**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, November 5, 2012

രണ്ടുകോടിയുടെ വിശ്വമലയാളം


        
  അങ്ങനെ വിശ്വമലയാള സമ്മേളനവും കഴിഞ്ഞു... പന്തലുകാരും മൈക്ക്‌ സെറ്റുകാരുംവരെ പിരിഞ്ഞു പോയിരിക്കുന്നു. ഇനിയിപ്പോള്‍ പല്ലില്‍ കുത്തി മണപ്പീരുകാരുടെ സമയമാണ്. അവന്‍ കട്ടതും, മറ്റവന്‍ കട്ടതും, നീ കട്ടതും, എനിക്ക് കക്കാന്‍ പറ്റാത്തതുമടക്കം, അടുക്കളയില്‍ മീന്‍വെട്ടിയ കാര്യം വരെ  വിശദീകരിച്ചുള്ള കണക്കുകള്‍ ഉടനെ പുറത്തു വരും.സമ്മേളനം ഒരു മഹാ വിജയമായിരുന്നുവെന്നാണ് സര്‍ക്കാരു കണക്കുകള്‍പറയുന്നത്. കേരളത്തില്‍ മൊത്തത്തില്‍ ഒരു മലയാള മണം അടിക്കാന്‍ തുടങ്ങിട്ടുണ്ട്. എവിടെ നോക്കിയാലും മലയാളഭാഷാപ്രയോഗങ്ങള്‍ കാണാം. ‘നീ........’, ‘മറ്റവനെ....’, ‘ആരാടാ....’, ‘പുല്ലേ.......’ തുടങ്ങിയ ഭാഷാസാഹിത്യത്തിലെ കടുകട്ടി പ്രയോഗങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അഞ്ചാറു വിദേശ രാജ്യങ്ങള്‍ തങ്ങളുടെ ഭാഷമാറ്റി പകരം മലയാളം ഭരണഭാഷയാക്കാമെന്ന് തത്വത്തില്‍ സമ്മതിച്ചതായാണ് വിവരം കിട്ടിയിരിക്കുന്നത്.തിരുവനന്തപുരത്ത് നടന്ന സമ്മേളനം വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ സമ്മേളനത്തിന്‍റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പങ്കെടുത്തയെല്ലാ ആള്‍ക്കാര്‍ക്കും ഇരിപ്പിടം ക്രമികരിച്ചിരുന്നത് സ്റ്റേജില്‍ തന്നെയാണ്. അതുകണ്ടാണ് മൈതാനത്ത് വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂവെന്ന് ചില കുബുദ്ധികള്‍ക്ക് തോന്നിയത്. മലയാളത്തില്‍ എത്ര അക്ഷരമുണ്ട് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞുവെന്നാണ് അറിഞ്ഞത്. നാല്പതിനും, അറുപതിനുമിടയ്ക്കുള്ള എല്ലാ സംഖ്യകളും പറഞ്ഞുകഴിഞ്ഞുവെന്നാണ് പറയുന്നത്.’ക്ഷ, ഞ്ഞ, ണ്ണ’ തുടങ്ങിയ അക്ഷരങ്ങളെ മലയാളത്തില്‍നിന്ന് ഒഴിവാക്കണമെന്നും ‘കമാ..’എന്ന പ്രയോഗത്തെ ഭാഷയില്‍നിന്നുതന്നെ മാറ്റണമെന്നുമാണ് രാഷ്ട്രിയക്കാരുടെ നിലപാട്. രാഷ്ട്രിയക്കാരും സാഹിത്യകാരന്മമാരും ഈ വിഷയത്തില്‍ രണ്ടുതട്ടിലായതിനാല്‍ ശരിക്കുള്ള ഒരു തീരുമാനം എടുക്കാന്‍ മന്ത്രിസഭയെ ഏല്‍പ്പിച്ചിട്ടുണ്ട്.മുഖം നോക്കാതെ തീരുമാനമെടുക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്.

ശരിക്കും അറിഞ്ഞുള്ള ഒരു പരിപാടിയാണ് സംഘാടകര്‍ നടത്തിയത്.വേദി മുഴുവന്‍ രാഷ്ട്രിയക്കാര്‍ ആയിരുന്നുവെന്നാണ് പ്രധാന ആക്ഷേപം. . കാര്യമറിയാത്ത ചിലരാണ് ഇതിനു പിന്നില്‍. മലയാളഭാഷ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവരും എന്നാലോ മലയാളഭാക്ഷയെക്കുറിച്ചു ഒരു ബോധവും ഇല്ലാത്തവരും രാഷ്ട്രിയക്കാര്‍ ആയതിനാല്‍; അവരെ അക്ഷരം പഠിപ്പിക്കുകയെന്നുള്ള ഉദ്യേശ്യത്തോടെയാണ് മേള നടത്തിയത് തന്നെ. അക്കാര്യത്തില്‍ സംഗതി വിജയിച്ചുവെന്നുവേണം കരുതാന്‍.ഇനിയിപ്പോ ശുദ്ധ മലയാളത്തിലുള്ള പ്രസംഗങ്ങള്‍ കേള്‍ക്കാം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സിലബസില്‍ വരെ ഇനി മലയാളം കയറും.സായിപ്പിനുവരെ ഇനി മലയാളം പഠിക്കാതെ രക്ഷയില്ല.അതിനായി സര്‍വകലാശാല വൈസ്‌ചാന്‍സലറായ നമ്മുടെ മുഖ്യമന്ത്രിയോടും,നോര്‍ക്ക മന്ത്രിയോടും. സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേംബ്രിഡ്ജിലെ കാര്യങ്ങള്‍വരെ നമ്മുടെ മന്ത്രിമാരാണ് തീരുമാനിക്കുന്നതെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. സത്യത്തില്‍ നമ്മള്‍ മലയാളികള്‍ എത്രയോ ഭാഗ്യവാന്‍മാരാണ്.

 നുണ പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ എന്താണ് പറയുന്നതെന്ന സ്ഥലകാല ബോധം പോലും പോയിരിക്കുന്നു.നാലാളെ കാണുമ്പൊള്‍ എന്താണ് വായയില്‍ വരുന്നത് അതങ്ങു പറയുക അത്രതന്നെ ...കേംബ്രിഡ്ജ് പോയിട്ട് അതിന്‍റെ പടിപോലും കാണാത്തവരാണ് .കേംബ്രിഡ്ജ്സിലബസില്‍ മലയാളം കൊണ്ടുവരുന്നത്‌.സ്പീക്കര്‍ ഈ വെടിപൊട്ടിച്ചിട്ട് നാളുകുറേയായി അതിനായി ഒരു കത്തുപോലും അങ്ങോട്ടയച്ച വിവരമില്ല. നമ്മുടെ സര്‍വ്വകലാപശാലകളില്‍ പോലും മലയാളംജീവച്ഛവമായി കഴിഞ്ഞിരിക്കുന്നു.പിന്നെയാ വിദേശത്ത്.

  ഇത്തവണത്തെ മലയാളസമ്മേളനത്തില്‍ പരലോകത്തുനിന്നുവരെ ആളുകള്‍ വന്നിരുന്നു. മരിച്ചുപോയവരെ ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തുകള്‍ ജീവിച്ചിരിക്കുന്നവരുടെ അഡ്രസില്‍ എത്താന്‍തുടങ്ങിയപ്പോഴാണ് വിവരം മാലോകര്‍ അറിഞ്ഞത്. പരലോകത്ത് നിന്നു ദൈവത്തെതന്നെ പരിപാടിയില്‍ സംഘടിപ്പിക്കാനായിരുന്നു ശ്രമം. അദേഹത്തിന് സാന്‍ഡിച്ചുഴലിയുമായി ബന്ധപ്പെട്ടു അമേരിക്കയ്ക്ക് പോകേണ്ടിവന്നതിനാല്‍ പകരം കഴിഞ്ഞ മെയ്‌ പതിനാലിന് അന്തരിച്ച; കവി സണ്ണികവിക്കാടിനെയാണ് സമ്മേളനത്തിന് വന്നിരിക്കുന്നത്. “കേരളിയ ദളിത്‌ ജീവിതം കാലങ്ങളിലൂടെ” എന്നാ വിഷത്തില്‍ അദേഹം പ്രസംഗിക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. അദേഹം വന്നിരുന്നോ, പ്രസംഗിച്ചോ എന്നുള്ള കാര്യം പരലോകവുമായി ബന്ധപ്പെട്ട സംഘാടകര്‍ വ്യകതമാക്കുന്നതായിരിക്കും. പരലോകത്ത് നിന്നു ഇങ്ങനെ വിളിച്ചകൂട്ടത്തില്‍ അഴിക്കോടുസാറിനെ വിളിക്കാഞ്ഞതിന്‍റെ കാരണംകൂടി സംഘാടകര്‍ വ്യക്തമാക്കണം. ഏതായാലും ആ വകുപ്പിലുള്ള ചിലവുകളെല്ലാം ഒപ്പിട്ട് വാങ്ങിയതായി നമുക്ക്‌ പിന്നിട് കേള്‍ക്കാം. ഒരു കണക്കിന് പരലോകത്ത് നിന്നുള്ളവരെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റ്. മലയാളഭാഷ പണ്ഡിതന്മാരോക്കെ ഇപ്പോള്‍ പരലോകത്ത് എത്തിക്കഴിഞ്ഞു. അപ്പോള്‍ അവിടെയുള്ള മലയിളികളുടെ പ്രതിനിധികളായി അവരും വരട്ടെ.അവര്‍ക്കാവുമ്പോള്‍ ഭക്ഷണം, യാത്ര ചിലവുകള്‍ കുറവായിരിക്കും.

  പരിപാടി പൊളിഞ്ഞോ, ആളുണ്ടായിരുന്നോ ഇതൊന്നും കാശിന്‍റെ കാര്യത്തില്‍ പ്രശ്നമല്ല.മൂന്ന് ദിവസത്തെ പരിപാടിക്ക് പൊട്ടിച്ചത് രണ്ടുകോടിരൂപയാണ്.സമ്മേളനത്തില്‍ അധികവും നടന്നത് സെമിനാറുകളും ചര്‍ച്ചകളും മാത്രമാണ്, വിദേശപ്രതിനിധികള്‍ വിരലില്‍ എണ്ണാന്‍പോലും ഇല്ലായിരുന്നു .വേദികളാവട്ടെയെല്ലാംതന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കനകക്കുന്ന്, ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, വിജെടി ഹാള്‍ എന്നിവടങ്ങളിലായിരുന്നു. മൂന്നു ദിവസങ്ങളിലായി ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍ക്ക് ഭക്ഷണം വിളമ്പിയെന്നാണ് കണക്ക്. അതിനുള്ള ഊട്ടുപുര യായി ഉപയോഗിച്ചത് സ്റ്റേഡിയത്തിലെ കാന്റീന്‍ ആയിരുന്നു. കലാപരിപാടികള്‍ നടന്നത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും...

 ഭഗവാനെ പിന്നെയെങ്ങനെ ഇത്ര കോടികള്‍ ചിലവഴിച്ചു.മൂന്നു ദിവസത്തെ തട്ടിക്കൂട്ട് പരിപാടിയ്ക്ക് പൊട്ടിച്ചത്‌ രണ്ടുകോടി രൂപ. പട്ടിണികിടക്കുന്ന എല്ലാവരും ഇത് കേക്കുന്നുണ്ടോ?????. നല്ല ക്ലാസ്‌ റൂമില്ലാതെ ചോര്‍ന്നോലിക്കുന്ന മുറികളിലിരുന്നു മലയാളം പഠിക്കുന്ന കുട്ടികളുടെ നാട്, സ്കൂളില്‍ എത്താന്‍ വഴിയില്ലാതെ ആനകളെപ്പേടിച്ചു ക്ലാസ്സില്‍ വരാന്‍ കഴിയാത്ത വയനാടന്‍ഗ്രാമങ്ങളിലെ കുട്ടികള്‍. ചോര്‍ന്നൊലിക്കുന്ന അംഗന്‍വാടിയിലെ വെറുംനിലത്തിരുന്നു മണലില്‍ ഹരിശ്രീ എഴുതുന്ന മലയാളത്തിന്‍റെ ഭാവി വാഗ്‌ദാനങ്ങള്‍. പുഴുക്കളും, എലികളും പെറ്റുകിടക്കുന്ന പഴകിയഅരിവെച്ചു ഉച്ചക്കഞ്ഞികഴിക്കുന്ന കേരളത്തിന്‍റെ ഭാവി വാഗ്ദാനങ്ങള്; സര്‍ക്കാര്‍ സ്കൂളുകളില്‍ നരകിച്ചു മലയാളം പഠിക്കുമ്പോള്‍ നിങ്ങളിവിടെ കോടികള്‍ പൊട്ടിച്ച് മലയാളം പറഞ്ഞ് കളിക്കുന്നു...!!!!!!!!!!!!!!!!!!!

 ഒരു സ്കൂള്‍വര്ഷം തുടങ്ങുമ്പോള്‍ മക്കള്‍ക്ക്‌ നല്ല വസ്ത്രങ്ങളും, ചോറ്റുപാത്രവും, ബുക്കും വാങ്ങാനും, സ്കൂള്‍ഫീസ്‌ അടയ്ക്കാനും പെടാപ്പാടുപെടുന്ന സാധാരണക്കാരന്‍റെ നാടാണിത്. പൊട്ടാത്തസ്ലേറ്റിനും , കളര്‍ പെന്‍സിലിനും, മണമുള്ള മായ്ക്കറബറിനു വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന കുരുന്നുകളുടെ നാടാണിത്. മഴവെള്ളത്തിലും, പൊരിവെയിലത്തും നഗ്നനപാദരായി നടന്ന് ഒരു കാറ്റുവന്നാല്‍ ഉരുണ്ടു വീഴുന്ന സര്‍ക്കാര്‍സ്കൂളിലെ ആടുന്നബഞ്ചിലിരുന്നു അ, ആ.... ഇ, ഈ.... എഴുതിപഠിക്കുന്ന കുരുന്നുകളിലേക്കാണ് ഭാഷയെ ഉദ്ധരിക്കാന്‍ ഇറങ്ങിചെല്ലേണ്ടത്.........അല്ലാതെ പേപ്പര്‍ താളുകളില്‍ ക്രയോണ്‍ ഉരച്ചുരസിച്ച്‌ എ,ബി,സി,ഡി...എഴുതുന്ന അമൂല്‍ ബേബികള്‍ക്ക് മലയാലം ചുരത്താന്‍ കുടപിടിക്കുകയല്ല വേണ്ടത്. ഖജനാവിലെ കോടികള്‍ കട്ടുമുടിക്കാന്‍ വേണ്ടി മലയാളഭാഷയെപ്പോലും വിവസ്ത്രയാക്കുന്ന ഇത്തരം നെറികേടുകള്‍ നടത്തുന്നവര്‍ക്ക് മലയാളത്തില്‍ ആദ്യക്ഷരം കുറിക്കുന്ന എല്ലാകുരുന്നുകളുടെയും ശാപം ഉറപ്പാണ്‌............
 

12 comments:

 1. മലയാളം ഭാഷയുടെ വളര്‍ച്ച ഇപ്പൊ ബ്ലോഗിലാണ്.. ബൂലോകത്ത് മലയാളം അലയടിക്കുന്നു,
  പുറത്തു പക്ഷെ മലയാള മഹാ സമ്മേളനം മാത്രേയുള്ളൂ.

  കൊള്ളാം പരിഹാസം കലര്‍ത്തിയ രോഷം ഇഷ്ടമായി

  ReplyDelete
  Replies
  1. അഭിപ്രായം പറഞ്ഞതിന് രയിനിയോട് നന്ദി പറയുന്നു.....

   Delete
 2. എന്ത്പരിപാടി സംഘടിപ്പിച്ചാലും കസേരകളിയും വടംവലിയും മാത്രം നടക്കും .നേതാക്കന്‍മാര്‍ക്ക് പുട്ടടിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ .....

  ReplyDelete
  Replies
  1. അനുഭവിക്കാം അതാണ്‌വിധി...........

   Delete
 3. കടലാസില്‍ ക്രയോന്‍സ് കൊണ്ട് കുത്തിക്കുറിക്കുന്ന കുട്ടികള്‍ മലയാളം പഠിക്കേണ്ട എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?മിഡില്‍ ക്ലാസ്സിലും അപ്പര്‍ മിഡില്‍ ക്ലാസ്സിലും പെട്ടവര്‍ ആണ് നമ്മുടെ ജനസന്ഖ്യയില്‍ ഭൂരിപക്ഷം എന്നിരിക്കെ അത്തരക്കാരെയും കൂടി ഉള്‍പെടുത്തി ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത് തെറ്റാവുന്നത് എങ്ങിനെ?മലയാളം ഭംഗിയായി സംസാരിക്കുന്ന (മലയാലം അല്ല )എന്നാല്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത എത്രയോ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്,അവരെയും കൂടി ഉദ്ദേശിച്ചുള്ള ഒരു പരിപാടി എന്ന നിലക്ക് പരിപാടിയുടെ ലക്‌ഷ്യം നല്ലതായിരുന്നു.പക്ഷെ അമിതമായ രാഷ്ട്രീയ ഇടപെടലും,വേദി കൈ അടക്കുവാനുള്ള രാഷ്ട്രീയക്കാരുടെ ആക്രാന്തവും കാരണം ആയിരിക്കും പരിപാടി പൊട്ടി പാളീസായത്.പിന്നെ കേടു കര്യസ്ഥതയും.നല്ലൊരു ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടി രാഷ്ട്രീയക്കാരുടെ കയ്യിലിപ്പ് കാരണം പൊട്ടി പാളീസായതില്‍ മലയാളത്തെ ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയില്‍ ദുഃഖം ഉളവാക്കുന്നു.പിന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ നന്നാക്കുന്നതിനു വേറെ ഫണ്ടുകള്‍ സര്‍ക്കാരിന്റെ വകുപ്പുകളില്‍ ഉണ്ട്,അത് കൃത്യമായി ചിലവഴിക്കുന്നുണ്ടോ,അരഹതപെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നൊക്കെ നോക്കി നടത്തേണ്ടത് ബന്ധപെട്ട വകുപ്പുകളില്‍ പെട്ട ഉദ്യോഗസ്ഥര്‍ ആണ്.വേറൊരു പരിപാടിക്ക് വകയിരുത്തിയ പണം മറ്റൊരു പദ്ധതിക്ക് വേണ്ടി ചിലവഴിച്ചു കൂടെ എന്നൊക്കെ ചിന്തിക്കുവാന്‍ തുടങ്ങിയാല്‍,ഇവിടെ എന്തെങ്കിലും നടക്കുമോ സുഹ്ര്തെ?
  താങ്കളുടെ ശൈലി മറ്റൊരു പ്രമുഖ ബ്ലോഗരുടെ ശൈലിയുമായി വളരെയേറെ സമയം ഉളവാക്കുന്നു.താങ്കളുടെ ഹാസ്യവും രചന രീതിയും നല്ല നിലവാരം പുലര്‍ത്തുന്നു.പക്ഷെ മറ്റുള്ളവരുടെ ശൈലി പിന്തുടരുവാന്‍ ശ്രമിക്കാതെ സ്വന്തം ശൈലി ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിച്ചാല്‍ താങ്കള്‍ വളരെ ഏറെ ഉയരത്തില്‍ എത്തും എന്ന കാര്യം തീര്‍ച്ചയാണ്.ആശംസകള്‍.

  ReplyDelete
  Replies
  1. 'കടലാസില്‍ ക്രയോന്‍സ് കൊണ്ട് കുത്തിക്കുറിക്കുന്ന കുട്ടികള്‍ മലയാളം പഠിക്കേണ്ട എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?മിഡില്‍ ക്ലാസ്സിലും അപ്പര്‍ മിഡില്‍ ക്ലാസ്സിലും പെട്ടവര്‍ ആണ് നമ്മുടെ ജനസന്ഖ്യയില്‍ ഭൂരിപക്ഷം എന്നിരിക്കെ അത്തരക്കാരെയും കൂടി ഉള്‍പെടുത്തി ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത് തെറ്റാവുന്നത് എങ്ങിനെ?മലയാളം ഭംഗിയായി സംസാരിക്കുന്ന (മലയാലം അല്ല )എന്നാല്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത എത്രയോ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്,അവരെയും കൂടി ഉദ്ദേശിച്ചുള്ള ഒരു പരിപാടി എന്ന നിലക്ക് പരിപാടിയുടെ ലക്‌ഷ്യം നല്ലതായിരുന്നു'ആദ്യമായി താങ്കളുടെ അഭിപ്രായത്തിനു നന്ദി പറയുന്നു.ഇനി പറയട്ടെ താങ്കള്‍ പറഞ്ഞ ആ 'അത്തരക്കാര്‍ ആരാണ്..,പരിപാടിയില്‍ അവരുടെ സാന്നിധ്യം എവിടെയായിരുന്നു.വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഏതു കുട്ടികളെ ഉദേശിച്ചാണ് താങ്കള്‍ ഈ പടപ്പേല്‍ തല്ലല്‍ നടത്തുന്നത്.വേറെ പദ്ധതികള്‍ക്ക് പണം മുടക്കിയോ എന്നല്ല മുടക്കിയ പദ്ധതികള്‍ ഉദേശിക്കുന്ന ലക്ഷ്യം കാണാതെ ധൂര്‍ത്തായി മാറുന്നതിനെക്കുറിചാണ് ഞാന്‍ പറഞ്ഞത്.പദ്ധതിയെക്കുറിച്ചല്ല അതിനുള്ളിലെ അഴിമതിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.ഈ പണി പാളിയത് എന്തുകൊണ്ടാണെന്നും താങ്കള്‍ പറഞ്ഞു.അത് തന്നെയാണ് ഞാനും പറഞ്ഞിരിക്കുന്നത്.പദ്ധതിയ്ക്ക് പണം അനുവദിക്കുന്നത് കുട്ടികള്‍ അല്ല സര്‍ക്കാരാണ്.ആ പണം ധൂര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞു അത്ര മാത്രം.....പ്ലാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പുറംപോളിഷ് മാത്രം കണ്ടു കാര്യങ്ങള്‍ പറയാന്‍ പറ്റില്ല.ഒരു പദ്ധതിയും അഴിമതിക്കാണെന്നും പറഞ്ഞു ആരെങ്കിലും ഇറങ്ങുമോ?ജനങ്ങളുടെ മുന്നില്‍ അതിന്റെ ഗുണം മാത്രം പറയും ,മറുവശത്ത്കൂടെ കീശവീര്‍പ്പിരും നടത്തും.ഏതെങ്കിലും പാര്‍ട്ടിയില്‍ അടിമപെട്ടവര്‍ അവരുടെ പാര്‍ട്ടി ചെയ്യുന്ന ഒരു അഴിമതിയും കാണില്ല..കണ്ടാല്‍ സമതിച്ചുതരികയുമില്ല....ശരിയല്ലേ???പദ്ധതിയ്ക്ക് മുടക്കിയ പണത്തിനു ഉദേശിച്ച ഫലം കിട്ടിയോ എന്നാണ് എന്‍റെ ചോദ്യം? താങ്കള്‍ പറഞ്ഞ ഏതോ പ്രമുഖബ്ലോഗറുമായി എനിക്ക് ബന്ധമൊന്നുമില്ല....സമാന ചിന്താഗതികള്‍ സാധാരണ മാത്രം...നാട്ടുകാരെ കൂട്ടാന്‍ ചായകുടിക്കാന്‍ വിളിക്കുന്ന പതിവും ഇല്ല.എന്‍റെ ബ്ലോഗ്‌ പരിശോധിച്ചാല്‍ താങ്കള്‍ക്കതു മനസിലാവും.എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ താല്പര്യമുള്ള ആള്‍ക്കാരുമായി പങ്കുവയ്ക്കാന്‍ ഉദേശിക്കുന്ന ഒരിടം അത്രയേയുള്ളൂ.... കുത്തലും തലോടലും കലര്‍ന്ന തങ്കളുടെ വിമര്‍ശനങ്ങള്‍ സ്നേഹപൂര്‍വ്വം സ്വികരിക്കുന്നു...

   Delete
 4. താങ്കള്‍ക്ക് ഞാന്‍ ഉദ്ദേശിച്ച ബ്ലോഗറുമായി ബന്ധം ഉണ്ടെന്നു ഞാന്‍ പറഞ്ഞില്ല.അയാളുടെ ശൈലിയുമായി സാദ്രശ്യം ഉണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.തുടക്കം മുതലുള്ള എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്,താങ്കളുടെ എഴുത്തിന്റെ രീതി ഇഷ്ടപെടുന്നത് കൊണ്ട് തന്നെയാണ് ഇവിടെ വരുന്നതും.താങ്കളെ വിമര്‍ശിക്കുവാനോ കുത്തുവാനോ ഉദ്ദേശിച്ചല്ല അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നത്.എന്റെ കമന്റുകള്‍ താങ്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പേരില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.

  ReplyDelete
  Replies
  1. താങ്കളുടെ വിമര്‍ശനത്തെ ഇഷ്ടപ്പെടുന്നു....ഇനിയും വിമര്‍ശനങ്ങള്‍ പ്രതിക്ഷിക്കുന്നു....വിമര്‍ശനങ്ങള്‍ ഉണ്ടായാലേ നമ്മുടെ കുറവുകള്‍ നമുക്ക് മനസിലാവുക.............അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് നല്ല കാര്യം...........സ്നേഹസഹകരണങ്ങള്‍ പ്രതിക്ഷിച്ചുകൊണ്ട്......................

   Delete
  2. ഭൂനിയമത്തെക്കുറിച്ചുള്ള അടുത്ത ഭൂതം കുടം തുറന്നുവരുന്നുണ്ട്...ഇതൊക്കെ കണ്ടാല്‍ എങ്ങനെ പറയാതിരിക്കും..

   Delete
 5. ഭൂതങ്ങള്‍ അങ്ങനെ കാത്തു നില്‍ക്കുവാ വരിവരിയായിട്ട്

  ഓരോന്നും തുറന്ന് വരട്ടെ

  ReplyDelete
  Replies
  1. അതെയതെ ...ഏതൊക്കെ തലകള്‍ ഉരുളുവോ ആവോ....

   Delete
 6. നമ്മുടെ കണ്മുന്നിലൂടെ പല വൃത്തികേടുകളും നടക്കുമ്പോള്‍ , അതിനെതിരെ ഒന്നും ചെയാനാവാതെ വീര്‍പ്പുമുട്ടുമ്പോള്‍ ബ്ലോഗിലൂടെയെങ്കിലും പ്രതികരിക്കാം .ഞാന്‍ ബ്ലോഗിലെ ഒരു തുടക്കക്കാരനാണ് , നിങ്ങളുടെ ബ്ലോഗില്‍ ആദ്യവും. ഇനിയും തീര്‍ച്ചയായും വരും . ആശംസകളോടെ ജോമി ......

  ReplyDelete