**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, December 6, 2012

തോട്ടിലേക്കൊരു ചാട്ടം........
വിദ്യാധരന്‍റെ വ്യകുലചിന്തകള്‍

     ആലോചിക്കുമ്പോള്‍ തലപെരുക്കുന്നു. എന്നാല്‍ ആലോചിക്കാതിരിക്കാന്‍  പറ്റുമോ അതുംപറ്റില്ല. മാസാവസാനം കിട്ടുന്ന നക്കാപിച്ച ശമ്പളം (രണ്ടു വര്ഷം മുമ്പുവരെ ഇത്  ഭയങ്കര ശമ്പളമായിരുന്നു) കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടുന്ന പെടാപ്പാട് ആരോട് പറയാന്‍. അടയ്ക്കേണ്ട ബില്ലുകളും, കടയിലെപറ്റും, കാറിന്‍റെലോണും അടച്ചുകഴിഞ്ഞാല്‍ കാര്യമായൊന്നും മിച്ചമില്ല. അതുകൊണ്ടുവേണം ഭാവിജീവിതം കരുപ്പിടുപ്പിക്കാന്‍. ജോലികിട്ടി പട്ടണത്തിലേക്ക് പോന്നപ്പോള്‍ എന്തൊക്കെ പ്രതീക്ഷകളായിരുന്നുമനസ്സില്‍. അഞ്ചക്കശമ്പളത്തിന്‍റെ ബലത്തില്‍ നല്ലൊരു വീട്, കാറ്, സുന്ദരിയായ ഭാര്യ ....ഹാ ഹഹ..ജീവിതം ആസ്വദിക്കുക തന്നെ... ആദ്യമാദ്യം എക്സ്പ്രസ് വേഗത്തില്‍ കുതിച്ചവണ്ടി ഇപ്പോള്‍ കിതച്ചു തുടങ്ങിയിരിക്കുന്നു. പൂരംകഴിഞ്ഞ പൂരപ്പറമ്പ്പോലെ പക്കാ ജീവിതത്തിലേക്ക് കടന്നപ്പോള്‍ കാറും, വീടും, കുടുംബവുമെല്ലാം ഓടിക്കണമെങ്കില്‍ കക്കാന്‍ ഇറങ്ങേണ്ട അവസ്ഥയാണിപ്പോള്‍.

  ഉള്ളതെല്ലാം നിനക്കല്ലേ; ഞങ്ങളെയും നോക്കിയിവിടെക്കൂടിയാല്‍പ്പോരെ മോനെയെന്ന് അമ്മ ഒരുപാടുതവണ പറഞ്ഞതാണ് കേട്ടില്ല. ഇപ്പോള്‍ അതിന്‍റെ കുഴപ്പം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. തോടും, പാടവും പറമ്പുമെല്ലാം ഇടകലര്‍ന്ന നാട്ടിന്‍പുറത്തെ ജീവിതം ഒരു വിരുന്നു കാരനെപ്പോലെ ഓര്‍മ്മയിലേക്ക് വരുന്നു.,രണ്ടുനേരവും പുഴയില്‍ നീന്തിത്തുടിച്ചിരുന്ന കാലമെല്ലാം... അടച്ചിട്ടമുറിയിലെ ഷവറിനടിയിലേയ്ക്ക് മറ്റാപ്പെട്ടിരിക്കുന്നു. വെള്ളംനിറച്ച ബത്ത്ടബില്‍ കിടക്കുമ്പോള്‍ വാട്ടര്‍ അതോററ്റിയുടെ ബില്ലിനെയാണ് ഓര്‍മ്മവരിക .അതുകൊണ്ട് വരണ്ടപാടം പോലെ ബാത്ടബും ഒരു നോക്കുത്തിയായി വരണ്ടുകിടക്കുന്നു.

 നല്ല മഴ വരുന്നുണ്ട്. മുറ്റം നിറയെ ഇയാംപാറ്റകളുടെ സമ്മേളനമാണ്. പറന്നു ചിറകറ്റുതാഴെ വീഴുന്നവയെ പെറുക്കാന്‍ മുറ്റത്ത്‌ തവളകള്‍ ചാടി മറിയുന്നു, ഇയ്യാംപാറ്റകളെ പിടിക്കുന്ന വണ്ണാത്തികിളികളും തുത്തുകുണിക്കിയുമൊക്കെ അന്തരീക്ഷം ബഹളമയമാക്കുന്നു. മെല്ലെത്തുടങ്ങിയ മഴ കനത്തുവരുന്നു.... .ഇടമുറിയാതെ വെള്ളത്തുള്ളികള്‍ ഭൂമിയിലേക്ക് പതിക്കുന്ന സുഖകരമായ കാഴ്ച. അരിച്ചിറങ്ങുന്ന തണുപ്പ്. കട്ടന്‍ചായയും, കൂട്ടായി ശര്‍ക്കരകഷണവും കടിച്ചിറക്കാന്‍ പറ്റിയസമയം. തിണ്ണയിലെ കസേരയിലിരുന്നു മഴ ആസ്വദിക്കുമ്പോള്‍ പാടത്തും തോട്ടുവരമ്പിലുമൊക്കെ ആളുകളെ കാണാന്‍ തുടങ്ങിയിരിക്കുന്നു.തോട്ടിലെ കലക്കവെള്ളം പാടത്തേയ്ക്ക് കയറിവരുന്നുണ്ട്.......

   ‘വിദ്യാധരാ....... വരുന്നോ മീന്‍ കയറിയിട്ടുണ്ട് ..’

കുത്തുവലയുമായിപ്പോയ അപ്പുണ്ണിയാണ് വിളിച്ചത്.

   ‘അമ്മേ.... പാടത്ത് മീന്‍ കയറിയിട്ടുണ്ട് പോലും............’

   ‘പോയി നോക്കെടാ... കിട്ടിയാല്‍ വൈകുന്നേരം കറി വെച്ചുതരാം....’

വരാലും,കണമ്പും,വാളയും, മുഷിയുമൊക്കെ കലക്കവെള്ളത്തിലൂടെ കയറി വരും . കുടംപുളിയിട്ട് വറ്റിച്ച മീന്‍കറിയുടെ രുചി വായില്‍ വെള്ളമൂറുന്നു. പോവുകതന്നെ ചെറിയ കൂടയുമെടുത്ത്‌ തോട്ടുവരമ്പിലേക്ക് നീങ്ങി.. പാടത്തും തോട്ടിലുമൊക്കെ മീന്‍ പിടിക്കുന്നവരുടെ തിരക്കാണ്..ശ്ശോ,......കുറച്ചു നേരത്തെ വരേണ്ടതായിരുന്നു.

 ‘വിദ്യാധരാ വാടാ...... തോട്ടില്‍ നല്ല കോളാണ്..............,

   ഇതാ വരുന്നു അപ്പുന്ന്യേ....................

തോടിന്‍റെ വക്കത്തിരുന്നു കലക്കവെള്ളത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. ശ്രദ്ധിച്ചിരിക്കണം.പൊങ്ങിവരുമ്പോഴേ പിടിവീണിരിക്കണം.അതില്‍ നമ്മളത്ര മോശമൊന്നുമല്ല.... അതാ.. അതാവരുന്നു ഒരു മുഷി . ഓരം ചേര്‍ന്നാണ് വരുന്നത്. ഒറ്റച്ചാട്ടത്തിന് പിടിക്കണം.കിട്ടിയാല്‍ വൈകിട്ടത്തെ ശാപ്പാട് കുശാല്‍ ...അരയിലെ തോര്‍ത്ത് അഴിഞ്ഞു പോകാതെ മുറുക്കിയുടുത്തു. ഒന്ന് വളഞ്ഞുനിവര്‍ന്നു.. വെള്ളത്തിലേക്ക്‌ ഒറ്റ ചട്ടം..

      ടിം... എന്‍റെ അമ്മോ ....

വല്ലാത്തൊരു ആര്‍ത്തനാദമാണ് വായില്‍ നിന്ന് പുറത്തു വന്നത് .ഒപ്പം വായില്‍ ചോരയുടെ ചൊവയും അനുഭവപ്പെട്ടു.

 ഇതാ കിടക്കുന്നു; കട്ടിലില്‍നിന്നു തറയില്‍

മുട്ടും പൊട്ടി, ചുണ്ടും മുറിഞ്ഞ് തറയില്‍നിന്ന് എണിക്കുമ്പോഴേക്കും അടുക്കളയില്‍ നിന്നും ശ്രിമതി എത്തിക്കഴിഞ്ഞു.

‘എന്താ ഒരു അലര്‍ച്ച കേട്ടത്..... ഇതെന്താ ചോരപൊടിഞ്ഞിരിക്കുന്നത്.’

‘ഒന്നുമില്ലെടി ഒരു സ്വപ്നംകണ്ട് കട്ടിലേന്നു താഴെപ്പോയതാ നീ ഡെറ്റോള്‍ ഇങ്ങെടുത്തേ മുറിഞ്ഞെടത്ത് തൂക്കട്ടെ ...’

‘പഴയ മീന്‍ പിടുത്തമായിരിക്കുമല്ലെ കണ്ടത്.......നൂറുതവണ ഞാന്‍ പറഞ്ഞിട്ടുള്ളതാ ചോറുണ്ടുകഴിഞ്ഞാല്‍ ഇങ്ങനെകിടന്നു ഉറങ്ങരുതെന്ന്.. ചുണ്ടും മുറിഞ്ഞ്, മുട്ടും പൊട്ടിയപ്പോള്‍ സമാധാനമായല്ലോ.....അനുഭവിക്ക്....

 സ്വപ്നത്തിലൂടെയാണെങ്കിലും ഓര്‍മ്മയില്‍പ്പെയ്തിറങ്ങിയ ആ സുന്ദര നിമിഷങ്ങള്‍;…… മുറുവില്‍ ഡെറ്റോളുതേച്ചപ്പോളുണ്ടായ വേദനകളെ ആനന്ദദായകമാക്കി മാറ്റിയിരിക്കുന്നു.....

5 comments:

 1. അപ്പോഴേ പറഞ്ഞതാ ഊണ് കഴിഞ്ഞ് മയങ്ങരുതെന്ന്... അനുഭവിച്ചോ... :)

  ReplyDelete
 2. സ്വപ്നങ്ങളേ... നിങ്ങൾ സ്വർഗ കുമാരികളല്ലോ...... ഹി....ഹി....ഹി...

  സുഖമുണർത്തിയ എഴുത്ത്....

  ശുഭാശംസകൾ......

  ReplyDelete
 3. സ്വപ്നത്തിൽ ചാടിയത് നന്നായി,,,

  ReplyDelete
 4. നൂറുതവണ ഞാന്‍ പറഞ്ഞിട്ടുള്ളതാ ചോറുണ്ടുകഴിഞ്ഞാല്‍ ഇങ്ങനെകിടന്നു ഉറങ്ങരുതെന്ന്..

  ReplyDelete
 5. സ്വപനത്തില്‍ എങ്കിലും ഇതൊക്കെ കാണാന്‍ പറ്റുന്നത് ഭാഗ്യം :(

  ReplyDelete