**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 31, 2012

ഞരമ്പുരോഗത്തിന് സുനന്ദയുടെമരുന്ന്...........


   
  ഞരമ്പുദീനമുള്ള ഏതോ പാര്‍ട്ടി പ്രവര്‍ത്തകനെ കരണത്തടി എന്ന്‍ ഒറ്റമൂലി പ്രയോഗത്താല്‍സുഖപ്പെടുത്തി മന്ത്രിപത്നി ജനശ്രദ്ധ നേടിയിരിക്കുന്നു. മന്ത്രിസ്ഥാനം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്വികരണത്തിനിടയിലാണ്; ഏതോ പ്രവര്‍ത്തകന്‍ ഞരമ്പ്‌ വികാരത്തിന് അടിമപ്പെട്ടത്‌. അപ്പോഴേ മാഡം മരുന്നും കൊടുത്തു. സൌഖ്യപ്പെട്ട പ്രവര്‍ത്തകന്‍ പിന്നിട് സാക്ഷ്യം പറയാന്‍  പ്രത്യക്ഷപ്പെട്ടു കണ്ടില്ല. കണ്ടിരുന്നുവെങ്കില്‍ മാഡത്തിന്‍റെ മരുന്നിന്‍റെ പ്രവര്‍ത്തനം നേരിട്ട് കാണാമായിരുന്നു. പ്രവര്‍ത്തകന്‍റെ ഈ പ്രകടനത്തെക്കുറിച്ച് മാഡത്തിന്‍റെ ഭര്‍ത്താവായ മന്ത്രിയോ, മന്ത്രിയുടെ പാര്‍ട്ടിയോ പ്രതികരിച്ചു കണ്ടില്ല.,ഏതായാലും പാര്‍ട്ടിസെക്രട്ടറി ഈ വിഷയം ഗൌരവമായി എടുത്തിട്ടുണ്ട്. മറ്റു ജനകിയ പ്രശ്നങ്ങളിലൊന്നും മിണ്ടാതിരുന്ന പാര്‍ട്ടി സെക്രട്ടറി ഈ വിഷയത്തില്‍ പെട്ടന്ന് ഇടപെട്ടത് സംശയം ജനിപ്പിക്കുന്നു. വൃന്ദ കാരാട്ടിന് പകരം ഇനി സുനന്ദാ പുഷ്കര്‍ വരുമോ??? ..ഒരു സംശയം. സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ ഇത്തരം വിഷയങ്ങളില്‍ അടിമരുന്ന് കൊടുക്കാറില്ല.അവിടെ ചര്‍ച്ച ചെയ്താണ് പ്രശ്നം തീര്‍ക്കുന്നത്. ചര്‍ച്ചയാണെങ്കില്‍ PWD യുടെ  കലുങ്ക് പണിപോലെയാണ്.എപ്പോ തീരും എന്നകാര്യത്തില്‍ ഒരു ഉറപ്പും കിട്ടില്ല.സുനന്ദാമാഡവുമായി ഈ അടി മരുന്നിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണെങ്കില്‍ വനിതാസഖാക്കള്‍ക്ക് ഉപകാരപ്പെടും. ഈ കാശ്മീരി മരുന്നിലൊന്നും വല്യകാര്യമില്ലായെന്നാണ് കണ്ണൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അവിടെ മാറഡോണയുമായി കിസ്സിക്കളിച്ച കേരളിയസ്ത്രിത്വത്തിന്‍റെ പുതിയഅവതാരം; കളികഴിഞ്ഞു പുറത്തെക്കിറങ്ങിയപ്പോള്‍ കിസ്സാന്‍ ശ്രമിച്ച എമ്പോക്കികളുടെ  കരണക്കുറ്റിക്ക് കൊടുത്തുവെന്നാണു പറയുന്നത്. വേഗത്തിലുള്ള ആക്ക്ഷന്‍ ഞരമ്പുരോഗത്തെ ഒരു പരിധിവരെ സുഖപ്പെടുത്തുന്നതിനാല്‍ ഈ മരുന്ന് സ്ത്രികള്‍ക്ക് പരക്കെ പ്രയോഗിക്കാവുന്നതാണ്. ഇതിന്‍റെ ഫലപ്രാപ്തിയ്ക്ക് പൊതു അംഗികാരം  വേഗത്തില്‍ കിട്ടണമെങ്കില്‍ പ്രയോഗിച്ച ആളെ നാലാളറിയണമെന്നു മാത്രം. അല്ലെങ്കില്‍ ചിലപ്പോള്‍ വിപരീത ഫലമായിരിക്കും കിട്ടുക.

 തെക്കേവീട്ടില്‍ തങ്കമണിയുടെ ഇളയപുത്രി വിലാസിനിയുടെ; കൈയ്യില്‍ കടന്നുപിടിച്ച കറവക്കാരന്‍വാസുവിന്‍റെ ചെകിട്ടത്തടിച്ചുതന്നെയാണ് വിലാസിനി പ്രതികരിച്ചത്. എന്നാല്‍ നാട്ടുകാരും പൌരപ്രമുഖരും നോട്ടിസ് ഇറക്കി. നാടിന്‍റെ പൊതുകറവക്കാരന്‍റെ കരണത്തടിച്ചത് ശരിയായില്ല പോലും. കെട്ടിച്ചുവിടേണ്ടപെണ്ണല്ലേ ഒരു ആണിന്‍റെ കാരണത്തടിക്കാമോയെന്നു മറ്റൊരു കൂട്ടര്‍ .ഇതേ.... കരണത്തടി സുനന്ദയും, രഞ്ജിനിയും നടത്തിയപ്പോള്‍ അവര്‍ താരമായി. നാട്ടിന്പുറത്തുകാരി വിലാസിനി ചെയ്തപ്പോള്‍ അത് പാപമായി.വല്ലാത്തൊരു ജനറേഷന്‍ ഗ്യാപ് തന്നെ.. കെട്ടിച്ചുവിടാനോ,കെട്ടാനോ താല്പര്യമില്ലാത്തവരും,എത്രകെട്ടിയാലും, ആരെ കെട്ടിയാലും കുഴപ്പമില്ലത്തവരും തല്ലി തരിപ്പ് തീര്‍ക്കട്ടെ.   അതുകൊണ്ട് തല്ലുകൊടുമ്പോള്‍  ആളെ നോക്കി തല്ലുക. ഇമ്മണിവല്യ കറവക്കാരെനെയൊന്നും കേറി തല്ലിയേക്കരുത്. തല്ലുകൊടുത്തിട്ടുള്ള പുലികള്‍ പലരും ആളുംതരവും നോക്കിയാണ് തല്ലിയിരിക്കുന്നത്. പറയുമ്പോള്‍ എല്ലാം പാറയണമല്ലോ.

 ഏതായാലും പാര്‍ട്ടിപ്രവര്‍ത്തകരുടെ ആഘോഷവേളകള്‍ ഉന്‍മേഷകരമാക്കാന്‍ ഇത്തരത്തിലുള്ള അടിപ്രയോഗങ്ങള്‍ നല്ലതാണ്.തന്‍റെ പ്രവര്‍ത്തനം ഇനി യുവാക്കള്‍ക്കുവേണ്ടിയായിരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം; ഉടനെതന്നെ നടപ്പില്‍വരത്തിയ മന്ത്രിപത്നിയ്ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു. തുടര്‍ന്നുനടന്ന സ്വീകരണ പൊതുയോഗത്തില്‍നിന്നു സുനന്ദപുഷ്കര്‍ വിട്ടുനിന്നതായി പറയുന്നു. അസുഖത്തിനുള്ള മരുന്ന് അപ്പോള്‍തന്നെ കൊടുത്താല്‍ വിട്ടുനില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. പ്രവര്‍ത്തകര്‍ പിന്നെയതുനോക്കി പെരുമാറിക്കോളും. ഇത്തരം കാര്യങ്ങളില്‍ മുന്‍കാല ചരിത്രമുള്ള ഏതെങ്കിലും പ്രവര്‍ത്തകനായിരിക്കണം ഇത്തരത്തിലുള്ള ‘പുഷ്പുള്‍’ നടത്തിയത്.  സാരമില്ല ഈ അടിയോടുകൂടി ഈ രോഗമുള്ള  എല്ലാവര്ക്കും അത് മാറിക്കാണും.കൊടുക്കുമ്പോള്‍ ഒരാഴ്ചയെങ്കിലും അടയാളം കരണത്തു കിടക്കണം.നാട്ടുകാരും വീട്ടുകാരും അടയാളം കണ്ടു കാര്യം അറിയണം.  എന്നാലേ സമാന രോഗമുള്ള എല്ലാ രോഗികള്‍ക്കും   ഇതൊരു പാഠമാകൂ..    പിന്നെ ദുബായ്‌റോഡില്‍ വെച്ച് പണ്ടെങ്ങാനും കണ്ട ലോഹ്യത്തില്‍ ഒന്നു കൈവീശി കാണിച്ചാല് തെറ്റിദ്ധരിച്ച് തല്ലരുതേയെന്നു ഒരു അപേക്ഷയുണ്ട്.

 മാറഡോണയുടെ കെട്ടിപ്പിടുത്തവും, കിസ്സുമിസുമെല്ലാം കണ്ടു കലിപ്പ് കയറിയ ഞരമ്പുകള്‍;  കണ്ണൂരില്‍ രഞ്ജിനിചേച്ചിയെ അള്ളിയപ്പോഴും ഇങ്ങനെയൊക്കെ കരുതിക്കാണും. ആയിരങ്ങള്‍ സാക്ഷിയാക്കി ഒരുത്തന്‍ കേറി അള്ളുമ്പോള്‍ മന്ത്രിയടക്കം കണ്ടുനിന്നവരെല്ലാം കൈയ്യടിക്കുന്നു. മാഡത്തിന്‍റെ മുഖത്താണേല്‍ സ്വര്‍ഗ്ഗംകിട്ടിയ പ്രതീതി. അപ്പൊപിന്നെ അടുത്ത് കിട്ടുമ്പോള്‍ ഒന്ന് തൊട്ടു നോക്കിയാല്‍ എന്താ കുഴപ്പം; അങ്ങനെപറ്റിപ്പോയതാണ്.തൊട്ടതേ ഓര്‍മയുള്ളൂ അടി അപ്പോള്‍ത്തന്നെ കിട്ടിയതുകൊണ്ട് ഒന്നും പറയേണ്ടി വന്നില്ല. വേഗം സ്ഥലംകാലിയാക്കി. വെറുതെ തൊണ്ടകീറി ജയ് വിളിച്ചത് മിച്ചം. ഇതൊക്കെ എല്ലാവര്ക്കും പറഞ്ഞിട്ടില്ല മക്കളെ. അതിനൊക്കെ മറഡോണയായി തന്നെ ജനിക്കണം.നാട്ടില്‍ പെണ്കൊടികളുടെ പിറകെ വെള്ളമിറക്കി നടക്കുന്ന പൂവാലന്മാര്‍ജാഗ്രതെ...... ഇനി അടിയുടെ നാളുകളാണ് നിങ്ങള്‍ക്കായി  വരാന്‍പോകുന്നത്. പെണ്‍കുട്ടികളേ നിങ്ങള്‍  നടയടി തുടങ്ങിക്കോളൂ....ഒന്ന് മാത്രം ശ്രദ്ധിക്കണം. നാട്ടുകാരും,പത്രക്കാരും ,ടിവിക്കാരുമൊക്കെ നോക്കിനില്‍ക്കുമ്പോഴേ അടി നടത്താവു.അല്ലെങ്കില്‍ ശേഷം സ്ക്രിനീല്‍ കാണാം...

 പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളണമെന്നു നേതാക്കന്‍മ്മരെല്ലാം നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നതാണ്. നിനച്ചിരിക്കാതെ നിധികിട്ടിയപോലെ മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ ശശിയണ്ണന്‍ എല്ലാം മറന്നു പോയി. കുടുംബവുമായിച്ചേര്‍ന്ന് ആഘോഷിച്ചേക്കാമെന്നു കരുതി. കുടുംബത്തില്‍പ്പിറന്ന ആരെങ്കിലും ചെയ്യുന്ന പണിയാണോ അണ്ണന്‍ ചെയ്തത്. കേരളത്തില്‍ അത്ര പരിചയം ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്. ഇക്കാര്യത്തില്‍ മുന്‍പരിചയമുള്ള നമ്മുടെ നേതാക്കളോട് അഭിപ്രായം ചോദിക്കുനത് നന്നായിരിക്കും. ഭാര്യയേയും കൂട്ടിയുള്ള ആഘോഷങ്ങളൊന്നും അവരാരും ഇന്നുവരെ നടത്തിയിട്ടില്ല. പ്രവര്‍ത്തകരുടെ വികാരത്തെപ്പറ്റി അവര്‍ക്കെല്ലാം നന്നായിയറിയാം. പ്രവര്‍ത്തകരുടെമേല്‍ മാത്രമല്ല നേതാക്കന്‍മാരുടെ മേലും ഇക്കാര്യത്തില്‍ ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ സൂക്ഷിച്ചാല്‍ പിന്നിട് ദുഖിക്കേണ്ട. പണ്ടത്തെ പുലികളൊക്കെ കൂടുംപൊളിച്ച് വേട്ടയ്ക്ക് ഇറങ്ങിയിട്ടുണ്ട്.ജാഗ്രതെ......... വെറുതെയിരിക്കുമ്പോള്‍ പഴയ പത്രങ്ങളൊക്കെ മറിച്ചുനോക്കിയാല്‍ മതി വിവരങ്ങളൊക്കെ അവിടെ കിട്ടും.

 ‘അടിവേഗം കരണത്ത്‌, എന്ന ഈ പരിപാടി എന്തായാലും ഞരമ്പ്‌ ദീനക്കാര്‍ക്കുള്ള ഒരു ഉത്തമ ഒറ്റമൂലിയാണ്. കേരളത്തിലെ എല്ലാ സ്ത്രീജനങ്ങളും ഇന്ദുലേഖ തേയ്ക്കുന്നതിനേക്കാള്‍ അത്യാവശ്യമായി ഉപയോഗിക്കേണ്ട ഒരു മരുന്നാണിത്.ആ മരുന്ന് പ്രയോഗിച്ചു കാണിച്ച സുനന്ദാമാഡത്തിനും രഞ്ജിനിചേച്ചിക്കും ഞരമ്പുരോഗവിരുദ്ധ മുന്നണിയുടെ അഭിവാദ്യങ്ങള്‍. നമ്മുടെ കേരളത്തില്‍ സ്ത്രീജനങ്ങള്‍ ശരീരരക്ഷയ്ക്ക് ചവനപ്രാശ്യമല്ല; അടിമരുന്നാണ് ഉപയോഗിക്കേണ്ടത്....

Tuesday, October 30, 2012

ചെമ്മണ്ണൂര്‍ മറഡോണ....


 
ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോമറഡോണ കേരളത്തില്‍വന്നതിനെത്തുടര്‍ന്ന് ഫുട്‌ബോള്‍പ്രേമികള്‍ ആനന്ദത്തില്‍ ആറാടിയിരിക്കുന്നു.നന്നായി; ആനന്ദത്തിനു തീരെ വകയില്ലാത്ത നമ്മുടെ ഫുട്‌ബോള്‍പ്രേമികള്‍ അങ്ങനെയെങ്കിലും ആശ്വാസം കൊള്ളട്ടെ. മാറഡോണയുടെ വരവിനെത്തുടര്‍ന്ന് കേരളിയ ഫുട്‌ബോളിനു ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായാലത് നല്ലകാര്യം തന്നെയാണ്.എന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍അസോസിയേഷനൊ, സ്പോര്‍ട്സ്‌വകുപ്പിനോ, നമ്മുടെ ഫുട്‌ബോളിന്‍റെ വളര്‍ച്ചയ്ക്കോ താരത്തിന്‍റെ ഈ വരവുമായി വല്ല ബന്ധവുമുണ്ടോ എന്ന് തിരക്കുമ്പോഴാണ് കഥയുടെ മറ്റൊരുവശം വെളിപ്പെടുന്നത്. ഒരു സ്വകാര്യവ്യക്തിയുടെ വളരെ ഭംഗിയായ ബിസിനസ് പരസ്യതന്ത്രത്തിന്‍റെ ഭാഗമായിരുന്നു; മറഡോണയുടെ കേരള സന്ദര്‍ശനം.ഒരു സ്വകാര്യവ്യക്തിയുടെ സ്വര്‍ണ്ണകടയുല്ഘാടനത്തിനു വന്നതാണ് താരം. അല്ലാതെ ഇവിടെ ഫുട്ബോള്‍വളര്‍ത്താനോ, കളിക്കാരെ കാണാനോ, ഫുട്ബോളുമായി ബന്ധപ്പെട്ട ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനോ വന്നതല്ല. അറിഞ്ഞോ അറിയാതയോ സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളും സ്വര്‍ണ്ണക്കടക്കാരന്‍റെ പരസ്യതന്ത്രത്തില്‍ വീണുപോയി എന്നുള്ളതാണ് വാസ്തവം.


 മന്ത്രിമാര്‍ അടക്കമുള്ള നേതാക്കന്മ്മാര്‍ പൊതുപരിപാടികള്‍ മാറ്റിവെച്ച് താരത്തിന് ചുറ്റുംകൂടി പടം പിടിച്ചു രസിച്ചു. കണ്ണൂരിന്‍റെ എം എല്‍ എ പരിപാടിയെക്കുറിച്ച് തല്‍സമയസംപ്രേഷണം നടത്തി പരസ്യത്തിന് പ്രത്യേകമാനം നല്‍കി. സര്‍ക്കാര്‍ മാറഡോണയെ; സര്‍ക്കാര്‍അഥിതിയായി പ്രഖ്യാപിച്ചു. മന്ത്രിമാര്‍ തിരുവനന്തപുരത്തുനിന്ന് വന്ന് കണ്ണൂരില്‍ ക്യാമ്പ്‌ ചെയ്തു. നഗരം പോലിസിന്‍റെ നിയന്ത്രണത്തിലായി, ഗതാഗതക്കുരുക്ക് മൂലം സാധരണജീവിതം സ്തംഭിച്ചു. കേക്കുംമുറിച്ച്, പന്തുംതട്ടി, സ്വര്‍ണ്ണക്കടയും ഉല്‍ഘാടിച്ചു താരം ഹെലികോപ്റ്റര്‍ സര്‍വിസും നടത്തി ദുബായ്ക്ക് തിരിച്ചുപോയി.,സര്‍ക്കാരിനു ലക്ഷങ്ങള്‍ ചിലവുവന്ന ഈപരിപാടിയില്‍ നാടിനും ജനങ്ങള്‍ക്കും എന്തുകിട്ടി.??? ഒരു സ്വകാര്യവ്യക്തിയുടെ കച്ചവടതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെയും ഭരണകൂടത്തെയും എങ്ങനെ വിഡ്ഢികളായി ഉപയോഗിക്കാം എന്നുള്ളതിന്‍റെ ഏറ്റവും വലിയ തെളിവാണിത്.മാറഡോണ കേരളത്തില്‍ വരുകയോ താമസിക്കുകയോ ചെയ്യുന്നതിന് ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല.എന്നാല്‍ സ്വകാര്യആവശ്യങ്ങള്‍ക്ക് വരുന്നതിനെ എന്തിനു സര്‍ക്കാര്‍ ആഘോഷമാക്കണം?? ഇത് നമ്മുടെ കുട്ടികളുടെ സ്കൂള്‍ പ്രവേശന ഉത്സവമോന്നുമല്ലല്ലോ? ഗാന്ധിജിയുടെ സ്മാരകത്തില്‍ മാലയിടാന്‍ വന്നതുമല്ല.പിന്നെ എന്തിനു സര്‍ക്കാര്‍ വക ആഘോഷം? നാട്ടിലെ അംഗന്‍വാടികെട്ടിടം ഉത്ഘാടനം ചെയ്യാന്‍വരെ മന്ത്രിയ്ക്ക്  സമയം ഇല്ലാത്തതുകൊണ്ട്;  കുട്ടികള്‍ തൊഴുത്തിലിരുന്ന് പഠിക്കുമ്പോള്‍,  എല്ലാ ഊളന്‍മ്മാരും ഒരുക്ഷണവുംകൂടാതെ തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍കാറില്‍ ജനങ്ങളുടെ ചിലവില്‍ കണ്ണൂരില്‍ റെഡി. എന്തെങ്കിലും ജനകിയപദ്ധതികളുടെ ഉത്ഘാടനത്തിനു വിളിച്ചാല്‍ ഒരുത്തനും സമയമില്ല, ഇനി വന്നാലോ നോട്ടിസില്‍ പേരിനുവലിപ്പംകുറഞ്ഞു പോയാല്‍ കുഴപ്പം, വലിയകസേര കൊടുത്തില്ലെങ്കില്‍ കുഴപ്പം, കുടിക്കാന്‍ കരിക്കിന്‍ വെള്ളം തന്നെവേണം; ഇവിടെയിപ്പോള്‍ പൊരിവെയിലത്ത്‌ വായും പൊളിച്ചു നില്ക്കാന്‍ ഒരു വിഷമവും ഇല്ല. എന്തൊരു ശുഷ്കാന്തി..പറയാതെ.... വയ്യ. ചാലയില്‍ ടാങ്കര്‍ദുരന്തം ഉണ്ടായപ്പോള്‍ കണ്ണൂരെത്താന്‍ രണ്ടു ദിവസം വേണ്ടിവന്നു. ഇതിപ്പോ രണ്ടുദിവസം മുന്നേ കെട്ടുംമുറുക്കി കണ്ണൂരെത്തി.

 ഇത്തരം പരിപാടികളില്‍ ജയില്‍വേഷം ധരിക്കുകയും പാവങ്ങള്‍ക്ക് നൂറു രൂപയുടെ സഹായം ചെയ്തിട്ട് ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങളില്‍ അത് പരസ്യപ്പെടുത്തുകയും ചെയ്യുന്ന ചെമ്മണൂര്‍ മുതലാളിയുടെ ബിസിനസ്തന്ത്രത്തില്‍ സര്‍ക്കാരും, ജനങ്ങളും വിഡ്ഢിവേഷം കെട്ടിയാടി. ഭരണക്കാര്‍ മന്ത്രിമാരുടെരൂപത്തില്‍ മാലയിട്ടു കളിച്ചപ്പോള്‍, വിപ്ലവകുട്ടികള്‍ മാറഡോണയെ ചെഗുവരെയോടാണ് ഉപമിച്ചത്.ടിയാന്‍ വിപ്ലവത്തിന് വേണ്ടി നടത്തിയ ഒളിപ്പോരുകളെക്കുറിച്ചു ഒരു പിടിയും കിട്ടുന്നില്ല. ഫുട്‌ബോള്‍ ഒഴിച്ചുള്ള എല്ലാ മേഖലയിലും തികഞ്ഞപരാജയമായ മറഡോണയെ ഏറ്റവും വലിയ വിപ്ലവനേതാവായ ചെഗുവരയോട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചു ഡെമോക്രാറ്റിക്ക് യൂത്തിന് ഇനി ഒരു താത്വിക അവലോകനം ആകാം.ഇതുവരെപറ്റിയ തെറ്റുകളില്‍ ഏറ്റവും വലിയതായി  നാളെയിതു വിലയിരുത്തപ്പെടാം. തൊഴിലാളിക്ക് വേണ്ടി വാദിക്കുന്ന വിപ്ലവകുഞ്ഞുങ്ങള്‍;മുതലാളിക്ക് വേണ്ടി ജയ്‌വിളിക്കുന്ന അപൂര്‍വ്വകാഴച്ചയാണ് കണ്ണൂരില്‍ കണ്ടത്. മാറ്റം; മാറ്റത്തെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

 മാറഡോണയ്ക്ക് മാലയിടാന്‍ തിരുവനന്തപുരത്തുനിന്ന് വന്ന മന്ത്രിമാരുടെ കണക്കുകള്‍ ഏതു ചിലവിലാണോ പെടുത്തുന്നത്.ടിഎ അലവന്‍സുകള്‍ ഒപ്പിക്കാന്‍ വേണ്ടി മാത്രം വയനാടും കാസര്‍ഗോഡ് യാത്രകള്നടത്തി കല്ലിടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന കണക്കില്‍ ഇതും തിരുകികയറ്റാം.

 പൊതുജനങ്ങളുടെ സഞ്ചരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് പറഞ്ഞു ജാഥയും പൊതുയോഗവും നിരോധിച്ച നാട്ടില്‍ ;സ്വകാര്യവ്യക്തിയുടെ കടയുല്ഘാടനം പ്രമാണിച്ചു രണ്ടുദിവസം നഗരം നിശ്ചലമായിട്ടും ഒരു പ്രശ്നവുമില്ല. തോരണം വലിക്കാനും, പന്തലുകെട്ടാനും, കസേര നിരത്താനും പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയതില്‍  സ്വമേധയാ കേസെടുക്കുന്നവര്‍ക്കും ഒരു നീതികേടും കാണാന്‍കഴിഞ്ഞില്ല. റേഷന്‍കാര്‍ഡിനു സപ്ലെഓഫീസില്‍ വന്നവനും,പ്രസവത്തിനായി ജില്ലാആശുപത്രിയില്‍ വന്നവരും വഴിയില്‍ കിടന്നാലും ഒരു കുഴപ്പവുമില്ല. നിരവധി ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ വന്നുപോകുന്ന സാധാരക്കാര്‍ക്ക് അന്ന് വഴിനടക്കാന്‍ അവകാശമില്ല, പെട്രോളിനും ഡീസലിനും തീ വിലയുള്ള നാട്ടില്‍ വാഹനയാത്രക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റി വഴിമാറി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. ഓഫിസുകളിലും സ്ഥാപനങ്ങളിലും ജോലിക്ക് പോകുന്നവര്‍ക്ക് യാത്രാ ദുരിതം ഉണ്ടാകുന്നു. ഇതൊന്നും ഇവിടെ കുഴപ്പമില്ല.എന്ത് പൊതുനന്മയാണ് ലക്ഷങ്ങള്‍ പൊടിച്ച ഈ പരിപാടിയില്‍ ജനങ്ങള്‍ക്ക് കിട്ടിയത്??. സ്വന്തം കടയുല്ഘാടനത്തിനു കച്ചവടക്കാരന്‍ അയാള്‍ക്ക് തോന്നുന്ന ആളെ കൊണ്ടുവരുന്നതിന് എന്തിനാണ് പൊതുഖജനാവിലെ പണം മുടക്കി സര്‍ക്കാര്‍ സംവിധാനങ്ങള് ദുരുപയോഗം ചെയ്യുന്നത്.

  സ്വകാര്യവ്യക്തികള്‍ അവരുടെ സ്വകാര്യ ആവശ്യത്തിനായി ആളെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ ചിലവ് എന്തിനാണ് പൊതുജനങ്ങളെക്കൊണ്ട് വഹിപ്പിക്കുന്നത്. രണ്ടു ദിവസത്തോളും നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെ താറുമാറാക്കിയതിനു ആരാണ് ഉത്തരവാദി. സ്വര്‍ണ്ണക്കട ഉല്ഘാടിക്കാനായി വന്നവര്‍ എങ്ങനെയാണു സര്‍ക്കാര്‍ അഥിതിയാകുന്നത് .ഈ വക അന്വേഷണമൊന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. എന്നാലും ചുമ്മാ പറഞ്ഞുവെന്നു മാത്രം.ഇവിടെ നിയമങ്ങള്‍  സാധാരണക്കാര്‍ക്ക് മാത്രമാണ് ബാധകം.മുതലാളിമാര്‍ക്കോ മന്ത്രിമാര്‍ക്കോ നിയമം ബാധകമല്ലായെന്ന് മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതിനെക്കുറിച്ചൊന്നും മിണ്ടാനെ പാടില്ല; മിണ്ടിയാല്‍ കുറ്റമാണ്. പൊന്നുരുക്കുന്നെടുത്തത് പൂച്ചയ്ക്കെന്ത് കാര്യം?? മിണ്ടാതെ, ഒന്നും കാണാതെ, കേള്‍ക്കാതെ, നടന്നുകൊള്ളണം. ചൈനയില്‍പ്പോയി കണ്ണ് മഞ്ഞളിച്ച മന്ത്രി പറഞ്ഞപോലെ; ചൈനയില്‍ പ്രതിപക്ഷമില്ല, മാധ്യമങ്ങളില്ല ജനങ്ങളാണേല്‍ കണ്ണുമടച്ചു നടക്കുന്നു. അതുകൊണ്ടാണ്പോലും അവിടം പുരോഗമിക്കുന്നത്. ഇതു പഠിക്കാനായിരുന്നു മന്ത്രി പരിവാരങ്ങളുമൊത്തു ചൈന നിരങ്ങാന്‍പോയത്.അല്ലാതെ അവിടുത്തെ വികസനരീതികള്‍ പഠിക്കാനല്ല.വികസനരീതികള്‍ പഠിക്കാനും കാണാനുമാണ് പോകുന്നതെന്ന് ആദ്യം പറയും.മടങ്ങി വന്നിട്ട് അവരെ കുറ്റംപറയുക.കൊള്ളാം..ആ വകുപ്പില്‍ നമ്മുടെ പൈസപോയത് മിച്ചം.

 ഇവിടെയും അങ്ങനെയായിരുന്നുവെങ്കില്‍  എന്തെരെളുപ്പമായിരുന്നു. സി വി രാമന്‍പിള്ളയെ സിവി രാമനാക്കിയാലും, ചങ്ങമ്പുഴയെ കെളവനാക്കിയാലും, ബെഞ്ചമിന്‍ബെയിലിയെ മതപരിവര്‍ത്തകനാക്കിയാലും ആരുമൊന്നും പറയില്ല. എന്ത് പൊട്ടത്തരവും വിളിച്ചുപറഞ്ഞാലും ആരുമൊന്നും കേള്‍ക്കില്ല.പരമസുഖം മന്ത്രിയുടെ മനക്കോട്ട കൊള്ളാം.

  ഏതായാലും മാറഡോണവന്നു, സ്വര്‍ണ്ണക്കടയുടെ ഉത്ഘാടനവും നടന്നു. പാര്‍ട്ടിഭേദമെന്യേ എല്ലാവരും ഏകോദരസഹോദരങ്ങളെപ്പോലെ ഒരുമയില്‍ വിളയാടുകയും ചെയ്തു. ഇതാണ് മാര്‍ക്കറ്റിംഗ്. അല്ലാതെ എമേര്‍ജിംഗ് പോലെ തീറ്റകുടിയും, വിനോദസഞ്ചാരവും നടത്തി കൈയ്യിലെ കാശുപൊടിക്കുന്നതല്ല. നമ്മുടെ കീശയിലെപൈസ എങ്ങനെ നാമറിയാതെ അടിച്ചുമാറ്റം എന്നതിന്‍റെ ഒന്നാംതരം തെളിവാണ് ചെമ്മണ്ണൂര്‍വ്യവസായി നടത്തിക്കാണിച്ചത്. നമ്മുടെ ഭരണശിങ്കങ്ങള്‍ ഇതു കണ്ടുപഠിക്കണം. കേരളഭരണത്തിലും ഈ പരിപാടി ഉപയോഗിക്കാവുന്നതാണ്.പണിയില്ലാതെ കറങ്ങിനടക്കുന്ന ഏതെങ്കിലും വിദേശഇറക്കുമതികളെ കൊണ്ടുവന്നു ഭരണവും ഏല്‍പ്പിക്കുക.എല്ലാവരും ഒരുമയോടെ പിന്തുണ പ്രഖ്യാപിക്കും. അഞ്ചുവര്ഷം കഴിയുമ്പോള്‍ അടുത്ത ആളെ കൊണ്ടുവരാം. ഇവിടെയുള്ള പോഴന്‍മ്മാര്‍ക്ക് ഭരണവും പഠിക്കാം. ഇപ്പോള്‍ ഭരണം പഠിക്കാനായി വിദേശയാത്രകളാണല്ലോ നടത്തുന്നത്.അത് ഒഴിവാക്കി പണവുംലാഭിക്കാം. അതുപോലെ ആഴ്ചതോറും നടത്തുന്ന പ്രതിഷേധവും, ബന്ദും, ഹര്‍ത്താലും കുറഞ്ഞുംകിട്ടും. നമുക്കിവിടെ ആരു ഭരിച്ചാലും ഒരുപോലെയാണ്. പഴയകള്ളന്മാര്‍മാറി  പുതിയ കൊള്ളക്കാര്‍ വരുന്നു; അത്രയേയുള്ളു. അലക്കുകാരന്‍  മാറിയാലും കഴുതയുടെ പണി വിഴുപ്പ്ചുമക്കല്‍ തന്നെയാണ്....................

Sunday, October 28, 2012

യാത്രക്കാര്‍ അകത്തേക്ക്.....???????


     
  ഒടുവില്‍ കാര്യങ്ങള്‍ക്കൊരു തീരുമാനമായി.എല്ലാത്തിനെയും പിടിച്ചു അകത്തിടുക.അതും ചെറുതൊന്നുമല്ല വകുപ്പ്‌ വധശ്രമംതന്നെ.കസബ്‌ ചെയ്തതിനേക്കാള്‍ വലിയ കുറ്റമല്ലേ ചെയ്തിരിക്കുന്നത്.തീര്‍ച്ചയായും ഇതുതന്നെ ചെയ്യണം.നമ്മള്‍ ചെയ്യുന്നത് ശരിയല്ലന്ന് പറഞ്ഞു ആര് ഒച്ചവച്ചാലും അവനെയെല്ലാം അകത്തിടണം.ആ പൈലറ്റ്‌കൊച്ച് എന്തുമാത്രം വിഷമിച്ചുകാണും.അതിന്‍റെ വളര്‍ച്ച മുരടിച്ചു കാണില്ലേ.യെവന്മാര്‍ക്കെല്ലാം ഒരു ദിവസം പട്ടിണി കിടന്നാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ??വെള്ളത്തിന്‌ പകരം മൂത്രം കുടിച്ചാല്‍ എന്താ കുഴപ്പം.ഇന്ത്യന്‍ പ്രാധാനമന്ത്രിയ്ക്ക് മൂത്രം കുടിക്കാമെങ്കില്‍ പിന്നെ ഇച്ചിരെ കുടിച്ചാല്‍ എന്നാ കുഴപ്പം.നിലത്ത് കിടക്കുന്ന വിമാനത്തിന്‍റെ കൊക്പിറ്റില്‍ കയറിയാല്‍ വധശിക്ഷകിട്ടുന്ന കുറ്റമാണെന്ന് അറിയാന്‍ പാടില്ലാത്ത എമ്പോക്കികള്‍.ഇതൊക്കെ വച്ച് നോക്കിയാല്‍ കസബ്‌ ചെയ്തത് എത്ര ചെറിയ കുറ്റം.അങ്ങേര്‍ക്കു നാലു നേരം മുട്ടന്‍ ബിരിയാണി തന്നെ കൊടുക്കട്ടെ.ഇവറ്റകള്‍ക്ക് പച്ചവെള്ളം കൊടുക്കരുത്. ഒട്ടകപ്പാലു കുടിക്കുന്ന ഗമ നമ്മളോടാ...ഹല്ല പിന്നെ..

 എന്തൊക്കെയായിരുന്നു പുകില് സോഷ്യല്‍ നെറ്റുകളില്‍ വീര നായകന്മ്മാര്.പ്രവാസികളുടെ ശബ്ദം,ശക്തി അങ്ങനെ മലയാളത്തിലെ ഒട്ടു മിക്കവിശേഷണങ്ങളും  ചാര്‍ത്തിയായിരുന്നു അനുമോദനങ്ങള്‍. ഭരണകൂടംഞെട്ടി,എയര്‍ഇന്ത്യ പൂട്ടി, പ്രവാസികരുത്ത്‌ തെളിയിച്ചു..അങ്ങനെ പോകുന്നു വീരവാദങ്ങള്‍..ഇവരെ വച്ച് ഒരു പടം പിടിച്ചാലെന്നാ എന്നുവരെയെത്തി ചര്‍ച്ചകള്‍.. ഒടുവില്‍ എന്തായി..... പവനായി ശവമായി അത്ര തന്നെ. ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടിണിക്കിട്ട് ഒടുവില്‍  വഴിയില്‍ ഇറക്കിവിട്ടതിനെതിരെ പ്രതിക്ഷേധിച്ച യാത്രക്കാര്‍ക്കെതിരെ വധശ്രമത്തിനാണ്കേസ്‌.ഇനി കോടതിയും വക്കീലുമായി ശിഷ്ടകാലം കോടതിവരാന്തയില്‍ കഴിച്ചു കൂട്ടാം.ഗള്‍ഫില്‍ ഒട്ടകത്തെ കറന്നുണ്ടാക്കിയ കാശെല്ലാം ഇവിടെ തീര്‍ക്കാം.യാത്രക്കാരുടെ പേരില്‍ ഒരു കേസും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ആണയിട്ട് പറഞ്ഞതാണ്.കേന്ദ്രത്തിലെ കേരളിയന്മാര്‍ എല്ലാവരും വിമാനക്കമ്പനിയെക്കുറ്റപ്പെടുത്തി പ്രസ്താവനയും ഇറക്കി. അതൊക്കെ അന്തകാലം; ഇന്തകാലം യാത്രക്കാര്‍ക്ക് പണിയും കിട്ടി. ഇതാണ് മക്കളെ നമുടെ കേരളം. നാറ്റം സഹിക്കാനാവാതെ സമരംചെയ്ത നാട്ടുകാരെ;പറഞ്ഞു പറ്റിച്ച് വീട്ടില്‍വിട്ടശേഷം രാത്രിയില്‍ പണിനടത്തിയ വമ്പന്‍മ്മാരുടെ നാടാണിത്. നുണപറഞ്ഞാണ് ഇവിടെവരെ എത്തിയത്; അതുകൊണ്ട് കേസ് എടുക്കില്ലായെന്നു പറഞ്ഞോ? എങ്കില്‍ ഉറപ്പിക്കാം മിനിമം പത്തുവര്‍ഷം ശിക്ഷകിട്ടുന്ന കേസ് ഉണ്ടാകും.

  ഇവിടെ കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് മരുഭൂമിയില്‍ കിടന്നു കോരുന്നത്. കിട്ടുന്നതെല്ലാം നാട്ടിലേക്കയച്ചു; കുബൂസും, തൈരും കഴിച്ചു ജീവിച്ച്‌, വര്‍ഷത്തിലുകിട്ടുന്ന ചില്ലറ അവധിദിവസങ്ങള്‍ നാട്ടില്‍ ചിലവഴിക്കാമെന്ന ആശകൊണ്ടാണ് പ്രവാസി നാട്ടിലേക്ക് തിരിക്കുന്നത്. ടാക്സ്‌, യുസേഴ്സ്‌ഫീസ്‌ തുടങ്ങിയ പല തരത്തിലും സര്‍ക്കാരും വിമാനകമ്പനിയും പ്രവാസികളെ പിഴിയുന്നു.പറ്റുന്ന രീതിയിലെല്ലാം പണം പിടുങ്ങുന്നു.മറുനാട്ടില്‍ വരുന്ന മന്ത്രിക്ക് ജയ്‌വിളിക്കാനും മാലയിടാനും പാവപ്പെട്ട പ്രവാസികള്‍ വേണം,വെപ്പും കുടിയുമൊക്കെ വമ്പന്‍ തിമിംഗലങ്ങളുടെ കൂടെയാണെന്ന് മാത്രം.യഥാര്‍ത്ഥ പ്രവാസി ആരാണെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ആകെ കണ്ഫ്യുഷനാണ്.യഥാര്‍ത്ഥഗള്‍ഫ്‌കാരന്‍ ഇങ്ങനെയാണോ സ്യുട്ടും,കൊട്ടും,ടൈയുമൊക്കെ കെട്ടിയ ഇടിവെട്ട് പീസല്ലേ ശരിക്കും ഗള്‍ഫ്‌കാരന്‍.ബാക്കിയെല്ലാം വെറും ഗഫൂര്‍ക്കാദോസ്തുകളല്ലെ.?? ഗള്‍ഫിലു വന്നു ആഡംബരവാഹനങ്ങളിലും ഹോട്ടലുകളിലും കറങ്ങി നടന്നു ഷോപ്പിംഗ്‌ നടത്തി തിരിച്ചുപോകുന്ന ഉണക്കകള്‍ക്ക് സാധാരണ പ്രവാസിയെപ്പറ്റി എന്തറിയാം? പ്രവാസികളെ വണ്ണം വെയ്പ്പിക്കാന്‍ കറങ്ങി നടക്കുന്ന ഇവന്മ്മാര്‍ ഏതെങ്കിലും ലേബര്‍ക്യാമ്പ്‌ സന്ദര്‍ശിച്ചിട്ടുണ്ടോ?. ചര്‍ച്ചയാണത്രേ!!! എവിടെവെച്ച്??ഏതെങ്കിലും ബീച്ച് ഹോട്ടലുകളില്‍ വമ്പന്‍മാര്‍ നടത്തുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തു വെടിപറഞ്ഞു രസിക്കുന്നതാണോ  പ്രവാസിഉന്നമനം?സ്വന്തംനാട്ടിലെ ‘നാറ്റ’ പ്രശ്നംപോലും പരിഹരിക്കാന്‍ കഴിയാത്ത ചവറുമന്ത്രിയും ദുബായില്‍ വന്നിരിക്കുന്നു; പ്രവാസികളുടെ യാത്രാപ്രശ്നം ചര്‍ച്ചചെയ്യാന്‍ ത്ഫൂ................. ഇവിടെ നടക്കുന്ന മേളകളില്‍ പങ്കെടുത്തു വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നാലും പറയുന്നത് പ്രവാസികളെ രക്ഷിക്കാന്‍ വന്നതാണെന്ന്?? ജനത്തിന്‍റെ പണം മുടിച്ചുകൊണ്ട് നാടുനീളെ തെണ്ടി നടക്കുന്ന വിഴുപ്പ്പാണ്ടങ്ങള്‍ക്ക് വിഐപി പരിഗണന;നാടിനും, വീടിനും വേണ്ടി അധ്വാനിക്കുന്നവന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍  കാശുംവാങ്ങി വഴിയില്‍ ഇറക്കിവിടുന്നതിനെതിരെ പ്രതികരിച്ചാല്‍ അത് കൊലപാതകകുറ്റം. ആരുണ്ട്‌ ചോദിക്കാന്‍??? വിമാനജിവനക്കാരുടെയും പൈലറ്റിന്റെയും പരാതി നിമിഷങ്ങള്‍ക്കകം അങ്ങ് കേന്ദ്രത്തില്‍ വരെയെത്തി. യാത്രക്കാരാണ് കുഴപ്പക്കാര്‍ എന്ന് വിമാനമന്ത്രിയുടെ പ്രസ്താവനയും പിറകെവന്നു. യാത്രക്കാരന്‍റെ പരാതികേള്‍ക്കാന്‍ ആരുമില്ല. ഒരു കണക്കിന് വിമാനമന്ത്രി പറഞ്ഞതാണ് ശരി; നിന്നോടൊക്കെ ആരെങ്കിലും പറഞ്ഞോ ഈ ശകടത്തില്‍ തന്നെകയറാന്‍.ഈ കന്നുകാലിക്ലാസ്‌ അല്ലാതെ വേറെ എത്ര വിമാനങ്ങള്‍ ഇങ്ങോട്ട് പറക്കുന്നു. പിന്നെ എന്തിനാ ഇതേല്‍ അള്ളിപ്പിടിച്ചു കയറിയത്. ആളു കയറാതെ കമ്പനി പൂട്ടിക്കാന്‍ മന്ത്രിയടക്കമുള്ളവര്‍ പ്രയത്നിച്ചുകൊണ്ടിരിക്കുമ്പോഴാണ് എയര്‍ഇന്ത്യയെ നന്നാക്കാന്‍ കുറെ മലയാളികള്‍ ഇറങ്ങിയിരിക്കുന്നത്.അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം.ഇത്രയും ചൊറിഞ്ഞിട്ടും മതിവരാത്തവര്‍ ഇപ്പോഴും കയറിക്കൊണ്ടിരിക്കുന്നു.

 യാത്രക്കാര്‍ക്കെതിരെ കേസൊന്നും എടുക്കില്ലായെന്ന് പറഞ്ഞ നേതാക്കള്‍ മലക്കം മറിഞ്ഞിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥജനസേവനം.ചോരനീരാക്കി അയച്ചുകൊടുക്കുന്നപണംകൊണ്ട്;നാട്ടില്‍  പുട്ടടിക്കുന്ന വീട്ടുകാരോട് ഇനിയെങ്കിലും പറയണം വോട്ട്ചോദിച്ചു വരുമ്പോള്‍ യെവനെയൊക്കെ ആട്ടി ഓടിക്കണമെന്ന്. നമുക്ക്പിന്നെ വോട്ടെ ഇല്ലാത്തതിനാല്‍ അങ്ങോട്ട്‌ ആട്ടേണ്ടി വരില്ല; ഇങ്ങോട്ട് ഇതുപോലെ ആട്ടിക്കോളും. പൈലറ്റിന്‍റെ പിടിപ്പുകേടാണ് പ്രശ്നകാരണമെന്ന് പറഞ്ഞിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിലപാടുമാറ്റി. പൈലറ്റിനെതിരെ ഒരു പരാതിപോലും കിട്ടിയിട്ടില്ലായെന്നാണ് വിമാനമന്ത്രി പറഞ്ഞിരിക്കുന്നത്. യാത്രക്കാരാണത്രേ കുഴപ്പക്കാര്‍. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നമ്മുടെ നേതാക്കള്‍ യാത്രക്കാര്‍ക്ക് വേണ്ടി എവിടെയും ശബ്ദിച്ചിട്ടേയില്ലയെന്നു വ്യക്തം .പത്രക്കാരെയും, ടിവി ക്കാരെയും കാണുമ്പോള്‍ എല്ലാവരും ജനപക്ഷത്താണ്‌. മൊത്തംഏറ്റു, ഒന്നുംപേടിക്കേണ്ട എന്നൊക്കെ പറയും. മുറിയില്‍കയറി കതകടച്ചാല്‍പ്പിന്നെ; എന്ത് ജനം, ഇതു വിമാനം... ഇതാണ് നിലപാട്. യാത്രക്കാരുടെ നിര്‍ബന്ധം മൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതെന്നും.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴാന്‍ പോകണമെന്ന് ചില യാത്രക്കാര്‍ നിര്‍ബന്ധംപിടിച്ചതുകൊണ്ടാണ് പൈലറ്റിന്‍റെ ഡ്യുട്ടിസമയം കഴിഞ്ഞതെന്നും അന്വേഷണകമ്മിഷന്‍ കണ്ടെത്തിയാലും  അത്ഭുതപ്പെടാനില്ല. കാരണം ഇത് ഇന്ത്യയാണ്. ഭരിക്കുന്നത് ജനകിയ സര്‍ക്കാരുമാണ്.

 യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവര്ക്കുമറിയാം; എന്നിട്ടും യാത്രക്കാരെ ബലിയാടാക്കി വിമാനകമ്പനിയേയും, പൈലറ്റിനെയും രക്ഷിക്കാന്‍ നടത്തുന്ന ഈ വൃത്തികേടിന് കുടപിടിക്കുന്ന സര്‍ക്കാരുകള്‍ സ്വന്തം ജനങ്ങളോടാണ് നീതികേട്‌ കാണിക്കുന്നത്. എന്തുകൊണ്ടാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ മാത്രം നിലത്തിറങ്ങാന്‍ വിഷമിക്കുന്നത്??. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍എല്ലാം സുഖമായി ഇറങ്ങുമ്പോള്‍ എന്തുകൊണ്ടാണ് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് മാത്രം സിഗ്നല്‍ മനസിലാവാത്തത്????. പ്രതികൂല കാലാവസ്ഥയില്‍ ഗതിമാറ്റിവിടുന്ന; മറ്റു രാജ്യങ്ങളുടെ എല്ലാ വിമാനങ്ങളും വീണ്ടും തിരിച്ചുവന്നു യാത്രക്കാരെ പറഞ്ഞസ്ഥലത്ത്തന്നെ ഇറക്കുമ്പോള്‍ എന്തുകൊണ്ടാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ അങ്ങനെ ചെയ്യാത്തത്????. മറ്റു വിമാനകമ്പനികളുടെ പൈലറ്റുമാര്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച്‌ ഡ്യുട്ടി തീര്‍ക്കുമ്പോള്‍; എന്ത്കൊണ്ടാണ് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് മാത്രം ഡ്യുട്ടിസമയം യാത്രയ്ക്ക് ഇടയ്ക്കുവെച്ച് കഴിയുന്നത്??.ടിക്കറ്റ്‌ നിരക്കില്‍ കാര്യമായ വ്യത്യാസമില്ലാതെ യാത്രക്കാരോട് നല്ലരീതിയില്‍ പെരുമാറാന്‍ മറ്റു വിമാനകമ്പനികള്‍ക്ക് കഴിയുന്നതെങ്ങനെ??.ഇതൊക്കെ അറിയണമെങ്കില്‍ നമ്മുടെ പഴയ രണ്ടു കേന്ദ്രമന്ത്രിമാരോട് ചോദിച്ചാല്‍ മതി.ഇന്‍ഡിഗോ എയര്‍ലൈന്‍ പങ്കാളി പ്രഫുല്‍പട്ടേലും, സ്പൈസ്ജെറ്റ്‌ഉടമ ദയാനിധിമാരനുമാണ് ആ മാന്യവ്യക്തികള്‍. രണ്ടുപേരും നമ്മളെ നന്നായി ഭരിച്ചവര്‍. ഭരണത്തിന്‍റെ മികവുകൊണ്ട് ഇപ്പോള്‍ ‘അഴി, മതി’ എന്നു പറഞ്ഞു നടക്കുന്നു.പ്രഫുല്‍പട്ടേല്‍ വ്യോമയാനമന്ത്രി ആയതുതന്നെ എയര്‍ഇന്ത്യയെ പൂട്ടിക്കാനാണ്.അതേതാണ്ടു പൂര്‍ത്തിയായിരിക്കുന്നു.ബാക്കി നമ്മുടെ അജിത്‌സിങ്‌ ചെയ്തുകൊള്ളും.കള്ളനെത്തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്ന മന്മോഹന്‍തിയറി വിജയിക്കുമെന്ന ലക്ഷണങ്ങളാണിതൊക്കെ.

  നീതികിട്ടാത്തതില്‍ പ്രതിക്ഷേധിക്കുന്നവനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യഭരണത്തിനു ഭൂഷണമല്ല. യാത്രക്കാരന്‍റെ വിഷമങ്ങളും ദുരിതങ്ങളും; ജനത്തിന്‍റെ പേരില്‍ ഓസിലടിനടത്തുന്ന നേതാക്കന്മാര്‍ക്ക് മനസിലാവുന്നില്ല,അല്ലെങ്കില്‍ അതുമനസിലാക്കി പരിഹരിക്കാന്‍ അവര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല എന്നതിന്‍റെ പ്രത്യക്ഷഉദാഹരണമാണ് ഈ സംഭവങ്ങള്‍. ജനകിയഭരണവും ജനകിയനേതാക്കളുമാണ് കേരളത്തിലുള്ളതെങ്കില്‍ എയര്‍ഇന്ത്യയുടെ നടപടിയ്ക്കെതിരെ ഞങ്ങള്‍ക്ക് വേണ്ടി  നിങ്ങള്‍ പ്രതികരിക്കണം. മാത്രമല്ല യാത്രക്കാര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുവാന്‍ വിമാനമന്ത്രിയോട് ആവശ്യപ്പെടുകയും വേണം. പ്രവാസിയുടെ പണത്തിനോട്മാത്രം ആര്‍ത്തികാണിച്ചാല്‍ പോര; മറ്റു കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം........

Saturday, October 27, 2012

ഫെരാരിയുടെ കൊടി



         ജനങ്ങളുടെ മുന്നില്‍ ശ്രദ്ധിക്കപ്പെടാനും, ആവശ്യങ്ങള്‍ നേടിയെടുക്കാനുമായി പലരും പല നമ്പരും പയറ്റാറുണ്ട്.നിരാഹാരം മുതല്‍ ആത്മഹത്യാഭീക്ഷണിവരെ ഈ വകുപ്പില്‍ നടക്കാറുമുണ്ട്.പണ്ടൊക്കെ ഒന്ന് പ്രശസ്തനാവണമെങ്കില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പേരും,പടവും വച്ച് നോട്ടീസ് അടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു.ഇപ്പോള്‍ എന്തെങ്കിലും വികടത്തരങ്ങള്‍ വിളിച്ചുപറയുകയോ, കാണിക്കുകയോ ചെയ്യലാണ് പ്രശസ്തനാകാന്‍ എളുപ്പവഴി.കൃഷ്ണനും, രാധയും കളിച്ചു പണ്ഡിറ്റ്‌ തരംഗമായി.എന്നാല്‍ ഇപ്പോഴത്തെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ആരാണെന്നു ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. മറിയംറഷിദയെക്കുറിച്ച് വേണമെങ്കില്‍ രണ്ടു വാക്ക് പറയാം.അതാണ്‌ സ്ഥിതി. ഓരോ മേഖലയിലും പേരെടുക്കണമെങ്കില്‍ പല തന്ത്രങ്ങള്‍ക്ക് പയറ്റണം.ചില സാമ്പിളുകള്‍ ഇതാ..ഇതു വെറും പാരമ്പര്യഅറിവുകളാണ് മറ്റാര്‍ക്കും ഈ രക്തത്തില്‍ പങ്കില്ലായെന്നും പറഞ്ഞുകൊള്ളട്ടെ. സിനിമാമേഖലയില്‍ പെട്ടെന്ന് പ്രശസ്തരാവണമെങ്കില്‍ നടികളാണെങ്കില്‍ തുണിയുടെ ഇറക്കംകുറച്ചാല്‍ മതി. നടന്‍മ്മാരാണെങ്കില്‍ അമ്മയെതെറി വിളിക്കണം. ഇത് വേറെ അമ്മയാണ് കേട്ടോ. പേരില്‍ മാത്രമേയുള്ളൂ അമ്മ പ്രവര്‍ത്തിയില്‍ തികഞ്ഞ അമ്മായിയമ്മയാണ്.പിന്നെ കെട്ടലും, ഉപേക്ഷിക്കലും, വെള്ളമടി, സെറ്റപ്പ് തുടങ്ങിയ മേമ്പൊടികളും പ്രയോഗിക്കാം.സദാചാരം മലയാളിയെ സംബന്ധിച്ച് കീറിപ്പറിഞ്ഞ ഒരിടപാടായതുകൊണ്ട് ഇവരൊക്കെയാണ് നമ്മുടെ റോള്‍ മോഡല്‍സ്. ഇതാണ് സിനിമമേഖലയില്‍ നാലാളറിയാനുള്ള എളുപ്പവഴി.

 രാഷ്ട്രിയത്തിലാണെങ്കില്‍ തുടക്കകാര്‍ക്ക് പോലീസിനെ കല്ലെറിയലും, KSRTC തകര്‍ക്കലും, കോലംകത്തിക്കലുമാണ് നല്ലത്. ഒരു നിലയിലായാല്‍പ്പിന്നെ അടച്ചു തെറിവിളിതുടങ്ങാം. നിയമങ്ങള്‍ എനിക്ക് പുല്ലാണ് എന്ന് ഇടയ്ക്കിടെ; പുട്ടിനു പീര ഇടുന്നതുപോലെ പറഞ്ഞു കൊണ്ടിരിക്കണം. മത്സരിക്കാന്‍ ഉദേശിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞത് ഒരു പത്തു അഴിമതികേസെങ്കിലും ഉണ്ടായിരിക്കണം. ജയില്‍വാസം ഉണ്ടങ്കില്‍ ബഹു വിശേഷം, പിന്നെ മസ്ലിംപവര്‍ കഴിക്കാത്തവരാണെങ്കില്‍ പറയാനൊരു രണ്ടു പീഡനകേസെങ്കിലും ഒരു അലങ്കാരമായി  അത്യാവശ്യമാണ്. സ്ത്രീ ജനങ്ങളുടെ വോട്ട് കിട്ടാന്‍ ഇത് നല്ലതാണ്.

 മതസാമുദായിക രംഗത്ത് ആണെങ്കില്‍ മറ്റു സമുദായങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കണം എന്നാലെ ഒരു ഇത് വരൂ.....

 പക്ഷെ സാധാരണ ജനത്തിന് പ്രശസ്തരാവാന്‍ വലിയ ബുദ്ധിമുട്ടാണ്. പറമ്പില്‍ വലിയകപ്പ ഉണ്ടാക്കിയതുകൊണ്ടോ, വെള്ളമടിച്ച്പട്ടിമുള്ളി റോഡില്‍ കിടന്നുതുകൊണ്ടോ ഒന്നും കാര്യമില്ല.അതിനു വിഷമടിച്ചു വല്ല ബാങ്കിന്‍റെ തിണ്ണയിലും കിടന്നു ചാവണം. നീണ്ട ഒരു കത്തും എഴുതി വയ്ക്കണം. ചിലപ്പോള്‍ ഒരു ദിവസം ചരമക്കോളത്തില്‍ പടം വരാന്‍ സാധ്യതയുണ്ട്.

 കായിക ലോകത്താണേല്‍ ജയിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.ഒന്നാമത് എത്തിയവരൊക്കെ, കഞ്ഞിക്ക് അരിമേടിക്കാന്‍ മെഡലുകള് തൂക്കി വില്‍ക്കുന്ന കാലമാണിത്; അല്ലെങ്കില്‍പ്പിന്നെ ജനങ്ങളെ ഒരു പണിയും എടുക്കാന്‍ സമ്മതിക്കാതെ ദിവസം മുഴുവന്‍ ടി വി യ്ക്ക് മുന്നിലിരുത്തി; ഏറും, അടിയും നടത്തുന്ന നമ്മുടെ സ്വന്തം കളിയായിരിക്കണം. അതാകുമ്പോള്‍ എറിയുന്നവനും, അടിക്കുന്നവനും പണം; കണ്ടിരിക്കുന്നവന്‍ പിണം അതാണ്‌ നിയമം. പരിപാടി സീരിയല്‍ പോലെയാണ്, മഴയാണ് വില്ലന്‍. ടെലിസീരിയലില്‍ അമ്മമാര്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍, ഇവിടെ മക്കള്‍ കണ്ണീര്‍പൊഴിക്കുന്നു.അത്രയെയുള്ളൂ വിത്യാസം. അതുകൊണ്ട് മായം കലരാത്ത കായികതാരത്തിന്  പേരുവേണോ ഉത്തേജകം അടിച്ചോളൂ. അടിച്ചിട്ട് പിടിക്കതിരുന്നാല്‍ കാര്യമില്ല. പിടിക്കപ്പെടണം എന്നാലെ കാര്യങ്ങള്‍ ശരിയാകൂ.. ഇതൊക്കെയാണ് പൊതുവേ നമ്മുടെ മാത്രം  നാട്ടില്‍ കണ്ടുവരുന്ന പബ്ലിസിറ്റിനിര്‍മാണത്തിലെ പാരമ്പര്യരീതികള്‍. ഇതിന്‍റെ കൂട്ടുകളില്‍ ചെറിയചെറിയ മാറ്റങ്ങള്‍ വരുത്തി ചിലരൊക്കെ പ്രശസ്താരാവാറുണ്ട്. വാണിഭം , പീഡനം ,ക്വട്ടേഷന്‍,വെടി,പട തുടങ്ങിയ പ്രാദേശിക ഇനങ്ങളും മേമ്പൊടിയായി ചേര്‍ത്താല്‍ വളരെ വേഗത്തില്‍ പ്രശസ്തിയിലേക്ക് ഉയരാം.

 ഇപ്പോള്‍ ഇതിന്‍റെ പുതിയ ഒരു വേര്‍ഷന്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. കൊടികാണിച്ച്‌ ആളെക്കൂട്ടുന്ന വിദ്യയാണിത്.നമ്മുടെ ഇറ്റാലിയന്‍ കാറോട്ടകമ്പനി ഫെറാറിയാണ് നിര്‍മ്മാതാക്കള്‍.കേട്ടാല്‍ നമ്മളെ സംബന്ധിച്ച് ഇതുവലിയ സംഭവമൊന്നുമല്ല. പിന്നെ എല്ലാവരുമൊന്ന് ശ്രദ്ധിക്കും. അതാണ്‌ ഐഡിയ. ഒരു ചിലവുംകൂടാതെ ഇന്ത്യയിലെ ചെമ്മാനും, ചെരുപ്പുകുത്തിയുംവരെ ഫെറാരിയെന്ന പേരു ശ്രദ്ധിക്കണം അതിനാണ് വിവാദം  നിര്‍മ്മിച്ചിരിക്കുന്നത്. പത്രത്തിലും, ടിവിയിലുമൊക്കെ പരസ്യത്തിനായി കോടികള്‍ ഒഴുക്കിയിട്ടും; ഇന്ത്യയില്‍ ഫെറാരി അത്രയ്ക്ക് ക്ലച്ചു പിടിച്ചില്ല. ഫെരാരിയുടെ കാറിനേക്കാള്‍ വേഗത്തിലാണ് ഇവിടെ അരിയുടെ വില കൂടുന്നത്; പിന്നെയാര് ഫെരാരിയെ മൈന്റ് ചെയ്യുന്നു. അപ്പൊപിന്നെ ആളറിയാന്‍ ഇതുപോലെ എന്തെങ്കിലും വിവാദം തന്നെ മാര്‍ഗ്ഗം. ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടമല്‍സരത്തില്‍ പങ്കെടുക്കുന്ന ഫെറാറി കാറുകളില്‍; ഇറ്റാലിയന്‍ നാവികസേനയുടെ കൊടികള്‍ പതിപ്പിക്കും എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സാധരണ ഇതിനായി ഓടുന്ന കാറുകളിലൊക്കെ ധാരാളം കൊടികളും പരസ്യങ്ങളും കാണാറുണ്ട്‌.അതില്‍ പുതിയയൊരു കൊടികൂടിവച്ചാലും ആരുമൊന്നും അറിയാന്‍ പോകുന്നില്ല. ഇവിടെ നമ്മുടെ കൊടിയേതാണെന്നു നമുക്ക്പോലും നിശ്ചയമില്ല; പിന്നയല്ലേ ഇറ്റലിയുടെകൊടി. അമേരിക്കന്‍ പതാകകൊണ്ട് അണ്ടര്‍വെയര്‍ തയ്പ്പിക്കുന്ന ആള്‍ക്കാരാണ്നമ്മള്‍.അപ്പോഴാ ഇറ്റലിയുടെ കൊടിപിടുത്തം. പക്ഷെ സംഗതി പത്രക്കാര്‍ ഏറ്റെടുത്തു. പിന്നെ പറയേണ്ടല്ലോ പൂരം.കൊടിയോ?? എവിടെ??? കുഴപ്പം, മൊത്തംകുഴപ്പം, ഡല്‍ഹിയില്‍ ഇപ്പോള്‍ ഉല്‍ക്കവീഴും എന്നരീതിയലാണ് പ്രചരണം.സംഗതി ക്ലിക്ക്....................

  കാറിന്‍മ്മേല്‍ കൊടികെട്ടി ആളെക്കൂട്ടുന്ന ഫെരാരിക്കഥയുടെ പിന്നാമ്പുറം ഇങ്ങനെയാണ്.  ഇറ്റലിയുമായി നമ്മള്‍ക്ക് പ്രാചിനകാലം മുതലേ ചരക്കുബന്ധം ഉണ്ടല്ലോ......?. ഇവിടുത്തെ പല ചരക്കുകളും അവരുടേതാണ്. ചില്ലറ ചരക്കുകളോക്കെ നമ്മള്‍ അങ്ങോട്ടും കൊടുക്കുന്നുമുണ്ട്. അങ്ങനെ അല്ലറചില്ലറ കൊടുക്കല്‍വാങ്ങലുമൊക്കെയായി ‘അവരുംനമ്മളും’ തമ്മില്‍ കുടുംബക്കാരായിരുന്ന സമയത്താണ്.നത്തോലി പിടിക്കാന്‍ പോയ നമ്മുടെചില പാവങ്ങളുടെനേര്‍ക്ക്‌ സംബന്ധക്കാരുടെ കോലായില്‍ പിറന്ന ചില മാടമ്പിപിള്ളേര്‍ വെടിവെച്ച് കളിച്ചത്.ഒന്നുരണ്ടു പേരു മരിച്ചു. കൊതുമ്പുവള്ളത്തില്‍ ചൂണ്ടയിടുന്ന ഇന്ത്യാക്കാരെ കണ്ടപ്പോള്‍ കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റുധരിച്ചതിനാലാണ് പടക്കം പൊട്ടിച്ചതെന്നു അവരുതന്നെ ഒടുവില്‍ കുറ്റസമ്മതം നടത്തി. കാര്യം മനസിലായില്ലേ വല്യ അത്യന്താധുനിക കപ്പല്‍, കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കളെപ്പോലും വ്യക്തമായി തിരിച്ചറിയുന്ന നൈറ്റ്‌വിഷന്‍ ക്യാമറകള്‍, ഒലക്കേടമൂട്. കൊതുമ്പുവള്ളത്തില്‍ ചൂണ്ടയിടുന്ന മുക്കുവനെയും, തോക്കുമായി നടക്കുന്ന കൊള്ളക്കാരനെയും  തിരിച്ചറിയാന്‍ കഴിയാത്ത കോന്തന്മാര്‍. ഇതില്‍ഭേദം നമ്മുടെ പോലിസ്‌ തന്നെ; അവര്‍ക്ക് കൊടിയുടെ നിറം നോക്കിയെങ്കിലും വെടിവയ്ക്കാന്‍ അറിയാം..


 ആളു ചത്താലും നമ്മുടെപിള്ളേരെ വെറുതെ വിടണമെന്ന് ഇറ്റലി. അവിടെയൊക്കെ നിയമം അങ്ങനെയാണത്രേ,കൊള്ളക്കാരാണെന്നു തോന്നിയാല്‍മതി വെടിവെയ്ക്കാം. ഇന്ത്യക്കാര്‍ വെറും കണ്ട്രിസ്. ആടുകളെ തോണ്ടി നടക്കുന്ന ചില ഇടയന്‍മ്മാരും അങ്ങനെതന്നെ പറഞ്ഞു.എന്‍റെ രണ്ടു കുഞ്ഞാടുകള്‍ ചത്താലും വേണ്ടില്ല. വേട്ടക്കാരെ വെറുതെവിടണം എന്നാണ് ഇടയനും പറഞ്ഞത്. ഇടയനൊക്കെ ഇപ്പോള്‍ കശാപ്പുകാരുമായാണ് ഇടപാട്; കലികാലം. വിരുന്നിനുപോയി അത്യാവശ്യം സമ്മാനങ്ങളോക്കെ കിട്ടിയപ്പോള്‍ പറഞ്ഞുപോയതാണ്. നമ്മുടെ ഒരു പയ്യന്‍ കേന്ദ്രത്തില് അടുക്കളപ്പണിയ്ക്ക് നില്‍ക്കുന്നുണ്ട്; അവനെക്കൊണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പും കൊടുത്തു. ഏതോ ഒരു ദരിദ്രവാസി പത്രം അത് റിപ്പോര്‍ട്ട് ചെയ്തു.സംഗതി കുഴഞ്ഞു. വെളിവില്ലാതെ പറഞ്ഞതാണ് വെളിവുള്ളവര്‍ മാപ്പാക്കണം എന്നൊരു വിശദീകരണം പറഞ്ഞു ആളു തടിയൂരി.

   വെടിക്കാരെ അറസ്റ്റ്‌ചെയ്‌തുവെങ്കിലും അവരിവടെ ഉഴിച്ചിലും, പിഴിച്ചിലും തിരുമ്മലുമൊക്കെനടത്തി സുഖചികത്സയിലായിരുന്നുവെന്നു എല്ലാവര്ക്കും അറിയാം.നിയമലംഘകര്‍ക്ക് ചൂട്ട്പിടിക്കേണ്ട അവസ്ഥയായിരുന്നു;നമ്മുടെ പോലീസിന്. പാവപ്പെട്ട ഇന്ത്യന്‍മീന്‍പിടുത്തക്കാരെ ഒരു കാരണവുംകൂടാതെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍നാവികരെ വെറുതെ വിടണമെന്നും അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് ഫെറാരിയുടെ ആവശ്യം. അതില്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടമല്‍സരത്തില്‍ തങ്ങളുടെ കാറുകളില്‍ ഇറ്റാലിയന്‍ നാവികസേനയുടെ കൊടി പതിപ്പിക്കും എന്നാണ് ഭീഷണി.നിയമപ്രകാരം മല്‍സരത്തില്‍ പങ്കെടുക്കുന്ന വാഹനങ്ങളില്‍ മറ്റൊരു രാജ്യത്തിന്‍റെ സൈനികഅടയാളങ്ങള്‍ പാടില്ല.അത് രാജ്യദ്രോഹകുറ്റമാണ്.വെറും ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരത്തെപ്പോലും വെല്ലുവിളിക്കുന്ന ഈ പ്രവണത അനുവദിച്ചുകൂടാ; ആദരണിയനായ മുന്‍രാഷ്ട്രപതി കലാമിനെപ്പോലും പരിശോധനയുടെ പേരുപറഞ്ഞു തുണിയഴുപ്പിച്ച സായ്പ്പിനു; ഇന്ത്യയില് വന്ന് എന്തും വെളിച്ചുപറയാം. ഇന്ത്യയൊരു ബനാനറിപബ്ലിക്കും ഇവിടുത്തെ ജനങ്ങള്‍ വെറും മാങ്ങപീപ്പിള്‍സ് ആണെന്നും വിദഗ്ധഭിപ്രായം നമുക്കിടയില്‍ തന്നെ ഉള്ളതിനാല്‍ സായിപ്പിന് പേടിക്കാനില്ല.ഇതിനെതിരെ ആരെങ്കിലും ഇവിടെ ഒച്ചവെച്ചാല്‍ അവനെ നമ്മുടെ പോലീസും, കോടതിയും തൂക്കിക്കോളും.

     കാപ്പി, കുരുമുളക്, ഏലം വില്‍ക്കനുണ്ടോയെന്നു വഴി നീളെ ചോദിച്ചുനടന്ന പരദേശിപ്പെറുക്കികളെ; വീട്ടില്‍ വിളിച്ചുകയറ്റി;കുടിക്കാന്‍ ചായയും, കഴിക്കാന്‍ ചോറും, കിടക്കാന്‍ പായുംതലയണയുംകൊടുത്തു; ഒടുവില്‍ വലിഞ്ഞുകയറിവന്നവന്‍ വീട്ടുകാരനെ പുറത്താക്കി; പൊറുതി തുടങ്ങിയ ചരിത്രമാണ് നമുക്കുള്ളത്. പിന്നിട് വീട്ടുഭരണം തിരിച്ചു പിടിക്കാന്‍; ഒത്തിരി ചോരയൊഴുക്കേണ്ടി വന്നതും ഇവിടെയെല്ലാവനും അറിയാം. എന്നാലും സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്നു.

  കോടികള്‍ തുലച്ചു പട്ടിണിപാവങ്ങളുടെ നെഞ്ചത്തുകൂടി കാറോടിച്ചു കളിക്കാന്‍ പുതിയ ഗ്രാന്റ്പ്രീ സര്‍ക്യുട്ടുകള്‍ സംഘടിപ്പിക്കുന്ന നമ്മുടെ  മേലാളന്‍മ്മാരെ..... നിങ്ങള്‍ക്ക് സ്തുതിയായിരിക്കട്ടെ. എന്തെന്നാല്‍ നിങ്ങള്‍ പാവങ്ങളുടെ അമേധ്യത്തില്‍ സ്വര്‍ണ്ണം തിരയുന്നവരാണ്. നമ്മുടെ പൌരന്മ്മാരെ കൊന്ന കൊലപാതകികളെ വെറുതെവിടാന്‍ ഈ രാജ്യത്തു വന്നു പ്രതിഷേധം സംഘടിപ്പിക്കുന്ന ഫെരാരിയെപ്പോലുള്ള വിദേശകുത്തകകളെ അടിച്ചു പുറത്താക്കാന്‍ ഇന്ത്യന്‍രക്തത്തില്‍ പിറന്ന ആരുമില്ലേ ഇവിടെ????

 അപ്പന്‍ ഇരിക്കേണ്ട സ്ഥലത്ത് പട്ടി കയറി ഇരുന്നാല്‍;അപ്പന്‍ മാത്രമല്ല  അപ്പന്‍റെ മക്കളും പട്ടിയെ അനുസരിക്കേണ്ടി വരും....!!!!!!

Wednesday, October 24, 2012

ദേവസ്വംബോര്‍ഡിലെ സാദാഹിന്ദുവും,വിശ്വാസഹിന്ദുവും.........


 

 

 നാട്ടില്‍ കുടുംബാസൂത്രണം കൊടികുത്തിവാണകാലത്ത്,ഒരു ബക്കറ്റിനും അഞ്ഞൂര് രൂപയ്ക്കുംവേണ്ടി പുരുഷത്വം നഷ്ടപ്പെടുത്തിയ പല പുരുഷൂ... മാരും പിന്നീട്‌ ദുഖിക്കേണ്ടവന്നതായി പറയുന്നു.അഞ്ഞൂറ് രൂപയുടെ പ്രലോഭനത്തില്‍ വീണവനൊന്നും പിന്നിട് ശശിയേട്ടന്‍ സ്വതന്ത്രനാണ് മക്കളെ എന്ന് പറയാന്‍ ധൈര്യപ്പെട്ടില്ല. പറ്റിപ്പോയി, പറ്റിപ്പോയി എന്നുള്ള വിലാപ ഗാനങ്ങളാണ് പിന്നിട് കേട്ടത്.ചില തീരുമാനങ്ങള്‍ അങ്ങനെയാണ് ഒരിക്കല്‍ നടത്തിയാല്‍ തിരിച്ചുവരവ്‌ സാധ്യമാകണമെന്നില്ല. അത് വ്യക്തിജീവിതത്തിലായാലും,സാമൂഹ്യജീവിതത്തിലായാലും അങ്ങനെതന്നെ. അതുകൊണ്ട് തീരുമാനങ്ങള് എടുക്കുമ്പോള്‍ സൂക്ഷിക്കുക. പറഞ്ഞുവരുന്നത് നമ്മുടെ സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന ഒരു ഓര്‍ഡിനന്‍സിനെക്കുറിച്ചാണ്. ദേവസ്വംബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍, ഇനിമുതല്‍ ഹിന്ദുവായാല്‍ പോര; ഞാന്‍ ഹിന്ദുദൈവവിശ്വാസിയാണ് എന്നബോര്‍ഡ്‌ കഴുത്തില്‍ തൂക്കണം. തൂക്കുന്നതൊക്കെ കൊള്ളാം, പിന്നിടത് അഴിച്ചു കളയാന്‍ വിഷമിക്കേണ്ടി വരും.പടിക്കു പുറത്താക്കിയ വര്‍ഗ്ഗീയതയെ മെല്ലെ അകത്തു വിളിച്ചുകയറ്റുന്ന ഈ പരിപാടി നാടുകുളംതോണ്ടാനെ ഉപകരിക്കു..  

 ‘ദൈവവിശ്വാസി’കളാണെന്ന് എഴുതിക്കൊടുക്കുന്ന ‘ഹിന്ദു’ എംഎല്‍എമാര്‍ക്കു മാത്രമായി വോട്ടവകാശം ചുരുക്കി ദേവസ്വം ബോര്‍ഡ് നിയമം ഭേദഗതിചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. ഇതിനായുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദൃഢപ്രതിജ്ഞചെയ്ത ഹിന്ദു എംഎല്‍എമാര്‍ വിശ്വാസികളാണെന്ന് എഴുതിക്കൊടുത്താല്‍ മാത്രമേ ദേവസ്വംബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാനാകൂ. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ബോര്‍ഡിലെ വനിതാ സംവരണം എടുത്തുകളയാനും നിയമനങ്ങള്‍ക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചു. മൂന്ന് അംഗങ്ങളില്‍ ഒരാള്‍ പട്ടികജാതി-വര്‍ഗത്തില്‍ നിന്നായിരിക്കും. ദേവസ്വംബോര്‍ഡിലെ രണ്ടംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് നിശ്ചയിക്കുന്നത്. ഒരംഗത്തെ തെരഞ്ഞെടുക്കുന്നത് ഹിന്ദു എംഎല്‍എമാരും. നിലവിലുള്ള ഹിന്ദു നിര്‍വചനം ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ്. ദൃഢപ്രതിജ്ഞയെടുക്കുന്നവരെ ഹിന്ദുവായി കാണില്ലെന്ന അപകടകരമായ വ്യവസ്ഥയാണ് ഓര്‍ഡിനന്‍സിലുള്ളത്. ജനറല്‍വിഭാഗത്തിലെ അംഗങ്ങളെ സര്‍ക്കാരിന് നേരിട്ട് നാമനിര്‍ദേശംചെയ്യാമെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്യുന്നു.

കേള്‍ക്കുമ്പോള്‍ സുന്ദരമെന്ന്‌ തോന്നാം.ഈ നിയമത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്.ന്യൂനപക്ഷവര്‍ഗ്ഗീയതയും, ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ഫണം ഉയര്‍ത്തുന്ന ഈ സമയത്ത് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ ഔചിത്യം എന്താണെന്ന് മനസിലാവുന്നില്ല. ഹിന്ദുവാണെന്നതിനു ഹിന്ദുക്കള്‍ക്കുപോലും പരസ്യപ്രഖ്യാപനം ആവശ്യമാണെന്നു പറയുമ്പോള്‍; പഴയ ബോംബെ കലാപത്തില്‍ ‘നീ ഏതാടാ..’എന്ന് ചോദിക്കുന്ന കലാപകാരികളെയാണ് ഓര്‍മ്മവരുന്നത്. അടിയന്തര ഓര്‍ഡിനന്‍സ് വഴി ഇത് നിയമമാക്കാനുള്ള സര്‍ക്കാര്‍ നിലപാട്‌ വെറും അധികാരക്കൊതിമൂലമാണെന്ന് നിസംശയം പറയാം.ദേവസ്വംബോര്‍ഡ്‌ ഭരണം പിടിച്ചെടുക്കുക എന്നതില്‍ കവിഞ്ഞു ഇതിനു യാതൊരു പ്രസക്തിയുമില്ല. എന്നാലോ ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍  ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ധാരാളമാണ്.അധികാരം നിലനിറുത്താന്‍ വര്‍ഗ്ഗീയഅജണ്ടകളുമായി സര്‍ക്കാര്‍ സന്ധിയില്‍ ഏര്‍പ്പെടുമ്പോള്‍ ജനങ്ങളെയത് വര്‍ഗ്ഗീയമായി തരംതിരിക്കാന്‍ മാത്രമേ ഉപയോഗപ്പെടൂ.നമ്മുടെ രാജ്യം ഒരു മതേതരറിപബ്ലിക് ആണ്.  ഓരോരുത്തനും അവനവന്‍റെ മതങ്ങളില്‍ വിശ്വസിക്കാം; അതുപോലെ തന്നെ പ്രധാനമാണ് ഒരു മതങ്ങളിലും വിശ്വസിക്കാതെയും ജീവിക്കാമെന്നത്. സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ മതങ്ങള്‍തിരിച്ചുള്ള വിവേചനം പാടില്ല.ഓരോ രാഷ്ട്രിയ പാര്‍ട്ടികളും ഭരണം നിലനിറുത്താന്‍ ജാതിമതശക്തികളെ കൂട്ടുപിടിക്കുമ്പോള്‍ ശരിക്കും വര്‍ഗീയധ്രുവീകരണമാണ് നടക്കുന്നത്. അതിപ്പോള്‍ പ്രത്യക്ഷമായ രീതിയിലേക്ക് വന്നു കഴിഞ്ഞു. ജനാധിപത്യസര്‍ക്കാരുകള്‍ ജാതിമത ശക്തികള്‍ക്ക് അടിമപ്പെടുമ്പോള്‍ ജനാധിപത്യമാണ് ദുര്‍ബലപ്പെടുന്നത്.ബാബറിമസ്ജിദ്പോലുള്ള പ്രശ്നങ്ങളുടെ തുടക്കം തന്നെ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ പ്രീണനനയങ്ങളുടെ ഭാഗമാണ്.അതിനെതുടര്‍ന്നുണ്ടായ കലാപങ്ങള്‍,അതു സൃഷ്‌ടിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല.അവസാനമുണ്ടായ ഗോദ്ര കലാപം വരെ അതു എത്തിനില്‍ക്കുന്നു.

  മതത്തിലുണ്ടായാല്‍ പോരാ,സജീവമതപ്രവര്‍ത്തകനാണ് എന്ന് തെളിയിക്കണമെന്ന് പറഞ്ഞാല്‍ ഇത് വിത്ത്കാളയെ തിരഞ്ഞെടുക്കുന്ന പരിപാടിയൊന്നുമല്ലല്ലോ. എന്‍റെ വിശ്വാസം സജീവമാണോ അല്ലയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്ത് മതേതരത്വം,എന്ത് ഭരണഘടന..

   ഭരണഘടനയുടെ ആര്‍ട്ടിക്ക്‌ള്‍188ല്‍ പറയുന്നപ്രകാരം ഒരു ജനപ്രതിനിധിയ്ക്ക് ദൈവനാമത്തില്‍പ്രതിജ്ഞയൊ, ദൃഡപ്രതിജ്ഞയോ  ചെയ്താല്‍ മതി.അയാള്‍ ഒരു ജനപ്രതിനിധിക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹനാണ്. അല്ലാതെയുള്ള നിര്‍ബ്ബന്ധങ്ങള്‍ ഭരണഘടനാലംഘനമാണ്.ഇവിടെ ദേവസ്വംബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ ഹിന്ദു MLA-മാര്‍ മാത്രമാണ് വോട്ട് ചെയ്യുന്നത്. അത് ക്ഷേത്രങ്ങളിലെ പുരോഹിതരയോ മറ്റു ആചാരഅനുഷ്ഠാനങ്ങളെയോ സംബന്ധിച്ച തിരഞ്ഞെടുപ്പ് അല്ല. ദേവസ്വംബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ്‌ മാത്രമാണ്.ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കുക മാത്രമാണ് അവരുടെ ചുമതല. അതിനു വോട്ട് ചെയ്യണമെങ്കില്‍  ഹിന്ദുവാണെന്ന് പരസ്യമായി പറയണമെന്ന് പറഞ്ഞാല്‍ അതിലൂടെ എന്താണ് ഉദേശിക്കുന്നത്. ഹിന്ദുവായ MLAയ്ക്ക്; ഞാന്‍ ഹിന്ദുവാണ്, ഞാന്‍ ദൈവവിശ്വാസിയാണ് എന്നൊക്കെ മൈക്ക്കെട്ടി പറഞ്ഞാലെ വോട്ട്ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് പറയുമ്പോള്‍ ഇതെന്ത താലിബാനോ?. MLA പൂജാരിയുടെ പണിയെന്നും എടുക്കുന്നില്ലല്ലോ??.  ജനാധിപത്യരാജ്യത്ത് ഒരു ജനാധിപത്യസര്‍ക്കാര് ഇത്തരത്തിലുള്ള നിയമം കൊണ്ടുവരുമ്പോള്‍, നമ്മള്‍ പറയുന്ന  മതേതരത്വം എവിടെയാണ്.ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്ന് പരസ്യമായി പറയാന്‍ സാധാരണ മതങ്ങളാണ് ആവശ്യപ്പെടുന്നത്, ഇവിടെ സര്‍ക്കാര്‍ ആ പണി ചെയ്യുന്നു. ദേവസ്വംബോര്‍ഡില്‍ പരസ്യവിശ്വാസം ഏറ്റുപറയാത്ത സാദാഹിന്ദുക്കള്‍ അംഗങ്ങളായിരുന്നപ്പോള്‍ ഏതു ദേവനാണ് ഇറങ്ങിപ്പോയത്. പൂജയും, ആരാധനയും അതില്‍ പ്രാവിണ്യം നേടിയവര്‍ ചെയ്യട്ടെ.ഭരണവും മറ്റുകാര്യങ്ങളും അതിനു കഴിവുള്ളവര്‍ ചെയ്യട്ടെ. അവിടെ വിശ്വാസം മൃദുവാണോ,തീവ്രവാണോ എന്ന് നോക്കേണ്ട ആവശ്യമില്ല.ഇക്കാര്യത്തില്‍ ദേവനും, ദേവിയും ആരോടും വിരോധം പുലര്‍ത്തുന്നില്ല.

  ദേവസ്വംബോര്‍ഡില്‍ അഹിന്ദുക്കള്‍ പാടില്ലായെന്ന് വേണമെങ്കില്‍ വാദിക്കാം; എന്നാല്‍ ഹിന്ദുപോരാ; തീവ്രഹിന്ദു തന്നെവേണം എന്ന് സര്‍ക്കാര്തന്നെ പറഞ്ഞാല്‍; നാളെ ഹിന്ദുവിനു ഹിന്ദുവിന്‍റെ വോട്ടും, ക്രിസ്ത്യാനിക്ക് ക്രിസ്ത്യന്‍ വോട്ടും, മുസല്‍മാന്‍ മുസ്ലിംവോട്ടും എന്ന് പറയുന്നതും നമ്മള്‍ കാണേണ്ടിവരും. അധികാരത്തിനു വേണ്ടിയുള്ള ഈ നെറികെട്ട നെട്ടോട്ടം ഈ നാടിനെ എവിടെയാണ് എത്തിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ അഴിമതിയില്‍ വെറുംഹിന്ദു ഭരിച്ചപ്പോഴും വിശ്വാസഹിന്ദു ഭരിച്ചപ്പോഴും ഒരുമാറ്റവും ഉണ്ടായിട്ടില്ല. നിയമനം കൊടുക്കാമെന്ന് പറഞ്ഞു കാശുമേടിച്ച് പറ്റിച്ച കേസുകള്‍ ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. അവരാണിപ്പോള്‍ ദേവനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നേതാക്കള്‍ ഒരു കാര്യം മനസിലാക്കണം നിങ്ങള്‍ ദൈവങ്ങളെയോ, ക്ഷേത്രങ്ങളെയോ അല്ല ഭരിക്കേണ്ടത്.അവര്‍ക്ക് നിങ്ങളുടെ ഭരണം ആവശ്യമില്ല.ദൈവങ്ങളുടെ പേരില്‍ പാവപ്പെട്ടഭക്തര്‍ അര്‍പ്പിക്കുന്ന ചില്ലിതുട്ടുകള്‍ അടിച്ചു മാറ്റാതെ സംരക്ഷിക്കാനാണ് ദേവസ്വംബോര്‍ഡുകളെ ഉണ്ടാക്കിയിരിക്കുന്നത്.അതിന്‍റെ അവസ്ഥ ഇപ്പോളെന്താണ് ?പൂജാരിതന്നെ വിഗ്രഹം അടിച്ചുമാറ്റുന്നു. കാണിക്കയിടുന്ന പണം അടിച്ചുമാറ്റുന്നു, കൌണ്ടറില്‍ ഇരിക്കുന്നവന്‍ പൂജകള്‍ക്ക് അമിതനിരക്ക് ഈടാക്കുന്നു. ഒര്‍ജിനല്‍ രസീതിനു പകരം കള്ളരസീത് കൊടുക്കുന്നു.ഇത്തരം കള്ളത്തരങ്ങളൊക്കെ ദേവന്‍റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് ചെയ്യാമെങ്കില്‍ ഒരു സാധരണഹിന്ദുവിനു ദേവസ്വം ബോര്‍ഡിലും ഇരിക്കാം. ആ കാരണത്താല്‍ ലോകം അവസാനിക്കുകയൊന്നുമില്ല. അഴിമതിയില്‍ മുങ്ങിയിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ദേവസ്വംബോര്‍ഡുകള്‍.  എന്നിട്ടും ദൈവങ്ങള്‍ എല്ലാം സഹിച്ചു അവിടെതന്നെ ഇരിക്കുന്നു.ഒരു ദൈവവും ഇറങ്ങിപ്പോയിയെന്നു ഇന്നേവരെ പറഞ്ഞുകേട്ടിട്ടില്ല.ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ പേരില്‍ നടത്തുന്ന ഓരോ പദ്ധതികളിലും അഴിമതിയുടെയും കൈയ്യിട്ടുവാരലിന്‍റെയും കഥകള്‍ പറയാനുണ്ട്.ഭക്തര്‍ക്ക്കൊടുക്കുന്ന പ്രസാദങ്ങളില്‍ തുടങ്ങി,അമ്പല നിര്‍മാണത്തില്‍ വരെ അഴിമതിനടക്കുന്നു.ഇതൊക്കെ നടത്തുന്നത് വിശ്വാസം കൂടിയിട്ട് ഇരിക്കപ്പൊറുതിയില്ലാത്ത  നടത്തിപ്പുകാര്‍ തന്നെയാണ്. പിന്നെ എന്തിനാണ് നിങ്ങളുടെ ഈ വേഷം കേട്ട്??. സംഗതി സിമ്പിള്‍... നിയമസഭയില്‍ സര്‍ക്കാരിനു 27 ഹിന്ദുMLAമാരും,   LDFന് 46ഹിന്ദുMLA മാരുമാണ് ഉള്ളത്. ഈ അവസ്ഥയില്‍, അടുത്ത ദേവസ്വംബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്‍റെ ആളുകള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും. അതിനെ മറികടക്കാന്‍ കണ്ടുപിടിച്ച കുറുക്കുവഴിയാണിത്. LDF MLAമാര്‍ മരിച്ചാലും ദൈവനാമം പറയില്ല. പറഞ്ഞാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്; അവര്‍ ഭയക്കുന്നു.ആ തക്കം പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാരും കരുതിയിരിക്കുന്നു. ദൈവനാമത്തിലെന്ന് പറഞ്ഞാല്‍മതി; പിന്നെയെന്ത് ചെറ്റത്തരവും`കാണിക്കാം. ദൈവങ്ങള്‍ക്കതു പ്രശ്നമല്ലപോലും. ആരാണി കണ്ടുപിടുത്തം നടത്തിയതെന്നു  കൂടി വെളിപ്പെടുത്തിയാല്‍ കൊള്ളാം.

മറ്റൊരു വിചിത്രനിയമം ബോര്‍ഡിലെ സ്ത്രീസംവരണം എടുത്തുകളഞ്ഞു എന്നുള്ളതാണ്.രാജീവ്‌ഗാന്ധിയുടെ കാലത്താണ് എല്ലാ മേഖലയിലും സ്ത്രീ സംവരണം ശക്തിപ്പെടുത്തിയത്. രാജീവിന്‍റെ പാരമ്പര്യംപ്രസംഗിക്കുന്ന നമ്മുടെ സര്‍ക്കാര്‍ സ്ത്രീസംവരണം എടുത്തു കളയുന്നു.കൊള്ളാം ഇതാണ് ഭരണം.ക്ഷേത്രങ്ങളിലെ ദേവിവിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇറങ്ങിയാലും ഇനി അത്ഭുതപ്പെടാനില്ല.ദേവി മഹാമായേ അടിയനെ ഇവറ്റകളുടെ ഇടയില്‍ നിന്നും രക്ഷിച്ചോളണമേ......


    ദേവസ്വം നിയമനങ്ങള്‍ ഇനിമുതല്‍ പുതിയ ദേവസ്വംറിക്രുട്ട്മെന്‍റ് ബോര്‍ഡില്‍ ആക്കാനും തീരുമാനിച്ചിരിക്കുന്നു.പി.എസ്.സി പോലെ സുതാര്യമായ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോളാണ് പുതിയ ബോര്‍ഡ്‌. നിയമനത്തില്‍ കൈക്കലാക്കാവുന്ന പണത്തിന്‍മ്മേലാണ് കണ്ണെന്ന് വ്യക്തം. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലുള്ള നിയമനങ്ങള്‍ ഇപ്പോഴും ബോര്‍ഡ്‌ നേരിട്ടാണ് നടത്തുന്നത്. മറ്റു ഭരണപരമായ ഓഫീസ്‌ ജോലികളിലെക്കുള്ള നിയമനങ്ങളും സ്വന്തം നടത്താനുള്ള ഈ നീക്കം ഏതു ദേവനെ പ്രീതിപ്പെടുത്താനാണ്.നിലവില്‍ പി.എസ്.സി യുടെ നിയമന മാര്‍ഗരേഖ ദേവസ്വംബോര്‍ഡ്‌ അംഗികരിച്ചതാണ്.ഇനി ഒഴിവുകള്‍ പി.എസ്.സി യ്ക്ക്  റിപ്പോര്‍ട്ട് ചെയ്താല്‍ മതി.അതിനു തുനിയാതെ സ്വന്തം ഇഷ്ടക്കാരെ കുത്തിത്തിരുകാനുള്ള നടപടിയാണ് ബോര്‍ഡ്‌ ഇപ്പോള്‍ ചെയ്യുന്നത്.ജോലി കാത്തിരിക്കുന്ന യുവജനങ്ങള്‍ എല്ലാം വിഡ്ഢികള്‍; ക്ഷേത്രഭരണത്തില്‍ നിന്ന് രാഷ്ട്രിയക്കാരെ മാറ്റണമെന്ന് ശുപാര്‍ശ ചെയ്ത, കെ.പി ശങ്കരന്‍നായര്‍ കമ്മീഷന്റെ റീപ്പോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നു. ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ ആ റിപ്പോര്‍ട്ട് നടപ്പിലാക്കട്ടെ.അതിനു കഴിയില്ല.ആരാധനയും, വഴിപാടും, നേര്‍ച്ചയിടലും ഭക്തര്‍ക്ക്‌;ഭരണവും, നിയമനവും, കൈയ്യിട്ടുവാരലും രാഷ്ട്രിയക്കാര്‍ക്ക്; അതിനുവേണ്ടി എന്ത് ചെറ്റത്തരവും എഴുന്നെള്ളിക്കുക. പണംതട്ടാന്‍വേണ്ടി ദൈവങ്ങളെയും വിശ്വാസത്തെയും വില്‍ക്കാന്‍ ശ്രമിക്കുന്ന ഇവറ്റകളുടെ മേല്‍; ഭഗവാനെ അങ്ങ് കല്ലുമഴ പെയ്യിക്കണേ.പച്ച മരത്തോട് ഇങ്ങനെയാണിവര്‍ ചെയ്യുന്നതെങ്കില്‍ ഉണക്കമരത്തിന്‍റെ കാര്യം ആരോട് പറയാന്‍......

 

Tuesday, October 23, 2012

ഇ.ശ്രീധരനും അല്‍ഷിമേഴ്സ് രോഗികളും..!!!!!


     കാര്യങ്ങളിപ്പോള്‍ ചക്കകുഴയുന്നതുപോലെ കുഴഞ്ഞു. ‘കുഴച്ചു’ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പറഞ്ഞു വരുന്നത് നമ്മുടെ മെട്രോയെ ക്കുറിച്ചുതന്നെ.മേലോട്ടെടുക്കുന്നതിനു മുന്‍പ്‌ ഒരു തവണയെങ്കിലും ഒരു മെട്രോ യാത്രയെങ്കിലും തരപ്പെടണെയെന്നു പ്രാര്‍ത്ഥിക്കുന്നവര്‍ക്കെല്ലാം തിരിച്ചടിയാകുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ‘കത്ത്’ യുദ്ധത്തില്‍ മെട്രോയുടെ ചീട്ട് കീറുമോ ആവോ??? എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും കത്ത് എഴുതുന്നതാണ് ഇപ്പോഴത്തെ ഒരു സ്റ്റൈല്‍. പ്രമുഖരൊക്കെ കത്ത് എഴുതുക മാത്രമല്ല; ഞാന്‍ കത്ത് എഴുതിയിട്ടുണ്ട് ഇനി ഒന്നും പേടിക്കാനില്ല എന്ന് നാട്ടുകാരോട്  പറയുകയും ചെയ്യും.പെട്രോള്‍ വിലകൂട്ടിയ അന്ന് കത്തെഴുതി,വിമാനം പോകാത്തപ്പോള്‍ അന്ന് കത്ത് എഴുതി; അങ്ങനെ എഴുത്തുകള്‍ എഴുതാന്‍ ചന്തുവിന്‍റെ ജിവിതം ഇപ്പോഴും തുടരുന്നു.കത്തെഴുതിയെന്ന് പറയുന്നതല്ലാതെ കത്ത് അയച്ചോ, അത് അഡ്രസ്സ്കാരന് കിട്ടിയോ എന്ന കാര്യത്തിലൊന്നും ഒരു പിടിയുമില്ല.ഇങ്ങനെ അഡ്രസ്സ് എഴുതാതെയും ,സ്റ്റാമ്പ്‌ ഒട്ടിക്കാതെയും  അയക്കുന്ന  ചിലരുടെ കത്തുകള്‍ റിലീസ് ആകാത്ത അവാര്‍ഡ് സിനിമകളെ പോലെ പെട്ടിയില്‍ ഇരിക്കുമ്പോള്‍, ചില കത്തുകള്‍ അഡ്രസ്സ്കാരന് കിട്ടാതെ പത്രക്കാര്‍ക്കാണ് കിട്ടുന്നത്.അതാണിപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അല്‍ഷിമേഴ്സ്സിന്‍റെ അസുഖമുള്ള കേരള സര്‍ക്കാരിലെ, ഏതോ വിവരദോഷി നമ്മുടെ ഈ ശ്രീധരന്‍ സാറിനെക്കുറിച്ചു ഡല്‍ഹിയ്ക്ക് അയച്ച ഒരു കത്താണ് പ്രശ്നക്കാരന്‍. ഈ ശ്രീധരന് കൊച്ചിമെട്രോയില്‍ എന്തെങ്കിലും അധികാരമുണ്ടോ എന്ന് ചോദിച്ചതാണ് കുഴപ്പമായത്. അതിനു ഉണ്ട് എന്ന് മറുപടിയും കിട്ടി. പ്രശ്നം അവിടെ തീര്‍ത്തു പണിതുടങ്ങാനുള്ളതിന് അടുത്ത വിവാദം ഉടനെ പൊങ്ങി.അങ്ങനെ കത്തെഴുതാന്‍ പറ്റുമോ?? ആരോട് ചോദിച്ചിട്ടാ ഈ കാര്‍ക്കോടകന്‍ കത്ത് എഴുതിയത്??.അതില്‍ മുഴുവന്‍ അക്ഷരപിശകാണ്, പുറത്താക്കിയവാന്‍ പിന്നെ എന്തിനാണ് കത്തെഴുതുന്നത്?? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.ഇന്‍ഡ്യമുഴുവന്‍ അറിയുന്ന ശ്രീധരന്‍ സാറിനെ കൊച്ചിമെട്രോയുടെ മുന്‍ എം ഡി യ്ക്ക് അറിയില്ലെങ്കില്‍ അഥവ മറന്നു പോയെങ്കില്‍ സംശയമില്ല അല്‍ഷിമേഴ്സ് തന്നെ വില്ലന്‍. കൊച്ചിന്‍ മെട്രോലിമിറ്റഡ്‌ല്‍ ഇങ്ങനെ  മറവി രോഗമുള്ളവര്‍ ധാരാളമുണ്ട്.അവര്‍ കാര്യങ്ങള്‍ പെട്ടന്ന് മറന്നുപോകും ഈ ശ്രീധരന്‍ ആരാണ്, എവിടുന്നു വരുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവര്‍ ചോദിക്കും.പറഞ്ഞിട്ട് കാര്യമില്ല അയ്യായിരം കോടിയെന്നു കേട്ടപ്പോള്‍ ഉണ്ടായ വിഭ്രാന്തിയാണ്.തലതണുക്കെ വെള്ളമൊഴിച്ചാല്‍ മാറാവുന്നതെയുള്ളൂ.  ഇങ്ങനെയുള്ള രോഗികളെ  പെട്ടെന്ന് തന്നെ കണ്ടെത്തി വേറെ എവിടെയെങ്കിലും ഇരുത്തുകയാണ് ചെയ്യേണ്ടത്.കിടത്തി ചികല്‍സയാണ് വേണ്ടതെങ്കില്‍  ഊളന്‍പാറയും, കുതിരവട്ടവും അവിടെത്തന്നെയുണ്ടല്ലൊ??എവിടെ ഇരുത്തിയാലും രോഗത്തിന്‍റെ കാഠിന്യം കൂടുമ്പോള്‍ അവരിങ്ങനെ കത്തുകള്‍ അയച്ചുകൊണ്ടേയിരിക്കും. അത് കാര്യമാക്കാനേയില്ല.മോഹന്‍ലാലിന്‍റെ തന്മാത്ര സിനിമ കണ്ടവരോന്നും  കത്തെഴുതിയ ആളെ കുറ്റപ്പെടുത്തില്ല തീര്‍ച്ച. ഇതിന്‍റെ പേരും പറഞ്ഞു പണി തുടങ്ങാത്തതാണ് കഷ്ടം. തുടങ്ങാന്‍ താമസിക്കുമ്പോള്‍ പ്രതിദിനം നാല്‍പതുലക്ഷം രൂപ നമ്മുടെ ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് ശ്രീധരന്‍സാറുപറഞ്ഞിട്ടും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല. മെട്രോനിര്‍മാണത്തില്‍ ശ്രീധരന്‍റെ പങ്കു കൂടിയേകഴിയു എന്ന് സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പാകെ പറയുന്നുണ്ടെങ്കിലും അതിലുള്ള ആത്മാര്‍ത്ഥത സംശയകരമാണ്. ഇതിങ്ങനെ വലിച്ചു നീട്ടി അവസാനം ശ്രീധരനെക്കൊണ്ട്തന്നെ ‘ഞാനീ പണിക്ക് ഇല്ല’ എന്ന് പറയിക്കാനുള്ള ഒരു ശ്രമാണോ ഇത്.ആത്മാഭിമാനമുള്ള ആര്‍ക്കും അങ്ങനെ തോന്നും. അയ്യായിരം കോടിയ്ക്ക് മുകളില്‍ മുടക്ക് വരുന്ന പദ്ധതി.തുടങ്ങാന്‍ താമസിക്കുംതോറും പ്രതിദിനം നാല്പതുലക്ഷം നഷ്ടം എന്നിട്ടും സര്‍ക്കാരിനെന്തേ ഈ വിഷയത്തില്‍ മെല്ലപ്പോക്ക് ഇതാണ് സംശയം .രാഷ്ട്രീയത്തില്‍ കളിക്കുന്ന സ്ഥിരം നമ്പര്‍ ‘വെടക്കാക്കി തനിക്കാകുക’ പരിപാടിയല്ലേ ഇത്

വളരെ സിമ്പിളായിട്ടു നോക്കിയാല്‍ തീരുമാനമാകാത്ത പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവയാണ്. കൊച്ചി മെട്രോറെയില്‍ നിര്‍മ്മാണം DMRC യെയോ;  അതോ നമ്മുടെ തട്ടിക്കൂട്ട് കമ്പനിയായ  KMRL നെയാണോ ഏല്പ്പിക്കേണ്ടത്??. അടുത്തത് പദ്ധതി നടത്തിപ്പില്‍ ഇ. ശ്രീധരന്‍റെ സാന്നിധ്യം ആവശ്യമാണോ??.മറ്റൊന്ന് ഇതിനായി ആഗോള ടെണ്ടര്‍ വിളിക്കണമോ?? .ഇവയാണ് യഥാര്‍ത്ഥപ്രശ്നങ്ങള്‍. ഇവിടെയാണ്‌ അണിയറ നീക്കങ്ങള്‍ നടക്കുന്നത്  മറ്റുള്ളവ സര്‍ക്കാര്‍ വിചാരിച്ചാല്‍ വേഗത്തില്‍ തീര്‍ക്കാവുന്ന  വെറും സാങ്കേതിക തടസങ്ങള്‍ മാത്രം.കത്തും,അതിനെചൊല്ലിയുള്ള വിവാദങ്ങളും വെറും പുകമറ മാത്രമാണ്.

പദ്ധതി നടത്തിപ്പ്‌ ഏതു കമ്പനിക്ക്‌ കൊടുക്കണം DMRCയ്ക്കോ  KMRCയ്ക്കോ. ഈ രണ്ടു കമ്പനികളുടെയും നിലവാരം നോക്കാം.

DMRC:ഡല്‍ഹി മെട്രോതുടങ്ങി വിവിധ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പാരമ്പര്യം.ആധുനിക യന്ത്രസംവിധാനങ്ങളും അതി നൂതനസാങ്കേതികവിദ്യകളും,പരിചയസമ്പന്നരായ വിദഗ്ധരു മടങ്ങിയ സംഘം.KMRL: ഒരു മെട്രോ പദ്ധതിയുടെയും നടത്തിപ്പോ നിര്‍മ്മാണ പരിചയമോ ഇല്ല. പുതിയ യന്ത്രങ്ങളോ, സാങ്കേതിക വിദഗ്ധരോ ഒന്നുമില്ല. പഴയ കമ്പിപാരയും, പിക്കസും, കൂടവും പോലുള്ള ആയുധങ്ങള്‍ മാത്രം സ്വന്തം. DMRC: പദ്ധതിതുടങ്ങിയാല്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നു. രാപകലില്ലാതെ പണിനടക്കുന്നു. KMRL: ഒരു മൂത്രപ്പുര പോലും പറഞ്ഞ സമയത്ത് പൂര്‍ത്തിയ ചരിത്രമില്ല. മാത്രമല്ല പണിതുടങ്ങി പിറ്റേദിവസം പണിമുടക്കും തുടങ്ങും.

DMRC:പദ്ധതി നടത്തിപ്പിനായുള്ള അയ്യായിരത്തി ഇരുനൂറു കോടിയില്‍ ഒരു പൈസാപോലും നഷ്ടപ്പെടുത്താതെ  പണിനടക്കും .KMRL: കമ്മിഷന്‍, കൈക്കൂലി, പാര്‍ട്ടിഫണ്ട് പണിയെക്കുറിച്ച് പഠിക്കാനുള്ള വിദേശയാത്രകള്‍ തീറ്റകുടിചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞ് 5200കോടിയില്‍   50 കോടിയുടെപോലും പണി നടക്കില്ല. ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞാലും തൂണുകള്‍ പോലും വാര്‍ത്തുകഴിയില്ല. ഇതൊക്കെ നമ്മുടെ അനുഭവങ്ങളാണ്; അല്ലാതെ കുറ്റപ്പെടുത്തല്‍ അല്ല. ചെറിയ ഒരു കലുങ്ക് പണിയാന്‍തുടങ്ങിയാല്‍ ആ പ്രദേശത്തെ വാഹനഗതാഗതവും, ജനങ്ങളുടെ സഞ്ചാരസ്വതിന്ത്ര്യം എല്ലാം തടയുന്ന പണിയാണ് നമ്മുടെ എഞ്ചിനിയരിംഗ്.  എന്നാല്‍ പരിസരത്തെ ജനങ്ങള്‍ക്ക്‌ ഒരു ശല്യവും കൂടാതെ പണി പൂര്‍ത്തിയാക്കുന്നവരാണ് ഡി എം ആര്‍ സി.  കൊച്ചിയില്‍ പണിത മേല്‍പ്പാലം ഉദാഹരണമായി മുന്നില്‍ നില്‍ക്കുന്നു.പറയു പണി ആരെ ഏല്‍പ്പിക്കണം???

അടുത്ത തര്‍ക്കം ഇ ശ്രീധരന്റെ കാര്യത്തിലാണ് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനുള്ള കഴിവ്‌ നിരവധി പ്രോജക്ടുകള്‍ അഭിമാനാര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കിയ അനുഭവജ്ഞാനം. അനുവദിക്കപ്പെട്ട തുകയില്‍ ഒരു പൈസാപോലും മറ്റു രീതിയില്‍ പോകില്ലായെന്ന ഉറപ്പ്, എല്ലാറ്റിനുമുപരിയായി കേരളിയാനാണെന്ന കാര്യവും. ഇത്ര പരിചയസമ്പന്നനും, അഴിമതിരഹിതനുമായ ആളെ പണി ഏല്പ്പിക്കുന്നതില്‍ ആര്‍ക്കാണ് വിഷമം. സംസ്ഥാനത്തെ ഒരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്ന്‍ തന്‍റെ പദവിയിലിരുന്നുകൊണ്ടുതന്നെ ശ്രീധരനെതിരെ നീങ്ങണമെങ്കില്‍ അതിനു അനുവാദം കൊടുത്തതും ഭരണത്തിലുള്ളവര്‍ തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.കൊച്ചിമെട്രോ പദ്ധതി  കൈകാര്യംചെയ്യുന്ന നമ്മുടെ പൊതുമരാമത്ത് വകുപ്പിന്‍റെ അര്‍ത്ഥഗര്‍ഭമായ മൌനം ശ്രദ്ധിക്കപ്പെടെണ്ടതാണ്.ഇതില്‍ വ്യക്തമായ ഒരു റോളും ഇല്ലാത്ത ആര്യാടന്‍ പലതും പറയുമ്പോള്‍; പദ്ധതിയില്‍ ഭാഗമായ പൊതുമരാമത്ത് വകുപ്പ്‌ ഞാന്നൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നഭാവത്തില്‍ നടക്കുന്നു. പദ്ധതിയില്‍ നിന്നും ശ്രീധരനെ പുകച്ചു പുറത്തുചാടിക്കുക.പദ്ധതി ഹൈജാക്ക്‌ ചെയ്യുക ഇതു തന്നെ ലക്ഷ്യം. പൊതുസമ്മതനായ ശ്രീധരനെ സാങ്കേതിക നൂലാമാലകളില്‍കുടുക്കി പുറത്താക്കാനുള്ള അണിയറ നീക്കത്തിന്‍റെ ഭാഗമാണ് PWD പ്രിസിപ്പില്‍ സെക്രട്ടറി ടോം ജോസിന്‍റെ കത്ത്.

 മൂന്നാമത്തെ തര്‍ക്കം ആഗോളടെണ്ടര്‍ വേണോ എന്നതാണ്. പദ്ധതി നടത്തിപ്പില്‍ കൂടുതല്‍ കൃത്യതയും, സുതാര്യതയും, ചിലവ്‌ കുറയ്ക്കലുമാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള DMRC തന്നെയല്ലേ മറ്റു സ്വകാര്യകമ്പനികളെക്കാള്‍ നല്ലത്. അവരുടെ പരിചയസമ്പന്നതയും; പൂര്‍ത്തിയാക്കിയ പദ്ധതികളും നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അതുമാത്രമല്ല ആഗോളടെണ്ടരും അതിന്‍റെ തുടര്‍ നടപടികളും പദ്ധതിയുടെ ആരംഭത്തെയും, പൂര്‍ത്തികരണത്തെയും  ഇനിയും നീട്ടികൊണ്ടുപോകുകയേ ഉള്ളു. പദ്ധതിതുടങ്ങല്‍ താമസിക്കുന്നതു കാരണം ദിനംപ്രതി നാല്‍പതുലക്ഷം രൂപയുടെ  നഷ്ടംസംഭവിക്കുന്നു എന്ന കാര്യവും പരിഗണിക്കേണ്ടതാണ്.

ശ്രീധരന്‍റെ നേതൃത്വത്തില്‍ റെയില്‍ നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുത്താല്‍  സംഭവിക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്. കണക്കുകള്‍ സുതാര്യമായിരിക്കും, പണിയില്‍ കൃത്രിമം നടക്കില്ല, പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കും, ആദ്യമേ കണക്കാക്കിയ തുകയ്ക്ക്തന്നെ പദ്ധതി പൂര്‍ത്തിയാക്കും, കമ്മിഷന്‍ പരിപാടിയും, പാര്ട്ടിഫണ്ട്‌ പിരിക്കലും നടക്കില്ല, പരിസരവാസികള്‍ക്കും, ജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ പരമാവധി കുറവായിരിക്കും,.പദ്ധതി ദീര്‍ഘകാലം അറ്റകുറ്റപ്പണികള്‍ കൂടാതെ ലാഭകരമായി പ്രവര്‍ത്തിക്കും . ഇവിടെയാണ്‌ കുഴപ്പം. മുകളില്‍ പറഞ്ഞ ഒരു കാര്യവും നമ്മുടെ നേതാക്കന്മാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ പിടിക്കില്ല. അയ്യായിരം കോടിക്ക് മുകളില്‍ ചിലവ്‌വരുന്ന പദ്ധതിയാണ്.ഇത് നമ്മുടെ നേതാക്കന്‍മ്മാരുടെ നിയന്ത്രണത്തിലായാല്‍ കമ്മിഷനിനത്തില്‍തന്നെ നല്ലൊരു തുക അടിച്ചുമാറ്റാം.പധ്തിയെക്കുറിച്ചുള്ള പഠനം ,യന്ത്രങ്ങള്‍ വാങ്ങാനുള്ള കരാര് ഈ വകുപ്പിലോക്കെ തരാതരംപോലെ വിദേശയാത്രകള്‍ സംഘടിപ്പിക്കാം. കേരളസര്‍ക്കാര്‍ തുടങ്ങിയിട്ടുള്ള ഒരു സംരംഭവും ഇന്നേ വരെ പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കിയ ചരിത്രമില്ല. മാത്രമല്ല പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക; ഓരോ കാരണം പറഞ്ഞു വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ച് അതിന്‍റെവിഹിതം കരാറുകാരനും, നേതാക്കളും പങ്കിട്ടെടുക്കുന്നു. കാരാപ്പുഴ പ്രൊജക്റ്റ്‌ തന്നെ ഏറ്റവും നല്ല  ഉദാഹരണം. പദ്ധതി തുടങ്ങിയത്‌1974.  1978 ഏപ്രില്‍ ലാണ് പ്ലാനിഗ് കമ്മിഷന്‍ അംഗികരിക്കുന്നത്. ഏഴരക്കോടി രൂപയ്ക്ക് തീരുമെന്ന് പറഞ്ഞു തുടങ്ങിയതാണ്. 2007 വരെയുള്ള കണക്ക് പ്രകാരം 400കോടി രൂപ ചിലവഴിച്ചിരിക്കുന്നു ഇന്നുവരെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ല ഇതാണ് നമ്മുടെ എഞ്ചിനിയരിംഗ്.പിന്നെ പദ്ധതിയുടെ പേരും പറഞ്ഞു പൊതുജനങ്ങള്‍ക്ക് പരമാവധി ശല്യങ്ങള്‍ സൃഷ്ടിക്കുകയെന്നതും നമ്മുടെ ഒരു രീതിയാണ്. ഇക്കാര്യത്തിലും അതിനു വലിയ മാറ്റം വരാന്‍ സാധ്യതയില്ല. മാത്രമല്ല ഡിഎംആര്‍സി ഏറ്റെടുത്ത് പൂര്‍ത്തികരിച്ച  പദ്ധതികളെല്ലാം തന്നെ ലാഭകരവും,അറ്റകുറ്റപ്പണികള്‍കൂടാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നവയുമാണ്. ആ പരിപാടി കേരളത്തില്‍ നടക്കില്ല.
 
പണി പൂര്‍ത്തിയായി പിറ്റേ ദിവസം തന്നെ അറ്റകുറ്റപ്പണികളും തുടങ്ങണം. നമ്മുടെ ഒരു രീതി അതാണ്‌. അങ്ങനെ വന്നാല്‍ മാത്രമേ ആ വകുപ്പിലും കോടികള്‍ തട്ടാന്‍ പറ്റൂ. മറ്റൊന്ന് കേരളസര്‍ക്കാരിന്റെ ഒരു പദ്ധതികളും ഇന്നേവരെ.... ചിട്ടികമ്പനിയും, ലോട്ടറിയും, ബിവറേജും ഒഴിച്ച് ഒന്നും ലാഭത്തില്‍ പോയിട്ടില്ല. നമ്മുടെ പൊതുഗതാഗത സംവിധാനം തന്നെ നോക്കിയാല്‍ മതി. സ്വകാര്യ ബസ്‌മുതലാളി വര്‍ഷംതോറും പുതിയ ബസുകള്‍ ഇറക്കുമ്പോള്‍ സര്‍ക്കാര്‍വണ്ടി കട്ടപ്പുറത്ത് തന്നെ. ഖജനാവിലെ പൈസ അങ്ങോട്ട്‌ കൊടുത്തിട്ടാണ്; KSRTC യെ നിലനിര്‍ത്തുന്നത്. അങ്ങനെയുള്ള നാട്ടില്‍ മെട്രോ ലാഭത്തില്‍ പണിയാം എന്ന് ശ്രീധരന്‍ സാര്‍  പറഞ്ഞാല്‍ നമ്മള്‍ക്കത് സഹിക്കാന്‍ പറ്റുമോ.

 കേരളിയ ശൈലിയിലുള്ള മെട്രോ നിര്‍മ്മാണമാണ് നമ്മുടെ നേതാക്കള്‍ പ്രതിക്ഷിക്കുന്നത്. അതായത് അടുത്ത അഞ്ചു കൊല്ലത്തേയ്ക്ക് പഠനം, പിന്നെയൊരു കല്ലിടല്‍, കല്ലിട്ടെടെത്ത്‌ ആരേലും വീടുവയ്ക്ക്ന്ന കാലം വരെ അനങ്ങാതെ കിടക്കും.  പിന്നെ പെട്ടൊന്നൊരു ദിവസം  കുടിയിറക്ക്‌, കോടതി, സ്റ്റേ എല്ലാംകൂടി തീരുമാനമാകാന്‍ ഒരു പത്തുകൊല്ലം,പിന്നെ തൂണുവാര്‍ക്കല്‍ തുടങ്ങാം,അതുകഴിഞ്ഞ്  തട്ടടിക്കല്‍ , പൊളിഞ്ഞു വീഴല്‍....... അപ്പോഴേക്കും അനുവദിച്ച പണം തീരും. വീണ്ടും ഒരു അയ്യായിരം കോടി അനുവദിക്കും. ഇങ്ങനെ ഒരു രണ്ടുതലമുറ കഴിയുമ്പോഴേക്കും ഒരു തീരുമാനമാകും.ഇതാണ് നമ്മുടെ വികസന ശൈലി. അപ്പോഴേക്കും ഇപ്പോഴുള്ളത് കുറേയെണ്ണം മണ്ണടിക്കാവിലുമാകും.എല്ലാവരുടെയും വയറും നിറയും അതുവരെ ഇതുതന്നെ കളി.

റയില്‍വേ വകുപ്പ്‌ ആര്യാടനാണ്; എന്നാലും മെട്രോ പൊതുമരാമത്ത് വകുപ്പിന്കീഴില്‍.... യേത് കളി നമ്മുക്ക് പിടി കിട്ട്യേ....ശ്രീധരന്‍ അല്ല അതിലും വല്യവന്‍ ബിചാരിച്ചാലും നമ്മക്കുള്ളത് നമ്മക്ക് കിട്ടണം. കുഞ്ഞാലിയുടെ കുഞ്ഞിനോടാ കളി ......ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.