**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, April 23, 2017

കുരിശായ കുരിശുതകര്‍ക്കല്‍


  പാപ്പാത്തിച്ചോലയും, മലയിലെ പൊളിച്ചകുരിശും പ്രശസ്തമാവുകയാണ്.. കൈയ്യേറ്റമെന്നൊക്കെ ചുമ്മാ പറയുന്നതാണ്; അവിടെ ഒരു കൈയ്യേറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.. ചുമ്മാ കാടുംപടലും പിടിച്ചുകിടന്ന സ്ഥലത്ത് സ്പിരിച്യല്‍ ടൂറിസം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്പിരിറ്റ് കൂടിയ എതോചിലര്‍ മൂന്നാറിലെ ഏതോ വെല്‍ഡിങ്ങ് കേന്ദ്രത്തില്‍ വച്ച് രണ്ടു ഇരുമ്പുകഷണങ്ങള്‍ ഒരു നിശ്ചിത അളവില്‍ കൂട്ടിയോജിപ്പിച്ച് ലോറിയിലും തലച്ചുമടായും കൊണ്ടുവന്നു പാപ്പാത്തിമലയില്‍ നാട്ടിവയ്ക്കുന്നു. ചുമ്മാ ഒരു അടയാളത്തിന് വേണ്ടിമാത്രം.. നാട്ടിക്കഴിഞ്ഞപ്പോഴാണ് അതിനു കുരിശുരൂപത്തിനോട് സാമ്യമുണ്ടായത്. അതുവരെ വനംവകുപ്പിനോ റവന്യൂവകുപ്പിനോ ഒരു അപാകതയും തോന്നിയില്ല. വണ്ടിക്ക് കൊണ്ടുവന്നതോ തലച്ചുമടായി കൊണ്ടുപോയതോ കോണ്ക്രീറ്റിട്ടു ഉറപ്പിച്ചതോ ഒന്നും   ആരും  അറിഞ്ഞുമില്ല... ഇത്തരം കാഴ്ചയില്ലാത്ത ചെകിടു കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ? നാട്ടിയത് പൊളിക്കുന്നതിന് മുന്‍പ് നാട്ടാന്‍ സഹായിച്ച ഉദ്യോഗസ്ഥരേ ആദ്യം പുറത്താക്കണം. കള്ളന്‍റെ കൈയ്യില്‍ തന്നെ താക്കോല്‍ കൊടുത്തിട്ടു എന്തുവേലികെട്ടിയിട്ടും കാര്യമില്ല..
   
 അതുപോലെ കാണുന്ന കുരിശെല്ലാം കര്‍ത്താവിന്‍റെ കുരിശല്ല. ഗാഗുല്‍ത്തായില്‍ കര്‍ത്താവിന്‍റെ കുരിശിനോപ്പം രണ്ടുകുരിശുകള്‍കൂടി ഉണ്ടായിരുന്നു കള്ളന്മാരുടെ കുരിശുകള്‍.. ശ്രദ്ധിക്കുക മൂന്നില്‍ രണ്ടുകുരിശും കള്ളന്മ്മാരുടെ കുരിശാണ്... കള്ളത്തരത്തില്‍ കയ്യേറിയ സ്ഥലത്തുകണ്ട കുരിശ് ഇതില്‍ ഏതാണെന്ന് യഥാര്‍ഥ വിശ്വാസിക്കറിയാം. സാത്താന്‍ സേവകരെന്നു പറഞ്ഞു കത്തോലിക്കാ സഭ പുറത്താക്കിയ . ടോം സഖറിയാസ്, സ്വർഗ്ഗത്തിലെ മുത്ത് എന്ന് സ്വയം വിളിക്കുന്ന സിന്ധു തോമസ് തുടങ്ങിയ ഡ്യൂപ്പ്ളിക്കെറ്റ് കുരിശുകൃഷിക്കാര്‍ നടത്തിയ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ വിശ്വസികള്‍ക്കൊന്നും വ്രണപ്പെടാന്‍ സാദ്ധ്യതയില്ല. സമാനചിന്താഗതിക്കാരായ ചില ആത്മീയവ്യാപാരികള്‍ക്ക് ചിലപ്പോ വ്രണപ്പെട്ടെക്കും അത് മറ്റൊന്നും കൊണ്ടല്ല നുമ്മടെ കഞ്ഞിയിലും മണ്ണുവീഴുമോയെന്ന ഭയം കൊണ്ടാണ്.

 പക്ഷെ കത്തോലിക്കാസഭ പറയുന്നപോലെ അല്ല കാര്യങ്ങള്‍ ടോം സഖറിയായുടെ കുരിശാണ് യഥാര്‍ത്ഥ കുരിശ്.. ഒരുസംശയവും വേണ്ട... അതില്‍ തൊട്ടവര്‍ക്കെല്ലാം പണികിട്ടികൊണ്ടിരിക്കുന്നു... കുരിശു പറിക്കാന്‍ പോയ ജെ സി ബി യെ ആ നാട്ടില്‍നിന്നും വിലക്കപ്പെട്ടിരിക്കുന്നു. കുരിശു പറിക്കാന്‍ ഉത്തരവിട്ട സാബ്‌ കളക്ടര്‍ വെറും കോന്തന്‍ ആണെന്നു ഇടുക്കിയിലെ പ്രധാന ആത്മീയനേതാവ് മണിയശന്‍ പറഞ്ഞിരിക്കുന്നു.. സബ് കലക്ടറെ ഉടനടി ഊളമ്പാറയിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നു... കുരിശുവിഷയത്തില്‍ ഇടപെട്ട മണിയാശാനു കോന്തന്‍ പ്രഖ്യാപനത്തില്‍ ഏഷ്യനെറ്റ് ജഡ്ജി വിനുവണ്ണന്‍ ശിക്ഷ വിധിക്കുന്നു... വിനുവണ്ണന്‍റെ തന്തയ്ക്ക് വിളിയും പെലവിളിയുയുമായി സ്ഥലം  എം എല്‍ എ... കുരിശു വിഷയത്തില്‍ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രിയെ  ചാനലുകാര്‍ വട്ടമിട്ടു ആക്രമിക്കുന്നു... ടോം സക്കറിയയെ സഭയില്‍ നിന്നും പുറത്താക്കിയ അതേ മെത്രന്മാര്‍ പറയുന്നു ടോം സക്കറിയ നാട്ടിയത് യഥാര്‍ത്ഥ കുരിശുതന്നെയാണെന്ന്.. അതിന്‍റെ തെളിവായി പൊളിച്ച കുരിശ് നിന്ന അതേ സ്ഥലത്ത് പിറ്റേദിവസം മറ്റൊരു കുരിശു മുളച്ചുവെന്നും പറയപ്പെടുന്നു.. ചുരുക്കത്തില്‍  ആ പ്രദേശം മുഴുവന്‍ അത്ഭുതങ്ങള്‍  നടക്കുകയാണ്.. ആരുമതു കാണുന്നില്ലായെന്നുള്ളതാണ് വാസ്തവം... അവിടെ പോയ എല്ലാവരുടെയും ചൊറി ചിരങ്ങ് വരട്ടുചൊറി തുടങ്ങിയ എല്ലാ അസുഖങ്ങളും മാറിയതായി പറയപ്പെടുന്നു... മാത്രമല്ല പൊളിക്കാന്‍ പോയ ദൌത്യസേനക്കാര്‍ വയറ്റിളക്കം പിടിച്ചുകിടപ്പിലായെന്നും പറയുന്നു. ഇനി ആര്‍ക്കൊക്കെ പണികിട്ടുമെന്നു കാത്തിരുന്നു കാണാം.
  
 റോഡുവക്കിലെ മദ്യനിരോധനം കാരണം കേരളത്തിന്‍റെ ഖജനാവില്‍ കാജാബീഡി വാങ്ങാനുള്ള കാശുപോലും ഇല്ലാന്നാണ്‌  ഐസക് സര്‍ പറഞ്ഞിരിക്കുന്നത്... സര്‍ക്കാര്‍ സംവിധാനത്തെ പോറ്റാന്‍ ഇനിയിപ്പോ സാധാരണക്കാരന്‍റെ  അണ്ടര്‍വെയര്‍ വരെ കീറേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്.. അപ്പോഴാണ്‌ ഈ പൊന്മുട്ടയിടുന്ന താറാവിനെ ആരും കാണാതെ പോകുന്നത്.. സര്‍ക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം. ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ  കാടും പടലും പിടിച്ചുകിടക്കാന്‍  എന്തിനാ കുറെ സര്‍ക്കാര്‍ ഭൂമി... എല്ലായിടത്തും എന്തെങ്കിലും കൃഷി നടക്കട്ടെ... പാട്ടക്കാര്‍ വന്നാല്‍ ഭൂമി പാട്ടത്തിനു കൊടുക്കുക... കുരിശുകൃഷിയെങ്കില്‍ കുരിശുകൃഷി; കൃഷി നടക്കട്ടെ.. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ലേലം വിളിച്ചു ഭൂമികൊടുക്കണം.. കുരിശോ, ഭണ്ടാരമോ, ശൂലമോ, കബറോ എന്തുവേണമെങ്കിലും ഉണ്ടാക്കട്ടെ.പക്ഷെ ഗുണം സര്‍ക്കാരിനും കിട്ടണം. ഭൂമി ലേലംവിളിച്ചു കൃത്യമായ വ്യവസ്ഥകള്‍ക്ക് വിധേയമായി പാട്ടത്തിനു കൊടുക്കുക... ഏക്കറിന് അമ്പതു ലക്ഷത്തിനു മുകളില്‍ പാട്ടത്തുക നിജപ്പെടുത്തുക.. അവിടെ നടത്തുന്ന ആത്മീയ വ്യവസായത്തില്‍ അമ്പതു ശതമാനം ലാഭവിഹിതവും ആവശ്യപ്പെടുക... ഇങ്ങനെ കൊടുക്കുന്ന പാട്ട ഭൂമിയില്‍ ഭണ്ടാരം വെയ്ക്കാനുള്ള ലൈസന്‍സ് പൊതുലേലത്തിനു  വിടുക... കൂടാതെ ആ ഭൂമിയില്‍ നടക്കുന്ന ആരാധന പൂജകര്‍മ്മങ്ങള്‍ എന്നിവയെല്ലാം ആഡംബരനികുതിയുടെ കീഴിലാക്കുക.. മാത്രമല്ല പ്രദേശത്ത് സ്വകാര്യവാഹനങ്ങള്‍ നിരോധിച്ച് കെഎസ് ആര്‍ ടിസി സര്‍വിസുകള്‍ മാത്രം അനുവദിക്കുക... ഇങ്ങനെ നിരവധി പരിപാടികള്‍ നടത്തിക്കൊണ്ടു ഉപയോഗശൂന്യമായി കിടക്കുന്ന ഇടുക്കിയിലെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും ആവശ്യക്കാര്‍ക്ക് പതിച്ചു കൊടുക്കണം.. റിസോട്ട്, ഹോട്ടല്‍, പാറമട ,കുരിശുമല, അമ്പലം, പള്ളി, മസ്ജിദ് എല്ലാവര്ക്കും ആവശ്യപോലെ പതിച്ചുകൊടുക്കണം... ഏതാണ്ട് ഒരു അമ്പതുവര്‍ഷകൊണ്ട് എല്ലാം ഒരു പരുവമായിക്കോളും. പിന്നെ ഒഴിപ്പിക്കാനൊന്നും പോവേണ്ട തനിയെ ഒഴിഞ്ഞുപോയ്ക്കോളും...

 എല്ലാകാര്യത്തിലും ഒരു പ്രാക്ടിക്കല്‍ മൈന്‍ഡാണ്  ആവശ്യം. നാട്ടില്‍ ഒരു ആരാധനാലയത്തിന് സമീപം അല്പം കൃഷിസ്ഥലം ഉണ്ടായിരുന്ന ഒരു കര്‍ഷകന്‍  ശരിക്കും പൊറുതിമുട്ടി. കാരണം മറ്റൊന്നുമല്ല ആരാധാനാലയത്തില്‍ രാത്രി ആഘോഷങ്ങള്‍ക്ക് വരുന്ന ഭക്തജനങ്ങള്‍ കര്‍ഷകന്‍റെ സ്ഥലത്ത് പ്രാഥമികകര്‍മ്മം നിര്‍വഹിച്ച് സ്ഥലംവിടും.. നാറ്റം കാരണം കര്‍ഷകന് തന്‍റെ ഭൂമിയില്‍ കടക്കാന്‍ വയ്യാത്ത അവസ്ഥ. അദേഹം ഒരു ഉപായം കണ്ടുപിടിച്ചു..തന്‍റെ ഭൂമിയില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു അതില്‍ ഇങ്ങനെ എഴുതി ‘ഇവിടെ തൂറരുത്’.. പക്ഷെ പിറ്റേദിവസവും പഴയ അവസ്ഥതന്നെ. തുടര്‍ന്ന്‍  അദേഹം ബോര്‍ഡോന്നു മാറ്റിയെഴുതി. ‘ഇവിടെ എല്ലാവരും തൂറുക’ എന്നാക്കി.. അത്ഭുതമെന്നേ പറയേണ്ടൂ പിറ്റേദിവസം ഒറ്റഭക്തരും ആ സ്ഥലത്ത് കര്‍മ്മം നിര്‍വഹിക്കാന്‍ കയറിയില്ല... ബോര്‍ഡ് വായിച്ച എല്ലാവര്ക്കും സംശയം; ഇതെന്താ ഇങ്ങനെ ഒരു ബോര്‍ഡ്... ഇവിടെ ക്യാമറയുമായി ആരോ ഒളിഞ്ഞിരുപ്പുണ്ട്.. ചിലപ്പോ കര്‍മ്മംനിര്‍വഹിക്കുന്ന പടം പത്രത്തില്‍ വരും അതുകൊണ്ട് അല്പം മുട്ടല്‍ സഹിച്ചാലും ഇവിടെ കയറേണ്ട... ഇവിടെയാണ്‌ തിരുവഞ്ചൂരിനെ മാതൃകയാക്കേണ്ടത്..  
  
  കൈയ്യേറ്റമെന്ന് കേട്ടാല്‍ ഉടനെ ജെസിബിയും പൊക്കിപ്പിടിച്ചു പോകാന്‍ നിക്കരുത്‌. ആതൊക്കെ നമ്മുടെ മുന്‍മന്ത്രി തിരുവഞ്ചൂരിനെ കണ്ടു പഠിക്കണം ..അദേഹത്തിന്‍റെ  ഭരണകാലത്ത് ഇടുക്കിയിലെ എല്ലാ കയ്യേറ്റങ്ങളും ഒരു ബലപ്രയോഗവും കൂടതെ അദേഹം ഒഴിപ്പിച്ചിരുന്നു.  അദേഹത്തിന്‍റെ  മാതൃക ഈ സര്‍ക്കാരും പിന്തുടര്‍ന്നാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. സബ്കളക്ടര്‍ക്ക് ഊളമ്പാറയിലും പോകേണ്ട മണിയാശാനു കോന്തന്‍ പ്രയോഗവും നടത്തേണ്ടിവരുമായിരുന്നില്ല... സംഗതി സിമ്പിള്‍ എല്ലാ  കയ്യേറ്റഭൂമിയുടെ മൂലയ്ക്കും ഇതു സര്‍ക്കാര്‍ ഭൂമിയാണ്‌ എന്നൊരു ബോര്‍ഡ് സ്ഥാപിച്ചാല്‍ മതി.. എല്ലാവര്ക്കും കാര്യം മനസ്സിലാവും.. കയ്യേറ്റക്കാര്‍ തനിയെ ഒഴിഞ്ഞുപോയ്ക്കോളും. ഇനിയിപ്പോ ബോര്‍ഡ് ആരെങ്കിലും പറിച്ചു കളഞ്ഞാല്‍ വീണ്ടും സ്ഥാപിക്കണം. വേണമെങ്കില്‍ ബോര്‍ഡിനു കാവലായി ഓരോ പോലീസുകാരെ നിയോഗിച്ചാലും മതി... അപ്പൊ ഇപ്പൊ കാണുന്ന തരത്തിലുള്ള ഒരു പ്രതിഷേധവും ഉണ്ടാവില്ല.. കയ്യേറ്റക്കാരും ഹാപ്പി സര്‍ക്കാരും ഹാപ്പി..
  
 സര്‍ക്കാര്‍ ഭൂമി കൈയ്യേറാത്ത എതെങ്കിലും മതങ്ങള്‍ കേരളത്തില്‍ ഉണ്ടോ.? തങ്ങളുടെ അധീനതയിലുള്ള കൈയ്യേറ്റഭൂമി തിരിച്ചുകൊടുക്കാന്‍ മതങ്ങളും സാമൂദായിക സംഘടനകളും തയ്യാറാണോ ? അനധികൃത ഭൂമി തിരിച്ചുപിടിച്ചാല്‍ ദൈവകോപം ഉണ്ടാകുമോ? കള്ളത്തരത്തിലൂടെ കൈക്കലാക്കുന്ന ഭൂമിയില്‍ പണിയുന്ന ആരാധനാലയങ്ങളില്‍ ദൈവസാന്നിധ്യം ഉണ്ടാകുമോ.? കയറിക്കിടക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ ഭക്തര്‍ തെരുവില്‍ കിടക്കുമ്പോള്‍ കയ്യേറ്റഭൂമിയില്‍ ദൈവം ഇരിക്കുമോ?   മല കൈയ്യേറി നാട്ടിയ കുരിശു മാത്രമല്ല, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ പൊതു സ്ഥലങ്ങൾ കയ്യേറിയും  വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സകലവിധ മണ്ഡപങ്ങളും, ഭണ്ടാരങ്ങളും, പ്രതിമകളും എല്ലാം പൊളിച്ചു മാറ്റണം. റോഡുവക്കിലെ ബീവറേജ് ഔട്ട്ലെറ്റുകള്‍ പൂട്ടിക്കാന്‍ കാണിച്ച ആര്ജവും ഇക്കാര്യത്തിലും കാണിക്കണം
ഹൈവേ പരിസരങ്ങളിൽ  മദ്യശാലകൾ വേണ്ടങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മതചിഹ്നങ്ങളും വേണ്ട. മനുഷ്യന്‍റെ  ലഹരികളാണ് മദ്യവും, ഭക്തിയുമെന്നിരിക്കെ മദ്യപന്മാർ മാത്രം ഇക്കാര്യത്തിൽ സഹിക്കണമെന്ന് പറയുന്നതില്‍ നീതികരണമില്ല..അല്ലെങ്കിൽ തന്നെ ജീവിക്കാൻ ഒരു തുണ്ട് ഭൂമിക്കായി മനുഷ്യർ പട്ടിണി സമരങ്ങൾ സമരങ്ങൾ നടത്തുന്ന നാട്ടിൽ ദൈവങ്ങൾക്കെന്തിനാണ് ഇതിനു മാത്രം ഭൂമി? പക്ഷെ ഒരുകാര്യം ശ്രദ്ധിക്കേണ്ടത് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മത ചിഹ്ന്നങ്ങള്‍ മാറ്റുമ്പോള്‍ ജെസിബി പോലുള്ള യന്ത്രങ്ങള്‍ കഴിവതും ഒഴിവാക്കണം. കാരണം ദൈവങ്ങള്‍ക്ക് വേദനിക്കാന്‍ സാധ്യതയുണ്ട്.. അതുകൊണ്ട് വളരെ സോഫ്റ്റായിട്ടുവേണം പൊളിക്കല്‍ കര്‍മ്മങ്ങള്‍ നടത്താന്‍.. ആദ്യം മതത്തിലെ പ്രമുഖരുടെ അനുവാദം വാങ്ങി അവരെ പ്രസാദിപ്പിക്കണം. പ്രധാനമായും; സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള നേര്‍ച്ചപെട്ടികള്‍ അതേപടി മതനേതാക്കളെ ഏല്‍പ്പിക്കണം. കാരണം  വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നവരുടെ പ്രധാന ലക്ഷ്യം ഭക്തരുടെ കീശയെ ആകര്‍ഷിക്കുന്ന നേര്‍ച്ചപ്പെട്ടികള്‍ തന്നെയാണ്..മാത്രമല്ല കുരിശു തകര്‍ക്കല്‍ അമ്പലം പൊളിക്കല്‍ തുടങ്ങിയ സെന്‍സിറ്റീവ് സര്‍ജിക്കല്‍ ഓപ്പറേഷന്‍സ് നടത്തുമ്പോള്‍ ചെണ്ടകൊട്ടി ആളുകളെ അറിയിക്കുന്ന പരിപാടിയുടെ ആവശ്യമില്ല. പ്രസ്തുതഏരിയ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ പോലെ പരിഗണിക്കണം. അനുവാദമില്ലാതെ ആരെയും പ്രത്യേകിച്ച് നാലാം തൂണുകാരെ അങ്ങോട്ട്‌ കടത്തി വിടരുത്. എക്സ്ക്ലൂസിവും എക്സ്പ്ലോസിവും ഏതെന്നു തിരിച്ചറിയാത്ത ഊത്തുമാത്രം പരിപടിയാക്കിയ ചോരകുടിക്കാരെ ഇമ്മാതിരി വിഷയങ്ങളില്‍ അല്പം അകറ്റി നിറുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. അല്ലെങ്കില്‍ വഴിയെ പോയ വയ്യാവേലി ചുമന്നുകൊണ്ടുവന്നു തോളത്തിട്ടുതരും; അമ്മാതിരി ധര്‍മ്മമാണ് ഇപ്പൊ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

 ക്രമവിരുദ്ധമായി നിര്‍മ്മിച്ചിട്ടുള്ള മതചിഹ്നങ്ങളോ ആരാധാനാലയങ്ങളോ പൊളിച്ചുമാറ്റാന്‍ ഭയക്കേണ്ടതില്ല  അവയൊക്കെ വെറും നിര്‍മ്മിതികള്‍ മാത്രമാണ് അവ ആരെയും ഉപദ്രവിക്കില്ല കാരണം അവ ജഡികമാണ്. നേരയാ മാര്‍ഗത്തിലൂടെ അല്ലാതെ സമ്പാദിച്ച വസ്തുക്കള്‍ ദൈവസാന്നിധ്യം സൃഷ്ട്ടിക്കുന്നുമില്ല അതുകൊണ്ട് ദൈവകോപവും ഭയക്കേണ്ടതില്ല.  പക്ഷെ ആത്മീയ വ്യാപാരികളെ ഭയക്കണം ദൈവവിശ്വാസത്തെ മാര്‍ക്കറ്റ് ചെയ്തും വിശ്വാസികളെ മസ്തിഷ്കപ്രക്ഷാളനം നടത്തിയും കീശവീര്‍പ്പിച്ച് ആഡംബരജീവിതം നയിക്കുന്ന ആത്മീയ വ്യാപാരികളുടെ കഞ്ഞിയില്‍ മണ്ണുവീഴുന്ന പരിപാടികള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വിശ്വാസം എന്തെന്നറിയുന്ന വിശ്വാസി കാര്യങ്ങള്‍ മനസ്സിലാക്കുമെങ്കിലും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട ആത്മീയ ചാവേറുകള്‍ കലാപകൊടിയുമായി തെരുവിലിറങ്ങാന്‍ സാദ്ധ്യതയുണ്ട്. സംഗതി കൊഴുപ്പിക്കാന്‍ ആത്മീയ വ്യാപാരികളും, നിയമപരമായി കൈകാര്യംചെയ്യുന്ന വിഷയത്തെ അന്തിചര്‍ച്ചയിലൂടെ എക്സ്പ്ലോസിവാക്കാന്‍  മാധ്യമങ്ങളും  ശ്രമിക്കും. അതൊക്കെ മുന്നില്‍ക്കണ്ടുവേണം പലതുംപൊളിക്കാന്‍. പോത്തിന്‍റെ ചൊറിച്ചിലും പോകും കാക്കയുടെ വിശപ്പും മാറുമെന്ന തത്വം സര്‍ക്കാരിനു ഇവിടെ പ്രയോഗിക്കാവുന്നതാണ്...  പൊളിച്ചതിനു ശേഷം പൊളിച്ചരീതി ശരിയായില്ലായെന്നു മന്ത്രിമാര്‍ പറയുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ആ രീതിയില്‍ കണ്ടാല്‍ മതി.. ഈ തത്വം ആദ്യം ഉപയോഗിച്ചത് പിണറായിയൊന്നുമല്ല .നരസിംഹറാവുവാണ് പണ്ട് ബാബറിപള്ളി പൊളിച്ചപ്പോള്‍ കയ്യുകെട്ടി നോക്കിനിന്നു പൊളിച്ചുമാറ്റിക്കഴിഞ്ഞ ശേഷം പൊളിച്ചതു ശരിയയില്ലായെന്നു അന്നും പറഞ്ഞു .ഇപ്പോഴും പറയുന്നു.. 


 ഇടുക്കിയില്‍നിന്നും ഉയര്‍ന്നുവന്ന്‍ ഇപ്പൊ സര്‍ക്കാരിന്‍റെ പ്രധാന ആത്മീയ ആചാര്യനായ മണിയാശാന്‍ വളരെ പക്വതനിറഞ്ഞ വാക്കുകളിലൂടെ കയ്യേറ്റവിഷയം കൈകാര്യംചെയ്യുന്ന രീതികാണുമ്പോള്‍ ഒരുകാര്യം ഉറപ്പിക്കാം. എല്ലാം ശരിയാകുമെന്ന് ഇനിയും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ വിശ്വാസംകൂടി ഉടനെ പൊയ്ക്കോളും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ ആര്‍ജവംകാണിച്ച ഉദ്യോഗസ്ഥനെ കോന്തനെന്നു വിളിച്ചപമാനിച്ച്  ഊളമ്പാറയ്ക്ക് പോകാന്‍ ഒരു മന്ത്രിതന്നെ പറയുമ്പോള്‍; എല്ലാം ശരിയായോ അതോ ചങ്ങലയ്ക്കും ഭ്രാന്താണോ എന്നാണിപ്പോള്‍ ജനത്തിനു സംശയം. 

ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

5 comments:

 1. കലക്കി മാഷേ അടിപൊളി റിവ്യൂ

  ReplyDelete
 2. സബ് കലക്ടര്‍ ആണ് താരം

  ReplyDelete
 3. ക്രമവിരുദ്ധമായി നിര്‍മ്മിച്ചിട്ടുള്ള മതചിഹ്നങ്ങളോ ആരാധാനാലയങ്ങളോ പൊളിച്ചുമാറ്റാന്‍ ഭയക്കേണ്ടതില്ല അവയൊക്കെ വെറും നിര്‍മ്മിതികള്‍ മാത്രമാണ് അവ ആരെയും ഉപദ്രവിക്കില്ല കാരണം അവ ജഡികമാണ്. നേരയാ മാര്‍ഗത്തിലൂടെ അല്ലാതെ സമ്പാദിച്ച വസ്തുക്കള്‍ ദൈവസാന്നിധ്യം സൃഷ്ട്ടിക്കുന്നുമില്ല അതുകൊണ്ട് ദൈവകോപവും ഭയക്കേണ്ടതില്ല. പക്ഷെ ആത്മീയ വ്യാപാരികളെ ഭയക്കണം ദൈവവിശ്വാസത്തെ മാര്‍ക്കറ്റ് ചെയ്തും വിശ്വാസികളെ മസ്തിഷ്കപ്രക്ഷാളനം നടത്തിയും കീശവീര്‍പ്പിച്ച് ആഡംബരജീവിതം നയിക്കുന്ന ആത്മീയ വ്യാപാരികളുടെ കഞ്ഞിയില്‍ മണ്ണുവീഴുന്ന പരിപാടികള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വിശ്വാസം എന്തെന്നറിയുന്ന വിശ്വാസി കാര്യങ്ങള്‍ മനസ്സിലാക്കുമെങ്കിലും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട ആത്മീയ ചാവേറുകള്‍ കലാപകൊടിയുമായി തെരുവിലിറങ്ങാന്‍ സാദ്ധ്യതയുണ്ട്...ഇവിടെയാണ്‌ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയൊന്നു സംശയിക്കുന്നത്

  ReplyDelete
 4. ഏക്കറിന് അമ്പതു ലക്ഷത്തിനു മുകളില്‍ പാട്ടത്തുക നിജപ്പെടുത്തുക.. അവിടെ നടത്തുന്ന ആത്മീയ വ്യവസായത്തില്‍ അമ്പതു ശതമാനം ലാഭവിഹിതവും ആവശ്യപ്പെടുക...

  ReplyDelete
 5. ആത്മീയ വ്യവസായികള്‍ കയ്യേറിയ സ്ഥലങ്ങള്‍ മാത്രം മതി കിടപ്പാടം ഇല്ലാത്തവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ . ആര്‍ജവമുള്ള ഭരണാധികാരികളുടെ അഭാവമാണ് ഇത്തരം മത കയ്യേറ്റങ്ങള്‍ക്ക് പ്രേരണ കൊടുക്കുന്നത്

  ReplyDelete