**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, October 24, 2012

ദേവസ്വംബോര്‍ഡിലെ സാദാഹിന്ദുവും,വിശ്വാസഹിന്ദുവും.........


 

 

 നാട്ടില്‍ കുടുംബാസൂത്രണം കൊടികുത്തിവാണകാലത്ത്,ഒരു ബക്കറ്റിനും അഞ്ഞൂര് രൂപയ്ക്കുംവേണ്ടി പുരുഷത്വം നഷ്ടപ്പെടുത്തിയ പല പുരുഷൂ... മാരും പിന്നീട്‌ ദുഖിക്കേണ്ടവന്നതായി പറയുന്നു.അഞ്ഞൂറ് രൂപയുടെ പ്രലോഭനത്തില്‍ വീണവനൊന്നും പിന്നിട് ശശിയേട്ടന്‍ സ്വതന്ത്രനാണ് മക്കളെ എന്ന് പറയാന്‍ ധൈര്യപ്പെട്ടില്ല. പറ്റിപ്പോയി, പറ്റിപ്പോയി എന്നുള്ള വിലാപ ഗാനങ്ങളാണ് പിന്നിട് കേട്ടത്.ചില തീരുമാനങ്ങള്‍ അങ്ങനെയാണ് ഒരിക്കല്‍ നടത്തിയാല്‍ തിരിച്ചുവരവ്‌ സാധ്യമാകണമെന്നില്ല. അത് വ്യക്തിജീവിതത്തിലായാലും,സാമൂഹ്യജീവിതത്തിലായാലും അങ്ങനെതന്നെ. അതുകൊണ്ട് തീരുമാനങ്ങള് എടുക്കുമ്പോള്‍ സൂക്ഷിക്കുക. പറഞ്ഞുവരുന്നത് നമ്മുടെ സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന ഒരു ഓര്‍ഡിനന്‍സിനെക്കുറിച്ചാണ്. ദേവസ്വംബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍, ഇനിമുതല്‍ ഹിന്ദുവായാല്‍ പോര; ഞാന്‍ ഹിന്ദുദൈവവിശ്വാസിയാണ് എന്നബോര്‍ഡ്‌ കഴുത്തില്‍ തൂക്കണം. തൂക്കുന്നതൊക്കെ കൊള്ളാം, പിന്നിടത് അഴിച്ചു കളയാന്‍ വിഷമിക്കേണ്ടി വരും.പടിക്കു പുറത്താക്കിയ വര്‍ഗ്ഗീയതയെ മെല്ലെ അകത്തു വിളിച്ചുകയറ്റുന്ന ഈ പരിപാടി നാടുകുളംതോണ്ടാനെ ഉപകരിക്കു..  

 ‘ദൈവവിശ്വാസി’കളാണെന്ന് എഴുതിക്കൊടുക്കുന്ന ‘ഹിന്ദു’ എംഎല്‍എമാര്‍ക്കു മാത്രമായി വോട്ടവകാശം ചുരുക്കി ദേവസ്വം ബോര്‍ഡ് നിയമം ഭേദഗതിചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. ഇതിനായുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദൃഢപ്രതിജ്ഞചെയ്ത ഹിന്ദു എംഎല്‍എമാര്‍ വിശ്വാസികളാണെന്ന് എഴുതിക്കൊടുത്താല്‍ മാത്രമേ ദേവസ്വംബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാനാകൂ. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ബോര്‍ഡിലെ വനിതാ സംവരണം എടുത്തുകളയാനും നിയമനങ്ങള്‍ക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചു. മൂന്ന് അംഗങ്ങളില്‍ ഒരാള്‍ പട്ടികജാതി-വര്‍ഗത്തില്‍ നിന്നായിരിക്കും. ദേവസ്വംബോര്‍ഡിലെ രണ്ടംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് നിശ്ചയിക്കുന്നത്. ഒരംഗത്തെ തെരഞ്ഞെടുക്കുന്നത് ഹിന്ദു എംഎല്‍എമാരും. നിലവിലുള്ള ഹിന്ദു നിര്‍വചനം ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സ്. ദൃഢപ്രതിജ്ഞയെടുക്കുന്നവരെ ഹിന്ദുവായി കാണില്ലെന്ന അപകടകരമായ വ്യവസ്ഥയാണ് ഓര്‍ഡിനന്‍സിലുള്ളത്. ജനറല്‍വിഭാഗത്തിലെ അംഗങ്ങളെ സര്‍ക്കാരിന് നേരിട്ട് നാമനിര്‍ദേശംചെയ്യാമെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്യുന്നു.

കേള്‍ക്കുമ്പോള്‍ സുന്ദരമെന്ന്‌ തോന്നാം.ഈ നിയമത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്.ന്യൂനപക്ഷവര്‍ഗ്ഗീയതയും, ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ഫണം ഉയര്‍ത്തുന്ന ഈ സമയത്ത് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ ഔചിത്യം എന്താണെന്ന് മനസിലാവുന്നില്ല. ഹിന്ദുവാണെന്നതിനു ഹിന്ദുക്കള്‍ക്കുപോലും പരസ്യപ്രഖ്യാപനം ആവശ്യമാണെന്നു പറയുമ്പോള്‍; പഴയ ബോംബെ കലാപത്തില്‍ ‘നീ ഏതാടാ..’എന്ന് ചോദിക്കുന്ന കലാപകാരികളെയാണ് ഓര്‍മ്മവരുന്നത്. അടിയന്തര ഓര്‍ഡിനന്‍സ് വഴി ഇത് നിയമമാക്കാനുള്ള സര്‍ക്കാര്‍ നിലപാട്‌ വെറും അധികാരക്കൊതിമൂലമാണെന്ന് നിസംശയം പറയാം.ദേവസ്വംബോര്‍ഡ്‌ ഭരണം പിടിച്ചെടുക്കുക എന്നതില്‍ കവിഞ്ഞു ഇതിനു യാതൊരു പ്രസക്തിയുമില്ല. എന്നാലോ ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍  ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ധാരാളമാണ്.അധികാരം നിലനിറുത്താന്‍ വര്‍ഗ്ഗീയഅജണ്ടകളുമായി സര്‍ക്കാര്‍ സന്ധിയില്‍ ഏര്‍പ്പെടുമ്പോള്‍ ജനങ്ങളെയത് വര്‍ഗ്ഗീയമായി തരംതിരിക്കാന്‍ മാത്രമേ ഉപയോഗപ്പെടൂ.നമ്മുടെ രാജ്യം ഒരു മതേതരറിപബ്ലിക് ആണ്.  ഓരോരുത്തനും അവനവന്‍റെ മതങ്ങളില്‍ വിശ്വസിക്കാം; അതുപോലെ തന്നെ പ്രധാനമാണ് ഒരു മതങ്ങളിലും വിശ്വസിക്കാതെയും ജീവിക്കാമെന്നത്. സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ മതങ്ങള്‍തിരിച്ചുള്ള വിവേചനം പാടില്ല.ഓരോ രാഷ്ട്രിയ പാര്‍ട്ടികളും ഭരണം നിലനിറുത്താന്‍ ജാതിമതശക്തികളെ കൂട്ടുപിടിക്കുമ്പോള്‍ ശരിക്കും വര്‍ഗീയധ്രുവീകരണമാണ് നടക്കുന്നത്. അതിപ്പോള്‍ പ്രത്യക്ഷമായ രീതിയിലേക്ക് വന്നു കഴിഞ്ഞു. ജനാധിപത്യസര്‍ക്കാരുകള്‍ ജാതിമത ശക്തികള്‍ക്ക് അടിമപ്പെടുമ്പോള്‍ ജനാധിപത്യമാണ് ദുര്‍ബലപ്പെടുന്നത്.ബാബറിമസ്ജിദ്പോലുള്ള പ്രശ്നങ്ങളുടെ തുടക്കം തന്നെ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ പ്രീണനനയങ്ങളുടെ ഭാഗമാണ്.അതിനെതുടര്‍ന്നുണ്ടായ കലാപങ്ങള്‍,അതു സൃഷ്‌ടിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല.അവസാനമുണ്ടായ ഗോദ്ര കലാപം വരെ അതു എത്തിനില്‍ക്കുന്നു.

  മതത്തിലുണ്ടായാല്‍ പോരാ,സജീവമതപ്രവര്‍ത്തകനാണ് എന്ന് തെളിയിക്കണമെന്ന് പറഞ്ഞാല്‍ ഇത് വിത്ത്കാളയെ തിരഞ്ഞെടുക്കുന്ന പരിപാടിയൊന്നുമല്ലല്ലോ. എന്‍റെ വിശ്വാസം സജീവമാണോ അല്ലയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്ത് മതേതരത്വം,എന്ത് ഭരണഘടന..

   ഭരണഘടനയുടെ ആര്‍ട്ടിക്ക്‌ള്‍188ല്‍ പറയുന്നപ്രകാരം ഒരു ജനപ്രതിനിധിയ്ക്ക് ദൈവനാമത്തില്‍പ്രതിജ്ഞയൊ, ദൃഡപ്രതിജ്ഞയോ  ചെയ്താല്‍ മതി.അയാള്‍ ഒരു ജനപ്രതിനിധിക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹനാണ്. അല്ലാതെയുള്ള നിര്‍ബ്ബന്ധങ്ങള്‍ ഭരണഘടനാലംഘനമാണ്.ഇവിടെ ദേവസ്വംബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ ഹിന്ദു MLA-മാര്‍ മാത്രമാണ് വോട്ട് ചെയ്യുന്നത്. അത് ക്ഷേത്രങ്ങളിലെ പുരോഹിതരയോ മറ്റു ആചാരഅനുഷ്ഠാനങ്ങളെയോ സംബന്ധിച്ച തിരഞ്ഞെടുപ്പ് അല്ല. ദേവസ്വംബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ്‌ മാത്രമാണ്.ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കുക മാത്രമാണ് അവരുടെ ചുമതല. അതിനു വോട്ട് ചെയ്യണമെങ്കില്‍  ഹിന്ദുവാണെന്ന് പരസ്യമായി പറയണമെന്ന് പറഞ്ഞാല്‍ അതിലൂടെ എന്താണ് ഉദേശിക്കുന്നത്. ഹിന്ദുവായ MLAയ്ക്ക്; ഞാന്‍ ഹിന്ദുവാണ്, ഞാന്‍ ദൈവവിശ്വാസിയാണ് എന്നൊക്കെ മൈക്ക്കെട്ടി പറഞ്ഞാലെ വോട്ട്ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് പറയുമ്പോള്‍ ഇതെന്ത താലിബാനോ?. MLA പൂജാരിയുടെ പണിയെന്നും എടുക്കുന്നില്ലല്ലോ??.  ജനാധിപത്യരാജ്യത്ത് ഒരു ജനാധിപത്യസര്‍ക്കാര് ഇത്തരത്തിലുള്ള നിയമം കൊണ്ടുവരുമ്പോള്‍, നമ്മള്‍ പറയുന്ന  മതേതരത്വം എവിടെയാണ്.ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്ന് പരസ്യമായി പറയാന്‍ സാധാരണ മതങ്ങളാണ് ആവശ്യപ്പെടുന്നത്, ഇവിടെ സര്‍ക്കാര്‍ ആ പണി ചെയ്യുന്നു. ദേവസ്വംബോര്‍ഡില്‍ പരസ്യവിശ്വാസം ഏറ്റുപറയാത്ത സാദാഹിന്ദുക്കള്‍ അംഗങ്ങളായിരുന്നപ്പോള്‍ ഏതു ദേവനാണ് ഇറങ്ങിപ്പോയത്. പൂജയും, ആരാധനയും അതില്‍ പ്രാവിണ്യം നേടിയവര്‍ ചെയ്യട്ടെ.ഭരണവും മറ്റുകാര്യങ്ങളും അതിനു കഴിവുള്ളവര്‍ ചെയ്യട്ടെ. അവിടെ വിശ്വാസം മൃദുവാണോ,തീവ്രവാണോ എന്ന് നോക്കേണ്ട ആവശ്യമില്ല.ഇക്കാര്യത്തില്‍ ദേവനും, ദേവിയും ആരോടും വിരോധം പുലര്‍ത്തുന്നില്ല.

  ദേവസ്വംബോര്‍ഡില്‍ അഹിന്ദുക്കള്‍ പാടില്ലായെന്ന് വേണമെങ്കില്‍ വാദിക്കാം; എന്നാല്‍ ഹിന്ദുപോരാ; തീവ്രഹിന്ദു തന്നെവേണം എന്ന് സര്‍ക്കാര്തന്നെ പറഞ്ഞാല്‍; നാളെ ഹിന്ദുവിനു ഹിന്ദുവിന്‍റെ വോട്ടും, ക്രിസ്ത്യാനിക്ക് ക്രിസ്ത്യന്‍ വോട്ടും, മുസല്‍മാന്‍ മുസ്ലിംവോട്ടും എന്ന് പറയുന്നതും നമ്മള്‍ കാണേണ്ടിവരും. അധികാരത്തിനു വേണ്ടിയുള്ള ഈ നെറികെട്ട നെട്ടോട്ടം ഈ നാടിനെ എവിടെയാണ് എത്തിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ അഴിമതിയില്‍ വെറുംഹിന്ദു ഭരിച്ചപ്പോഴും വിശ്വാസഹിന്ദു ഭരിച്ചപ്പോഴും ഒരുമാറ്റവും ഉണ്ടായിട്ടില്ല. നിയമനം കൊടുക്കാമെന്ന് പറഞ്ഞു കാശുമേടിച്ച് പറ്റിച്ച കേസുകള്‍ ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. അവരാണിപ്പോള്‍ ദേവനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നേതാക്കള്‍ ഒരു കാര്യം മനസിലാക്കണം നിങ്ങള്‍ ദൈവങ്ങളെയോ, ക്ഷേത്രങ്ങളെയോ അല്ല ഭരിക്കേണ്ടത്.അവര്‍ക്ക് നിങ്ങളുടെ ഭരണം ആവശ്യമില്ല.ദൈവങ്ങളുടെ പേരില്‍ പാവപ്പെട്ടഭക്തര്‍ അര്‍പ്പിക്കുന്ന ചില്ലിതുട്ടുകള്‍ അടിച്ചു മാറ്റാതെ സംരക്ഷിക്കാനാണ് ദേവസ്വംബോര്‍ഡുകളെ ഉണ്ടാക്കിയിരിക്കുന്നത്.അതിന്‍റെ അവസ്ഥ ഇപ്പോളെന്താണ് ?പൂജാരിതന്നെ വിഗ്രഹം അടിച്ചുമാറ്റുന്നു. കാണിക്കയിടുന്ന പണം അടിച്ചുമാറ്റുന്നു, കൌണ്ടറില്‍ ഇരിക്കുന്നവന്‍ പൂജകള്‍ക്ക് അമിതനിരക്ക് ഈടാക്കുന്നു. ഒര്‍ജിനല്‍ രസീതിനു പകരം കള്ളരസീത് കൊടുക്കുന്നു.ഇത്തരം കള്ളത്തരങ്ങളൊക്കെ ദേവന്‍റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് ചെയ്യാമെങ്കില്‍ ഒരു സാധരണഹിന്ദുവിനു ദേവസ്വം ബോര്‍ഡിലും ഇരിക്കാം. ആ കാരണത്താല്‍ ലോകം അവസാനിക്കുകയൊന്നുമില്ല. അഴിമതിയില്‍ മുങ്ങിയിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ദേവസ്വംബോര്‍ഡുകള്‍.  എന്നിട്ടും ദൈവങ്ങള്‍ എല്ലാം സഹിച്ചു അവിടെതന്നെ ഇരിക്കുന്നു.ഒരു ദൈവവും ഇറങ്ങിപ്പോയിയെന്നു ഇന്നേവരെ പറഞ്ഞുകേട്ടിട്ടില്ല.ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ പേരില്‍ നടത്തുന്ന ഓരോ പദ്ധതികളിലും അഴിമതിയുടെയും കൈയ്യിട്ടുവാരലിന്‍റെയും കഥകള്‍ പറയാനുണ്ട്.ഭക്തര്‍ക്ക്കൊടുക്കുന്ന പ്രസാദങ്ങളില്‍ തുടങ്ങി,അമ്പല നിര്‍മാണത്തില്‍ വരെ അഴിമതിനടക്കുന്നു.ഇതൊക്കെ നടത്തുന്നത് വിശ്വാസം കൂടിയിട്ട് ഇരിക്കപ്പൊറുതിയില്ലാത്ത  നടത്തിപ്പുകാര്‍ തന്നെയാണ്. പിന്നെ എന്തിനാണ് നിങ്ങളുടെ ഈ വേഷം കേട്ട്??. സംഗതി സിമ്പിള്‍... നിയമസഭയില്‍ സര്‍ക്കാരിനു 27 ഹിന്ദുMLAമാരും,   LDFന് 46ഹിന്ദുMLA മാരുമാണ് ഉള്ളത്. ഈ അവസ്ഥയില്‍, അടുത്ത ദേവസ്വംബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്‍റെ ആളുകള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും. അതിനെ മറികടക്കാന്‍ കണ്ടുപിടിച്ച കുറുക്കുവഴിയാണിത്. LDF MLAമാര്‍ മരിച്ചാലും ദൈവനാമം പറയില്ല. പറഞ്ഞാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്; അവര്‍ ഭയക്കുന്നു.ആ തക്കം പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാരും കരുതിയിരിക്കുന്നു. ദൈവനാമത്തിലെന്ന് പറഞ്ഞാല്‍മതി; പിന്നെയെന്ത് ചെറ്റത്തരവും`കാണിക്കാം. ദൈവങ്ങള്‍ക്കതു പ്രശ്നമല്ലപോലും. ആരാണി കണ്ടുപിടുത്തം നടത്തിയതെന്നു  കൂടി വെളിപ്പെടുത്തിയാല്‍ കൊള്ളാം.

മറ്റൊരു വിചിത്രനിയമം ബോര്‍ഡിലെ സ്ത്രീസംവരണം എടുത്തുകളഞ്ഞു എന്നുള്ളതാണ്.രാജീവ്‌ഗാന്ധിയുടെ കാലത്താണ് എല്ലാ മേഖലയിലും സ്ത്രീ സംവരണം ശക്തിപ്പെടുത്തിയത്. രാജീവിന്‍റെ പാരമ്പര്യംപ്രസംഗിക്കുന്ന നമ്മുടെ സര്‍ക്കാര്‍ സ്ത്രീസംവരണം എടുത്തു കളയുന്നു.കൊള്ളാം ഇതാണ് ഭരണം.ക്ഷേത്രങ്ങളിലെ ദേവിവിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ഓര്‍ഡിനന്‍സ് ഇറങ്ങിയാലും ഇനി അത്ഭുതപ്പെടാനില്ല.ദേവി മഹാമായേ അടിയനെ ഇവറ്റകളുടെ ഇടയില്‍ നിന്നും രക്ഷിച്ചോളണമേ......


    ദേവസ്വം നിയമനങ്ങള്‍ ഇനിമുതല്‍ പുതിയ ദേവസ്വംറിക്രുട്ട്മെന്‍റ് ബോര്‍ഡില്‍ ആക്കാനും തീരുമാനിച്ചിരിക്കുന്നു.പി.എസ്.സി പോലെ സുതാര്യമായ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോളാണ് പുതിയ ബോര്‍ഡ്‌. നിയമനത്തില്‍ കൈക്കലാക്കാവുന്ന പണത്തിന്‍മ്മേലാണ് കണ്ണെന്ന് വ്യക്തം. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലുള്ള നിയമനങ്ങള്‍ ഇപ്പോഴും ബോര്‍ഡ്‌ നേരിട്ടാണ് നടത്തുന്നത്. മറ്റു ഭരണപരമായ ഓഫീസ്‌ ജോലികളിലെക്കുള്ള നിയമനങ്ങളും സ്വന്തം നടത്താനുള്ള ഈ നീക്കം ഏതു ദേവനെ പ്രീതിപ്പെടുത്താനാണ്.നിലവില്‍ പി.എസ്.സി യുടെ നിയമന മാര്‍ഗരേഖ ദേവസ്വംബോര്‍ഡ്‌ അംഗികരിച്ചതാണ്.ഇനി ഒഴിവുകള്‍ പി.എസ്.സി യ്ക്ക്  റിപ്പോര്‍ട്ട് ചെയ്താല്‍ മതി.അതിനു തുനിയാതെ സ്വന്തം ഇഷ്ടക്കാരെ കുത്തിത്തിരുകാനുള്ള നടപടിയാണ് ബോര്‍ഡ്‌ ഇപ്പോള്‍ ചെയ്യുന്നത്.ജോലി കാത്തിരിക്കുന്ന യുവജനങ്ങള്‍ എല്ലാം വിഡ്ഢികള്‍; ക്ഷേത്രഭരണത്തില്‍ നിന്ന് രാഷ്ട്രിയക്കാരെ മാറ്റണമെന്ന് ശുപാര്‍ശ ചെയ്ത, കെ.പി ശങ്കരന്‍നായര്‍ കമ്മീഷന്റെ റീപ്പോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നു. ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ ആ റിപ്പോര്‍ട്ട് നടപ്പിലാക്കട്ടെ.അതിനു കഴിയില്ല.ആരാധനയും, വഴിപാടും, നേര്‍ച്ചയിടലും ഭക്തര്‍ക്ക്‌;ഭരണവും, നിയമനവും, കൈയ്യിട്ടുവാരലും രാഷ്ട്രിയക്കാര്‍ക്ക്; അതിനുവേണ്ടി എന്ത് ചെറ്റത്തരവും എഴുന്നെള്ളിക്കുക. പണംതട്ടാന്‍വേണ്ടി ദൈവങ്ങളെയും വിശ്വാസത്തെയും വില്‍ക്കാന്‍ ശ്രമിക്കുന്ന ഇവറ്റകളുടെ മേല്‍; ഭഗവാനെ അങ്ങ് കല്ലുമഴ പെയ്യിക്കണേ.പച്ച മരത്തോട് ഇങ്ങനെയാണിവര്‍ ചെയ്യുന്നതെങ്കില്‍ ഉണക്കമരത്തിന്‍റെ കാര്യം ആരോട് പറയാന്‍......

 

2 comments:

  1. സഭയുടെ കൊമ്പത്തൊ.. വഖഫ് ബോര്‍ഡിലോ..
    ഇങ്ങനെ പറയാന്‍ പറ്റില്ലല്ലൊ...
    മതേതരത്വം..അതിലല്ലോ കാര്യം വോട്ടു ബങ്കിലല്ലെ..!!
    പറഞ്ഞിട്ടു കാര്യമില്ല..
    കമ്മ്യൂണ്ണിസ്റ്റ് മന്ത്രിസഭ തന്നെ ഭേതം..

    ReplyDelete
  2. ദേവസ്വംബോര്‍ഡിനെ നന്നാക്കാനോ ഭക്തരെ നന്നാക്കാനോ ഒന്നുമല്ല അധികാരത്തിനു വേണ്ടി മാത്രം ഇത്തരം നിയമങ്ങള്‍ കൊണ്ട് വരുനത് ഒരിക്കലും നല്ലതല്ല.സമൂഹത്തെ കൂടുതല്‍ മലിമസമാക്കനെ ഇത് കൊണ്ട് കഴിയൂ........

    ReplyDelete