**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, February 26, 2017

സൂക്ഷിക്കുക ആ പ്രമുഖന്‍ നിങ്ങളുടെ പിന്നാലെയുണ്ട് ...

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഇത്തവണയെങ്കിലും ആ പ്രമുഖനെ പിടിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്‌; പക്ഷെ ഒന്നുമുണ്ടായില്ല. പതിവുപോലെ പ്രമുഖനു ക്ലീന്‍ചീട്ട് കൊടുക്കപ്പെട്ടു.. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക; എപ്പോ വേണമെങ്കിലും പ്രമുഖന്‍ നിങ്ങളെയും ആക്രമിക്കാം. സ്വയം രക്ഷപെടാനുള്ള വഴികള്‍ ഇപ്പോഴേ കണ്ടെത്തിക്കൊണ്ടേ നാളെ പുറത്തിറങ്ങാവൂ.. ചുരുക്കിപ്പറഞ്ഞാല്‍ കേരളം വീണ്ടും പ്രമുഖന്‍റെ ആക്രമണഭീതിയിലായിരിക്കുന്നു.. എവിടെ പീഡനമുണ്ടോ അവിടെ പ്രമുഖന്‍ ഉണ്ടായിരിക്കും. എവിടെ അക്രമമുണ്ടോ അവിടെ പ്രമുഖന്‍ ഉണ്ടായിരിക്കും. എവിടെ കുംഭകോണമുണ്ടോ അവിടെ പ്രമുഖന്‍ ഉണ്ടായിരിക്കും. ... തൂണിലും തുരുമ്പിലും എല്ലായിടത്തും സര്‍വ്വവ്യാപിയായി പ്രമുഖന്‍ ഉണ്ടാകും. പക്ഷെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല..അതാണ്‌ പ്രമുഖന്‍!!!!  .പള്‍സര്‍സുനി പിടിക്കപ്പെട്ടുവെങ്കിലും പിന്നണിയിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന പ്രമുഖന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയിരുപ്പാണ്... ചമ്മന്തിയരയ്ക്കാന്‍ അയല്‍ക്കാരന്‍റെ പറമ്പില്‍നിന്നും ഒരു തേങ്ങയെടുത്ത കോരന്‍റെ മകന്‍ ചീരനെ പോലിസ് ഓടിച്ചിട്ടുപിടിച്ച വാര്‍ത്ത‍ ബ്രേക്കിംഗ് ന്യൂസായി കൊടുക്കുമ്പോഴും  ‘ആരോടോ ഉള്‍ഭയം നിരന്തരമുള്ള’ മാധ്യമങ്ങള്‍ക്കും നമ്മുടെ  പ്രമുഖനെപ്പറ്റി ഒന്നും പറയാനില്ല. കേരളപോലിസാണെങ്കില്‍ ഹെല്‍മറ്റ് വയ്ക്കാത്ത ബൈക്കുയാത്രക്കാരേ സാഹസികമായി എറിഞ്ഞുവീഴ്ത്തി പിടിച്ചു  മിടുക്കുതെളിക്കുന്നുണ്ടെങ്കിലും; അതേമിടുക്കില്‍  പ്രമുഖനെപിടിക്കാന്‍  കഴിവിന്‍റെ പരമാവധി നോക്കിയിട്ടും; അങ്ങേരിപ്പോഴും  രക്ഷപെട്ടുനില്‍ക്കുന്നു. പ്രമുഖന് സംഭവുമായി ഒരു ബന്ധവുമില്ലെന്ന് മുഖമന്ത്രിതന്നെ പറയുമ്പോള്‍ ഈ പ്രമുഖന്‍ ആള്‍ ചില്ലറക്കാരനല്ലെന്നു വ്യക്തം.. ഇങ്ങനെ എവിടെയോയിരുന്നു ചരടുവലികള്‍ നടത്തുന്ന ഈ പ്രമുഖനും; ദാവൂദ് ഇബ്രാഹിമും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ജനത്തിന്‍റെ സംശയം. അങ്ങേരാണല്ലോ അങ്ങ് കറാച്ചിയിലിരുന്നുകൊണ്ട് ഇന്ത്യയില്‍ പടക്കം പൊട്ടിച്ചുകളിക്കുന്നത്. പ്രമുഖന്‍ എന്തെല്ലാം അക്രമങ്ങള്‍ ചെയ്യുന്നു,ആരെയെല്ലാം പീഡിപ്പിക്കുന്നു, എവിടെയെല്ലാം കള്ളക്കടത്ത് നടത്തുന്നു;  പക്ഷെ ആര്‍ക്കും പിടിക്കാന്‍ പറ്റുന്നില്ല.. പ്രമുഖന്‍ ചെയ്യുന്ന കുറ്റങ്ങളെല്ലാംതന്നെ  മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുവെങ്കിലും;  നിര്‍ഭയം നിരന്തരം അന്വേഷണം നടത്തിയിട്ടും പ്രമുഖന്‍ ആരെന്നു ഇന്നേവരെ ആര്‍ക്കും അറിയില്ല.

  പ്രമുഖനടിയെ ആക്രമിച്ചതിനുപിന്നില്‍ പ്രമുഖനാണെന്ന് ‘നേരോടെ നിരന്തരം പേടിയുള്ള’ എല്ലാ മാധ്യമങ്ങളും ഒരുപോലെപറഞ്ഞിരുന്നു. ബീച്ചില്‍ ഒന്നിച്ചിരുന്നു സൊറപറയുന്ന കമിതാക്കളെ കൈകാര്യംചെയ്യാന്‍ സദാചാരക്കാരും, പോലീ,സും മാധ്യമങ്ങളും ജാഗ്രതയോടെ നടക്കുന്നുണ്ട്. എങ്ങാനും കണ്ടുപോയാല്‍ ഫോട്ടോയെടുക്കുന്നു, കൈത്തരിപ്പ്‌ തീര്‍ക്കുന്നു, ചര്‍ച്ചിക്കുന്നു, ഉപദേശിക്കുന്നു അങ്ങനെ അവരെ ഒരു പരുവമാക്കുന്നു. പക്ഷെ പീഡനക്കേസിലെ  പ്രമുഖന്‍റെ ഐഡന്റിറ്റിയെക്കുറിച്ച് അവര്‍ക്കും വിവരമൊന്നുമില്ല. ആ പ്രമുഖന്‍ വിവാഹിതനാണോ, പിള്ളേരുണ്ടോ, അവന്‍റെ പഞ്ചായത്ത് ഏതാണ്, അവന് വോട്ടുണ്ടോ, ആധാര്‍ കാര്‍ഡ് ഉണ്ടോ, അവന്‍ കഞ്ചാവടിക്കുമോ, സിനിമ കാണുമോ....ആര്‍ക്കും   ഒന്നുമറിയില്ല.

 പ്രമുഖന് കേരളത്തിലുടനീളം മിക്കജില്ലകളിലും ഹോട്ടല്‍വ്യവസായമുണ്ടെന്നു തെളിയിക്കുന്നവാര്‍ത്തകള്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രമുഖന്‍റെ; പ്രമുഖഹോട്ടലില്‍നിന്നും ചീഞ്ഞഭക്ഷണം പിടിച്ചുവെന്ന വാര്‍ത്തവരും.. പക്ഷെ പ്രമുഖനെ; എന്തിനു പ്രമുഖന്‍റെ  പ്രമുഖഹോട്ടലുകളുടെ പേരുപോലും നാടുനീളെ ഒളിക്യാമറയുമായി നടക്കുന്ന മാധ്യമങ്ങള്‍ക്കോ; ചീഞ്ഞഭക്ഷണം തിന്നു നോക്കി നടപടിയെടുത്ത  ആരോഗ്യവകുപ്പധികൃതര്‍ക്കോ അറിയില്ല.
  
 പ്രമുഖനു കേരളത്തിലുടനീളം ജ്വല്ലറികളുണ്ടെന്ന് വ്യക്തമായതെളിവുകള്‍ ഉണ്ട്. പ്രമുഖന്‍; പ്രമുഖജ്വല്ലറിയുടെ പേരില്‍ വിമാനത്താവളങ്ങള്‍ വഴി സ്ഥിരമായി സ്വര്‍ണ്ണക്കടത്ത് നടത്തുന്നതായി നിരന്തരം നുണ പറയുന്ന മാധ്യമങ്ങള്‍ വളരെസത്യസന്ധമായി പറയുന്നു. പക്ഷെ  ഇന്നേവരെ സ്വര്‍ണ്ണം കടത്തിയ ആ പ്രമുഖന്‍ ആരാണെന്നു ആര്‍ക്കും അറിയില്ല.

 പ്രമുഖന്‍ നടത്തിയതെന്നു പറയപ്പെടുന്ന  വാണിഭ പീഡന ക്ലിപ്പുകള്‍ അടുത്തകാലത്ത്‌ പുറത്തുവന്നിരുന്നു . പക്ഷെ പ്രമുഖന്‍റെ പേരുവിവരം എന്നിട്ടും പുറത്തു വന്നില്ല. കേസും വന്നില്ല.

  പ്രമുഖന്‍റെ ബ്രാന്റുകള്‍  കേരളത്തില്‍ വിതരണംചെയ്യുന്ന കറിപൌഡറുകളില്‍ കൂടിയ അളവില്‍ മായംകലര്‍ന്നിട്ടുണ്ടെന്ന് മിക്കപ്പോഴും വാര്‍ത്തകള്‍ വരുന്നു. പക്ഷെ അ പ്രമുഖ ബ്രാന്‍ഡ്‌ ഏതാണെന്ന് ആര്‍ക്കും അറിയില്ല. പൊതുജനം വിഷംകഴിച്ച് ചകാതിരിക്കാന്‍ ആ പ്രമുഖ ബ്രാന്റ്റ് ഏതാണെന്ന് പറയാനുള്ള ധൈര്യംപോലും നിര്‍ഭയക്കാരാണെന്ന് പറയുന്ന മാധ്യമങ്ങള്‍ക്കോ, സര്‍ക്കാരിനോ ഇല്ല..   

 രാജ്യത്ത് നടക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാ കുംഭകോണങ്ങളിലും പ്രമുഖന്‍ ഉള്‍പ്പെടുന്നതായി എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ ഇതുവരെ പ്രമുഖനെതിരെ ഒരു കേസും ഒരിടത്തും ഉള്ളതായി അറിയില്ല.

  മിക്കവാറും നടക്കുന്ന വ്യാജമദ്യ, സ്പിരിറ്റ് കടത്തിലും പ്രമുഖനു കൈയുള്ളതായി വാര്‍ത്തകള്‍ വരുന്നു. പക്ഷെ ഇന്നേവരെ പ്രമുഖനെ ഈ വിഷയത്തില്‍  ചോദ്യം ചെയ്തതായി അറിവില്ല. ജിഷാകൊലക്കേസ്, രാധാകൊലക്കേസ്  അങ്ങെനെ പ്രമാദമായ പല കൊലപാതകങ്ങളിലും പ്രമുഖന് പങ്കുള്ളതായി അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ പ്രമുഖനെ ചോദ്യം ചെയ്തതായോ ശിക്ഷിച്ചതായോ  ഒരു വാര്‍ത്തയും കണ്ടില്ല.  പഴയ  സൂര്യനെല്ലി, കിളിരൂര്‍ പെണ്‍വാണിഭകേസുകളിലും പ്രമുഖനു പങ്കുള്ളതായി അന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ അറസ്റ്റോ ചോദ്യം ചെയ്യാലോ ഉണ്ടായില്ല.
  
  സോളാര്‍ പീഡനകേസില്‍ പ്രമുഖനും; പ്രമുഖന്‍റെ ആളുകള്‍ക്കും പ്രമുഖ പങ്കുള്ളതായി പ്രമുഖ സോളാര്‍ നടി അന്ന് വെളിപ്പെടുത്തിയിരുന്നു. നടിയുടെ ഫോട്ടോയും ചരിത്രവും എല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു പക്ഷെ പ്രമുഖന്‍റെതെന്ന്‍ പറയാവുന്ന ഒരു കൊച്ചുഫോട്ടോപോലും പുറത്തുവന്നില്ല...

  അടുത്തയിടെനടന്ന ലോ കോളേജ് സമരം പൊളിക്കാനായി പ്രമുഖന്‍ ഇടപെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു... ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നിലും ഏതോ പ്രമുഖന്‍റെ കരങ്ങള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.. ചുരുക്കത്തില്‍ കേരളത്തില്‍ നടക്കുന്ന സകലമാന കുഴപ്പങ്ങള്‍ക്കും പിന്നിലും ഒരു  പ്രമുഖന്‍ ഉള്ളതായി  കാണാം. എന്നിട്ടും  ആ പ്രമുഖനെ പിടിക്കാന്‍ ഇവിടുത്തെ നിയമസംവിധനങ്ങള്‍ ഒരു നടപടിയും എടുക്കുന്നില്ലായെന്നതാണ് കൌതുകകരമായ വസ്തുത.. കേള്‍ക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചില സാദ്ധ്യതകള്‍  വെച്ചുകൊണ്ട് ഈ പ്രമുഖന്‍ അയാളായിരിക്കാം, ഇയാളായിരിക്കാം എന്ന് ജനത്തിന് ചില സംശയങ്ങളുണ്ടെങ്കിലും ഒരു സ്ഥിരീകരണവും ആരുടെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.. ഈ പ്രമുഖന്‍ അരൂപിയാണോ, ആശരീരിയാണോ, ഏകനാണോ അതോ റിപ്പര്‍ പോലെ  പ്രമുഖനെന്നപേരില്‍ പലരുണ്ടോ ആര്‍ക്കും ഒന്നുമറിയില്ല... ആരുടെ പിന്നാലേയും പ്രമുഖന്‍ ഉണ്ടാകാം.. ഉള്ളില്‍ ചെറിയൊരു ഭയം ഉണ്ടെങ്കിലും   ആര്‍ക്കും പിടികൊടുക്കാത്ത ഇത്രയും സ്വാധിനശക്തിയുള്ള ആ പ്രമുഖനെ സമ്മതിക്കുകതന്നെ വേണം.. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വെറുതെയൊരു തോന്നല്‍;  അടുത്ത ജന്മത്തിലെങ്കിലും ഒരു പ്രമുഖനായി ജനിച്ചാല്‍ മതിയായിരുന്നു.

RELATED POSTS
ഇനിയും മുല ചെത്തേണ്ടി വരുമോ
നടന്‍റെ വട തീറ്റയും ,നടിയുടെ പപ്പടം കാച്ചലും


ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

Wednesday, February 22, 2017

പീഡനപരമ്പര ആവര്‍ത്തിക്കുന്നു; നിസ്സഹായരായി ഇരകള്‍....


  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  
  ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടപോലെ എന്നൊരു ചൊല്ലുണ്ട്. ആര്‍ത്തിയെ സൂചിപ്പിക്കുന്ന ഒരു ചൊല്ലാണ്. ഏതാണ്ട് അതുപോലെയാണ് കേരളത്തില്‍ ഓരോ  പീഡനവും ആഘോഷിക്കപ്പെടുന്നത്.. വാര്‍ത്തകള്‍ ചൂടപ്പംപോലെ പടയ്ക്കും . അടിവേരുകള്‍ മാന്തിക്കീറി വിശകലനം ചെയ്യും, സ്ഥിരം ചര്‍ച്ചാത്തൊഴിലാളികള്‍ ഉറഞ്ഞുതുള്ളും, പെട്ടുപോയ ഇരയുടെ; മാര്‍ക്കറ്റ് വാല്യൂവെച്ചുള്ള പ്രസ്താവനകളും പ്രതിഷേധ യോഗങ്ങളും നടക്കും. ഗ്രേഡ് അനുസരിച്ച് മുഖ്യമന്ത്രിമുതല്‍ മണ്ഡലം കമ്മിറ്റിവരെ പ്രസ്താവനകള്‍ ഇറക്കും. മുമ്പ് പീഡനക്കേസുകളില്‍പെട്ട മിടുക്കന്മാര്‍വരെ ഒരുളുപ്പുമില്ലാതെ പീഡനത്തില്‍  പ്രതിഷേധിച്ചു പ്രസ്താവനയിറക്കാന്‍ വരുന്ന അത്ഭുതകാഴ്ചകള്‍ വേറെയുംകാണാം.... എന്നിട്ടോ; ഒടുക്കമെന്താവും;   പതിയെ വിഷയം കെട്ടടങ്ങും, ഒത്തുതീര്‍പ്പിനുവിധേയമായോ, ഭീഷണിക്കുവഴങ്ങിയോ, ഇരയുടെ നിസ്സഹായതകൊണ്ടോ എല്ലാ കേസുകളും പതിയെ ചവറ്റുകുട്ടയിലേക്ക് നീങ്ങും.. ജനം എല്ലാം മറന്നുതുടങ്ങി കുറച്ചുനാള്‍ കഴിയുമ്പോള്‍ വീണ്ടും പീഡനം ആവര്‍ത്തിക്കും. ആകെയൊരു വിത്യാസം സംഭവിക്കുന്നത്‌ ഇരയുടെയും കുറ്റവാളികളുടെയും പേരുകള്‍ക്ക് മാറ്റമുണ്ടാകുമെന്നതാണ്.. ഇതേ മാധ്യമങ്ങള്‍ വീണ്ടും ബിരിയാണികിട്ടിയ സന്തോഷത്തോടെ അന്തിച്ചര്‍ച്ചകള്‍ സംഘടിപ്പിക്കും.. പ്രതികരണതൊഴിലാളികള്‍ ഉറഞ്ഞുതുള്ളും അത്രതന്നെ .അതിനിടയില്‍ മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്ത അനേകം പീഡനങ്ങള്‍ പുറംലോകമറിയാതെ ഇരയുടെരോദനങ്ങള്‍ മാത്രമായി ഒടുങ്ങുന്നു..
  
 കൊച്ചിയില്‍ പ്രമുഖനടി ആക്രമണത്തിന് വിധേയമായ അതേ ദിവസങ്ങളില്‍ത്തന്നെ തലസ്ഥാനത്ത് ഒരു പിഞ്ചുകുഞ്ഞും ആക്രമണത്തിന് ഇരയായി. പീഡനത്തില്‍ തകര്‍ന്ന്‍ രക്തംവന്ന കുട്ടിയുടെ ലൈംഗികാവയവത്തില്‍ പഞ്ഞിതിരുകിയ ആ ക്രൂരനായ ക്രിമിനലിനെക്കുറിച്ച് ആരുമധികം അറിഞ്ഞില്ല.. ഈ പൈശാചികമായ സംഭവത്തെക്കുറിച്ച് പ്രത്യേകം ചര്‍ച്ചനടന്നില്ല.. കുഞ്ഞിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു യോഗവും കണ്ടില്ല... സ്ത്രീമുന്നേറ്റക്കാരും പ്രതികരണത്തൊഴിലാളികളും ഒന്നും പറഞ്ഞുകണ്ടില്ല.. പ്രിന്റ്‌ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഗതി ചെറിയകോളത്തില്‍ ഒതുക്കി.. രണ്ടു സംഭവങ്ങളിലും സ്ത്രീത്വമാണ് ആക്രമിക്കപ്പെട്ടത്..പക്ഷെ ഇരയുടെ മാര്‍ക്കറ്റ് വാല്യൂ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.. നമ്മുടെ മാനസികനിലവാരം പോലും കമ്പോളവത്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പൈശാചികമായ ലൈംഗികാക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധംപോലും ഇരയുടെ കമ്പോളവിലയുടെ അടിസ്ഥാനത്തിലായി മാറിയിരിക്കുന്നു.   
  
 കൊച്ചിയില്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധം സ്ത്രീപീഡനത്തിനെതിരെ എന്നതിനേക്കാള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിഷേധമെന്ന രീതിയാണ് ശ്രദ്ധിക്കപ്പെട്ടത്... സിനിമാക്കാരെ ആക്രമിച്ചാല്‍ ഞങ്ങള്‍ പ്രതിഷേധിക്കും അത്രമാത്രം.. തങ്ങളില്‍പ്പെട്ട ഒരുവന്‍തന്നെയാണ് ഈ അക്രമം നടത്തിയതെന്ന കാര്യം; തന്ത്രപൂര്‍വ്വം മറച്ചുവെച്ച്, സംഭവം കേരളത്തിലെ പൊതുസമൂഹത്തിന്‍റെ തലയില്‍കെട്ടിവച്ചുകൊണ്ടുള്ള പ്രതിഷേധം വെറും ഗിമിക്കുകള്‍ മാത്രമായിരുന്നോയെന്നത്; വരും ദിവസങ്ങളില്‍ അറിയാം.

 വിതച്ചതാണ് താരങ്ങള്‍ കൊയ്തതെന്നുപറയുന്നതാവും ശരി. മഴക്കാലത്ത് പുതപ്പിനടിയില്‍ ഒന്നിച്ചുകിടക്കാനും, മക്കളെ പെറ്റുകൂട്ടാനും, ചാകുമ്പോള്‍ തൊള്ളകീറിക്കാറാനുംവേണ്ടി മാത്രം പെണ്ണിനെ ആവശ്യമുണ്ടെന്നു പറയുന്ന രാവണപ്രഭുവും, ആണിനുനേരെ കൈ ഉയര്‍ന്നാല്‍; തല്ലിയൊടിക്കുമെന്ന്‍ പറയുന്ന കളക്ടറും, സ്ത്രീ എത്രകണ്ട് വളര്‍ന്നാലും അവസാനം ഒരു ആണിന്‍റെ മുന്നില്‍ മടിക്കുത്ത് അഴിക്കേണ്ടിവരുമെന്നു പറയുന്ന ഫ്യൂഡല്‍ മാടമ്പിയുമൊക്കെ വെള്ളിത്തിരയില്‍പറഞ്ഞുപരത്തി അച്ചിട്ടാക്കിയ ഡയലോഗുകള്‍; ഞരമ്പുകളില്‍ ആവാഹിക്കുന്നവര്‍ ലൊക്കേഷനില്‍ത്തന്നെയുണ്ടെന്നു ഇനിയെങ്കിലും ഓര്‍ത്താല്‍ നന്ന്. അതിനിപ്പൊ നൂറുരൂപ ടിക്കറ്റ് എടുത്ത് കളികാണാന്‍ കയറുന്ന പൊതുജനത്തെനോക്കി പ്രതിഷേധിച്ചിട്ട് ഒരു കാര്യവുമില്ല... കൂട്ടത്തില്‍ നിഴല്‍പോലെ നടക്കുന്നവരുടെ ട്രാക്ക് റെക്കോഡുകള്‍ നോക്കിയിരുന്നെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നുവെന്നതല്ലേ സത്യം. എന്തുകൊണ്ടത് ചെയ്തില്ല?.

 ഏതായാലും ഒരു സെലിബ്രിറ്റി അവരുടെ കൂടെത്തന്നെയുള്ളവരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസും സര്‍ക്കാരുമെല്ലാം ഉടനടി പ്രതികരിച്ചു. നല്ല കാര്യം. മുഖ്യമന്ത്രി പ്രത്യേകം ഫേസ്ബുക്ക് പ്രസ്താവനതന്നെയിറക്കി. .അതും നല്ലകാര്യം. പക്ഷെ  പീഡനത്തില്‍ ലൈംഗികാവയവം തകര്‍ന്ന ഒരു പിഞ്ചുകുഞ്ഞ് മുഖ്യമന്ത്രിയുടെ കസേരയുടെ ഇട്ടാവട്ടത്തില്‍ത്തന്നെയുണ്ട്; അതിനെക്കുറിച്ച് എന്തു പ്രസ്താവന ഇറക്കി?; അവര്‍ക്ക് ഐക്യം അറിയിച്ച് ആരെങ്കിലും പോയോ?.. വേണ്ട; വിളിച്ച് ആശ്വസിപ്പിച്ചോ? എന്തെങ്കിലും സഹായം പ്രഖ്യാപിച്ചോ?.. അറിയാന്‍ ആഗ്രഹമുണ്ട് സര്‍.;      ആ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടിയിരുന്നത്. സെലിബ്രിറ്റിക്ക് പീഡനമുണ്ടായപ്പോള്‍ ഡിജിപി, മുഖമന്ത്രി, മാധ്യമങ്ങള്‍, സിനിമാക്കാര്‍, സാംസ്‌കാരികനായകന്മാര്‍, രാഷ്ട്രിയപാര്‍ട്ടികള്‍, വനിതാ കമ്മിഷന്‍ എല്ലാവരും ഉറഞ്ഞുതുള്ളുന്നത് കണ്ടപ്പോള്‍ വെറുതെയൊയൊരു സന്ദേഹം ? ഈ പീഡിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞും  നമ്മുടെ പ്രജതന്നെയല്ലേ..?
  
  ഓരോ പീഡനങ്ങളും ആഘോഷമാക്കുന്ന ഒരു മാധ്യമസംസ്കാരം പതിയെ വളര്‍ന്നുവരുന്നുവെന്നതാണ്‌ സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.. പ്രിന്റ്‌ മാധ്യമങ്ങളെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരം പ്രവണതകള്‍ കൂടുതല്‍ കാണിക്കുന്നത്.. സെലിബ്രിറ്റിയുടെ പീഡനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.. നല്ല ഒന്നാംതരം പൈങ്കിളിസാഹിത്യത്തിലൂടെ പീഡനകഥകള്‍ പടച്ചുവിടുന്നു. സകലമാന ഊഹാപോഹങ്ങളും സത്യമാണെന്നുവരുത്തിക്കൊണ്ട് ഇരയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.. ലൈംഗിക പീഡനകേസുകളില്‍ ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിട്ടും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്‌ ഓണ്‍ലൈന്‍ മീഡിയകള്‍ സെലിബ്രിറ്റി പീഡനം വാര്‍ത്തയാക്കിയത്.. ഇരയുടെ ഫോട്ടോയും പേരും തലക്കെട്ടാക്കിത്തന്നെ  വാര്‍ത്തകൊടുത്തു.. ഒരിക്കലും അത് ചെയ്യാന്‍ പാടില്ലാത്തതാണ്. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ പോലിസ് നടപടിയെടുക്കെണ്ടതാണ്. ലേഖകന്മാര്‍, മഞ്ഞപുസ്തകങ്ങളില്‍ നോവല്‍ എഴുതുന്ന അതേ ലാഘവത്തോടെ കഥകളെഴുതി സത്യമാണെന്ന രീതില്‍ പ്രചരിപ്പിക്കുന്നു.... ഇരയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകളും എരിവുംപുളിയും കലര്‍ത്തിയ തലക്കെട്ടുകളും പടച്ചുവിട്ട്  പീഡനത്തെ ആഘോഷിച്ചുവെന്നുവേണം പറയാന്‍..  ഇതില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും അപ്പന്മാര്‍ ‘ലോ’ യും ‘ജേര്‍ണ്ണലിസവും’ പഠിച്ചുവെന്ന് പറയുന്ന ജീര്‍ണ്ണിച്ച തലകളാണെന്നതാണ് കൂടുതല്‍ രസകരം.. ഇവിടെ ഇരയ്ക്ക് ശാരീരികപീഡനത്തിനു പുറമേ മാനസികപീഡനവും ഏല്‍ക്കേണ്ടിവരുന്നു; അതിനാല്‍ത്തന്നെ ഇത്തരം പോര്‍ട്ടലുകള്‍  നിയന്ത്രിക്കപ്പെടണ്ടത് അത്യാവശ്യമാണ്..  മനസ്സില്‍ തോന്നുന്ന എന്തും പടച്ചുവിട്ട്,  ആര്‍ക്കെതിരെയും അപവാദപ്രചരണം നടത്താമെന്നും  ബഹു;സുപ്രീകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിയുള്ള ഈ തരംതാണ മാധ്യമപ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കേണ്ടിയിരിക്കുന്നു.. സര്‍ക്കാരിന്‍റെയും പോലീസിന്റേയും ശ്രദ്ധ അടിയന്തരമായി ഈ വിഷയത്തില്‍ പതിയണം.. ശാരീരികപീഡനമോ നടന്നു; അതിനുള്ള ശിക്ഷപോലും ഫലവത്തായി നടപ്പാക്കാന്‍ കഴിയുന്നില്ല. അതിന്‍റെ കൂട്ടത്തില്‍ ഇത്തരം പാപ്പരാസികളുടെ ആക്രമണം കൂടിയാവുമ്പോള്‍ ഇരയക്കപ്പെടുന്ന വ്യക്തി  മാനസികമായും തളരുന്നു. പഴയജീവിതം തിരികെപ്പിടിക്കാനുള്ള  ഇരയുടെ ശ്രമങ്ങളെ മാനസികമായി തല്ലിക്കെടുത്തുന്ന ഓണ്‍ലൈന്‍ പാപ്പരാസികള്‍ ചെയ്യുന്നതും പീഡനത്തിനു സമാനമായ കുറ്റം തന്നെയാണ്............. 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

Monday, February 20, 2017

പെണ്മക്കളെ ഡാന്‍സും പാട്ടുമല്ല; അക്രമിയുടെ മര്‍മ്മം നോക്കി പൊട്ടിക്കാന്‍ പഠിപ്പിക്കൂ..


.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍   
 കണാരേട്ടന്‍റെ കടയില്‍നിന്നും ബോണ്ടയും ചായയും കുടിക്കുന്നതിനിടയില്‍ അടുത്ത വായനശാലാവാര്‍ഷികത്തെക്കുറിച്ചുള്ള ചര്‍ച്ച പൊടിപൊടിക്കുകയാണ്; വടംവലിയും കഴകയറ്റവും വേണമെന്ന് ഒരു കൂട്ടര്‍, തീറ്റമത്സരം വേണമെന്ന് മറ്റൊരു വിഭാഗം.. ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണ് ബ്രേക്കിംഗ് ന്യൂസ് വന്നത്. പ്രമുഖനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മറ്റൊരു നടിയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. വാര്‍ത്തകേട്ട് അതുവരെ ചര്‍ച്ചയില്‍ പങ്കെടുത്ത യുവത ആശങ്കാകുലരായി പലമാതിരി രോഷപ്രകടനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അയ്യപ്പന്‍ മകന്‍ സുബ്രൂവാണ് (എംഎ മലയാളം) ആദ്യരോഷം പുറത്തുവിട്ടത്.. ഇത് എന്തൊരുനാടാണ്, ഇതങ്ങനെ വിടാന്‍ പറ്റില്ല പ്രതികരിക്കണം.!! ഒരുമിനിട്ടേ; എഫ്ബി-യില്‍ ഒരു സ്റ്റാറ്റസ് ഇട്ടിട്ടിപ്പൊവരാം.. ‘പ്രതികരിക്കുക ജനമേ’ എന്ന ഹാഷ് ടാഗ് ഇടാം അല്ലേ. അതാകുമ്പോള്‍ കൂടുതല്‍ ലൈക് കിട്ടും. സുബ്രൂ അതിവേഗം ചായഗ്ലാസ്‌ കാലിയാക്കി പുറത്തേയ്ക്കോടി..  ചര്‍ച്ച പലവഴിക്ക് തിരിഞ്ഞിരിക്കുന്നു. ഫോട്ടോയും വീഡിയോയുമുണ്ടെന്നു പറയുന്നസ്ഥിതിക്ക് ഗൂഗിള്‍സേര്‍ച്ച്‌ ചെയ്യാന്‍ ഒരുകൂട്ടര്‍ ചായക്കടയുടെ പിന്‍വശത്തേയ്ക്ക് നീങ്ങി.. ഭാസ്കരന്‍ (എംഎ സൈക്കോളജി) മറ്റൊരു അഭിപ്രായമാണ് പ്രകടിപ്പിച്ചത് .പാതിരാത്രി വീട്ടില്‍ കിടന്നുറങ്ങേണ്ടന്ന സമയത്ത് ഇവളെന്തിനാ കാറില്‍കറങ്ങാന്‍ പോയെ .. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല ഗ്രൂപ്പില്‍ ഒരുപോസ്റ്റ്‌ ഇടട്ടെ.. ‘രാത്രികാലങ്ങളില്‍ സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കണ;മെന്ന ഹാഷ് ടാഗില്‍ ഒരുപോസ്റ്റ്‌........ അങ്ങനെ മൊബൈലില്‍ നെറ്റുള്ള സകലമാന ആളുകളും പ്രതികരിക്കാനും വീഡിയോ തപ്പാനും പോയപ്പോള്‍;  ഞങ്ങള്‍ കിളവന്മാര്‍ മാത്രം കടയില്‍ അവശേഷിച്ചു.. ഇതിനിടയില്‍ സുബ്രൂ ഓടിക്കിതച്ചുവന്നു.. സംഗതി പൊളിച്ചുമാഷേ;  നൂറു ലൈക്കും പത്തുഷെയറും കിട്ടി,  ഇത് തകര്‍ക്കും ഉറപ്പാ...
  
  നടിമാര്‍ക്കെതിരെയുള്ള ആക്രമണമായതിനാല്‍ നല്ല വെടിപ്പായി മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.. കൂട്ടത്തില്‍ ഒന്ന് ആക്രമിക്കപ്പെട്ടപ്പോള്‍ നിനക്കൊന്നും ഒരു വിഷമവും ഇല്ലെടാ മലമ@#$$%%##@ ളെ  എന്ന് പൊതുജനം പറയാന്‍ തുടങ്ങിയപ്പോള്‍; അല്പം വൈകിയാണെങ്കിലും തരങ്ങളുടെ അമ്മയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.. ഇതിനിടയില്‍ ക്വട്ടേഷന്‍ കൊടുത്തവന്‍ കപ്പലില്‍ത്തന്നെ ഉണ്ടെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. ഏതയാലും ബ്ലോഗര്‍മുരുകനും, അടിമ എംപി യും, ജെല്ലിക്കെട്ട് മാപ്പിളയുമൊക്കെ പ്രശ്നത്തില്‍ ഞടുക്കവും രോഷവും രേഖപ്പെടുത്തിയതുകൊണ്ട്.. ഇനിമേല്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായെന്നു ആരും കരുതരുത്.. നിര്‍ഭയ,സൌമ്യ,ജിഷ,പ്രമുഖനടി ... ഇതിങ്ങനെ തുടരുകയാണ്.. മെഴുകുതിരികത്തിച്ചും ,ഫെസ് ബുക്കില്‍ പ്രതിഷേധിച്ചും, മറൈന്‍ഡ്രൈവില്‍ റാലിനടത്തിയും നമ്മളാല്‍ കഴിയുംവിധം നമ്മളും പ്രതിഷേധിക്കും അത്രതന്നെ... ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവന്‍റെ വരിയുടച്ചു വിടുകയാണ് ചെയ്യേണ്ടത്.. അതിനു നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് കെല്‍പ്പില്ലായെന്നത് ഗോവിന്ദചാമിയെ മാത്രം നോക്കിയാല്‍ മതി.. അവനങ്ങനെ ബിരിയാണിതിന്നു കൊഴുക്കുന്നു. നമ്മുടെ പെണ്‍മക്കളെ കടിച്ചുകീറിയ നായ്ക്കളെ നമ്മുടെ ചിലവില്‍ത്തന്നെ  തീറ്റിപ്പോറ്റുന്ന അവസ്ഥയ്ക്ക് എന്ന് മറ്റംവരുമോ: ആന്നേ നമ്മുടെ പെണ്മക്കള്‍ സുരക്ഷിതരാവൂ..
  
  സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ് നടിയായാലും പിഞ്ചുകുഞ്ഞായാലും വെറുതെവിടില്ല.. അതിപ്പോ പള്‍സര്‍ സുനിയായാലും പൂജാരിയായാലും ഒരുപോലെതന്നെ. സ്ത്രീയുടെശരീരവും, ബാലഹീനന്‍റെ പണവും തരംകിട്ടിയാല്‍ ആക്രമിക്കപ്പെടുമെന്നതാണ് തത്വം. സ്ത്രീപുരുഷ സമത്വം ഏറ്റവുംകൂടുതലുണ്ടെന്ന് പറയപ്പെടുന്ന അമേരിക്കയില്‍ ഓരോ രണ്ട് മിനിട്ടിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്ക്. സ്ത്രീസ്വാതന്ത്രമോ സമത്വമോ ഒന്നുമല്ല ഈ കാര്യത്തില്‍ പ്രശ്നം.. മനോഭാവം മാറണമെന്നുപറഞ്ഞ് വെറുതെ എഫ്ബിയില്‍ പോസ്റ്റുകള്‍ നാട്ടാം. അതുപോലെ ആക്രമിക്കപ്പെട്ടുകഴിഞ്ഞാല്‍ മെഴുകുതിരി കത്തിക്കലും മറൈന്‍ഡ്രൈവില്‍ പ്രതിഷേധപ്രകടനവും നടത്താം, അതുമല്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രസ്താവനകളിറക്കാം. ഇതൊക്കെകൊണ്ട് നാളെമുതല്‍  ഒരാക്രമണവും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകില്ലായെന്നു പറയാമോ... ഇത്തരം  കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം; കുറ്റവാളികള്‍ക്ക് പരസ്യമായിത്തന്നെ കഠിനശിക്ഷനല്‍കുകയെന്നതാണ്. അത് കാണുന്ന ഒരാളും പിന്നിട് ആ കുറ്റം ചെയ്യരുത്.. കുറ്റം തടയാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗ്ഗം അത് ചെയ്താല്‍ ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം തന്നെയാണ്..   അതുളവാക്കുന്ന ഭയം കുറ്റംചെയ്യാനുള്ള പ്രേരണ ഇല്ലാതാക്കുന്നു.. നമ്മുടെനാട്ടിലെ രീതിയനുസരിച്ച് കുറ്റംചെയ്താല്‍ അറസ്റ്റ്‌, കോടതി, കുറ്റംതെളിഞ്ഞാല്‍ ജയില്‍വാസം അവിടെ വായന, എഴുത്ത്, കൈത്തോഴില്‍, ബിരിയാണിസേവ അങ്ങനെ ജീവിതം സുഖം... ഈ സുഖജീവിതം അറിയുന്ന സമാനസ്വഭാവമുള്ള അടങ്ങിയിരിക്കുന്ന ക്രിമിനലുകള്‍ പതുക്കെപ്പതുക്കെ തലപൊക്കാന്‍ തുടങ്ങുന്നു.. ഇരയുടെ വേദന അവന് ഒരിക്കലും ബാധകമാവുന്നില്ലായെന്നത് കുറ്റം ചെയ്യാനുള്ള പ്രേരണയെ ബലപ്പെടുത്തുന്നു.

  ഗള്‍ഫ്‌ നടുകളിലോക്കെ ഇത്തരം ലിംഗംപൊക്കികള്‍ ഇല്ലാത്തതുകൊണ്ടാല്ല.. പൊക്കിയവനുള്ള ശിക്ഷ കാലതാമസംകൂടാതെ പരസ്യമായിത്തന്നെ കൊടുക്കുന്നു.. അതിന്‍റെ കഠിനത അറിയുന്നവന്‍ പിന്നെയാപ്പണിക്ക് പോവില്ല. നല്ല കടുക്കാവെള്ളം കുടിച്ച് ഒതുങ്ങുന്നു.. നമ്മുടെ നാട്ടില്‍ ആ പേടിയൊന്നും വേണ്ട... ആളൂരിനെപ്പോലുള്ള വക്കീലുമാര്‍ അവര്‍ക്കായി രംഗത്ത് വരുകയും, കൂട്ടത്തില്‍ മനുഷ്യാവകാശക്കാരും ചേര്‍ന്നാല്‍ ഒരു തല്ലുപോലും മേടിക്കാതെ ക്രൂരനായ പീഡകനുപോലും ശിഷ്ടകാലം പരമസുഖം.
  
  സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാക്രമണങ്ങള്‍ക്ക് അതേ രീതിയില്‍ത്തന്നെ ശിക്ഷ കൊടുക്കട്ടെ.ഒരു സംശയവുംവേണ്ട കുറ്റങ്ങളുടെ എണ്ണം കുത്തനെ കുറയും.. ബസ്‌സ്റ്റാന്റുകളിലും മറ്റും പിടിക്കപ്പെടുന്ന പൂവാലന്മാര്‍ക്ക് ശിക്ഷയായി കുറഞ്ഞപക്ഷം ഒരാഴ്ച്ചത്തെയ്ക്ക് അവിടുള്ള പബ്ലിക് ടോയ് ലറ്റ് വൃത്തിയാക്കാനുള്ള ജോലികൊടുത്താല്‍ ആ ശല്യം അവിടെ അവസാനിക്കുമെന്ന് ഉറപ്പാണ്‌....

  സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ തടയാന്‍ കോടികള്‍ ഒഴുക്കി പദ്ധതികള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.. ആക്രമിച്ചാല്‍ വിളിച്ചോളൂ എന്നുപറഞ്ഞു നമ്പര്‍ കൊടുത്തിട്ടുകാര്യമില്ല.. അക്രമിയെ ചെറുക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. നമ്മുടെ സര്‍ക്കാരുകള്‍ മനസ്സുവെച്ചാല്‍ വരുംതലമുറയേയെങ്കിലും സ്വയം പ്രരോധിക്കാന്‍ പ്രാപ്തരാക്കാം.. പക്ഷെ മനസുവയ്ക്കണം. 

  നമ്മുടെ എല്ലാ സ്കൂളുകളിലും എല്‍പി തലം മുതല്‍ കരാട്ടെ, കുംഫൂ, കളരിപ്പയറ്റ് എന്നി ആയോധനകലകള്‍  ഒരു  പാട്യവിഷയമായിത്തന്നെ ഉള്‍പ്പെടുത്തി പഠിപ്പിക്കുക. പെണ്‍കുട്ടികള്‍ക്ക് ഇത് നിര്‍ബന്ധിതപരിശീലനം തന്നെയാക്കുക.. വേലിതന്നെ വിളവുതിന്നുന്ന കാലമായതിനാല്‍  പരിശീലക നിയമനത്തില്‍ സ്ത്രീപരിശീകര്‍ക്ക് മുന്‍ഗണന കൊടുക്കുക.. ഇങ്ങനെ ചെയ്താല്‍ ഒരു പെണ്‍കുട്ടി പത്താംക്ലാസ്സ് വരെ എത്തുമ്പോഴേക്കും സ്വയം പ്രതിരോധിക്കാനുള്ള പാഠങ്ങള്‍ പഠിച്ചിരിക്കുമെന്നുള്ളത് തീര്‍ച്ചയാണ്... മാത്രമല്ല ആപല്‍ഘട്ടങ്ങളില്‍ പതറാതെ പൊരുതാനും പ്രതിരോധിക്കാനുമുള്ള മാനസികബലവും ഇത്തരം ആയോധനകലകളിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്നു.. ഇത്തരം ഇനങ്ങള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തി ഗ്രേയിസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഗുണമാവുകയും ചെയ്യും.

 സുബോധംനഷ്ടപ്പെട്ട ഒരു പുരുഷാരത്തിനുമുഴുവന്‍ ബോധവല്‍ക്കരണം നടത്തുന്നതിനെക്കാള്‍ എളുപ്പമാണ്; ഇങ്ങോട്ട് ആക്രമിക്കുന്നവന്‍റെ മര്‍മ്മം നോക്കി പൊട്ടിക്കാന്‍ ഒരു പെണ്‍കുട്ടിയെ പ്രാപ്തയാക്കുന്നത്.. അങ്ങനെ പെണ്‍കുട്ടികളുടെ അടിയും തൊഴിയുമെറ്റ് പലതും തകര്‍ന്നവരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങുമ്പോള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കാണുമ്പൊള്‍ ആരുടെയെങ്കിലും ഫണം ഉയര്‍ന്നാല്‍; കിട്ടുന്ന അടിയുടെ ചൂട് ഓര്‍ക്കുമ്പോള്‍ അത് തനിയെ താഴും.. ചെറിയയിനം  ഞരമ്പുകളെ ചെറുക്കാന്‍  മൊട്ടുസൂചി, പിന്‍, കുരുമുളക് സ്പ്രേ തുടങ്ങിയ അനുസാരികളും കൈയ്യില്‍ കരുതുന്നത് ഒരു ശീലമാക്കിയെടുക്കുക...
  
 പെണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളോടുമായി;;; നിങ്ങള്‍ ആടാനും പാടാനും നിങ്ങളുടെ മകളെ പരിശീലിപ്പിക്കുമ്പോള്‍ കൂടെ ഏതെങ്കിലും ഒരു ആയോധനകലയും അവളെ അഭ്യസിപ്പിക്കാന്‍ ശ്രമിക്കുക.. ഈ കാലത്ത് ദേഹരക്ഷയാണ് ഒരു പെണ്‍കുട്ടിയെ അലട്ടുന്ന മുഖ്യപ്രശ്നം..അതിനുള്ള യഥാര്‍ത്ഥ പ്രതിവിധി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവളെ പ്രാപ്തയാക്കുക എന്നതാണ്.. സംഭവിച്ചുകഴിഞ്ഞ് മെഴുകുതിരി കത്തിക്കാനും, പ്രതിഷേധിക്കാനും പോകുന്നതിനെക്കാള്‍ നല്ലത്; സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ എടുക്കുന്നതാണ്...  

RELATED POSTS
ഒരു ലക്ഷം സെക്സുകാരിയെ കേരളത്തിലേക്ക് വിളിക്കു  


ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

Friday, February 17, 2017

ആമിയേ ആങ്ങളമാര്‍ ഇപ്പോഴേ ഹിറ്റാക്കി....  
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ചിത്രീകരണം തുടങ്ങുംമുമ്പേ ഹിറ്റായ സിനിമയാകാന്‍ സാധ്യതയുണ്ട്  ആമി.. പണി തുടങ്ങാനിരിക്കുന്നതേയുള്ളൂ എങ്കിലും ചിത്രത്തെക്കുറിച്ചുള്ള ഒരുകൂട്ടം ആളുകളുടെ വേവലാതിയും ആവലാതിയുമാണ് ഇപ്പൊ ചര്‍ച്ചാവിഷയം..

  പുലിമുരുകനിലൊക്കെ ഒര്‍ജിനല്‍ നാടന്‍കടുവായും കേണലുമായുള്ള മല്‍പ്പിടുത്തം കാണാന്‍വരൂ നാട്ടുകാരെയെന്നു പറഞ്ഞായിരുന്നു പ്രചരണം. ഒടുക്കം ഡമ്മി കടുവായുമായാണ് കേണല്‍ മല്‍പിടുത്തം നടത്തിയതെന്ന് അറിഞ്ഞപ്പോഴേക്കും പടം സുപ്പര്‍ഹിറ്റായി.. ഇതിപ്പോ അതുപോലെ ആമിക്കഥയിലെ  ഞെരിപ്പ്  സംഭവങ്ങളൊന്നും  കാണിക്കേണ്ടിവന്നില്ല .. പേര് പറഞ്ഞപ്പോഴേക്കും പടം പ്രസിദ്ധമായി...

  വിദ്യാബാലനുശേഷം അടുത്ത ആമി ആരാണെന്നു നോക്കിയിരുപ്പായിരുന്നു. അത് മഞ്ജൂവാര്യരാണെന്ന്‍ അറിഞ്ഞപ്പോഴേ ഒരുപറ്റം കേരളിയര്‍ വല്ലാതെ പകച്ചുപോയിരിക്കുന്നു.. ഉടനടി സിനിമയില്‍നിന്നും പിന്മാറണമെന്നാണ് ആങ്ങളമാരുടെ ആവശ്യം.. മഞ്ജൂവിന്‍റെ കാര്യത്തില്‍ അങ്ങനെ ഒരു പ്രശ്നം വരാന്‍ സാദ്ധ്യതയില്ലായിരുന്നു.. എല്ലാ പാര്‍ട്ടിക്കാരുമായും സഹകരിച്ചു പോവുകയാണ് മഞ്ജൂവിന്‍റെ രീതി. ആരേയും വിമര്‍ശിക്കാറില്ല; കിട്ടുന്ന അവസരത്തിലൊക്കെ എല്ലാ പാര്‍ട്ടിക്കാരെയും പുകഴ്ത്താറാണ്  പതിവ്...അതുകൊണ്ടെന്താ എവിടെപോയാലും അംബാസിഡറാണ്..

  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഏതോ ഒരു സിനിമയില്‍ അഭിനയിച്ച കാരണത്താല്‍  ജൈവകൃഷിയുടെ അംബാസിഡറായി; തുടര്‍ന്ന്‍  വനിതകള്‍ക്കായി ആരംഭിച്ച ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസിഡറും ഇവര്‍ തന്നെയായിരുന്നു
  
  മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റെടുത്ത ശേഷം അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫെസ്ബുക്ക് പോസ്റ്റുകള്‍ ആരംഭിച്ചു. അതിനുള്ള സമ്മാനം തുടര്‍ന്ന്‍ നല്‍കപ്പെട്ടൂ; പിണറായി സര്‍ക്കാര്‍ ആരംഭിച്ച ഹരിത കേരളം പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി  മഞ്ജു വാര്യര്‍ നിയമിതയായി .

  ഇതിനിടെ കോഴിക്കോട്ട് ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗ വേദിയില്‍ നൃത്തവും അവതരിപ്പിച്ചു .രാജ്യസഭയില്‍ ഒഴിവുവരുന്ന കലാകാരന്‍മാരുടെ വിഭാഗത്തിലെ സീറ്റില്‍ മഞ്ജുവാര്യരെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ആയിരുന്നു ഈ അരങ്ങേറ്റം.

  ദിലീപ്-കാവ്യ വിവാഹം നടന്നതിന് പിന്നാലെ തോല്‍ക്കാതിരിക്കാന്‍ തന്നെ പഠിപ്പിച്ചത് ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം നല്‍കിയ പ്രചോദനമാണെന്ന് ചൂണ്ടികാട്ടി ഫേസ് ബുക്കില്‍ പോസ്റ്റിട്ടുതന്‍റെ നിലപട് വ്യക്തമാക്കി. ഇങ്ങനെ എല്ലാ രാഷ്ട്രിയപാര്‍ട്ടികളോടും തുല്യനീതി കാട്ടിയ മഞ്ജൂ വാര്യര്‍ക്കെതിരെയാണ് ഇപ്പൊ ഈ പടപ്പുറപ്പാട്... ആമി സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല പോലും... പത്തു ചക്രം തടയണ കേസാ,,, അത് വേണ്ടാന്ന് വയ്ക്കാന്‍ പറ്റുമോ... ഉടനെ അടുത്ത പോസ്റ്റും വന്നു.. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്‍റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് പറയുന്നത് ..... ഏതയാലും സിനിമ വരട്ടെ കണ്ടുനോക്കാം..
  
  ജെ സി ഡാനിയേലിനെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ സെല്ലുലോയിഡ്‌ എടുത്തപോലത്തെ ഗവേഷണങ്ങളൊന്നും ആമിയുടെ കാര്യത്തില്‍ ആവശ്യമില്ല. മാധവിക്കുട്ടിയുടെ കഥയും ജീവിതവുമൊക്കെ ഈ തലമുറയ്ക്ക് നന്നായി അറിയാവുന്ന കാര്യങ്ങളാണ്. അവരുടെ  ജീവിതം അവരുടെ നോവലുകള്‍ പോലെതന്നെ  തുറന്ന പുസ്തകമാണ് .. ജീവിതത്തില്‍ സംഭവിച്ചതെന്ന് അവര്‍ പറഞ്ഞത് പലതും ആമിയെന്ന സിനിമയില്‍  ഉണ്ടാകാനും സാദ്ധ്യതയില്ല.. ക്ലാസ്സിക്കുകള്‍ എന്നതിനേക്കാള്‍ രതിയുടെയും  വികാരങ്ങളുടെയും തുറന്നു പറച്ചിലുകളുടെ വേലിയേറ്റവുമാണ് അവരുടെ നോവലുകളെ ജനപ്രീയമാക്കിയത്.. അവസാനകാലത്തെ തകര്‍ന്ന പ്രണയവും മതംമാറ്റവും അന്ന് വലിയ ചര്‍ച്ച ആയെങ്കിലും ഇന്ന് അത് ജനങ്ങളെ അത്രമേല്‍ ആലോസരപ്പെടുത്തുന്ന ഒന്നാണെന്നു പറയാന്‍ കഴിയില്ല.. ഇനി മഞ്ജൂവെങ്ങാനും അഭിനയം കഴിഞ്ഞ് മതം മാറിയേക്കുമെന്നാണ് ആങ്ങളമാര്‍ പേടിക്കുന്നതെങ്കില്‍. അഭിനയം; തുട്ടിനു വേണ്ടിയാണെന്നും ജീവിതവുമായി അതിനൊരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്..  ഈ കഥാപാത്രത്തെ മഞ്ജൂ വെള്ളിത്തിരയില്‍ എത്തിക്കുന്നത് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യവുമില്ല.. ഇവിടെ കമലാണ് പടത്തിന്‍റെ സംവിധായകനെന്നതാണ് പ്രശ്നം.. കമലിന്‍റെ രാഷ്ട്രിയമാണ് എതിര്‍പ്പിന്‍റെ വിഷയം. തിയേറ്ററില്‍ ദേശിയഗാനം പാടണോ; പാടിയാല്‍ ഇരിക്കണോ നിക്കണോ തുടങ്ങിയ  കാര്യത്തില്‍ അഭിപ്രായം പറഞ്ഞതാണ് രാജ്യസ്നേഹികള്‍ക്ക് പിടിക്കാതെപോയത് .. അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരെക്കുറിച്ച് രണ്ടുവരി എഴുതി ആ പ്രശ്നം  കമല്‍ അന്നേ തീര്‍ക്കേണ്ടതായിരുന്നു...

 ആവിഷ്കാരസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നൊക്കെ നമ്മള്‍ ഇടയ്ക്കിടെ പറയുമെങ്കിലും നമുക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കണ്ടാല്‍ പാക്കിസ്ഥാന്‍ ചാരനാക്കിയും, തെറിവിളിച്ചും, ചീമുട്ട എറിഞ്ഞും നമ്മള്‍ നമ്മുടെ സഹിഷ്ണുത കാണിച്ചുകൊടുക്കും..

  സിനിമയ്ക്ക് അതിനുള്ളില്‍ ഒരു രാഷ്ട്രിയമുണ്ടെങ്കിലും കേവലം ഒരു വിനോദോപാധിയെന്ന നിലയ്ക്കാണ് ഭൂരിപക്ഷംജനവും അതിനെ കാണുന്നത്.. സിനിമാനിര്‍മ്മാതാവിന്‍റെയൊ, നടീനടന്മ്മാരുടെയോ, സംവിധായകന്‍റെയോ; രാഷ്ട്രീയമോ, മതമോ  അതില്‍ വിഷയമാകാറില്ലായിരുന്നു.. ഇനിയിപ്പോ ഹിന്ദുസിനിമ , മുസ്ലീംസിനിമ , ക്രിസ്ത്യന്‍സിനിമ , ദേശസ്നേഹിസിനിമ , ദേശദ്രോഹിസിനിമ തുടങ്ങിയ വകഭേദങ്ങള്‍ ഉണ്ടാകുമോ എന്തോ..?
   
  ഒരാളുടെ  രാഷ്ട്രീയംനോക്കി അയാളുടെ തൊഴിലിടങ്ങളില്‍; ജനക്കൂട്ടം വിലക്കുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ അത് ശുഭസൂചനയല്ല നല്‍കുന്നത്... കമല്‍ എന്ന കലാകാരന്‍ രൂപം കൊടുക്കുന്ന ആമിയെ; മഞ്ജൂവാര്യര്‍ അഭിനയിച്ചു ഫലിപ്പിക്കട്ടെ.. പ്രകടനം കണ്ടശേഷം അഭിപ്രായങ്ങള്‍ പറയാം... ആമി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്തും ദേശിയഗാനം പാടും. അപ്പൊ എണിറ്റുനിന്ന്‍ ആദരവ് പ്രകടിപ്പിക്കാം... തിയേറ്ററില്‍ ദേശിയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കേണ്ടയെന്ന്‍ കമല്‍ പറഞ്ഞിട്ടുണ്ടങ്കില്‍;  തിയേറ്ററില്‍വരുന്ന കമല്‍സിനിമകളില്‍ ദേശിയഗാനം തുടങ്ങുമ്പോള്‍  കൂട്ടത്തോടെ എഴുന്നേറ്റ് നിന്നുകൊണ്ട് കമലിനോട് പ്രതികരിക്കുകയാണ് വേണ്ടത് .. അതുപോലെതന്നെ  മാധവികുട്ടിയുടെ കഥ ആമിയായി അവതരിപ്പിക്കുമ്പോള്‍ അവരുടെ ജീവിതവും അനുഭവവും അല്പംപോലും സെന്‍സര്‍ ചെയ്യാതെ അവര്‍ പറഞ്ഞപോലെതന്നെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പും കമലിനോട് ആവശ്യപ്പെടാം.. അല്ലാതെ താന്‍ ഇനി അഭിനയിക്കേണ്ട,,, സിനിമയെടുക്കേണ്ടായെന്നൊക്കെ പറയുന്നത്‌ എന്തധികാരത്തിലാണ്.
  
   സിനിമ കാണാനും കാണാതിരിക്കാനും ജനത്തിന് സ്വാതന്ത്ര്യമുള്ളപോലെ സിനിമ നിര്‍മ്മിക്കാന്‍ ഏതൊരു പൌരനും സ്വാതന്ത്ര്യമുണ്ട്.. ഇല്ലയെന്ന്‍ ഒരു ജനക്കൂട്ടം പറഞ്ഞാല്‍ അത് ജനാധിപത്യത്തിന്‍റെ അപചയത്തിലേക്കാണ് സൂചന നല്‍കുന്നത്.. 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും

Wednesday, February 15, 2017

സദാചാരസഖാക്കളോട് പ്രണയവിപ്ലവംനടത്താന്‍ ജോയ്മാത്യൂ.ഒടുക്കം തേച്ചിട്ട് പോകാതിരുന്നാല്‍ മതിയായിരുന്നു..


  

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  പ്രണയദിനത്തില്‍ നമ്മുടെ ജോയിമാത്യൂസാര്‍ ഒരുഗ്രന്‍ പോസ്റ്റ്‌ ഇറക്കിയിട്ടുണ്ട്; കൂടെ ചെഗുവേരയുടെയും രണ്ടാംഭാര്യ അലെയ്ഡാ മാര്‍ച്ചിന്‍റെയും ഫോട്ടോയും. സഖാക്കളുടെ  സദാചാരതിയറിയില്‍ ചെറിയ തിരുത്തല്‍ വരുത്തുകയാണ് ഉദ്ദേശ്യം. ബാക്കിയെല്ലാ പാര്‍ട്ടിക്കാരും അത്യാവശ്യം ചരിത്രസദാചാരമൊക്കെ അറിയാവുന്നവരാണ്. അതുകൊണ്ടാണ് സഖാക്കളേ പഠിപ്പിക്കാമെന്ന് വെച്ചത്
‘സദാചാര സംരക്ഷകരായ സഖാക്കള്‍ അറിയുവാന്‍-
വിപ്ലവത്തെ പ്രണയിക്കുന്നതുപോലെ പ്രണയത്തെ വിപ്ലവകരമായി കാണാനും കഴിയണം .തോക്ക് കയിലേന്തിയ ചെ യുടെ ചിത്രം മാത്രം വരച്ചുവെച്ചാല്‍പ്പോര.ഉപാധികളില്ലാത്ത, വിപ്ലവകരമായആണ്‍പെണ്‍ സൗഹ്രദങ്ങളെക്കുറിച്ചുകൂടി ചരിത്രത്തില്‍നിന്നും പഠിക്കാന്‍ ശ്രമിക്കുക.
 എല്ലാ പ്രണയികള്‍ക്കും എന്റെ ആശംസകള്‍..’.

  ജോയിസാറെ സംഗതി പൊളിച്ചു. പക്ഷെ ഒരുസംശയം ചെഗുവരെയ്ക്ക് രണ്ടുഭാര്യമാരും ഒരു രഹസ്യ കാമുകിയും  ഉണ്ടായിരുന്നു. ഇമ്മാതിരിപ്രണയം കേരളത്തിലേക്കും കൊണ്ടുവരണമേന്നാണോ സാര്‍ പറയുന്നത്.. അതിവിടുത്തെ സഖാക്കള്‍ പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.. ‘ചെ’ നല്ലൊരു രാഷ്ട്രിയവിപ്ലവകാരിയായിരുന്നു; അതിനപ്പുറമുള്ള കാര്യങ്ങള്‍ പിന്തുടരണോ..............

  ഇനി മേല്‍പ്പറഞ്ഞ “ഉപാധികളില്ലാത്ത വിപ്ലവകരമായ ആണ്‍ പെണ് പ്രണയങ്ങള്‍” എങ്ങനെയിരിക്കും എന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു..
 ഉപാധികള്‍ ഇല്ലാത്ത ഒരു പ്രണയവും ലോകത്തില്ല സര്‍  അങ്ങനെയൊന്നുണ്ടെങ്കില്‍ അതൊന്നു കാണിച്ചുതരൂ.. പ്രണയം തുടങ്ങുന്നയിടത്ത് ഉപാധികളും തുടങ്ങുന്നു.. അതുപോലെതന്നെ സൌഹാര്‍ദ്ദവും, പ്രണയവും രണ്ടും രണ്ടാണ് സര്‍ , ഉപാധികള്‍ ഇല്ലാത്ത സൗഹൃദം ആവാം പക്ഷെ ഉപാധികള്‍ ഇല്ലാത്ത ഒരുപ്രണയവും ഉണ്ടാവുന്നില്ല. മാനസികമായ, വൈകാരികമായ ഉപാധികളില്ലാത്ത പ്രണയം വേശ്യാലയങ്ങളിൽ മാത്രമേ കാണു. കാരണം അവിടെ പണമാണ് ഉപാധി.. അവിടെ വിപ്ലവം ആവശ്യമില്ല പണമാണ് ആവശ്യം.... ഉപാധികള്‍ തെറ്റുമ്പോള്‍ പ്രണയവും തകരുന്നു.. സംശയം ഉണ്ടെങ്കില്‍ രണ്ടു റോസാപ്പൂക്കള്‍ വാങ്ങുക നിങ്ങള്‍ നിങ്ങളുടെ പ്രണയിനിയേയും നിങ്ങളുടെ സൌഹാര്‍ദ്ദത്തില്‍പ്പെട്ട മറ്റൊരു സ്ത്രീയേയും വിളിക്കുന്നു. രണ്ടുപേര്‍ക്കും ഓരോ പൂക്കള്‍ കൊടുക്കുക.. സൌഹാര്‍ദ്ദക്കാരി ആ പൂവ് വാങ്ങി നന്ദി പറഞ്ഞ്പോകും. പക്ഷെ താങ്കളുടെ പ്രണയിനി താങ്കളോട് കൃത്യമായി ചോദിച്ചിരിക്കും എന്തിനാണ് മറ്റവള്‍ക്ക് പൂ കൊടുത്തതെന്ന്.. അപ്പൊ ക്ലാ ക്ലാ ക്ലൂ പറഞ്ഞാല്‍ അതോടെ ആ പ്രണയം തകരും ഉറപ്പാണ്‌..,... പ്രണയം എപ്പോഴും എന്‍റെ, എന്റേത് തുടങ്ങിയ ഉപാധികളും നിയന്ത്രണങ്ങളും വയ്ക്കുന്നു.

  വിപ്ലവത്തെപ്രണയിക്കുന്നവര്‍ വിപ്ലവം നടന്നുകഴിഞ്ഞാല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നല്ല നാളുകളെയാണ് യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നത്‌. സോഷ്യലിസ്റ്റ് സ്വപ്നങ്ങില്‍ നിന്നുമാണ് വിപ്ലവത്തിന്‍റെ വിത്തുകള്‍ മുളയ്ക്കുന്നത്..

  പക്ഷെ പ്രണയം വിപ്ലവമാക്കുമ്പോള്‍ അതിന്‍റെ അവസാന ഫലം എന്തായിരിക്കും.. വിവാഹമോ അതോ പിരിയാലോ..? പ്രണയത്തില്‍ സോഷ്യലിസം നടക്കുമോ..  ഒരാളുടെ പ്രണയം അനേകര്‍ക്ക് വീതം വെച്ചു കൊടുക്കാന്‍ കഴിയുമോ..? അത് ഒരാളില്‍ ഒതുങ്ങുമോ..? അതോ അനേകരിലേക്ക് പടര്ത്തണമോ..?..

  പ്രണയം പൂത്തുലഞ്ഞ് വിപ്ലവംനടന്നു കഴിഞ്ഞാല്‍ ബാക്കിയെന്താണ് അവശേഷിക്കുക ..അവിടെയാണ് സംശയങ്ങള്‍ ആരംഭിക്കുന്നത്...
നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന മിക്ക പീഡനസംഭവങ്ങളും ആരംഭിക്കുന്നത് പ്രണയത്തില്‍നിന്നുമാണ്.. അല്ലേ?

 പ്രണയം നടിച്ചു പത്താം ക്ലാസുകാരിയെ പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച കിളിമാനൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍......

 പ്രണയം പൂത്തുലഞ്ഞ് ഒടുവില്‍ കാമുകി പിന്മാറിയപ്പോള്‍ കാമുകന്‍ കാമുകിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നു...

 പ്രണയം ശക്തിപ്രാപിച്ചപ്പോള്‍ കാമുകന്‍ വാങ്ങിക്കൊടുത്ത മൊബൈലില്‍ മറ്റൊരു യുവാവുമൊത്തു സെല്‍ഫിയെടുത്ത യുവതിയെ കൊച്ചിയില്‍ യുവാവ് വെട്ടുന്നു...

 കാസര്‍ഗോഡ്‌ പ്രണയജോടികളുടെ പരാക്രമങ്ങള്‍ കണ്ട വയോധകയെ കൊലപ്പെടുത്തുന്നു..
ഈ സംഭവങ്ങള്‍ എല്ലാം ഈ അടുത്ത് നടന്നതാണ്... എല്ലാ സംഭവങ്ങളിലും പ്രണയമാണ് തുടക്കം..ഒടുക്കമോ..?

 അയ്യോ ഇതല്ല പ്രണയം; പ്രണയം ഉദാത്തമാണ്, രമണന് ചന്ദ്രികയോട് തോന്നിയതാണ്, കൃഷ്ണന് രാധയോടു തോന്നിയതാണ്.... എന്നൊക്കെ തട്ടി വിടാമെങ്കിലും; അതൊക്കെ സാഹിത്യമല്ലേ സാറേ,,,,, ജീവിതമല്ലല്ലോ..ഒര്‍ജിനല്‍ പ്രണയവും ഡ്യൂപ്പ്ളിക്കെറ്റ് പ്രണയവും തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വരാത്ത കാലത്തോളം എല്ലാ പ്രണയങ്ങളും സംശത്തിന്‍റെ നിഴലില്‍ വരാം...

 ജീവിതത്തില്‍ പ്രണയം; കാമത്തിനും, കാമം; ലൈംഗികതയിലേക്കും മാറി മറിയുന്നു... അതുകൊണ്ടുതന്നെയാണ് പ്രണയത്തിന്റെ പാരമ്യത സ്വാഭാവികമായും വിവാഹമായി മാറുന്നത്...

 എന്‍റെ പ്രണയത്തില്‍ കാമവും ലൈംഗികതയുമില്ല വെറും നിര്‍മ്മലമാണ് എന്നൊക്കെ തട്ടി വിടുന്നതാണ് അതിന്‍റെ ഒരു രീതി.. പക്ഷെ എപ്പോ വേണമെങ്കിലും കാര്യങ്ങള്‍ മാറി മറിയാം....അതുകൊണ്ട് പ്രണയത്തെ വിപ്ലവമായിക്കണ്ട് വാരികുന്തം റെഡിയക്കേണ്ട ആവശ്യം കേരളത്തിലിപ്പോ ഉണ്ടെന്ന് തോന്നുന്നില്ല...

 പ്രണയം മൊട്ടിട്ട്‌ പിന്നിട് അത് ഒരു ഹരമായി ഞരമ്പിനു പിടിച്ച് ആളിക്കത്തി അവസാനം വിവാഹത്തിലേക്ക് എത്തിയാല്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥിതി വെച്ചുനോക്കുമ്പോള്‍ ആ പ്രണയം രക്ഷപ്പെട്ടുവെന്നു പറയാം.. അതല്ല പ്രണയം തുടങ്ങി കോളേജ് മുറികള്‍, പാര്‍ക്ക്‌, ബീച്ച്, കൂള്‍ ബാര്‍, ഹോട്ടല്‍ മുറികള്‍ എന്നിങ്ങനെ നീണ്ടുപോയി; എല്ലാം സെല്‍ഫികളില്‍ നിറച്ച്; ഒടുക്കം അയ്യോ,,,, ടാ,,,,,  അതൊക്കെ ഒരു തമാശയല്ലേയന്ന് പറഞ്ഞ് ഒരാള്‍ പിന്മാറിയാല്‍ അതൊരു ദുരന്തമാകനാണ് സാദ്ധ്യത.. സെല്‍ഫികള്‍ പലതും ചോരും,  ചോരുന്നത് പലതും നെറ്റില്‍ എത്തും  ഷെയര്‍ ചെയ്യപ്പെടും .. പഴയത് കഴിഞ്ഞു ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആയിരിക്കും.. ടീ,, ടാ,,,,, നിന്‍റെ ക്ലിപ്പുകള്‍ നെറ്റില്‍ ഉണ്ടല്ലോ എന്നൊരു വിളി വരുന്നത് .. അതോടെ ആ പ്രണയവിപ്ലവം പൂര്‍ത്തിയാകും..

 പ്രണയം വിപ്ലവമാക്കേണ്ട സര്‍. പ്രണയം നിര്‍മ്മലമായാല്‍ മതി...  

 ആട് മേയ്ക്കാന്‍ നിന്‍റെകൂടെ ഞാനും കാട്ടിലേക്ക് വരട്ടെയെന്ന് ചോദിച്ച പ്രണയിനിയോട് രമണന്‍ പറഞ്ഞതാണ്‌ അതിന്‍റെശരി ..പാടില്ല പാടില്ല സ്വയം മറന്ന് നമ്മളൊന്നും ചെയ്യാന്‍ പാടില്ല .. അതിനുള്ള ദിവസം വരുമ്പോള്‍ നിന്നെ ഞാന്‍ കൊണ്ടുപോകാം... പ്രണയത്തിന്‍റെ അടുപ്പവും എന്നാല്‍ സുരക്ഷിതമായ അകലവും ഇവിടെ കാണാനാകുന്നു,, പ്രണയം നിര്‍മ്മലമാകുന്ന കാഴ്ചയാണിത്‌

 ഡാഡി മമ്മി വീട്ടില്‍ ഇല്ല, ഇവിടെയിപ്പോള്‍ ആരുമില്ല, ഇങ്ങോട്ട് വാ നമുക്ക് വിളയടാം എന്നാ രീതിയിലേക്ക്  പ്രണയം മാറുമ്പോള്‍ അത് നടപ്പുവ്യവസ്ഥികള്‍ക്കെതിരെയുള്ള വിപ്ലവമായേക്കാം അതുപോലെ  ദുരന്തവുമാകാം..

 പ്രണയത്തില്‍  ‘നിര്‍മ്മലമാണോ’ അതോ ‘കാമമാണോ’ പ്രണയിനികളുടെ ഉള്ളിലെന്നു തിരിച്ചറിയാന്‍ ഇതുവരെ പ്രത്യേക യന്ത്രമൊന്നും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ സുരക്ഷിതമായ ഒരകലം പ്രണയിക്കുന്നവര്‍ തമ്മില്‍ ഉണ്ടാകുന്നതാണ് ഏറ്റവും നല്ലത്.. ഞങ്ങള്‍ ഒരിക്കലും മുള്ളില്‍ വീഴാത്ത  ഇലകളാണെന്ന്‍..വീമ്പുപറയാമെങ്കിലും  അപ്രതീക്ഷിതമായി വീശുന്ന  ചെറിയൊരു  കാറ്റുമതി മുള്ളിലെക്ക് വീഴാന്‍.. 
  നിങ്ങള്‍ പ്രണയിച്ചോളൂ പക്ഷെ പരിക്ക് പറ്റാതെ സൂക്ഷിക്കുക.. നിങ്ങള്‍ പ്രണയിച്ച് വിപ്ലവം നടത്തിക്കോളൂ പക്ഷെ മുറിപ്പെടാതെ സൂക്ഷിക്കുക.. നിങ്ങള്‍ പ്രണയസഞ്ചാരം നടത്തിക്കോളൂ പക്ഷെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാതെ സൂക്ഷിക്കുക... കാരണം പ്രണയിച്ച് പരിക്ക് പറ്റിയാല്‍..... മുറിപ്പെട്ടാല്‍.... ഉപേക്ഷിക്കപ്പെട്ടാല്‍... നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രമേ ഉണ്ടാകൂ.. പ്രണയവിപ്ലവം പറയുന്ന മാന്യന്‍മ്മാരൊന്നും അന്ന് നിങ്ങളെ സഹായിക്കാന്‍ ഉണ്ടാവില്ല...


ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും