**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, December 8, 2014

മനോരമയുടെ വളിമാഹാത്മ്യം

              

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ആന മെലിഞ്ഞാല്‍ ഇത്രത്തോളും മെലിയുമോ..? ഇത്രയ്ക്ക് മെലിഞ്ഞതിനെ തൊഴുത്തില്‍ കെട്ടിയാല്‍ പശുവിനും നാണക്കേട് എന്നേ പറയാന്‍ കഴിയൂ.... ഒരുകാര്യംപറയാം ആനയും അമ്പാരിയുമൊക്കെ ഉണ്ടെന്നു അവകാശപ്പെടുന്ന പലതറവാടുകളും ഇപ്പോള്‍ ആനകള്‍ക്ക് പകരം കഴുതകളെ പോറ്റാന്‍ തുടങ്ങിയിരിക്കുന്നു... തങ്ങളുടെ കഴുതകളെല്ലാം ആനകളാണെന്ന് പൊതുജനത്തോട് പറഞ്ഞുകൊണ്ട് പല തറവാട്ടുകാരും സായൂജ്യമടയുന്നു..

 സത്യം പറഞ്ഞാല്‍ പത്രപ്രവര്‍ത്തനമെന്നാല്‍ ഒരു ഭയങ്കരസംഭവം തന്നെയാണ്... മുഖംനോക്കാതെ നിര്‍ഭയം നിരന്തരം തപ്പിയെടുക്കുന്ന നേര്; സുപ്രഭാതത്തിനും മുന്നേ മലയാളിയുടെ വീട്ടുപടിക്കലെത്തിക്കുക എന്നതാണ് ശരാശരിമലയാള പത്രപ്രവര്‍ത്തനം.. അപ്പിയിടാന്‍ പോകുന്നവന് കട്ടന്‍ചായയും കട്ടന്‍ബീഡിയും പിന്നെ കൈയ്യിലൊരു പത്രവും എന്നതാണ് ഒരു സാധാരണ കേരളിയന്‍റെ രഹസ്യമായി കരുതുന്ന പരസ്യമായ രീതി.. നാട്ടില്‍ നടക്കുന്ന സകലമാന അലക്കൊലാത്ത് കേസുകളും; ഹര്‍ത്താല്‍, പണിമുടക്ക്, മരണം, കത്തിക്കുത്ത്‌, മോഷണം, അടിപിടി, കള്ളക്കടത്ത്, പെണ്ണുപിടി, പീഡനം, ബലാല്‍സംഗം, കൊലപാതകം എന്നുവേണ്ട ഉദ്ദാരണം കൂട്ടാനുള്ള ഒറ്റമൂലിയില്‍ത്തുടങ്ങി, ആകര്‍ഷണയന്ത്രംവരെ വാര്‍ത്തകളാക്കി ജനനങ്ങളെ അറിയ്ക്കുകയെന്നത്  ചില്ലറപണിയല്ല... കാച്ചിക്കുറുക്കിയും, അടിച്ചുപരത്തിയും, വലിച്ചുനീട്ടിയും, വലിച്ചുകീറിയും, പക്ഷംചേര്‍ന്നും, പക്ഷംപിടിച്ചും, കാലുപിടിച്ചും വാലുമടക്കിയും ഒരേ വാര്‍ത്തകളെ പലതരത്തിലാക്കി വിതരണം ചെയ്യുന്നതാണ് തനതായ നടപ്പ് പത്രപ്രവര്‍ത്തനം... അതിനിടയില്‍ ചില സത്യങ്ങള്‍ കണ്ടാല്‍ അത്ഭുതം എന്നുവിചാരിച്ചാല്‍ മതി...  ഒരേ സ്പിരിറ്റില്‍നിന്നും പല ബ്രാണ്ട് മദ്യങ്ങളെന്ന രീതിയില്‍ വേണ്ടവര്‍ക്ക് വേണ്ടുന്ന രീതിയില്‍ വാര്‍ത്തകളുടെ ലഹരി നുണയാന്‍ പാകത്തില്‍ കൊടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു.. നില്‍പ്പ്സമരം കാണാതെ ചുംബനസമരം കാണും, മുലകുടിമാറാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവനെ പുണ്യവാളനാക്കും, സ്വന്തം ശരീരത്തെ വില്‍ക്കുന്ന വേശ്യയുടെ മനുഷ്യാവകാശത്തെക്കുറിച്ച് മുഖപ്രസംഗം എഴുതും തുടങ്ങി ശക്തമായ സാമൂഹ്യഇടപെടലുകള്‍ നടത്തിയാണ് പോക്ക്... ഇതിനിടയില്‍ IPEP  കണക്ക് പ്രകാരം അല്ലെങ്കില്‍ XYZ കണക്ക് പ്രകാരം തങ്ങളാണ് ഏറ്റവും കൂടുതല്‍ വായനക്കാരുള്ളവരെന്നു ഇടയ്ക്കിടെ പരസ്യവും ഇറക്കുന്നു.. ഇത്രയൊക്കെ ചെയ്തിട്ടും വാര്‍ത്തകള്‍ക്ക് നിലവാരമില്ല, വാര്‍ത്തകള്‍ മഞ്ഞയാണ്, പൈങ്കിളിയാണ് എന്നൊക്കെയുള്ള പരാതികള്‍ പറയുന്ന ചില ബുദ്ധിജീവികളുടെ ശല്യമാണ് സഹിക്കാന്‍ വയ്യാത്തത്... പലപ്പോഴും രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യവിഷയങ്ങളെപ്പറ്റി ഘോരഘോരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍; വളിവിടല്‍, അപ്പിയിടല്‍ പോലുള്ള ജനത്തിന്‍റെ അടിസ്ഥാനപ്രശ്നങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെടുന്നു എന്നൊരു വാദം നിലവിലുണ്ട്... ഉദാഹരണത്തിനു ഇന്നു കേരളത്തില്‍ എത്രപേര്‍ അപ്പിയിട്ടു എത്ര പേര്‍ക്ക് മലബന്ധം പിടിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍  ഏതെങ്കിലും പത്രക്കാര്‍ തിരക്കാറുണ്ടോ... ചുരുങ്ങിയപക്ഷം എത്രപേര്‍ വളിവിട്ടു എന്നെങ്കിലും അന്വേഷിക്കാറുണ്ടോ... വളിയുടെ അനന്തസാദ്ധ്യതകളെപ്പറ്റി ഏതെങ്കിലും പത്രം ഇതുവരെ  മുഖപ്രസംഗം എഴുതിയിട്ടുണ്ടോ... വളിയാണോ ശാസ്ത്രമാണോ സത്യമെന്ന്‌ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ..? കുറ്റകരമായ അനാസ്ഥയാണ് മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ തുടര്‍ന്നുവന്നത്... വൈകിയാണെങ്കിലും ഈ വിഷയത്തില്‍ മനോരമയ്ക്ക് സല്‍ബുദ്ധി വന്നിരിക്കുന്നു... വളിയും അപ്പിയിടലുമൊക്കെ മുഖ്യവാര്‍ത്തയായിത്തന്നെ കൊടുക്കാന്‍ ധൈര്യം കാണിച്ചതിനെ അങ്ങേറ്റം ബഹുമാനത്തോടെയാണ് കാണുന്നത്.. നോക്കൂ നമ്മുടെ സമൂഹത്തെ ബാധിക്കുന്ന ഒരു മഹത്തായ വാര്‍ത്ത ..’പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്‍കുട്ടി വളിവിട്ടാല്‍..’ ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്‌.... ഹോ എന്തൊരു ശക്തമായ എഴുത്ത്.. മനോരമ പോലുള്ള സാംസ്കാരിക പാരമ്പര്യം പറയുന്ന ഒരു പത്രത്തില്‍ ഇതുപോലുള്ള വാര്‍ത്തകള്‍ വരാന്‍ വൈകിയതിനെപ്പറ്റി പല ചിന്തകരും കുറ്റംപറഞ്ഞിരുന്നു... ഇനിയത് മാറിയിരിക്കുന്നു.... ഇത്രയും സാമൂഹ്യപ്രതിബദ്ധതയുള്ള ഈ വാര്‍ത്ത മറ്റൊരു പത്രത്തിലും വന്നില്ലായെന്നതാണ് ഏറെ സങ്കടകരം.. കേരളിയരുടെ മുഖ്യപ്രശ്നമായ വളിയെപ്പറ്റി വാര്‍ത്തകൊടുക്കാന്‍ കാണിച്ച ചങ്കൂറ്റം പ്രശംസനീയം തന്നെ... ഈ വാര്‍ത്ത‍ കണ്ടെത്തിയ സ്വന്തം ലേഖകന്‍റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെയും ഈ വാര്‍ത്ത‍ കത്രിക വയ്ക്കാതെ പ്രസിദ്ധികരിച്ച എഡിറ്ററെയും അഭിനന്ദിക്കാതെ വയ്യ... നിലവാരം അതിന്‍റെ ഉന്നതിയില്‍ എത്തിയിരിക്കുന്നുവെന്നു ഉറപ്പിച്ചുപറയാം.. വളിവിടുന്ന എല്ലാ പെണ്‍കുട്ടികളും വായിച്ചുപഠിക്കാനുള്ള വക വേറെയെവിടുന്നുകിട്ടും... ‘സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഒരു മെയിൽ ഷോവനിസ്റ്റ് പെണ്ണുകാണാൻ വന്നാൽ മോഡേണായ ഒരു പെൺകുട്ടി എന്ത് ചെയ്യും?’ എന്ന ചോദ്യത്തിന് വളിയിലൂടെ എങ്ങനെ ഉത്തരം കൊടുക്കാമെന്നു സ്വന്തം ലേഖകന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു... വളിവിടല്‍ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ മുഖ്യലക്ഷണമായി തിരിച്ചറിയാന്‍ കഴിയാത്ത ഈ നാട്ടിലെ ഉണ്ണാക്കാന്‍മ്മാരായ സകല മെയില്‍ഷോവാനിസ്റ്റുകളും ഈ വാര്‍ത്ത വായിച്ചിരിക്കണം.. ഭാര്യയായി വരുന്ന പെണ്‍കുട്ടിക്ക് മുഖ്യധാരയില്‍ വളിവിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും , മോഡേണായ പല പെണ്‍കുട്ടികള്‍ക്കും വളിവിടല്‍ ഒരു ഹോബിയാണെന്നും  മനസിലാക്കാന്‍ പെണ്ണുകാണാന്‍ പോകുന്ന എല്ലാ യുവാക്കള്‍ക്കും ഈ വാര്‍ത്ത‍ ഒരു പ്രേരകമാകുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാം... ഇതാണ് ശരിക്കും ജനോപകാരപ്രദമായ പത്രപ്രവര്‍ത്തനം; ഇത്രയും ഗഗനമായ വാര്‍ത്തകള്‍ മലയാളിക്ക് മുന്നില്‍ ധൈര്യപൂര്‍വ്വം വിളമ്പുന്ന മാധ്യമപ്രവര്‍ത്തനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല.. സ്ത്രീ സ്വാതന്ത്ര്യം ചുംബനത്തിലൂടെ പ്രഖ്യാപിക്കാന്‍ നടക്കുന്ന സകല സമരസേനാനികള്‍ക്കും വളിവിടല്‍ വാര്‍ത്ത  ഗുണമാകും; നടുറോഡില്‍ കെട്ടിപ്പിടിച്ചു ഉമ്മവെച്ച് വല്ലവന്റെയും തൊഴിമേടിക്കുന്നതിലും ഭേദമാണ് വളിവിട്ടുള്ള പ്രതിഷേധം.. വഴിനീളെ വളിവിട്ടു പ്രതിഷേധിക്കുന്ന തരുണിമണികളെ കയ്യേറ്റം ചെയ്യാന്‍ ഒരു ഹനുമാന്‍ സേനക്കാരും വരാന്‍ സാധ്യതയില്ല.. മാത്രമല്ല പ്രതിഷേധറാലി നീങ്ങുന്ന നിരത്തുകളില്‍നിന്നും പ്രതിഷേധത്തിന്‍റെ ചൂരടിക്കുമ്പോള്‍ത്തന്നെ  ജനം മാറിനിന്നുസഹകരിക്കും ..ശബ്ദവിന്യാസങ്ങളുടെ സമ്മിശ്രലഹരിയില്‍  ചെറിയൊരു തൃശൂര്‍പൂരം ഇതാ റോഡിലൂടെ നീങ്ങുന്നതായി പത്രമുത്തശി വാര്‍ത്തയും ലൈവ് സംപ്രേക്ഷണവും കൊടുക്കും... 

എങ്ങനെ വളി വിടാം, എങ്ങനെ അപ്പിയിടാം തുടങ്ങിയ ഇതുപോലുള്ള വാര്‍ത്തകള്‍ കഴിവതും മുന്‍പേജില്‍ത്തന്നെ പ്രസിദ്ധികരിക്കണം. വളിവിട്ടുകൊണ്ട് എങ്ങനെ വിപ്ലവം സംഘടിപ്പിക്കാമെന്നു പറഞ്ഞുതന്ന പത്രവുമായി ഇനിമുതല്‍ രാവിലെ പത്തുമിനിട്ടു നടന്നാല്‍ സുഖവിരോചനം നടക്കുമെന്ന് നിസ്സംശയം ഉറപ്പിക്കാം...  ഇനിയുള്ള കാലം ഇത്തരം ബ്രേക്കിംഗ് ന്യൂസുകള്‍ മുന്‍പേജില്‍ തന്നെ പ്രതീക്ഷിക്കുന്നു..  ’പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്‍കുട്ടി വളിവിട്ടാല്‍ എന്തു സംഭവിക്കും എന്നറിയാന്‍ മനോരമ വായിക്കൂ.. യഥാര്‍ത്ഥ വാര്‍ത്തയുടെ സൌന്ദര്യം ആസ്വദിക്കൂ... ഞാനും വരിക്കാരനായി നിങ്ങളോ..? ഇതാണ് നുമ്മ പറഞ്ഞ ആ പത്രപ്രവര്‍ത്തനം...