**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, August 5, 2013

ബ്ലോഗ്ഗര്‍മാരുടെ ഫോണുകള്‍ ചോരുന്നു..പ്രമുഖര്‍ നിരീക്ഷണത്തില്‍....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ഫോണ്‍ ചോരുന്നുണ്ടെങ്കില്‍ വാറന്റി കാര്‍ഡുമായി കമ്പനിയിലാണ് പോകേണ്ടതെന്ന് അധികൃതര്‍... പ്രമുഖബ്ലോഗര്‍ എന്നവകാശപ്പെടുന്ന പ്ലാമുട്ടില്‍ വിദ്യാധരന് ഭേദ്യം ചെയ്യലില്‍ മൂത്രതടസ്സം..ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് അധികൃതര്‍...ടിയാന് മൂത്രത്തില്‍ കല്ലിന്‍റെ അസുഖം നേരത്തെ ഉണ്ടെന്നും അധികൃതര്‍.....ഇതിനെക്കുറിച്ച്‌വിദ്യാധരന്‍റെ ഡയറിക്കുറിപ്പുകള്‍.

   രാവിലെ എഴുന്നേറ്റതാണ്; ക്ലാസുപരീക്ഷയുടെ ഉത്തരക്കടലാസ് ഇന്നുകൊടുക്കണം ഇപ്പോഴാണ് നോക്കിക്കഴിഞ്ഞത്. പ്രത്യേകം തല്ലുകൊടുക്കേണ്ടവര്‍, ബഞ്ചില്‍ കയറ്റെണ്ടവര്‍, അച്ഛനെ വിളിപ്പിക്കേണ്ടവര്‍ എന്നിങ്ങനെ ഇനം തിരിച്ചുവയ്ക്കുന്ന പണിയിലാണിപ്പോള്‍ .. ചുക്കും,ശര്‍ക്കരയും, വെള്ളവും, കാപ്പിപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ ചുക്കുകാപ്പി ഓരോ കവിളായി മോന്തുമ്പോഴുള്ള സുഖവും ഇതിനിടയില്‍ ആസ്വദിക്കുന്നുണ്ട്... തൊണ്ണ നല്ല പതമായി വരുന്നു. ഇനിയൊരു മൂളിപ്പാട്ട് പാടിയാലെന്താ എന്നൊരു ആലോചനയും മനസിലുണ്ടായി..പ്രാദേശിക വാര്‍ത്ത ആകാശവാണിയില്‍ കത്തിക്കയറുന്നു..ഇതിനിടയില്‍ പതിവില്ലാതെ ഏതോവണ്ടി മുറ്റത്തുവന്നുനില്‍ക്കുന്ന ഒച്ചകേട്ടു വാതില്‍പ്പാളി തുറന്നുനോക്കി... ഹമ്മേ പോലിസ്....... വണ്ടിയില്‍നിന്നിറങ്ങിയവരേല്ലാം വീടിനുചുറ്റും ഓടുന്നു. വാതില്‍പ്പാളി തുറന്നപോലെ അടച്ചു. ഈശ്വരാ എന്താപോലും കാര്യം... വന്നുവന്നിപ്പോ വീട്ടിലും കിടക്കപ്പൊറുതി ഇല്ലാണ്ടായോ...രമണിയും മക്കളും എണിറ്റു വരുന്നതേയുള്ളൂ; എന്താ ഇപ്പൊ ചെയ്യുകാ...വാതിലില്‍  മുട്ട് തുടങ്ങിയിരിക്കുന്നു..

 വാതില്‍ തുറക്കുക,,, രക്ഷപെടാന്‍ ശ്രമിക്കരുത്,, ഞങ്ങള്‍ വീടു വളഞ്ഞിരിക്കുകയാണ്,,,, ഓടാന്‍ ശ്രമിച്ചാല്‍ വെടിവെയ്ക്കുന്നതായിരിക്കും...

ഓടാന്‍ പോയിട്ട് നേരെ നില്ക്കാന്‍പോലും പറ്റുന്നില്ല,, നിങ്ങള്‍ രാവിലെ സുരേഷ്ഗോപിയുടെ സിനിമയാണോ കാണുന്നത്..ആക്ഷന്‍ ഡയലോഗാണല്ലോ കേള്‍ക്കുന്നത്, വെടിവെയ്ക്കുമെന്നൊക്കെ പറയുന്നത് കേട്ടല്ലോ..ഏതാ പടമെന്ന  ചോദ്യവുമായാണ് രമണി എണിറ്റുവന്നത്

 എടി ഇതു സിനിമയല്ല. ഒര്‍ജിനല്‍ പോലീസാ..

 പോലീസോ,,, എന്താകാര്യം..നിങ്ങള് വല്ല മോഷണവും നടത്തിയോ മനുഷ്യാ..

 ദൈവമാണേ,, നീയാണേ,, നമ്മുടെ മക്കളാണേ എനിക്കൊന്നും അറിയില്ല..

 വാ, എന്തായാലും വാതില് തുറക്കാം... സര്‍വ്വ പരദൈവങ്ങളെയും മാറി മാറി വിളിച്ചുകൊണ്ട് വാതില്‍തുറന്നു.

 മുന്നില്‍ എസ്.ഐ പിന്നില്‍ ചെറിയൊരു സൈന്യവും. തോക്ക് ലാത്തി എല്ലാമുണ്ട്...

  എന്താ സാറേ ഈ നേരത്ത്..

    താനാണോ ഈ വിദ്യാധരന്‍

     അല്ല,,, അതേ,,,, ഉവ്വ് ..

      എന്തോന്നു കുവ്വ്, തനിക്കെന്താ പരിപാടി...

       മാഷാ,, സ്കൂളില്‍,,, സരസ്വതി വിലാസം...

        ഹോ..ഹോ, താന്‍ അതിനിടയില്‍ ക്വട്ടേഷന്‍ പണിയും തുടങ്ങിയോ..

ക്വട്ടേഷനോ, ഞാനോ, ഹേയ്,,, ഇല്ല ഇല്ല...

 സത്യം പറയടോ, താന്‍ ആരെയാ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്...

  കൊല്ലാനോ... എന്താ സാറെ പറയുന്നത്

ഇങ്ങോട്ട് ഇറക്കെടാ അവനെ ..ജീപ്പില്‍നിന്നു ഒരാളെ പിടിച്ചിറക്കി. നമ്മുടെ കേശവന്‍ വവ്വാല് കിടക്കുന്നതുപോലെ രണ്ടു പോലീസുകാരുടെ തോളില്‍ തൂങ്ങിക്കിടക്കുന്നു..

ഇയാളെ തനിക്ക് അറിയാമോ.......

  അറിയാം കേശവന്‍; ഇവിടെ പണിക്ക് വരുന്നതാ.................

അപ്പൊ അറിയാമല്ലേ.... എന്നിട്ടാ ഒളിച്ചുകളി എല്ലാം തുറന്നുപറഞ്ഞോ; ഇല്ലെങ്കില്‍,,,, എസ്.ഐ കോളറില്‍ ഒരുപിടുത്തം..ആരെയാടാ,,, തട്ടാന്‍ പ്ലാന്‍ ചെയ്തത്; മര്യാദയ്ക്ക് പറഞ്ഞാല്‍ തടികേടാകാതെ നോക്കാം, അല്ലെങ്കില്‍ വെടക്കാകുമേ...

 എന്താ സാറേ ഇതൊക്കെ,എനിക്കൊന്നും മനസിലാവുന്നില്ല. ഞാന്‍ ആരെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തിട്ടില്ല ...

മനസിലാക്കിത്തരാം കോണ്‍സ്റ്റബില്‍; അതൊന്നു ഇട്ടു കേള്‍പ്പിക്ക്..അവര് കൈയ്യില്‍ കൊണ്ടുവന്ന ടേപ്പ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു....

   ----------******  മാഷല്ലേ അതേ......

                 ഇതു ഞാനാ കേശവന്‍ ..

അപ്പൊ കേശവാ,  പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ അല്ലേ ... നാളെ വീട്ടിലാരും കാണില്ല. അനന്തരവളുടെ കല്യാണത്തിന് പോകുവാ.. ഇതാണ് പറ്റിയ സമയം. ആരും സംശയിക്കില്ല ...അങ്ങു തട്ടിക്കളഞ്ഞേരെ...ജീവനോടെ വിടേണ്ട...

  ശരി മാഷേ.................

 പിന്നെ കേശവാ,,, അവനെ മനസിലായില്ലേ..? കഴിഞ്ഞദിവസം അങ്ങാടിയില്‍വെച്ച് കാണിച്ചുതന്നില്ലേ...അതുതന്നെ ആള്.. ഇടതുകണ്ണിനു താഴെ വെള്ളപ്പാണ്ട് അതാണ്‌ അടയാളം മറക്കേണ്ട.. നമ്മുടെ ആ ഇടവഴിയിലൂടെയാ സ്ഥിരംവരവ്.. അവിടെ കാത്തുനിന്നാല്‍മതി. ആ വഴിയാകുമ്പോള്‍ ആള്‍ക്കാരും കുറവാ...തിരിച്ചു ആക്രമണം ഉണ്ടാകാതെ നോക്കിക്കോളണം.

 അതു ഞാന്‍ നോക്കിക്കോളാം മാഷേ ...കാലൊടിച്ചാല്‍ മതിയോ ..

പോരാ തട്ടിയേര് ..ഇനിയവനെ ജീവിക്കാന്‍ അനുവദിക്കേണ്ട..അതുപിന്നെ നമുക്ക് കുരിശാകും..ബോഡി അവിടെ മഴവെള്ളം സംഭരിക്കാന്‍ എടുത്ത കുഴിയുണ്ട്, അതിലിട്ട് മൂടിക്കോ..ഒരു കുഞ്ഞും അറിയില്ല..

കുറച്ചു പണിയാ,, മാഷേ, നന്നായി ശ്രദ്ധിക്കണം..ആരേലും കണ്ടാല്‍..

താന്‍ പേടിക്കേണ്ട കേശവാ ഞാനില്ലേ..പൈസയുടെ കാര്യമോര്‍ത്തു വിഷമിക്കേണ്ട. ഞാന്‍ വൈകുന്നേരത്തോടെ ഇങ്ങെത്തും..താന്‍ കവലയില്‍ നിന്നാല്‍ മതി..താനിത് ആരും അറിയാതെ നോക്കിക്കോളണം അറിഞ്ഞാല്‍ പിന്നെ കേസായി നഷ്ടപരിഹാരമായി ആകെ പൊല്ലാപ്പാകും..

മാഷ്‌ ധൈര്യമായിട്ടു പൊയ്ക്കോ. ഇരുചെവി അറിയാതെ അവന്‍റെ ശല്യം ഇന്നത്തോടെ ഞാന്‍ തീര്‍ത്തോളാം..

  അപ്പൊ എല്ലാം പറഞ്ഞപോലെ ശരി..-------*********

        ആരുടെ ഒച്ചയടോ ഇതു.....

 എന്റെം കേശവന്റെയും

 സമ്മതിച്ചല്ലോ...ഹും നിയൊക്കെ എന്താ വിചാരിച്ചത്, പോലിസ് വെറും ഊളകളാണെന്നോ...സ്ഥലത്തെ കുറേ ലെവന്മാരുടെ ഫോണ്‍ ചോര്‍ത്തുന്നതിനിടയിലാണ് തന്‍റെ സംഭാക്ഷണങ്ങള്‍ കേള്‍ക്കാന്‍ പറ്റിയത്.. അപ്പോഴേ ഞങ്ങളത് ചോര്‍ത്തി...പറയടാ....എവിടെയാണ്  ബോഡി കുഴിച്ചിട്ടിരിക്കുന്നത്...പത്രക്കാരും ടീവിക്കാരും എല്ലാം ഇപ്പോഴെത്തും..വേഗം പറഞ്ഞോ..

എന്‍റെ സാറെ നിങ്ങളൊന്നു കേള്‍ക്കു,, ഞങ്ങള്‍ ആരേയും കൊന്നിട്ടില്ല..

പിന്നെ ഈ കേട്ടതോ..

ഹാ,,, നിങ്ങള്‍ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു...

പിള്ളേര്‍ക്ക് കോഴിമുട്ടതിന്നാന്‍ കൊതിയായതുകൊണ്ടാണ് ആയിരംരൂപ മുടക്കി ബ്ലോക്കാഫിസില്‍ നിന്നു അഞ്ചുകോഴികളെ വാങ്ങിയത്..അതിനു കൂടും തീറ്റയുമായി ഒരു രണ്ടായിരം വേറെയും പോയി.. കൊണ്ടുവന്നു രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചുകോഴി എന്നത് വെറും രണ്ടായി മാറി.. നോക്കിയിരുന്നുനോക്കിയിരുന്ന് ഒടുവില്‍ ആളെപ്പിടിച്ചു..ആ ഭാസ്ക്കരന്‍റെ കില്ലപ്പട്ടിയാണ് കോഴികളെ പിടിക്കുന്നത്‌.. ഒന്നുരണ്ടു പ്രാവശ്യം എറിഞ്ഞും ഓടിച്ചും നോക്കി, പിന്നെപിന്നെ  പട്ടി ഇങ്ങോട്ട് പേടിപ്പിക്കാന്‍ തുടങ്ങി.. ഭാസ്ക്കരനോട് പറഞ്ഞപ്പോള്‍ പട്ടിയായാല്‍ ചിലപ്പോള്‍ കോഴിയെ പിടിക്കും; എന്നാണ് പറഞ്ഞത്. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് അതിനെ തട്ടാന്‍ അഞ്ഞൂറുരൂപയ്ക്ക് കേശവനുകരാര്‍ കൊടുത്തത്..ആരെങ്കിലും അറിഞ്ഞുപറഞ്ഞ് ഭാസ്ക്കരന്‍ ബഹളം വയ്ക്കണ്ടല്ലോയെന്നു കരുതിയാണ് രഹസ്യമായി തട്ടാന്‍ പറഞ്ഞത്. അല്ലാതെ വേറൊന്നുമല്ല കാര്യം..സാറു വാ കോഴിയും കോഴിക്കൂടും എല്ലാം കാണിച്ചുതരാം.. പട്ടിപിടിച്ച കോഴിയുടെ പപ്പും ചിറകും എല്ലാം ദേ,, പറമ്പില്‍ കിടപ്പുണ്ട്. അതും കാണിച്ചുതരാം.. അപ്പൊ നീയിതൊന്നും സാറുമ്മരോട് പറഞ്ഞില്ലേ കേശവാ...

അതിനു ഇടികഴിഞ്ഞു എന്തെങ്കിലും പറയാന്‍ നേരം കിട്ടിയിട്ടുവേണ്ടേ  മാഷേ.. ഒടുവില്‍ ഞാന്‍ പറഞ്ഞു, എല്ലാം മാഷ്‌ പറഞ്ഞിട്ട് ചെയ്തതാണെന്ന്..

ഹോ ഇതു വലിയ കഷ്ടമായിപ്പോയി സാറുമ്മാരെ...

മാഷിങ്ങു വന്നേ; ഇതു മേളില്‍ നിന്നുള്ള ഓര്‍ഡറാ...താനി വിവരം പുറത്താരോടും പറയേണ്ട അണ്ടര്‍സ്റ്റാന്റ്....

പോലിസ് വന്നപോലെ തിരിച്ചുപോയി..കേശവനെ അവര്‍ വീട്ടുമുറ്റത്ത്‌ ഉപേക്ഷിച്ചു..എണ്ണയും കുഴമ്പും വാങ്ങാനും വീട്ടു ചിലവിനുമായി രൂപ രണ്ടായിരം കേശവനു കൊടുത്തു...ഇതിപ്പോ ചോര്‍ത്തി ചോര്‍ത്തി എവിടെ ച്ചെന്നു നില്‍ക്കും ഭഗവാനേ..

നിയമവിധേയമായ ചോര്‍ത്തലാണു നടത്തുന്നതെന്ന് മന്ത്രി..ചോര്‍ത്തുന്നില്ല എന്നദേഹം പറഞ്ഞിട്ടില്ല..തെളിയിക്കാനാണ് അദേഹം പറയുന്നത്... എല്ലാവരുടെയും പരക്കെ  ചോര്‍ത്തുകയാണെന്നു ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും...ചോര്‍ത്തിക്കോ ചോര്‍ത്തിക്കോ ആവശ്യംപോലെ ചോര്‍ത്തിക്കോ വെറുതെയിരിക്കുന്നവന്‍റെ മുതുകത്ത് കുതിരകേറാതിരുന്നാല്‍ മതി..മൊബൈല്‍ കാമുകന്മ്മാരും കാമുകിമാരും ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും..നാളെ രാത്രി പത്തുമണി, മതിലിനരികെ, സിനിമാതിയേറ്റര്‍, സ്ഥിരംസ്ഥലം എന്നൊക്കെയുള്ള പതിവ് കോഡുകള്‍, ചോര്‍ത്തലുകാര്‍ തെറ്റുധരിക്കാന്‍ സാധ്യതയുണ്ട്..മധുര സ്വപ്നങ്ങള്‍ കണ്ടു എണിക്കുമ്പോളെയ്ക്കും പോലിസ് മുറ്റത്തെത്തും... അതുകൊണ്ട് ജാഗ്രതെ..

 വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറുന്നത്തിനു ചില നിയന്ത്രണങ്ങളൊക്കെ പറയുന്നുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംശയങ്ങളില്‍ മുന്‍കരുതലെന്ന നിലയ്ക്ക് ചോര്‍ത്തല്‍ ആവാം..പക്ഷെ ഈ ആനുകൂല്യത്തിന്‍റെ മറവില്‍, കേവലം വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കാനും, രാഷ്ട്രിയമായ ലാഭങ്ങള്‍ക്കും വേണ്ടി അധികാര ദുര്‍വിനയോഗം നടത്താനും ശ്രമിക്കുന്നതിന് ഇന്നല്ലെങ്കില്‍ നാളെ സമാധാനം പറയേണ്ടി വരും.. വാട്ടര്‍ഗെറ്റ് സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് രാജിവെച്ചതുപോലെ, രാജിയൊന്നും ഇവിടാരും പ്രതിക്ഷിക്കുന്നില്ല..എങ്കിലും ഇത്തരം ചോര്‍ത്തല്‍ കാര്യങ്ങളില്‍ ഭരണകര്‍ത്താക്കള്‍ കുറച്ചുകൂടി മാന്യതകാണിക്കുന്നത് നല്ലതാണ്..

16 comments:

  1. കേരളത്തിന്‌ വെളിയില്‍ ചോര്‍ത്തുന്നുണ്ടോ.....
    മനസ്സമാധാനായിട്ടു പഞ്ചാരയടിക്കാനും വിടില്ലേ...

    ReplyDelete
  2. ഒളിഞ്ഞുകേള്‍ക്കുന്നതൊരു സുഖമുള്ള ഏര്‍പ്പാടാണ്.

    ReplyDelete
  3. ചോര്‍ത്തലിന് പറ്റിയ സാധനം ഈലക്കം മാസികയിലുണ്ട്.ഒന്ന് നോക്കൂ.
    http://malayalamelectronics.blogspot.in/
    മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് മോഷണ വാഹനം കണ്ടെത്താം,
    വാഹന മോഷണം തടയാം,മോഷ്ടിക്കപ്പെട്ട വാഹനം നിറുത്താം,
    മറ്റുള്ളവര്‍ അറിയാതെ അവരുടെ സംഭാഷണം ശ്രവിക്കാം..
    ഇങ്ങനെ നിങ്ങള്‍ അറിയുവാനഗ്രഹിക്കുന്നതും,അറിയാവുന്നവര്‍ രഹസ്യമാക്കി വയ്ക്കുന്നതുമായ സാങ്കേതിക രഹസ്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന മലയാളം സാങ്കേതിക മാസിക ഓണ്‍ ലൈനില്‍ ലഭ്യമാണ്.ഈ ആഴ്ചയിലെ രഹസ്യം പഠിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഈ സൈറ്റ്
    സന്ദര്‍ശിക്കണം

    ReplyDelete
  4. മാഷ് പറഞ്ഞത് സത്യമാണ് ക്യാമറയും ചോര്‍ത്തലുമോക്കെയായി ഒന്നു വെളിക്കിരിക്കാന്‍ പോലും വയ്യാത്ത കാലം ശിവ ശിവ.

    ReplyDelete
    Replies
    1. ഒരു ജാമര്‍ കയ്യിലെടുത്തോ ബിനു

      Delete
  5. എന്റെ ശിവനെ....കത്തിലേക്ക് മടങ്ങി പോകാം.

    ReplyDelete
    Replies
    1. ശരിയാണ് കത്തും മേഘസന്ദേശവുമൊക്കെ ആരംഭിക്കെണ്ടിവരും

      Delete
  6. പോലീസ്‌ ഏമാന്റെ പൊണ്ടാട്ടിയുടെ ഫോണും ചോർത്തും. എന്തായാലും കാളകള്‌ വണ്ടി വലിക്കണം... അപ്പൊ ഈ ഭാരം കൂടി.

    ReplyDelete
    Replies
    1. അങ്ങു വലിക്കാം ..എന്നല്ലേ

      Delete
  7. വിഷ്ണുAugust 6, 2013 at 1:00 PM

    കലികാലം..ഇനിയിപ്പോ മനസമാധാനമായിട്ട് ഒന്നു വിളിക്കാനും കഴിയില്ല.മേഘ സന്ദേശം അയക്കേണ്ടി വരുമോ

    ReplyDelete
    Replies
    1. അതിന്‍റെ സാദ്ധ്യത കാണുന്നുണ്ട് ഭായ്

      Delete
  8. പട്ടീടെ ജീവനൊന്നും ഒരു വിലയുമില്ല.മേനക ഗാന്ധി കേള്‍ക്കണ്ട!മാഷുടെ കുറിപ്പുകള്‍ വായിക്കാന്‍ ഒരു സുഖം ഒക്കെയുണ്ട്.

    ReplyDelete