**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, October 28, 2012

യാത്രക്കാര്‍ അകത്തേക്ക്.....???????


     
  ഒടുവില്‍ കാര്യങ്ങള്‍ക്കൊരു തീരുമാനമായി.എല്ലാത്തിനെയും പിടിച്ചു അകത്തിടുക.അതും ചെറുതൊന്നുമല്ല വകുപ്പ്‌ വധശ്രമംതന്നെ.കസബ്‌ ചെയ്തതിനേക്കാള്‍ വലിയ കുറ്റമല്ലേ ചെയ്തിരിക്കുന്നത്.തീര്‍ച്ചയായും ഇതുതന്നെ ചെയ്യണം.നമ്മള്‍ ചെയ്യുന്നത് ശരിയല്ലന്ന് പറഞ്ഞു ആര് ഒച്ചവച്ചാലും അവനെയെല്ലാം അകത്തിടണം.ആ പൈലറ്റ്‌കൊച്ച് എന്തുമാത്രം വിഷമിച്ചുകാണും.അതിന്‍റെ വളര്‍ച്ച മുരടിച്ചു കാണില്ലേ.യെവന്മാര്‍ക്കെല്ലാം ഒരു ദിവസം പട്ടിണി കിടന്നാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ??വെള്ളത്തിന്‌ പകരം മൂത്രം കുടിച്ചാല്‍ എന്താ കുഴപ്പം.ഇന്ത്യന്‍ പ്രാധാനമന്ത്രിയ്ക്ക് മൂത്രം കുടിക്കാമെങ്കില്‍ പിന്നെ ഇച്ചിരെ കുടിച്ചാല്‍ എന്നാ കുഴപ്പം.നിലത്ത് കിടക്കുന്ന വിമാനത്തിന്‍റെ കൊക്പിറ്റില്‍ കയറിയാല്‍ വധശിക്ഷകിട്ടുന്ന കുറ്റമാണെന്ന് അറിയാന്‍ പാടില്ലാത്ത എമ്പോക്കികള്‍.ഇതൊക്കെ വച്ച് നോക്കിയാല്‍ കസബ്‌ ചെയ്തത് എത്ര ചെറിയ കുറ്റം.അങ്ങേര്‍ക്കു നാലു നേരം മുട്ടന്‍ ബിരിയാണി തന്നെ കൊടുക്കട്ടെ.ഇവറ്റകള്‍ക്ക് പച്ചവെള്ളം കൊടുക്കരുത്. ഒട്ടകപ്പാലു കുടിക്കുന്ന ഗമ നമ്മളോടാ...ഹല്ല പിന്നെ..

 എന്തൊക്കെയായിരുന്നു പുകില് സോഷ്യല്‍ നെറ്റുകളില്‍ വീര നായകന്മ്മാര്.പ്രവാസികളുടെ ശബ്ദം,ശക്തി അങ്ങനെ മലയാളത്തിലെ ഒട്ടു മിക്കവിശേഷണങ്ങളും  ചാര്‍ത്തിയായിരുന്നു അനുമോദനങ്ങള്‍. ഭരണകൂടംഞെട്ടി,എയര്‍ഇന്ത്യ പൂട്ടി, പ്രവാസികരുത്ത്‌ തെളിയിച്ചു..അങ്ങനെ പോകുന്നു വീരവാദങ്ങള്‍..ഇവരെ വച്ച് ഒരു പടം പിടിച്ചാലെന്നാ എന്നുവരെയെത്തി ചര്‍ച്ചകള്‍.. ഒടുവില്‍ എന്തായി..... പവനായി ശവമായി അത്ര തന്നെ. ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടിണിക്കിട്ട് ഒടുവില്‍  വഴിയില്‍ ഇറക്കിവിട്ടതിനെതിരെ പ്രതിക്ഷേധിച്ച യാത്രക്കാര്‍ക്കെതിരെ വധശ്രമത്തിനാണ്കേസ്‌.ഇനി കോടതിയും വക്കീലുമായി ശിഷ്ടകാലം കോടതിവരാന്തയില്‍ കഴിച്ചു കൂട്ടാം.ഗള്‍ഫില്‍ ഒട്ടകത്തെ കറന്നുണ്ടാക്കിയ കാശെല്ലാം ഇവിടെ തീര്‍ക്കാം.യാത്രക്കാരുടെ പേരില്‍ ഒരു കേസും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ആണയിട്ട് പറഞ്ഞതാണ്.കേന്ദ്രത്തിലെ കേരളിയന്മാര്‍ എല്ലാവരും വിമാനക്കമ്പനിയെക്കുറ്റപ്പെടുത്തി പ്രസ്താവനയും ഇറക്കി. അതൊക്കെ അന്തകാലം; ഇന്തകാലം യാത്രക്കാര്‍ക്ക് പണിയും കിട്ടി. ഇതാണ് മക്കളെ നമുടെ കേരളം. നാറ്റം സഹിക്കാനാവാതെ സമരംചെയ്ത നാട്ടുകാരെ;പറഞ്ഞു പറ്റിച്ച് വീട്ടില്‍വിട്ടശേഷം രാത്രിയില്‍ പണിനടത്തിയ വമ്പന്‍മ്മാരുടെ നാടാണിത്. നുണപറഞ്ഞാണ് ഇവിടെവരെ എത്തിയത്; അതുകൊണ്ട് കേസ് എടുക്കില്ലായെന്നു പറഞ്ഞോ? എങ്കില്‍ ഉറപ്പിക്കാം മിനിമം പത്തുവര്‍ഷം ശിക്ഷകിട്ടുന്ന കേസ് ഉണ്ടാകും.

  ഇവിടെ കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തതുകൊണ്ടാണ് മരുഭൂമിയില്‍ കിടന്നു കോരുന്നത്. കിട്ടുന്നതെല്ലാം നാട്ടിലേക്കയച്ചു; കുബൂസും, തൈരും കഴിച്ചു ജീവിച്ച്‌, വര്‍ഷത്തിലുകിട്ടുന്ന ചില്ലറ അവധിദിവസങ്ങള്‍ നാട്ടില്‍ ചിലവഴിക്കാമെന്ന ആശകൊണ്ടാണ് പ്രവാസി നാട്ടിലേക്ക് തിരിക്കുന്നത്. ടാക്സ്‌, യുസേഴ്സ്‌ഫീസ്‌ തുടങ്ങിയ പല തരത്തിലും സര്‍ക്കാരും വിമാനകമ്പനിയും പ്രവാസികളെ പിഴിയുന്നു.പറ്റുന്ന രീതിയിലെല്ലാം പണം പിടുങ്ങുന്നു.മറുനാട്ടില്‍ വരുന്ന മന്ത്രിക്ക് ജയ്‌വിളിക്കാനും മാലയിടാനും പാവപ്പെട്ട പ്രവാസികള്‍ വേണം,വെപ്പും കുടിയുമൊക്കെ വമ്പന്‍ തിമിംഗലങ്ങളുടെ കൂടെയാണെന്ന് മാത്രം.യഥാര്‍ത്ഥ പ്രവാസി ആരാണെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ആകെ കണ്ഫ്യുഷനാണ്.യഥാര്‍ത്ഥഗള്‍ഫ്‌കാരന്‍ ഇങ്ങനെയാണോ സ്യുട്ടും,കൊട്ടും,ടൈയുമൊക്കെ കെട്ടിയ ഇടിവെട്ട് പീസല്ലേ ശരിക്കും ഗള്‍ഫ്‌കാരന്‍.ബാക്കിയെല്ലാം വെറും ഗഫൂര്‍ക്കാദോസ്തുകളല്ലെ.?? ഗള്‍ഫിലു വന്നു ആഡംബരവാഹനങ്ങളിലും ഹോട്ടലുകളിലും കറങ്ങി നടന്നു ഷോപ്പിംഗ്‌ നടത്തി തിരിച്ചുപോകുന്ന ഉണക്കകള്‍ക്ക് സാധാരണ പ്രവാസിയെപ്പറ്റി എന്തറിയാം? പ്രവാസികളെ വണ്ണം വെയ്പ്പിക്കാന്‍ കറങ്ങി നടക്കുന്ന ഇവന്മ്മാര്‍ ഏതെങ്കിലും ലേബര്‍ക്യാമ്പ്‌ സന്ദര്‍ശിച്ചിട്ടുണ്ടോ?. ചര്‍ച്ചയാണത്രേ!!! എവിടെവെച്ച്??ഏതെങ്കിലും ബീച്ച് ഹോട്ടലുകളില്‍ വമ്പന്‍മാര്‍ നടത്തുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തു വെടിപറഞ്ഞു രസിക്കുന്നതാണോ  പ്രവാസിഉന്നമനം?സ്വന്തംനാട്ടിലെ ‘നാറ്റ’ പ്രശ്നംപോലും പരിഹരിക്കാന്‍ കഴിയാത്ത ചവറുമന്ത്രിയും ദുബായില്‍ വന്നിരിക്കുന്നു; പ്രവാസികളുടെ യാത്രാപ്രശ്നം ചര്‍ച്ചചെയ്യാന്‍ ത്ഫൂ................. ഇവിടെ നടക്കുന്ന മേളകളില്‍ പങ്കെടുത്തു വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നാലും പറയുന്നത് പ്രവാസികളെ രക്ഷിക്കാന്‍ വന്നതാണെന്ന്?? ജനത്തിന്‍റെ പണം മുടിച്ചുകൊണ്ട് നാടുനീളെ തെണ്ടി നടക്കുന്ന വിഴുപ്പ്പാണ്ടങ്ങള്‍ക്ക് വിഐപി പരിഗണന;നാടിനും, വീടിനും വേണ്ടി അധ്വാനിക്കുന്നവന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍  കാശുംവാങ്ങി വഴിയില്‍ ഇറക്കിവിടുന്നതിനെതിരെ പ്രതികരിച്ചാല്‍ അത് കൊലപാതകകുറ്റം. ആരുണ്ട്‌ ചോദിക്കാന്‍??? വിമാനജിവനക്കാരുടെയും പൈലറ്റിന്റെയും പരാതി നിമിഷങ്ങള്‍ക്കകം അങ്ങ് കേന്ദ്രത്തില്‍ വരെയെത്തി. യാത്രക്കാരാണ് കുഴപ്പക്കാര്‍ എന്ന് വിമാനമന്ത്രിയുടെ പ്രസ്താവനയും പിറകെവന്നു. യാത്രക്കാരന്‍റെ പരാതികേള്‍ക്കാന്‍ ആരുമില്ല. ഒരു കണക്കിന് വിമാനമന്ത്രി പറഞ്ഞതാണ് ശരി; നിന്നോടൊക്കെ ആരെങ്കിലും പറഞ്ഞോ ഈ ശകടത്തില്‍ തന്നെകയറാന്‍.ഈ കന്നുകാലിക്ലാസ്‌ അല്ലാതെ വേറെ എത്ര വിമാനങ്ങള്‍ ഇങ്ങോട്ട് പറക്കുന്നു. പിന്നെ എന്തിനാ ഇതേല്‍ അള്ളിപ്പിടിച്ചു കയറിയത്. ആളു കയറാതെ കമ്പനി പൂട്ടിക്കാന്‍ മന്ത്രിയടക്കമുള്ളവര്‍ പ്രയത്നിച്ചുകൊണ്ടിരിക്കുമ്പോഴാണ് എയര്‍ഇന്ത്യയെ നന്നാക്കാന്‍ കുറെ മലയാളികള്‍ ഇറങ്ങിയിരിക്കുന്നത്.അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം.ഇത്രയും ചൊറിഞ്ഞിട്ടും മതിവരാത്തവര്‍ ഇപ്പോഴും കയറിക്കൊണ്ടിരിക്കുന്നു.

 യാത്രക്കാര്‍ക്കെതിരെ കേസൊന്നും എടുക്കില്ലായെന്ന് പറഞ്ഞ നേതാക്കള്‍ മലക്കം മറിഞ്ഞിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥജനസേവനം.ചോരനീരാക്കി അയച്ചുകൊടുക്കുന്നപണംകൊണ്ട്;നാട്ടില്‍  പുട്ടടിക്കുന്ന വീട്ടുകാരോട് ഇനിയെങ്കിലും പറയണം വോട്ട്ചോദിച്ചു വരുമ്പോള്‍ യെവനെയൊക്കെ ആട്ടി ഓടിക്കണമെന്ന്. നമുക്ക്പിന്നെ വോട്ടെ ഇല്ലാത്തതിനാല്‍ അങ്ങോട്ട്‌ ആട്ടേണ്ടി വരില്ല; ഇങ്ങോട്ട് ഇതുപോലെ ആട്ടിക്കോളും. പൈലറ്റിന്‍റെ പിടിപ്പുകേടാണ് പ്രശ്നകാരണമെന്ന് പറഞ്ഞിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിലപാടുമാറ്റി. പൈലറ്റിനെതിരെ ഒരു പരാതിപോലും കിട്ടിയിട്ടില്ലായെന്നാണ് വിമാനമന്ത്രി പറഞ്ഞിരിക്കുന്നത്. യാത്രക്കാരാണത്രേ കുഴപ്പക്കാര്‍. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നമ്മുടെ നേതാക്കള്‍ യാത്രക്കാര്‍ക്ക് വേണ്ടി എവിടെയും ശബ്ദിച്ചിട്ടേയില്ലയെന്നു വ്യക്തം .പത്രക്കാരെയും, ടിവി ക്കാരെയും കാണുമ്പോള്‍ എല്ലാവരും ജനപക്ഷത്താണ്‌. മൊത്തംഏറ്റു, ഒന്നുംപേടിക്കേണ്ട എന്നൊക്കെ പറയും. മുറിയില്‍കയറി കതകടച്ചാല്‍പ്പിന്നെ; എന്ത് ജനം, ഇതു വിമാനം... ഇതാണ് നിലപാട്. യാത്രക്കാരുടെ നിര്‍ബന്ധം മൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതെന്നും.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴാന്‍ പോകണമെന്ന് ചില യാത്രക്കാര്‍ നിര്‍ബന്ധംപിടിച്ചതുകൊണ്ടാണ് പൈലറ്റിന്‍റെ ഡ്യുട്ടിസമയം കഴിഞ്ഞതെന്നും അന്വേഷണകമ്മിഷന്‍ കണ്ടെത്തിയാലും  അത്ഭുതപ്പെടാനില്ല. കാരണം ഇത് ഇന്ത്യയാണ്. ഭരിക്കുന്നത് ജനകിയ സര്‍ക്കാരുമാണ്.

 യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവര്ക്കുമറിയാം; എന്നിട്ടും യാത്രക്കാരെ ബലിയാടാക്കി വിമാനകമ്പനിയേയും, പൈലറ്റിനെയും രക്ഷിക്കാന്‍ നടത്തുന്ന ഈ വൃത്തികേടിന് കുടപിടിക്കുന്ന സര്‍ക്കാരുകള്‍ സ്വന്തം ജനങ്ങളോടാണ് നീതികേട്‌ കാണിക്കുന്നത്. എന്തുകൊണ്ടാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ മാത്രം നിലത്തിറങ്ങാന്‍ വിഷമിക്കുന്നത്??. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍എല്ലാം സുഖമായി ഇറങ്ങുമ്പോള്‍ എന്തുകൊണ്ടാണ് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് മാത്രം സിഗ്നല്‍ മനസിലാവാത്തത്????. പ്രതികൂല കാലാവസ്ഥയില്‍ ഗതിമാറ്റിവിടുന്ന; മറ്റു രാജ്യങ്ങളുടെ എല്ലാ വിമാനങ്ങളും വീണ്ടും തിരിച്ചുവന്നു യാത്രക്കാരെ പറഞ്ഞസ്ഥലത്ത്തന്നെ ഇറക്കുമ്പോള്‍ എന്തുകൊണ്ടാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ അങ്ങനെ ചെയ്യാത്തത്????. മറ്റു വിമാനകമ്പനികളുടെ പൈലറ്റുമാര്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച്‌ ഡ്യുട്ടി തീര്‍ക്കുമ്പോള്‍; എന്ത്കൊണ്ടാണ് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് മാത്രം ഡ്യുട്ടിസമയം യാത്രയ്ക്ക് ഇടയ്ക്കുവെച്ച് കഴിയുന്നത്??.ടിക്കറ്റ്‌ നിരക്കില്‍ കാര്യമായ വ്യത്യാസമില്ലാതെ യാത്രക്കാരോട് നല്ലരീതിയില്‍ പെരുമാറാന്‍ മറ്റു വിമാനകമ്പനികള്‍ക്ക് കഴിയുന്നതെങ്ങനെ??.ഇതൊക്കെ അറിയണമെങ്കില്‍ നമ്മുടെ പഴയ രണ്ടു കേന്ദ്രമന്ത്രിമാരോട് ചോദിച്ചാല്‍ മതി.ഇന്‍ഡിഗോ എയര്‍ലൈന്‍ പങ്കാളി പ്രഫുല്‍പട്ടേലും, സ്പൈസ്ജെറ്റ്‌ഉടമ ദയാനിധിമാരനുമാണ് ആ മാന്യവ്യക്തികള്‍. രണ്ടുപേരും നമ്മളെ നന്നായി ഭരിച്ചവര്‍. ഭരണത്തിന്‍റെ മികവുകൊണ്ട് ഇപ്പോള്‍ ‘അഴി, മതി’ എന്നു പറഞ്ഞു നടക്കുന്നു.പ്രഫുല്‍പട്ടേല്‍ വ്യോമയാനമന്ത്രി ആയതുതന്നെ എയര്‍ഇന്ത്യയെ പൂട്ടിക്കാനാണ്.അതേതാണ്ടു പൂര്‍ത്തിയായിരിക്കുന്നു.ബാക്കി നമ്മുടെ അജിത്‌സിങ്‌ ചെയ്തുകൊള്ളും.കള്ളനെത്തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്ന മന്മോഹന്‍തിയറി വിജയിക്കുമെന്ന ലക്ഷണങ്ങളാണിതൊക്കെ.

  നീതികിട്ടാത്തതില്‍ പ്രതിക്ഷേധിക്കുന്നവനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യഭരണത്തിനു ഭൂഷണമല്ല. യാത്രക്കാരന്‍റെ വിഷമങ്ങളും ദുരിതങ്ങളും; ജനത്തിന്‍റെ പേരില്‍ ഓസിലടിനടത്തുന്ന നേതാക്കന്മാര്‍ക്ക് മനസിലാവുന്നില്ല,അല്ലെങ്കില്‍ അതുമനസിലാക്കി പരിഹരിക്കാന്‍ അവര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല എന്നതിന്‍റെ പ്രത്യക്ഷഉദാഹരണമാണ് ഈ സംഭവങ്ങള്‍. ജനകിയഭരണവും ജനകിയനേതാക്കളുമാണ് കേരളത്തിലുള്ളതെങ്കില്‍ എയര്‍ഇന്ത്യയുടെ നടപടിയ്ക്കെതിരെ ഞങ്ങള്‍ക്ക് വേണ്ടി  നിങ്ങള്‍ പ്രതികരിക്കണം. മാത്രമല്ല യാത്രക്കാര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുവാന്‍ വിമാനമന്ത്രിയോട് ആവശ്യപ്പെടുകയും വേണം. പ്രവാസിയുടെ പണത്തിനോട്മാത്രം ആര്‍ത്തികാണിച്ചാല്‍ പോര; മറ്റു കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം........

4 comments:

 1. http://anilphil.blogspot.com/2012/10/blog-post_29.html

  എന്റെ "നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?" എന്ന പോസ്റ്റ് ഈ പോസ്റ്റിനോട് തുടര്‍ച്ചയായി ചേര്‍ത്തു വായിക്കുവാന്‍ അഭര്‍ഥിക്കുന്നു

  ReplyDelete
 2. രോഷാകുലനാണല്ലോ..

  ഇതൊക്കെ കണ്ടാല്‍ ആര്‍ക്കാണ് രോഷമുണ്ടാകാതിരിക്കുക അല്ലേ?

  ReplyDelete
 3. എതൊക്കെ എന്ത് ഇനി കാണാന്‍ പോകുന്നെ ഉള്ളൂ
  നമ്മുടെ കേന്ദ്രമന്ത്രിച്ചായന്‍ മാരുടെ കലാപരുപാടികള്‍..
  8 പെരുടെ പാവക്കൂത്ത്...

  ReplyDelete
 4. Nothing .. Namakku Onnum sambavikkilla. Ithu Kazhinzhu ethra yathrakkar yatra cheythu. Nammal Adutha prashanam varumbol parayum. Pakshe pinneyum athil thanne yathrayum cheyyum.

  ReplyDelete