**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, May 11, 2014

പാമ്പുകള്‍ക്കായി പാടാന്‍ ഇവിടാരുമില്ലേ??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ISO902,, 916 തുടങ്ങിയ മനോഹരസംഖ്യകളെ മലയാളി; മനസ്സില്‍ താലോലിച്ചുകൊണ്ട് നടക്കുന്ന കാലത്താണ്    136 അടി,  142അടി തുടങ്ങിയ   അടികളുടെ കണക്ക് ഉയര്‍ന്നുവന്നത്...136 അടി കുഴപ്പമില്ല 142 അടി വന്നാല്‍ പൊട്ടും തുടങ്ങിയ വാദങ്ങള്‍ക്ക്, കോടതിയില്‍നിന്നും തലമണ്ടയ്ക്ക് അടികിട്ടിയതോടെ മുല്ലപ്പെരിയാര്‍ ഡാമിലെവെള്ളം ചാവടിയന്തരത്തിന്‍റെ മുന്‍‌കൂര്‍ ക്ഷണകത്തായി കേരളത്തിനു മുകളിലൂടെ ഒഴുകുന്നു... അതിനിടയിലാണ് 418 എന്നൊരു സംഖ്യ കടന്നുവന്നിരിക്കുന്നത്... കോടതി തന്നെയാണ് ഈ സംഖ്യകളും കണ്ടെത്തിയത്. കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ നിലവാരമില്ലാത്ത ബാറുകളുടെ എണ്ണമാണിത്. ഇത്തരം ബാറുകള്‍ പൂട്ടണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരിക്കുന്നു... ഇതു മൊത്തം കൂട്ടിവായിച്ചാല്‍ ഒരുകാര്യം മനസ്സിലാകും... നിലവാരമില്ലാത്ത ഏതോ ബാറില്‍പോയിരുന്നു മുട്ടയും,പട്ടയും തട്ടിയാണ് കേരളം കോടതിയില്‍ കേസിനുപോയത്... വെളിവില്ലാത്ത വാദിച്ചതുകൊണ്ട് ഈ മുല്ലപ്പെരിയാറുതന്നെ കേരളത്തില്‍ ഉണ്ടോയെന്നു കോടതിയ്ക്ക് ചോദിക്കേണ്ടിവന്നു.... കോടതിയില്‍ തോറ്റയുടനെ ആഘോഷിക്കാന്‍ വീണ്ടും നിലവാരമില്ലാത്ത ബാറിലേക്ക് വണ്ടികയറി; അവിടുന്നു അടിച്ചുപൂക്കുറ്റിയായി കോടതിവിധിക്കെതിരെ ഉഗ്രനൊരു ഹര്‍ത്താലും പ്രഖ്യാപിച്ചുകളഞ്ഞു.... കള്ളുംമോന്തി അന്തിമയങ്ങുന്ന നേരത്ത് വീട്ടില്‍ വന്ന് ചട്ടിയും കലവും തല്ലിപ്പൊട്ടിച്ച്, കേട്ട്യോളേം മക്കളേം തല്ലിയൊടിച്ചു പരിസരത്തുനിന്ന കുലയ്ക്കാറായ വാഴകളുംവെട്ടിയരിഞ്ഞു നാട്ടുകാരെയും വെല്ലുവിളിച്ച് ഒടുക്കം ഉടുതുണിപോലുമില്ലാതെ റോഡുവക്കില്‍ പട്ടിമുള്ളി കിടക്കുന്ന മാന്യനായ കുടിയന്‍റെ ജീവിതം കണ്ടാല്‍ പ്രശ്നം മുഴുവന്‍ നിലവാരമില്ലാത്ത ബാറുകളാണെന്ന നിഗമനത്തില്‍ എത്തിച്ചേരാം..
 കുരിശേല്‍ക്കിടന്ന് തമ്പുരാന്‍ കര്‍ത്താവ് ‘’എല്‍ എല്‍ ലാമ സബക്താനി’’ എന്നു നിലവിളിച്ചപ്പോള്‍  ചുറ്റുംനിന്ന കണ്ട്രിസ്സുകള്‍ പറഞ്ഞത് ദേ അവന്‍ ഏലിയായെ വിളിക്കുന്നുവെന്നാണ്. അവനു ദാഹിക്കുന്നു വെള്ളം കൊടുക്കാനാണ് വേറെ ചില യൂസലെസ്സുകള്‍ പറഞ്ഞത്.. അതുപോലെതന്നെയാണ്  നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണമെന്ന സുധീരന്‍ സാറിന്‍റെ പ്രഖ്യാപനത്തിനു ചിലരൊക്കെ കൈയ്യടി കൊടുക്കുമ്പോള്‍ തോന്നുന്നത്... ഭാഷ മനസ്സിലാവാത്ത മണ്ടന്മാര്‍...ഹാ കഷ്ടമെന്നേ പറയാന്‍ കഴിയു.... ഇവിടെ കാര്യം മനസ്സിലായത് സുഗതകുമാരി ടീച്ചര്‍ക്കുമാത്രമാണ്... പക്ഷെ പറഞ്ഞിട്ടെന്തുകാര്യം സ്കൂളില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുതെന്ന പറഞ്ഞ ടീച്ചറെ പുരോഗമനവാദികള്‍ ഏത്തമിടുവിച്ചുകൊണ്ടിരിക്കുകയാണ്.. അതിനിടയില്‍ ആരാത് ശ്രദ്ധിക്കാന്‍...  ബാറിന്‍റെ നിലവാരം ഉയര്‍ത്തിയാല്‍ കേരളത്തിലെ മദ്യപാനികള്‍ നന്നാകുമോയെന്നു ചോദിച്ചത് ടീച്ചര്‍ മാത്രം..അതാണ്‌ ജനത്തിനു അറിയേണ്ട കാര്യവും...
 പൊതുജനം കരുതുന്നതുപോലെ മദ്യനിരോധനം കൊതിച്ചിട്ടൊന്നുമല്ല 418 ബാറുകള്‍ അടപ്പിച്ചിരിക്കുന്നത്‌.. ഏ/സി റൂം, നാല്പതു തൊഴിലാളികള്‍, റെസ്റ്ററെന്റ്, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ മാനദന്ധങ്ങള്‍ നടപ്പാക്കാത്തതിനാലാണ് പൂട്ടല്‍ നടന്നിരിക്കുന്നത്.  ഇതൊക്കെ കൊണ്ടുവന്നാല്‍ പൂട്ടിയതെല്ലാം തുറക്കാവുന്ന കാര്യം ആലോചിക്കാവുന്നാതെയുള്ളൂവെന്നു സാരം.. വീട്ടില്‍ കഞ്ഞിവെയ്ക്കാന്‍ ഗതിയില്ലാത്തവനും എ/സി റൂമിലിരുന്നു വീശണം അതാണ്‌ നമ്മുടെ പോളിസി.. സാധരണഗതിയില്‍ ഒരു ഊറ്റുകാരനും, ഒരു കാഷ്യറും,ഒരു ഓംലറ്റ് അടികാരനും ഉണ്ടെങ്കില്‍ കേരളത്തില്‍ ഒരു ബാര്‍ നടത്താം.. ഇത്രയ്ക്ക് ലഘുവായി നടത്താവുന്ന ഒരു ബിസ്സിനസ്സിനെയാണ് സംഗതി ഇനിയും പരിഷ്കരിക്കണമെന്നു പറഞ്ഞ് കോമ്പ്ലിക്കേഷനാക്കുന്നത്... ഇതില്‍ എവിടെയാണ് മദ്യനിരോധനമെന്ന ആശയം വരുന്നത്... ബാറിന്‍റെ നിലവാരം ഉയര്‍ത്തിയാല്‍ കേരളത്തിലെ കുടിയന്മാരുടെ കുടുംബങ്ങള്‍ രക്ഷപെടുമോയെന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ന്യായമായസംശയം... വേണ്ടത്ര നിലവാരമില്ലാത്ത ബാറുകളില്‍പ്പോയി കുടിച്ചുവരുന്ന ഭര്‍ത്താവ്; ഭാര്യയുടെ മുതുകില്‍ സമ്മാനിക്കുന്ന പഞ്ചുകള്‍ ലഘുകരിക്കാന്‍ ബാറുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ മതിയെന്ന കണ്ടുപിടുത്തം ആദരവ് അര്‍ഹിക്കുന്നു... നിലവാരമുള്ള കുടിയന്മാരെ സൃഷ്ടിക്കാന്‍ പെടാപ്പാടുപെടുന്ന ആദര്‍ശ ധീരന്മാരോട് ഒന്നു ചോദിക്കട്ടെ.. ഏതെങ്കിലും പട്ടിക്കാട്ടില്‍ സ്ഥിതിചെയ്യുന്ന ബീവറേജസ് വില്പനശാലയ്ക്ക് മുന്നില്‍ മഴയും ഇടിയും വകവെയ്ക്കാതെ പൊരിവെയിലത്ത് നാവ് നനയ്ക്കാന്‍  ഒരിറ്റു വെള്ളംപോലും കിട്ടാതെ പൊള്ളിപ്പറിഞ്ഞു കാലും കുമളച്ചു മാന്യമായി ക്യൂ നില്‍ക്കുന്ന സഹനത്തിന്‍റെ ആള്‍ രൂപങ്ങളായ  അവശകുടിയന്മാരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തുചെയ്തു...??? മദ്യനിരോധനമാണ് ലക്ഷ്യമെങ്കില്‍ ശരാശരി വരുമാനക്കാരായ കേരളീയ കുടിയന്മാരുടെ അടുക്കളയില്‍ അടുപ്പുപുകയാതിരിക്കാന്‍ പ്രധാനകാരണക്കാരായ നിലവാരമില്ലാത്ത ബീവരെജ് വില്പനശാലകളും പൂട്ടേണ്ടെ..?? കേരളത്തിലെ ഏറ്റവുംവലിയ അബ്കരിയായ സര്‍ക്കാരിനു എന്താണ് ഈ വിഷയത്തില്‍ പറയാനുള്ളത്..? ബാറുകള്‍പൂട്ടിക്കാന്‍ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മദ്യവില്പനക്കാരനായ സര്‍ക്കാര്‍ എത്ര ബീവരെജ് വില്പനശാലകള്‍ ഇതിനോടകം പൂട്ടിയിട്ടുണ്ട്.. മദ്യവരുമാനം വേണ്ടാന്നു പറയുമ്പോഴും സര്‍ക്കാരിന്‍റെ രണ്ടാമത്തെ പ്രധാനവരുമാനം മദ്യത്തില്‍നിന്നുതന്നെയാണ്  അതുകൊണ്ടുതന്നെ മദ്യനിരോധനത്തിന്‍റെ കാര്യത്തില്‍ ഈ ഒളിച്ചുകളി തുടരുമെന്നു വ്യക്തം...
  ബാറുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ കേരളത്തിലെ മദ്യപാനികളുടെ എണ്ണത്തില്‍ കുറവ് വരുമോ.??.. നല്ല സെറ്റപ്പുകള്‍ ഉണ്ടാക്കിക്കൊടുത്തു കൂടുതല്‍ കുടിയന്മാരെ സൃഷ്ടിക്കുകയല്ലേ ഇതിന്‍റെ ഉദേശ്യം..??. ഒളിച്ചും പതുങ്ങിയും മദ്യം കഴിക്കുന്ന വിഭാഗത്തെകൂടി വന്നിരുന്ന് മാന്യമായി മദ്യപിക്കു എന്ന അവസ്ഥയിലേക്കല്ലേ ഇതു കൊണ്ടുചെന്നെത്തിക്കുക..??. മദ്യപിക്കാന്‍ സുഖകരമായ അന്തരീക്ഷം, കൂടെ ഭക്ഷണം കഴിക്കാന്‍ ഏസി ഭക്ഷണശാലകള്‍, കുടുംബസമേതം വരാന്‍ വിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍, ഊറ്റാനും വിളമ്പാനും ധാരാളം തൊഴിലാളികള്‍..ഇതിലൂടെ എന്തു മദ്യനിരോധാനമാണ് നടപ്പില്‍ വരുക.?.. മദ്യം നിരോധിക്കുകയോ മദ്യപാനത്തെ എതിര്‍ക്കുകയോ അല്ല മറിച്ച് മദ്യപാനിക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊടുക്കുകയെന്ന നയമാണ് ഇവിടെ വെളിപ്പെടുന്നത്.. മദ്യപാനികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തണമെന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ മറ്റ് അവശ്യ സര്‍വ്വീസുകളുടെ നിലവാരം എന്താണ്..?


  നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്താണ്... കിടക്കാന്‍ കട്ടില്‍ പോലുമില്ലാതെ വെറുംതറയില്‍ കിടക്കുന്ന രോഗികളും, അതിദയനീയമായ ചുറ്റുപാടുകളുമാണ് എവിടെയും കാണാന്‍ കഴിയുക.. നിര്‍ധനരോഗികളുടെ ആശ്രയമായ കാരുണ്യമെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിനു മരുന്നുണ്ടോ..?.  അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകള്‍ പോലും കിട്ടാതെ രോഗികള്‍ കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്നു.. പുതുതലമുറയെ വാര്‍ത്തെടുക്കുന്ന നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ പലതും അടിസ്ഥാനസൌകര്യങ്ങള്‍ പോലുമില്ലാതെ കിടക്കുന്നു... ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളില്‍ നമ്മുടെ വരുംതലമുറ അക്ഷരവെളിച്ചം നുകരുമ്പോള്‍;;;;  ബാറിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ബഹളം കൂട്ടുന്നതിന്‍റെ അര്‍ഥം എന്താണ്.??. മദ്യവിമുക്ത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദിവാസി ഊരുകളില്‍ വ്യാജമദ്യം നിര്‍ല്ലോഭം ഒഴുകുന്നു.. ഒരു മഴ പെയ്താല്‍ വെള്ളത്തിനടിയിലാകുന്ന നമ്മുടെ നഗരങ്ങള്‍,,, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍,,,, കൃഷി നശിച്ച് ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍,,,,   തുടങ്ങി സര്‍ക്കാരിന്‍റെയും ആദര്‍ശധീരന്മാരുടെയും അടിയന്തരശ്രദ്ധയും സജീവ ഇടപെടലുകളും നടക്കേണ്ട നൂറുകണക്കിന് വിഷയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നാനൂറ്റി പതിനെട്ടു ബാറുകളില്‍ സൗകര്യം പോരായെന്ന പ്രശ്നം നിന്നുകത്തുന്നത്.. ബാറുകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം എന്തേ മറ്റു അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കാണാത്തത്..പൊതുജന നന്മയ്ക്കുവേണ്ടി എല്ലാ മദ്യവില്പനശാലകളും പൂട്ടേണ്ടതുതന്നെയാണ്.. പക്ഷെ ഇവിടെ അതല്ല ഉദേശ്യം ബാറുകളുടെ നിലവാരം ഉയര്‍ത്തണം അതാണ്‌ ഡിമാണ്ട്... സുഖരമായ അന്തരീക്ഷമൊരുക്കി കൂടുതല്‍ ആളുകളെ മദ്യപാനത്തിലേക്ക് അടുപ്പിക്കുക എന്നൊരു കാണാതെ പോകുന്ന സത്യം ഇതിനു പിന്നിലുണ്ട്... മദ്യനിരോധനമാണ് ലക്ഷ്യമെങ്കില്‍ ഗ്രാമങ്ങള്‍ത്തോറും പെട്ടിക്കടകള്‍ പോലെ തുറന്നിരിക്കുന്ന ബീവരെജ് ചില്ലറ വിലപ്നശാലകള്‍ ആദ്യം പൂട്ടട്ടേ,,, അല്ലെങ്കില്‍ ബീവരെജിന്‍റെ ക്യൂവില്‍ നില്‍ക്കുന്ന സാധരണ കുടിയന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുകയെങ്കിലും ചെയ്യണം.. വെയിലും മഴയും കൊള്ളാതെ ക്യൂ നില്‍ക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കണം... കുപ്പി കൈയ്യില്‍ കിട്ടിയാല്‍ അപ്പോഴേ പൊട്ടിച്ചു ഡ്രൈ-യായി കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ കയ്യെത്തും ദൂരത്തു വെള്ളം ലഭ്യമാകാനുള്ള പൈപ്പുകള്‍ സ്ഥാപിക്കണം.. വഴിയരുകില്‍ കുഴഞ്ഞുവീഴുന്ന കുടിയന്മാരെ വെട്ടില്‍ എത്തിക്കാന്‍ സൌജന്യനിരക്കില്‍ ആംബുലന്‍സ് സംവിധാനവും അത്യാവശ്യമാണ്.. അങ്ങനെ അടിസ്ഥാന കുടിയന്മാരുടെ  അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുവേണം തുടങ്ങാന്‍. സുധീരനും കൂട്ടരും നടത്തുന്ന നാനൂറ്റിപതിനെട്ട് വിരുദ്ധസമരത്തിന്‍റെ ഉദേശ്യശുദ്ധി ശരിയാണെങ്കില്‍ നമുക്കാദ്യം ബീവരെജില്‍ നിന്നും തുടങ്ങാം.. ‘ഒരു തുള്ളി മദ്യം ആയിരം തുള്ളി കണ്ണീര്‍...’ കെ എസ് ആര്‍ ടി സി ബസ്സുകളില്‍ നമ്മുടെ എക്സൈസ് വകുപ്പ് പതിപ്പിച്ചിരിക്കുന്ന പരസ്യവാചകമാണ്.. ഇതു ശരിയാണെങ്കില്‍ ബാറുകളുടെ നിലവാരം ഉയര്‍ത്തുകയല്ല എല്ലാ മദ്യവില്പനശാലകളും പൂട്ടുക എന്നതായിരിക്കണം ലക്ഷ്യം... മദ്യം വില്‍ക്കുന്ന ഒരു സ്ഥാപനവും കേരളത്തില്‍ വേണ്ട അതാകട്ടെ സുധീര വചനം... അതല്ല നാനൂറ്റിപതിനെട്ടു ബാറുകളുടെ സൌകര്യവര്‍ധനവ് മാത്രമാണ് പറയുന്നതെങ്കില്‍ ഈ വിവാദം  നീര്‍ക്കോലിയുടെ അത്താഴം മുടക്ക് എന്നതിനപ്പുറം ഒന്നുമില്ല.. 

5 comments:

 1. സുജിത്കണ്ണന്‍May 11, 2014 at 11:36 AM

  സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് നമുക്ക് വേണ്ടത്...ബാര്‍ മുതലാളിമാരുടെ പക്കല്‍ നിന്നും കൂടുതല്‍ വിഹിതം കിട്ടാനുള്ള വിലപേശല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍

  ReplyDelete
 2. നല്ല അവതരണം ...ബാറുകളുടെ നിലവാരം കൂടിയാല്‍ കേരളം രക്ഷപെടുമെന്ന് വിലപിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  ReplyDelete
 3. neerkkoliyude atthaazham mudakku atrayum karuthiyaal mathi ..

  ReplyDelete