**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 3, 2012

ചില മദ്യകാല ചിന്തകള്‍


         
    തെളിവ്‌ കൊടുക്കാനുണ്ടോ തെളിവ്‌,തെളിവ്. എവിടുന്നാണാ ശബ്ദം.പഴയ ക്ലാ ക്ലാ ക്ലൂ ക്ലൂ…… ശബ്ദമല്ല. ടി വി യില്‍ ന്യൂസ്‌ അവറുംവെച്ച് പാതിമയക്കത്തില്‍ ഇരിമ്പോഴാണ് തെളിവിനു വേണ്ടിയുള്ള ഈ മുറവിളി കേള്‍ക്കുന്നത് കണ്ണു തിരുമ്മി ടി.വിയിലേക്ക് നോക്കിയപ്പോഴാണ് ആളെ മനസില്ലായത്.ഇത് നമ്മുടെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്‌ ആണ്. സ്കൂളില്‍ പോകുന്ന കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ഇപ്പോള്‍ ക്ലാസില്‍ കയറാതെ വെള്ളമടിച്ച് പിമ്പിരിയായി നടക്കുന്ന കാഴ്ചയെപ്പറ്റിയാണ് ടി.വി യില്‍ ചര്‍ച്ച നടക്കുന്നത്.കുട്ടികള്‍ മാത്രമല്ല അധ്യാപകരും പിമ്പിരിയിലാണ്; വകുപ്പ്‌മന്ത്രി ഇതുവല്ലതുമറിയുന്നുണ്ടോ?? എന്നുള്ള നമ്മുടെ പഴയപടക്കുതിര ഫിലിപ്പ് സാറിന്‍റെ ചോദ്യങ്ങളെയാണ്; തെളിവുണ്ടെങ്കില്‍ എടുക്കു എന്ന് പറഞ്ഞു മന്ത്രി വെല്ലുവിളിക്കുന്നത്.ഇനിയിപ്പോ എല്ലാത്തിനും തെളിവ്‌ ഉണ്ടാക്കേണ്ട പണിയും നമുക്കാണ്.തെളിവ്‌ കൊടുത്താല്‍ നടപടി എടുക്കും.അല്ലാതെ; പറയുന്നതില്‍ കാര്യമുണ്ടോയെന്നുള്ള അന്വേഷണമൊന്നും നടത്താന്‍ മന്ത്രിക്ക് സമയമില്ല.വേറെയെന്തെല്ലാം കാര്യമുണ്ട്. നിലവിളക്ക് കൊളുത്തണമൊ, കെടുത്തണമൊ എന്നുള്ള ചര്‍ച്ച തന്നെ തീര്‍ന്നിട്ടില്ല.പിന്നെയല്ലേ അടുത്തത്.ദുബായിയില്‍ നിന്നുംവന്ന അറബി നിലവിളക്കുകൊളുത്തി പരിപാടി ഉല്‍ഘാടനംചെയ്തു. കൂട്ടത്തില്‍ കുഞ്ഞാലിസാഹിബും ഉണ്ടായിരുന്നു.അന്ന് സ്റ്റേജൊന്നും ഒടിഞ്ഞുവീണില്ല.ഇക്കാര്യത്തില്‍ അറബിയ്ക്കെതിരെ എന്തെങ്കിലും കടുത്തനടപടി ഉണ്ടാകുമെന്നാ വിചാരിച്ചത്; ഒന്നുംകണ്ടില്ല.പ്രതിഷേധസൂചകമായി കുഞ്ഞാലിസാഹിബനു ഒരു ഗോബാക്‌ വിളിയെങ്കിലും വിളിക്കാമായിരുന്നു അതുംകണ്ടില്ല.എന്നാല്‍ അബ്ദുറബ്‌ ആ വകുപ്പിലോന്നുംപ്പെടുന്ന ആളല്ല. ഹരിതകേരളത്തിന്‍റെ പ്രമുഖ വക്താവാണ് അദേഹം. കേരളം മുഴുവന്‍ പറ്റിയില്ലെങ്കിലും തന്‍റെവകുപ്പ് എങ്കിലും ഹരിതവല്ക്കരിക്കണമെന്നാണദേഹം പറയുന്നത്.ഹരിത എം എല്‍ എ മാരേപ്പോലെ, കാട് വളര്‍ത്തണമെന്നോന്നും പറയാതെ വളരെ പ്രാക്ട്ടിക്കലായിട്ടാണ് പരിപാടി. കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍കൊടുത്തുള്ള ഹരിതവല്‍ക്കരണമൊന്നും നടക്കുന്നകാര്യമല്ല. അതുകൊണ്ട് സ്‌കൂളുകള്‍ക്ക്‌ മുഴുവന്‍ പച്ചപെയിന്റ് അടിക്കുക,അധ്യാപകര്‍ക്ക് പച്ചസാരിയും,ബ്ലൌസും അതുപോലെ പച്ചമുണ്ടും,ഷര്‍ട്ടും നിര്‍ബ്ബന്ധമാക്കുക,സ്കൂള്‍ യൂണിഫോമുകള്‍ പച്ചയാക്കുക തുടങ്ങിയ നാലിന പരിപാടികളിലൂടെ ഹരിതവല്‍ക്കരണം നടത്താനാണ് വകുപ്പ് ഉദേശിക്കുന്നത്.കഞ്ഞിയും,പയറും പച്ചയാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് അവന്‍റെയൊരു വെള്ളമടി... രാവിലെ തന്നെ ഫോമില്‍ വരുന്ന അധ്യാപകന്‍റെ ക്ലാസില്‍ ഇരിക്കാന്‍ നൂറുമില്ലി അടിച്ചുവരുന്ന കുട്ടികളെയെങ്ങനെ കുറ്റം പറയാന്‍ പറ്റും.നാട്ടിലും,വീട്ടിലും പിമ്പിരി. പിന്നെ സ്കൂളിലായിട്ട് എന്തിനു ഒഴിവാക്കണം. ഹാന്സും പാന്‍പരാഗും അടുത്തുള്ള പെട്ടിക്കടയില്‍ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നമ്മുടെ പല ‘യങ്ങ് ജനറേഷനും’ സര്‍ക്കാര്‍സ്കൂളില്‍ പോകുന്നതുത്തന്നെ. ജനിച്ചാല്‍ കുപ്പി,മരിച്ചാല്‍കുപ്പി,കല്യാണം,ചാവടിയന്തരം,വീടിന്‍റെ ഉത്തരം വയ്പ്പ്,കട്ടിലവയ്പ്പ്,പാലുകാച്ചല്‍,അങ്ങനെ നാലാള് കൂടുന്നെടത്തൊക്കെ അഞ്ചാമനായിമദ്യമുണ്ട്.പിന്നെ പത്തുനാല്പതു കുട്ടികള്‍ ഒന്നിച്ചിരുന്നു ഒരാളുടെ കത്തിയടി സഹിക്കണമെങ്കില്‍ അത്യാവശ്യം അടിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ...

അഞ്ചുമണികഴിഞ്ഞ് ബാര്‍ തുറന്നാല്‍മതിയെന്ന് കോടതിപറഞ്ഞപ്പോള്‍ ലീഗ് മാത്രമേ അതിനെ അനുകൂലിച്ചു കണ്ടൊള്ളൂ.അതില്‍ എത്രത്തോളും ആത്മാര്‍ത്ഥതയുണ്ടെന്ന് പറയാന്‍ പറ്റില്ല. കാരണം ബാര് നടുത്തുന്ന നമ്മുടെ ചാക്ക്  രാധാകൃഷ്ണനെപ്പോലെയുള്ള, ചാക്കുകള്‍പലതും കുഞ്ഞാലിമാരുടെ ബിനാമിയാണത്രേ...ഞങ്ങള്‍ ഇവിടെ എന്ത്കഴിക്കും എന്ത്പാനം ചെയ്യും എന്നതിനെക്കുറിച്ച് നിങ്ങള്‍ ബേജാരാവേണ്ടയെന്നു, നമ്മുടെ ബാബുതിരുമേനി കഴിഞ്ഞ ദിവസം കോടതിയോടു പറഞ്ഞിരുന്നു. മദ്യപിക്കുന്ന എല്ലാ കുഞ്ഞാടുകളുടെയും കേരളത്തിലെ ഇടയനാണ് അദേഹം.തീര്‍ച്ചയായും അദേഹമങ്ങനെ പറയണം. മദ്യവ്യവസായം ലാഭത്തിലാക്കലാണ് അതിയാന്‍റെ പണിതന്നെ.എന്നാല്‍ മദ്യത്തിനെതിരെ പടവാളുയര്‍ത്തിയ ഗാന്ധിജിയുടെ; അരുമശിഷ്യന്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ ആരാധ്യ പ്രസിഡന്റ് ചെന്നിത്തല സാറും പറഞ്ഞത് മദ്യം ആരോഗ്യത്തിനു നല്ലതാണെന്നാണ്.ഗാന്ധി അനുസ്മരണദിനത്തില്‍സമ്മേളനപ്പന്തലില്‍ ഗാന്ധി ഫോട്ടോയ്ക്ക് മുന്നില്‍ ഇരിക്കണമെങ്കില്‍ ശകലം വിടണമെന്നതാണ് അവസ്ഥ.പന്തലില്‍ സാമ്പ്രാണി മണക്കുന്നതിന്റെ കാര്യം മനസിലായില്ലേ. മൈക്കിനുമുന്നില്‍ ഗീര്‍വാണം വിടുന്നത്പോലെ സുഖമുള്ള ഒരു ഏര്‍പ്പാടല്ല; ചമ്രം പടിഞ്ഞുള്ള ഇരുപ്പ്‌. വയറ്റില്‍ ഗ്യാസുകേറും.അപ്പൊ ഒരു പെഗ് കഴിക്കുന്നത്‌ നല്ലതാണ്. അത്രയേ ഉദ്ദേശിച്ചുള്ളൂ.

 മദ്യം ഒരു സാമൂഹ്യവിപത്താണ് എന്ന്പറഞ്ഞ ശ്രീ നാരായണഗുരുവിന്‍റെ ആസ്ഥാനശിഷ്യന്‍ നടേശഗുരുവിനും മദ്യനിരോധനത്തോട് താല്‍പ്പര്യമില്ല. ഈഴവരുടെ മൊത്തം ദൈവമാണ് താനെന്നാണ് നടേശഗുരു പറയുന്നത്.ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്നുള്ളത്;ഈഴവജാതി ഈഴവമതം ഈഴവദൈവം മാത്രം മനുഷ്യന് എന്ന് തിരുത്തിയെഴുതിയ ആളാണ്‌ അദേഹം. മദ്യത്തിനെതിരെ പോരാടിയ നാരായണഗുരുവിന്‍റെ സ്വയം പ്രഖ്യാപിത പിന്ഗാമിയുടെ ബാറുകളുടെ എണ്ണം വിരലുകളില്‍ എണ്ണാന്‍പ്പറ്റില്ല അത്രയ്ക്കുണ്ട്. ഈഴവരുടെ ഉന്നമനത്തിനു വേണ്ടി അദേഹം അനുഷ്ഠിക്കുന്ന ത്യാഗങ്ങള്‍ അദേഹത്തിന്‍റെ ശരീരഭാഷ കണ്ടാല്‍ മനസിലാവും. പട്ടിണിയും ത്യാഗമനോഭാവവും കൊണ്ട് ഒരു ആത്മിയ ആചാര്യന് ചേര്‍ന്ന രൂപംതന്നെ. എന്‍റെ കലികാല ഭൈരവാ .. എന്നെയങ്ങ് കാത്തു കൊള്ളേണമേ.അച്ഛനും മകനുംകൂടി ജാഥ സംഘടിപ്പിക്കാതിരുന്നാല്‍ ഭാഗ്യം. മദ്യം നിരോധിച്ചാല്‍ ഒത്തിരി കുടുംബങ്ങളുടെ കഞ്ഞികുടിമുട്ടുമെന്നാണ് സഖാക്കള്‍ പറയുന്നത്. കഞ്ഞിപോയിട്ട് അത് വയ്ക്കാനുള്ള ചട്ടിയുംകലവും കൂടി പൊട്ടുന്നതൊന്നും പ്രശ്നമേയല്ല.ഇങ്ങനെ മൊത്തത്തില്‍ കേരളത്തിലെ പ്രബുദ്ധനേതൃത്വങ്ങള്‍ മദ്യത്തിനെ ന്യായികരിക്കുമ്പോഴാണ് പിള്ളേര് ഒന്നോരണ്ടോ കുപ്പി കുടിച്ചത് വല്യതെറ്റാണെന്ന് പറയുന്നത്. നാളത്തെ വളര്‍ന്നുവരേണ്ട കുടിയന്മ്മാരല്ലേ ഇപ്പോഴേ തുടങ്ങിയാല്‍ എങ്ങനെ കുറ്റംപ്പറയാനാകും.

  അതിനിടയില്‍ നമ്മുടെ ജഗദിഷ് അണ്ണന്‍റെ   സാമൂഹ്യയുദ്ബോധനപ്രസംഗവും കേട്ടു. മദ്യത്തിനെ കലാപരമായി നേരിടണമെന്നാണു അണ്ണന്‍ പറയുന്നത്.നാടകത്തിലൂടെ കമ്യൂണിസം വളര്‍ന്നത്‌ പോലെ, സ്വാതന്ത്ര്യം കിട്ടാന്‍ തെരുവ്‌ നാടകം കളിച്ചപോലെ,മദ്യത്തിനെ കലകൊണ്ട് നേരിടണം പോലും.എന്നുവച്ചാല്‍ നാലഞ്ചു പേര്‍ വട്ടത്തിലിരുന്നു കുറെ വളിപ്പും പറഞ്ഞ്, പറ്റുമെങ്കില്‍ പെണ്‍പിറന്നോത്തിമാരേയും കൂട്ടി; മിക്ച്ചര്‍, ചിപ്സ്, അച്ചാര് തുടങ്ങിയ ടച്ചപ്പുകളും ചേര്‍ത്ത് വെട്ടുഗ്ലാസ്സില്‍ ഐസ്ട്യുബുമിട്ടു സിപ്‌ സിപ്‌ ആയി മോന്തണമെന്നര്‍ത്ഥം. അല്ലേ അണ്ണാ....ഞാന്‍ പറഞ്ഞത് ശരിയല്ലേ. അണ്ണന്‍റെ വളിപ്പുകളില്‍ പ്രത്യേകിച്ച് ഗോസ്റ്റ്‌ഹൌസില്‍ നമ്മളത് കണ്ടതാണ്.പിന്നെ ഇപ്പോള്‍നടത്തുന്ന കോമഡി പരിപാടിയുണ്ടല്ലോ; അതുകണ്ടാല്‍ എന്‍റെ ആറ്റുകാല്‍ അമ്മച്ചിയാണേ സത്യം അടിക്കാത്ത ഏതൊരുവനും അടിച്ചുപോകും. അത്ര ഭയാനകമാണ് അതില്‍ അണ്ണന്‍റെ പ്രകടനം. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തെളിവ്‌ ഉണ്ടെങ്കില്‍ കാണിക്കു എന്ന് മന്ത്രിയുടെ വെല്ലുവിളി.പണ്ട് തെളിവ്‌കാണണം എന്ന് നിര്‍ബന്ധം പിടിച്ചവര്‍ക്ക്; മുണ്ട്പൊക്കി തെളിവ്‌ കാണിച്ചുകൊടുത്ത നമ്പാടന്‍ മാഷിന്‍റെ രീതിയാണ്‌ ഇവിടെ നല്ലതെന്ന് തോന്നുന്നു.അന്ന് തെളിവ്‌കണ്ടവര്‍ക്ക് ബോധം പോയിയെന്നാണ് പറയുന്നത്. അങ്ങനെ ഒരു തെളിവ്‌ ഇപ്പൊ കാണിക്കാമെന്ന് വച്ചാല്‍ പണി പാളും. ഒന്ന് കണ്ടാല്‍ അത് ഒന്നുകൂടെ കാണിക്കുമോ എന്ന് ചോദിക്കുന്ന ഇനമാണ്.അത്കൊണ്ട് അതും നടക്കില്ല. ഇനി തെളിവ് കാണിക്കാമെന്ന് വെച്ചാലോ പല കേസുകളിലും തെളിവായി ഉത്പാദനം നടന്നതുതന്നെ പ്രദര്‍ശിപ്പിച്ചിട്ടും കേസ്‌തെളിഞ്ഞില്ല.. പിന്നെയാ... തെളിവ്‌.

 മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്നും അതു വ്യക്തിയെയും, കുടുംബത്തെയും, സമൂഹത്തെയും നശിപ്പിക്കുമെന്നും എല്ലാവര്‍ക്കുമറിയാം. നിലവിലുള്ള തലമുറയെമാറ്റാന്‍ പറ്റില്ലായെങ്കില്‍ വളര്‍ന്നു വരുന്നവരെയെങ്കിലും മദ്യത്തില്‍ നിന്നും സംരക്ഷിക്കേണ്ടതാണ്. ഭരണകൂടങ്ങളും, സാമുദായികശക്തികളും; അതിനെ നയിക്കുന്നവരുടെ സ്വകാര്യലാഭങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്ന് അവരുടെ പ്രസ്താവനകളിലൂടെ നമുക്ക് കാണാന്‍ കഴിഞ്ഞു.അച്ചടിച്ച സിലബസുകള്‍ മാത്രംപറഞ്ഞ് കൊടുത്ത് അതു പേപ്പറില്‍ ഛര്‍ദ്ദിപ്പിക്കുന്ന വിദ്യാഭ്യാസരീതിയില്‍ മാറ്റംവരുത്തേണ്ടകാലം കഴിഞ്ഞിരിക്കുന്നു.മദ്യം, മയക്കുമരുന്ന്,പുകവലിതുടങ്ങിയവപോലെയുള്ള ദുശീലങ്ങളെക്കുറിച്ചും.ലൈഗികപരമായ അറിവുകളെക്കുറിച്ചും,അവയിലൂടെ വരാവുന്ന അസുഖങ്ങളെക്കുറിച്ചും വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ കുട്ടികളെ ബോധവാന്മാരാക്കെണ്ടതാണ്.ചിട്ടയായശീലങ്ങളും, ആരോഗ്യസംസ്ക്കാരവും വളര്‍ത്തിയെടുക്കാന്‍ ശരിയായ ബോധവത്കരണം കുട്ടികളില്‍ നടത്തേണ്ടതാണ്.അതുനടക്കുന്നുണ്ടോ??ജനപ്രിയ നായകന്മാരും അച്ചടി,ദ്രശ്യമാധ്യമങ്ങളും മദ്യം,പുകവലി,ലൈംഗികത തുടങ്ങിയവയൊക്കെ വീരപരിവേഷത്തോടെ അവതരിക്കുമ്പോള്‍ സ്വാഭാവികമായുംപുതുതലമുറ അതിലേക്കു പെട്ടന്ന് വഴുതിവീഴും.അതില്‍ വീഴാതെ പിടിച്ചു നില്ക്കണമെങ്കില്‍ നല്ലതിനെ തിരഞ്ഞെടുക്കാനും ചീത്തയെ പുറംതള്ളാനുമുള്ള കഴിവ്‌ ഉണ്ടായിരിക്കണം.പലനാള്‍ പട്ടിണികിടന്ന ആളുടെ മുന്നില്‍ ഒരുനാള്‍ ബിരിയാണി വിളമ്പിയാല്‍ അതു ആരോഗ്യത്തെക്കാള്‍ അസുഖത്തെയായിരിക്കും വിളിച്ചു വരത്തുക. അതുകൊണ്ട് ആദ്യം അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പകര്‍ന്നു കൊടുക്കുക. വകതിരിവ് വന്നുവെന്ന് ഉറപ്പായാല്‍ മാത്രം വാതിലുകള്‍ തുറന്നുകൊടുക്കുക എങ്കില്‍ മാത്രമേ നമ്മുടെ കുട്ടികള്‍ക്ക് പിഴയ്ക്കാതിരിക്കൂ...................

6 comments:

  1. ദൃശ്യമാധ്യമങ്ങളും മറ്റും മദ്യം,പുകവലി,ലൈംഗികത തുടങ്ങിയവയൊക്കെ വീരപരിവേഷത്തോടെ അവതരിക്കുമ്പോള്‍ സ്വാഭാവികമായുംപുതുതലമുറ അതിലേക്കു പെട്ടന്ന് വഴുതിവീഴും

    ReplyDelete
  2. പച്ച സാരിയും, പച്ച ബ്ലൗസുമൊക്കെ ചീറ്റിപ്പോയ കഥകളാണ് മാഷെ, അതിന്റെ പിന്നില്‍ കളിച്ചവര്‍ വരെ നിശബ്ദരായി, പിന്നെയും അത് തന്നെ പാടുന്നത് കേള്കുമ്പോ തോന്നുന്നത് മറ്റെന്തോകെയോ ആണ്,


    ആ ന്യൂസ്‌ അവരില്‍ തന്നെ പഴയ പടക്കുതിര ഫിലിപ് സാര്‍ മറ്റൊരു കാര്യം പറയുന്നുണ്ട് മദ്യ നിരോധനം നടപ്പാക്കണം എന്ന് പ്രമേയം പാസ്സാക്കിയ മുസ്ലിം ലീഗിന്റെ കാലു തൊട്ടു വണങ്ങണം എന്ന് കേട്ടോ ആവോ ....???


    പിന്നെ മദ്യ നിരോധനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പാവങ്ങളുടെ പടത്തലവന്‍ സഖാവ് വി എസ് പറഞ്ഞതും കേട്ടിട്ടുണ്ടാവില്ല അല്ലെ...??

    മദ്യത്തിനെതിരെ താങ്കള്‍ ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തീരെ ആത്മര്തതയോടെയല്ല എന്ന് മനസിലാക്കുന്നു, താങ്കളുടെ ലക്‌ഷ്യം അബ്ദു രബ്ബും, സര്കരും അങ്ങനെ ചിലത് മാത്രമായിരുന്നു ...... വെറുതെ സമയം കളഞ്ഞു

    ReplyDelete
    Replies
    1. sooraj thiruvananthapuramOctober 3, 2012 at 2:45 PM

      താങ്കളുടെ ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറില്‍ വെറും ഒന്നര മിനിട്ട് മാത്രമേ ഇവിടെ പാഴായിപോയുള്ളൂ,ബാക്കിയുള്ള സമയം പാഴാകാതെ നോക്കിയാല്‍ ഇതിന്‍റെ ലാഭം അവിടെ കിട്ടും.നിങ്ങള്ക്ക് വേണ്ടത് മാത്രം തോണ്ടിയെടുത്തത് കൊണ്ടാണ്;നിങ്ങള്‍ മറ്റൊന്നും കാണാതെ പോയത്.ഇവിടെ ആരുടേയും പക്ഷം പിടിച്ചില്ല.കണ്ടതും കേട്ടതും മാത്രാണ് പറഞ്ഞിരിക്കുന്നത്.സര്‍ക്കാരിനെതിരെ പറഞ്ഞെങ്കില്‍;സര്‍ക്കാരിന്റെ നിലപാട് അങ്ങനെ ആയതുകൊണ്ട്ടാണ്;ബ്ലൌസും സാരിയും അവിടെ നിക്കട്ടെ ബാക്കി കാര്യങ്ങളോ;മന്ത്രി ചര്‍ച്ചയില്‍ ഫിലിപ്പ് എം പ്രസാദിനോട് പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ മനപൂര്‍വ്വം മറന്നു.കാലു തൊട്ടു വണങ്ങണം എന്ന് പറഞ്ഞത് മാത്രം കേട്ടു.ബാക്കിയൊന്നും കേട്ടില്ല അതാണ്‌ പറ്റിയത്....

      Delete
  3. എസ് എസ് എ യുമായി ബന്ധപെട്ട ചടങ്ങില്‍ സെറ്റ് മുണ്ടിന്റെ കൂടെ പച്ച സാരി ഉടുത്തു വരണമെന്ന് പറഞ്ഞത് ലീഗ് മന്ത്രിയോ അദ്ദേഹത്തിന്‍റെ പാര്‍ടിയോ അല്ല,മറിച്ചു വിദ്യാഭ്യാസ വകുപ്പില്‍ ഉള്ള വിവരദോഷിയായ ഏതോ ഒരു ഉദ്യോഗസ്ഥന്‍ ആണ്.ആ വിഷയത്തിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.പിന്നെ ദുഫായിക്കാരന്‍ അറബി നിലവിളക്ക് കൊളുതിയതിനെ കുറിച്ച്;വിളക്ക് കൊളുത്തുക എന്നത് അഗ്നി പൂജയാണ്,അതായത് പുരാതന കാലം തൊട്ടേ ഉള്ള ഒരു ഇന്ത്യന്‍ സംസ്കാരം.ഏക ദൈവ വിശ്വാസികളെ സംബന്ധിച്ച് അതവന്‍റെ വിശ്വാസത്തിനു എതിരായ സംഗതിയാണ്. അറബികള്‍ക്ക് ഈ വക കാര്യങ്ങളൊന്നും അറിയില്ല,അത് കൊണ്ട് അവര്‍ക്കെന്തു അഗിനി പൂജ, എന്ത് ഗണപതി ഹോമം?അല്ലെങ്കില്‍ അറബികള്‍ ചെയ്യുന്നത് മുഴുവനും ശരിയാണെന്നോ അവര്‍ ചെയ്യുന്നതെല്ലാം ഇസ്ലാമികമാനെന്നോ വിശ്വസിക്കാമോ?ഒരു പൊതു പരിപാടിയില്‍ നിലവിളക്ക് കൊളുത്താതിരുന്നത് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് തന്നെയാണ്.പക്ഷെ നിലവിളക്ക് കൊളുത്താതവരും ഓണം ആഗോഷിക്കാത്തവരും എല്ലാം ദേശ വിരുദ്ധര്‍ എന്ന പുതിയ തരം കണ്ടു പിടുത്തം ബാലിശമാണ്.അങ്ങിനെയെങ്കില്‍ എന്ത് കൊണ്ട് ബാങ്ക് വിളിച്ചോ തക്ബീര്‍ ചൊല്ലിയോ പ്രത്യേക ശുശ്രൂഷ നടത്തിയോ പരിപാടികള്‍ ഉല്‍ഘടിക്കപെടുന്നില്ല ?തന്റെ വിശ്വാസം മറ്റുള്ളവനും പിന്തുടരണമെന്ന് വാശി പിടിക്കുന്നത് തെറ്റാണ്.എല്ലാവര്ക്കും അവരവരുടെ വിശ്വാസം പിന്തുടരുവാനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതുട്നു.ഒരു മന്ത്രി ആയതു കൊണ്ട് മാത്രം ഒരാളുടെ വ്യക്തിപരമായ തീരുമാനത്തിനെ വിമര്‍ശിക്കുന്നത് ശരിയല്ല.പിന്നെ കള്ള് ചെത്ത് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ,13 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ള സംസ്ഥാനത്ത് വെറും 40 ,000 ഓളം വരുന്ന ചെത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാവും എന്ന വാദം എത്ര അര്‍ത്ഥ ശൂന്യമാണ്?മദ്യം ചെത്തരുത് വില്‍ക്കരുത് എന്ന് ഗുരു ദേവനോട് താന്‍ എന്ത് ജോലി ചെയ്യും എന്ന് പറഞ്ഞ ചെത്തുകാരനോട് ചെത്ത് കത്തി ക്ഷുരക കത്തിയാക്കി ക്ഷുരക പണിക്കു പോകുവാന്‍ ആണ് ഗുരു പറഞ്ഞത്.അങ്ങിനെയുള്ള ഗുരുവിന്റെ സ്വന്തം ആളുകള്‍ പോലും മദ്യ നിരോധനം ആവശ്യപെട്ടത്‌ ലീഗ് ആയത് കൊണ്ട് മാത്രം ഇത് വര്‍ഗീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. ആര് പറഞ്ഞു എന്നല്ല,എന്ത് പറഞ്ഞു എന്നാണു നോക്കേണ്ടത്.അത് ലീഗായാലും സി പി എം ആയാലും കോണ്ഗ്രസ് ആയാലും ഒന്ന് തന്നെ.

    ReplyDelete
  4. can i have your email id pls..........?
    pls send to kannan.creative@gmail.com

    ReplyDelete