**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, May 25, 2014

പണം പാമ്പായിത്തിരിഞ്ഞുകൊത്തിയാലത് ബ്ലേഡ്..


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  ഊണിനെ തുടര്‍ന്നുണ്ടാകുന്ന ചെറിയൊരു മയക്കത്തിനുശേഷം ഉമ്മറത്തു കിടക്കുന്ന ചാരുകസേരയില്‍വന്നിരുന്നു ലോകത്തെ വീക്ഷിക്കുകയെന്നത് ഈ അവധിക്കാലത്ത് തുടങ്ങിയ ഏര്‍പ്പാടാണ് .... വായനശാലയില്‍നിന്നും എടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങളിലൂടെ ഒരു പ്രദക്ഷണം നടത്താന്‍ ഈ സമയമാണ് അധികവും ഉപയോഗിക്കുക.. സൂര്യനെ മറച്ചുനില്‍ക്കുന്ന തെങ്ങോലകളുടെ നിഴലുകള്‍ ഒരു അവ്യക്ത ചിത്രംപോലെ പറമ്പാകെ വ്യാപിച്ചു കിടക്കുന്നു.. എനിക്കൊരു  വാന്‍ഗോഗായി മാറാന്‍ കഴിഞ്ഞെങ്കില്‍ തെങ്ങോലകളുടെ നിഴല്‍പരപ്പുകള്‍  ഒരു സൂര്യകാന്തിപ്പാടം പോലെ ക്യാന്‍വാസില്‍ പകര്‍ത്തിയ വിലയുള്ള ചിത്രങ്ങളായി മാറിയേനെ.. കല്‍ക്കരി ഖനിയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ സദ്‌വാര്‍ത്ത അറിയിക്കാന്‍ പോയ വാന്‍ഗോഗീലൂടെ ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു... കഷ്ടപ്പാടുകളും നെടുവീര്‍പ്പുകളും നിറഞ്ഞ ആരും തിരിച്ചറിയാത്ത വാന്‍ഗോഗിന്‍റെ യാത്രകളില്‍;  റാന്തല്‍ വിളക്കിന്‍റെ നേരിയ പ്രകാശത്തിലിരുന്നുകൊണ്ട് ഉരുളക്കിഴങ്ങു തിന്നുന്നവരുടെ ദുരിതപൂര്‍ണ്ണമായ ചിത്രവും കടന്ന് സൂര്യകാന്തിപ്പാടത്ത് എത്തിയപ്പോഴാണ് മുറ്റത്തുനിന്നും ആ വിളി കേട്ടത് ..മാഷേ,,,,,,,,,,, അയല്‍ക്കാരന്‍ ഉത്തമന്‍ ഭവ്യതയോടെ മുറ്റത്ത്‌ നില്‍ക്കുന്നു ..
  അല്ല, ഇതാരാ,,, ഉത്തമനോ,,,,, കയറി വരൂ,,,, എന്തുണ്ട് വിശേഷം,,, ഇപ്പൊ ഈ വഴിയൊന്നും കാണാറില്ലല്ലോ,,,, സ്ഥിരമായി പറയുന്ന ഉപചാരവാക്കുകള്‍ കൃത്യതയോടെ പറഞ്ഞുനിറുത്തിയപ്പോള്‍.. ഉത്തമന്‍ തുടങ്ങി.
 മാഷേ ഞാനൊരു അത്യാവശ്യകാര്യത്തിനുവന്നതാ. കുറച്ചു പണംവേണം.  മകളുടെ കുഞ്ഞ് ആശുപത്രിയില്‍ അട്മിറ്റാണ്, അപ്പന്റിസൈറ്റിസിനു ഒരു അടിയന്തര ഓപ്പറേഷന്‍ വേണം, ഒരു 15000 രൂപ എടുക്കാന്‍ ഉണ്ടാകുമോയെന്നറിയാന്‍ വന്നതാ...
 എന്‍റെ കൈയ്യില്‍ അത്രയും പണമില്ലല്ലോ ഉത്തമാ ..ഇന്നും നാളെയും ബാങ്ക് അവധിയുമാണ്  ,,ഇനിയിപ്പോ എന്തുചെയ്യും..
 ഒരുകാര്യം ചെയ്യാം മകളുടെ കല്യാണത്തിന് നമ്മുടെ സദാശിവന്‍ എന്നോടൊരു ഇരുപതിനായിരം രൂപ വാങ്ങിയിട്ടുണ്ട് .. തിരിച്ചു തരേണ്ട തിയതിയും കഴിഞ്ഞതാണ്.. ആളെ പിന്നെ ഈ വഴി കണ്ടിട്ടില്ല.. താന്‍ വാ... ആ പണം വാങ്ങിത്തരാം...
 ഇന്നത്തെ വായന ഇവിടെത്തീര്‍ന്നതിനാല്‍ വാന്‍ഗോഗിനേയും സൂര്യകാന്തിപ്പാടത്തേയും മടക്കി അകത്തുകൊണ്ടുപോയിവെച്ചശേഷം  അടുക്കളഭാഗത്തേയ്ക്ക് നോക്കി ആരോടോന്നില്ലാതെ മൊഴിഞ്ഞു... എടിയേ ഞാന്‍ കവലവരെ ഒന്നു പോവുകയാ.. ഇപ്പൊ വരാം..മറുപടിക്ക് കാത്തുനിന്നില്ല ഞങ്ങള്‍ സദാശിവന്‍റെ വീട്ടിലേക്ക് നടന്നു
 പണം കടംകൊടുക്കുന്ന ഏര്‍പ്പാടിന് ഭാര്യയുടെ വേണ്ടത്ര പിന്തുണ കിട്ടാറില്ലായെന്നുള്ളതാണ് സത്യം.. വാങ്ങുമ്പോള്‍ ചിരിക്കുന്ന ചിരി ചോദിക്കുമ്പോള്‍ കാണാറില്ലാത്തതിനാല്‍ നമുക്കീ പുണ്യകര്‍മ്മം വേണ്ടയെന്നാണ് ഭാര്യയുടെ അഭിപ്രായം.. എങ്കിലും എങ്ങനെയാ കരച്ചിലും പിഴിച്ചിലുമായി വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കുക,,,മനസ്സ് അലിഞ്ഞുപോകും.. അല്ലേലും അച്ഛന്‍ പറഞ്ഞിട്ടുണ്ട് വിദ്യാധര; പോക്കറ്റില്‍ പണമിരിക്കുമ്പോള്‍ ആരെങ്കിലും അത് വായ്പയായി ചോദിച്ചാല്‍ ഇല്ലാന്ന് പറയരുത്.. ഒരു പക്ഷെ അതിലൂടെ ഒരു ജീവന്‍ രക്ഷപെട്ടേക്കാം ..നിന്‍റെ അവശ്യസമയത്തും ആരെങ്കിലും നിന്നെ സഹായിക്കാന്‍ വന്നേക്കാം.. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉള്ളതു കൊടുക്കും അതാണ് പോളിസി.. കിട്ടിയാല്‍ കിട്ടി... പോയായാല്‍ പോയി അത്രതന്നെ...
 സദാശിവന്‍റെ വീടെത്തിയിരിക്കുന്നു. ഭാഗ്യം ആള്‍ വീട്ടില്‍ത്തന്നെയുണ്ട്..
  എന്താ മാഷേ ഈ വഴിയൊക്കെ സുഖമല്ലേ... സുഖാന്വേഷണങ്ങള്‍ കഴിഞ്ഞിട്ടും വാങ്ങിച്ച പണം തിരികെ തരാനുള്ള ഒരു ഭാവവും സദാശിവന്‍റെ മുഖത്തു കാണുന്നില്ല...
കെട്ടിച്ചുവിട്ട മകള്‍ക്ക് സുഖമാണോ ശിവാ ..പിന്നെ പരമസുഖം അടുത്ത ആഴ്ച്ച പ്രസവത്തിനു കൂട്ടാന്‍ പോകണം..
 അപ്പൊ ശിവാ ഞങ്ങള്‍ വന്ന കാര്യം പറഞ്ഞില്ലല്ലോ.. ഈ ഉത്തമന്‍റെ പേരക്കുട്ടിക്ക് ഒരു ഓപ്പറേഷന്‍ വേണം.. കുറച്ചു പൈസയുടെ കുറവുണ്ട്. താന്‍ മകളുടെ കല്യാണത്തിന് വാങ്ങിയ ആ തുക തിരിച്ചു തന്നാല്‍ ഇവര്‍ക്ക് കൊടുക്കാമായിരുന്നു.. ഞാന്‍ ഭവ്യതയോടെ കാര്യം പറഞ്ഞു.. ശിവന്‍ എളിയില്‍നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു.. ഒരു പുകയെടുത്ത്‌ ഊതി. രണ്ടാമത്തെ പുക മുഴുവനായും ഉള്ളിലേക്ക് വിഴുങ്ങിക്കൊണ്ട് കാര്യം പറഞ്ഞു..
 മാഷേ; പണം തരാനുണ്ടെന്നുള്ളത് ശരിയാണ്.. പക്ഷെ ഇപ്പൊ തിരിച്ചുതരാന്‍ എന്‍റെ കൈയ്യില്‍ പണമില്ല.. എപ്പോ ഉണ്ടാകുമെന്ന് പറയാനും കഴിയില്ല..  
  അതെന്താ ശിവ അങ്ങനെ പറയണത്..തിരിച്ചു തരാമെന്ന് പറഞ്ഞ തിയതിയും കഴിഞ്ഞില്ലേ ..
 അപ്പൊ മാഷ് പത്രമൊന്നും വായിക്കാറില്ലേ ..
എന്താ പ്രശ്നം ..
 നാട്ടില്‍ കുബേര നടക്കുന്ന വിവരമൊന്നും മാഷ്‌ അറിഞ്ഞില്ലേ ..പണം കടം വാങ്ങിയത് തിരിച്ചു ചോദിച്ചാല്‍ ഒറ്റഫോണ്‍കോള്‍ മതി അകത്താ....
 അതിനു ഇതു ബ്ലേഡ് പരിപാടിയൊന്നും അല്ലല്ലോ ശിവാ.. മകളുടെ കല്യാണം മുടങ്ങുമെന്ന് താന്‍ കരഞ്ഞുപറഞ്ഞപ്പോള്‍ തന്ന പണമല്ലെ.. ആ പണമാണ് ചോദിച്ചത്...അല്ലാതെ ഞാന്‍ പലിശ വാങ്ങാന്‍ വന്നതല്ല ..
 കാര്യമൊക്കെ ശരിയാ മാഷേ.. അപ്പൊ അതെന്‍റെ ആവശ്യമായിരുന്നു.. പക്ഷെ ഇപ്പൊ എന്തുചെയ്യാം. തിരിച്ചുതരാന്‍ എന്‍റെ കൈയ്യില്‍ പണമില്ല.. ദേ; ഇന്നുരാവിലെയും ഒരു പോലീസുകാരന്‍ കവലയില്‍ വന്നുചോദിച്ചതെയുള്ളൂ ഇവിടെ പണം കടംകൊടുക്കുന്നത് ആരാണെന്ന്.. ഞാന്‍ മാഷിന്‍റെ പേര് പറഞ്ഞതേയില്ല കേട്ടോ ..ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ .. മാഷാണ് എനിക്ക് പണം തന്നതെന്ന് ഞാന്‍ ആരോടും പറയില്ല... മാഷിപ്പം പണം വേണമെന്ന് പറഞ്ഞാല്‍ തരാന്‍ എന്‍റെ കൈയ്യില്‍ പണമില്ല .. അതിനു വേണ്ടി ഇവിടെകിടന്നു ബഹളം വെച്ചാല്‍ നാട്ടുകാര്‍ അറിയും.. കഷ്ടകാലത്തിനു ആരെങ്കിലും   പോലിസിനെ വിളിച്ചാലോ ..മാഷ്‌ അകത്താവും.. അതുവേണോ...പണം ഉണ്ടാകുമ്പോള്‍ ഞാന്‍ വീട്ടില്‍ എത്തിക്കാം അതുപോരെ ..
 മതി,,, അതുമതി,,, ധാരാളം മതി,, വീട്ടില്‍ എത്തിച്ചാല്‍ മതി ..ഞാന്‍ ചുമ്മാ ഇതുവഴിപോയപ്പോള്‍ നിങ്ങളെ കണ്ടപ്പോള്‍ ചുമ്മാ ചോദിച്ചുവെന്നെയുള്ളൂ... അപ്പൊ ശരി പോകട്ടെ ..ഉത്തമാ വാ പോകാം..വേലിയേല്‍ കിടന്ന പമ്പിനെയാണ് കഴുത്തേല്‍ ഇട്ടിരിക്കുന്നതെന്ന് മനസിലായാതിനാല്‍ വേഗം സ്ഥലം കാലിയാക്കി.. ഇപ്പൊഴുള്ള വാധ്യാരുപണിയും കളഞ്ഞ് ജയിലില്‍ക്കിടന്നു ഉണ്ടതിന്നാന്‍ തീരെ താല്പര്യമില്ലാത്തതിനാല്‍ ഉത്തമാ തല്‍ക്കാലം താന്‍ പൊയ്ക്കോ,, വിവരങ്ങളൊക്കെ താന്‍ കണ്ടല്ലോ.. ഇനിയിപ്പോ ബാങ്ക് തുറക്കുന്ന ദിവസത്തേക്ക് ഓപ്പറേഷന്‍ മാറ്റി വയ്ക്കുന്നതാണ് നല്ലത്.. ഒരു ഇരുപതിനായിരം പോയി ഇനി മറ്റൊരു പതിനയ്യായിരം കൂടി കളഞ്ഞാല്‍ എന്‍റെ മക്കള്‍ പട്ടിണിയിലാകും.. ഓടി തടിയെടുത്തുവെന്നുപറഞ്ഞാല്‍ മതിയല്ലോ..

 സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ കുബേര നാടാകെ ഇളക്കിമറിക്കുകയാണ്.. പലിശക്കാരെ മുഴുവന്‍ പിടിക്കുന്നു, ജയിലില്‍ അടയ്ക്കുന്നു...  നല്ലത്, വളരെനല്ലത്, ബ്ലേഡ് മാഫിയാകളുടെ കൈയ്യില്‍നിന്നും ജനം രക്ഷപെടട്ടെ... പക്ഷെ ഒരു ചോദ്യം.. അത്യാവശ്യത്തിനും അനാവശ്യത്തിനും വളരെവേഗം പണംകിട്ടുന്ന മാര്‍ഗ്ഗങ്ങളെല്ലാം അടച്ചപ്പോള്‍ എന്താണ് ജനത്തിനായി ഒരുക്കിയ ബദല്‍പദ്ധതി.. അത്യാവശ്യക്കാരനായി വേഗത്തില്‍ പണം കിട്ടാനുള്ള മറ്റു വഴിയെന്താണ്.. നൂറുരൂപ കിട്ടാന്‍ അടിയാധാരംവരെ ചോദിക്കുന്ന ബാങ്കുകളാണോ ഇനിയും ശരണം; അതോ ഈ സമയം പരമാവധി മുതലാക്കാന്‍ ഇറങ്ങിയിരിക്കുന്ന ന്യൂജനറേഷന്‍ ബ്ലേഡ്ബാങ്കുകളും, മൊത്തംഊറ്റ്, മണല്‍പ്പുറം, ഗോകലം പോലുള്ള വട്ടിപ്പലിശക്കാരെയുമാണോ ജനം ഇനിയും ആശ്രയിക്കേണ്ടത്.. സംസ്ഥാനത്തെ ചില വട്ടിപ്പലിശബാങ്കുകളുടെയും, ചിട്ടിക്കമ്പനികളുടെയും അറ്റാദായത്തില്‍ കുറവ് വന്നപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ഒരു പൊറോട്ടു നാടകമാണ് ഈ കുബേരെയെന്നു പരക്കെ ആക്ഷേപമുണ്ട്... ജനത്തിന്‍റെ ആവശ്യങ്ങള്‍ കുറയുകയും, നൂലാമാലകള്‍ ഇല്ലാതെ നമ്മുടെ ബാങ്കുകള്‍ ലോണ്‍ കൊടുക്കുകയും ചെയ്താലേ ബ്ലേഡ് എന്ന പരിപാടി നിലയ്ക്കൂ.. അതല്ല ജനം പണത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍; ഒരു ബ്ലേടിനെ പൂട്ടിച്ചാല്‍ പകരം ഒന്‍പത് ബ്ലേഡുകള്‍ ഉദിച്ചുവരും.. ഒരു സഹായമെന്ന രീതിയില്‍ കൈമാറിയ പണംപോലും തിരികെ ചോദിയ്ക്കാന്‍ ഭയക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു... ഫലമോ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം ലഭിക്കേണ്ടവന്‍പോലും  വെള്ളമിറങ്ങാതെ ചാവും.. വേലിയേല്‍കിടക്കുന്ന പാമ്പിനെ കഴുത്തേല്‍ ചുറ്റാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ.. എന്‍റെ പണം എന്‍റെ കൈയ്യില്‍ ഇരിക്കും... ഒരുത്തന്‍ കരഞ്ഞോണ്ട് വന്നാലും നഹി നഹി.. ഷാപ്പു പൂട്ടിച്ചു ജനത്തിന്‍റെ കുടി നിറുത്താമെന്ന് കരുതുന്നപോലെ ബ്ലേടുകാരെ പിടിച്ചാല്‍ ജനത്തിന്‍റെ പണത്തിന്‍റെ ആവശ്യം തീരുമോ... മേടിച്ചവനൊന്നും തിരിച്ചുകൊടുക്കേണ്ടയെന്നതാണ് ഇതിലെ ലാഭം.. ജനം മിതവ്യയം സ്വീകരിക്കാത്ത കാലത്തോളും നാട്ടില്‍ ഷൈലോക്കുമാര്‍ ഉണ്ടാകും.. ആര്‍ഭാടത്തിനും, വിനോദത്തിനും, ലോട്ടറിയെടുക്കാനും വല്ലവന്റേയും പണം ഒരു ഉളുപ്പുമില്ലാതെ വാങ്ങി അവസാനം ബ്ലേഡ് ബ്ലേഡ് എന്നു വിലപിച്ചാല്‍ എന്തുഫലം... കരഞ്ഞു കലുപിടിച്ചപ്പോള്‍ ഒരു സഹായമെന്ന രീതിയില്‍ കൊടുത്ത പണവും ബ്ലെയിഡായി തിരിഞ്ഞിരിക്കുന്നു...മാത്രമോ ബ്ലേയിടുകാരൊക്കെ ഉടനടി ഒരു ലൈസന്‍സ് ഉണ്ടാക്കിയാല്‍ കുബേരയില്‍ നിന്നും രക്ഷപെടാം ... ലൈസന്‍സ് ഉള്ള സ്വകാര്യ ബ്ലേഡ് ബാങ്കുകളുടെ നല്ല കാലം ...അതാണ് കുബേരയുടെ ആത്യന്തിക ഫലം... അറവുശാലകള്‍ അധികൃതമാണെങ്കിലും അനധികൃതമാണെങ്കിലും മാടുകളുടെ ജീവന്‍ പോകും... അതാണ്‌ കുബേരന് അറിയാവുന്നതും എന്നാല്‍ സര്‍ക്കാരിനു അറിയാത്തതുമായ ആത്യന്തിക സത്യം............ 

7 comments:

 1. ജിത്ത്May 25, 2014 at 9:24 AM

  എന്താ മാഷേ പണം കൊടുത്തു കൈ പൊള്ളിയോ

  ReplyDelete
 2. ഹഹ ഹഹ ഇതേ പണി എനിക്കും കിട്ടി മാഷേ പൈസ വാങ്ങിയവന്‍ ഇപ്പൊ കണ്ട ഭാവമേ നടിക്കുന്നില്ല .എന്തുചെയ്യണമെന്നു ഒരു പിടിയുമില്ല ചോദിച്ചാല്‍ കേസ് കൊടുക്കുമോന്ന പേടി

  ReplyDelete
 3. ഇങ്ങിനെയുള്ള 'ശിവ'ന്മാരും 'മാഷ'മ്മാരും വിരലിലെണ്ണാവുന്നവര്‍ പോലും ഇക്കാലത്തുണ്ടാവില്ല. ഇന്ന് പണം കടം വാങ്ങുന്നവര്‍ എന്താവശ്യക്കാരായാലും കൊടുക്കുന്നത് തൊണ്ണൂറ്റൊമ്പത് ശതമാനവും കഴുത്ത് മുറിപ്പന്‍ പലിശക്ക് വേണ്ടിത്തന്നെയാണ്..

  ReplyDelete
 4. Sajeevan KanavoorMay 25, 2014 at 2:01 PM

  കാടടച്ചുള്ള ബ്ലേഡ് പിടുത്തത്തില്‍ എല്ലാവരും മനപ്പൂര്‍വം മറക്കുന്ന ഒരു ഫാക്റ്റ് ആണ് തുളസി പറഞ്ഞിരിക്കുന്നത്... സ്വന്തം ആവശ്യങ്ങള്‍ മുടക്കം കൂടാതെ നടത്താന്‍ പണം വാങ്ങുന്നവര്‍ തിരിച്ചുകൊടുക്കേണ്ട സമയത്ത് നിരത്തുന്ന ന്യായങ്ങള്‍ ഈ പണം വാങ്ങുമ്പോള്‍ ഓര്‍ക്കത്ത് എന്തുകൊണ്ടാണ്...

  ReplyDelete
 5. അത് മനുഷ്യന്റെ സ്വഭാവം ആണ് . തന്റെ അവശ്യം കഴിഞ്ഞു ഇനി പതുക്കെ കൊടുക്കാം. വാങ്ങാൻ നീട്ടിയ കൈ കൊടുക്കാൻ നീളുകില്ല

  ReplyDelete
 6. well said Thulasi...

  blade companies did not force any one to take money from them. it is loaners responsibility to find an affordable loan.. govt should make legal maximum for interest rate though.. i guess that is in place already... but who cares? every body wants more...

  ReplyDelete
 7. സര്‍ക്കാര്‍ ബ്ലേഡ് കമ്പനി തുടങ്ങട്ടെ

  ReplyDelete