**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, October 4, 2013

വള്ളം തുഴയാന്‍ ചിയര്‍ഗേള്‍സ്‌;വെള്ളമിറക്കി നാട്ടുകാര്‍....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
പരിപ്പുവടയും കട്ടന്‍ചായയും മാത്രം വിളമ്പിയിരുന്ന തട്ടുകടയില്‍, ഊണ് തയ്യാര്‍ എന്നൊരു ബോര്‍ഡ് തൂക്കിയാല്‍; അതുപാടില്ലായെന്നു ചിന്തിക്കുന്നത് തനിക്കുചുറ്റും താനല്ലാതെ മറ്റൊന്നും വളരാന്‍ പാടില്ല എന്ന മുതലാളിത്വ ചിന്തയുടെ പൊട്ടിയൊലിക്കല്‍ മാത്രമാണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ല.. പക്ഷെ, മാറാത്തത് ഒന്നേയുള്ളു അതാണ് മാറ്റം. ബാക്കിയെല്ലാം മാറുമെന്ന് പണ്ടാരോ പറഞ്ഞിട്ടുമുണ്ട്.. ആ ലൈനില്‍ക്കൂടി   അല്പം പുരോഗമനമാകാമെന്നു പറഞ്ഞാലും സമ്മതിക്കില്ല... നമുക്കിപ്പോഴും പഴയ പരിപ്പുവട കട്ടന്‍ചായ ലൈനില്‍ത്തന്നെ പോകണമെന്നാണ് ചിലരുടെ വാദം.. ദോഷദൃക്കുകള്‍ക്ക് പറയാന്‍ ഒരു കാരണം കൂടിയായി.. കമ്പ്യൂട്ടറിനെ എതിര്‍ത്തു, ട്രാക്റ്ററിനെ എതിര്‍ത്തു തുടങ്ങി വികസനവിരോധികളെന്ന പേരുദോഷങ്ങള്‍ മാറി വരുന്നതേയുള്ളൂ.. എന്നാലിനി അക്കാര്യത്തില്‍ ഒരു മുഴം  നീട്ടി എറിഞ്ഞേക്കാമെന്ന് ചില ശുദ്ധദേഹങ്ങള്‍ കരുതിയപ്പോഴാണ് പുതിയ ചിയര്‍ഗേള്‍സ് വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത് ...

  ആയിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ക്കയറി ചിയര്‍ഗേള്‍സിന്‍റെ പ്രകടനം നേരിട്ടുകാണാന്‍ പാങ്ങില്ലാത്ത കേരളത്തിലെ അര്‍ദ്ധപട്ടിണിക്കാരായ സാധാരണജനത്തിന്‍റെ ആഗ്രഹം സഫലമായിക്കോട്ടേയെന്ന ഒറ്റവിചാരത്തിന്‍റെ പുറത്താണ് വള്ളംകളിമത്സരത്തില്‍  ചിയര്‍ഗേള്‍സിനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്... വള്ളംകളിയുണ്ട്, പുലികളിയുണ്ട്, വടംവലിയുണ്ട് എന്നൊക്കെപ്പറഞ്ഞാല്‍ ആളുകൂടണ കാലമൊക്കെകഴിഞ്ഞു...കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന കുറച്ചുപേര്‍ വന്നാലായി.... ന്യൂ-ജനറേഷന്‍ വല്ല ആന്‍ഗ്രിബേര്‍ഡ്സും കളിച്ചു വീട്ടിലിരിക്കത്തേയുള്ളൂ...എല്ലാത്തിനെയും വീട്ടില്‍നിന്നും ഇറക്കണമെങ്കില്‍ പുതുമയുള്ള നമ്പറുതന്നെ ഇറക്കണം... അങ്ങനെയാണ് ഒരു സ്പോണ്‍സറിനെയുമൊപ്പിച്ചു കുറച്ചു ചിയര്‍ ഗേള്‍സിനെ ഇറക്കാമെന്ന് വെച്ചത്... കവലയിലും മതിലിലുമൊക്കെ ചിയര്‍ ഗേള്‍സിന്‍റെ പടമൊട്ടിച്ചു; കൂട്ടത്തില്‍ പരിപാടിയുടെ വാര്‍ത്തയും കൊടുത്തു.. സംഗതി ക്ലിക്ക്. തൂറ്റുപിടിച്ചു വീട്ടില്‍ക്കിടന്നവനും പാമ്പറുകെട്ടി സ്ഥലത്തു ഹാജര്‍... അടുത്ത ഇലക്ഷന് ജാഥനടത്താനും, മുദ്രാവാക്യം വിളിക്കാനും അണികളില്ലാതെ നട്ടംത്തിരിയുന്ന എല്ലാ പാര്‍ട്ടികളും, സ്ഥാനാര്‍ഥികളും പ്രചാരണത്തിന് ചിയര്‍ഗേള്‍സിനെ ഇറക്കിയാല്‍ ആളുകൂടുമെന്നു ഉറപ്പായി... നാട്ടില്‍ പണിയൊന്നുമില്ലാതെ ചൊറികുത്തി വീട്ടിലിരിക്കുന്ന മങ്കമാര്‍ക്ക് ഒരു ഇടക്കാലവരുമാനമെന്ന രീതിയില്‍, ‘തൊഴില്‍ ഉഴപ്പ്’ കഴിഞ്ഞാല്‍ അടുത്ത പണിയായി ചിയര്‍ഗേള്‍സ്‌ പരിപാടിയും സമീപഭാവിയില്‍ വരുമെന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്... പ്രത്യേകിച്ചു മുതല്‍ മുടക്കൊന്നുമില്ല.... ഏതെങ്കിലും ടപ്പാന്‍ കൂത്തിനനുസരിച്ചു കൈയ്യുംകാലും ഇളക്കുക... നമ്മുടെ പഴയ കുടം തുള്ളലിന്‍റെ വേറൊരു പതിപ്പ്... പുരുഷന്മാര്‍ക്ക് ഈ ഫീല്‍ഡില്‍ നിലവില്‍ സ്കോപ്പില്ല...വരുംകാലങ്ങളില്‍ പറയാന്‍ കഴിയില്ല..

 കേരളത്തില്‍ ചിയര്‍ഗേള്‍സിനെകൊണ്ട് റോഡ്‌ ഷോ നടത്തി ചരിത്രത്തിലിടം പിടിച്ചതു പറവൂരുകാരാണ്.... ചിയര്‍ ഗേള്‍സിനെ കാണാനുള്ള  അസുലഭാഗ്യം സിദ്ധിച്ച നാട്ടുകാര്‍ സന്തോഷാധിക്യത്താല്‍ ആനന്ദനൃത്തും ചവുട്ടിയെന്നും പരിസരപ്രദേശങ്ങളില്‍ ദേവലോകത്തുനിന്നും കനത്തതോതില്‍ പുഷ്പവൃഷ്ടിയുണ്ടായിയെന്നുമാണ് വിവരം.. പക്ഷെ, കളികണ്ട കുഞ്ഞുപിള്ളേര്‍ പറഞ്ഞത് മറ്റൊന്നാണ്; ഐ പി എല്‍ ക്രിക്കറ്റിലെവെച്ചു നോക്കുമ്പോള്‍ ഈ ചിയര്‍ഗേള്‍സ്‌ അത്ര പോരയെന്നാണ് അവരുടെ മതം... വളരെ ഓപ്പണായിട്ട് കൈയ്യുംകാലുംവീശി, പല സ്ഥലത്തെയും രോമങ്ങളുടെ എണ്ണംവരെ എടുക്കാവുന്ന രീതിയില്‍ കാണികള്‍ക്ക് ചാര്‍ജുകേറ്റുന്ന ആ ചിയര്‍ഗേള്‍സിനെവെച്ചു നോക്കുമ്പോള്‍,  പഴയ കൊട്ടാരംനര്‍ത്തകിമാരുടെ വേഷത്തില്‍ വന്ന ഈ ചിയര്‍ഗേള്‍സും തമ്മില്‍ ആട്ടുംകാട്ടവും കൂര്‍ക്കക്കിഴങ്ങും പോലുള്ള വിത്യാസമുണ്ടെന്നാണ് ക്രിക്കറ്റുകളി കാണുന്ന ശൈശവങ്ങളുടെ വിലയിരുത്തല്‍ .. ഇതിലും നല്ല ചിയര്‍ഗേള്‍സ്‌ ഇവിടുത്തെ കവലകളില്‍ വെച്ചിരിക്കുന്ന സോപ്പിന്‍റെ പരസ്യബോര്‍ഡില്‍പ്പോലും കാണാമെന്നു പറഞ്ഞാണ് ചിലര്‍ രോഷംതീര്‍ത്തത് ..

 നമ്മുടെനാട്ടില്‍ ഐ പി എല്‍ ക്രിക്കറ്റുകളി കാണുന്ന കൊച്ചുപിച്ചടക്കം  എല്ലാമാന്യദേഹങ്ങളും ചിയര്‍ഗേള്‍സിന്‍റെ ആട്ടം, നല്ല വെടിപ്പായി കാണുന്നുണ്ട്... അതുകണ്ടകാരണം  അയ്യേ വിളിച്ച് ആരും ടീവി ഓഫ് ചെയ്തതായി ഇന്നേവരെ കേട്ടിട്ടില്ല... മാത്രമല്ല പലരും കളികാണുന്നത് തന്നെ അല്പവസ്ത്രധാരികളുടെ ആട്ടം കാണാനാണ്... തൊലിപ്പുറത്തെ സൌന്ദര്യം കൂട്ടുന്ന ലോഷന്‍, ക്രീം, സോപ്പ് പരസ്യങ്ങളില്‍ നമ്മുടെ താരസുന്ദരിമാര്‍ വെളിപ്പെടുത്തുന്ന  മൃദുലമേനിയുടെ വടിവുകള്‍ സകുടുംബമിരുന്നു ആഘോഷിക്കുമ്പോള്‍, പറവൂരിലെ വള്ളംകളിക്ക് കൊഴുപ്പുകൂട്ടാന്‍ കൊണ്ടുവന്ന ചിയര്‍ഗേള്‍സ്‌ വെറും പുവര്‍ഗേള്‍സ്‌ ആണെന്നതില്‍ തര്‍ക്കമില്ല... സഭ്യേതരമായ ഒരു ആട്ടവും അവിടെ കണ്ടില്ല .. ആളെകൂട്ടാന്‍ ചിയര്‍ഗേള്‍സ്‌ എന്നൊരു ബോര്‍ഡ് തൂക്കിയെന്നുമാത്രം... ഈ ചിയറിനെ കണ്ടപ്പോള്‍ വള്ളംകളി കാണാനെത്തിയ  ചില പിടിയാനകള്‍ ഇടഞ്ഞുവെന്നാണ് ഇപ്പോള്‍ക്കിട്ടുന്ന വിവരം.. ഇടച്ചില് കാരണം ചിലര്‍ക്ക് ബോധക്ഷയം സംഭവിച്ചുവെന്നും, ചിലര്‍ വേദിയില്‍ പരാക്രമം കാണിച്ചുവെന്നും പറയുന്നു.. നല്ല വെടിപ്പായ മേല്‍ത്തരം ആട്ടത്തിലൊന്നും കാണാത്തരോഷം ഈ പുവര്‍ഗേള്‍സ്‌ ആട്ടത്തില്‍ ചിലര്‍ നടത്തുന്നത് കണ്ടപ്പോള്‍ പറഞ്ഞുവെന്നുമാത്രം . ഈ ചിയര്‍ഗേള്‍സ്‌ ഒരു തുടക്കം മാത്രമാണ്.. ഇന്ന് വള്ളംകളിമത്സരത്തില്‍ , നാളെ കല്യാണം, അടിയന്തരം തുടങ്ങി എല്ലാ പരിപാടികള്‍ക്കും പനിനീരുതളിക്കാന്‍ ചിയര്‍ഗേള്‍സ്‌ ഉണ്ടാകുമെന്ന് ഉറപ്പാണ്.... കാശിനുവേണ്ടി ഇതൊരു തൊഴിലായി വളരുമ്പോള്‍, നാളെ ഇവര്‍ക്ക് യൂണിയനും കൊടികളുമൊക്കെ ഉണ്ടാകും; അന്നു അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നില്‍നിന്നു മുദ്രാവാക്യം വിളിക്കാന്‍ സാദ്ധ്യതയുള്ളവര്‍ ഇന്ന് പിന്നില്‍നിന്നു വെറുതെ പ്രതിക്ഷേധിച്ച് മരിക്കുന്നത് കാണുമ്പൊള്‍ കൌതുകം തോന്നുന്നു.... മുന്‍കാല വിശ്വസുന്ദരി സുതാര്യമായരീതിയില്‍ കൊച്ചിയില്‍ വന്ന്‍ ബാര്‍ബര്‍ഷോപ്പ് ഉല്ഘാടിച്ചപ്പോള്‍ ഒപ്പംനിന്നു ഫോട്ടം പിടിക്കാനായിരുന്നു തിരക്ക്; അവരെ തുണിയുടുപ്പിക്കാന്‍ ആരും പോയിക്കണ്ടില്ല... ഇവിടെയിപ്പോള്‍ തട്ടിന്‍പുറത്ത് ചെറിയൊരു സിനിമാറ്റിക് ഡാന്‍സ് ചിയര്‍ഗേള്‍സ്‌ എന്നപേരില്‍ നടത്തിയപ്പോള്‍ പ്രതിഷേധം............ ....

 പണ്ടാരോ പറഞ്ഞപോലെ വലിയവന്‍റെ അഴിഞ്ഞാട്ടങ്ങള്‍ കലാരൂപങ്ങള്‍, ചെറിയവന്റേതു അശ്ലീലവും... ആളുകൂടിയാല്‍ മതി, പാമ്പ്‌ ചാകണമെന്നില്ല; എന്ന ഉദേശ്യത്തില്‍ നടത്തുന്ന പരിപാടികളില്‍ ഇതൊക്കെ സ്വാഭാവികം മാത്രം... ചിയര്‍ഗേള്‍സ്‌ അടക്കം മലയാളിക്ക് അത്ര പരിചയമില്ലാത്ത പലതും നൂതനജീവിതരീതികളെന്ന വ്യാജേനെ, പലവിധ മാധ്യമങ്ങളിലൂടെ നമ്മുടെ കുടുബാന്തരിക്ഷത്തിലെക്ക് നുഴഞ്ഞുകയറിയിട്ട് കാലമേറെയായി..ഇനിയത് കുടുബത്തിനു പുറത്തു നടുറോഡിലേക്ക് ഇറങ്ങും... എല്ലാവരും നാരങ്ങാമിട്ടായി നുണയുന്ന രീതിയില്‍ പരിപാടികണ്ട് ഉമിനീര്‍ ഇറക്കുകയും ചെയ്യും... .. അതിനെതിരെ കൂവിവിളിച്ചിട്ട് കാര്യമില്ല.... മക്കളെ നല്ല രീതിയില്‍ വളര്‍ത്താന്‍ നോക്കാതെ തന്തയും തള്ളയും നാടുനന്നാക്കാന്‍ ഇറങ്ങിയാല്‍ മക്കളും നന്നാവില്ല; നാടും നന്നാവില്ല..

13 comments:

 1. ബിജു പങ്കജ്October 4, 2013 at 10:00 AM

  ചാറ്റല്‍ മഴയും നനഞ്ഞു ,അല്പം ബിയറും മോന്തി നല്ല മൊഞ്ചുള്ള ചീര്‍ ഗേള്‍സിന്‍റെ ആട്ടവും കണ്ടു വള്ളം തുഴയാന്‍ നല്ല സുഖമാണ് മാഷേ

  ReplyDelete
  Replies
  1. പറ്റുമെങ്കില്‍ ഈ പരിപാടി എല്ലാ പഞ്ചായത്തിലും കൊണ്ടുവരണം

   Delete
 2. പരിപാടി കണ്ട സ്ഥിതിയ്ക്ക് ...ആ ചിയര്‍ ഗേള്‍സ്‌ തീരെ പോര ,,,ഒരു മാതിരി ഗ്രൂപ്പ് ഡാന്‍സ് പോലെ തോന്നി

  ReplyDelete
  Replies
  1. സംഗതി അത്ര പോരല്ലേ .....ജിനു

   Delete
 3. തൂറ്റുപിടിച്ചു വീട്ടില്‍ക്കിടന്നവനും പാമ്പറുകെട്ടി സ്ഥലത്തു ഹാജര്‍...

  ഹഹഹ...
  എവിടെ നിന്ന് കിട്ടുന്നു തുളസി ഇതുപോലുള്ള പഞ്ചുകള്‍!!

  ReplyDelete
  Replies
  1. നമ്മളും ;നമ്മുടെ നാടുമല്ലേ,,,,,,, അജിത്തേട്ടാ

   Delete
 4. http://anilphil.blogspot.ae/2011/02/blog-post_21.html

  http://youtu.be/SjRgBdFE3aM

  ReplyDelete
 5. ഞാന്‍ മുകളില്‍ കമന്റിയ ലിങ്കുകള്‍ നോക്കുക

  പാര്‍ട്ടി സമ്മേളനങ്ങളില്‍ ബാര്‍ ഡാന്‍സര്‍മാരെ വരെ നൃത്തം ചെയ്യിപ്പിച്ച് ആളെ കൂട്ടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് 2011 ഫെബ്രുവരിയില്‍ തന്നെ മാതൃക കാട്ടിക്കഴിഞ്ഞു

  (മുന്‍പും കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഉണ്ണിമേരിയെ അടക്കം പങ്കെടുപ്പിച്ച് ആളെകൂട്ടിയിരുന്നെങ്കിലും നൃത്തപരിപാടി തുടങ്ങിയത് 2011 ല്‍ ഉത്തര്‍‌പ്രദേശിലെ സഹാറന്‍പൂരിലാണ്)

  ReplyDelete
  Replies
  1. ഈ പരിപാടിയിലും മുഖ്യ കാര്‍മികത്വം വഹിച്ചത് കോണ്ഗ്രസ് എം എല്‍ എ തന്നെയാണ് നമ്മുടെ സതിശന്‍ സാര്‍....പിന്നെ മാധ്യമങ്ങള്‍ അത് സി പി എം കാരെ ആക്രമിക്കാന്‍ ഒരു വടിയാക്കി എന്നു മാത്രം....

   Delete
 6. കാലികമായ കുറേ മാറ്റങ്ങള്‍ എങ്ങനെ തടഞ്ഞാലും വാതില്‍ പൊളിച്ച് അകത്തുകയറും...അതാണ്‌ ചരിത്രം..അങ്ങനെ കയറുന്ന കൂട്ടത്തില്‍ നല്ലതും ചീത്തയും ഉണ്ടാകും...അതിനെ തിരഞ്ഞെടുക്കന്നതിലാണ് കുഴപ്പങ്ങള്‍..നല്ലത് ചീത്തയായും, ചീത്ത നല്ലതായും പലര്‍ക്കും തോന്നാം.....ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് പലതിനെയും അടിസ്ഥാനപ്പെടുത്തിയാണ് കുലം വര്‍ഗ്ഗം രാഷ്ട്രിയം മതം എല്ലാം ഇതില്‍ സ്വാധിനം ചെലത്തുന്നു...ഇവയുടെ ഏറ്റകുറച്ചിലുകള്‍ അനുസരിച്ച് നല്ലത് ചീത്തയും ചീത്ത നല്ലതുമാകുന്നു...ഈ ഇടപെടലുകളില്‍ നിന്നും മാറി നിന്നാല്‍ മാത്രമേ സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമാവൂ

  ReplyDelete
 7. അനീതി കണ്ടു പ്രാന്തായി --- :D
  തുളസിവനത്തിൽ പഞ്ചുകൾ മാത്രേ ഉള്ളൂ അജിത്തെട്ടാ

  ReplyDelete
 8. എല്ലാം പകല്‍ മാന്യന്മാരുടെ പബ്ലിസിടി സ്ടണ്ടുകള്‍ അല്ലെ! , നല്ല ലേഖനം, ആശംസകള്‍

  ReplyDelete
 9. നിങ്ങൾ ഒരു മഹാ പണ്ഡിതൻ തന്നെ
  അറിയാത്ത കാര്യങ്ങൾ അറിവിലേക്ക് പകര്ന്നു തന്നതിന് !

  ReplyDelete