**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 7, 2013

മഞ്ജുവിന്‍റെ വിശ്വാസവും; പണ്ഡിറ്റിന്‍റെ അരിവിതരണവും...


 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  നാട്ടുപ്രമാണിയുടെ മകളുടെ കല്യാണം വരുന്നു...ആരും ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം വിഭവങ്ങളായിരിക്കും വിളമ്പുക...ഇരുന്നും കിടന്നും കഴിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരിക്കും, കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം,, പ്രായം തികഞ്ഞവര്‍ക്ക്‌ മാത്രം കഴിക്കാനുള്ള കളര്‍ പാനിയങ്ങള്‍,,, അങ്ങനെ അങ്ങനെ പല പല പ്രത്യേകതകളാണ്  വെപ്പുകാര്‍ അവകാശപ്പെട്ടിരുന്നത്.. ദേശം അടച്ചാണ് വിളിച്ചിരിക്കുന്നത്‌. ക്ഷണകത്തു നോക്കിനിന്ന്  ആരും വിഷമിക്കേണ്ട; മുഹുര്‍ത്തം നോക്കി എത്തിയാല്‍ മതി, സദ്യ കഴിച്ചു മടങ്ങാം... മൈക്കുകെട്ടി പൊതു അനൌണ്സ് ദിവസങ്ങളോളം നടത്തി... ഒടുവില്‍ കാത്തിരുന്ന ദിവസവും, മുഹുര്‍ത്തവും വന്നു..സ്ഥലത്തെ വി.ഐ.പി-കളും, അത്താഴപ്പട്ടിണിക്കാരനും അഷ്ടിക്കു വകയില്ലാത്തവനും എന്നുവേണ്ട എല്ലാവരും എത്തി. ഇലയുംവടിച്ചുനക്കി കൈയ്യുംകഴുകി റോഡിലേക്കിറങ്ങിയ പ്രധാന ക്ഷണിതാക്കള്‍ക്ക് പലര്‍ക്കും പല അഭിപ്രായം ...പോരാ പോരാ പായസം അത്രയ്ക്ക് പോരാ.. പ്രഥമന്‍ വെള്ളം കൂടിയോ... പുളിശ്ശേരിക്ക് അല്പം പുളികൂടെ ആവാമായിരുന്നു.... ഇതിലും ഭേദം കാണാരേട്ടന്‍റെ കടയിലെ പത്തുരൂപ ഊണാ....അതിനിടയില്‍ സദ്യകഴിച്ച ചിലര്‍ വയറ്റിളക്കം പിടിച്ചു കിടപ്പിലായെന്നും പറയണൂ.... എന്നാല്‍  കുറേക്കാലംക്കൂടി ചോറും പലകൂട്ടംകറികളും  ഒന്നിച്ചുകാണാന്‍ ഭാഗ്യംകിട്ടിയ പട്ടിണിക്കാരന്‍ ഇലയില്‍ വീണതൊക്കെ എരിവുംപുളിയും നോക്കാതെ വലിച്ചുവാരിത്തിന്നു മിച്ചംവന്നത് ആരുംകാണാതെ മടിക്കുത്തിലും ശേഖരിച്ചു. കൈകഴുകി.,,,,ഭഗവാനേ; മൊതലാളിയെ അനുഗ്രഹിക്കണേയെന്നുപറഞ്ഞു നിരത്തിലൂടെ അപ്രത്യക്ഷനായി.....

 രണ്ടുകോടിയുടെ പരസ്യവുമായി തിരിച്ചുവരവ് നടത്തുന്ന മഞ്ജു വാര്യരുടെ വിശേഷങ്ങളെക്കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പേ നമ്മുടെ മാധ്യമങ്ങളും സോഷ്യല്‍ നെറ്റുകളും ചര്‍ച്ച തുടങ്ങിയിരുന്നു..കേരളം തലകീഴുംമേല്‍ മറിക്കും എന്നൊരു ധാരണ പരത്തിയെങ്കിലും പരസ്യം എട്ടു നിലയില്‍ പൊട്ടിയെന്നാണ് പിന്നാമ്പുറവര്‍ത്തമാനം..പൊട്ടിയതല്ല പൊട്ടിച്ചതാണെന്നും, ശാലു സരിതാ ടീമിന്‍റെ പെര്‍ഫോമന്‍സിനു മുന്നില്‍ മഞ്ജു പിന്നോക്കം പോയതാണെന്നുമുള്ള തര്‍ക്കങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്.. ഏതായാലും മലപോലെ വന്നത് എലിപോലെ പോയെന്നു ഇപ്പോള്‍ പറയാം.. ഈ ഒളിച്ചോട്ടവും, ഗര്‍ഭവും, പ്രസവവും കാണിക്കാനായിരുന്നോ ഇപ്പൊവരും ഇപ്പൊവരുമെന്നു പറഞ്ഞു മോഹിപ്പിച്ചതെന്നു ചിലര്‍... അതല്ല കുഞ്ഞിനെ നോക്കി കുഞ്ഞിന്‍റെ അച്ഛനോട് മുത്തച്ഛന്‍; അച്ഛന്‍റ മകള്‍തന്നെയെന്നു പറഞ്ഞുകഴിയുമ്പോള്‍ കേള്‍ക്കുന്ന ആശരീരിയില്‍   ‘വിശ്വാസം അല്ലേ എല്ലാം’.... ഒരു ശരികേടില്ലേ എന്നു മറ്റൊരുകൂട്ടര്‍... വിശ്വാസം പലപ്പോഴും സത്യമാകണമെന്നില്ലായെന്ന  അറിവുവെച്ചു നോക്കുമ്പോള്‍ സംഗതി മൊത്തം മാറി.... കാശുകൊടുത്തു സ്വര്‍ണ്ണം വാങ്ങുമ്പോള്‍ വിശ്വാസത്തെക്കാള്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ സത്യമാണ് എല്ലാവരും നോക്കുന്നതും...വെള്ളം കൊടുത്തിട്ട് ഇതു പാലാണെന്നു വിശ്വസിച്ചാല്‍ മതിയെന്നു പറഞ്ഞാല്‍ കാര്യം നടക്കുമോ...അതുകൊണ്ട് ബച്ചന്‍ മുത്തച്ഛന്‍ മകള്‍ക്കും മരുമകനും പാലുംവെള്ളത്തില്‍ കൊടുത്ത പണിയല്ലേയിത് എന്നൊരു സംശയം...

 നാട്ടിന്‍പുറത്തൊരു ചൊല്ലോണ്ട് ‘സ്വര്‍ണ്ണക്കടയുടെ പരസ്യംപോലെയെന്നു’ ആവശ്യത്തിലധികം ആഭരണങ്ങള്‍ ചാര്‍ത്തി നടക്കുന്നവരെ സൂചിപ്പിക്കുന്ന വാക്കുകള്‍...എത്തിനിക്, കുത്തിനിക്, മാങ്ങാമാല, തെങ്ങാമാല, എന്നൊന്നും പറയാതെ  സ്വര്‍ണ്ണം വാങ്ങാന്‍ വരുന്നവനോട് ഒളിച്ചോട്ടവും, ഗര്‍ഭവും, പ്രസവവും പിന്നെ പുനസംഗമവും കഥ പറഞ്ഞു വിശ്വാസം നേടാനുള്ള ശ്രമം എത്രത്തോളം വിജയിക്കുമെന്നു കണ്ടറിയണം...’ഞാന്‍ വിളിച്ചാല്‍ അച്ഛന്‍ വരും’.... ‘അച്ഛന്‍റ മകള് തന്നെ’..... ‘വിശ്വാസം അതാണ് എല്ലാം’....... സംഗതി ക്ലീന്‍... ഇതുകേട്ടിട്ടുവേണം നാളെ സ്വര്‍ണ്ണം വാങ്ങാന്‍ ചെല്ലാന്‍...

   മഴക്കാലമായാതുകൊണ്ട് തല്ക്കാലം സ്വര്‍ണ്ണത്തിനെക്കാള്‍ കഞ്ഞി കുടിയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം... അത്യാവശ്യം കഞ്ഞിക്കു വകയുള്ളവനൊക്കെ സൂപ്പും ഔഷധകഞ്ഞിയും കുടിക്കുന്ന സമയം..അതിലും മുകളിലുള്ളവര്‍ എണ്ണപ്പാത്തിയില്‍ക്കിടന്നു സുഖചികല്‍സ നടത്തുന്ന   സമയം.. ഇത്തരം സമയങ്ങളില്‍ ആവിപറക്കുന്ന ഔഷധകഞ്ഞി മെല്ലെ ഊതി തണുപ്പിച്ചു മോന്തികുടിക്കുമ്പോഴും, എണ്ണപ്പാത്തിയില്‍ക്കിടന്നു നീന്തുമ്പോഴും ഭിത്തിയില്‍ വച്ചിരിക്കുന്ന ടീ.വിയില്‍ നോക്കി മേല്പറഞ്ഞ പരസ്യം കണ്ടു ആനന്ദനിര്‍വൃതി അടയാം.... വിശ്വാസം അതല്ലേ എല്ലാം....ഉരുണ്ടുവീഴാറായ കൂരയ്ക്കടിയില്‍ പട്ടിണിയുമായി കഴിയുന്നവന് എന്തോന്നു വിശ്വാസം... വല്ലതും കിട്ടിയാല്‍ ആശ്വാസം; അത്രതന്നെ......

 നാടിനോ നാട്ടുകാര്‍ക്കോ നയാപൈസയുടെ ഉപകാരമില്ലാത്ത ഒരു കച്ചവട പരസ്യത്തിന്‍റെ വരവിനെ മാസങ്ങളായി ഒരു പ്രധാനവാര്‍ത്തയായി മലയാളിയുടെ മുന്നിലേക്ക് വിളമ്പികൊണ്ടിരുന്ന മാധ്യമങ്ങളും സോഷ്യല്‍ നെറ്റുകളും  ‘വാര്‍ത്തകൊണ്ടൊരു പരസ്യം’ എന്ന രീതിയില്‍ പോലും സന്നദ്ധ സേവനങ്ങളെ പരിഗണിക്കാതെ വരുമ്പോള്‍ കച്ചവടപ്പരസ്യവും, യഥാര്‍ത്ഥവാര്‍ത്ത സൃഷ്ടിക്കുന്ന പരസ്യവും ഏതാണ് മെച്ചമെന്നു ഇതൊക്കെ കാണുന്നവര്‍ നോക്കിയാല്‍ തികച്ചും  സ്വാഭാവികം... രണ്ടുകോടിയുടെ ‘വിശ്വാസം’ കണ്ടു സ്വര്‍ണ്ണംവാങ്ങുമ്പോള്‍ ലഭിക്കുന്ന ആശ്വാസമല്ല; അഷ്ടിക്കുവകയില്ലാതെ ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ വസിക്കുന്നവര്‍ക്ക് അരിയും കുറച്ചുതുണിയും കൊടുക്കുമ്പോള്‍ ലഭിക്കുന്നത്. വിശക്കുന്നവന്‍റെ മനസ്സിനു സന്തോഷവും...കൊടുക്കുന്നവന്‍റെ  മനസ്സിനു സംതൃപ്തിയുമാണ് ലഭിക്കുന്നത്. ഇന്നുതരും നാളെത്തരും എന്നുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിച്ച്‌ വഞ്ചിതരായവര്‍ക്ക്, അറിഞ്ഞു ചെന്നുകണ്ടു കൊടുക്കുന്നതാണ് പറഞ്ഞുപറ്റിക്കുന്ന വിശ്വാസത്തെക്കാള്‍ വലിയ ആശ്വാസം.. അതുവെച്ചു നോക്കുമ്പോള്‍ മഞ്ജുവിന്‍റെ വിശ്വാസത്തെക്കാള്‍ സന്തോഷ്‌ പണ്ഡിറ്റിന്‍റെ അരി വിതരണത്തെയാണ്‌ മലയാളി നെഞ്ചിലേറ്റേണ്ടത്... എന്തുകൊണ്ടോ അതുണ്ടായില്ല..ഒന്നു രണ്ടു മാധ്യമങ്ങളില്‍ ഒരു ചെറിയ വാര്‍ത്ത എന്നതില്‍ അപ്പുറം ഒന്നും കണ്ടില്ല..വിലങ്ങാട് ഫേസ് ബുക്ക് മലയോരക്കൂട്ടായ്മ്മ ആദിവാസി ഊരുകളില്‍ ഭക്ഷണവും വസ്ത്രവും മറ്റു സഹായങ്ങളും ചെയ്തതും വാര്‍ത്താ പ്രാധാന്യം കിട്ടിയില്ല... സുപ്പര്‍ സ്റ്റാര്‍ ഞാറു നട്ടതും, കാല് കഴുകിയതും ബ്രേക്കിംഗ് ന്യൂസായി. നാട്ടുകാര്‍ കുഴിയില്‍ വീണ് ചാകാതിരിക്കാന്‍ കൊച്ചു സ്റ്റാര്‍ കുഴിയടച്ചത് ബ്രേക്കിംഗ് കേസായി.. മഞ്ജുവിന്റെ വരവ് കണ്ട കേരളിയര്‍ പൂസായി..കഞ്ഞികുടി മുട്ടിയവന് അന്നം കൊടുത്തവര്‍ ഔട്ടായി..... ഇതാണ് അവസ്ഥ. ഏതായാലും അട്ടപ്പാടിയിലെ മേയര്‍; അരിവിതരണം നടത്തിയ സന്തോഷ്‌ പണ്ഡിറ്റിനെതിരെ കേസെടുക്കുമെന്നു ഇതുവരെ പറഞ്ഞിട്ടില്ല ഭാഗ്യം.. വിതരണം ചെയ്ത അരിയിലെ കല്ലുകടിച്ചു ആദിവാസികളുടെ പല്ലു പോയാല്‍ ആരു സമാധാനം പറയുമെന്ന ചോദ്യങ്ങളൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല..

പട്ടിണിമരണവും ശിശുമരണവും ഊരുകളുടെ ദയനിയവസ്ഥയും ചൂണ്ടി ക്കാണിച്ചപ്പോള്‍ നമ്മുടെ നേതാക്കള്‍ പറഞ്ഞതു ആദിവാസികള്‍  നല്ലവണ്ണം ഭക്ഷണം കഴിക്കതതുകൊണ്ടും ചാരായം വല്ലാതെ കഴിക്കുന്നതുകൊണ്ടുമാണ്.. അങ്ങനെ സംഭവിക്കുന്നതെന്നാണ്. സര്‍ക്കാര്‍ ഏജന്‍സിയായ  കിര്‍ത്താഡ്‌സിനുവേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.കെ. ശശിധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് അട്ടപ്പാടിയില്‍ ആദിവാസി കുട്ടികള്‍ മരിച്ചത് പോഷകാഹാരക്കുറവുമൂലമാണെന്ന്. അട്ടപ്പാടിയില്‍ ഏറെക്കുറെ മുഴുവന്‍ ആദിവാസികളും വിളര്‍ച്ച ബാധിച്ചവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 104 പേരെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. അതില്‍ എല്ലാ പ്രായക്കാരും വിളര്‍ച്ച ബാധിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 60 ശതമാനം പേരും കുടിവെള്ളംപോലും ലഭിക്കാത്തവരാണെന്നും വൈറ്റമിന്‍ എ യുടെ കുറവും ഇരുമ്പിന്‍റെ  അംശത്തിന്‍റെ കുറവും ഭൂരിഭാഗം പേര്‍ക്കുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശിശുമരണത്തിന്റെ കാരണം ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭിക്കാത്തത് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട അമ്മമാരാരും മദ്യപിക്കുന്നവരല്ലായെന്നും പറയുന്നുണ്ട്..

 അരി,, പാല്‍, ഗോതമ്പ്, മുട്ട, ശര്‍ക്കര, അവില്‍, പയര്‍, നേന്ത്രപ്പഴം ഇവയൊക്കെയാണ് ഐ സി ഡി എസ് വഴി അട്ടപ്പാടിയില്‍ സര്‍ക്കാര്‍ വിതരണം ചെയ്തതായി പറയുന്ന സാധനങ്ങള്‍...ഈ സാധനങ്ങള്‍ ഒന്നും ആദിവാസികള്‍ കഴിക്കുന്നില്ല എന്നാണ് നേതാക്കള്‍ പറഞ്ഞു പരത്തുന്നത്.. വാസ്തവം എന്താണ്..? വിതരണം പലപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നു. സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന സ്വകാര്യകരാറുകാരും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മ്മാരും ചേര്‍ന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയതിനു നിരവധി കേസുകളാണ് നിലവിലുള്ളത്..ചുരുക്കത്തില്‍ വേലി തന്നെ വിളവങ്ങുതിന്നു..പഴി ആദിവാസിയുടെ പിടലിയ്ക്കും വച്ചു.. ഇത്രയൊക്കെയായിട്ടും നമ്മുടെ പാവങ്ങളെ ഉദ്ധരിക്കുന്ന നേതാക്കളോ വകുപ്പ് മന്ത്രി പോലുമോ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല.. സാമൂഹ്യ നേതാക്കള്‍ ആരും ഇടപെട്ടുകണ്ടില്ല..എന്തിനേറെ വല്ലാതെ പ്രകൃതിയേയും ഊരുകളെയും  സ്നേഹിക്കുന്ന നമ്മുടെ സുഗതകുമാരി ടീച്ചറും ബിര്‍ളയുടെ സരസ്വതി സമ്മാന്‍ സ്വികരിക്കുന്ന തിരക്കിലായിരുന്നു.. ഗ്രാസിം; വാഴക്കാട് പഞ്ചായത്തില്‍ സൃഷ്‌ടിച്ച  ക്യാന്‍സര്‍ രോഗികളെ മാത്രം ഓര്‍ത്താല്‍ ഏതൊരു പ്രകൃതി സ്നേഹിയും സരസ്വതിസമ്മാന്‍ ചാലിയാറില്‍ ഒഴുക്കും....ഒന്നും കണ്ടില്ല... വിത്തുവിതച്ചും, കുഴിയടച്ചും ചിലരെങ്കിലും രംഗത്തുവന്നെങ്കിലും അട്ടപ്പാടിയിലെ മെലിഞ്ഞുണങ്ങിയ മനുഷ്യക്കൊലങ്ങളുടെ അടുത്തേയ്ക്ക് ഒരു സ്റ്റാറും പോയികണ്ടില്ല... ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സന്തോഷ്‌ പണ്ഡിറ്റ്‌ അട്ടപ്പാടിയില്‍ നടത്തിയ അരിവിതരണം പ്രസക്തമാവുന്നത്... രണ്ടു കോടിയുടെ പരസ്യവും മഞ്ജുവിന്‍റെ വരവുമെല്ലാം ചര്‍ച്ചചെയ്തു തലപുണ്ണാക്കിയ മലയാളികള്‍ പണ്ഡിറ്റ്‌നു ഇക്കാര്യത്തില്‍ ഒരു ആശസാകാര്‍ഡ് എങ്കിലും അയക്കേണ്ടതാണ്. രാഷ്ട്രിയ,സാമൂഹ്യ,കലാ,സാഹിത്യ രംഗങ്ങളൊക്കെ ഗ്ലാമറില്‍ കുരുങ്ങി ക്കിടക്കുമ്പോള്‍  എല്ലാവരാലും  അവഗണിക്കപ്പെട്ട കരിപുരണ്ട ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരുമൊന്നുമടിക്കും ..ഏതായാലും മലയാളിയുടെ ആസ്വാദനരീതികളെയും മലയാളസിനിമയുടെ പ്രഖ്യാപിത ശൈലികളെയും വെല്ലുവിളിച്ചു സിനിമയെടുക്കാന്‍ ധൈര്യം കാണിച്ച പണ്ഡിറ്റ്‌,  ഗ്ലാമറു തീരെയില്ലാത്ത ഇത്തരം മേഖലകളിലും കഴിവ് തെളിയിച്ചിരിക്കുന്നു എന്നുവേണം പറയാന്‍......

 സ്വര്‍ണ്ണംവാങ്ങാന്‍ വരുന്ന മലയാളികളുടെ അണ്ണാക്കിലേക്ക് മഞ്ജുവിന്‍റെ  ഗര്‍ഭവും പ്രസവവും കാണിച്ചു കൊടുത്താല്‍ കിട്ടുന്ന ശ്രദ്ധയൊന്നും  വിശന്നോട്ടിയ വയറിനു ഒരു പിടി ചോറുകൊടുത്താല്‍ കിട്ടില്ലായെന്നും, പട്ടിണിക്കാരന്‍റെ ദുരിതവും കരച്ചിലും കാണാന്‍ ഇവിടെ ഒരുത്തനും ഇരുന്നുതരില്ലായെന്നും അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ..... ‘വിശ്വാസം; അതല്ല,,, എല്ലാം..’.  അതിനു മുന്നിലും പിന്നിലും ഒരുപാടു കാര്യങ്ങള്‍ വേറെയുണ്ട്.. മെലാളന്‍റെ കൊച്ചൊരു വളിവിട്ടാല്‍ അതും വാര്‍ത്തയാക്കുന്ന പരസ്യ സംസ്ക്കാരത്തില്‍ പണ്ഡിറ്റ്‌ നടത്തിയതും പേരിനു വേണ്ടിയാണെന്നു പറയുന്നവരോട് ഒന്നേ പറയാനുള്ളു.. അങ്ങനെയെങ്കില്‍ മഞ്ജുവിന്‍റെ പരസ്യത്തെക്കാള്‍; പണ്ഡിറ്റിന്‍റെ അട്ടപ്പാടിയിലെ അരിവിതരണം എന്തുകൊണ്ടും മികച്ചുനില്‍ക്കുന്നു.....  

18 comments:

 1. വിദ്യാധരന്‍ മാഷ്‌ ഉള്ള കാര്യം പറഞ്ഞു...

  ReplyDelete
 2. മോഹനകൃഷ്ണന്‍August 7, 2013 at 9:55 AM

  മഞ്ജുവിന്റെ പ്രസവം കാണാനാ മാഷേ ആളുകള്‍ക്ക് താല്പര്യം.ആദിവാസിയുടെ കരച്ചിലിന് അത്ര സുഖം പോര

  ReplyDelete
 3. ന്യൂസായി ,കേസായി, പൂസായി ,ഔട്ടായി കൊള്ളാം മാഷേ

  ReplyDelete
 4. ഒരു വാര്‍ത്ത‍ അതിനല്ലേ എല്ലാം....

  ReplyDelete
 5. മഞ്ജുവിന്റെ വരവും പരസ്യവുമെല്ലാം മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ മറ്റു പലതും താമസ്ക്കരിക്കപ്പെട്ടു എന്നത് സത്യാമാണ്...മാധ്യമങ്ങള്‍ എങ്ങനെ ഊതി വീര്‍പ്പിച്ചാലും ഒരു പരിധിയില്‍ കൂടുതല്‍ പിടിച്ചുനിക്കാന്‍ കഴിയില്ല എന്നും തെളിഞ്ഞിരിക്കുന്നു...സെലിബ്രിറ്റികളുടെ പിന്നാലെ പായുന്ന പാപ്പരാസി സംസ്ക്കാരം നമ്മളെ വല്ലാതെ വിഴിങ്ങിയിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍..വാര്‍ത്തകളെക്കാള്‍ നമ്മള്‍ ഗോസിപ്പുകളെ ഇഷ്ടപ്പെടുന്നു..അതുകൊണ്ടാണ് അരി വിതരണവും സന്നദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്...ഇതുകൊണ്ടുള്ള കുഴപ്പം എന്താണെന്നു വച്ചാല്‍ നമ്മുടെ ഭരണകൂടവും ജനങ്ങളുടെ താല്‍പര്യങ്ങളെ കണ്ടില്ല എന്ന ഭാവം നടിക്കുന്നു എന്നതാണ് അവര്‍ക്കറിയാം..പെണ്ണുകേസും സിനിമ നടിയുടെ പ്രസവവും ഉണ്ടെങ്കില്‍ ജനം ആ വഴിയേ പൊയ്ക്കോളും എന്നു..മാധ്യമ ങ്ങളും അതിനു കൂട്ടു നില്‍ക്കുന്നു വെന്നുവേണം കരുതാന്‍

  ReplyDelete
 6. അങ്ങനെയെങ്കില്‍ മഞ്ജുവിന്‍റെ പരസ്യത്തെക്കാള്‍; പണ്ഡിറ്റിന്‍റെ അട്ടപ്പാടിയിലെ അരിവിതരണം എന്തുകൊണ്ടും മികച്ചുനില്‍ക്കുന്നു.....

  ഇതിനു താഴെ എന്‍റെ ഒരു കൈയൊപ്പ്‌.

  ReplyDelete
 7. സ്വർണക്കട മൊയലാളി കച്ചവടം കൂട്ടുവാൻ പരസ്യം നൽകുന്നത് നിർത്തി അട്ടപാടിയിൽ ചെന്ന് ആദിവാസികൾക്ക് സൌജന്യ റേഷൻ നൽകണം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?പരസ്യം ആളുകൾ ശ്രദ്ധിക്കണം എന്ന ഉദ്ദേശം ഉള്ളത് കൊണ്ടായിരിക്കുമല്ലോ കല്യാണ്‍ മൊയലാളി മഞ്ചു വാര്യരെ വെച്ച് പരസ്യം പിടിച്ചത്,അല്ലായിരുന്നെങ്കിൽ വടക്കെയിലെ ശാന്തയെ അഭിനയിപ്പിച്ചാൽ പോരെ?അട്ടപാടിയിലെ പട്ടിണി മരണവും സ്വർണക്കട മൊയലാളി പിടിച്ച പരസ്യവും പണ്ടിട്ടിന്റെ അരിവിതരണവും തമ്മിൽ എന്ത് ബന്ധം?ടി വി യിൽ പരസ്യം കാണിക്കുന്നത് സൌജന്യ നിരക്കിൽ അല്ല,അത് കൊണ്ട് തന്നെ കാശ് മുടക്കി പരസ്യം പിടിച്ചു കാശ് മുടക്കി തന്നെ അത് ടി വി യിൽ കാണിക്കുന്ന സ്വർണക്കട മോയലാളിയെ സർക്കാറിന്റെ അനാസ്ഥയുടെ പേരിൽ വിമർശിക്കുന്നത് ശരിയാണോ?

  ReplyDelete
  Replies
  1. dear friend athinu parasyathe pattiyallallo , athinu purake poya madhyama samskarathe pattiyanu vimarshanam ...

   Delete
 8. സ്വര്‍ണ്ണക്കട മൊയലാളിയുടെ പരസ്യം ഉദേശിച്ച രീതിയില്‍ ക്ലിക്കായില്ല എന്നത് എന്‍റെ ഒരു അഭിപ്രായമാണ്..അതിനെക്കാള്‍ എന്തുംകൊണ്ടും ശ്രദ്ധ അര്‍ഹിക്കുന്നതു പണ്ഡിറ്റ്‌ നടത്തിയ അരിവിതരണമാണെന്നതും എന്‍റെ അഭിപ്രായം മാത്രമാണ്..പരസ്യം വരുന്നതിനു ആഴ്ചകള്‍ക്ക് മുന്നേ തന്നെ ഇതാ വരുന്നു എന്നരീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു..വെറുമൊരു കച്ചവടപരസ്യത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വാര്‍ത്തകളായി അവതരിക്കപ്പെട്ടപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്...ഒരു കാര്യം പറയുമ്പോള്‍ ആദ്യ ഭാഗങ്ങളില്‍ അത് പറയാനുള്ള സാഹചര്യങ്ങളും മധ്യ ഭാഗങ്ങളില്‍ അതു സ്ഥാപിക്കാനുള്ള വാദങ്ങളും ഒടുവില്‍ കാര്യം പറയലും..ആ രീതിയില്‍ പിഴവുകള്‍ സംഭവിച്ചാല്‍ മാറ്റാന്‍ ശ്രമിക്കാം...

  ReplyDelete
 9. എതിര്‍പ്പൃ വാദം കൊണ്ട് നമ്മടെ അജ്ഞാതന്‍ വന്നില്ലല്ലോ ഇതുവരെ. പതിവായി വരുന്നോരെ കാണാത്തപ്പം ഒരു വിഷമം.

  ReplyDelete
 10. തീര്‍ച്ചയായും പണ്ഡിറ്റ്‌ജി തന്റെ പ്രവൃത്തിയ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ പ്രശംസ അര്‍ഹിച്ചിരുന്നു...

  ReplyDelete
 11. a good mind ulla man,great pandit

  ReplyDelete
 12. Malayali Housil Vachu Ikkaryam Santhosh Paranjathanu. Veruthe Parayunnathavum Ennanu Kettappol Thonniyathu. Malayali Housil Ninnum Kittiya Kasu Kondupoyi Attappadiyil Vitharanam Chaitha Santhosh Abhinandanam Arhikkunnu.

  ReplyDelete
 13. ithil kuttam aarudeya?? manjuvo santhosh panditto mediayo aano??? kaalapettu nnu kelkkunnathinu munpu thanne kayarum pidichondu nilkkunna nammalokke thanne yalle???
  oru kaalathu santhosh pandittinillaatha kuttam undaayirunno...vazhiyiloode poyirunnavarokke keri theri vilichittu poyirunnu...ippo athu maduthappol santhosh pandit punnyalan!! manju vine vaa vaa vaa..ennu vilichukondirunnathum nammal thanne..ippo parasyam purathirangiyappol vimarshichu akathekku thanne paranjayakkaan pokunnathum nammal...

  enthu parayaan..!

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. വിശപ്പ് എന്നത് ഒരു മാനസികാവസ്ഥയാണ്, അതിനു വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്ന് സഖാവ് രാഹുൽ ഗാന്ധി പറഞ്ഞത് വെറുതെയല്ല...

  പേരിനോ പ്രശസ്ഥിക്കോ വേണ്ടിയാണ് സന്തോഷ് പണ്ടിറ്റ് അരി വിതരണം നടത്തിയെതെന്നു പറഞ്ഞാലും കുഴപ്പമില്ല, വിശക്കുന്നവന് ഭക്ഷണം നൽകുന്നവനാണ് വലിയവൻ.

  വിശപ്പ്, അതനുഭവിച്ചവനേ അതിന്റെ വേദനയറിയൂ...

  ReplyDelete
 16. ..കല്യാണ്‍ പരസ്യവും സന്തോഷ്‌ പണ്ഡിറ്റ്‌ തമ്മില്‍ എന്ത് ബന്ധം ,,ഒന്ന് പരസ്യവും ..ഒന്ന് വാര്‍ത്തയും അല്ലെ ...സന്തോഷ്‌ ചെയ്തത് നല്ല കാര്യം തന്നെ ..അഭിനന്ദനം അര്‍ഹിക്കുന്നു ..ഈ പരസ്യങ്ങള്‍ ഇല്ലായിരുന്നെകില്‍ ..ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ഒരൊറ്റ ചാനല്‍ പോലും കാണില്ല അതറിയാമോ ...പരസ്യങ്ങള്‍ കാരണം കഞ്ഞികുടികുന്ന ഞങ്ങളെപോലുള്ളവരെ വയറ്റതടികുന്ന കാര്യമല്ലേ തുളസി പറഞ്ഞത് ...നല്ല പരസ്യങ്ങള്‍ സ്വാഗതം ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്

  ReplyDelete
 17. ബ്ലോഗ്‌ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയ്ക്കുന്നു

  ReplyDelete