**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, April 12, 2014

രാഷ്ട്രീയവിഴുപ്പുകളെ ആചാരമര്യാദകള്‍ ഇവരില്‍നിന്നും പഠിക്കൂ


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   ദിവാകരന്‍ മുതലാളിയുടെ ഓമനമകള്‍ മാലതി  റബര്‍ വെട്ടുകരാന്‍ മനോഹരകുമാറിന്‍റെ കൂടെ മനോഹരമായിനാടുവിട്ടിരിക്കുന്നു.. വോട്ടെടുപ്പുദിവസം ഇടിത്തീ പോലെയാണ് വാര്‍ത്ത പൊട്ടിവീണത്‌.. വോട്ടിനു പോകാന്‍ മകളെ വിളിക്കാന്‍ച്ചെന്ന ദിവാകരപത്നി പാര്‍വതി മകളുടെ ശൂന്യമായ മുറികണ്ട് ഞെട്ടിത്തരിച്ചു പൊട്ടിക്കരഞ്ഞു.....  കട്ടിലിന്‍റെ ഒത്തനടവില്‍ കിടന്ന കത്തെടുത്തു വായിച്ചപ്പോള്‍ ദേ കിടക്കണൂ പാര്‍വതി  വെട്ടിയിട്ട വാഴപോലെ വെറുംനിലത്ത്.. ‘ഞാനും മനോവേട്ടനും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ നാടുവിടുന്നു, ഞങ്ങളെ തിരയേണ്ട.’. കത്തിലെ കടുത്ത വാക്കുകള്‍ കണ്ട ദിവാകരന്‍ വെട്ടുകത്തിയുമായി വെട്ടുകാരന്‍ മനോഹരന്‍  താമസിക്കുന്ന ഔട്ട് ഹൌസിലേക്ക് കുതിച്ചു.. വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ അകത്താരുമില്ലായിരുന്നു,  തലേരാത്രി ധാരാളം വെള്ളംകുടി നടന്നിരിക്കുന്നുവെന്നതിന്‍റെ തെളിവായി  കട്ടിലിന്‍റെ അടുത്തിരിക്കുന്ന കൂജയ്ക്ക് മുകളില്‍ സ്റ്റീല്‍ഗ്ലാസ്‌ കമിഴ്ത്തിവെച്ചിരിക്കുന്നു.. മേശപ്പുറത്ത് റബര്‍ക്കത്തിക്കടിയില്‍ വെള്ളപേപ്പറില്‍ ഒരെഴുത്ത്....അതില്‍ ഇപ്രകാരം എഴുതിയിരുന്നു;  ‘ഞങ്ങള്‍; ഞാനും മാലതിയും ഒന്നിക്കാന്‍ തീരുമാനിച്ചു ഞങ്ങളെ തിരയേണ്ട .’. രണ്ടു കത്തിലും ഒരേ കയ്യക്ഷരം..രണ്ടും മാലതിയുടെ കയ്യക്ഷരം .. കത്തിന്‍റെ കാര്യത്തില്‍ മനോഹരകുമാര്‍ നിരപരാധിയാണ് കാരണം അയാള്‍ക്ക് അക്ഷരജ്ഞാനം ഇല്ലായിരുന്നു.. വാര്‍ത്ത‍കേട്ടതില്‍ ബൂത്ത്‌ ഏജന്റ്റ് കുമാരനാണ് വലിയ ഞെട്ടല്‍ രേഖപ്പെടുത്തിയത്.. അനുശോചന സന്ദേശത്തില്‍ അദേഹം ഇങ്ങനെ പറഞ്ഞു... ഇന്നാണോ ഈ ‘മാ,,,,,,,,,കള്‍ക്ക് ഒളിച്ചോടാന്‍ കണ്ടസമയം ..വോട്ട് ചെയ്തിട്ടു നാളെപ്പോയാല്‍ പോരായിരുന്നോ... ഉറച്ച രണ്ടു വോട്ടാ പോയത്... ജനാധിപത്യബോധമില്ലാത്ത വിഡ്ഢികള്‍... സംഭവത്തെക്കുറിച്ച് വിശദമായ ചര്‍ച്ചനടന്നു.. ഇന്നു വോട്ടായതിനാല്‍ നാളെമുതല്‍ അന്വേഷണം തുടങ്ങാമെന്ന നിലപാടാണ് പൊതുവില്‍ അംഗികരിക്കപ്പെട്ടത്‌... ഇനിയിപ്പോ അന്വേഷിക്കേണ്ട ആവശ്യമില്ല മിക്കവാറും ഇതിനകം വോട്ട് കുത്തിട്ടുണ്ടാകു മെന്നാണ് ചലരുടെ അഭിപ്രായം..  ഏതായാലും നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല... വെട്ടുകാരെല്ലാം ഇങ്ങനെ മുങ്ങാന്‍ തുടങ്ങിയാല്‍ പകരം തൊഴിലാളികളെ എവിടുന്നു കിട്ടും... മുതലാളിമാരുടെ പെണ്മക്കളെ അടിച്ചുമാറ്റി വിപ്ലവം നടത്തുന്ന തൊഴിലാളികളുടെ കാല്‍ തല്ലിയൊടിക്കണമെന്നാണ് മൊത്തത്തില്‍ ഉയര്‍ന്നുവന്ന ഒരഭിപ്രായം... ഒരു ബോധവല്‍ക്കരണം നടത്തണം മാഷേ,,,,,,, യുവജനങ്ങള്‍ക്കായി ഒരു ക്ലാസ്സ്‌ സംഘടിപ്പിച്ചാലോ..? നാട്ടിലെ ബുദ്ധിജീവികളുടെ കേന്ദ്രമായ ക്ലബില്‍ ഒരു അഭിപ്രായം അവതരിപ്പിക്കപ്പെട്ടു.. ആവാം,,,,,,,,,,, എങ്കില്‍ മാഷ്‌ തന്നെ പരിപാടി നടത്തണം.. അങ്ങനെ അതും തലയില്‍വീണു... ഇതിപ്പോ എന്തു ക്ലാസ്സ്‌ നടത്തും...? അങ്ങോട്ടുംമിങ്ങോട്ടും ലൈന്‍ വലിക്കുന്നവരുടെ തലയില്‍ ഇതുവല്ലതും കയറുമോ....? ക്ലാസ്സിനായി  ഏതൊക്കെ പുസ്തകങ്ങള്‍ റഫര്‍ ചെയ്യണം.. മാനസിക വ്യവഹാരങ്ങളെ താല്‍ക്കാലിക വികാരശമനങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ ആഴത്തില്‍ ചിന്തിക്കാന്‍, ഫ്രോയിഡിനെയൊ യൂങ്ങിനെയോ അവതരിപ്പിക്കാമെന്നുവെച്ചാല്‍ എല്ലാവര്‍ക്കും അത് മനസ്സിലാവണമെന്നില്ല... പണ്ട് വൈലോപ്പിള്ളിയുടെ മാമ്പഴത്തെ; മാം + പഴം = അമ്മയുടെ പഴം    =  സ്തനം എന്നു വ്യാഖ്യാനിച്ച മനശ്ശാസ്ത്രഞാനോട്, എണിറ്റ് പോടാ പട്ടീ,,,,, എന്നുപറഞ്ഞ നാടാണ്.. അതുകൊണ്ട് മനശാസ്ത്രരീതി പാടില്ല... പൈങ്കിളി രീതിയാണ്‌ സുരക്ഷിതം... അതിന്‍ പ്രകാരമാണ് ആ അമൂല്യ റഫറന്‍സ് ഗ്രന്ഥം വായനശാലയില്‍ നിന്നും തപ്പിയെടുത്തത്... ‘ലേഡിസ് ചാറ്റര്‍ലിസ് ലവര്‍’...(ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍). ഒരു തോട്ടക്കാരന്‍ എങ്ങനെയാണ് യജമാനത്തിയായ പ്രഭ്വിയുടെ കിടപ്പറയില്‍ എത്തിപ്പെടുന്നതെന്ന് വിശദമായി പറയുന്ന പുസ്തകമാണ്... തോട്ടക്കാരന്‍ എങ്ങനെ മുതലാളിയുടെ മകളെ അടിച്ചോണ്ടു പോകുന്നു എന്നുപറയുമ്പോള്‍ വിശദമായ വായനയില്‍ എങ്ങനെ അടിച്ചോണ്ടു പോക്ക് തടയാം എന്നതും മനസ്സിലാക്കാം.... ഒരു ബലാല്‍സംഗം നടന്നാല്‍ ഇരയേയും വേട്ടക്കാരനെയും ഒന്നിച്ചുതൂക്കണമെന്നു പറയുന്ന നാട്ടില്‍ ഒളിച്ചോട്ടമാണ് ബുദ്ധിയെന്നു ഇരയും കരുതിയാല്‍  അതില്‍ തെറ്റുപറയാന്‍ കഴിയില്ല... വേദനയും മരണവും എന്നതിനേക്കാള്‍, സുഖവും മരണവുമാണ് കൂടുതല്‍ സ്വീകാര്യം.. വോട്ടും പെട്ടിയുമെല്ലാം സ്ട്രോങ്ങ്‌ റൂമില്‍ എത്തിയ സ്ഥിതിയ്ക്ക് ഇനിയല്‍പ്പം സാമൂഹ്യസേവനവും ആവാം... അങ്ങനെ ചാറ്റര്‍ലി പ്രഭ്വിയുടെ  കാമുകനുമായി അല്പം മാനസിക സല്ലാപം നടത്തിവരുന്ന വഴിക്കാണ്.. ‘പുലയാടി മക്കളെ’ എന്നു തുടങ്ങുന്ന പൂരപ്പാട്ട് കേള്‍ക്കാനിടയായത് ..നല്ല പരിചിത സ്വരം. പൂരപ്പാട്ടാണെങ്കിലും നല്ല വഞ്ചിപ്പാട്ടിന്‍റെ ആലാപനഭംഗി... കണക്കുകൂട്ടല്‍ തെറ്റിയില്ല... വാസുതന്നെ....  അല്പം ഉപദേശിച്ചു കളയാം ...

  'വാസുവേ നീ പിന്നെയും കുടി തുടങ്ങിയോ... മദ്യം വിഷമാണ് കുഞ്ഞേ; അത് സമൂഹത്തെയും കുടുംബത്തെയും നശിപ്പിക്കുന്നു... നീ ഇങ്ങനെ കുടിച്ച് ജീവിതം തുലയ്ക്കല്ലേ വാസൂ...'

  'മദ്യം വിഷമല്ല മാഷേ വിഷമമാണ്;  എങ്ങനെ കുടിക്കാതിരിക്കും. കഴിഞ്ഞ നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ഞാന്‍ കുടിയെപ്പറ്റി ചിന്തിച്ചിട്ടേയില്ലായിരുന്നു... ഒരു നവഭാരതമായിരുന്നു എന്‍റെ മനസ്സില്‍.. പക്ഷെ പറ്റിച്ചില്ലേ മാഷേ .. എല്ലാം പൊന്നിന്‍കുടമാണ്, ചക്കരയാണ്, പാലാണ്, തേനാണ് എന്നൊക്കെയല്ലേ പറഞ്ഞിരുന്നത് ..ദേ ഇപ്പൊ പറയണൂ പൊന്നിന്‍കുടമല്ല ഒക്കെവെറും മന്‍കുടമാണെന്ന്.. വീണ്ടും നമ്മളെ കഴുതകളാക്കിയില്ലേ... ഇന്നലെവരെ പരമയോഗ്യനെന്ന് പറഞ്ഞവനൊക്കെ കണ്ണുംകാണില്ല ചെവിയുംകേള്‍ക്കില്ല എണിറ്റുനില്ക്കാന്‍ ആക്കവുമില്ലായെന്നു ഇപ്പം പറയുന്നു.... നിന്നവരില്‍ പലരും ജനദ്രോഹികളും പരമനാറികളുമാണെന്നു മറ്റുചിലര്‍,, അപ്പൊ ഇന്നലെ വരെ ഈ ‘’പൂ,,,, മക്കള്‍ നമ്മളെ ആസ് ആക്കുകയല്ലേ മാഷേ ചെയ്തത്... സഹിക്കാന്‍ വയ്യാഞ്ഞിട്ടാ  അല്പം കുടിച്ചത്... ഇവരേക്കാള്‍ ഭേദമല്ലേ മാഷേ ഞങ്ങള്‍ കുടിയന്മാര്‍.. വൃത്തിയില്ലാന്നു പറഞ്ഞ് ബാറായ ബാറെല്ലാം അടപ്പിച്ചു.... തിരഞ്ഞെടുപ്പാണെന്നു പറഞ്ഞു രണ്ടുദിവസം തൊണ്ണനനയ്ക്കാന്‍ പോലും ഒരിറ്റ് കിട്ടിയില്ല... കുടിയന്മാര്‍ എവിടെയെങ്കിലും സമരം നടത്തിയോ..?  ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിനു കല്ലെറിഞ്ഞോ,..?വണ്ടി കത്തിച്ചോ..?. ഇല്ല ഗാന്ധിജി പറഞ്ഞപോലെ ജലപാനമില്ലാതെ നിരാഹാരംകിടന്നു അത്രമാത്രം... ഒരു പെഗ് പോലും കിട്ടാതെ കൈയ്യുംകാലും വിറച്ചിട്ട്‌ നിവര്‍ന്നുനില്ക്കാന്‍ വയ്യാതെ രണ്ടുദിവസം കിടന്നകിടപ്പില്‍ കിടന്നിട്ടും നമ്മള്‍ ഇവിടെ സമാധാനപരമായി ക്യൂ നിന്നാണ് ദാഹജലം വാങ്ങിയത്..ഈ ഏഭ്യന്മാര്‍ ഞങ്ങളെ കണ്ടുപടിക്കട്ടെ....' വാസു ആടിയാടി കടന്നുപോയി.....
   
  അങ്ങനെ കാത്തുകാത്തിരുന്ന വോട്ടെടുപ്പും കഴിഞ്ഞു... വോട്ടെല്ലാം പെട്ടിയിലായി. ഇനി കാത്തിരിപ്പിന്‍റെ ഒരു മാസം... വോട്ട് പെട്ടിയില്‍ ആകേണ്ട താമസം വികസനപ്രസംഗങ്ങള്‍ മാറി ,വാഗ്ദാനങ്ങള്‍ നിലച്ചു.. പൂരപ്പാട്ടും, ഭരണി കവിതകളും പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു.. ഇതുവരെ ചങ്ങലയ്ക്കിട്ടിരുന്ന പലരും ചങ്ങലപൊട്ടിച്ച് തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു.. ഇനി ആര്‍ക്കൊക്കെ കടികിട്ടുമെന്നാണ് അറിയേണ്ടത്... തമ്മിലടിയും വിഴുപ്പലക്കലും തുടങ്ങുകയായി...പൊന്നിന്‍ കുടങ്ങളല്ല നിറുത്തിയതെല്ലാം വെറും പൂശുകുടങ്ങള്‍ മാത്രമാണെന്ന സത്യം പുറത്തു വന്നുതുടങ്ങിയിരിക്കുന്നു.. നാടുനന്നാക്കേണ്ട മുന്നണികളില്‍ ഐക്യം തകര്‍ന്നപ്പോള്‍; മനസ്സുതകര്‍ന്ന്‍, ആശ്വാസംതേടി ദാഹജലഷോപ്പുകള്‍ക്ക് മുന്നില്‍ ഐക്യത്തോടെ ക്യൂ നില്‍ക്കുന്ന ജനങ്ങളെയാണ് ഇപ്പോള്‍ എവിടെയും കാണുന്നത്.. പോളിംഗ് ബുത്തില്‍ ഉന്തുംതള്ളും, വോട്ടിംഗ് മിഷന്‍ എറിഞ്ഞു തകര്‍ക്കുന്നു.. പുറമ്പോക്കില്‍ പ്രവര്‍ത്തകര്‍ ഏറ്റു മുട്ടുന്നു.. എങ്ങും രാഷ്ട്രിയപ്രബുദ്ധത പൂത്തുലയുന്ന കാഴ്ചകളാണ് ... എന്നാല്‍ എല്ലാ പ്രവര്‍ത്തകരും ഏകോദരസഹോദരങ്ങളെപ്പോലെ ഐക്യത്തില്‍ നീങ്ങുന്ന മനോഹര കാഴ്ച ബെവേരെജ് ക്യൂവില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.. ജലസേചന ഷോപ്പുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂവാണ് കണ്ടതെങ്കിലും  ഒരിടത്തും ക്യൂവില്‍ നുഴഞ്ഞുകയറ്റം ഉണ്ടായില്ല, ഉന്തോതള്ലോ ഉണ്ടായില്ല ,കല്ലേറും ബഹളവും കാരണം പോലിസിനെ വിളിക്കേണ്ടിവന്നില്ല.. ഇത്രയ്ക്ക് ആചാരമര്യാദകള്‍ പാലിച്ച് കൃത്യമായ സാംസ്‌കാരിക അപബോധമുള്ള ഒരു വര്‍ഗ്ഗത്തെയാണ്‌ കുടിയന്മാരേന്നു വിളിച്ച് പുശ്ചിക്കുന്നത്... ഈ കുടിയന്മാരുടെ വിവേകം പോലും ഇല്ലാത്ത തെരുവ് ഗുണ്ടകളെയാണല്ലോ നമ്മള്‍ വോട്ടുചെയ്തു തിരഞ്ഞെടുക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ഞ തോന്നുന്നു..... കേരളത്തിന്‍റെ സാംസ്‌കാരിക മര്യാദകളും, പൊതുബോധവും, സഹിഷ്ണുതയും കാണാന്‍ നിയമസഭയിലെക്കോ പരലമെന്റിലെക്കോ അല്ല പോകേണ്ടത് ബെവേരെജ് ഷോപ്പിനു മുന്നിലേക്കാണ്‌ പോകേണ്ടതെന്ന് പറയേണ്ട കാലം വന്നുകഴിഞ്ഞു....


6 comments:

 1. കേരളത്തിന്‍റെ സാംസ്‌കാരിക മര്യാദകളും, പൊതുബോധവും, സഹിഷ്ണുതയും കാണാന്‍ നിയമസഭയിലെക്കോ പരലമെന്റിലെക്കോ അല്ല പോകേണ്ടത് ബെവേരെജ് ഷോപ്പിനു മുന്നിലേക്കാണ്‌ പോകേണ്ടതെന്ന് പറയേണ്ട കാലം വന്നുകഴിഞ്ഞു....

  ReplyDelete
 2. വിവേക്April 12, 2014 at 10:02 AM

  ഹ്ഹ ഹഹ സൂപ്പര്‍ അവതരണം .ചിരിയോടൊപ്പം ചിന്തയും അഭിനന്ദനം മാഷേ

  ReplyDelete
 3. വോട്ട് പെട്ടിയില്‍ ആകേണ്ട താമസം വികസനപ്രസംഗങ്ങള്‍ മാറി ,വാഗ്ദാനങ്ങള്‍ നിലച്ചു.. പൂരപ്പാട്ടും, ഭരണി കവിതകളും പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു>>>>>>> ഇത്ര ദിവസം എങ്ങനെയാണ് കടിച്ചുപിടിച്ചിരുന്നതെന്ന് അവര്‍ക്കേ അറിയൂ

  ReplyDelete
 4. ടിറ്റോApril 12, 2014 at 11:30 AM

  പരനാറികള്‍ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  ReplyDelete
 5. വോട്ട് പെട്ടിയില്‍ ആകേണ്ട താമസം വികസനപ്രസംഗങ്ങള്‍ മാറി ,വാഗ്ദാനങ്ങള്‍ നിലച്ചു.. പൂരപ്പാട്ടും, ഭരണി കവിതകളും പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു.. ഇതുവരെ ചങ്ങലയ്ക്കിട്ടിരുന്ന പലരും ചങ്ങലപൊട്ടിച്ച് തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു.. sathyam !!!

  ReplyDelete
 6. kudiyanmarude vivekam polum illatha alavalathikal

  ReplyDelete