**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, December 31, 2013

ഈ വര്‍ഷം ഇനി സമരമില്ല .......


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍          
    അങ്ങനെ ഒടുവില്‍ അതും സംഭവിച്ചു...സോളാര്‍ സമരം അവസാനിപ്പിച്ചു.... കൊണ്ടുനടന്നതും നീയേ ചാപ്പാ,,, കൊണ്ടുപോയിക്കൊല്ലിച്ചതും നീയേ ചാപ്പാ,,, എന്നേ മൊത്തത്തില്‍ നോക്കിയാല്‍ പറയാന്‍ കഴിയൂ.. ആരോപണങ്ങള്‍ എല്ലാം തുടങ്ങിയെടുത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു... പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ജ്യൂഡിഷ്യല്‍ കമ്മിഷന്‍ ഇപ്പോഴും കട്ടപുറത്തുതന്നെ.. മുഖ്യമന്ത്രിയുടെ ആപ്പിസും ഉള്‍പ്പെടുമെന്നത് ഉണ്ടയില്ലാ വെടിയായി.. എന്നിട്ടും സമരം വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍.... ശരിക്കുള്ള ഇരുത്തല്‍ പ്രകാരം; ഇനിയും ഈ സമരവുംകൊണ്ട് നടന്നാല്‍ ചൂലിനുള്ള അടിസാദ്ധ്യത കണ്ടതുകൊണ്ടാണ് ഈ പരമ്പര സമരം നിറുത്തിയതെന്നു ആം ആദ്മികള്‍ പറയുന്നു... ഒരു കണക്കിന് നന്നായി, അടുത്തവര്‍ഷം മുതല്‍ അനാവശ്യസമരങ്ങള്‍ ഉണ്ടാവില്ലെന്നും അത്യാവശ്യസമരങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും അതും ജനങ്ങളുടെ ഇടയില്‍ അഭിപ്രായസര്‍വ്വേ നടത്തി ഭൂരിപക്ഷതീരുമാനം ഉണ്ടെങ്കില്‍ മാത്രമേ സമരങ്ങള്‍ തുടങ്ങൂവെന്നും എല്ലാ രാഷ്ട്രിയപ്പാര്‍ട്ടികളും ഈ പുതുവര്‍ഷത്തില്‍ തീരുമാനം എടുക്കട്ടെ... എല്ലാ സമരങ്ങളും ജനത്തിനു വേണ്ടിയാണല്ലോ ആ ജനംതന്നെ തീരുമാനിക്കട്ടെ സമരങ്ങള്‍ വേണമോയെന്ന്... സദ്‌ഭരണം മൂലം ഈ തിരഞ്ഞെടുപ്പില്‍ അക്കൌണ്ടില്‍ സീറോ ആകാനാണ് സാദ്ധ്യതയെന്നു ഭരണവിഭാഗം ജ്യോതിഷികളും പ്രവചിച്ചിരിക്കുന്നു...സ്വയം വിലയിരുത്തലില്‍നിന്നും പാഠങ്ങള്‍ പഠിച്ചാല്‍ കൊള്ളാം....
  കുങ്കുമപ്പൂവ്,പാരിജാതം, സ്ത്രീ, മാനസപുത്രി തുടങ്ങിയ ഒരിക്കലും അവസാനിക്കാത്ത സീരിയലുകള്‍ കണ്ടു കണ്ണുതള്ളിയ പ്രേക്ഷകരുടെ മുന്നിലേക്കാണ്‌ മുഖ്യമന്ത്രിയുടെ രാജി അഥവ സോളാര്‍ സമരം എന്ന സീരിയല്‍സമരം ആരംഭിച്ചത്.. തുടക്കത്തില്‍ നല്ല റേറ്റിംഗ് ആയിരുന്നു... ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി രാജിയാവുമെന്നുവരെ കരുതിയതാണ്... ഓരിയിടല്‍,  വഴിതടയലുകള്‍, അര്‍ദ്ധരാത്രി സെക്രട്ടറിയേറ്റുവളയല്‍, കോലം കത്തിക്കല്‍, പന്തംകൊളുത്തി പ്രകടനം...തുടങ്ങിയ മുഖ്യധാര പ്രതിഷേധങ്ങളും.. സ്റ്റുഡിയോ റൂമുകളിലെ ചില ഭയങ്കര വെളിപ്പെടുത്തലുകള്‍, കാതില്‍ കിന്നരിക്കുന്ന ചില ക്യാമറ ദ്രെശ്യങ്ങള്‍. എന്നിങ്ങനെ കഥാ തിരക്കഥ മേഖലകളില്‍ തികഞ്ഞ വെറൈറ്റി പുലര്‍ത്തി  കേരളിയരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തിയ നിമിഷങ്ങള്‍ ഈ പരമ്പര സമരത്തില്‍ ധാരാളം ഉണ്ടായിരുന്നു.. സരിത, ശാലു, ബിജു ,പാവം പയ്യന്‍, കോപ്പന്‍, ചക്കുമോന്‍, സലിം രാജന്‍ തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും സാമാന്യം നല്ല രീതിയില്‍ അഭിനയിച്ചു... കേരളത്തില്‍ ആദ്യമായി നിരീക്ഷണ ക്യാമറകളും പ്രധാനവേഷത്തില്‍ എത്തിയ ഒരു പരമ്പരയായിരിന്നു ഇത്.. ഒരോ ദിവസത്തെയും വെളിപ്പെടുത്തലുകളുടെ ജയപരാജയങ്ങളെക്കുറിച്ചു വൈകുന്നേരം സകലമാന മലയാളം ചാനലുകളും ചര്‍ച്ചകള്‍ നടത്തി... പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന രീതിയില്‍ നായകകഥാപാത്രമായ മുഖ്യമന്ത്രി; കസേരയില്‍ ഒരേപിടുത്തം തുടര്‍ന്നപ്പോളാണ്... അനശ്ചിതകാല സെക്രട്ടറിയേറ്റ് വളയല്‍ എന്നൊരു പ്രത്യേക എപ്പിസോഡ് തന്നെ ഇറക്കിയത്... എതിരാളികള്‍ അതിനെ തൂറല്‍ സമരം എന്നാണ് വിശേഷിപ്പിച്ചത്‌.. അങ്ങനെ കേരളത്തില്‍ തൂറല്‍ സമരം എന്നൊരു സമരംതന്നെ ഉണ്ടായി...എന്നാല്‍ അനശ്ചിതകാലസമരം പലരെയും അനശ്ചിതത്വത്തിലാക്കി വെറും ഒന്നരദിവസംകൊണ്ട് നിറുത്തി... അതിനു പിന്നിലുള്ള ദുരൂഹത ബര്‍മ്മൂടാ ട്രയാംഗിള്‍ പോലെ ഇപ്പോഴും നിഗൂഢമായി തുടരുന്നു.. ഒരിക്കലും നടക്കാത്ത  ഒരുഗ്രന്‍ കമ്മീഷനെ വയ്ക്കാമെന്ന് സര്‍ക്കാര്‍ ഓഫാര്‍ കൊടുക്കുന്നു... സര്‍ക്കാരിനെ വിശ്വസിച്ച് പ്രതിപക്ഷം സമരംനിറുത്തുന്നു.. അന്ശ്ചിതകാലസെക്രട്ടറിയേറ്റ് സമരം സ്വപ്നംകണ്ട് ഭാണ്ടവും മുറുക്കി വന്ന അണികളെല്ലാം ഒന്നരദിവസം കൊണ്ട് മടങ്ങേണ്ടിവരുന്നു... സമരം വിജയിച്ചുവെന്ന് അന്നേ എല്ലാവര്‍ക്കും മനസ്സിലായതാണ്... പരിപാടി അന്നേ നിറുത്തിയിരുന്നുവെങ്കില്‍ പിന്നീട് നടന്ന സന്ധ്യാതാണ്ഡവവും കൊച്ചുമുതലാളിയുടെ അഞ്ചുലക്ഷവും ഇത്രകണ്ട് പ്രശസ്തമാവുകയില്ലായിരുന്നു... ഇതിനിടെ കരിങ്കൊടിസമരം നടത്തി ഒടുക്കം ഒരു സഖാവിന്‍റെ ജനനേന്ദ്രിയംവരെ തകരുന്ന അവസ്ഥവന്നു... എന്നിട്ടും നിറുത്തിയില്ല  തുടര്‍ന്ന്‍ ക്ലിഫ് ഹൌസ് ഉപരോധം എന്നൊരു ഊക്കാന്‍ സമരം തുടങ്ങി അവിടെയിതാ സന്ധ്യയെന്നൊരു പെണ്ണുമ്പിള്ള ബഹളം വയ്ക്കുന്നു.. തുടര്‍ന്ന്‍ വഴിതടയല്‍ സമരം എന്നത് ചെറുവാഹനങ്ങള്‍ കടന്നുപോകാനുള്ള വഴി കൊടുത്തുള്ള സമരമായി മാറി... ക്ലിഫ് ഹൌസിനു ഒരു കിലോമീറ്റര്‍ അകലെ കുറേ അണ്ണന്മാര്‍ രാവിലെ വരും, പത്തുമിനുട്ട് കുത്തിയിരിക്കും, പോലിസ് അറസ്റ്റ് നടത്തും, പിരിഞ്ഞു പോകും ഇതായിരുന്നു പരിപാടി..ഇതിനിടെ സമരത്തിന്‍റെ റേറ്റിംഗ് കുറഞ്ഞുകുറഞ്ഞ് നൂലുപോലെയായി... അന്തിപ്പത്രക്കാരന്‍ പോലും ഗൌനികാത്ത അവസ്ഥയായപ്പോള്‍,,, ടിം അതും പിന്‍വലിച്ചു,,ഇതിനെയാണ് വിജയം എന്നൊക്കെ പറയുന്നത്..
   ഇനിയിപ്പോ നിയമസഭയ്ക്കുള്ളിലാണ് സമരംപോലും..... വേണ്ടേ,,,, അതു വേണ്ടേ,,, അവിടെ സമരംചെയ്തും, ബഹളംവച്ചും, ഇറങ്ങിപ്പോക്ക് നടത്തിയും, അങ്ങോട്ടും ഇങ്ങോട്ടും പോര്‍വിളികള്‍ നടത്തിയും, രണ്ടുകൂട്ടരും സമയം കളയുമ്പോള്‍ ജനങ്ങളുടെ പൊതുഖജനാവിലെ പണമാണ്  ഉപകാരമില്ലാതെ കളയുന്നത്.. ജനകീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും, ജനോപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കാനും, വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് ജനപ്രതിനിധികളെന്ന പേരില്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്.. നിങ്ങളുടെ തറ രാഷ്ട്രിയം കളിക്കാനുള്ള വേദിയായി നിയമസഭയെ മാറ്റരുത്... ഭരണത്തിന്‍റെ മികവു കൊണ്ട് വരുന്ന ഇലക്ഷനില്‍ പച്ചതൊടുകയില്ലന്നു ഭരണപ്പാര്‍ട്ടിയുടെ കണക്കെടുപ്പുകള്‍ തന്നെ വ്യക്തമാക്കുന്നു... ഇനിയിപ്പോ പന്ത് നമ്മുടെ കോര്‍ട്ടിലേക്ക് തന്നെവരും അതുകൊണ്ട് ആരെയും പേടിക്കേണ്ടയെന്നു പ്രതിപക്ഷവും കരുതുന്നു... സത്യത്തില്‍ ജനംവീണ്ടും വിഡ്ഢികളാവുന്നു...
   നമ്മുടെ നിയമസഭ ഈ വര്‍ഷം ആകെ  കൂടിയത് വെറും 37 ദിവസമാണ്...എന്നാല്‍ അതിനു വന്ന ചിലവ് ഏതാണ്ട്  64 കോടി രൂപവരും.. എന്തൊക്കെ ചര്‍ച്ചകള്‍ സഭയില്‍ നടന്നു... എന്തൊക്കെ തീരുമാനങ്ങള്‍ എടുത്തു.. സഭ കൂടിയാലും ഇല്ലെങ്കിലും അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളം മുടക്കം കൂടാതെ കൊടുക്കണം... പൊലീസിന്‍റെ സുരക്ഷാക്രമീകരണത്തിനും, ചോദ്യോത്തരവും സബ്മിഷനുകളുടെ മറുപടിയും മറ്റു കുറിപ്പുകള്‍  തയ്യാറാക്കുന്നതിനും ഓരോ സമ്മേളനകാലത്തും വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിക്കുന്ന കോടികൾ മുകളില്‍ പറഞ്ഞ കോടികളില്‍ പെടുന്നില്ല.... അതുവേറെകിടക്കുന്നു. ഇത്രമാത്രം പണം മുടക്കി സഭ കൂടുമ്പോള്‍  അതില്‍ ജനങ്ങള്‍ക്ക് ഉപകരപ്പെടുന്ന എന്തെങ്കിലും വേണ്ടേ.. ...
ഈ സഭ നിലവിൽ വന്ന ശേഷമുള്ള സമ്മേളനങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം എത്ര  തവണ ഇറങ്ങിപ്പോയി. എത്ര  പ്രാവശ്യം നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തി. ഒരു മിനിട്ട് സഭ സമ്മേളിക്കുന്നതിന് ഖജനാവിൽ നിന്ന് 1230 രൂപയാണ്  ചെലവഴിക്കപ്പെടുന്നത്...അപ്പോള്‍  നിസാരകാര്യങ്ങൾക്കു പോലുമുള്ള  ഇറങ്ങിപ്പോക്കിനെ എങ്ങനെ ന്യായികരിക്കാന്‍ കഴിയും...  
 ഇതില്‍ ഏറ്റവും രസകരം സഭാനടപടികൾ തടസപ്പെട്ടാലും ഇറങ്ങിപ്പോക്ക് നടത്തുന്ന അംഗങ്ങൾക്കടക്കം  ദിവസവും 750 രൂപ വീതം സിറ്റിംഗ് അലവൻസ് ലഭിക്കും. സഭയില്‍ കൃത്യമായി വരാതെതന്നെ അടുത്ത ദിവസമെത്തി തലേദിവസത്തെ ഹാജർകൂടി രേഖപ്പെടുത്തി സിറ്റിംഗ് ഫീസ് വാങ്ങുന്ന പ്രതിനിധികളും ധാരാളം. തലസ്ഥാനത്തോട് അടുത്തുകിടക്കുന്ന  ജില്ലകളിൽ നിന്നുള്ള എം.എൽ.എമാർക്ക് ഒരു മാസം 40, 500 രൂപ ശമ്പളമായി ലഭിക്കും. മറ്റ് ജില്ലകളിലെ എം.എൽ.എമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്ററിന് എട്ടു രൂപ കണക്കില്‍ യാത്രാബത്തയും കിട്ടുന്നു... ഇതിനു പുറമേ സഭയുടെ കമ്മിറ്റികൾ ചേരുകയാണെങ്കിൽ സിറ്റിംഗ് ഫീസായി 750 രൂപ വേറെ ലഭിക്കും.
ഏതെങ്കിലും കമ്മറ്റിയില്‍ ഇല്ലാത്ത ഒരു പ്രതിനിധിയും ഉണ്ടാവില്ലയെന്നത് വേറെ കാര്യം.. നമ്മുടെ ജനപ്രതിനിധികള്‍ വായിച്ചു വളരാന്‍ പുസ്തകങ്ങൾ വാങ്ങാനായി  ഒരു വർഷം 15,000 രൂപയുടെ അലവൻസുണ്ട്.എന്തുപുസ്തകമാണ് ഇവര്‍ വായിക്കുന്നത്..അതുംകൂടി വെളിപ്പെടുത്തിയാല്‍ കൊള്ളാമായിരുന്നു.. വീടു വയ്ക്കാൻ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. വാഹനം വാങ്ങാൻ നൽകുക അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയാണ്. ഇതിനുപുറമേ കറന്റ് ഫോണ്‍ തുടങ്ങി ഇങ്ങേയറ്റം ചായ വട എന്നുവേണ്ട എല്ലാ അലവന്‍സുകളും കിടക്കുന്നു...
 നാട്ടില്‍  പട്ടിണിപ്പാവങ്ങള്‍ വരെ ഇമ്മാതിരിയുള്ള ഒരിളവും ലഭിക്കാതെ ജീവിക്കാനുള്ള വക കണ്ടെത്താന്‍ തത്രപ്പെടുമ്പോഴാണ് ഇങ്ങനെ ഇറങ്ങിപ്പോക്ക് നടത്താനും, തറ രാഷ്ട്രിയം കളിക്കാനും, പെണ്ണുപിടിക്കാനും വിദേശയാത്ര നടത്താനും നമ്മള്‍ പ്രതിനിധികളെ അയക്കുന്നത്.. പൊതുജനം കഴുതയാണെന്നു പറയുന്നതിലെ ഗുട്ടന്‍സ് അതാണ്‌... എന്തൊക്കെ തറവേല കാണിച്ചാലും നമ്മള്‍ ഇവരെ വീണ്ടുംവീണ്ടും ചുമക്കുന്നു...എന്തിനാണ് സാധാരണക്കാരനില്ലാത്ത ഇളവുകള്‍ ഭീമമായ ശമ്പളം പറ്റുന്ന ജനപ്രതിനിധികള്‍ക്ക് അനുവദിക്കുന്നത്.??.. ജനനേതാക്കള്‍ ജനങ്ങളെപ്പോലെ കഴിയണമെന്ന ആം ആദ്മി വാദത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.. വിലകൂടിയ വാഹനങ്ങള്‍ വാങ്ങിയും വിദേശയാത്രകള്‍ സംഘടിപ്പിച്ചും എമെര്‍ജിംഗ് കേരള പോലുള്ള കടലാസ്സ്‌ പദ്ധതികള്‍ കൊണ്ടുവന്നും കോടികള്‍ ദൂര്‍ത്തടിക്കുകയും ചെയ്യുന്ന ഒരു അധികാരി വര്‍ഗ്ഗം നമുക്കെന്തിനാണ്..?/. കിംഗ്‌ ഫിഷര്‍ പോലുള്ള കുത്തക ഭീമന്മാരുടെ കോടികള്‍ വരുന്ന വായ്പ്പകള്‍ ഇളച്ചുനല്‍കുകയും പതിനായിരം രൂപ വീടുനിര്‍മ്മാണത്തിനു വയ്പ്പ എടുത്ത് അടവുമുടങ്ങിയാല്‍ സാധാരണക്കാരന്‍റെ മടിക്കുത്തിനു പിടിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി നമുക്കെന്തിനാണ്.??.. നമുക്കു വേണ്ടുന്ന പദ്ധതികള്‍ നമ്മള്‍ തന്നെ തയ്യാറാക്കണം.. നമ്മുടെ നികുതിപ്പണം നമുക്ക് വേണ്ടി വിനയോഗിക്കണം... നമ്മുടെ ചിലവില്‍ തിന്നുകൊഴുക്കുന്ന  ഒരു ഭരണവര്‍ഗ്ഗത്തെ നമുക്കാവശ്യമുണ്ടോ.??.. എന്തുകൊണ്ട് ആംആദ്മി മോഡല്‍ കേരളത്തിലും പരീക്ഷിച്ചുകൂടാ..??. ഒരു വിത്യസ്തത എന്തുകൊണ്ട് ആഗ്രഹിച്ചുകൂട..
 എല്ലാ മുഖ്യാധാര രാഷ്ട്രിയപ്പാര്‍ട്ടികളും എതിര്‍പക്ഷത്തെ ചൂണ്ടി തങ്ങളുടെ അഴിമതി മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്... അവരുചെയ്തു; അതുകൊണ്ട് ഞങ്ങളും ചെയ്യുന്നുവെന്ന വാദം നിരത്തിയാണ് ജനങ്ങളെ പറ്റിക്കുന്നത്... അവര്‍ അഴിമതിചെയ്തു എന്നാല്‍ ഞങ്ങള്‍ അഴിമതിചെയ്യില്ലായെന്ന് ഇവരാരും പറയുന്നില്ല.. മറ്റവര്‍ ചെയ്തതുകൊണ്ട് ഞങ്ങളും ചെയ്യുന്നു; അതാണ്‌ വാദം.. ചുരുക്കത്തില്‍ ഇവരെല്ലാം ഒരേ തരക്കാര്‍ത്തന്നെ... അതിനൊരു മാറ്റം വരണമെങ്കില്‍ നമ്മുടെ സ്ഥാനാര്‍ഥികളെ നമ്മള്‍ തീരുമാനിക്കണം.. ഇവിടെയിപ്പോള്‍ നമ്മുടെ പ്രതിനിധികളെ രാഷ്ട്രിയ പാര്‍ട്ടികള്‍ തീരുമാനിക്കും..പാര്‍ട്ടികള്‍ തീരുമാനിക്കുന്നവര്‍ക്ക്  വോട്ടു ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.. അതുമാറണം...നമ്മുടെ സ്ഥാനാര്‍ഥികളെ ജനകീയ അഭിപ്രായങ്ങളിലൂടെ നമ്മള്‍ തന്നെ കണ്ടെത്തണം.. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അത് വിജയകരമായി നടത്തികാണിച്ചു... പാര്‍ട്ടിനോക്കിയും കുടുബവാഴ്ച്ച അടിസ്ഥാനപ്പെടുത്തിയും വിജയിക്കുന്ന പ്രതിനിധികള്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നില്ല... നോക്കൂ,,,,പതിമ്മൂന്നാം നിയമസഭ 2011 ൽ തുടങ്ങിയപ്പോൾ 55 ദിവസം സമ്മേളിച്ചു. 2012 49 ദിവസമായി ചുരുങ്ങി. ഈ വർഷം വെറും 37 ദിവസം. ഒരു കാര്യത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ധനാഭ്യർത്ഥനകളിൽ 45 എണ്ണത്തിൽ 36 എണ്ണവും ചർച്ച കൂടാതെയാണ് പാസാക്കിയത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലുകളുടെ എണ്ണവും വളരെ കൂടി. ഫലപ്രദമായ ചർച്ചയോ സംവാദമോ നടത്തുന്നതിന് പകരം അംഗങ്ങൾക്ക് ഇറങ്ങിപ്പോക്ക് നടത്തുന്നതിലും നടുത്തളത്തിലിറങ്ങി സഭ തടസപ്പെടുത്തുന്നതിലുമാണ് താത്പര്യം. സഭയില്‍ ചര്‍ച്ച നടക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാനുള്ള ഒരു തയ്യാറെടുപ്പും കൂടാതെ ഉത്സവപറമ്പുകളില്‍ തമ്മിലടി നടത്തുന്ന ചന്തക്കൂട്ടങ്ങളെപ്പോലെ പരസ്പരം വാടാപോടാ വിളികള്‍ നടത്തി സഭ സ്തംഭിപ്പിക്കാനാണ് പലര്‍ക്കും തിടുക്കം... രാഷ്ട്രപതിയുടെ സഭാ സന്ദര്‍ശനവേളയില്‍ സീറ്റിലിരുന്നു കൂര്‍ക്കം വലിക്കുന്ന  മന്ത്രിമാരെ നമ്മള്‍ കണ്ടതാണ്.. ഇതിനാണോ ഇവരെ നാം തിരഞ്ഞെടുത്ത് അയയ്ക്കുന്നത്... പെരുമാറ്റ ചട്ടം അനുസരിച്ച് നടുത്തളത്തിലിറങ്ങുന്നതും മുദ്രാവാക്യം വിളിക്കുന്നതും ശിക്ഷാർഹമായ നടപടിയായിട്ടാണ് പറഞ്ഞിരിക്കുന്നത്..പക്ഷെ ഒരു നടപടിയും ഉണ്ടാവാറില്ലായെന്നു മാത്രം...

  തങ്ങളെ തിരഞ്ഞെടുത്ത ജനം വെറും വിഡ്ഢികളും വിവരദോഷികളുമാണെന്നുള്ള ധാരയാണ് ഇതിനൊക്കെ കാരണം,, എന്തു നാറിയ ഇടപാടുകള്‍ നടത്തിയാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പല്ലിളിച്ചുകാണിച്ചാല്‍ മതി ഈ പൊട്ടന്മാര്‍ ഒക്കെ മറുന്നുകൊള്ളുമെന്ന സ്ഥിരംപ്രതിനിധികളുടെ ധാരണ മാറ്റിക്കൊടുത്താല്‍ മാത്രമേ..ഒരു ജനകീയ ഭരണം സാദ്ധ്യമാവൂ.. വോട്ടു ചെയ്യുക, ജയിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ജനാധിപത്യഭരണത്തില്‍ ജനങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന തരത്തിലുള്ള നടപ്പു രാഷ്ട്രിയപ്പര്‍ട്ടികളുടെ രീതികള്‍ ഇനിയെങ്കിലും  തച്ചുടയ്ക്കപ്പെടണം  ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍ കൊളുത്തിയത് അത്തരമൊരു പ്രതീക്ഷയാണ്... പുതുവര്‍ഷത്തില്‍ ഇത്തരം പ്രതീക്ഷകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...

Saturday, December 28, 2013

അവിടെ മ ആനന്ദമയി; ഇവിടെ അടിയാണ് ജീവിതം...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
    ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;... തെന്നിന്ത്യന്‍ നടി രഞ്ജിത സന്യാസം സ്വീകരിച്ചു.. തുടര്‍ന്ന്‍  ബംഗ്ലൂരിനുസമീപം ബിഡദിയിലെ നിത്യാനന്ദ ധ്യാനപീഠം ആശ്രമപരിസരത്ത് നടന്ന കൂട്ടത്തല്ലില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു... വിവാദസ്വാമി നിത്യാനന്ദയാണ് രണ്ജിതയ്ക്ക് സന്യാസദീക്ഷ നല്‍കിയത്.. തുടര്‍ന്നാണ്‌ സ്വാമിയുടെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടിവിരുന്നുനല്‍കിയത്... ആവശ്യംപോലെ തല്ലുമേടിച്ച മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും തകര്‍ത്തുവെന്ന് പറയപ്പെടുന്നു.ഒടുവില്‍ പോലിസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്... രഞ്ജിത ഇനിമുതല്‍ ‘ ആനന്ദമയി’ എന്നായിരിക്കും അറിയപ്പെടുക...ഇന്ത്യയിലെ മറ്റൊരു ആശ്രമത്തിലും ലഭിക്കാത്ത ‘അടി പ്രസാദം’ ഇനിമുതല്‍ ജ്ഞാനപീഠം ആശ്രമത്തില്‍ നിന്നും ആവശ്യക്കാര്‍ക്ക് വാങ്ങാവുന്നതാണ്... അടിപ്രസാദം വാങ്ങി ചതവ് പറ്റിയവര്‍ക്കുള്ള ഉഴിച്ചാല്‍ കേന്ദ്രവും ഉടനെ തുറക്കുന്നതായിരിക്കും.. ‘മ’ ആയിരിക്കും ഉഴിച്ചിലിനു നേതൃത്വം കൊടുക്കുന്നതെന്ന വാര്‍ത്ത ഭക്തര്‍ ആഹ്ലാദാരവം മുഴക്കിയാണ് സ്വീകരിച്ചത്..  സ്വാമി നിത്യാനന്ദയും രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി. 2010 മാര്‍ച്ച് രണ്ടിനാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്. വീഡിയോ ദൃശ്യം കൃത്രിമമാണെന്ന്  രഞ്ജിതയെന്ന ആനന്ദമയി ആരോപിക്കുന്നു...
  സന്യാസദീക്ഷ സ്വീകരിക്കുകയെന്നത് പൊതുവില്‍ മഹത്തായ ഒരു കര്‍മ്മവും, അതില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യവുമായി കരുതുന്നവരുടെ ഇടയിലേക്കാണ്‌... ദീക്ഷ സ്വീകരണവും തുടര്‍ന്ന്‍ നടന്ന കൂട്ടയടിയും വളരെയധികം  പുതുമ സൃഷ്ടിക്കുന്നു... ഇതും ‘ഡൈനമിക് മെഡിറ്റെഷന്‍റെ’ ഒരു ഭാഗമാകാനാണ് സാദ്ധ്യത... കുറേനേരം ഒരേയിരുപ്പിനെത്തുടര്‍ന്ന്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്ന അധോവായുവിനെ പുറത്താക്കാനുള്ള ഒരു ചലനമെന്ന രീതിയിലാണ് അനുയായികളുടെ ഇളക്കത്തെ കാണേണ്ടത്... അതുമൂലമുണ്ടായ കാന്തിക മണ്ഡലത്തിന്‍റെ വിസ്പ്പോടനത്തില്‍പ്പെട്ട  ആളുകള്‍ക്കാണ് തല്ലുകിട്ടുന്നതായി അനുഭവപ്പെട്ടത്..യാഥാര്‍ത്ഥ്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല..എല്ലാം വെറും മായ... നിത്യാനന്ദസ്വാമി ശരണം... ആശ്രമകേളികള്‍ എന്ന സീഡിയില്‍ ഇതിനെക്കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.. സീഡിയുടെ വിതരണം ഉടനെയുണ്ടാകും... അതോടുകൂടി അനുയായികളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം പ്രതീക്ഷിക്കാം... മലയാളത്തിലെ എല്ലാ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ്  രഞ്ജിത; മ-ആനന്ദമായിയായ വിവരം നാട്ടുകാരെ അറിയിച്ചിച്ചിരിക്കുന്നത്‌.. ഇനിയിപ്പോ പൂജയ്ക്കോ ഹോമത്തിനുമൊക്കെ ബുക്കിംഗ് ആരംഭിക്കാം....തകിട്, ഏലസ്, വശീകരണയന്ത്രം, ധനാഗമനയന്ത്രം തുടങ്ങിയവ തപാലില്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടുകയും ആവാം..
 ഒരു മനുഷ്യന് നന്നാവാന്‍ തീരുമാനിച്ചാല്‍ അതിനും സമ്മതിക്കില്ലായെന്നു വെച്ചാല്‍ എന്തുചെയ്യും...തല്ലുമേടിച്ചേ അടങ്ങുവെന്നുവെച്ചാല്‍ കൊടുത്തേ മതിയാവൂ... മഗ്ദലനമറിയം മുതല്‍ വാസവദത്ത വരെ നന്നായെങ്കില്‍ എന്തുകൊണ്ട് രഞ്ജിതയ്ക്ക് സന്യാസം സ്വീകരിച്ചുകൂടാ... ചന്ദ്രസ്വാമി, ആശാറാം ബാപ്പു, സന്തോഷ്‌ മാധവന്‍ തുടങ്ങിയ മഹാനീയന്മാര്‍ വാത്സ്യായന പൂജകള്‍ നടത്തിയെങ്കില്‍ എന്തുകൊണ്ട് നിത്യാനന്ദയ്ക്കും നടത്തിക്കൂടാ... ഖുജരാഹോയിലെ രതിശില്പങ്ങള്‍ ഭക്തിപുരസ്സരം നോക്കിക്കാണുന്ന അതേ കണ്ണുകള്‍ക്ക് എന്തുകൊണ്ടാണ് നിത്യാനന്ദ സ്വാമികളുടെ പകര്‍ന്നാട്ടങ്ങള്‍  കുറ്റകരമായിത്തൊന്നുന്നത്.. ഭോഗവും യോഗവും ചേര്‍ന്നതാണ് നിര്‍വാണമെങ്കില്‍ ഇതൊന്നും കുറ്റമല്ല..ഖുജരാഗോ ശില്പങ്ങളെ ജീവസുറ്റതാക്കുകയാണ് സ്വാമി ചെയ്തത്... ശിഷ്യനെന്ന പേരിനുപോലും യോഗ്യനല്ലാത്ത, കിട്ടാത്തമുന്തിരി പുളിച്ച ഏതോ ഒരജ്ഞാനി സ്വാമി നടത്തിയ ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഷോ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിട്ടു; അതുകണ്ട പ്രേക്ഷകലക്ഷങ്ങള്‍ അതിനുപിന്നിലുള്ള യഥാര്‍ത്ഥ ഉദേശ്യം മനസിലാക്കാതെ നിത്യാനന്ദയെ കുറ്റംപറഞ്ഞു.... മനസിലാക്കിയ പുണ്യാത്മാക്കള്‍  ഇപ്പോഴും ശിഷ്യരായി തുടരുന്നു... നിര്‍,,,, വാണം; അതാണ് ലൈറ്റ് ആന്‍ഡ്‌ ഷോയില്‍ നടത്തിയാതെന്നു സ്വാമിജി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്...എന്നിട്ടും ജനം അദേഹത്തെ അവിശ്വസിക്കുന്നു...  പെണ്ണുകേസിലും പറ്റീരുകേസിലുമൊക്കെ കുറേ ആള്‍ ദൈവങ്ങള്‍ അകത്തുപോവുകയോ കളംവിടുകയോ ചെയ്തതിനാല്‍ ഇക്കാലമത്രെയും ഈ രംഗത്തു വല്ലാത്തൊരു ശൂന്യതനിലനിന്നിരുന്നു.. ഇനിയത് മാറുമെന്നു പ്രതീക്ഷിക്കാം... കേരളത്തിലെ നിത്യാനന്ദ ധ്യാനപീഠത്തിലെ അധികാരിയയായി രഞ്ജിത ഉടനെവരുമെന്ന് കരുതുന്നു..തുടര്‍ന്ന്‍ ആശുപത്രികള്‍ കോളേജുകള്‍ തുടങ്ങി എല്ലാം പിറകെ വരും.. നമ്മുടെ രാഷ്ട്രിയക്കാരും നേതാക്കളുമൊക്കെ അനുഗ്രഹം വാങ്ങാനും കെട്ടിപ്പിടിക്കാനും ക്യൂ നില്‍ക്കുകയും ചെയ്യും... അനുയായികള്‍ ഉള്ളകാലത്തോളം ഒരു ആള്‍ ദൈവത്തിനും ആരെയും പേടിക്കേണ്ട...
 സന്യാസമെന്നാല്‍ മനസ്സില്‍ ചിന്തകള്‍ ഇല്ലാതിരിക്കുക എന്നതാണ്.എല്ലാ ആഗ്രഹങ്ങളും ചിന്തകളും ഉപേക്ഷിച്ച് തന്നിലേക്ക് തന്നെയാത്രയാകുമ്പോള്‍ ഒരു സന്യാസി പിറക്കുന്നു. മനുഷ്യജീവിതത്തിന് ശുഭപര്യവസായിയായ ഒരു അവസാനം കണ്ടെത്തുന്നതിലേക്കായി രൂപപ്പെടുത്തിയ പതിനാറു (ഷോഡശക്രിയകള്‍) വഴിത്തിരുവുകളില്‍ പതിനഞ്ചാമത്തെതാണ് സന്യാസം... വ്രതം,യജ്ഞം,തപസ്സു,ധനം,ഹോമം,സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുതെന്നും . ധർമബോധവും ആചാരശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്രത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു.വളരെ അര്‍ഥപൂര്‍ണ്ണമായ ഒരു ജീവിതാന്തസ്സിനെ കള്ളന്മാരുടെ ഒളിസങ്കേതമായി മാറ്റാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ സന്യാസിയെ കണ്ടെത്താന്‍ കഴിയൂ.... ചെയ്തികള്‍ മനസ്സിലാക്കി കുഞ്ഞാടിനെയും ചെന്നായേയും തിരിച്ചറിയാനുള്ള കഴിവ് പൊതുസമൂഹം ആര്‍ജിക്കേണ്ടിയിരിക്കുന്നു... ക്രമമായ ജീവിതചര്യയിലൂടെ സന്യാസത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവരെയും കപടകാഷായ വേഷങ്ങളെയും തിരിച്ചറിഞ്ഞ് വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ ഇനിയും ശ്രദ്ധചെലത്തേണ്ടിയിരിക്കുന്നു.. ആത്മിയതയിലെ കള്ളനാണയങ്ങളെ വളര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങളും വഹിക്കുന്നുണ്ട്...ആള്‍ ദൈവങ്ങളുടെ അനാവശ്യമായ വാര്‍ത്തകള്‍ക്ക് പബ്ലിസിറ്റികൊടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ വേരൂന്നാന്‍ അവരെ സഹായിക്കുന്ന നിലപാടുകളെടുക്കുന്ന മാധ്യമങ്ങള്‍ക്ക് ഇടയ്ക്കൊരു തല്ലുകിട്ടുന്നതും നല്ലതാണ്..വഴിമാറി സഞ്ചരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലായി കൂട്ടിയാല്‍ മതി..  അത്യാവശ്യം; സത്യധര്‍മ്മ ബോധനങ്ങള്‍ പാലിക്കുന്നവര്‍ക്ക്‌ ശീലിക്കാനുള്ള ഒരു ചര്യയാണ് സന്യാസം.. അതിനെ പലതും ഒളിപ്പിക്കാനുള്ള മറയായി കൊണ്ടുനടക്കുന്നവര്‍ക്ക്   ഭക്തരേന്നപേരില്‍ ഒരു ഗുണ്ടാപ്പടയേത്തന്നെ ഗെയിറ്റിനു കാവലിനായി വളര്‍ത്തേണ്ടിവരുന്നു..
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രഞ്ജിത സന്യാസം സ്വീകരിക്കുന്ന ജ്ഞാനപീഠത്തില്‍ പോയി തല്ലുകൊള്ളേണ്ട വല്ല ആവശ്യവും ഈ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടോ...അവരായി അവരുടെ പാടായിക്കരുതിയാല്‍ പോരെ.... പറ്റില്ല; പഴയ മന്മഥലീലകള്‍ വല്ലതും കാണാന്‍ പറ്റുമോയെന്നോര്‍ത്തുചെന്ന്‍  മാ ആനന്ദമയിയുടെ ആദ്യാനുഗ്രഹം തല്ലിന്‍റെ രൂപത്തില്‍ കിട്ടിയപ്പോള്‍ സന്തോഷമായി... മലയാളത്തിലെ ആര്‍ക്കൊക്കെ തല്ലുകിട്ടിയെന്ന്‍ പിന്നീടറിയാം... കര്‍ണ്ണാടക ആശ്രമത്തില്‍ മാ ആനന്ദമായിയുടെ തല്ലുപ്രസാദമാണ് കിട്ടിയതെങ്കില്‍ ഇങ്ങു കേരളനാട്ടില്‍ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ഈ വര്‍ഷത്തെ അവസാന തല്ലുപ്രസാദം മാഹിയില്‍വെച്ചു കൊടുത്തതായാണ് വാര്‍ത്ത...പരസ്യമദ്യപാനാത്തിനിടെ നമ്മുടെ ‘കടിയല്ല ജീവിതക്കാരേ’ നാട്ടുകാര്‍ കൈവെച്ചുവെന്നാണ് അവസാനവിവരം..ഇക്കാര്യത്തില്‍ ബ്രേക്കിംഗ് ന്യൂസുമില്ല ഫ്ലാഷ് ന്യൂസുമില്ല... നാട്ടുകാരെ മുഴുവന്‍ നന്നാക്കാന്‍ ശ്രമിച്ചു ക്ഷീണിച്ചപ്പോള്‍ ബോറടി മാറ്റാന്‍ സ്മോളടി നടത്തിക്കൊണ്ടിരുന്ന പാവങ്ങളെ  നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിപോലും... മാത്രമല്ല വീഡിയോ പിടിച്ചു ഇന്റര്‍നെറ്റിലും ഇട്ടു... എന്തൊരു ലോകം,,,,,,,,,,,,,,ഇനിയിപ്പോ  കടിയല്ല ജീവിതം; അടിയാണ് ജീവിതമെന്നൊരു പരമ്പര തുടങ്ങാം... കണ്ണാടിവഴി തല്ലുകിട്ടിയവര്‍ക്കുള്ള ധനസഹായം അയക്കാനുള്ള സൗകര്യമുണ്ട്.. ആഗ്രഹമുള്ളവര്‍ക്ക് ചെക്ക് അയക്കാം.....തല്ലിനെക്കുറിച്ചുള്ള വിശദവിവരം അടുത്ത കവര്‍സ്റ്റോറിയില്‍ പ്രതീക്ഷിക്കാം...ഒളിക്യാമറയും ട്രൂ കോളറുമൊക്കെയായി നാട്ടുകാരുടെ പിറകെ നടക്കുമ്പോള്‍ ഇതേ നാട്ടുകാര്‍ നമ്മളേയും നിരീക്ഷിക്കുന്നുണ്ടെന്നു മാഹിയിലെ തല്ലുപ്രസാദം ഓര്‍മ്മപ്പെടുത്തിയാല്‍ നന്ന്... ഓവി വാനുകള്‍ സഞ്ചരിക്കുന്ന ബാറുകളായാല്‍ പരമ്പരയ്ക്ക് ‘അടിയാണ് ജീവിതമെന്നു’  പേരുമാറ്റേണ്ടിവരും.... ജാഗ്രതെ,,, .............

Tuesday, December 24, 2013

മകളെ; ഈ പോര്‍ഷെ നാടിനുവേണ്ടിയാണ്,നാട്ടുകാര്‍ക്കുവേണ്ടിയാണ്..


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
‘എന്‍റെ കുട്ടി നീ വിഷമിക്കാതെ എല്ലാം സുഖമാകും ..ഞങ്ങളെല്ലാം നിന്‍റെ കൂടെയുണ്ട് ..നമുക്കീ രോഗം ഭേധമാക്കേണ്ടേ.... നിനക്ക് പഠിക്കേണ്ടേ... നിന്‍റെ സ്വപ്നങ്ങളിലെ വലിയ ചിത്രകാരിയാകേണ്ടേ..’
  ആവണം മാഷേ ..പക്ഷെ എനിക്ക് പേടിയാവണു..എന്‍റെ ഓപ്പറെഷനുള്ള പണം എവിടുന്നു ഉണ്ടാകും..പപ്പായ്ക്ക് അതിനു കഴിയുമോ,,,,,
  മോള് വിഷമിക്കേണ്ട ,,പണമൊക്കെ നമുക്ക് ഉണ്ടാക്കാം..അതിനു ഞങ്ങള്‍ എല്ലാവരും നിന്‍റെ പപ്പായുടെ കൂടെയുണ്ട്..
ക്ലാസ്സിലെ കുട്ടികളില്‍ മിടുക്കിയായിരുന്നു അവള്‍..... വലിയൊരു ചിത്രകാരിയാവണം രവിവര്‍മ്മയെപ്പോലെ വന്ഗോഗിനെപ്പോലെ ലോകമറിയണം ........ അവളുടെ എല്ലാ ചിത്രങ്ങളിലും പലനിറങ്ങളില്‍ മങ്ങിയുംതെളിഞ്ഞു വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു വാക്യമുണ്ടായിരുന്നു “””ഒരിക്കല്‍ ലോകം നിങ്ങളെ തിരിച്ചറിയും..അല്പം വൈകിയാല്‍ പോലും..””.
തുടര്‍ച്ചയായി വരുന്ന പനിയും തലവേദനയുമായിരുന്നു ആദ്യലക്ഷണം.... നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും കിട്ടുന്ന കുപ്പിമരുന്നും വേദന സംഹാരിഗുളികകളും എപ്പോഴും ബാഗില്‍ കാണാം..അസുഖം പിന്നെയും കൂടിയപ്പോള്‍ ഒരു വിദഗ്ധപരിശോധന നടത്തി കാരണം കണ്ടുപിടിച്ചു. രോഗം ക്യാന്‍സറാണ് .............
കീമോയ്ക്ക് ശേഷം കിടപ്പിലായ  എന്‍റെ വിദ്യാര്‍ഥിയേക്കാണാന്‍ കുറച്ചു പഴങ്ങളുമായി ഞാന്‍ അവളുടെ വീട്ടിലെത്തി....തലയിലെ മുടിയെല്ലാം പോയിരിക്കുന്നു... കണ്‍പീലികളും പുരികവും വളരെ നേര്‍ത്തതായിരിക്കുന്നു.. മുഖത്തെ പുഞ്ചിരിമാത്രം ബാക്കിയുണ്ട്..ഉള്ളില്‍ തോന്നിയ വിഷമം ഒരു കരച്ചിലായി പുറത്തുവന്നെങ്കിലും പാടുപെട്ടത് ഒരു പുഞ്ചിരിയാക്കി മാറ്റി.. എങ്കിലും കണ്ണില്‍നിന്നും ഒരു തുള്ളിക്കകണ്ണൂനീര്‍ പൊടിഞ്ഞു... താഴ്ന്ന വരുമാനക്കാരായ അച്ഛനുവമ്മയും തങ്ങളുടെ വിഷമത്തിനിടയിലും പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു... മകളുടെ ചികല്സയ്ക്ക് പോയതിനാല്‍ ഒരു മാസമായി ജോലിക്ക് പോയിട്ട്.... വേറെ വരുമാനങ്ങള്‍ ഒന്നുമില്ല... വീടുംപറമ്പും ബാങ്കിലാണ്..എല്ലാത്തിനും ഒടുവില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് നിശബ്ദതയില്‍ അവശേഷിച്ചത്...നാളെ മുതല്‍ പണിക്ക് പോകണം..മകളെ എങ്ങനെയും സുഖമാക്കണം....ആ അച്ഛന്‍ പറഞ്ഞു നിറുത്തി... അവളെ ഒരിക്കല്‍ക്കൂടിക്കണ്ടു യാത്രപറഞ്ഞു പോരുമ്പോള്‍ ഉള്ളില്‍ ചില തീരുമാനങ്ങളെടുത്തിരുന്നു..
 ചികല്സയ്ക്ക് നല്ലൊരു തുകവേണം ..അധ്യാപകരെല്ലാം തങ്ങളുടെ ഒരു മാസത്തെ ശമ്പളം മാറ്റിവെച്ചു...കുട്ടികള്‍ അവര്‍ക്ക് കിട്ടുന്ന ഓരോ ചില്ലിക്കാശും സൂക്ഷിക്കാന്‍ തുടങ്ങി.. പെട്ടിക്കടക്കാരന്‍ കുട്ടന്‍ കച്ചവടം കുറഞ്ഞതില്‍ പരിഭവം പറഞ്ഞു.. ഓരോ ക്ലാസ്സിലും അവള്‍ക്കായി ഓരോ ചെറിയ കുടുക്കകള്‍ വച്ചു..എല്ലാ രാവിലെകളിലും കുടുക്കകളില്‍ ചില്ലറകള്‍ വീഴുന്നശബ്ദം സ്കൂള്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ കേള്‍ക്കാം ..നാട്ടുകാര്‍ അവള്‍ക്കായി ബാങ്കില്‍ ഒരു അക്കൌണ്ട് തുടങ്ങി..സോഷ്യല്‍ മീഡിയകളിലൂടെ അവള്‍ക്കായി സഹായഭ്യര്‍ഥനകള്‍ പ്രവഹിച്ചു... നിരവധി തവണത്തെ അഭ്യര്‍ഥനപ്രകാരം അധികാരകേന്ദ്രങ്ങളില്‍ നിന്നും അനുവദിക്കപ്പെട്ട സഹായധനം കുട്ടികളുടെ കുടുക്കയില്‍വീണ ചില്ലിക്കാശിനെക്കാള്‍ താഴെയായിരുന്നു.അവര്‍ക്ക് അത്രയേ കൊടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് നിലപാട്. എങ്കിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് ..അവള്‍ക്കു വേണ്ടിയുള്ള പണം എങ്ങനെയും കിട്ടും..അവള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയും..
  പത്രമെടുത്ത്‌ നോക്കിയാല്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള നിരവധി അപേക്ഷകളാണ് ദിനംപ്രതി കാണുന്നത്..കുടുംബത്തിന്‍റെ ഏക ആശ്രയങ്ങളും, കുട്ടികളും എല്ലാം ജീവിതത്തിലേക്ക് തിരിച്ചുവരാനാണ് സഹായം അപേക്ഷിക്കുന്നത്..  മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയില്‍ നൂറു കണക്കിനാളുകളാണ് നേരംവെളുക്കുമ്പോള്‍ മുതല്‍ ആംബുലന്‍സും കൂട്ടി കാത്തുകിടക്കുന്നത്.. എല്ലാ മുഖങ്ങളും എന്തെങ്കിലും സഹായം കിട്ടും എന്ന പ്രതീക്ഷയിലാണ് വരുന്നത്.. ചികല്‍സയ്ക്കുചിലവ് വരുന്ന തുകയുടെ പത്തുശതമാനം പോലും സഹായംകിട്ടാതെ വരുമ്പോള്‍ പലരും വിധിയെ പഴിച്ചുകൊണ്ട് മടങ്ങി പോകുന്നു.. ഒരു സഹായവും കിട്ടാത്ത ചിലര്‍ മനംമടുത്ത് ജീവിതം അവസാനിപ്പിച്ചതും കണ്ടതാണ്... എല്ലാ ശാരിരിക അസുഖകങ്ങള്‍ക്കും മുഖ്യമായും പണത്തിന്‍റെ  അഭാവമാണ് കാണുന്നത്.. സര്‍ക്കാരിനും പണത്തിന്‍റെ കാര്യത്തില്‍ പരിമിതികള്‍ മാത്രമാണ് പറയാനുള്ളത്.. ശമ്പളം കൊടുക്കാന്‍പോലും പണമില്ല... പെന്‍ഷനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് അതും മുടങ്ങുന്നു... അങ്ങനെ എല്ലാത്തരത്തിലും നാട്ടില്‍ പണത്തിന്‍റെ കുറവ് അനുഭപ്പെടുമ്പോള്‍ നാടുഭരിക്കുന്ന മന്ത്രിമാര്‍ ആര്‍ഭാടത്തിന്‍റെ അങ്ങേയറ്റം കാണിക്കുമ്പോള്‍ എന്തു പറയണം... നട്ടെല്ലോടിഞ്ഞു മലക്കിടപ്പില്‍ക്കിടക്കുന്ന കുടുംബനാഥന് വെറും ആയിരത്തിയഞ്ഞൂര് ഉലുവ സഹായധനം കൊടുക്കുമ്പോള്‍.. നയാപൈസ സഹായം കിട്ടാതെ ആളുകള്‍ അതമഹത്യ ചെയ്യുമ്പോള്‍,,  റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കുലുക്കം അറിയാതിരിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ കോടികള്‍ വിലമതിക്കുന്ന ആഡംബരക്കാറുകളില്‍ കൊടിവെച്ചു പറക്കുന്നു.. വ്യവസായമന്ത്രി പറക്കുന്ന കാറിനു വില കോടിക്ക് മുകളില്‍... എന്തേ സാറേ; പ്ലാവിലകുത്തി കഞ്ഞികുടിക്കുന്ന ജനങ്ങളുടെ മുന്നില്‍ ഇത്ര ആഡംബരം കാണിക്കണമോയെന്നുള്ളതാണ് ചോദ്യം...ഇക്കാര്യത്തില്‍ ഒരു വന്‍കിടമുതലാളി സഞ്ചരിക്കുന്നതുപോലെ ജനാധിപത്യത്തിലെ മന്ത്രി സഞ്ചരിച്ചാല്‍ അതിലൊരു ശരികേടുണ്ട്..
 രാഷ്ട്രീയമെന്നത് രാഷ്ട്രത്തെസംബന്ധിക്കുന്നതില്‍ കവിഞ്ഞ് വ്യക്തികളെ പൂജിക്കാനുള്ള വേദിയായിമാറുമ്പോള്‍ രാഷ്ട്രിയത്തിലെ ആ ഈയം എന്‍റെ ചെവികളില്‍ ഉരുക്കിയൊഴിക്കപ്പെടുന്നു, എന്‍റെ കണ്ണുകളെ അന്ധമാക്കുന്നു... പിന്നെ ‘ഞാന്‍’ ഇല്ല... പകരം  ചെല്ലിത്തരുന്നതെന്തും യാന്ത്രികമായി ഏറ്റുചൊല്ലുന്ന വെറും യന്ത്രംമാത്രം.. അങ്ങനെ വരുമ്പോള്‍ ..മന്ത്രി എന്‍റെ നേതാവാണ്‌, ദൈവമാണ്..... എന്‍റെ ദൈവം പോര്ഷയില്‍ സഞ്ചരിച്ചാല്‍ ആര്‍ക്കാണ് സൂക്കേട്..?  അതിനെതിരെ  ചില അലവലാതികള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നുണ്ടെങ്കിലും എനിക്കതില്‍ അഭിമാനമാണ് തോന്നുന്നത്. നമ്മുടെ ഒരു മന്ത്രി ഒരുകോടിയോളം വിലവരുന്ന കാറിലാണ് കക്കൂസ് ഉത്ഘാടനത്തിനു വരുന്നതെന്ന് പറയുമ്പോള്‍; എന്‍റെ വീട്ടില്‍ സ്വര്‍ണ്ണംകറക്കുന്ന ഒരു പശുവുണ്ടെന്നു നാട്ടുകാരോട് പറയുമ്പോള്‍ കിട്ടുന്ന അതേ സംതൃപ്തി തോന്നുന്നുണ്ട്.. കുറച്ചു മുന്പ് മറ്റൊരു മന്ത്രി കേരളത്തിലൂടെ സഞ്ചരിക്കാന്‍ ലണ്ടന്‍ ടാക്സിയാണ് ഇറക്കിയത്.. അങ്ങനെ ജനം കാണാത്ത പുതിയപുതിയ മോഡലുകള്‍ മന്ത്രിമാര്‍ നിരത്തിലിറക്കട്ടെ.. നമുക്കും ഇതൊക്കെയൊന്നു കാണാല്ലോ... ഇതൊക്കെ ഈ നാടിന്‍റെ വികസനത്തിന്‌ ഒരു തടസ്സമാണോ,,?? അല്ലേയല്ല... ഇതൊക്കെകൊണ്ടുതന്നെ കേരളത്തില്‍ ചിലരുടെയൊക്കെ ആമാശയവും കീശയും വ്യാവസായികമായി വളരെയധികം  വികസിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട..
 നിലവില്‍ സഞ്ചരിക്കാന്‍ ബെന്‍സുകാറുണ്ടായിട്ടും; അതു പഴയഗവര്‍ണ്ണര്‍ സഞ്ചരിച്ചിരുന്നതായിരുന്നതുകൊണ്ട് എനിക്ക് പുതിയ ടയോട്ട കാമ്രിതന്നെ വേണമെന്നുപറഞ്ഞ് നമ്മുടെ പുതിയഗവര്‍ണ്ണര്‍സാര്‍ സര്‍ക്കാരുമായി ഉടക്കിയിരുന്നു.. ഒടുവില്‍ മുപ്പതുലക്ഷം രൂപമുടക്കി പുതിയ കാമ്രിതന്നെ വാങ്ങികൊടുത്താണ് ഉടക്ക് തീര്‍ത്തത് ..ഇല്ലെങ്കില്‍ ഗവര്‍ണ്ണര്‍ ഒപ്പിടേണ്ട പല ബില്ലുകളും പോയപോലെ ഇങ്ങു മടങ്ങിവരും.. ബെന്‍സില്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ തന്നെ തൊണ്ണൂറുലക്ഷത്തിന്‍റെ പുതിയ ഓഡിക്കാര്‍ വേണമെന്നായിരുന്നു പഴയ ഗവര്‍ണ്ണരുടെ ആവശ്യം ...അത് നടക്കാത്തതുകൊണ്ടാണോയെന്നറിയില്ല; എന്തോ, അങ്ങേര് പായും മടക്കി സ്ഥലംവിട്ടു.. ഇങ്ങനെ വര്‍ഷത്തില്‍ നാലു ഗവര്‍ണ്ണര്‍മാര്‍ വന്നാല്‍മതി ഖജനാവ് മുടിക്കാന്‍...മന്ത്രിമാരുടെ വണ്ടിക്കമ്പം വേറെകിടക്കുന്നു....  ഇതിലൊക്കെ എന്തോന്നു കുഴപ്പം; പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നു ജനസേവനം നടത്തുമ്പോള്‍ കുഴിയില്‍വീണു നടുവുളുക്കിയാല്‍  നിന്‍റെ  അപ്പന്‍ വന്നു കുഴമ്പ് തിരുമ്മിത്തരുമോയെന്നു ചോദിച്ചാല്‍ എന്തുപറയും...ചോദ്യം ന്യായമല്ലേ... ഒബാമയും എലിസബത്ത് രാജ്ഞിയുമൊക്കെ കോടികളുടെ കാറാണ് ഉപയോഗിക്കുന്നത് പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്കും അത് ഉപയോഗിച്ചുകൂടാ എന്നും ചോദിക്കാം.. എല്ലാം ന്യായമാണ്.. ഒരു പണിയുമിലാതെ വെറുതെ ഊരുചുറ്റുന്ന സോണിയ മാഡത്തിനും മക്കള്‍ക്കും വിമാനംകയറാനും കാറോടിക്കാനും വേണ്ടി എത്രയോ കോടികളാണ് പൊട്ടിക്കുന്നത്. ആര്‍ക്കും ഒരു പരാതിയുമില്ല.. നമ്മളിവിടെ നാടുനീളെ വ്യവസായം ഉണ്ടാക്കുമ്പോള്‍ പോര്ഷയില്‍ പോയെന്നും പറഞ്ഞാണ് ബഹളം .. അതും ന്യായം.. കേരളം പല കാര്യത്തിലും ലോകത്തില്‍ തന്നെ ടോപ്‌ മോസ്റ്റാണ് അപ്പൊപ്പിന്നെ കേരളത്തിലെ മന്ത്രിമാര്‍ ടോപ്‌ മോസ്റ്റ്‌ കാറില്‍ സഞ്ചരിക്കുന്നതില്‍ എന്താണ് കുഴപ്പം..? അതും ന്യായമാണ്..
   സ്വയം വികസിക്കുക കൂട്ടത്തില്‍ നാടും വികസിപ്പിക്കുക എന്നതാണ് നമ്മുടെയൊരു ലൈന്‍... സ്വയം വികസിച്ചു പൂര്‍ത്തിയാവാന്‍ അഞ്ചുവര്‍ഷമെടുക്കും അതുകഴിഞ്ഞ് നാടു വികസിപ്പിക്കാന്‍ തുടങ്ങുമ്പോഴേക്കും തിരഞ്ഞെടുപ്പെത്തും ജനംപിടിച്ചു പുറത്താക്കും.. പിന്നെങ്ങനെ നാടു നന്നാക്കും... ഇതിപ്പോ സ്വയം വികസനത്തിന്‍റെ  അവസാനഘട്ടത്തിലാണ് പോര്ഷേവരെയെത്തി. ഇനി ലാംബര്‍ഗാനിയും, മര്സിരാട്ടിയുമൊക്കെ അവശേഷിക്കുന്നു... എന്നാല്‍ ഈ കഴുതകള്‍ക്ക് പത്തുവര്‍ഷം അടുപ്പിച്ചു ഭരിക്കാന്‍തന്നാല്‍ എന്താണുകുഴപ്പം; അതുതരില്ല.. അപ്പോപിന്നെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ളത് സമ്പാദിക്കാതിരിക്കാന്‍ പറ്റുമോ... അതുകൊണ്ട്  പരമാവധി സുഖിക്കുക എന്നതാണ് ശരിയായ പോളിസി.. ആയിരത്തിയഞ്ഞൂറു ഉലുവായ്ക്കുവേണ്ടി ആംബുലന്‍സ് പിടിച്ചു വന്നവനും,  മക്കളെ പഠിപ്പിച്ചു പാപ്പരായവനും, പെണ്മക്കളുടെ കല്യാണം നടത്തി തെണ്ടിയവനും, കൃഷിനശിച്ചു കടം കയറിയവനും ഇഷ്ടംപോലെ കാണും.. ഒക്കേനെയും നന്നാക്കിയിട്ട് പോര്ഷേയില്‍ സഞ്ചരിക്കാമെന്ന് കരുതിയാല്‍ അതീ ജന്മത്ത് നടക്കില്ല.. അതുകൊണ്ട് അലവലാതികള്‍ എന്നും അലവലതികളായി തുടരട്ടെ,,,, കുറ്റം പറയുന്നവന്‍റെ വായടപ്പിക്കാന്‍ വേണ്ടി ഇടയ്ക്കിടെ കുറേശ്ശെ പണംവിതരണം നടത്തണം.. ആവലാതികള്‍ എഴുതി വാങ്ങി ചാക്കില്‍കെട്ടി വല്ല ഞെളിയന്‍പറമ്പിലെ വിളപ്പില്‍ശാലയിലോ കൊണ്ടുപോയി കത്തിച്ചുകളയണം..അല്ലപിന്നെ........ ഒരു ഐസ് ക്രീമില്‍ പെട്ടപ്പോള്‍ ഒരുത്തനുമുണ്ടായിരുന്നില്ലകൂടെ.. ആ വകുപ്പില്‍ അഞ്ചുവര്‍ഷം നിയമസഭകാണാതെ ഈച്ചയാട്ടി ഇരുന്നപ്പോള്‍ ഒരുത്തനും ആ വഴി വന്നില്ല.. പിന്നെയാ ഈ പൊതുജനം... ജാതിയും മതവുമൊക്കെ കളിച്ചാണ്  മന്ത്രിയാകുന്നത്.. അതുകൊണ്ട് ആസ്വദിക്കുക യവ്വനം,, ആസ്വദിക്കുക ജീവിതം... ഇന്ന് പോര്ഷേയെങ്കില്‍, നാളെ റെയിഞ്ച് റോവര്‍, മറ്റന്നാള്‍ ഹമ്മര്‍ അതുകഴിഞ്ഞ് ലാംബര്‍ഗാനി............ എന്‍റെ നേതാവ് നീണാന്‍ വാഴട്ടെ....

 എന്നാലും എന്‍റെ മന്ത്രിസാറെ ഇതല്‍പ്പം കടന്ന കൈയ്യായിപ്പോയി..താങ്കള്‍ അടക്കമുള്ള മന്ത്രിമാരെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്തതുകൊണ്ടാണ് ആ മുഖ്യമന്ത്രി നേരിട്ടിറങ്ങി നോട്ട് വിതരണം നടത്തി സര്‍ക്കാരിന്‍റെ ഇമേജ് നിലനിറുത്തുന്നത്.. അവിടെ വരുന്നവരുടെ നിലവിളികള്‍ താങ്കളും കാണുന്നില്ലേ,,, ഇത്രയധികം ജനങ്ങള്‍ നിരാലംബരായി ജീവിക്കുന്ന ഈ നാട്ടില്‍ ആ ജനങ്ങളുടെ പ്രതിനിധികളിലൊരാളായ താങ്കള്‍ക്ക് ജനങ്ങളുടെ ഇടയില്‍ സഞ്ചരിക്കാന്‍ ഇത്രയും ആഡംബരം വേണോ ????... തറവാട്ടില്‍ താന്തോന്നിയായി നടക്കുന്ന സന്തതിയ്ക്ക് വീട്ടില്‍ കഞ്ഞിവേച്ചോയെന്നറിയേണ്ട ആവശ്യമില്ല ..അവര്‍ക്ക് കള്ളൂഷാപ്പിലും, വെടിപ്പുരകളിലും കയറിയിറങ്ങി നാടുനീളെ തല്ലുമുണ്ടാക്കി നടന്നാല്‍ മതി.. അതുപോലെയാണോ ജനാധിപത്യത്തിലെ ഒരു മന്ത്രിജീവിക്കേണ്ടത്... നാടു കത്തുമ്പോള്‍ വീണവായിക്കുന്ന രീതി നമുക്ക് വേണോ...?? ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ പോലും കൊടുക്കാന്‍ ഗതിയില്ലാത്ത ഒരു സര്‍ക്കാരില്‍ അംഗമായ മന്ത്രി നിലവിലുള്ള സര്‍ക്കാര്‍ വാഹനത്തിനു പുറമേ കോടികള്‍ വിലമതിക്കുന്ന കാറില്‍ സര്‍ക്കാര്‍ കൊടിയും തൂക്കി നാടുനിരങ്ങുന്നത് ജനങ്ങളുടെ മുഖത്തെയ്ക്കുള്ള കാറിത്തുപ്പാണ്...സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയതായാലും സ്വന്തം ചിലവില്‍ വാങ്ങിയതായാലും താങ്കള്‍ അടക്കമുള്ള മന്ത്രിമാരുടെ ഭരണത്തിന് വിധേയരായി അഷ്ടിക്ക് വകയില്ലാതെ നട്ടംതിരിയുന്ന ജനങ്ങളുടെ മുന്നിലൂടെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറിയുള്ള ഈ യാത്ര; അത്ര ജനകീയമായി തോന്നുന്നില്ല..ഇതിനൊക്കെ എത്രയെത്ര തൊടു ന്യായങ്ങള്‍ നിരത്തിയാലും ഒരു കാര്യം ഉറപ്പാണ്‌...........ഉണ്ടവന് അറിയില്ല ഇല കിട്ടാത്തവന്‍റെ സങ്കടം..

Sunday, December 22, 2013

ഇനിയും; മുല ചെത്തേണ്ടിവരുമോ...??

         

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ശമ്പളത്തിന്‍റെ പത്തുശതമാനം വീടുപണിയുടെ ലോണിന്‍റെ അടവിലേക്ക് പോകും, മൂന്നുശതമാനം വണ്ടിയുടെ ലോണിന്‍റെ അടവ്, ആറുശതമാനം സ്ഥലം വാങ്ങിയ അടവ്, നാലുശതമാനം സ്വര്‍ണ്ണം വാങ്ങിയ അടവ് ഹോ എന്തൊരു അടവാണിത്.... കണക്കെവിടെയെങ്കിലും പിഴച്ചോ ..
  എടിയേ,,, ആ കാല്‍ക്കുലേറ്റര്‍ ഒന്നെടുത്തെ...ഇക്കണക്കിനു പോയാല്‍ ഈ ക്രിസ്മസിന് ടിവി മാറ്റുന്ന കാര്യം ഗോവിന്ദ,,, വീടിന്‍റെ പെയിന്റടിയും മുടങ്ങും; ആകെ കുഴഞ്ഞല്ലോ..    എടിയേ,,,,,, കടുപ്പത്തില്‍ നല്ലൊരു ചായ എടുക്കൂ വല്ലാത്ത ക്ഷീണം...
 ചായക്കു പറഞ്ഞിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞു........... ചായയുമില്ല കാല്‍ക്കുലേറ്ററുമില്ല..............
   നിനക്കൊന്നും ചെവി കേള്‍ക്കില്ലേ,,,,
  ദേ മനുഷ്യാ,,,കിടന്നു കൂവാതെ; നാളെ വല്ലതും ഉടുത്തോണ്ട് പോകണമെങ്കില്‍ ഇതൊക്കെ കഴുകിയിടണം ... കറന്റുപോയിട്ട് ദിവസം ഒന്നായി ... പത്തടി ആഴത്തില്‍നിന്നും വെള്ളംകോരിവേണം അലക്കാന്‍ .. എനിക്കാകെ രണ്ടുകയ്യേയുള്ളൂ നോക്കിക്കേ.............

 ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല..പണ്ട് നങ്ങേലി കാണിച്ചപോലെ ഇവളെങ്ങാനും കൈമുറിച്ചു മുന്നില്‍ വെച്ചാല്‍ സംഗതി കുഴയും...
ഹാ നിനക്കതങ്ങ്‌ പറഞ്ഞാല്‍ പോരെ,, നീ പൊയ്ക്കോ ചായ ഞാന്‍തന്നെ ഉണ്ടാക്കിക്കൊള്ളാം...
സമാധാനത്തിന്‍റെ പൂത്തിരികള്‍ വിരിഞ്ഞു. ഞാനൊരു സ്നേഹമുള്ള സിംഹമായി മാറി...

പറഞ്ഞപോലെ എന്തുകൊണ്ടാണിപ്പോള്‍ നങ്ങേലിയെപ്പറ്റി ഓര്‍ത്തത്..ഞാന്‍ ഭാര്യാസ്നേഹമുള്ള ഒരു കണ്ടപ്പനായതുകൊണ്ടാവും.. ഒരുപക്ഷെ സ്ത്രീ സ്വാതന്ത്ര്യനുവേണ്ടി പ്രതികരിച്ച് രക്തസാക്ഷിയായ ആദ്യ മലയാളസ്ത്രീ ആയിരിക്കണം നങ്ങേലി.. താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറയ്ക്കണമെങ്കില്‍ മുലക്കരമെന്ന പേരില്‍ നികുതി ഏര്‍പ്പെടുത്തിയ തിരുവതാംകൂര്‍ രാജാവിനോടുള്ള പ്രതികരണം തന്‍റെ രണ്ടു മുലയുംചെത്തി രാജാവിനു കൊടുത്തുകൊണ്ടാണ് നങ്ങേലി പ്രകടമാക്കിയത്.. മാറുമറച്ചതിന്‍റെ പേരില്‍ മുലക്കരം പിരിക്കാനെത്തിയ രാജകിങ്കരന് മുന്നില്‍ തന്‍റെ രണ്ടു മുലയും ചെത്തി ചേമ്പിലയില്‍വെച്ച്, ഇനി മുലക്കരം ബാധകമല്ലല്ലോയെന്നു ചോദിച്ച നങ്ങേലി ഒടുവില്‍ ചോരവാര്‍ന്നു മരിച്ചു..ഭാര്യയുടെ മരണത്തില്‍ മനംനൊന്ത   ഭര്‍ത്താവ് കണ്ടപ്പന്‍ നങ്ങേലിയുടെ ചിതയില്‍ ചാടി മരിക്കുന്നു.. എന്നിട്ടും തമ്പുരാന്‍റെ കണ്ണുംകാതും തുറന്നില്ല.. 986-ലാണ് ഈ നാണംകെട്ട കരം നിറുത്തലാക്കിയത്.. പ്രജാക്ഷേമ തല്‍പ്പരരേന്നു വാഴ്ത്തപ്പെടുന്ന പൊന്നുതമ്പുരാക്കന്മാരുടെ  സാധാരണജനങ്ങളോടുള്ള സത് ഭരണത്തിന്‍റെ തെളിവാണ് മുലക്കരം... ഇതുമാത്രമല്ല ജനദ്രോഹപരമായ ധാരാളം  നികുതികള്‍ അക്കാലത്തു തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. രൂപാവരി, ആണ്ടുക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്, മുണ്ടുവച്ചുതൊഴല്‍, ഈഴവത്തിക്കാശ്, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം അങ്ങനെപോകുന്നു നികുതിപ്പേരുകള്‍  തങ്ങളുടെ സുഖജീവീതത്തിനും ദൂര്‍ത്തിനും വേണ്ടി ജനദ്രോഹത്തിന്‍റെയും ജാതിയതയുടെയും ഏതറ്റംവരെയും പോകുന്നവരായിരുന്നു പഴയ തമ്പ്രാക്കള്‍ എന്നതിന് വേറെ തെളിവെന്തിനാണ് ... എന്നിട്ടും അത്തരം വിഗ്രഹങ്ങളെ പൂവിട്ടുപൂജിക്കുന്നത് കാണുമ്പൊള്‍ നങ്ങേലിമാരുടെ മുലകളില്‍നിന്നും പൊടിയുന്ന ചോര കുടിക്കുന്നതില്‍ ഇന്നത്തെ ജനകീയരാജാക്കളും മോശമല്ലായെന്നു മനസ്സിലാക്കാം ...
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീവിമോചനക്കാരുടെ നേതൃനിരയിലോ ചരിത്രക്കുറിപ്പുകളിലോ വീരകൃത്യങ്ങളുടെ കണക്ക് പുസ്തകങ്ങളിലോ നങ്ങേലിയുടെ പേര് കാണാന്‍ കഴിയില്ല..നങ്ങേലിക്ക് വേണ്ടി ഒരു സ്മാരകവും ഒരിടത്തും ഉയര്‍ന്നുമില്ല.. ആകെയുള്ളത് ഒരു മുലച്ചിപ്പറമ്പ് മാത്രമാണ്... അതുതന്നെ  ഗ്രേഡ് ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന പേരായി മാറിയിരിക്കുന്നു..ഭാര്യയോടുള്ള സ്നേഹത്തിന്‍റെ പ്രതികമായി താജ്മഹലും ഷാജഹാനും ഓര്‍മ്മിക്കപ്പെടുമ്പോള്‍... ഭാര്യയുടെ മരണത്തില്‍ മനംനൊന്തു അതേ ചിതയില്‍ ജീവനൊടുക്കിയ കണ്ടപ്പന് ചവറ്റുകൊട്ടയിലാണ് സ്ഥാനം... ദൂഷിച്ച രാജഭരണത്തിനെതിരെ സ്വന്തം ജീവന്‍ കൊടുത്ത് പ്രതികരിച്ച നങ്ങേലി മനപ്പൂര്‍വം മറക്കപ്പെട്ടപ്പോള്‍ കങ്കാണിയുടെ വേഷമിട്ട രാജകുടുംബം ഇന്നും രാജകീയമാനങ്ങള്‍ അവകാശമാക്കുന്നുവെന്നത് ചരിത്രത്തിന്‍റെ ഗതികേട്........... യോഗ്യത ഉണ്ടെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കട്ടെ തര്‍ക്കമില്ല...
 രാജഭരണത്തിനെതിരെ അന്നു മുലയരിഞ്ഞു പ്രതിക്ഷേധിച്ച നങ്ങേലിയുടെ ധൈര്യം സിരകളില്‍ ആവാഹിച്ച സ്ത്രീകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.. പക്ഷെ അവര്‍ക്കും സ്ഥിതി പഴയതുതന്നെയാണ്; അവഗണന... ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പില്‍ ജസീറ എന്നൊരു കേരളക്കാരിയും അവരുടെ മക്കളും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കൊട്ടാരമായ പാര്‍ലമെന്റിനു മുന്നില്‍ സമരത്തിലാണ്... നമ്മുടെയൊരു ജനപ്രതിനിധി അവര്‍ക്ക് തണുപ്പില്‍നിന്നും രക്ഷനേടാന്‍ സ്വറ്ററുകള്‍ നല്കിയതൊഴിച്ചാല്‍ മറ്റൊരു നേതാവും അവരെ ശ്രദ്ധിച്ചില്ല..ഗാട്ഗില്‍ റിപ്പോര്‍ട്ടിനു വേണ്ടി ചാനലുകള്‍തോറും കുരയ്ക്കുന്ന ഞാഞ്ഞൂല്‍വാദികളും ജസീറ ഉന്നയിക്കുന്ന പ്രശ്നത്തെക്കുറിച്ച് മിണ്ടുന്നില്ല... കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ നടക്കുന്ന മണലൂറ്റിനെക്കുറിച്ച് ഒരു പരിസ്ഥിതികമ്മറ്റിക്കും പരാതിയില്ല എന്നതാണ് രസകരം... പരലമെന്റില്‍ ഉറങ്ങാന്‍ പോകുന്ന പ്രതിനിധികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. സരിതയോ ശാലുവോവാണ് ഇങ്ങനെ കിടന്നിരുന്നതെങ്കില്‍ കേരളരാഷ്ട്രിയംതന്നെ തെരുവില്‍ കുറ്റിയടിച്ചേനെ... വലിയൊരു പാരിസ്ഥികപ്രശ്നം അധികാരികളുടെ മുന്നില്‍ എത്തിക്കാന്‍ ജസീറ ഡല്‍ഹിയില്‍ കിടന്നു മഞ്ഞുകൊള്ളുന്ന ഇതേ സമയത്തുതന്നെയാണ് ദേവയാനി എന്നൊരു മറ്റൊരു സ്ത്രീയുടെ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നടങ്കം വാളെടുക്കുന്നത്.. ദേവയാനിയെന്ന ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥ തന്‍റെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമലംഘനം നടത്തിയതിനെത്തുടര്‍ന്ന് അമേരിക്കന്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ നമ്മുടെ ഭരണകൂടം മുഴുവന്‍ നിയമലംഘനം നടത്തിയര്‍ക്ക് പിന്തുണയുമായി പോകുന്നു..എന്താണ് രാജ്യത്തെ സാധരണ ജനങ്ങളുടെ  അവസ്ഥ??
  ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ എല്ലാം നഷ്‌ടമായ ആളുകളെ താമസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍, തണുപ്പ് കടുത്തതോടെ ആളുകള്‍ കൂട്ടത്തോടെ മരണമടയുന്നു.. രോഗം ബാധിച്ച് ഇതിനകം 40 കുട്ടികള്‍ മരിച്ചു. നിരവധിപേര്‍ മൃതപ്രായരായി കിടക്കുന്നു.കൊടുംതണുപ്പില്‍ കമ്പിളിയൊ, പുതപ്പോ, വസ്ത്രങ്ങളോ ഇല്ലാതെ നരകിക്കുകയാണ് ഭൂരിഭാഗം പേരും. തണുപ്പില്‍ പലരും രോഗികളായി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല. ചികില്‍സാ സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ട് പോലും ഒരു നടപടിയും ഇവിടെ ഉണ്ടാകുന്നില്ല. ക്യാമ്പുകളില്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നില്ല. കലാപബാധിതരെ പുനരധിവസിപ്പിക്കാനായി കൊണ്ടുവന്ന 90 കോടി രൂപയുടെ  പാക്കേജ് പിന്‍വലിച്ച  സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുമില്ല. ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ പീഡനത്തിനു ഇരയാക്കപ്പെടുന്നു.. ഇങ്ങനെ ജനങ്ങള്‍ പുഴുവരിച്ചു മരിക്കുമ്പോഴാണ് നമ്മുടെ നേതാക്കള്‍ നിയമലഘനം നടത്തിയ ഒരു പ്രതിക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ പൊറോട്ടുനാടകം കളിക്കുന്നത്... സാധരണജനങ്ങള്‍ കൊടിയദുരിതം അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ശ്രമിക്കാതെ അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡേക്ക് ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനാണ് നേതാക്കള്‍ക്ക് തിടുക്കം... ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തില്‍ ദേവയാനിക്ക് സീറ്റ് നല്‍കാമെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി.  ജോലി രാജിവെച്ച് വരികയാണെങ്കില്‍ ദേവയാനിക്ക് സീറ്റ് നല്‍കാന്‍ തയ്യാറാണെന്നും അമേരിക്കയോടുള്ള പ്രതിഷേധം പാര്‍ലമെന്റ് അംഗമെന്നനിലയില്‍ രേഖപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെന്നും നേതാക്കള്‍  പറയുന്നു.ആദര്‍ശ് ഫ്ലാറ്റ് കുംഭകോണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തല്‍, കേരളത്തിലടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് സ്വത്തുക്കളടക്കം ഒരു പാര്‍ലമെണ്ടു അംഗമാകാനുള്ള എല്ലാ മിനിമം യോഗ്യതകളും ഇതോടുകൂടി ഉണ്ടായിരിക്കുന്നു... ഇനിയിപ്പോ  നമ്മുടെ ജനാധിപത്യം പൂത്തുലയും...ഇതാണ് നമ്മുടെ രാജ്യം.. മറ്റൊരു രാജ്യത്ത് തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ആളെ പാര്‍ലമെണ്ട് അംഗമാക്കാനാണ് തിടുക്കം... ഇങ്ങനെ കള്ളന്മാര്‍ നിറയുന്ന പാര്‍ലമെന്റിനു മുന്നില്‍ ജസീറയെപ്പോലുള്ള ഒരു സാധാരണസ്ത്രീ സമരം കിടന്നാല്‍ എന്തായിരിക്കും അവസ്ഥ..സ്ത്രീ പീഡനങ്ങളുടെ തലസ്ഥാനമായ ഡല്‍ഹിയിലെ തെരുവില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ജസീറയുടെ ധൈര്യം അംഗികരിക്കണം... ഈ സമരത്തിന്‌ ഇസങ്ങള്‍ മറന്നുള്ള ബഹുജനപിന്തുണ കൊടുക്കേണ്ടിയിരിക്കുന്നു..  നങ്ങേലി മുലചെത്തി മരണം വരിച്ചപോലെ അതിശൈത്യത്തില്‍ ജസീറയും മക്കളും ഐസ്സയാലും അധികാരിവര്‍ഗ്ഗം കണ്ണുതുറക്കാന്‍ സാദ്ധ്യതയില്ല.. അതുകൊണ്ടുതന്നെ സമൂഹത്തിന്‍റെ എല്ലാ തുറകളില്‍നിന്നുമുള്ള പിന്തുണ ഈ സഹോദരിയുടെ സമരത്തിന്‌ ആവശ്യമാണ്... കുറ്റംചെയ്ത ഉദ്യോഗസ്ഥയെക്കാള്‍ എന്തുകൊണ്ടും ജനം സപ്പോര്‍ട്ട് ചെയ്യേണ്ടത് ജെസീറയെയാണ്... വരുന്ന തിരഞ്ഞെടുപ്പിന് മുന്പ് ജസീറ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഒരു പര്യടനം നടത്തണം... സാധരണക്കാരന്‍ ഉന്നയിക്കുന്ന പ്രശ്ങ്ങളില്‍ നമ്മുടെ ജനപ്രതിനിധികള്‍ സ്വീകരിക്കുന്ന നിലപാടുകളും ജസീറയുടെ അനുഭവങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കണം... കേള്‍ക്കുന്നവര്‍ തീരുമാനിക്കട്ടെ നമ്മുടെ ജനപ്രതിനിധികളുടെ യോഗ്യത... മിനിമം ഹിന്ദിയും ഇംഗ്ലീഷുമെങ്കിലും  മനസിലാവുന്ന ആളുകളെ മാത്രമേ പാര്‍ലമെന്റില്‍ അയക്കാവൂ..അല്ലെങ്കില്‍ കേരളത്തില്‍ കിടന്നു കുരയ്ക്കുകയും, പാര്‍ലമെന്റില്‍ ചെന്നാല്‍  കൂര്‍ക്കംവലിക്കാനും മാത്രമേ മാന്യദേഹങ്ങള്‍ക്ക് കഴിയൂ...  സാധാരണക്കാരുടെ അവകാശങ്ങളും അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ ഇവിടാര്‍ക്കും സമയമില്ല.. ഉന്നതശ്രേണിയില്‍പ്പെട്ട കള്ളനെ എങ്ങനെ ജയിലില്‍ കിടത്താതെ രക്ഷിക്കമെന്നാണ് നമ്മുടെ ചര്‍ച്ച.. കള്ളന്‍റെ മനുഷ്യാവകാശത്തിനാണ് കൂടുതല്‍ മുന്‍‌തൂക്കം.. ദേവയാനിക്ക് പാര്‍ലമെന്റ് സീറ്റ് വാഗ്ദാനം ചെയ്യുമ്പോള്‍ ജസീറയ്ക്ക് ഒരു വാര്‍ഡ്‌ മെമ്പര്‍ സ്ഥാനംപോലും ലഭിക്കില്ല.. നങ്ങേലിമാര്‍ മുലചെത്തി പ്രതിഷേധിച്ചാലും കാര്യമില്ല.. ദേവയാനിമാരുടെ തുണിയഴിച്ചോ എന്നുള്ളതാണ് വലിയ പ്രശ്നം..

Thursday, December 19, 2013

അമേരിക്ക ഇന്ത്യയെ തുണിയഴിപ്പിച്ചോ..??


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗേഡിനേ അമേരിക്ക തുണിയഴുപ്പിച്ച സാഹചര്യത്തില്‍  കുറച്ച് അരിയും ഗോതമ്പും വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ തീരുമാനിച്ചു..ഏതു അടിയന്തര സാഹചര്യവും നേരിടണമല്ലോ.... മോഡിയും രാഹുലും അമേരിക്കയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... ദേശിയശിവസേനയെന്നോ മറ്റോ പറയുന്ന ഒരു പറ്റം രാജ്യസ്നേഹികള്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എമ്പസിമുന്‍പില്‍ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു..  അമേരിക്കന്‍ എമ്പസിയുടെ മുന്നിലെ സുരക്ഷ ബാരിക്കേഡുകള്‍ നമ്മള്‍ നീക്കികഴിഞ്ഞു.. പോരാത്തതിന് പ്രത്യേകവകാശമടക്കമുള്ള സര്‍വത്ര അലവന്‍സുകളും പിന്‍വലിച്ചു.. അമേരിക്കയില്‍ നിന്നും കള്ളുകൊണ്ടുവരാനുള്ള എമ്പസിയുടെ ലൈസന്‍സ് റദ്ദാക്കും.... സുരക്ഷപിന്‍വലിക്കും തുടങ്ങി നിരവധി ഭീഷണികള്‍ നമ്മള്‍ മുഴക്കിയിട്ടുണ്ട്.. അമേരിക്കന്‍ എമ്പസിയിലെ സ്വവര്‍ഗ്ഗരതിക്കാരെ അറസ്റ്റ് ചെയ്യണമെന്നാണ് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ പറയുന്നത്.. മോഡിസാര്‍ അമേരിക്കക്കാരെ ഇനി കാണുകയില്ലായെന്നു സത്യംചെയ്തു.. രാഹുല്‍ജി സംഭവമറിഞ്ഞു പൊട്ടിത്തെറിച്ചു.. ആര്‍ക്കും പരിക്കില്ല എന്നത് ആശ്വാസം.. മന്‍മോഹന്‍സിംഗ് പതിവ് രീതിയില്‍ വായ്‌ തുറക്കാതെ കൈ വീശി സംഭവത്തെ അപലപിച്ചു.. ചെറുകിട പാര്‍ട്ടികളും നേതാക്കളും ഊഴമിട്ട്‌ പ്രതിഷേധം രേഖപ്പെടുത്തുന്നു....ഇങ്ങനെ പോകുന്ന കാര്യങ്ങള്‍.. ഇത്രയൊക്കെ കാണിച്ചിട്ടും ഒബാമയൊന്നു വിളിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോളാണ് സങ്കടം.. ഇനിയിപ്പോ അമേരിക്കക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയേ രക്ഷയോള്ളൂ.. അങ്ങോട്ടുള്ള കയറ്റുമതി കമ്പ്ലിറ്റായി നിറുത്തണം.. അമേരിക്കയില്‍ പോയി അവര്‍ക്കുവേണ്ടി ജോലി ചെയ്യുന്ന സകല ഇന്ത്യന്‍സിനെയും തിരിച്ചുവിളിക്കണം... അല്ലപിന്നെ...... അവന്മ്മാര്‍ പട്ടിണികിടന്നു ചാകണം; എങ്കിലേ പഠിക്കൂ...
  തുണിയഴിപ്പികുക മാത്രമല്ല അറസ്റ്റ് ചെയ്തു, ചോദ്യംചെയ്തു, വിലങ്ങുവെച്ചു നടത്തി.. മയക്കുമരുന്നുകാരെ താമസിപ്പിക്കുന്ന ജയിലില്‍ താമസിപ്പിച്ചു.. എന്തൊരു കഷ്ടമാണ്.. ഇതിനുമാത്രം എന്താണ് ദേവയാനി ചെയ്ത കുറ്റം..  A-3   വിസപ്രകാരം 4500   ഡോളര്‍ മാസം പ്രതിഫലം കൊടുക്കാമെന്ന കരാറില്‍ ഒരു ജോലിക്കാരിയെ നിയമിക്കുകയും, എന്നാല്‍ 573ഡോളര്‍ മാത്രം ശമ്പളം കൊടുക്കുകയും ചെയ്തതാണ് കുറ്റം.. വിസാനിയമങ്ങളും തൊഴില്‍നിയമങ്ങളും ലംഘിക്കപ്പെട്ടതിനാല്‍ ഫെഡറല്‍ നിയമം അനുസരിച്ച് പതിനഞ്ചുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണിത്.. നമ്മുടെ നാട്ടിലാണേല്‍ ചെറിയൊരുജീവപര്യന്തം..... കഴിഞ്ഞ സെപ്തംബറില്‍തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പത്രക്കുറുപ്പില്‍ പറയുന്നു.. എന്നിട്ടും ഇന്ത്യ പ്രശ്നത്തില്‍ ഇടപെടുകയോ പരാതിയില്‍ തീര്‍പ്പ്‌ ഉണ്ടാക്കുകയോ ചെയ്തില്ല.. പരാതിക്കാരിയും ഇന്ത്യക്കാരിയാണ്... അമേരിക്കന്‍പോലിസ് പരാതിയെപ്പറ്റി അന്വേഷിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയും, ജയിലില്‍ അയക്കുന്നതിനു മുന്പായി നടത്തുന്ന ദേഹപരിശോധന നടത്തുകയും ചെയ്തിരിക്കുന്നു..ഇതാണ് സംഭവം.. പരാതിക്കാരി വീട്ടുവേലക്കാരിയായതുകൊണ്ടും, ദേവയാനി ഐ.എഫ്.എസ് ആയതുകൊണ്ടും അമേരിക്കന്‍നിയമവും ഇന്ത്യന്‍നിയമംപോലെ കണ്ണുംകെട്ടി ഇരുന്നോളുമെന്നു ആരൊക്കെയോ കരുതി. പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു അമേരിക്കന്‍നിയമം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ദേവയാനി അകത്തായി... അമേരിക്കയില്‍ താമസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരും ജോലിക്കാര്‍ക്ക് പറയുന്നശമ്പളം കൊടുക്കാതെ ഈ തട്ടിപ്പ് നടത്തുന്നുണ്ട് അതുകൊണ്ട് ഈ നിയമത്തില്‍ നിന്നും ഇന്ത്യക്കാരെ ഒഴിവാക്കണമെന്നാണ് നമ്മുടെ ശക്തമായ വാദം.. ഈ ദേവയനിയെപ്പറ്റി അമേരിക്കന്‍ ഇന്ത്യന്‍സിനും മതിപ്പ് പോര പല അഴിമതി ആരോപണങ്ങളും ആദര്‍ശ്ഫ്ലാറ്റ് അഴിമാതിയുമൊക്കെ ഈ ചെറുപ്രായത്തില്‍ പറഞ്ഞു കേള്‍ക്കുന്നു.... ഇന്ത്യയിലാണേല്‍ ഒക്കെ അസൂയയുടെ പുറത്താണെന്ന് പറഞ്ഞു തള്ളിക്കളയാം.. പക്ഷെ അമേരിക്കയില്‍ നിയമം നിയമത്തിന്‍റെ വഴിക്കേ പോവുകയുള്ളൂവെന്നു ദേവയാനിയടക്കം നമ്മുടെ നേതാക്കള്‍ക്ക് ഇപ്പോഴും മനസിലാവുന്നില്ല...
  
   ഇന്ത്യയിലാണെങ്കില്‍ മന്ത്രിമാര്‍, ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്, മറ്റ് വി ഐ പികള്‍  തുടങ്ങിയ മേലാളന്മാര്‍ക്കെല്ലാം നിയമം വേറെയാണ്.. അവര്‍ക്ക് ജയിലില്‍ പഞ്ചനക്ഷത്രസൗകര്യം, വിലങ്ങില്ല,, ചോദ്യം ചെയ്യലെന്നാല്‍; ചോദ്യം എഴുതികൊടുത്ത് ഉത്തരം വാങ്ങല്‍ തുടങ്ങിയ രീതികളാണ് പ്രയോഗത്തില്‍ .. ലക്ഷംകോടി രൂപയുടെ അഴിമതി നടത്തിയ മന്ത്രി രാജ ജയിലില്‍ സുഖവാസം നടത്തുന്നു.. തൊള്ളായിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയ ലാലുവിന് താമസിക്കാന്‍ പുതിയജയില്‍ പണിയുന്നു.. എന്തിനേറെ ഒരുവര്‍ഷം   തടവിനു സുപ്രീംകോടതി ശിക്ഷിച്ച പിള്ളേച്ചന്‍വരെ ആശുപത്രിയില്‍ കിടന്നാണ് ശിക്ഷ പൂര്‍ത്തിയാക്കിയത്,, അപ്പൊപ്പിന്നെ വേലക്കാരിക്ക്‌ ശമ്പളം കൊടുത്തില്ലായെന്ന ചീളുകേസില്‍ നമ്മുടെ ഒരു നയതന്ത്രത്തെ അമേരിക്ക ജയിലില്‍ അടച്ചുവെന്നു പറഞ്ഞാല്‍,,,,, ഇതെന്താണ് വെള്ളരിക്കാപ്പട്ടണമൊ.???. നമ്മുടെ ജയില്‍രീതികളോന്നും ഈ അമേരിക്കക്കാര്‍ക്ക് അറിയില്ല.. അതിനാണുപറയുന്നത് നാലു അമേരിക്കക്കാരെപ്പിടിച്ചുകെട്ടി നമ്മുടെ ജയിലില്‍ ഇടണമെന്ന്. എന്നിട്ട് നമ്മുടെ ട്രീറ്റ് അവരെ കാണിച്ചു കൊടുക്കണം.. ഇറ്റലിക്കാര്‍ക്ക് അതുനേരത്തെ അറിയാം.. രണ്ട് ഇന്ത്യന്‍സിനെ വെടിവച്ചു കൊന്നിട്ട് നമ്മുടെ ജയിലില്‍ക്കിടന്ന ഇറ്റലിക്കാര്‍ക്ക് വേണ്ടി പിസയുണ്ടക്കാന്‍പോലും ആളെ വരുത്തിയവരാണ് നമ്മള്‍.. അത്രയ്ക്കാണ് നമ്മുടെ ആഥിദ്യമര്യാദ.. സായിപ്പിന് ഈ വക മര്യാദകളൊന്നും തൊട്ടുതീണ്ടിയിട്ടില്ല.. മോഡിയും രാഹൂല്‍ജിയും കേട്ടപാടെ ഒബാമയെ വിളിച്ചിട്ടുണ്ട്. അതുകൊണ്ട് പേടിക്കേണ്ട. അടുത്ത ദിവസംതന്നെ അമേരിക്ക ഒരുചാക്ക് മാപ്പ് ഇങ്ങോട്ട് അയക്കാന്‍ സാധ്യതയുണ്ട്...
 അല്ലേല്‍ത്തന്നെ ഇന്ത്യക്കാരുടെ തുണിയഴിപ്പിക്കുന്നത് അമേരിക്കക്കാര്‍ക്ക് ഒരു ഹോബിയായിട്ടുണ്ട്..നമ്മള്‍ ഈ തുണിയഴിക്കലുമായി പണ്ടേ അട്ജസ്റ്റ് ചെയ്തുകഴിഞ്ഞതുമാണ്... നമ്മുടെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ന്നാണ്ടാസ്, പ്രധാനമന്ത്രിയായിരുന്ന  അടല്‍ബിഹാരി ബാജ്പോയി, പ്രസിഡണ്ടായിരുന്ന എ പി ജെ അബ്ദുല്‍കലാം തുടങ്ങിയവരുടെ തുണിയഴിച്ചുള്ള പരിശോധന അമേരിക്ക പണ്ടേ നടത്തിയതാണ്.. നിരുപദ്രവകരമെന്നുകണ്ട് അപ്പോള്‍ത്തന്നെ പറഞ്ഞുവിടുകയും ചെയ്തു.. പിന്നെ താരങ്ങളായ ഷാരുഖ് ഖാനും അമിതാഭ് ബച്ചനും ഇങ്ങു മമ്മൂട്ടിവരെ പരിശോധയ്ക്ക് വിധേയരായി നിന്നുകൊടുത്തു.. വിത്യസ്ത മായതൊന്നും കാണാത്തതിനാല്‍ അവരെയും വെറുതെവിട്ടു..സ്ത്രീകളായി മുന്പ് പരിശോധിക്കപ്പെട്ടത്‌ നിരുപമാറാവൂവായിരുന്നു..ആരും ഒന്നും മിണ്ടിയില്ല.. നമ്മുടെ നേതാക്കളുടെ തുണിക്കകത്ത് കനപ്പെട്ടഎന്തെങ്കിലും കണ്ടേക്കാമെന്നാണ് അവരുടെ ധാരണ...ഇവരെയൊന്നും ഏതെങ്കിലും കുറ്റംചെയ്തിട്ടു ദേഹപരിശോധന നടത്തിയതല്ല..അമേരിക്കയെന്ന രാജ്യത്തിന്‍റെ സുരക്ഷാനിയമങ്ങള്‍ക്ക് വിധേയയമായി നടത്തിയ ഈ പരിശോധനകള്‍ക്കൊന്നും ഇത്ര എതിര്‍പ്പ് നമ്മുടെ രാജ്യത്തുനിന്നും  ഉയര്‍ന്നു കണ്ടില്ല.. ഇതിപ്പോള്‍ വിസാനിയമങ്ങളില്‍ ഗുരുതരമായ ലംഘനം നടത്തിയതിനെത്തുടര്‍ന്ന് പ്രതിയെന്ന രീതിയില്‍ പോലിസ് കസ്റ്റഡിയില്‍ എടുക്കപ്പെട്ട ദേവയാനിക്കുവേണ്ടിയാണ് ബാരിക്കേഡുകള്‍ പൊളിച്ചും സുരക്ഷപിന്‍വലിച്ചും കള്ളുലൈസന്‍സ് റദ്ദാക്കിയുമൊക്കെ നമ്മള്‍ പ്രതിക്ഷേധിക്കുന്നത്...നമ്മുടെ വലിയ നേതാക്കള്‍ക്കുവരെ ഇതിനുമുന്പ് തുണിയഴിക്കേണ്ടിവന്നിട്ടും നമ്മുടെ വിദേശനയത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല അപ്പോള്‍പ്പിന്നെ ഈ ചീളുകേസില്‍ ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ എന്നതാണ് വിഷയം.. നമ്മുടെ നയതന്ത്രപ്രതിനിധിതന്നെ അവരുടെ നിയമം ലംഘിച്ചസ്ഥിതിക്ക് ഇതൊരു നാണക്കേടിന്‍റെ വിഷയം കൂടിയാണ്.. ദേവയാനിയെ എത്രയുംവേഗം ആ സ്ഥാനത്തുനിന്നും പുറത്താക്കുകയാണ് വേണ്ടത്... സ്വകാര്യലാഭത്തിനു വേണ്ടി നിയമലംഘനം നടത്തിയ സ്ഥിതിക്ക് അവര്‍ വിചാരണ നേരിടട്ടെ... വേണ്ട നിയമസഹായങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് മാത്രമാണ് ഇന്ത്യയുടെ റോള്‍... അമേരിക്കയില്‍ താമസമാക്കിയ എല്ലാ ഇന്ത്യക്കാരും ആ രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ബാദ്ധ്യസ്ഥരാണ്.. നിയമം ലഘിക്കുന്നവര്‍ക്കെല്ലാം ശിക്ഷയും കിട്ടുന്നുണ്ട്‌.. അപ്പോഴോന്നും കാണാത്ത ഈ തൊള്ളകീറല്‍ ഇപ്പോള്‍ മാത്രം നടക്കുന്നത് എന്തുകൊണ്ടാണ്.. ഡല്‍ഹിയിലുള്ള അമേരിക്കന്‍ എമ്പസിയുടെ സുരക്ഷ പിന്‍വലിച്ചിട്ട്‌ അവിടെയുള്ളവര്‍ക്ക് വല്ലതും സംഭവിച്ചാല്‍ ലോക പോലീസിന്‍റെ തനിനിറം കാണേണ്ടിവരും..ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന നമ്മുടെ ആശാന്മാര്‍ക്ക് നിക്കറില്‍മുള്ളാന്‍ വേറെ കാരണമൊന്നും വേണ്ട..
 സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം മോഹനേട്ടന്‍ ഒബാമയെ ധരിപ്പിച്ചിട്ടുണ്ട്..അടുത്തനടന്ന എല്ലാ തിരഞ്ഞെടുപ്പിലും എട്ടുനിലയിലാണ്  പൊട്ടിയത്.. ഇനി മെഗാഷോ വരാനിരിക്കുന്നു.. മോഡിയാണ് പ്രധാനശത്രു..അങ്ങേരാണേല്‍ കലക്കവെള്ളത്തില്‍ മീന്‍പ്പിടുത്തം വശമാക്കിയ ആളുമാണ്.. അമേരിക്കക്കയ്ക്കും മോഡിയോടു അത്ര പഥ്യമില്ല..ദേവയാനി വിഷയത്തില്‍ മോഡി ആദ്യവെടി പൊട്ടിച്ചസ്ഥിതിയ്ക്ക് മാറിനിന്നാല്‍ പണികിട്ടും.. ദേശിയത രാജ്യസുരക്ഷ തുടങ്ങിയ വാക്കുകള്‍ക്ക് മാര്‍ക്കറ്റുള്ളസമയമാണ്..അതുകൊണ്ട് നമ്മുടെ രഹൂല്‍ജിയും ഈ വിഷയത്തില്‍ ചില്ലറ തെറിവിളി നടത്തുമെന്ന് ഒബാമയോട് പറഞ്ഞു അനുവാദം വാങ്ങിയിട്ടുണ്ട്.. വൈറ്റ് ഹൌസില്‍ നിന്നും സമ്മതം കിട്ടിയതുകൊണ്ട് ഇനിയിപ്പോ കള്ളുകുടി ലൈസന്‍സ് റദ്ദാക്കും, പട്ടികയറാതിരിക്കാന്‍ വഴിയരുകില്‍ സ്ഥാപിച്ച ഒന്നുരണ്ടുബാരിക്കേടുകള്‍ നീക്കും.. അത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ.. ഇനിയിപ്പോ പകരത്തിനുപകരം അമേരിക്കക്കാരുടെ തുണിയഴിപ്പിക്കാമെന്നുവെച്ചാല്‍ തുണിവേണമെന്ന് അവര്‍ക്ക് ഒരു നിര്‍ബന്ധവും ഇല്ല..അവരെ തുണിയുടുപ്പിക്കാനാണ് പാട്..
 നയതന്ത്രത്തിനു പോകുന്നവര്‍ ആരായാലും  പോകുന്ന രാജ്യത്തെ നിയമം പാലിക്കണമെന്ന് ഉറപ്പുവരുത്തുകയാണ് ഈ വിഷയത്തില്‍ ഇന്ത്യ ആദ്യം ചെയ്യേണ്ടത്.. ആയിരക്കണക്കിനു ഇന്ത്യക്കാര്‍ മാന്യമായി താമസിക്കുന്ന ഒരു  രാജ്യത്തുപോയി സ്വകാര്യലാഭത്തിനുവേണ്ടി നമ്മുടെ രാജ്യത്തിന്‍റെ അന്തസ്സ് കളഞ്ഞുകുളിച്ച നയവും തന്ത്രവും ഇല്ലാത്ത ഇത്തരം തന്ത്രജ്ഞരുടെ തുണിയഴുപ്പിക്കുക മാത്രമല്ല തുടയ്ക്കിട്ട് നാലു പൊട്ടീരും കൂടി കൊടുത്തുവിടണം. . രാജ്യത്തിന്‍റെ പേര് നാറ്റിക്കുന്ന ഇത്തരം തന്ത്രജ്ഞരെക്കൊണ്ട് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷമേ ഉണ്ടാകൂ..
 സ്വന്തം രാജ്യത്തിന്‍റെ ഔദ്യോഗികപ്രതിനിധിയായി മറ്റൊരു രാജ്യത്തു ജോലിനോക്കുന്ന ഒരാള്‍ മാതൃരാജ്യത്തിന്‍റെ അന്തസ്സ് എല്ലാ മേഖലയിലും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്..നമ്മുടെ രാജ്യത്തിന്‍റെ മുഖം തന്നെയാണ് നമ്മുടെ നയതന്ത്രപ്രതിനിധികള്‍..അവര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ ആ കുറ്റത്തിനു തീവ്രതകൂടുന്നു.. നമ്മുടെ രാജ്യത്തു നടക്കുന്ന അളിഞ്ഞ ബ്യൂറോക്രാസിയുടെ മാടമ്പിത്തരം മറ്റൊരു രാജ്യത്തും വകവെച്ചുതരണമെന്നു പറയുന്നത് വിഡ്ഢിത്തരമാണ്.. അവിടെ നിയമലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ അവരുടെ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടും.. തുണി അഴിപ്പികുക മാത്രമല്ല പിടിയിലാവുന്ന സ്ഥലത്തെ നിയമങ്ങള്‍ അനുസരിച്ച് ചിലപ്പോള്‍ കൈയ്യും കഴുത്തും ഒക്കെ നഷ്ടപ്പെടും.. ഞാന്‍ വലിയ പുള്ളിയാണ് എനിക്ക് തടവും വിലങ്ങുമൊന്നും ബാധകമാല്ലായെന്നു പറയാന്‍ അമേരിക്ക കുടുംബസ്വത്തൊന്നുമല്ലല്ലോ.. നിയമം അനുസരിച്ച് ജീവിച്ചില്ലേല്‍ അഴിപ്പിക്കുക മാത്രമല്ല ചിലപ്പോള്‍ തൊട്ടും തലോടിയുമൊക്കെ പരിശോധന നടന്നുവെന്നിരിക്കും അക്കാര്യത്തില്‍ മിടുക്കന്മാരാണ് ലോകപോലിസ്.. അതുകൊണ്ട് വെറുതെ അതുമിതുമൊക്കെ പറഞ്ഞു സ്വയംനാറാതെ; കേടുപാടുകള്‍ വല്ലതും സംഭവിച്ചാല്‍ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.. ഒരു ദേവയാനി; ജോലിക്കാരിക്ക് കൂലികൊടുക്കാതെ പറ്റിച്ച പ്രശ്നത്തില്‍ ലോക പോലീസിനോട് മുട്ടാന്‍ പോകണോ.. ഇറാനില്‍ നിന്നും എണ്ണ വാങ്ങിക്കൊളന്‍ അണ്ണന്‍ സമ്മതം തന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ... ഇനിയിപ്പോ അടുത്ത ഉപരോധം ചോദിച്ചു വാങ്ങണോ... ഇല്ലത്തെ സ്ഥിതി മഹാകഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാല്ലോ.

 മുപ്പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും, രണ്ടു ലക്ഷത്തില്‍പ്പരം ആളുകളെ നിത്യരോഗികളാക്കുകയും, അഞ്ചുലക്ഷത്തിധികം ആളുകളെ ബാധിക്കുകയും, ഇപ്പോഴും ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ഭോപ്പാല്‍ ദുരന്തകേസിലെ മുഖ്യപ്രതി വാറന്‍ ആണ്ടെഴ്സനെ വെറും ഇരുപത്തയ്യായിരം രൂപ കെട്ടിവെച്ചു രാജ്യം വിടാന്‍ സഹായിച്ചവര്‍.. നൂറ്റിയറുപത്തിയെട്ടു പേരുടെ മരണത്തിനും വലിയ നാശ നഷ്ടങ്ങള്‍ക്കും കാരണമായ മുംബെ ആക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെട്ളിയെ നേരെചൊവ്വേ ചോദ്യംചെയ്യാന്‍ പോലും കഴിയാത്തവര്‍, ബോഫോഴ്സ് കോഴക്കേസ് പ്രതി ക്വത്റോച്ചിയെ ഇന്ത്യയില്‍ എത്തിക്കാന്‍പ്പോലും കഴിയാത്തവര്‍,,, ഒടുവില്‍ രണ്ടു ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍നാവികരെ പരവതാനിവിരിച്ചു സ്വീകരിച്ച ഭരണനേതൃത്വമാണ് വിസാനിയമങ്ങളും തൊഴില്‍നിയമങ്ങളും ലംഘിച്ചവര്‍ക്കുവേണ്ടി  ഇപ്പോള്‍ ചാടുന്നത്...ഉളുപ്പ് ഉണ്ടെങ്കില്‍ സ്വന്തം ജനങ്ങള്‍ മരിക്കാനിടയായ സംഭവങ്ങളിലെ വിദേശികള്‍ക്കെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കൂ... സ്വന്തം നട്ടെല്ല് ആരാന്‍റെ കൈയ്യില്‍ ഊരിക്കൊടുത്തിട്ടു നടത്തുന്ന ഈ പാവക്കൂത്ത് അമേരിക്കയുടെ വിരലുകളില്‍ തന്നെയാണെന്ന് ആര്‍ക്കാണറിയാത്തത്...  

Wednesday, December 18, 2013

കണ്ണൂര്‍ ജനസമ്പര്‍ക്കത്തില്‍ അത്ഭുതരോഗശാന്തി;.


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  കണ്ണൂരില്‍ മഹാരാജാവിന്‍റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ അത്ഭുതരോഗശാന്തി...കട്ടിലില്‍ കിടന്നുവന്ന കോരന്‍ കട്ടിലുംചുമന്നു വീട്ടില്‍ പോയി..കരിങ്കൊടികള്‍ നിറംമാറി വെള്ളയായി. പരിപാടി ഇത്രയ്ക്ക് രൂഷമാകുമെന്നു അറിയാതെ ഭരണസിരാകേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സാധാരണപ്രജകളില്‍ പലരും പച്ചവെള്ളംപോലും കിട്ടാതെ നട്ടംതിരിഞ്ഞു... സാധാരണപോകുന്നവഴിയേ പോയപ്പോള്‍ അതിലെയല്ല ഇതിലെയെന്നു പോലിസ്..... ഇതിലെ പോയപ്പോള്‍ അതല്ല നെതിലെയെന്നു,,,,,, നെതിലെ ചെന്നപ്പോള്‍ അതിലെയല്ല മറ്റെടത്തോടെ പോകാന്‍,,,,,, എന്തിനധികം രണ്ടുകിലോമീറ്ററില്‍ ചെല്ലേണ്ടദൂരം പാമ്പും ഗോവണിയും കളിപ്പിച്ച് ദിവസം കളഞ്ഞു... രോഗവും ദാരിദ്ര്യവും മൂലം ആശരണരായവരെ മടിശ്ശിലകാട്ടി ആകര്‍ഷിക്കുന്ന ഈ സമ്പര്‍ക്കത്തോട് പുശ്ചമാണ് തോന്നുന്നത്.. സോമാലിയപോലുള്ള പട്ടിണിരാജ്യങ്ങളില്‍ അപ്പം വിതരണസ്ഥലത്തു നടക്കുന്ന അതേ അവസ്ഥ ഒരു പൊതുവേദിയില്‍ ഉണ്ടാക്കി നിരാലംബരായ ജനങ്ങളുടെ ദയനീയമായ നിലവളികള്‍ക്കു മുന്നില്‍  പണമെറിഞ്ഞു പേരു സമ്പാദിക്കുന്ന ഈ നാറിയ ഇടപാട് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ..?? സഹായങ്ങള്‍ക്ക് അര്‍ഹരായ ജനങ്ങളെ കണ്ടെത്തി സഹായിക്കാനും സംരക്ഷിക്കാനും ഗ്രാമസഭയില്‍ത്തുടങ്ങി നിയമസഭവരെയെത്തുന്ന ജനപ്രതിനിധികള്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി നടത്തുന്ന ഈ പൊറോട്ട് നാടകം ഭൂരിപക്ഷം ജനങ്ങള്‍ക്കും ദുരിതമാകുന്ന രീതിയില്‍ പൊടിപൊടിക്കുന്നത്... പേരുകിട്ടാന്‍വേണ്ടി ദുരിതാവസ്ഥയില്‍ കിടക്കുന്ന രോഗികളെപ്പോലും വെറുതെവിടുന്നില്ല.. സഹായം വേണമെങ്കില്‍ ജനസമ്പര്‍ക്കത്തില്‍ പോകണം... ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പരമ സാധുക്കള്‍ പോലും ആമ്പുലന്‍സുംകൂട്ടി പരപര വെളുക്കുമ്പോള്‍ സമ്പര്‍ക്കവേദിയില്‍ എത്തണം... എന്തൊരു ക്രൂരതയാണിത്.. ഗതിയില്ലാത്തവന്‍റെ വേദനകളെ സര്‍ക്കാര്‍ച്ചിലവില്‍ വിറ്റുകാശാക്കുന്നതു ന്യായമല്ല.. പരിഹരിക്കപ്പെടെണ്ട പരാതികളുടെ വ്യക്തമായ രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ത്തന്നെ ഹാജരാക്കുമ്പോള്‍ എന്തിനാണ് എഴുന്നേറ്റ് നില്ക്കാന്‍ പോലും ആവാത്ത രോഗികള്‍പോലും മുഖം കാണിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌..??
   പരമദരിദ്രരായ ഇരുനൂറ്റിതൊണ്ണൂറ്റിറ്റിയെട്ടെണ്ണത്തിനു തിരുമുഖം നേരിട്ടുദര്‍ശിച്ചു പരാതി ബോധിപ്പിക്കാം... മഹാപ്രഭു സ്വന്തം മടിശ്ശീലയില്‍നിന്നും നേരിട്ട് പണംനല്‍കി പ്രശ്നം പരിഹരിക്കും... മഹാരാജാവ് സക്കാത്ത് കൊടുക്കുന്നതറിഞ്ഞു സകലമാനദരിദ്രരും പിച്ചപ്പാത്രവുമായി വന്നിരുന്നുവെങ്കിലും പിച്ചക്കാരെ പല ഗ്രൂപ്പുകളായി തരംതിരിച്ച്  വേണ്ടുന്ന നക്കാപ്പിച്ചകള്‍; ശിപായി, കാര്യക്കാരന്‍ ,സര്‍വ്വാദികാര്യക്കാരന്‍ തുടങ്ങിയ പ്രഭുക്കള്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുമെടുത്തു കൊടുത്തുവിടുകയാണ് ചെയ്യുന്നത്.. മഹാദരിദ്രരേ മാത്രമേ മഹാരാജാവിന്‍റെ അടുക്കലേക്ക് വിടുകയുള്ളൂ.. മഹാരാജാവിന്‍റെ സംരക്ഷണത്തിനായി സൈന്യംമുഴുവന്‍ കണ്ണൂരില്‍ കുറ്റിയടിച്ചിരിക്കുകയാണ്.. ബസ്‌സ്റ്റോപ്പ്‌, മൂത്രപ്പുര,കുളിക്കടവ്‌ എന്നുവേണ്ട നാലാള്കൂടുന്ന സ്ഥലങ്ങളിലൊക്കെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. കറുത്ത തുണിതൂക്കിയ എല്ലാ തുണിക്കടകളും അടപ്പിക്കുന്നു... കറുത്തനിറം തന്നെ കണ്ണൂരില്‍ നിരോധിച്ചിരിക്കുന്നു.. കറുത്തനിറമുള്ള എല്ലാ പരാതിക്കാരും മുഖം കാണിക്കല്‍ ദിവസം നിര്‍ബന്ധമായും വെള്ളപൂശി വരണമെന്നും അറിയിപ്പുണ്ട്.. മഹാരാജാവിന്‍റെ സക്കാത്ത് നടക്കുന്ന പരിസര പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം പോലീസ് അടപ്പിച്ചിരിക്കുന്നു... എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ വരുന്നവര്‍ വെള്ളംകിട്ടാതെ ചത്താലും വേണ്ടില്ല രാശാവ് വിഷമിക്കരുത്.. കറുത്ത തുണിധരിച്ചു വരുന്നവര്‍ പരാതിക്കാരായാലും  രാശാവിനെ കാണാന്‍ കഴിയില്ല... ശബരിമലയിയ്ക്ക് പോകാന്‍ വ്രതം നോക്കുന്നവരെ തുണി അഴിപ്പിക്കുമോയെന്നു കണ്ടറിയണം... ഇങ്ങനെയൊക്കെയാണെങ്കിലും  കോടിക്കണക്കിനു രൂപ പൊടിച്ചുകൊണ്ടുനടത്തുന്ന സക്കാത്ത് വിതരണത്തിനെതിരെ നാട്ടിലെ രാജവിരുദ്ധര്‍ കരിങ്കൊടി പ്രകടനം നടത്തുന്നുണ്ട്... അരക്കിലോമീറ്റര്‍ അകലെ പോലിസ് പ്രകടനം തടയുന്നു... മംഗളഗാനം പാടി പ്രതിഷേധം അവസാനിപ്പിക്കുന്നു.... സമാധാനം എല്ലാവര്ക്കും സമാധാനം..
  സക്കാത്തുലിസ്റ്റില്‍ പെടാത്തവരും, ലിസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടവരുമായി കണ്ണൂരില്‍ ബാക്കി ജനം ഇരുപത്തിയഞ്ചുലക്ഷത്തോളം  വരുന്നു.. ജില്ലയുടെ ഭരണസിരാകേന്ദ്രവും പ്രധാനനഗരവുമായ കണ്ണൂര്‍; രാജാവിന്‍റെ സക്കാത്തുവിതരണത്തില്‍ അക്ഷാര്‍ത്ഥത്തില്‍ നിശ്ചലം...ഇതെന്താപ്പാ ബാക്കി വരുന്ന ഇരുപത്തിയഞ്ചുലക്ഷം ജനങ്ങളും ജനസാമ്പാര്‍ പരിപാടിയേത്തുടര്‍ന്നു വീട്ടില്‍ ഇരിക്കണോ?? നഗരവാസികള്‍ക്കൊക്കെ ഇന്ന് ഹര്‍ത്താലാണോ..?? വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്ത് എത്തുന്ന ആളുകളുടെ കാര്യം ഏതു സമ്പര്‍ക്കത്തില്‍ ആരാണ് പരിഹരിക്കുന്നത്..?
 തീര്‍പ്പാക്കാത്ത 298 പരാതികള്‍ തീര്‍ക്കാനാണ് ഒരു കോടിയോളം രൂപ ചിലവാക്കി ഈ ധൂര്‍ത്ത്.. ഇതാണോ ജനസമ്പര്‍ക്കം... ഇതു ജനത്തിനു ദുരിതമാണ് സമ്മാനിക്കുന്നത്... ഈ 298 പരാതിക്കാരെ അവര്‍ക്ക് വരുന്നമുഴുവന്‍ ചിലവും കൊടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചാല്‍ പോലും ഈ സമ്പര്‍ക്കത്തിന് ചിലവാകുന്ന തുകയാവില്ല... സര്‍ക്കാര്‍ ഖജനാവ് മുടിക്കുന്ന ഈ നാടകവും ഫലത്തില്‍ ഒരു അപ്രഖ്യാപിത ഹര്‍ത്താല്‍ത്തന്നെയാണ്... ഒരു  ഹര്‍ത്താലില്‍ നടക്കുന്ന നഷ്ടം അറിയിക്കാന്‍ അച്ചുനിരത്തുന്ന കൂലികളൊന്നും  ഈ ധൂര്‍ത്തിനെക്കുറിച്ച് ഒന്നും മുണ്ടുന്നില്ല...
 ജനസമ്പര്‍ക്കപരിപാടിയിലേക്കു പരാതി നല്‍കിയ 298 പേരെ നേരിട്ടു കാണാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്‌ 3500 പോലീസുകാരെയാണ് . ഇത്രയും ഉദ്യോഗസ്‌ഥരും ജനസമ്പര്‍ക്കത്തിനെത്തുന്നതോടെ ജില്ലയിലെ ഇതര സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം...വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ വരുന്ന സാധാരണജനം ഊമ്പസ്യാ...ഈ സാമ്പാര്‍ പരിപാടിക്ക് പൊട്ടിക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞ ഏതെങ്കിലും ഒരു ഗ്രാമീണ റോഡ്‌ ടാരു ചെയ്യാം..കണ്ണൂരിലെ ജനസമ്പര്‍ക്കപരിപാടിക്ക്‌ 63 ലക്ഷം രൂപ ചെലവു വരുമെന്നാണു പോലീസ്‌ രഹസ്യാന്വേഷണവിഭാഗത്തിന്‍റെ കണക്ക്‌. എന്നാല്‍, ചെലവ്‌ ഒരു കോടി രൂപ കടക്കുമെന്നാണു സൂചന.കാട്ടിലെ തടി തേവരുടെ ആനാ വലിയെടാ വലി........................
 ചൊവ്വാഴ്ച  പുലര്‍ച്ചെ കണ്ണൂര്‍ ഗസ്‌റ്റ്‌ഹൗസിലെത്തുന്ന മുഖ്യമന്ത്രി വന്സുരക്ഷയില്‍  പോലീസ്‌ വാഹനങ്ങളുടെ അകമ്പടിയോടെയായിരിക്കും ജനസമ്പര്‍ക്കപരിപാടി നടക്കുന്ന ജവാഹര്‍ സ്‌റ്റേഡിയത്തില്‍ എട്ടു മണിയോടെ എത്തുക. ഇതിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ റോഡുഗതാഗതം താറുമാറാക്കി;പത്തുമിനുട്ട് യാത്രയ്ക്ക് രണ്ടുമണിക്കൂര്‍ ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ട്. സാമ്പാര്‍ സുരക്ഷിത യാത്രയുടെ റിഹേഴ്‌സല്‍ പോലീസ്‌ വിജയകരമായി നടത്തി സുരക്ഷ ഉറപ്പുവരുത്തി. ആറ്‌ എസ്‌.പിമാരുടെ കീഴില്‍ 30 ഡിവൈ.എസ്‌.പിമാര്‍ക്കാണു സുരക്ഷാച്ചുമതല. 36 സി.ഐമാര്‍, 178 എസ്‌.ഐമാര്‍, അഡീഷണല്‍ എസ്‌.ഐ. മുതല്‍ പോലീസുകാര്‍ വരെയുള്ള 2251 പേര്‍, 120 വനിതാ സീനിയര്‍- സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരാണു സുരക്ഷയ്‌ക്കായി അണിനിരക്കുന്നത്‌.
  മാവോയിസ്‌റ്റുകള്‍ക്കായി വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട്‌ ടീം തെരച്ചില്‍ നിര്‍ത്തി കണ്ണൂരിലെത്തി. ക്വിക്ക്‌ റെസ്‌പോണ്‍സ്‌ ടീമും സജ്‌ജമായി. 700 പോലീസുകാരുടെ ഡ്യൂട്ടി സ്‌റ്റേഡിയത്തിന്‌ അകത്തു തന്നെയാകും. ഉത്തരമേഖലാ എ.ഡി.ജി.പി: എന്‍. ശങ്കര്‍ ഡെഡ്‌ഡിയാണ്‌ സുരക്ഷാനടപടികള്‍ നിയന്ത്രിക്കുന്നത്‌. കണ്ണൂരില്‍ നിയോഗിച്ച 3500 പോലീസുകാരുടെ ഡ്യൂട്ടി ഇന്നു പുലര്‍ച്ചെ നാലു മണിക്കുതന്നെ ആരംഭിച്ചു. ഇന്നു തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ലെന്ന അറിയിപ്പു ജവാഹര്‍ സ്‌റ്റേഡിയത്തിനു സമീപം സ്‌റ്റേഡിയം കോര്‍ണറിലെ കച്ചവടസ്‌ഥാപനങ്ങള്‍ക്കു പോലീസ്‌ നല്‍കിയിട്ടുണ്ട്‌. .....ഇതാണ് മാമന്‍ നടത്തുന്ന സക്കാത്ത് വിതരണത്തിന്‍റെ ഏകദേശരൂപം.. സത്യം പറഞ്ഞാല്‍ ഈ ജനസ്നേഹം കാണുമ്പൊള്‍ മഹാത്മാഗാന്ധിയൊക്കെ എത്രയോ ചെറുത്‌..!!!!!!.
   പ്രതിപക്ഷത്തിന്‍റെ പതിവ് കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടാമെന്ന ശങ്കയാണ് ഇത്തരത്തിലുള്ള ബഫര്‍സോണുകള്‍ ഉണ്ടാക്കുന്നതിലെ യുക്തിയെന്നു പറഞ്ഞു തടിയൂരാം..അപ്പോള്‍ ഈ കോടികള്‍ മുടക്കിയുള്ള സുരക്ഷാഗിമിക്കുകള്‍ക്ക് കാരണക്കാര്‍ ആരാണ്..??/ പ്രതിപക്ഷം ഉത്തരം പറയണം... ഏതായാലും ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നാടുന്ന ഈ ആട്ടത്തില്‍ പൊതുജനത്തിന്‍റെ കീശയാണ് കീറുന്നത്... ജന നന്മയ്ക്ക് വിനയോഗിക്കേണ്ട ഖജനാവിലെപണമാണ്  പ്രതിപക്ഷാക്രമണത്തെ ഭയന്ന് വെറുതെ നഷ്ടമാകുന്നത്... ഇനിയെങ്കിലും നിറുത്തിക്കൂടെ മുഖ്യമന്ത്രി താങ്കളുടെ ഈ ജനസാമ്പാര്‍ പരിപാടി.. എവിടെമുഖ്യമന്ത്രി അവിടെ കരിങ്കൊടിയെന്ന പ്രതിപക്ഷ ഗിമിക്കും നിറുത്തിക്കൂടെ നേതാക്കളെ... നിങ്ങള്‍ കാരണം ബഹുഭൂരിപക്ഷംവരുന്ന സാധാരണജനം വിഷമത്തില്‍ തന്നെയാണ്..സംശയിക്കേണ്ട... കേവലം ഒരു ജില്ലാകലക്ടര്‍ക്ക് ചെയ്യാവുന്ന ഈ സഹായധനവിതരണം ഇത്രമാത്രം പാഴ്ച്ചിലവുകള്‍ വരുത്തി ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഉത്സവമായി ആഘോഷിക്കേണ്ട ആവശ്യമെന്താണ്..?? ഭരണത്തിന്‍റെ തലപ്പത്തിരിക്കുമ്പോഴും കീഴിലുള്ള ഉദ്യോഗസ്ഥരെകൊണ്ട് നല്ലരീതിയില്‍ ജോലിചെയ്യിക്കാനുള്ള കഴിവില്ലായ്മ്മയാണ് ഈ  സ്വയം സക്കാത്ത് വിതരണം ഏറ്റെടുക്കുമ്പോള്‍ കാണാന്‍ കഴിയുക.. ഉദ്യോഗസ്ഥര്‍ക്ക് തീര്‍പ്പാക്കാത്ത പരാതികള്‍ പരിശോധിക്കാന്‍ ഇരുപത്തിനാലുമണിക്കൂറും സുതാര്യമെന്നു പറയുന്ന ഒരു ഓഫീസും വലിയൊരു സന്നാഹവും സ്വന്തമായുള്ളപ്പോള്‍ എന്തിനാണ് ഈ ഊരുചുറ്റല്‍... പ്രധാന ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയെ കാണാന്‍ വരുന്ന ഒരാള്‍ക്ക്‌ ഇങ്ങനെ ജില്ലതോറും ഓടേണ്ടി വരുന്നതിലെ വിഷമം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.. മറ്റു മന്ത്രിമാരും, അവരുടെ ഓഫീസും, അതുമായി ബന്ധപ്പെട്ട ഉപജാപകവൃന്ദങ്ങളും, പി എ മാരും, മന്ത്രിമാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും ജനത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഈ സഹായവിതരണം ജനങ്ങളില്‍ എത്തില്ലേ...?നിയമസഭയില്‍  തുടങ്ങി ഗ്രാമസഭകള്‍ വരെയുള്ള ജനപ്രാതിനിധ്യസഭകള്‍ നിലനില്‍ക്കുമ്പോള്‍ അതെല്ലാം നിര്‍ജീവമാക്കി; കൂടെയുള്ളവനൊന്നും കാല്‍ക്കാശിനു കൊള്ളില്ലാത്ത എമ്പോക്കികളാതുകൊണ്ട് ഞാന്‍ തന്നെ നേരിട്ടിറങ്ങണം നാടു നന്നാക്കാനെന്നു പറയുമ്പോള്‍...ഈ ഭരണസംവിധാനം ജനങ്ങളെ സേവിക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്നു തുറന്നു സമ്മതിക്കുന്നതിനു തുല്യമാണ്.. അങ്ങനെയെങ്കില്‍ കൂട്ടത്തിലുള്ള കാട്ടുകള്ളന്മാരെ ഒഴിവാക്കാനുള്ള ചങ്കൂറ്റമെങ്കിലും  കാണിക്കണം.. സ്വയം ആളാകാനുള്ള ഈ സാമ്പാര്‍ പരിപാടി നിറുത്തി ഭരണസംവിധാനങ്ങളെ പ്രവര്‍ത്തനസജ്ജമാക്കി അനൂകൂല്യങ്ങള്‍ താഴെത്തട്ടില്‍വരെ എത്തിക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെ മിടുക്ക്.. ഇത്തരം സാമ്പാര്‍ പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിഷമങ്ങള്‍ മാത്രമാണ് ഉണ്ടാക്കുക.. നടക്കാന്‍ പറ്റാത്തവരും, ഇരിക്കാന്‍ പറ്റാത്തവരും,  ദീര്‍ഘനാളായി ഒരേകിടപ്പില്‍ കിടക്കുന്നവരും ചികല്സിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്നവരുമായ  രോഗികളെയെല്ലാം എന്‍റെ മുന്നിലേക്ക് ചുമന്നുകൊണ്ടുവരണമെന്ന നിബന്ധന, രോഗികളോടുള്ള അനുകമ്പയേക്കാള്‍  സ്വയം പുണ്യവാളനാണെന്ന വോട്ടു ബാങ്ക് രാഷ്ട്രിയമാണ് കാണിക്കുന്നത് ....
  സദാസമയവും കരിങ്കൊടിയുമായി നടക്കുന്നവരോട് ഒരു കാര്യം.. ഈ സാമ്പാര്‍ ലിസ്റ്റില്‍പ്പെടാത്ത നിരവധി രോഗികള്‍ ഇനിയും നമ്മുടെ നാട്ടിലുണ്ട്.. രാജാവിനു മുഖംകാണിക്കാന്‍ കഴിയാത്ത അവരെയും സമ്പര്‍ക്ക സ്ഥലത്തേയ്ക്ക് എത്തിക്കൂ.. രാജാവ്‌ നടന്നുപോകുന്ന വഴിവക്കിലെങ്കിലും അവരെയും കിടത്തൂ... ഒരുപക്ഷെ രാജാവിന്‍റെ ഒരു നോട്ടംമതി അവരും സുഖപ്പെടാന്‍... രാജാവ്‌ അവരെ ഉപേക്ഷിച്ചു പോവുകയാണെങ്കില്‍, അവരുടെ നിലവിളി കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടിറങ്ങൂ... വെറുതെ വെയിലത്തു കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലതാണത്..

 ജനത്തിന്‍റെ നികുതിപ്പണം സ്വന്തം വീട്ടില്‍നിന്നും കൊടുക്കുന്ന ഔദാര്യസഹായവിതരണംപോലെ നടത്തി പേരെടുക്കുന്നവരും; എന്തിനും ഏതിനും കോലേല്‍ കറുത്തതുണിയും ചുറ്റി ഇറങ്ങുന്നവരും ഇത്തരം ഷോ- കള്‍ നടത്തുന്നത്  ജനത്തിനുവേണ്ടിയല്ല; അധികാരം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രം നടത്തുന്ന പിത്തലാട്ടങ്ങളാണെന്ന്‍ ഇവിടുത്തെ ആം ആദ്മികള്‍ മനസിലാക്കുന്നു..ഒരു ചൂല്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്; അതുമറക്കേണ്ട..

Monday, December 16, 2013

എം. എല്‍. എ മന്നന്മാരും; പ്രജയും...........


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ജയില്‍ പരിഷ്ക്കാരങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ എം എല്‍ എ മാരുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ മുന്‍പാകെ പരാതി പറയാനെത്തിയ ശാരിരിക അവശത ബാധിച്ച വയോധികയ്ക്ക് അവഗണന...ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെക്കാണാന്‍ വന്ന സ്ത്രീയാണ് എം എല്‍ എ മാരോട് പരാതി പറയാന്‍ ശ്രമിച്ചത്...ഇവര്‍ക്ക് മക്കളോ ബന്ധുക്കളോ ഇല്ല..എല്ലാ ദിവസവും ഭര്‍ത്താവിനെക്കാണാന്‍; കാലിനുസുഖമില്ലാത്ത ഇവര്‍ ഇഴഞ്ഞു ജയില്‍പടിക്കല്‍ എത്തുന്നുണ്ട്.. ജയിലില്‍ എം എല്‍ എ മാര്‍ എത്തിയതറിഞ്ഞ് അവരോടു പറഞ്ഞാല്‍ ഒരു പക്ഷെ ഭര്‍ത്താവിനെ പുര്‍ത്തിറക്കാന്‍ കഴിയുമെന്ന് ആ സ്ത്രീ വിചാരിച്ചിട്ടുണ്ടാകും.. ജീവിത സായാഹ്നത്തില്‍ സഹായത്തിനു ആരുമില്ലാതെ ഒറ്റപ്പെട്ട ഒരു വൃദ്ധയുടെ പരാതി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത ഈ ഷോകെയ്സ് ബിംബങ്ങള്‍ നമുക്കെന്തിനാണ്..?  കാലിനു വൈകല്യമുള്ള ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മറിഞ്ഞുവീണെങ്കിലും കണ്ടഭാവം നടിക്കാതെ നമ്മുടെ മാന്യജനപ്രതിനിധികള്‍ ഒഴിഞ്ഞുമാറി.. ഈ സ്ത്രീയെ അങ്ങോട്ടു കടത്തി വിട്ടതില്‍ ഉദ്യോഗസ്ഥരെ ശാസിക്കാനും നമ്മുടെ പ്രതിനിധികള്‍ മറന്നില്ല... അധികാരത്തിന്‍റെ സുഖത്തില്‍ ജനങ്ങളെ മറക്കുന്ന  ഈ ദേഹങ്ങളാണോ ജനപ്രധിനിധികള്‍.??. ജനങ്ങളുടെ ഉപ്പും ചോറും തിന്നു കൊഴുക്കുമ്പോള്‍ കണ്മുന്നില്‍ കാലിടറുന്ന ഒരു വൃദ്ധസ്ത്രീയോടുപോലും കരുണകാണിക്കാത്ത ഇവരൊക്കെയാണോ സല്‍ഗുണസമ്പന്നന്മാരായ ജനപ്രതിനിധികള്‍..?/. എസ്റ്റിമേറ്റ് കമ്മിറ്റി, ചക്ക കമ്മിറ്റി, മാങ്ങാ കമ്മിറ്റി എന്നൊക്കെ പേരിട്ടു വിളിക്കുന്ന നിരവധി പുട്ടടി കമ്മറ്റികള്‍ ദിവസേനെ കാണുന്നവരാണ് ജനങ്ങള്‍... ഇത്തരം കമ്മറ്റികള്‍ നടത്തുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും പതിവ് ചായകുടിയും വിനോദയാത്രകളും കഴിയുമ്പോള്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിയുമെന്നു ആര്‍ക്കാണറിയാത്തത്..??. തങ്ങള്‍ക്ക് വേണ്ടുന്ന ബത്തകള്‍ ഒപ്പിക്കാന്‍ വേണ്ടി നാടുനീളെ കമ്മിറ്റിയും പഠനങ്ങളും നടത്തി മാസാവസാനം ശമ്പളത്തിന് പുറമേ നല്ലൊരു തുക ഒപ്പിക്കാന്‍ ഊരുതെണ്ടുന്ന ഇത്തരം എം എല്‍ എ കൂട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടും..??. തന്‍റെ മുന്‍പില്‍ വീണുകിടന്ന സ്ത്രീയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ പ്രതിയാണെന്നാണ് ഒരു എം എല്‍ എ പ്രതികരിച്ചത്.. ആയിക്കോട്ടെ അതുകൊണ്ട് ആ സ്ത്രീയുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പാടില്ലയെന്നുണ്ടോ... അതോ മറിഞ്ഞുവീണ അവരെ എഴുന്നേല്‍ക്കാന്‍ സഹായിച്ചാല്‍ നിങ്ങളുടെ വെള്ള വസ്ത്രങ്ങളില്‍ ചെളിപുരളും എന്ന ഭയമാണോ അവരെ അവഗണിക്കാന്‍ കാരണമായത്...ആ സ്ത്രീയുടെ പരാതി കേള്‍ക്കുന്നതിനു മുന്‍പേ എം എല്‍ എ യ്ക്ക് മനസിലായി അവരുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ പ്രതിയാണെന്ന്. എന്തൊരു ദിവ്യദൃഷ്ടി.. ശാരീരിക അവശതകള്‍ ബാധിച്ച പ്രായമായാ ഒരു സ്ത്രീയൊരു പരാതി ബോധിപ്പിക്കാന്‍ തങ്ങളുടെ  അടുത്തേയ്ക്ക് വന്നാല്‍ അവരെ കേള്‍ക്കാനുള്ള മിനിമം മര്യാദയെങ്കിലും എം എല്‍ എ മാര്‍ കാണിക്കണമായിരുന്നു... തങ്ങളുടെ അടുക്കലേക്ക് വരുമ്പോള്‍ മറിഞ്ഞുവീഴുന്ന അവരെ എഴുന്നേല്‍ക്കാന്‍ സഹായിക്കാനുള്ള മനുഷ്യത്വമെങ്കിലും പ്രകടിപ്പിക്കാമായിരുന്നു...  ഈവരൊക്കെ തേച്ചു മിനുസപ്പെടുത്തി ഇട്ടിരിക്കുന്ന വസ്ത്രങ്ങളും ഓസില്‍ അനുഭവിക്കുന്ന അനുകൂല്യങ്ങള്‍ക്കും ആ സ്ത്രീയുടെയും വിയര്‍പ്പിന്‍റെ ഒരംശമുണ്ട്... എന്തിനാണ് ഇതുപോലുള്ള ജനപ്രതിനിധികള്‍... നമുക്ക് വേണ്ടത് ഇത്തരം പോളിഷ് പ്രതിനിധികളെയല്ല... നമ്മുടെ ഇടയില്‍നിന്നും നമ്മളില്‍ ഒരാളായി നില്‍ക്കുന്നവരെയാണ് നമുക്കാവശ്യം... ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നിട് ചാകുവോളം കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു അധികാരത്തിന്‍റെ ലഹരി ആവോളം നുണയുന്ന കൊഴുപ്പുനിറഞ്ഞ ദേഹങ്ങളെയല്ല ജനത്തിനാവശ്യം..

  കണ്മുന്നില്‍ ഒരു പ്രായമായ സ്ത്രീ മറിഞ്ഞുവീഴുമ്പോള്‍  സഹായിക്കാന്‍ കഴിയുകയെന്നത് സാമാന്യമര്യാദയാണ്... അതുപോലും ചെയ്യാതിരിക്കുകയും പിന്നിട് അതിനെ ന്യായികരിക്കുകയും ചെയ്യുന്നത് അധികാരം സൃഷ്ടികുന്ന അഹങ്കാരവും; സാധാരണജനമെന്നത് എന്നും അകറ്റിനിറുത്തേണ്ടവരാണെന്നുമുള്ള മിഥ്യാധാരണയുമാണ്‌..ഇത്തരം ധരണകള്‍ വച്ചുപുലര്‍ത്തി മൂഡസ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന മാന്യദേഹങ്ങളെ ചൂലെടുത്ത് അടിച്ചു പുറത്താക്കണം.. സ്വന്തം സഹജീവിയോടു കാണിക്കാത്ത സ്നേഹം ആനയ്ക്കും കടുവായ്ക്കും വേണ്ടി വാദിക്കുമ്പോള്‍ നിറഞ്ഞോഴുകുന്നു... മനുഷ്യനെ മനുഷ്യനായി കാണാത്ത പരിസ്ഥിതി എം എം എ ... ചാനല്‍ മുറികളിലിരുന്നു അടിച്ചുവിടുന്ന ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതുതന്നെ മിശിഹ എന്നു തോന്നിപ്പോകും... പുറത്തിറങ്ങിക്കാണിക്കുന്നതു കാണുമ്പൊള്‍ ഇതുതന്നെ ലൂസിഫറെന്നും ഉറപ്പാകും... മനുഷ്യത്വപരമായ സമീപനങ്ങള്‍ നിഷേധിക്കുന്ന ഏതൊരുവനായാലും, അക്രമത്തിനും, അഴിമതിയ്ക്കും കൂട്ടുനില്‍ക്കുന്നവന്‍ ഏതു പാര്‍ട്ടിയില്‍പ്പെട്ടവനായാലും അവര്‍ ഒരിക്കലും നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടരുത്... കാരണം ഇത്തരം ആളുകളില്‍ തിരഞ്ഞെടുപ്പുസമയങ്ങളില്‍ മാത്രമേ മനുഷ്യത്വം കാണൂ.. വോട്ടു വാങ്ങി ജയിച്ചുകഴിയുമ്പോള്‍ ഇവര്‍ വെറും കശാപ്പുകാരും.. കള്ളനു കഞ്ഞിവയ്ക്കുന്നവരുമായി മാറുന്നു.. നമ്മുടെ പരാതികള്‍ പറയാന്‍ ചെല്ലുമ്പോള്‍; നാറുന്നു, കുളിച്ചിട്ടുവാ, ഞാനിപ്പോള്‍ എസ്റ്റിമേറ്റ് എടുക്കുവാ, തിന്നുവാ, കിടക്കുവാ തുടങ്ങിയ നൂറുകണക്കിന് ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് മുഖം തിരിച്ചുകളയും..ഇതൊക്കെ ആരോട് പറയാന്‍ എന്ന വിലാപങ്ങള്‍ അവസാനിപ്പിക്കേണ്ട കാലമായി. സാധരണജനം; ഏമാന്മാരെ പേടിക്കേണ്ട കാലംകഴിഞ്ഞു.. നമുക്കും കരുത്തുണ്ട് എന്നു കാലം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു... ഇനി ചൂല്‍ കൈയ്യിലെടുക്കേണ്ട താമസമേയുള്ളൂ.. ഇത്തരം ചവറുകളെ അടിച്ചുവാരി പുറത്തുകളയണം.. ജനത്തെ  അവഗണിക്കുന്നവനെ ജനവും അവഗണിക്കണം...