**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, July 3, 2013

ആസനങ്ങള്‍ പഠിക്കൂ; നാടിനെ രക്ഷിക്കൂ.....


     


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

   ഈയിടെയായി എന്‍റെ സ്വഭാവം കുറച്ചു മോശമായിട്ടുണ്ടോയെന്നു എനിക്കുതന്നെ ഒരുസംശയം... എല്ലാക്കാര്യത്തിലും  വിമര്‍ശനവുമായി കൂടിയിരിക്കുന്നു. നല്ലതൊന്നും കാണാതെ വെറും കുറ്റങ്ങളും കുറവുകളും മാത്രംകാണുന്നത് ഒരു മാനസികവൈകല്യമാണെന്നു ടീവി യില്‍ ‘ആര്‍ട്ട്‌ ഓഫ്‌’ പഠിപ്പിക്കുന്ന ഗുരുജി പറഞ്ഞിരിക്കുന്നു...അങ്ങനെ എന്തെങ്കിലും കണ്ടാല്‍, തോന്നിയാല്‍ അന്നേരെ കണ്ണുകള്‍ അടയ്ക്കണമെന്നാണ് സ്വാമിജിയുടെ ഉപദേശം. ഉടനെതന്നെ വായുവിനെനിയന്ത്രിച്ചുകൊണ്ട് മൂന്നാല് ആസനങ്ങളും ചെയ്യണം. നമ്മുടെചിന്ത ആസനത്തില്‍ത്തന്നെ കേന്ദ്രികരിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെട്ടു. ഇനിമുതല്‍  നല്ലതുമാത്രം കാണണം നല്ലതുമാത്രം ചിന്തിക്കണം. ഗുരുജിയേ നമഹ...ആസനങ്ങള്‍ വിജയിക്കട്ടെ...ശരി തുടങ്ങാം

  എന്‍റെ നാട് എത്ര മനോഹരമാണ്, എത്ര മഹത്തായ രാജ്യമാണ്, അല്ലേ; അതേ........... ലോകത്തിലെതന്നെ പ്രധാനശക്തികളിലൊന്ന്, ജനസഖ്യയില്‍ ലോകത്ത് ഒന്നാംസ്ഥാനം അലങ്കരിക്കുന്നു..ഇനി ഈ ജന്മത്തു അതില്‍ നമ്മളെ  തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. ഉല്‍പ്പാദനക്ഷമതയില്‍, സ്വാതന്ത്ര്യം കിട്ടി കുറഞ്ഞകാലത്തിനുള്ളില്‍ത്തന്നെ നാം ലക്ഷ്യംകണ്ടിരിക്കുന്നു. സൈനിക ശക്തിയില്‍ ആദ്യ പത്തില്‍പ്പെടുമെന്നുപറയുന്നു.. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലേക്ക് പട്ടിയെവിടാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പട്ടിണിയില്‍ ലോകത്ത്; ബ്.. ബ്.. ബ്ബ്.... ശ്ശേ........ പിന്നെയും വികിടസരസ്വതി നാവില്‍വരുന്നു.... കണ്ണ്ടയ്ക്കൂ; ഗുരുജി മുന്നില്‍ ......ക്ലിയര്‍. വളരുന്ന സാമ്പത്തികശക്തി,  ഏഷ്യയിലെ വന്‍ശക്തി....സ്ത്രീപീഡനം, ബാലവേല പട്ടിണിമരണം എന്നിവയില്‍ ലോകത്തെ ആദ്യ ഇരുപതില്‍പ്പെടും.. ശ്ശോ..അബദ്ധം വല്ലതുംപറഞ്ഞോ; ഇല്ല... സര്‍വോപരി ഈരേഴു പതിനാലുലോകത്തെയും സര്‍വ്വഡിഗ്രിയും കരസ്ഥമാക്കിയ മന്‍മോഹന്‍ജീ ഭരിക്കുന്ന മനോഹരനാട്... രാജ്യത്തിനുവേണ്ടിമാത്രം ജീവിക്കുന്ന ഗാന്ധികള്‍ നയിക്കുന്ന നാട്..

 കേരളത്തിലാണേല്‍  ഏറ്റവുംനല്ല ഭരണാധികാരിക്കുള്ള യു.എന്‍ പുരസ്ക്കാരം നേടിയ സുതാര്യനായ ചാണ്ടിസാറിന്‍റെ ഒരു പ്രജ യാണെന്നതില്‍ അഭിമാനിക്കാം ..ഏത് അനീതിയ്ക്കുമെതിരെ പടവാളുയര്‍ത്തുന്ന പ്രതിപക്ഷനേതാവിന്‍റെ നാടാണിത് ..സ്വന്തം സമുദായത്തെയും അതിലെ പ്രജകളേയും കണ്ണിലെ കൃഷണമണിപോലെ സംരക്ഷിക്കുന്ന സമുദായനേതാക്കന്മ്മാരുടെ നാട് ..ഇവിടെ എന്താകുഴപ്പം; ഇവിടെ വല്ല കുഴപ്പവുമുണ്ടോ..?  ഹേയ് ഇല്ല. ഈ നാട്ടില്‍ ജനിക്കാന്‍ ഭാഗ്യംകിട്ടിയ, ഞാന്‍ ഭാഗ്യവാനാണ് ..ഈ നാടിനെ ഇങ്ങനെ ഭരിച്ചു സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കുന്ന എല്ലാ മത,രാഷ്ട്രിയ നേതാക്കന്‍മ്മാരെയും അവരുടെ കുടുബാംഗങ്ങളേയും കാത്തുകൊള്ളണെ ഭഗവാനേ..

   അതൊക്കെ പോകട്ടെ; നാളെ ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്;  ഭാര്യക്ക്‌ നല്ലൊരു സാരി; മക്കള്‍ക്ക്‌ പുത്തനുടുപ്പ്, ഒരു നല്ല ചോക്ലേറ്റ് കേക്ക്, പിന്നെ അയല്‍ക്കാര്‍ക്ക് കൊടുക്കാന്‍ കുറച്ചു മധുരപലഹാരങ്ങളും. സാധനങ്ങളൊക്കെ വാങ്ങാന്‍ രാവിലത്തെ ബസിനുതന്നെ തിരിച്ചതാണ്. കോഴിക്കോട്ടങ്ങാടിയില്‍ കിട്ടാത്തതായി ഒന്നുമില്ല. ഏതായാലും വിലയിത്തിരി കൂടിയെങ്കിലും ഭാര്യക്ക് വാങ്ങിയ പട്ടുസാരി കേമംതന്നെ. ഉടുപ്പുകള്‍ മക്കള്‍ക്കും ഇഷ്ടപ്പെടും. കേക്കും പലഹാരങ്ങളും നല്ലതുതന്നെ വാങ്ങി. രൂപ പതിനയ്യായിരം പൊടിഞ്ഞു.. ഹോ; എന്തോന്നു രൂപ, നമ്മളോണ്ടാക്കുന്നു; നമ്മള്‍ ചിലവഴിക്കുന്നു.. ഗുരുജി വചനം ഓര്‍ത്തു...

 രാവിലെതൊട്ട് നല്ല മഴയാണ്.. എല്ലാ അണക്കെട്ടുകളും നിറഞ്ഞിരിക്കുന്നു. ഇനി കറണ്ടില്ല, ലോഡാണ് എന്നൊന്നും പറഞ്ഞു കരയേണ്ട ....അനുഗ്രഹം തന്നെ. ഇത്രത്തോളം വന്നസ്ഥിതിയ്ക്ക് മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിയിലുമൊന്നു കയറാം .. ഒരു മണിക്കൂര്‍കൊണ്ട് ചെറിയ ഒരു വായന നടത്തിക്കളയാമെന്ന് വിചാരിച്ചു.’ഇന്ത്യയെ കണ്ടെത്തല്‍ ഒരു പഠനം’  കൊള്ളാം,  കൈയ്യില്‍ കിട്ടിയ പുസ്തകം കൊള്ളാം..ഒരു മണിക്കൂറിന്‍റെ വായനയില്‍ ഒത്തിരി മനസിലായി ..ഈ നാട്, ഇതിന്‍റെ പാരമ്പര്യം, സംസ്ക്കാരം, ഇപ്പോഴത്തെ വികസനങ്ങള്‍, അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍, സൈനികരംഗത്തെ കുതിച്ചുചാട്ടങ്ങള്‍, പഞ്ചവത്സര പദ്ധതിയുടെ വിജയങ്ങള്‍, സാമ്പത്തിക രംഗത്തെ കുതിപ്പുകള്‍, ദാരിദ്ര്യപട്ടിണി നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍  എല്ലാം വിവരിക്കുന്നു. അപ്പൊ ഞാന്‍ കരുതിയ പോലെയൊന്നുമല്ല കാര്യങ്ങള്‍. എനിക്കുവല്ലാതെ തെറ്റിയിരിക്കുന്നു. പിള്ളേര്‍ക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഞാന്‍ എന്‍റെ പഴയ കട്ടികണ്ണടയുടെ ലെന്‍സുമാറാന്‍ താമസിച്ചുപോയോ എന്നൊരു തോന്നാല്‍.. അപ്പൊ ഇത്രകാലം ഞാന്‍കണ്ടതൊക്കെ മങ്ങിയ കാഴ്ചകളായിരിക്കണം...  

     കണ്ണടയുടെ ലെന്‍സൊന്നുമാറണം. ആകെയൊരു ഉഷാര്‍ വന്നിട്ടുണ്ട്. മിട്ടായിത്തെരുവിലുള്ള ആര്യഭവനില്‍ പോയി വിസ്തരിച്ചൊരു ഊണും കഴിച്ചു. പായസവും, ഏഴുകൂട്ടം കറികളും, നല്ല പാലക്കാടന്‍ മട്ടയുടെചോറും ഗംഭീരംതന്നെ...എന്നാ ഇനി പതുക്കെ വീടുപിടിക്കാം.. മഴയുടെ ശക്തി കുറച്ചു കൂടിയിട്ടുണ്ട്. പുതിയ പോപ്പി നാനോക്കുട  നിവര്‍ത്തി. കൊള്ളാം......... മാനാഞ്ചിറ സ്ക്വയറിനെച്ചുറ്റി ബസ്റ്റൊപ്പിലേക്ക് നടന്നു.. പുത്തന്‍സാരിയും, കുട്ടികള്‍ക്കുള്ള പുത്തനുടുപ്പും, കേക്കും, മധുരപലഹാരങ്ങളുമൊക്കെ കൈയ്യില്‍ തൂക്കിയുള്ള നടത്തം. മഴ തകര്‍ത്തുപെയ്യുന്നു..ഹാ ഹഹ....മഴയെ നീ ഒരു സുന്ദരി;തന്നെ. പെയ്തു പെയ്തു ഭൂമിയെ നനയ്ക്കൂ.ഊണിന്‍റെ സുഖത്തില്‍ സാഹിത്യം മുളയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു..അങ്ങനെ നടക്കുന്നതിനിടയിലാണ് ഈ കാഴ്ച കണ്ടത്..വല്ലാത്തൊരു കാഴ്ച തന്നെ..

 ഭഗവാനേ ഇതാണോ എന്‍റെ നാട് ...? ഇതാണോ കേമന്മാരായ നേതാക്കള്‍ ഭരിക്കുന്ന നാടിന്‍റെ അവസ്ഥ??? ...മതവും ജാതിയും വണ്ണം വയ്പ്പിക്കുന്ന എന്‍റെ നാടിന്‍റെ അവസ്ഥ ഇതാണോ..? കൈയ്യില്‍ പട്ടുസാരി,  മക്കളുടെ പുത്തനുടുപ്പുകള്‍,  ആഘോഷത്തില്‍ മുറിയ്ക്കാനുള്ള കേക്ക്, വിതരണം ചെയ്യാനുള്ള മധുര പലഹാരങ്ങള്‍ .......? എന്‍റെ മക്കളുടെ അതേ പ്രായം ....
വിശേഷ വിഭവങ്ങളെല്ലാം കൂട്ടിക്കഴിച്ച ഊണ് ഒരു നിമിഷംകൊണ്ട് ദഹിച്ചുപോയിരിക്കുന്നു..     മകനേ അസ്വസ്ഥനാവാതിരിക്കൂ. നീ ചഞ്ചലചിത്തനാകുന്നുവോ...അടുത്തയാഴ്ച്ച ആരംഭിക്കുന്ന പുതിയ ‘ആര്‍ട്ട് ഓഫ്’ ക്ലാസ്സില്‍ അഡ്മിഷന്‍ എടുക്കൂ..വെറും അയ്യായിരംരൂപ മുടക്കിയാല്‍ നിന്‍റെ എല്ലാ അസ്വസ്ഥതകളും മാറും; ഞാനല്ലേ പറയുന്നത്... കടന്നുവരൂ... മനസ്സില്‍ ഗുരുജിയുടെ വിളയാട്ടം.

 പോടാ, മഹാപാപി........ അവന്‍റെയൊരു ‘ആര്‍ട്ട്‌ ഓഫ് കൂത്ത്‌’. താടിയും മുടിയുംനീട്ടി; വെള്ളത്തുണിയുംച്ചുറ്റി പല്ലിളിച്ചുകാണിച്ചാല്‍ തീരുന്നതല്ലടോ ഈ അസ്വസ്ഥത...ഹൃദയമുള്ള ആര്‍ക്കും ഇതൊക്കെ കാണുമ്പൊള്‍ കുറച്ചു വിഷമമുണ്ടാകും. മറ്റുള്ളവാരുടെ ചോരകുടിച്ചു കഴിയുന്ന ഒരു പരാദമായി ജീവിക്കാന്‍ എനിയ്ക്ക് താല്പര്യമില്ല...തുപ്പലുവിറ്റു ജീവിക്കുന്ന ഗുരുജിക്കു പോകാം...ഇതാണെന്‍റെ നാട്, ഇതാണെന്‍റെ മക്കള്‍ ഇവരെക്കാണുമ്പോള്‍ കണ്ണടച്ചുകടന്നുപോയാല്‍ എല്ലാ പ്രശ്നങ്ങളും തീരുമോ??..എനിക്കു നന്നാവണ്ട.... എനിക്കു നന്നാവണ്ട.....ഞാന്‍ കണ്ടതാണ് കാഴ്ച...എന്‍റെ കണ്ണടയ്ക്ക് കുഴപ്പമൊന്നുമില്ല..ഇതൊന്നും കാണാതെ പോകുന്നവന്‍റെ കണ്ണടകളാണ് മാറ്റേണ്ടത്...

17 comments:

 1. താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.ഈ രംഗം ആരുടേയും മനസ്സലിയിക്കും

  ReplyDelete
 2. ഇതൊക്കെ കണ്ടതുകൊണ്ടും ഒന്നും സംഭവിക്കുന്നില്ല.അതുതന്നെയാണ് നാടിന്‍റെ പ്രശ്നവും .പറയാം, പ്രസംഗിക്കാം, ലേഖനം എഴുതാം. ഇത്തിരി സങ്കടപെടാം കഴിഞ്ഞു.

  ReplyDelete
  Replies
  1. ഒരു പക്ഷെ ചിലര്‍ക്കെങ്കിലും ഒരു മാറ്റാം വരില്ലേ അനീഷ്‌

   Delete
 3. Hi Thulasi, nice one, so what did you do to make a change in their's life, did you provide a time's food, a shelter from rain......eager to know. Jhon.

  ReplyDelete
  Replies
  1. എനിക്ക് പറ്റുന്നതുപോലെ സഹായിക്കാറുണ്ട് ..അതുപോരാന്നു പലപ്പോഴും തോന്നാറുമുണ്ട്..

   Delete
 4. "ആസനങ്ങൾ പഠിക്കൂ; നാടിനെ രക്ഷിക്കൂ.."
  തലക്കെട്ടു കണ്ടപ്പോൾ വായിക്കണമെന്ന് തോന്നി. വായനയിൽ രസവും തോന്നി. പക്ഷെ, ആ രസം അധികനേരം നീണ്ടുനിന്നില്ല. 'ആസനം' ഉറപ്പിക്കാൻ ഒരിടമില്ലാതെ തണുത്തുമരവിച്ചു പാതയോരത്തിരിക്കുന്ന രണ്ട് കുഞ്ഞു പട്ടിണിക്കോലങ്ങളെ കണ്ടപ്പോൾ ഉണ്ടായ വേദന പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. മഴ നനയാതിരിക്കാൻ എവിടെനിന്നോ കിട്ടിയ ഒരു പരസ്യബോർഡ്‌ മറയായിപ്പിടിച്ച ആ കുഞ്ഞുകൈകൾ പിടിച്ചെഴുന്നേൽപ്പിക്കാൻ അവിടെ ഒരാളുമില്ലേ..!

  "എന്‍റെ മക്കളുടെ അതേ പ്രായം ....
  വിശേഷ വിഭവങ്ങളെല്ലാം കൂട്ടിക്കഴിച്ച ഊണ് ഒരു നിമിഷംകൊണ്ട് ദഹിച്ചുപോയിരിക്കുന്നു.."
  ഈ വരികൾകൂടി വായിച്ചപ്പോൾ കാരുണ്യത്തിന്റെ രണ്ടു ഹൃദയങ്ങൾ തമ്മിൽ കൂട്ടിമുട്ടിയ നൊമ്പരം ഞാനറിഞ്ഞു.

  ReplyDelete
  Replies
  1. താങ്കളുടെ വികാരവും എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നു അബുരസ്സില്‍,,,ആരുമില്ലേ?? അതേ അതു തന്നെയാണ് എനിക്കും പറയാനുള്ളത്.എന്‍റെ ചിന്തയിലേക്ക് കടന്നു വന്നതിനു നന്ദി

   Delete
 5. Hi Thulsi good writing.i know this words are genuine from your feelings.infact iwas also irrirated and depressed by this so called issues and things..But one thing i learned that there is no societal transformation without individual transformation..
  Thulis here so many problems and issues are going on...yes ofcourse we need to make a chanage for all this? But how can it possible if we were not established in ourself? So first Establish in ourself..With an irritated and frustruated mind we cannot make any changes to this society?
  This is what krishna told in Githa, First establish in yourself, Then act.
  Then that action would not be merely a 10 minutes long petty compassion..!

  ReplyDelete
  Replies
  1. സ്വയം ഒരു മാറ്റത്തിനും ഇടപെടലിനുമൊക്കെ പരമാവധി ശ്രമിക്കാറുണ്ട് അജിത്‌ ..എന്നാലും ഇതൊക്കെ കാണുമ്പോള്‍ എന്‍റെ ഫീലിങ്ങ്സ്‌ അറിയാതെ പറഞ്ഞു പോകുന്നു.

   Delete
 6. എനിക്കു നന്നാവണ്ട.... എനിക്കു നന്നാവണ്ട.....ഞാന്‍ കണ്ടതാണ് കാഴ്ച...എന്‍റെ കണ്ണടയ്ക്ക് കുഴപ്പമൊന്നുമില്ല..ഇതൊന്നും കാണാതെ പോകുന്നവന്‍റെ കണ്ണടകളാണ് മാറ്റേണ്ടത്...

  yes.. that what need to be changed.

  ReplyDelete
  Replies
  1. മുക്കുവന് തോന്നിയതു തന്നെയാണ് എനിക്കും തോന്നിയത്.

   Delete
 7. ഇതാനെന്റെ നാട്

  ReplyDelete
 8. കണ്ണേ മടങ്ങുക.. ആ കുട്ടികളുടെ ചിത്രം മനസിൽ ഏറെ നൊമ്പരമുണർത്തി.. നമ്മുടെ അയല്പക്കത്തുള്ള പട്ടിണിയെങ്കിലും ഓർക്കാൻ നമുക്കായെങ്കിൽ !

  ReplyDelete
  Replies
  1. ഒരാളുടെ പട്ടിണിയെങ്കിലും മാറ്റാന്‍ കഴിഞ്ഞെങ്കില്‍ ..ആ ചിന്ത തന്നെയാണ് ശരി.

   Delete
 9. ഷഫീഖിനെപറ്റി അവനു തുണയാവാത്ത ഈ സമൂഹത്തിനെപറ്റി ഒന്ന് എഴുതുമോ

  ReplyDelete