**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, October 31, 2013

ചാത്തന്‍ എറിഞ്ഞ കല്ല്‌


 

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  കേരളത്തില്‍ ‘കല്ല്‌’ ആയുധമാക്കാത്ത ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കിലത് നവജാതശിശുവായ ‘ആം ആദ്മി പാര്‍ട്ടി’ മാത്രമാണ്. അവരാകട്ടെ കുറ്റിച്ചൂലും പിടിച്ച് പിച്ചവെച്ചു പഠിക്കുന്നതേയുള്ളൂ;  വളരുമ്പോള്‍ എങ്ങനെ വരുമെന്ന് കാത്തിരുന്നു കാണണം.. നിലവില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍, എന്തിനുവേണ്ടിയുള്ള പോരാട്ടമായാലും അതിലെല്ലാം കല്ലിനു ഒരു പ്രമുഖസ്ഥാനമുണ്ട്.. മണ്ണിനുവേണ്ടിയുള്ള പോരാട്ടമായാലും, പെണ്ണിനുവേണ്ടിയുള്ള പോരാട്ടമായാലും, അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമായാലും, അഴിമതിവിരുദ്ധ പോരാട്ടമായാലും അതിലെല്ലാം ഒരുപോലെ ഉപയോഗിക്കപ്പെടുന്ന വസ്തുവാണ് കല്ല്‌. നെഹ്രുവിനെപ്പോലുള്ള മഹത് വ്യക്തികള്‍ കല്ലിന്‍റെ കഥ പറഞ്ഞാണ് മക്കളെപ്പോലും  വളര്‍ത്തിയത്‌... ശിലായുഗസംസ്കാരം എന്നൊരു സംസ്കാരംതന്നെ നിലനിന്നിരുന്നു.. തീര്‍ന്നില്ല,,,ബൈബിളില്‍ ദാവിദ് മല്ലന്‍ഗോലിയാത്തിനെതിരെ പ്രയോഗിച്ചത് കല്ലാണ്, മുസ്ലിങ്ങള്‍ പിശാചിനെ എറിയുന്നതിനും , ഹിന്ദുക്കള്‍ പൂജാവിഗ്രഹങ്ങള്‍ ഉണ്ടാക്കാനും കല്ല്‌ ഉപയോഗിക്കുന്നു.. ചുരുക്കത്തില്‍ കല്ലില്ലാത്ത ഒരു കാലത്തെപ്പറ്റി ചിന്തിക്കാനെ വയ്യ,,, ആത്മിയവും ഭൌതികമായ കാര്യങ്ങളില്‍ ഒരുപോലെ ഉപയോഗിക്കപ്പെടുന്ന അമൂല്യവസ്തു. അതാണ്‌ കല്ല്‌.. കര്‍ഷകര്‍ കല്ലുകൊണ്ട് കയ്യാലകെട്ടി ഭൂമിയെ സുന്ദരിയാക്കുമ്പോള്‍, കല്ലാശാരി കല്ലുകൊണ്ട് നിര്‍മ്മിതികള്‍  ഉണ്ടാക്കുന്നു... ശില്പി കല്ലുകൊണ്ട് ശില്പങ്ങള്‍ ഉണ്ടാക്കുന്നു.. വ്യവസായ മേഖലയിലും നിര്‍മ്മാണമേഖലയിലും കല്ല്‌ ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യഘടകമാണ്.. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഭഷ്യവസ്തുക്കളില്‍ തൂക്കം കൂട്ടാന്‍ മാത്രം ടൌണ്‍ കണക്കിന് കല്ലാണ് ദിവസവും ഉപയോഗിക്കുന്നത്. ഇതുപോലെ ബഹുകാര്യപ്രസക്തവും, ഇത്രയേറെ പരിശുദ്ധവുമായ കല്ലിനെ ദുരുപയോഗം ചെയ്യുന്ന ഒരെയൊരു വര്‍ഗ്ഗം മാത്രമേ ഭൂമിയില്‍ ഉള്ളു.. അവരാണ് രാഷ്ട്രിയക്കാര്‍... ശിലാസ്ഥാപനം എന്ന ഓമനപ്പേരില്‍ ജനത്തെ പറ്റിക്കാനും, പൊതുമുതല്‍ നശിപ്പിക്കാനും, എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും കല്ലിനെ ഉപയോഗിച്ചുകൊണ്ട് കല്ലിന്‍റെ പ്രതിശ്ചായ അവര്‍ വികൃതമാക്കുന്നു.. വല്ലാത്തൊരു ഗൂഡാലോചന ഇതിനുപിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു..

  കല്ല് കണ്ടുപിടിച്ചത് ആരാണെന്നും ഏതു വര്‍ഷമാണെന്നും കൃത്യമായ തെളിവ് ഇല്ലെങ്കിലും ഡിങ്കഭഗവാനാണ് കല്ലിന്‍റെ സൃഷ്ടാവെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു... അദേഹം മലതുരന്നപ്പോള്‍ കിട്ടിയവസ്തുവാണ് പിന്നിട് കല്ലായിപരിണമിച്ചതെന്നാണ് ഐതിഹ്യം....പങ്കിലക്കാട്ടിലാണ് കല്ലിന്‍റെ ആദിമാതാപിതാക്കള്‍ വസിച്ചിരുന്നതെന്നും ഡിങ്കാചരിതത്തില്‍ സൂചനകള്‍ കാണുന്നുണ്ട്... അവിടുന്നു പെറ്റുപെരുകി ലോകംമുഴുവന്‍ വ്യാപിക്കുകയാണുണ്ടായത്.. ഡൈനാമിറ്റ് കണ്ടുപിടിച്ച ആല്‍ഫ്രഡ്‌ നോവലിന്‍റെ അവസ്ഥയാണ് കല്ലിന്‍റെ കാര്യത്തില്‍ ഡിങ്കഭഗവാനും സംഭവിച്ചത്...മനുഷ്യനന്മയെക്കരുതിയാണ് നോബല്‍ ഡൈനാമിറ്റ് കണ്ടുപിടിച്ചത്. പക്ഷെ മനുഷ്യന്‍ ആ കണ്ടുപിടുത്തത്തെ ദുരുപയോഗം ചെയ്ത് പരസ്പരം കൊന്നൊടുക്കാന്‍ ആയുധങ്ങളുണ്ടാക്കി...അതില്‍ മനംനൊന്ത നോബല്‍ സമാധാനമടക്കമുള്ള അവാര്‍ഡുകളുണ്ടാക്കി വിതരണം ചെയ്യുന്നു...കല്ലിന്‍റെ കാര്യത്തില്‍ ഇങ്ങനെ അവാര്‍ഡുകളോന്നും ഇതുവരെ ഉണ്ടായിക്കണ്ടില്ല. ചില്ലറ വര്‍ഷങ്ങള്‍ക്ക് മുന്പ് കോഴിക്കോട് മുതലക്കുളത്ത് അലക്കുകല്ലുകളെ ആദരിച്ചതാണ് കല്ലിനുകിട്ടിയ ആദ്യത്തെയും അവസാനത്തെയും അവാര്‍ഡ്... ഡിങ്കഭഗവാന്‍ സമാധിയായതിനാല്‍ കല്ലിന്‍റെ കാര്യം ഇപ്പോഴും കട്ടപ്പുകയാണ്..

  കേരളത്തിലാണേല്‍  കല്ല്‌ വീണ്ടും മുഖ്യധാരയിലേക്ക് കടന്നു വന്നിരിക്കുന്നു... കല്ലിനെ വീണ്ടും ദുരുപയോഗം ചെയ്തവാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്... മലയോരമേഖലകളില്‍ കല്ലിനെതിരെയുള്ള പീഡനം തടയാന്‍ കസ്തൂരിയും ഗാട്ഗിലും; ആനയെ ഓടിക്കാന്‍ കല്ലുപാടില്ല എന്നൊരു നിയമം പടച്ചിട്ടുണ്ട്. അപ്പോളതാ നഗരങ്ങള്‍ കേന്ദ്രികരിച്ച് ചില തെമ്മാടികള്‍ കാല്ലിനെ പീഡിപ്പിക്കുന്നു.ഒടുവില്‍ കേട്ടത് മുഖ്യമന്ത്രിക്കെതിരെയും കല്ലിനെ ഉപയോഗിച്ചുവെന്നുള്ള വാര്‍ത്തയാണ്...  ഇവിടെയിതാ മുഖ്യമന്ത്രിയുടെ കാറിനുനേരെ വിദൂരനിയന്ത്രിതമായ ഒരു കല്ല്‌ പാഞ്ഞുവരുന്നു. കല്ല്‌ കാറിന്‍റെ ഇടതുചില്ലു തകര്‍ത്തു അകത്തു പ്രവേശിച്ച് മുഖ്യമന്ത്രിയുടെ നെഞ്ചില്‍ത്തട്ടി തിരിഞ്ഞ് വലത്തുവശത്തെ ചില്ലും തകര്‍ത്ത് പുറത്തുപോയിയെന്നാണ് കൂടെയുണ്ടായിരുന്ന മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്.. ഏതായാലും അമ്പയറുടെ റോളില്‍ കല്ലിന്‍റെ ഗതിവിഗതികള്‍ അദേഹം സസൂഷ്മം നിരീക്ഷിച്ചുവെന്നത് ശ്രദ്ധേയമാണ്.. ഇനി കല്ലിനെ ഇങ്ങനെ ബൌന്‍സ് ചെയ്യാന്‍ പാകത്തില്‍ ബൌള്‍ ചെയ്ത ആ മാന്യദേഹം ആരായാലും അദേഹത്തിനെ  ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ദയയുണ്ടാകണം..ഏതു വിക്കറ്റും തെറുപ്പിക്കാന്‍ അദേഹം പ്രാപ്ത്തനാണെന്ന് തെളിയിച്ചുകഴിഞ്ഞു..

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ മുഖ്യമന്ത്രിയുടെ നേരെ നടന്ന കല്ലുപ്രയോഗം ഇത്തിരി കടന്നുപോയി.. രാഷ്ടിയത്തെ രാഷ്ട്രിയം കൊണ്ടാണ് നേരിടേണ്ടയിരുന്നത്.. സെക്രട്ടറിയേറ്റ് സമരത്തില്‍ കാണിച്ച മാന്യത കണ്ണൂര്‍ വന്നപ്പോള്‍ പൊളിഞ്ഞിരിക്കുന്നു...അത് നാണക്കേടാണ്.. ഇതില്‍ മറ്റൊരു കാര്യം പറയാനുള്ളത്..മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെനടന്ന ആക്രമണം ന്യായികരിക്കത്തക്കതല്ലെങ്കിലും അതിനോട് അനുബന്ധിച്ച് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാതെ വഴിയേപോയവനെയും വീട്ടില്‍ കിടന്നുറങ്ങുന്നവനേയും കേസില്‍ പ്രതിയാക്കി, ആയിരം പ്രതികളെന്ന എണ്ണംതികയ്ക്കാന്‍ ആളുകളെ രാഷ്ട്രിയമായി വേട്ടയാടുന്നതും ശരിയല്ല.. മുഖ്യമന്ത്രിക്ക് കിട്ടുന്ന അതേ നീതിയും നിയമവും തന്നെയാണ് ഏതൊരു സാധരണപൌരനും ലഭിക്കേണ്ടതും... വന്മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ അതിനടിയില്‍പ്പെട്ട് ചതഞ്ഞരയുന്നത്‌ സ്വാഭാവികമെന്ന പഴയ സിഖ്കൂട്ടക്കൊലയുടെ ന്യായവാദങ്ങള്‍ മുന്‍നിറുത്തിയുള്ള പ്രതികാരനടപടികള്‍ നീതിയല്ല.. ജനകീയനായ മുഖ്യമന്ത്രി ഈ പ്രശ്നത്തെ ഊതിവീര്‍പ്പിച്ച് ആളിക്കത്തിക്കാതെ ആ വ്യക്തികള്‍ക്ക് മാപ്പ് കൊടുത്താണ് മാതൃകയാവേണ്ടത്..എതിരാളികളെ തറ പറ്റിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗവും അതാണ്‌... കാരണം കരിങ്കൊടി കാണിച്ചുവെന്ന കാരണത്താല്‍ വൃഷണം നഷപ്പെട്ടവനും പ്രത്യാക്രമണം നടത്താതെ ഇവിടെ ജീവിക്കുന്നുണ്ട്... ചോരയ്ക്ക് ചോര എന്ന രീതിയിലുള്ള പക്വതയില്ലാത്ത ജല്പനങ്ങള്‍ നടത്തി അണികളുടെ താത്കാലിക കൈയ്യടികള്‍ വാങ്ങുന്ന പരിപാടികള്‍  പ്രശ്നങ്ങള്‍ ആളിക്കത്തിക്കുകയേയുള്ളു... പാര്‍ട്ടികളും നേതാക്കളും അണികളും കൂടാതെ ജനം എന്നൊരു വിഭാഗം കേരളത്തിലുണ്ടെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞ സ്ഥിതിയ്ക്ക് ഈ പ്രശ്നത്തില്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ ആരാണ് ശരിയെന്ന്... ഏതായാലും ജനങ്ങള്‍ അക്രമത്തെ സ്വാഗതം ചെയ്യില്ലായെന്നതാണ് സത്യം... അതുകൊണ്ട് നേതാക്കള്‍ തങ്ങളുടെ അണികളെ അക്രമത്തിലേക്ക് തിരിച്ചുവിടാതിരിക്കാനുള്ള സാമാന്യ പക്വതയെങ്കിലും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.. റോഡിലെ കുഴിയടയ്ക്കാന്‍ ഇറക്കിയ കരിങ്കല്‍ചീളുകള്‍  കാലങ്ങളായി അവിടെത്തന്നെയിട്ട് വകമാറ്റി എറിയാനുള്ള സാഹചര്യം ഉണ്ടാക്കാതെ എത്രയുംവേഗം റോഡുപണി നടത്തി മെറ്റലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിക്കാന്‍ വകുപ്പ് മന്ത്രിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

 എന്തിനും ഏതിനും ഏറുനടത്തി കല്ലിനെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍  ഇനി ഒരു മാര്‍ഗ്ഗമേയുള്ളൂ. ഏതെങ്കിലും പാര്‍ട്ടിക്കാര്‍ കല്ലിനെ തങ്ങളുടെ ചിഹ്നമായിഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് എടുക്കുക.. തങ്ങളുടെ ചിഹ്നം മറ്റു പാര്‍ട്ടിക്കാര്‍ കൈയ്യില്‍ വയ്ക്കുന്നതും അക്രമത്തിനുപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവും വാങ്ങുക... എങ്കിലേ കല്ലേര്‍ എന്ന പൌരാണിക കലാരൂപത്തെ നിയന്ത്രിക്കാന്‍ കഴിയൂ.. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും സ്കൂട്ടര്‍ ഗട്ടറില്‍ വീണു...കാലിന്‍റെ ഒരുവശത്തെ തൊലിമുഴുവന്‍ പോയിരിക്കുന്നു.. ബാഗടക്കം എല്ലാം നനഞ്ഞു,, പുതിയ ഹെല്‍മറ്റിനും ചോര്‍ച്ചപിടിച്ചു... തലനനഞ്ഞ് പനിപിടിച്ചിരിക്കുന്നു... പാരസെറ്റമോളും, അമോക്സിസലിനും, കഫ്സിറപ്പും കഴിച്ച് കമ്പിളിക്കുള്ളില്‍ ചടഞ്ഞിരുന്ന് മുഖ്യമന്ത്രിയുടെ പരിക്കും,അതിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ...നമ്മുടെ  കഷ്ടപ്പാടുകള്‍ ആരോട് പറയാന്‍...

10 comments:

  1. പ്രമോദ്October 31, 2013 at 10:39 AM

    നിരപരാധിയായ കല്ലിനെ ക്രൂശികുന്നത് ഇനിയെങ്കിലും നിറുത്തണം

    ReplyDelete
  2. ഹി ഹി സത്യമായും താങ്കള്‍ ഒരു പ്രവാചകന്‍ ആകുന്നു ,,കല്ലിന്റെ വിശുദ്ധ പ്രവാചകന്,,,,,,,,,,,ഡിങ്കനെ നമിക്കുന്നു ‍

    ReplyDelete
  3. അങ്ങനെ ചാത്തനേറിനു തുടക്കം കുറിക്കപ്പെട്ടു....

    ReplyDelete
  4. കല്ല്‌ മഹാത്മ്യം കലക്കി മാഷെ സഞ്ചരിക്കുന്ന സര്‍വേ ക്കല്ലുകളെ മാഷ് മറന്നോ ?

    ReplyDelete
  5. എങ്ങും സര്‍വ്വേക്കല്ലുകളും കൂടിവരികയാണ്.
    ലേഖനം നന്നായി
    ആശംസകള്‍

    ReplyDelete
  6. റോഡിലെ കുഴിയടയ്ക്കാന്‍ ഇറക്കിയ കരിങ്കല്‍ചീളുകള്‍ കാലങ്ങളായി അവിടെത്തന്നെയിട്ട് വകമാറ്റി എറിയാനുള്ള സാഹചര്യം ഉണ്ടാക്കാതെ എത്രയുംവേഗം റോഡുപണി നടത്തി മെറ്റലുകള്‍ യഥാസ്ഥാനത്ത് ഉറപ്പിക്കാന്‍ വകുപ്പ് മന്ത്രിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.....

    yep..

    ReplyDelete
  7. കൈ വിട്ട കല്ലും വായ് വിട്ട വാക്കും!

    ReplyDelete
  8. സമരവും കല്ലും ഒരു കഥ (സംഭവം) ഞാനും എഴുതിയിട്ടുണ്ട്.

    ReplyDelete
  9. കല്ല്‌ ഒരു സംഭവം തന്നെ!!!

    ReplyDelete
  10. കല്ലിന്റെ ഓരോരു യോഗമേ......

    ReplyDelete