**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, October 27, 2012

ഫെരാരിയുടെ കൊടി         ജനങ്ങളുടെ മുന്നില്‍ ശ്രദ്ധിക്കപ്പെടാനും, ആവശ്യങ്ങള്‍ നേടിയെടുക്കാനുമായി പലരും പല നമ്പരും പയറ്റാറുണ്ട്.നിരാഹാരം മുതല്‍ ആത്മഹത്യാഭീക്ഷണിവരെ ഈ വകുപ്പില്‍ നടക്കാറുമുണ്ട്.പണ്ടൊക്കെ ഒന്ന് പ്രശസ്തനാവണമെങ്കില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പേരും,പടവും വച്ച് നോട്ടീസ് അടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു.ഇപ്പോള്‍ എന്തെങ്കിലും വികടത്തരങ്ങള്‍ വിളിച്ചുപറയുകയോ, കാണിക്കുകയോ ചെയ്യലാണ് പ്രശസ്തനാകാന്‍ എളുപ്പവഴി.കൃഷ്ണനും, രാധയും കളിച്ചു പണ്ഡിറ്റ്‌ തരംഗമായി.എന്നാല്‍ ഇപ്പോഴത്തെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ആരാണെന്നു ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. മറിയംറഷിദയെക്കുറിച്ച് വേണമെങ്കില്‍ രണ്ടു വാക്ക് പറയാം.അതാണ്‌ സ്ഥിതി. ഓരോ മേഖലയിലും പേരെടുക്കണമെങ്കില്‍ പല തന്ത്രങ്ങള്‍ക്ക് പയറ്റണം.ചില സാമ്പിളുകള്‍ ഇതാ..ഇതു വെറും പാരമ്പര്യഅറിവുകളാണ് മറ്റാര്‍ക്കും ഈ രക്തത്തില്‍ പങ്കില്ലായെന്നും പറഞ്ഞുകൊള്ളട്ടെ. സിനിമാമേഖലയില്‍ പെട്ടെന്ന് പ്രശസ്തരാവണമെങ്കില്‍ നടികളാണെങ്കില്‍ തുണിയുടെ ഇറക്കംകുറച്ചാല്‍ മതി. നടന്‍മ്മാരാണെങ്കില്‍ അമ്മയെതെറി വിളിക്കണം. ഇത് വേറെ അമ്മയാണ് കേട്ടോ. പേരില്‍ മാത്രമേയുള്ളൂ അമ്മ പ്രവര്‍ത്തിയില്‍ തികഞ്ഞ അമ്മായിയമ്മയാണ്.പിന്നെ കെട്ടലും, ഉപേക്ഷിക്കലും, വെള്ളമടി, സെറ്റപ്പ് തുടങ്ങിയ മേമ്പൊടികളും പ്രയോഗിക്കാം.സദാചാരം മലയാളിയെ സംബന്ധിച്ച് കീറിപ്പറിഞ്ഞ ഒരിടപാടായതുകൊണ്ട് ഇവരൊക്കെയാണ് നമ്മുടെ റോള്‍ മോഡല്‍സ്. ഇതാണ് സിനിമമേഖലയില്‍ നാലാളറിയാനുള്ള എളുപ്പവഴി.

 രാഷ്ട്രിയത്തിലാണെങ്കില്‍ തുടക്കകാര്‍ക്ക് പോലീസിനെ കല്ലെറിയലും, KSRTC തകര്‍ക്കലും, കോലംകത്തിക്കലുമാണ് നല്ലത്. ഒരു നിലയിലായാല്‍പ്പിന്നെ അടച്ചു തെറിവിളിതുടങ്ങാം. നിയമങ്ങള്‍ എനിക്ക് പുല്ലാണ് എന്ന് ഇടയ്ക്കിടെ; പുട്ടിനു പീര ഇടുന്നതുപോലെ പറഞ്ഞു കൊണ്ടിരിക്കണം. മത്സരിക്കാന്‍ ഉദേശിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞത് ഒരു പത്തു അഴിമതികേസെങ്കിലും ഉണ്ടായിരിക്കണം. ജയില്‍വാസം ഉണ്ടങ്കില്‍ ബഹു വിശേഷം, പിന്നെ മസ്ലിംപവര്‍ കഴിക്കാത്തവരാണെങ്കില്‍ പറയാനൊരു രണ്ടു പീഡനകേസെങ്കിലും ഒരു അലങ്കാരമായി  അത്യാവശ്യമാണ്. സ്ത്രീ ജനങ്ങളുടെ വോട്ട് കിട്ടാന്‍ ഇത് നല്ലതാണ്.

 മതസാമുദായിക രംഗത്ത് ആണെങ്കില്‍ മറ്റു സമുദായങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കണം എന്നാലെ ഒരു ഇത് വരൂ.....

 പക്ഷെ സാധാരണ ജനത്തിന് പ്രശസ്തരാവാന്‍ വലിയ ബുദ്ധിമുട്ടാണ്. പറമ്പില്‍ വലിയകപ്പ ഉണ്ടാക്കിയതുകൊണ്ടോ, വെള്ളമടിച്ച്പട്ടിമുള്ളി റോഡില്‍ കിടന്നുതുകൊണ്ടോ ഒന്നും കാര്യമില്ല.അതിനു വിഷമടിച്ചു വല്ല ബാങ്കിന്‍റെ തിണ്ണയിലും കിടന്നു ചാവണം. നീണ്ട ഒരു കത്തും എഴുതി വയ്ക്കണം. ചിലപ്പോള്‍ ഒരു ദിവസം ചരമക്കോളത്തില്‍ പടം വരാന്‍ സാധ്യതയുണ്ട്.

 കായിക ലോകത്താണേല്‍ ജയിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.ഒന്നാമത് എത്തിയവരൊക്കെ, കഞ്ഞിക്ക് അരിമേടിക്കാന്‍ മെഡലുകള് തൂക്കി വില്‍ക്കുന്ന കാലമാണിത്; അല്ലെങ്കില്‍പ്പിന്നെ ജനങ്ങളെ ഒരു പണിയും എടുക്കാന്‍ സമ്മതിക്കാതെ ദിവസം മുഴുവന്‍ ടി വി യ്ക്ക് മുന്നിലിരുത്തി; ഏറും, അടിയും നടത്തുന്ന നമ്മുടെ സ്വന്തം കളിയായിരിക്കണം. അതാകുമ്പോള്‍ എറിയുന്നവനും, അടിക്കുന്നവനും പണം; കണ്ടിരിക്കുന്നവന്‍ പിണം അതാണ്‌ നിയമം. പരിപാടി സീരിയല്‍ പോലെയാണ്, മഴയാണ് വില്ലന്‍. ടെലിസീരിയലില്‍ അമ്മമാര്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍, ഇവിടെ മക്കള്‍ കണ്ണീര്‍പൊഴിക്കുന്നു.അത്രയെയുള്ളൂ വിത്യാസം. അതുകൊണ്ട് മായം കലരാത്ത കായികതാരത്തിന്  പേരുവേണോ ഉത്തേജകം അടിച്ചോളൂ. അടിച്ചിട്ട് പിടിക്കതിരുന്നാല്‍ കാര്യമില്ല. പിടിക്കപ്പെടണം എന്നാലെ കാര്യങ്ങള്‍ ശരിയാകൂ.. ഇതൊക്കെയാണ് പൊതുവേ നമ്മുടെ മാത്രം  നാട്ടില്‍ കണ്ടുവരുന്ന പബ്ലിസിറ്റിനിര്‍മാണത്തിലെ പാരമ്പര്യരീതികള്‍. ഇതിന്‍റെ കൂട്ടുകളില്‍ ചെറിയചെറിയ മാറ്റങ്ങള്‍ വരുത്തി ചിലരൊക്കെ പ്രശസ്താരാവാറുണ്ട്. വാണിഭം , പീഡനം ,ക്വട്ടേഷന്‍,വെടി,പട തുടങ്ങിയ പ്രാദേശിക ഇനങ്ങളും മേമ്പൊടിയായി ചേര്‍ത്താല്‍ വളരെ വേഗത്തില്‍ പ്രശസ്തിയിലേക്ക് ഉയരാം.

 ഇപ്പോള്‍ ഇതിന്‍റെ പുതിയ ഒരു വേര്‍ഷന്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. കൊടികാണിച്ച്‌ ആളെക്കൂട്ടുന്ന വിദ്യയാണിത്.നമ്മുടെ ഇറ്റാലിയന്‍ കാറോട്ടകമ്പനി ഫെറാറിയാണ് നിര്‍മ്മാതാക്കള്‍.കേട്ടാല്‍ നമ്മളെ സംബന്ധിച്ച് ഇതുവലിയ സംഭവമൊന്നുമല്ല. പിന്നെ എല്ലാവരുമൊന്ന് ശ്രദ്ധിക്കും. അതാണ്‌ ഐഡിയ. ഒരു ചിലവുംകൂടാതെ ഇന്ത്യയിലെ ചെമ്മാനും, ചെരുപ്പുകുത്തിയുംവരെ ഫെറാരിയെന്ന പേരു ശ്രദ്ധിക്കണം അതിനാണ് വിവാദം  നിര്‍മ്മിച്ചിരിക്കുന്നത്. പത്രത്തിലും, ടിവിയിലുമൊക്കെ പരസ്യത്തിനായി കോടികള്‍ ഒഴുക്കിയിട്ടും; ഇന്ത്യയില്‍ ഫെറാരി അത്രയ്ക്ക് ക്ലച്ചു പിടിച്ചില്ല. ഫെരാരിയുടെ കാറിനേക്കാള്‍ വേഗത്തിലാണ് ഇവിടെ അരിയുടെ വില കൂടുന്നത്; പിന്നെയാര് ഫെരാരിയെ മൈന്റ് ചെയ്യുന്നു. അപ്പൊപിന്നെ ആളറിയാന്‍ ഇതുപോലെ എന്തെങ്കിലും വിവാദം തന്നെ മാര്‍ഗ്ഗം. ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടമല്‍സരത്തില്‍ പങ്കെടുക്കുന്ന ഫെറാറി കാറുകളില്‍; ഇറ്റാലിയന്‍ നാവികസേനയുടെ കൊടികള്‍ പതിപ്പിക്കും എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സാധരണ ഇതിനായി ഓടുന്ന കാറുകളിലൊക്കെ ധാരാളം കൊടികളും പരസ്യങ്ങളും കാണാറുണ്ട്‌.അതില്‍ പുതിയയൊരു കൊടികൂടിവച്ചാലും ആരുമൊന്നും അറിയാന്‍ പോകുന്നില്ല. ഇവിടെ നമ്മുടെ കൊടിയേതാണെന്നു നമുക്ക്പോലും നിശ്ചയമില്ല; പിന്നയല്ലേ ഇറ്റലിയുടെകൊടി. അമേരിക്കന്‍ പതാകകൊണ്ട് അണ്ടര്‍വെയര്‍ തയ്പ്പിക്കുന്ന ആള്‍ക്കാരാണ്നമ്മള്‍.അപ്പോഴാ ഇറ്റലിയുടെ കൊടിപിടുത്തം. പക്ഷെ സംഗതി പത്രക്കാര്‍ ഏറ്റെടുത്തു. പിന്നെ പറയേണ്ടല്ലോ പൂരം.കൊടിയോ?? എവിടെ??? കുഴപ്പം, മൊത്തംകുഴപ്പം, ഡല്‍ഹിയില്‍ ഇപ്പോള്‍ ഉല്‍ക്കവീഴും എന്നരീതിയലാണ് പ്രചരണം.സംഗതി ക്ലിക്ക്....................

  കാറിന്‍മ്മേല്‍ കൊടികെട്ടി ആളെക്കൂട്ടുന്ന ഫെരാരിക്കഥയുടെ പിന്നാമ്പുറം ഇങ്ങനെയാണ്.  ഇറ്റലിയുമായി നമ്മള്‍ക്ക് പ്രാചിനകാലം മുതലേ ചരക്കുബന്ധം ഉണ്ടല്ലോ......?. ഇവിടുത്തെ പല ചരക്കുകളും അവരുടേതാണ്. ചില്ലറ ചരക്കുകളോക്കെ നമ്മള്‍ അങ്ങോട്ടും കൊടുക്കുന്നുമുണ്ട്. അങ്ങനെ അല്ലറചില്ലറ കൊടുക്കല്‍വാങ്ങലുമൊക്കെയായി ‘അവരുംനമ്മളും’ തമ്മില്‍ കുടുംബക്കാരായിരുന്ന സമയത്താണ്.നത്തോലി പിടിക്കാന്‍ പോയ നമ്മുടെചില പാവങ്ങളുടെനേര്‍ക്ക്‌ സംബന്ധക്കാരുടെ കോലായില്‍ പിറന്ന ചില മാടമ്പിപിള്ളേര്‍ വെടിവെച്ച് കളിച്ചത്.ഒന്നുരണ്ടു പേരു മരിച്ചു. കൊതുമ്പുവള്ളത്തില്‍ ചൂണ്ടയിടുന്ന ഇന്ത്യാക്കാരെ കണ്ടപ്പോള്‍ കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റുധരിച്ചതിനാലാണ് പടക്കം പൊട്ടിച്ചതെന്നു അവരുതന്നെ ഒടുവില്‍ കുറ്റസമ്മതം നടത്തി. കാര്യം മനസിലായില്ലേ വല്യ അത്യന്താധുനിക കപ്പല്‍, കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കളെപ്പോലും വ്യക്തമായി തിരിച്ചറിയുന്ന നൈറ്റ്‌വിഷന്‍ ക്യാമറകള്‍, ഒലക്കേടമൂട്. കൊതുമ്പുവള്ളത്തില്‍ ചൂണ്ടയിടുന്ന മുക്കുവനെയും, തോക്കുമായി നടക്കുന്ന കൊള്ളക്കാരനെയും  തിരിച്ചറിയാന്‍ കഴിയാത്ത കോന്തന്മാര്‍. ഇതില്‍ഭേദം നമ്മുടെ പോലിസ്‌ തന്നെ; അവര്‍ക്ക് കൊടിയുടെ നിറം നോക്കിയെങ്കിലും വെടിവയ്ക്കാന്‍ അറിയാം..


 ആളു ചത്താലും നമ്മുടെപിള്ളേരെ വെറുതെ വിടണമെന്ന് ഇറ്റലി. അവിടെയൊക്കെ നിയമം അങ്ങനെയാണത്രേ,കൊള്ളക്കാരാണെന്നു തോന്നിയാല്‍മതി വെടിവെയ്ക്കാം. ഇന്ത്യക്കാര്‍ വെറും കണ്ട്രിസ്. ആടുകളെ തോണ്ടി നടക്കുന്ന ചില ഇടയന്‍മ്മാരും അങ്ങനെതന്നെ പറഞ്ഞു.എന്‍റെ രണ്ടു കുഞ്ഞാടുകള്‍ ചത്താലും വേണ്ടില്ല. വേട്ടക്കാരെ വെറുതെവിടണം എന്നാണ് ഇടയനും പറഞ്ഞത്. ഇടയനൊക്കെ ഇപ്പോള്‍ കശാപ്പുകാരുമായാണ് ഇടപാട്; കലികാലം. വിരുന്നിനുപോയി അത്യാവശ്യം സമ്മാനങ്ങളോക്കെ കിട്ടിയപ്പോള്‍ പറഞ്ഞുപോയതാണ്. നമ്മുടെ ഒരു പയ്യന്‍ കേന്ദ്രത്തില് അടുക്കളപ്പണിയ്ക്ക് നില്‍ക്കുന്നുണ്ട്; അവനെക്കൊണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പും കൊടുത്തു. ഏതോ ഒരു ദരിദ്രവാസി പത്രം അത് റിപ്പോര്‍ട്ട് ചെയ്തു.സംഗതി കുഴഞ്ഞു. വെളിവില്ലാതെ പറഞ്ഞതാണ് വെളിവുള്ളവര്‍ മാപ്പാക്കണം എന്നൊരു വിശദീകരണം പറഞ്ഞു ആളു തടിയൂരി.

   വെടിക്കാരെ അറസ്റ്റ്‌ചെയ്‌തുവെങ്കിലും അവരിവടെ ഉഴിച്ചിലും, പിഴിച്ചിലും തിരുമ്മലുമൊക്കെനടത്തി സുഖചികത്സയിലായിരുന്നുവെന്നു എല്ലാവര്ക്കും അറിയാം.നിയമലംഘകര്‍ക്ക് ചൂട്ട്പിടിക്കേണ്ട അവസ്ഥയായിരുന്നു;നമ്മുടെ പോലീസിന്. പാവപ്പെട്ട ഇന്ത്യന്‍മീന്‍പിടുത്തക്കാരെ ഒരു കാരണവുംകൂടാതെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍നാവികരെ വെറുതെ വിടണമെന്നും അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് ഫെറാരിയുടെ ആവശ്യം. അതില്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടമല്‍സരത്തില്‍ തങ്ങളുടെ കാറുകളില്‍ ഇറ്റാലിയന്‍ നാവികസേനയുടെ കൊടി പതിപ്പിക്കും എന്നാണ് ഭീഷണി.നിയമപ്രകാരം മല്‍സരത്തില്‍ പങ്കെടുക്കുന്ന വാഹനങ്ങളില്‍ മറ്റൊരു രാജ്യത്തിന്‍റെ സൈനികഅടയാളങ്ങള്‍ പാടില്ല.അത് രാജ്യദ്രോഹകുറ്റമാണ്.വെറും ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി നമ്മുടെ രാജ്യത്തിന്‍റെ പരമാധികാരത്തെപ്പോലും വെല്ലുവിളിക്കുന്ന ഈ പ്രവണത അനുവദിച്ചുകൂടാ; ആദരണിയനായ മുന്‍രാഷ്ട്രപതി കലാമിനെപ്പോലും പരിശോധനയുടെ പേരുപറഞ്ഞു തുണിയഴുപ്പിച്ച സായ്പ്പിനു; ഇന്ത്യയില് വന്ന് എന്തും വെളിച്ചുപറയാം. ഇന്ത്യയൊരു ബനാനറിപബ്ലിക്കും ഇവിടുത്തെ ജനങ്ങള്‍ വെറും മാങ്ങപീപ്പിള്‍സ് ആണെന്നും വിദഗ്ധഭിപ്രായം നമുക്കിടയില്‍ തന്നെ ഉള്ളതിനാല്‍ സായിപ്പിന് പേടിക്കാനില്ല.ഇതിനെതിരെ ആരെങ്കിലും ഇവിടെ ഒച്ചവെച്ചാല്‍ അവനെ നമ്മുടെ പോലീസും, കോടതിയും തൂക്കിക്കോളും.

     കാപ്പി, കുരുമുളക്, ഏലം വില്‍ക്കനുണ്ടോയെന്നു വഴി നീളെ ചോദിച്ചുനടന്ന പരദേശിപ്പെറുക്കികളെ; വീട്ടില്‍ വിളിച്ചുകയറ്റി;കുടിക്കാന്‍ ചായയും, കഴിക്കാന്‍ ചോറും, കിടക്കാന്‍ പായുംതലയണയുംകൊടുത്തു; ഒടുവില്‍ വലിഞ്ഞുകയറിവന്നവന്‍ വീട്ടുകാരനെ പുറത്താക്കി; പൊറുതി തുടങ്ങിയ ചരിത്രമാണ് നമുക്കുള്ളത്. പിന്നിട് വീട്ടുഭരണം തിരിച്ചു പിടിക്കാന്‍; ഒത്തിരി ചോരയൊഴുക്കേണ്ടി വന്നതും ഇവിടെയെല്ലാവനും അറിയാം. എന്നാലും സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്നു.

  കോടികള്‍ തുലച്ചു പട്ടിണിപാവങ്ങളുടെ നെഞ്ചത്തുകൂടി കാറോടിച്ചു കളിക്കാന്‍ പുതിയ ഗ്രാന്റ്പ്രീ സര്‍ക്യുട്ടുകള്‍ സംഘടിപ്പിക്കുന്ന നമ്മുടെ  മേലാളന്‍മ്മാരെ..... നിങ്ങള്‍ക്ക് സ്തുതിയായിരിക്കട്ടെ. എന്തെന്നാല്‍ നിങ്ങള്‍ പാവങ്ങളുടെ അമേധ്യത്തില്‍ സ്വര്‍ണ്ണം തിരയുന്നവരാണ്. നമ്മുടെ പൌരന്മ്മാരെ കൊന്ന കൊലപാതകികളെ വെറുതെവിടാന്‍ ഈ രാജ്യത്തു വന്നു പ്രതിഷേധം സംഘടിപ്പിക്കുന്ന ഫെരാരിയെപ്പോലുള്ള വിദേശകുത്തകകളെ അടിച്ചു പുറത്താക്കാന്‍ ഇന്ത്യന്‍രക്തത്തില്‍ പിറന്ന ആരുമില്ലേ ഇവിടെ????

 അപ്പന്‍ ഇരിക്കേണ്ട സ്ഥലത്ത് പട്ടി കയറി ഇരുന്നാല്‍;അപ്പന്‍ മാത്രമല്ല  അപ്പന്‍റെ മക്കളും പട്ടിയെ അനുസരിക്കേണ്ടി വരും....!!!!!!

6 comments:

 1. ഫെരാരിയെപ്പോലുള്ള വിദേശകുത്തകകളെ അടിച്ചു പുറത്താക്കാന്‍ ഇന്ത്യന്‍രക്തത്തില്‍ പിറന്ന ആരുമില്ലേ ഇവിടെ????ഉള്ളവനെല്ലാം ഡല്‍ഹിയില്‍ കിടക്കുകയാണ് നക്കാപ്പിച്ച വല്ലതും ഒപ്പിക്കാന്‍ ...

  ReplyDelete
 2. ഫെരാരി വേണം
  വാള്‍ മാര്‍ട്ട് വേണം
  വിദേശനിക്ഷേപമുണ്ടെങ്കിലേ രാജ്യം വളരൂ അത്രെ

  മണ്ടന്മാര്‍.
  ജപ്പാനും ജര്‍മനിയും അമേരിക്കയുമൊക്കെ വളര്‍ന്നത് വിദേശനിക്ഷേപം കൊണ്ടാണോ
  തലയില്‍ ആളുതാമസമുള്ള ഭരണാധികാരികള്‍ വേണം. ഫെരാരിയും കുത്തകകളുമല്ല രാജ്യം വളര്‍ത്തുന്നത്.

  നല്ല ലേഖനം, അനുമോദനങ്ങള്‍

  ReplyDelete
  Replies
  1. വായിച്ച്‌ അഭിപ്രായം പറഞ്ഞതിനു നന്ദി പറയുന്നു.....

   Delete