**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, December 28, 2012

ഇന്‍ഡ്യ മരിച്ചിട്ടില്ല...


         

 

ഇങ്ങനെയായാല്‍ എങ്ങനെ പോകും???? 

>ബലാല്‍സംഗത്തിനു വിധേയയായ യുവതിയെ തുടര്‍ചികല്‍സയ്ക്കായി സിംഗപ്പൂരിലെയ്ക്ക് കൊണ്ടുപോയി.കാര്യങ്ങള്‍ രഹസ്യനീക്കത്തിലൂടെ...

>ഡല്‍ഹിയില്‍ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പോലിസുകാരന്‍റെ മരണം പരിക്കുകളെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂല മാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.എന്നാല്‍ ഇദേഹത്തെ ആസ്പത്രിയില്‍ കൊണ്ടുവരുമ്പോള്‍ പരുക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലായെന്ന് ഡോക്ടര്‍മ്മാര്‍.ഇദേഹത്തെ ആരും ആക്രമിച്ചിട്ടില്ലായെന്നു ദൃക്സാക്ഷിയും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് എട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ  പോലീസ് അറസ്റ്റ്‌ചെയ്തു. എന്നാല്‍ സംഭവംനടക്കുമ്പോള്‍ തങ്ങള്‍ മെട്രോട്രെയിനിലായിരുന്നുവെന്നു പ്രതികളില്‍ ചിലര്‍ കോടതിയില്‍ പറഞ്ഞതിനാല്‍ മെട്രോസ്റ്റേഷനിലെ സി സി ടിവി ദ്രശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്‌.

>ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം ജയ്പൂര്‍ സ്വദേശിനിയായ നാല്പത്തിരണ്ടുകാരിയാണ് മൂന്നംഗസംഘത്തിന്‍റെ പീഡനത്തിനു ഇരയായി റോഡില്‍ ഉപേക്ഷിക്കപ്പെട്ടത്.

>വടക്കന്‍ പ്രദേശങ്ങളില്‍ സൈന്യം നടത്തുന്ന ബലാല്‍സംഗങ്ങല്‍ക്കെതിരെ ആരും പ്രതികരിക്കുന്നില്ലായെന്നും ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടി ഉന്നതകുലജാതയായതുകൊണ്ടും പ്രതികള്‍ ദളിതര്‍ ആയതിനാലുമാണ് പ്രതിഷേധം ഇത്രയും ശക്തമായതെന്ന് അരുന്ധതീറോയ്‌ പറയുന്നു.

>ഡല്‍ഹിയിലാണെങ്കില്‍ മുഖ്യമന്ത്രിയും പോലീസ്കമ്മിഷണറും തമ്മിലുള്ള പോരുതുടരുന്നു.സംഭവത്തില്‍ പോലീസ് അനാവശ്യ ഇടപെടല്‍ നടത്തി യെന്നു പറയുമ്പോള്‍; പ്രതികളെ പിടിച്ചതടക്കം വേണ്ട നടപടികളെല്ലാം പോലിസിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് കമ്മിഷണര്‍ പറയുന്നു.

>പെണ്‍കുട്ടിയുടെ മൊഴിയെടുക്കലില്‍ പോലീസ് കൈകടത്തിയെന്നാരോപിച്ച് സബ്‌ഡിവിഷണല്‍ മജിസ്ട്രറ്റ്‌ അഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.

>കമ്മിഷണരെ ഉടനെ മാറ്റണമെന്ന് മുഖ്യമന്ത്രിയും, മകനും ആവശ്യപ്പെട്ടപ്പോള്‍ മാറ്റം ഉടനെയില്ലന്നു ചിദംബരം പറഞ്ഞിരിയ്ക്കുന്നു.

>ഡല്‍ഹിസംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്യാന്‍ താമസിച്ചെത്തിയ അഞ്ചു ദൂരദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. പകരം റെക്കോര്‍ഡിംഗ് നടത്തിയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ യുടെ ജീവനക്കാര്‍ പരിപാടി എഡിറ്റ്‌ ചെയ്യാതെ പുറത്തു വിട്ടതിനാല്‍ പ്രധാനമന്ത്രിയുടെ ‘ടിക് ഹേ’ പ്രയോഗവും പ്രേഷകര്‍ കണ്ടിരുന്നു.

>പ്രതിക്ഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള 7-റെയ്സ് കോഴ്സ്‌ റോഡിലെ ട്രാഫിക്‌ നിയന്ത്രണത്തില്‍ പെട്ടുപോയതിനാലാണ് തങ്ങള്‍ വൈകിയതെന്ന് ജീവനക്കാര്‍ പറയുന്നു.

>അഴിമതി വിരുദ്ധപോരാട്ടത്തിലും  ഡല്‍ഹിബലാത്സംഗംക്കേസിലെ പ്രതിഷേധത്തിലും സജീവമായി പങ്കെടുത്ത മുന്‍ കരസേനാമേധാവി വി കെ സിങ്ങിന്‍റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂട്ടബലാത്സംഗത്തിനെതിരെ പ്രതിക്ഷേധിച്ച സിങ്ങിനെതിരെ പോലിസ്‌ കേസ്‌ എടുത്തിട്ടുണ്ട്.

>അരവിന്ദ്കേജ്രിവാലും ,രാംദേവുമാണ് ഡല്‍ഹി പ്രതിഷേധത്തിന്‍റെ കാരണക്കാര്‍ എന്ന് കോണ്ഗ്രസ് നേതാവ്‌ ദിഗ് വിജയ്‌സിങ്‌ ആരോപിച്ചു. ഇവര്‍ക്കെതിരെ പോലീസ് കലാപശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്.

മാധ്യമങ്ങള്‍ കാര്യങ്ങള്‍ തീരുമാനിച്ചതാണ് ഇത്രയും കുഴപ്പമായതെന്നും ദിഗ് വിജയ്‌ പറഞ്ഞു.

>ഒന്‍പതു മെട്രോ സ്റേഷനുകള്‍ അനശ്ചിതകാലത്തെയ്ക്ക് അടച്ചിട്ടു.

>രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ  മകനും കോണ്ഗ്രസ് എംപി യുമായ അഭിജിത്ത് മുഖര്‍ജി പറഞ്ഞിരിയ്ക്കുന്നത്,ഡല്‍ഹിയില്‍ സമരംചെയ്തവര്‍ നിലവാരമില്ലാത്ത സ്ത്രികള്‍ ആണെന്നും,സമരത്തില്‍ പങ്കെടുക്കുന്നത് ഫാഷനായി കണ്ടുതുകൊണ്ടാണ് സ്ത്രികള്‍ ഡല്‍ഹി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നുമാണ്..

 ഡല്‍ഹി പ്രക്ഷോഭത്തെക്കുറിച്ച് നമ്മുടെ ജനനായകന്‍മ്മാര്‍ പലരുടെയും പ്രസ്താവനകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.. പലതു വന്നു കൊണ്ടിരിയ്ക്കുന്നു.. വരും നാളുകളില്‍ ഇനിയും പ്രതിക്ഷിക്കാം..ഇതില്‍ ആരും സര്‍ക്കാരിനു പിഴവ്‌പറ്റിയെന്ന് പറഞ്ഞു കണ്ടില്ല.പകരം ജനങ്ങളാണ് പിഴച്ചതെന്നു കുറ്റപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ഓരോ സംഭവങ്ങളിലും ഓരോ ബലിയാടുകളെ കണ്ടെത്തി തലയൂരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു.

 അരാജകത്വവാദം എന്ന് പറഞ്ഞുകൊണ്ട് ഈ ജനകിയ പ്രക്ഷോഭങ്ങളെ തള്ളിക്കളയാനാണ് മുഖ്യധാരാരാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഏതെങ്കിലും രാഷ്ട്രിയ പാര്‍ട്ടിയുടെ പിന്നിലല്ലാതെ; സ്വയം ജനങ്ങള്‍ സംഘടിക്കുന്നതിനെ ഇവരൊക്കെ ഭയക്കുന്നത് പോലെതോന്നുന്നു. രാഷ്ട്രിയ പാര്‍ട്ടികളെല്ലാം പല ഇസങ്ങളാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും ചില കാര്യങ്ങളില്‍ കാര്യമായ വിത്യാസമൊന്നുമില്ലായെന്ന്. ആനുകാലിക സംഭവങ്ങളിലൂടെ നമുക്ക്‌ കാണാവുന്നതാണ്. അഴിമതി, സ്വജനപക്ഷപാതം, കള്ളപ്പണം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇവയിലെല്ലാം ശക്തവും നിഷ്പക്ഷവുമായ നടപടികള്‍ എടുക്കാന്‍ ഇവരാരും തയാറല്ലായെന്നതാണ് വാസ്തവം.നമ്മുടെ ജനപ്രതിനിധികളില്‍ 260-ല്‍ പരം അംഗങ്ങള്‍  സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളില്‍ പ്രതികളാണ്. ഇവരെയാരെയും മാറ്റി നിറുത്തി ഒരന്വേഷണവും നടത്താന്‍ ഇവരുള്‍പ്പെടുന്ന ഒരു പാര്‍ട്ടിയും തയ്യാറല്ലായെന്നതാണ് വസ്തുത.ഏതൊരു പ്രശ്നത്തിലും താല്‍ക്കാലികമായ ഒരു പരിഹാരം എന്നതില്‍ കവിഞ്ഞു സ്ഥിരമായ ഒരു പരിഹാരവും കണ്ടെത്താന്‍ ഒരു പാര്‍ട്ടികളും ശ്രമിക്കുന്നില്ല.ആരോപണങ്ങളെ പ്രത്യാരോപണങ്ങള്‍ വഴി നേരിടാനുള്ള ശ്രമം മാത്രമാണ് ഇവിടെ നടക്കുന്നത്.അങ്ങനെവരുമ്പോള്‍  സമാധാന അന്തരിക്ഷത്തില്‍ ജീവിക്കാന്‍ കഴിയാതെ വരികയും,ജനങ്ങളുടെ സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയം ആവുകയും ചെയ്യുമ്പോള്‍ ഓരോരുത്തനും അവരവരുടെ സംരക്ഷണത്തിന് സ്വയമേവേ തയ്യാറാകേണ്ടതായിവരുന്നു. ഉള്ളിലുള്ള അമര്‍ഷം; തന്നെയുംബാധിക്കും എന്നുതോന്നുന്ന ഒരു സംഭവത്തിലൂടെ പുറത്തു വരുകയും, സമാനചിന്താഗതിക്കാര്‍ ഒന്നിയ്ക്കുകയും ചെയ്യുന്നു. വെറും പ്രതിഷേധസ്വഭാവത്തില്‍ തുടങ്ങുന്ന ഈ കൂട്ടായ്മയുടെ സ്വഭാവം പ്രക്ഷോഭത്തിലെയ്ക്ക് വഴുതിമാറാന്‍ ചെറിയ ഒരു തീപ്പൊരി മാത്രം മതി. തങ്ങള്‍ക്കു സംരക്ഷണം നല്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന അവഗണനയും, എരിതീയ്യില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളും മാത്രംമതി പ്രതിഷേധം കലാപമായി വളരാന്‍.അതാണ്‌ ഡല്‍ഹിയില്‍ കണ്ടതും.

 പൊതുവികാരത്തിന് എതിരായി ഒരു സംഭവം ഉണ്ടായാല്‍ അതിനെ എങ്ങനെ ഒരു പൊട്ടിത്തെറികൂടാതെ പരിഹരിക്കാം എന്നാണ് ഭരണ കര്‍ത്താക്കള്‍ നോക്കേണ്ടത്. പരസ്പരം പഴിചാരിയും,തമ്മിലടിച്ചും എന്ത് പരിഹാരമാണ് ഉണ്ടാക്കാന്‍കഴിയുന്നത്‌. ജാനകിയ പ്രതിഷേധങ്ങളെ അരാഷ്ട്രീയവാദം പോലുള്ള കാരണങ്ങള്‍ പറഞ്ഞു അടിച്ചമര്‍ത്തുമ്പോഴും ,അതില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസുകള്‍ എടുക്കുമ്പോഴും അവര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം.അതിനു തെളിവാണ് തുടര്‍ന്നും നടന്ന പീഡനങ്ങള്‍.

 ജനങ്ങള്‍ സംഘടിക്കതിരിക്കാന്‍ എത്രനാള്‍ റോഡുകളും, മെട്രോസ്റ്റേഷനുകളും അടച്ചിടാന്‍ കഴിയും.അതൊരു പരിഹാരമാര്‍ഗമാണോ??

  ഒരു കൂട്ടബലാത്സംഗതിനെതിരെ ഉണര്‍ന്ന പ്രത്യക്ഷ പ്രതിഷേധത്തെ ദളിത്‌ സവര്‍ണ്ണ ബന്ധം കലര്‍ത്തി ലഘൂകരിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളും,ഒരു പരിഹാരമാര്‍ഗമായി കാണാന്‍ കഴിയില്ല.നീതിനിഷേധത്തിനെതിരെ പ്രതികരിക്കുമ്പോള്‍ അതില്‍ ജാതിയുംമതവും നോക്കിവേണം പ്രതികരിക്കാന്‍ എന്നുപറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്?? .താന്‍ പറയുന്നതും, തന്‍റെ അഭിപ്രായങ്ങളും ആരും തിരിഞ്ഞുനോക്കുന്നില്ലായെന്നാവുമ്പോള്‍ പൊതുസമൂഹത്തെ നോക്കി തുണിപൊക്കി കാണിക്കുന്നത് വെറും ശ്രദ്ധക്ഷണിക്കല്‍ നാടകത്തിന്‍റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.

 ഒരു പ്രധാനസംഭവം നടക്കുമ്പോള്‍ അതിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാതെ അവസാനനിമിഷം വാഴ വെട്ടാന്‍ നിന്നാല്‍ പല അബദ്ധങ്ങളും സ്വാഭാവികം മാത്രമാണ്.എല്ലാറോഡുകളും അടഞ്ഞുകിടക്കുമ്പോള്‍ സ്വന്തംവീട്ടിലെ അടച്ചിട്ടമുറിയില്‍ നടത്തുന്ന വാര്‍ത്ത സമ്മേളനത്തിലെയ്ക്ക് ദൂരദര്‍ശന്‍ ജീവനക്കാര്‍ എത്താന്‍ വൈകിയത് ആരുടെ കുഴപ്പമാണ്. സ്വകാര്യചാനലുകള്‍ ഊണും ഉറക്കവും മറന്ന് വാര്‍ത്തകള്‍ പറഞ്ഞപ്പോള്‍; ദേശിയചാനല്‍  ഉറക്കമായിരുന്നോ.?? ഭരണസിരാകേന്ദ്രവും ദേശിയചാനലും തമ്മിലുള്ള ബന്ധമില്ലായ്മ്മയാണ് ഇവിടെ വ്യക്തമാവുന്നത്.നേതാവ്‌ ജനങ്ങളുടെ മുന്നില്‍ കാണിക്കുന്ന വിനയവും, കരച്ചിലുമെല്ലാം ബുദ്ധിമാനായ ഒരു വീഡിയോ എഡിറ്ററുടെ കഴിവാണെന്നും ജനങ്ങള്‍ക്ക്‌ മനസിലായി.എഡിറ്റ്‌ ചെയ്യാതെ പുറത്തു വിട്ടാല്‍ മണ്ടത്തരങ്ങളുടെ ഒരു മഹാസാഗരമാണ് മാഹാനായ നേതാവെന്നത് ഒരു സത്യമായി അവശേഷിക്കുമ്പോള്‍ ...അവിടെയും ബലിയാടുകളെ കണ്ടെത്തി ..അഞ്ചു ദൂരദര്‍ശന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍..ഇവിടെയും പ്രശ്നം പ്രശ്നമായിതന്നെ അവശേഷിക്കുന്നു.ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞ മണ്ടത്തരത്തിന് ഇവരാണോ ഉത്തരവാദികള്‍..മണ്ടത്തരം എഡിറ്റ്‌ ചെയ്യാന്‍ പാകത്തിന് എത്താതിരുന്നതാണോ കുറ്റം.

 ഭരണകൂടങ്ങളുടെ പിടിപ്പുകേടുകള്‍ക്ക് മുഴുവന്‍ പഴികകേള്‍ക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് പോലിസ്‌.പോലിസിന്‍റെ അതിക്രമങ്ങളെ ന്യായികരിക്കാന്‍ പറയുന്നതല്ല. നിയമപരിപാലനത്തില്‍ ജുഡീഷ്യറിയെ സഹായിക്കലാണ് യഥാര്‍ത്ഥത്തില്‍ പോലിസിന്‍റെ ജോലി.അതിനിപ്പോള്‍ മാറ്റം വന്ന് സര്‍ക്കാരിന്‍റെ വിഴുപ്പലക്കലായി മാറിയിരിക്കുന്നു.രാഷ്ട്രിയ നേതാക്കളെ മറികടന്നുകൊണ്ടുള്ള നിക്ഷ്പക്ഷമായ നീതി നിര്‍വഹണം അസാധ്യമായിരിക്കുന്നു. അങ്ങനെവരുമ്പോള്‍ ഭരിക്കുന്നവരുടെ ആശയങ്ങള്‍ക്ക് അനുകൂലമായി അവര്‍ക്ക് മാറേണ്ടി വരുന്നു.തന്മൂലം വഴിയെപോയവനും കൊലപാതകകേസില്‍ പ്രതിയാകുന്നു.അവിടെയും ബാലിയാടുകളെയാണ് സൃഷ്ടിക്കുന്നത്.കൊലപാതകവും അതിന്‍റെ കാരണങ്ങള്മെല്ലാം അതേപടി നിലനില്‍ക്കുന്നു.പൊതുസമൂഹത്തില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധ്യം അതുനഷ്ടപ്പെട്ടവരില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

 യാഥാര്‍ത്ഥ പ്രശ്നപരിഹാരംനടത്താതെ; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയും അതില്‍ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ്‌ ചെയ്തും താല്‍ക്കാലികമായ ഒരു പരിഹാരം കണ്ടെത്തിയാലും....അതൊരു വിജയമല്ല. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം മനസാലെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന  ഒരു യുവത്വം ഇവിടെ ഉണ്ടെങ്കില്‍ നാളെ ലാത്തിയും തോക്കും ഒരു പരാജയം ആയിരിക്കും.വെള്ളക്കാരന്‍റെ തോക്കിനും ലാത്തിക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത, മരണമില്ലാത്ത ഒരു പാരമ്പര്യം ഇവിടെ ഉണ്ടെങ്കില്‍ ആ പാരമ്പര്യം അവകാശപ്പെടുന്നവരാണ് നമ്മളെങ്കില്‍ ഇതൊരു സൂചനയാണ്.പഴയ ബ്രിട്ടീഷ്‌ പ്രേതം ബാധിച്ചിരിയ്ക്കുന്ന ഭരണകൂടങ്ങള്‍ ഇനിയെങ്കിലും ഒരു ഒഴിപ്പിക്കല്പൂജ നടത്തിയില്ലെങ്കില്‍ ഇനിയും ഇന്നാട്ടില്‍ പാലമരങ്ങളും, ഇരുമ്പാണിയും ഉണ്ടെന്നു തിരിച്ചറിയും.......

4 comments:

 1. :)

  വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരന്‍ ആരെയും ബലാല്‍സംഗം ചെയ്യുന്നില്ലല്ലോ .... അതെന്താ വിദേശത്ത് പോവുമ്പോള്‍ ടൂള്‍ ഇവിടെ വെച്ചിട്ടാണോ പോണത് .. അല്ല അവന് അവിടുത്തെ നിയമത്തെ ഭയമാണ് .
  അവിടെ ടൂള്‍ ചെത്തി പരുന്തിന് കൊടുക്കും
  അങ്ങനെ നിയമത്തെ ഭയമുണ്ടാവുന്ന ഒരു കാലത്ത് ബലാല്‍ പരിപാടി നില്‍ക്കും

  ReplyDelete
 2. പേടിയില്ലാത്തിടത്ത് എന്തും നടക്കും

  ReplyDelete