**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, April 20, 2014

സുരാജ് നായര്‍ = ലാല്‍ +ഫഹദ് ഫാസില്‍ + ആന്‍ അഗസ്റ്റിന്‍..


 വിദ്യാധരന്‍റെ വ്യാകുല ചിന്തകള്‍ 
  തള്ളേ സംഗതി പൊളപ്പനായി കേട്ടോ.. നല്ല നടനുള്ള ദേശിയ അവാര്‍ഡും നല്ല ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും ഒരുമിച്ചു കിട്ടിയ നമ്മുടെ സുരാജ് വെഞ്ഞാറമൂട് നായര്‍ക്ക് ഒരു പാവം കേരളിയന്‍റെ അഭിനനന്ദനങ്ങള്‍... ഒരു നായര്‍ ദേശിയ അവാര്‍ഡ് അടിച്ചെടുത്ത സാഹചര്യത്തില്‍ നിലവില്‍വന്ന സാമുദായിക അസന്തുലിതാസ്ഥയ്ക്ക് പരിഹാരമാകുന്ന രീതിയില്‍ കേരള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സിനിമാ വകുപ്പിനും മന്ത്രിക്കും അഭിനനന്ദനങ്ങള്‍...  ലാലും, ഫഹദ് ഫാസിലും, ആന്‍ അഗസ്റ്റിനും നല്ല അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വലിയൊരു സാമുദായിക വിപത്താണ് ഒഴിഞ്ഞുപോയത്.. തൃശ്ശൂര്‍ മൃഗശാലയിലേക്ക് മൂന്നു ജിറാഫിനെ വാങ്ങാന്‍ തീരുമാനിച്ച യോഗത്തില്‍ അതിലൊന്ന് ക്രിസ്ത്യാനിക്കായിരിക്കണമെന്ന് പണ്ടേതോ മാപ്പിള പറഞ്ഞ അതേ ഫലിതം; വലിയൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാ മതത്തിനും ഓരോന്നുവീതം കൊടുത്ത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം തീര്‍ത്തതിനെ സമ്മതിച്ചേ പറ്റൂ... ഒരുപാട് മികച്ചതിലും ഒരു മികച്ചത് ഉണ്ടാകുമെന്നുള്ള സാമാന്യതത്വം അറിയാത്ത എല്ലാ ജൂറി കൊഞ്ഞാണന്‍മാര്‍ക്കും അതോടൊപ്പം നന്ദി നമസ്ക്കാരം.... ദേശീയം കിട്ടിയതിനാല്‍ അങ്ങനെയങ്ങ് ഒഴിവാക്കാന്‍ കഴിയാത്ത സുരാജ് നായര്‍ക്ക് മികച്ച കോമാളി എന്നൊരു അവര്‍ഡും കൊടുത്ത് മൂലയ്ക്കിരുത്തുകയും ചെയ്തു... എല്ലാവര്‍ക്കും സന്തോഷം.. നവരസങ്ങളില്‍ ഹാസ്യത്തിനു മാത്രം അവാര്‍ഡ് കൊടുക്കുന്ന ഈ ഏര്‍പ്പാട്  മാറ്റണം.. എല്ലാ രസങ്ങളും ഒരുപോലെ പ്രാധാന്യമുള്ളതാണ്... അതില്‍ ഹാസ്യത്തെ മാത്രം അവാര്‍ഡിനു പരിഗണിക്കുന്നത് മറ്റൊരു ഹാസ്യമായേ കണക്കാക്കാന്‍ കഴിയൂ; ആയതിനാല്‍  ഒന്‍പത് രസങ്ങള്‍ക്കും ഓരോ രസഗുള അവാര്‍ഡ് വീതം കൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്... അങ്ങനെയാകുമ്പോള്‍ കുറച്ചുപേര്‍ക്കുകൂടി അവാര്‍ഡുകുട ചൂടാന്‍ കഴിയും...
  രണ്ട് അവാര്‍ഡുകള്‍ ഒരേസമയം കിട്ടുകവഴി സ്വഭാവനടനായും ഹാസ്യനടനായും ഒരുപോലെ പകര്‍ന്നാടാന്‍ തനിക്ക് കഴിയുമെന്ന് സുരാജ് തെളിച്ചിരിക്കുന്നു.... മമ്മൂട്ടിക്കും, ലാലിനും, ഗോപിക്കുമൊക്കെ ഇതിനു കഴിയുമോ.. അതുകൊണ്ട് സുരാജിനെ കോമാളിവേഷംകൊടുത്ത് ഇരുത്താന്‍ കഴിഞ്ഞുവെന്നു ഏതെങ്കിലും ജൂറിയും അവരുടെ മാമന്‍മ്മാരും കരുതിയെങ്കില്‍  ഇരുന്നതും ഇരുത്തിയതും സുവര്‍ണ്ണസിംഹാസനത്തില്‍ തന്നെയാണെന്ന് അറിഞ്ഞുകൊള്ളുക...
  
 ദേശിയജൂറി മികച്ച ചിത്രമായി വിലയിരുത്തിയ ‘പേരറിയാത്തവര്‍’ കേരളജൂറിയുടെ കണ്ണില്‍ മികച്ചതായില്ലെന്നു മാത്രമല്ല ഒരു പ്രത്യേക പരാമര്‍ശം നടത്താന്‍ പോലും നിലവാരമില്ലാത്ത ചവറായിപ്പോയിരിക്കുന്നു... ഇന്ത്യയിലെ മറ്റു അന്യഭാഷാ ചിത്രങ്ങളുമായി മത്സരിച്ചാണ്‌ പേരറിയാത്തവരും സുരാജും അവാര്‍ഡ് കരസ്ഥമാക്കിയത്... അതിലും മികച്ചത് ഇവിടെ കിടപ്പുണ്ടായിരുന്നുവെന്നു നമുക്കിപ്പോഴാണ് മനസ്സിലായത്.. അസാമാന്യ അഭിനയം എന്നാണ് സുരാജിനെക്കുറിച്ചു ദേശിയജൂറിയുടെ വിലയിരുത്തല്‍.. കേരളജൂറികള്‍ ഈ ചിത്രത്തിലെ അഭിനയമോ ഈ ചിത്രത്തെയോ കണ്ടില്ല പകരം ‘പുള്ളിപുളിയും ആണ്‍കുട്ടിയുമാണ്’ അവര്‍ കണ്ടത്... അപ്പൊത്തന്നെ കൊടുത്തു ഒരെണ്ണം; സുരാജിന് ബെസ്റ്റ് കോമാളി അവാര്‍ഡ്... അണ്ണാ അണ്ണന്‍ ‘മാമച്ചനായി’ ചളിയടിക്കുന്നതാണ് കേരള ജൂറികള്‍ക്ക് ഇഷ്ടം... ഒരു സംശയം ന്യായം.. ഏതു ജൂറിയാണ് മികച്ചത്..?/ ദേശിയ ജൂറിയോ സംസ്ഥാന ജൂറിയോ.??. മലയാളത്തില്‍ ഏഴ് ജൂറികളാണ് ഉണ്ടായിരുന്നത്... ഇതില്‍ ഒന്നുരണ്ടുപേര്‍ ഒഴിച്ചുള്ളവര്‍ മലയാളത്തിനു പുറത്തു താമസിക്കുന്നവര്‍... അതുപോട്ടെ പരിഗണനയ്ക്ക് വന്ന എണ്‍പത് ചിത്രങ്ങളും അഞ്ചുദിവസംകൊണ്ട് ജൂറികള്‍ കണ്ടുതീര്‍ത്തു... അവാര്‍ഡും പ്രഖ്യാപിച്ചു... തള്ളേ പൊളപ്പന്‍ കാണല്‍ തന്നെ... ഏതായാലും എണ്‍പത് ചിത്രങ്ങള്‍ അഞ്ചുദിവസംകൊണ്ട് കണ്ട് സൂഷ്മമായി വിലയിരുത്തി  അവാര്‍ഡും പ്രഖ്യാപിച്ച ജൂറി ചെയര്‍മാന്‍ ഭാരതിരാജയ്ക്ക് ഒരു ‘കഠിന പ്രയക്ന്നന്‍’ അവാര്‍ഡും കൊടുക്കേണ്ടതായിരുന്നു..
     
  ദേശിയ ജേതാവിനെത്തന്നെ  സംസ്ഥാനജേതാവായി പ്രഖ്യാപിക്കണമെന്ന് വാശിപിടിക്കാന്‍ പാടുണ്ടോ എന്നുള്ളതാണ് മറ്റൊരു ചോദ്യം... പാടില്ല പാടില്ല കാരണം  ഓരോ ജൂറിയും വിത്യസ്തമാണ്. ഭരണം, പാര്‍ട്ടി, സമയം, ജാതി, മതം, നിറം, വര്‍ഗ്ഗം, തുടങ്ങിയവയെല്ലാം ജൂറിയെ ബാധിക്കുന്ന എന്നാല്‍ ബാധിക്കാത്ത കാര്യങ്ങളാണ്.. വെറും പാട്ടും ഡാന്‍സും അല്പം സീരിയലുമൊക്കെയായി നടന്നിരുന്ന ശാലുമാഡംവരെ ശ്യാമപ്രസാദ്, ഡോക്ടര്‍ ബിജു തുടങ്ങിയ  സംവിധായകരുടെ ചിത്രങ്ങള്‍ക്ക് കത്രികവെയ്ക്കാന്‍ ഇരിക്കുന്ന കാലമാണ്.. അങ്ങ് ഗള്‍ഫില്‍ കിടക്കുന്ന ജലജാമാഡം വരെ അവാര്‍ഡ് ജൂറിയില്‍ ഇരിക്കുന്ന കാലമാണ്.. അതുകൊണ്ട് ഇതല്ല ഇതിനപ്പുറവും ഇവിടെ സംഭവിക്കും.. ഒരാള്‍ത്തന്നെ പലനേരങ്ങളില്‍ പല സ്വഭാവം കാണിക്കുമ്പോള്‍ ദേശിയജൂറിയും സംസ്ഥാനജൂറിയും ഒരു വിഷയത്തില്‍ ഒരേ തിരഞ്ഞെടുപ്പുതന്നെ നടത്തണമെന്ന് പറയാന്‍ പാടില്ല.. മമ്മൂട്ടിയുടെ സിനിമ അതെത്ര നന്നായാലും ലാലേട്ടന്‍ ഫാന്‍സിനു ഇഷ്ടപ്പെടില്ല..തിരിച്ചും അങ്ങനെതന്നെ.... ദിലീപിന്‍റെ പടം ഷിറ്റ് ഗോപിയുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടണമെന്നു വാശിപിടിക്കുന്നത്‌ മണ്ടത്തരമാണ്... അതുപോലെതന്നെ ദേശിയ ജൂറിക്ക് ഇഷ്ടപ്പെട്ടത് കേരളജൂറിക്ക് ഇഷ്ടപ്പെടണമെന്നു വാശി പിടിക്കുന്നത്‌ തികഞ്ഞ മണ്ടത്തരമാണ്.. എന്നാലോ എല്ലാത്തിനെയും തൃപ്തിപ്പെടുത്തി ഒപ്പിക്കുകയും വേണം അതാണ്‌  നാനാത്വത്തിലെ ഏകത്വം പോലുള്ള ഈ അവാര്‍ഡുകള്‍..

   ഇപ്പൊ എന്‍റെ കാര്യംതന്നെയെടുത്താല്‍ കള്ളുഷാപ്പില്‍ കയറി കള്ളുമോന്തുമ്പോള്‍ നല്ല എരിവുള്ള മീന്‍ കറിയും കപ്പയുമാണ് പഥ്യം.. എന്നാല്‍ ബാറില്‍ കയറിയാലോ അച്ചാര്‍ നിര്‍ബന്ധം.. ക്രിസ്ത്യന്‍ മാപ്പിള കല്യാണത്തിന് പോയാല്‍ ചിക്കന്‍ മട്ടന്‍ ബിരിയാണിയോടാണ് താല്പര്യം, എന്നാല്‍ ഹിന്ദു കല്യാണമാണെങ്കില്‍ സദ്യതന്നെ കിട്ടണം.. അമ്പലത്തില്‍ പോകുമ്പോള്‍ ഷര്‍ട്ടും മുണ്ടും ധരിക്കുകയും  ഭാര്യക്ക് സെറ്റുസാരി നിര്‍ദേശിക്കുകയും ചെയ്യും.. എന്നാല്‍ ഷോപ്പിങ്ങിനു പോയാലോ ജീന്‍സും ടീ ഷര്‍ട്ടും തന്നെവേണം.. സ്കൂള്‍വിട്ടുവരുമ്പോള്‍ കവലയിലുള്ള നായരുടെ ചായക്കടയില്‍നിന്നും ബോണ്ടയും ചായയും വെട്ടിവിഴുങ്ങുന്ന ഞാന്‍ ഷോപ്പിംഗ്‌ മാളില്‍ പോയാല്‍ കെ എഫ് സി യും, പിസയുമാണ് ഓര്‍ഡര്‍ ചെയ്യുന്നത്.. പറഞ്ഞുവരുന്നത്.. ഈ അവാര്‍ഡ് നിര്‍ണ്ണയമെന്നൊക്കെ പറയുന്നത് ജൂറിയുടെ മൂഡ്‌ അനുസരിച്ച് നടക്കുന്ന ഒരു കലാപരിപാടിയാണ്... ദേശിയ അവാര്‍ഡ് കിട്ടിയാല്‍ അതാണ്‌ രാജ്യത്തെ ഏറ്റവും നല്ലതെന്ന് നമ്മള്‍ ധരിച്ചാല്‍  നമ്മുടെ തലയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കരുതിക്കോളൂ.. ഈ കേരളജൂറിയാണ് ദേശിയത്തില്‍ ജൂറിയായിരുന്നെങ്കില്‍ സുരാജും ഡോക്ടര്‍ബിജുവും ഇപ്പോഴും പേരറിയാത്തവരായി ചവറുകോരി നടന്നേനെ,,, കുറ്റം പറഞ്ഞിട്ടു കാര്യമില്ല കാരണം  ദേശിയതലത്തില്‍ ‘പേരറിയാത്തവരും’ ‘സുരാജും’ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട സമയവും ദേശിയജുറികളുടെ മനോനിലയുമല്ല; കേരള അവാര്‍ഡ് നിര്‍ണ്ണയം നടക്കുമ്പോള്‍ കേരളജൂറികളില്‍ ഉണ്ടായിരിക്കുക.. വയറ്റിളക്കം പിടിച്ചവനു വീണവായന പരിഹാരമാകുമോ?? എണ്‍പത് സിനിമകള്‍ (ഒരു സിനിമ രണ്ടു മണിക്കൂര്‍വെച്ചു കൂട്ടിയാല്‍ നൂറ്റിയറുപത് മണിക്കൂര്‍)  വെറും അഞ്ചുദിവസം കൊണ്ട് കണ്ടുവെന്നു പറയുമ്പോള്‍ .... (നൂറ്റിയിരുപത് മണിക്കൂര്‍) ഊണും ഉറക്കവും പ്രാഥമിക ആവശ്യങ്ങളും എല്ലാം ഉപേക്ഷിച്ചുകണ്ടാലും അറുപതുമണിക്കൂര്‍ പിന്നേയും എക്സ്ട്ര കണ്ടെത്തണം.. ഇങ്ങനെ ഇല്ലാത്തസമയം ഉണ്ടാക്കി തുടര്‍ച്ചയായി സിനിമ കാണുമ്പോള്‍ ജൂറിയുടെ മാനസികനില എന്തായിരിക്കും..ചോദ്യപ്പേപ്പറിലുള്ള ഒറ്റ ചോദ്യത്തിനും ഉത്തരം അറിയാത്ത വിദ്യാര്‍ഥിയുടെ അവസ്ഥയായിരിക്കും അത്.. ആ അവസ്ഥയില്‍ ഉത്തരം കണ്ടെത്താനുള്ള പറ്റിയ തീരുമാനം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കറക്കിക്കുത്ത് തന്നെയാണ്... കണ്ണടച്ച് കുത്തും..ചിലപ്പോള്‍ ശരി അല്ലെങ്കില്‍ തെറ്റ് എല്ലാത്തിനും ഫിഫ്ടി ഫിഫ്ടി ചാന്‍സ് ..... അങ്ങനെ കുത്തിയപ്പോള്‍ ആമേനും, സോപാനവും, പേരറിയാത്തവരുമൊക്കെ കളത്തിനു പുറത്തായി പകരം ‘കഴുതപ്പുലിയും ആണ്‍കുട്ടിയുമൊക്കെ’ അകത്തായി... സുരാജും, ഡോക്ടര്‍ ബിജുവും പുറത്തായപ്പോള്‍ സാമൂദായിക സന്തുലനവും, ശ്യാമപ്രസാദും അകത്തായി...അതാണ്‌ സംഭവിച്ചത്.. സത്യം പറഞ്ഞാല്‍ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ സുരാജ് മികച്ച ഹാസ്യം അവതരിപ്പിച്ചുവെന്നു കണ്ടെത്തുകയും എന്നാല്‍ ‘പേരറിയാത്തവര്‍’ എന്ന സിനിമയില്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തെ കാണാതെ പോവുകയും ചെയ്തപ്പോള്‍ കേരളജൂറികള്‍ ഏതു ഷാപ്പിലെ കള്ളടിച്ചാണ് ഈ അവാര്‍ഡ് നിര്‍ണ്ണയം നടത്തിയാതെന്നാണ് നമുക്ക് അറിയേണ്ടത്.. അതേ ഷാപ്പിലെ കള്ളടിച്ചിട്ടു വേണം അവാര്‍ഡ് നിര്‍ണ്ണയിച്ച ജൂറികള്‍ക്ക് ഒരു സ്വീകരണം കൊടുക്കാന്‍...............       ഇനിയിപ്പോ ഇതിനെക്കുറിച്ച്‌ എന്തൊക്കെ പുലിവാല്‍ ഉണ്ടാക്കിയാലും ഇമ്മാതിരി ബെസ്റ്റ് സിനിമകളൊന്നും മലയാളി കാണാനും പോകുന്നില്ല..... ഇതൊക്കെ ജൂറിക്ക് മാത്രം കാണാന്‍ ഉണ്ടാക്കിയതാണ് അവരങ്ങനെ കടലകൊറിച്ച് നിര്‍ണ്ണയം നടത്തട്ടെ.. പെരുന്തച്ചനും, ഒടുവിലിനും, ജഗതിക്കും, ശ്രീനിവാസനുമൊക്കെ എന്നേ കിട്ടേണ്ട ബഹുമാനങ്ങള്‍ സലിം കുമാറിലൂടെയും സുരാജിലൂടെയും മിന്നിമറയുമ്പോള്‍ അതിനെതിരെ ഫ്യൂഡല്‍ മാടമ്പിമാര്‍ കത്തിയേറു നടത്തുന്നുവോ എന്നൊരു സംശയംമാത്രം അവശേഷിക്കുന്നു.... അവാര്‍ഡിനായി നല്ല ചിത്രങ്ങളെയല്ലേ പരിഗണിക്കേണ്ടത്... ജനം ചോദിക്കുന്നു.. അതിനുത്തരമായി തച്ചന്‍റെ വേഷംകെട്ടിയ വ്യാജന്മാര്‍ ഇങ്ങനെ പറഞ്ഞു. എല്ലാ ചിത്രങ്ങളുടെ കണക്കും തന്നിരിക്കുന്ന ഗ്രന്ഥത്തില്‍ ഉണ്ട്,, കൈയ്യില്‍ കണക്ക്, അകമേ ഭക്തി  അതുകൊണ്ടുമാത്രം ചിത്രം നന്നാവില്ല,, അകക്കണ്ണില്‍ ഒരു മുഖം കൂടി വേണം,,, ആ സൂത്രം ഞങ്ങള്‍ക്കെ അറിയൂ... ഏതു സൂത്രം???  
   കല്ല്‌ ദേവിയായി കഴിഞ്ഞിട്ടും  പെരുന്തച്ചന്മാരെ ഇനിയും  തീണ്ടാപ്പാടകലെ നിറുത്തണോ ,,,,,??? 

4 comments:

 1. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ജൂറിയുടെ ക്രെടിബിലിട്ടിയും പരിശോധിക്കാ പ്പെടെണ്ടാതാണ്

  ReplyDelete
 2. സുരാജിനെ അവഗണിച്ചത് മോശമായിപ്പോയി .. കോമാളി അവാര്‍ഡ് കൊടുക്കാതിരിക്കാമായിരുന്നു

  ReplyDelete
 3. നല്ല പട്ടുകാരാനുള്ള അവാര്‍ഡ് പാടാത്തവനാണ് കൊടുത്തതെന്നു ഇപ്പോള്‍ കേള്‍ക്കുന്നു ..മിടുക്കന്‍ ജൂറികള്‍

  ReplyDelete
 4. nammude nadinte duravasthayil parithapikam rosham kollam, athrathanne..???

  ReplyDelete