**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, May 5, 2013

പൈലറ്റ്‌ ഉറങ്ങി; വിമാനം പറന്നു, ഞാന്‍ കരഞ്ഞു...


 
 പറക്കുന്ന വിമാനത്തില്‍ ഉറങ്ങി റെക്കോര്‍ഡിട്ട പൈലറ്റുമാരെ എയര്‍ ഇന്‍ഡ്യ സസ്പെന്‍ഡ്‌ ചെയ്തതായി വാര്‍ത്ത... ഇത്തരത്തിലുള്ള ബുദ്ധിമോശം സാധരണ എയര്‍ ഇന്‍ഡ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല....യാത്രക്കാരെ ആരെയെങ്കിലും കണ്ടെത്തി കുറ്റം അവരുടെമേല്‍ ചുമത്തി തടിയൂരുകയാണ് പതിവ്‌.ഇതിപ്പോ ‘പറത്തല്‍’ ആയതുകൊണ്ട് ആളെ കിട്ടിയില്ല അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു കരുതാം. സംഭവത്തില്‍ ‘ഓള്‍ ഇന്‍ഡ്യ വിമാനം പറത്തല്‍ അസോസിയേഷന്‍’ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.സ്വന്തം ജീവന്‍പോലും തൃണവല്ക്കരിച്ചുകൊണ്ടു പൈലറ്റുമാര്‍ നടത്തിയ ഈ പ്രകടനം എയര്‍ഇന്ത്യയുടെ വിശ്വാസ്യത വാനോളം ഉയര്‍ത്തിയെന്നും അസോസിയേഷന്‍ പത്രക്കുറുപ്പില്‍ അവകാശപ്പെട്ടു.

  നെടുമ്പാശ്ശേരിക്ക് ടിക്കറ്റ്‌ എടുത്തിട്ട് തിരുവനന്തപുരത്ത് ഇറക്കിവിട്ടതിനെ ചോദ്യംചെയ്തുവെന്ന രാജ്യദ്രോഹപരമായ കുറ്റംചെയ്ത കുറച്ചു പ്രവാസിമലയാളികളിപ്പോള്‍ പണിയെല്ലാം കളഞ്ഞു കോടതിവരാന്തവഴി നിരങ്ങുകയാണന്നാണ് അറിയുന്നത്.. ഇങ്ങനെ വളരെ നല്ല കസ്റ്റമര്‍ സര്‍വിസ് ചെയ്യുന്ന നമ്മുടെ എയര്‍ഇന്‍ഡ്യ; വിമാനത്തില്‍ ഉറങ്ങിയെന്ന നിസാരകാരണത്തിന് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത് ശരിയായ നടപടിയായില്ല..പകരം ആ വിമാനത്തിലെ ഏതെങ്കിലും യാത്രക്കാരനെയായിരുന്നു സസ്പെന്‍ഡ് ചെയ്യേണ്ടിയിരുന്നത്...പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ എല്ലാ കലാകായിക സ്നേഹികളും ഒറ്റകെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പൈലറ്റുമാരുടെ ധൈര്യവും, (യാത്രക്കാരുടെ ജീവന്‍ പോട്ടെ അതിനുവലിയ വിലയോന്നുമില്ല) സ്വന്തം ജീവന്‍പോലും പണയംവെച്ചുള്ള ഈ അര്‍പ്പണമനോഭാവം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തെ ധീരതയ്ക്കുള്ള മെഡലിന് ഇവരെ ശുപാര്‍ശ ചെയ്യണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം..

 എയര്‍ ബസ്‌ A320 വിമാനം 166 യാത്രക്കാരുമായി ബാങ്കോക്കില്‍നിന്നു ഡല്‍ഹിക്കു വരുന്നു..പറക്കുന്നത് 33000 അടി ഉയരത്തില്‍ ..ഈ സമയത്താണ് പൈലറ്റുമാര്‍ കോക്പിറ്റില്‍ നിന്നിറങ്ങി വിമാനത്തെ എയര്‍ഹോസ്റ്റസുമാരുടെ  കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് ബിസിനസ്സ് ക്ലാസ്സില്‍ക്കിടന്നുറങ്ങി  ധീരതകാട്ടിയത്...   വല്ല, എയര്‍പ്പോക്കറ്റിലും വീണിരുന്നുവെങ്കില്‍ എല്ലാംകൂടി ചാക്കിനകത്ത് വാരിക്കെട്ടാമായിരുന്നു.. പത്രങ്ങള്‍ക്ക് രണ്ടു ദിവസം വാര്‍ത്തയും കിട്ടും. ഒരുപക്ഷെ ലോകത്ത് ഇന്ത്യക്കാര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു പ്രകടനമാണിത്..ഇതിനെ നമ്മള്‍ കുറച്ചു കാണരുത്...നമ്മുടെ ധീരതയുടെ അടയാളമായി ഇതിനെ വാഴ്ത്തണം.. ചൈനയിലും പാക്കിസ്ഥാനിലും ഇതിന്‍റെ വീഡിയോടേപ്പുകള്‍ വിതരണം ചെയ്യണം; അവരുകണ്ടു പേടിക്കട്ടെ... വിമാനകമ്പനി പോലും പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിറയെ യാത്രക്കാരുമായി ഇങ്ങനെ ഒരു ചലഞ്ച് ഏറ്റെടുത്തിട്ടില്ലായെന്നാണു അറിയാന്‍ കഴിഞ്ഞത്.. യാത്രക്കാരുമായി പറക്കുമ്പോള്‍ പൈലറ്റ്‌ ഉറങ്ങാന്‍ പോകുക, പകരം ചായ വിതരണക്കാരനെക്കൊണ്ട് വിമാനം പറത്തിക്കുക, ലെവന്‍ അവിടെയുമി വിടെയുമൊക്കെ പിടിച്ചു ഞെക്കുക... എന്നിട്ടും വിമാനം താഴെപ്പോകാതെ പറക്കുക..വിമാനക്കമ്പനിയ്ക്ക് ഈ വാര്‍ത്ത, ഒരു പരസ്യമായി പ്രമോട്ട് ചെയ്യാവുന്നതാണ്.....

 മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ സംഭവത്തിനു വലിയ പുതുമയൊന്നുമില്ല. കാരണം, രാജ്യം ഇന്‍ഡ്യയാണ്..വിമാനക്കമ്പനി നമ്മുടെ എയര്‍ ഇന്‍ഡ്യ യുമാണ്.. അതുകൊണ്ട് ഇതിലും കൂടുതല്‍ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.. ഇനിയിപ്പോ വിമാനം എവറസ്റ്റില്‍ ഇറക്കി എന്നുകേട്ടാലും ഞെട്ടേണ്ട....പണ്ടൊരുനാള്‍ ഗള്‍ഫ്‌ യാത്രയ്ക്കിടെ പൈലറ്റും എയര്‍ഹോസ്റ്റസ്സും തമ്മില്‍ കോക്പിറ്റില്‍ വെച്ച് മുട്ടന്‍ അടി നടത്തിയെന്നും വിമാനം ഏതാണ്ട് അരമണിക്കൂറോളം ആരും നിയന്ത്രിക്കാനില്ലാതെ പറന്നുവെന്നും വാര്‍ത്തവന്നിരുന്നു..എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ..ആ പൈലറ്റിനെ ഇപ്പോള്‍ മുന്തിയ വിമാനം പറപ്പിക്കാന്‍ വിട്ടുകാണാനാണ് സാധ്യത...ഇതൊക്കെ ഇവിടെ സ്ഥിരം ഏര്‍പ്പാടാണ് പുള്ളേ...

 അമ്മയുടെ അടിയന്തരം കൂടാന്‍ വരുന്നവനും, കടിഞ്ഞൂല്‍ കണ്മണിയെ കാണാന്‍ വരുന്നവനും, കല്യാണം നടത്താനും, കഴിക്കാനും വരുന്നവരും, നാട്ടുകാരെയും വീട്ടുകാരെയും കാണാന്‍ വരുന്നവരും..ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ അല്പകാലം നാടിന്‍റെ ശുദ്ധവായു ശ്വസിക്കാന്‍ വരുന്നവരും അങ്ങനെ ഒരായിരം ആവശ്യങ്ങള്‍ക്കായി ഒന്നിച്ചുദൈവത്തെ വിളിക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് ഇങ്ങനെ സ്വയം പറന്നുവരുന്ന വിമാനങ്ങളിലുള്ളത്.. അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന പടച്ചതമ്പുരാനാണ് ഈ ശകടത്തെ താഴെവീഴാതെ ഇവിടെ ഇറക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു...

 ഓട്ടോപൈലറ്റ്‌ ബട്ടന്‍ ഞെക്കിയാല്‍ ഇവന്‍ തന്നെ പറന്നോളുമത്രേ; എന്നാലും പൈലറ്റ്‌ കോക്പിറ്റില്‍ വേണമെന്നുതന്നെയാണ് നിയമം.അത് നിയമം. നിയമം നമ്മളെ സംബന്ധിച്ചേടത്തോളം ലംഘിക്കപ്പെടാനുള്ളതാണ്, അതുകൊണ്ട് പൈലറ്റ്‌ വേണമെന്നില്ല..പകരം ആരേലും അവിടെ ഇരുന്നാല്‍ മതി..പണിപഠിക്കാനുള്ളവര്‍ക്ക് പണിപഠിക്കാം, ആശാന്മ്മാര്‍ക്ക് എന്തെങ്കിലും കൊടുത്താല്‍ മതി. നമ്മുടെ നാട്ടിലൊക്കെ ഒരുവന്‍ ഡ്രൈവറാകുന്നതു എങ്ങനെയാ..... ആദ്യം വണ്ടി കഴുകാന്‍ പോകും, പിന്നെ ടയര്‍ ഊരും, പിന്നെ സ്റ്റാര്‍ട്ടാക്കും, പിന്നെ തിരിച്ചുവയ്ക്കും പിന്നെപിന്നെ കിളിയാകും അങ്ങനെ മെല്ലെമെല്ലെ ഒരു നാള്‍ ഡ്രൈവറാകും..ആ പൈലറ്റുമാരും ആദ്യം വിമാനം തുടയ്ക്കാന്‍ കയറി, പിന്നെ അകത്തു ചായവിതരണം നടത്തി, ആശാന്ചായ കുടിക്കുമ്പോള്‍ പതുക്കെ കണ്ട്രോള്‍ കയ്യിലെടുത്ത്,,, അങ്ങനെ അങ്ങനെ ഒരുനാള്‍ തൊപ്പിവച്ചു പൈലറ്റായവരായിരിക്കും..അവര്‍ തിയറി പഠിച്ചിട്ടില്ല; പ്രാക്ടിക്കല്‍ മാത്രം പാസായവരായതിനാല്‍ പ്രാക്ടിക്കലായി ചിന്തിക്കും...അവര്‍ക്ക് മടുക്കുമ്പോള്‍  അടുത്ത ചായവിതരണക്കാര്‍; തെറ്റുധരിക്കേണ്ട എയര്‍ഹോസ്റ്റസുകള്‍  വിമാനം പറത്തും.. ഇതു കണ്ടുനിന്നവരാരോവാണിത് പ്രശ്നമാക്കിയതുപോലും; മൂപ്പര്‍ അറിയുന്നുണ്ടോ ഇത് ഈ റൂട്ടിലെ സ്ഥിരം പരിപാടിയാണെന്ന്...പിന്നെ കോക്പിറ്റില്‍ ഇരുത്തിയ ഹോസ്റ്റസ് പിള്ളേര്‍ അരുതാത്ത എവിടെയോകേറി ഞെക്കിയെന്നും വിമാനം ഓട്ടോയില്‍നിന്നു മാന്വലായെന്നും ഉറങ്ങിയ പൈലറ്റുമാര്‍ ഉണര്‍ന്നാണ് കുഴപ്പം ഒഴിവാക്കിയതെന്നും പറയുന്നു... ചുരുക്കത്തില്‍ പറഞ്ഞാല്‍ ആയുസ്സിന്‍റെ ബലംകൊണ്ടു രക്ഷപ്പെട്ടുവെന്നു കൂട്ടിയാല്‍മതി.പിന്നെ നമ്മള്‍ ഇന്ത്യക്കാര്‍ പൊതുവേ സാഹസികതല്പ്പരരായതിനാല്‍; നോ പ്രോബ്ലംസ്..

 പൈലറ്റുമാര്‍ക്ക്ക്ഷാമമുള്ള നമ്മുടെ നാട്ടില്‍ ഇതൊരു തിരിച്ചറിവായിരിക്കണം.... സംഗതിയൊന്നു പൊങ്ങിക്കിട്ടിയാല്‍പ്പിന്നെ പൈലറ്റിനെ ആവശ്യമില്ല.. ഓട്ടോയില്‍ ഇട്ടാല്‍മതി താനെ പൊയ്ക്കോളും; അതുകൊണ്ട് പൊങ്ങിയാല്‍ ഉടനെ അവരോട് പാരച്യൂട്ടില്‍ താഴേക്ക്‌ ചാടാന്‍ പറയണം. വിമാനം എയര്‍ഹോസ്റ്റസ്‌സുകള്‍ ഊഴമിട്ട് പറത്തിക്കോളും..ഇറങ്ങാന്‍, വല്ല കുളത്തിലോ പുഴയിലോ ഇറക്കിയാല്‍ മതി. ഒന്നു കുളിച്ചു കയറാമല്ലോ..അങ്ങനെ വരുമ്പോള്‍ ഒന്നോരണ്ടോ പൈലറ്റുമാര്‍ മതി കാര്യങ്ങള്‍ നടക്കാന്‍. അവരെ എയര്‍പ്പോര്‍ട്ടില്‍ത്തന്നെ ഇരുത്തിയാല്‍ മതിയാകും..സമരമോ, ജോലിസമയം കഴിഞ്ഞുവെന്നുള്ള പരാതിയോ, ഒന്നും പേടിക്കേണ്ട..പിന്നെ, ടിക്കറ്റ്‌ എടുക്കുമ്പോള്‍ കോക്പിറ്റില്‍ കയറാനുള്ള പാസ്സ് എന്ന രീതിയില്‍ ചെറിയൊരു തുക മുടക്കാന്‍ നമ്മളും തയ്യാറാണ്..കുറച്ചുനേരം നമ്മക്കും ചുമ്മാ പറത്തിക്കളിക്കാമല്ലോ..

 

10 comments:

 1. സുരാജ്May 5, 2013 at 8:25 AM

  പല വിമാനങ്ങളും താവളം മാറി ഇറങ്ങുന്നതിനു കാരണം ഈ ഉറക്കം തന്നെയാകും

  ReplyDelete
 2. മിന്നല്‍ വാസുMay 5, 2013 at 8:38 AM

  ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടിയാല്‍ ,ഹോസ്റ്റസുമാര്‍ പറപ്പിക്കും.ഇനി നാളെ കേള്‍ക്കാം എയര്‍ഹോസ്റ്റസിനെ മടിയില്‍ ഇരുത്തി പറപ്പിച്ചുവെന്നു ഈശ്വരാ എന്തെല്ലാം കേള്‍ക്കണം വയ്യ

  ReplyDelete
 3. അടിപൊളി

  ReplyDelete
 4. അബുബക്കര്‍May 5, 2013 at 12:34 PM

  ശരിക്കു പറഞ്ഞാല്‍ ഇത് നമ്മുടെ സിസ്റ്റത്തിന്റെ തകരാറാണ്.ജനാധിപത്യം എന്ന് പറഞ്ഞാല്‍ എന്തു തോന്യാസവും ചെയ്യാനുള്ള ഒരു ലൈസന്‍സ് ആയിട്ടാണ് നമ്മുടെ ഉദ്യോഗസ്ഥരും രാഷ്ട്രിയക്കാരും കരുതുന്നത്,സംഘടനാ പിന്‍ബലമുണ്ടെങ്കില്‍ ഇവിടെ എന്തുചെയ്യാം. സാധരണ ജനങ്ങള്‍ ഒരുതരം നിര്‍വികാരതയോടെ ഇതിനെ നോക്കികാണുന്നു.അങ്ങനെ വരുമ്പോള്‍ നാഥനില്ലാക്കളരിയില്‍ ആരെ പേടിക്കാന്‍ അങ്ങേയറ്റം പോയാല്‍ ഒരന്വേഷണം ഒരു സസ്പെന്‍ഷന്‍ അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല.

  ReplyDelete
 5. വണ്ടി കഴുകി കഴുകി ഡ്രൈവറാകുന്നതുപോലെ വിമാനം കഴുകി പൈലറ്റ് ആകുന്ന പരിപാടി കൊള്ളാം...ഈ വിമാനങ്ങളൊക്കെ എവിടെയാണാവോ നിര്‍ത്തിയിടുന്നത്..കഴുകാന്‍ വല്ല അവസരവും കിട്ടുമോ എന്ന് നോക്കണം..

  ReplyDelete
 6. കബീര്‍May 5, 2013 at 6:38 PM

  വ്യോമയാന വകുപ്പിന്‍റെ നിരുത്തരവാദപരമായ സമീപനങ്ങളാണ് ഇത്തരം തോന്യസങ്ങള്‍ ചെയ്യാന്‍ പൈലറ്റുമാരെ സഹായിക്കുന്നത്..

  ReplyDelete
 7. കോക് പിറ്റില്‍ അത് മാത്രമേ നടന്നുള്ളോന്നും അന്വേഷിക്കണം
  രണ്ടു പൈലറ്റും രണ്ട് ഹോസ്റ്റസും
  “ഉറങ്ങിയത്രേ”

  ReplyDelete
 8. നുനയാനെങ്ങിലും വായിക്കാൻ രസമുണ്ട്


  ReplyDelete
 9. വല്ലപ്പോഴെങ്കിലും പത്രം വായിക്കുകയോ,ടീ വീ ന്യൂസ്‌ കേൾക്കുകയോ ചെയ്താൽ മാത്രമേ ഇത് നുണ അല്ല നടന്ന സംഭവം ആണെന്ന് അറിയാൻ പറ്റുകയുള്ളു.

  ReplyDelete