**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, November 22, 2012

കുളിക്കടവിലെ റിയാലിറ്റിഷോ


       


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 ആറ്റുതീരത്തുള്ള ആഞ്ഞിലിമരത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസ്ടിനെ കെട്ടിയിട്ടിരിക്കുന്നു. കാണണമെങ്കില്‍ വാ ...

 കവലയിലെ ബസ്‌കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ വെടിവട്ടം പറഞ്ഞു ഇരിക്കുമ്പോഴാണ് കമ്പ്യുട്ടര്‍ക്ലാസ്സ്‌ കഴിഞ്ഞുവരുന്ന നാണപ്പന്‍റെ മകന്‍  ഗോപാലകൃഷ്ണന്‍ വിവരം പറഞ്ഞത്. ചെറുക്കനതുപറഞ്ഞ് ഓടിപ്പോയി.

  ‘ആരെയാ കെട്ടിയിട്ടിരിക്കുന്നത്..............’

 ‘ഏതോ ഒരു ഏണസ്റ്റിനെയാണന്നാ പറഞ്ഞത്.......’

‘അങ്ങനെയൊരുവന്‍ നമ്മുടെ നാട്ടില്‍ ഇല്ലല്ലോ.... വല്ല പുറംപാര്‍ട്ടിയും ആയിരിക്കും.വാ.... പോയി നോക്കിയിട്ടുവരാം......’

വിജ്ഞാനം ഉല്പ്പലാക്ഷന്‍റെ നേതൃത്വത്തില്‍ എല്ലാവരും സംഭവസ്ഥലത്തെയ്ക്ക് നീങ്ങി.

നാട്ടിലെ സാംസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ വൈകുന്നേരങ്ങളില്‍ ഒത്തു കൂടുന്ന സ്ഥലമാണ് വെയിറ്റിംഗ് ഷെല്‍ട്ടര്‍. വിജ്ഞാനം ഉല്‍പ്പലാക്ഷനാണ് സമിതിയുടെ നേതാവ്‌. എല്ലാ പൈങ്കിളിമാസികകളും മുടങ്ങാതെ വായിക്കുന്ന ഉല്പ്പലാക്ഷന്‍ അതില്‍ വായിച്ചകാര്യങ്ങളെല്ലാം പത്രത്തില്‍നിന്ന് വായിച്ചരീതിയിലാണ് അവതരിപ്പിക്കുന്നത്‌. ഒളിച്ചോട്ടം, പ്രേമം, ആത്മഹത്യ, കൊലപാതകം, പ്രേതം, ബാധ തുടങ്ങിയവമുതല്‍ ഭര്‍ത്താവിനെ വഞ്ചിച്ച ഭാര്യയുടെ കഥ ,ഭാര്യയെ വഞ്ചിച്ച ഭര്‍ത്താവിന്‍റെ കഥ തുടങ്ങിയ നിരവധി കഥകള്‍; ഉല്‍പ്പലാക്ഷന്‍ ഇങ്ങനെ നാട്ടുകാരെ അറിയിച്ചിരുന്നു.കഥയില്‍ ഉന്മേഷദായകമായ നിരവധി മേമ്പൊടികള്‍ ചേര്‍ത്തിരുന്നതിനാല്‍ കേള്‍വിക്കാര്‍ക്കെല്ലാം ബഹുസന്തോഷമായിരുന്നു ഉല്‍പ്പലാക്ഷന്‍റെ കഥകള്‍ കേള്‍ക്കാന്‍.

 ആറ്റുതീരത്ത് സാമാന്യം തിരക്ക് കാണുന്നുണ്ട്. ആഞ്ഞിലിമരത്തിന്‍റെ ചുവട്ടിലാമാണ് തിരക്ക്‌കൂടുതല്‍. അടുത്ത് ചെല്ലുംതോറും സഭ്യമല്ലാത്ത പദപ്രയോഗങ്ങളും, ആരുടെയോ വേദനനിറഞ്ഞ അമ്മേ വിളിയും കേള്‍ക്കാം.ഒരു വിധം സ്ഥലത്ത് കടന്നുകൂടി. ആഞ്ഞിലിമരത്തിന്‍മ്മേല്‍ ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് പ്രായംവരുന്ന ഒരു ചെറുപ്പക്കാരനെ കെട്ടിയിട്ടിരിക്കുന്നു. വരുന്നവനും പോകുന്നവനുമൊക്കെ അവന്‍റെ ദേഹത്ത് കൈപ്രയോഗം നടത്തുന്നു. ചിലര്‍ പലതവണ പെരുമാറുന്നു.അതനുസരിച്ച് ചെറുപ്പക്കാരന്‍റെ നിലവിളിയും കൂടുന്നു.

വന്നതല്ലേ രണ്ടെണ്ണം കൊടുത്തെച്ചു പോയേക്കാമെന്ന് പറഞ്ഞുകൊണ്ട് വേതാളംവാസു ചെറുപ്പക്കാരന്‍റെ അടുത്തേയ്ക്ക് നീങ്ങി.ചെറുപ്പക്കാരന്‍റെ നിലവിളി ഉച്ചത്തിലായിരിക്കുന്നു,............വാസു കാര്യമായിത്തന്നെ കൊടുക്കുന്നുണ്ട്.സംഭവം എന്താണെന്ന് ഒന്നറിയണമല്ലോ...

   മനോഹരാ എന്താണ് സംഭവം ,അവന്‍ എന്നതാ ചെയ്തത്.????...

 എന്‍റെ വിദ്യാധരാ ഒന്നും പറയേണ്ട.........ദേ ...ആ  കെട്ടിയിട്ടിരിക്കുന്ന ചെറ്റയില്ലേ;... അവന്‍ കുളികടവില്‍, കുളിക്കുന്നപെണ്ണുങ്ങളുടെ കുളിസീന്‍ പിടിക്കുകയായിരുന്നു. കമലേടത്തിയാണ് കണ്ടുപിടിച്ചത് .പെണ്ണുങ്ങളുടെ നിലവിളികേട്ടാണ് ഞങ്ങള്‍ ഓടിവന്നത്.പിന്നെ അവനെ ഞങ്ങള്‍ ഓടിച്ചിട്ട്‌ പിടിച്ചു. നാലെണ്ണം കിട്ടിയപ്പോള്‍ അവന്‍ പറയുവാ..........      അവന്‍ സിറ്റിസണ്‍ ജേര്‍ണലിസ്ടാപോലും!!!! വാര്‍ത്തയ്ക്ക് വേണ്ടി പടം പിടിക്കുകയായിരിന്നുവെന്ന്. പോലീസിനെ വിളിച്ചിട്ടുണ്ട് അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ.

 ഉല്‍പ്പലാക്ഷന്‍ ചെറുപ്പക്കാരനെ വിശദമായി ചോദ്യംചെയ്തു, തെക്കാണ് വീട്; രാവിലത്തെ ബസിനു വന്നതാണ്. റിയാലിറ്റിഷോയ്ക്ക് കൊടുക്കാന്‍ എക്സ്ക്ലുസിവ്‌ വാര്‍ത്തയ്ക്ക് ഇറങ്ങിയതാണ് പാവം. വന്നുപെട്ടതോ ഇങ്ങനെയൊരു കുടുക്കിലും. ആരും ഇതുവരെ കൊടുക്കാത്ത വാര്‍ത്ത കൊടുക്കാനാണത്രേ ഈ പങ്കപ്പാട് കഴിച്ചത്. കേരളത്തില്‍ അന്യംനിന്നു പോകുന്ന കുളിക്കടവുകളും; മങ്കമാരുടെനീരാട്ടും എന്ന വിഷയത്തില്‍ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ ഇറങ്ങിയതാണ് ആശാന്‍. ഏതായാലും ക്യാമറയും പോയി, തടിയും വെടക്കായി.....

 പ്രശസ്തിയ്ക്കുവേണ്ടി എന്ത് വൃത്തികേടുകളും ചെയ്യാനും, കാണിക്കാനും മടിയില്ലാത്ത ഒരു തലമുറയാണോ റിയാലിറ്റിഷോകളിലൂടെ വാര്ത്തെടുക്കപ്പെടുന്നത്. ചെറുപ്രായത്തില്‍തന്നെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുന്ന പ്രകടനങ്ങളും സ്വന്തംകിടപ്പറരഹസ്യങ്ങള്‍വരെ ക്യാമറയ്ക്ക് മുന്നില്‍വിളമ്പുന്ന പ്രവണതകളും, പ്രേക്ഷകന്‍റെ കീശയില്‍ കിടക്കുന്നപണം ഏതുവിധേനെയും തട്ടിയെടുക്കാന്‍ കുട്ടികളെക്കൊണ്ട് എസ് എം എസ് യാചിപ്പിക്കുന്ന ചാനല്‍പരിപാടികളൂമൊക്കെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈകൃതങ്ങളുടെ ലക്ഷണമായേ വിലയിരുത്താനാവു?? വേണ്ടതും, വേണ്ടാത്തതും തിരിച്ചറിയാനുള്ള ശ്രമങ്ങളെ ആവിഷ്ക്കാരസ്വാതിന്ത്ര്യത്തിന്‍റെ ചഷുകത്തില്‍ മുക്കികൊന്നാല്‍; കുളിക്കടവുകളും, കിടപ്പറകളുമൊക്കെ തല്‍സമയം ആസ്വദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. .ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ശേലാണെന്ന് കരുതുന്നവര്‍ ഇതിനെയൊക്കെ പുകഴ്ത്തുകയും ചെയ്യും.....

8 comments:

 1. കാലികമായ ചിലതൊക്കെ പറഞ്ഞു......
  തുടരുക
  ആശംസകൽ

  ReplyDelete
 2. എല്ലാ എഴുത്തുകാരെയും ബാധിക്കാറുള്ള രൈട്ടെസ് ബ്ലോക്ക് താങ്കള്‍ക്കും വന്നോ എന്ന് സംശയിച്ചു.ഇടയ്ക്കു വന്നു നോക്കാറുണ്ട്,പുതിയ പോസ്റ്റുകള്‍ ഉണ്ടോയെന്നു.എന്തായാലും കുറെ വായനക്കാരെ ആകര്‍ഷിച്ച താങ്കളുടെ ബ്ലോഗ്‌,പുതിയ പോസ്റ്റുകള്‍ ഇല്ലാതെ കിടന്നാല്‍ വായനക്കാര്‍ പിന്നെ ഇതിലെ വരാതാവും.താങ്കളെ പോലെ നല്ല രചനാ പാടവം ഉള്ള ബ്ലോഗരുടെ വളര്‍ച്ച മുളയിലെ കരിഞ്ഞു പോവരുതെന്നു അത്മാര്തമായും ആഗ്രഹിക്കുന്നു.
  നല്ല പോസ്റ്റ്‌,വീണ്ടും എഴുതുക.ആശംസകള്‍.

  ReplyDelete
  Replies
  1. sorry dear......... I am on vacation,away from all means of communication...... will be back soon. thanks

   Delete
 3. ഇക്കാലത്തെ റിയാലിറ്റി അത്ര നല്ലതല്ല

  ReplyDelete
 4. കുറെ നാളായി പോസ്റ്റുകള്‍ കണുന്നില്ല..
  എഴുത്തു ലഘുവായി കാണുന്നില്ല എന്നു കരുതുന്നു..

  പെണ്ണുങ്ങളുടെ തെറിവിളി വരെ റിയാലിറ്റി ഷൊ അണേ.. ശിവ.!! ശിവ..!!

  ആശംസകള്‍.

  ReplyDelete
  Replies
  1. i am on vacation,enjoying the days, will be back soon....thank u

   Delete