**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, January 11, 2014

ഈ ഉള്ളിതീറ്റക്കാരെ ജയിലില്‍ അടയ്ക്കണം..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  അല്ലപിന്നെ; എന്നാലൊന്നു കാണണമല്ലോ; നമ്മളോടാ കളി.....കക്ഷവും ചന്തിയും പിഞ്ചിത്തുടങ്ങിയതുകൊണ്ടാണ് ഒരു ഷര്‍ട്ടും മുണ്ടും വാങ്ങാമെന്നു വെച്ചത്.. നാട്ടുകാരെ രക്ഷിക്കാന്‍ ഖാദിതന്നെ വാങ്ങാമെന്നും വെച്ചു. വില കേട്ടപ്പോഴാണ് ഞെട്ടിയത്. ഇപ്പൊ റിബേറ്റില്ല പോലും ..എന്നാലിപ്പോ വാങ്ങണില്ല ..തല്‍ക്കാലം കീറിയതു തുന്നി ഇടാം ..റിബേറ്റ് വരുമോന്ന് നോക്കട്ടെ... വാങ്ങാന്‍ ആളില്ലാതെ വരുമ്പോള്‍  തനിയെ വില കുറയുമെന്ന നീതിബോധം നന്നായി വര്‍ക്കഔട്ട് ചെയ്യണം.........നാളെ മുതല്‍ എല്ലാവരും തുണിയുടക്കാതെ നടക്കണം. തുണി ചിലവാകാതെ വരുമ്പോള്‍ കച്ചവടക്കാര്‍ തനിയെ വില കുറയ്ക്കും..
 കാലാവസ്ഥ മാറിയതുകൊണ്ടാണെന്നു തോന്നുന്നു തുമ്മലും ചീറ്റലും തുടങ്ങിയിട്ടുണ്ട്.. കാലിനും,കൈക്കും ഇപ്പൊ തലയ്ക്കും വേദന തുടങ്ങിയിരിക്കുന്നു... പനിയുടെ വരവാണെന്ന് തോന്നുന്നു.. ഒരു ഡോക്ടറെ കാണിക്കാമെന്നു വെച്ചാല്‍, കാണാന്‍ മാത്രം ഫീസ്‌ ഇരുന്നൂറ്റിയന്പത് രൂപയാണ്. മരുന്നിനു വേറെ പൈസകൊടുക്കണം ...എവിടുന്നു എടുത്തു കൊടുക്കും... ഇവന്മ്മാരെ ഒരു പാഠം പഠിപ്പിക്കണം ..ഡോക്ടറുടെ അടുത്തേയ്ക്ക് തല്ക്കാലം പോകുന്നില്ല... രോഗികള്‍ വരാതെ ഈച്ചയാട്ടുമ്പോള്‍ കണ്‍സല്‍ട്ടിംഗ് ഫീസ്‌ അന്പതായി കുറയ്ക്കും.  മരുന്നുവാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ മരുന്നിന്‍റെ വിലയും തനിയെ കുറയും.. ഡിമാണ്ടില്ലാത്ത സാധനങ്ങള്‍ക്ക് വിലകുറയും.. കുറയട്ടെ എന്നിട്ടാകാം ആശുപത്രിയില്‍ പോകുന്നത്..ഇതൊരു അറിയിപ്പായി എല്ലാ രോഗികളും സഹകരിക്കണം..
 വീട്ടിലെ അരിയും പച്ചക്കറികളും തീര്‍ന്നതായി അടുക്കളയില്‍ നിന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്.. ഒരുദിവസം കൂടിയേ വല്ലതും തിന്നാന്‍ ഉണ്ടാകൂ വെന്നാണ് ഭാര്യ പറഞ്ഞിരിക്കുന്നത്.. സാരമില്ല കിണറ്റില്‍ ഇഷ്ടംപോലെ വെള്ളമുണ്ട്.. അതു കുടിച്ചു ജീവിക്കാം... വീടിനു ചുറ്റുമുള്ള മരങ്ങളില്‍ ധാരാളം ഇലകളുമുണ്ട്. അതും ചവച്ചുകഴിക്കാം.. അരിക്കും പച്ചക്കറിക്കും എന്താ വില.. ഓരോ ദിവസവും വില കൂടുകയല്ലേ..... എന്താ ഈ വിലക്കയറ്റത്തിന് കാരണം?. തീറ്റ... ജനത്തിന്‍റെ മുടിഞ്ഞ തീറ്റ... ഇതൊക്കെ വാങ്ങിത്തിന്നട്ടല്ലേ വിലകൂടുന്നത്.......... വാങ്ങരുത് ആരും വാങ്ങരുത്.. വാങ്ങാന്‍ ആളില്ലാതെ വരുമ്പോള്‍ തനിയെ വിലകുറയും... ആരും വണ്ടി ഓടിക്കരുത്. എണ്ണാവില തനിയെ കുറയും.......ആരും അടുപ്പു കത്തിക്കരുത്. ഗ്യാസ് വില തനിയെ കുറയും... ആരും ഹോട്ടല്‍ ഭക്ഷണം കഴിക്കരുത് വില തനിയെ കുറയും......വിലക്കയറ്റത്തിനുള്ള പ്രധാനകാരണം പൂഴ്ത്തിവെയ്പ്പോ, കരിഞ്ചന്തയോ ഒന്നുമല്ല; പൊതുജനത്തിന്‍റെ തീറ്റയും ആര്‍ത്തിയും മാത്രമാണ്.. എല്ലാത്തിനും വിരയുടെ അസുഖമാകാനാണ് സാദ്ധ്യത .. അതുകൊണ്ട് വിരമരുന്നിന്‍റെ വിതരണം ആരംഭിക്കണം..പോളിയോ മരുന്നിന്‍റെ വിതരണം പോലെ കാണുന്നവന്‍റെ വായിലൊക്കെ വിര മരുന്നു ഒഴിക്കണം... വിരരഹിത ജനം; വിലക്കയറ്റമില്ലാത്ത രാജ്യം ഇതായിരികണം മുദ്രാവാക്യം.....

  നാട്ടിലിങ്ങനെ വിലക്കയറ്റം കണ്ടമാനം ഉണ്ടാകുന്നത്, ജനമിങ്ങനെ വല്ലാതെ തിന്നുന്നതുകൊണ്ടാണെന്ന് എനിക്കും മന്‍മോഹനും പണ്ടേ തോന്നിയതാണ്... തിന്നുമുടിക്കുന്നതു കൊണ്ടാണ് അവശ്യസാധനങ്ങള്‍ക്ക് വില കൂടുന്നതെന്ന് അദേഹം പണ്ടേ പറഞ്ഞതാണ്; അന്നാരും കേട്ടില്ല.. വെറും അറുനൂറു രൂപ ഉണ്ടെങ്കില്‍ അഞ്ചംഗ ഫാമിലിയ്ക്ക് ഡല്‍ഹിയില്‍ ഒരു മാസം സുഭിക്ഷമാണെന്ന നഗ്നസത്യം പറഞ്ഞതിനാണ് മുഖ്യമന്ത്രി ഷീല ദിക്ഷിതിനെ ജനം ചൂലുകൊണ്ട് അടിച്ചോടിച്ചത്.. നൂറുരൂപ മുടക്കി ഐസ് ക്രീം കഴിക്കുന്ന ജനത്തിനു ഒരുരൂപയ്ക്ക് അരി കൊടുക്കേണ്ടന്നു പറഞ്ഞ ഒരു മാന്യമന്ത്രിയ്ക്കുള്ള അടി വരുന്ന ഇലക്ഷനില്‍ ഉറപ്പിക്കാം.. ഇങ്ങനെ ജനത്തിന്‍റെ തീറ്റകുറച്ച് വിലക്കയറ്റം നിയന്ത്രിക്കാന്‍ പറഞ്ഞ മാന്യ ദേഹങ്ങളെയൊന്നും ജനങ്ങള്‍ വെറുതെ വിടുന്നില്ല.. പക്ഷെ ജനമിങ്ങനെ തിന്നു മുടിക്കുന്നതാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമെന്ന്‍ കഴിഞ്ഞ ദിവസം കോടതിയ്ക്ക് മനസ്സിലായി... സവോള തീറ്റ കുറച്ചാല്‍ സവോള വില കുറയുമെന്ന സത്യം കോടതിയും പറഞ്ഞിരിക്കുന്നു... ഇതു മനസിലാവാത്ത ഒരു കൂട്ടമേയുള്ളൂ; പൊതുജനം.. പറഞ്ഞിട്ടു കാര്യമില്ല.. വിവരമില്ല.... വികാരമേയുള്ളൂ... വയറു കായുമ്പോള്‍ നിലവിളിക്കും, പിന്നെ തീറ്റ തുടങ്ങും, പിന്നെ വെറും ഉറക്കം...

  ഇന്ത്യയിലെ സാധാരണക്കാരുടെ പ്രധാനഭക്ഷണം ചിക്കന്‍ ബിരിയാണിയും നൂഡില്‍സും ആയതിനാല്‍ ടച്ചിങ്ങ്സായി സവോളയാണ് കൂടുതലും ഉപയോഗിക്കുക.. ബസുമതി അരി ഉപയോഗിച്ചാണ് ഗ്രാമീണര്‍ അധികം കഞ്ഞി വയ്ക്കുന്നത്.. അതു വേവാനും സവോളയും ഉള്ളിയും വളരെ അത്യാവശ്യമാണ്... ഇതു നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ റേഷന്‍ കട വഴി എലിക്കാഷ്ടം അടങ്ങിയ നല്ല ഒന്നാംതരം പുഴുവരി കൊടുക്കുന്നത്.. ഇതൊന്നും അവറ്റകള്‍ വാങ്ങില്ല... എപ്പോഴും ഉള്ളികൂട്ടി ബിരിയാണി തിന്നണം പോലും.. ഇവിടെ പ്രധാനമന്ത്രിപോലും കഞ്ഞിയും പപ്പടവും പേരിനൊരു മുളകും കടിച്ചു ജീവിക്കുന്ന നമ്മുടെ രാജ്യത്താണ് ജനമിങ്ങനെ ഓവര്‍ ഉള്ളിതീറ്റ നടത്തുന്നത്.. സവോള കഴിച്ചാലേ വിശപ്പ് തീരൂ എന്നൊക്കെ പറയുന്നത് ജനത്തിന്‍റെ അഹങ്കാരംകൊണ്ടാണ്..ഈ അഹങ്കാരം വകവെച്ചുകൊടുത്താല്‍ രാജ്യത്തു ഭയങ്കര വിലക്കയറ്റം ഉണ്ടാകും; ഒരു സംശയവും വേണ്ട.. രാജ്യത്തുള്ള ഏതു ദരിദ്രവാസിയുടെ കൈയ്യിലും എപ്പോഴും കോടിക്കണക്കിനു രൂപ ഉള്ളതുകൊണ്ട്, ഉള്ളി കണ്ടാല്‍ ചാക്ക് കണക്കിന് വാങ്ങി തിന്നും.... അതുകൊണ്ട് ഉള്ളിചാക്ക് കാണരുത്, കാണിക്കരുത്..........  ചാക്കിനുള്ളിലെ സാധനം കാണാതിരിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം കട തുറക്കാതിരിക്കലാണ്.. കട തുറന്നാലല്ലേ സാധനം വാങ്ങാന്‍ കഴിയൂ... കട തുറക്കരുതെന്ന് കച്ചവടക്കരോട് പറഞ്ഞാല്‍ ലെവന്മാര്‍ കേള്‍ക്കില്ല.. തുറന്നവനും അടച്ചുപൂട്ടി വീട്ടില്‍ പോകാന്‍ ഒരു വഴിയേയുള്ളൂ; ഹര്‍ത്താല്‍..  അതാകുമ്പോള്‍ ഒരുത്തനും കട തുറക്കില്ല...കട തുറന്നില്ലേല്‍ ജനം അരി വാങ്ങില്ല, സവോള വാങ്ങില്ല. സാധനത്തിനു ചിലവില്ലാത്തതിനാല്‍ വിലക്കയറ്റം നഹി.... അരിസാധനങ്ങള്‍ കിട്ടിയില്ലേല്‍ അടുപ്പ് കത്തിക്കേണ്ട ആവശ്യമില്ല..ഗ്യാസ് ഉപയോഗം നഹി... നല്ലൊരു ഊക്കന്‍ ഹര്‍ത്താല്‍ നടത്തിയാല്‍ വണ്ടി ഓടില്ല, പമ്പ് തുറക്കില്ല എണ്ണയ്ക്കും ചിലവുണ്ടാകില്ല... എണ്ണവില വര്‍ധനവും നഹി.....അങ്ങനെ ചുരുക്കത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള എളുപ്പവഴി ഹര്‍ത്താല്‍ നടത്തുക എന്നതാണ്.. കട തുറക്കാതിരിക്കണമെങ്കില്‍, ജനം അരി വാങ്ങാതിരിക്കണമെങ്കില്‍ സവോള തിന്നതിരിക്കണമെങ്കില്‍ അടുപ്പ് കത്താതിരിക്കണമെങ്കില്‍, ഗ്യാസ് ഉപയോഗിക്കാതിരിക്കണമെങ്കില്‍ ഹര്‍ത്താല്‍ ആവശ്യമാണ്... വണ്ടി ഓടാതിരിക്കാന്‍ , പമ്പ്` തുറക്കാതിരിക്കാന്‍, അങ്ങനെ എണ്ണ ഉപയോഗം കുറയ്ക്കാന്‍ ഹര്‍ത്താല്‍ ആവശ്യമാണ്...അതുകൊണ്ട് വിലക്കയറ്റം തടയാനും, രാജ്യ പുരോഗതിയിലേക്ക് നയിക്കാനും  അത്യാവശ്യമായ ഹര്‍ത്താലിനും ബന്ദിനുമുള്ള നിരോധനം പിന്‍വലിക്കണം... ജനം തീറ്റകുറയ്ക്കുന്ന കാലംവരെ ഇതു തുടരണം.. ആഴ്ചയില്‍ അഞ്ചു ഹര്‍ത്താലും രണ്ടു പ്രവര്‍ത്തി ദിനവുമായി കലണ്ടര്‍ ചുരുക്കണം.. ഹര്‍ത്താല്‍ ദിവസങ്ങളില്‍ വീടുകളില്‍ അടുപ്പ് കത്തിക്കാന്‍ പാടില്ലയെന്ന നിയമവും ഇറക്കണം.. അങ്ങനെ വരുമ്പോള്‍ ജനങ്ങളുടെ തീറ്റഭ്രമം നന്നായി കുറയുമെന്ന് ഉറപ്പാണ്.. വിലക്കയറ്റം ഒരു തരത്തിലും ഉണ്ടാവില്ല.. ചിക്കന്‍, മട്ടന്‍, ബീഫ്, അരി, ഉള്ളി, സവോള, പയര്, കിഴങ്ങ്, പച്ചക്കറികള്‍ തുടങ്ങിയ വാങ്ങുന്നവരില്‍നിന്നും ആഡംബരടാക്സും; ഇവ കഴിക്കുന്നവരില്‍ നിന്ന്‍ ആമാശയ ടാക്സും പിരിക്കണം... പുല്ലും വൈക്കോലും കാടിയും കഴിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി ഉദര സബ്സിഡി അനുവദിക്കണം.. സബ്സിഡി വിതരണം ആധാറുമായി ബന്ധിപ്പിക്കണം.. ജനങ്ങളുടെ തീറ്റ എങ്ങനെയും കുറച്ച് വിലക്കയറ്റം തടയേണ്ടതാണ്... അല്ലെങ്കില്‍ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരും  ഉയര്‍ന്ന ഉദ്യോഗസ്ഥരും തലമുതിര്‍ന്ന രാഷ്ട്രിയനേതാക്കളും വിലക്കയറ്റം നിയന്ത്രിക്കാന്‍വേണ്ടി ഇപ്പോള്‍ നടത്തുന്ന ത്യാഗങ്ങളും, ആഡംബരങ്ങള്‍ വെടിഞ്ഞ് വെറും കഞ്ഞിയും പപ്പടവും അച്ചാറും കഴിക്കുന്നതുകൊണ്ടും ഫലം ഉണ്ടാകില്ല... നമ്മുടെ നേതാക്കള്‍ ഇങ്ങനെ കഞ്ഞിയും ചമ്മന്തിയും കഴിച്ചിട്ടും ഈ ജനമെന്തേ ഇതൊന്നും കണ്ടുപഠിക്കാതെ ബിരിയാണിക്കുവേണ്ടി നിലവിളിക്കുന്നത്...??/

4 comments:

 1. ഇന്‍ഡ്യക്കാരും ചൈനക്കാരും പെട്രോള്‍ കൂടുതല്‍ ഉപയോഗിക്കുന്നതാണ് എണ്ണപ്രശ്നത്തിന് കാരണം എന്ന് മുമ്പ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.
  തിന്നുമുടിയ്ക്കാന്‍ വേണ്ടി കുറെ ജനങ്ങള്
  കുറെയെണ്ണത്തിനെ വെടിവച്ചങ്ങ കൊന്നാലോ?!!

  ReplyDelete
 2. ഉള്ളിതീറ്റക്കാരെ തടയേണ്ടത് അത്യാവശ്യമാണ് ..പ്രത്യേകിച്ചും സരിതപോലുള്ള സവോള തിന്നുന്നവരെ

  ReplyDelete
 3. വിമല്‍January 13, 2014 at 9:34 AM

  പറഞ്ഞാല്‍ കേള്‍ക്കാത്ത ഈ ജനത്തെ പട്ടിണിക്കിട്ട്‌ കൊല്ലണം...... അല്ല പിന്നെ

  ReplyDelete
 4. how a court can reduce the price for onion? do you have any suggestion? I do not think this subject should go to court!

  price of any commodity is related to its production and consumption. the two options are:

  1. increase production. is there any one to go to filed and do some work? I guess not!
  2. decrease consumption... if you dont have money, you will force to tight your waist!

  ReplyDelete