**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, March 20, 2017

അങ്കമാലിയിലെ പ്രധാനമന്ത്രിമാരേ പരിശോധിച്ചതില്‍ എന്താണ് കുഴപ്പം?


  

  വഴിയെ പോകുന്നവനൊക്കെക്കയറി കൊട്ടിയേച്ചു പോകുന്ന ചെണ്ടയേതെന്നു ചോദിച്ചാല്‍ ഇപ്പൊ ഉത്തരമെയുള്ളൂ കേരളപോലിസ്.. പോകുന്നപോക്കില്‍ സകല അലവലാതികളും തൊഴിക്കുന്നു.. സത്യം പറഞ്ഞാല്‍ കേരളത്തില്‍ നടക്കുന്ന സകല കുറ്റങ്ങള്‍ക്കും കാരണക്കാര്‍ പോലിസാണെന്ന രീതിയിലാണ് മാധ്യമപ്രചരണം... ഉരുളയ്ക്ക് ഉപ്പേരിപോലെ സസ്പെന്‍ഷന്‍ പരിപാടി സകലമാന റെക്കോര്‍ഡും തകര്‍ത്തു മുന്നേറുകയാണ്... എന്നാ വലതും ശരിയായോ... ആ... പോലിസ് എന്നാല്‍ തങ്ങളില്‍പ്പെടാത്ത ഒരു പ്രത്യേക ജീവിവര്‍ഗ്ഗമാണെന്ന ധാരണയിലാണ് പൊതുജനം...സത്യത്തില്‍ ഈ സമൂഹത്തില്‍ത്തന്നെ ജീവിക്കുന്ന കുടുംബനാഥനും, നാഥയും, അച്ഛനും, അമ്മയും, ഭര്‍ത്താവും, ഭാര്യയും, മകനും, മകളും, ആയിത്തന്നെ ജീവിക്കുന്ന പച്ചമനുഷ്യര്‍ത്തന്നെയാണ് പോലീസുകാര്‍.
  
 പള്ളിലച്ചനും, ഉസ്താദും, പൂജരിയുമൊക്കെ പീഡനക്കേസില്‍ അകത്താവുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്ധിക്കാനും, നൊവേന ചൊല്ലിക്കാനും ,തേങ്ങാ ഉടയ്ക്കാനും, അനുഭവം പ്രകടിപ്പിക്കാനും ഭയങ്കര ജനക്കൂട്ടമാണ്... ഇരകള്‍ക്ക് നീതികിട്ടാന്‍ പ്രയക്നിച്ച പോലീസിനു വേണ്ടി ഒരു പുഷ്പാഞ്ജലി കഴിപ്പിക്കാന്‍പോലും  ഇവിടാരുമില്ല... സകലമാന കേസുകളും അന്വേഷിക്കണം; പ്രതിയെ പിടിച്ചാല്‍ കുറ്റം, പിടിച്ചില്ലെല്‍ കുറ്റം, അടിച്ചാല്‍ കുറ്റം, അടിച്ചില്ലേല്‍ കുറ്റം,.. ഇതിലും ദുഷ്കരമാണ് പ്രതികള്‍ക്ക് കൊടുക്കേണ്ട പരിഗണനകള്‍ ; പള്ളീലച്ചന്‍, ഉസ്താദ്‌, പൂജാരി തുടങ്ങിയ പ്രമുഖ പീഡനക്കാരെ പിടിക്കുമ്പോള്‍ സമുദായത്തിനു വേദനിക്കാതെ നോക്കണം. പള്‍സര്‍ സുനിയെപ്പോലുള്ള ക്വട്ടേഷന്‍ ക്രിമിനലിനെ പിടിക്കുമ്പോള്‍ പിന്നിലുള്ള പ്രമുഖനെ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.. മറ്റു തരത്തിലുള്ള പീഡനം, അടിപിടി, കൊലപാതകം ഇവയിലൊക്കെ പ്രതികളെ പിടിക്കുമ്പോള്‍ അവരുടെ പിറകിലുള്ള രാഷ്ട്രിയക്കാര്‍ക്ക് പരിക്ക് പറ്റാതെ നോക്കണം.. സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ മൊഴികൊടുക്കാന്‍ അപ്പനും അമ്മയും തയ്യാറായില്ലേല്‍ ആ പേരിലും പഴികേള്‍ക്കണം... പഠിക്കാന്‍ വിട്ട കൊച്ച് കാമുകനുമായി അടിപിടി കൂടി ആത്മഹത്യാ ചെയ്താല്‍ അതിനും പഴി പോലീസിനാണ്  എന്തൊരു കഷ്ടം..

 തൃശൂര്‍ മുതല്‍ എറണാകുളം വരെ കാറില്‍ സഞ്ചരിച്ചുള്ള പ്രമുഖനടി പീഡനത്തിനിടയില്‍ ഒരു സ്ഥലത്തും  പോലിസ് വാഹനപരിശോധന ഉണ്ടായില്ലാന്നായിരുന്നു മുന്‍പത്തെ പരാതി... എന്നാ ചെക്കിംഗ് തുടങ്ങിക്കളയാമെന്ന് വിചാരിച്ച് പരിശോധന നടത്തിയപ്പോഴോ..? നിയമലംഘനം നടത്തിക്കൊണ്ട്  ഫ്രന്റ് ഗ്ലാസ്‌ ഒഴികെ ബാക്കിയെല്ലാഭാഗവും പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ടുമറച്ച  വാഹനത്തില്‍ കുറച്ചുപ്രമുഖര്‍  യാത്രചെയ്തത് പോലിസ് പരിശോധിച്ചപ്പോള്‍ അത് സ്വകാര്യതയിലെക്കുള്ള കടന്നുകയറ്റമായി..... അങ്കമാലിയിലെ സത്യജിത് റെ അതിനായി പ്രത്യേക ഫേസ്ബുക്ക് പോസ്റ്റ്‌ തന്നെയിറക്കി.. കമന്റായി പോലീസിനു മുട്ടന്‍ തെറിയഭിഷേകം... പച്ചയായ നിയമലംഘനം നടത്തി പൊതുനിരത്തിലൂടെ പോകുന്നവന്‍ ആരാണെന്ന് പരിശോധിക്കാന്‍ പാടില്ലത്രേ.. പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ട് മറച്ച വാഹനത്തില്‍ ഏറണാകുളത്ത് സംഭവിച്ചപോലെ വല്ല പീഡനവും നടക്കുന്നുണ്ടോയെന്നു പരിശോധിച്ച പോലീസിനു കിട്ടിയത് മുട്ടന്‍ തെറികള്‍ ... സിനിമാക്കാരുടെ യാത്രകള്‍ വളരെ സുതാര്യമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന സ്ഥിതിക്ക് ഇത്തരം പരിശോധനകള്‍ പാടില്ലായെന്നതാണ് അങ്കമാലി സംവിധായകന്‍റെ ഡിമാണ്ട് .അപ്പൊ പിന്നെ തൃശ്ശൂര്‍ എറണാകുളം യാത്രയില്‍ പോലിസ് ഒരിടത്തും വാഹനം പരിശോധിച്ചില്ലായെന്നു പറഞ്ഞ് അന്ന് കൂവിയത് എന്തിനായിരുന്നു ഹേ...
  ബീച്ചിലും പാര്‍ക്കിലുമൊക്കെ പുരോഗമനക്കാര്‍ പറയുന്നതുപോലെ  വളരെ നല്ലവരായ ആണ്‍കുട്ടികള്‍ വളരെ നല്ലവരായ പെണ്‍കുട്ടികളുടെ നെഞ്ചുവേദനമാറ്റാന്‍ വളരെ അമര്‍ത്തി തിരുമ്മുന്നത്  കണ്ടാല്‍ മക്കളെ വല്ല ആശുപത്രിയിലും കാണിക്കൂ; ആംബുലന്‍സ് വിളിക്കണോയെന്ന് ഏതെങ്കിലും പിങ്ക് പോലിസ് ചോദിച്ചാല്‍ അത് ഭയങ്കര അവകാശ ലംഘനമാകും.. തിരുമ്മിത്തിരുമ്മി  തടി കേടായാല്‍ അപ്പൊ പോലിസ് ഇടപെട്ടില്ലായെന്നായിരിക്കും പരാതി...
  
 രണ്ടുചക്രത്തിന്‍റെ ബാലന്‍സില്‍ റോഡിലൂടെ വിമാനവേഗത്തില്‍ പായുന്ന ഏതെങ്കിലും നല്ല കുട്ടികളെ കൈകാണിച്ചു പിടിച്ചാല്‍ അത് കുറ്റം.. ഏതെങ്കിലും വാറണ്ട് കേസിലെ പ്രതി ബൈക്കില്‍ പോകുന്നത് കണ്ട് പിന്തുടര്‍ന്ന് പിടിച്ചാല്‍ അത് കുറ്റം... അല്ലപ്പാ നിങ്ങള്‍ എന്തിനാണ് ഈ പാച്ചിലുകാരെയൊക്കെ പിടിക്കുന്നത്‌...? അവന്‍ പാഞ്ഞുകെട്ടി ഏതെങ്കിലും വണ്ടിക്കടിയില്‍ പെടുമ്പോള്‍ കുറെ പേര്‍ക്കെങ്കിലും പണിയും, മണിയും കിട്ടുന്നു... ഹോസ്പിറ്റലില്‍ എത്തിക്കുന്ന ആംബുലന്‍സുകാരന്, ആശുപത്രിക്ക്, ചികത്സിച്ച ഡോക്ടര്‍ക്ക്, നേഴ്സിന്, മരുന്നുകടക്കാരന് ഇനി കാറ്റുപോയാല്‍..... ശവപ്പെട്ടിക്കാരന്‍, പന്തലുകാരന്‍, കുഴിവെട്ടുകാരന്‍, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍, പൂവ്, മല, സാമ്പ്രാണി, മെഴുകുതിരി തുടങ്ങി എത്രയെത്ര ആളുകള്‍ക്കാണ് നിങ്ങളുടെ ഒരു നൂറുരൂപ പെറ്റികാരണം  പണിയും, മണിയും ലാപ്സ് ആകുന്നത്.. അതുകൊണ്ട് പിന്നാലെ പോകരുത് ..വെയ്റ്റ് ചെയ്യുക അഞ്ചുമിനിട്ടിനുള്ളില്‍ നൂറില്‍ കോള് വരും.  ആള് പെട്ടു........ അപ്പോഴേ പോകാവൂ..

  ഏതെങ്കിലും കേസില്‍ ഒരുവനെ കാസ്റ്റഡിയില്‍ എടുത്താല്‍ മനുഷ്യാവകാശം പറഞ്ഞ്  അവന്‍റെ കോണകം വരെ കഴുകേണ്ട അവസ്ഥയാണിപ്പോള്‍.. കഷ്ടപ്പെട്ട് ഒരു കേസ് തെളിയിച്ചാലോ അതിന്‍റെ ക്രഡിറ്റ് വല്ലവനും കൊണ്ടുപോകും.. ഹോസ്പിറ്റല്‍നിന്നും മിസ്സ്‌ ആയ കുഞ്ഞിനെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചുകഴിഞ്ഞപ്പോള്‍ അതിന്‍റെ ക്രഡിറ്റും കൊണ്ട് ദൈവം പോയി...

  ഇത്രയധികം പഞ്ചാരപ്പാവങ്ങളുടെ ഇടയില്‍ കുറച്ചുപേര്‍ ചെയ്യുന്ന കുറ്റത്തിന് എല്ലാവരെയും കുറ്റം വിധിക്കരുതെന്നാണ് പൊതുവേ മത സാമൂദായിക രാഷ്ട്രീയ സംഘടനകളില്‍പ്പെട്ട ക്രിമിനലുകളെ ന്യായികരിക്കാന്‍ അതാത് ന്യായികരണ തൊഴിലാളികള്‍ പറയുന്ന ഒരു വാദം ..ഈ വാദപ്രകാരം ഏതാണ്ട് അന്‍പതിനായിരം വരുന്ന പോലിസ് സേനയില്‍ വളരെ കുറച്ചുപേര്‍ ചെയ്യുന്ന കൃത്യവിലോപത്തിനു ബാക്കി പോലീസുകാരെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ന്യായമാണോ... ജനമൈത്രി പോലിസ്, പിങ്ക് പോലിസ് ഇവരൊന്നും ചെയ്യുന്ന സേവനങ്ങള്‍ ആരും കാണുന്നില്ല.. എത്ര വീടുകള്‍ നിര്‍മ്മിച്ചു, എത്ര കുളങ്ങള്‍ നന്നാക്കി, എത്രയെത്ര ചികല്‍സാ സഹായം നല്‍കി, എത്ര കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, .എത്രപേര്‍ക്ക് സൌജന്യ രക്തദാനം നടത്തി, എത്രെയെത്ര ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.. എത്ര പരിസ്ഥിതി സൌഹാര്‍ദ്ദപരിപാടികള്‍ നടത്തി ..അതൊന്നും ആര്‍ക്കും അറിയേണ്ട... ഇതിപ്പോ ഉത്സവം വന്നാലും അടിയന്തരം വന്നാലും വിട്ടിലുള്ളോര്‍ക്ക് കിടക്കപ്പോറുതിയില്ലാന്നു പറഞ്ഞപോലെയായി ..
  
  എന്നിരുന്നാലും നിങ്ങ വിഷമിക്കേണ്ട കേട്ടോ ..ഏതൊരു ഗ്രൂപ്പിലും കാണുന്ന ചെറിയൊരു ശതമാനം കുഴപ്പക്കാരെ മാറ്റി നിറുത്തിയാല്‍ നിങ്ങ നല്ലവരാണ് കേട്ടോ ..നിങ്ങ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെയാണ് ഇവിടെയുള്ള മഹാ ഭൂരിപക്ഷവും  സുഖമായി കിടന്നുറങ്ങുന്നത്.. ഓണവും, വിഷുവും, ക്രിസ്മസും പോലുള്ള എല്ലാ ആഘോഷങ്ങള്‍ക്കും ഞങ്ങള്‍ വീട്ടില്‍ തിമിര്‍ക്കുമ്പോള്‍ നിങ്ങള്‍ അതെല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ക്ക് വേണ്ടി കാവല്‍നില്‍ക്കുകയാണെന്ന് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരയാ ഞങ്ങള്‍ക്കറിയാം.. ബന്ദും ഹര്‍ത്താലും സംഘര്‍ഷങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ അതിനെയൊക്കെ നിയന്ത്രിച്ച് സമാധാനം നിലനിറുത്താന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കുറച്ചു കാണുന്നില്ല..  റെയില്‍വേ ട്രാക്കുകളിലും മരക്കൊമ്പുകളിലും വെള്ളത്തിലും മറ്റ് സാഹചര്യങ്ങളിലുമൊക്കെ ചിന്നിച്ചിതറിയ അഴുകിയ ബിംഭല്‍സമായ മനുഷ്യശരീരങ്ങളെ  വാരിപ്പൊതിഞ്ഞ് ഉറ്റവരുടെ അടുത്ത് എത്തിക്കാനും ആരുമില്ലാത്തവരെ മറവ് ചെയ്യാനും നിങ്ങള്‍ കാണിക്കുന്ന ജാഗ്രത മറക്കാന്‍ കഴിയുന്നതല്ല... അപകടങ്ങള്‍ സംഭവിക്കുമ്പോള്‍, ജീവന് ഭീക്ഷണിവരുമ്പോള്‍; നിങ്ങളെ തെറി വിളിക്കുന്നവനും ആദ്യം ഡയല്‍ ചെയ്യുന്ന നമ്പര്‍ നൂറു ആയിരിക്കും... ഇനിയും; നിങ്ങള്‍  എന്തേ നിങ്ങള്‍ ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന പോലിസിനേയേ കിട്ടൂ എന്നതാണ് ഏറ്റവും ശരിയായ ഉത്തരം ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

8 comments:

 1. എല്ലാ കാര്യത്തിലും പോലിസിനെ മാത്രം കല്ലെറിയുന്നത്‌ ശരിയല്ല

  ReplyDelete
 2. അക്ഷിത്March 20, 2017 at 10:34 AM

  സിനിമാക്കാര്‍ക്കായി ഈ രാജ്യത്ത് പ്രത്യേക നിയമമൊന്നുമില്ല ... പോയി പണിനോക്കാന്‍ പറ

  ReplyDelete
 3. ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ പോലിസിനുള്ള സ്ഥാനം വളരെ വലുതാണ്‌... എല്ലാവരുടെയും താല്‍പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് കേസന്വേഷണം സാധിക്കില്ല.. മത സാമൂദായിക സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നമ്മുടെ പോലിസിനെ ദുഷിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്

  ReplyDelete
 4. എന്തിനും ഏതിനും പോലിസിനെ തെറി പറയുക ഒരു ഫാഷാനാണിപ്പോള്‍... ഇയിടയ്ക്ക് കേരളത്തില്‍ നടന്ന എല്ലാ പീഡനകേസുകളിലെയും പ്രതികളെ പോലിസ് പിടിച്ചിട്ടുണ്ട് ...കൊച്ചിയിലെ ആത്മഹത്യ നൂലിഴകീറി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വന്നു... മറ്റു പല കേസുകളിലും പ്രതികളെ പിടിക്കുന്നതില്‍ പോലീസിനു നേരെ ശക്തമായ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നുള്ളത് വാര്‍ത്തകള്‍ കാണുന്ന ആര്‍ക്കും വ്യക്തമാണ് .പോലിസ് ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി അല്ലാത്തതിനാല്‍ രാഷ്ട്രിയ ക്കാര്‍ വരയ്ക്കുന്ന വരയില്‍ കൂടി മാത്രമേ പോവുകയുള്ളൂ. അന്വേഷണത്തിലെ പാളിച്ചകളും വീഴിച്ചകളും ഒരു പരിധിവരെ ഉന്നത അധികാര കേദ്രങ്ങളുടെ ഇടപെടിലിനെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. എന്തൊക്കെ ആയാലും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു പോലിസ് കൂടിയേ തീരൂ..

  ReplyDelete
 5. സുരേഷ്March 21, 2017 at 2:12 PM

  കൂറെ സിനിമാക്കാര്‍ ഇറങ്ങിയിട്ടുണ്ട് അവന്മ്മാര്‍ വലിയ പുള്ളികള്‍ ആണെന്നാ ഭാവം

  ReplyDelete
 6. കഷ്ടപ്പെട്ട് കള്ളനെ പിടിച്ചാല്‍ ക്രഡിറ്റ് വല്ലവനും കൊണ്ടുപോകും അത് സത്യം

  ReplyDelete
 7. ഹോസ്പിറ്റല്‍നിന്നും മിസ്സ്‌ ആയ കുഞ്ഞിനെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചുകഴിഞ്ഞപ്പോള്‍ അതിന്‍റെ ക്രഡിറ്റും കൊണ്ട് ദൈവം പോയി...

  yep... God knows everything and loves everyone. he will put you in hell if you dont obey him :)

  but he needs more money everyday... he cant print money !

  ReplyDelete
 8. Most of the police in Kerala are thieves and gunda a s. The public knew it.

  ReplyDelete