**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, September 30, 2013

ശിങ്കാരവേലനും ചൊറികുത്തിയ വേലന്മാരുംവിദ്യാധരന്‍റെ  വ്യാകുല ചിന്തകള്‍
 ഓണത്തിനു കുടുംബസമേതം ഒരു സിനിമാ കാണാമെന്നു കരുതിയാണ് ശിങ്കരാവേലന്‍റെ  വേലകാണാന്‍ പോയത്. പഴയ ശിങ്കരവേലന്‍ കാതല്‍മന്നന്‍  കമലാഹാസന്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്, പുതിയ അവതാരവേലനെ ആകാംഷയോടെ കാത്തിരുന്നു... പണിയൊന്നുമില്ലാത്ത ചപ്ലചിപ്ല കളിക്കുന്ന വേലന്‍, പട്ടുകോണാനുമുടുത്തു കോവിലകത്തെ തമ്പുരാട്ടിയെ പട്ടുസാരി ഉടുപ്പിക്കുന്നതോടെ ട്വിസ്റ്റ് ആരംഭിക്കുകയായി... വേലനും തമ്പുരാട്ടിയും തമ്മിലുള്ള പ്രേമം, കല്യാണി കളവാണി രൂപത്തില്‍ അഴിഞ്ഞടുമ്പോള്‍ അധോലോകം ഇടപെടുന്നു... തമ്പുരാട്ടിയുടെ അച്ഛന്‍ അധോലോകം; തമ്പുരാട്ടിയെ തട്ടാന്‍ വേറൊരു അധോലോകം,,,,,, അധോലോകം, അധോലോകം അതിനിടയില്‍ ജയിംസ്ബോണ്ടാകുന്ന വേലന്‍....വേലന്‍ അധോലോകം, അധോലോകം വേലന്‍,,,ഇതിനിടയില്‍ എവിടുന്നേ വന്ന അധോവായുവിന്‍റെ ചീഞ്ഞനാറ്റം, വെടി, പട, പുക അങ്ങനെ ആകെ ജഗപൊക ഒടുവില്‍ എല്ലാ അധോലോകത്തിന്‍റെയും നെഞ്ചില്‍ പൊങ്കാലയിട്ടുകൊണ്ട് വേലന്‍ തമ്പുരാട്ടിയോടു ചേരുമ്പോള്‍ ഈ ഓണക്കാലത്തെ ഒരു മഹാദുരന്തം അവസാനിക്കുന്നു...

 ചെളിവെള്ളം തെറിക്കാതെ, മുണ്ടും ചെരച്ചുകേറ്റി മഴയുംനനഞ്ഞ്, ഉന്തുംതള്ളും നടന്ന ക്യൂവില്‍നിന്നുകൊണ്ട് അള്ളിപ്പിടിച്ചു കൈക്കലാക്കിയ ടിക്കറ്റിന്‍റെ  തിരുശേഷിപ്പ് രണ്ടരമണിക്കുറിനു ശേക്ഷം ചുരുട്ടിക്കൂട്ടി വലിച്ചെറിയുമ്പോള്‍, കാശുപോയതിന്‍റെ ദുഃഖം നല്ല ഒന്നാംതരം രണ്ട് തെറിവിളിയിലൊതുക്കി ആത്മസംതൃപ്തിയടഞ്ഞു. പഴത്തൊലി ചവിട്ടിയുള്ള തെന്നല്‍ , ചാണാക്കുഴിയിലേക്ക് ഒരു വീഴ്ച, പട്ടികടിക്കാന്‍ ഓടിക്കുമ്പോള്‍ തോട്ടിലെക്കൊരു ചാട്ടം, അധോവായുവിന്‍റെ ഉച്ചത്തിലുള്ള നിലവിളി, പപ്പടംകാച്ചിയ എണ്ണയില്‍  പച്ചവെള്ളമാണെന്നു കരുതിയുള്ള കൈമുക്ക്, ചൂടായ ഇസ്തിരിപ്പെട്ടിയില്‍ കുണ്ടിവെച്ചുള്ള തട്ടലും തുടര്‍ന്നുള്ള  മോങ്ങലും തുടങ്ങി,,,,, കറി പയറാണോന്നു ചോദിക്കുമ്പോള്‍ അല്ല കറി പാവലാണ് എന്ന രീതിയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളേയും; മഞ്ഞപ്പൊടി, മുളകുപൊടി, പുളി, ഉപ്പ്, മത്തി സമം ചാളക്കറി എന്നപോലെ അവതരിപ്പിക്കുന്ന കോമഡി ,, പിച്ചുംപേയും ശൈലിയില്‍ ക്ലാക്ലാ ക്ലൂക്ലൂ രീതിയിലുള്ള ഹിന്ദി ഇംഗ്ലിഷ് പദങ്ങള്‍ ഉപയോഗിക്കുന്ന വില്ലനും, തൊലിയുരിയന്‍ പാകത്തിലുള്ള വളിപ്പ് പ്രയോഗങ്ങളും,,,,,,, എല്ലാംകൂടി നല്ല ഒന്നാംതരം ക്ലാസ്സിക് അനുഭൂതി തരുന്നു.... പണ്ട് നല്ലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അരവിന്ദന്‍റെ എസ്തപ്പാന്‍ കണ്ടപ്പോള്‍ക്കിട്ടിയ അതേ അനുഭൂതിയിലാണ് വീട്ടിലെത്തിയത്.

ശൃംഗാരവേലന്‍റെ അനുഭൂതികളുടെ ആലസ്യത്തില്‍ ഒരു പൂച്ചമയക്കം നടത്തുമ്പോളാണ് പൊരിച്ചമീനിന്‍റെ മണംപോലെ സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയസ്‌ മന്നാടിയരുടെ കഥ ടീവിയില്‍ കാണുന്നത്... കെട്ടുതാലിക്കുവരെ ബില്ല് ചോദിക്കുന്ന നമ്മുടെ സ്വന്തം എയര്‍പ്പോര്‍ട്ട്‌ വഴി ടിയാന്‍ കിലോകണക്കിന് സ്വര്‍ണ്ണം, മലരുപോലെ കടത്തികൊണ്ടു പോന്നുപോലും ... സിനിമ തുടങ്ങുകയായി,,,, തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, കേന്ദ്രമന്ത്രിയുടെ ഇടപെടല്‍, കേന്ദ്രമന്ത്രിക്ക് പെണ്‍കുട്ടിയെ  കാഴ്ചവെയ്ക്കുന്നു, സ്വര്‍ണ്ണക്കച്ചവടത്തിനു ഉപയോഗിച്ചത് പാക്‌നിര്‍മ്മിത കള്ളനോട്ട്, കള്ളനോട്ട് എത്തിച്ചത് മന്ത്രിബന്ധു, സിനിമാക്കാര്‍, രാഷ്ട്രിയക്കാര്‍, പോലീസുകാര്‍, കസ്റ്റംസുകാര്‍ എല്ലാവരും സമയാസമയങ്ങളില്‍ ഇടപെടുന്നു,,, കഥ അടിപൊളിയായി മുന്നോട്ടുനീങ്ങുന്നു... അതിനിടയിലാണ് വേലനിലെ ഒരു സീന്‍ ഓര്‍മ്മ വന്നത്... ഇതിയാനല്ലേ ആ അതിയാന്‍.? ആണോ..? നമ്മുടെ വേലന്‍ ചെക്കന്‍റെ മുഖമടച്ചു പെടയ്ക്കുന്ന ആ അതിയാനല്ലേ,,, ഈ ഇതിയാന്‍,,,, അപ്പൊ ഇയാള് വേലനിലും കൈകടത്തിയോ...മൊത്തത്തില്‍ കണ്ഫ്യൂഷന്‍ ഒടുവില്‍ കേട്ടു അതിയാന്‍റെ പരിചയക്കാരി ദുഫായിലുള്ള ഏതോ ചേച്ചിയാണ് വേലനെ പൈസമുടക്കി ആടിച്ചതെന്നു....  ആ ചേച്ചിയാകട്ടെ നമ്മുടെ സര്‍ക്കാരിന്‍റെ ഏതോ വലിയവന്‍റെ വിലപിടിപ്പുള്ള മുതലാണ്‌ പോലും... സിനിമ ഇന്റര്‍വെല്ലായി ,, ഇനിയിപ്പോ അറസ്റ്റ്, പ്രതിഷേധം, സമരം, കരിങ്കൊടി തുടങ്ങിയവയായിരിക്കും എന്നു പ്രതിക്ഷിച്ചവര്‍ക്ക് തെറ്റി...

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ ഫ്ലാഷ്ബാക്ക് കാണുന്നു...എല്ലാ മൊതലുകളും ടിപ്പണി സ്വര്‍ണ്ണക്കടത്തുകാരന്‍റെ ചായയും ബിസ്ക്കറ്റും ബിരിയാണിയും കഴിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക്  പോസ് ചെയ്തിട്ടുള്ളതിനാല്‍ നായകന്‍റെ പേരിലുള്ള കേസ് ഒതുക്കിക്കൊളാന്‍ മേല്‍നിര്‍ദേശം വരുന്നു.. ഫണംവിരിച്ചാടിയത് മണ്ണെണ്ണ വീണ ചേരപോലെയായി.. ഇനിയുള്ള കഥ ഊഹിച്ചാല്‍ മതി... ചൂണ്ടുവിരല്‍ മൌത്തിനു നേരെപിടിക്കുക ഇതാണ് ഈ കഥ ജനത്തിനു നല്‍കുന്ന സന്ദേശം... വേലന്‍റെ വേലയില്‍ കാശുപോയെങ്കിലും സ്വര്‍ണ്ണം വിഴുങ്ങിയ മുന്തിയമീനിനെ ബിഗ്‌ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യം...

 സരിതയും സോളാരും ഒരുവിധം കൊഴുത്തുവീര്‍ത്തു വന്നതാണ്‌ .. ഇപ്പൊ വീഴുമെന്നപോലെ സര്‍ക്കാരും ആടിയതാണ്... ഒറ്റദിവസത്തെ സെക്രട്ടറിയേറ്റ് തൂറലുകൊണ്ട് സോളാര്‍സമരത്തെ നമ്മുടെസ്വന്തം പ്രതിപക്ഷം കാറ്റുപോയ ബലൂണ്‍ കണക്കെ അടിച്ചൊതുക്കി കൈയ്യില്‍ത്തന്നു... ഇപ്പൊ അല്ലറ ചില്ലറ കരിങ്കൊടിവീശലും ചെരുപ്പേരും ഒരു വഴിപാട് പോലെ നടന്നുവരുന്നു... പോലീസിന്‍റെ തല്ലും ചവിട്ടും ഏറ്റുവാങ്ങി ഉണ്ടപൊട്ടിക്കരയുന്ന കുറേ പാവങ്ങളാണ് സോളാറിന്‍റെ ഇപ്പോഴുള്ള ബാക്കിപത്രം...

 സ്വര്‍ണ്ണക്കടത്ത് കേസിലും; മോശമല്ലാത്തരീതിയില്‍ അഴിമതി ,കൈക്കൂലി, കള്ളപ്പണം, കള്ളനോട്ട്, രാഷ്ട്രിയബന്ധങ്ങള്‍ ഇവയെല്ലാം മണക്കുന്നു .. ഇതിനെതിരെ അന്വേഷണം വല്ലതും നടക്കുമോ?? ...എങ്ങനെനടക്കാന്‍.?? സ്വര്‍ണ്ണക്കടത്തുകേസില്‍ ഭരണപ്രതിപക്ഷ സഹോദരങ്ങള്‍ എല്ലാവരും ഒരുപോലെ സ്വര്‍ണ്ണമീനിന്‍റെ ചായകുടിയില്‍ പങ്കെടുത്തിട്ടുണ്ട്... ടിപി വധക്കേസ് പ്രതികളെ സ്വര്‍ണ്ണമീന്‍  ജയിലില്‍ച്ചെന്നു സമാധാനിപ്പിച്ചുവെന്നും പറയുന്നു.. അതുകൊണ്ട് ഇക്കാര്യത്തില്‍ കരിങ്കൊടിപോയിട്ട് ഒരു വിസിലടിപോലും ഉണ്ടാവില്ല.. തിരുവനന്തപുരത്ത് പോലീസിന്‍റെ ചവിട്ടുകൊള്ളാന്‍ പോയ സഖാവിന് ആ സമയത്ത് നാലു കപ്പ നട്ടുകൂടായിരുന്നോ എന്നാണ് ഇവര്‍ക്കിടയിലുള്ള അന്തര്‍ധാരകാണുമ്പൊള്‍ ഉയരുന്ന ചോദ്യം... എല്ലാം കാണാന്‍ വിധിക്കപ്പെട്ട ജനത്തിനു ഈ ഓണക്കാലത്ത് കാശുപോകാതെ കാണാന്‍ കഴിഞ്ഞ മറ്റൊരു വേലന്‍ കഥ.... അല്ലപ്പാ,,, ഏതു കള്ളനെപ്പിടിച്ചാലും അവനോടുത്തുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നമ്മുടെ സത്യസന്ധരായ ജനനേതാക്കള്‍ കയറിക്കൂടുന്നതെങ്ങനെ,,,,???? കുമ്പിടിയാ,,,, ഇവരൊക്കെ കുമ്പിടിയാണോ????

Saturday, September 28, 2013

കേരളം നേരിടുന്ന പ്രധാനപ്രശ്നം; ശുനകന്‍ മൂത്രമൊഴിച്ചാല്‍ കഴുകാറില്ല........................


 
  എത്ര മനോഹരമായ പാത്രത്തിലേക്ക് മാറ്റിയാലും വിഷം; വിഷം തന്നെയാണ്. പത്രം മാറുന്നതല്ലാതെ വിഷം ശുദ്ധികരിക്കപ്പെടുന്നില്ല, മാത്രമല്ല അതുചിലപ്പോള്‍ പാത്രത്തെയും കേടുവരുത്താനാണ് കൂടുതല്‍ സാദ്ധ്യത.... പിന്നിട് ആ പത്രം വേറൊരു നല്ല കാര്യത്തിന് ഉപയോഗിക്കാനും കഴിയണമെന്നില്ല.. ഇതുപോലെത്തന്നെയാണ് വംശീയവിഷം തുളുമ്പുന്നവരുടെയും, അവരെ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും അവസ്ഥ..  പക്ഷെ നമുക്കുചുറ്റും മനോഹരപാത്രങ്ങളില്‍  വിളമ്പുന്ന വിഷങ്ങളില്‍ പലതും, ഹിറ്റ്‌ലറില്‍നിന്നും ഗുജറാത്തിലേക്കുള്ള ദൂരവുംമറ്റും അളന്നു തലപുണ്ണാക്കുമ്പോള്‍  അധികമാരും ശ്രദ്ധിക്കാറില്ല എന്നുമാത്രം....

 മോഡിയാശന്‍ കേരളത്തില്‍വന്നാല്‍ എന്തോ ഇടിഞ്ഞുവീഴുമെന്നു ധരിച്ചവര്‍ക്കെല്ലാം  തെറ്റി.. ഒന്നുംവീണില്ല. പകരം മോഡി മയപ്പെട്ടു.. രണ്ടുതവണ കേരളത്തില്‍ വന്നപ്പോഴും രാഷ്ട്രിയ അയിത്തവും, സനാതനമൂല്യങ്ങളുടെ കുറവുകളുമാണ് പ്രഘോഷിച്ചത്...അതൊക്കെ ഇവിടെ കുറവായതിനാല്‍ ഗുജറാത്തില്‍നിന്നും കുറച്ചു കൊണ്ടുവന്നു സഹായിക്കട്ടെ എന്നാണദേഹം ആരഞ്ഞത്.. .ഗുജറാത്തിലെ ഗര്ജനങ്ങള്‍ ഇവിടെ വന്നപ്പോള്‍ പ്രാവിന്‍റെ കുറുകലുകളായി മാറി..അതാണ്‌ കേരളം.. പക്ഷെ അങ്ങേര്‍ക്ക് ഇവിടെ പരവതാനിവിരിക്കാന്‍ മുന്നോട്ട് നിന്ന നവോഥാനപ്രസ്ഥാനങ്ങളും ആത്മീയകച്ചവടസ്ഥാപനങ്ങളും വിഷം ചുമക്കുന്നപാത്രങ്ങളെന്ന ലേബലിലേക്ക് ചുരുങ്ങിയെന്നതാണ് വാസ്തവം.... എത്ര ഡെറ്റോളോഴിച്ചു കഴുകിയാലും ആ ഉളുമ്പു നാറ്റം പോകില്ല.. സനാതനഹിന്ദുമൂല്യങ്ങളും, ആത്മീയ അറിവുകളും കേരളിയര്‍ക്ക് പകര്‍ന്നുതരാന്‍ ഏറ്റവുംയോഗ്യന്‍ നരേന്ദ്ര മോഡിയാണെന്ന ചിലരുടെ കണ്ടുപിടുത്തത്തെ കേരളത്തിലെ മത സാംസ്കാരികരംഗങ്ങളില്‍ ആഞ്ഞടിച്ച സുനാമിയായി വേണമെങ്കില്‍ പറയാം.  ...എന്നാല്‍ മോഡിയാണ് ഹിന്ദു എന്ന പദത്തിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡറെന്ന മിഥ്യാധാരണ കേരളത്തില്‍ നടക്കില്ലായെന്നു, ക്ഷണിച്ചവരെക്കാള്‍ മോഡിക്കാണ് നന്നായി മനസിലായത്... അതുകൊണ്ടുതന്നെ പ്രസംഗത്തില്‍ നല്ല മൃദുത്വവും, ഓണത്തിന് ധരാളം ആശംസകളും അദേഹം കേരളിയര്‍ക്ക്  വെച്ചുനീട്ടുകയുണ്ടായി... വരുംനാളുകളില്‍, കല്‍പ്പണിക്കാരനായി തുടങ്ങി ലോകത്തെ വിറപ്പിച്ച ഹിറ്റ്ലരുടെ മാതൃക പിന്തുടരാന്‍ മുന്നേ നീട്ടിയെറിഞ്ഞ ഒരു സുഖിപ്പിരാണ് തളികയില്‍ തന്ന ആശംസകളെന്നു മറ്റാരേക്കാളും നന്നായി മലയാളി തിരിച്ചറിയുമെന്ന കാര്യം അങ്ങര് കരുതിയിട്ടുണ്ടാവില്ല...

 ശിവഗിരി ശ്രീനാരായണഗുരു സമാധി സന്ദര്‍ശിച്ചശേഷം  മോഡി മാനസന്തരപ്പെട്ടോ എന്നാണ് ഇപ്പോള്‍ സംശയം.....അങ്ങനെ നന്നായെങ്കില്‍ നല്ലതുതന്നെ....ഗുരുവിന്‍റെ പ്രമാണവും തൂക്കി കള്ളുകച്ചവടത്തിനു നടക്കുന്നതിനേക്കാള്‍ മാന്യത അതിനുണ്ട്. തന്‍റെ ജീവിതംതന്നെ സകലമനുഷ്യര്‍ക്കും മാതൃകയാക്കി ജീവിച്ച ഗുരുവിന്‍റെ അനുസ്മരണത്തില്‍ വംശഹത്യാരോപണ വിധേയനായ മോഡിയെത്തന്നെ സ്വീകരിച്ചാനയിച്ചത്....മോഡിയെ നന്നാക്കാനാണോ അതോ ശിവഗിരിക്ക് പറ്റിയ അബദ്ധമാണോ എന്ന ചര്‍ച്ച എങ്ങുമാകാതെ പിരിഞ്ഞപ്പോളാണ് മോഡിയുടെ ഓണസന്ദേശം വന്നത്.... മറ്റൊരു സംസ്ഥാനമുഖ്യമന്ത്രിയും തരാത്ത ആശംസ; അങ്ങ് വടക്ക് കിടക്കുന്ന മോഡി തന്നസ്ഥിതിയ്ക്ക് ഒന്നുകില്‍ മോഡിമാറി; അല്ലേല്‍ നമ്മള് മാറണമെന്ന കാര്യം ഉറപ്പാണ്‌ .

 ഇപ്പോള്‍ മോഡി വീണ്ടും കേരളത്തില്‍എത്തിയിരിക്കുന്നു... വംശഹത്യയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനോ, തെളിവുകള്‍ കുഴിച്ചുമൂടുന്നരീതി സര്‍ക്കാരിനു പറഞ്ഞുകൊടുക്കാനോ, എതിരാളികളെ ഇല്ലാതാക്കാനുള്ള വ്യാജ സ്റ്റിംഗ് ഓപ്പറേഷന്‍സ് വിവരിക്കാനോ അല്ല...പ്രത്യുതാ അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ വിശിഷ്ടാതിഥിയായാണ്  ഇപ്പോള്‍ എത്തിയത്.... ജന്മദിനത്തില്‍ മോഡിയെത്തന്നെ ക്ഷണിക്കാന്‍ എന്താണ് കാരണമെന്നത്, വെളിപ്പെടാത്ത പൊരുളാണ്.. സാമൂഹ്യ ആത്മീയമേഖലകളില്‍ മുഖം നോക്കാതെ നിസ്വാര്‍ത്ഥമായസേവനം നടത്തുന്നു എന്ന് അവകാശപ്പെടുന്ന അമൃതാനന്ദമയിയും കൂട്ടരും കൊലപാതകപരമ്പരകളുടെ ആസൂത്രകന്‍ എന്ന ആരോപണം നേരിടുന്ന മോഡിയെത്തന്നെ മുഖ്യകസേരയില്‍ ഇരുത്തി ജന്മദിനം ആഘോഷിക്കാനുള്ള ചേതോവികാരമാണ് കേരളത്തിനു മനസ്സിലാവാത്തത്... ഹൈന്ദവ ആത്മീയതയുടെ മൊത്തക്കച്ചവടത്തില്‍ ഈ മോഡിക്കുള്ള പങ്ക് എന്താണെന്നു ഇനിയും വ്യക്തമല്ല..കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ മോഡി ഇപ്പോള്‍ നയിക്കുന്നത് കുരുക്ഷേത്രയുദ്ധമാണെന്ന വാദവും സമീപഭാവിയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.. ആത്മീയ പാരമ്പര്യ മൂല്യങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യ സമീപഭാവിയില്‍ ലോകത്തെ നേതൃശക്തിയാകുമെന്നാണ് മോഡി പറഞ്ഞിരിക്കുന്നത്... എന്താണാവോ ഈ പറഞ്ഞതിന്‍റെ അര്‍ഥം. ആത്മീയ പാരമ്പര്യ മൂല്യങ്ങളുടെ ഒന്നാംനമ്പര്‍ കച്ചവടസ്ഥലമാകും എന്നതായിരിക്കും ഉദേശിച്ചത്‌.. അങ്ങേരുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നല്ല ആത്മീയ അടിത്തറയാണ് നിലവിലുള്ളത്. ഭയങ്കരം... ഗുജറാത്തില്‍ അങ്ങേരുണ്ടാക്കിയ ആ അടിത്തറയിലാണ് ഇനി ഇന്ത്യ വളരുന്നതെങ്കില്‍,  അതിന്‍റെ ചുമരുകള്‍ക്ക് ചായംപൂശാന്‍ ഇനിയും ഒരുപാട് പേരുടെ ചോര ഒഴുകുമെന്ന് വ്യക്തം..

  ആത്മീയഗുരുക്കന്മാരാണ് ഇന്ത്യയെ സ്വാതന്ത്ര്യസമരത്തിലൂടെ സ്വതന്ത്ര്യമാക്കിയതെന്നും, ആത്മീയനേതാക്കള്‍ നിറഞ്ഞ സ്റ്റേജില്‍  മോഡി വെളിപ്പെടുത്തുകയുണ്ടായി ....ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആത്മീയനേതാക്കള്‍ നടത്തിയ നിരവധി പൂജാസമരങ്ങളുടെ ചരിത്രരേഖകള്‍ ഒരുപക്ഷെ  ഗുജറാത്തില്‍ നിന്നും കുഴിച്ചെടുത്തിട്ടുണ്ടാകാം.... ഗാന്ധിജിയെ വധിക്കുകയും, രാഷ്ട്രപിതാവായി അംഗികരിക്കുകയോ ചെയ്യാത്ത ആര്‍.എസ്.എസ് പാരമ്പര്യമുള്ള മോഡി പറയുന്ന ആത്മീയകുരുക്കള്‍ ആരാണെന്നു എത്ര ശ്രമിച്ചിട്ടും മനസിലാവുന്നില്ല... ഇനിയിപ്പോ അമൃതാനന്ദമയിയായിരിക്കും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംതന്നതെന്നും ഇങ്ങേര് പറയാന്‍ സാദ്ധ്യതയുണ്ട്.. പരിപാടി കൊഴുപ്പിക്കാനായി എല്ലാ മതനേതാക്കളെയും വേദിയില്‍ വിളിച്ചിരുത്തി മോഡിക്ക് വളിപ്പ് പറയാനുള്ള സാഹചര്യവും ഉണ്ടാക്കി കൊടുത്തുവെന്നതാണ്‌ ഏറെ രസകരം. ചുരുക്കത്തില്‍ ശിവഗിരിയും അമൃതാനന്ദമയിയുമൊക്കെ പറയുന്ന മനുഷ്യസ്നേഹത്തിന്‍റെ മുഖം മോഡിയുടെ ഗുജറാത്ത് മുഖമാണെന്ന് കേരളത്തിനു വ്യക്തമായിരിക്കുന്നു..

മോഡിയെ നന്നാക്കാനുള്ള ശ്രമത്തില്‍ തളര്‍ന്നിരിക്കുമ്പോളാണ് മറ്റൊരു തിരുമൊഴി കേട്ടത് ....’മൂത്രമൊഴിച്ചാല്‍ കഴുകാത്തവര്‍ ശുനകന്മാരും ..അല്ലാത്തവര്‍ മാന്യന്മ്മാരുമാണെന്ന’ തിരുമൊഴി.....ഇതിന്‍റെ ഉപജ്ഞാതാവ് മഹാനായ ചിന്തകനും, പ്രമുഖബ്ലോഗ്‌ എഴുത്തുകാരനും, അതിലേറെ മതേതരവാദിയുമായ പ്രഫസര്‍ ഡോക്ടര്‍ മോറിയാര്ട്ടിയാണ്... മോറിയാര്ട്ടിയെ അറിയില്ലേ!!!!!!! ഷെര്‍ലക്ക്‌ഹോംസ് കഥകളില്‍ ഹോംസിന്‍റെ  വില്ലനായി വരുന്ന ജയിംസ്‌ മോറിയാര്ട്ടി... ഇങ്ങേര് കണ്ടാല്‍ മാന്യന്‍, സമൂഹത്തില്‍ ഒത്തിരി ഉദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു....എല്ലാ സമയവും ചിരിച്ചുനില്‍ക്കുന്ന പെഴ്സണാലിറ്റി. പക്ഷെ പേഴ്സില്‍ തപ്പിയാല്‍ നയാപൈസയുടെ മതേതരത്വം ഇല്ലായെന്നെയുള്ളൂ... കാര്യം പ്രഫസറൊക്കെയാണെങ്കിലും  അടിയിലൂടെ ഒരു സമാന്തരലോകം ഉണ്ടാക്കുന്ന തിരക്കിലാണ് ...കുറ്റവാളികളും ക്രിമിനല്‍സും നിറഞ്ഞ ഒരു സ്വകാര്യ ചാവേര്‍സംഘത്തെ ഇദേഹം പോറ്റുന്നു...തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പരമാവധി ആളുകളെ തന്‍റെ സംഘത്തില്‍ ചേര്‍ക്കാനും ഈ ചാവേറുകള്‍ സഹായിക്കുന്നു...ആശയപരമായി ഭിന്നിപ്പ് കാണിക്കുന്നവരെ അപ്പപ്പോള്‍ തട്ടും..അതാണ് മോറിയര്‍ട്ടി...(സൂചിക: ഷെര്‍ലക്ക്‌ ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ പേജ് 1079 ‘മരണക്കെണി’). ഇവിടെ ശുനകപുരാണം വിളമ്പിയിരിക്കുന്നത് ഒരു ചെറുകിടബ്ലോഗ്‌ മോറിയാര്‍ട്ടിയാണ്.സ്വന്തമായി ഒരു പ്രസ്ഥനമൊക്കെ ഉണ്ടാക്കി പല ഗംഭിരന്‍ പരിപാടികളും നടത്തി ആളെക്കൂട്ടുന്ന മഹനീയന്‍ ....സോഷ്യല്‍ മീഡിയയാണ് ഇത്തരക്കാരുടെ  ഇഷ്ടവിഹാരം... തുടക്കംമുതല്‍ ഒരു പ്രത്യയശാസ്ത്രത്തെത്തന്നെ  മുറുകെ പിടിക്കുന്നവരെ നമുക്ക് മനസ്സിലാക്കി ഒഴിഞ്ഞുമാറാന്‍ കഴിയും....എന്നാല്‍ ഇത്തരം ഡോക്ടര്‍ മോറിയാര്ട്ടിമാര്‍ പലരും ആട്ടിന്‍തോലും പുതച്ചുനടക്കുന്നതിനാല്‍ തിരിച്ചറിയാന്‍ പാടാണ് .. തന്നെ മനസിലായി എന്നു തിരിച്ചറിയുന്ന നിമിഷം ചാവേറുകളെ അയച്ച് ഇരയെ നിശബ്ധമാക്കും... ‘മൂത്രമൊഴിച്ചിട്ടു കഴുകാത്തവര്‍ എല്ലാം ശുനകന്മാരാണത്രെ’...എത്ര മോശമായ പരാമര്‍ശമാണത്..വിവാഹപ്രായം പതിനാറ് എന്ന വിഷയത്തിലാണ് ഇങ്ങനെ ഒരു പരാമര്‍ശം ഉയര്‍ന്നത്.. അസഹിഷ്ണുതയുടെ കണ്ണിലൂടെ ജനത്തെ, പട്ടിയും മാന്യനും എന്ന രണ്ടു ഗണത്തില്‍പ്പെടുത്തിയ ആ തിരുദേഹം  ഒരു ഡോക്ടറാണെന്നു കരുതുക; തന്‍റെ മുന്നില്‍ വരുന്ന രോഗികളെ ഇയാള്‍ ഏതു എത്തിക്സ് വച്ചായിരിക്കും ചികല്സിക്കുക... അവിടെ കഴുകാത്തവനും കഴുകിയവനും രണ്ടുചികല്‍സ ആയിരിക്കുമോ നല്‍കുന്നത്.?.. പട്ടികള്‍ക്ക് ഏതായാലും മനുഷ്യനു കൊടുക്കുന്ന മാന്യതകിട്ടാന്‍ സാദ്ധ്യതകുറവാണ്. അതുപോലെ ഇയാളോരു ആയുര്‍വേദഡോക്ടറാണെങ്കില്‍ അതില്‍ ‘വേദം’ എന്നവാക്ക് ഒരു പ്രത്യേക മതത്തില്‍നിന്നു വരുന്നതിനാല്‍ അത് ഒഴിവാക്കി ആയൂര്‍ ഡോക്ടര്‍ എന്ന ബോര്‍ഡായിരിക്കുമോ വെയ്ക്കുന്നത്?... ഗുജറാത്ത് വംശഹത്യയെ വെറും മൂത്രമൊഴിച്ചാല്‍ കഴുകാത്ത ശുനകന്മാരുടെ കടിമാത്രമായി നിസ്സാരവല്‍ക്കരിക്കുമോ?...

 താനുള്‍പ്പെടെയുള്ളവരെല്ലാം  കേമന്മാര്‍;  അല്ലാത്ത എല്ലാവരും വെറും പട്ടികള്‍ മാത്രമാണെന്ന മനോഭാവം ഒരു മതേതര പ്രതിശ്ചയയില്‍ നിന്നുകൊണ്ട് പറയാന്‍ കഴിയുമ്പോള്‍ നമ്മുടെ നാടിന്‍റെ അവസ്ഥ എവിടെ എത്തിയിരിക്കുന്നു... ജാതിയുടെയും മതത്തിന്‍റെയും പേരില്‍ സ്വയം മഹത്വവല്കരിച്ചുകൊണ്ട് തമ്മിലടിക്കാനുള്ള പരോക്ഷപ്രചാരണങ്ങള്‍ നടത്തുന്നവന്‍ എത്ര കേമന്‍ ആയാലും അവരെ ഒറ്റപ്പെടുത്താനുള്ള ആര്‍ജവമാണ് നമ്മള്‍ കാണിക്കേണ്ടത്... അകലെയുള്ള വലിയൊരു ഫാസിസ്റ്റിനെതുരത്താനുള്ള എളുപ്പവഴി ആദ്യം അടുത്തുള്ള ചെറുഫാസിസ്റ്റുകളെ തുരത്തലാണ്... വിദ്വേഷം തുളുമ്പുന്ന പ്രസ്താവനകള്‍ എഴുതി അതിനു സ്വയം ലൈക്ക് കൊടുക്കുന്ന പുഴുക്കുത്തുകളോട് ഒന്നേപറയാനുള്ളൂ; നമ്മുടെ കേരളത്തില്‍ രാഷ്ട്രിയവും സാമൂഹ്യപരവുമായ പലകാര്യങ്ങളിലും വലിയ കുറവുകള്‍ കണ്ടേക്കാമെങ്കിലും മതസൗഹാര്‍ദ്ദത്തിനു അത്ര ഇളക്കം തട്ടിയിട്ടില്ല.... അതുകൊണ്ടാണ് ഗര്‍ജിക്കുന്ന മോഡിപോലും ഇവിടെ വന്നപ്പോള്‍ പ്രാവിനെപ്പോലെ കുറുകിയത് .. അതിനിടയില്‍ ഈ-എഴുത്ത്, ഉദ്ധാരണം, ഗ്രൂപ്പ് തുടങ്ങിയ പേരുകളില്‍ മധുരത്തില്‍ ചാലിച്ച വര്‍ഗ്ഗീയവിഷം വിളമ്പരുത്.. അപേക്ഷയാണ്.........    

Tuesday, September 24, 2013

വളര്‍ച്ചനോക്കി കഴിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടാണ്


 
വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍


തന്‍റെ വീട്ടിലെ കാര്യമാണോയിത്….? അല്ല.... തന്‍റെ മകളെ അങ്ങനെ കെട്ടിക്കാന്‍ പറഞ്ഞോ.? ഇല്ല.... , തന്‍റെ പെങ്ങളെ അങ്ങനെ കെട്ടിക്കാന്‍ പറഞ്ഞോ.? ഇല്ല...... , തന്നോട് അങ്ങനെ കെട്ടണമെന്നു പറഞ്ഞോ.? ഇല്ല.........,പിന്നെ എന്തിനാ...... ജ് ഇങ്ങനെ ബേജാറാവുന്നത്... പഹയാ.....          ചര്‍ച്ചയങ്ങനെ  കത്തിക്കയറുകയാണ്....

   നായരേ ഒരു ചായകൂടി പോരട്ടെ ...എന്നാലും ഇതൊരു പീഡോഫീലിയായുടെ ലക്ഷണമല്ലേ..?
 എന്തോന്നു 'പില്ലാടെല്‍ഫിയ'..., ഇങ്ങള് രാജസ്ഥാനിലേക്ക് നോക്ക്, ബീഹാറിലേക്ക് നോക്ക് അവിടൊക്കെ ഇതു നടക്കണില്ലേ .പിന്നെ ഇവിടെമാത്രം എന്താണൊരു കുഴപ്പം..
 രാജസ്ഥാനിലും ബീഹാറിലുമൊക്കെ നടക്കുന്ന അനാചാരങ്ങളെ അതേപടി ഇവിടെയും കൊണ്ടുവരണമെന്ന് പറഞ്ഞാല്‍...?... അതാപറഞ്ഞത് പീഡോഫീലിയ.. അതിനെ എതിര്‍ക്കുകയെല്ലേ വേണ്ടത്... അത്തരം സമ്പ്രദായങ്ങള്‍  ഇവിടെ വരാതിരിക്കനല്ലേ നോക്കേണ്ടത്...?
 ഇത്തിരി പുളിക്കും.. അവിടെയും സര്‍ക്കാരില്ലേ നിയമമില്ലേ..? അവിടുത്തെ സര്‍ക്കാരിനറിയാം പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ മൂത്ത ആണുങ്ങള്‍ക്ക് കൊടുക്കണമെന്ന്‍; അല്ലേല്‍ ആണുങ്ങളുടെ ശാപം നാടുമുടിക്കുമെന്ന്‍..... അറിയോ.?. നിങ്ങള് അന്റാര്‍ട്ടിക്കയിലെക്ക് നോക്ക്, ഉട്ടോപ്യയിലേക്ക് നോക്ക്, വികസിതരാജ്യങ്ങളായ ഇറാന്‍, ഇറാക്ക്, മംഗോളിയ, നേപ്പാള്‍, ബുട്ടാന്‍, ബര്‍മ്മ, പാക്കിസ്ഥാന്‍, ജപ്പാന്‍, ജര്‍മ്മനി, യു എസ് എ,  ഇറ്റലി, ഇന്തോനേഷ്യ തുടങ്ങി എല്ലായിടത്തും ഇതൊരു പതിവു കാഴ്ചയാ..... അവിടെ, ആരുടെയെങ്കിലും  എന്തെങ്കിലും കീറിപ്പോയോ..? അനുഭവസ്ഥര്‍ എല്ലാവരും പറയുന്നത് പത്തുകഴിഞ്ഞാല്‍ ബെസ്റ്റാ എന്നാണ്...ഇത്തിരി വേദന, ഇത്തിരി ചോര പിന്നെ ഒരു പ്രശനമേയല്ല ..... എങ്ങനെ എങ്ങനെ കേക്കട്ടെ ..ആളുകള്‍ അടുത്തുകൂടന്‍ തുടങ്ങി...
 തനിക്കൊന്നും നാണമില്ലേടോ..? മൂക്കില്‍വരെ പല്ലുവന്നിട്ടും ഈ മറ്റെത്തരം പറയാന്‍ .. അഞ്ചുകെട്ടിയ തന്‍റെ, ആദ്യഭാര്യയിലുള്ള  മൂത്തമോളുടെ കാര്യമാണോ താനീ പറയുന്നത്..
 ദേ, ചുമ്മാ അനാവശ്യം പറയരുത്... നിങ്ങള് ഒരുകാര്യം മനസിലാക്കണം പ്ലസ്‌ ടു-വിനു പഠിക്കുന്ന പെണ്ണ്‍ ഒരുത്തനുമായി പ്രേമത്തിലാകുന്നു.. അവനെ ഇപ്പൊ കെട്ടണമെന്നു പറയുന്നു... അപ്പൊ വീട്ടുകാര്‍ എന്തുചെയ്യും കേട്ടിച്ചില്ലേല്‍ ചാകുമെന്ന്‍ പറഞ്ഞാല്‍ എന്തുചെയ്യും.. പറ ..പതിനെട്ടൂവരെ നോക്കിയിരിക്കാന്‍ പറ്റ്വോ ..അതാ പെണ്‍കുട്ടിക്ക്  വിഷമമുണ്ടാക്കില്ലേ..? അപ്പൊ, അതാ നമ്മള് പറയണത് പ്രായം കുറയ്ക്കണമെന്ന്..
അപ്പൊ പതിനഞ്ചില്‍ പ്രേമം തുടങ്ങിയാല്‍ താന്‍ എന്തോ ചെയ്യും.?.. തല്ലിക്കൊല്ലുമോ..? അതോ പതിനെട്ടായെന്നു പറഞ്ഞു കെട്ടിക്കുമോ..??.
എന്നാ കേട്ടോളി പെണ്ണിന് പതിനാറായപ്പോ അച്ഛന് ക്യാന്‍സര്‍ വന്നാല്‍ എന്തുചെയ്യും.?. മരിക്കുന്നതിനു മുന്പ് മകളുടെ നിക്കാഹ് നടത്തണമെന്ന് പിതാവിന് തോന്നിയാല്‍ അതുതെറ്റാണോ.?..നിങ്ങ പറ...തെറ്റാണോ.?
 അപ്പൊ പെണ്ണിനു പത്തുവയസ്സുള്ളപ്പോള്‍ അച്ഛനു ക്യാന്‍സര്‍ വന്നാലോ കോയ.?.
ദേണ്ടെ പിന്നേം ..എന്നാ ഞാന്‍പറയട്ടെ. പതിനാറുവയസ്സില്‍ നല്ല വളര്‍ച്ച വന്നാല്‍ എന്നാ ചെയ്യാന്‍ പറ്റും..?. മുന്നുംപിന്നും നല്ല വലുപ്പത്തില്‍ തള്ളി നിക്കണ് ..കണ്ടവനോക്കെ അതുനോക്കി വെള്ളംവിടുന്നു..അപ്പൊ കെട്ടിച്ചാല്‍ കൊഴപ്പമുണ്ടോ.?.
 വേണ്ടത്ര വളര്‍ച്ചവന്നുവെന്ന് താന്‍ എങ്ങനാ നോക്കണത്.? സ്വന്തം മകളുടെ വളര്‍ച്ച താന്‍ തന്നെയങ്ങ് പരിശോധിക്കുമോ..?. പതിനാറിന് മുന്‍പേ ഈ വളര്‍ച്ച കണ്ടാല്‍ എന്തോചെയ്യും..?.
   കെട്ടിക്കും അത്രതന്നെ ..
 ഇത്തിരിപുളിക്കും..... നിങ്ങടെ വീടിനുമുന്നില്‍ നമ്മള് കൊടി പിടിക്കും കോയാ...
 നിങ്ങള് വടിപിടിക്കും ..നമ്മള്‍ക്ക് സപ്പരേറ്റ് നിയമാ... അറിയാമോ...   വ്യക്തിനിയമം..അറിയോ.?..
 അല്ല ചോദിക്കട്ടെ കോയ, പതിനാറില്‍ കെട്ടണമെന്ന് നിയമംപറഞ്ഞു വാശി പിടിക്കുമ്പോള്‍, എന്തേ; കെട്ടിയതിനെ തട്ടുമ്പോഴും, നാടുമുഴുവന്‍ നടന്നു കോഴിപ്പണിനടത്തുമ്പോഴും കളവുനടത്തുമ്പോഴും അവരുടെ കാര്യത്തില്‍ ഈ സപ്പരെറ്റ് നിയമപ്രകാരമുള്ള കൈവെട്ട് തലവെട്ട് തുടങ്ങിയ ശിക്ഷകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കാത്തത്. പെണ്ണുവിഷയത്തില്‍ മാത്രം എന്തേ ഈ പെരുത്തവാശി..????
പീര്‍,,,, പീര്‍ പീര്‍,,,,, പ്രീര്‍ ര്‍ റര്‍,,,,, ര്‍ര്‍റ രരര്‍ ര്ര്ര്ര്‍.,,,,,,,..............................
എന്താ ഒരൊച്ച, ആരാ വളിവിട്ടെ ?..ചര്‍ച്ചയ്ക്കിടെ വളിവിടാന്‍ പാടില്ലായിരുന്നു.. ഞാനില്ല ഞാനില്ല ..ഇതു എന്നെ ഉദേശിച്ചുമാത്രം വിട്ട വളിയാണ്.. വളിവിട്ടു നാറ്റിക്കാന്‍ പാടില്ലായിരുന്നു...ഇതു ശരിയാവില്ല ഞാന്‍ പോവ്വാ ...
 നിങ്ങള് ഇരി കോയാ.. നമുക്കൊരു തീരുമാനത്തില്‍ എത്തേണ്ടേ..
  ഇല്ല ഇല്ല ഞാനില്ല ..ചര്‍ച്ചയ്ക്കിടെ വളിവിട്ടാല്‍ ചര്‍ച്ച അപ്പൊ നിറുത്തണമെന്നാ പണ്ഡിതര്‍ പറഞ്ഞിരിക്കുന്നത്...
 അങ്ങനെ ആ ചര്‍ച്ച തീര്‍ന്നു. പതിനാറിലെ കെട്ടിനും ശൈശവ വിവാഹത്തിനുമെല്ലാം ഏതെങ്കിലും ഒരു സമുദായത്തെ മുഴുവനായി കുറ്റപ്പെടുത്താന്‍ കഴിയില്ല.. സമുദായത്തിന്‍റെ മുഴുവന്‍ അപ്പസ്തോലന്മാരാണന്നുള്ള മേലങ്കിയണിഞ്ഞുകൊണ്ട് വണ്ണംവന്നാല്‍ കെട്ടിക്കാം,,, പോലുള്ള മണ്ടത്തരങ്ങള്  പടച്ചുവിടുന്ന വിടുവായന്മ്മാരെയാണ്  മനുഷ്യത്വപരമായി ചിന്തിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടത്. ഇതൊരു മതപരമായ വിഷയം മാത്രമല്ല സാമൂഹ്യപരമായ വിഷയവുംകൂടിയാണ് .പീഡനം, ബലാല്‍സംഗം, ഒളിച്ചോട്ടം, രോഗം, വണ്ണം, വളര്‍ച്ച, പ്രേമം ഇതൊന്നുമല്ല പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള പരിഗണനാവിഷയങ്ങള്‍. ഈപ്പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം പ്രതിവിധി പെണ്‍കുട്ടിയെ പതിനാറുവയസ്സില്‍ വിവാഹം കഴിപ്പിക്കലാണെന്നു  വാദിക്കുന്ന പണ്ഡിതശ്രേഷ്ടന്മാര്‍ പൊട്ടക്കുളത്തിലെ ചൊറിത്തവളകളാണെന്ന് നിസംശയം പറയാം. ജനിച്ചത്‌ പെണ്‍കുട്ടിയാണെങ്കില്‍, അതിനെ കഴിയുന്നതുംവേഗം ആണുങ്ങളുടെ ആര്‍ത്തിപൂര്‍ത്തികരണത്തിന് വിട്ടുകൊടുക്കണമെന്ന് ചിന്തിക്കുന്നതും ഉപദേശിക്കുന്നതും ..സ്ത്രീയെ അടിമയായും വില്‍പ്പനച്ചരക്കായും കമ്പോളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്കാരത്തിന്‍റെ ഭാഗമാണ് ...അത്തരം അപരിഷ്കൃത സാമ്പ്രദായങ്ങള്‍ മാറേണ്ടസമയം കഴിഞ്ഞിരിക്കുന്നു.. ഇവിടെ പതിനാറില്‍ കെട്ടണം എന്നതില്‍  മുസ്ലീംവ്യക്തിനിയമം ഉയര്‍ത്തുമ്പോള്‍ എന്താണ് ആ നിയമം...
  ബ്രിട്ടിഷുകാര്‍ 1915-ല്‍ നടപ്പാക്കിയ  'ഗവണ്മെന്റ്ഓഫ് ഇന്ത്യ ആക്ടനുസരിച്ച് ഇന്ത്യന്‍ പൌരന്മാര്‍ക്ക് സിവില്‍  നിയമങ്ങളില്‍ സ്വന്തം മതനിയമങ്ങളോ ആചാരങ്ങളോ അനുസരിക്കാവുന്നതാണന്ന് നിശ്ചയിച്ചിരുന്നു. വിവാഹം,വിവാഹമോചനം, മരണപത്രം, ഇഷ്ടദാനം,അനന്തരാവകാശം തുടങ്ങിയവ മാത്രമാണ് ഈ സിവില് നിയമത്തിന്‍റെ  പരിധിയില് വന്നിരുന്നത്. ഇതനുസരിച്ച് നിലവില് വന്ന മുസ്ലീംവ്യക്തിനിയമം (ശരീഅത്ത്) ബാധകനിയമം , മുസ്ലീം വിവാഹമോചനനിയമം , വഖഫ്നിയമം, തുടങ്ങിയ നിയമങ്ങളും, മുസ്ലീങ്ങള്കക്ഷികളായുള്ള കേസുകളിലെ കോടതിവിധികളും, വിധിക്കുകാരണമായ  കണ്ടെത്തലുകളും അടിസ്ഥാനമാക്കി പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ് ഇന്ത്യയിലെ മുസ്ലീംവ്യക്തി നിയമം  എന്നുപറയുന്നത്. അതില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും രാജ്യത്തെ ക്രിമിനല്‍ നിയമം അനുസരിച്ച് സാധുവല്ല... മുസ്ലീം പെണ്കുട്ടികളുടെ വിവാഹപ്രായം പതിനാറായി  നിശ്ചയിക്കണമെന്ന ആവശ്യത്തിന്മേല്‍ സമുദായസംഘടനകള്  ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ പോകുമ്പോള്‍ ...പതിനാറെന്ന പ്രായപരിധി ഇസ്ലാം നിശ്ചയിച്ചിട്ടുണ്ടോ?. പ്രായപരിധി നിശ്ചയിച്ചിട്ടില്ല എന്നതുകൊണ്ട്‌ തോന്നുമ്പോള്‍കല്യാണം നടത്താമെന്നാണോ അര്‍ഥം.? ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ വിവാഹിതരായി അമ്മമാരും,ദുര്‍ബലരും, രോഗികളുമാകുന്നത് തടയുന്നതില് എന്താണ് കുഴപ്പം? ഇതുമൂലം എന്തു മതവിശ്വാസമാണ് തകരുന്നത്? ശരിയത്ത് നിയമം മുറുകെപ്പിടിക്കുമ്പോള്‍ കളവിനും ബലാല്‍സംഗംത്തിനും കൊലപാതകത്തിനുമൊന്നും ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ സമുദായത്തിലെ കള്ളന്മ്മര്‍ക്ക് കൊടുക്കാന്‍ എന്തേ വാശിപിടിക്കാത്തത്?. ഈവക കാര്യങ്ങളിലൊന്നും കാണാത്ത അങ്കലാപ്പ്  എന്തേ സ്ത്രീവിഷയത്തില് മാത്രം കാണിക്കുന്നത്? പതിനാറുവയസ്സില്‍ കല്യാണം നടത്തണമെന്ന് പലകാരണങ്ങള്‍ നിരത്തി സങ്കടപ്പെടുന്നവര്‍  അല്ലെങ്കിൽ പതിനാറുവയസ്സുള്ള  പെണ്ണിനെത്തന്നെ കെട്ടണമെന്ന  ആഗ്രഹം മുറ്റിനില്ക്കുന്ന ഈ സമുദായ പ്രമാണിമാര്‍ എന്തെ മുപ്പതും നാല്പ്പതും വയസ്സായ മുസ്ലിം സ്ത്രീകള് സ്ത്രീധനംകൊടുക്കാൻ കഴിയാത്തതിന്‍റെ  പേരില് കല്യാണംകഴിക്കാൻ കഴിയാതെ സങ്കടപ്പെടുന്നത്  കാണാതെ പോവുന്നത്? എന്തേ ഇവരാരും സ്ത്രീധന സാമ്പ്രദായത്തില്‍ എരിഞ്ഞടങ്ങുന്ന സ്ത്രീജന്മങ്ങള്‍ക്ക് വേണ്ടി  ഇതുപോലെ രോഷം കൊള്ളാത്തത്..?.
 
  രാജ്യത്തിന്‍റെ  ക്രിമിനൽ നിയമങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തുടങ്ങിയ ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ  ‘വ്യക്തിനിയമങ്ങള്‍’ ഉണ്ടായത്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... ഒരു പരമാധികാരരാജ്യത്തിനു ഒരു ഏകീകൃത സിവില്‍ കോഡ് വരുന്നതില്‍ എന്താണ് കുഴപ്പം... പ്രത്യേക സാംസ്‌കാരിക പാരമ്പര്യവും ആചാരങ്ങളുമുണ്ട് അതുകൊണ്ട് പതിനാറുവയസുകാരികളുടെ കൂടെത്തന്നെ രമിക്കണമെന്നുപറഞ്ഞാല്‍ ദഹിക്കാന്‍ ശകലം ബുദ്ധിമുട്ടാണ്... എല്ലാ നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നതാണ്... ലൈംഗികബന്ധത്തില്‍ ഉറ ഉപയോഗിക്കുന്നതും മറ്റും പാപമാണെന്നു വിശ്വാസികളെ പഠിപ്പിച്ചവര്‍ത്തന്നെ, മാറുന്നലോകത്തില്‍ വ്യക്തിസുരക്ഷിതത്വത്തിനു പ്രാധാന്യംനല്‍കി ആ നിയമത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകുന്നതും ലോകം കണ്ടതാണ്...... പ്രാകൃതനിയമങ്ങള്‍ മാറ്റാന്‍ പാടില്ലായെന്നു വാദിക്കുന്നവര്‍ക്ക് അതിലെന്തോ സ്വാര്‍ഥലാഭം ഉണ്ടെന്നുള്ളത് വ്യക്തമാണ്..
 വിവാഹപ്രായം പതിനാറാക്കണമെന്ന് ഏതെങ്കിലും  സ്ത്രീയോ, സ്ത്രീപക്ഷ സംഘടനകളോ ഇതുവരെ പറഞ്ഞിട്ടില്ല. കോടതിയില്‍ പോയിട്ടുമില്ല.. ഇപ്പോള്‍ പ്രായം പതിനാറാക്കണമെന്ന ആവശ്യവുമായി കോടതിയില്‍ പോകുന്നത് നല്ല ഒന്നാംതരം ആണ്‍പ്പണ്ഡിതന്‍മാരാണ്... ഇവിടെ പതിനെട്ടുവയസ് തികയാത്ത സ്ത്രീകൾക്ക് വിവാഹം കഴിക്കാനുള്ള അവകാശമല്ല സമുദായനേതാക്കൾ ചോദിക്കുന്നത്... പതിനെട്ടുവയസിൽ താഴെയുള്ള മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ആണുങ്ങൾക്ക് വിവാഹപ്രായം സംബന്ധിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന ക്രിമിനൽ നിയമം  ബാധകമാക്കരുത് എന്നാണ് പണ്ഡിതരുടെ വാദം.... പീഡോഫീലിയ ആര്‍ക്കാണ്‌ എന്നതില്‍ സംശയംവേണ്ട....തിന്നുകൊഴുത്ത പണ്ടികള്‍ക്ക് തന്നെ..... നിലവിൽ മുസ്ലീം വ്യക്തിനിയമവും ക്രിമിനൽ നിയമവും തമ്മിലുള്ള വിത്യാസപ്രകാരം . ക്രിമിനൽ നിയമത്തിലെ പല കുറ്റങ്ങളും മുസ്ലീം വ്യക്തിനിയമപ്രകാരം കുറ്റമല്ല . ഒരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം മറ്റൊരു വീണ്ടും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സാധാരണ നിലയിൽ ജയില്‍വാസം കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്  . എന്നാൽ  ഒന്നിലധികം വിവാഹങ്ങൾ അംഗികരിക്കുന്ന മുസ്ലീം വ്യക്തിനിയമം പ്രകാരം മുസ്ലിങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. അതുപോലെതന്നെ ശൈശവ വിവാഹനിരോധന നിയമത്തിൽ നിന്നും മുസ്ലീങ്ങളെ പലപ്പോഴും രക്ഷിച്ചിരുന്നത് അവരുടെ വ്യക്തിനിയമമാ യിരുന്നു. എന്നാൽ അപ്പോഴെല്ലാം  വിവാഹ ബന്ധത്തിന് അനുമതി നൽകാനുള്ള പെണ്ണിന്‍റെ  പ്രായപരിധി പതിനാറായിരുന്നു. അതിപ്പോള്‍  ഭേദഗതി ചെയ്ത് പതിനെട്ടാക്കിയിരിക്കുന്നു. മാത്രമല്ല, വിവാഹങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമംകൂടി വന്നപ്പോൾ ശൈശവ വിവാഹങ്ങൾ പിടിക്കപ്പെടുന്ന അവസ്ഥയിലായികാര്യങ്ങള്‍.... പുതിയ  നിയമപ്രകാരം പതിനെട്ടുതികയാത്ത പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്ന വ്യക്തിമാത്രമല്ല, ആ വിവാഹത്തിനു കൂട്ടുനില്‍ക്കുന്ന വ്യക്തികളും  ക്രിമിനൽ കുറ്റത്തില്‍ പ്രതികളാകും . ഇതു മറികടക്കാനാണ് വ്യക്തിനിയമവും ആചാരങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള ഈ നീക്കത്തിന് പിന്നിലുള്ള ചേതോവികാരം.....  ശൈശവ വിവാഹങ്ങളെ നിയമപരമാക്കാനുള്ള ഈ നീക്കം ..എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്... ഇതുവരെ നേടിയെടുത്ത എല്ലാ സാമൂഹ്യപരിഷ്ക്കാരങ്ങളെയും സ്ത്രീ ശാക്തികരണ പരിപാടികളെയും പിന്നോട്ടടിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സമുദായത്തിനകത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയരണം... ഹിന്ദുവ്യക്തിനിയമത്തിനും ക്രിസ്ത്യൻ വ്യക്തിനിയമത്തിലും കാലോചിതമായ പരിഷ്ക്കാരങ്ങൾ ആവശ്യമാണ്‌. അതാത് സമുദായാംഗങ്ങളാണതിന് അതിനു മുൻകൈ എടുക്കേണ്ടത്.....ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്നും  നിരന്തരമായ ശബ്ദങ്ങള്‍ ഉയരണം ..എന്നാല്‍ മാത്രമേ ആട്ടിന്‍ത്തൊലിട്ട ചെന്നായ്ക്കളെ പൊതുസമൂഹത്തിന്‍റെ മുഖ്യാധാരയില്‍നിന്നും അകറ്റിനിറുത്താനാവൂ... ഇതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മാത്രമേ സാധാരണ ജനത്തിനു ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് അറിയാനാകൂ..
നിയമപരമായ വിലക്കിനേക്കള്‍, ശൈശവവിവാഹങ്ങള്‍ ഒരു അപരിഷ്കൃതമായ സാമൂഹ്യതിന്മയാണെന്ന തിരിച്ചറിവ് നമ്മുടെ സാമൂഹ്യവും മതപരവുമായ മേഖലകളില്‍ ഉണ്ടാവണം..അതിലേക്കായി ഉണ്ടാവുന്ന എല്ലാ വിവാദങ്ങളും സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്Saturday, September 21, 2013

നടികള്‍ക്ക് എയിഡ്സ്...ആരാധകനും എയിഡ്സ്..കണ്ണുതുറക്കണം...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കൊച്ചിയിലെ ഫ്ലാറ്റില്‍ വിജയകരമായി ലിവിംഗ് ടുഗതര്‍ നടത്തിവരുകയായിരുന്ന കൂനാമൂച്ചിക്കാരന്‍ അച്യുതന്‍കുട്ടി, തന്‍റെ ആരാധനാ മൂര്‍ത്തികളായ താരങ്ങള്‍ക്ക് എയിഡ്സാണെന്ന വാര്‍ത്ത, ടീവിലൂടെ  കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി..-----പടിഞ്ഞാറന്‍ മസാല  സിനിമകളിലേ നടികളില്‍ എയിഡ്സ് പടരുന്നു... നടന്മാരും നടികളും നെട്ടോട്ടത്തില്‍, ടെസ്റ്റുകളില്‍ പലര്‍ക്കും എയിഡ്സ്  ഉറപ്പിച്ചു..... എയിഡ്സ്  ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍റെ  പരിപാടിയില്‍ പങ്കെടുത്ത താരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു----- കെട്ടാതെ കെട്ടുന്ന വിദ്യയുടെ സകലഗുണങ്ങളും ആവോളം ആസ്വദിച്ച് ജീവിക്കുമ്പോളാണ് ഇങ്ങനെ ഒരു വാര്‍ത്ത ഇടിത്തീപോലെ വീണത്.. അഞ്ചക്കശമ്പളവും വാഹനവും ഫ്ലാറ്റും കിട്ടിയപ്പോള്‍; ഇതു താനപ്പാ,,,, സ്വര്‍ഗ്ഗം, എന്നങ്ങു ധരിച്ചുപോയി... കല്യാണം കല്യാണം..എന്ന് അച്ഛനും അമ്മയും വിളിച്ചു പറഞ്ഞപ്പോളൊക്കെ ഇപ്പോള്‍ സമയമില്ല; ആവുമ്പോള്‍ പറയാം എന്നായിരുന്നു മറുപടി. പറഞ്ഞിട്ട് കാര്യമില്ല എന്നായപ്പോള്‍ അവരിപ്പോള്‍ വിളിയുമില്ല, പരാതിപറയലുമില്ല ..സ്വസ്ഥം.

 വലയിട്ട് വലവീശി ഒടുവില്‍ ഒരെണ്ണം വലയ്ക്കകത്തായി. ചായ, ഐസ്ക്രീം, ബിരിയാണി തുടങ്ങി ബീച്ച്, പാര്‍ക്ക്, സിനിമാതിയേറ്റര്‍ ഒടുക്കം പൊതുതീരുമാനപ്രകാരം ലിവിംഗ്-ടുഗതര്‍ ആരംഭിച്ചു.. തോന്നുമ്പോള്‍ വരാം, തോന്നുമ്പോള്‍ പോകാം, ആരോടും കണക്കുപറയേണ്ട, പിള്ളേരുവേണ്ട, എപ്പോ വേണമെങ്കിലും പിരിയാം, അടുത്ത ആളെ സെലകറ്റ് ചെയ്യാം.. അങ്ങനെ പോകുന്നു ഗുണങ്ങള്‍. നാട്ടിലിതൊക്കെ ആരറിയാന്‍...അച്ഛനും അമ്മയും; പോകാന്‍ പറ.......ആനന്ദലബ്ധിക്കിനിയെന്തുവേണം.. പരമസുഖം... കല്യാണം കഴിച്ച് ഭാര്യയേയുംകൂട്ടി ഒക്കത്ത് കൊച്ചുമായി നടക്കുന്ന സഹജീവി യൂസ്-ലെസുകള്‍ക്കിടയിലൂടെ പുശ്ചം കലര്‍ന്ന ചിരിപാസാക്കി, ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ വിലസി... സദാചാരപ്പോലിസുകാരുടെ മൂക്കടച്ച് വീശാനുള്ള ആഹ്വാനവുമായി സ്റ്റാറ്റസുകള്‍, ദിവസം മൂന്നുനേരം എന്ന കണക്കില്‍ അപ്-ലോഡ് ചെയ്തു.. ദിവസവും ലൈക്കുകളുടെ എണ്ണം കൂടിക്കൂടി വരുന്നു... ഒരു സമാന്തരലോകംതന്നെ പണിയണം. ഇപ്പോഴും പാരമ്പര്യത്തില്‍ മുറുകെപ്പിടിക്കുന്ന തെണ്ടിപ്പരിഷകള്‍ക്കിട്ടൊക്കെ ഒരു കൊട്ടു കൊടുക്കണം..... ഒപ്പം കൂട്ടിയിരിക്കുന്ന ലിവിംഗ്-ടുഗതറുകാരിക്കാണേല്‍ പരമസന്തോഷം...ആശയങ്ങള്‍ത്തമ്മില്‍ നൂറുശതമാനവും പൊരുത്തം. കല്യാണമേ മോശം;  പ്രസവിക്കുന്ന കാര്യം അതിനെക്കാള്‍ മോശം... കുട്ടിയായി ഒരു പട്ടിയെ വളര്‍ത്താം എന്നാണ് തീരുമാനം.. കാണാന്‍ ചരക്ക് കൊള്ളാം, എല്ലാ പണികളും നല്ല മെയ് വഴക്കത്തോടെ ചെയ്യും...... പൊസിഷന്‍ പറഞ്ഞുകൊടുത്താല്‍ മതി.. പോരെപൂരം.. അതുകൊണ്ട്; വീട്, ദേശം, കുടുംബക്കാര്‍ ഒന്നുംനോക്കാന്‍ നിന്നില്ല... ഫ്ലാറ്റുകിട്ടി, കട്ടിലുവാങ്ങി, പായ വിരിച്ചു, പൊറുതി തുടങ്ങി... അങ്ങനെ സുഖേ സുഖം കുട്ടന്‍പിള്ളേ എന്നരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ്...കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ ..എന്നു പറഞ്ഞപോലെ  ഇത്തരം വാര്‍ത്തകള്‍ മിന്നി മറയുന്നത്.. ടുഗതര്‍ തുടങ്ങുന്നതിനു മുന്പ് തരാതരംപോലെ കാര്യങ്ങള്‍ നടത്തിയിരുന്നതിനാല്‍ ചില പേടികള്‍ ഇല്ലാതില്ല.. ഏതൊക്കെ വണ്ടിക്ക് കൈകാണിച്ചിട്ടുണ്ടന്നോ, ഏതൊക്കെ വണ്ടി ഓടിച്ചിട്ടുണ്ടന്നോ ഒരു കണക്കുമില്ല. കൈകാണിച്ചപ്പോള്‍ നിറുത്തിയ വണ്ടികളൊക്കെ ഓടിച്ചു എന്നറിയാം... അന്നത്തെ റോള്‍-മോഡല്‍സൊക്കെയാണ് ഇന്നിപ്പോ എയിഡ്സാണേയെന്നു പറഞ്ഞുകൊണ്ട് ടീവിയ്ക്കു മുന്നിലിരുന്നു കരയുന്നത്.. കൂടെയുള്ള ടുഗതറുകാരിക്ക് ഈയിടെയായി ശകലം അകല്‍ച്ച കാണുന്നുണ്ട് പുതിയൊരെണ്ണത്തിനെ ഉടനെ നോക്കേണ്ടിവരും... ഇങ്ങനെയായാല്‍ സംഗതി കുഴയുമല്ലോ..... അതിനിടയില്‍ തൊട്ടടുത്ത ഫ്ലാറ്റിലൊക്കെ പോലിസ് കയറി നിരങ്ങിയെന്നും കേള്‍ക്കുന്നു.. ലിവിങ്ങ്-ടുഗതറുകാരാണ് ലക്ഷ്യം... ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ ലിവിംഗ്-ടുഗതറൊക്കെ പോലിസ് തപ്പിനോക്കി പോലും കള്ളും, കഞ്ചാവും, തുടങ്ങി നല്ലയിനം സീഡികളുവരെ അവിടെന്നു കിട്ടിയെന്നും കേള്‍ക്കുന്നു... അന്നു ഡ്യൂട്ടിയായതിനാല്‍ അച്യുതന്‍കുട്ടി രക്ഷപെട്ടു.. കാര്യം; ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക് ഉടുപ്പുമാറുന്നതുപോലെ ആളെ മാറ്റാനും, കൂടെക്കൂട്ടാനുമൊക്കെ വ്യക്തി സ്വാതിന്ത്ര്യമുണ്ട്, പ്രായം തികഞ്ഞാല്‍ എല്ലാക്കാര്യങ്ങളും സ്വയമങ്ങു  തീരുമാനിക്കാം.., പ്രായപൂര്‍ത്തിയായാല്‍ ഒന്നിച്ചുതാമസിക്കാം എന്നൊക്കെ നിയമമുണ്ടെങ്കിലും എങ്ങാനും പണി പാളിയാല്‍ ഒരു പൂ മോനും പിന്നെ രക്ഷയ്ക്കുണ്ടാവില്ല... പോലിസ് വരുന്നതറിഞ്ഞപ്പോള്‍ ന്യായം പ്രസംഗിച്ച പല പുലികളുമിറങ്ങി ഓടുകയായിരുന്നുപോലും... ഇപ്പോള്‍ കൂടെയുള്ള ലിവിംഗ് ടുഗതര്‍ ഇതിനു മുന്പ് ആരുടെ കൂടെയായിരുന്നുവെന്നൊന്നും അറിയില്ല.. ആകെമൊത്തം ഒരു വിറയല്‍....... എങ്ങാനും അത് ഉണ്ടായാല്‍.?////

 ഉറ ഉപയോഗിച്ചില്ല, സര്‍ക്കാര്‍ ഇടപെട്ടില്ല, ചതിവ് പറ്റിപ്പോയി.. തുടങ്ങിയ പതിവ് വിലാപങ്ങള്‍ പണികിട്ടിയ താരങ്ങള്‍ ടീവിയിലൂടെ നിരത്തുന്നു...ഉറ ഉണ്ടാക്കുന്ന മിഷ്യന്‍ത്തന്നെ അടിച്ചുമാറ്റുന്ന സര്‍ക്കാരാണ്, പിന്നെയാ ഇക്കാര്യത്തില്‍  ഇടപെടല്‍.. പെട്ടവന്‍ പെട്ടതുതന്നെ

 ബോംബയില്‍ നിന്നും എയിഡ്സുംകൊണ്ടുവന്ന്‍ കുടുബത്തില്‍ വിതരണം ചെയ്ത്, ഒടുവില്‍ നീറ്റുകക്കായില്‍ നീറി എരിഞ്ഞടങ്ങിയ ദേശക്കാരന്‍റെ  കഥയൊര്‍ത്ത്‌ അച്യുതന്‍കുട്ടിയുടെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി .. ഉണ്ടാക്കിവെച്ച ചായ, കുടിക്കാന്‍ പോലും പറ്റണില്ല ... എന്തു ചെയ്യണം.... എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം ഇന്റര്‍നെറ്റിലാണ്..... ഒടുവില്‍ നെറ്റ് തപ്പി ടെസ്റ്റുകള്‍ ഏതൊക്കെയെന്നു ഉറപ്പുവരുത്തി. ഒരുദിവസത്തെ ലീവും വിളിച്ചുപറഞ്ഞ് ആശ്പത്രിയിലെക്ക് ഓടി... വൈകുന്നേരത്തോടെ തീരുമാനമായി; അച്യുതന്‍കുട്ടിക്കും എയിഡ്സ്. ആരാധനാപത്രങ്ങളുടെ നിരയിലേക്ക് ഒടുവില്‍ ആരാധകനും എത്തപ്പെട്ടു....ഫ്ലാറ്റിനു പിറകിലൂള്ള ട്രാക്കിലൂടെ അര്‍ദ്ധരാത്രിയില്‍ കടന്നുപോയ ഏതോ ട്രെയിന്‍ അച്യുതന്‍കുട്ടിയുടെ രോഗത്തിന് ശ്വാശ്വതപരിഹാരം പറഞ്ഞുകൊടുത്തു... നിങ്ങള്‍ ഏതു സിദ്ധാന്തത്തെ സ്വീകരിക്കുന്നുവോ ഒടുവില്‍ അതു നിങ്ങളെ വിഴുങ്ങുമെന്ന തത്വം അച്ചിട്ടായി...................

 അബദ്ധത്തില്‍ പകരുന്നതിനെക്കാള്‍, കുത്തഴിഞ്ഞ ലൈംഗികതയും, മദ്യവും, മയക്കുമരുന്നുമൊക്കെയാണ്  എയിഡ്സ് എന്ന മരകരോഗത്തെ മനുഷ്യരിലേക്ക് പടര്‍ന്നുകയറാന്‍ വലിയ അളവില്‍  സഹായിക്കുന്നത്.. ‘പെട്ടാല്‍ പെട്ടതുതന്നെ’ എന്നതാണ് അവസ്ഥയെങ്കിലും പെടാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് നമ്മുടെനാടും വളരെ പിന്നിലാണുള്ളത്... സര്‍ക്കാര്‍ തലത്തിലുള്ള ബോധവല്‍ക്കരണവും പുനരധിവാസവുമൊക്കെ ഫയലുകളില്‍ ഭംഗിയായി നടക്കുന്നുണ്ടെന്നതൊഴിച്ചാല്‍, ക്വാണ്ടംനിര്‍മ്മാണ മിഷ്യനില്‍വരെ അഴിമതിനടത്തിയാണ്, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബത്ധത കാഴ്ച്ചവെയ്ക്കുന്നത്. ഗൂഗിളിന്‍റെ  കണക്കുപ്രകാരം സെക്സ് സൈറ്റ് തേടിയെത്തുന്ന ലോകത്തിലെ ആദ്യത്തെ പത്തു നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണ്..ലൌക്ന്വ(2), കല്‍ക്കത്ത( 3), പൂനെ( 5), ന്യൂഡല്‍ഹി( 6), ബംഗ്ലൂര്‍( 7), ചെന്നെ( 8), മുംബെയ്( 9)..ഇങ്ങനെയാണ് സ്ഥാനങ്ങള്‍.. ഈ മേഖലയിലുള്ള നമ്മുടെ അന്വേഷണം ലോകത്തുതന്നെ മുന്‍നിരയിലാണെന്നു വ്യക്തം ..

  നിലവില്‍ തുടരുന്ന ലൈംഗിക കച്ചവടങ്ങള്‍ക്ക് പുറമേ സമൂഹത്തില്‍ മാന്യമായ പേരോടുകൂടിനടത്തപ്പെടുന്ന  ലിവിംഗ്-ടുഗതര്‍, കൊ- ഹാബിട്ടെഷന്‍ തുടങ്ങിയ പുത്തന്‍ പരിപാടികളും ഫലത്തില്‍ എത്തിച്ചേരുക അക്കൌണ്ട് ഇല്ലാത്ത കുത്തഴിഞ്ഞ ലൈംഗികതയില്‍ തന്നെയാണ്... വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ലേബലില്‍ ഇതൊക്കെ ന്യായികരിക്കപ്പെടുമെങ്കിലും.. എയിഡ്സ് പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ ഇവരുടെ ബാദ്ധ്യത ആര്‍ ഏറ്റെടുക്കും... നിയമപരമായ ഒരു ബന്ധവും ഇല്ലാത്ത കേവലം പരിചയബന്ധം മാത്രമുള്ള പങ്കാളി ഏറ്റെടുക്കുമോ.?..വിരുദ്ധ ചേരിയില്‍നില്‍ക്കുന്ന കുടുംബമോ സമൂഹമോ ഏറ്റെടുക്കുമോ.?.സര്‍ക്കാര്‍ ഏറ്റെടുക്കുമോ..?. സാമൂഹ്യപരമായും നിയമപരമായും അംഗികാരം കിട്ടാത്ത ജീവിതശൈലികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തി ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.. കുടുംബത്തിന്‍റെ പിന്‍ബലം കിട്ടിയാല്‍പ്പോലും ആ കുടുംബത്തെത്തന്നെ ഭ്രഷ്റ്റ് കല്‍പ്പിക്കുന്ന ഒരു സമൂഹമാണ് നിലവിലുള്ളത്.. ഞാന്‍ ബോള്‍ഡാണെന്ന് വ്യക്തി പറഞ്ഞാലും ഇത്തരം രോഗങ്ങള്‍ക്കിടയില്‍ അത് എത്രമാത്രം വിലപ്പോവും.. അങ്ങനെവരുമ്പോള്‍ അവര്‍ക്ക് എന്തു സംരക്ഷണമാണ് കിട്ടുക.. കിടന്നു ഉരുളുകയല്ലാതെ വ്യക്തമായ ഒരുത്തരവും നല്കാന്‍ കഴിയില്ല..കൊച്ചിയിലെ ലിവിംഗ് ടുഗതര്‍ ഫ്ലാറ്റുകളില്‍ പോലിസ് നടത്തിയെന്ന് പറയപ്പെടുന്ന രഹസ്യപരിശോധനയും  ഇതിനോട് ചേര്‍ത്തു വായിക്കണം.. ലിവിംഗ് ടുഗതര്‍ എന്നപേരില്‍ സഹശയനത്തിന് വേണ്ടിമാത്രം ഒപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ തലത്തിലെങ്കിലും ഒരു രെജിസ്ട്രേഷന്‍ എങ്കിലും ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും... ആരോഗ്യവകുപ്പിന്‍റെ ശക്തമായ  നിയന്ത്രണം ഇക്കാര്യത്തില്‍ വളരെ അത്യാവശ്യമാണ്.. ലൈംഗികത കടന്നുവരുന്ന എല്ലാ മേഖലകളിലും  വ്യക്തിസ്വാതന്ത്ര്യത്തിനെക്കാള്‍ പ്രാധാന്യം പൌരന്‍റെ ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതത്തിനായിരിക്കണം.... നിയമപരവും ആരോഗ്യപരവുമായ ശക്തമായ  ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്.. എല്ലാം പടിഞ്ഞാറോട്ട് നോക്കൂ അവിടെ അങ്ങനെയാണ്; അതുപോലെ ഇവിടെയും വേണം എന്നു പറയുമ്പോള്‍... അവിടെ ദേ, പണികിട്ടിത്തുടങ്ങി...ഇവിടെയും ഇനി അതിനായി കാത്തിരിക്കണോ..?

Thursday, September 19, 2013

മണിയനെന്ന നായയും,അഗതിമന്ദിരത്തിലെ സൂപ്രണ്ടും;കേരളത്തിനുനല്‍കിയ ഓണസന്ദേശങ്ങള്‍..........


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
     അങ്ങനെ ഒരോണം കൂടി കടന്നുപോയിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടേയും, ഐശ്വര്യഭരണത്തിന്‍റെയും ഓര്‍മ്മകള്‍ അയവിറക്കി മലയാളി ഓണം ഘോഷിച്ചു... ഇനി ശരിക്കുള്ള ഭരണത്തില്‍ വരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിക്കുകയായി,, അടുത്തമാസത്തെ ശമ്പളംകൂടി അഡ്വാന്‍സുവാങ്ങി ഓണം അടിച്ചുപൊളിച്ചു.. ഇനി അടുത്തമാസം ശിവ ശിവ .. ശമ്പളമില്ലാത്ത സാധാരണജനം കാണംവിറ്റും ഓണം ആഘോഷിച്ചതിനാല്‍ ഇനിയങ്ങോട്ട് കടത്തിന്‍റെ കണക്കുകള്‍ പറഞ്ഞു നെഞ്ചത്ത്‌ തിരുമ്മും .. അങ്ങനെ ഒരുദിവസത്തെ രാജാവ്‌ പിറ്റേദിവസം  കൊട്ടാരത്തില്‍നിന്നും കുടിലിലേക്ക് മാറേണ്ടിവന്ന അവസ്ഥ.....ഇനി അടുത്ത ഓണത്തിനായി കാത്തിരിക്കാം..സമ്പല്‍സമൃദ്ധിയും ഐശ്വര്യഭരണവുമൊക്കെ ഓര്‍മ്മകളുടെ ആഘോഷമായി വരുന്ന ആ ദിനങ്ങള്‍ക്കായി അടുത്ത ഓണംവരെ കാത്തിരിക്കാം..

 ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ചാണ് ഓരോ ഓണക്കാലവും കടന്നു പോകുന്നത്... ഇങ്ങനെ ശേഖരിക്കപ്പെടുന്ന അനുഭവങ്ങളാണ് വരുന്ന തലമുറകള്‍ക്ക് ഓണാനുഭാവങ്ങളായി പകര്‍ന്നുകൊടുക്കുന്നത്... വരും തലമുറ അതിനെ ഓണക്കഥകളായി വാഴ്ത്തുകയും ചെയ്യുന്നു... മാധ്യമങ്ങള്‍ സിനിമാക്കാരെക്കൊണ്ട് ഓണം ആഘോഷിച്ചപ്പോള്‍, നേതാക്കള്‍ കിട്ടുന്ന സ്റ്റേജുകളിലൊക്കെ ഓണസന്ദേശം കൊടുത്ത് ജനങ്ങളെ ബോറടിപ്പിച്ചു. തങ്ങള്‍ക്ക് കഴിയാത്തത് പണ്ടേതോ മഹാബലി ചെയ്തായി പറഞ്ഞ് അവരും നിര്‍വൃതിയടഞ്ഞു.. ജനകീയക്കൂട്ടായ്മ്മകള്‍ ഓണസദ്യയും, പൂക്കള മത്സരങ്ങളും മറ്റു കലാപരിപാടികളും നടത്തി ഓണത്തെ എതിരേറ്റു.. ചുരുക്കത്തില്‍ അറിഞ്ഞും അറിയാതെയും ഓരോ മലയാളിയും ഈ ഓണക്കാഴ്ച്ചകളില്‍  പങ്കാളികളായി... എന്നിരുന്നാലും ചില വേറിട്ട ഓണക്കാഴ്ചകള്‍ ചിന്തനീയങ്ങളായിരുന്നു. സമാനമായ നിരവധിയെണ്ണം തിരശ്ശിലയ്ക്കുപിന്നില്‍ നടന്നിട്ടുണ്ടാകാമെങ്കിലും അരങ്ങത്തു നടന്നതിനെക്കുറിച്ചുമാത്രമേ പ്രേക്ഷകന് അഭിപ്രായം പറയാന്‍കഴിയൂ... അതിന്‍റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഇക്കൊല്ലത്തെ ഏറ്റവും നല്ല ഓണ സദ്യ വിളമ്പിയത്.. കൊല്ലംജില്ലയിലെ പേരറിയാത്ത ഏതോ ഒരു മനുഷ്യസ്നേഹിയാണ്.. ആ സദ്യ ആസ്വദിച്ചത് തങ്കപ്പന്‍(67) ശാന്ത(60) വൃദ്ധദമ്പതികളും, അവരുടെ വളര്‍ത്തുനായ മണിയനുമാണ്.... ആറ്റുനോറ്റ് വളര്‍ത്തിയ മക്കള്‍, ഇവരെമറന്ന് ഓണമുണ്ടപ്പോള്‍ നല്ലവനായ അയല്‍വാസി ഈ കുടുംബത്തിനു ഓണക്കോടി നല്‍കി, തൂശനിലയില്‍ ഓണസദ്യയും വിളമ്പി... എനിക്ക് തോന്നുന്നു; ഈ ഓണക്കാലത്തെ ഏറ്റവും മഹനീയമായ ഓണസദ്യകളുടെ കൂട്ടത്തില്‍ മികച്ചതായിരിക്കും ഇത്...

 ഉണ്ടായിരുന്ന സ്വത്തുവിറ്റ്, മക്കളെ ഒരു നിലയിലെത്തിച്ചപ്പോള്‍ അപ്പനും അമ്മയ്ക്കും തലചായ്ക്കാന്‍ കടവരാന്തകള്‍; കൂട്ടിനു മണിയന്‍ എന്ന നായയും..  ഈ മരംകോച്ചുന്ന തണുപ്പിലും, പെരുമഴയിലും കടത്തിണ്ണയില്‍ അന്തിയുറങ്ങി; പകല്‍സമയത്ത് അഷ്ടിക്കുവക കണ്ടെത്താന്‍ പോകുന്ന ഈ വൃദ്ധദമ്പതികള്‍ക്കും  അവരുടെ ജംഗമസ്വത്തുക്കള്‍ക്ക് കാവലിരിക്കുന്ന മണിയന്‍ എന്ന നായയുമായിരിക്കും ഒരുപക്ഷെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ഓണസദ്യ ഉണ്ടതും... തിരുവോണത്തിനുപോലും സ്വന്തം മാതാപിതാകള്‍ക്ക് ഒരുനേരത്തെ ഭക്ഷണംകൊടുക്കാന്‍ കഴിയാതിരുന്ന ആ പുഴുവരിച്ചമക്കള്‍ക്കു വേണ്ടി നല്ലവനായ അയല്‍വാസി മഹാബലിയുടെ രൂപത്തില്‍ അവതരിച്ചു.. അങ്ങനെ തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട അവരും ഓണം ഉണ്ടു.. ഇതാണ് ഓണം നല്‍കുന്ന സന്ദേശം... എന്‍റെ ചുറ്റിലുമുള്ള വിശക്കുന്ന വയറുകള്‍ക്ക് ഒരുനേരമെങ്കിലും  സംതൃപ്തി നല്കാന്‍ കഴിഞ്ഞാല്‍ എന്‍റെ ആഘോഷം കെങ്കേമമായി എന്ന മനോഭാവമാണ് ഓണം...നന്മനിറഞ്ഞ മനോഭാവങ്ങള്‍ ഉണര്‍ത്തുന്ന ആഘോഷമായി മാറട്ടെ ഓരോ ഓണവും....

 കുറച്ചു നാളുകള്‍ക്ക് മുന്പ് ഒരു കേരളാ സിനി സെലിബ്രിറ്റി പറഞ്ഞിരുന്നു, കുഞ്ഞുങ്ങളെക്കാള്‍ ഇഷ്ടം പട്ടികളെയാണെന്നു.. അന്നു സര്‍വ്വത്ര പ്രതികരണക്കാരും അതിനെതിരെ പ്രതികരിച്ചു... എന്നാല്‍ ഇതൊക്കെ കണുമ്പോള്‍ ഈ പട്ടികളും അത്ര മോശക്കാരോന്നുമല്ലായെന്നു പറയേണ്ടിയിരിക്കുന്നു.. ചില സമയങ്ങളില്‍ മക്കളെക്കാള്‍ കേമാന്മാരാകുന്നുവെന്നും പറയേണ്ടിവരുന്നു.... മക്കളെക്കാള്‍ മാന്യമായി മണിയനെന്ന നായ  തങ്കപ്പനും ശാന്തയ്ക്കും കൂട്ടിരിക്കുന്നു....

 മണിയന്‍; പട്ടികളെ മനുഷ്യനെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചപ്പോള്‍, ഇതാ ഇവിടെ ഒരു മാന്യന്‍ മനുഷ്യനെ പട്ടിയേക്കാള്‍ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു.... അതും ഓണക്കാഴ്ചതന്നെ... ഈ ഓണത്തിനു കണ്ട ഏറ്റവും മോശമായ കാഴ്ച.. സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ സൂപ്രണ്ട് തന്‍റെ ചെരുപ്പ് അവിടുത്തെതന്നെ ഒരു അന്തേവാസിയെക്കൊണ്ടു തുടപ്പിക്കുന്ന കാഴ്ച്ചയാണത്... അഗതി എന്നാല്‍ അടിമയാണെന്ന കാഴ്ച.. അഗതിമന്ദിരത്തില്‍ ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ പോയവര്‍ക്ക് മുന്നിലാണ് ഈ കാഴ്ച അരങ്ങേറിയത്... ഓണക്കാലത്തുപോലും ഒരു മനുഷ്യനാകാന്‍ കഴിയാത്ത പാഴ് ജന്മങ്ങള്‍... ഇവിടെ മണിയനെന്ന നായയുടെയും അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്‍റെയും സ്ഥാനപ്പേരുകള്‍ പരസ്പ്പരം വെച്ചുമാറാവുന്നതാണ്..

 കൈയ്യിലിരിക്കുന്ന കാശ് ഏതുവിധേനെയും തീര്‍ക്കാനുള്ള ഒരു വേദിയായി മാത്രം ആഘോഷങ്ങള്‍ മാറുമ്പോള്‍, ആ ആഘോഷം സമൂഹത്തോട് പറയുന്ന സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.. കാശുകൊടുത്തു പൂവ് വാങ്ങി പൂക്കളമിട്ട്, പരസ്യത്തില്‍ക്കാണുന്ന ഓണക്കൊടികളും ധരിച്ച്  ഗംഭിര ഓണസദ്യയുമുണ്ട്‌... നന്നായി ഉറങ്ങി... പിറ്റേദിവസം  സുഖവിരേചനവും നടത്തി, മൂളിപ്പാട്ടുംപാടി, ഏറ്റുപോരുമ്പോള്‍ ആ ഓണം നല്ലൊരു ശോധന നല്കുന്നതൊഴിച്ചാല്‍  മനസ്സിനു ഓര്‍മ്മകളൊന്നും സമ്മാനിക്കുന്നില്ല... ഓരോ ഓണക്കാലത്തും ആരുടെയെങ്കിലും മുഖത്ത്, സംതൃപ്തിയുടെ ഒരു ചിരിയെങ്കിലും കാണാന്‍ സാധിക്കുന്നവിധത്തില്‍ നമ്മുടെ മനോഭാവങ്ങളില്‍ മാറ്റാംവരുത്താന്‍ കഴിഞ്ഞാല്‍....ഓര്‍മ്മകളിലെ ഓണം വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന സമയങ്ങളില്‍ കള്ളത്തരങ്ങളും പൊളിവചനവും കൂടാതെ മനസ്സിലെ യഥാര്‍ത്ഥമായ  ഓര്‍മ്മകള്‍ത്തന്നെ പറയാന്‍ കഴിയും...

 

Monday, September 16, 2013

പ്രത്യേക ഓണദിനപരിപാടി...നടന്‍റെ വട തീറ്റയും,നടിയുടെ പപ്പടം കാച്ചലും..?


 
വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍
  എല്ലാം വാങ്ങിയിട്ടില്ലോ..? ഇനിയൊന്നും വാങ്ങാനില്ലല്ലോ അല്ലേ..? ..

എന്നാ ഞാന്‍ ക്ലബിലേക്ക്‌ പോകുവാ ..അവിടെ എല്ലാവരും സദ്യവിതരണത്തിന് റെഡിയായി നില്‍ക്കുവാ...

 മാഷേ,,,, ഉണ്ണാന്‍ ആ ജാനുവിനേം പിള്ളേരേം കൂടി വിളിക്കട്ടെ ,,ഓണമല്ലേ

അതിനെന്താ രമണീ,,, വിളിച്ചോളൂ ..ആ കുട്ടികള്‍ക്ക് ഓരോ പുത്തനും വാങ്ങിക്കൊടുത്തോള്ളൂ ,, ഞാന്‍ ഉണ്ണാറാകുമ്പോള്‍ എത്തിക്കോളാം ...

അടുക്കളജോലിക്കാരി ജാനുവിന് ഓണത്തിന് അവധിയാണ് ..ഒരുദിവസം സ്വന്തംവീട്ടിലിരിക്കാമെന്നതൊഴിച്ചാല്‍ രണ്ടുകുട്ടികള്‍ക്കും ജാനുവിനും ഓണവും ചക്രാന്തിയും പ്രത്യേകതകളോന്നും സമ്മാനിക്കുന്നില്ല... അതുകൊണ്ട് വര്‍ഷത്തില്‍ ഒരുദിവസം എല്ലാവര്‍ക്കും ഒപ്പമിരുന്നു മറ്റുള്ളവര്‍ വിളമ്പിക്കൊടുക്കുന്നത് അവരുമൊന്നു കഴിക്കട്ടെ..അതല്ലേ ഓണം.

     എനിക്ക് ഒരോണക്കാലത്ത് മൂന്നു ഓണസദ്യകളാണുള്ളത് ..  ഓണാവധിക്ക് സ്കൂളടയ്ക്കുന്നദിവസം സ്കൂളിലെ കുട്ടികളുമൊത്തുള്ള ഓണസദ്യ .. പൂക്കളമത്സരം, ഓണസദ്യ, തുടര്‍ന്ന്‍ അവരുടെ കലാപരിപാടികളും .. മനോഹരമാണ് എല്ലാം ... കള്ളവും ചതിയും ഇല്ലാത്ത മാലാഖക്കുഞ്ഞുങ്ങളുമൊത്തുള്ള ഓണം ..കുഞ്ഞുമുണ്ടും കൊച്ചു പാവടയുമൊക്കെ അണിഞ്ഞ് കുഞ്ഞുങ്ങളുടെ ഓണം ...

അതുകഴിഞ്ഞാല്‍ ക്ലബിന്‍റെ വക ഓണമാണ് .. അത് ഏതെങ്കിലും അനാഥാലയത്തില്‍ വച്ചാണ് ആഘോഷിക്കുന്നത് .. പുറന്തള്ളപ്പെട്ടവര്‍ക്കും,  ഒറ്റപ്പെട്ടവര്‍ക്കും, അവശതകള്‍ബാധിച്ചവര്‍ക്കുമിടയില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരോണം... ദുഖങ്ങളും, രോഗങ്ങളും, ഒറ്റപ്പെടലും മാത്രം കൂട്ടായിരിക്കുന്നവര്‍ക്കിടയില്‍ ഒരുനേരമെങ്കിലും സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഓണം...

 മൂന്നാമത്തെ ഓണം എന്‍റെ കുടുംബത്തോടോപ്പമാണ്. കളിച്ചും, ചിരിച്ചും, പൂക്കളമിട്ടും, ഊഞ്ഞാലാടിയും ‘കുടുംബം’ എന്നതിനെ ശരിക്കും, ‘കൂടുമ്പോള്‍ ഇമ്പമുള്ള’താക്കിത്തീര്‍ക്കുന്ന ഓണം...

 ഇതൊക്കെ എന്തോണം ?.. ഓണമൊക്കെ പഴയകാലത്ത്.... എന്നുള്ള സ്ഥിരം പല്ലവിയും പറഞ്ഞു എവിടെയെങ്കിലും ചെരിഞ്ഞിരുന്നു മുറുക്കിത്തുപ്പി പരിസരം വൃത്തികേടാക്കുന്ന സ്ഥിരം വേദാന്തക്കാരുടെ ഓണമല്ല ഓണം.... ഇത് ഒത്തുചേരലുകളുടെ ആഘോഷമാണ്. പങ്കു വയ്ക്കലിന്‍റെ  ആഘോഷമാണ് ... എത്ര വലിയവനേയും  എത്ര ചെറിയവനേയും ഒന്നുപോലെയാക്കുന്ന  മലയാളിയുടെ ഓണം...കുടുബത്തോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത എല്ലാ മലയാളികളെയും ഇത്തരണത്തില്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു...

 ക്ലബിന്‍റെ വകയായി  നടത്തിയ സദ്യവിതരണവും കഴിഞ്ഞുവീട്ടിലെത്തി; വീട്ടുകാരോടോത്തു നല്ലൊരു ഓണസദ്യയും കഴിച്ചു, കസേരയില്‍ ആസനസ്ഥനായി..... മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ കുട്ടികള്‍ ആടിത്തിമിര്‍ക്കുന്നു.. പഴയ വഞ്ചിപ്പാട്ടിന്‍റെ  ശീലുകളൊക്കെ പതുക്കെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്...തിത്തിത്താരാ തിത്തെയ് തകതെയ് തോം.... ഇനിയല്‍പ്പം ടീവി കണ്ടുകളയാം.... പ്രത്യേക ഓണദിനപരിപാടികള്‍ തകര്‍ക്കുന്ന ദിവസമാണ്... അന്യംനിന്നു പോകുന്നതൊക്കെ ഇപ്പൊ ടീവി യിലൂടെയാണ് ജീവിക്കുന്നതെന്ന് ഇന്നലെ ഒരു സാംസ്കാരിക നായകന് പറഞ്ഞതേയുള്ളൂ..

 റിമോട്ട് ഞെക്കി ടീവി തുറന്നു.... ഒന്നാം ചാനലില്‍ പ്രമുഖനടിയുടെ ഓണ വിശേഷങ്ങള്‍. ഓണദിവസം അരിയാട്ടി പാലട ഉണ്ടാക്കും.... രാവിലെ കോണാന്‍ ഉടുത്ത് അമ്പലത്തില്‍ പോകും... പിന്നെ ഉച്ചവരേയിരുന്നു ചൊറികുത്തും.. ഉച്ചയ്ക്ക് വേലക്കാര്‍ ഉണ്ടാക്കുന്നത് വെട്ടിവിഴുങ്ങും.. അതിനിടയ്ക്ക് നാല് വളവള ചിരിയും... ശുദ്ധമലയാളത്തെ നാറ്റിക്കുന്ന മലയാലത്തിലുള്ള ഓണവിശേഷങ്ങള്‍ കേട്ടപ്പോഴേ മതിയായി.....   അടുത്ത ചാനല്‍വെച്ചു..അവിടെ മഹാനടന്‍റെ ചെരയ്ക്കലാണ്  ..ഓണം മഹത്തരമാണ്, ചക്കയാണ്, മാങ്ങയാണ്‌ .. ഞാന്‍ അന്നാണ് കുടുബത്തെ കാണുന്നത് .. ചട്ണി എനിക്ക് പ്രിയമാണ് .. എന്നാലും ഇന്നു ഞാന്‍ വടയുടെ കൂടെ സാമ്പാറാണ് കഴിക്കുന്നത്‌..ഭയങ്കരം ഭയങ്കരം...... അടുത്ത ചാനല്‍ വെച്ചു ..അവിടെ പുതുമുഖനായിക പപ്പടം കാച്ചുന്നു.. അവതാരകന്‍ അതെടുത്തു കടിക്കുന്നു, ..സൂപ്പര്‍ എന്നു ആര്‍ത്തുവിളിക്കുന്നു... ഓണക്കോടിക്കിടയിലൂടെ പുറത്തു കാണുന്ന നടിയുടെ പുക്കിളും വയറും കാണാന്‍ പാകത്തില്‍ ക്യാമറ സൂം ആകുന്നു.. കൊള്ളാം കലക്കന്‍ ഓണസദ്യതന്നെ... ദാ പരസ്യംവന്നു..ശ്ശേ കഷ്ടം

 അടുത്ത ചാനല്‍ വെച്ചു.. അവിടെ ഒരുഗ്രന്‍ കോമഡി ഷോയാണ് ..മാവേലി കുടിച്ചു വെളിവില്ലാതെ വാളുവെച്ചു നടക്കുന്നു .. വഴിയില്‍ കണ്ട ചില ലേഡിസ് പ്രജകളെ കയറിപ്പിടിക്കുന്നു, തല്ലുകിട്ടുന്നു ..ഒടുവില്‍ നാട്ടുകാരെല്ലാം കൂടി മാവേലിയെ വസ്ത്രാക്ഷേപം നടത്തി തല്ലി ഓടിക്കുന്നു... ശ്ശൊ കഷ്ടം...... .അടുത്ത ചാനല്‍തുറന്നു അവിടെ ഓണക്കൊടികളുടെ പരസ്യമാണ്... മെഗാസ്റാര്‍ ഒരു വശത്തു സിംഗമായി മുണ്ടുടുപ്പിക്കുന്നു... ചോട്ടാസ്റ്റാര്‍ മറ്റൊരു വശത്ത് ആനയായി മുണ്ടുടുപ്പിക്കുന്നു... ചാത്തിസില്‍ പോയി പുടവ എടുത്താല്‍ ഒരുകൂട് പുട്ടുപൊടി ഫ്രീ എന്നുള്ള അറിയിപ്പ്.... അവസാനം അതുംവന്നു വിശ്വാസം അതല്ലേ എല്ലാം.. ദൈവമേ അടുത്തതിലെങ്കിലും ഒരു നല്ല പരിപാടി കാണണേയെന്നുള്ള ആഗ്രഹത്തോടെ അടുത്ത ചാനലും  ഞെക്കി... അവിടെയതാ ഒരു പ്രമുഖനേതാവിന്‍റെ ഓണസന്ദേശം ..മഹാബലിയുടെ ഭരണം നല്ലതാണ്. അതുപോലുള്ള ഒരു ഭരണമാണ് എന്‍റെ സ്വപ്നം... കള്ളവും ചതിയും ഇല്ലാത്ത ഒരു ഭരണമാണ് എന്നിങ്ങനെ പോകുന്നു... ലോകത്തുള്ള സകല കേസിലും ഇങ്ങേര് ആരോപണവിധേയനാണ് എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കള്ളവും ചതിയും ഇല്ലാത്ത ഓണസന്ദേശം കൊടുക്കുന്നു.. അവന്‍റെ അമ്മേടെ ഒരോണസന്ദേശം..

    അല്ല അറിയാന്‍മേലാഞ്ഞിട്ടു ചോദിക്കുവാ.... ഈ നാട്ടില്‍ സിനിമാക്കാര്‍ക്കും രാഷ്ട്രിയക്കാര്‍ക്കും മാത്രമേ ഓണമുള്ളോ.?.. ഒരു നല്ല പൂക്കളം, ഒരു നല്ല ഓണപ്പാട്ട്, ഒരു നല്ല മാവേലി വിശേഷം, കേരളിയന്‍റെ ഓണാഘോഷത്തിന്‍റെ ഒരു ചെറിയ നേര്‍ക്കാഴ്ചപോലും  ഒരിടത്തുമില്ല ..... വെളുക്കുമ്പോള്‍ തുടങ്ങി  കറക്കുന്നേടംവരെ നടനും നടിയും അരിയാട്ടിയതും, പപ്പടംകാച്ചിയതും, വടയുംസാമ്പാറും കഴിച്ചതുമാണ് മലയാളിയുടെ ഓണവിശേങ്ങളായി നമ്മുടെ അഴകിയ ചാനലുകാര്‍ കാണിക്കുന്നത്. അകമ്പടിയായി ഭൂലോകകള്ളന്മ്മാരുടെ ഓണസന്ദേശങ്ങളും... നമിച്ചു പൊന്നേ.... നമിച്ചു.. എന്‍റെ വാമനോ എന്നെയും കൂടി പാതാളത്തിലേക്ക് ഒന്നുതാഴ്ത്തണേ... അവിടെയിപ്പോഴും മാവേലി ഭരണം തന്നാണല്ലോ അല്ലേ...

      സത്യത്തില്‍ ഈ വാമനന്‍ എന്നാ പണിയാ കാണിച്ചത്‌; ഐശര്യപൂര്‍ണ്ണമായ ഭരണംനടത്തിയ മാവേലിയെ അങ്ങേര് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി...എന്തിനു വേണ്ടി.?..ആര്‍ക്കു വേണ്ടി.??. ദേ ഇപ്പൊ നാടിനെ കട്ടുമുടിച്ചവനെയും, കള്ളുവാറ്റിയവനെയും, പെണ്ണു പിടിച്ചവനെയുമൊക്കെ ചവിട്ടിത്താഴ്ത്താന്‍ ആരുമില്ലാത്ത ഒരോണം.... എന്‍റെ വിഷ്ണുഭഗവാനേ അങ്ങ് വാമനനായി അവതരിക്കേണ്ട സമയം ഇപ്പോഴാണ്. അടുത്ത ഓണത്തിനെങ്കിലും അങ്ങ് ഈ അലവലാതികളെയൊക്കെ പാതാളത്തിലേക്ക് ചവിട്ടണമേ .. പകരം കേരളഭരണം വീണ്ടും മാവേലിയ ഏല്പ്പിക്കണമേ... ടീവി ഓഫ്‌ ചെയ്തു.....  ചാരുകസേരയില്‍ അമര്‍ന്നിരുന്ന് റേഡിയോ  ഓണ്‍ ചെയ്തു ... അതാ ആ പഴയ പാട്ട്..... മാവേലി നാടു വാണീടും കാലം... മാനുഷേരെല്ലാരു ഒന്നുപോലെ .. കള്ളവുമില്ല ..ചതിയുമില്ല.........  സുഖകരമായ ചെറുകാറ്റിനൊപ്പം ഒരുറക്കവും പതുക്കെ കടന്നുവരുന്നു ............എല്ലാവര്‍ക്കും ഓണാശംസകള്‍...

Friday, September 13, 2013

റിപ്പര്‍ ജയാനന്ദന്‍ കേരളംകണ്ട മഹാനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്...


 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  റിപ്പര്‍ജയാനന്ദന്‍ ജയിലുചാടിയ വാര്‍ത്തയറിഞ്ഞതില്‍പ്പിന്നെ വായനശാലയിലെ വൈകുന്നേരവായനയും,കാരംസുകളിയും നിറുത്തലാക്കി. മെഴുകുതിരിവെട്ടത്തില്‍ വീടുപിടിക്കുന്ന പഴയശീലമെല്ലാം ഉരുകിത്തീര്‍ന്നു. ഇരുട്ടുവീഴുന്നതിനുമുന്‍പേ വീടുപിടിക്കും. ഇരുട്ടുവീണാല്‍ ചുറ്റിലും  നാലാളുടെ അകമ്പടിവേണം അല്ലെങ്കില്‍ ഓട്ടോകൂട്ടിയേ സഞ്ചരിക്കൂ.. ധൈര്യം വളരെ കൂടുതലായതുകൊണ്ടാണ്‌ ഇങ്ങനെയൊരു തീരുമാനമെടുത്തത്.. വീടിനു പുറത്തുവെച്ചിരുന്ന കമ്പി ,പാര ,കൂടം, ചുറ്റിക ,കൊടുവാള്‍ എന്നിങ്ങനെയുള്ള എല്ലാ ഇരുമ്പുസാമാനങ്ങളും വീടിനകത്തേയ്ക്ക് മാറ്റി. ഫ്യൂസടിച്ചുപോയ എല്ലാ ബള്‍ബുകളും മാറ്റി പുതിയത് പിടിപ്പിച്ചു. രാത്രിയിലെ കിടപ്പ് കൊച്ചുപിച്ചടക്കമെല്ലാം ഒരു മുറിയിലേക്ക് മാറ്റി...  രണ്ടു എമര്‍ജന്‍സി ലൈറ്റുകള്‍ ഫുള്‍ ചാര്‍ജില്‍..... ഒന്നു കട്ടിലിനടിയില്‍ മറ്റൊന്ന് മേശപ്പുറത്തും സദാനേരവും പ്രവര്‍ത്തനക്ഷമമായിത്തന്നെ  സ്ഥാപിച്ചു... ബെഡ് സ്വിച്ചിന്‍റെ  കേബിള്‍, കൃത്യം തലയ്ക്കുനേരെതന്നെ തൂക്കിയിട്ടു. ഇതിനൊക്കെ പുറമേ തലയണക്കടിയില്‍, രമണിയും കുട്ടികളുമറിയാതെ നല്ലൊരു വെട്ടുകത്തിയും സൂക്ഷിച്ചിരുന്നു... ഒരു കുടുംബം നടത്തിക്കൊണ്ടുപോകാന്‍ എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കണം ഭഗവാനേ... റിപ്പറെ പിടിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോളാണ് ആശ്വാസമായത്... ദീര്‍ഘയാത്രകഴിഞ്ഞു മൂത്രമൊഴിക്കാന്‍ നോക്കുമ്പോള്‍ മൂത്രംപോകാനുള്ളവിഷമം കുറേനേരം തട്ടിയുംമുട്ടിയും തീര്‍ക്കുമ്പോള്‍ സുഖകരമായാ ഒരു പോക്കുണ്ട്,,, എന്തൊരു സുഖം. അതേ സുഖമാണ് ഈ വാര്‍ത്ത കേട്ടപ്പോഴും തോന്നിയത്.. നന്നായി ഉറങ്ങിയിട്ട് കുറച്ചായി.... ഇടയ്ക്കിടെ ഞെട്ടിയെണീക്കല്‍..... തെങ്ങേന്നു മച്ചിങ്ങാവീണാലും, കമുകേന്നു പാളവീണാലും, മച്ചിലൂടെ എലി ഓടിയാലും.. എല്ലാം നമ്മുടെ നെഞ്ചിനകത്താണ് വിഷമം... അതിപ്പോ തീര്‍ന്നുകിട്ടി... പ്രമേഹത്തിന്‍റെ ആക്രമണം അസാരമുണ്ടായിട്ടും രണ്ടുലഡുവും ഒരുകഷണം ഹലുവായും കഴിച്ചാണ് ആ സുഖം ആഘോഷിച്ചത്..

 എന്നാല്‍ റിപ്പറദ്യേം, അദേഹത്തിന്‍റെ  ഒളിവിലെ ഓര്‍മ്മകള്‍ പോലീസിനോട് പറയുന്നത് കണ്ടപ്പോള്‍ വിഷമംതോന്നി; അയ്യോപാവം... കാറ്റുപോയ സൈക്കളുമായി പഞ്ചറൊട്ടിക്കാന്‍ പോയപ്പോള്‍ പോലിസ് അദേഹത്തെ വേട്ടയാടിപ്പിടിച്ചു കളഞ്ഞു. അദേഹം ജയിലുചാടിയത് മറ്റൊന്നുംകൊണ്ടല്ല തന്‍റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനായിരുന്നു... പുറത്ത് എന്തെല്ലാം സമരങ്ങള്‍ നടക്കുന്നു; അകത്തിരുന്നു അതിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമംനിമിത്തമാണ് അദ്യേം, വാഴയ്ക്ക് കൊടുത്തിരുന്ന ഊന്നുകാലിളക്കി മതിലേല്‍ച്ചാരി പുറത്തുചാടിയത്‌... അതിന്‍റെ പ്രതികാരമെന്നോണം അധികൃതര്‍ ജയില്‍വളപ്പിലെ കുലച്ചതും അല്ലാത്തതുമായ സകല വാഴകളും വെട്ടിനിരത്തി..ശാന്തം പാപം.

 മതിലുചാടിയ റിപ്പറുസ്വാമിയേത്തേടി പോലിസ്, കാശിക്കും,മധുരയ്ക്കും,  പളനിക്കും,വാരണാസിയ്ക്കുമൊക്കെയാണ് പോയത്. അവരുകരുതി  അങ്ങേര് മനംമാറ്റംവന്നു ഭജനയിരിക്കാനുംമറ്റും വല്ല പുണ്യസ്ഥലങ്ങളിലേക്കും  പോയിക്കാണുമെന്ന്... എന്നാല്‍ അദേഹമിവിടെ പൊതുജനസമരങ്ങളില്‍ കര്‍മ്മനിരതനാവുകയാണ് ചെയ്തത്.. സി.പി.എം ന്‍റെ രാപകല്‍ സമരത്തില്‍ പങ്കെടുത്തു. ബി.ജെ.പി യുടെ ടോള്‍ പിരിവ് വിരുദ്ധസമരത്തില്‍ പങ്കെടുത്തു... തൃശൂരുനടന്ന സകല സാംസ്‌കാരിക പരിപാടിയും അങ്ങേരു പങ്കെടുത്തു... ചില മന്ത്രിമാരുടെ സ്വീകരണ പരിപാടിയിലും പങ്കെടുത്തുവെന്നു പറയുന്നു.. അതിനിടെ സമയം കണ്ടെത്തി ഏതൊക്കെയോ  സിനിമകളിലും മുഖംകാണിച്ചു.. ഏതോ വമ്പന്‍ ക്ലബിന്‍റെ പരിപാടിയിലും ഇദേഹം പങ്കെടുത്തുവത്രേ..... ഇങ്ങനെ സന്നദ്ധസാംസ്കാരിക സേവനവുമായി ശിഷ്ടകാലം കഴിക്കാമെന്ന് കരുതിയപ്പോഴാണ് പോലിസ് പിടിച്ചത്.... ഇനിയിപ്പോ കോടതി വെറുതെവിട്ടാലും പണിയെടുത്തു  ജീവിക്കാമെന്ന് തോന്നുന്നില്ല. മര്‍മ്മവും മര്‍മ്മാണിയുമെല്ലാം പോലീസുകാര്‍ പൂരാടമാക്കിയിട്ടുണ്ടാകും.. ഏതൊക്കെ ഇന്ദ്രിയങ്ങള്‍ ഇനി ബാക്കിയുണ്ടെന്ന് പരിശോധനവേണ്ടിവരും, അപ്പോപിന്നെ നാലഞ്ചുസമരങ്ങളില്‍ പങ്കെടുത്ത രേഖയുണ്ടേല്‍ ധൈര്യമായി സ്വാതന്ത്ര്യസമരപ്പെന്ഷന് അപേക്ഷിക്കാമെന്നു മൂപ്പര് കരുതിക്കാണും...

 ഇപ്പോള്‍ മാനസാന്തരം വരുന്നവരെയൊക്കെ വെറുതെവിടുന്ന കാലമാണ്.. ഓടുന്ന ട്രെയിനില്‍വെച്ചു ഒരു യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ദിവ്യന് ഈ അടുത്തകാലത്ത് മാനസാന്തരം വന്നിരുന്നു... അദേഹത്തെ വിട്ടയക്കാന്‍ ധരണയായിട്ടുണ്ട്.. കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാര്‍ക്ക് ഇതില്‍ എതിര്‍പ്പില്ലായെന്നതാണ് ഈ വിടുതലിനു ഒരുകാരണം... ഇവിടെ ജയാനന്ദന്‍സാര്‍ കുറേ മുന്പ് ചില ദുര്‍ബലനിമിഷങ്ങളില്‍ ചില്ലറ ആള്‍ക്കാരെ കൊന്നതൊഴിച്ചാല്‍ അല്ലറചില്ലറ മോഷണം മാത്രമേ നടത്തിയിട്ടുള്ളൂ.. അതൊരു തെറ്റാണോ..? കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കളാരും പരാതിപറയാന്‍ ഇടയില്ല.. കാരണം എല്ലാവരെയും അടച്ചാണ് തീര്‍ത്തിരിക്കുന്നത്..... സമയമാകുമ്പോള്‍ എല്ലാവരും മരിക്കും അതാണല്ലോ പരമമായ സത്യം... അതിനൊരു നിമിത്തംവേണം......ഓണം വരാനൊരു മൂലം വേണമെന്ന് പറഞ്ഞപോലെ....ഒരുനിമിത്തം..... അങ്ങനെ സമയമായ ആളുകളുടെ അടുക്കലേക്ക്  ദൈവനിശ്ചയപ്രകാരം വിസയും റെഡിയാക്കി കാലന്‍ എത്തുന്നു.. പക്ഷെ അവരൊന്നും കൂടെപ്പോകാന്‍ തയ്യാറല്ല; കാലന്‍ എന്തുചെയ്യും... അപ്പോഴാണ്‌ ആ വഴി തേങ്ങാപൊതിക്കാന്‍ പാരയുമായി പോയ ജയാനന്ദനെകാണുന്നത്... ഇവരെയൊന്നു കൊന്നുതരാമോയെന്ന കാലന്‍റെ,  അപേക്ഷമാനിച്ചാണ് ജയാനന്ദന്‍ കൃത്യങ്ങള്‍ നടത്തിയത്... അങ്ങനെ കാലന്‍ ആത്മാക്കളെയും കൊണ്ടുപോയി ..തേങ്ങാപൊതിക്കാന്‍ പാരയുമായിപ്പോയ ജയാനന്ദന്‍ കുറ്റക്കാരനുമായി...ഇതെല്ലേ സത്യം.. ഇവിടെ ആരാണ് യഥാര്‍ത്ഥകുറ്റവാളി..? ഈ കേസുകളില്‍ കാലനെ ഹാജരാക്കാന്‍ പോലീസിനു കഴിയാത്ത സാഹചര്യത്തില്‍ വെറുമൊരു നിമിത്തംമാത്രമായ റിപ്പറിനെ വെറുതെവിടെണ്ടേ... ഇതിനിടയില്‍ അദേഹത്തിന് മാനസാന്തരം വന്നുവെന്നകാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.. സംശയം ഉണ്ടെങ്കില്‍ അദേഹത്തോട് ചോദിച്ചുനോക്കു.. പറഞ്ഞു തരും.. ഒരിക്കല്‍ മാനസാന്തരം വന്നാല്‍പിന്നെ പേടിക്കാനേയില്ല... അതുകൊണ്ട് ജയാനന്ദനേയും ഉടനെ മോചിപ്പിക്കണം.... ഇതിപ്പോ,,,, ചാട്ടം, പിടുത്തം ,വാഴവെട്ടു, സസ്പെന്‍ഷന്‍, അന്വേഷണം, പുനര്‍അന്വേഷണം, കോടതി, കേസ്, ജയില്  എന്തൊരു തോന്തരവാണ്.. നാട്ടുകാര്‍ക്ക് കിടന്നുറങ്ങാനും കഴിയുന്നില്ല. എപ്പോഴാ തലക്കടിവീഴുന്നതെന്ന്‍ എങ്ങനെ പറയാന്‍ കഴിയും... അതുകൊണ്ട് റിപ്പര്‍ ജയാനന്ദനെ പൊതുജനസമക്ഷത്തിലോ മാധ്യമങ്ങള്‍ക്കു മുന്നിലോ കൊണ്ടുവന്ന്‍ .. മാനസാന്തരംവന്നതായി ഒരു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണം.. അതിന്‍റെ അടിസ്ഥാനത്തില്‍ ടിയാനെ വെറുതെവിടണം... ഒന്നുരണ്ടു സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലൊക്കെ പങ്കെടുത്ത സ്ഥിതിക്ക് ഏതെങ്കിലും പെന്‍ഷനും തരപ്പെടുത്തികൊടുക്കണമെന്നു അപേക്ഷിക്കുന്നു.. വെറുതെ കള്ളനും പോലീസും കളിച്ചു സമയം കളയണ്ടല്ലോയെന്നു കരുതി പറഞ്ഞതാണ്‌...അതിലും ഭേദം ടോം ആന്‍ഡ്‌ ജെറി കാണുന്നതാണ്...

 ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയാണ് റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ.പി. ജയാനന്ദൻ. 2003 സെപ്റ്റംബറിൽ തൃശൂര്‍ മാളയിലുള്ള  ജോസിന്‍റെ  വീട്ടിൽ മോഷണം നടത്തുകയും അയാളെ തലയ്ക്കടിക്കുകയും ചെയ്തിരുന്നു. 2004 മാർച്ചിൽ മാളയില്‍ത്തന്നെയുള്ള 51 കാരിയായ നബീസ, 23 കാരിയായ ഫൗസിയ, എന്നിവരെ  ജയാനന്ദൻ കൊലപ്പെടുത്തിയിരുന്നു. 2004 ഒക്റ്റോബറിൽ സഹദേവൻ (64) ഭാര്യ നിർമല (58) എന്നിവരെ മതിലകം പെരിഞ്ഞനത്തുവച്ച് കൊല ചെയ്യുകയും 11 പവൻ സ്വർണ്ണാഭരണം മോഷ്ടിക്കുകയും ചെയ്തിരുന്നു. 2005 മേയ്‌ അഞ്ചിനു രാത്രി 2.30-ന് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന അറുപതു വയസ്സുകാരിയായ ഏലിക്കുട്ടിയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് കൊന്നു. 2005 ഓഗസ്റ്റിൽ വടക്കൻ പറവൂരിലെ ബിവറേജസ് കോർപ്പറേഷൻ കടയുടെ വാച്ച്മാനായ സുഭാഷകനെ കൊലപ്പെടുത്തുകയുണ്ടായി.... 2006 ഒക്റ്റോബർ 2-ന് നടന്ന പുത്തൻവേലിക്കര ബേബി എന്നയാളെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ജയാനന്ദൻ ബേബിയുടെ ഇടതുകൈപ്പത്തി വെട്ടിമാറ്റുകയും ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു..ഇത്രയുമാണ് ജയാനന്ദന്‍ നടത്തിയ കൊലപാതകങ്ങള്‍ ...മോഷണങ്ങളും കവര്‍ച്ചകളും വേറെ കിടക്കുന്നു... ഇപ്പോള്‍ നടത്തിയതടക്കം മൂന്നുപ്രാവശ്യം  ജയില്‍ ചാടിയിട്ടുണ്ട്‌...... എങ്ങനുണ്ട് ആളു മിടുക്കനല്ലേ..? ജയിലില്‍ ജയാനന്ദന്‍ ശക്തമായ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്...വേണം വേണം ആള് കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട ആളാണ്‌.... ആള്‍ക്ക് വല്ലതും സംഭവിച്ചു പോയാല്‍ അമേരിക്കയടക്കം ലോകരാഷ്ട്രങ്ങള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ട്..............

 ഇവിടെ ഉയരുന്ന ഒരുസംശയം ഈ കുറ്റവാളി നിയമത്തിന്‍റെ കാസ്റ്റ്ഡിയിലി രിക്കെ  ഇനിയൊരു ജയില്‍ച്ചാട്ടംനടത്തി കവര്‍ച്ചയോ കൊലപാതകമോ നടത്തിയാല്‍ ആരായിരിക്കും അതിനുത്തരവാദി..? ഒരു കുറ്റവാളിക്ക് ശിക്ഷ വിധിക്കുമ്പോള്‍ ആത്യന്തികമായി മൂന്നുകാര്യങ്ങളാണ്‌ നടക്കുന്നത്...1 കുറ്റകൃത്യത്തിനുള്ള ശിക്ഷയും, മേലില്‍ ഇതു ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും, 2കുറ്റകൃത്യത്തിനു ഇരകളാകേണ്ടിവന്നര്‍ക്ക് നല്‍കപ്പെടുന്ന നീതി  ,3 കുറ്റം ചെയ്താല്‍ ഇങ്ങനെ ശിക്ഷിക്കപ്പെടാമെന്നാ പൊതുസമൂഹത്തിനുള്ള താക്കിതും; കുറ്റകൃത്യങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പും...........  ഇവിടെയാണ്‌ സംശയം ഉദിക്കുന്നത് .ഈ റിപ്പറുടെ കാര്യത്തില്‍ ഇതില്‍ ഏതെങ്കിലും കാര്യത്തിനു കൃത്യമായി അര്‍ഹിക്കുന്ന രീതിയില്‍ നീതി നടപ്പാക്കിയോ..???? കുറഞ്ഞപക്ഷം ഇരകള്‍ക്കെങ്കിലും നീതി ലഭിച്ചോ???........................