**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, July 30, 2012

മധുരാ ഹണിയും പിന്നെ ലണ്ടനും.......

  

     ലണ്ടന്‍ ഒളിംപിക്സിലെ ഇന്ത്യന്‍ടീമിന്‍റെ  മാര്ച്ച്പാസ്റ്റില്‍ അതിക്രമിച്ചുകയറിയ യുവതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു.ബംഗ്ലൂരില്‍ പഠിച്ച് ലണ്ടനില്‍ താമസമാക്കിയ മധുരാ(നാഗേന്ദ്ര)ഹണിയാണ് മാര്ച്ചുപാസ്റ്റില്‍ പങ്കെടുത്ത അജ്ഞാതയുവതിയെന്നു തിരിച്ചറിഞ്ഞു. മഞ്ഞയും കറുപ്പും യുണിഫോം ധരിച്ചു നിങ്ങിയ ഇന്ത്യന്‍ സംഘത്തിന്റെ മുന്‍നിരയില്‍ ചുമപ്പ് ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു നീങ്ങിയ യുവതി ആരാണന്നുള്ള അന്വേഷണത്തിനൊടുവില്‍ ഡെക്കാന്‍ ക്രോനിക്കള്‍ ആദ്യ വാര്‍ത്ത‍ പുറത്തുവിട്ടു. തങ്ങള്‍ക്കു ഇതെപ്പറ്റി ഒന്നുമറിയില്ലന്ന് ഇന്ത്യന്‍സംഘം വെളിപ്പെടുത്തി.ഏതായാലും മാര്ച്ചുപാസ്റ്റ്‌ സംപ്രേഷണം ചെയ്യാന്‍ നമുക്ക്‌ അനുവദിച്ചുകിട്ടിയ പത്ത് സെക്കന്റു സമയത്തില്‍ ഭൂരിഭാഗ സമയവും ക്യാമറ ഫോകസ് ചെയ്തത് ഈ യുവതിയില്‍ ആയിരുന്നു. കര്‍ശന സുരക്ഷ എന്ന് വീമ്പടിക്കുമ്പോഴും വഴിയെ പോകുന്നവനൊക്കെ വലിഞ്ഞു കേറാന്‍ കഴിയും എന്ന് തെളിഞ്ഞു.ഇന്ത്യന്‍ സംഘത്തില്‍ ആയതുകൊണ്ട് ഒന്നുമങ്ങു വിശ്വസിക്കാനും പറ്റുന്നില്ല.തന്നെ കേറിയതാണോ അതോ വല്ലവരും വിളിച്ചുകയറ്റിയതാണോ എന്നൊക്കെ പിന്നെ അറിയാം.കല്‍മാഡി അടക്കമുള്ള നമ്മുടെ ആത്മാര്‍ത്ഥതനിറഞ്ഞ നേതാക്കള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പോയിട്ടുണ്ട്; അതുകൊണ്ട് ചീഞ്ഞ കഥകള്‍ക്ക് പഞ്ഞമുണ്ടാവില്ല.

  ഇക്കുറി നമ്മള്‍ വിട്ടിരിക്കുന്നത് അന്‍പത്തിയേഴു ഇനങ്ങളിലായി എണ്‍പത്തിമൂന്നു പേരെയാണ്.വല്ലതും കിട്ടുമോ എന്ന് ചോദിച്ചാല്‍ സമ്മാനം അല്ല; പങ്കെടുക്കല്‍ ആണ് നമ്മുടെ ലക്ഷ്യം.അതിനിടയില്‍ വല്ല അബദ്ധവും സംഭവിച്ചാല്‍ അത്രയുമായല്ലോ എന്ന് കരുതാം. നിലവിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ വല്ലതും തടയുമോ എന്ന് പറയവുന്നതെ ഉള്ളു. നമ്മള്‍ തന്നെ കുറ്റം പറയുന്നത് ശരിയല്ലലോ............. കാത്തിരുന്നു കാണാവുന്നതെ ഉള്ളു.  ‘ഇന്ത്യ പുറത്ത്‌’ എന്നത് ഒളിമ്പിക്സ് തുടങ്ങിയ അന്ന് മുതല്‍ കാണുന്നുണ്ട്. നമ്മള്‍ക്കതില്‍ വല്യ പരിഭവവുമൊന്നും ഇല്ല.മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ. “ഇത്തവണ ഒന്നും കിട്ടാന്‍ പോകുന്നില്ല” എന്ന് കഴിഞ്ഞ തവണ പോയി തോറ്റമ്പി വന്ന ചാട്ടക്കാരി പറഞ്ഞത്‌ മറന്നിട്ടില്ല. താരങ്ങള്‍ക്കാണെങ്കില്‍ തോറ്റാലും ഹാപ്പി ജയിച്ചാലും ഹാപ്പി. മറ്റുരജ്യക്കാര്‍ കടുത്ത പരിശിലനം നടത്തുമ്പോള്‍ ഇവിടെ താരങ്ങളും കോച്ചും തമ്മില്‍ കടിപിടി.എന്‍റെ  കൂടെ ഞാന്‍ പറയുന്നവര്‍ തന്നെ വേണമെന്ന് താരം, പോയി പണി നോക്കടാ...... എന്ന് പറഞ്ഞു പരിശീലകര്‍. ഏതായാലും കുറ്റം പറയരുതല്ലോ പോകാന്‍ സമയം ആകുമ്പോള്‍ എല്ലാരും ഒന്നിക്കും. ഓസില്‍ ഒരു ടൂര്‍ കിട്ടുന്നത് കളയാന്‍ പറ്റുമോ....നാക്കുകൊണ്ടുള്ള പരിശിലനവും വീമ്പടിയും കഴിഞ്ഞു തോറ്റമ്പിവരുമ്പോള്‍; കുറ്റം ഗ്രൌണ്ടിനും കാലാവസ്ഥയ്ക്കുമാണ്.

   ആയിരത്തിതൊള്ളായിരം മുതല്‍ നമ്മള്‍ ഒളിമ്പിക്സ്ല്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ മൂന്നു വര്ഷം ഒഴിച്ച് കൃത്യമായി പറഞ്ഞാല്‍ തൊണ്ണുറ്റിയോന്‍പത് വര്‍ഷമായി നമ്മള്‍; “പങ്കെടുക്കല്‍....” എന്ന പരിപാടി നടത്തി വരുന്നു. എത്ര മെഡല്‍ എന്ന് ചോദിക്കരുത്. ഒന്നും കിട്ടാത്തവരെ എന്തിനു ജനങ്ങളുടെ കാശ് കൊടുത്ത് വിടണം എന്നും ചിന്തിക്കരുത്‌; അത് പിന്തിരിപ്പന്‍ ചിന്ത ആയി പോകും. മത്സരിക്കാന്‍ പോകുന്നവരുടെ ഇരട്ടിയാണ് അവരുടെ പിറകെ പോകുന്നത്. ഒഫിഷ്യല്‍ എന്നാണവരെ വിളിക്കുന്നത്. നമ്മുടെ നാട്ടുരീതിയനുസരിച്ച് ഉത്സവ കമ്മറ്റിക്കാര്‍ എന്നോ, സമതിക്കാര്‍ എന്നോ വിളിക്കാം. ജനങ്ങളുടെ ചിലവില്‍ വിനോദസഞ്ചാരം,ഷോപ്പിംഗ് തുടങ്ങിയ എല്ലാ കലാപരിപാടികളിലും പങ്കെടുക്കലാണ് ലക്ഷ്യം. തിരിച്ചുവന്ന് “ഞാന്‍ കണ്ട ലണ്ടന്‍”  അല്ലങ്കില്‍ “.മണ്ടന്മമാര്‍ ലണ്ടനില്‍”.... എന്നൊക്കെയുള്ള പേരില്‍ പുസ്തകവും ഇറക്കും. അടുത്ത അവാര്‍ഡാണ് ലക്ഷ്യം.
  രാജ്യത്തെ പ്രതിനിധികരിച്ച് ദേശിയപാതകയുമേന്തി കായികതാരങ്ങള്‍ ഒരേ യുണിഫോമില്‍ സ്റ്റേഡിയത്തെ വലംവയ്ക്കുമ്പോള്‍  പുറത്ത്‌നിന്നൊരാള്‍ അതും മറ്റൊരു വേഷത്തില്‍ ഏറ്റവും മുന്നില്‍ തന്നെ നടക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്????. സ്വന്തം സംഘങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്മുടെ ടീം ഒരു ആള്‍ക്കൂട്ടമായി അധപതിച്ചിരിക്കുന്നു.  ഇക്കണക്കിനു പോയാല്‍ ഇവിടുന്നു പോയവര്‍ ആണോ അവിടെ മത്സരിക്കുന്നത് എന്നും സംശയിക്കേണ്ടിവരും. നൂറുകോടിയോളും വരുന്ന ഇന്ത്യക്കാരുടെ സ്വപ്നങ്ങളും പ്രതിക്ഷകളുമാണ് തങ്ങള്‍ വഹിക്കുന്ന ആ പതാകയിലുള്ളതെന്ന ബോധ്യം കായിക താരങ്ങള്‍ക്കും അവരെ നയിക്കുന്നവര്‍ക്കും വേണ്ടിയിരിക്കുന്നു. നമ്മുടെ പ്രതിക്ഷകള്‍ നാം ഇവരില്‍ അര്‍പ്പിക്കുമ്പോള്‍ അതിനു തെല്ലും വിലകൊടുക്കാതെ ഉത്സവപരമ്പിലെ കുട്ടികളെ പോലെ നടന്നു നിങ്ങുന്ന ഈ കൂട്ടത്തെ ഇനിയും നമ്മള്‍ തീറ്റിപ്പോറ്റണമൊ എന്നാ ചോദ്യം അവശേഷിക്കുന്നു. കോടികള്‍ ചിലവഴിച്ച്‌ പരിവാരസമേതം നടത്തുന്ന ഇത്തരം യാത്രകള്‍ ഇനിയും തുടരണമോയെന്നു ചിന്തികെണ്ടിയിരിക്കുന്നു. ലോകനിലവാരത്തിലെത്താനുള്ള മിനിമം യോഗ്യതയെങ്കിലും ഇല്ലാത്തവരെ എന്തിനാണ് ചെല്ലും ചിലവും കൊടുത്ത് കൊണ്ടുപോവുന്നത് .പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തരങ്ങളെ തിരഞ്ഞെടുക്കാവു. ഞാനാണ്‌ താരം എന്ന് മല്‍സരത്തിലൂടെ തെളിയിക്കാതെ നാക്കുകൊണ്ട് മാത്രം പറയുന്നവര്‍ ആദ്യം ഗ്രൌണ്ടിലെ പുല്ലു പറിക്കട്ടെ...............
 പിന്മൊഴി :കാട്ടിലെ തടി; തേവരുടെ ആന; വലിയെടാ.. വലി.................

Saturday, July 28, 2012

ജീവിക്കണോ; അതോ മരിക്കണോ....?????

        

  രാജ്യങ്ങളുടെയും ഭാഷകളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് വിവിധ സംസ്ക്കരങ്ങള്‍ക്കോപ്പം കഴിയുമ്പോഴും ഓരോ മലയാളിയും താനൊരു കേരളിയന്‍ ആണെന്നതില് അഭിമാനും കൊള്ളാറുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണവുമായി നമ്മുടെ സ്വന്തം കേരളം ലോകത്ത്‌ പ്രശസ്തമായിരിക്കുമ്പോള്‍;  അത് നമ്മിലും ഒരു അനുഭൂതി ഉണര്‍ത്തുന്നു. പ്രകൃതിയുടെ സ്വന്തം നാട്..... കേരളം എന്ന പേരില്‍പ്പോലുമത്  പതിഞ്ഞിരിക്കുന്നു. കേരവൃക്ഷങ്ങളുടെ നാട്.... നാല്പ്പത്തിനാല് നദികളും, മഴക്കാടുകളും നിറഞ്ഞ പ്രദേശം.... സൂര്യന്‍ തലയ്ക്കുമുകളിലൂടെ കടന്നുപോകുന്ന അതെസമയത്ത്തന്നെ മഴക്കാലം വന്നെത്തുന്ന അപൂര്‍വ്വദേശം.!!!!!!!!!! ഇവിടെ ഒന്നും കൃത്രിമമായി ഉണ്ടാക്കേണ്ട. പ്രകൃതി തന്നതിനെ സംരക്ഷിച്ചാല്‍ മാത്രം മതി.  എന്നാലും നമ്മള്‍ പഠിക്കുന്നില്ല. നമ്മുടെ ഏറ്റവും വലിയ പരാജയം; നമ്മുടെ ശീലങ്ങള്‍ അപ്പാടെ മാറി എന്നുള്ളതാണ്. വിദ്യാഭ്യാസരംഗത്തും, സാംസ്ക്കാരികരംഗത്തും വന്ന കുതിച്ചുചാട്ടങ്ങള്‍,  മാധ്യമങ്ങള്‍ക്കുവന്ന ജനകീയ മുഖങ്ങള്‍; ലോകത്ത്‌ നടക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മലയാളിയുടെ മുന്നില്‍ എത്തിക്കുന്നു. അവ; അറിയുന്നതിനോപ്പംതന്നെ;  സ്വന്തം ജിവിതത്തിലും പകര്‍ത്താനുള്ള അമിതാവേശം മലയാളിയെ കുഴപ്പത്തില്‍ എത്തിക്കുന്നു. സ്വന്തം  സംസ്ക്കാരത്തെയും ശിലങ്ങളെയും മറന്ന് വിരുന്നു വരുന്ന പരദേശിയെ വാരിപുണരുന്ന നമ്മുടെ ശീലം നമുക്ക്‌ തന്നെ വിനയാകുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത് .

      മനുഷ്യന് അത്യാവശ്യ ഘടകങ്ങള്‍ ആയി വിലയിരുത്തപ്പെടുന്ന മൂന്ന് കാര്യങ്ങള്‍; ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ്. ഇതില്‍ വസ്ത്രവും, പാര്‍പ്പിടവും ആഹാരത്തിന് ശേഷം വരുന്ന കാര്യങ്ങളാണ്. സര്‍വ്വോപരി ജിവന്‍ നിലനിറുത്തുന്നതിനു പരമ പ്രധാനം ഭക്ഷണം തന്നെയാണ്. ഗുണത്തിലും ഭംഗിയിലും ലോകത്തെ മറ്റു  ഭക്ഷ്യവിഭവങ്ങളെക്കാളും ഒട്ടും പിറകില്‍ അല്ല നമ്മുടെ നാടന്‍ വിഭവങ്ങള്‍. തലമുറകളായി കൈമാറി കടന്നുവന്ന രീതികള്‍ ആയിരുന്നു;  നമ്മുടെ ഭക്ഷ്യ സംസ്ക്കാരത്തെ അടുത്തകാലംവരെ നിയന്ത്രിച്ചിരുന്നത് .മനുഷ്യ ശരിരത്തിന് ആവശ്യമായി വൈദ്യശാസ്ത്രം  ചിട്ടപ്പെടുത്തിയ ഒരു ചട്ടക്കുട് തന്നെ ആയിരുന്നു നമ്മുടെ ഭക്ഷണ രീതി .പ്രകൃതി തന്നെ അത് നമുക്ക് ഒരുക്കി തന്നിരുന്നു. വികസനമെന്ന കാഴ്ചപ്പാടില്‍ വന്നമാറ്റം പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുക്കളെ നമ്മള്‍ക്ക് അന്യമാക്കി. ഒന്നിനും സമയം പോര എന്ന സ്ഥിരം പല്ലവിയും; നമ്മുടെ മിഥ്യാഭിമാനവും നാടന്‍ വിഭവങ്ങളെ തള്ളിപ്പറയാന്‍ നമ്മളെ നിര്‍ബന്ധിതരാക്കി .അതുകൊണ്ട് തന്നെയാണ് തലേന്ന് കഴിച്ച കെ ഫ് സി  യുടെ ബില്ല് കൂട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നമ്മള്‍ സ്വയം വലിയവരായി എന്ന് ധരിക്കുന്നത്.  അനാരോഗ്യകരവും വിഷലിപ്തവുമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ നിയമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണ രീതികളിലൂടെ ഒരു സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഇവിടെ നിയമങ്ങള്‍ പര്യാപ്തമാവുന്നില്ല.   സ്വന്തം ആരോഗ്യത്തെ സ്വയം സംരക്ഷിക്കുന്നതായിരിക്കും ഇക്കാര്യത്തില്‍ ബുദ്ധി. നമ്മുടെ പഴയ അടുക്കള തോട്ടങ്ങളെ എന്ത്കൊണ്ട് തിരിച്ചുവിളിച്ചുകൂട??? പുതിയ മാറ്റങ്ങള്‍ക്കു പുറം തിരിഞ്ഞു നില്‍ക്കാതെതന്നെ നമ്മുടെ പുതുതലമുറയെ രോഗാതുരമായ ഒരു അവസ്ഥയില്‍ നിന്നും മാറ്റി നിറുത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടതാണ് .

   ശര്‍ക്കരകാപ്പിയിലോ, ചുക്കുകാപ്പിയിലോയൊക്കെ ആയിരുന്നു നമ്മുടെ ദിവസങ്ങള്‍ ആരംഭിച്ചിരുന്നത്.  ഹോര്‍ലിക്സും ബൂസ്റ്റുമൊക്കെ തരുന്നതില്‍ക്കൂടുതല്‍ ഉന്മേഷം അവ തന്നിരുന്നു.  ശുദ്ധമായ അരിപ്പൊടിയില്‍ തയ്യാറാക്കിയ പുട്ടും അതിനൊപ്പം ചേരുന്ന വാഴപ്പഴങ്ങളും കടലക്കറിയുമൊക്കെ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. .ആട്ടുകല്ലില്‍ അരച്ചെടുക്കുന്ന അരിമാവില്‍ രൂപം കൊള്ളുന്ന ഇഡലിയും,ദോശയും; തേങ്ങയും ഇലകളും ചേര്‍ത്തുണ്ടാക്കുന്ന ചട്ണിയും ചേര്‍ത്ത് ഒരു പിടി പിടിച്ചാല്‍ കിട്ടുന്ന സുഖം ഇന്നത്തെ നൂടില്സിനു കിട്ടുമോ???? അടുക്കളയോട് ചേര്‍ന്നുള്ള കുറച്ചുസ്ഥലത്ത്പോലും വെണ്ടയും, ചീരയും, വഴുതനയും, പയറുമൊക്കെ വളര്‍ന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

ഊണിനുള്ള വിഭവങ്ങള്‍ അപ്പോള്‍തന്നെ നുള്ളിയെടുത്ത് കറിയാക്കിയിരുന്നു. നാലുകാലില്‍ ഒരു ചെറിയ പന്തലൊരുക്കി അതില്‍ പടര്‍ന്നു കായ്ച്ചിരുന്ന പാവലും, പടവലവുമൊക്കെ അടുക്കളപ്പുറത്ത്നിന്ന് മാറി വലിയ തോട്ടങ്ങളിലേക്ക് വന്ന്;. ത്യ്മറ്റ്‌, ടിഗ്ടോന്ടി, എക്കലെക്സ് തുടങ്ങിയ വിഷങ്ങളില്‍ മുങ്ങി അത്  നമ്മുടെമേശമേല്‍ എത്തുന്നു. ഒരു തെങ്ങ് ഉണ്ടങ്കില്‍ അതിന്റെ തടത്തില്‍പോലും മത്തനും, വെള്ളരിയും വളര്‍ന്നിരുന്നു. ചെറിയപറമ്പ്‌ ആണെങ്കില്‍പ്പോലും കുറച്ചു വാഴകളെങ്കിലും കാണുമായിരുന്നു.  അതിന്‍റെ  ചുണ്ടും, കായും, പിണ്ടിയുമെല്ലാം ആവി പറക്കുന്ന വിഭവങ്ങള്‍ ആയി തീന്‍മേശയില്‍ എത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അന്ന് ആമാശയ ക്യാന്‍സറും ,വായ്പുണ്ണ്,  മറ്റ് ഉദരരോഗങ്ങളും പടിക്കു പുറത്തായിരുന്നു. തൊടിയുടെ മൂലയ്ക്ക് നിന്നിരുന്ന കറിവേപ്പിന്‍റെ തളിരിലകള്‍ പൊട്ടിച്ച് കുറച്ചു ഇഞ്ചിയും പച്ചമുളകും കൂട്ടി തിരുമ്മി മോരില്‍കലക്കി കുടിക്കുമ്പോള്‍ ദാഹം മാത്രമല്ല രോഗങ്ങളും മാറി നിന്നിരുന്നു.  സോഫ്റ്റ്‌ ഡ്രിങ്ക് കുടിച്ച് സോഫ്റ്റ്‌ ആയി കൊല്ലപ്പെടുന്നതിനെക്കാള്‍ എത്രയോ ഭേദമായിരുന്നു അത് .ഓരോ കാലത്തും കഴിക്കാനുള്ള പഴങ്ങള്‍ പ്രകൃതി തന്നെ സമയാസമയങ്ങളില്‍ നമുക്ക്‌ തന്നിരുന്നു. മാവും, പേരയും, ചാമ്പയും, നെല്ലിയും, മള്‍ബറിയുമെല്ലാം നമ്മളെ ഊട്ടിയിരുന്നു....

വറുതിയുടെ സമയത്ത് പ്ലാവ് അത് മനസിലാക്കി കനിയും....ചുളയും, കുരുവും, ചകിണിയുമെല്ലാം ഓരോ വിഭവങ്ങള്‍ ആയി മാറിയിരുന്നു. ദാരിദ്ര്യം വഴി മാറിയപ്പോള്‍ പ്ലാവുകളെല്ലാം ഫര്‍ണിച്ചറുകള്‍ ആയി മാറി. ഭക്ഷണം തന്നിരുന്ന പ്ലാവ്‌ ഭക്ഷണം വിളമ്പാനുള്ള മേശയായി മാറി . സ്ഥലമില്ല സ്ഥലമില്ല എന്ന് വിലപിക്കുമ്പോള്‍ ഓര്‍ക്കുക ഇതൊന്നും പത്തേക്കറില്‍ വിളഞ്ഞിരുന്ന കൃഷി അല്ലായിരുന്നു. ഇവയെല്ലാം വീടിന്റെ ചുറ്റുവട്ടത് തന്നെ ഉണ്ടായിരുന്നു. ഇന്നോ..?? വീടിന്‍റെ ചുറ്റും ഇന്റര്‍ ലോക്ക് കട്ടകള്‍ വിരിക്കുന്നു. ഒരു തുള്ളി വെള്ളം പോലും ഭുമിയിലേക്ക് താഴാന്‍ അനുവദിക്കാതെ  ഒഴുക്കി കളയുന്നു. പണ്ടത്തെ പടുകൂറ്റന്‍ മാവും പ്ലാവുമോന്നും വളര്‍ത്താന്‍ സ്ഥലമില്ലങ്കില്‍  നമുക്ക്‌ പുതിയ കൃഷി രീതികളെ പിന്തുടരാവുന്നതെയുള്ളൂ. ഗ്രാഫ്റ്റ് തൈയ്കള്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം തരുന്നവയാണ്.വീടിന്‍റെ ടെറസ്സും മുറ്റവും വരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വികസനത്തിന്റെ  ഫലങ്ങളെ  ഉപയോഗിക്കാന്‍ ഇനിയും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. വര്‍ഷത്തില്‍ എല്ലാ സമയത്തും തന്നെ ഇലയും പൂവും കായ്കളും  തരുന്ന മുരിങ്ങയെ നമ്മുടെ പറമ്പില്‍ തന്നെ വളര്‍ത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ കണ്ണിനെ നമുക്കുതന്നെ സംരക്ഷിക്കാം.  മാര്‍ക്കറ്റില്‍ നിന്നും നമ്മള്‍ വാങ്ങുന്ന വിഷലിപ്ത്തമായ തക്കാളിക്ക് പകരം ശുദ്ധമായതിനെ കുറച്ചു മണ്ണില്‍ ഇത്തിരി പ്രയക്നം ഉണ്ടങ്കില്‍  നമ്മുക്ക്തന്നെ ഉണ്ടാക്കാവുന്നതെയുള്ളു. അടുക്കളയില്‍ നിന്ന് കളയുന്ന വെള്ളവും മറ്റു അവശിഷ്ടങ്ങളും ഇതിനു വളമാക്കാം. നമുക്ക്‌കിട്ടുന്ന അറിവും കുറച്ചു പ്രയക്ന്നവുമുണ്ടങ്കില്‍ നമ്മുടെ ആരോഗ്യം നമ്മുടെകൈയ്യില്‍ സുരക്ഷിതം ആയിരിക്കും. പച്ചമുളകും കുഞ്ഞു കാന്താരിയും നമ്മുടെ ചെടിച്ചട്ടിയിലും വളരും. സ്വന്തം അധ്വാനിച്ചു നട്ടുവളര്‍ത്തിയ ഓരോന്നും വിളവെടുപ്പിനു തയ്യാറാകുമ്പോള്‍ അത് നമുക്ക്‌ നല്കുന്ന ആത്മനിര്‍വൃതി; ശരിരത്തിന് മാത്രമല്ല മനസിനും ആരോഗ്യദായകമാത്രേ......

  പാടത്തിനോട് ചേര്‍ന്നൊഴുകുന്ന ചെറിയ കൈതോടില്‍ നിന്ന് കിട്ടിയിരുന്ന കൊഞ്ചും, കാളാഞ്ചിയും, വരാലും, പരലുമെല്ലാം വലിയ വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന അമോണിയായില്‍ മുക്കിയ മീനിനെക്കാളും എന്തുകൊണ്ടും ഭേദമാണ്. രണ്ടാഴ്ചകൊണ്ട് രണ്ടുകിലോ തൂക്കംവരുന്ന; ഹോര്‍മ്മോണ്‍ കുത്തിവെച്ച കോഴികള്‍ നമ്മുടെ പ്രധാനവിഭവമായി മാറുമ്പോള്‍ കല്ലുപെറുക്കി കളിക്കുന്ന പ്രായത്തില്‍ നമ്മുടെ കുട്ടികള്‍ ശാരിരികവളര്‍ച്ചയുടെ പൂര്‍ണ്ണത കാണിക്കുന്നു.    മനസ്സില്‍ കുട്ടിത്തവും വളര്‍ച്ചയെത്തിയ ശരിരവും പലപ്പോഴും അപകടങ്ങളില്‍ കൊണ്ടെത്തിക്കുന്നു.  അപകടങ്ങള്‍ വന്നതിനുശേഷം ദുഖിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ ശ്രദ്ധിക്കുന്നതല്ലേ?? .കേവലം ചെറിയ വിലയ്ക്ക് സുലഭമായി കിട്ടുന്ന ഉരുളക്കിഴങ്ങ്‌ ശരിരത്തിന് മാരകമായ കെമിക്കലുകള്‍ കലര്‍ത്തി ആകര്‍ഷകമായ പായ്ക്കറ്റില്‍ എത്തുമ്പോള്‍ നമ്മളതു വലിയ വിലയ്ക്ക് വാങ്ങി കുട്ടികള്‍ക്ക് കൊടുക്കുന്നു. ഫലത്തില്‍ ഒരു പാട് രോഗങ്ങള്‍ക്കുടിയാണ് നമ്മള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. അജിനോമോട്ടോയും മറ്റു നിരോധിത നിറങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പലഹാരങ്ങള്‍ വലിയ വിലയ്ക്ക് വാങ്ങി കഴിക്കുമ്പോള്‍ നമ്മുടെ തന്നെ ആമാശയവും കുടലുമാണ് നശിക്കുന്നത്. പഴയകാലത്ത്‌ അപൂര്‍വമായി മാത്രം കേട്ടിരുന്ന ക്യാന്‍സര്‍ ഇന്നൊരു സാധാരണ അസുഖം മാത്രമായിരിക്കുന്നു. ഭക്ഷണശീലത്തില്‍ രുചിക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോഴാണ് അതില്‍ കൃത്രിമത്വം പെരുകുന്നത്. ജീവിക്കാന്‍ വേണ്ടി തിന്നുന്നതിന് പകരം തിന്നാന്‍ വേണ്ടി ജീവിക്കുമ്പോള്‍ എങ്ങനെയും സാധനം ചിലവാക്കുക. ലാഭം നേടുക എന്നവാണിജ്യതന്ത്രം പ്രയോഗിക്കപ്പെടുന്നു. ഇവിടെ അന്നം ബ്രഹ്മ്മം എന്ന സങ്കല്പം മാറ്റപ്പെടുന്നു. കഴിയുമെങ്കില്‍ വീട്ടില്‍ തന്നെ ഭക്ഷണം തയ്യറാക്കുക്കുക; അതിനു ആവശ്യമായതിനെ പരമാവധി ചുറ്റുപാടുകളില്‍നിന്ന് തന്നെ ഉണ്ടാക്കുക. മണ്ണിനെ വെറുക്കാന്‍ പഠിപ്പിക്കതിരിക്കുക. കൈയ്യില്‍ ഒരു തരി മണ്ണ് പറ്റിയാല്‍ അഴുക്ക് എന്ന് പറയാതെ ഒരു  ചെടിനടാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.  മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ പഠിക്കുമ്പോള്‍  വളര്‍ച്ചയ്ക്കൊപ്പം ഒരു പച്ചപ്പും രൂപം കൊള്ളുന്നു. എത്ര തിരക്കിനിടയിലും അരമണിക്കൂര്‍ തൊടിയിലുള്ള സസ്യങ്ങളെ പരിചരിക്കാന്‍ കഴിഞ്ഞാല്‍ വിഷം തളിച്ച മറുനാടന്‍ വിഭവങ്ങളെ പടിക്കു പുറത്താക്കാന്‍ നമുക്ക്‌ കഴിയും. തിന്നാന്‍ വേണ്ടി ജിവിക്കാതെ ജീവിക്കാന്‍ വേണ്ടി തിന്നുക. ആരോഗ്യ കേരളത്തിനു സ്വന്തം അടുക്കളയില്‍നിന്ന്  തന്നെയാവട്ടെ  തുടക്കം.......
പിന്മൊഴി: മരിച്ചാല്‍ മാത്രമേ നടപടി ഉണ്ടാകു..??? അടുത്ത ഇര;                                     ആകാതിരിക്കാന്‍ ശ്രദ്ധിക്കാം....................

Thursday, July 26, 2012

നേതാക്കള്‍ മറന്നാലുംജനങ്ങള്‍മറക്കില്ല ക്യാപ്റ്റനെ.........

 

       തിളയ്ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്‍റെ  ഞരമ്പുകളില് രാജ്യസ്നേഹത്തിന്‍റെ കൊടുങ്കാറ്റുയര്‍ത്തി ബ്രിട്ടീഷ്‌കാരന്‍റെ തോക്കിനെ; നേര്‍ക്ക്‌നേരെ നേരിട്ട നേതാജി സുഭാഷ്ചന്ദ്രബോസിനെ സ്മരിച്ചുകൊണ്ട്.ഇന്ത്യന്‍ സ്ത്രിത്വത്തിന്‍റെ  ജ്വലിക്കുന്ന ഓര്‍മ്മയായ "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയായ; ധീരവനിത ക്യാപ്റ്റന്‍  ലക്ഷ്മിയ്ക്ക് പ്രണാമം...............

പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും മലയാളിയുമായ , "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയും, ആസാദ് ഹിന്ദ് ഗവണ്‍മെണ്ടിലെ വനിതാക്ഷേമ മന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അന്ത്യ കര്‍മ്മങ്ങളില്‍ കേന്ദ്രത്തെയും കേരളത്തെയും പ്രതിനിധികരിച്ച് ആരും പങ്കെടുത്തില്ല.


    കേന്ദ്രത്തിലെയും കേരളത്തിലെയും നാണംകെട്ട ഭരണകര്‍ത്താക്കളെ  നിങ്ങള്‍ എന്തിനു ഞങ്ങളെ ഭരിക്കുന്നു.?? നിങ്ങള്‍ ഞങ്ങളുടെ നേതാക്കള്‍ ആണന്നു പറയാന്‍ ഞങ്ങള്‍ക്ക് ലജ്ജതോന്നുന്നു. മാതൃരാജ്യത്തിന്‍റെ  മോചനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കി,അവസാന ശ്വാസം വരെ ആരുടെയും തിണ്ണനേരങ്ങാന്‍ നടക്കാതെ ജനങ്ങള്‍ക്ക്‌ വേണ്ടി ജിവിച്ച ക്യാപ്ടന്‍ ലക്ഷ്മി അന്തരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയെങ്കിലും നിങ്ങള്‍ക്ക്‌ അവിടെ ഒന്ന് പോകാമായിരുന്നു.  മഴക്കാലമായത്കൊണ്ട് എണ്ണ പ്പാത്തിയില്‍കിടന്നു ഞങ്ങളുടെ കാശുകൊണ്ട് ഉഴിച്ചിലും, പിഴിച്ചിലും നടത്തുകയായിരുന്നു വെങ്കില്‍ ; വഴിചിലവിനു കാശ് കൊടുത്ത് നിങ്ങളുടെ കഞ്ഞി വെപ്പുകാരനെയെങ്കിലും  ഒരു റീത്തും കൊടുത്ത് വിടാമായിരുന്നു. എങ്കില്‍ ഞങ്ങള്‍ സഹിച്ചേനെ.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കക്കൂസിനുവരെ തറക്കല്ലിടാന്‍  ഓടി നടക്കുന്ന മന്ത്രി പൂവംഗന്‍മ്മാരെ നിങ്ങള്‍ക്ക് അറിയാമോ..? ഈ ക്യാപ്റ്റനെ.   കൊടിവച്ച കാറില്‍ പറന്നു നടക്കുമ്പോള്‍;നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനു   പിന്നില്‍ ഒരു പാട് ജീവിതങ്ങളുടെ ചോരയും വിയര്‍പ്പും  ഉണ്ട് എന്ന് ഓര്‍ക്കണം. അവരെ മറക്കുന്നത് എന്ത് “ തരം “ ആണെന്നു  പ്രത്യേകം പറയണോ.

  ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ  ജ്വലിക്കുന്ന പ്രതികമായിരുന്ന ക്യാപ്റ്റന്‍ലക്ഷ്മി ഒരു കേരളിയ... ആയിരുന്നത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.  ശത്രുക്കളില്‍ നിന്ന് നാടിനെ  രക്ഷിക്കാന്‍ ജീവത്യാഗംചെയ്താ കാര്‍ഗില്‍ യുദ്ധവീരന്മ്മാരെ,. അതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് വേണ്ടി ജിവിതം ഉഴിഞ്ഞു വച്ചവരെ..... നമ്മുടെ നേതാക്കള്‍ എന്ന് പറഞ്ഞു നമ്മളെ പറ്റിച്ചു ജീവിക്കുന്നവര്‍ നിങ്ങളെ മറന്നാലും ഞങ്ങള്‍ നിങ്ങളെ സ്മരിക്കും. വിളിച്ച് പറയാന്‍ ഞങ്ങള്‍ക്ക് മൈക്പെര്‍മിറ്റ്‌ ഇല്ല. കണ്ണീര്‍ഷോകള്‍ അവതരിപ്പിക്കാന്‍  ചാനലുകളില്ല. മുതലകണ്ണിരില്‍ ചാലിച്ച് എട്ടുകോളം ഗീര്‍വാണം എഴുതാന്‍ സ്വന്തമായി പത്രവുമില്ല. എങ്കിലും ഞങ്ങളുടെ ചിന്തകളില്‍, വികാരങ്ങളില്‍, വിചാരങ്ങളില്‍ നിങ്ങളുടെ ധീരത എന്നും നിറഞ്ഞു നില്‍ക്കും.
   ആന ചത്താല്‍ അതിനുവരെ!!!!!! ഔദ്യോഗിക ബഹുമതികളോടെ അടക്കു നടത്തുന്ന നമ്മുടെ നാട്ടില്‍ ഒരു മുന്‍നിര സ്വാതന്ത്ര്യസമരപോരളിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനുള്ള സാമാന്യബോധം എങ്കിലും;  നമ്മുടെ ഗവേന്മേണ്ട്  കാണിക്കണമായിരുന്നു. ഇത്തിരി പോന്ന നാട്ടില്‍ ഓലപ്പടക്കം പൊട്ടിയാല്‍പ്പോലും ബോംബാണന്നു പറഞ്ഞു ഹര്‍ത്താല്‍ നടത്തി, വഴിയോരത്ത്‌ പന്തല്‍ കെട്ടി നിരാഹാരം കിടക്കുന്നവരെ നിങ്ങള്‍ ശരിക്കുള്ള തോക്ക് കണ്ടിട്ടുണ്ടോ??? ബോംബ്‌ കണ്ടിട്ടുണ്ടോ????  .മാതൃരാജ്യത്തിനു വേണ്ടി ഇന്നേ വരെ ഒരു തുള്ളി വിയര്‍പ്പ് ഒഴുക്കിയിട്ടോണ്ടോ????.  നിയമസഭയിലും.പാര്‍ലമെന്റ്‌ലും പോയി ഉറങ്ങി., ബത്തയും വാങ്ങി നടക്കുന്നവരെ.....സമയം കിട്ടിയാല്‍ ക്യാപ്റ്റന്‍ലക്ഷ്മിയെക്കുറിച്ച് ഒന്ന് അറിയാന്‍ ശ്രമിക്കുക. അതിനു നിങ്ങള്ക്ക് ചര്ത്രം വല്ലതും അറിയാമോ അല്ലേ...!!!!!! . സമുദായ കണക്ക്‌ പ്രകാരവും,ജാതി,മത അനുപാതത്തിലും,അപ്പന്‍ ചത്ത വകയിലും അധികാരംകിട്ടുമ്പോള്‍ എന്തിനു ചരിത്രം പഠിക്കണം.അതിനു തലയ്ക്കുമുകളില്‍  ഉള്ളവന്‍റെ  തലയ്ക്കു താഴോട്ടു തിരുമ്മന്‍ പഠിച്ചാല്‍ പോരെ...... എങ്കിലും ചരിത്രത്തില്‍ നിന്ന് കുറച്ച്........
      1914 ഒക്ടോബര്‍ 24നായിരുന്നു ലക്ഷ്മിയുടെ ജനനം.ഡോക്ടറാകാനായിരുന്നു ലക്ഷ്മിയുടെ ആഗ്രഹം. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് സമ്പാദിച്ച മെഡിക്കല്‍ ബിരുദവുമായി 1940ല്‍ സിംഗപ്പൂരിലെത്തിയ ലക്ഷ്മി പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്കുവേണ്ടി ഒരു ക്ളിനിക് ആരംഭിച്ചു. അവിടെവെച്ചാണ് ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ലീഗുമായി ബന്ധപ്പെട്ടത്.1943 ജൂലൈ നാലിന് ഐഎന്‍എയെ നയിക്കാന്‍ ബര്‍ലിനില്‍നിന്ന് ടോക്യോ വഴി സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂരിലെത്തി. ജൂലൈ അഞ്ചിന് ഐഎന്‍എയിലെ വനിതാവിഭാഗമായ ഝാന്‍സിറാണി റജിമെന്റിനെ നയിക്കാന്‍ പ്രാപ്തയായ വനിത ആരെന്ന നേതാജിയുടെ ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ കിട്ടിയുള്ളൂ.അങ്ങനെ ഡോക്റ്റര്‍ആയ ലക്ഷ്മി  ക്ലിനിക് അടച്ചുപൂട്ടി "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയായി. 1943 ഒക്ടോബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ലക്ഷ്മി വനിതാക്ഷേമ മന്ത്രിയായി. ഝാന്‍സിയിലെ റാണിയെ അനുസ്മരിപ്പിച്ച പ്രകടനമാണ് അവര്‍ യുദ്ധമുന്നണിയില്‍ നടത്തിയത്. നിരവധി ഐ.എന്‍.എ സൈനികരെ രക്ഷിക്കാന്‍ ആ ധീരവനിതക്കു കഴിഞ്ഞു. പക്ഷേ, ഒടുവില്‍ ലക്ഷ്മി പിടിക്കപ്പെട്ടു.
തടവുകാരിയായി ഇന്ത്യയില്‍ എത്തിക്കപ്പെട്ട ലക്ഷ്മി ഇന്ത്യന്‍ മനസ്സുകളില്‍ ധീരതയുടെ പ്രതീകമായി. ലക്ഷ്മിയുടെ തടവിലെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ അവരെ മോചിപ്പിച്ചു. 1947 മാര്‍ച്ചില്‍ ലാഹോറില്‍വച്ച് പ്രേംകുമാര്‍ സൈഗാളും ലക്ഷ്മിയും വിവാഹിതരായി. തുടര്‍ന്ന് ഇരുവരും കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി. വിഭജനത്തെ തുടര്‍ന്ന് കാണ്‍പൂരിലെത്തിയ അഭയാര്‍ഥികള്‍ക്കുവേണ്ടിയായി ലക്ഷ്മിയുടെ പിന്നീടുള്ള പ്രവര്‍ത്തനം. കാണ്‍പൂരില്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഏക ഡോക്ടറായിരുന്നു അക്കാലത്ത് ലക്ഷ്മി.
വനിതകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുറച്ച ലക്ഷ്മി എഴുപതുകളുടെ ആരംഭത്തില്‍ കൊല്‍ക്കത്തയിലെത്തി. ബംഗ്ളാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ സിഖുകാരെ ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ തെരുവിലിറങ്ങിനിന്ന് തടഞ്ഞു.

  ലക്ഷ്മിയെ മറന്ന കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ ഒന്ന് പറഞ്ഞാല്‍  കൊള്ളാം.നിങ്ങളുടെ ജീവിച്ചിരിക്കുന്ന ഏതു നേതാക്കള്‍ക്കുണ്ട് ഈ സമര പാരമ്പര്യവും,നേതൃത്വഗുണവും,ത്യാഗ സന്നദ്ധതയും.ഒരു രാജ്യത്തിന്‍റെ നേതൃത്വം എന്നാല്‍ ആ രാജ്യത്തെ ജനങ്ങളെ പ്രതിനിധികരിക്കുന്നത് ആയിരിക്കണം.തിരഞ്ഞെടുപ്പ് കഴിഞു അധിക്കാരത്തില്‍ വന്നാല്‍ ആദ്യ കടപ്പാട് ജനങ്ങളോട് ആയിരിക്കണം.രാഷ്ട്രസ്വാതന്ത്ര്യത്തിനു വേണ്ടി  ജീവിതം മാറ്റിവെച്ചവരെ;  കേവല രാഷ്ട്രീയത്തിന്‍റെ പേരില്‍; നിങ്ങള്‍ മറന്നാല്‍ ജനഹൃദയങ്ങളില്‍ നിന്ന് ഒരായിരം മുദ്രാവാക്യങ്ങള്‍ അവര്‍ക്കായി ഉയരും...ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ ലക്ഷ്മി...; ജന്മനാട് നിങ്ങളെ മറന്നിട്ടില്ല. ആയിരമായിരം പ്രണാമങ്ങള്‍...........

പിന്മൊഴി:സംസ്ഥാന അവാര്‍ഡ് പ്രതിക്ഷിച്ചുവെന്ന്! സന്തോഷ് പണ്ഡിറ്റ്.
                    ഇന്ത്യയില്‍ നിന്ന്ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പുതിയപ്രസിഡന്റ്

ഒരുവട്ടംകൂടിയാ തിരുമുറ്റത്തെത്തുവാന്‍ മോഹം...............


മരുഭുമിയില്‍ മഴ പെയ്യുന്നത് കാണാന്‍ സുഖമുള്ള ഒരു ദൃശ്യമാന്ന്. ചുട്ടുപഴുത്ത ഭൂമിയിലെക്ക് കുളിരിന്‍റെ നനുനനുത്ത നൂലുകളായി മഴ പെയ്തിറങ്ങുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. പ്രവചനങ്ങള്‍ക്ക് അതീതമായ് ആര്‍ക്കും പിടികൊടുക്കാതെ ഒരു അപ്രതീക്ഷിത വിരുന്നുകാരനെപ്പോലെ മഴ എത്തുന്നു. പലപ്പോഴും കാണാന്‍തന്നെ സാധിക്കാറില്ല.പകലിന്‍റെ വെള്ളക്കുപ്പായം അഴിച്ചുവെച്ച് ഭൂമി; രാത്രിയുടെ കറുത്ത മൂടുപടമണിയുമ്പോള്‍ ഒരു കള്ളനെപ്പോലെ മഴ കടന്നുവരുന്നു. ഒരു കുമ്പസാരത്തിലുടെ ചെയ്ത് കൂട്ടിയ തെറ്റുകളെല്ലാം കഴുകികളയുന്നത് പോലെ അന്തരിക്ഷത്തിലെ അഴുക്കിനെയെല്ലാം കഴുകി കളഞ്ഞുകൊണ്ട് മഴ കടന്നുപോകുന്നു. കടന്നുപോകലിന്‍റെ അടയാളമായി വാഹനങ്ങളിലെല്ലാം ചെളിപിടിച്ചപാടുകളും,ചെറിയ വെള്ളകെട്ടുകളും മാത്രം അവശേഷിപ്പിക്കുന്നു. ഈ കടന്നുപോകല്‍ പകലാണെങ്കില് ഇന്തപ്പനയോലകളില്‍ മുത്തുകള്‍ വാരി വിതറുന്നതും, പച്ചപുല്ലില്‍ നിന്ന് നീരാവിപൊങ്ങുന്നതും കാണാം.എല്ലാത്തിനും മീതെ ജലം കുടിച്ച് ഉന്മത്തയായ മണ്ണിന്‍റെ മണം പ്രസരിക്കുന്നു.കെട്ടികിടക്കുന്ന വെള്ളത്തില്‍ നീണ്ടകാത്തിരിപ്പിനോടുവില്‍ നീരാട്ടുനടത്തുന്ന പക്ഷികള്‍; ഗേറ്റ് തുറന്ന്‍ കുറച്ച് കുട്ടികള്‍ പുറത്തുവന്നു; ചെറിയവട്ടങ്ങളായി കിടക്കുന്ന വെള്ളം ചവിട്ടിതെറുപ്പിക്കുന്നു; കൈകൊട്ടിചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും തെറുപ്പിക്കുന്നു. കമോണ്‍................ ഒരു നീണ്ട വിളി ശബ്ദം.... പുറത്തുവന്നവരെല്ലാം അകത്തേക്ക് ഓടി. ആരുമില്ല ഒന്നുപോയി വെള്ളത്തില്‍ ചവുട്ടിയാലോ? വേണ്ട ആരെങ്കിലും കണ്ടാലോ;  മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വലിച്ചു.പ്രായം അതെന്നെ പിറകോട്ട് വലിച്ചു.ചെറുപ്പത്തിലെക്കുള്ള തിരിച്ചുപോക്ക്‌ വലിയ ബുദ്ധിമുട്ടാണന്ന് മനസിലായി. തണുത്ത മണ്ണിന്‍റെ ഗന്ധം,ശീതളമായ കാറ്റ്, മണ്ണില്‍നിന്ന്‍ നിരാവി പൊങ്ങുന്നു, മഴത്തുള്ളികള്‍ വീണു ചാഞ്ഞ ചെടിയുടെ കമ്പുകള്‍ മെല്ലെ തലയുയര്‍ത്തുന്നു, ചെറിയ പോക്കുവെയില്‍............ സുഖകരമായ ഒരുതരിപ്പ് അരിച്ചിറങ്ങുന്നു. വേഗം റൂമിലെത്തി ബാത്ത്ടപില്‍ വെള്ളംനിറച്ച് കാലുകൊണ്ടോന്നു ചവിട്ടിതെറുപ്പിച്ച് നോക്കി ആരും കാണാതെ; ആ പഴയ കാലത്തേക്ക്.....................

       ആദ്യമായി മഴ നനഞ്ഞ ദിവസം, ആദ്യമായി സ്കൂളില്‍പോയ ദിവസം. അയല്‍പക്കത്തെ ചേച്ചിമാരുടെ കൂടെയാണ് പോയത്‌.തികച്ചും സ്വതന്ത്രനായി അങ്ങനെ പുറത്തേക്ക് ഇറങ്ങി. ജൂണ്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച; കൈയ്യില്‍ ഒരു കുടയുംപിടിച്ച് മുന്നോട്ട് നീങ്ങി.സെന്റ്‌ ജോര്‍ജ്‌ കമ്പനിയുടെ മഞ്ഞക്കാലുള്ള പുത്തന്‍കുട. എടാ.......... കുട മാറിപോകല്ലേ..അകത്ത് പേര് എഴുതിയിട്ടുണ്ട് കേട്ടോ...... കേട്ടു.............
   ആലിസിന്‍റെ അദ്ഭുതലോകം പോലെ; നാലുപാടും നോക്കിനടന്നു. ആദ്യപോക്കില്‍ തന്നെ മാവ് നെല്ലി, പേര എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളുടെയെല്ലാം സ്ഥാനം മനസ്സില്‍ കുറിച്ചിട്ടു. സ്കൂള്‍മുറ്റത്ത്‌ സമപ്രായക്കാരായ നവാഗതരെല്ലാം മിഴിച്ചുനില്പുണ്ട് എങ്ങോട്ട് പോകണമെന്ന് അറിയില്ല…  മുന്നോട്ട് നോക്കി, പിന്നോട്ട്നോക്കി ,വട്ടംതിരിഞ്ഞ് ഞാനും നടന്നു. അതാ…… അവിടെയാ ഒന്നാംക്ലാസ്‌ അങ്ങോട്ട്‌ പൊയ്ക്കോ; കൂട്ടികൊണ്ടുവന്ന ചേച്ചിമാര്‍ ക്ലാസ്സ്‌ കാണിച്ച് തന്നു. അങ്ങനെ ഇളകി വീഴാറായാ വാതില്‍പടിയിലൂടെ അകത്ത്കടന്നു. വെട്ടുകല്ലുകൊണ്ട് കെട്ടിയഭിത്തിയില്‍ 1A എന്ന്‍ കാര്ബോര്‍ഡില്‍ എഴുതി ആണിഅടിച്ചുവച്ചിരിക്കുന്നു. മുന്നില്‍ കണ്ടബഞ്ചില്‍ഇരുന്നു. ബെഞ്ചുകള്‍ക്കെല്ലാം തോണിയുടെ ഷെയിപ്പായിരുന്നു. തലമുറകളുടെ മൂട് താങ്ങി ആകൃതി നഷ്ടപ്പെട്ടവര്‍.പ്രായാധിക്യം കൊണ്ട്‌ ഇളകിയാടുന്ന കാലുകളെ ഉറപ്പിച്ചുനിറുത്താന്‍ ശ്രമിക്കുന്നു ചിലര്‍.ആരും ആരോടും മിണ്ടിയില്ല, നോട്ടം മാത്രം കൈമാറി.ടീച്ചര്‍ ക്ലാസ്സില്‍ വന്നു. രണ്ടാംക്ലാസ്സില്‍ പോകാതെ ഒന്നില്‍തന്നെ ഇരുന്ന സര്‍വിസ്സുള്ള കുറച്ച്പേര്‍ നമാ.....സ്തേ എന്ന്‍ ഉച്ചത്തില്‍പറഞ്ഞു. പെട്ടന്നുള്ള നമസ്തെയില്‍ ഞെട്ടിപ്പോയ പുതുമുഖങ്ങളെക്കൊണ്ട് നമസ്തേ പറയിക്കല്‍ ആയിരുന്നുടീച്ചറുടെ ആദ്യത്തെ പഠിപ്പിര്.അങ്ങനെ കലാലയജിവിതത്തിന് ആരംഭംകുറിച്ചു. “ഇന്ന് ഉച്ചവരെയുള്ളൂ നാളെ വരുമ്പോള്‍ സ്ലേറ്റും, കല്ലുപെന്സിലും, ചോറും കൊണ്ടുവരണം; പോകാന്‍ നേരത്ത് ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.


    സ്കൂള്‍വിട്ട് മുറ്റത്തേക്കിറങ്ങി വിശാലമായ മൈതാനം. റോഡിലൂടെ വാഹനങ്ങള്‍പോകുന്നു.സ്കൂളിന്റെ പൊക്കംകുറഞ്ഞ മതിലിനോട് ചേര്‍ന്ന്‍ ചെറിയ മൂന്ന് കുംമ്മട്ടി കടകള്‍; അവിടെയുള്ള ഭരണികളില്‍ നിറയെ പലനിറത്തിലുള്ള മിട്ടായികള്‍; വീട്ടില്‍നിന്ന്‍ തന്ന അന്‍പതുപൈസ കൈയിലുണ്ട്. കൈ കിശയിലിട്ട് തപ്പിനോക്കി കിട്ടുന്നില്ല. കിശയുടെ അറ്റം നിക്കറിന് താഴെയെത്തി; നാട്ടിലെ പേരെടുത്ത തയ്യല്‍ക്കാരന്‍ തയ്ച്ചതാണ്. പക്ഷെ കീശ എപ്പോഴും നിക്കറിന് താഴെ നില്‍ക്കും. നിക്കറിന് നിറം കറുപ്പാണ്ങ്കില്‍ കീശയ്ക്ക് നിറം ചുമപ്പ്. എല്ലാവരുടെയും നിക്കര്‍ ഇങ്ങനെ ആയിരുന്നതിനാല്‍ നാണമൊന്നും തോന്നിയില്ല.
    കടയിലുള്ള എല്ലാ ഭരണിയില്‍നിന്നും ഓരോ മിട്ടായിയും വാങ്ങി അന്‍പതുപൈസായും തീര്‍ത്ത് വീട്ടിലെക്ക് തിരിച്ചു. വഴിക്കുവച്ച് മഴ ചാറിയെങ്കിലും കുട നനയ്ക്കെണ്ടല്ലോഎന്ന് കരുതി കുട തുറക്കാതെ, നനഞ്ഞ് വിട്ടിലെത്തി. അങ്ങനെ ആദ്യദിനം തന്നെ മഴ നനഞ്ഞു.
  പകല്‍  കഴിച്ച മിട്ടായി ആയിരുന്നു രാത്രിയിലെ സ്വപ്നങ്ങളില്‍ നിറയെ ഉണര്‍ന്നപ്പോള്‍ സ്വപ്‌നങ്ങള്‍ തീരാതിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോയി.

  പുതിയസ്ലേറ്റും, കല്ലുപെന്സിലും, വലയ്ക്കുള്ളില്‍ തൂക്കിയ ചോറ്റുപാത്രവുമായി പിറ്റേന്ന് ക്ലാസ്സിലെത്തി.ടീച്ചര്‍ വരാന്‍ വൈകിയപ്പോള്‍ തമ്മില്‍കുശുകുശുത്ത് കൂട്ടുകാരെ കണ്ടെത്തി. സ്ലേറ്റില്‍ എഴുതുന്നത് മായ്ക്കാന്‍ മഷിതണ്ടുകള്‍ തന്നത് ആദ്യത്ത കുട്ടുകരനാണ്.ആദ്യ ദിനം തന്നെ കല്ലുപെന്‍സില്‍ ഒടിഞ്ഞു. ഒടിഞ്ഞപെന്‍സിലുകള്‍ കീശയില്‍ സ്ഥാനം പിടിച്ചു. രണ്ടാമത്തെദിവസം സ്ലേറ്റും പൊട്ടി.ആദ്യത്തെ കൂട്ടുകാരന്‍ അറിയാതെ ചവിട്ടിയതാണ്. പൊട്ടിയ കഷ്ണങ്ങള്‍ കൂട്ടിലും; ഫ്രെയിം കൈയിലുമായ് വീട്ടിലെത്തി. ആദ്യത്തെ ദര്‍ശനം അപ്പച്ചന്റെ ആയിരുന്നു.വാളന്‍പുളിയുടെ കമ്പിന്റെ ചൂട്ആദ്യമായ്‌ അന്നറിഞ്ഞു. കലാലയജിവിതത്തിലെ ആദ്യത്തെ നീറുന്ന ഓര്‍മ്മ അതായിരുന്നു.അറിയാതെ ഇടതുമുട്ടിനുതാഴേക്ക്‌ നോക്കി ഉണ്ട്; ആ പാട് ഇപ്പോഴും അവിടെ തന്നെ ഉണ്ട്‌.
     ഉച്ചയ്ക്ക് ഉപ്പുമാവായിരുന്നു ഭക്ഷണം. എണ്ണയില്‍; കറിവേപ്പിലയും, ചെറിയുള്ളിയും, പച്ചമുളകും, കടുകും മൊരിയുന്ന മണംകൊണ്ട് സ്കൂള്‍പരിസരം നിറഞ്ഞിരുന്നു.വൈകുന്നേരം ജനഗണമനചെല്ലി വീട്ടില്‍എത്തുന്നതുവരെയുള്ള ശക്തി ആ സൂചിഗോതമ്പില്‍ നിന്ന് കിട്ടുമായിരുന്നു.
   ഉച്ചഭക്ഷണം കഴിഞ്ഞാല്‍ സ്കൂള്‍മൈതാനം നിറയുകയായി. പന്തുകളിയും കുട്ടിയുംകോലുമൊക്കെ ഒരു സൈഡില്‍ നടക്കുമ്പോള്‍ മരത്തണലില്‍ മുടിരണ്ടായിപിന്നി റോസ്റിബണ്‍ കെട്ടിയ കൊച്ചുകൂട്ടുകാരികള്‍ അക്കുകളിക്കുന്നുണ്ടായിരുന്നു. മീന്‍ പിടുത്തം, മാവില്‍ ഏര്‍ തുടങ്ങിയ സ്വയംതൊഴില്‍കണ്ടെത്തുന്നവരും ഉണ്ടായിരുന്നു.
    മാസാവസാനം നടക്കുന്ന സാഹിത്യസമാജങ്ങളില്‍ നാടന്‍പാട്ടുകളും നാടകവുമെല്ലാം നിറഞ്ഞുനിന്നു. ശര്‍ക്കര പൊതിഞ്ഞുവരുന്ന ഓല കൊണ്ട് കാറ്റാടി ഉണ്ടാക്കിയിരുന്ന കാലം; കരിയും,ഓട്ടുകഷ്ണങ്ങളും ഉരച്ച് അവയ്ക്ക് നിറം വരുത്തി കപ്പളതണ്ടിലിട്ട് കാറ്റിനെതിരെ പിടിക്കുമ്പോള്‍ ഉള്ള കറക്കം; അപ്പോള്‍ തെളിയുന്ന നിറവിസ്മയം ഒന്നും മറന്നിട്ടില്ല.

    സ്കൂള്‍ മുതല്‍ വീട് വരെയുള്ള യാത്രയില്‍ റോഡില്‍ ഉയര്‍ന്നുനില്ക്കുന്ന എല്ലാ കല്ലുകളേയും കാല്‍വിരലുകള്‍ക്ക് പരിചയമുണ്ടായിരുന്നു. ആറുമാസംകൊണ്ട് കല്ലില്‍ തട്ടി പറിയാത്ത ഒറ്റ നഖവും കാലില്‍ഉണ്ടായിരുന്നില്ല. മഞ്ഞളും ഉപ്പും ചേര്‍ത്ത് തുണികഷ്ണംകൊണ്ട്കെട്ടുകയായിരുന്നു അതിനുള്ള മരുന്ന്‍.ആഴ്ചയില്‍ ശരാശരി മൂന്ന് കെട്ടെങ്കിലും മോതിരംപോലെ കാലില്‍ഉണ്ടാകും.
  പനിയായിരുന്നു ആകെവരുന്ന അസുഖം.അത് മഴനനഞ്ഞാലും ഇല്ലങ്കിലും കൃത്യമായ ഇടവേളകളില്‍ വന്നിരുന്നു. പനി വരുന്ന ദിവസങ്ങളില്‍ സ്കൂളില്‍പോകുമ്പോള്‍ പഴയ വിനാഗിരികുപ്പിയും പൊതിഞ്ഞെടുക്കും. മരുന്ന്‍ വാങ്ങാനാണ്. അടുത്തുള്ള സര്‍ക്കാരാശുപത്രിയില്‍ ചെന്നാല്‍ മരുന്ന്‍ കിട്ടും.ഏത് രോഗത്തിനും അവിടെ മൂന്ന്മരുന്നാനുണ്ടായിരുന്നത്. വലിയ ചില്ലുഭരണികളില്‍ സൂക്ഷിച്ചിരുന്ന ചുമപ്പും. മഞ്ഞയും ആയവെള്ളം; കൊയിനാ..വെള്ളം എന്നായിരുന്നു അതിനു പറഞ്ഞിരുന്നത്.പിന്നെ ഒരു വലിയ പെട്ടിയില്‍ നിന്നുംഎടുത്തിരുന്ന ഇരുപത്തഞ്ചുപൈസാ നാണയത്തിന്റെ വലിപ്പമുള്ള വെളുത്ത ഗുളികയും.ചീട്ടിനുപുറത്ത്‌എല്ലാമരുന്നും ഒന്നുവിതം മൂന്ന് നേരം എന്നെഴുതിയിരുന്നു. ഗുളിക വായിലിട്ട് ഒരുകവിള്‍ കൊയിനാ വെള്ളവും കുടിച്ചാല്‍ പനി പമ്പകടന്നു.............
        രാവിലെ സ്കൂളില്‍ പോകുമ്പോള്‍ മുറ്റത്ത്‌; കുലകളായ്‌ പൂത്തുനില്‍ക്കുന്ന റോസയില്‍ നിന്ന്‍ ഒരുപൂവ് പറിച്ച് അതിന്‍റെ മണവും ശ്വസിച്ചുകൊണ്ട് നടക്കും.സ്കൂളില്‍എത്തുമ്പോള്‍ പൂവിന് ആവശ്യക്കാര്‍ വരും; ആദ്യം ചോദിക്കുന്നവര്‍ക്ക് കൊടുക്കും. ചോദിക്കുന്നവരെല്ലാം കൂട്ടുകാരികള്‍ആയിരുന്നു. ആ പൂ കൊടുക്കലിനെ അന്നാരും പ്രേമമെന്നു വിളിച്ചിരുന്നില്ല. കോളാമ്പിചെടിയുടെ പൂവില്‍ പേനയുടെ റ്റോപ്പ്കൊണ്ട് കുത്തി പൊട്ട് ഉണ്ടാക്കി കൂട്ടുകാരികള്‍ക്ക് കൊടുത്തപ്പോള്‍ അതിനെ പ്രണയമായി അന്നാരും വ്യാഖ്യാനിച്ചില്ല.  ഏഴാം ക്ലാസ്സിലെത്തി കുമാരനാശാന്‍റെ “നളിനി” പഠിച്ചപ്പോഴാണ് അതിനെ പ്രണയമായും കാണാം എന്ന്‍ ആദ്യമായ്‌ മനസിലായത്‌.......
     ശാരിരികമായ കരുത്തും ,മാനസികമായ ഉള്‍ക്കരുത്തും, അനുഭവങ്ങളിലൂടെയുള്ള പഠിപ്പുമെല്ലാം എവിടെനിന്ന്; എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി അലയേണ്ടതില്ല ; ഓട്ടാത്തിനിടയില്‍ ഒന്ന് നില്ക്കുക.......... പിന്‍തിരിഞ്ഞുനോക്കുക........... കാണാം നമുക്ക് പൊക്കംകുറഞ്ഞ മതിലിനകത്ത് ഒട് മേഞ്ഞ ആ നീളന്‍ കെട്ടിടത്തെ..........
    തന്നെ പോകാന്‍ തുടങ്ങിയപ്പോള്‍ വഴി പഠിച്ചു. മഴ നനഞ്ഞപ്പോള്‍ കുട നിവര്‍ത്തി, കാലിലെ നഖര് പറിഞ്ഞപ്പോള്‍ ഉയര്‍ത്തിചവുട്ടന്‍ പഠിച്ചു. തല്ല്‌ കിട്ടിയപ്പോള്‍ ഏഴുതാന്‍ പഠിച്ചു. കണ്ടപ്പോള്‍ ചിരിക്കാനും, ചിരിച്ചപ്പോള്‍ സംസാരിക്കാനും പഠിച്ചു.പ്രണയത്തിന്‍റെ ആദ്യപാഠമായി പൂക്കള്‍ കൈമാറിയപ്പോള്‍; പിരിഞ്ഞുപോകാലിന്‍റെ വേദനയായി ഒട്ടൊഗ്രഫ് താളുകളില്‍ സാഹിത്യം നിറഞ്ഞുനിന്നു.

    പുറത്തുതൂങ്ങുന്ന ബാഗിനുള്ളിലെ പുസ്തകക്കെട്ടുകളുടെ ഭാരത്താല്‍ നടുവളഞ്ഞു കുനിഞ്ഞ് നീങ്ങുന്ന പുതുതലമുറയെ കാണുമ്പോള്‍;  പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം കൈയില്‍പിടിച്ച് കുടയും ചോറ്റുപാത്രവും വീശി മുന്നോട്ട് നിങ്ങിയ ആ പഴയ കാലം അതൊരു ലഭാമായിരുന്നു.. ഇന്നിന്‍റെ നഷ്ടവും............................
Tuesday, July 24, 2012

ദുരാചാരപോലീസിന്‍റെ സദാചാര ചിന്തകള്‍


 കൂമന്‍ പാറയില്‍ അജ്ഞാത ജിവിയുടെ ആക്രമണം; രണ്ടു ആടുകള്‍ ചത്തു!!!!! പോക്രോകൊണത്ത് അജ്ഞാതജിവിയുടെ കാല്‍പ്പാടു കണ്ടെത്തി..!!!!!. തുടങ്ങിയ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ഒരു പകരക്കാരനെ കണ്ടെത്തിയിരിക്കുന്നു. .നഗരത്തില്‍ സദാചാരപോലീസിന്‍റെ  ആക്രമണത്തില്‍ യുവാവിന് പരിക്ക് അല്ലങ്കില്‍ ദമ്പതികളെ സദാചാരപോലീസ് ആക്രമിച്ചു. യുവതിക്കെതിരെ സദാചാരപോലീസിന്‍റെ വിളയാട്ടം ഇങ്ങനെ പോകുന്നു... വാര്‍ത്തകള്‍ .യധാര്‍ത്ഥത്തില്‍ മാധ്യമവ്യഭിചാരം എന്നൊരു വാക്കുണ്ടെങ്കില്‍ അതിനു ഒന്നാന്തരം തെളിവാണ് ഈ സദാചാരപോലീസ് .ഒരു വാക്കിനെ എങ്ങനെ അതിന്‍റെ  അര്‍ത്ഥത്തിനു കടകവിരുദ്ധമായി പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങള്‍ നമുക്ക് കാണിച്ച് തന്നത്.ഇവര്‍ അവതരിപ്പിക്കുന്ന സദാചാരപോലീസില്‍ യഥാര്‍ത്ഥത്തില്‍ സദാചാരവുമില്ല, പോലിസുമില്ല.  സദാചാരം എന്നത് ഒരു മോശപ്പെട്ട വാക്കല്ല.വ്യക്തിയുടെയും സമൂഹത്തിന്‍റെയും നന്മയെ കുറിക്കുന്ന ഒരു വാക്കാണത്.അതിനകത്ത്‌ തെറ്റായ ഒന്നിനും സ്ഥാനമില്ല.തെറ്റിനെ കുറിക്കുന്ന വാക്കാണ് ദുരാചാരം.സദാചാരപരമായ നിയമങ്ങളെ വ്യക്തിയോ സമൂഹമോ തെറ്റിക്കുമ്പോളാണ് പോലീസ് ഇടപെടുന്നത്.മാധ്യമങ്ങള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സദാചാരപോലീസ് ഇതൊന്നുമല്ല .  സത്യം അറിയാമെങ്കിലും നുണയെ അംഗികരിക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധതരാകുന്നു.ഇതിനെ ആണ് ആടിനെ പട്ടിയാക്കുക എന്ന് പറയുന്നത്.   ഇന്ദുലേഖഖയും ധാത്രിയും കാണിച്ച് നമ്മളെ പറ്റിച്ചതും ഇതിന്‍റെ ഭാഗം തന്നെ.


  നമ്മുടെ നാട്ടില്‍ അടുത്ത കാലത്ത്‌ വര്‍ദ്ധിച്ചുവരുന്ന പ്രത്യേകരീതിയിലുള്ള ഗുണ്ടായിസത്തെയാണ് ഇവിടെ സദാചാരപോലീസിങ്ങ് എന്ന പുണ്യനാമത്തില്‍ വിളിക്കുന്നത്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ സദാചാര പോലീസിങ്ങ് എന്ന് വിളിക്കാന്‍ പറ്റുമോ..???.ഗുണ്ടായിസത്തില്‍ അവിടെയാണ് സദാചാരവും, പോലിസിങ്ങും ഉള്ളത്.ഇത് ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷിക്കപ്പെടെണ്ട ഒരു കുറ്റകൃത്യം തന്നെയാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍  എങ്ങനെ ഉണ്ടാകുന്നു.  അവ എങ്ങനെ ഒഴിവാക്കാം അല്ലെങ്കില്‍ എങ്ങനെ തടയാന്‍ കഴിയും......... ഈ ആക്രമണങ്ങള്‍ക്ക് ചില പ്രേത്യേകതകള്‍  കാണാന്‍ കഴിയും.ആക്രമണത്തിനു ഇരയാകുന്നവരും ആക്രമികളും തമ്മില്‍ എവിടെയോ ഒരു പൊരുത്തം കാണാന്‍ സാധിക്കും. കാരണം നാട്ടില്‍ ഒന്നിച്ച് സഞ്ചരിക്കുന്ന എല്ലാ സ്ത്രി പുരുഷന്മ്മാരും ആക്രമിക്കപ്പെടുന്നില്ല പ്രിത്യേകം ചിലര്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. അത് എന്ത് കൊണ്ടാണ് ??വഴിയെ നടക്കുന്ന എല്ലാ യുവതികള്‍ക്കും തല്ല്‌ കിട്ടുന്നില്ല. ഓട്ടോ ഓടിക്കുന്ന എല്ലാ ഡ്രൈവര്‍മ്മരെയും സദാചാര പോലീസ് ആക്രമിക്കുന്നില്ല. കൂടതല്‍ വാങ്ങിയകാശ് തിരിച്ച് ചോദിച്ചാല്‍ അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ഓട്ടോ യൂണിയന്‍ തങ്ങളുടെ ഒരു മെംബര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും പണിമുടക്കൊന്നും പ്രഖ്യാപിച്ചുകണ്ടില്ല.
    ഇത്തരം ആക്രമണങ്ങള്‍ ഒരു സാമൂഹ്യപ്രശ്നമാകയാല്‍ ഇതിന്‍റെ തുടക്കം അറിഞ്ഞുള്ള ഒരു ചികത്സയാണ് ആവശ്യം. അക്രമിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിനോപ്പം തന്നെ എന്താണ് ഇത്തരം അക്രമങ്ങള്‍ക്കുള്ള പ്രേരണ എന്നതും കണ്ടുപിടിക്കണം. സദാചാരപോലിസിന്റെ മര്‍ദനം ഏറ്റ വിവരങ്ങളും; തുടര്‍ന്നു പ്രതികളെ പിടിച്ച വിവരങ്ങളും; റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമങ്ങള്‍ എന്തെ... കുറ്റാരോപിതര്‍ക്ക് പറയാനുള്ളതും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.  ഇതൊരു സാമൂഹ്യപ്രശ്നമാകയാല്‍ അവരുടെ ഭാഗം; അവരും പറയട്ടെ.  അസമയങ്ങളിലും, വശപിശകുള്ള സാഹചര്യങ്ങളില്‍ കാണുന്നവരോടും, സംശയാസ്പദമായസാഹചര്യങ്ങളില്‍ കാണുന്നവരോടും വിവരങ്ങള്‍ തിരക്കുന്നത് ഒരു കുറ്റം ആണന്നു പറയാന്‍ പറ്റില്ല.  അടുത്തയിടെ വീടുവിട്ടിറങ്ങിയ സഹോദരിമാരെ സംശയാസ്പതമായ സാഹചര്യത്തില്‍ രണ്ടു യുവാക്കളോടൊപ്പം കണ്ടു വാഹനം തടഞ്ഞു നിറുത്തി പോലീസില്‍ ഏല്‍പ്പിച്ചത്‌ നാട്ടുകാരാണ്. സത്യസന്തമായ മാധ്യമപ്രവര്‍ത്തനത്തില്‍ ഒരു വാര്‍ത്തയുടെ എല്ലാ വശങ്ങളും റിപ്പോര്‍ട്ട് ചെയ്യണം.
 സ്ഥിരമായി സദാചാര പോലിസിന്റെ ഇരകളാകുന്ന ഒരു വിഭാഗമാണ് യുവതികള്‍. എന്നാല്‍ വഴിയെ പോകുന്ന എല്ലാ യുവതികളും മര്‍ദനത്തിനു ഇരയാകുന്നില്ല. രാത്രിയില്‍ ജോലിക്ക് പോകുന്ന എല്ലാ യുവതികളെയും തിരഞ്ഞു പിടിച്ചുള്ള ആക്രമണമൊന്നും നാട്ടില്‍ നടന്നു കണ്ടില്ല. വേറെയും ഉണ്ട് ചില പ്രത്യേകതകള്‍ ബാറുകള്‍, പബുകള്‍, തട്ടുകട, ബസ്റ്റാന്റ് തുടങ്ങിയ ആളുകള്‍ കുടുന്ന സ്ഥലങ്ങളില്‍ ആണ് ആക്രമണ സ്ഥലങ്ങള്‍.ഒളിച്ചുംപാത്തുമുള്ള ആക്രമണങ്ങള്‍  അല്ല നടന്നിരിക്കുന്നത്. പൊതുജനസാന്നിധ്യം ഉള്ളയിടം തന്നെയാണ് ആക്രമണ സ്ഥലങ്ങള്‍  എന്നുകാണാം, അക്രമം കാണുന്ന പൊതുജനം പിടിച്ചുമാറ്റാന്‍ തുനിഞ്ഞില്ല എന്നാ പരാതി എല്ലാ സംഭവങ്ങളിലും കാണാം.  അതെസമയം ബസിലോ, ബസ്റ്റാന്റ്ന്റിലോ, നടുറോഡിലോ പെണ്ണുങ്ങളെ ശല്യം ചെയുന്നവനെ ഇതേ പൊതുജനം കൈകാര്യംചെയ്യുന്നുണ്ട്താനും.   ഇവിടെയാണ്‌ ഇരയും വേട്ടക്കാരനും തമിലുള്ള പൊരുത്തം.  ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കാം.
     എന്തുകൊണ്ടാണ് ബാറില്‍ നിന്നും പബില്‍ നിന്നും ഇറങ്ങി വരുന്ന യുവതികള്‍ ആക്രമിക്കപ്പെടുന്നത്????
എന്ത് കൊണ്ടാണ് രാത്രിയില്‍ അന്യപുരുഷനോടൊപ്പം തട്ടുകടയില്‍ ചായ കുടിക്കാന്‍ വരുന്ന യുവതി ആക്രമിക്കപ്പെടുന്നത്????? .
എന്തുകൊണ്ടാണ് ഭര്‍തൃമതിയായ സ്ത്രീ മറ്റൊരാളോടൊപ്പം സഞ്ചരിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നത്.?????
ഈ മൂന്നു കാര്യങ്ങളിലും പ്രതികളെ പോലീസ് പിടിച്ചു കഴിഞ്ഞു.എന്നാല്‍ നാളിതു വരെ എന്തിനാണ് പ്രതികള്‍ ഇങ്ങനെ ചെയ്തത് എന്ന് അവരോടു ആരും ചോദിച്ചു കണ്ടില്ല.  ഒരു പ്രത്യേക ലാഭത്തിനു വേണ്ടിയാണ്‌ ഇത് ചെയ്തത് എന്ന്‍ ആരും പറഞ്ഞു കണ്ടില്ല.പിടിച്ചുപറിയോ ,മോഷണമോ അല്ലാന്നു വ്യക്തം. പിന്നെ എന്താണ് കാരണം......ഇതില്‍ ഇരകളുടെ സ്ഥാനത്ത്‌ സ്വന്തം പെങ്ങളെയും ഭാര്യയേയും നിറുത്തി ചിന്തിച്ചാല്‍ ഒരു പരിധിവരെ ഉത്തരം കിട്ടും......
 സ്ത്രിയ്ക്ക് പുരുഷനൊപ്പം സമത്വം വേണമെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാം.  എന്ന് വച്ച് പുരുഷന്‍ ചെയുന്ന എല്ലാ വൃത്തികേടുകളും ഞങ്ങള്‍ക്കും ചെയ്യണം എന്ന് പറഞ്ഞാല്‍ അത് നല്ല പ്രവണത അല്ല.  .മദ്യപാനം സാമൂഹികപരമായി അംഗികരിക്കപ്പെട്ടിട്ടുള്ള ഒരു തിന്മ മാത്രമാണ്.മദ്യപാനി ഒരു രോഗിയാണ്. മദ്യം എല്ലാ തിന്മ്മകള്‍ക്കുമുള്ള  ഒരു പ്രേരകവസ്തുവാണെന്നും അത് കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുമെന്നും അതിന്‍റെ ഉപയോഗം കുറച്ചു കൊണ്ടുവരണമെന്നും ഗവണ്‍മെണ്ടും സംഘടനകളും ബോധവത്ക്കരണം നടത്തുമ്പോള്‍ സമത്വപ്രകാരം പുരുഷനൊപ്പം സ്ത്രിക്കും ബാറില്‍ പോയി മദ്യപിക്കാം എന്ന ഒറ്റ കാരണത്താല്‍ സ്ത്രികളുടെ മദ്യപാനത്തെ അംഗികരിക്കാന്‍ നമ്മുടെസമൂഹം ഇനിയും വളര്‍ന്നിട്ടില്ല. ഇതിനെ വ്യക്തി സ്വതിന്ത്രം  ആയിക്കണന്‍ നമ്മുടെ ബോധതലം ഇനിയും വളരേണ്ടിയിരിക്കുന്നു..

 രാത്രി കാലങ്ങളില്‍ സഞ്ചരിക്കാന്‍ നമുക്ക് ആരുടേയും ചീട്ട് വേണമെന്നില്ല എന്നിരുന്നാലും രാത്രി കാലങ്ങളില്‍ സ്ത്രികള്‍ക്ക് നമ്മുടെ നാട്ടിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നുണ്ടോ..?? .സുരക്ഷിതത്വം തന്നെ പ്രശ്‌നം. ഏതു നാട്ടിലായാലും ഈ പ്രശ്നം ഉണ്ട്. അമേരിക്ക ആയാലും ഗള്‍ഫ്‌ ആയാലും, ഇന്ത്യ ആയാലും രാത്രികാലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൂടി സഞ്ചരിക്കുന്ന സ്ത്രീ സുരക്ഷിതയാണന്ന്  പറയാന്‍ പറ്റില്ല.  ആരോഗ്യസ്ഥിതിയില്‍ പുരുഷന്‍ സ്ത്രിയെക്കള്‍ മുമ്പിലും, മനുഷ്യ വികാരങ്ങള്‍ക്ക് പ്രത്യേക സമയവും കാലവും ഇല്ലാതിരിക്കുകയും ചെയുമ്പോള്‍ അതിനൊരു മാറ്റം വരാനുള്ള സാധ്യത ഇല്ല. കഠിനശിക്ഷയാണ് ഇതിനുള്ള ഏക പരിഹാരം. നമുക്ക്‌ തന്നെ അറിയാം നമുടെ നാട് രാത്രി സ്ത്രീകള്‍ക്ക് സഞ്ചാരയോഗ്യമാല്ലന്ന്. ഇതിനൊരുമാറ്റം വേണമെന്നുള്ളത്നൂറു ശതമാനവും ശരിയാണ്. പക്ഷെ പാതിരാത്രിയില്‍ നടുറോഡില്‍ ഒറ്റയ്ക്ക് പ്രകടനം നടത്തിയല്ല  അത് സ്ഥാപിക്കേണ്ടത്‌. കുടുംബത്തിനും ജോലി സ്ഥലത്തെക്കുമുള്ള കേവല ദൂരത്തിനിടയില്‍ നാട്ടപാതിരയ്ക്ക് പുരുഷ സുഹൃത്തിന്റെ കൂടെ തട്ടുകടയിലെ ചായ കുടിച്ചേ തീരു..!!!!! എന്ന് വാശി പിടിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക ആദ്യം നമ്മള്‍ എവിടെ ജീവിക്കുന്നു; എന്ന് ചിന്തിക്കണം. ഒറ്റ രാത്രി കൊണ്ട് ഇവിടം സ്വര്‍ഗമാകണം എന്ന് പറഞ്ഞാല്‍ നടക്കുമോ..???.നിങ്ങള്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞേ പോലീസിന് നടപടി എടുക്കാന്‍ ആകൂ . നിങ്ങളുടെ സുരക്ഷിതത്വത്തില്‍ ആദ്യ ശ്രദ്ധ നിങ്ങളുടെതയിരിക്കണം.
 ആശ്പത്രിയില്‍ മരുന്ന് വാങ്ങാന്‍ പോയവര്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനോട് കൂട്ടി വായിക്കേണ്ട മറ്റുചില വാര്‍ത്തകളും കാണാതിരുന്നുകൂടാ. മറുനാട്ടില്‍ ജോലി ചെയ്ത് ചോര വിയര്‍പ്പാക്കി കിട്ടുന്ന പണം സ്വന്തം ഭാര്യേടെ പേരില്‍ അയച്ച് വീടും പറമ്പും വാങ്ങി; അവസാനം നരകേറി നാട്ടില്‍ എത്തുമ്പോള്‍ഭാര്യ വല്ലവന്റെയും കൂടെ സ്ഥലം വിടുന്നതും കേരളത്തില്‍ സാധാരണയായിരിക്കുന്നു.  അത് ഭാര്യയുടെ വ്യക്തി സ്വതിന്ത്രം ആയി പറയാന്‍ പറ്റുമോ. പെണ്ണ് പിടിക്കാനും ഒളിഞ്ഞു നോക്കാനും നടക്കുന്നവനെ നിയമത്തിനു പിടിച്ചു കൊടുത്താല്‍ നിയമം നിയമത്തിന്‍റെ വഴിക്കും; അവന്‍ അവന്‍റെ വഴിക്കും പോകും എന്ന് അറിയാമെന്നുള്ളത്കൊണ്ടാണ് ജനങ്ങള്‍ തന്നെ നിയമം നടപ്പാക്കുന്നത്. വ്യക്തിസ്വതിന്ത്രത്തെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ തെറിക്കുത്തരം മുറിപ്പത്തല് എന്ന് കരുതുന്ന നാട്ടില്‍ അത്യാവശ്യം സദാചാരം നോക്കി നടക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്.
പിന്‍മൊഴി :സൂര്യനെല്ലി പീഡനകേസില്‍ പെണ്‍ക്കുട്ടി ചൂണ്ടിക്കാണിച്ച്‌ കൊടുത്തിട്ടും ഒറ്റ പ്രതിയും ശിക്ഷിക്കപ്പെട്ടില്ല..??????  സ്ത്രിയെ കണ്ണിറുക്കി കാണിച്ചവനു കോടതി അയ്യായിരം പിഴ വിധിച്ചു..!!!!!!!!!!!!!!!!!

Monday, July 23, 2012

മുഖം നഷ്ടപ്പെട്ടവര്‍


      
 ഒത്തിരി സ്വപ്നങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫിലേക്ക്‌ എത്തുന്നത്. അഥവാ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ ഗള്‍ഫ്‌ ഒരു സ്വര്‍ഗമാണ്. മുത്തുകളും പവിഴങ്ങളുമെല്ലാം വരിയെടുക്കുന്ന ഒരു സ്വര്‍ഗലോകം . അത്തറുകളുടെയും ഈത്തപഴങ്ങളുടെയും സ്വപ്നലോകം. വന്നെത്തുന്ന ഒരു ചെറിയ ശതമാനം അല്ലലില്ലാതെ ജിവിച്ചുപോകുന്നുണ്ടെന്നത് ഒഴിച്ചാല്‍  ബാക്കി അധികവും തുച്ഛവരുമാനക്കാര്‍തന്നെ. ഇവിടത്തെ ചൂടിനോടും പരിമിതമായ ജീവിതസാഹചര്യങ്ങളോടും പടവെട്ടിനേടിയെടുക്കുന്ന ഓരോനാണയവും വളരെ വിലപ്പെട്ടതാണ്. അതിന്‌ വിയര്‍പ്പിന്‍റെ ഉപ്പ്‌രസവും അടിമത്വത്തിന്‍റെ വിലപറച്ചിലും ഉണ്ട്‌.നഷ്ടപ്പെട്ട ഒത്തിരി സന്തോഷങ്ങളുടെയും വീര്‍പ്പുമുട്ടലുകളുടെയും ആകെ തുകയാണത്. വമ്പന്‍മാരായ ബിസിനസ്സ്മാഗ്നറ്റുകളുടെ തീന്‍മേശയിലെ അപ്പകഷ്ണങ്ങള്‍ ആവോളും ആസ്വദിച്ചുകൊണ്ട്, വെളുക്കെചിരിച്ച് തുണിക്കടയിലെ പ്രതിമകളെപോലെ കുപ്പ്കൈ ഉയര്‍ത്തികാണിച്ച് എല്ലാം ശരിയാക്കിതരാം എന്ന് പറഞ്ഞ്‌ എസി കാറില്‍ ചുറ്റിനടന്ന് അവധിക്കാലം ആസ്വദിച്ചുമടങ്ങുന്ന നമ്മുടെ നേതാക്കന്മാര്‍ക്കൊന്നും യഥാര്‍ഥ പ്രവാസിയെ അറിയില്ല. അഥവാ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതാവും കുടുതല്‍ ശരി.അവന്‍റെ സങ്കടങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ചവറ്റുകുട്ടയിലാന്നു സ്ഥാനം. പിറന്ന നാടിന്‍റെ ചൂടുംചൂരും ഇഷ്ടപ്പെടാത്തതുകൊണ്ടല്ല അവര്‍ പ്രവാസികളയാത്.മറിച്ച് നാളെഎങ്ങനെ എന്ന ചോദ്യത്തിനുമുന്‍പില്‍ പകച്ചുനില്‍ക്കുന്ന ഒരു കുടുംബത്തിനു വേണ്ടിയാണ്. സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ പല്ലിളിച്ചുകാണിച്ചപ്പോള്‍, മോഹനവാഗ്ദാനങ്ങള്‍ക്ക് വയറിന്‍റെഎരിച്ചിലുകള്‍ക്ക് ശമനം വരുത്താന്‍ കഴിയില്ലന്നുള്ള തിരിച്ചറിവാണ് അവനെ പ്രവാസിയാക്കിയത്. കൊടുംവെയിലത്ത്‌ ഈന്തപ്പനചോട്ടിലിരുന്ന്‍ ഒരു ദിര്‍ഹത്തിന്‍റെ കുപ്പുസിലും ഒരു ബോട്ടില്‍ തൈരിലും ഉച്ചഭക്ഷണമൊതുക്കുന്ന ഒരു സാധാരണ തൊഴിലാളിക്ക് ഒറ്റ ആഗ്രഹമേ ഉള്ളു, ഒറ്റ ചിന്തയെ ഉള്ളു; നാട്ടിലെ കുടുംബം കുത്തരിചോറ്തന്നെ ഉണ്ണണം എന്ന്. ആഴ്ചകളിലെ ഓരോ വെള്ളിയാഴ്‌ചയും ഓരോ സ്വാതന്ത്ര്യദിനം പോലെയാണ്; മുഷിഞ്ഞുനാറിയ പരുക്കന്‍വസ്ത്രങ്ങളും ഹെല്‍മറ്റും കാലുറകളുമെല്ലാം അഴിച്ചുവച്ച് സ്വാതന്ത്ര്യത്തോടെ നടക്കാവുന്ന ഒരു ദിവസം.
     വെള്ളിയാഴ്ചകളില്‍  ഈന്തപ്പനതണലിലും കല്ബെഞ്ചുകളിലും, റോഡരികിലെ പുല്‍ത്തകിടികളിലും ഇരുന്ന്‍അനന്തതയിലേക്ക്‌ കണ്ണുംനട്ടിരിക്കുന്ന ഓരോ മനുഷ്യനും അവന്‍ ഏതു രാജ്യക്കരനാവട്ടെ ഉറപ്പിച്ചുപറയാം അയാളുടെ മനസ്സ് നാട്ടിലാണ്;ആകാശത്ത് തെന്നിനിങ്ങുന്ന മേഘങ്ങളോട് തന്‍റെ വിശേഷങ്ങള്‍ പറഞ്ഞുവിടുകയാവും.
     പരിചയപ്പെടുന്ന ഓരോ പ്രവാസിക്കും പറയാനുള്ളത്‌ നാട്ടിലെ വിശേഷങ്ങള്‍ മാത്രം. എന്താ മാഷെ കുരങ്ങന്‍ ചത്ത കാക്കലനെപോലെ ഇരിക്കുന്നത്.......? നാട്ടില്‍ ലീവിന് പൊയി തിരിച്ചുവന്ന സുഹൃത്ത് അനക്കമില്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ ചോദിച്ചതാണ്;  ഏയ്‌ ഒന്നുമില്ല എന്ന മറുപടിയും ഒരു ചിരിയും; ഇതു പറയുന്നതിനിടയില്‍ അയാളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നിലത്തുവിണോ എന്ന്ഒരു സംശയം. അയാളുടെ കയ്യിലിരിക്കുന്ന മൊബൈലില്‍ റോസ്ഫ്രോക്ക് ധരിച്ച ചിരിച്ചുകൊണ്ടിരിക്കുന്ന ഒരുപെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു; “ മകളാണ്” തിരിച്ചുപോരാന്‍നേരത്ത് വലിയകരച്ചിലായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന ഭാര്യയുടെയും, പണിതിരാത്ത വീടിന്‍റെയും, കെട്ടിച്ചുവിടാനുള്ള പെങ്ങളുടെയുമൊക്കെ ഫോട്ടോ മൊബൈല്‍സ്ക്രിനിലുടെ അയാള്‍ എന്നെ കാണിച്ചു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല എങ്കിലും ആശയങ്ങള്‍ കൈമാറപ്പെട്ടു; അയാളുടെചുവന്ന കണ്ണുകള്‍ എന്നിലുടെ ഒരു നീറ്റ്ല്‍ കടത്തിവിട്ടു...........

      നാടെവിടെയാ.......... കണ്ണൂര്‍ആന്നോ. പറശ്ശിനികടവില്‍ വന്നിട്ടുണ്ടോ? എന്‍റെ വീട് അവിടെയാ. തിണ്ണയില്‍നിന്ന്നോക്കിയാല്‍ പുഴകാണാം. കണ്ണൂര്‍ക്കാരന്‍ സുഹൃത്ത് വാചാലനായി. മുത്തപ്പന്‍ മടപ്പുരയിലെ പയറിട്ടു പുഴുങ്ങിയ നിവേദ്യചോറിനെക്കുറിച്ചും,പുഴയ്ക്കക്കരെയുള്ള തെങ്ങിന്‍തോട്ടത്തിലെ കള്ളുഷാപ്പില്‍കിട്ടുന്ന പുളിയിട്ടുപറ്റിച്ച മീന്‍കറിയെക്കുറിച്ചും അയാള്‍ പറഞ്ഞപ്പോള്‍ അറിയാതെ അമ്മയെ ഓര്‍ത്തുപൊയി. സ്കൂള്‍വിട്ട് വിശക്കുന്നവയറുമായി വീട്ടിലെത്തുമ്പോള്‍ ചെണ്ടന്‍കപ്പയും മീന്‍ കറിയുമായി അമ്മ കാത്തിരിപ്പുണ്ടാകും.അതിന്‍റെ ഒരു രുചി; വായില്‍ വെള്ളംനിറയുന്നു. അറബിനാട്ടിലേക്ക്‌ എന്നെ യാത്രയാക്കുന്ന സമയത്ത് അമ്മ എന്നോട് ഒന്നും പറഞ്ഞില്ല.പക്ഷെ നെറ്റിയില്‍തന്ന മുത്തത്തോടൊപ്പം വീണ ഒരുതുള്ളികണ്ണുനീര്‍.... അതിന്‍റെ ചുട്..അതിന് ഇരുമ്പ് വടത്തിനേക്കാള്‍ കരുത്തുണ്ട്.ബന്ധങ്ങളുടെ കരുത്ത്‌.......കൊതുമ്പ് വളളത്തില്‍ പുഴയിലുടെ സഞ്ചരിക്കുമ്പോള്‍ വീശുന്ന തണുത്തകാറ്റ് എല്ലാ നൊമ്പരങ്ങള്‍ക്കും പ്രതിവിധിയാണന്ന്‍ സുഹൃത്ത് പറഞ്ഞു. നഷ്‌ടപ്രതാപത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന കണ്ടല്‍ക്കാടുകള്‍ക്കരികിലുടെ ചൂണ്ടച്ചരടുമായ് നീങ്ങുന്ന സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ എന്‍റെമനസ്സില്‍ ഒരു ദൃശ്യാനുഭാവമാണ് വരച്ചുതന്നത്.ഒരു നിമിഷംകൊണ്ട് ഞാനും വാഴപിണ്ടികള്‍ കൂട്ടികെട്ടിയ ചങ്ങാടത്തില്‍ പുഴയിലുടെ നിങ്ങിയ പഴയകാലത്തെക്ക് പറന്നെത്തി. പുഴ എന്നും ഒരു അനുഭവമായിരുന്നു.മഴക്കാലത്ത്‌ കലങ്ങിമറിഞ്ഞ് കലിതുള്ളി ഒഴുകിയപുഴ വേനലിന്‍റെ ആരംഭത്തില്‍ ഒരു ശാലിനസുന്ദരിയായ് മാറുന്നു.സ്കൂള്‍ജിവിതത്തിലെ ചോറുണ്ണല്‍ എന്നും പുഴക്കരയില്‍ ആയിരുന്നു. ഉച്ചച്ചുടില്‍നടന്ന്‌ വിയര്‍ത്തകാലുകള്‍ തെളിനിരില്‍ മുക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അവര്‍ണ്ണനീയം ആണ്.കാലിയായ ചോറ്റുപാത്രങ്ങള്‍ വെള്ളത്തിലുടെ തെന്നിച്ചേറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍ഇന്നും മനസിലുണ്ട്. പുഴക്കരയില്‍നിന്നുകിട്ടുന്ന ചുമപ്പും,കറുപ്പും,വെളുപ്പും നിറംകലര്‍ന്ന കല്ലുകള്‍ എന്നും കീശയില്‍ ഉണ്ടായിരുന്നു. ചോറ്മണികള്‍ വെള്ളത്തിലേക്ക്‌ എറിഞ്ഞാല്‍ അവ തിന്നാന്‍ പരല്‍മീനും പള്ളത്തിയും,നെറ്റിപൊട്ടനുമൊക്കെ ഓളപരപ്പിലേക്ക് ഓടി എത്തുമായിരുന്നു.അടുത്ത പ്രാവശ്യം നാട്ടില്‍ ചെല്ലുമ്പോള്‍ പുഴ അവിടെ ഉണ്ടാകുമോ ആവൊ................

 ഹലോ.. ഇതാരാ....കാണാന്‍കിട്ടുന്നില്ലല്ലോ......തിരക്കാണപ്പാ....
പെങ്ങളുടെ കല്യാണത്തിന് പണ്ടവുംപണവും ഉണ്ടാക്കുന്ന തിരക്കിലാണ് മലപ്പുറംകാരന്‍ കുഞ്ഞപ്ദുള്ള. അടുത്ത മാസമാണ് നിക്കാഹ്.പണത്തിന്‍റെ ആവശ്യം ജോലിസമയം പതിനെട്ട്മണിക്കുറാക്കി, അധ്വാനത്തിന്‍റെ കൂലിയും ചിലവിനുള്ള തുകയും തമ്മിലുള്ള അന്തരം ദിവസവും കൂടി വരുന്നു.അതോടൊപ്പംതന്നെ കുഞ്ഞപ്ദുള്ളയുടെ കണ്‍പോളകളുടെ കറുപ്പും കൂടി വന്നു. പ്രവാസിയുടെ കണ്‍പോളകളുടെ കറുപ്പ്‌ കൂടി വരുമ്പോള്‍ നാട്ടില്‍ വിട്ടുകാരുടെ തൊലിക്ക് നിറംകൂടി വരുന്നു. “മൂന്നുപേരുടെ നിക്കാഹ് കഴിഞ്ഞു ഇത്അവസാനത്തെ ആളാണ്‌.ഇതുംകൂടികഴിഞ്ഞുവേണം വല്ലതും സമ്പാദിക്കാന്‍; ഒരു വീട് വേണം. തറ കെട്ടിയിട്ടിട്ടുണ്ട്; കുറച്ച് കാലമെങ്കിലും കുടുംബത്തോടൊപ്പം കഴിയണം... ഹാ എല്ലാം നടക്കുമായിരിക്കും............ പിന്നിടുണ്ടായ നിശബ്ദത... എന്താണതിനു പറയുക എല്ലാ വികാരങ്ങളുടെയും ആകെ തുകയല്ലേ അത്‌?

       ചൂട് കാറ്റ് വീശുന്നു. നാളെ കാണാമെന്ന് പറഞ്ഞ്‌ എല്ലാവരും പിരിഞ്ഞു.റൂമില്‍ എത്തി ടിവി തുറന്നു; നാട്ടില്‍ ആഘോഷങ്ങളുടെ തിരക്കാണ്. ഓണം,വിഷു,ഈസ്റ്റാര്‍,റംസാന്‍ അങ്ങനെഎല്ലാംഒരു നിശ്ച്ചിത അകലത്തില്‍ വന്നുകൊണ്ടിരിക്കുന്നു.പച്ചക്കറിക്ക് തീവില, പഴങ്ങള്‍ക്ക് തീവില ;വിലക്കയറ്റം തന്നെ; തീവിലയെക്കുറിച്ച് പറയുമ്പോള്‍ ടിവി സ്ക്രീനില്‍ മിന്നിമറയുന്ന മത്തനും,വെള്ളരിയും,ചീരയും,മുരിങ്ങക്കായുമെല്ലാം മനസ്സിലെ തീയില്‍ വെള്ളമൊഴിക്കുന്ന കാഴ്ചകളാണ്.ഞാലിപൂവനും പാളയംകോടനും എത്തപഴവുമെല്ലാം കാഴ്ച്ചകളിലുടെ ഒരു സുഖംതരുന്നു.
     മറുനാടന്‍ അസോസിയേഷനുകളില്‍ കോട്ടുംടൈയും കെട്ടിനടത്തുന്ന പൊറോട്ട് നാടകങ്ങളിലും, സെറ്റ്‌മുണ്ടുടുത്ത് മാംസപിണ്ടങ്ങള്‍ നടത്തുന്ന തിരുവാതിരക്കളികളിലുമൊന്നും പങ്ക്ചേരാന്‍ കഴിയാതെ പടിക്ക്പുറത്ത്‌ മണല്‍ക്കാറ്റിനോടും ചൂടിനോടും പൊരുതി; പരാതിപറയാതെ, പരിഭവമില്ലാതെ എല്ലാം ഒരു ദീര്‍ഘനിശ്വാസത്തില്‍ ഒതുക്കുന്ന ഒരു വിഭാഗമുണ്ട്; യഥാര്‍ത്ഥ പ്രവാസി.അവിടെ കണ്ണുനീരിന്റെ നനവുണ്ട്. വിയര്‍പ്പിന്റെ ഉപ്പുമുണ്ട്. വിശാലമായ ക്യാന്‍വാസില്‍ ഗള്‍ഫിനെക്കുറിച്ച് വരയ്ക്കുന്ന ചിത്രങ്ങളിലെ ചായക്കൂട്ടുകള്‍ക്ക് സുന്ദരമായ ഒരു ശൈലി പ്രാധാനം ചെയ്യുന്നത് ഇവരാണ്...................................