**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, April 30, 2013

ഗ്രഹണം; ശനിയുടെ അപഹാരം


 വിദ്യാധരന്റെ വ്യാകുലചിന്തകള്‍

 സത്യത്തില്‍ ഊറ്റുകാരന്‍ ലീലാകൃഷ്ണന്‍റെ ആലയം തിരക്കി ഇറങ്ങിയതാണ്. കണ്ടന്‍പൂച്ച വിലങ്ങനെ ചാടിയപ്പോഴേ തോന്നിയതാണ് ഇന്നൊന്നും നടക്കില്ലായെന്ന്. തപ്പിപിടിച്ചു ആലയത്തില്‍ എത്തിയപ്പോള്‍ ആലയം ക്ലോസ്ഡ്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അനശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്നു എന്നൊരു ബോര്‍ഡും വാതുക്കല്‍ തൂക്കിയിട്ടുണ്ട്. തൊട്ടടുത്ത്‌ അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് ഊറ്റുകാരന്‍റെ ഓമാനപുത്രി ഏതോ വെപ്പുകാരന്‍റെ കൂടെ ഓടിപ്പോയിയെന്നും മകളെ കണ്ടുപിടിക്കാന്‍ അങ്ങേരിപ്പോള്‍ മഷിനോട്ടത്തിലാണെന്നും. നാട്ടുകാരുടെ മുഴുവന്‍ കാര്യങ്ങളു പറയുന്ന ആളാ..... പക്ഷെ സ്വന്തം കുടുംബത്തു നടക്കുന്ന കാര്യം അറിയാന്‍ കഴിഞ്ഞില്ല.....ശനിയുടെ അപഹാരം അല്ലാതെന്താ..................അങ്ങനെയാണ് ജ്യോതിഷരക്നം വാസനപ്പിള്ളയുടെ   അടുത്തെത്തിയത്.  കാര്യങ്ങള്‍ വിശദമായിത്തന്നെ അവതരിപ്പിച്ചു. കേട്ടുകഴിഞ്ഞ് മൊത്തത്തിലുള്ള ഒരു അവലോകനമാണ് അങ്ങേരു നടത്തിയത്. ആറില്‍ കണ്ടക ശനിയാണ് പോലും, ബുധന്‍ കുജന്‍റെ ആസനത്തില്‍ തന്നെയാണ്. ചൊവ്വാ ഇപ്പോഴും തെണ്ടിത്തിരിഞ്ഞു നടക്കുന്നു. വ്യാഴത്തിനു ഇപ്പോഴും മൂലത്തിലെക്ക് ഒരു നോട്ടമുണ്ട്.ഭരണിയിലുള്ള ചിത്തിര കുംഭത്തിലേക്കും തരം കിട്ടിയാല്‍ സൂര്യന്‍റെ കൂടെയും പോകാന്‍ സാധ്യത കാണുന്നുണ്ട്. ഇനിയിപ്പോ ആറാരയിലുള്ള ബുധന്‍ എട്ടില്‍നില്‍ക്കുന്ന വെള്ളിയിലേക്ക് മാറുന്നതുവരെ ശനിയുടെ വ്യവഹാരം നടന്നു കൊണ്ടിരിക്കും..............

   എന്തെങ്കിലും പ്രതിവിധി.

   നഹിം നഹിം നഹിസ്യാ വിധി...

   ഓഹോ അങ്ങനെയാണല്ലേ....

 ദക്ഷിണ വച്ചോളൂ...... പിന്നെ നന്നായി തിന്നുകുടിച്ചു കഴിയുക. എല്ലാ ദിവസവും പറ്റുമെങ്കില്‍ ചിക്കന്‍കറി കഴിക്കുക. അര്ശ്സ്സിന്‍റെ അസുഖം അസാരമുള്ളവര്‍ ബീഫ്‌ കഴിച്ചാലും മതി.പറമ്പില്‍ ഒരു കുഴിയെടുത്ത് മുകളില്‍ പലക നിരത്തുന്നതും നന്നായിരിക്കും. അഥവാ,  വെടി, പുക, ബോബിംഗ് അങ്ങനെ എന്തെങ്കിലും വന്നാല്‍ കയറിക്കിടക്കാന്‍ ഒരു സ്ഥലം....അത്രമാത്രം. പരിഹാരവും എഴുതിവാങ്ങി നാട്ടിലേക്കുവണ്ടികയറി.

 അങ്ങ് ഡല്‍ഹിയില്‍നിന്നും ഹനുമാനപ്പ വിളിച്ചുപറഞ്ഞിരുന്നു, ഒന്നു ജാതകം നോക്കണമെന്ന്. രാജ്യത്ത് മൊത്തം പ്രശ്നമാണ്; ഇങ്ങു കേരളത്തിലും പ്രശ്നമാണ്.എല്ലാ ഞാഞ്ഞൂലുകളും തലപൊക്കി കളിക്കുന്നു.ഏറ്റുനിക്കാന്‍ ആക്കമില്ലാത്ത മണ്ണിരവരെ ഇപ്പൊ കൊത്തുമെന്നു  പറഞ്ഞു നില്‍ക്കുന്നു. അതിര്‍ത്തിയില്‍ പട, പാളയത്തില്‍ പട, അതിനിടെ ചാരന്മ്മാരുടെ വിളയാട്ടം,മൊത്തത്തില്‍ പ്രശ്നമാണ്, അതുകൊണ്ടാണ് ജാതകം നോക്കിയത്.അപ്പോഴല്ലേ കാര്യം മനസ്സിലായത് ശനിയുടെ വ്യവഹാരം...

 കണ്ടകശനി കൊണ്ടേ പോകുമെന്നാണ് പ്രമാണം. അതുകൊണ്ട് തല്ക്കാലം വാതിലടച്ച് ഇരിക്കുകയാണ് ഉത്തമം....

 അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നു. ഏതാണ്ട് പതിനഞ്ചു കിലോമീറ്റര്‍ കടന്നുകയറിയെന്നാണ് പറയുന്നത്. ഇവിടെ ആര്‍ക്കും ഒരു ആശങ്കയുമില്ല. അതൊന്നും കാര്യമാക്കെണ്ടെന്നു പ്രധാനമന്ത്രി പറയുന്നു.രാജ്യരക്ഷാമന്ത്രി കര്‍ണ്ണാടകയില്‍ ഇലക്ഷന്‍പ്രചരണം നടത്തുന്നു. ആര്‍ക്കും അതിര്‍ത്തിക്കാര്യം നോക്കാന്‍ സമയമില്ല. അവസാനം പണ്ട് പറഞ്ഞതുപോലെ നമ്മള്‍ വിജയകരമായി പിന്‍വാങ്ങുന്നുവെന്നു പറയാതിരുന്നാല്‍ മതി. ഒരു അപേക്ഷയേയുള്ളൂ പാവം പട്ടാളക്കാരുടെ ജീവന്‍ ബാലികൊടുക്കരുത്.കണ്ട, പൊട്ടാത്ത തോക്കും, തുരുമ്പുപിടിച്ച കപ്പലും, ഇങ്ങോട്ടു വിട്ടാല്‍ അങ്ങോട്ട്‌ പോകുന്ന മിസൈലും വാങ്ങി കമ്മിഷന്‍ അടിച്ചവന്‍റെയൊക്കെ മനസ്സിലിപ്പോള്‍ ചെറിയയൊരു ശങ്കകാണും. ആവശ്യസമയത്ത് ഇതൊക്കെ പൊട്ടുമോന്നു ആര്‍ക്കറിയാം. ഇവയുടെയൊക്കെ എക്സ്പെയറി ഡേറ്റ് കഴിയുന്നതുവരെ എല്ലാം പിടിച്ചുനിറുത്തണം. അതുകൊണ്ട് ഇങ്ങോട്ടു അതിക്രമിച്ചു കയറിയാലും കാലുപിടിക്കല്‍ തന്നെയാണ് നല്ലത്..സമാധാനം, സംയമനം ഇതൊക്കെ വലിയ വാക്കുകളാണ് അതെടുത്ത് പ്രയോഗിക്കാം..

 പാക്കിസ്ഥാനിലാണേല്‍ നമ്മുടെ സരബ്ജിത്‌സിങ്ങിനെ ലെവന്മാരെല്ലാം കൂടി ഒരു പരുവമാക്കി. പഞ്ഞിക്കിട്ടിരിക്കുന്ന അദേഹത്തെ  കാണാന്‍ ചെന്ന ഞമ്മടെ നയതന്ത്രക്കെരെയെല്ലാം ഓടിച്ചു പമ്പകടത്തിയെന്നാണ് കിട്ടുന്ന വിവരം. ഇമ്മക്ക് ഒരു വിഷമവും ഇല്ല. വലിയ നേതാക്കളെല്ലാം വായില്‍ പഞ്ഞിതിരുകിയപോലെ ഇരുപ്പാണ്. സംയമനം, സംയമനം...മുന്‍പ്‌ നമ്മുടെ പട്ടാളക്കാരുടെ വെട്ടികൊണ്ടുപോയ തല ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടും നമ്മള് ക്ഷമിച്ചു. എവിടെ ചെന്നാലും തല്ലുംമേടിച്ചു ക്ഷമിക്കലാണ് നമ്മുടെ പരിപാടി. സൗദിയില്‍ നിതാഖത് പ്രശ്നത്തില്‍; സൗദിഭരണകൂടം തന്നെ സ്വയമേവെ ചില ഇളവുകളൊക്കെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ എട്ടുകാലി മമുഞ്ഞുമാര്‍ പോയിട്ടുണ്ട്; അതു ഞമ്മളാ ചെയ്തതെന്നു പറയാനായി.. ഞമ്മക്ക് എന്തു സരബ്ജിത്തുവന്നു..പോയത് അവരുടെ കുടുംബത്തിനു, അതാണ് നമ്മുടെ സംയമനത്തിന്‍റെ ഒരു ലൈന്‍.......

 ചൈനയിലേക്കും ഒരു പ്രതിനിധി സംഘത്തെ അയക്കാനിരുന്നതാണ് ഇങ്ങോട്ടു വന്നാല്‍ ഒക്കെനെയും പിടിച്ചു ജയിലിലിടുമെന്നു പറഞ്ഞതു കൊണ്ട്, ആ പോക്ക്‌ പെണ്ടിങ്ങിലാക്കി ഇവിടെ ചുറ്റിത്തിരിയുന്നു.അല്ലേല്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അങ്ങോട്ടൊരു പോക്ക്‌ നടത്തിയേനെ ചര്‍ച്ചിക്കാനായി.... അവിടെച്ചെന്ന് നൂഡില്‍സ്സും പട്ടിയിറച്ചിയുമൊക്കെ കഴിച്ചു ഒരു ഏമ്പക്കവും വിട്ട് ഇങ്ങുപോരും; അത്രതന്നെ...കേരളത്തിലെ ഒരു മന്ത്രിയും പരിവാരങ്ങളും ചൈനയ്ക്ക് പോയി വന്നതേയുള്ളൂ ...എന്നിട്ട് എന്തോ ഉണ്ടായി.... വല്ലതും വികസിച്ചോ..? പേരിനൊരു പടക്ക ശാലയെങ്കിലും ഉണ്ടാക്കിയോ?.....ഓസിലൊരു ചൈനായാത്ര; അത്രതന്നെ..... ദോഷം പറയരുതല്ലോ അവിടംകണ്ട്‌, വാ പൊളിച്ചു പോയതല്ലാതെ കുറ്റമൊന്നും പറഞ്ഞില്ല..ആകെ പറഞ്ഞതു ചൈനയിലെപോലെ ഇവിടെയും ജനങ്ങളുടെ സ്വാതന്ത്രത്തിനു നിയന്ത്രണങ്ങള്‍ വരത്തിയാല്‍ നന്നയിരുന്നുവെന്നാണ്. അങ്ങനെവന്നാല്‍ കക്കാനും കയ്യിട്ടുവരാനും എളുപ്പമാകും ആരും ചോദിക്കാനും പറയാനും ഉണ്ടാവില്ലല്ലോ; അതാണ്‌ ടിയാന്‍ ഉദേശിച്ചത്. സോപ്പ്,ചിപ്പ്‌,കണ്ണട തുടങ്ങി വീട്ടിലിരിക്കുന്ന സര്‍വ്വതും, വിഷുവിനു പൊട്ടിക്കാന്‍ പടക്കം, കുറഞ്ഞവിലയില്‍ ചെറിയകരണ്ടില്‍  തെളിയുന്ന ബള്‍ബുകള്‍, എന്തിനു അണ്ടര്‍വെയറുവരെ ചൈനേന്നു വരണം. ലക്ഷം രൂപയുടെ സാധനം, അതേ രൂപത്തിലും ഭാവത്തിലും കൂലിപ്പണിക്കാരനും ആസ്വദിക്കണമെങ്കില്‍ ചൈനകനിയണം. അവരെങ്ങാനും പണിമുടക്കിയാല്‍ നമ്മുടെകാര്യം കട്ടപ്പൊക. പാവങ്ങളുടെ കണ്കണ്ട ചൈനാമുത്തപ്പാ...... അടിയങ്ങളെ കത്തുകൊള്ളണെ. അങ്ങു ലഡാക്കിലോ ഹിമാലയത്തിലോ എവിടെ വേണമെങ്കിലും കൂടാരം അടിച്ചോളൂ.ഞങ്ങള്‍ക്ക് യാതൊരു വിഷമവുമില്ല.ദയവു ചെയ്തു വെടിവെയ്ക്കരുത്. നമുക്ക് അനുരഞ്ജനം, ചര്‍ച്ച,സംയമനം  തുടങ്ങിയ നവലിബറല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍കളിക്കാം.....

  കേരളത്തിലാണേല്‍ ചാരന്‍മ്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തമിഴ്നാട് ചാരന്‍, സി ഐ എ ചാരന്‍ അങ്ങനെപോകുന്നു.മന്ത്രിമാരൊക്കെ ചാരന്മ്മാരുടെ കീശയിയിലാണെന്നാ പോലിസ്‌ പറയുന്നത്. രണ്ടു മന്ത്രിമാര്‍ ചാരന്‍റെ ഡിന്നറിലും പങ്കെടുത്തുവത്രേ. അതില്‍ ഒരു മന്ത്രിയെ കണ്ടകശനി പണ്ടേ കൊണ്ടുപോയി. അടുത്ത ആള്‍ സത്യമേപറയൂ... നേരെ ചെയ്യൂ... എന്ന നിലപാടുകാരനാണ്. ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട ആള്‍ എന്നനിലയില്‍, അദേഹം പറയുന്നത് വിശ്വസിക്കേണ്ടിവരും.കാരണം നിക്കാന്‍ അറിയില്ലാത്തതുകൊണ്ടാണല്ലോ കേസില്‍പ്പെടുന്നത്. ഒപ്പം പുട്ടടിക്കാന്‍ പോയ മറ്റേയാളിപ്പോള്‍ അട്ടത്തു ചൊറിമാന്തി ഇരിക്കുകയായതിനാല്‍ അദേഹത്തിന് ഇതൊന്നും ബാധകമല്ല. ആസ്വദിക്കുക ജീവിതം ആസ്വദിക്കുകയവ്വനം അതാണ് ലൈന്‍..................

  ഇമ്മളെ സത്യവാര്‍ത്തകളുമാത്രം ധരിപ്പിച്ചു സന്മാര്‍ഗ്ഗത്തിലൂടെ ഉദ്ബുദ്ധരാക്കുന്ന മുത്തശ്ശി പത്രങ്ങളിലെ (മനോരമ, മാതൃഭൂമി, കൌമാദി) ധീരയോദ്‌ധാക്കളും ശനിയുടെ അപഹാരത്തില്‍ കുടുങ്ങിയിരിക്കുന്നു. തമിഴ്നാടിനുവേണ്ടി വാര്‍ത്തയെഴുതിയും, കിട്ടിയവിവരങ്ങള്‍ ചോര്‍ത്തി ക്കൊടുത്തും അവരു കേരളത്തോടുള്ള തങ്ങളുടെ കൂറുവെളിപ്പെടുത്തിയെന്നാണ്  രഹസ്യാന്വേഷണവിഭാഗം പറയുന്നത്. പ്രതിഫലമായി തമിഴ്‌നാട്‌ ടൂറുകള്‍, ഡിന്നറുകള്‍, മക്കള്‍ക്ക് കോളേജ്‌ അഡ്മിഷന്‍ തുടങ്ങിയ ചില്ലറ സമ്മാനങ്ങളും തരമാക്കിയാത്രെ... സത്യവാര്‍ത്ത‍ക്കാര്‍ ഇതൊന്നും തങ്ങളെ ദിവസവും വായിക്കുന്ന കുഞ്ഞാടുകള്‍ക്ക് മുന്‍പില്‍ ഇതുവരെ പറഞ്ഞിട്ടില്ല.. ഇതാണ് ശരിയായ പത്രധര്‍മ്മം....എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലന്നാണ് വകുപ്പുമന്ത്രി വെളിപ്പെടുത്തിയത്.എന്താണിവിടെ ചോര്ത്താനുള്ളത്. അതേയതെ.......... കൊണാത്തില്‍വരെ ഒളിക്യാമറയുമായി നടക്കുന്ന നാടാണ്. ഒരൊറ്റ സര്‍ക്കാര്‍ ഓഫിസിനുപോലും  വാതിലുമില്ല ജനലുമില്ല. സന്ധ്യമയങ്ങിയാല്‍ തെരുവുപട്ടികളും അങ്ങാടിപശുക്കളും കിടന്നുറങ്ങുന്ന സ്ഥലം,  ചോര്‍ന്നൊലിക്കുന്ന മേല്ക്കുരകള്‍, ആര്‍ക്കും കേറി നിരങ്ങാവുന്ന ഇവിടെയാപോലും ചോര്‍ത്താനുള്ള സാധനങ്ങള്‍ ഇരിക്കുന്നത്... നല്ലകഥ. നമ്മളിവിടെ  യൂണിവേഴ്സിറ്റി ഉത്തരകടലാസുകളുവരെ തെരുവീന്നാ പെറുക്കിയെടുക്കുന്നത്. അങ്ങനെ ഇത്രയും സുതാര്യമായ നമ്മുടെ നാട്ടീന്നു ഒരു ചാരന്‍ രേഖചോര്‍ത്തി എന്നക്കെപറഞ്ഞാല്‍ അതിനുവേണ്ടി അയാള്‍ പണമിറക്കിയെന്നത് ശരിയാണെങ്കില് ഉറപ്പാ..... അയാള്‍ക്ക് തലയ്ക്കെന്തോ കുഴപ്പമുണ്ട്. ശനി അയാളുടെ തലയ്ക്കു മുകളില്‍ വട്ടം കറങ്ങുന്നുണ്ട്.

  ഇതിനൊക്കെ ഇടയിലാണ് മല്ലനും മാതേവനും ചില പരാക്രമങ്ങള്‍ നടത്തുന്നത്. അതാണ്‌ തീരെ സഹിക്കാന്‍ പറ്റാത്തത്. ചിരിച്ചു ചാകും. ഉറപ്പാ...താന്‍ കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്നു  പൂവന്‍കോഴിയും, ഈ ഉത്തരം താങ്ങുന്നത് താനാണെന്നു പല്ലിയും പറഞ്ഞാല്‍ ചിരിക്കാതിരിക്കാന്‍ പറ്റുമോ...ഒക്കെ വെറുതെയാ,,,,,തലയില്‍  നെല്ലിക്കാത്തളം വയ്ക്കാന്‍ സമയമായെന്നതിന്‍റെ സൂചനയായി ഇതിനെ കണ്ടാല്‍മതി. സംയുക്ത പ്രസ്താവനയെ മണ്ണാങ്കട്ടയും കരിയിലയും നടത്തിയ കാശിയാത്രപോലെ കൂട്ടിയാല്‍മതി. കാറ്റുംമഴയും വന്നു  കരിയില പറന്നുംപോയി മണ്ണാങ്കട്ട അലിഞ്ഞും പോയി. അതുകൊണ്ട് പൊരുന്നയും കാണിച്ചികുളങ്ങരയും ഉണ്ടാക്കുന്ന ചൊവ്വദോഷത്തെ പേടിക്കാനില്ല..പക്ഷെ ചാരനും ചൈനയും നടത്തുന്ന അപഹരണത്തെ കണ്ടില്ലായെന്നു നടിക്കരുത്. വീണ്ടും ഒരു കാര്‍ഗിലും, ഒരു മറിയംറഷീദയും നമുക്ക്‌ വേണ്ട..... കൈയ്യിലുള്ളത് വല്ലവനും തട്ടിയെടുക്കാതെയും, കക്ഷത്തിലുള്ളത് ചോരാതെയും നോക്കിയാല്‍ നന്ന്. അല്ലെങ്കില്‍ പൊതുജനം ബങ്കറുകള്‍ കുഴിക്കേണ്ടിവരും.

Sunday, April 28, 2013

കൊച്ചിയിലെ, മുട്ടന്‍ ചരക്കുകള്‍


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  ഇത്, അതീവരഹസ്യമായ ഒരു യാത്രയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍  ഒന്നും പറയുന്നില്ല. പോകുന്നത് കൊച്ചിയിലേക്കാണ്. ഏതു,, നമ്മുടെ പഴയ ആ കൊച്ചിയിലേക്കല്ല; വളര്‍ന്നു വലുതായ, ബിലാലിന്‍റെ പുതിയ ഈ കൊച്ചിയിലേക്കാണ് യാത്ര. അങ്കംവെട്ടാന്‍ വാളും മൂര്‍ച്ചകൂട്ടിയുള്ള ഒരു യാത്ര ...ചേകവരായി ഇതു ആദ്യമായാണ് തട്ടില്‍ക്കയറാന്‍ പോകുന്നത്. തുണയായി കൂടിയിരിക്കുന്നത് ഉല്‍പ്പലാക്ഷനാണ്. പഞ്ചായത്തിലെ പല ചേകവന്‍മ്മാര്‍ക്കും തുണപോയ ചരിത്രം പരിശോധിച്ചാണ് ലെവനെ തുണയാക്കിയത്. ഇവിടെയിപ്പം ഇരുമ്പാണിക്ക് പകരം മുളയാണിവെച്ച് പൊന്‍കാരം പൂശുന്ന പണിയൊന്നുമില്ല, അവനവന്‍റെ കയ്യിലുള്ള ഉറുമി രാകിമിനുക്കി നിറുത്തിയാല്‍ മതി. ബാക്കിയൊക്കെ കഴിവുപോലെ ..ദേ ആളു വന്നു.... ശേഷം യാത്രകളില്‍ കാണാം......

    എടാ, സംഗതിയെല്ലാം ഓക്കെയാണല്ലോ അല്ലെ.............

പിന്നെ, എന്താ സംശയം.ഞാന്‍ ഇന്നലെകൂടി വിളിച്ചു കണ്ഫേം  ആക്കിയതാ. വൈറ്റിലയെത്തിയിട്ട് വിളിച്ചാല്‍ മതി, അവന്‍മ്മാര് വണ്ടി വിടും.

    എടാ, എന്നാലും ഒരു വിറയല്..................

മാഷോന്നു ചുമ്മാതിരി. .ഇപ്പൊ കുറച്ചു വിറയലൊക്കെ ഉണ്ടാകും; അത് ആദ്യമായതുകൊണ്ടാ.............

   ഹും. നീ അവരുടെ ഫോട്ടോ വല്ലതും കണ്ടോ ..

കണ്ടോന്നോ............... നല്ല മുട്ടന്‍ ചരക്കുകളല്ലേ..എല്ലാം. സ്റ്റാന്‍ഡെര്‍ഡ്‌ വേണോ പ്രീമിയം വേണോ എന്നു തീരുമാനിച്ചാല്‍ മതി.

   മനസ്സിലായില്ല..................

അതേ, പ്രീമിയം എന്നാല്‍ അധികം ഓടാത്ത വണ്ടി. അതില്‍  പതിനേഴു മുതല്‍ ഇരുപതുവരെയാണ് പ്രായം. ഇതിലധികവും പ്ലസ്‌ടുപിള്ളേര്‍, ഐ ടി ക്കാര്‍ തുടങ്ങിയവരാണുപോലും. സ്റ്റാന്‍ഡെര്‍ഡ്‌ എന്നാല്‍, അത്യാവശ്യം പഴക്കം കാണും; പക്ഷെ നല്ല എക്സ്പ്പീരിയന്‍സ്ഡായിരിക്കും. ഇരുപതു മുതല്‍ മുപ്പത്തിയഞ്ചുവരെ എന്നാണ് പറഞ്ഞിരിക്കുന്നത്.

   ഹും, അവന്‍മ്മാര് പറ്റിക്കുമോ.............. അല്ല, അഡ്വാന്‍സായി   അയ്യായിരം കൊടുത്തതുകൊണ്ട് ചോദിക്കുവാ.........

അതേ, മാഷേ ഇത്തരം പരിപാടികളില്‍ പണംനോക്കരുത്. .പണം എറിയണം അല്ലാതെ കാര്യം നടക്കില്ല..

ദേ, ബസു വന്നു. മാഷ്‌ ഉറങ്ങിക്കോ, വൈറ്റില എത്തുമ്പോള്‍ ഞാന്‍ വിളിച്ചോളാം..............

   മാഷേ..... എണീറ്റെ സ്ഥലമെത്തി.

   എടാ, എവിടെ നില്‍ക്കാനാ പറഞ്ഞിരിക്കുന്നത്. വൈറ്റില എത്തുമ്പോള്‍ വിളിക്കാനല്ലേ പറഞ്ഞിരിക്കുന്നത്. നീ വിളിച്ചോ................

ശോ, ഔട്ട്‌ ഓഫ് റെയിഞ്ചാ പറയുന്നത്. വരുന്നതെയുള്ളായിരിക്കും.

ഉല്‍പ്പലാക്ഷ, എനിക്ക് മൊത്തം വിറയ്ക്കുന്നു. ആകെയൊരു പരവേശം. രണ്ടിനു പോകണം.

മാഷേ നിങ്ങളു നാറ്റിക്കുമല്ലോ.. ഇതൊന്നും ചെയ്യാതെയാണോ രാവിലെ ഏറ്റുപോന്നത്.


ബസ്റ്റാന്റില്‍ കാണും..... പോയിട്ടു വാ.. ഞാനിവിടെ നിക്കാം..

എനിക്കാണേല്‍ ഇവിടെ വലിയ പരിചയമില്ല. നീ ഇവിടെത്തന്നെ കാണണം കേട്ടോ..

  കോട്ടയത്ത്‌  പേപ്പറു ശരിയാക്കാന്‍ പോകുവാണെന്നാ വീട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ നാട്ടുകാര് വല്ലവരും കാണുമോ ഉല്‍പ്പലാക്ഷ..

എന്‍റെ മാഷേ, നിങ്ങളൊന്നു അടങ്ങൂ. കൈയ്യില്‍ തുവാലയില്ലേ അതെടുത്ത് തലമറച്ചു നടന്നോ .ആരുകണ്ടാലും തിരിച്ചറിയില്ല.

 ഞാനൊന്നുകൂടി അവരെ വിളിച്ചുനോക്കട്ടെ.................

അവന്മ്മാര്‍ ഫോണ്‍ എടുക്കുന്നില്ലല്ലോ..... ഇനി പറ്റിച്ചോ..?? ഹേ, അങ്ങനെ വരാന്‍ വഴിയില്ലല്ലൊ...

ഇതൊക്കെ ഇങ്ങനെയാ............ ആദ്യം ഫോണ്‍ എടുക്കില്ല. നമ്മള്‍ ഒര്‍ജിനല്‍ തന്നെയാണോന്നു നോക്കുവായിരിക്കും.

      ഹും

    നിനക്കെവിടുന്നാ ഈ നമ്പര്‍ കിട്ടിയത്..?

അത് നമ്മുടെ ആ പേപ്പറില്ലേ, പാട്ടുകാരന്‍ചേട്ടന്‍ നടത്തുന്ന  തെക്കുവടക്ക് ഡേയിലി; അവരുടെ കയ്യീന്നാ..

 അവരാ പറഞ്ഞത് കൊച്ചിയില്‍ച്ചെന്നാല്‍, മുട്ടന്‍ ചരക്കുകള്‍ കാത്തു നില്‍ക്കുകയാണെന്ന്, ഒന്നുവിളിച്ചാല്‍ മതി ഓടിവരും പോലും. ഒരു രാത്രിയ്ക്ക് പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപവരേയാ...റേറ്റ്‌.

നിങ്ങള്‍ക്ക് പോണമെന്ന് പറഞ്ഞതുകൊണ്ടാ ഞാന്‍ ആ നമ്പരില്‍ വിളിച്ചത്. നിങ്ങളു തന്ന അയ്യായിരം അഡ്വാന്‍സായി അവരുടെ അക്കൌണ്ടിലേക്ക് അയച്ചിട്ടുമുണ്ട്.പിന്നെ നേരില്‍ കാണുമ്പൊള്‍ തുകയില്‍ അഡ്ജസ്റ്റ്‌ ചെയ്യാമെന്നാ പറഞ്ഞിരിക്കുന്നത്.

  ശ്ശെടാ, എന്നിട്ടിപ്പോ ഒരു വിവരവുമില്ലല്ലോ..

നമ്മളിവിടെ ഇങ്ങനെ ചുറ്റിക്കറങ്ങുന്നത് ആരെങ്കിലും കാണുമോ ഉല്‍പ്പലാക്ഷാ. എന്തോ എനിക്കൊരു പേടിതോന്നുന്നു. കാര്യം, നീ പറഞ്ഞപ്പോള്‍ നല്ല ആവേശമായിരുന്നു. ഇനിയിപ്പോ അവരെകണ്ടാല്‍ത്തന്നെ കാര്യം നടക്കുമോയെന്ന സംശയം. എല്ലാം തീര്‍ന്നു...............

എന്നാല്‍ വീട്ടിലിരുന്നാല്‍ പോരായിരുന്നോ.......?ആരും ഉന്തിക്കൊണ്ടു വന്നതോന്നുമല്ലല്ലോ.......ആണോ.............അല്ലേലും ഇതൊന്നും നിങ്ങളെ പ്പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല. കൂടെവന്ന എന്നെവേണം തൊഴിക്കാന്‍.

  എനിക്കൊരു സോഡാ കഴിക്കണം; തലകറങ്ങുന്നു.

മാഷേ, നിങ്ങളുകിടന്നു പെരളാതെ; കാണുന്നവരുസംശയിക്കും. ഒരുമാതിരി അവറാന്‍ ഏറണാകുളം കാണാന്‍പ്പോയ കളിയാ, കളിക്കുന്നത്...കുനിഞ്ഞു നടക്കാതെ നേരെനടക്ക് മാഷേ....................

  “എന്താടാ അവിടെക്കിടന്നു നട്ടംതിരിയുന്നത്.... കുറെ നേരമായല്ലോ ..ഇങ്ങോട്ട് വാ..”

എല്ലാം പൂര്‍ത്തിയായി. മാഷേ, ദേ പോലിസ്‌ വിളിക്കുന്നു..അങ്ങോട്ടു ചെല്ലാന്‍

ഭഗവാനെ ചതിച്ചു. പെട്ടതുതന്നെ, വന്നകാര്യം പറയല്ലേ, നാറും. പത്രത്തിലും വരും................

 “എന്താടാ, നിന്നുപരുങ്ങുന്നത് എന്താ പേര് ..]

പേ,,,,പേര് ഞാന്‍ ഉല്‍പ്പ്ലാക്ഷന്‍............ ഇതു വിദ്യാധരന്‍.............. മാഷാ ..

എന്താടോ താന്‍ മുഖംപൊത്തി നില്‍ക്കുന്നത്.

അതുപിന്നെ പല്ലു വേദനയാ സാറേ ഇപ്പൊ വയറ്റിളക്കവും പിടിച്ചു.. മരുന്നിനു വന്നതാ..... ബസ്സ്‌ കിട്ടിയില്ല.

ഇവിടെ ബസ്റ്റാന്റിലാണോ മരുന്നുകിട്ടുന്നത്; ഇവിടെക്കിടന്നു ചുറ്റിത്തിരിയാതെ  വേഗം സ്ഥലംവിടാന്‍ നോക്ക്

    ഉവ്വാ......................

 ഉല്‍പ്പലാക്ഷാ താനിങ്ങു വന്നേ............. എന്താ .............

  വാ,,,,,,,,,,, വേഗം വീടു പിടിക്കാം

 അയ്യോ മാഷേ, അപ്പൊ മറ്റേക്കാര്യം..?

ഒരു കാര്യവുമില്ല വേഗം സ്ഥലംവിടാം..............

  അപ്പൊ കൊടുത്തകാശ്...........?

കാശ് പോകട്ടെ, ഇനി ഇവിടെനിന്നാല്‍ മാനംപോകും

അടുത്ത ബസ്സിനുതന്നെ നാട്ടിലേക്കു തിരിച്ചു.മനസ്സില്‍ എന്തെല്ലാം പ്ലാനുമായി വന്നതാണ്. കൊച്ചിയില്‍വന്നാല്‍ നല്ല മുട്ടന്‍ ചരക്കുകളെ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എല്ലാം പൈങ്കിളികളാണ് പോലും. സിനിമ, സീരിയല്‍, കോളേജ്‌, സ്കൂള്‍............ എല്ലാവരും അങ്ങനെ റെഡിയായിട്ടു നില്‍ക്കുവാണുപോലും. ഏതോ തെണ്ടികള്‍ പറഞ്ഞ കഥയും വിശ്വസിച്ചു, എവിടുന്നോ കിട്ടിയ ഒരു ഫോണ്‍ നമ്പരും പോക്കിപിടിച്ചു വന്നതാണ്. ഉല്‍പ്പലാക്ഷന്‍റെ അവതരണത്തില്‍ വീണുപോയിയെന്നതാണ് സത്യം. രാവിലത്തെ ബസ്സിനു പോയാല്‍ വൈകിട്ട് തിരിച്ചുവരാം ഹോട്ടല്‍മുറിയും മറ്റു സൗകര്യങ്ങളുമെല്ലാം റെഡിയാണ്, നമ്മളു ചുമ്മാ വാളുംരാകി ചെന്നാല്‍ മതിപോലും... സംഗതി ശരിയാണോന്നു രഹസ്യമായി, യെവനോടൊന്നു ചോദിച്ചുപോയി അതിപ്പോ ഇവിടംവരെ കൊണ്ടെത്തിച്ചു.രൂപ അയ്യായിരവും പോയികിട്ടി . ഏതായാലും തിരിച്ചു ബസ്സില്‍ കയറുമ്പോള്‍ എന്തൊരു സുഖം, മനസ്സിന് വല്ലാത്ത ആശ്വാസം.

ഉല്‍പ്പലാക്ഷന്‍റെ മുഖം, കടന്നല് കുത്തിയതുപോലെ ഇരിക്കുവാണ്

 പോട്ടെടാ നമുക്കിതൊന്നും പറഞ്ഞിട്ടില്ല...............

മാഷിന് അങ്ങനെയൊക്കെപ്പറയാം .ഞാന്‍ ഇന്നലെരാത്രി ഉറങ്ങിയിട്ടില്ല അറിയാമോ...... ഈ പകലും സ്വപ്നംകണ്ടു കിടക്കുകയായിരുന്നു.

ഞാനും അങ്ങനെതന്നെ ആയിരുന്നു. എന്നാലും വീടും കുടുംബവുമൊക്കെ ഓര്‍ക്കുമ്പോള്‍; പറ്റില്ല ഉല്‍പ്പലാക്ഷാ...ഒരു ചതിവുകാണിക്കാന്‍ മനസ്സ്‌ അനുവദിക്കുകയില്ല. പുത്തന്‍തലമുറ പറയുന്ന ആ സ്വാതന്ത്ര്യം ആസ്വാദനം നമുക്കുവേണ്ട..വ്യഭിചാരത്തിലൂടെ കിട്ടുന്ന ആ സുഖം വേണ്ട...... കുടുംബം, മക്കള്,ഭാര്യ അതാണ്‌ സുഖം. നീ ഇക്കാര്യം ആരോടും പറയേണ്ടകേട്ടോ..

 ഒരുപുണ്യവാളന് വന്നിരിക്കുന്നു. നിങ്ങള്‍ക്കു വല്ല; കാട്ടിലുംപോയി തപസ്സിരുന്നുകൂടെ... വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഇറങ്ങിയിരിക്കുന്നു,

   ഇനി അതും ആലോചിക്കാം....

 കൊച്ചിപോലുള്ള നഗരങ്ങളില്‍ സെക്സ്റാക്കറ്റുകള്‍ പിടിമുറുക്കുന്നു. പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപവരെ  ഒരു രാത്രിയ്ക്ക് കൊടുക്കാന്‍ തയ്യാറാണെങ്കില്‍ സ്കൂള്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ നിങ്ങളുടെമുന്നില്‍ എത്തുമെന്നു കാണിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും വെബ്സൈറ്റ്കളുമൊക്കെ തുറന്നുകാണിക്കുന്ന വാര്‍ത്തകള്‍, മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും അതിനെക്കുറിച്ച് അധികൃതരുടെ  ഭാഗത്തുനിന്ന് ഒരു വിശദീകരണവും കണ്ടില്ല. വ്യഭിചാരശാലകള്‍ അധികൃതരുടെ മൌനാനുവാദത്തോടെ നമ്മുടെ നാട്ടിലും പ്രവര്‍ത്തിക്കുന്നു; എന്നുവേണോ കരുതാന്‍.അതോ ഇതെല്ലം സര്‍ക്കുലേഷന്‍ കൂട്ടാന്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വെറും കെട്ടുകഥകള്‍ മാത്രമാണോ....?.

 സ്കൂള്‍ കുട്ടികളില്‍ത്തുടങ്ങി വീട്ടമ്മമാര്‍വരെ എത്തിനില്‍ക്കുന്നുവെന്നു പറയുന്ന  ഈ വ്യാപാരത്തില്‍ ഉല്പന്നങ്ങളെല്ലാം സ്വമനസ്സാലെ പണത്തിനു വേണ്ടി ഈ രംഗത്തേയ്ക്ക് കടന്നുവരുന്നതാണോ..അതോ ഏതെങ്കിലും ചതിക്കുഴിയില്‍പ്പെട്ടു പോകുന്നതാണോ..?? അങ്ങനെയെങ്കില്‍ ഇതിനെ നിസാരമായി തള്ളിക്കളയാന്‍ പറ്റുമോ ?? മാതാപിതാക്കളും ഭര്‍ത്താക്കന്മാരും ഈ രീതിയില്‍ പണം സമ്പാദിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുന്നതാണോ.....ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

   കാര്യങ്ങള്‍ ഈ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കേരളത്തില്‍ ഒരു ചുമന്നതെരുവ്‌ അനുവദിക്കുന്നതായിരിക്കും ഭംഗി. പ്രമോട്ടുചെയ്യാന്‍ ഏതെങ്കിലും ക്വാണ്ടം കമ്പനിക്കാരെ ഏല്‍പ്പിച്ചാല്‍ മതി. അതാകുമ്പോള്‍ കഴപ്പ് തീര്‍ക്കേണ്ടവനൊക്കെ പതുങ്ങിയും, ഒളിച്ചും, തലയില്‍ മുണ്ടിട്ടും നടക്കേണ്ടല്ലോ നേരെചെന്നു കാര്യംസാധിച്ചു മടങ്ങാം............. കുറഞ്ഞപക്ഷം മുലകുടിമാറാത്ത പെണ്‍കുഞ്ഞുങ്ങള്‍ക്കെങ്കിലും രക്ഷപെടാം..റോഡുവെട്ടാനും, തോടുകുഴിക്കാനും, വിമാനത്താവളം ഉണ്ടാക്കാനുമുള്ള പദ്ധതികള്‍ അവിടെ നിക്കട്ടെ.ഇവിടെയിപ്പോള്‍ അത്യാവശ്യം ഒരു ചുമന്നതെരുവാണ്. ഇങ്ങനെയൊരു  റെഡ്‌ ഇടനാഴി ഉണ്ടാക്കിയാല്‍ പുരോഗമനക്കാര്‍ പറയുന്നതുപോലെ പീഡനവും ചെറ്റപൊളിക്കലുമെല്ലാം അന്യംനിന്നു പോവുകയും ചെയ്യും. ഇത്തരം കലാകാരന്മ്മാരെയും കലാകാരികളെയും ഒരു പ്രത്യേക സ്ഥലത്ത് കുടിയിരുത്താം എന്നേ അടിയന്‍ ഉദ്യേശിച്ചോള്ളു. ഇത്തരം ചുമന്നതെരുവുകള്‍ നഗരങ്ങള്‍ കേന്ദ്രികരിച്ച്‌ ഉണ്ടാക്കുകയും പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുകയാണെങ്കില്‍ പലര്‍ക്കും അതൊരു തൊഴില്‍മാര്‍ഗമായിത്തിരുകയും ചെയ്യും.അസംഘടിതമേഖലയെ സംഘടിതമേഖലയാക്കി യൂണിയനുകള്‍ ഉണ്ടാക്കാം.മത്സരിക്കാം, മന്ത്രിയാകാം ഇപ്പോഴുള്ള കള്ളവെടി,പീഡനം,അവിഹിതം തുടങ്ങിയ പല പൊല്ലാപ്പില്‍ നിന്നും രക്ഷപെടുകയും ചെയ്യാം.

 ഈ മേഖലയിലെ  ഇപ്പോഴത്തെ റെയിറ്റായ പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം വരെയെന്നുള്ളത് കൂലിപ്പണിക്കാരെ സംബന്ധിച്ച് ഒരു വലിയതുകയാണ്. ഇതൊരു സ്വതന്ത്രവിപണിയായി തുറന്നു കൊടുത്താല്‍ ഈ റേറ്റും താഴും. പെണ്ണിനെ തുറന്നുവിടണം, മൂടി വയ്ക്കുന്നതാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം അതുകൊണ്ട് എല്ലാം തുറന്നിടണം,നാടുനീളെ കന്നിമാസപ്പട്ടിപോലെ നടക്കുന്നത് എതിര്‍ക്കാന്‍ പാടില്ല.... എന്നൊക്കെ പുലയാട്ടുനടത്തുന്ന കാലത്തിനൊത്ത് പരിണാമം നടത്തുന്ന യഥാര്‍ത്ഥ  ആചാരവാദികള്‍ക്ക്, തങ്ങളുടെ കാമം കരഞ്ഞുതീര്‍ക്കാന്‍ ഇത്തരം മേഖലകള്‍ നല്ലൊരു താവളമായിരിക്കും. വളഞ്ഞ ഉത്തരത്തിനു ഒടിഞ്ഞ മോന്തായംതന്നെയാണ് ചേരുക..

 

Saturday, April 27, 2013

കുട്ടപ്പന്‍ മഠം. ദൂരം അരക്കിലോമീറ്റര്‍


 
വിദ്യാധരന്‍റെ വ്യകുലചിന്തകള്‍
 

    വെളിക്കിരിക്കാന്‍ പോയ വട്ടപ്പറമ്പില്‍ കുട്ടപ്പന് ‘വെളിപ്പെട്ടു’ എന്ന വാര്‍ത്തകേട്ട് എട്ടുനിലയിലാണ് ഞെട്ടിയത്. കട്ടന്‍കാപ്പിയും പുത്തന്‍പത്രവും ഒരേപോലെ സേവിക്കുമ്പോളാണ്; കറവക്കാരന്‍ അച്യുതന്‍, കുട്ടപ്പന് ‘വെളിപ്പെട്ട’ കാര്യം ഒരു വെളിപാടുപോലെ പൊട്ടിച്ചത്. വീട്ടില്‍ സൌകര്യമുണ്ടായിട്ടും പ്രകൃതിയുടെ ഗന്ധം ഏറ്റുവാങ്ങി കട്ടന്‍ബീഡിയും  വലിച്ചു സര്‍വേക്കല്ലില്‍ കുത്തിയിരിക്കുന്ന കുട്ടപ്പനെ, വെളുപ്പിന് ചൂട്ടു വെളിച്ചത്തില്‍ കണ്ടവരുണ്ട്. രാത്രിയില്‍ പുഴയിലിട്ടവലയില്‍ മീന്‍ തടഞ്ഞോന്നു തപ്പിനോക്കാന്‍ ചൂട്ടുവെളിച്ചത്തില്‍ പുഴക്കടവിലേക്ക് പോയ ദാസപ്പന്‍, കുട്ടപ്പന്‍റെ ഇരുപ്പിനു സാക്ഷിയാണ് . രാവിലെ തന്നെ സുഖകരമല്ലാത്ത കണി കാണേണ്ടായെന്നു കരുതി ദാസപ്പന്‍ എല്ലാം ഒരു ചിരിയിലൊതുക്കി മിണ്ടാതെ പോവുകയാണ് ചെയ്തത്. ..ഏതായാലും കാര്യം സീരിയസാണ്, കുട്ടപ്പനിപ്പോള്‍ വീട്ടിലിരുന്നു മറുഭാഷ പറയുകയാണത്രേ... .

 >        മാഷെ ഒന്നുപോയി കണ്ടോളു. ഈ വെളിപ്പെടലൊക്കെ നമ്മുടെ നാട്ടില്‍ ആദ്യമായിട്ടാ..

<          എന്‍റെ അച്യുതാ..... എനിക്കിതങ്ങോട്ടു വിശ്വസിക്കാന്‍ പറ്റണില്ല. നാട്ടുകാരെ മുഴുവന്‍ പറ്റിച്ചുനടക്കുന്ന കുട്ടപ്പന്, ഭഗവതിവെളിപ്പെട്ടുവെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാ.. കഴിഞ്ഞയാഴ്ച കൊച്ചിനു ഫീസ്‌ അടയ്ക്കാന്‍ വച്ചിരുന്ന കാശാണ്, മരുന്നുവാങ്ങനെന്നും പറഞ്ഞു വാങ്ങിക്കൊണ്ടു പോയത്. അന്നു വൈകുന്നേരം ഷാപ്പിന്‍റെ  മുറ്റത്തു ഉടുതുണിയില്ലാതെ പൂരപ്പാട്ട് നടത്തുന്നത് ഞാന്‍ കണ്ടതാ ..പിന്നെ ഇതുവരെ പൈസയും കണ്ടില്ല ആളെയും കണ്ടിട്ടില്ല .അവനെയൊന്നു കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു….’

 ചായകുടിച്ചശേഷം പത്രപാരായണവും നിറുത്തി കുട്ടപ്പന്‍റെ  വീടുവരെയൊന്നു പോയിവരാമെന്നു വച്ചു. തല്ക്കാലം ഭാര്യ അറിയേണ്ട കാര്യങ്ങള്‍..

അകലെനിന്നേ കാണാം... വീട്ടില്‍ നല്ല ആള്‍ക്കൂട്ടമുണ്ട്. ജനറേറ്റര്‍ വര്‍ക്ക് ചെയ്യുന്ന ഒച്ചകേള്‍ക്കാം. മുറ്റത്ത്‌  പന്തലു വലിച്ചുകെട്ടുന്ന തിരക്കിലാണ് കരക്കാര്‍. ഭഗവാനെ, കുട്ടപ്പന്‍ തട്ടിപ്പോയെന്നാ തോന്നുന്നത്, അടുക്കുംതോറും സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്‍റെയും മണം. വീടിന്‍റെ തിണ്ണയില്‍ എണ്ണത്തിരികള്‍ കത്തുന്നു.വീട്ടുമുറ്റം നിറയെ ആള്‍ക്കാരാണ്.

   എടാ ഉല്‍പ്പലാക്ഷാ.. എപ്പോഴായിരുന്നു.  എല്ലാം കഴിഞ്ഞോ...........?

    എന്ത് കഴിഞ്ഞോന്ന്>>?

  എപ്പോഴാ എടുക്കുന്നതു........... മാവ്‌ വെട്ടിയോ..?

 എന്‍റെ മാഷേ, മാവുവെട്ടലും കുഴികുത്തലും ഒന്നുമല്ല. കുട്ടപ്പന്‍ വെളിപ്പെട്ട് ഇരിക്കുകയാണ്. ഇടയ്ക്കിടെ ഓരോന്ന് പറയുന്നുണ്ട്; എല്ലാം പ്രവചനങ്ങളാണെന്നാ കൂടിയിരിക്കുന്നവര്‍ പറയുന്നത്. കാണണമെങ്കില്‍ ദേ, അകത്തേയ്ക്ക് ചെല്ലുക.കുറച്ചു കഴിഞ്ഞാല്‍ തിരക്കുകൂടും..

 വീടിനകത്തെയ്ക്ക് കടന്നു. നടുമുറിയില്‍ ചുറ്റുംകത്തുന്ന വിളക്കുകള്‍ക്കു നടുവില്‍ കുട്ടപ്പന്‍ ചമ്രം പടിഞ്ഞിരിക്കുന്നു. ചുറ്റും സ്ത്രീജനങ്ങള്‍ ഭക്തിനിര്‍ഭരം നില്ക്കുന്നു. ചിലര്‍ അറിയാവുന്ന രീതിയില്‍ ഭജന പാടുന്നുണ്ട്. ഭാര്യ ഗീതമ്മ കുട്ടപ്പന്‍റെ അടുത്തുതന്നെ ഇരിക്കുന്നു .മക്കളും ചുറ്റിലുമുണ്ട്.

നിര്‍മേഷവാനായി ഇമവെട്ടാതെ, കുട്ടപ്പന്‍ മച്ചിലോട്ടു നോക്കി ഇരിക്കുന്നു. എന്തോ വേദന കടിച്ചുപിടിച്ചിരിക്കുന്നതു പോലെയുള്ള ഇരിപ്പാണ്.

കുട്ടപ്പാ,,, കുട്ടപ്പാ.... ഇതു ഞാനാ വിദ്യാധരന്‍ എന്നേ മനസിലായില്ലേ..??

 ഭഗവാനെ, ഇവന്‍ ഒന്നും മിണ്ടുന്നില്ലല്ലോ.... എന്‍റെ രണ്ടായിരം രൂപ വെള്ളത്തിലാകുമോ.....

മാഷെ, ഇപ്പൊ ശല്യപ്പെടുത്തെണ്ട; കുറച്ചുനേരം ധ്യാനിക്കട്ടെ. ചിലപ്പോ എന്തെങ്കിലും വെളിപ്പെട്ടെക്കും;…………..’ ഭാര്യ ഗീതമ്മ ഇടപെട്ടു. ഇനിയിപ്പോ രക്ഷയില്ല.പുറത്തേയ്ക്ക് പോരുകതന്നെ....

  കുന്തം,  വെളിപ്പെടുന്ന ഒരു ചരക്ക്‌ ,നാടുനീളെ മോഷണവും, കിട്ടുന്നേടത്തുന്നൊക്കെ കടവുംവാങ്ങി ആള്‍ക്കാരെയും പറ്റിച്ചു നടക്കുന്നവനാ.... കെട്ടിയവളെ കുനിച്ചുനിറുത്തി ഇടിച്ചതിന്‍റെ പേരിലുണ്ടായ കേസില്‍; ഞാനാണ്‌ നാട്ടുകാരനായി പോലിസ്‌ സ്റ്റേഷനില്‍ പോയത്. ആ ലെവനാണ് ഇപ്പോള്‍ ഒറ്റരാത്രികൊണ്ടു വെളിപ്പെട്ടെന്നു പറയുന്നത്. അതും അവന്‍റെ ഭാര്യതന്നെ പറയുന്നു. ഭഗവാനെ എന്‍റെ പൈസ.... രമണിയെങ്ങാനും ഇതറിഞ്ഞാല്‍ എന്‍റെ കാര്യം പോക്കാണ്...

 മുറ്റത്ത്‌ നല്ല തിരക്കുണ്ട്. അറിഞ്ഞുകേട്ടാണ് ആളുകള്‍ വരുന്നത്. വരുന്നവരുടെയെല്ലാം കൈകളില്‍ പൂക്കളും പഴങ്ങളും. തിണ്ണയില്‍ ഒരു താലവും അടുത്തുതന്നെ വലിയൊരു കുട്ടയും സ്ഥാനംപിടിച്ചുകഴിഞ്ഞു. താലത്തില്‍ കൊള്ളാതെവരുന്ന പൂക്കളും പഴങ്ങളും കുട്ടയിലേക്ക് വീഴുന്നു. ആപ്പിളും, മുന്തിരിയും, പൂവന്‍പഴവും,  ഞാലിപ്പൂവന്‍പഴവും എല്ലാം വീഴുന്ന കൂട്ടത്തിലുണ്ട്. കൂട്ടത്തില്‍ ചില്ലറത്തുട്ടുകളും വീഴുന്നു. അതുകണ്ട ആരോ ഒരു നേര്ച്ചപ്പെട്ടിയും തിണ്ണയില്‍  സ്ഥാപിച്ചു. പെട്ടി കണ്ട് വരുന്നവരൊക്കെ കാണിക്കയും ഇടാന്‍ തുടങ്ങി.

 ലീല, ഗീത, വിലാസിനി, മാങ്ങാ, തേങ്ങ, പോകണം.. മുട്ടുന്നു.. മാറു.... തുടങ്ങിയ അവ്യക്തപദങ്ങള്‍ കുട്ടപ്പന്‍റെ വായില്‍നിന്നും വരുന്നുണ്ട്; ചുറ്റും നില്‍ക്കുന്നവര്‍ അതിനെ വെളിപ്പെടല്‍ എന്നാക്കുന്നു. വരുന്നവര്‍ വരുന്നവര്‍ കുട്ടപ്പന്‍റെ മുന്നല്‍ സാഷ്ടാംഗം വീഴുന്നു. എല്ലാവര്‍ക്കും കുട്ടപ്പന്‍ പൂക്കള്‍ കൊടുക്കുന്നുണ്ട്. കുട്ടികളുടെ കവിളില്‍ തട്ടുന്നു. സ്ത്രീജനങ്ങളുടെ തലയ്ക്കു പിടിക്കുന്നു. പുരുഷന്മ്മാരുടെ കീശയിലേക്കാണോ  നോക്കുന്നതെന്ന്...ഒരു സംശയം. (അത് എന്‍റെ വെറും തോന്നലായിരിക്കും.)ആകെ ഒരു വെളിപ്പെടല്‍ മയം.

 കണിയാനും, കോമരവും അമ്പലക്കമ്മിറ്റിക്കാരുമെല്ലാം എത്തിത്തുടങ്ങി. ഭഗവതി ആവേശിച്ചതാണെന്നാണ് ഭാഷ്യം. ഇതിനിടയില്‍ ഉല്‍പ്പലാക്ഷന്‍റെ നേതൃത്വത്തില്‍ കുട്ടപ്പന്‍റെ വീടിനുമുന്‍വശത്ത് ഒരു ബോര്‍ഡും സ്ഥാപിച്ചു ‘കുട്ടപ്പന്‍ മഠം’.

 ഇനിയിപ്പോ ഇവിടെനിന്നിട്ട് കാര്യമില്ല. വിശക്കാനും തുടങ്ങിരിക്കുന്നു. വീട്ടിലേക്കുതന്നെ  വിട്ടു. വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുംമക്കളും കുളിച്ചൊരുങ്ങി കസവുമുടുത്തു നില്‍ക്കുന്നു.

  എങ്ങോട്ടാണ് രാവിലെ അമ്പലത്തിലേക്കാ...

 നിങ്ങളറിഞ്ഞില്ലേ .. കുട്ടപ്പന്‍ച്ചേട്ടന് ഭഗവതി കൂടിയിരിക്കുന്നു. എല്ലാവരും പോകുന്നുണ്ട് തൊഴാന്‍; ഞങ്ങളും പോകുവ.....  നിങ്ങള്‍ക്കുള്ള കാപ്പി മേശപ്പുറത്തുണ്ട്.എടുത്തു കഴിച്ചോ.

പരമുനാരുടെ ചായക്കടയിലും ഇതുതന്നെ ചര്‍ച്ച. എല്ലാം കുട്ടപ്പന്‍റെ തട്ടിപ്പാണെന്ന് ഒരുപക്ഷം .ഭഗവതിയെ തൊട്ടുകളിക്കരുതെന്നു മറുപക്ഷം. ഇതൊന്നുമറിയാതെ  ഉച്ചയ്ക്കത്തെ ബസിനുവന്നവര്‍ കുട്ടപ്പന്‍ മഠത്തിലേക്കുള്ള വഴിയന്വേഷിച്ച് കവലയില്‍ വട്ടംകറങ്ങി.. അങ്ങനെ വൈകുന്നേരം കവലയിലും ഒരു ബോര്‍ഡുപൊങ്ങി, ആരോ സഹിതം. ‘കുട്ടപ്പന്‍ മഠം; ദൂരം അരക്കിലോമീറ്റര്‍’.

 ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുമെത്തി. വൈകിട്ട് ആറുമണിയോടെ  പഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്‍മാരും കുട്ടപ്പന്‍റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങുകയുണ്ടായി. കുട്ടപ്പസ്വാമി ഇനിമുതല്‍ നാടിന്‍റെ പൊതുസ്വത്താണെന്നും കുട്ടപ്പസ്വാമിയുടെ  വീട്ടിലേക്കുള്ളവഴി ഉടനെ ടാറു ചെയ്യുമെന്നും സ്വാമിയുടെ പേരിലുള്ള സകലകടങ്ങളും  എഴുതിതള്ളുമെന്നും പ്രസിഡന്‍റ് പ്രഖ്യാപിച്ചു.

 എന്നാലും എന്‍റെ രണ്ടായിരം......... ഭാര്യ അറിഞ്ഞിട്ടില്ല. അറിഞ്ഞാല്‍, എന്നെ പഞ്ഞിക്കിട്ടതുതന്നെ. മരുന്നു വാങ്ങാനാണ്, രണ്ടുദിവസം കഴിഞ്ഞുതരാമെന്നു പറഞ്ഞാണ് ആ കള്ളത്തിരുമാടി പൈസവാങ്ങിയത്.ഈ സമയംനോക്കി അവനു ഭഗവതികൂടുമെന്ന് ആരുകരുതി..??? അവിടെച്ചെന്ന് ചോദിക്കാമെന്നു വെച്ചാല്‍, ഭക്തരൊഴിഞ്ഞ നേരമില്ല. ഏതായാലും രാത്രിയാകുമ്പോള്‍ ഒന്നുകൂടിപ്പോയി നോക്കണം. അപ്പോള്‍ ഭക്തരുടെ തിരക്കു കുറയുമായിരിക്കും....  ഊഹംതെറ്റിയില്ല. ഒന്‍പതുമണിയോടെ തിരക്കു കുറഞ്ഞിരിക്കുന്നു. രാവിലെകണ്ട കുട്ടപ്പനല്ല, അല്‍പ്പം മാറിയിട്ടുണ്ട് എന്നാലും അത്രയങ്ങ് ശരിയായിട്ടില്ല.

   കുട്ടപ്പാ……………….

   ..മാഷേ ...................

ഭാഗ്യം എന്നെ തിരിച്ചറിഞ്ഞു..

  മാഷിങ്ങു വന്നേ……………….

 എന്നെയുംകൂട്ടി കുട്ടപ്പന്‍ അടുത്ത മുറിയിലേക്കുകടന്ന് കതകുചാരി.

 എന്‍റെ മാഷേ എനിക്കൊരു വെളിപാടും ഉണ്ടായിട്ടില്ല... പെട്ടു പോയതാണ്..

         എങ്ങനെ……………?

 രാവിലെ തൂറാന്‍ സര്‍വേക്കല്ലില്‍ ഇരിക്കുവായിരുന്നു. ഒരു ബീഡി കത്തിച്ച് ഇരുന്നതേയുള്ളൂ ഒരു ചൂട്ടുവെട്ടം എന്നെക്കടന്നുപോയി. ഒരു ചിരിയും കുട്ടപ്പനല്ലേ എന്നൊരു ചോദ്യവും. നോക്കുമ്പോള്‍ ആ രൂപം നേരെ പുഴയിലെക്കിറങ്ങുന്നു.  പെട്ടെന്ന് ചന്തിയില്‍ ആരോ തോണ്ടുന്നതുപോലെ തോന്നി.

എന്‍റെ മാഷേ സത്യംപറഞ്ഞാല്‍ ജീവന്‍ പോയി.. ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി. പേടിച്ചതുകൊണ്ട് ഒന്നും പറയാന്‍ പറ്റിയില്ല, നാക്ക് അനങ്ങുന്നതേയില്ലായിരുന്നു  ആകെ വിയര്‍ത്തുപോയി...അതുകണ്ട ഗീതമ്മയാണ് കരഞ്ഞു നിലവിളിച്ചു ആളെകൂട്ടിയത്. കൂട്ടത്തില്‍വന്ന  നാണിയമ്മ പറഞ്ഞു; ഭഗവതി വെളിപ്പെട്ട ലക്ഷണമാ കാണിക്കുന്നതെന്ന്.പണ്ട് അവരുടെ കുടുംബത്തും ഇങ്ങനെ വെളിപ്പെട്ടിരുന്നുവത്രേ..എന്തിനധികം പറയുന്നു എന്നെ എല്ലാവരുംകൂടി  പിടിച്ചു ഭാഗവതിയാക്കി...ഞാനങ്ങനെ തൂറാന്‍മുട്ടലും കടിച്ചുപിടിച്ചിരിക്കുന്ന സമയത്താണ് രാവിലെ മാഷ്‌ വന്നത്.

  ഹോ അങ്ങനെയാണല്ലേ കാര്യങ്ങള്‍………………………

 എനിക്ക് മടുത്തു, കയ്യുംകാലും വിറച്ചിട്ടുമേല... ഒരു കുപ്പി സംഘടിപ്പിക്കാന്‍ ആകുന്നതുനോക്കി; എവടെ,,,  വീട്ടിന്നു ആളുമാറിയ നേരമില്ല. ചുറ്റിലും പെണ്ണുങ്ങളും പിള്ളേരും.എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..ഇനിയിപ്പോ ഉള്ളതു പറഞ്ഞാല്‍ നാട്ടുകാരുടെ തല്ലുകൊള്ളും പന്തല്, ജനറേറ്റര്‍, മൈക്ക്‌ സെറ്റ്‌ എല്ലാത്തിന്‍റെയും പൈസയും ഉണ്ടാക്കേണ്ടിയും വരും; ചീറ്റിംഗ് കേസ്‌ വേറെയും. എന്താ ചെയ്യുക, ഒരു പിടിയും കിട്ടുന്നില്ല..

പെട്ടന്ന് വാതിലും തള്ളിത്തുറന്നു ഗീതമ്മ അകത്തേയ്ക്കുവന്നു

അതേ നിങ്ങള് പറഞ്ഞതൊക്കെ ഞാന്‍കേട്ടു. മിണ്ടാതിരുന്നോളണം....മാഷേ ഇങ്ങേരെക്കൊണ്ട് ഇതുവരെ എനിക്കോ പിള്ളേര്‍ക്കോ ഉപദ്രവമല്ലാതെ ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഞാന്‍ തൊഴിലുറപ്പിനുപോയിട്ടാ കുടുംബം പോറ്റിയത്. അറിയാമോ..  ദേ ഇന്നത്തെ ഒറ്റ ദിവസത്തെ കളക്ഷന്‍ എത്രയാണന്നറിയാമോ പതിനായിരം രൂപ ..നാളെമുതല്‍ ഇതിലുംകൂടും. ഇതിപ്പോ, എനിക്കും മാഷിനും മാത്രമേ സത്യം അറിയാവൂ. ഇതങ്ങനെ പോകട്ടെ. രണ്ടു പെണ്മക്കളെ കെട്ടിക്കാനുണ്ട്, കുറച്ചു സ്ഥലംവാങ്ങി നല്ലൊരു വീടുവെയ്ക്കണം. അതുവരെ ഭഗവതിതന്നെ ശരണം. കേട്ടോ മനുഷ്യാ..

   എടി എനിക്ക് മേലാകെ വിറയ്ക്കുന്നു.ഇന്നലെ കുടിച്ചതാ.. ഒരു തുള്ളി  കള്ള്‌ കിട്ടിയില്ല ഇതുവരെ......

 അതൊന്നും പേടിക്കേണ്ട അതൊക്കെ ഞാന്‍ എത്തിച്ചു തരാം; നിങ്ങളൊന്നു ഇരുന്നുതന്നാ മതി.  മാഷ്‌ എന്ത് പറയുന്നു….”

 എനിക്കീ രക്തത്തില്‍ പങ്കില്ല. പക്ഷെ കുട്ടപ്പന്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങിയ രണ്ടായിരം രൂപ വേണം..

ഇതാ മാഷിന്‍റെ രണ്ടായിരം പലിശയടക്കം....മാഷ്‌ ഒന്നും അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല ..വാ മനുഷ്യാ പുറത്തു ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നു..

പൈസയും വാങ്ങി പുറത്തേയ്ക്ക് നടന്നു.തിരക്കു കുറഞ്ഞെങ്കിലും ദര്‍ശനത്തിനു ക്യൂ ഉണ്ട്. കടുംഭക്തര്‍ മുറ്റത്ത്‌ തീ കൂട്ടി കട്ടന്‍ അടിച്ചു തണുപ്പ് മാറ്റുന്നു.

     മാഷ്‌ പോകുവാണോ……………………

    പോകുവാ, നാളെ സ്കൂളുണ്ട്………………….

കവലയില്‍ എത്തിയപ്പോള്‍, അടുത്തൊരു വണ്ടിവന്നു നിറുത്തി.

ഈ കുട്ടപ്പന്‍ സ്വാമിയുടെ മഠം എവിടെയാ,,,,ഞങ്ങള്  കുറച്ചു ദൂരത്തു നിന്നാണെ...

  എന്താ കാര്യം…………………

ഒരു ബാധ കൂടിയതാ ഒഴിപ്പിക്കാനാ..... വണ്ടിക്കത്തു ബോധമില്ലാതെ എന്തോ പുലമ്പുന്ന ഒരു ചെറുപ്പക്കാരന്‍...ദേ അതിലെ പോയാല്‍ മതി ബോര്‍ഡ്‌ കാണാം

 ഇവനും തൂറാന്‍ സര്‍വേക്കല്ലില്‍ കയറിയപ്പോള്‍ ചൂട്ടുവെട്ടം കണ്ടു പേടിച്ചതാണോ ആവോ..അങ്ങനെ ഗ്രാമത്തില്‍ ഒരു മനുഷ്യദൈവംകൂടി പിറവിയെടുത്തു കുട്ടപ്പ സ്വാമി...

 മതവിശ്വാസവും ഈശ്വരവിശ്വാസവുമൊക്കെ ഓരോ വ്യക്തിയുടെയും മനോഭാവങ്ങല്‍ക്കനുസരിച്ചു തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഈശ്വരന്‍ ഇല്ല എന്നു സ്ഥാപിക്കാന്‍ ഞാനൊരു നാസ്തികനുമല്ല. നന്മയിലേക്കുള്ള എല്ലാ വിശ്വാസങ്ങളും സ്വാഗതം ചെയ്യപ്പെടെണ്ടതുമാണ്.എന്നിരുന്നാലും ഇന്നലെ കുരുത്ത മനുഷ്യദൈവങ്ങളുടെ മുന്നില്‍ കമിഴ്ന്നുകിടക്കുന്നു കാലുപിടിക്കുന്ന മനുഷ്യരെ അല്പ്പം സഹതാപത്തോടെ മാത്രമേ കാണാന്‍ കഴിയൂ... ഇതുപറയാന്‍ കാരണം കേരളത്തിന്‍റെ ചീഫ്സെക്രട്ടറിയായിരുന്ന ഒരു മനുഷ്യന്‍ ഒരു മനുഷ്യദൈവത്തിന്‍റെ കാല്‍ക്കല്‍ വീണുകിടക്കുന്ന ഒരു ഫോട്ടോ കണ്ടു. സ്റ്റേജില്‍ രാഷ്ട്രിയനേതാക്കള്‍ക്കും മതമൊതലാളിമാര്‍ക്കും ഒപ്പം ഇരിക്കുന്ന മനുഷ്യദൈവത്തിന്‍റെ കാലില്‍ ഇങ്ങനെ ഒരാള്‍......

 വീണു കിടക്കുന്ന വ്യക്തിയെ സംബന്ധിച്ച അതു തികച്ചും വ്യക്തിപരമാണ്.അത് ചോദ്യംചെയ്യപ്പെടുന്നില്ല.പക്ഷെ ഒരു കേരളിയന്‍ എന്ന നിലയില്‍ കേരളത്തിന്‍റെ ഒരു മുന്‍ ഐ എ എസ് ചീഫ്‌സെക്രട്ടറിയുടെ ഈ കിടപ്പ് സഹതാപം അര്‍ഹിക്കുന്നു.ബഹുമാനം തെറ്റല്ല പക്ഷെ ബഹുമാനം ഭ്രാന്തിലേക്ക് മാറിയാല്‍ ചികിത്സ ആവശ്യമാണ്. അഭിപ്രായം തികച്ചും ആപേക്ഷികം മാത്രമാണ്.എങ്കിലും പറയാതെ വയ്യ സത്നംസിങ്ങിന്‍റെ പ്രേതമാണിവിടെ ആവേശിച്ചിരിക്കുന്നത്.  ഒഴിപ്പിക്കാനുള്ള ക്രീയകള്‍ ചെയ്യുന്നുണ്ട്...........സംയമനം.......... സംയമനം..........

Wednesday, April 24, 2013

ഒരു 7’UP കഥകളി...............


 

വിദ്യാധരന്റെ വ്യകുലചിന്തകള്‍  

 ഹല.. ഹല.. ഹലോ..... ടെസ്റ്റിംഗ് ടെസ്റ്റിംഗ്................

  എല്ലാം ശരിയല്ലേ...... എന്നാ പൊക്കാം.....

   പതുക്കെപ്പറ, മൈക്ക് ഓണാ.................

   കേശവാ പൊക്ക് ..

    എന്തോന്നു പൊക്കാന്‍.......

     തുണി പൊക്കെടാ....................

      ആരുടെ തുണിപൊക്കാന്‍...............

       എടാ കര്‍ട്ടന്‍ പൊക്ക്........... ..

 സുഹൃത്തുക്കളെ, വളരെ ദയനീയമായ ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.  നമ്മുടെ കഥകളിയെ 7അപ്പ്‌ കമ്പനിക്കാര്‍ മാനഭംഗപ്പെടുത്തിയിരിക്കുന്നു. നടുറോഡില്‍ അപമാനിക്കപ്പെട്ട കഥകളിയെ രക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന ഈ പരസ്യ വിചാരണയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്ന എല്ലാ നാട്ടുകാര്‍ക്കും സ്വാഗതം.

 വിചാരണ നയിക്കുന്നത് നമ്മുടെ പഞ്ചായത്തിലെ ആസ്ഥാനകവി ശ്രീമാന്‍ വേലന്‍ ചെടയന്‍, പ്രമുഖപരിസ്ഥിതിപ്രവര്‍ത്തക ആശാകുമാരി, മുന്‍മന്ത്രി അലമ്പുവാസു, കലാമണ്ഡലംവീസി കാര്‍ക്കോടകന്‍, കഥകളികലാകാരന്‍ ഉസിലാം പെട്ടി എന്നിവരാണ്. കമ്പനിയെ പ്രതിനിധികരിച്ച് ശ്രീമാന്‍ മൈത്താണ്ടിയും സംസരിക്കുന്നതായിരിക്കും.

 സദസ്സില്‍ ഇരിക്കുന്നവര്‍ക്കും മൈക്ക് തരുന്നതായിരികും. അതുവരെ അടങ്ങി ഒതുങ്ങി ഇരുന്നോളണം

   ശരി തുടങ്ങാം

 >ആദ്യമായി കവിയില്‍ നിന്നും തുടങ്ങാം.. കഥകളിയെ പരസ്യത്തില്‍ മോശമായി ചിത്രികരിച്ചുവെന്നു പറയുന്നു;ഇതിനെക്കുറിച്ച് എന്തു പറയുന്നു..

 ‘ഇതു തികച്ചും മോശമായി പോയി..... .മ്ലേച്ചം എന്നുതന്നെ പറയാം. ഇവര്‍ക്കെങ്ങനെ ഇതിനു ധൈര്യം വന്നുവെന്നാണു മനസിലാവാത്തത്. പരസ്യം പിന്‍വലിച്ചു മാപ്പ് പറയണം.’


‘കഥകളി, തുള്ളല്‍, കൂത്ത്‌ ഇവയെല്ലാം നമ്മുടെ പാരമ്പര്യ  കലാരൂപങ്ങളാണ്. ഇവയെ ഇങ്ങനെ നടുറോഡില്‍ അപമാനിക്കാന്‍ പാടില്ല.അതു കളിച്ചവന് വിലക്കേര്‍പ്പെടുത്തണം എന്നാണെനിക്കു പറയാനുള്ളത്.’

>മുന്‍മന്ത്രിയ്ക്ക് എന്താണ് പറയാനുള്ളത്:

  ‘ഇത് ആഗോളകുത്തക ബൂര്‍ഷ്വാസിയുടെ ഗൂഡാലോചനയാണ്.ഇതിനെ ചെറുത്തു തോല്പ്പികണം’.

>കലാമണ്ഡലംവീസി എന്ത് പറയുന്നു:

‘ഇത് കഥകളിയെ മാനഭംഗപ്പെടുത്തിയതാണ്.കമ്പനിക്ക് കമ്പിയടിച്ചിട്ടുണ്ട് മൂന്നു ദിവസത്തിനകം പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും’

>കഥകളി കലാകാരന്‍ ഉസുലാംപെട്ടി;

 ‘സത്യം പറഞ്ഞാല്‍ കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് ഇങ്ങനത്തെ പരിപാടികള്‍ക്ക് കലാകാരന്‍മ്മാര്‍ വേഷംകെട്ടുന്നത്.അതിനാല്‍ കലാകാരന്‍മ്മാര്‍ക്ക്  എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണം.’

  @#$%&*....   മൈക്കിങ്ങു താട.......... ഹാ അടങ്ങു അച്ചൂ....... മൈക്ക്  തരാമെന്നെ..

     അച്ചുവിന് മൈക്ക് കൊടുക്കൂ.................  

  ഇതാ 7അപ്പ്‌ പരസ്യത്തില്‍ കഥകളി വേഷംകെട്ടിയ ‘കൂതറ അച്ചു’ നിങ്ങളോട് സംസാരിക്കുന്നു.

   ഫ്തൂ...അലവലാതികള് ഒരു വിചാരണയ്ക്ക് വന്നിരിക്കുന്നു. വേദിയിലിരിക്കുന്ന എല്ലാ പൂമാന്മാരോടും ഞാന്‍ ചോദിക്കുന്നു. നീയൊക്കെ കിടന്നു കരഞ്ഞല്ലോ ... ഞാനൊന്നു പറയട്ടെ; കലാമണ്ഡലത്തില്‍ നിന്നും കഥകളിയില്‍ എല്ലാ കോഴ്സും കഴിഞ്ഞു പുറത്തിറങ്ങിയവനാണ് ഈ ഞാന്‍...പഠിച്ച പണിയുമായി ബന്ധപ്പെട്ടു ഒരു ജോലികിട്ടാന്‍ നാടുനീളെ അലഞ്ഞു. കുറച്ചു കുട്ടികളെ, യുവജനോല്‍സവത്തിനുവേണ്ടി കഥകളി പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്നതോഴിച്ചാല്‍,  അഷ്ടിക്കുള്ള വകയൊന്നും ഇതിലൂടെ കിട്ടിയില്ല. ഇപ്പൊ വാര്‍ക്കപ്പണിയ്ക്ക് പോകുന്നു. ഉത്സവപറമ്പുകളിലും അമ്പലങ്ങളിലും മാത്രമാണ് ഇടയ്ക്കൊരോ കളി കിട്ടുന്നത്. അതുകൊണ്ട് കുടുബം പുലരുമോ.ഒരു സീസണില്‍ എത്ര കളി കിട്ടും.  ഒരു തൊഴില്‍ പഠിക്കുന്നത് അതുകൊണ്ട് ജീവിക്കാനാണ്. അല്ലാതെ അതിന്‍റെ സൌന്ദര്യം നോക്കികൊണ്ടിരുന്നാല്‍ കുടുംബം മുഴുവന്‍ ഒരു മുഴം കയറില്‍ തീരേണ്ടിവരും....അറിയാമോ.

    അച്ചൂ പ്ലീസ്‌ ..............ഇല്ല ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല..

  വി.ഐ.പി കളെ സ്വീകരിക്കാനും, കല്യാണത്തിനും, പൊതു പരിപാടികള്‍ക്കും, ഘോഷയാത്രകള്‍ക്കും, പരസ്യങ്ങളിലുമെല്ലാം ഒറ്റക്കാലില്‍ കോറ്റിയേപ്പോലെ നില്‍ക്കുന്നത്; കഥകളിയെ മാനഭംഗം ചെയ്യാനല്ല, ഒരു ചാണ്‍ വയറിനു വേണ്ടിയാണ്.അറിയമോടാ പുല്ലുകളെ...........  ഈ ഗീര്‍വാണം അടിക്കുന്ന എത്ര പേര്‍ക്കറിയാം കഥകളിയുടെ ഒരു പദമെങ്കിലും തെറ്റുകൂടാതെ ചെല്ലാന്‍

  അച്ചൂ അടങ്ങു........ അച്ചൂ ...ഒന്ന് പോടോ...............

 ആസ്ഥാനകവി ഞാനൊന്നു ചോദിക്കട്ടെ, അങ്ങ് കവിത മാത്രമേ എഴുതാറുള്ളോ. സിനിമയ്ക്ക് പിന്നണി എഴുതുന്നത്‌ കവിതയിലാണോ?? സാഹചര്യംനോക്കി പ്രേമവും, വിരഹവും,കലഹവും എല്ലാം എഴുതാറില്ലേ..അത്യാവശ്യം ടപ്പാന്‍ കൂത്തും എഴുതാറില്ലേ..? മോശമല്ലാത്ത കാശും വാങ്ങാറില്ലേ..?.ആരേലും പറഞ്ഞോ അങ്ങ് ഭാഷയെ വ്യഭിചരിച്ചാണ് പൈസ ഉണ്ടാക്കിയതെന്ന്.....

  ഇനി പരിസ്ഥിതി ടീച്ചറോട്; തനതുകലയും പാരമ്പര്യവും മുറുകെ പിടിച്ചുകൊണ്ട് പരിസ്ഥിതിപ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കുമറിയാം മാവൂര്‍,  ഗ്വാളിയോര്‍ റേയോണ്‍സ് എന്ന ബിര്‍ളയുടെ കമ്പനി;  ആ നാടിനെ നശിപ്പിച്ച കഥ. മാവൂര്‍ ഗ്രാസിംകമ്പനി ഉടമകളായ ബിര്‍ള നല്‍കിയ ‘സരസ്വതി സമ്മാന്‍’ അവാര്‍ഡിനെ നിങ്ങള്‍ രണ്ടുകൈയ്യുംനീട്ടി വാങ്ങിയില്ലേ? മാവൂരും, വഴക്കാടും ക്യാന്‍സര്‍ രോഗംമൂലം വേദനിക്കുന്ന മനുഷ്യരുടെ മുഖം മറന്നുപോയോ?? ചാലിയാറിനെ വിഷലിപ്തമാക്കിയ ബിര്‍ള നല്‍കിയ അവാര്‍ഡ് വാങ്ങാം കുഴപ്പമില്ല.വായിലും, തെണ്ടയിലും, കരളിലും, ക്യാന്‍സര്‍ ബാധിച്ചു വിഷമിക്കുന്ന മനുഷ്യര്‍ക്ക് താങ്കളുടെ കവിത വായിച്ചാല്‍ ആശ്വാസം ലഭിക്കുമായിരിക്കും.പരിസ്ഥിതിസ്നേഹം പറഞ്ഞു നടക്കുമ്പോഴും നാടുനശിപ്പിച്ച ബിര്‍ളയുടെ അവാര്‍ഡ് വാങ്ങാന്‍ ഒരു വിഷമവും തോന്നിയില്ല.. അതിനേക്കാള്‍ വലിയ കുറ്റമൊന്നും ഈ പാവം വേഷം കെട്ടുകാരന്‍ ചെയ്തിട്ടില്ല......

  പ്രിയ മുന്‍മന്ത്രി, അങ്ങയുടെ ഭരണകാലത്ത് കഥകളിയേയും, കഥകളി കലാകാരന്മാരെയും ഉദ്ധരിക്കാന്‍ അങ്ങ് എന്താണ് ചെയ്തതെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

  കഥകളി കലാകാരന്‍ അപ്പുമേസ്തിരി പറഞ്ഞതാണ്‌ അതിന്‍റെശരി. കാശു കിട്ടുന്നേടത്തോക്കെ വേഷംകെട്ടുന്നത് ഒരുപരിധിവരെ  ഗതികേടുകൊണ്ടാണ്. പൈതൃക കലയെ ചില്ലുകൂടിനകത്തുവെച്ച് പൂജിച്ചാല്‍ മാത്രംപോര. അത് അഭ്യസിച്ചു ഉപജീവനം കഴിക്കുന്ന കലാകാരന്മ്മര്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവസരങ്ങളും ഉണ്ടാകണം; അല്ലെങ്കില്‍ ഇതുപോലെ അകത്തമ്മ കലകള്‍ പലതും പെഴച്ചുപോകും മറക്കേണ്ട....... അല്ലപിന്നെ..

 7അപ്പ്‌ പരസ്യംകണ്ട കോളേജുപിള്ളേര്‍ അടുത്ത കോളേജുഡേയ്ക്ക് കഥകളി അവതരിപ്പിക്കാന്‍ ബുക്ക്‌ ചെയ്തിരിക്കുകയാണ്. അയ്യായിരംരൂപ അഡ്വാന്‍സും തന്നു. ദിവസവും അന്വേഷണങ്ങള്‍ വരുന്നുമുണ്ട്. പരസ്യത്തില്‍ കണ്ട കുമ്മിയടിയല്ല അവര്‍ക്കുവേണ്ടത് നല്ല ഒര്‍ജിനല്‍ കത്തിവേഷം തന്നെവേണം പോലും. അതുകൊണ്ട് കഥകളിയുടെ മാനം നടുറോഡില്‍ അഴിഞ്ഞു വീണുവെന്നുപറഞ്ഞു ആരും കരയേണ്ട....മാധ്യമങ്ങളുടെ മുന്നില്‍ കലാപ്രേമം കലശലായി, ബോധംകേട്ടുവീഴുന്നവര്‍ ഈ കലകളൊക്കെ പഠിച്ചു പുറത്തിറങ്ങുന്നവരുടെ അവസ്ഥകളെക്കുറിച്ചാണ് പോയി അന്വേഷിക്കേണ്ടത്.

   അടുത്തതായി കമ്പനി പ്രതിനിധി മൈത്താണ്ടിയുടെ കുമ്പസാരമാണ്....

  ‘ഈ പരസ്യം ഇത്രത്തോളം ഹിറ്റാകുമെന്ന് ഞങ്ങളും കരുതിയില്ല.ഇതിപ്പോ കഥകളിയും ഹിറ്റായി, നമ്മളും ഫിറ്റായി. കേരളം എന്നെഴുതി വച്ചിരിക്കുന്ന എല്ലാ സ്ഥലത്തും കഥകളിയും കാണാം. സിനിമയിലും ടീവിയിലുമൊക്കെ കഥകളിവേഷങ്ങള്‍ തല്ലുമേടിക്കുന്നതും, പട്ടി ഓടിക്കുന്നതും സ്ഥിരം കാഴ്ചയാണ്. കല്യാണവേദികളില്‍ പനിനീരു തളിക്കുന്നതുപോലും ഇപ്പോള്‍ കഥകളിവേഷത്തിലാണ്. പൊരിവെയിലത്ത് ഈ വേഷവും കെട്ടി ഘോഷയാത്രകളില്‍  എട്ടേപത്തെ സ്റ്റൈലില്‍ പോകുന്നവരൊക്കെ ഒര്‍ജിനല്‍ വേഷക്കാര്‍ തന്നെയാണോ?? നമ്മുടെ പരസ്യത്തില്‍ ചെക്ലെയര്‍ ദാമുവിനോട് ഒരു വേഷവും കെട്ടിവരാന്‍ പറഞ്ഞു; അവന്‍ ഇട്ട വേഷത്തില്‍ പരസ്യം ഷൂട്ട്‌ ചെയ്തു. അതു കഥകളി വേഷമാണെന്ന് ഞാനറിയുന്നത് ഇപ്പോഴാണ്. ഇതിപ്പോ ഇങ്ങനെയാവുമെന്നു കരുതിയില്ല....വേണ്ടത് ചെയ്യാം.... കാശാണെങ്കില്‍ കാശ്... മാപ്പാണെങ്കില്‍ അങ്ങനെ ....ഏതായാലും കുഴപ്പമില്ല. പരസ്യം ലക്ഷ്യംകണ്ട സ്ഥിതിക്ക് വേണമെങ്കില്‍ പിന്‍വലിക്കുകയും ആവാം....എങ്ങനെയായാലും  നമുക്ക് കച്ചോടം നടന്നാല്‍മതി..’

         ഒരു പരസ്യത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അഴിഞ്ഞുവീഴുന്നതല്ല കഥകളി. പരസ്യത്തില്‍, കഥകളി എന്തെന്നുപോലും അറിയാത്ത ഏതോ ഏഭ്യന്‍, കഥകളിവേഷംധരിച്ചു ആഭാസനൃത്തം ചവിട്ടിയപ്പോള്‍, അതാണ്‌ കഥകളിയെന്ന് പറഞ്ഞിറങ്ങിയ പണ്ഡിതരെ, നിങ്ങള്‍ക്കാണ് തെറ്റിയത്. അത് കഥകളിയല്ല, അഴയില്‍ ഉണക്കാനിട്ടിരുന്ന വേഷമെടുത്തുധരിച്ച ഏതോ ഭ്രാന്തന്‍ നടത്തിയ പരാക്രമങ്ങളാണ് നിങ്ങള്‍ കഥകളിയായി തെറ്റുധരിച്ചത്….

  ഒരുപക്ഷെ ഒരു നല്ല കലാകാരന്‍ 7അപ്പ്‌ അടിച്ച് ഭ്രാന്തനായി മാറിയതുമാകാം..... അതുകൊണ്ട് കലയേയും കഥകളിയേയും നശിപ്പിച്ച്; വഴിയില്‍ കാണുന്ന പെണ്ണിനെയും കയറിപ്പിടിച്ച് ജയിലില്‍പ്പോകാതിരിക്കാന്‍ മേലാല്‍ ആ പാനിയം കുടിക്കല്ലേ..... എന്ന മഹത്തായ സന്ദേശമാണ് ആ പരസ്യം പകര്‍ന്നുതരുന്നത്...സംഗതി വിട്ടേക്കൂ വട്ടാകാതിരിക്കാന്‍ 7അപ്പ് ഉപേക്ഷിക്കൂ എന്നാണ് പറഞ്ഞുകൊടുക്കേണ്ടത്.

 നമ്മുടെ പൈതൃകകലകളെ അപഹാസ്യമാക്കുന്നതില്‍ കുത്തക കമ്പനികള്‍ മാത്രമല്ല. സിനിമകള്‍, പരസ്യങ്ങള്‍, ടീവി ഷോകള്‍, നമ്മള്‍ തന്നെ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ എല്ലാം മുന്‍പന്തിയില്‍ തന്നെയാണ്., എന്തിനധികം പറയുന്നു.മലയാളി മങ്കമാരുടെ കളിയായ തിരുവാതിരയെ അതേ മങ്കമാര്‍ തന്നെ കൊല്ലുന്നത് കണ്ടോളൂ...

എന്നിട്ടെന്താ തിരുവാതിര ചത്തോ.....മാനസികനില തെറ്റിയവര്‍ ഇങ്ങനെ പലതും ചെയ്യും.അതുകൊണ്ട് നമുക്കവരോട് ദയ കാണിക്കാം.നമുക്കും നമ്മുടെ മക്കള്‍ക്കും നില തെറ്റാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം..

ആസ്വദിക്കാന്‍ ആളുണ്ടെങ്കില്‍ ഒരു കലാരൂപവും നശിക്കില്ല. കെട്ടിയടയ്ക്കപ്പെട്ട അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആസ്വാദനം പ്രസംഗിച്ചാല്‍ പോര...ജീര്‍ണ്ണതയുടെ മതില്‍ക്കെട്ടിനകത്തുനിന്നും കലാരൂപങ്ങളെ ജനമധ്യത്തിലേക്ക് ഇറക്കി കൊണ്ടുവരണം....ഒരു പരസ്യത്തിന് കഥകളിയെക്കുറിച്ച് ഇത്രത്തോളം ഓര്‍മ്മപ്പെടുത്താമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുറവിളികൂട്ടിയവര്‍ ഉടന്‍ ഗോദയിലേക്ക് ഇറങ്ങുക....ആട്ടം തുടങ്ങട്ടെ. കളി കാണാന്‍ ഞങ്ങള്‍ റെഡി...