**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, September 27, 2014

സര്‍വ്വലോക അഴിമതിക്കാരെ സംഘടിക്കുവിന്‍


       സര്‍വ്വലോക അഴിമതിക്കാരെ സംഘടിക്കുവിന്‍, നിങ്ങളിലൊന്നിനെയിന്നിതാ ജയിലില്‍ പൂട്ടിയിരിക്കുന്നു.. ഈ മുദ്രാവാക്യം പണ്ട് ശിലായുഗ അഴിമതിസംഭരണസമിതിയുടെ വിമോചന മുദ്രാവാക്യമായിരുന്നുവെന്നു പറയപ്പെടുന്നു. അഴിമതിയെന്നത് അവകാശമായി കരുതിയിരുന്ന കാലത്ത് ഒരു അഴിമതിനേതാവിനെ കോടതി പിടിച്ചപ്പോള്‍ രൂപംകൊണ്ട ഒരു മുദ്രവക്യമാണിത്... അഴിമതി നേതാവ് അഴിക്കകത്തായാല്‍ അണികള്‍ അഴിഞ്ഞാടണം അതാണ്‌ അതിന്‍റെ ഒരു രീതി.. പൊതുമുതല്‍ നശിപ്പിക്കുക, വാഹനങ്ങള്‍ തകര്‍ക്കുക, കടകള്‍ കൊള്ളയടിക്കുക, വൈദ്യുതി തടസപ്പെടുത്തുക, അന്യന്‍റെ പറമ്പിലെ തെങ്ങില്‍ കയറി കരിക്കിട്ട് കുടിക്കുക, അയല്‍ക്കാരന്‍റെ മുറ്റത്ത്‌ അപ്പിയിടുക, തടത്തില്‍ നില്‍ക്കുന്ന വാഴക്കുല വെട്ടുക, കിണറ്റില്‍ മണ്ണെണ്ണ ഒഴിക്കുക തുടങ്ങിയ പരിപാടികളും തുടര്‍ന്നു നടത്താം... ആ ദിവസത്തെ ഇമ്മാതിരി കലാപ പരിപാടികള്‍ക്കെതിരെ ആരും മിണ്ടില്ല.. അത് പ്രതിഷേധമല്ലേ പ്രതിഷേധം.... വ്യാപകവും, പരക്കെയും ,ഇടതടവില്ലാതെയും ആക്രമണം നടത്തിയാണ് അണികള്‍ അഴിമതിക്കാരായ നേതാക്കള്‍ക്ക് പിന്തുണ കൊടുക്കുന്നത്... നേരെചൊവ്വേ പറഞ്ഞാല്‍  നേതാവ് മാത്രമല്ല സമൂഹ്യദ്രോഹികളായ അണികളും അഴിയെണ്ണേണ്ടവര്‍ തന്നെയാണ്...
  ഇനി കാര്യത്തിലേക്ക് വരാം. നമ്മുടെ അയല്‍ക്കാരി  അമ്മച്ചി ഏതാണ്ട് ചില്ലറ കോടി കട്ടതിനു കോടതി ശിക്ഷിച്ചുവെന്ന കാര്യത്തില്‍ അയല്പക്ക രാജ്യത്ത് പരക്കെ അക്രമം നടക്കുന്നു..  അഞ്ചുവര്‍ഷം കൊണ്ട് അറുപത്തിയഞ്ചു കോടി സമ്പാദിച്ചുവെന്ന നിസ്സാരകാര്യത്തിനു കോടതി നാലുവര്‍ഷം തടവും നൂറുകോടി പിഴയും വിധിച്ചിരിക്കുന്നു... എവിടുന്നു എടുത്തു കൊടുക്കാനാണ്. അറുപത്തിയഞ്ചു കോടി ഉണ്ടാക്കിയതിനു; നൂറു കോടി പിഴ; ഇതു എന്തു കോപ്പിലെ ന്യായമാണ്. ഉണ്ടാക്കിയ അറുപത്തിയഞ്ചുകോടിയും ബാക്കിവരുന്ന മുപ്പത്തിയഞ്ചുകോടിയും ചേര്‍ത്ത് നൂറുകോടി പിഴ അടയ്ക്കണമെങ്കില്‍ ഇനിയും മൂന്നു വര്‍ഷമെങ്കിലും  ഭരിക്കാന്‍ കിട്ടണം. എങ്കിലേ കണക്ക് ശരിയാകൂ.. അല്ലെങ്കില്‍ നൂറുകോടി എന്നത് ‘നൂറുകൊടി’ എന്നാക്കി മാറ്റണം..  ഈ ശരികേടില്‍  പ്രതിഷേധിച്ചാണ് അണികള്‍ ബഹളം വയ്ക്കുന്നത്...
 91-96 ലെ ആദ്യ ഭരണത്തില്‍ രണ്ടായിരം ഏക്കര്‍ ഭൂമിയടക്കം അറുപത്തിയഞ്ചുകോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കിയതിനാണ് ഈ  കേസ് ഉണ്ടായത്... ഇന്നത്തെ കോടികള്‍ ഇതില്‍പ്പെടുന്നില്ല.. 800കിലോഗ്രാം വെള്ളി ,28കിലോഗ്രാം സ്വര്‍ണ്ണം ,750ജോഡി ചെരുപ്പ് ,10500സാരി, 91വാച്ച് ഇവയൊക്കെ കേസിലെ തൊണ്ടി മുതലായി പറയപ്പെടുന്നു... ഏതായാലും സംഗതി അമ്മച്ചിക്ക് പണിയായി. ഇതൊക്കെ അനധികൃത സമ്പാദ്യമാണ് പോലും...

 കളവ് നടത്തിയ കാര്യത്തില്‍ ഒരു കള്ളനെ കോടതി ശിക്ഷിച്ചാല്‍ അതില്‍ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നം... ഒരു പ്രശ്നവുമില്ല.. പിന്നെ ആര്‍ക്കാണ് പ്രശ്നം..? കള്ളന്‍റെ ശിങ്കിടികള്‍ക്ക്; അല്ലാതാര്‍ക്ക്.... ആയമ്മ സാരി വാങ്ങിയും ചെരുപ്പു വാങ്ങിയും ഖജനാവിലെ കാശു മുഴുവന്‍ ധൂര്‍ത്തടിച്ചിട്ടും ഈ കുരുപ്പകള്‍ എന്തേ ഇങ്ങനെ ബഹളം കൂട്ടുന്നു.. അഴിമതി കേസില്‍ അമ്മച്ചി അകത്തായത്തോടെ കുരുപ്പകള്‍ ഒന്നാകെ റോഡിലിറങ്ങുന്നു, വണ്ടി കത്തിക്കുന്നു, കൊള്ള നടത്തുന്നു, വൈദ്യതി വിശ്ച്ച്ചെദിക്കുന്നു.. കേസ് കൊടുത്തവന്‍റെ വീടിനു കല്ലെറിയുന്നു ,വനിതാ കുരുപ്പകള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു... അമ്മച്ചിയുടെ ആജന്മ വൈരിയും നേരെനില്ക്കാന്‍പ്പോലും ആക്കമില്ലാത്തതുമായ അപ്പാപ്പന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തുന്നു.. ഇങ്ങനെയാവണം അണികള്‍;;;;; തൂറിയവനെ ചുമന്ന്` സ്വയം നാറുന്ന അണികള്‍... പണ്ടൊരു ആശാന്‍ കാലിത്തീറ്റ കട്ടുതിന്ന കേസില്‍ അറസ്റ്റു ചെയ്യാന്‍ പട്ടാളത്തെ വിളിക്കേണ്ടിവന്ന രാജ്യമാണ് ഇതിലപ്പുറവും നടന്നാല്‍ അത്ഭുതപ്പെടാനില്ല... ഇതാണ് നെഹ്രൂജി പറഞ്ഞ ആ നാനാത്വത്തിലെ ഏകത്വം..
 ഈ കോടതി വിധിയിലൂടെ ദൈവം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇതാ ഒരു തെളിവുകൂടി കിട്ടിയിരിക്കുന്നു... പരിണാമസിദ്ധാന്തവും പൊക്കിപ്പിടിച്ച് നടക്കുന്ന നിരീശ്വരവാദികള്‍ ഇനിയെങ്കിലും ചുവടുമാറ്റണം.. മുല്ലപ്പെരിയാറില്‍ കേരളത്തിന്‍റെ വെള്ളംകുടി മുട്ടിച്ച ജയാമ്മ അങ്ങനെ അകത്തായില്ലേ... മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള എല്ലാ പരീക്ഷയിലും തോറ്റുതുന്നം പാടി, ഒടുക്കം സുപ്രീംകോടതിയില്‍ നിന്നുവരെ തല്ലുവാങ്ങിയ കേരളസര്‍ക്കാര്‍ ഉളുപ്പില്ലാതെ വെളുക്കെ ചിരിച്ചപ്പോള്‍... അണക്കെട്ടു പൊട്ടിയാല്‍ ഇഹലോകവാസം വെടിയേണ്ടിവരുന്ന പാവപ്പെട്ട ജനം  എല്ലാം പ്രധാന ക്ഷേത്രങ്ങളിലും  മുല്ലപ്പെരിയാറിനു വേണ്ടി തുലാഭാരം നടത്തി ,എല്ലാ പള്ളികളിലും മെഴുകുതിരി കത്തിച്ചു.. കൂട്ടനിസ്ക്കാരങ്ങള്‍ നടത്തി... ശത്രു സംഹാരപൂജകളും, വെടിവഴിപാടുകളും ആവോളം നടത്തി . ഒന്നും പാഴായില്ല.   ഒടുവില്‍ എന്തായി,,,,,,,അമാവാസി ചതിച്ചു; ജയലളിത അകത്തായി.... ലതാണ് കാര്യം.. കേരളത്തിന്‍റെ പ്രക്കാണ് ജയലളിതയ്ക്ക് കെണിയായത്‌.. അണക്കെട്ടിങ്ങു വിട്ടുതന്നാല്‍ ജാമ്യം ഉറപ്പ്..  

 പൊതുഖജനാവിലും,`ജനകീയ പദ്ധതികളിലും കയ്യിട്ടുവാരി കൊള്ളനടത്തി സ്വന്തം അരക്കെട്ടുവീര്‍പ്പിക്കുന്ന അലവലാതികള്‍ക്ക് ഒരുളുപ്പും കൂടാതെ ജയ്‌ വിളിക്കുന്ന പേക്കോലങ്ങളാണ് ഈ നാടിന്‍റെ ശാപം.. പെരുംകള്ളന്‍റെ മേശയില്‍നിന്നും വീഴുന്ന ഉച്ചിഷ്ടങ്ങള്‍ ആവോളം നക്കിത്തിന്നശേഷം ആസനത്തിലെക്ക് തിരുകിയ വാല് ആകാശത്തിലേക്ക് വളച്ചുകൊണ്ട് ഓരിയിട്ടു നിരത്തിലിറങ്ങുന്ന അണികളെന്ന സമൂഹ്യദ്രോഹികള്‍ സമാധാനം ജീവിതം ആഗ്രഹിക്കുന്ന സാധരണക്കാരനെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.. അവശ്യസര്‍വ്വിസുകളും അവശ്യവസ്തുക്കളുടെ വിതരണവും ഈ അരാജകവാദികള്‍ തടയുന്നു.. ആര്‍ക്കുവേണ്ടി..? എന്തിനുവേണ്ടി..??. പൊതുജനത്തിന്‍റെ ചോരകുടിച്ചുവീര്‍ക്കുന്ന  നേതാവിന്‍റെ അമേദ്യവും ഉച്ചിഷ്ടവും അമൃതായി കരുതുന്ന അക്ഷരജ്ഞാനമില്ലാത്ത അലവലാതി അനുയായികളുള്ള കാലത്തോളും അഴിമതിരഹിത ഇന്ത്യ നമുക്കൊരു സ്വപ്നമായിത്തന്നെ തുടരും....


5 comments:

  1. എവിടെയായിരുന്നു മാഷേ

    ReplyDelete
  2. തുളസി എവിടെ ആയിരുന്നു? ഫേസ് ബുക്കില്‍ ഞാന്‍ ഒന്നുരണ്ട് മെസേജ് അയച്ചിരുന്നു. അതിനും മറുപടി കാണാത്തപ്പോള്‍ ഞാനോര്‍ത്തു ഓണ്‍ലൈന്‍ രാജ്യം വിട്ടുപോയിട്ടുണ്ടാവും എന്ന്.

    എന്തായാലും ജയയുടെ അറസ്റ്റിനെപ്പറ്റി വ്യത്യസ്തമായൊരു കുറിപ്പ് ഇവിടെ ഈ ലിങ്കില്‍ വായിക്കാം: http://disorderedorder.blogspot.com/2014/09/blog-post_28.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+namath+%28%E0%B4%A8%E0%B4%AE%E0%B4%A4%E0%B5%8D%29

    ReplyDelete
    Replies
    1. അജിത്തെട്ടാ അല്പം തിരക്കില്‍ ആയിരുന്നു... ഓര്‍മ്മിച്ചതിനു നന്ദി... ലിങ്ക് വായിച്ചു..കൊള്ളാം

      Delete
  3. അഴിമതി നടത്തിയവർക്ക് വേണ്ടി ജീവൻ ത്യജിക്കുന്ന ഈ കാലത്ത് അഴിമതിക്കെതിരെ സമരം നടത്തുന്നത് മാന്യമായി പറഞ്ഞാൽ മുഴു വട്ടാണ്

    ReplyDelete
  4. പാവം ജെയലെളിതാമ്മ കട്ടത് 66 വെറും കോടി. ലാവ്ലിൻ വിജയയൻ, കാലി തീറ്റ ലല്ലു, സ്പെക്ട്രം രാജ, ഏഷ്യൻ ഗംസ് കൽമാടി, ഇനിയും എത്രയൊ മിടുക്കർ നമുക്കുണ്ട് ഇവരുടെയെല്ലാം പ്രയോജകർ പ്രതികരിക്കും. പണിയെടുക്കാതെ പണമുണ്ടാക്കുകയാണല്ലോ ഇൻഡ്യൻ രാഷ്ടീയം

    ReplyDelete