**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, February 12, 2013

മൂല്യബോധനം യൂട്രസ്സിനോടൊ.......???


 

       ഇത്രയുംകാലം അലട്ടിക്കൊണ്ടിരുന്ന എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായി. പപ്പാ,... ഞാന്‍ എങ്ങനെയാണ് ഉണ്ടായതെന്ന മകന്‍റെ ചോദ്യത്തിന് എങ്ങനെ മറുപടി പറഞ്ഞു മനസിലാക്കുമെന്നോര്‍ത്തു വിഷമിച്ചിരിക്കുകയായിരുന്നു. കാര്യകാരണസഹിതം കാര്യം മനസിലാക്കിക്കൊടുക്കണമെങ്കില്‍ ഒരു ദിവസമെങ്കിലും എടുക്കും. കുഞ്ഞുങ്ങള്‍ക്ക്‌ മനസിലാകുന്ന രീതിയില്‍ മൂല്യബോധം നഷ്ടപ്പെടാതെ വേണ്ടേ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍... അല്ലാതെ  നീ പോയി ആദ്യം ഒരു ഷക്കില പടം കണ്ടിട്ടുവാ... അതിനു ശേക്ഷം കാര്യങ്ങള്‍ പറഞ്ഞുതരാമെന്നു പറയാന്‍ പറ്റുമോ.അങ്ങനെ യിരിക്കുമ്പോഴാണ് മൂല്യബോധത്തോടെ, പക്വമായരീതിയില്‍ കുട്ടികളുടെ ഈ സംശയം എങ്ങനെ പരിഹരിക്കാമെന്ന് കേരളസര്‍ക്കാരിന്‍റെ അംഗികൃത വിദ്യാഭ്യാസ വിചഷണന്‍ ഡോക്ടര്‍ റെജിത്കുമാര്‍ തിരുവനന്തപുരം വുമന്‍സ്‌ കോളേജില്‍ നടത്തിയ മൂല്യബോധനപ്രസംഗം കേട്ടത് .

   അതിങ്ങനെയാണ് പുരുഷവര്‍ഗ്ഗത്തിന്‍റെ സ്പേംപൈപ്പിന്‍റെ ടാപ്പ്‌ തുറക്കുക, സ്പേം എടുക്കുക സ്ത്രീയുടെ യൂട്രസിലേക്ക് അയക്കുക.സംഗതി സിമ്പിള്‍; വെറും പത്തുമിനിട്ടിന്‍റെ പരിപാടിയേയുള്ളു.പത്താംമാസം ഒന്നാംതരം കുഞ്ഞു മുളച്ചുവരും.ഇതിനെയാണ് എല്ലാവരും മഹാസംഭവം എന്ന രീതിയില്‍ പൊതിഞ്ഞുവെച്ചിരുന്നത്. കുട്ടികളെ വളര്‍ത്തേണ്ട രീതിയെക്കുറിച്ചും അദേഹം പറഞ്ഞു തരുന്നുണ്ട്. ആണ്‍കുട്ടികളാണെങ്കില്‍ അഴിച്ചുവിട്ടുവളര്‍ത്താം. ചാടാം, മറിയാം, ജീന്‍സ്‌ ധരിക്കാം, മൊബൈല്‍ഫോണ്‍ കൊടുക്കാം.... പെണ്‍കുട്ടിയാണെങ്കില്‍ സൂക്ഷിക്കണം ചാട്ടവും മറിച്ചിലുമൊന്നും പാടില്ല. പടികള്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം; യൂട്രസ് സ്കിപ്പ് ചെയ്തു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ത്രീ ടു ഫൈവ്‌ ലാക്സ്‌ ചിലവു വരും, യൂട്രസ്സ് നേരെയാക്കാന്‍. ഇതു കുടുംബമായി ജീവിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതി. അല്ലാത്തവര്‍ക്ക് കുഴപ്പമില്ല. ഈ യൂട്രസെന്ന സാധനം; ഇങ്ങനെ പടി ഇറങ്ങുമ്പോള്‍ താഴെവീഴാന്‍ പാകത്തില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണെന്ന സത്യം ഇപ്പോഴാണ് വെളിപ്പെട്ടത്. കഷ്ടംതന്നെ......അപ്പൊ കുടുംബമായി ജീവിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ സ്ലോ മോഷനില്‍ നടക്കാന്‍ പഠിക്കണം.കായികപരമായ ജോലിചെയ്യുന്ന സ്ത്രീകളെല്ലാം യൂട്രസ് വീട്ടില്‍വച്ചു പൂട്ടിയിട്ടായിരിക്കണം ജോലിക്ക് പോകുന്നത്. അവരും പ്രസ്സവിക്കുന്നുണ്ട്, കുടുംബവുമായി ജീവിക്കുന്നുമുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്.കേരളത്തിലെ ഗട്ടര്‍ നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഒരു സ്ത്രീയുടെയും യൂട്രസ്സ് സ്കിപ്പായ വിവരം ആരും പറഞ്ഞു കണ്ടില്ല. നാണം കാരണം പുറത്തു പറയാത്തതാവണം. റെജിത് കുമാറിന്‍റെ അഭിപ്രായത്തോട് ആര്‍ക്കെങ്കിലും വിയോജിപ്പ് തോന്നിയാല്‍ സംശയിക്കേണ്ട നിങ്ങളുടെ ജീനിന് പ്രശ്നമുണ്ട്... .ഡി എന്‍ എ യും ജീനും മനസിലായോ??? ജീനിനു ഇന്നേവരെ കാര്യമായ മാറ്റമൊന്നും വരാത്തവര്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍ സാറിനു സിന്താബാദ് വിളിക്കട്ടെ...

  ഒക്കെ മനസിലായി മൂല്യബോധം തുളുമ്പുന്ന വാക്കുകള്‍തന്നെ.. ഈ ക്ലാസുകളിലൂടെ വരും തലമുറയുടെ മൂല്യബോധം കുതിച്ചുയരും.ഒരു സംശയവും വേണ്ട. കേരളത്തിലെ മിക്ക പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ തന്നെയും മൂല്യബോധം പടയ്ക്കാനായി ഇത്തരം പ്രാസംഗികരെ ഇറക്കി വിട്ടിരിക്കുമ്പോള്‍ തീമഴ പെയ്തില്ലെങ്കിലേ അത്ഭുതമുള്ളു.വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വി ടി ഭട്ടതിരിപ്പാട് സ്ത്രീകളോട് അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു; ഇന്നിതാ മറ്റൊരു മൂല്യബോധനക്കാരന്‍ പറയുന്നു അരങ്ങത്തു നിന്ന് അടുക്കളയിലേയ്ക്ക് പോയ്ക്കോളാന്‍. പെണ്‍കുട്ടികള്‍ ജീന്‍സ്‌ ധരിക്കാന്‍ പാടില്ല, മേക്കപ്പ് ഇടാന്‍ പാടില്ല, ശാലിന സുന്ദരികളായിനടക്കണം(അതെങ്ങനെയെന്നു വ്യക്തമാക്കി കണ്ടില്ല), ആണ്‍കുട്ടികള്‍ വളച്ചാല്‍ വളയുന്നവരാണ് തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും, അതുപോലെ തൊണ്ണൂറുശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളം പറയുന്നു. തുടങ്ങിയ ചരിത്രസത്യങ്ങളും വെളിപ്പെടുകയുണ്ടായി..ഈ പറഞ്ഞതിന്‍റെ ആധികാരികതയെപ്പറ്റി സംശയിക്കാന്‍ പാടില്ല.കാരണം രക്ഷിതാക്കളോട് കള്ളം പറഞ്ഞതും, ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ വളഞ്ഞവരുമായ  കേരളത്തിലെ തൊണ്ണൂറുശതമാനം വരുന്ന പെണ്‍കുട്ടികളുടെയും കുമ്പസാരം കേട്ട മഹാനാണ് പറയുന്നത്. ചുരുക്കത്തില്‍ സമൂഹത്തില്‍ ഇന്ന് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പെണ്‍കുട്ടികളാണ്...അല്ലാതെ ആര്‍ത്തിയോടെ അവരെ നോക്കുന്ന പുരുഷന്‍റെ കണ്ണുകള്‍ക്കല്ല കുഴപ്പം....അവരുടെ യൂട്രസ്സ് സ്കിപ്പ് ചെയ്താല്‍ എല്ലാം തീര്‍ന്നു. അതിനാല്‍ പടി കയറരുത്, ഇറങ്ങരുത്, മൊബൈല്‍ഫോണ്‍ ഉപയോഗികരുത്,മേക്കപ്പ് ഇടരുത്, ജീന്‍സ് ധരിക്കരുത്അങ്ങനെ പോകുന്നു മൂല്യബോധനം...ഇതൊക്കെ ലംഘിച്ചാല്‍ പുരുഷവര്‍ഗ്ഗം അവരുടെമേല്‍ സ്പേം ചീറ്റിക്കും. പിന്നെയവര്‍ തുലഞ്ഞു..ഭയങ്കരം ഭയങ്കരം.... ഇതെന്താ ഉത്തരപ്രദേശിലെ ഖാപ്‌ പഞ്ചായത്തോ??സ്വന്തമായി രചിച്ചുവെന്നു പറയുന്ന മതഗ്രന്ഥങ്ങളില്‍ എല്ലാത്തിനും പരിഹാരവും ഉണ്ടായിരിക്കും.ഒത്തിരി ഡിഗ്രിയുണ്ട് കുറെ പൊത്തകം എഴുതി, ഡോക്ടറാണ്, ആയിരം പ്രസംഗം പറഞ്ഞിട്ടുണ്ട് എല്ലാം ശരിയായിരിക്കും... മുമ്പും പിമ്പും പറഞ്ഞതൊക്കെ അമൃതായിരിക്കും പക്ഷെ ഈ പറഞ്ഞ മാലിന്യങ്ങള്‍ മാത്രം മതി മുഴുവനെയും അശുദ്ധമാക്കാന്‍.

പത്തുമിനിട്ടുകൊണ്ടു സ്പേം പമ്പുചെയ്യാന്‍ കഴിയുമെന്ന് പറയുന്ന റെജിത്കുമാര്‍ സംസാരത്തില്‍ എന്തു നിലവാരമാണ് പുലര്‍ത്തിയത്. കേള്‍വിക്കാര്‍ കുട്ടികളാണെന്ന് ഓര്‍ക്കണം; അധികവും പെണ്‍കുട്ടികള്‍. ഇതാണോ മൂല്യബോധനപ്രസംഗം. സ്ത്രീകളെ കാണുമ്പോഴേ പമ്പുചെയ്യാന്‍ പാകത്തില്‍ എല്ലാ പുരുഷന്മാരുടെയും പമ്പിംഗ് മെഷീന്‍ സദാ റെഡിയാണെന്നത്; സ്വന്തംകാര്യത്തില്‍ ശരിയായിരിക്കും. പുരുഷവര്‍ഗത്തെ മുഴവന്‍ അതിനു കൂട്ടുപിടിക്കേണ്ട. അങ്ങനെ സദാനേരത്തും മിഷനും റെഡിയാക്കി, യൂട്രസിലേക്ക് സ്പേം അയക്കാന്‍ മാത്രം നോക്കിയവരാണിപ്പോള്‍, അഞ്ചരയ്ക്ക് പാലുകാച്ചലില്‍ പങ്കെടുത്തു,ഏഴിനു ബിരിയാണികഴിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട്  കൈകാലിട്ടടിക്കുന്നത്.  പറയുന്നതില്‍ മൂല്യബോധം ഒട്ടുമില്ല എന്നതിന് തെളിവാണ് കുട്ടികളോട് നടത്തിയ ഈ പ്രസംഗം. ഇതുവരെ ആരും കൂവിയില്ല; കേരളം മുഴുവന്‍ പ്രസംഗിച്ചിട്ടു ഒരു കുട്ടിയാണ് കൂവിയത് എന്നു പറഞ്ഞുകണ്ടു. ആരും കൂവാതിരുന്നതിനെ എല്ലാവരുടെയും സമ്മതമായി കാണേണ്ട... ആദ്യം ആരു കൂവും  എന്നതിലായിരുന്നു തര്‍ക്കം ഉണ്ടായത്. ഒറ്റക്കൂവലില്‍തന്നെ  പ്രസംഗംനിറുത്തി. കേരളം മുഴുവന്‍ ഇളക്കിമറിച്ചു നടത്തിയ പ്രസംഗത്തെ ഒരു കുട്ടിയുടെമാത്രം പ്രതിഷേധത്താല്‍ നിറുത്താന്‍ സാധിച്ചുവെങ്കില്‍ ഇതൊരു തുടക്കമാണ്.ഒരാള്‍ ഉതിര്‍ത്ത തീപ്പൊരി ആളിപ്പടരുമെന്നുകണ്ട സംഘാടകര്‍;  ഉശിരുള്ള പ്രാസംഗികനോട് പെട്ടന്ന് അവസാനിപ്പിച്ചുകൊള്ളാന്‍ പറഞ്ഞുവെന്നാണ് വാര്‍ത്ത. സ്ത്രീവിരുദ്ധതയ്ക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതിന്‍റെ ആരംഭമായി ഇതിനെക്കാണാം.

  മനുഷ്യവര്‍ഗത്തില്‍ സാമുഹ്യപരമായും,സദാചാരപരമായും, നിയമങ്ങള്‍ക്കനുസരിച്ചും, സ്പേം യൂട്രസ്സില്‍ അയക്കുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. സാധരണഗതിയില്‍ വിവാഹമെന്ന പരിപാവനമായ ചടങ്ങിലൂടെയാണ് ഇതിനുള്ള അനുമതിലഭിക്കുന്നത്.(മറ്റു അവിഹിത ബന്ധത്തിന്‍റെ കാര്യങ്ങള്‍ ഇവിടെചര്‍ച്ചയ്ക്ക് വരുന്നില്ല. കാരണം ഇവിടെ മൂല്യബോധനയാത്രയില്‍ ഊന്നിക്കൊണ്ടാണ്പ്രസംഗം നടന്നത്.) അങ്ങനെ കിട്ടുന്ന അനുമതിയിലൂടെ പുരുഷനുംസ്ത്രീയും പരസ്പരം ബന്ധപ്പെടുമ്പോളാണ് സ്ത്രീ ഗര്‍ഭംധരിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നത്. അതിനുള്ള മുന്നൊരുക്കമാണ് ശാരിരികവും മാനസികവുമായ പരസ്പര ധാരണയോടുകൂടിയ ബന്ധപ്പെടലില്‍ പുരുഷനില്‍ നിന്നുള്ള ബീജം സ്ത്രീയുടെ യൂട്രസ്സില്‍ എത്തുന്നത്‌. ഇതൊരു പാവനമായ കര്‍മ്മമാണ്.വാവിനു കാറുന്ന പശുവിനെ ഇണചേര്‍ക്കാനായി  മൂരിയുടെയടുത്തു കൊണ്ടുപോകുന്നതു പോലെയുള്ള ശൈലിയില്‍ ഇതിനെ വ്യാഖ്യാനിക്കുന്നതിലൂടെ എന്തു മൂല്യബോധനമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുക. “ഞാനുള്‍പ്പെടുന്ന പുരുഷവര്ഗത്തിനു പത്തുമിനിട്ട്കൊണ്ടു സ്പേം യൂട്രസ്സില്‍ എത്തിക്കാന്‍ കഴിയും പിന്നത്തെ പണി സ്ത്രീയുടെ മാത്രമാണ്” എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.അതില്‍ മുഴച്ചു നില്‍ക്കുന്നത് പുരുഷന്‍റെ അഹങ്കാരവും, സ്ത്രീകളോടുള്ള പുച്ഛവുമാണ്. കുഞ്ഞിനു രൂപം കൊടുക്കുന്നതിലും വളര്‍ത്തുന്നതിലും പുരുഷനും സ്ത്രീയ്ക്കും തുല്യ ചുമതലയാണുള്ളത്. സ്പേം ചീറ്റിക്കല്‍ മാത്രമാണ് പുരുഷന്‍റെ പണിയെന്നു പഠിപ്പിക്കുന്ന ആര്‍ഷ സദാചാരവാദികളും അവര്‍ക്ക് ഓശാന പാടുന്ന മതസദാചാരവാദികളും പെണ്‍കുട്ടികള്‍ ഒരു മൂലയ്ക്ക് ഒതുങ്ങി കഴിയെണ്ടാവരാണെന്ന ചിന്തകളെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികളുടെ യൂട്രസിലേക്ക് സ്പേം അയക്കുന്ന വിദ്യ അവിടെ നില്‍ക്കട്ടെ.അതിലല്ല ബോധനം നടത്തേണ്ടത്; അതിനുവേണ്ടിമാത്രം  തുനിഞ്ഞിറങ്ങുന്നവുരുടെ കരണക്കുറ്റിനോക്കി രണ്ടു പൊട്ടിക്കാനുള്ള വിദ്യയാണ് പറഞ്ഞു കൊടുക്കേണ്ടത്...... .

നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേയ്ക്ക് നയിക്കുന്ന ബോധനമല്ല ഇന്ന് ആവശ്യം; ആണുംപെണ്ണും പരസ്പരം ബഹുമാനിച്ചുകൊണ്ട്, തുല്യമായ അവകാശങ്ങളിലൂടെ നന്മ നിറഞ്ഞ  ഒരു വ്യവസ്ഥിതിയാണ് കെട്ടിപ്പടുക്കേണ്ടത്. മാറ്റങ്ങളുടെ ദൂഷ്യവശങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടാനല്ല; നല്ല വശങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അതിലൂടെ നല്ല ജീവിതം കെട്ടിപ്പടുക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.....

Monday, February 11, 2013

സൂര്യനെല്ലിയിലെ ബസന്തം.........


 

  നായ്ക്ക് ഭ്രാന്തുപിടിച്ചാല്‍ ചങ്ങലയ്ക്കിടാം എന്നാല്‍ ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാലോ?????.  നാട്ടില്‍ അലഞ്ഞുതിരിയുന്ന ഭ്രാന്തുമുഴുത്ത പട്ടികളെയെല്ലാം ചങ്ങലയ്ക്കിടാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയപ്പോഴാണ്, ചങ്ങലയ്ക്കുതന്നെ ഭ്രാന്താണെന്ന വിവരം അറിയുന്നത്. ആറും അറുപതും കണക്കാണെന്ന അപ്രഖ്യാപിത നിയമം മാത്രമേ ഇനി രക്ഷയുള്ളൂ.ആ വകുപ്പില്പ്പെടുത്തി തള്ളിയാല്‍ മാത്രമേ ബസന്തം കുറ്റവിമുക്തനാവു......കുര്യനു താങ്ങായ മഹിളാകൃഷണ പോലും തള്ളിപ്പറഞ്ഞു.  ഉശിരുള്ള പെണ്‍കുട്ടികള്‍ കരണംതേടി  ചികല്‍സയ്ക്ക് ഇറങ്ങിട്ടുമുണ്ട്...തല്ലുകൊള്ളിത്തരം പറഞ്ഞാല്‍ കുഴപ്പമില്ല,കാണിച്ചാലും കുഴപ്പമില്ല, പക്ഷെ നാട്ടുകാര്‍ അറിയാന്‍ പാടില്ല. അങ്ങനെ ആരേലും അറിയിച്ചാല്‍ ഭയങ്കര നെറികെട്....മാധ്യമങ്ങള്‍ക്ക് തീരെ നീതിബോധമില്ല. ചുറ്റിക കിട്ടിയിരുന്നെങ്കില്‍ തലയ്ക്കൊന്നു കൊടുക്കാമായിരുന്നു. പണ്ടായിരുന്നേല്‍ ഇപ്പം എല്ലാം അകത്തായേനെ.ഇപ്പൊ പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപോലെ ഫലിക്കുന്നില്ല......നീതി നിഷേധത്തെക്കുറിച്ച് സെമിനാര്‍ എടുക്കാന്‍ വന്നതാണ്. അതില്‍ വിളമ്പുന്നത് മാത്രമേ മാധ്യമങ്ങള്‍ കാണിക്കാവു.തുടുത്തമോന്തയും, വളിച്ചചിരിയും പിന്നെ ഗീര്‍വാണങ്ങളും ഹൈലൈറ്റ്‌ ചെയ്തു കാണിക്കണം.അതാണ്‌ മാധ്യമധര്‍മ്മം.എഴുതാന്‍ പറയുന്നത് എഴുതുക,കാണിക്കാന്‍ പറയുന്നത് കാണിക്കുക....അതുപണ്ട് ഇപ്പൊ എഴുതേണ്ടതും,പറയേണ്ടതും കാണിക്കേണ്ടതും ഞങ്ങള്‍ തീരുമാനിക്കും. അതിനു ഒളിക്യാമറയല്ല അടിവസ്ത്രംവരെ പൊക്കിനോക്കും.  മിക്ച്ചരും കൊറിച്ചു സഭകൂടുമ്പോള്‍ വയറ്റിലുള്ളത് അറിയാതെ തികട്ടിയാല്‍ അതു പുറത്തുചര്‍ദ്ദിക്കാന്‍ പാടില്ല വിഴുങ്ങിക്കോണം; പൂഞ്ഞാറ്റിലെ വിഴുപ്പ് ഒഴിച്ചുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണ്... മനോരോഗികളോടുമാത്രം  ക്ഷമിക്കാതെ തരമില്ലല്ലോ....  സര്‍ക്കാര്‍ പണികഴിഞ്ഞ് അടുത്തൂണ്‍ പറ്റുന്ന വമ്പന്മാരില്‍ പലരും രാഷ്ട്രിയക്കാരുടെ ചൊറികുത്തലും, കാലുനക്കലും നടത്തി ഏതെങ്കിലുമൊക്കെ നിയമനങ്ങള്‍ തരമാക്കി ശിഷ്ടകാലം ദമ്പടി ഒപ്പിക്കുന്നത് നമ്മുടെ നാട്ടിലെ ഒരു പ്രത്യേകതയാണ്. അടുത്തൂണ്‍പ്പറ്റി പിരിഞ്ഞാലും പഴയ ജോലിയുടെ വാല് പേരിനൊപ്പംചാര്‍ത്തി, ആളുകൂടുന്ന സ്ഥലങ്ങളില്‍ കസേരകിട്ടാനുള്ള നമ്പറുകള്‍ പയറ്റുന്നവരും ;  കാറിനു മുന്‍പില്‍ കാലഹരണപ്പെട്ട പദവികളും എഴുതി ഞെളിഞ്ഞുനടക്കുന്നവരും നമ്മുടെനാട്ടില്‍ വലിയ പുതുമയൊന്നുമല്ല.അഞ്ചാക്ലാസുകാരന്‍ അലോപ്പതി ഡോക്ടറായി ആളെ ചികല്സിക്കുന്ന നാടാണ്.

  ഒക്കെ ശരിയാണ് എന്നാലും ബസന്തേ ഇതു മോശമായിപ്പോയി.......നീതി ദേവതയുടെ കാവലാളായി നിങ്ങള്‍ എടുത്ത തീരുമാനങ്ങളില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയം തോന്നുന്നു. ജനങ്ങളുടെ പറയാന്‍ കുറേ കാര്യങ്ങള്‍, ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത കുറേ കാര്യങ്ങള്‍ അതാണല്ലോ നിങ്ങള്‍ പറയുന്നത്.റെക്കോര്‍ഡ്‌ചെയ്യാന്‍ പറഞ്ഞു ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ  ജനങ്ങളെ കാണിക്കാവു..എല്ലാം എന്തിനാ ഈ കഴുതകളോടു പറയുന്നത്. ചെയ്തത് വിഡ്ഢിത്തരം എന്നു സമ്മതിക്കാതെ മാധ്യമങ്ങള്‍ അതു ജനങ്ങളെ അറിയിച്ച രീതിയിലാണ് താങ്കള്‍ക്ക് രോഷം. നാണമില്ലേ നിങ്ങള്‍ക്ക്...ലക്ഷ്യം മാര്‍ഗത്തെ സാധുകരിക്കും എന്നാണ് ഭഗവാന്‍ പോലും പറഞ്ഞിരിക്കുന്നത്. താങ്കളുടെയൊക്കെ യഥാര്‍ത്ഥ മുഖം വെളിയില്‍ കൊണ്ടുവരാന്‍ ഒളിക്യാമറ ഉപയോഗിച്ചാലും തെറ്റില്ല. ഈ ചെരുപ്പുനക്കലിനു താങ്കള്‍ക്ക് എന്തുകിട്ടി. സുപ്രീംകോടതിയില്‍ കേരളത്തിന്‍റെ കേസുകള്‍ വാദിക്കാനുള്ള പാനലില്‍ ആരുടെയൊക്കെയോ പ്രത്യേക താല്‍പര്യപ്രകാരം അവസാനനിമിഷം കടന്നു കൂടിയതിനെ; ഞങ്ങള്‍ ജനങ്ങള്‍ എങ്ങനെ കാണണം....ഉദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്നു പറഞ്ഞാല്‍ തെറ്റാകുമോ....???? സൂര്യനെല്ലി പെണ്‍കുട്ടിയെ വേശ്യ എന്നു വിളിച്ച നിങ്ങള്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി തരേണ്ടതുണ്ട്.....

 സൂര്യനെല്ലിക്കേസില്‍ നടന്നത് ബലാത്സംഗമാണെന്ന് സ്പെഷ്യല്‍കോടതിയും ,സുപ്രീംകോടതിയും പറയുമ്പോള്‍  മുന്‍ജഡ്ജിബസന്ത് പറയുന്നു നടന്നത് ബലാത്സംഗമല്ല  ബാലവേശ്യാവൃത്തിയാണെന്ന്.  ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരമാണ്  ഏജ് ഓഫ് കണ്‍സെന്റ് പതിനാറുവയസ്സും അതിനു താഴെയുള്ളവര്‍ മൈനറും ആയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ നടന്നത് ബാലവേശ്യവൃത്തിയാണെന്നു താങ്കള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ബാലവേശ്യാവൃത്തി ഇമ്മോറല്‍ ട്രാഫിക്ക് പ്രിവന്‍ഷന്‍ ആക്റ്റിനു കീഴെ വരുന്നു. അതിന്‍ പ്രകാരം പതിനാറുവയസ്സില്‍ താഴെയുള്ള കുട്ടി ചൈല്‍ഡും, പതിനാറിനും  പതിനെട്ടിനും  ഇടയില്‍ പ്രായമുള്ള കുട്ടി മൈനറുമാണ്‌. ഇമ്മോറല്‍ ട്രാഫിക് ആക്റ്റ് പ്രകാരം പെണ്‍കുട്ടിയെ ബാലികാവേശ്യാവൃത്തിക്കു പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍  എന്തെങ്കിലും ചെയ്യുന്നവര്‍, അവളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വേശ്യാവൃത്തിക്കായി കൂട്ടിക്കൊണ്ടുപോയവര്‍, പ്രേരിപ്പിക്കുന്നവര്‍, ഹോട്ടല്‍, ഹോസ്പിറ്റല്‍, ഗസ്റ്റ് ഹൗസ്, ആരാധനാലയം, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയവയിലോ, പരിസരത്തോ വച്ചോ അവളുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴുവര്‍ഷത്തില്‍ കുറയാതെയും ജീവപര്യന്തം വരെ കൂട്ടാവുന്നതുമായ തടവുശിക്ഷ കിട്ടണം.നിയമം അങ്ങനെ ആയിരിക്കെ, നടന്നതു ബാലാ വേശ്യാവൃത്തിയാണെന്ന്  താങ്കളുടെ വിധിന്യായത്തില്‍ പറയുമ്പോള്‍, ഇമ്മോറല്‍ ട്രാഫിക് ആക്റ്റ് പ്രകാരം മൈനര്‍ ആയ കുട്ടിയെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും വാഹനങ്ങളിലും ഒക്കെയായി പ്രാപിച്ച കുറ്റവാളികള്‍ക്ക് എന്തു ശിക്ഷയാണ്‌ വിധിച്ചത്?

ഹൈക്കോടതിവിധിയില്‍ അത്ഭുതംപ്രകടിപ്പിച്ച, സുപ്രീംകോടതിനീരീക്ഷണത്തെ ഹൈക്കോടതിവിധി വായിക്കാത്തവര്‍ എന്നുപറഞ്ഞുകൊണ്ട് താങ്കള്‍ പരിഹസിച്ചത്‌ എന്തു അര്‍ത്ഥത്തിലാണ്.താങ്കള്‍ ഇന്നു ജഡ്ജിയല്ല, അഭിഭാഷകന്‍ മാത്രമാണ്. താങ്കള്‍ പറഞ്ഞത് സുപ്രീംകോടതിയെ അപമാനിക്കല്‍ അല്ലേ?കോടതിയലക്ഷ്യമല്ലേ??

സാധരണഗതിയില്‍  ഒരു ന്യായാധിപന്‍  ഒരു കേസില്‍ വിധിപറഞ്ഞാല് പിന്നീട് ആ കേസുമായി  ഒരുതരത്തിലും  ബന്ധപ്പെടുന്നില്ല. അതാണ് നീതിനിര്‍വഹണത്തിലെ ശരിയായ മര്യാദ. വിധിയെക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ക്കോ വാദപ്രതിവാധങ്ങല്‍ക്കോ മറുപടിപറയേണ്ട ബാധ്യതയും വിധി പ്രസ്താവിച്ച ന്യായാധിപനില്ല. വിധി സ്വികാര്യമല്ലായെങ്കില്‍ കക്ഷികള്‍ അപ്പിലിനു പോകും.പരിധിവിട്ടുള്ള വിമര്‍ശങ്ങള്‍ തടയാന്‍ കോടതിയലക്ഷ്യനിയമങ്ങളുമുണ്ട്. സ്വന്തം വിധിയെ ന്യായികരിക്കാന്‍ ഒരു ന്യായാധിപനും പരസ്യമായി രംഗത്തുവരാറില്ല.അങ്ങനെ വരാനും പാടില്ല. എന്നാല്‍ ഇവിടെ, താനുള്‍പ്പെട്ട ബെഞ്ച് പറഞ്ഞ വിധിന്യായത്തെ ന്യായീകരിക്കാന്‍ നിയമത്തിന്‍റെ ബാലപാഠങ്ങള്‍പോലും മറന്ന് മുന്‍ ന്യായാധിപന്‍ രംഗത്തു വന്നിരിക്കുകയാണ്.  സുപ്രീംകോടതി ഹൈക്കോടതിയുടെ വിധി വായിച്ചുനോക്കിയില്ല എന്ന് പരിഹസിക്കുന്ന മുന്‍ജഡ്ജി ബസന്ത്, കോടതിയലക്ഷ്യമാണ് ചെയ്തിരിക്കുന്നത്. എന്തൊരു അഹങ്കാരമാണിത്. പെണ്‍കുട്ടിയെ ബാലവേശ്യാവൃത്തിക്കാരിയായും ചെറുപ്പത്തിലെ തന്നെ  സ്വഭാവദൂഷ്യക്കാരിയുമായാണ് മുന്‍ജഡ്ജി അവതരിപ്പിക്കുന്നത്‌.അതിനു പറയുന്നതോ ചെറിയ ചെറിയ ന്യായങ്ങളും.കണ്ണിലെ തടിക്കഷണം കാണാതെ കരടു നീക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാവൂ...........

   പ്രായപൂര്‍ത്തിയാകാത്തസമയത്ത് പീഡനത്തിനിരയായ കുട്ടി, അന്ന് എതിര്‍പ്പു പ്രകടിപ്പിച്ചില്ലായെന്ന് വാദത്തിനുവേണ്ടി പറയുമ്പോള്‍ , അവളെ മൃഗീയമായി  പീഡിപ്പിച്ചവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ലായെന്ന് ബഹുമാന്യനായ മുന്‍ ന്യായാധിപന്‍ വിശദീകരിക്കേണ്ടതുണ്ട്.എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിയാത്തതൊക്കെ സമ്മതം എന്നു വ്യാഖ്യാനിക്കാന്‍ കഴിയുമോ??മൃഗീയമായ പീഡനത്തെത്തുടര്‍ന്നു അവശയായ പെണ്‍കുട്ടി; എതിര്‍പ്പുപ്രകടിപ്പിച്ചില്ല എന്ന വിചിത്രവാദം പരമമായ ഒരു തെളിവാണോ??? നാല്‍പതു പേരുടെ നാല്‍പ്പത് ദിവസത്തെ കൊടിയ പീഡനങ്ങള്‍ പെണ്‍കുട്ടി ആസ്വദിക്കുകയായിരുന്നുവെന്നാണോ ധരിക്കേണ്ടത്??? കോടതിമുറിക്കുള്ളില്‍ ലഭ്യമാകുന്ന അറിവുകളും തെളിവുകളുംവെച്ച് വിധി പ്രസ്താവിച്ചുകഴിഞ്ഞാല്‍ കടിച്ചുകീറപ്പെട്ട പെണ്‍കുട്ടിയ്ക്ക് പിന്നെ ഒരു അവകാശവുമില്ലേ??. അവളെ ആര്‍ക്കും കല്ലെറിയാമോ??? അവള്‍ എന്നും വേശ്യയും ദുഷിച്ചവളുമായി ജീവിക്കണം എന്നാണോ??.തന്‍റെ മുന്നില്‍ വരുന്ന കേസുകളെ നീതിയുടെയും നിയമത്തിന്റെയും കണ്ണിലൂടെ നിഷ്പക്ഷമായിമാത്രം കാണേണ്ടസ്ഥാനത്ത് എന്തുകൊണ്ടാണ്   പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോട് മുന്‍ജഡ്ജി ബസന്ത് ഇത്രമാത്രം പകകാണിക്കുന്നത്.

  ഒരു സാധാരണ പൗരനില്‍നിന്നല്ല, മുന്‍ ന്യായാധിപനില്‍നിന്നാണ് ഈ അപകടകരമായ പരാമര്‍ശങ്ങളുണ്ടായിരിക്കുന്നത്. ആരെ പ്രീണിപ്പിക്കാനാണിത്?? നീതി ദേവത വഞ്ചിക്കപ്പെട്ടോ???.അടുത്തൂണ്‍ പറ്റിയ മുന്‍ജഡ്ജി ബസന്ത് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി  കോടതിയിലെത്തുന്ന അഭിഭാഷകനാണ്. സുപ്രീംകോടതി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതിനാല്‍ സൂര്യനെല്ലിക്കേസിലെ വെറുതെവിടപ്പെട്ട പ്രതികള്‍വീണ്ടും വിചാരണ നേരിടാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.സുപ്രീംകോടതിയില്‍ കേരളത്തിനുവേണ്ടി ഇദേഹമാണ് സൂര്യനെല്ലിക്കേസ് വാദിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ... പെണ്‍കുട്ടിക്ക്  നീതി  നിഷേധിക്കപ്പെട്ടോയെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള പ്രായം പതിനെട്ടാക്കണമെന്ന് കേന്ദ്രനിയമക്കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ട് കാലം ഏറെയായി; അതില്‍ ഒരു നടപടിയും ഇന്നേവരെ എടുത്തിട്ടില്ല.മുന്നില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടിട്ടും അത് തടയുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ മാറിമാറിവരുന്ന  സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവും സംശയാസ്പദമാണ്. കൊണ്ടു നടക്കുന്നതും നീയേ ചാപ്പാ....... കൊണ്ടുപോയിക്കൊല്ലിക്കുന്നതും നീയേ ചാപ്പാ................

 

Saturday, February 9, 2013

പൂഞ്ഞാറ്റിലെ വിഴുപ്പും പുഴുങ്ങിയമാപ്പും....


  

 

  പപ്പുള്ളകോഴിക്കും, കോഴിമുട്ടയ്ക്കും തീവിലയും; രോമമുള്ള കോഴികളെ പിടിക്കുന്നത്‌, സര്‍ക്കാര്‍വിലക്കുകയുംചെയ്ത സാഹചര്യത്തില്‍, ഇതിനെല്ലാം പരിഹാരമായി മാപ്പ് പുഴുങ്ങിയത് കഴിച്ചാല്‍മതിയെന്ന് കേരളിയര്‍ക്കുവെളിപ്പെട്ട കാലമാണ് വന്നിരിക്കുന്നത്. മഴക്കാലം മാറി മാനം തെളിഞ്ഞു. ചെറിയതണുപ്പും ചെറിയചൂടും മാപ്പുകൃഷിക്ക് പറ്റിയ സമയമാണ്. പൂഞ്ഞാര്‍ പോലുള്ള മലയോരമേഖലയിലാണ് ഈ കൃഷി ധാരമുള്ളത്. അവിടെനിന്നും സംഭരിക്കുന്ന മാപ്പുകള്‍ വിറ്റഴിക്കാന്‍ പറ്റിയ പ്രധാനവിപണി തിരുവനന്തപുരവും, പ്രാന്തപ്രദേശങ്ങളുമാണ്. മലയോരത്തുനിന്നുള്ള ചില മാടമ്പിപ്രഭുക്കളാണ് ഇതിന്‍റെ വില്‍പ്പനനിയന്ത്രിക്കുന്നത്‌. വിറ്റഴിക്കല്‍ തന്ത്രത്തിന്‍റെ ഫലമായി നാടുനീളെ പരക്കെ തെറിവിളിക്കുകയെന്നതാണ് പരിപാടി. തെറിക്കു പരിഹാരമായി; ഉടനടി ആശ്വാസം എന്ന രീതിയില്‍ ദിവസവും മൂന്നുനേരം മാപ്പ്‌ പുഴുങ്ങിക്കഴിക്കുക. ഇതുമൂലം തൊലിക്കുണ്ടാകുന്ന ചൊറിച്ചില്‍, അകത്തുണ്ടാകുന്ന ക്രിമികടി, വളംകടി,മുഖക്കുരു, ഉഷ്ണമേഖല രോഗങ്ങള്‍ തുടങ്ങിയവ ഒറ്റയടിക്ക് മാറുമെന്നാണ് പ്രചരണം.

  സാംസ്കാരിക കേരളത്തിനുമുഴുവന്‍ അപമാനമായ മാറിയ ഒരു വിഴുപ്പിനെ സൃഷ്ടിച്ചുവിട്ട പൂഞ്ഞാറ്റിലെജനത്തെ എത്ര അഭിനന്ദിച്ചാലും മതി വരുകയില്ല. തങ്ങളുടെ നാട് കുട്ടിച്ചോറാക്കാതിരിക്കാന്‍ ഈ നരകത്തെ അവര്‍ തിരുവനന്തപുരത്തെയ്ക്ക് പറഞ്ഞുവിട്ടു.ഏതെങ്കിലും കള്ളുഷാപ്പിലെ കറിവെപ്പുകാരനോ അല്ലെങ്കില്‍ കേവലം ഒരു ക്വട്ടേഷന്‍സംഘനേതാവോ  ആകാനുള്ള സാംസ്കാരിക നിലവാരംമാത്രമുള്ള ഈ മലയോര ഉല്പ്പന്നത്തെ സാംസ്കാരിക കേരളത്തിന്‍റെ തലപ്പത്തെ ജനാധിപത്യമൂല്യങ്ങളുടെയും, മര്യാദകളുടെയും വിളനിലമായ നിയമസഭയുടെ അകത്തളങ്ങളിലേക്ക് പറഞ്ഞയച്ച പൂഞ്ഞാറുകാരുടെ ബുദ്ധിയെ പ്രശംസിക്കണം.ഞങ്ങള്‍ ഒറ്റയ്ക്ക് വേണ്ട നിങ്ങളും കൂടി അനുഭവിക്കൂ...അതുകൊണ്ട് അനുഭവിച്ചല്ലേ പറ്റൂ.....എന്തെങ്കിലും വയറുനിറച്ചു തിന്നാന്‍ കൊടുത്താല്‍ ചുരുണ്ടുകൂടി ഉറങ്ങിക്കൊളുമെന്നു വിചാരിച്ചാണ്..ചീഫ് വിഴുപ്പ് എന്നൊരു സ്ഥാനം ഉണ്ടാക്കി പ്രതിഷ്ഠിച്ചത്.അതിപ്പോള്‍ വലിയ പാരയായി.കൊടിവെച്ച വണ്ടിയില്‍ പോലിസ്‌എസ്കോര്‍ട്ടോടെയാണ് ഊരുചുറ്റല്‍....  അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ട് കാര്യമുണ്ടോ.ഒറ്റയ്ക്ക് നിന്നാല്‍ കെട്ടിവെച്ച കാശുപോയിട്ട് സ്വന്തംവീട്ടിലെ വോട്ടുപോലും കിട്ടാത്തതിനാല്‍ ഭരണത്തിന് അനുസരിച്ച് നിറംമാറി ഭരണക്കാരുടെ കൂടെനില്‍ക്കും.ഒരു ഭാഗത്ത് നിന്ന് ഒഴിവാക്കുന്ന ചവറുകള്‍ എല്ലാം അടിയാന്‍ തരത്തില്‍ കേരളത്തിലെ മുന്നണി സംവിധാനം തുറന്നുകിടക്കുന്നതിനാല്‍ എല്ലാ മാലിന്യങ്ങളും സംസ്കരിക്കപ്പെടാതെ  വീണ്ടുംവീണ്ടും കേരളത്തെ നാറ്റിക്കുന്നു. നേതാക്കള്‍ക്കൊന്നും ഇതു നാറ്റമായി അനുഭവപ്പെടാറുമില്ല. മാലിന്യത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്ത് നാറ്റം. ഇങ്ങനെ അടിഞ്ഞു കൂടുന്ന ചില മാലിന്യങ്ങള്‍ സ്വയം നാറുന്നതിനൊപ്പം മറ്റുള്ളവരെയും നാറ്റിക്കുക എന്ന പണിയാണ് ചെയ്യുനത്. സ്വയം മഹാന്മാരായി ചമഞ്ഞുകൊണ്ട് ഇത്തരക്കാര്‍ ഓരോദിവസവും ഓരോ അറിവുകളാണ് കേരളത്തില്‍ വിളമ്പുന്നത്.

  ഒരു വിഭാഗം എം.എല്‍.എ മാര്‍ തെണ്ടികളാണെന്നാണ് കേരളത്തിന്‍റെ പൊതുസ്വത്തായ ഒരു മാലിന്യം  നല്‍കിയ പുതിയ അറിവ്‌. മാത്രമല്ല കേരളത്തിലെ ദളിതരില്‍ ഉന്നതരൊന്നും സ്വന്തം സമുദായത്തില്‍ നിന്നും പെണ്ണുകെട്ടുന്നില്ലായെന്നും, അനാഥാലയത്തില്‍ നിന്നാണ് കെട്ടുന്നതെന്നും അദേഹം കണ്ടുപിടിച്ചു. അതിനു കാരണം അവരുടെ തൊലി വെളുപ്പാണെന്നും തന്‍റെ തീസ്സസിലൂടെ അദേഹം വ്യക്തമാക്കുന്നു. അനാഥരെക്കുറിച്ചാണ് അദേഹം വളരെ അര്‍ത്ഥവത്തായ രീതിയില്‍ പറഞ്ഞിരിക്കുനത്.ഭരണിസാഹിത്യത്തിലെ നിഗൂഡര്‍ത്ഥപ്രദമായ ‘എല്ലാവര്‍ക്കും അറിയാം അതുകൊണ്ട് ഞാനൊന്നും പറയുന്നില്ല’ എന്ന ഉപമയാണ് അദേഹം പ്രയോഗിച്ചിരിക്കുന്നത്.മതിമതി കാര്യങ്ങള്‍ വ്യക്തമാണ്. അങ്ങനെ വരുമ്പോള്‍ അനാഥാലയങ്ങളിലെ തെറികള്‍ ആരുടെ സന്താനങ്ങള്‍ ആണെന്നും പറയാതെ വ്യക്തമായി...

 മയങ്ങിക്കിടക്കുന്ന പാമ്പിന്‍റെ പുറത്തു മണ്ണെണ്ണ ഒഴിച്ചാല്‍ ശക്തമായ പിടച്ചില്‍ നടക്കുന്നതുപോലെ ഞാനിവിടെയുണ്ടേ എന്നു കാണിക്കാന്‍ പറഞ്ഞതാണേ കുരിശേല്‍ തറയ്ക്കല്ലെ എന്നൊരു മാപ്പും... കേരളത്തില്‍ ബാജിയായി, ക്രീമായി എരിവുംപുളിക്കും പഞ്ഞമില്ലാത്തതിനാല്‍ താന്‍ ഫീല്‍ഡില്‍നിന്ന് ഔട്ടാകുമോയെന്ന ഭയത്താല്‍ പറഞ്ഞുപോയതാണെന്ന രീതിയില്‍ മാപ്പ്‌ എന്ന ആപ്പ് വിതറിയാല്‍ കാര്യങ്ങള്‍ ശരിയായി.......മാപ്പ്‌ പുഴുങ്ങിയത് നാലുനേരവും കഴിച്ചാല്‍ എന്തു ചെറ്റത്തരവും വിളിച്ചുപറയാം,ആരുടെ തന്തയ്ക്കും വിളിക്കാം.പൂഞ്ഞാറ്റിലെ ഗ്രാമീണന്‍ ആയതിനാല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നുപറഞ്ഞുകൊണ്ട് പോയപോക്കില്‍ കേരളത്തിലെ ഗ്രാമീണജനതയ്ക്കിട്ടൊരു ആണിയടിക്കാനും വിഴുപ്പ് മറന്നില്ല. പൂഞ്ഞറ്റിലെ അല്ല കേരളത്തിലെ ഒരു ഗ്രാമത്തിലും നിയമസഭാസാമാജികരെ തെണ്ടികളെന്നു വിളിക്കാറില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങളെമുഴുവനാണ് ആ പറഞ്ഞതിലൂടെ കളിയാക്കിയിരിക്കുന്നത്. ഒരു ഗ്രാമീണനും ആ തരത്തില്‍ എം.എല്‍.എ മാരെ വിളിക്കാറില്ല. ഇതു ഞങ്ങളുടെ കുടുംബത്തിന്‍റെ ഒരു ശൈലിയാണെന്നു പറഞ്ഞിരുന്നുവെങ്കില്‍ മനസിലായേനെ. വായിലൂടെ മലം വിസര്‍ജിക്കുന്ന ഇത്തരം വിഴുപ്പുപാണ്ടങ്ങളെ ചുമക്കുന്നവാരാണ് ഇതിനു സമാധാനം പറയേണ്ടത്.

 വിദ്യാഭ്യാസമുള്ള ദളിതര്‍ സ്വജാതിയില്‍നിന്നും പെണ്ണുകെട്ടുന്നില്ലായെന്നും. തൊലികറുത്തവന്‍ വെളുത്തപെണ്ണിനെ കെട്ടാനാണ്, അനാഥരെ വിവാഹം ചെയ്യുന്നതെന്നും. അനാഥരുടെ അസ്തിത്വംതന്നെ മോശമാണെന്നും കേരളത്തിലെ ഒരു ജനപ്രതിനിധി; മന്ത്രിപദവിയ്ക്ക് തുല്യമായ ഒരു കസേരയില്‍ ഇരുന്നുകൊണ്ട് വിളിച്ചുപറയുമ്പോള്‍ ഇത്തരം വിഴുപ്പു പാണ്ടങ്ങളെ ഇനിയും ഇങ്ങനെ കയറൂരിവിടുന്നത് ശരിയാണോയെന്നു കുറഞ്ഞപക്ഷം പൂഞ്ഞാറ്റിലെ ജനമെങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു. അങ്ങനെ കറുത്തതൊലിയുള്ളവന്‍ വെളുത്തപെണ്ണിനെകെട്ടാന്‍ ജാതിയും, സമുദായവുമൊന്നും നോക്കുന്നില്ലായെന്നുപറയുമ്പോള്‍, ആസനത്തിലെ വാല് അമ്പിന്‍റെ രൂപത്തില്‍ തിരിഞ്ഞു കൊത്തുമെന്നുകൂടി മനസിലാക്കണം. മലര്‍ന്നുകിടന്നു തുപ്പുമ്പോള്‍; തുപ്പല്‍തെറിക്കുന്നതു സ്വന്തം കുടുംബത്തുതന്നെ ആയിരിക്കുമെന്ന് ഓര്‍ക്കുന്നതുനന്നായിരിക്കും...ലോല... ലോലാ.... ഞാന്‍ ഒന്നും പറഞ്ഞില്ലേ......

 സാഹിത്യഅക്കാദമി അംഗമായി ചുമതലയേറ്റയാളിനുകൊടുത്ത സ്വികരണത്തില്‍ ;സാഹിത്യത്തെയും സംസ്കാരത്തെയും മലമൂത്രവിസര്‍ജ്ജനം നടത്തി മലിനമാക്കുന്ന ഇത്തരം ആളുകളെത്തന്നെ പ്രസംഗിക്കാന്‍ വിളിച്ചത്,പരിപാടിക്ക് നാലാളുകള്‍ കൂടുന്നതിനും.പൈങ്കിളി റിപ്പോര്‍ട്ടര്‍ മ്മാരെയും പ്രതീക്ഷിച്ചുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. നാട്ടില്‍ കള്ളുഷാപ്പിലും, ചീട്ടുകളിസഭയിലും പലരും പല ഊളത്തരങ്ങളും വിളിച്ചുപറയാറുണ്ട്. അതിനെയാരും ഗൌനിക്കാറില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പൊതുസ്ഥലങ്ങളില്‍വെച്ച് വെളിവില്ലാതെ, വളിപ്പുകള്‍ പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് കരിവാരിത്തേയ്ക്കുന്നതിനെ കേവലം ശൈലിയാണെന്നുന്നു പറഞ്ഞുകൊണ്ട് ന്യായികരിക്കാന്‍ പറ്റുമോ. വിടുവായത്തം പറഞ്ഞതിനുശേക്ഷം മാപ്പ് എന്നു പറഞ്ഞാല്‍ ഏല്‍പ്പിച്ച മുറിപ്പെടുത്തലുകള്‍ മാറുമോ????. മുഴുക്കുടിയന്‍ നാടു നീളെ അസംഭ്യം പറഞ്ഞതിനുശേക്ഷം, കെട്ടുവിടുമ്പോള്‍ അയ്യോ ക്ഷമിക്കണം ഇന്നലെപറഞ്ഞത് കള്ളുകുടിച്ചുവെളിവില്ലാതെ പറഞ്ഞതാണ് അതുകൊണ്ട് പൊറുക്കണമെന്നു പറയുന്നതുപോലെയാണ് ഇത്‌.... ഇതൊരു സ്ഥിരം പരിപാടിയകുമ്പോള്‍ ഇതിനുള്ള നാടന്‍ മരുന്നും പ്രയോഗത്തിലുണ്ട് നല്ല നാടന്‍ തല്ലാണ് ഇതിനുള്ള മറുപടി. കിട്ടേണ്ടതുകിട്ടിയാല്‍പ്പിന്നെ ഈ അസുഖം കാണാറില്ല.

  മാധ്യമശ്രദ്ധകിട്ടാന്‍  പലരും പല പണിയുംകാണിക്കാറുണ്ട്. വംശനാശം നേരിടുന്ന പല ഈര്‍ക്കിലിപ്പാര്‍ട്ടികളും തങ്ങളുടെ നിലനില്‍പ്പുതന്നെ വ്യക്തമാക്കുന്നത് ചാനലുകളിലൂടെയാണ്. അതുകൊണ്ടുതന്നെ ചാനലുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാണിക്കുക, അവരുടെ സ്ഥിരം പരിപാടിയാണ്. സ്ഥിരം തെറിവിളി നടത്തിയാല്‍ ആസ്ഥാന തെറിപ്പട്ടം കൊടുത്തുമൂലയ്ക്കിരുത്തുമെന്നു ഭയന്നാകണം തുലാസില്‍ത്തൂങ്ങനുള്ള പ്രേരണയുണ്ടായത്. അതുകൊണ്ടും റേറ്റിംഗ് കൂടിയില്ല. വാണിഭങ്ങളും പീഡനങ്ങളും നടത്തി ബാജിമാരും,കുട്ടിമാരും വിലസുമ്പോള്‍ തുലാസും, തുലാഭരവും ആര്‍ക്കുവേണം. ശ്രദ്ധ കിട്ടണമെങ്കില്‍  ഭരണിപ്പാട്ടുതന്നെ ശരണം. അങ്ങനെ ഭരണിപ്പാട്ടുകളുടെ വൈവിധ്യമാര്‍ന്ന കളക്ഷന്‍ അവതരിപ്പിച്ചുകൊണ്ട് കൈയ്യടിനേടാനുള്ള ശ്രമം വീണ്ടും തുടങ്ങിയിരിക്കുന്നു. ഇനിയിത് എവിടെവരെ പോകുമെന്നുമാത്രമേ അറിയാനുള്ളൂ. മാപ്പുപുഴുങ്ങിയത് ഉപ്പുംമുളകും കൂട്ടിത്തിരുമ്മി ജനങ്ങളുടെ അണ്ണാക്കിലേക്ക് വിളമ്പിയാല്‍ എല്ലാം ശരിയാകുമെന്ന ധാരണക്കിടയില്‍ ഇടയ്ക്കിടെ കലണ്ടര്‍നോക്കുന്നത് നന്നായിരിക്കും... തെറിവിളി നിറുത്തി നിലവിളി നടത്താനുള്ള സമയം അടുത്തുവരികയാണ്....അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള ‘തിരഞ്ഞെടുത്ത തെറികള്‍’ തയ്യാറാക്കുന്നതായിരിക്കും നല്ലത്.

മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും അത്യാവശ്യംഅതെതരത്തിലുള്ള ആനുകൂല്യങ്ങളൊക്കെ തരമാക്കിയിട്ടുണ്ട്.നാടന്‍തല്ല് ഒഴിവാക്കാന്‍ പോലിസ്‌ സംരക്ഷണവും ഉറപ്പിച്ചിട്ടുണ്ട്.അതുകൊണ്ടു തല്ക്കാലം ജനങ്ങളെ പേടിക്കാനില്ല. അതുകൊണ്ടു  കേരളത്തിന്‍റെ പൊതുസ്വത്തായ ഇത്തരം വിഴുപ്പുകള്‍ക്ക് മൈക്കുകൊടുക്കാതെ മാറ്റിനിറുത്തുക എന്നതായിരിക്കും ഈ വിസര്‍ജ്യത്തിന്‍റെ നാറ്റം ഒഴിവാക്കാനുള്ള ഏക വഴി...................... ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെങ്കിലും  തങ്ങളുടെ സംസ്കാരത്തില്‍ അല്പം മിതത്വം കാണിക്കുന്നത് നന്നായിരിക്കും. ജനംപോകുന്ന വഴിയെ നേതാക്കളും പോകാന്‍ തുടങ്ങിയാല്‍.. നേതാവിനെക്കൊണ്ട് ജനത്തിന് എന്താവശ്യം..??????

Wednesday, February 6, 2013

ബാജിയുടെ തലയില്‍ പപ്പില്ല........


 

    നിയമവിദഗ്ധര്‍ അരിച്ചുഗുണിച്ചുനോക്കിയിട്ടുംരക്ഷയില്ല. കോഴിയെ കട്ട വകയില്‍ തലയില്‍ പപ്പുണ്ടോന്നു എല്ലാവരും തപ്പിനോക്കി ഇല്ലേയില്ല;ബാജി നീതിമാന്‍ തന്നെ......ബാജി, ഉടനെതന്നെ പെണ്‍കുട്ടിക്കെതിരെ പീഡനത്തിനു കേസ്‌ കൊടുക്കുന്നതായിരിക്കും.അങ്ങനെ ഒരു വകുപ്പ്; ഏതോ വകുപ്പിന്‍റെ ഉപവകുപ്പില്‍ കിടപ്പുണ്ടാന്നാണ് സര്‍ക്കാരിനു കിട്ടിയ നിയമോപദേശം. സര്‍ക്കാര്‍തന്നെ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും.മൊഴി മാറ്റിമാറ്റി പറയാത്ത കുറ്റത്തിന് പെണ്‍കുട്ടിയെ അകത്താക്കാം എന്നൊരു ഉപദേശവും കിട്ടിയിട്ടുണ്ട്.അതുകൊണ്ടു സൂര്യനെല്ലിക്കേസില്‍ ഒരു തീരുമാനം ഉടനെ ഉണ്ടാകും.ഒരേ മൊഴി തന്നെ പതിനേഴു വര്‍ഷമായി പറയുന്നത് വളരെ വലിയ കുറ്റമാണ്.നമ്മുടെ വലിയ നേതാക്കള്‍വരെ മണിക്കൂറിനു മണിക്കൂറിനു മൊഴിമാറ്റുന്ന സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി പതിനേഴുവര്‍ഷമായി മൊഴിമാറ്റത്തത് കുഴപ്പംതന്നെ..  നിയമത്തോടും നീതിയോടും വളരെ പ്രതിബദ്ധത പുലര്‍ത്തുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ചചെയ്തിട്ടും ഫലമില്ല. സൂര്യനെല്ലിക്കെസില്‍ പി ജെ കുര്യന്‍റെ പങ്കിനെപ്പറ്റി പുനരന്വേഷണം നടത്താനുള്ള ഒരു  സാഹചര്യവുമില്ലായെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. ജനങ്ങള്‍ പലതുംപറയും അതൊന്നും അന്വേഷിക്കാന്‍ കഴിയില്ലായെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരിക്കുന്നു. അന്വേഷണം വേണമെങ്കില്‍ കരയോഗം പ്രസിഡന്‍റ്, ഗുരുകുലംഗുരുക്കന്‍മാര്‍, പാതിരികള്‍, ചീഫ്‌ വിഴുപ്പുകള്‍ തുടങ്ങിയ യോഗ്യന്മ്മാര്‍ പറയണം;  അല്ലാതെ ചുമ്മാകിടന്നു കൂവിയിട്ടു കാര്യമില്ല. എന്നാലും  ചില കാര്യങ്ങള്‍  അറിയണമെന്നുണ്ട്. സൂര്യനെല്ലിക്കേസ് എന്നൊരു കേസോ, നാല്പത്തിരണ്ടു നിരപരാധികള്‍ നാല്‍പതുദിവസം പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയോ ഉണ്ടോയെന്ന് വ്യകതമാക്കണം. അതോ ഇതൊക്കെ വെറും ഭാവനാവിലാസങ്ങള്‍ മാത്രമാണോ????. പി ജെ കുര്യന്‍ എന്ന വ്യക്തി; പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമായി ഒരു മറുപടി ഗസറ്റിലൂടെ തന്നാല്‍ കൊള്ളാം. കോടതി പറഞ്ഞു ഇല്ല, കുര്യന്‍ പറഞ്ഞു ഇല്ല, പോലിസ്‌ പറഞ്ഞു ഇല്ല... ഇങ്ങനെയുള്ള  മറുപടിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ്‌ അഭിപ്രായമാണ് അറിയേണ്ടത്. കുര്യന്‍ പീഡിപ്പിച്ചിട്ടുണ്ടോ ഇല്ലയോ. വിലകയറ്റം, കറന്‍റ്കട്ട്, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത് തുടങ്ങിയ  കാര്യങ്ങളിലൊന്നും വായ്തുറക്കാതെ, കുര്യന്‍ നിരപരാധിയാണെന്നുപറയാന്‍  പത്രസമ്മേളനം നടത്തിയ മുഖ്യന് കാര്യങ്ങളുടെ കിടപ്പ് എന്തായാലും അറിയാം. അതുകൊണ്ടാണല്ലോ തലയില്‍ പപ്പ് ഉണ്ടോന്നു തപ്പിനോക്കുന്നത്. പെണ്‍കുട്ടി പറയുന്നു കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്നു.മുഖ്യമന്ത്രി പറയുന്നു പീഡിപ്പിച്ചില്ലായെന്ന് . പെണ്‍കുട്ടി പതിനേഴുവര്‍ഷമായി ഇത് തന്നെ പറയുന്നു. കുര്യന്‍ പതിനേഴു വര്‍ഷമായി പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. പക്ഷെ എന്താണ് പ്രാര്‍ഥിക്കുന്നതെന്ന് പറഞ്ഞിട്ടില്ല... ഇത്രയുംപറഞ്ഞ സ്ഥിതിയ്ക്ക് അതുകൂടി വ്യക്തമാക്കേണ്ടതായിരുന്നു. മാത്രമല്ല മഹിളാകോണ്ഗ്രസിന്‍റെ സമ്മേളനത്തില്‍ സ്ത്രീപീഡകര്‍ക്കെതിരെ കുര്യന്‍ വാളെടുത്തിട്ടുണ്ട്..ഓര്‍മ്മ നഷ്ടപെട്ടാല്‍  അമ്ലെഷ്യ അമ്ലെഷ്യ .........

 രാഷ്ട്രിയത്തിലെ സര്‍വരോഗസംഹാരിയായ തുലാഭാരം ഇവിടെയും പ്രയോഗിക്കാവുന്നതാണ്. സര്‍ക്കാരിന്‍റെ ആരോഗ്യത്തിനും, ക്ഷത്രിയ നായന്മാരാല്‍ ആക്രമിക്കപ്പെട്ട് താക്കോലും ദ്വാരവും എല്ലാം നഷ്ടപ്പെട്ട് പരിക്ഷീണിതനായ ചെന്നിത്തലയ്ക്കു വേണ്ടിയും  ആസ്ഥാന വിഴുപ്പാണ് ഇക്കുറി; തുലാസിന്‍റെ തട്ടില്‍ കയറിയത്. തട്ടിലിരുന്നു ആടുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അദേഹം മറന്നില്ല.എന്നാല്‍  നിഷ്കളങ്കനായ കുര്യനുവേണ്ടി പ്രാര്‍ഥിക്കുന്ന കാര്യം മറന്നു പോയിയെന്നാണ് തൂങ്ങുന്ന വേളയില്‍ അദേഹം പറഞ്ഞത്. അമ്ലെഷ്യാ അമ്ലെഷ്യാ....

 ഇതിനിടയില്‍ സ്ത്രീപീഡനക്കെസുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപിച്ച ബഞ്ചില്‍ നിന്നും ആദ്യത്തെ വിധിവന്നു. അഡീഷണല്‍സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിനു വിധിച്ച പ്രതിയെ വെറുതെവിട്ടുകൊണ്ടാണ് ആദ്യ ലഡു പൊട്ടിയത്. പീഡനത്തിനു ഇരയയായ യുവതിയും മാതാവും നല്‍കിയ പരാതി നിയമാനുസൃതമാല്ലായിരുന്നുവെന്നാണ് പുതിയ കോടതിയുടെ നിരീക്ഷണം. പീഡനത്തില്‍ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.ആ കുഞ്ഞിന്‍റെ വിധി ഇനി എന്താകുമെന്ന് കണ്ടറിയാം....അതുംകൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

 സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം ഇല്ലായെന്ന് പറയുന്ന സര്‍ക്കാര്‍ തങ്ങള്‍ക്കു രാഷ്ട്രിയലാഭം ഉണ്ടാക്കുന്ന മറ്റു കേസുകളില്‍ പുനരന്വേഷണം നടത്തുകയും ചെയ്യുന്നു. പതിനേഴു വര്‍ഷമായി നീതികിട്ടാത്ത ഒരു പെണ്‍കുട്ടിയുടെ യാചനയ്ക്ക് മുന്നില്‍ മുഖംതിരിക്കുന്ന സര്‍ക്കാര്‍ നടപടി ന്യായികരിക്കത്തക്കതല്ല. രാഷ്ട്രിയക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഇരയ്ക്ക് നീതികിട്ടുകയില്ലായെന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. കിളിരൂര്‍, വിതുരപീഡനക്കേസുകളിലും അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പല രാഷ്ട്രിയ പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു വെങ്കിലും പിന്നിടതെല്ലാം വിസ്മൃതിയിലായി. കോടതിയില്‍ കുറ്റപത്രം എത്തുമ്പോള്‍ ചെറുമീനുകള്‍ അകത്തും, തിമിംഗലങ്ങള്‍ പുറത്തും എന്ന രീതിയിലാണ് കാര്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിപറയാതെ കേള്‍വിക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന മറുപടിപറഞ്ഞുകൊണ്ട് ആളുകളെ പറ്റിക്കുന്ന ആഭ്യന്തരമന്ത്രിയുടെ പതിവ്‌ നമ്പരുകള്‍ ഈ കേസിലും കണ്ടു. അദേഹം ഈ കേസിനെപ്പറ്റി പഠിച്ചുകൊണ്ടിരിക്കയാണു പോലും. പഠനം കഴിയാത്തതിനാല്‍ ഒന്നുംപറയാന്‍ പറ്റുന്നില്ലപോലും.ഇനിയുള്ളകാലം അദേഹം പഠനത്തിലായിരിക്കുമെന്ന് സാരം.ഇക്കൊല്ലത്തെ ബെസ്റ്റ്‌മിനിസ്റ്റര്‍ പട്ടം കൊടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തി ഇദേഹംതന്നെ. ഒരുകാര്യം ഉറപ്പാണ്‌ സത്യത്തിന്‍റെ വായ് എത്ര മൂടിക്കെട്ടിയാലും ഒരുദിവസം അതു മറനീക്കി പുറത്തുവരും..

സൂര്യനെല്ലി പെണ്‍കുട്ടിയെ കല്ലെറിയുന്നവര്‍ ഒന്നുകാണുക......

 
സ്ത്രീപീഡനക്കേസുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ കോടതികള്‍ ഉണ്ടാക്കിയതുകൊണ്ടുമാത്രം കാര്യമില്ല .പോലിസിന്‍റെ അന്വേഷണറിപ്പോര്‍ട്ടിന്‍റെയും,  തെളിവുകളുടെയും, സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് കോടതിയില്‍ സത്യങ്ങള്‍ ഉണ്ടാകുന്നത്. അതും ഒരു കോടതിയുടെ സത്യം മറ്റൊരു കോടതിയില്‍ സത്യമാകണമെന്നുമില്ല. പോലിസ്‌ തയ്യാറാക്കുന്ന പല അന്വേഷണറിപ്പോര്‍ട്ടുകളും വന്‍തോക്കുകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നിറഞ്ഞതായിരിക്കുമെന്നു സൂര്യനെല്ലിക്കേസ് തന്നെ പറയുന്നു. നിയമത്തിന്‍റെ വശങ്ങളെപ്പറ്റി അറിയാത്ത ഇരകളുടെ അടുത്തുനിന്ന്; തങ്ങള്‍ക്കു ആവശ്യമായ് വിവരങ്ങള്‍ മാത്രം പറയിപ്പിച്ചും, ആശയകുഴപ്പം സൃഷ്ടിച്ചും, പരസ്പര വിരുദ്ധമായ ചോദ്യങ്ങള്‍ ചോദിച്ചു ശ്വാസംമുട്ടിച്ചും തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്നും പ്രതിയെ   ഒരു വക്കിലിനു കഴിയുന്നതേയുള്ളൂ. അങ്ങനെ വരുമ്പോള്‍ തെളിവായ എഴുത്തുകള്‍ പലതും പ്രേമലേഖനങ്ങളായി മാറും.  ഇവിടെ വെറുതെവിട്ട കേസ്‌  മറ്റൊരുകോടതില്‍ ശിക്ഷിക്കപ്പെടാം.. തനിക്കു നീതി കിട്ടിയില്ലായെന്നു ഇരയ്ക്ക് ബോധ്യമുണ്ടെങ്കില്‍ കേസന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി വീണ്ടും അന്വേഷണം ആവശ്യപ്പെടാം. അതുകൊണ്ടുതന്നെ ഒരു വിധികൊണ്ട് ആ അധ്യായം അടഞ്ഞുവെന്ന കുര്യനു വേണ്ടിയുള്ള സര്‍ക്കാര്‍ വാദം ശരിയല്ല. ബാക്കിയുള്ള കേസുകള്‍ക്ക്‌ ആവാം; കുര്യന്‍റെ കേസില്‍ മാത്രം പാടില്ലയെന്ന സര്‍ക്കാര്‍ നയം സംശയാസ്പദമാണ്. ആരെയോ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നു. ഓര്‍ക്കുക ഡല്‍ഹി സംഭവത്തില്‍ ഒരു രാഷ്ട്രിയ പാര്‍ട്ടികളുടെയും കൊടിക്കീഴിലല്ല ജനങ്ങള്‍ സംഘടിച്ചത്. നീതിനിഷേധത്തിനും കുറ്റവാളികള്‍ക്കുമെതിരെയുമുള്ള പ്രതിഷേധമാണ് അവരെ സംഘടിതരാക്കിയത്. തങ്ങള്‍വലിക്കുന്ന ചരടില്‍ കളിക്കുന്ന പാവകള്‍ മാത്രമാണ് പൊതുജനമെന്ന ധാരണ രാഷ്ട്രിയക്കാര്‍ മാറ്റേണ്ടിയിരിക്കുന്നു. നിങ്ങള്‍ പറയുന്നത് മുഴുവന്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന വെറും തിണ്ണ നിരങ്ങികള്‍ മാത്രമാണ് പൊതുജനമെന്ന് കരുതരുത്. സ്വന്തം മകളും, സഹോദരിയും, ഭാര്യയും, അമ്മയും സുരക്ഷിതരല്ലായെന്ന് തോന്നുമ്പോള്‍ പുരുഷനും, സ്വന്തം നിലനില്‍പ്പ് അപകടത്തിലാണെന്ന് വരുമ്പോള്‍ സ്ത്രീയും രാഷ്ട്രിയംമറന്ന് ഒന്നിക്കും, സംഘടിക്കും,പ്രതിഷേധിക്കും. അതിനെ നേരിടാന്‍ ജനാധിപത്യത്തിലെ മന്ത്രിമാരുടെ പോലീസും ടിയര്‍ഗ്യാസ് ഒന്നും മതിയാവില്ല. പീഡിതരുടെ നിലവിളികളെ ഇനിയും കണ്ടില്ലായെന്നു നടിക്കാതിരികുക, കുറ്റവാളികളെ സംരക്ഷിക്കാതിരിക്കുക.

 വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന ജനകീയ നിലപാടുകളില്‍ രാഷ്ട്രിയംകലരാന്‍ പാടില്ല. സാമൂഹ്യവിരുദ്ധരായ രാഷ്ട്രിയക്കാര്‍ക്ക് ഭരണതലത്തില്‍തന്നെ ചൂട്ടുപിടിക്കുകയും, അവരെത്തന്നെ വീണ്ടും ജനപ്രതിനിധികളായി തിരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ എന്തു നീതി, എന്തു ധര്‍മ്മം. സ്ത്രീപീഡനക്കേസുകളില്‍ തുടക്കംമുതലേ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥത സംശയാസ്പദമാണ്. ഐസ്ക്രീംപാര്‍ലര്‍ പീഡനക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് അന്യക്കാരന് കൊടുക്കാന്‍പടില്ലായെന്നു കോടതിയില്‍ വാദിച്ചത് പ്രതിഭാഗം അല്ലായെന്നോര്‍ക്കണം.... കേസില്‍ കക്ഷിപോലും അല്ലാത്ത സര്‍ക്കാരായിരുന്നു അങ്ങനെ വാദിച്ചത്.ആരെ സംരക്ഷിക്കാനാണത്. പ്രതികള്‍ക്കില്ലാത്ത വേദനയാണ് സര്‍ക്കാരിന്. സര്‍ക്കാര്‍ സംവിധാനങ്ങളെ സ്ത്രീപീഡനക്കാര്‍ക്കുവേണ്ടി ഉപയോഗിക്കുന്നു, എന്നതിനു വേറെ എന്തുതെളിവ്‌ വേണം. കുര്യന്‍റെ പേരില്‍ പുനരന്വേഷണമല്ല  വേണ്ടത്. അന്വേഷണമാണ് വേണ്ടത്. കുര്യനെതിരെ പെണ്‍കുട്ടിയുടെ മൊഴി ഉണ്ടായിട്ടും കുര്യനെക്കേസില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. കുര്യനെതിരെ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയിട്ടില്ല. കേസില്‍നിന്ന് കുര്യനെ ഒഴിവാക്കുന്നതിനു  തെളിവ്‌ കണ്ടുപിടിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയെപ്പറ്റി അന്വേഷിച്ചിട്ടില്ല,. പെണ്‍കുട്ടിയുടെ ഭാഗം സാക്ഷി മൊഴികളെപ്പറ്റി അന്വേഷിച്ചില്ല, കുര്യനെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയില്ല. തുടങ്ങിയ വളരെ പ്രധാനപ്പെട്ട പാളിച്ചകളാണ് അന്വേഷണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ കേസില്‍ പുതിയതായി ഒന്നുമില്ല ,പതിനേഴു വര്‍ഷമായി പറഞ്ഞതുതന്നെ വീണ്ടും പറയുന്നു, പൊതുജനം പറയുന്നതു പോലെ ചെയ്യാന്‍ കഴിയില്ല........ തുടങ്ങിയ വാദങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. ഐസ്ക്രീം പാര്‍ലര്‍ക്കേസിലെ ഇര മൊഴിമാറ്റിപ്പറയുന്നതുപോലെ സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടി മൊഴി മാറ്റാത്തത്തിന്‍റെ വിഷമമാണ്  കുര്യന്‍റെ ഭാഗം വാദിക്കുന്ന ചാണ്ടി സര്‍ക്കാര്‍ പറയുന്നത്. പെണ്‍കുട്ടിയ്ക്ക് വേണ്ടി ചാണ്ടിസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസിന്‍റെ അവസാനം എന്തു പറയുമെന്ന് ഇപ്പോഴേ പ്രവചിക്കാം..ഞങ്ങള്‍ ശക്തിയായി വാദിച്ചുവെങ്കിലും നമ്മള്‍ തോറ്റുപോയി....പ്രതിക്കായി തോറ്റുകൊടുക്കേണ്ടത് നമ്മുടെ കടമയാണല്ലോ.....????

Sunday, February 3, 2013

സൂര്യനെല്ലിയുടെ ബാജി..???.


             

   ഡല്‍ഹിസംഭവത്തെതുടര്‍ന്നുണ്ടായ ജനകിയപ്രതിഷേധങ്ങളും, സ്ത്രീപീഡന കേസുകളിലുണ്ടായ പുനര്‍വിചിന്തനങ്ങളുമെല്ലാം നിര്‍ജീവമായിക്കിടന്ന പല പീഡനക്കേസുകള്‍ക്കും പുതുജീവന്‍വെപ്പിച്ചിരിക്കുന്നു. ജനകിയപ്രതിഷേധങ്ങളും, മാധ്യമങ്ങളുടെ ഇടപെടലും കണ്ടില്ലായെന്ന് നടിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെവന്നിരിക്കുന്നുവെന്നു വേണമെങ്കില്‍ പറയാം. പക്ഷെ ജീവന്‍വെച്ച പല കേസുകളിലും രാഷ്ട്രിയമാന്യദേഹങ്ങള് പ്രതിപ്പട്ടികയില്‍വന്നതോടെ പ്രസ്തുതകേസുകളൊക്കെ തല്ലിക്കെടുത്താനോ, ശ്രദ്ധ തിരിച്ചുവിടാനോയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നു വേണം മനസിലാക്കാന്‍. സ്ത്രീപീഡനങ്ങളുടെ പൂരപ്പറമ്പായകേരളത്തില്‍തന്നെ ആരോപണങ്ങളുടെ വെടിക്കെട്ട്‌ തുടങ്ങിയിരിക്കുന്നു. പതിനേഴുവര്‍ഷമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന രീതിയില്‍ മുട്ടിന്മേല്‍ ഇഴഞ്ഞ സൂര്യനെല്ലിക്കേസിന് സുപ്രീംകോടതിയുടെ ഇടപെടല്‍ നിമിത്തം ഇപ്പോള്‍ ശാപമോക്ഷം ലഭിച്ചിരിക്കുന്നു. വേണ്ടസമയത്ത് മേല്‍നടപടികള്‍ സ്വികരിക്കാതെയും, സമയത്ത്അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതെയും സര്‍ക്കാരുകള്‍ ഈ കേസിന്‍റെ തുടര്‍നടപടികള്‍ പറ്റുന്നതുപോലെ വൈകിപ്പിച്ചുവെങ്കിലും; പ്രത്യേകസഹചര്യത്തില്‍ കേസ്‌വീണ്ടും കോടതിയില്‍ എത്തിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെമൊഴിയുടെയും, പോലിസിന്‍റെ അന്വേഷണത്തിന്‍റെയും ഫലമായി ചെറുമീനുകള്‍ പലതും വലയില്‍കുടുങ്ങുകയും; എന്നാല്‍ പിന്നിട് വലപൊട്ടിച്ചു രക്ഷപ്പെടുകയും ചെയ്യുന്നത് കേരളം കണ്ടതാണ്.സൂര്യനെല്ലിക്കേസില്‍ അസാധരണമായ വിധിന്യായങ്ങളിലൂടെ നീതിദേവത നഗ്നനയാക്കപ്പെട്ട അവസ്ഥയാണുണ്ടായത്.സുപ്രീംകോടതിയ്ക്കത് ബോധ്യപ്പെട്ടതുകൊണ്ട് നീതിദേവതയുടെ മാനം തിരിച്ചുകിട്ടുമെന്ന് പ്രതിക്ഷിക്കാം.

 സൂര്യനെല്ലിപെണ്‍കുട്ടിക്ക് നീതികിട്ടണമെന്ന കാര്യത്തില്‍ ഇവിടുത്തെ മഹിളാകോണ്ഗ്രസ്സുകാര്‍ക്കുപോലും തര്‍ക്കമില്ല. പെണ്‍കുട്ടിയ്ക്ക് വേണ്ടി മഹിള അസോസിയേഷന്‍കാര്‍ ചെയ്തതുപോലെ; കാശുകൊടുത്തു വക്കീലിനെ വയ്ക്കാനുള്ള സാമ്പത്തികസ്ഥിതിയൊന്നും നമുക്കില്ലല്ലോ. പോരാത്തതിന് നമ്മളെല്ലാം വക്കിലന്മ്മാരും.അതുകൊണ്ട് മണ്ടത്തരം എഴുന്നള്ളിക്കാന്‍ വേറെ വക്കിലിന്‍റെ ആവശ്യവുമില്ല.  നമ്മളെക്കൊണ്ടു പറ്റുന്നതുപോലെ ചാനലിലൊക്കെപോയിരുന്നു; എല്ലാവന്‍റെയും മണിചെത്തണം എന്നൊക്കെ പറയും. പക്ഷെ പണി പാലുംവെള്ളത്തില്‍ കിട്ടുമെന്നു ഉറപ്പായപ്പോള്‍ മുന്‍പ്‌ പറഞ്ഞതൊക്കെ വിഴുങ്ങി. ഒക്കെ ശരിയായിരുന്നു പക്ഷെ പെണ്‍കുട്ടി നമ്മുടെ കുര്യാപ്പിയുടെ പേരുപറഞ്ഞത് ശരിയായില്ല. ആ ഒറ്റ കാരണത്താല്‍ പെണ്‍കുട്ടിയുടെ സ്വഭാവം ദുഷിച്ചുപോയിയെന്നാണ് മഹിളാകൃഷ്ണകള്‍ പറയുന്നത്. പീഡനത്തിനു ഇരയായ പെണ്‍കുട്ടി ഒരുത്തന്‍റെ മുഖത്ത് നോക്കി ഇയാള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് കേരളിയ സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍ ഒരു വിഭാഗം മഹിളകള്‍ക്ക് അതുതീരെ പിടിക്കുന്നില്ല. പെണ്കുട്ടിക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് മഹിളാകൃഷ്ണ പ്രസ്താവിച്ചു കഴിഞ്ഞു. നേതാവിനു പറ്റിയ ശിഷ്യ തന്നെ.


 വാര്‍ത്തസമ്മേളനം നടത്തിയ മുഖ്യമന്ത്രിപറയുന്നു; പെണ്‍കുട്ടി പതിനേഴു വര്‍ഷമായി ഇതുതന്നെ പറയുന്നുവെന്ന്...ഏതുതന്നെ.....  പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന്. പീഡിപ്പിച്ചത് കുര്യന്‍തന്നെയെന്ന് പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍പ്പിന്നെ വേറെ ആരുടെ പേരുപറയണമെന്നാണ് ചാണ്ടിസാര്‍ പറയുന്നത്. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പേരുമാറ്റി പറയണമായിരുന്നോ..  തന്നെ പീഡിപ്പിച്ചവനെ കണ്ടപ്പോള്‍ ഇയാളാണ് ആ പാപി എന്ന് പെണ്‍കുട്ടി പറഞ്ഞത് മഹാ അപരാധമായിപ്പോയിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.പകരം ആരുടെ പേരാണ് പറയേണ്ടിയിരുന്നത് എന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.വിമാനപീഡനം ഒരു വശത്ത്; ഐസ്ക്രീം പീഡനം മറുവശത്ത്; പീഡനസഹവാസം ചെറിയ മാറ്റം ഉണ്ടാക്കിയെന്നുവേണം കരുതാന്‍..............

   ചില സ്വാഭാവിക സംശയങ്ങള്‍ ആര്‍ക്കുംതോന്നാം. കുര്യന്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിപറയുന്ന സമയത്ത് കുര്യന്‍ അവിടെ ഇല്ലായിരുന്നുവെന്നതിനു ഔദ്യോഗിക തെളിവുകളോന്നുമില്ല. കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ പങ്കെടുക്കുന്ന ഔദ്യാഗികപരിപാടികളില്‍ മാത്രമേ; പോലിസ്‌ എസ്കോര്‍ട്ട് ഉണ്ടാകൂ... എന്നവാദം അംഗികരിച്ചാല്‍തന്നെ മന്ത്രി, ജില്ലയില്‍ നടത്തുന്ന എല്ലാ പരിപാടികളും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്(SB) അറിഞ്ഞിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഔദ്യോഗികരേഖകള്‍ പ്രകാരം തിരുവല്ലയിലും അതിനുശേക്ഷം അഞ്ചരമണിക്കൂര്‍ കഴിഞ്ഞ് പത്തനംതിട്ടയിലും പൊതുപരിപാടികളില്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. ഇതിനിടയിലുള്ള അഞ്ചരമണിക്കൂര്‍ മന്ത്രി എവിടെയായിരുന്നുവെന്നാണ് ചോദ്യം.മന്ത്രിയെ ഈ സമയത്ത് കുമളിഗൌസ്റ്റ്‌ പരിസരത്തുകണ്ടുവെന്ന് പെണ്‍കുട്ടിയുടെഭാഗം സാക്ഷികള്‍ പറയുന്നു. എന്നാല്‍  അന്വേഷണഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ സമയത്ത് മന്ത്രി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി അന്നത്തെ  ബി.ജെ.പി ജില്ലാപ്രസിഡണ്ടും, എന്‍ എസ് എസ്അസിസ്റ്റന്റ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായരും മൊഴിനല്‍കിയിരുന്നു. ഇതൊരു ഔദ്യോഗികതെളിവൊന്നുമല്ല. സാക്ഷിമൊഴികള്‍ മാത്രമാണ്.ഈ മൊഴിക്ക് ബദലായി കുര്യനെ ആ സമയത്തു കുമളിഗസ്റ്റ്‌ഹൗസില്‍ കണ്ടുവെന്നു വാദിഭാഗം സാക്ഷികളും പറയുന്നു.ഇതു പീരുമേട് കോടതിയില്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തങ്ങളോട്‌ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചിട്ടില്ലായെന്നും വാദിഭാഗം സാക്ഷികള്‍ പറയുന്നു. പ്രതിഭാഗം സാക്ഷിമൊഴിയെ അപ്പാടെ വിശ്വസിച്ചുകൊണ്ട്; വാദിഭാഗം സാക്ഷിമൊഴികളെയൊ, പെണ്‍കുട്ടിയുടെമൊഴിയുടെയോ  അടിസ്ഥാനത്തിലുള്ള അന്വേഷണംനടത്താതെ കുര്യനെ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്.

   പൊതുപരിപടികള്‍ക്കിടയില്‍നിന്നും മുങ്ങിയ ഈ അഞ്ചരമണിക്കൂര്‍ സമയത്തെ പരിപാടികളെക്കുറിച്ച് വിശദമായ ഒരു അന്വേഷണം സിബിമാത്യു നടത്തിയിട്ടില്ലായെന്നാണ്, അന്വേഷണസംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ കെ.കെ ജോഷ്വ വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ സിബിമാത്യു ചില നീക്കുപോക്കുകള്‍ നടത്തിയെന്നാണ് ജോഷ്വ പറഞ്ഞിരിക്കുനത്. എന്തുകൊണ്ട് ജോഷ്വ ഇത് അന്നുപറഞ്ഞില്ലായെന്ന ചോദ്യം, പോലീസിലെകാര്യങ്ങള്‍ അറിയാവുന്ന ആരും ഉയര്‍ത്തുകയില്ല. പോലിസിന്‍റെ ചട്ടക്കൂട് അറിയാവുന്ന ആര്‍ക്കുമറിയാം മേലുദ്യോഗസ്ഥരുടെ കുറിമാനത്തിന് സലാംവയ്ക്കുക മാത്രമാണ് കീഴുദ്യോഗസ്ഥന്‍ ചെയ്യുക. അന്വേഷണത്തിന്‍റെ പൂര്‍ണ്ണനിയന്ത്രണവും അന്തിമവാക്കും; സീനിയര്‍ ഓഫീസറുടെതന്നെയായിരിക്കും. അന്നു സിബിമാത്യവിന്‍റെ കീഴുദ്യോഗസ്ഥാന്‍ മാത്രമായിരുന്ന ജോഷ്വ അതൃപ്തി അറിയിച്ചില്ലായെന്നുള്ള അതിരുകടന്ന നീതിബോധത്താല്‍ സിബിസാറു ഇപ്പോള്‍പ്പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങാന്‍ കഴിയില്ല... ഇവരുതമ്മിലുള്ള തര്‍ക്കങ്ങളിലെക്കും പഴിചാരലുകളിലെക്കും സൂര്യനെല്ലിക്കേസിനെ വഴിതിരിച്ചുവിടാന്‍ ചില രാഷ്ട്രിയനേതാക്കള്‍ ശ്രമിക്കുന്നുവെന്നുവേണം കരുതാന്‍. മറ്റൊരുകാര്യം കേസില്‍ പ്രതിയാക്കപ്പെട്ട എല്ലാവരുടെയും തിരിച്ചറിയല്‍ പരേഡ്‌നടത്തിയാണ് പെണ്‍കുട്ടി പ്രതികളെ തിരച്ചറിഞ്ഞത്. എന്നാല്‍ കുര്യന്‍റെ കാര്യത്തില്‍മാത്രം പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടും  തിരിച്ചറിയല്‍ പരേഡ്‌നടന്നില്ല. നടത്തിയില്ല എന്നുപറയുന്നതാവുംകൂടുതല്‍ ശരി. പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ഒരു പഴയ ഫോട്ടോയാണ് പെണ്‍കുട്ടിയെ കാണിച്ചത്. അന്വേഷണറിപ്പോര്‍ട്ടിന്‍റെ ഒരു ഭാഗത്തും കുര്യനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചതായോ, കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുര്യനെതിരെയുള്ള ഒരു പരാമര്‍ശവും വരാതെയുമാണ് അന്വേഷണഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് കുര്യന്‍റെ പേരില്‍ പെണ്‍കുട്ടിക്ക്; കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കേണ്ടി വന്നത്.പെണ്‍കുട്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെയെല്ലാം അറസ്റ്റ്‌ ചെയ്തപ്പോള്‍; മൊഴിയില്‍ ഉള്‍പ്പെട്ട കുര്യന്‍ മാത്രം കേസില്‍നിന്നും ഒഴിവായി. അതെന്തുകൊണ്ടാണ്??ആരാണ് ഈ ഒഴിവാക്കലിനു ചുക്കാന്‍പിടിച്ചത്??? പെണ്‍കുട്ടിയാകട്ടെ അന്നുപറഞ്ഞ മൊഴിയില്‍ (കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന്) ഇന്നും ഉറച്ചുനില്‍ക്കുന്നു. കേസിന്‍റെ ആരംഭന്വേഷണത്തില്‍ത്തന്നെ കുര്യനുവേണ്ടി സഭയും, സര്‍ക്കാരും, അന്വേഷണ ഉദ്യോഗസ്ഥനും ഒത്തുകളിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നതാണ്.

 കോടതി വെറുതെവിട്ടതും, ശിക്ഷിച്ചതും, തെളിവില്ലായെന്നുപറഞ്ഞു തള്ളിയ കേസുകളിലും, പുനരന്വേഷണങ്ങള്‍ നടത്തി; സത്യം പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. നക്സല്‍വര്‍ഗീസ്‌ കേസും, ഇടുക്കി മണിയുടെ പ്രസംഗക്കേസും പുനരന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ എന്തുകൊണ്ടാണ് കുര്യനെതിരെ പുനരന്വേഷണത്തിനു ഉത്തരവിടാന്‍ മടിക്കുന്നത്. സൂര്യനെല്ലിക്കേസില്‍തന്നെ ഹൈക്കോടതിവെറുതെവിട്ട പ്രതികളെ കുറ്റക്കാരായിതന്നെയാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇയാള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടിപറയുമ്പോള്‍;  കുര്യന്‍ നിരപരാധിയാണെന്ന് കോടതി പണ്ടുപറഞ്ഞിട്ടുണ്ടെന്ന വാദമാണ് സര്‍ക്കാര്‍ പൊക്കിപ്പിടിക്കുന്നത്.....? പീഡനക്കേസില്‍ പേരുവന്ന പാര്‍ട്ടിനേതാക്കള്‍ക്കെല്ലാം  ക്ലീന്‍ചിറ്റ്‌ നല്‍കുന്ന പരിപാടി സര്‍ക്കാരിന്‍റെ നയമാണോയെന്നു വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.  പറയേണ്ടയിടത്തു പറഞ്ഞോളാമെന്നുപറഞ്ഞു കുര്യന്‍ മിണ്ടാതിരിക്കുമ്പോള്‍ മുഖ്യമന്ത്രിയ്ക്കാണ് തിടുക്കം കുര്യനെ വെള്ളപൂശാന്‍. കുര്യന്‍ നിഷ്കളങ്കനാണെന്നു പറയേണ്ടത് കോടതിയാണ്; മുഖ്യമന്ത്രിയല്ല.  മുമ്പ്‌ സുപ്രീംകോടതിയില്‍ ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ നേതൃത്വംകൊടുത്ത  ബെഞ്ചില്‍നിന്ന്  കുര്യനു അനുകൂലമായി കിട്ടിയ വിധിയില്‍ പെണ്‍കുട്ടിയുടെ വാദം കോടതി കേട്ടിട്ടുപോലുമില്ല എന്നതാണ് വാസ്തവം.കേസിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാതെ കുര്യനെതിരായ ഹര്‍ജി തളളുകയാണുണ്ടായത്. അതുപോലെ പീരുമേട്കോടതി കുര്യന്‍റെ പേരില്‍ പ്രഥമദ്രിഷ്ട്യാ തന്നെ കേസുണ്ടെന്നും പറഞ്ഞതാണ്... പക്ഷെ ഹൈക്കോടതി ഇതെല്ലാം തള്ളി എന്നതാണ് കാര്യം. പ്രതിയായി പെണ്‍കുട്ടി ആരോപിക്കുന്ന ഈ വ്യക്തിയുടെ രാഷ്ട്രിയ ബലവും, സാമൂഹ്യ, സാമൂദായിക,സാമ്പത്തിക പിന്‍ബലവും ഈ കേസിനെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.....
 കേരളത്തിലെ മറ്റു രാഷ്ട്രിയക്കാരുടെ പേരുകളോന്നും പെണ്‍കുട്ടി പറഞ്ഞിട്ടില്ല. പെണ്‍കുട്ടി പറഞ്ഞ പേരുകളെല്ലാം പ്രതികളുടെതായിരുന്നു. അക്കൂട്ടത്തില്‍ കുര്യന്‍മാത്രം പ്രതിയല്ലാതായി. കുര്യന്‍റെ നിരപരാധിത്വം കുര്യന്‍ തെളിയിക്കട്ടെ; സര്‍ക്കാര്‍ എന്തിനാണ് ഇക്കാര്യത്തില്‍ വാട്ടം പിടിക്കുന്നത്‌. കോണ്ഗ്രസ്സിന്‍റെ കോട്ടയം ജില്ലാക്കമ്മിറ്റിയിലെ ഒരംഗവും, മാണിക്കൊന്ഗ്രസിലെ ഒരു ചോട്ടാനേതാവുമാണ് പ്രതിപ്പട്ടികയിലെ മറ്റു രാഷ്ട്രിയക്കാര്‍..കേസില്‍ ഒരാളൊഴികെ എല്ലാപ്രതികളും ഹൈക്കോടതി വിധിയോടെ നിരപരാധികളായി. ശിക്ഷിക്കപ്പെട്ട ധര്‍മ്മരാജനാകട്ടെ പരോളില്‍ ഇറങ്ങി മുങ്ങിയിട്ട് കാലംകുറെയായി. നിയമം നിയമത്തിന്‍റെ വഴിക്കുപോയ ഒരു കേസിന്‍റെ അവസ്ഥയാണിത്.പെണ്‍കുട്ടിക്ക് നീതികിട്ടി എന്നാരെങ്കിലും പറഞ്ഞാല്‍ അവനെ എന്തു ചെയ്യണം................????  

 പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തന്‍റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കേസ്‌ പുനരന്വേഷണത്തിനു വിടാന്‍ എന്തിനാണ് സര്‍ക്കാര്‍ പേടിക്കുന്നത്. നിരപരാധി എന്തിനാണ് അന്വേഷണങ്ങളെ ഭയപ്പെടുന്നത്. ഒരു സ്വതന്ത്ര അന്വേഷണം വന്നാല്‍ കുര്യനും, അന്നത്തെ അന്വേഷകരും കുടുങ്ങും എന്ന പേടിയായിരിക്കാം കാരണം.. കൊട്ടിഘോഷിക്കപ്പെട്ട സത്യസന്ധഅന്വേഷണങ്ങള്‍ എല്ലാം വിജയമായിരുന്നുവെന്നുപറയാന്‍ പറ്റുമോ. സൂര്യനെല്ലിക്കു മുന്നേ; ഐ.എസ്.ആര്‍.ഒ കേസിലും അന്വേഷണ സത്യസന്ധത സംശയം ജനിപ്പിച്ചിരുന്നു. എല്ലാവരെയും സുഖിപ്പിച്ച് ഏറ്റവും നല്ലവന്‍ എന്ന പേര് സമ്പാദിച്ചിട്ട് കാര്യമില്ല. എല്ലാ രാഷ്ട്രിയക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവന്‍ എന്നാല്‍; എല്ലാവര്ക്കും ഒരുപോലെ വീടുപണി ചെയ്യുന്നവന്‍ എന്ന അര്‍ഥത്തിലും ഉപയോഗിക്കാം. രാഷ്ട്രിയക്കാരും, സമുദായവും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുമ്പോള്‍ ഒരാള്‍ നല്ലവനും, സത്യസന്ധനുമാകുന്നു. അതില്‍ ജനത്തിന് എന്തുമാത്രം വിശ്വാസമുണ്ടെന്ന് കണ്ടറിയണം. ടി എന്‍ ശേഷനെയും, രാജുനാരായണ സ്വാമിയേയും പോലുള്ള സത്യസന്ധരെ ഇങ്ങനെ ഒരു രാഷ്ട്രിയക്കാരും പ്രമോട്ട് ചെയ്തു കണ്ടില്ല.......

  നമ്മുടെ നിയമങ്ങളുടെ ശക്തിയും, അശക്തിയും തിരിച്ചറിയപ്പെടുന്ന സമയമാണിത്. തന്നെ ഇയാള്‍ പീഡിപ്പിച്ചുവെന്ന് ഇരതന്നെ വിളിച്ചു പറയുമ്പോഴും; കുറ്റാരോപിതന്‍ ജനാധിപത്യത്തിന്‍റെ പ്രമുഖസ്ഥാനങ്ങളില്‍ വിലസുന്നു. ആണുംപെണ്ണും രാഷ്ട്രിയത്തിന്‍റെ മറവില്‍ പ്രതിയ്ക്കുവേണ്ടി ഓശാനപാടുന്നു. ഇരയെ പരസ്യമായി അവഹേളിക്കുന്നു. ലോക്സഭയിലൂടെ പാര്‍ലമെന്റില്‍ എത്താമെന്ന മോഹം ജനങ്ങള്‍ തള്ളുമെന്നറിഞ്ഞ നേതൃത്വം; കുര്യനുവേണ്ടി രാജ്യസഭയുടെ വാതില്‍ തുറന്നുകൊടുത്തു. അവിടെ ആശാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന പദവിയിലിരുന്നുകൊണ്ട് ജനാധിപത്യത്തെ സേവിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം പാര്‍ലമെന്റിലാണെന്നു കരുതുന്ന രാഷ്ട്രിയക്കാരോട്, ആരാണ് ചോദിക്കേണ്ടത്. ഇവരുടെ കൈയ്യില്‍ സ്ത്രീകളുടെ സുരക്ഷിത്വം ഉറപ്പായിരിക്കുമെന്നു വിശ്വസിക്കാം.കോഴിക്കൂടിന്‍റെ കാവല്‍ കുറുക്കനെ എല്പ്പിച്ചപോലെ.  വിശ്വാസം അതല്ലേ എല്ലാം ..............

 ചാനലുകളിലെ എ.സി മുറിയിലിരുന്നു സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പ്രസംഗിച്ചവരും ,നടുറോഡില്‍ മെഴുകുതിരിപ്രകടനം നടത്തിയവരും, രാത്രിയില്‍ പോലിസ്‌ അകമ്പടിയോടെ സെക്കന്‍ഡ്‌ഷോകണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരുമൊന്നും ഈ ജീവിക്കുന്ന ഇരയ്ക്കുവേണ്ടി രംഗത്ത് വന്നു കണ്ടില്ല. മാത്രമല്ല മഹിളാകൃഷ്ണമാരൊക്കെ പരസ്യമായി പ്രതിയെ ന്യായികരിച്ചുകൊണ്ട് ഇരയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നു.ഇതാണ് യഥാര്‍ത്ഥവിശ്വരൂപം. മര്‍മ്മത്തു അടികിട്ടുമെന്നു കണ്ടപ്പോള്‍ രാഷ്ട്രിയക്കാരുടെ വിശ്വരൂപം പുറത്തു വന്നിരിക്കുന്നു................

Friday, February 1, 2013

കാലബോധമില്ലാത്ത താക്കോല്‍ദ്വാരങ്ങള്‍.. 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  

  പൊരുന്ന കേന്ദ്രികരിച്ച് അത്യന്തം ആവേശത്തോടെ നടത്തിയ ഒരു  താക്കേല്‍ദ്വാരശസ്ത്രക്രീയകൂടി തികഞ്ഞപരാജയമായി കലാശിച്ചിരിക്കുന്നു. ശസ്ത്രക്രിയയില്‍ പങ്കെടുത്തുവെന്നുപറയുന്ന മെയിന്‍സര്‍ജന്മാരെല്ലാം തങ്ങള്‍ അങ്ങനെ ഒരു ഓപ്പറേഷന് പോയിട്ടില്ലായെന്നും; പരിപാടി ഒരു സാങ്കല്പികകഥ മാത്രമായിരുന്നുവെന്നും തറപ്പിച്ചുപറയുന്നുണ്ട്. ഭരണ മുന്നണിയിലെ പ്രമുഖകക്ഷിയുടെ  സമര്‍ഥനായ നേതാവിന് ഭരണത്തില്‍ എന്തെങ്കിലും ഒരു സ്ഥാനം കിട്ടണമെങ്കില്‍; സമുദായസംഘടനയുടെ പിന്തുണ വേണമെന്ന അവസ്ഥ വരുത്തിത്തീര്‍ത്തിരിക്കുന്നു. നാണക്കേട് എന്നല്ലാതെ എന്തു പറയാന്‍. നാടുനീളെ നടന്നു രക്ഷായാത്രകള്‍ സംഘടിപ്പിക്കുമ്പോഴും, മതേതരത്വം വിളിച്ചുകൂവുമ്പോഴും സമുദായം കനിഞ്ഞില്ലെങ്കില്‍ അത്താഴ പട്ടിണിതന്നെ എന്നു പറയുന്നേടംവരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.നായരേ ദ്വാരത്തില്‍ ഇരുത്തിയില്ലെങ്കില്‍ കേരളത്തിലെ വേട്ടര്‍മ്മാര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ മറിച്ചിടുമെന്ന് ഒരു സമുദായനേതാവ്‌ അലറുമ്പോള്‍ എന്നാല്‍ അതൊന്നുകാണട്ടെ എന്നുപറയാനുള്ള ആര്‍ജവം മതേതരത്വപാര്‍ട്ടിയായ കോണ്ഗ്രസിന് ഇല്ലാതെപോയത് ലജ്ജാവഹം തന്നെ.തണുപ്പന്‍ മട്ടിലുള്ള ചിരിയും, ഒന്നുംപറയാനില്ല, അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നു തുടങ്ങിയ ഉണ്ടയില്ലാവെടികള്‍ കീഴടങ്ങല്‍ തന്നെയാണ് സാറുംമ്മാരെ....... കരയോഗമെന്നാല്‍ കേരളത്തിന്‍റെ ജന്മിയൊന്നുമല്ല....ഉള്ളില്‍ കിടക്കുന്ന പഴയ ജന്മികുടിയാന്‍ വ്യവസ്ഥിതിയുടെ പ്രേതം ഇടയ്ക്കിടെ പുറത്തുചാടുമ്പോള്‍ കാലംഏതാണെന്ന് നോക്കുന്നത് നന്നായിരിക്കും.  പണ്ടു വിമോചനസമരം എന്നൊരു മത്താപ്പ് ഉണ്ടാക്കി; ഇതേ  മഹാന്‍മ്മാര്‍; ഇപ്പൊ തീയുണ്ടവീഴും, ലോകം അവസാനിക്കും തുടങ്ങിയ പ്രചാരണങ്ങള്‍ നടത്തി  വീട്ടില്‍ ഉറങ്ങിക്കിടന്നവനെയെല്ലാം ജാതിതിരിച്ചു റോഡിലിറക്കി കൊടിപിടിപ്പിച്ചു. കേരളത്തിന്‍റെകാര്യം പോക്കാണ്, ഇനി പിരിച്ചുവിടലാണ് ഏക മാര്‍ഗ്ഗമെന്നുപറഞ്ഞ കേന്ദ്രസര്‍ക്കാര്‍; തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് അന്ന് രാഷ്ട്രിയപക്വത കാണിച്ചത്. ജാതി, മത ശക്തികളുടെ രാഷ്ട്രിയത്തിനെതിരെയുള്ള പ്രത്യക്ഷകടന്നാക്രമണമായിരുന്നു അത്. അധികാരംമാത്രം മുന്നില്‍ക്കണ്ട കോണ്ഗ്രസ്സ് അന്ന് അതിനു പിന്തുണനല്‍കി.  അന്ന് ഒരേപായില്‍ ഒന്നിച്ചുകിടന്ന ജാതിമതശക്തികള്‍ ഇന്ന് തിരിഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് വാസ്തവം. കൊടുത്താല്‍ കൊല്ലത്തും കിട്ടും. തുടര്‍ന്നങ്ങോട്ട് പല പ്രീണനപരീക്ഷണങ്ങളും കേരള രാഷ്ട്രിയത്തില്‍ ഇടതുവലതു ഭേദമില്ലാതെ അരങ്ങേറി.ഒടുവിലിതാ താക്കോല്‍ ദ്വാരം കിട്ടിയില്ലെങ്കില്‍ മറിക്കും എന്നുവരെയായി കാര്യങ്ങള്‍.  

  മതേതരത്വം,ജനാധിപത്യം എന്നൊക്കെ പറഞ്ഞുകൊണ്ട് മതാധിപത്യത്തിനും ജാതിവര്‍ഗ്ഗ ശക്തികള്‍ക്കും ചൂട്ടുപിടിക്കലാണിപ്പോള്‍ രാഷ്ട്രിയക്കാരുടെ മുഖ്യപരിപാടി. തങ്ങളും, മുസ്ലിയാരും, തിരുമേനിയും, കരയോഗം തമ്പ്രക്കന്മാരും, കള്ളുവില്പന തൊഴിലാക്കിയ ഗുരുക്കന്മ്മാരും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു. അവരുകൊടുക്കുന്ന പട്ടിക; രാഷ്ട്രിയ പാര്‍ട്ടികള്‍ അംഗികരിക്കുന്നു. പാര്‍ട്ടികള്‍ പറയുന്നേടത്തു വോട്ടു കുത്തുക മാത്രമായി  ജനങ്ങളുടെ പണി. അങ്ങനെ ജനാധിപത്യം എന്നത് സമുദായധിപത്യമായി മാറിയിരിക്കുന്നു. ജനപ്രതിനിധിയാകാന്‍ താല്പര്യമുള്ളവര്‍ ആദ്യം സമുദായനേതാക്കള്‍ക്ക് പാദസേവചെയ്യണമെന്ന അവസ്ഥയായിരിക്കുന്നു. തിരഞ്ഞെടുപ്പുവരുമ്പോള്‍ പരസ്യമായി പിന്തുണയില്ല; സമദൂരവും ശരിദൂരവും പ്രസംഗിക്കുക.ഫലം വരുമ്പോള്‍ നമ്മടെ വോട്ടാണ് ജയിപ്പിച്ചതെന്നു വീമ്പടിക്കുക. കേരളത്തിലെ രാഷ്ട്രിയ സാഹചര്യം അറിയാവുന്ന ഏതു ഊളനും അറിയാം; ഭരിക്കുന്ന കക്ഷി അടുത്ത അഞ്ചു വര്ഷം പുറത്താണെന്ന്. ഈ സാമാന്യതത്വത്തെ മുതലെടുത്താണ് പല സമുദായസംഘടനകളും വെളിച്ചപ്പാടാകുന്നത്.ഇപ്പോള്‍ തന്നെ നിസംശയം പറയാം; ഇപ്പോള്‍ ശരിദൂരം പ്രസംഗിക്കുന്ന താഴും താക്കൊലുമെല്ലാം; അടുത്ത ഇലക്ഷന് കളംമാറ്റി ചവിട്ടിയിരിക്കും.

  പുതിയ വെല്ലുവിളിയില്‍ കേരളസര്‍ക്കാരിനെ ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ കരയോഗക്കാര്‍ മറിച്ചിടുമെന്നാണു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുസമയത്ത് നടത്തിയ അണ്ടര്‍വേള്‍ഡ്‌ ധാരണകള്‍ ഇപ്പോഴും അണ്ടര്‍വേള്‍ഡായിതന്നെ ഇരിക്കുന്നതുകൊണ്ടാണ് ഈ മറിച്ചിടലെന്നു കരയോഗംതന്നെ വ്യക്തമാക്കിട്ടുണ്ട്. അന്ന് അരി മാത്രമല്ല;  പത്തായത്തിന്‍റെ താക്കോലുതന്നെ തന്നേക്കാം എന്നു പറഞ്ഞവരോന്നും ഇപ്പോള്‍ കണ്ടഭാവം നടിക്കുന്നില്ലപോലും.ഏതു താക്കോല്‍...., ആരാ..., ഏതാ..., എന്താ.. എവിടെയാ..., എന്നോക്കെയുള്ള അമ്ലേഷ്യ വചനങ്ങളാണിപ്പോള്‍ പറയുന്നത്. എന്നാല്‍ മറിച്ചിട്ടിട്ടുതന്നെ കാര്യം. തള്ളിയാല്‍ താഴെവീഴുമെന്നു ഇത്ര ഉറപ്പണേല്‍ എന്തിനാ ഈ താക്കോല്‍ ദ്വാരം, മലദ്വാരം എന്നൊക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നത്; ഇലക്ഷനില്‍ സമുദായസ്ഥാനാര്‍ത്ഥികളെ മാത്രംനിറുത്തി ജയിപ്പിച്ച് ഈ സുന്ദരകേരളം സുന്ദരന്‍മാര്‍ക്കങ്ങു ഭരിച്ചാല്‍പ്പോരായിരുന്നോ. അതെന്തേ ചെയ്യാഞ്ഞത്???.

  കേരളത്തിലെ എല്ലാ ജനപ്രതിനിധികളും, മന്ത്രിമാരുമെല്ലാം ഓരോ സമുദായത്തിന്‍റെയും പ്രതിനിധികള്‍മാത്രമാണെന്ന ദിവ്യസന്ദേശവും നേതാക്കന്മാര്‍ തന്നെ ജനങ്ങള്‍ക്ക് പകര്‍ന്നുതരികയുണ്ടായി.സമുദായംനോക്കി വോട്ടു കുത്താത്തവരെല്ലാം മണ്ടന്മാര്‍. മന്ത്രിമാരുടെ എണ്ണത്തില്‍; ഭൂരിപക്ഷസമുദായം ഇത്ര...... വലിയ ന്യൂനപക്ഷസമുദായം ഇത്ര..... ഇടത്തരം ന്യൂനപക്ഷസമുദായം ഇത്ര......... ചെറിയ ന്യൂനപക്ഷസമുദായം ഇത്ര..... ഒന്നിലുംപെടാത്തവര്‍ ഇത്ര.... എന്നുള്ള കണക്കുകള്‍ വളരെ വ്യക്തമായി മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒത്തുതീര്‍പ്പ്‌ഫോര്‍മുല അനുസരിച്ചാണ് വകുപ്പുകള്‍ തീരുമാനിക്കുന്നത്. ക്രിസ്ത്യാനിമന്ത്രി ആഭ്യന്തരംഭരിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്മാത്രമായിരുന്നു പോലിസ്‌സ്റ്റേഷനില്‍നിന്ന്‌ നീതി കിട്ടിയിരുന്നത്. അവര്‍ക്ക് വേണ്ടുവോളം നീതികിട്ടിയതിനെത്തുടര്‍ന്ന്;  നായരാണ് ആഭ്യന്തരത്തില്‍ ഇപ്പോള്‍ എല്ലാ നായന്മാര്‍ക്കും നീതി കിട്ടുന്നുണ്ട്‌. നീതി കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ പറയാം... അവര്‍ക്കും കൊടുക്കും വകുപ്പ്‌. അതിനിടയിലാണ് ദ്വാരത്തിന്‍റെ പ്രശ്നംവന്നത്. യഥാര്‍ത്ഥത്തില്‍ ദ്വാരം എന്നത് കുറച്ചു സാഹിത്യമൊക്കെ ഇരിക്കട്ടെയെന്നുകരുതി ഒരു സിമ്പോളിക്കായി പറഞ്ഞതാണ്; അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല. എല്ലാവരുംകൂടി അതിനെയിപ്പോള്‍ ഒരുമാതിരി താഴും താക്കോലുമാക്കി മാറ്റി.  കരയില്‍ നില്‍ക്കുന്നവനോട് നടുക്കടലില്‍ കിടക്കുന്ന കപ്പലില്‍ കേറിക്കോ എന്നുപറയാന്‍ പാടുണ്ടോ??? എന്നുള്ള അര്‍ഥവത്തായ ചോദ്യങ്ങളൊക്കെ മുഴങ്ങികേട്ടു. ജ്ഞാനപീഠം എവിടെ??? ഒന്നെടുത്തു കൊടുക്കൂ; ഇരിക്കട്ടെ മഹാന്‍.

  ഓരോ സമുദായവും മന്ത്രിസ്ഥാനത്തിനും, മറ്റുകസേരകള്‍ക്കും കണക്ക് പറയുന്നത് സ്വന്തം സമുദായത്തെ രക്ഷിക്കാനാണ് എന്ന അവസ്ഥവന്നാല്‍ പിന്നെ എന്തു മതേതരത്വം. ഏതെങ്കിലും മതത്തിന്‍റെ സമുദായത്തിന്‍റെയോ പേരുപറഞ്ഞു ജയിച്ചുവരുന്ന കുറ്റിച്ചൂലുകളില്‍നിന്നു ജനങ്ങള്‍ക്ക്‌ ഒരു നിക്ഷ്പക്ഷഭരണം പ്രതിക്ഷിക്കാമോ..?? പൊതുപ്രവര്‍ത്തനരംഗത്തെ കഴിവും, രാജ്യസ്നേഹവും, പൊതുജനനന്മയും ലക്ഷ്യമാക്കാതെ; സ്വന്തം സമുദായത്തെമാത്രം വണ്ണംവെപ്പിക്കലാണ് അധികാരസ്ഥാനങ്ങളിലുള്ളവരുടെ  ജോലി എന്നുവരുമ്പോള്‍ രാജ്യത്തിന്‍റെ മതേതരസ്വഭാവമാണ് നഷ്ടപ്പെടുന്നത്. താല്‍ക്കാലിക ഭരണസുഖത്തിനുവേണ്ടി  വര്‍ഗ്ഗിയശക്തികളെ പ്രീണിപ്പിച്ച് അധികാരംനിലനിറുത്താന്‍ ശ്രമിക്കുന്നത് പിന്നിട് വലിയദോഷമായിരിക്കും  ഉണ്ടാക്കുക. കെ പി പി സി സി പ്രസിഡണ്ടിനെ ഒരു സമുദായത്തിന്‍റെ മാത്രം ബ്രാണ്ട് അംബാസഡറായി അവതിരിപ്പിക്കുമ്പോള്‍ ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് അവരുടെ സമുദായത്തിലെ പ്രസിഡണ്ടിനെ വേണമെന്നുപറഞ്ഞാല്‍ കൊടുക്കുമോ.. നയം ആരും ഇതുവരെ വ്യകതമാക്കിയിട്ടില്ല.  നീര്‍ക്കോലികണക്കെയുള്ള സാമുദായിക നേതാക്കന്‍മാര്‍; മൂര്‍ഖനെപ്പോലെ പത്തിവിരിച്ച് ആടാന്‍ തുടങ്ങുമ്പോള്‍ അതിനെ തല്ലിത്താഴ്ത്താനുള്ള ആര്‍ജവം രാഷ്ട്രിയനേതൃത്വങ്ങള്‍ കാണിക്കണം. ജാതിയുടെയും മതത്തിന്‍റെയും പേരുപറഞ്ഞു; സാമുദായിക നേതാക്കന്‍മ്മാര്‍ സര്‍ക്കാരില്‍നിന്നും കൈപ്പറ്റിയിട്ടുള്ള സ്വകാര്യലാഭങ്ങളെകുറിച്ചും,  അനധികൃതമായിതട്ടിയെടുത്ത ഭൂമിയുടെ കണക്കുകളെക്കുറിച്ചും, ഇവരുടെയൊക്കെ മക്കള്‍ക്ക്‌ കൊടുത്തിട്ടുള്ള സ്ഥാനമാനങ്ങളെക്കുറിച്ചും ആരറിയാന്‍. ‘ഏറ്റവുംവലിയന്യൂനപക്ഷമെന്ന’മഹാകണ്ടുപിടുത്തത്തിലൂടെ ലീഗുതുടക്കം കുറിച്ച വിലപേശല്‍ സിദ്ധാന്തത്തെ  തള്ളിക്കളയാനുള്ള ആര്‍ജവം അന്നേ കാണിച്ചിരുന്നുവെങ്കില്‍ ഈ തക്കോല്‍ ദ്വാരത്തെയും തള്ളാമായിരുന്നു. ഇപ്പോള്‍ ഒരുത്തനു കൊടുക്കാമെങ്കില്‍ ഞങ്ങള്‍ക്കും തന്നുകൂടെ എന്നു ചോദിക്കാന്‍ അവസരം ഉണ്ടാക്കികൊടുത്തു.തങ്ങളുടെ കസ്റ്റഡിയിലുള്ള മുപ്പതില്‍പരം സ്കൂളുകള്‍ക്ക് എയിഡഡ്‌ പദവി കിട്ടണമെന്ന് പറഞ്ഞുകൊണ്ട് ലീഗ് അടുത്ത സമ്മര്‍ദ്ദതന്ത്രം  പ്രയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് അടങ്ങിക്കിടുന്ന ഞാഞ്ഞൂലുകളെല്ലാം തലപൊക്കാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷപ്രീണനം ഒരു പരിധി വിടാതിരിക്കാനും, തങ്ങള്മാത്രമാണ് ഏറ്റവും ‘വലിയന്യൂനപക്ഷ’മെന്നു പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ ന്യൂനപക്ഷങ്ങളെ പിറകോട്ടു തള്ളാന്‍ ശ്രമിക്കുന്നവരും; ശ്രദ്ധിക്കേണ്ടസമയമായിരിക്കുന്നു.ന്യൂനപക്ഷങ്ങള്‍ വലുതാകുമ്പോള്‍ ഭൂരിപക്ഷമാകുന്നു.അങ്ങനെ ഭൂരിപക്ഷമാകുന്ന ന്യൂനപക്ഷങ്ങളെ ന്യൂനം എന്ന വിഭാഗത്തില്‍നിന്നേ മാറ്റേണ്ടിയിരിക്കുന്നു.കഞ്ഞിക്ക് വകയില്ലാതെ; ദാരിദ്ര്യവും, പട്ടിണിയും മാത്രംകൈമുതലായി ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്‍റെ പുറമ്പോക്കില്‍ കഴിയുന്ന ഒരുപാടുമനുഷ്യര്‍ ഭൂരിപക്ഷത്തിലെ ന്യൂനപക്ഷമായി ഇവിടെ ജീവിക്കുന്നുണ്ട്.സാമ്പത്തികനിലവാരവും സാമൂഹ്യജീവിതത്തിനാവശ്യമായ ചുറ്റുപാടുകളും കണക്കാക്കിയായിരിക്കണം സംവരണആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്.റ്റാറ്റയും, ബിര്‍ളയും, അംബാനിമാരുമൊക്കെ എണ്ണത്തില്‍ കുറവാണ് അതുകൊണ്ട് തങ്ങളെയും ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നു പറഞ്ഞാല്‍....ഇനിയും അതു വേണോ??    ഉപജീവനത്തിനായി സമുദായത്തിന്‍റെ മൊത്തംക്വട്ടേഷന്‍ ഏറ്റെടുത്തുകൊണ്ട് വല്ല നക്കാപ്പിച്ചയും ഒപ്പിക്കാന്‍ വായ്‌തുറക്കുന്ന കുമാരന്‍മ്മാരെയും, ഇത്രയുംകാലമായിട്ടും ഒരു ഗതിയുമില്ലാതെ വലിയന്യൂനപക്ഷമായി തുടരുന്നവരെയും നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍ മതേതരത്വമെന്ന വലിയ ഭാഗ്യത്തെ നമുക്ക്‌ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മറിച്ചിടുന്നവനെയും, വലിച്ചിടുന്നവനെയും ഭയപ്പെടേണ്ട ആവശ്യമില്ല അവര്‍ ഒന്നുംചെയ്യില്ല. ചുമരുണ്ടെങ്കിലേ ചിത്രംവരയ്ക്കാന്‍ കഴിയൂവെന്ന് അവര്‍ക്ക് നന്നായി അറിയാം..... കുരയ്ക്കുന്ന പട്ടി ഒരിക്കലും കടിക്കില്ല.......... ജനപ്രതിനിധികള്‍ ജാതിയിയുടെയോ, സമുദായത്തിന്‍റെയോ പ്രതിനിധികളാകരുത് . ജനങ്ങളുടെ പ്രതിനിധികള്‍ ആയിരിക്കണം............