**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, November 20, 2014

ഇഗ്ലീഷ് മീഡിയം; പീഡന ലക്ഷണങ്ങള്‍

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍     
  ഒരു പിഞ്ചുകുഞ്ഞ് പീഡനത്തിനിരയായാല്‍ എന്തൊക്കെയായിരിക്കും ലക്ഷണമെന്നോര്‍ത്തു ആരുമിനിബുദ്ധിമുട്ടേണ്ട കാര്യമില്ല.. കൃത്യമായ ലക്ഷണങ്ങള്‍ എന്തൊക്കെയാകണമെന്നു വിശദികരിച്ചു പറഞ്ഞിരിക്കുന്നു... ഡോക്ടര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, പിന്നെ നിരക്ഷരകഞ്ഞികളായ പൊതുജനം എന്നവര്‍ക്കെല്ലാംവേണ്ടിയാണ് പൊതുജനതാല്‍പ്പര്യപ്രകാരം ഈ അറിവ് പകരുന്ന പ്രബോധനം ഒരു പണ്ഡിതന്‍ നടത്തിയിരിക്കുന്നത്. പറഞ്ഞകാര്യങ്ങള്‍ മനസ്സിരുത്തി വായിച്ച്  കേസന്വേഷിച്ചാല്‍ പ്രതികള്‍ വേഗം അകത്താവും..വേണമെങ്കില്‍ കേസേ ഒഴിവാക്കാം.. കോഴിക്കോട് നാദാപുരത്ത് ഒരു സ്കൂളില്‍ നാല് വയസ്സുള്ള പെണ്‍കുഞ്ഞ് മുതിര്‍ന്ന വിദ്യാര്‍ഥികളാല്‍ പീഡിപ്പിക്കപ്പെട്ട സംഭവമാണ് ദ്രിഷ്ടാന്തം... തിരിച്ചറിയല്‍ പരേഡില്‍ കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതിന്‍ പ്രകാരം പ്രതികളെ പോലിസ് അറസ്റ്റ്ചെയ്തു.. സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഒരു പ്രതിയെ കണ്ടെത്തിയിരുന്നു... ഒരു ബസ് ക്ലീനര്‍.... നമ്മുടെ പോലിസ് വളരെ ബുദ്ധിപൂര്‍വ്വം വലവിരിച്ച് അങ്ങേരെ അറസ്റ്റ്ചെയ്ത്  പറയേണ്ടകാര്യങ്ങളെല്ലാം  തല്ലിപഠിപ്പിച്ച് പറയിപ്പിച്ച് ആ മൊഴി വീഡിയോയില്‍ പകര്‍ത്തിയതുമാണ്.. അപ്പോഴാണ്‌ യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം കിട്ടിയവനെപ്പിടിച്ച് തല്ലിപഴിപ്പിക്കുന്ന കേരളപോലിസ് മോഡലിനെതിരെ  നാട്ടുകാരും രക്ഷിതാക്കളും രംഗത്തു വന്നത്.. എതിര്‍പ്പ് രൂക്ഷമായതിനെതുടര്‍ന്ന്‍ ഒടുവില്‍ മാനേജ്മെന്റ് കണ്ടെത്തിയ പ്രതിയെ വെറുതെ വിടേണ്ടിവന്നു.. തല്ലുകൊണ്ട് കുറ്റം സമ്മതിച്ച ബസ് ക്ലീനര്‍ അങ്ങനെ രക്ഷപെട്ടു... പകരം തിരിച്ചറിയല്‍ പരേഡില്‍ കുട്ടി ചുണ്ടിക്കാണിച്ച പ്രതികളെ ഗത്യന്തരമില്ലാതെ അകത്താക്കി... അകത്താക്കിയവരെ പുറത്താക്കാന്‍ ഒരുകൂട്ടര്‍ നടത്തുന്ന ശ്രമങ്ങളിലാണ് പുതിയ പീഡനകണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്..

  പീഡനം നടന്നുവെന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമായി നിലനില്‍കുന്നു.. പ്രതികളാരാണ് എന്നതിലാണ് തര്‍ക്കം... ഇര ചൂണ്ടിക്കാണിച്ച  ആളുകളല്ല കുറ്റക്കാര്‍ പകരം തങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആളിനെ പ്രതിയാക്കണമെന്ന സ്കൂള്‍ മാനേജ്മെന്റ് നിലപാടാണ് ഇവിടെ വിവാദമായിരിക്കുന്നത്... ഒരു കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നതും നിശ്ചയിക്കുന്നതും മതനേതാക്കളും  രാഷ്ട്രിയക്കാരുമായാല്‍പ്പിന്നെ എന്തിനാണ് പോലീസും കോടതിയും..?. കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളില്‍ കോടതിയെ സഹായിക്കേണ്ട പോലിസ് സംവിധാനം മതനേതാക്കളുടെയും രാഷ്ട്രിയക്കാരുടെയും വലാട്ടികളായാല്‍ എങ്ങനെയാണ് ഇരയ്ക്ക് നീതി കിട്ടുക..?.
  ഇതിനിടയിലാണ് പീഡനം നടന്നാല്‍ പീഡനത്തിനിരയായ കുഞ്ഞുങ്ങള്‍ നിര്‍ബന്ധമായും പ്രകടിപ്പിക്കേണ്ട ലക്ഷണങ്ങളുമായി ഒരു പണ്ഡിതന്‍ രംഗത്ത്‌ വന്നിരിക്കുന്നത്... അവയില്‍ ചിലത് ഇപ്രകാരമാണ്  പീഡനം നടന്നാല്‍ കുഞ്ഞ് നിര്‍ബന്ധമായും ബോധംകെട്ടു വീഴണം അല്ലെങ്കില്‍ കൊല്ലപ്പെടണം... പരിസരവും ദേഹമാസകലവും ചോരകൊണ്ട് നിറയണം. ഭാവന ഇത്രയ്ക്ക് സമ്പന്നമകാന്‍ ഗോവിന്ദചാമിയായിരിക്കണം ഇദേഹത്തിന്‍റെ ഗുരു... ഇതൊന്നുമല്ലെങ്കില്‍ ഉറക്കെ കരയണം. ഹിറ്റ്ലര്‍ മാധവന്കുട്ടിയോടു സോമന്‍ പറഞ്ഞ അതേ ഡയലോഗ്.. ‘അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍’....   പീഡിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍പ്പിന്നെ ഓടാനും ചാടാനും കഴിയില്ല അഥവാ അങ്ങനെ ചെയ്താല്‍ നിലവിളിച്ചുകൊണ്ടയിരിക്കണം ഓടുന്നത്.. പഴയ ടി ജി രവി മോഡല്‍ ബലാല്‍സംഗമായിരിക്കും ഉദേശിക്കുന്നത്.. പിന്നെ എടുത്തു പറയേണ്ട മറ്റൊരുകാര്യം പീഡനംനടന്ന അന്നുതന്നെ  കുട്ടി സംഭവം ആരോടും പറഞ്ഞില്ലായെങ്കില്‍ പീഡനം നിലനില്‍ക്കുന്നതല്ല . ഈ പറഞ്ഞ മാനദണ്ടങ്ങളൊന്നും സ്കൂള്‍ പീഡനക്കേസില്‍ ശരിയാകാത്തതുകൊണ്ട് പീഡനമേ നടന്നിട്ടില്ലയെന്നാണ് പണ്ഡിതന്‍റെ നിലപാട്...അതുകൊണ്ട് അറസ്റ്റ്ചെയ്തവരെ വെറുതെ വിടണം.. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള പല പീഡനങ്ങളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവരുന്നത് സംഭവംനടന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞ് അവരുടെ സ്വഭാവത്തിലെ വിത്യാസങ്ങള്‍ പരിശോധിച്ചാണെന്നുള്ളത്‌ ഈ പണ്ഡിതന്‍ ഇതുവരെ അറിഞ്ഞിട്ടില്ലായെന്നു തോന്നുന്നു
  ‘പരനാറി’ പ്രയോഗത്തിലൂടെ അതിവിശിഷ്ടനായ ജനകീയനേതാവും ഈ വിഷയത്തില്‍ പണ്ഡിതരെ പിന്താങ്ങിയിരിക്കുന്നു.. അദേഹം വിദേശത്താ  യിരുന്നെങ്കിലും, സംഭവം എന്താണെന്നു അറിയില്ലയെങ്കിലും പ്രതികളെ വെറുതെ വിടണമെന്നാണ് അദേഹവും പറയുന്നത്... സെപ്റ്റംബര്‍ പതിനൊന്നിന്‍റെ  ആക്രമണവും, ഇറാക്കിലും, സിറിയയിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ഇങ്ങനെ നിരപരാധികള്‍ കുറ്റവാളികളായ സംഭവങ്ങളാണത്രേ മുഴുവന്‍... അതുകൊണ്ട് ഈ സംഭവത്തിലും പ്രതികള്‍ നിരപരാധികളാണുപോലും. ഇത് മനുഷ്യാവകാശത്തിന്‍റെയും സാമൂഹ്യനീതിയുടെയും പ്രശ്നമായാതിനാല്‍ തന്‍റെ എല്ലാ സഹായവും ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് ഉണ്ടാകുമെന്നും അദേഹം ഉറപ്പ് കൊടുത്തിരിക്കുന്നു... ഇതോടെ ഒരുകാര്യം ഉറപ്പായി ‘പരനാറി’ പ്രയോഗം തെറ്റിയിട്ടില്ല... ഇനിയിപ്പോ ഒന്നും പേടിക്കാനില്ല ആഭ്യന്തരമന്ത്രിയെ വിളിച്ച് പുതിയ രണ്ടു പ്രതികളെയുണ്ടാക്കാന്‍ പോലീസിനോട് പറഞ്ഞാല്‍ മതി.. ‘എസ്’ കത്തി ഉണ്ടാക്കിയവര്‍ക്ക് ഇതിനാണോ വിഷമം..
   ഇവരുടെ പറച്ചിലില്‍ വ്യക്തമാകുന്ന കാര്യം; തന്നെ പീഡിപ്പിച്ചവരെ കുട്ടി ചൂണ്ടിക്കാണിച്ചതാണ് കാര്യങ്ങള്‍ പൊല്ലാപ്പായത്... അവിടെയാണ് പീഡനംനടന്നാല്‍ ഇര കൊല്ലപ്പെടണം  അല്ലെങ്കില്‍ ബോധം കെടുത്തണം എന്ന പണ്ഡിതവാദത്തിന്‍റെ കഴമ്പ്... എങ്കില്‍ ഈ തിരിച്ചറിയല്‍പ്പരേഡും തിരിച്ചറിയലും ഒന്നുമുണ്ടാകില്ല .. നുമ്മ ആരെ ചൂണ്ടിക്കാണിക്കുന്നുവോ അവനായിരിക്കും പ്രതി... പീഡനം നടത്തിയാല്‍ പിടിപ്പക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്ന് പരസ്യമായി പറയുന്ന  പണ്ഡിതനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്....
  
   ഒരു പിഞ്ചുകുഞ്ഞ് ക്രൂരമായി പീഡനത്തിനിരയായാല്‍ ആ കേസ് തേച്ചുമായ്ച്ചുകളയാന്‍ മുന്നോട്ടിറങ്ങുന്ന മതനേതാക്കളും രാഷ്ട്രിയക്കാരും ആരുടെ വക്താക്കളാണ്.?. സ്വാതന്ത്ര്യമായ അന്വേഷണം നടക്കട്ടെ കാര്യങ്ങള്‍ പുറത്തുവരട്ടെ.. തുടക്കത്തില്‍ത്തന്നെ ആരെ സംരക്ഷിക്കാനാണ് ഇത്ര വേവലാതി... പണവും അധികാരവും മതപരമായ പിന്‍ബലവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാമെന്നാണെങ്കില്‍ ഇതൊന്നുമില്ലത്തവന്‍റെ അവസ്ഥ എന്തായിരിക്കും; അവനു നീതി ലഭിക്കുമോ.. കുറ്റാരോപിതര്‍ക്ക് അനുകൂലമായി അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ത്തന്നെ മതനേതാക്കളും രാഷ്ട്രിയക്കാരും സംഘടിതമായി രംഗത്തു വരുന്ന കാഴ്ച ആശങ്കാജനകമാണ്... കുറ്റാരോപിതരുടെ പിന്‍ബലം ചില്ലറയല്ലെന്നു വ്യക്തം.. വി ഐ പി കള്‍ ഉള്‍പ്പെട്ട ഒരു കേസിലും ഇരകള്‍ക്ക് നീതിലഭിച്ച ചരിത്രമില്ല.. സൂര്യനെല്ലിയും കിളിരൂരും കവിയൂരുമൊക്കെയായി ശാരി, അനഘാ അഭയ എന്നിങ്ങനെ പട്ടിക നീളുകയാണ്.. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ നിരപരാധികളെ മര്‍ദ്ദിച്ച് അവശരാക്കി പറഞ്ഞു പഠിപ്പിച്ച് മൊഴിയെടുക്കന്ന പോലിസ് ഭീകരതയും ആശങ്കാജനകമാണ്.. സങ്കടകരമായ മനുഷ്യാവകാശലംഘനമാണ് ബസ് ക്ലീനറുടെ കാര്യത്തില്‍ പോലിസ് നടത്തിയിരിക്കുന്നത്... കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു ഒടുവില്‍ പൊതുജനപ്രതിഷേധം ശക്തമായപ്പോള്‍ വെറുതെ വിടുന്നു . അയാള്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് കിട്ടിയ തല്ലുംമേടിച്ച് ആ പാവം പിന്‍വാങ്ങിക്കോളും... സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞാല്‍ അതില്‍ ഒരു ന്യായമുണ്ട്.. എന്നാല്‍  അന്വേഷണം ഞങ്ങള്‍ പറയുന്ന വഴിക്കേ നടക്കാവൂവെന്ന് വാശിപിടിച്ചാല്‍ അത് തീര്‍ച്ചയായും എന്തോ ഒളിപ്പിക്കാന്‍വേണ്ടിയാണെന്നു പറയേണ്ടിയിരിക്കുന്നു.. പ്രതികള്‍ അനാഥരാണെന്ന തൊടുന്യായം എങ്ങനെ കുറ്റകൃത്യത്തെ ലഘുവാക്കും.. സംഭവം നടക്കുമ്പോള്‍ വിദേശത്തായിരുന്നെന്നും, കൂടുതല്‍ അറിയില്ലായെന്നു പറയുന്ന ജനപ്രതിനിധി ഈ വിഷയത്തില്‍ ഓടിക്കയറി ന്യായികരണം നടത്തുമ്പോള്‍ അദേഹം ആരെയാണ് സുഖിപ്പിക്കുന്നത്... സംഭവത്തില്‍ ഉള്‍പ്പെട്ടവരേല്ലാം ഒരേ സമുദായത്തില്‍പ്പെട്ടവരായതുകൊണ്ട് സാമൂദായിക പീഡനമെന്ന സ്ഥിരംതന്ത്രം ഇവിടെ ഏശില്ലായെന്നത് ആശ്വാസകരമാണ്...

   മതവും ഭരണകൂടവുമൊക്കെകൂടി ഒരു പീഡനകേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുമ്പോള്‍ ഇരയക്ക് എവിടെയാണ് നീതി ലഭിക്കുക.. ആരോടാണ് പരാതി പറയുക.. മകളെ പീഡിപ്പിച്ചവനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പിതാവ് പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടെണ്ടാതാണ്...  ‘എന്‍റെ മകളെ പീഡിപ്പിച്ചവന്‍ ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’ ഇതൊരു മുന്നറിയിപ്പാണ് നീതിന്യായത്തില്‍ വിശ്വസിച്ച് അടങ്ങിയിരിക്കുന്ന ഒരു സമൂഹത്തിന്‍റെ മുന്നറിയിപ്പ്... നിങ്ങള്‍ പണവും സ്വാധീനവും ഉപയോഗിച്ച് എല്ലാ കുറ്റങ്ങളില്‍നിന്നും രക്ഷപെടാമെന്നു വ്യമോഹിച്ചാല്‍ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കളുടെ നാടാണിത്... എന്‍റെ മകളെ പീഡിപ്പിച്ചവന് ഞാന്‍തന്നെ ശിക്ഷ നടപ്പാക്കുമെന്ന് ഏതെങ്കിലും പിതാവ് തീരുമാനിച്ചാല്‍ ആര്‍ക്ക് തടുക്കാനാവും...  അതുകൊണ്ട് സങ്കടവും നിസ്സഹായതയും പ്രതികാരത്തിലൂന്നിയ സ്വയം നീതിനിര്‍വ്വഹണത്തിലേക്ക് കടക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷകൊടുക്കാന്‍ ഭരണസംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരികുന്നു..   

3 comments:

  1. മകളെ പീഡിപ്പിച്ചവനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പിതാവ് പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടെണ്ടാതാണ്... ‘എന്‍റെ മകളെ പീഡിപ്പിച്ചവന്‍ ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’ ഇതൊരു മുന്നറിയിപ്പാണ്>>>>>>>>> സമൂഹത്തില്‍ നിന്ന് ഇടയ്ക്കിടെ ഈ മുന്നറിയിപ്പ് ഉയരേണ്ടത് അത്യാവശ്യമാണ്.

    ReplyDelete
  2. "ഒരു പിഞ്ചുകുഞ്ഞ് ക്രൂരമായി പീഡനത്തിനിരയായാല്‍ ആ കേസ് തേച്ചുമായ്ച്ചുകളയാന്‍ മുന്നോട്ടിറങ്ങുന്ന മതനേതാക്കളും രാഷ്ട്രിയക്കാരും ആരുടെ വക്താക്കളാണ്" ഇത് ബ്ലോഗറുടെ കോട്ടിംഗ് ആണ`...........ക്രൂരമായ പീഡനം എന്ന്‍ പറയുന്നത് കൊണ്ടാണ` ഈ ചോദ്യം ഉന്നയിക്കുന്നത്, പിന്നെ കേസ് കൂടുതല്‍ വ്യക്തത വരുത്താനാണ` ക്രൈംബ്രാഞ്ച് അന്വേഷണം സ്ഥാപന മേധാവികള്‍ ആവശ്യപ്പെടുന്നത്,,,,,,,,,യഥാര്‍ത്ഥ പ്രതികള്‍ പുറത്ത് വരണം. അലല്ലാതെ കേസ് നടത്തേണ്ട എന്ന്‍ ആരും പറഞ്ഞിട്ടില്ല,,,,,,,,,, നാം വെറും വീര വാദം മുഴക്കിയിട്ട` കാര്യമില്ല, ,,,,,,, ,,,,

    ReplyDelete
  3. ‘എന്‍റെ മകളെ പീഡിപ്പിച്ചവന്‍ ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’

    ഓരോരുത്തരും സ്വന്തമായ കോടതിയും നീതി ന്യായവും നടപ്പാക്കേണ്ട അവസ്ഥയാണ്.. തെറ്റ് ചെയ്തത് വേണ്ടപ്പെട്ടവരാണെങ്കിൽ അത് ഇല്ലാതാക്കാനുള്ള വ്യഗ്രത.. അല്ലാതെന്തു പറയാൻ..
    well said

    ReplyDelete