**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, November 27, 2012

കത്തിപ്പോയ തീപ്പെട്ടികമ്പനി വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 ഫയലുകളും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഇറങ്ങിയതാണ്. ചെറിയൊരു തീപ്പെട്ടികമ്പനി തുടങ്ങണമെന്നാണ് മോഹം. ഒരു വ്യവസായിയാകുക എന്നുള്ളത് കുഞ്ഞുനാളിലേയുള്ള ഒരു മോഹമായിരുന്നു. ജാതകംകുറിച്ച കണിയാന്‍ പണ്ടേ പറഞ്ഞതാണ്‌ ഇവന്‍ വ്യവസായിയാകുമെന്ന്; അതുകൊണ്ട് ആക്കാര്യത്തില്‍ വീട്ടുക്കാര്‍ക്കും തര്‍ക്കമില്ല. മകനൊരു വ്യവസായിയായിക്കണ്ടിട്ടു മരിച്ചാല്‍മതിയെന്ന പ്രാര്‍ത്ഥനയുമായി ജീവിക്കുന്ന മാതാപിതാക്കളെ സാക്ഷിനിറുത്തി ദൈവങ്ങളുടെ മുമ്പില്‍ സാമ്പ്രാണിയും കത്തിച്ച് തേങ്ങായുമുടച്ചു ഇറങ്ങിയതാണ്... വന്നവഴിക്കൊരു കണ്ടന്‍പൂച്ച വിലങ്ങനെ ചാടിയതുകൊണ്ടാണോയെന്നറിയില്ല; തേരാപാര നടപ്പുതന്നെയാണ്. ചെറുകിടവ്യവസായത്തിന്‍റെ ജില്ലാഓഫീസില്‍ ചെന്നപ്പോളാണ് പറഞ്ഞത് സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പികൂടി വേണമെന്ന്... ഫോട്ടോസ്റ്റാറ്റ്കടയും തപ്പി നടപ്പുതുടങ്ങിയിട്ട് നേരം കുറെയായി... ഒരെണ്ണം കണ്ടുപിടിച്ചപ്പോളാണ്  അറിഞ്ഞത് കടയുടമ കല്യാണത്തിന് പോയിരിക്കുകയാണ് ഉച്ചകഴിഞ്ഞേ കട തുറക്കുകയുള്ളൂവെന്ന്. കാര്യം നടക്കണമല്ലോ അതുകൊണ്ട് ഓട്ടോപിടിച്ച് അടുത്ത ജംഗ്ഷനില്‍ച്ചെന്ന് ഫോട്ടോസ്റ്റാറ്റും ഒപ്പിച്ച്; എല്ലാം കുത്തികെട്ടി ക്ലര്‍ക്കിനെ ഏല്‍പ്പിച്ചു. ആശാന്‍ അവിടെയുമിവിടെയും നാലുസീലും കുത്തി സൂപ്രണ്ടിന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയ്ക്കൊളാന്‍ പറഞ്ഞു. അദേഹത്തെ ചെറിയ പരിചയമുണ്ട്. അതുകൊണ്ട് അവിടെ താമസം വരില്ലായെന്ന് കരുതി.... അവിടെച്ചെന്നപ്പോളാണ് അറിഞ്ഞത്  ആളുവന്നിട്ടില്ല.

 വരവും പ്രതിക്ഷിച്ചു സൂപ്രണ്ട് എന്നെഴുതിയ വാതിലിനു പുറത്തു പട്ടികുത്തിയിരിക്കുന്നതുപോലെ ഇരിപ്പുതുടങ്ങിയിട്ട് നേരം കുറയെയായിരിക്കുന്നു. രാവിലെ കഴിച്ച ദോശയും, ചമ്മന്തിയുമെല്ലാം ദഹിച്ചു കഴിഞ്ഞു.വിശപ്പ്‌ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു.സൂപ്രണ്ടദേഹം ഇതുവരെ വന്നിട്ടില്ല.തെക്കുവടക്ക് ലാത്തുന്ന പ്യൂണിനോട് കാര്യംതിരക്കി.

       സൂപ്രണ്ട് എപ്പൊ വരും....................

         ഇപ്പൊ വരും...........

 ഇപ്പൊവരുമെന്നു പറഞ്ഞാല്‍ എപ്പൊ വരും.... ഞാനി ഇരുപ്പുതുടങ്ങിയിട്ട് നേരംകുറെ ആയേ ........

 അതിനു ഞാന്‍ പറഞ്ഞോ ഇവിടിരിക്കാന്‍ ...ഉച്ചയ്ക്ക് മുന്‍പ്‌ അദേഹം വരേണ്ടതാണ് .താന്‍ പുറത്തുപോയി ഒരു ചായയൊക്കെ കുടിച്ചിട്ട് വാ.. ..അദേഹംവരുമ്പോള്‍ ഞാന്‍ പറഞ്ഞേക്കാം...

        വളരെ ഉപകാരം..............

 വിശന്നിട്ടുവയ്യ..... ഒരു ചായ കുടിക്കാമല്ലോയെന്ന സന്തോഷത്തില്‍ പുറത്തിറങ്ങി.അടുത്തൊങ്ങുമൊരു നല്ല ചായക്കട പോലുമില്ല. കാന്റീന്‍ എന്നെഴുതിയ ഭാഗത്ത്‌ രണ്ടുമൂന്നു പശുക്കളുകിടന്നു അയവിറക്കുന്നുണ്ട്. ‘ചായ റെഡി’ എന്നെഴുതിയ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു

       ഒരു ചായ......................

           ങ്ങൂം...........സ്ട്രോന്ങ്ങോ.., ലൈറ്റോ.........?

        ഒരു സ്ട്രോങ്ങ്‌ തന്നെ ആയിക്കോട്ടെ.......

കടക്കാരന്‍ ഒരു കിഴവനാണ്. എല്ലാത്തിനുമതിന്‍റെയൊരു സ്പീഡ്‌കുറവ്‌ കാണാനുമുണ്ട് . ഇന്നത്തെ ആദ്യ ചായക്കാരന്‍ ഞാനാണെന്ന് തോന്നുന്നു. കാറ്റടിയും, കരടുകുത്തലുമായി സ്റ്റവ് കത്തിക്കാന്‍തന്നെ പത്തുമിനിട്ട് എടുത്തു. ചായപ്പാത്രം ഇന്നലത്തെപ്പടിയാണ്. അത് ഉറച്ചുകഴുകി വെള്ളം വച്ച് പൊടിയിട്ട് തിളയ്ക്കാന്‍ വീണ്ടുമൊരു പത്തുമിനുട്ട്.അങ്ങനെ ഇരുപതു മിനുട്ട്കൊണ്ട് ചായ റെഡി.....

   കടിക്കാന്‍ എന്നാ വേണ്ടത്............??

    എന്നാ ഉള്ളത്..?

     കേക്കുണ്ട്; എടുക്കട്ടെ.............

ബോണ്ട, പഴംപൊരി, പരിപ്പുവട അങ്ങനെ വല്ലതുമുണ്ടോ..?

ഓ... ചിലവ് കുറവാ സാറെ.... അതൊക്കെ ഉണ്ടാക്കണേല്‍ വല്യ ചിലവാ...

        എന്നാല്‍ കേക്ക്‌ താ ...

പട്ടിയ്ക്കിട്ട് എറിയാവുന്ന കണക്കിലുള്ള ഒരുകഷണം.... ‘കേക്ക്’ എന്നപേരില്‍ എടുത്തുതന്നു. ഒരു കടി കടിച്ചതേയുള്ളൂ; വായുടെ ഒരു വശം മരച്ചുപോകുന്ന അനുഭവം. മെറ്റലില്‍ കടിക്കുന്ന അവസ്ഥ. പൂപ്പല്‍ചുവകലര്‍ന്ന ഒരുതരം മധുരം. അടര്‍ന്നുകിട്ടിയ ചെറിയകഷണത്തെ ചായയുടെ സഹായത്തോടെ കുതിര്‍ത്തു ഉള്ളിലാക്കി.അങ്ങനെ കേക്കുമായുള്ള കടിപിടിയില്‍; ചായുംതീര്‍ത്തു; പൈസയും കൊടുത്തു വീണ്ടും ഓഫിസിലേക്ക് തിരിച്ചു.

  സൂപ്രണ്ട് എന്നെഴുതിയവാതില്‍ അപ്പോഴും അടഞ്ഞുതന്നെ.നാല് തെറി ഉച്ചത്തില്‍ വിളിക്കണമെന്നു തോന്നി. പക്ഷെ നിശാബ്ദ്തപാലിക്കുക എന്നെഴുതിയ ബോര്‍ഡ്‌ ഒരു സൈഡിലെ ആണിപറഞ്ഞു കാറ്റത്തുകിടന്നാ ടുന്നത് കണ്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു. വരാന്തയിലെ ബെഞ്ചില്‍ അമര്‍ന്നിരുന്ന് സൂപ്രണ്ട് വരുന്നുണ്ടോയെന്നു നോക്കുന്നസമയത്ത് ഉള്ളില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായുള്ള ഒരു അനുഭവം ....ചില മൂളലും ഞരങ്ങലുമൊക്കെ .....ഭഗവാനെ പണി പാളുമോ

 ഞരക്കവും, മൂളലും വേദനയായിമാറാന്‍ അധികസമയം എടുത്തില്ല. വേദനകൂടിക്കൂടി അതൊരു ഉള്‍വിളിയായി മാറി. ഓടിക്കോ ഓടിക്കോ എന്ന് മനസ്സ് മുന്നറിയിപ്പ് തന്നുകഴിഞ്ഞു.... ഇനി രക്ഷയില്ല..

എതിരെ വന്ന പ്യൂണിനെ ഒന്നേ, രണ്ടേ എന്നിങ്ങനെ വിരലുകള്‍ കൊണ്ട് അടയാളങ്ങള്‍ കാണിച്ച് സ്ഥലം എവിടെയാണെന്ന് ചോദിച്ചു.

     എന്താ....

   അയാള്‍ക്ക് ഒന്നും തിരിയുന്നില്ല

അവസാനം പച്ച മലയാളത്തില്‍ കാര്യം ചോദിക്കേണ്ടി വന്നു

  തൂറാന്‍ മുട്ടുന്നു.. കക്കൂസ് എവിടെ .....

 ആദ്യം അമ്പരന്ന അയാള്‍; ദേ അവിടെ എന്ന് ചുണ്ടിക്കാണിച്ച ഭാഗം ലക്ഷ്യമാക്കി ഞാന്‍ ആദ്യംനടത്തവും പിന്നിട് ഓട്ടവും നടത്തി.....

 ടോയിലറ്റ് എന്നെഴുതിയ വാതിലും തല്ലിപ്പോളിച്ചു അകത്തു കടന്നു.അപ്രതിക്ഷതമായ എന്‍റെയാ തള്ളിക്കയറ്റത്തില്‍ മുറിയില്‍ നിന്നും എന്തൊക്കെയോ ക്ഷുദ്ര ജീവികള്‍ പുറത്തേയ്ക്കിറങ്ങി ഓടി. ക്ലോസറ്റ്‌ ഭാഗത്തേയ്ക്ക് ഒന്നേനോക്കിയുള്ളൂ...... ഭഗവാനെ തല ചുറ്റുന്നു.      അകത്തേയ്ക്ക് കേറിയതിനെക്കാള്‍ വേഗത്തില്‍ പുറത്തേയ്ക്കോടി.... കൌണ്ട്ഡൌണ്‍ തുടങ്ങികഴിഞ്ഞു... .ഇനി രക്ഷയില്ല...

 എവിടെയാണ്.... എവിടെയാണാ പുതിയസ്ഥലം..പുതിയസ്ഥലം...... പുതിയമുഖം പുതിയസ്ഥലമായിമാറി .മതിലിനോട് ചേര്‍ന്ന് കുറ്റിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന സ്ഥലത്തേയ്ക്ക് കുതിച്ചു. ഒരു കുതിപ്പും, ഒരു കിതപ്പും, ഒരു ഇരിപ്പും. എല്ലാം പൂര്‍ത്തിയായിരിക്കുന്നു.ആശ്വാസമായി ഗോപിയേട്ടാ ആശ്വാസമായി .....വലിയൊരു ഭാരം ഇറക്കിവെച്ച സമാധാനത്തോടെ വീണ്ടു സൂപ്രണ്ട്ന്‍റെ വാടുക്കലെത്തി .വാതില്‍ അടഞ്ഞു തന്നെ....

    പ്യൂണ്‍ വരുന്നുണ്ട് ചോദിക്കാം

     ‘അല്ല സൂപ്രണ്ട്...’

‘താന്‍ എവിടെപ്പൊയിക്കിടക്കുവായിരുന്നു.ഇനി നാളെ വന്നാല്‍ മതി....”

          അതെന്താ.....

  ‘സാറുവന്നു ഒരു സ്ഥലത്ത് പരിശോധന നടത്താനുള്ളതുകൊണ്ട് ഒപ്പിട്ട് അന്നെരെ പോയി. ഇനി നാളെയെ വരൂ...’

 ഇടിവെട്ടിയവനെ പാമ്പുകടിച്ചിരിക്കുന്നു.

 മനസ്സില്‍ ഒരായിരം തെറികള്‍ ഒന്നിച്ചുപറഞ്ഞ് പുറത്തേയ്ക്കിറങ്ങി നല്ലവെയില്‍, നല്ലക്ഷീണം.,ഇപ്പോഴേ വീട്ടിലേയ്ക്ക് പോയിട്ട് കാര്യമില്ല.പിന്നെ വീട്ടുകാരോട് സമാധാനം പറഞ്ഞ് മടുക്കും.,ടൌണിലേക്ക് നടന്നു,...പോകുന്ന വഴിയില്‍ ആശ്വാസം തരുന്ന മൂന്നക്ഷരം എഴുന്നേറ്റു നില്‍ക്കുന്നു. ജീവിതത്തില്‍ ഇന്നേവരെ കയറിയിട്ടില്ലാത്ത ആ സ്ഥലത്തേക്ക് മെല്ലെ കയറി.ആരുംകാണാത്ത ഇരുണ്ടമൂലതപ്പി നടക്കുമ്പോള്‍ ക്യാബിനില്‍ പൊട്ടിച്ചിരി; ഒന്ന് എത്തിനോക്കി.പരിശോധിക്കാന്‍ പുറത്തുപോയ സൂപ്രണ്ടും ശിങ്കിടികളും കടലകൊറിച്ചുകൊണ്ടിരുന്നു മോന്തുന്നു. കഴിക്കുന്ന ബ്രാന്‍ഡിന്‍റെ പേരുംനോക്കി പുറത്തേയ്ക്ക് നടന്നു. നാളെ ഇവിടെ കൂട്ടികൊണ്ടുവരുമ്പോള്‍ കണ്ഫ്യൂഷന് ഉണ്ടാകരുതല്ലോ. തീപ്പെട്ടികമ്പനിയുടെ ഫയലുംകഷത്തില്‍വെച്ച് ചൂണ്ടുവിരലുകൊണ്ട് നെറ്റിയിലെവിയര്‍പ്പും തുടച്ചു പൊരിവെയിലത്തുകൂടി നടക്കുമ്പോള്‍. മന്ത്രി പറഞ്ഞത് ഓര്‍ത്തു.വ്യവസായം വരാന്‍ അനുകൂലമായ ചുറ്റുപാടുകള്‍ ഉണ്ടാക്കണം. യുവാക്കള്‍ ഈ മേഖലയിലേക്ക് ഇറങ്ങിവരണം.വളരെ ശരിയാണ്. ഇറങ്ങി വരുന്നവന്‍ ഭ്രാന്തനായി മാറാന്‍ ബാറുകളുടെ എണ്ണം ഇനിയും കൂട്ടേണ്ടിയിരിക്കുന്നു.........

.  ഉപ്പിട്ട ഒരു സോഡാ തരാമോ ചേട്ടാ..... വല്ലാത്ത ദാഹം.

ഒരു യുവാവിന്‍റെ വ്യവസായ സ്വപ്നങ്ങള്‍ സോഡയില്‍നിന്നും തുടങ്ങട്ടെ......

3 comments:

 1. മന്ത്രി പറഞ്ഞത് ഓര്‍ത്തു.വ്യവസായം വരാന്‍ അനുകൂലമായ ചുറ്റുപാടുകള്‍ ഉണ്ടാക്കണം. യുവാക്കള്‍ ഈ മേഖലയിലേക്ക് ഇറങ്ങിവരണം.വളരെ ശരിയാണ്. ഇറങ്ങി വരുന്നവന്‍ ഭ്രാന്തനായി മാറാന്‍ ബാറുകളുടെ എണ്ണം ഇനിയും കൂട്ടേണ്ടിയിരിക്കുന്നു.........

  ഇതാണ് സത്യം....

  യുവാവിന്റെ മോഹം കരിഞ്ഞ തീപ്പെട്ടി കൊള്ളിയെക്കാള്‍ കഷ്ട്ടം ആയി പോയി..പാവം.

  നര്‍മ്മ രസം ചോര്‍ന്നു പോകാതെ നല്ല രീതിയില്‍ അവതരിപ്പിച്ചു...

  ഭാവുകങ്ങള്‍ നേരുന്നു...

  www.ettavattam.blogspot.com

  ReplyDelete
 2. നരമ്മ രസം നന്നയിട്ടുണ്ടു..
  മിഥുനം സിനിമയിലെ മോഹന്‍ലാലില്‍നെ ഓര്‍ത്തുപോയി..
  നന്നയിരിക്കുന്നു.. :)

  ReplyDelete
 3. അതുകൊണ്ടിപ്പോള്‍ എല്ലാവരും സേവനവ്യവസായമാണ് ചെയ്യുന്നത്. Sell your services

  ReplyDelete