**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, September 30, 2014

എന്നാലും എന്‍റെ തലപ്പാവേ,,,,,,വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഒരു പാവം മലയാളികൊലയാളി തലപ്പാവ് അണിയിച്ചത് വലിയ വിവാദമായിരിക്കുകയാണ്.. തലപ്പാവ് അണിയിച്ച ആള്‍ ഒരു കൊലപാതകകേസിലെ ഒന്നാം പ്രതിയാണെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്... ചിലര്‍ ഇപ്പോഴും അതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്; അടുത്ത കാലത്തൊന്നും പഠനം തീരാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ അവിടെനിന്നും അഭിപ്രായമൊന്നും പ്രതീക്ഷിക്കേണ്ട.. കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തില്‍ വന്നതുതന്നെ ഒരു കൊലപാതകകേസില്‍ അനുശോചനം അറിയിക്കാനും, അതിന്‍റെ അന്വേഷണം വേഗത്തിലാക്കാനുമാണ്. അപ്പോളാണ്  മറ്റൊരു കൊലക്കേസ് പ്രതി അദേഹത്തെ തലപ്പാവ് അണിയിക്കുന്നത്... അത് മോശമായിപ്പോയിയെന്നൊരു വിഭാഗം പറയുന്നു. അല്ല ആ ചെയ്തതില്‍ ഒരു കുഴപ്പവുമില്ലെന്നു മറ്റൊരു വിഭാഗവും പറയുന്നു. ഇപ്പോള്‍ അതാണ്‌ ഫാഷന്‍പോലും . പണ്ടൊക്കെ ചെറിയ കുട്ടികള്‍ മന്ത്രിമാര്‍ക്ക് ബൊക്ക നല്‍കി സ്വീകരിക്കലായിരുന്നു രീതി... പിന്നിടത് കസവുചുറ്റിയ തരുണിമണികളുടെ പുഷ്പ വൃഷ്ടിയോടെയായി.. അതും ഓള്‍ഡ്‌ ഫാഷനായി.. ന്യൂ ജനറേഷന്‍ രീതിയനുസരിച്ച് ആഭ്യന്തരമന്ത്രിക്ക് മാല യിടുന്നത് മിനിമം ഒരു കൊലപാതകക്കേസിലെ ഒന്നാംപ്രതി തന്നെയാകണം.. അതേ ഇവിടെ നടന്നോള്ളൂ.. അത്രേള്ളൂ..... അതിനാണ് ഈ കണ്ട പുകിലെല്ലാം..
  തലപ്പാവ്  വിഷയത്തില്‍ കേരളപോലീസിനു ഒന്നും ചെയ്യാനില്ലയെന്നും ചെയ്യേണ്ടതു മുഴുവന്‍ എന്‍.എസ്.ജി ആണെന്നും പതിവ് പോലെ കേരള ആഭ്യന്തരന്‍ പറഞ്ഞിട്ടുണ്ട്.. അല്ലേലും മന്ത്രിമാരുടെ പരിപാടിയില്‍ ഈച്ച യാട്ടുന്ന പരിപാടിയെ പോലിസിനുള്ളൂവെന്നു ആര്‍ക്കാണ് അറിയാത്തത്... ഈ സംഭവം അങ്ങേയറ്റം മ്ലേച്ചമാണെന്നു പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്... കൊലക്കേസ് പ്രതികളെ ഏതെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ ചിക്കനും വാറ്റും കൊടുത്ത് പാര്‍പ്പിക്കലാണ് ശരിയായ രീതിയെന്നാണ് അവരുടെ നിലപാട്... എന്നാല്‍ കൊലക്കേസ് പ്രതികള്‍ ജനമദ്ധ്യത്തില്‍ പരസ്യമായി സഞ്ചരിച്ച് തലപ്പാവും ഷാളും അണിയിക്കെണ്ടവരാണെന്നാണ് പ്രതിയുടെ പാര്‍ട്ടിക്കാര്‍ പറയുന്നത്.. ആകെ മൊത്തം ബഹളം.. ഇതിനിടയില്‍ ഗ്യാസ് സിലണ്ടര്‍ പന്ത്രണ്ടില്‍നിന്നും ഒന്‍പതാക്കാന്‍ തീരുമാനിച്ചത് ആരുമറിഞ്ഞില്ല... ടാക്സി നിരക്ക് കൂട്ടിയത് ആരുമറിഞ്ഞില്ല... ഒരു കണക്കിന് നോക്കിയാല്‍ ഈ തലപ്പാവ് ധരിപ്പിക്കലൊന്നും  ഒരു സംഭവമേയല്ലെന്ന നിലപാടാണ് സമ്മതിക്കേണ്ടത്...  ജനപ്രതിനിധികളില്‍ നല്ലൊരു ഭാഗവും കൊലപാതകം ബലാല്‍സംഗം തുടങ്ങിയുടെ ഉസ്താദ്മാരായിരികുമ്പോള്‍ കേവലം ‘ഒരു’ കൊലപതാകക്കേസില്‍ മാത്രം ഒന്നാം പ്രതിയായിട്ടുള്ള ഒരു നിഷ്കളങ്ക യുവാവ്; മന്ത്രിയെ  തലപ്പാവ് അണിയിച്ചതിലെന്താണ് കുഴപ്പമെന്നുള്ളതാണ് കാലികമായ ചോദ്യം.. അതിനോടൊപ്പം ഉയരുന്ന മറ്റു ചോദ്യങ്ങള്‍ ഇവയാണ്.... പ്രതിയുടെ മനുഷ്യാവകാശത്തിനു ഇവിടെ ഒരു വിലയുമില്ലെ..?. അയാള്‍ക്കുമില്ലേ മോഹങ്ങളും ആഗ്രഹങ്ങളും..??. സത്യത്തില്‍ പ്രതി എന്നതു തന്നെ പോലീസും മാധ്യമങ്ങളും ചേര്‍ന്ന്‍ രൂപപ്പെടുത്ത ഒരു സങ്കല്‍പമല്ലെ.?? കോടതി ശിക്ഷിക്കാത്ത കാലത്തോളും ഒരാള്‍ പ്രതിയാകുന്നതെങ്ങനെ.???. HOW IS IT YOUR OWNER …….. ഈ ലാ പോയിന്റ് നന്നായി പഠിച്ച ശേഷമാണ് ടിയാനെ തലപ്പാവ് അണിയിക്കാന്‍ വിട്ടത്.. ഇതൊന്നും ഇവിടുത്തെ ഫൂള്‍സിനുമറിഞ്ഞുകൂടാ... മാത്രമല്ല വിവരമില്ലാത്ത ചിലര്‍ ഒരു പടികൂടികടന്ന് കേരളാപോലിസിനെയും വിമര്‍ശിച്ചു കളഞ്ഞു... കൊലപാതകി മാലയിട്ടെങ്കില്‍  അത്  മന്ത്രിയും എന്‍.എസ്.ജി യും സമ്മതിച്ചാല്‍ മാത്രമേ നടക്കത്തൊള്ളൂ.. മന്ത്രിക്ക് ചുറ്റും എന്‍ .എസ് .ജി വട്ടമിട്ടു പറക്കുമ്പോള്‍ കോളാമ്പിയും ചെല്ലവുമായി പിറകെ നടക്കലാണ് നമ്മുടെ പോലീസിന്‍റെ പണി... കൊലപാതക കേസിലെ പ്രതി മന്ത്രിക്ക് മുത്തം കൊടുത്താലും കണ്ണടച്ചു നിന്നുകൊള്ളണം.. അതാണ്‌ ഓഡര്‍.. തിണ്ണമിടുക്ക് കാട്ടാന്‍ നമുക്ക് വേറെയെത്ര വേദികിടക്കുന്നു...  ഇവിടെ കൊലപാതകിയുടെ ചന്തി കഴുകിയ അതേ പോലിസ് തന്നെയാണ് ; മോഷണകുറ്റം ആരോപിക്കപ്പെട്ട സ്ത്രീയുടെ നട്ടെല്ല് തകര്‍ത്തുകൊണ്ട് മിടുക്ക് കാട്ടിയത് .അതുകൊണ്ട് പോലിസ് ഒന്നും ചെയ്യുന്നില്ലായെന്നു മാത്രം പറയുയരുത്.. തിരിച്ചു തല്ലുകിട്ടില്ലായെന്നു ഉറപ്പുള്ള ആരെയും തല്ലും കസ്റ്റഡിയിലെടുക്കും... സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ സ്ത്രീയുടെ  മനുഷ്യാവകാശം സംരക്ഷിച്ച അതേ പോലിസ് തന്നെയാണ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയുടെ നട്ടെല്ല് തകര്‍ത്തത് ...അതാണ് നമ്മുടെ പോലിസ് ലൈന്‍... അതുകൊണ്ട് ഇതൊന്നും വല്യ ഇഷ്യൂ ആക്കെണ്ടാ...
 ഈ തലപ്പാവും പൊക്കിപ്പിടിച്ച് നടക്കുന്ന കേരളത്തിലെ ഫ്രീക്കന്മാര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേയെന്നാണ് ചില കോണില്‍നിന്നും ഉയരുന്ന മറ്റൊരു ചോദ്യം. പണ്ട് മരിയഷറപ്പോവ ഏതോ ഇന്റെര്‍വ്യൂവില്‍  സച്ചിനെ അറിയില്ലായെന്നു പറഞ്ഞതില്‍ പ്രതിഷേധിച്ച് നാട്ടിലും വീട്ടിലും നടന്ന  എല്ലാ പ്രശ്നങ്ങളും മറന്ന്‍ അവരുടെ ഫേസ്ബുക്ക്പേജില്‍ പോയി മലയാളത്തില്‍ തെറിയഭിഷേകം നടത്തി ഉദ്ബുദ്ധത കാട്ടിയവാരാണ് നമ്മള്‍ മലയാളികള്‍.. അങ്ങനെയുള്ള നമ്മള്‍ ഇന്നിപ്പോള്‍ ഈ തലപ്പാവ് പ്രശ്നത്തെക്കാള്‍ വലിയ പ്രാധാന്യം കൊടുക്കേണ്ടത്  മംഗള്‍യാന്‍ എന്താണെന്ന് അറിയില്ലായെന്നു പറഞ്ഞ കരീന കപൂറിന്‍റെ അഭിപ്രായത്തിനല്ലേ..  അവരെ തെറിപറയാന്‍ പോകാതെ ഇവിടെ എല്ലാവനും തലപ്പാവുംപ്പൊക്കിപ്പിടിച്ച് നടക്കുന്നതില്‍ എന്തോ ഗൂഡാലോചനയുണ്ട് അതിനും ഒരു സി ബി ഐ അന്വേഷണം വേണമെന്നാണ് എന്‍റെ നിലപാട്.....
കൊന്നവനും കൊല്ലിച്ചവനും രക്തംപുരണ്ട കൈകൊണ്ടു അണിയിക്കുന്ന തലപ്പാവിനും  ഷാളിനുമൊക്കെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി ശിരസ്സ്‌ കുനിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യം എത്രയോ അപകടാവസ്ഥയിലായി കഴിഞ്ഞുവെന്നാണ് കരുതേണ്ടത്... അക്രമികള്‍ അരങ്ങു വാഴുമ്പോള്‍ സാധാരണക്കാരന്‍ കര്‍ട്ടനുപിന്നില്‍ ഒളിക്കാന്‍ നിര്‍ബന്ധിതനാക്കപ്പെടുന്നു... കതിരൂരിലും തിരുവനന്തപുരത്തുമൊക്കെ വെട്ടി വീഴ്ത്തപ്പെട്ടവരെ ഒരേ കണ്ണിലൂടെ കാണാനാണ് ഒരു മന്ത്രി ശ്രമിക്കേണ്ടത്... കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൊലയാളികള്‍ക്കെതിരെ മുഖം നോക്കാത്ത നടപടിയാണ് ജനം ആഗ്രഹിക്കുന്നത്... ചില കൊലപാതകക്കേസിലെ പ്രതികള്‍ ആഭ്യന്തരമന്ത്രിക്ക് തലപ്പാവ് അണിയിക്കുമ്പോള്‍;  നമ്മള്‍ ഭരിക്കുമ്പോള്‍ നമുക്ക് കൊല്ലാം എന്നൊരു ദു:സൂചന കടന്നുവരുന്നു... ശാശ്വത സമാധാനമല്ലെ ഈ വരവിന്‍റെ ഉദേശ്യം അല്ലായെങ്കില്‍  ചോരയില്‍ മുക്കിയ തലപ്പാവിനേക്കാള്‍ മഹാത്മയുടെ  ഊന്നുവടിയും ഘടികാരവുമാണ് നാടിനാവശ്യം...

4 comments:

 1. എന്നാലും എന്‍റെ പാവേ

  ReplyDelete
 2. ചില കൊലപാതകക്കേസിലെ പ്രതികള്‍ ആഭ്യന്തരമന്ത്രിക്ക് തലപ്പാവ് അണിയിക്കുമ്പോള്‍; നമ്മള്‍ ഭരിക്കുമ്പോള്‍ നമുക്ക് കൊല്ലാം എന്നൊരു ദു:സൂചന കടന്നുവരുന്നു...>>>>>>> അതാണേറ്റവും അപകടകരമായ കാര്യവും!

  (തൊപ്പി ധരിപ്പിച്ച ആള്‍ വീയെസിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നതോടെ സീപ്പീയെമ്മിന് മിണ്ടാട്ടം മുട്ടിപ്പോയി എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. )

  ReplyDelete
  Replies
  1. അപ്പൊ ആളൊരു മിടുക്കന്‍ തന്നെ ആയിരിക്കും,,,

   Delete
 3. രാജീവ്‌September 30, 2014 at 9:28 PM

  ആദര്‍ശത്തെക്കള്‍ അണികളെ കൂടെ നിറുത്താനും ജനങ്ങളെ ഭയപ്പെടുത്താനും നല്ലത് ഗുണ്ടായിസമാണെന്ന് നേതാക്കള്‍ക്ക് നന്നായി അറിയാം

  ReplyDelete