**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, November 16, 2014

നങ്ങേലിയുടെ മാറുമുറിക്കലും ഫേസ്ബുക്കിലെ ഫോട്ടോയും.....


വിദ്യാധാരന്‍റെ വ്യാകൂലചിന്തകള്‍ 
  ഒന്നാം ചുംബനസമരം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ എന്തുസംഭവിച്ചുവെന്നു ചോദിച്ചാല്‍ മുലക്കരത്തിനെതിരെ മുലമുറിച്ച നങ്ങേലിയുടെ കാര്യത്തില്‍ ഒരു തീരുമാനമായതാണ് എടുത്തുപറയേണ്ട കാര്യം...... തങ്ങള്‍ നങ്ങേലിയുടെ പിന്മുറക്കാരാണെന്ന അവകാശ വാദവുമായി മറടക്കം സകലതും തുറന്നു കാണിക്കുന്ന ഒരു കൂട്ടര്‍ എത്തിയത് ആശ്വാസമായി... മുലച്ചിപറമ്പില്‍ നങ്ങേലിയുടെ ഒരു പ്രതിമ ഉടനെ ഉണ്ടാകുമെന്നും രക്തസാക്ഷിത്വദിനം കൊണ്ടാടുമെന്നും പ്രതീക്ഷിക്കാം.. എല്ലാവരും മറന്ന നങ്ങേലിയെ അങ്ങനെയെങ്കിലും നാലാള് അറിയട്ടെ... നങ്ങേലിയുടെ ചിതയില്‍ച്ചാടി മരിച്ച  ഭര്‍ത്താവ് കണ്ടപ്പനെ ഇനി ആരാണ് ഏറ്റെടുക്കുന്നതെന്നു കണ്ടറിയാം...

   സ്ത്രീകള്‍ മാറും മുലയും തുറന്നു കാണിക്കണമെന്ന ഫ്യൂഡല്‍ മാടമ്പി നിയമത്തിനെതിരെ മുലയറത്തു സമരം ചെയ്ത നങ്ങേലി; സ്ത്രീയുടെ സ്വകാര്യതയ്ക്കുവേണ്ടിയാണ് സമരം ചെയ്തത്... മാറ് മറച്ചാല്‍ നികുതി വേണമെന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ നാറിയ നിയമത്തിനെതിരെയാണ് നങ്ങേലി സമരം ചെയ്തത്... എന്നാല്‍ പിന്മുറക്കാരെന്നു അവകാശപ്പെടുന്ന വിപ്ലവകാരികള്‍ പറയുന്നത് നങ്ങേലി നേടിയെടുത്ത സ്ത്രീയുടെ സ്വകാര്യതയല്ല  ഇനി വേണ്ടത്;  മാറും മുലയും സകലതും തുറന്നു കാണിക്കുന്ന ബിക്കിനി സംസ്ക്കാരമാണ് നാടിനാവശ്യമെന്നതാണ്; ഇതാണ് ഏറ്റവും വലിയ വിരോധാഭാസം... നങ്ങേലിയെ നേതാവാക്കി  നങ്ങേലിക്കെതിരെ സമരം ചെയ്യുന്ന അപൂര്‍വ്വകാഴ്ചയാണിത്‌... ഇത്തരം സമരങ്ങള്‍ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച്  പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് ആരും പറയാത്തത് എന്താണാവോ... അങ്ങനെ ചെയ്തിരുന്നെങ്കില്‍ .ഒന്നാം ചുംബന സമരത്തില്‍ പങ്കെടുത്ത് തല്ലുകൊണ്ടവര്‍ക്കൊരാശ്വസമായാനെ.... ചുംബനക്കാര്‍ക്ക് പോലിസ് സംരക്ഷണം നല്‍കി... പ്രതിഷേധക്കാര്‍ സംഘംചേര്‍ന്ന്‍ സുരക്ഷിതരായി രക്ഷപെട്ടു...എന്നാല്‍ വിപ്ലവം കാണാന്‍ വന്ന നിരപരാധികള്‍ മര്‍ദനമേറ്റു വാങ്ങി.. ഇതെവിടുത്തെ നീതിയാണ്... ഇത് മാറണം...ഇത്തരം സമരങ്ങളില്‍  കാണികള്‍ക്ക് സുരക്ഷിതരായിരുന്നു പരിപാടി ആസ്വദിക്കാന്‍ ഗ്യാലറികള്‍ പണിയാനുള്ള തീരുമാനങ്ങളും ഉടനെയുണ്ടാകണം...
  സമരക്കാര്‍പ്പറയുന്നത് ശരിയാണെങ്കില്‍, രണ്ടാം ചുംബനസമരം നടക്കുന്നതോടൂകൂടി സ്ത്രീപീഡനങ്ങള്‍ കേരളത്തിന്‌ അന്യമാകും.. പകരം എല്ലാം  ഉഭയസമ്മതപ്രകാരമായിരിക്കും നടക്കുക.. മൈതാനത്തും ചന്തസ്ഥലത്തും മന്മദലീലകള്‍ ആറാടുന്നത്‌ സ്ഥിരം കാഴ്ചയാകും.... സ്ഥിരം കാഴ്ചയാകുന്നതോടെ ഒളിഞ്ഞുനോട്ടമെന്ന അളിഞ്ഞ പരിപാടിക്കും തിരശ്ശീല വീഴും... സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ബിക്കിനിയും ആണ്‍കുട്ടികള്‍ക്ക് ജട്ടിയും യൂണിഫോമായിരിക്കും... അന്ന് നമ്മുടെ മക്കള്‍ ചോറ്റുപാത്രത്തിനൊപ്പം ചെറിയൊരു പത്രത്തില്‍ ക്വണ്ടവും കൊണ്ടുപോകും... സദാചാരമെന്നത് തൂക്കിക്കൊല്ലുന്ന കുറ്റമായി പ്രഖ്യാപിക്കും... കയറൂരി നടക്കുന്ന മുട്ടന്മാര്‍ പെണ്ണാടുകളെ തിരയുന്നതുപോലെ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ആര്‍ക്കും കയറി യിറങ്ങാം; രണ്ടുകൂട്ടര്‍ക്കും സമ്മതമാണെന്നുള്ള സമ്മതപത്രം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് കയ്യില്‍ സൂക്ഷിച്ചാല്‍ മതിയെന്നത് നിയമമാക്കും... ഇതുമൂലം പ്രവാസിയായി അകലങ്ങളില്‍ ഏകനായി കഴിയുന്നവര്‍ക്ക് മനസ്സമാധാനമെന്നത് കിട്ടാക്കനിയാകും... ജരന്മാര്‍ക്ക് സുവര്‍ണ്ണകാലവും,,,, സൂക്ഷിക്കുക എതിര്‍പ്പിന്‍റെ സ്വരങ്ങള്‍ സ്ത്രീവിരോധിയുടെയും ഫാസിസ്റ്റ്കളുടെയും ശബ്ദമായി വിലയിരുത്തപ്പെടും...
  മൂന്നാം ചുംബനസമരം നടക്കുന്നതോടെ സ്ത്രീകള്‍ പൂര്‍ണ്ണമായും സ്വതന്ത്രരാക്കപ്പെടും... അതോടെ നാം സ്വപനംകണ്ട വെള്ളരിക്കാപ്പട്ടണം സാദ്ധ്യമാകും... എല്ലാവര്‍ക്കും എപ്പോഴും റോഡെന്നോ വീടെന്നോ വിത്യാസം കൂടാതെ സ്വാതന്ത്ര്യം അനുഭവിക്കാം...   അതോടുകൂടി സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ പിരിച്ചുവിടുകയും,, പുരുഷന്മാര്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുകയും ചെയ്യും... പൂവന്‍കോഴികള്‍ മുട്ടയിടുകയും പൊരുന്നുകയും ചെയ്യും, പിടക്കോഴികള്‍ രാവിലെ ലോകത്തെ കൂവിയുണര്‍ത്തും.... അന്നുമുതല്‍ സിഡ്നിഷെല്‍ഡന്‍റെ അര്‍ദ്ധരാത്രിക്കൊരു മറുവശത്തിനു പുതിയ അവതാരിക എഴുതുന്ന തിരക്കിലായിരിക്കും ബുദ്ധിജീവികള്‍ ... അല്ലപ്പാ ഇതൊക്കെയാണെങ്കിലും ആ അലിഗഡ് സര്‍വ്വകലാശാലയുടെ ലൈബ്രറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാന്നു കേള്‍ക്കുന്നു.. സ്ത്രീ വിമോചാനക്കാരെ നിങ്ങള്‍  ഇവിടെ ഉമ്മവെച്ചുകളിക്കുന്ന സമയത്ത് ലൈബ്രറി നിരോധനത്തിനെതിരെ ഒരു പ്രതിഷേധം നടത്തിയാല്‍ അതായിരിക്കും ഗുണപ്രദം.. വികാരത്തേക്കാള്‍ വിവേകവും വിവരവുമാണ് നാടിനാവശ്യം...വിവരം വന്നാല്‍ വികാരങ്ങളെ എങ്ങനെ പ്രകടിപ്പിക്കാമെന്നത് സ്വയമേവ മനസ്സിലാകും.... പുസ്തകവും വായനയും ഈ വിഷയത്തില്‍ മരുന്നായി ഉപയോഗിക്കാം...
    ദേ ഒന്നിങ്ങുവന്നേ നിങ്ങളിത് കണ്ടോ..  ഭാര്യയുടെ വിളി...............  
എന്താ,,, എന്താ പ്രശ്നം.. ഒന്നു ചിന്തിക്കാനും സമ്മതിക്കില്ലേ ..
  നിങ്ങളിവിടെ സ്വപ്നവും കണ്ടിരുന്നോ ..അതുപോലെയുള്ളവര്‍ പടമൊക്കെ ഫേസ്ബുക്കിലിട്ടു..  കണ്ടോ..
    ആരുടെ പടം..............
നമ്മുടെ പങ്കജാക്ഷന്‍റെയും  സുമതിയുടെയും വിവാഹവാര്‍ഷികത്തിന്‍റെ ഫോട്ടോകള്‍.... എന്നാ കേമമാ... ദേ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും  ഫോട്ടോയുണ്ട്... വിളിച്ചതല്ലേ പോകാഞ്ഞത്‌ നഷ്ടമായി. അതെങ്ങനാ ഇവിടോരാള്‍ക്ക് ജോലികഴിഞ്ഞിട്ടു വല്ലതിനും സമയമുണ്ടോ.. നമുക്കും ഉണ്ടായിരുന്നല്ലോ വിവാഹവാര്‍ഷികം..ഒരു സമ്മാനമെങ്കിലും വാങ്ങിത്തന്നോ....കണ്ടുപടിക്ക് പങ്കന്‍  അഞ്ചുപവന്‍റെ മാലയാ സുമതിക്ക് സമ്മാനം കൊടുത്തത് ,,സുമതി ഐ ഫോണാണ് തിരിച്ചു സമ്മാനിച്ചത്‌.. ദേ നോക്ക്;;; കേക്ക് മുറി, ബൊക്ക കൊടുക്കല്‍, ഉമ്മ കൊടുക്കല്‍, ഗാനമേള ,സദ്യ എന്തൊരു കേമം.. നിങ്ങളെന്താമനുഷ്യാ കുന്തം വിഴുങ്ങിയപോലെ ഇരിക്കണത്...നിങ്ങളെയും വിളിച്ചതല്ലേ ഒന്നു പോകാനെങ്കിലും പറ്റിയോ....
 എടീ ഇന്നലെ  ലീവ് കിട്ടതതുകൊണ്ടാല്ലേ.......  നമുക്കിന്നു പോയിക്കളയാം... പിന്നെ ആഘോഷം; നമുക്കെന്നും ആഘോഷമല്ലേ... നമ്മുടെ സ്നേഹം പ്രകടിപ്പിക്കാന്‍ മാലയും ഫോണുമൊക്കെ വേണോ .... നീ ഒരുങ്ങിക്കോ ഞാന്‍ റെഡി..
അങ്ങനെ സുമതി പങ്കന്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ അല്പം വൈകിയാണെങ്കിലും ഞങ്ങളും പുറപ്പെട്ടു ....ബസിറങ്ങി നടന്നു.. ഗെയിറ്റ് പൂട്ടിയിട്ടില്ല,, ഭാഗ്യം  വീട്ടില്‍ ആളുണ്ട് .. ഗെയിറ്റുകടന്ന് വീടിനോട് അടുക്കുംതോറും അകത്തുനിന്നും ഒച്ച കേള്‍ക്കാം 
 എടി അവിടെ ആഘോഷം കഴിഞ്ഞിട്ടില്ലാട്ടോ..ഇന്നലെ വന്നവരോന്നും പോയിട്ടില്ലാന്നു തോന്നുന്നു... വീടിനോട് അടുക്കുംതോറും ശബ്ദം തെളിഞ്ഞു വന്നു... പങ്കന്‍റെയും സുമതിയുടെയും ഒച്ചതന്നെ... കോളിംഗ് ബെല്ലില്‍ വിരല മര്‍ത്താന്‍ തുടങ്ങിയപ്പോഴേ അകത്തുനിന്നും എന്തോ നിലത്തുവീഴുന്ന ഒച്ച കേള്‍ക്കുന്നു ... പതുക്കെ ചെവിയോര്‍ത്തു...

  നിന്‍റെ അപ്പന്‍റെ വകയൊന്നുമല്ലല്ലോ ഞാന്‍ ചിലവാക്കുന്നത്..@#$*&.
  
   ദേ എന്‍റെ അപ്പന് പറഞ്ഞാലുണ്ടല്ലോ തന്‍റെ പല്ലു ഞാന്‍ അടിച്ചിടും പറഞ്ഞേക്കാം ..
  പിന്നേ നീ ഒലത്തും ..

    കണ്ട അലവലാതികളെയൊക്കെ വിളിച്ചു സദ്യകൊടുത്തപ്പോഴേ ഞാന്‍ പറഞ്ഞതാ ഇതൊന്നും വേണ്ടാന്ന്. കൈയ്യിലിനി നയാപൈസ ബാക്കിയില്ല.. വന്നവനോക്കെ തിന്നിട്ടുപോയതല്ലാതെ എന്തെങ്കിലും തന്നോ..?
   അഞ്ചു പവന്‍റെ മാലയെന്നും പറഞ്ഞു വാങ്ങിത്തന്നത് വെറും പറക്കാട്ട് ഗോള്‍ഡ്‌..നാണമില്ലല്ലോ നിങ്ങള്‍ക്ക്... ഞാന്‍തന്ന ഐ ഫോണ്‍ തിരിച്ചു തന്നേക്കണം..
  പോടീ പുല്ലേ... മാല വേണോന്നും, അതിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇടണമെന്നും നീയല്ലേ പറഞ്ഞത് .. നിന്‍റെ അപ്പനോട് പറ ഒരു അഞ്ചു പവന്‍ തരാന്‍... എനിക്കിപ്പോ ഇതേപറ്റൂ...

  എന്‍റെ അപ്പന് പറയുന്നോ ... ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം എന്തോ എവിടെയോ കൊള്ളുന്ന  ശബ്ദവും തുടര്‍ന്ന്‍ പങ്കന്‍റെ ദയനീയ നിലവിളിയും കേട്ടു... തുടര്‍ന്ന്‍ ചില്ലുഗ്ലാസ്സുകള്‍ നിലത്തുവീണുടയുന്ന ശബ്ദം..
സംഗതിയുടെപോക്ക് ഏതാണ്ട് മനസ്സിലായി... ഇനിയിപ്പോ ഇവിടെ നിന്നാല്‍ ചിലപ്പോള്‍ കൊലപാതകത്തിന് സാക്ഷിപറയേണ്ടി വരും... ഞാന്‍ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കി ..നിക്കണോ പോകണോ...
നിക്കണ്ട  നമുക്ക് പോകാം..
  വേഗം തിരിച്ചു നടന്നു..റോഡിലിറങ്ങി ആദ്യംകണ്ട ഓട്ടോയ്ക്കുതന്നെ വേഗം വീടുപിടിച്ചു..
ഉടുപ്പുമാറി ഉമ്മറത്തെകസേരയില്‍ വന്നിരുന്നു...... 
         രമണി ഒരു ഗ്ലാസ്‌ വെള്ളമിങ്ങെടുത്തോ..
 നീ കണ്ടല്ലോ മാതൃകാ കുടുംബത്തിന്‍റെ അവസ്ഥ... ഇന്നലത്തെ ആഘോഷത്തിന്‍റെ ശരിക്കുള്ള ഭാഗമാണ് ഇന്നുനമ്മള്‍ കണ്ടത്.. എന്തുതോന്നുന്നു... നടുറോഡില്‍ പരസ്യമായി കെട്ടിപ്പിടിക്കുന്നതും.. നാട്ടുകാരെ കാണിക്കാന്‍ ഫേസ്ബുക്കില്‍ ഫോട്ടോയിടുന്നതുമാണോ സ്വാതന്ത്ര്യം.. അതിലാണോ സ്നേഹമിരിക്കുന്നത്.. ഇല്ലാത്തതുപലതും ഉണ്ടെന്നു കാണിക്കാനുള്ള തത്രപ്പാടാണ് ഇമ്മാതിരി പ്രഹസനങ്ങളില്‍ കാണുന്നത്..


  ഒഴിഞ്ഞ ഗ്ലാസ് തിരികെ വാങ്ങുന്നതിനിടയില്‍ എന്‍റെ കവിളത്തൊരു ചുംബനം,,,, സമ്മാനങ്ങളും ആഘോഷങ്ങളുമൊന്നുമല്ല പ്രധാനം; നമ്മളെന്നും ഇതുപോലെ ഒന്നിച്ചുണ്ടായാല്‍ മതി.... 

   ഭാര്യയുടെ മുഖം എന്‍റെ കൈക്കുള്ളിലാക്കി, ഞാനാ കണ്ണുകളിലേക്ക് നോക്കി... എന്‍റെ മുഖം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു...അറിയാതെ ഒരു ചിരി ഉണ്ടാകുന്നു... പ്രണയത്തിന്‍റെ സ്വകാര്യലോകത്ത് ഇങ്ങനെ ചുംബനങ്ങളും ചിരികളും ഉണ്ടാകുമ്പോള്‍ കുടുംബം ധന്യമായി മുന്നോട്ടു പോകുന്നു.. പുരുഷന്‍റെ തലയില്‍ ചവിട്ടി സ്ത്രീക്ക് ഉയരാന്‍ കഴിയില്ല; സ്ത്രീയില്ലാതെ പുരുഷന് വളര്‍ച്ചയും ഇല്ല... രണ്ടുപേരും ഇമ്പമായി കൂടിയാല്‍ നല്ലൊരു കുടുംബം രൂപം പ്രാപിക്കും.... രണ്ടുപേരും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ അസ്സല്‍  നരകം  പണിയാം.. 

6 comments:

 1. നങ്ങേലിയെ ചുംബനക്കാര്‍ രൂപകൂട്ടില്‍ കയറ്റുമോ

  ReplyDelete
 2. പുസ്തകം വായിച്ചില്ലെങ്കിലും ചുംബനം നടക്കട്ടെ

  ReplyDelete
 3. വിവേകമാണ് ആവശ്യം

  ReplyDelete
 4. മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളോടും പൂർണമായി യോജിക്കാൻ കഴിയില്ല..

  ReplyDelete
 5. മാഷേ, നാളെ മ്യൂസിയം/ തീയറ്റർ/ സെക്രട്ടേറിയറ്റ് തുടങ്ങി താജ് മഹലിൽ വരെ രണ്ട് കമിതാക്കൾ ചുംബിക്കുന്നത് കണ്ടാൽ സദാചാരക്കാർ അതും തകർക്കട്ടെ എന്നാണോ? അശ്ലീലം കണ്ടാൽ നിയമപരമായി നേരിടണം. അല്ലാത്ത പക്ഷം ഇത്തരം സമരങ്ങൾ പിന്തുണ നേടുക തന്നെ ചെയ്യും. സമരം നടത്തിയതാണ് എല്ലാവർക്കും പ്രശ്നം. അതിലേക്ക് നയിച്ച സാഹചര്യങ്ങളെ എന്ത് കൊണ്ട് വിലയിരുത്തുന്നില്ല? മറുപടി അടുത്ത പോസ്റ്റ്‌ ആയി പ്രതീക്ഷിക്കുന്നു.

  ReplyDelete