**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, June 12, 2014

മനസമ്മതം നടത്തിയാല്‍ തകരുന്ന ആലയങ്ങള്‍..



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   സ്വന്തം അടുപ്പിനകത്തു  പൂച്ചപെറ്റുകിടക്കുമ്പോഴും അയല്‍ക്കാരന്‍റെ അടുപ്പ് പുകയുന്ന വിഷമത്തിലാണ് ചിലര്‍... അമലപോളും സംവിധായകന്‍ എ.എല്‍ വിജയിയും തമ്മിലുള്ള വിവാഹ മനസമ്മതം പള്ളിയില്‍ നടന്നോയെന്ന സംശയത്താല്‍ ഒരു വിഭാഗം പുരോഗമന ആരാധകര്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണ് ... സംശയത്തെത്തുടര്‍ന്നുണ്ടായ അനശ്ചിതത്വം നീക്കാന്‍ പള്ളിയില്‍വെച്ച് അങ്ങനെയൊരു സമ്മതം നടന്നിട്ടില്ലായെന്നു പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നിരിക്കുന്നു... നല്ല ഒന്നാംതരം പുരോഗമന ചിന്താഗതിക്കാര്‍ക്കാണ് പ്രധാനമായും വാലിനു തീ പിടിച്ചിരിക്കുന്നത്.. ഒരുപക്ഷെ മനസമ്മതത്തിനു ക്ഷണിക്കാത്തതിലുള്ള ദേഷ്യമായിരിക്കും വിവാദത്തിനുപിന്നില്‍ .. പ്രശ്നപരിഹാരത്തിനായി; മനസമ്മതമല്ല വെറും പ്രാര്‍ഥനയാണ് പള്ളിയില്‍ നടന്നതെന്ന് പള്ളിക്കാര്‍ക്കും അമലയുടെപിതാവിനും പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നിരിക്കുന്നു.. എന്നിട്ടും ചിലര്‍ക്ക് തൃപ്തി വന്നിട്ടില്ല... അല്ലപ്പാ,,, പള്ളിയില്‍ മനസമ്മതം നടന്നാല്‍ എന്താണ് കുഴപ്പം. ആകാശം ഇടിഞ്ഞുവീഴുമോ..?? അതോ ആരുടെയെങ്കിലും വാലിനു തീ പിടിക്കുമോ../ രണ്ടു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്‌ അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ആരാധനാലയത്തില്‍ വെച്ചാണെങ്കില്‍ അതില്‍ എന്താണ് പ്രശ്നം.. മനസമ്മതത്തിനു യോജ്യമായ വേഷഭൂഷാദികള്‍ ധരിച്ചുനടന്ന ചടങ്ങ് മനസമ്മതം തന്നെയാണെന്ന് തുറന്നുപറയാന്‍ ആരെയാണ് പേടിക്കേണ്ടത്... അതൊരു നല്ല തുടക്കമല്ലേ... മിശ്രവിവാഹം കഴിക്കാന്‍ പോകുന്നവര്‍ ദേവാലയത്തിനകത്തു കയറിയാല്‍ അകത്തിരിക്കുന്ന ദൈവം പുറത്തേയ്ക്ക് ഓടുമോ...??

  മനസമ്മതം വിഷയത്തില്‍ പള്ളിക്കാരും പട്ടക്കാരും അനുയായികളും തങ്ങളുടെ നിലപാട് മാതൃകാപരമായി വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഇനി ഹിന്ദുക്കളുടെ ഭാഗമാണ് അറിയേണ്ടത്.. കല്യാണം ക്ഷേത്രത്തില്‍ വെച്ചു നടത്താനാണ് നിലവിലുള്ള തീരുമാനം.. അതും എതിര്‍ക്കണം. എന്നിട്ടു വല്ല മണ്ഡപത്തിലോ രജിസ്ട്രാര്‍ ഓഫിസിലോവെച്ചു മാലയിട്ട് കല്യാണം നടത്തട്ടെ... അതോടെ കലിപ്പ് തീരുമല്ലോ... ഒരുതരം അസൂയ അല്ലാതെന്ത്.. ഇന്നലെവരെ ആരാധിച്ചതും വിശ്വസിച്ചതുമായ ദൈവങ്ങള്‍ കല്യാണകാര്യം വന്നപ്പോള്‍ ഒറ്റദിവസംകൊണ്ട് പിണങ്ങിയിരിക്കുന്നു.. ഭക്തരുടെ കാലുമാറ്റം സഹിക്കാന്‍ പറ്റണില്ല... ക്ഷമയും, സഹനവും, സ്നേഹവും, സഹിഷ്ണതയുമെക്കെ പ്രസംഗത്തില്‍ മാത്രമായി ഒതുങ്ങുന്നു...പ്രയോഗത്തില്‍ നമുക്കുള്ളത് നമുക്ക് തന്നെ. നമ്മുടെ ഒരു ഭക്തന്‍ മറ്റൊരു ദൈവത്തെ കണ്ടാല്‍ അതോടെ തീരും എല്ലാം... ഒരു മതവിശ്വാസി മറ്റൊരു മതവിശ്വാസിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ അതോടെ ദൈവങ്ങള്‍ പിണങ്ങുന്നു.. എന്തൊരു കാലം...
  
  മിശ്രവിവാഹങ്ങള്‍  അവരവരുടെ ആരാധനാലയങ്ങളില്‍വെച്ച് നടത്തിയാല്‍ അതില്‍ എന്താണ് പ്രശ്നം.?/. രണ്ടു മതദൈവങ്ങളെയുടെയും അനുഗ്രഹം വാങ്ങി കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചാല്‍ അതില്‍ എന്താണ് തെറ്റ്..?? മനസമ്മതം പള്ളിയിലും, കല്യാണം അമ്പലത്തിലും അതൊരു വിശാല സഹിഷ്ണുത നിറഞ്ഞ ആശയമല്ലേ; അതിനെ എന്തിനാണ് എതിര്‍ക്കുന്നത്.?/ മതങ്ങളില്‍ വരുന്ന കാലോചിതമായ മാറ്റങ്ങളെ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നത് നിരാശാജനകമാണ്... ഭക്തരും തമ്പ്രാക്കളും ബഹളം തുടങ്ങിയപ്പോള്‍  പള്ളിയില്‍നടന്ന ചടങ്ങിനെ തള്ളിപ്പറയാന്‍ പള്ളിയും വധൂവിന്‍റെ മാതാപിതാക്കളും നിര്‍ബന്ധിതരായിരിക്കുന്നു.. സ്വന്തം മതത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ.. മറ്റു മതക്കാരെല്ലാം മോശമാണ്, മറ്റു മതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നവരെ മതത്തില്‍ നിന്നും പുറത്താക്കണം, അല്ലെങ്കില്‍ മതനിന്ദ കുറ്റം ചുമത്തി വധിക്കണം തുടങ്ങിയ പ്രാകൃത ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു... അന്യമതത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ച് അമ്മയായ യുവതിയെ കുഞ്ഞിന് മുലകുടി മാറുമ്പോള്‍ കൊല്ലാന്‍ വിധിച്ച മതഭ്രാന്തന്മാരും, അന്യമതത്തില്‍പ്പെട്ടയാളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിക്ക് ആചാരവിലക്ക് ഏര്‍പ്പെടുത്താന്‍ മുറവിളി കൂട്ടുന്ന പുരോഗമനവാദികളും അസഹിഷ്ണുതയുടെ  രണ്ടു വശങ്ങള്‍ മാത്രമാണ്.. ഇഷ്ടപ്പെട്ട മനസ്സുകള്‍ മതത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഒന്നാകട്ടെ..  അവര്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ധൈര്യമാണ് സമൂഹം കൊടുക്കേണ്ടത്... ഏതെങ്കിലും ആരാധനാലയത്തില്‍ മിശ്രവിവാഹിതര്‍ അവരുടെ ആചാരമനുസരിച്ച് പ്രാര്‍ഥിക്കാന്‍ പോയാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ മതങ്ങള്‍ തയ്യാറായാല്‍ അതിനെ ഒരു നല്ല അടയാളമായാണ് കാണേണ്ടത്.അതിനെതിരെ ബഹളംകൂട്ടി കുളംകലക്കി മീന്‍ പിടിക്കുന്നവരെയാണ് ആദ്യം ഓടിക്കേണ്ടത്... മനസമ്മതം നടന്നെങ്കില്‍ നടക്കട്ടെ അതൊരു നല്ലതുടക്കമായാണ് കാണേണ്ടത് ഇന്നിത് സെലിബ്രിറ്റിയില്‍നിന്നും തുടങ്ങട്ടെ; നാളെയിത്  സാധരണക്കാരനും ബാധകമായിക്കോളും .....നിസ്വാര്‍ത്ഥമായ  വ്യക്തിജീവിതത്തിനും വിവാഹജീവിതത്തിനും മതങ്ങളും ആചാരങ്ങളും തടസ്സമാകതിരിക്കട്ടെ... ദുരഭിമാനകൊലപോലുള്ള ദുരാചാരങ്ങളുടെ ചെറിയ പതിപ്പായ ഇത്തരം ചിത്രവധങ്ങള്‍ സമൂഹത്തില്‍ നിന്നും ഉണ്ടാകാതിരിക്കട്ടെ.. മതം വിശ്വാസം ആചാരം തുടങ്ങിയവുമായി കലഹിക്കാതെ അവയെയെല്ലാം ബഹുമാനിച്ചുകൊണ്ട് പരസ്പരം ഒന്നാകാനുള്ള അവരുടെ തീരുമാനത്തെയും ധൈര്യത്തെയും പ്രശംസിക്കുകയാണ് വേണ്ടത്.. ആചാരങ്ങളും വിശ്വാസങ്ങളും ആരാധാനാലയങ്ങളില്‍ നടക്കട്ടെ.... വിവാഹം സ്വര്‍ഗ്ഗത്തിലും നടക്കട്ടെ... അമലയ്ക്കും വിജയ്ക്കും സന്തോഷപ്രദമായ ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നു...


Monday, June 9, 2014

അനാഥരെ പഠിപ്പിക്കുന്ന അഭ്യാസങ്ങള്‍..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ഇതൊരുമാതിരി കോണാത്തിലെ ഏര്‍പ്പാടായിപ്പോയി.. പട്ടിയൊട്ടു പുല്ല് തിന്നുകയുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല എന്ന പോലെയായിരിക്കുന്നു കാര്യങ്ങള്‍.. അനാഥരായ കുട്ടികള്‍ക്ക് അല്പം വിദ്യ പകര്‍ന്നുകൊടുക്കണമെന്ന ചിന്തയുമായി ഇറങ്ങിത്തിരിച്ച അനാഥ ശാലകള്‍ക്കെതിരെ സര്‍ക്കാരും, ഒരുകൂട്ടം ആളുകളും കല്ലും കുറുവടിയുമായി രംഗത്തുവന്നിരിക്കുന്നു .. ഇട്ടുമൂടാന്‍ സ്വത്തുണ്ടെങ്കിലും സ്വന്തം കുഞ്ഞിനല്ലാതെ ആരാന്‍റെ കുഞ്ഞിന് ഒരു ഗ്ലാസ് കഞ്ഞിവെള്ളം പോലും കൊടുക്കാന്‍ തയ്യാറാവാത്ത നിലപാടാണ് പൊതുവില്‍ നമ്മുടേത്‌. അഥവ കൊടുത്താല്‍ ഫോട്ടോയെടുത്ത് നാടാകെ പ്രദര്‍ശിപ്പിച്ച് നിര്‍വൃതിയടയുകയും ചെയ്യും... അനാഥരെ ഗതിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ ശാലകളാണെങ്കില്‍  അതിശോചനിയമായി കിടക്കുന്നു... ഈ സാഹചര്യത്തിലാണ് വിദ്യ അഭ്യസിപ്പിക്കാന്‍ വടക്കുനിന്നും കള്ളവണ്ടികയറ്റി കൊണ്ടുവന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആരോ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.  വിശക്കുന്നവര്‍ക്കും വീടില്ലാത്തവര്‍ക്കും വിദ്യാഭ്യാസത്തിനു ശേഷി ഇല്ലാത്തവരും ഒരു കൈത്താങ്ങ്‌ സഹായം ചെയ്യുന്നത് ആരായാലും അവരെ പ്രോല്‍സാഹിപ്പിക്കുക തന്നെ വേണം... നിരാലംബരുടെ  പുരോഗതിയും, സംരക്ഷണവും ലക്ഷ്യമാക്കി നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന അനാഥശാലകളെയും അവരുടെ നടത്തിപ്പുകാരെയുമൊക്കെ പൂവിട്ടു പൂജിക്കണം.. സഹജീവികള്‍ക്ക് സേവനം ചെയ്യാനുള്ള മനസ്ഥിതിയെ പ്രോത്സാഹിപ്പികുകതന്നെ വേണം ..സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമാത്രമല്ല വ്യക്തികളുടെ ഭാഗത്തുനിന്നും ഇത്തരം സേവനം ചെയ്യുന്ന ആളുകള്‍ക്കും സംഘടനകള്‍ക്കും കഴിയുന്ന സഹായം ഗ്രാന്റായി  നല്‍കേണ്ടതുമാണ്‌. ആത്മാര്‍ഥമായ സമൂഹ്യസേവനതിനു പിന്തുണ പ്രഖ്യാപിക്കുന്നതും അവാര്‍ഡുകളും മറ്റ് ബഹുമതികളും പാരിതോഷികങ്ങളും കൊടുക്കുന്നതും വളരെനല്ലതുതന്നെ..
 പക്ഷേ കുടിക്കുന്ന വെള്ളത്തില്‍  ഡാഷ് കഴുകുന്ന സ്വഭാവം കാണിച്ചാല്‍ അതിനെ എങ്ങനെ പിന്തുണയ്ക്കും..?  സാമൂഹ്യസേവനം നടത്തുന്നത്  നിഗൂഡതയുടെയും നിയമലഘനത്തിന്‍റെയും മറപിടിച്ചുകൊണ്ടാകുമ്പോള്‍ അതിന്‍റെ ഉദേശ്യലക്ഷ്യങ്ങള്‍ സംശയിക്കെണ്ടിവരുന്നത് സ്വാഭാവികമാണ്.. അപ്പോള്‍ മതവും ജാതിയും സേവനവുമൊക്കെ പറഞ്ഞു നിലവിളിക്കുന്നത് കള്ളത്തരം ഒളിപ്പിക്കാനുള്ള ശ്രമമായെ കാണാന്‍ കഴിയൂ... മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായി സുതാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ നിയമലംഘനത്തിന്‍റെ മറവുപിടിച്ചു ചെയ്യുകയും, പിടിക്കപ്പെടുമ്പോള്‍ അതിനെ മതത്തിന്‍റെ പേരിലേക്ക് മാറ്റി ജനങ്ങളില്‍ തെറ്റുധാരണ ഉണ്ടാക്കുന്നത് എന്തിനാണ്?/.. അനാഥത്വത്തിനും, പട്ടിണിയ്ക്കും, അജ്ഞതയ്ക്കും; മതമോ ജാതിയോ ഇല്ല. വിശക്കുന്നവനു അപ്പം കൊടുത്തും വിദ്യ, പണം തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊടുത്തും മതം അടിച്ചേല്‍പ്പിക്കുന്നതും ശരിയല്ല.. വിവാദമായ മനുഷ്യക്കടത്ത് സംഭവത്തിലെ അനാഥരേന്നു ചാപ്പകുത്തി സനാഥരായ കുട്ടികളെ വ്യക്തമായ നിയമലംഘനം നടത്തി കേരളത്തിലെ അനാഥശലകളിലെക്ക് എത്തിക്കുമ്പോള്‍ അതിനുപിന്നിലെ സേവനസന്നദ്ധത അത്രയ്ക്ക് പ്രശംസനീയമല്ല.... അന്യസംസ്ഥാനങ്ങളിലെ സനാഥരായ കുട്ടികളെ അനാഥരാക്കാന്‍ ഏജന്റ്മാരെ നിയോഗിക്കുക, കുട്ടികളെ കേരളത്തിലേക്ക് കടത്താന്‍ സാമൂഹ്യശിശുക്ഷേമവകുപ്പിന്‍റെയും  പഞ്ചായത്തിന്‍റെയും വ്യാജരേഖകള്‍ നിര്‍മ്മിക്കുക ..പണം കൊടുക്കുക തുടങ്ങിയ കുറ്റകരമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടു അതിനെ സാമൂഹ്യസേവനത്തിന്‍റെ മറപിടിച്ചുകൊണ്ട് ന്യായികരിക്കുന്ന പരിപാടികളെ എങ്ങനെ അംഗികരിക്കാന്‍ കഴിയും ..

 ഇനി അനാഥാലയം നടത്തിപ്പുകാരുടെ വാദങ്ങളിലേക്ക് വരാം.. കേരളത്തില്‍ അനാഥരും പട്ടിണിക്കാരും ഇല്ലാത്തതുകൊണ്ടും, കേരളത്തിലെ കുട്ടികള്‍ സമ്പൂര്‍ണ്ണ വിദ്യാഭ്യാസത്തിന്‍റെ കീഴില്‍ വന്നതുകൊണ്ടും കേരളത്തില്‍ അനാഥകുട്ടികളെ കിട്ടാനേയില്ല.. പക്ഷെ അനാഥാലയങ്ങള്‍ പൂട്ടിപ്പോകാതെ നിലനിറുത്തേണ്ടതും, ഇതുപോലുള്ള സാമൂഹ്യസേവനം ചെയ്യാതെ ചിലര്‍ക്കൊന്നും ഇരിക്കപ്പൊറുതിയില്ലാത്തതുകൊണ്ടും ഇവിടുത്തെ അനാഥാലയങ്ങള്‍ നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോള്‍ സ്വദേശി പാവങ്ങളെ കിട്ടാനില്ലാത്ത സ്ഥിതിക്ക് ഇറക്കുമതി പാവങ്ങളെ ആശ്രയിക്കേണ്ടി വരുന്നതില്‍ എങ്ങനെ തെറ്റു പറയാന്‍ കഴിയും.. കേരളത്തില്‍ ആവശ്യത്തിനു അനാഥരും പട്ടിണിക്കാരും ഉണ്ടായിരുന്നെങ്കില്‍ ഈ മനുഷ്യക്കടത്ത് ഉണ്ടാകുമായിരുന്നില്ല ..അതുകൊണ്ട് അനാഥാലയങ്ങള്‍ നിറയ്ക്കാന്‍ ആവശ്യമായ കുട്ടികളെ കേരളത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ‘കടത്ത്’ എന്ന ഈ ദുഷിച്ച പരിപാടിതന്നെ നിറുത്താന്‍ കഴിയുമെന്ന് നടത്തിപ്പുകാര്‍ പറഞ്ഞാലും അത്ഭുതപ്പെടാനില്ല.. ബംഗാളില്‍ നിന്നും ജാര്‍ഖണ്ഡ് നിന്നും മാടുകളെപ്പോലെ കടത്തിക്കൊണ്ടു വരുന്ന കുട്ടികളെ കേരളത്തില്‍ എത്തിച്ചാലുള്ള മറ്റൊരുഗുണം മലയാളഭാഷ ശക്തിപ്പെടുമെന്നുള്ളതാണ്. മലയാളികള്‍ തങ്ങളുടെ മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോള്‍ മലയാളം പഠിക്കാനും  ആളു വേണ്ടേ..?? ബംഗാളിയും ഹിന്ദിയും മാതൃഭാഷയാക്കിയ  കുഞ്ഞുങ്ങളെ മലയാളം പഠിപ്പിച്ചു മലയാള സാഹിത്യത്തെ പുഷ്ടിപ്പെടുത്തുന്ന കാര്യത്തിലും ‘കടത്ത്’ അനാഥശാലകള്‍ നിര്‍ണ്ണയപങ്ക് വഹിക്കുന്നതിനാല്‍ നിലവിലുള്ള സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ അന്‍പത് ശതമാനം വര്‍ദ്ധിപ്പിക്കേണ്ടതാണ് എന്നാണ് എന്‍റെ അഭിപ്രായം..
  
 ഓരോ മതങ്ങളും; ‘നിരാലംബര്‍’ എന്നതിനുപകരം തങ്ങളുടെ മതത്തിലുള്ള അനാഥര്‍ക്കാണ് മുന്‍തൂക്കം കൊടുത്തുകാണുന്നത് .. അതുകൊണ്ട് നിലവില്‍ അനാഥാലയങ്ങള്‍ ഇല്ലാത്ത മതങ്ങള്‍ക്കും അത് തുറക്കാനുള്ള അനുവാദം സര്‍ക്കാര്‍ ഉടനടി കൊടുക്കണം.. മതത്തിന്‍റെ കെയറോഫില്‍ ചെയ്യുന്ന എല്ലാ തെണ്ടിത്തരവും നിയമാനുസൃതമാക്കണമെന്നതും പരിഗണിക്കേണ്ടതാണ് ..ക്രിക്കറ്റില്‍ കോഴവാങ്ങി പിടിക്കപ്പെട്ട കളിക്കരാന്‍ പറയുന്നു; താന്‍ ഒരു പ്രത്യേക മതമായതുകൊണ്ടാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് ..ഒരു ഭൂലോകവേശ്യയുടെ അടിപ്പാവാട അഴിക്കാന്‍ പോയ ജനപ്രതിനിധിയും പറയുന്നു താന്‍ ഒരു പ്രത്യേക മതത്തിലായതുകൊണ്ടാണ് തനിക്കെതിരെ കേസ് വന്നതെന്ന്.. പണംകൊടുത്തും, രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചും, തിരുത്തിയും, മാതാപിതാക്കളെ പറഞ്ഞുപറ്റിച്ചും, സനാഥരായ കുട്ടികളെ അനാഥരെന്ന പേരും ചാര്‍ത്തി, മതിയായ യാത്രസൗകര്യങ്ങള്‍ പോലും കൊടുക്കാതെ അറവുമാടുകളെപ്പോലെ കുത്തിനിറച്ച് കൊണ്ടുവരുന്ന പോലിസ് ഭാഷയില്‍ മനുഷ്യക്കടത്തെന്ന കുറ്റകൃത്യം നടത്തിയവരെ പിടിച്ചപ്പോള്‍ അവരും പറയുന്നു ഒരു പ്രത്യേക മതമായതുകൊണ്ടാണ് ഈ വിഷയത്തില്‍ കേസ് എടുത്തെതെന്ന്  ..അപ്പൊ ഒരു സംശയം ഉദിക്കുന്നു. ചെയ്യുന്ന എല്ലാ തെണ്ടിത്തരങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും മറയായി ഉപയോഗിക്കാനുള്ള മൂടുപടമാണോ ഈ മതമെന്നു പറഞ്ഞാല്‍? കുട്ടികളും അവരുടെ മാതാപിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു തങ്ങളെ ഏജന്റുമാര്‍ പറ്റിക്കുകയായിരുന്നുവെന്നു.............. സാമൂഹ്യസേവനത്തിനു എന്തിനീ നിഗൂഡത കലര്‍ത്തുന്നു//


 പാവപ്പെട്ടവന്‍റെ വിശപ്പിനേയും ദാരിദ്ര്യത്തേയും മറയാക്കി ഒരു കൂട്ടര്‍ കഴുകന്മാരെപ്പോലെ വട്ടമിട്ടുപറക്കുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നും  നമ്മുടെ സര്‍ക്കാരുകള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.. ഇങ്ങനെപോയാല്‍  ഭരിച്ചു മുടിച്ചു ഗതിയില്ലാതെ അലയുന്ന ജനങ്ങളെ, ഭക്ഷണവും പണവും കാണിച്ച് ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കാനുള്ള സാദ്ധ്യതയും വളരെയാണ് ..  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, സാമൂഹ്യസേവനങ്ങളും സുതാര്യമായി നടക്കട്ടെ.. നിയമലംഘനങ്ങള്‍ നടത്തിയും, കുറ്റകൃത്യങ്ങള്‍ക്ക് മതത്തെ കൂട്ടുപിടിച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങളെ സസൂഷ്മം നിരീക്ഷിച്ചു നടപടിയെടുക്കേണ്ടതാണ്. നിയമലംഘനങ്ങള്‍ക്കെതിരെ മൃദുസമീപനം നടത്തിയും ... എന്തു നടപടിയെടുത്തുവെന്നു ചോദിക്കുമ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന സ്ഥിരം വിഡ്ഢിത്തരം മറുപടിയും പറഞ്ഞും അധികാരികള്‍ ഒഴിഞ്ഞുമാറുമ്പോള്‍ ദേശം അതിനു കനത്ത വില നല്‍കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല... മികച്ചരീതിയില്‍ സമൂഹ്യ സേവനംനടത്തുന്ന പ്രസ്ഥാനങ്ങളെ അഭിനന്ദിക്കുകയും, സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ കൊടുത്തു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം നിയമലംഘനം നടത്തുന്ന ആളുകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുകയും വേണം.. അനാഥരെ സംരക്ഷിക്കുക എന്നതിന് നിയമലഘനം നടത്താനുള്ള അനുമതി എന്നര്‍ഥമില്ല...  നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുമ്പോള്‍ ഏതായാലും കേരളിയര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം.. അനധികൃതമായി കടത്തികൊണ്ടുവന്ന കുട്ടികള്‍ക്ക് മടക്കയാത്ര പൊതുജനത്തിന്‍റെ ചിലവിലാണ്‌... തിരിച്ചുപോകാന്‍ ഏ/സി കോച്ചും, ചികല്‍സസഹായവും നല്‍കി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സഹായം, കേരളത്തിലെ നികുതിദായകര്‍; അനാഥര്‍ എന്നു മുദ്രകുത്തിയ സനാഥരായ കുട്ടികള്‍ക്ക് കൊടുത്തുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം.. മതവും ജാതിയും നോക്കി സാമൂഹ്യസേവനം നടത്തുന്ന ദുഷിച്ചപ്രവണത മാറട്ടെ... സ്വന്തം ചുറ്റുവട്ടങ്ങളില്‍ നിരവധി കുഞ്ഞുങ്ങള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ അന്യദിക്കില്‍ പാവങ്ങളെ തിരയുന്ന രീതി മാറട്ടെ... പരുന്ത് ഒരിക്കിലും തന്‍റെ കൂടിന്‍റെ പരിസരങ്ങളില്‍ ഇരപിടിക്കാറില്ലയെന്ന ചൊല്ല് എവിടെയൊക്കെയോ സത്യമാകുന്നു...