്കി പണിയെടുത്താലല്ലേ വല്ലതും വയറ്റിലേക്കുവിടാന്‍ പറ്റൂ...... മാഷിന്‍റെ  പച്ചക്കറികളൊക്കെ വിളവെടുക്കാറായി അല്ലേ ..

പിന്നേ, ഈ ഓണത്തിനു ഇതുതന്നെ ധാരാളം..

ഹോ, നമുടെയൊക്കെ കാര്യമാ കഷ്ടം.....ഉപ്പുതൊട്ടു കര്‍പ്പുരംവരെ എല്ലാം കാശുകൊടുത്തു മേടിക്കണം ..എല്ലാത്തിനും തീ പിടിച്ച വിലയല്ലേ.

നിന്‍റെ വീടിനുചുറ്റുമുള്ള തെങ്ങിന്‍റെ തടത്തിലെങ്കിലും രണ്ടുചുവട് പച്ചക്കറി കൃഷിചെയ്യാമല്ലോ നാണു.. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ ചിലവിട്ടാല്‍ അതിന്‍റെ ഫലംകിട്ടും... പായും തലയണയും ചുമന്നു തൂറാന്‍ പോകുന്നതിനെക്കാള്‍ ഭേദം അതാ..പട്ടിണി മാറും..

 എന്തുകൊണ്ടാണ് നമ്മുടെ എല്ലാ പാര്‍ട്ടികളും രാഷ്ട്രിയവിഷയങ്ങളില്‍ മാത്രം സമരവും ഹര്‍ത്താലും പ്രഖ്യാപിക്കുന്നത്..? കുതിച്ചുയരുന്ന വില വര്‍ധനയ്ക്കെതിരെ എന്തേ കാര്യമായ ഒരു പ്രതിഷേധവും ഉയരാത്തത്..??. എന്തുകൊണ്ടാണ് നമ്മുടെ നേതാക്കളാരും വീട്ടുവളപ്പില്‍ അത്യാവശ്യം പച്ചക്കറികളെങ്കിലും കൃഷിചെയ്യൂയെന്നു അണികളോട് പറയാത്തത്..??? കാരണം ഒന്നേയൊള്ളൂ; നാട്ടില്‍ എത്ര വിലകൂടിയാലും,പട്ടിണി ഉണ്ടായാലും അതൊന്നും അവരുടെ വയറിനെ ബാധിക്കില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചൊന്നും അറിയേണ്ട ആവശ്യവുമില്ല.. എല്ലാം ജനങ്ങളുടെ പേരില്‍ സൌജന്യമായി ആസ്വദിക്കാം.... അതിനു ഭരണ പ്രതിപക്ഷ വിത്യാസമില്ല.. മഴയെന്നോ വെയിലെന്നോ കരുതി അതിനൊരു മാറ്റവും വരില്ല... പൊതുജനം ഏഴുരൂപ മുടക്കി ഒരു ചായ കുടിക്കുമ്പോള്‍ നമ്മുടെ ജനപ്രതിനിധികള്‍ കേവലം ഒരു രൂപ കൊടുത്താല്‍ അതേ ചായ കിട്ടും. പുറത്തിറങ്ങിയാല്‍ എല്ലാം ഓസിനു വേറെയും...ആരാണ് ദരിദ്രന്‍ ആരാണ് ജന്മി....മനസിലായില്ലേ...

 സുഖമായഭക്ഷണവും, കിടന്നുറങ്ങാന്‍ സൗകര്യപ്രദമായ കിടപ്പറകളും, ആവശ്യത്തിനു സമ്പത്തും, എന്തു ആജ്ഞയും ശിരസാവഹിക്കാന്‍ അനുചരന്മ്മാരുമുണ്ടെങ്കില്‍, പിന്നെവേണ്ടത് അധികാരമാണ് ..ജനങ്ങളെ ഭരിക്കാനുള്ള അധികാരം.. അതിനുവേണ്ടി ഏതെങ്കിലും വലിയ ഉമ്മാക്കി കാണിച്ചു ജനത്തെ തെരുവില്‍ ഇറക്കുന്നു.. തങ്ങള്‍ക്കു വേണ്ടത് കിട്ടിക്കഴിയുമ്പോള്‍ പരിപാടി അവിടെ നിറുത്തുന്നു... ജനത്തിനു എന്താണോ വേണ്ടത്, അതുമാത്രം കിട്ടുന്നില്ല.. അവന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ എല്ലാം അതേപടി നിലനില്‍ക്കുന്നു.. വിലക്കയറ്റംകാരണം നട്ടം തിരിയുന്നവനോട് ആലുവാലിയായുടെ തിയറികളും, മന്‍മോഹന്‍സിങ്ങിന്‍റെ ഉദാര വല്ക്കരണവും പ്രസംഗിച്ചാല്‍ വയറുനിറയുമോ... എല്ലാ തിയറികളും, കണക്കുകൂട്ടലുകളും തെറ്റിയെന്നു വ്യക്തമാക്കുന്ന രീതിയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നു.. ആവശ്യസാധനങ്ങളുടെ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു.. മാന്ദ്യം എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. ഇതിനെത്തുടര്‍ന്നു രൂക്ഷമായ തൊഴില്‍ പ്രശ്നങ്ങളും ഉയര്‍ന്നു വരുന്നു... വിപണിയില്‍ ഇടപെടേണ്ട സര്‍ക്കാരുതന്നെ ജനങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചിരിക്കുന്നു... ജനകിയപ്രശ്നങ്ങളെ രാഷ്ട്രിയസമരത്തില്‍ കൂട്ടിക്കുഴച്ചു ജനത്തിന്‍റെ ശ്രദ്ധതിരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്ന വെറും കുറുമുന്നണി മാത്രമായി, പ്രതിപക്ഷവും മാറിയിരിക്കുന്നു വെന്നതാണ് ദയനിയമായ കാര്യം... സ്വന്തം വീട്ടിലെകാര്യം എന്താണെന്നു നോക്കാതെ നേതാക്കന്മാര്‍ക്കുവേണ്ടി തെരുവിലിറങ്ങി ജയ്‌ വിളിക്കുന്ന കഴുതക്കൂട്ടങ്ങളായി അണികളും മാറിയിരിക്കുന്നു..ഇതാണ് നുമ്മ പറഞ്ഞ മാറ്റം.

 രാഷ്ട്രിയപാപ്പരത്തവും, നേതൃത്വത്തോടുള്ള അടിമത്തമനോഭാവവും  അണികളെ വെറും വിഴുപ്പുചുമക്കുന്ന കഴുതകളുമാത്രമാക്കിയിരിക്കുന്നു.. നേതാവ് അപ്പിയിട്ടാല്‍ അതു ചന്ദനമാണെന്ന് സ്വയവും മറ്റുള്ളവരെയും ബോധ്യപ്പെടുത്തലാണ് സില്‍ബന്ധികളുടെ പ്രധാനദൌത്യം.. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു, നാലുനേരവും മൂക്കുമുട്ടെ കഴിച്ചു ഏമ്പക്കവും വിട്ടുനടക്കുന്ന രാജകുമാരന്മ്മാര്‍ ഇടയ്ക്കിടെ ഓരോ  പള്ളി വളി വിടും.. പിറകെനടക്കുന്ന വട്ടന്‍ കൊത്തികളെല്ലാം ആ നാറ്റം ആഞ്ഞുവലിച്ചു, ഹായ് മുല്ലപ്പൂ മണക്കുന്നുവെന്നു വിളിച്ചുപറയും...ജനം അതങ്ങു കണ്ണടച്ചു വിശ്വാസിക്കണം..അയ്യേ നാറ്റമെന്നു പറഞ്ഞ് ആരെങ്കിലും മൂക്കുപൊത്തിയാല്‍ അവന്‍ കുഴപ്പക്കരനായി...അതാണ്‌ നമ്മുടെ രാഷ്ട്രിയം.

 മൊത്തം ജനസംഖ്യയുടെ അറുപത്തിയഞ്ചുശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെക്കിടക്കുമ്പോള്‍, ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്നുപറഞ്ഞു  നമുക്കാശ്വസിക്കാം...ഉദാരവല്‍ക്കരണത്തിലൂടെ ഈ നാട് സ്വര്ഗ്ഗമാക്കുമെന്നു പറഞ്ഞിരുന്ന മണ്ടന്മാരുടെ മണ്ടന്‍കഥകള്‍ ഇനിയും നമുക്ക് വിശ്വസിക്കാം...  അലുവാലിയായെപ്പോലുള്ള ആസൂത്രകന്മാര്‍ക്ക്  ‘ഡിലിറ്റ്’ കൊടുത്ത് ആദരിക്കാന്‍ ഏറ്റവുംപറ്റിയ സമയം ഇതാണ്.. ഇത്രവേഗം അതു മനസിലാക്കിയത് നമ്മുടെ കാലിക്കറ്റ് സര്‍വകലാശാലയാണ്..’ഡിലിറ്റ്’ വാങ്ങാന്‍ പി.എ-യെ  പറഞ്ഞുവിട്ട ആലുവാലിയ ആസൂത്രണം ഗവര്‍ണ്ണര്‍ക്കു പിടിക്കാഞ്ഞിട്ടും, അവാര്‍ഡു പൊതിഞ്ഞുകെട്ടി വീട്ടില്‍ കൊണ്ടുപോയി കൊടുത്തു.. പട്ടിയെ വളര്‍ത്തിയാല്‍ ഇങ്ങനെ വേണം... ഉള്ള നെല്‍കൃഷിയും നിറുത്തി വ്യവസായം തുടങ്ങാന്‍ നമ്മളെ ഉപദേശിച്ച മിടുക്കനാണ് അലുവാലിയ... ഒടുവില്‍ വ്യവസായവുമില്ല, നെല്ലുമില്ല, അരിയുമില്ല...ആ മിടുക്കനാണ്  ഡിലിറ്റ് ബിരുദം കൊടുത്ത് നമ്മള്‍ ആദരിക്കുന്നത്.....വിഷംകലക്കിത്തരുന്നവനും മുത്തംകൊടുക്കുന്ന ഇങ്ങനത്തെ ജനം വേറെയെവിടെക്കാണും.....അങ്ങനെ വരുമ്പോള്‍ ‘കുമാരന്‍’   പറഞ്ഞപോലെ പ്രശ്നങ്ങളെല്ലാം മാനസികമാണ്... അതിനാണ് ഇനി ചികല്‍സവേണ്ടത്. അല്ലാതെ ഇവിടെ പട്ടിണിയും ദാരിദ്ര്യവും  ഒന്നുമില്ല.... അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവന്‍റെ മാനസികാവസ്ഥ ശരിയല്ലായെന്നു ധരിച്ചാല്‍ മതി... ഭക്ഷണസാധനങ്ങള്‍ക്ക് വിലകൂടുന്നുവെന്നു തോന്നിയാല്‍ ഭയപ്പെടരുത്‌, അത് യാഥാര്‍ത്ഥ്യമല്ല; വെറും മാനസികാവസ്ഥ മാത്രമാണ്... നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ നേതാക്കന്മ്മാര്‍ വേണ്ടുവോളം ഭക്ഷിക്കുന്നുണ്ട്...അതുകണ്ട് സമാധാനിച്ചോളണം..അതാണ്‌ സമൃദ്ധിയിലേക്കുള്ള പുതിയതിയറി...

 ഇനിമുതല്‍ നേതാവിന്‍റെ ഊണുമേശയില്‍ വിളമ്പുന്ന വിഭവങ്ങളുടെ ചിത്രം കണ്ടാല്‍ നമ്മുടെ വയറു നിറഞ്ഞോളണം.  നേതാവ് വെട്ടി വിഴുങ്ങുമ്പോള്‍ അണികളുടെ വയറുനിറയുന്ന സാങ്കേതികവിദ്യയാണ് ഇനി നമുക്കാവശ്യം. ഇനിമുതല്‍ ഉള്ളിവിലകണ്ട് കണ്ണുനിറയരുത്.. നിറഞ്ഞാല്‍ അതൊരു മാനസികാവസ്ഥയുടെ തുടക്കമാണ്.. ഇഷ്ടപ്പെടുന്ന വിഭവങ്ങളുടെയെല്ലാം ചിത്ര മെടുത്തു മേശമേല്‍ വയ്ക്കുക..മാനസികാവസ്ഥയില്ലാത്ത ഒരു ഗ്ലാസില്‍ വെള്ളവും എടുക്കുക.. ചിത്രത്തില്‍ കാണുന്ന വിഭവങ്ങളൊക്കെ തിന്നുന്നതായി ഭാവിക്കുക; അല്ല തിന്നുക.. തൊണ്ണയില്‍ കുടുങ്ങാതെ ഇടയ്ക്കിടെ വെള്ളം കുടിക്കുക.. വെള്ളംമാത്രം യാഥാര്‍ത്ഥ്യമായിരിക്കണം... വയറുതാനേ നിറയും..നിങ്ങളുടെ വിശപ്പുമാറും. കുടുംബത്ത് ആഹ്ലാദം അലയടിക്കും.. ഇനി എന്തിനു മടിക്കുന്നു; ഈ വിദ്യ പറഞ്ഞുതന്ന നേതാവിന്‍റെ ആയുരാരോഗ്യത്തിനായി നമുക്ക് കൈയ്യടിച്ചുപാടാം....