**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, April 7, 2014

പരനാറിയും പരമനാറികളും നല്ലവരാണോ???വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   കൊല്ലത്ത് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെ; പിണറായിവിജയന്‍ പരനാറി പരമനാറി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ അനുഗ്രഹീതനാക്കിയെന്ന വാര്‍ത്തയാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇപ്പോള്‍ കത്തിനില്‍ക്കുന്നത് . പ്രമുഖചാനലുകളെല്ലാം പ്രൈംടൈം ന്യൂസാക്കിയത് ഈ പരനാറി വാര്‍ത്തയാണ്.. പരനാറിയും പരമനാറിയും തമ്മിലുള്ള വിത്യാസം ഇഴകീറി പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി  ഒരു ‘’മ’’’ ആണ് കുഴപ്പക്കാരന്‍. ഈ വിശകലന വീരന്മാര്‍ ആ പ്രസംഗം കേട്ടിരുന്നുവെങ്കില്‍ ചര്‍ച്ച വരുത്തിയ സമയനഷ്ടം ഒഴിവാക്കാമായിരുന്നു.. ഇതൊക്കെ നല്ലൊരു കുളി പാസാക്കിയാല്‍ പോകുന്ന നാറ്റമല്ലേയുള്ളൂവെന്നാണു നമ്മുടെ  ചോദ്യം... സംസ്ഥാനഖജനാവില്‍ നയാപൈസപോലും എടുക്കാനില്ലാതെ പട്ടിപെറ്റുകിടുക്കുകയാണെന്ന വാര്‍ത്തയെന്തെ ചര്‍ച്ചയാവാത്തത്. ജോലി ചെയ്താല്‍ കൂലി കൊടുക്കാത്ത പ്രശ്നം എന്തേ ചര്‍ച്ചചെയ്യാത്തത്... പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനായി ജില്ലാ കുടുംബക്ഷേമ സൊസൈറ്റി വഴി താത്കാലികമായി നിയമിച്ച 27 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടിരിക്കുന്നു. ആരോഗ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധിതവണ പരാതി നല്‍കിയിട്ടും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ശമ്പളം നല്‍കുന്നില്ലെന്നാണ് നേഴ്സുമാര്‍ പറയുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ സമരത്തിനോ പ്രക്ഷോഭത്തിനോ കഴിയുന്നില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ജീവനക്കാരില്‍ അധികവും സ്ത്രീകളാണ്. ഭര്‍ത്താവ് മരിച്ചവരും ഉപേക്ഷിച്ചുപോയവരും ഇക്കൂട്ടത്തിലുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്തു നേഴ്സിംഗ് പഠിച്ചവര്‍ വായ്പ്പാ അടവ് അടയ്ക്കാന്‍ കഴിയാതെ നട്ടം തിരിയുന്നു.. തിരഞ്ഞെടുപ്പ് കാലമായിട്ടും വാഗ്ദാനപ്പെരുമഴകള്‍ പെയ്തിട്ടും എന്തേ ഇവരുടെ കാര്യം എവിടെയും ചര്‍ച്ചയ്ക്ക് വരാത്തത്.. കാരണം സിമ്പിള്‍; ഇതൊക്കെ  സാധരണജനത്തെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്. അതിനെക്കാള്‍ വലിയ ഇഷ്യൂ  പ്രേമന്‍ പരമനാറിയല്ലായെന്നു സ്ഥാപിക്കലാണ്.. അതാണിപ്പോള്‍  ഇപ്പോള്‍ കേരളം നേരിടുന്ന പ്രധാനവിഷയം... പാലുകൊടുത്ത കൈക്ക് കടിച്ചിട്ട്‌ ഇറങ്ങുപ്പോകുന്നവരെ നമ്മുടെ നാട്ടില്‍ മാന്യനെന്നാരും വിളിക്കാറില്ല; പരമനാറിയെന്നു തന്നെയാണ് വിളിക്കാറ്.. വേണമെങ്കില്‍ ഭാഷപ്രയോഗത്തില്‍ നിലവാരമുയര്‍ത്തി ബൂലോക ഫ്രോഡ് എന്നു വിളിക്കാം... കേരളസമൂഹം ഇത്തരം വാക്കുകള്‍ സ്ഥിരം കേള്‍ക്കുന്നതാണ്...പരനാറിയും,നികൃഷ്ടജീവിയും,ശുംഭനും നിന്നു കത്തിയപ്പോള്‍; ബാലവേശ്യ, മനംവിറ്റ് ജീവിച്ചവള്‍, തുടങ്ങിയ പ്രയോഗങ്ങള്‍ വാഴ്ത്തപ്പെടുന്നതാണ് കണ്ടത്.. ചാനലുകളിലും പത്രങ്ങളിലും വിഴുപ്പലക്കുന്ന ചീഫ് വിഴുപ്പ് ഇത്തരം പ്രയോഗങ്ങള്‍ ദിവസവും നടത്തിയാലും നൊ പ്രോബ്ലം എല്ലാവരുമത് ആസ്വദിക്കുകയാണ് ചെയ്യുന്നത്... ‘ഇയാള്‍ക്ക് ഒരു അവിഹിത സന്തതിയുണ്ടെന്നും ഡി.എന്‍എ ടെസ്റ്റ് നടത്താന്‍ ധൈര്യം ഉണ്ടോയെന്നും;, എനിക്ക് അങ്ങനെയൊരെണ്ണം ഉണ്ടെങ്കില്‍ അത് തന്‍റെ വീട്ടിലായിരിക്കും വളരുന്നതെന്നും’ നമ്മുടെ രണ്ടു മാന്യനേതാക്കള്‍ ലൈവായി വെളിപ്പെടുത്തുന്നതും, ചാനല്‍ അവതാരകന്‍ മൈക്ക് ഓഫാക്കി ഇറങ്ങിയോടുന്നതും കേരളസമൂഹം കണ്ടത് ഈ അടുത്ത കാലത്താണ്.. ആര്‍ക്കുമത് ആരോചകമായി പറഞ്ഞുകണ്ടില്ല... നാടുനീളെ അവിഹിത ഗര്‍ഭങ്ങള്‍ ഉണ്ടാക്കുന്നുവെന്നു ചാനലിലൂടെ പൊതുജനത്തെ അറിയിച്ച ഈ നേതാക്കളെല്ലാം ഇപ്പോള്‍ നാട്ടിലൂടെ അലഞ്ഞുതിരിയുന്നുമുണ്ട്...

   ഒറ്റയ്ക്കുനിന്നാല്‍ ഒരുപഞ്ചായത്തു വാര്‍ഡില്‍പ്പോലും ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍പ്പാര്‍ട്ടിയുടെ ബഡാനേതാവിനെ മത്സരിപ്പിച്ചു, ജയിപ്പിച്ചു, മന്ത്രിയാക്കി അധികാരകസേരയില്‍ ഇരുത്തിയിട്ടും ഒടുവില്‍ ശത്രുപാളയത്തിലെ എം പി കസേര തരാമെന്ന വാഗ്ദാനം കിട്ടിയപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ മുണ്ടുംപൊക്കി, പൊടിയുംതട്ടി തറവാടുവിട്ടിറങ്ങിപ്പോയ ധൂര്‍ത്തപുത്രനോട്‌  നീയാണ് മിടുക്കനെന്നു പറയാന്‍ ഇതു ബൈബിള്‍ നാടകമൊന്നുമല്ല കേരളരാഷ്ട്രിയമാണ്.... ഇവിടെ ദൂര്‍ത്തപുത്രന്മാര്‍ എന്നും പരനാറികള്‍ തന്നെയാണ്  
     
  ഇനി പരനാറികളെക്കുറിച്ചുള്ള പൊതുവീഷണത്തിലേക്ക് വരാം.. സത്യത്തില്‍ ഈ പദം ഒരു നിശബ്ദപ്രതിഷേധമാണ് സൂചിപ്പിക്കുന്നത്.... കാലാകാലങ്ങളായി തങ്ങളെപ്പറ്റിച്ചു ജീവിക്കുന്ന എല്ലാത്തരം നേതാക്കളെയും വിശേഷിപ്പിക്കാന്‍ പൊതുജനം ഈ പദത്തെ ഉപയോഗിക്കുന്നു..സ്വന്തംകസേരയ്ക്കും അധികാരസ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഒരു ഉളുപ്പുമില്ലാതെ നിമിഷങ്ങള്‍കൊണ്ട് കളം മാറ്റിമാറ്റി ചവുട്ടുന്ന എല്ലാ നപുംസകങ്ങളും ജനത്തിന്‍റെ കണ്ണില്‍ പരമനാറികള്‍ തന്നെയാണ്.. ജനത്തിനുവേണ്ടിയോ ഈ നാടിനുവേണ്ടിയോ അല്ലല്ലോ സ്വന്തംകസേര; അതല്ലേ ലക്ഷ്യം... അതുകൊണ്ട് ഇത്തരം വിഷയത്തില്‍ ആരായാലും അവന്‍ പരനാറി തന്നെയാണ്... വ്യക്തിപരമായ സ്വഭാവഹത്യ പാടില്ലപോലും.?. രാഷ്ടിയത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഇനിയങ്ങോട്ട് വ്യക്തിപരമായ ആക്രമണങ്ങളും ആവണം.. വ്യക്തിജീവിതത്തില്‍ സംശുദ്ധതയില്ലാത്തവന്‍ എങ്ങനെയാണ് പൊതുസമൂഹത്തെ നയിക്കുക..? വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയാന്‍  പാടില്ലായെന്ന വാദം  മുന്‍നിരയില്‍ നില്‍ക്കുന്നവന്‍റെ കള്ളത്തരങ്ങള്‍ ജനങ്ങളില്‍നിന്നും ഒളിപ്പിക്കാനുള്ള വെറുമൊരു ഒത്തുതീര്‍പ്പ്‌ മാത്രമാണ്.. എന്‍റെ തട്ടിപ്പും,വെട്ടിപ്പും, അഴിമതിയും, പെണ്ണുപിടിയും; നീ മിണ്ടരുത് പകരം നിന്‍റെ കാര്യത്തില്‍ ഞാനും അങ്ങനെ ചെയ്യാമെന്നതാണ് അതിലെ സാധാരണ തത്വം.. ഇതുമൂലം ജനം ഒന്നും അറിയുന്നില്ല.. ക്ലീന്‍ ഇമേജിനു പിന്നിലുള്ള അളിഞ്ഞ മുഖവും ജനത്തിനുകാണണം...  എങ്കില്‍ മാത്രമേ നിങ്ങളില്‍ കേമന്‍ ആരാണെന്നു മനസിലാക്കി ഒരു തിരഞ്ഞെടുപ്പ് സാദ്ധ്യമാകൂ..
    
 ഇപ്പോഴത്തെ അവസ്ഥയില്‍  ദിവസത്തില്‍ ഒരു തവണയെങ്കിലും കേരളത്തിലെ സാധരണജനം പരനാറികള്‍ എന്ന പ്രയോഗം ഉള്ളില്‍ത്തട്ടി വിളിച്ചിരിക്കും.. ഖജനാവ് ശൂന്യം, ഉരുകുന്ന ചൂടില്‍ പവര്‍ കട്ട്, നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ വില, എവിടെയും തട്ടിപ്പും വെട്ടിപ്പും,,, ഈ സാഹചര്യത്തില്‍ പരമനാറികള്‍ എന്ന പ്രയോഗമാണ് ഏറ്റവും കൂടുതല്‍ ചിലവാകുക..
   പുറത്തുവരുന്ന ഓരോ തട്ടിപ്പുകളുടെയും, വഞ്ചനയുടെയും, കബിളിപ്പിക്കലുകളുടെയും സ്വാഭാവിക പ്രതിഷേധമെന്ന നിലയില്‍ പ്രതികരിക്കാന്‍ വയ്യാത്ത അവസ്ഥകളില്‍ മനസ്സില്‍നിന്നും പുറത്തുവരുന്ന നിരുപദ്രവകരമായ ഒരു വിശേഷണം മാത്രമാണ് പരമനാറി പ്രയോഗം.. ഒരു സംശയവും വേണ്ട.. സോളാര്‍ തട്ടിപ്പ് പോലുള്ള ഒന്നാംകിട തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രിയനേതാക്കളോടുള്ള സാധാരണജനത്തിന്‍റെ സ്വാഭാവിക പ്രതികരണമായി അതിനെ കാണാം.. ബന്ദും ഹര്‍ത്താലും നടത്തി പൊതുജനത്തെ ശല്യം ചെയ്യുന്നവനോടുള്ള നിശബ്ദപ്രതിഷേധമായി ഈ പ്രയോഗത്തെ  വ്യാഖ്യാനിക്കാം .. ഒരു തട്ടിപ്പുകാരിയെ കെട്ടിപ്പിടിച്ചു ഇളിച്ചുനിക്കുന്ന നേതാവിനെ എങ്ങനെയാണ് മാന്യനെന്നു വിളിക്കുക അവന്‍ പരമനാറി പ്രയോഗംതന്നെയാണ് ചേരുക.. ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ ചന്തിപിടിക്കുന്നവന്‍ എങ്ങനെയാണ് മാതൃകാപുരുഷനാകുന്നത്‌ അവന്‍ പരനാറിയെന്ന  വിശേഷണത്തിന് അര്‍ഹനാണ്.. കാമഭ്രാന്തന്‍ന്മാര്‍ ക്രൂരപീഡനത്തിനു ഇരയാക്കിയ പെണ്‍കുട്ടിയെ ബാലവേശ്യയെന്നു വിളിച്ചവനെ എന്തുവിളിക്കണം നീതിമാനെന്നോ അവനെ പരമനാറിയെന്നുതന്നെയാണ് വിളിക്കേണ്ടത്...  തന്നെ പീഡിപ്പിച്ചത് ഇയാള്‍ത്തന്നെയെന്നു ഇര ചൂണ്ടിക്കാണിച്ചിട്ടും ആ പീഡനവീരനെ സംരക്ഷിക്കുന്നവരെ പരമനാറികള്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. സ്വന്തം മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒരു കുറ്റബോധവും ഇല്ലാതെ ജനാധിപത്യത്തിന്‍റെ കാവലാളെന്ന വേഷവുമിട്ടിരിക്കുന്ന ചെന്നായെ എന്തു വിളിക്കണം കുറഞ്ഞപക്ഷം പരമനാറിയെന്നെങ്കിലും വിളിക്കേണ്ടേ... അതോ അവനായിരിക്കണമോ ഇനിയും ഈ നാട്ടിലെ സ്ത്രീകളെയും കുട്ടികളേയും നയിക്കേണ്ടത്.. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനു ഇരയായ പെണ്‍കുട്ടിയെ മാനംവിറ്റ് ജീവിച്ചവളെന്നുപറഞ്ഞ് അധിക്ഷേപിച്ചവനെ എന്തു വിളിക്കണം പെണ്‍മക്കളുള്ള പിതാക്കന്മാര്‍  ഇവനെയും പരമനാറിയെന്നു തന്നെയാവും വിളിക്കുക.. ഉള്ളുവിങ്ങുന്ന അശക്തരുടെ ഒരു പ്രതിഷേധ സ്വരം മാത്രമാണത്... അതുകൊണ്ട് ആ പദത്തെ നിരോധിക്കരുത്.. അപേക്ഷയാണ്..............  


    രാഷ്ട്രിയത്തിലായാലും പൊതുസമൂഹത്തിലായാലും വ്യക്തിജീവിതത്തിലെ സംശുദ്ധത നോക്കിത്തന്നെവേണം ഒരുവനെ വിലയിരുത്താന്‍...  കളവും, ചതിയും, വഞ്ചനയും, അഴിമതിയും ,അധികാരമോഹവും, പീഡനവും, ബലാല്‍സംഗവുമൊക്കെ ഒറ്റയ്ക്കോ കൂട്ടമായോ തൊഴിലാക്കിയവന് എങ്ങനെയാണ് ക്ലീന്‍ ചീട്ട് നല്‍കുന്നത്.... ഇതിലൊന്നും സംശുദ്ധത ഇല്ലാത്തവനെ ‘പരനാറി’ അല്ലെങ്കില്‍ ‘പരമനാറി’ എന്ന വിശേഷണം ചാര്‍ത്തി പുറത്തിരുത്തുന്നതില്‍ യാതൊരു അപാകതയുമില്ല.. മുഖത്തുനോക്കി ഇതൊന്നും വിളിച്ചുപറയാനാരും ധൈര്യപ്പെടാറില്ലായെന്നതാണ് ഇത്തരം വിഷവിത്തുകളുടെ വളര്‍ച്ചയ്ക്ക് കാരണം.. ‘രാജാവിതാ ഉടുതുണിയില്ലാതെ നടക്കുന്നുവെന്നു’ വിളിച്ചുപറഞ്ഞ കുട്ടിയായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക.. ആരോപണവിധേയര്‍ എന്നെ  തിരഞ്ഞെടുക്കുവെന്നു ആവശ്യവുമായി പല്ലിളിച്ചുകൊണ്ട് മുന്നില്‍ വരുമ്പോള്‍, നീ കള്ളനും, ചതിയനും, അഴിമതിക്കാരനും,  ബലാല്‍സംഗവീരനുമാണെന്ന്‌ മുഖത്തുനോക്കി വിളിച്ചുപറഞ്ഞുകൊണ്ട് ആട്ടിയോടിക്കാനുള്ള ധൈര്യമാണ് നമ്മുടെ പൊതുസമൂഹം ആര്ജിക്കേണ്ടത്.. എങ്കില്‍മാത്രമേ സംശുദ്ധരായ വ്യക്തികള്‍ നായകനിരയിലേക്ക് ഉയര്‍ന്നുവരുകയുള്ളൂ ..എങ്കില്‍മാത്രമേ നമ്മള്‍ സ്വപനം കാണുന്ന ഒരു പറുദീസാ ഇവിടെ വളര്‍ന്നുവരുകയുള്ളൂ... എല്ലാ പരനാറികളും ജാഗ്രതെ.................. കുട്ടികള്‍ സ്റ്റേജിനു മുന്നിലുണ്ട്..

7 comments:

 1. നാറ്റം അനുഭവപ്പെടുന്നവനോക്കെ പോയി കുളിച്ചു വൃത്തിയാകട്ടെ .... സകലതിനും നാറ്റമാണ്

  ReplyDelete
 2. അനില്‍കുമാര്‍April 7, 2014 at 1:50 PM

  തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം ഒരു വഴിക്കാവും അതുവരെ ഇമ്മാതിരി നാടകങ്ങള്‍ സഹിക്കുക തന്നെ

  ReplyDelete
 3. പിണറായി, പ്രേമചന്ദ്രന്‍ , പരനാറി ..
  ആദ്യാക്ഷരപ്രാസം !!!

  ReplyDelete
 4. പരനാറിയൊക്കെ വളരെ സോഫ്റ്റ്. ഇതിനെക്കാള്‍ കടുപ്പമുള്ളതൊക്കെയാണ് വിളിക്കേണ്ടത്!!

  ReplyDelete
 5. പര നാറിയും പരമ നാറിയും എല്ലാം അടിച്ചമാര്‍ത്തപ്പെട്ട പ്രതിഷേധങ്ങളുടെ പ്രതിഫലനമാണ്

  ReplyDelete
 6. usually losers make big noise before the competition. if some one call Pinarayi the same way, I guess he wont have his head for longer... we have seen that many times. Mr Sakariya got that once!

  there is a limit for Gundaism. if not, people will act against it one day..

  ReplyDelete
 7. സംശുദ്ധമെന്ന പദം എന്നേ കൈമോശം വന്നു!

  ReplyDelete