**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, December 24, 2012

ഒരു ഡല്‍ഹി ഇന്‍സ്റ്റലേക്ഷന്‍.


        

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍


  ‘ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.. നിങ്ങളെന്താ അമ്പഴങ്ങാ വിഴുങ്ങിയപോലെ ഇരിക്കുന്നത്.നിങ്ങള്‍ക്കൊന്നും ഒരു പ്രതിക്ഷേധവുമില്ലേ..............’

പറച്ചിലും മേശമേലുള്ള ഇടിയും കൂടിയായപ്പോള്‍ എല്ലാവരും തല ഉയര്‍ത്തി.

‘എന്‍റെ ഗോപികൃഷ്ണാ.... നീയാ മേശ ഇടിച്ചുപൊളിക്കല്ലേ; വായനശാലയുടെ ഉല്‍ഘാടനത്തിനു കിട്ടിയതാ.........’.

മേശയുടെ മൂലയില്‍ എഴുന്നു നിന്നിരുന്ന ആണി കയ്യില്‍ കൊണ്ടതുകൊണ്ടാവണം ‘നാശം’ എന്ന് പറഞ്ഞു കൊണ്ട് ഗോപി കൈ വായില്‍ വയ്ക്കുന്നതാണ് കണ്ടത്...

‘നിനക്കിപ്പോ എന്താ വേണ്ടത് പ്രതിഷേധിക്കണം ....പ്രതിഷേധിച്ചിരിക്കുന്നു പോരെ.....’

     ‘ഓ..ഒരുമാതിരി തമാശിക്കല്ലേ..

ഡല്‍ഹിലും, നെറ്റിലുമൊക്കെ നല്ല പൊളപ്പന്‍ പ്രതിഷേധങ്ങള്‍ നടക്കുവാ അറിയാമോ..കാശുണ്ടായിരുന്നേല്‍ ഡല്‍ഹിവരെപ്പോയിയൊന്നു തകര്‍ക്കാമായിരുന്നു......’

‘എന്‍റെ ഗോപി.... ഡല്‍ഹിക്കേസില്‍ പ്രതികളെല്ലാം അകത്തായി, സര്‍ക്കാര്‍ ഉടനടി നടപടിയെടുത്തു,പോലീസ് അന്വേഷണത്തില്‍ പിഴവുകളോന്നും പറയാനില്ല,ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ നടക്കുന്നു,പ്രതികള്‍ കുറ്റം സമ്മതിച്ച് തങ്ങളെ തൂക്കിക്കൊളാന്‍ പറഞ്ഞിരിക്കുന്നു.പെണ്‍കുട്ടിയുടെ ചികത്സാ ചിലവുവരെ സര്‍ക്കാര്‍ ഏറ്റെടുത്തു.ജയിലില്‍എത്തിയ പ്രതികളെ മലവും മൂത്രവും വരെ തീറ്റിച്ചുവെന്നാണ് വാര്‍ത്തകള്‍ .ഇതില്‍ക്കുടുതല്‍ എന്താണ് വേണ്ടത്. ഇപ്പൊ തൂക്കണം എന്ന് പറഞ്ഞാല്‍ നടക്കുമോ.അത് കോടതിയല്ലേ പറയേണ്ടത്.ഡല്‍ഹിയിലും ബാംഗ്ലൂരിലും മറ്റു നഗരങ്ങളിലും തെരുവിലിറങ്ങിയ പ്രകടനക്കാര്‍.തങ്ങള്‍ ഒരിക്കലും ഇത്തരം തെറ്റുകള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുക്കുകയല്ലേ വേണ്ടത്...നീയടക്കം എത്ര വേണ്ടാധീനങ്ങള്‍ ചെയ്തിരിക്കുന്നു.....ദേ...എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ........’

‘അതൊക്കെ പണ്ട് ഇതങ്ങനെ വിട്ടാല്‍ പറ്റില്ല നമ്മള്‍ പ്രതിഷേധിക്കണം..’

‘ശരി എല്ലാവരും എത്തട്ടെ നമുക്ക്‌ തീരുമാനിക്കാം ..’.

വൈകിട്ട് എണ്ണം പറഞ്ഞ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വായനശാല ഇക്കാര്യത്തില്‍ എങ്ങനെ പ്രതിഷേധിക്കണമെന്ന് ചര്‍ച്ച ചെയ്തു.

     ‘നമുക്കൊരു പ്രമേയം പാസാക്കിയാലോ???’

 ‘എന്തിനാ........പുഴുങ്ങിതിന്നാനാ....അവന്റെ ഒരു പ്രമേയം...’

    ‘ഇതൊക്കെ നാലാള്‍ അറിഞ്ഞു പ്രതിഷേധിക്കണം’

‘അങ്ങനെയാണെങ്കില്‍ നമുക്ക് കൊച്ചിയില്‍ നടന്ന പോലെ ഒരു നഗ്നഓട്ടം സംഘടിപ്പിക്കാം ....അതാകുമ്പോള്‍ എല്ലാവരും അറിയും. ടിവി യില്‍ പടവും വരും.........’

‘ഹേയ് അതുവേണ്ട.... ഇവിടെ പിന്നെയുംജീവിക്കേണ്ടതാ....’

  ‘അതുസാരമില്ല മുഖംമറച്ചു ഓടിയാല്‍ മതി. ആളെ തിരിച്ചറിയില്ല’

‘അതുകൊണ്ട്കാര്യമില്ല.. മുഖംനോക്കി മാത്രമല്ല ആളെ തിരിച്ചറിയാന്‍ പറ്റുന്നത്..മോനേ.....അറിയാമോ..’

  ‘അപ്പൊ അതാണ്‌ സ്ഥിതി അല്ലേ....എന്നിട്ട ഒരു പ്രതിഷേധം.....’

          ‘അത് വേറെ.... ഇത് വേറെ..’

  ‘നമുക്കൊരു കാര്യം ചെയ്യാം കവലയില്‍ ഒരു പൊതുയോഗം സംഘടിപ്പിക്കാം .യോഗത്തില്‍ ലൈംഗികഅതിക്രമങ്ങള്‍ക്കെതിരെ ഒരു പ്രതിജ്ഞയും എടുക്കാം എന്താ പോരെ.....’

‘മതി.... അത് മതി......’

  ‘വിദ്യാധരാ ചൊല്ലാനുള്ള പ്രതിജ്ഞ നീ തയ്യാറാക്കണം കേട്ടോ.’

‘പിന്നെ ഒരു കാര്യം..... ജാക്കി, ഞെക്കി, പിടുത്തം തുടങ്ങിയ പദങ്ങളൊക്കെ ഒഴിവാക്കിയേക്കണം അല്ലേല് പ്രതിജ്ഞ ചൊല്ലുമ്പോള്‍ എല്ലാവരും തല കുനിയ്ക്കേണ്ടിവരും അറിയാല്ലോ കാര്യങ്ങള്‍..പറയിപ്പിക്കാത്ത ഒരുത്തനുമില്ലിവിടെ.....’

‘ഇനിയിപ്പോ ആരെയാ..... വേദിയില്‍ ഇരിയ്ക്കാന്‍ ക്ഷണിക്കുന്നത്.കാര്യം ഇതാകുമ്പോള്‍ ക്ലീന്‍ ഇമേജ് വേണം അതാ ഒരു കുഴപ്പം.’

     ‘പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചാലോ...’

‘വേണ്ടേ വേണ്ടാ കേസ് മൂന്നാ നിലവിലുള്ളത് പ്രായപൂര്‍ത്തിയാകാത്തതുതൊട്ട് അവിഹിതംവരെ ഉണ്ടെന്നാ കേള്‍വി..’

   ‘വാര്‍ഡ്‌ മെമ്പറെ വിളിച്ചാലോ???’

‘ഏത്.... ആ സെറ്റപ്പുമായി നടക്കുന്നവനെയോ..അത് പറ്റില്ല.നമ്മള് നാറും..’

  ‘എന്നാ നമ്മുടെ മഹിളാസമാജം പ്രസിഡന്റിനെ വിളിക്കാം അതാകുമ്പോള്‍ സ്ത്രീ പ്രാതിനിധ്യവും ആകും .....’

‘ഉവ്വ് ഉവ്വേ..... തിരുവനന്തപുരത്ത് മന്ത്രിയെക്കാണാന്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞാ വന്നത്. കോവളത്തുവച്ച് ആരൊക്കെയോ കണ്ടെന്നാ പറയുന്നത്..’

  ‘പിന്നെ ആരെ വിളിക്കും..???’

‘പള്ളിലച്ചനെ ആയാലോ.....’

‘പള്ളിലച്ചനും ശാന്തിക്കാരനും മുക്രിയുമൊന്നും വേണ്ട...

പല കഥകളാ കേള്‍ക്കുന്നത് അറിയാമോ...ഞെക്കലും പിഴിയാലും തടവലുമൊക്കെയായി...’

  ‘ശെടാ....... ഇതിപ്പോ ആരെയെങ്കിലും കിട്ടുമോ....ദൈവമേ ഒരുത്തനുമില്ലേ ഈ പഞ്ചായത്തില്‍ നല്ലവനായിട്ട്....’

      ‘ഒരാളുണ്ട്..............’

       ‘ആരാ അത്...’

‘നമ്മുടെ നളിനാക്ഷന്‍ മാഷ്...’

‘അതു ശരിയാ..... സ്ത്രീ വിഷയത്തില്‍ ക്ലീന്‍ഇമേജാ ..ഇന്നേവരെ ഒരു അപഖ്യാതിപോലും കേട്ടിട്ടില്ല..പക്ഷെ മൂപ്പര്‍ വരുമോന്നാ എന്‍റെ സംശയം’

    ‘ഓ....അതൊക്കെ വരുമെന്നേ.... ഇങ്ങനെ ഒരു കാര്യത്തിനല്ലേ......’

‘എന്നാ വാ എല്ലാവര്‍ക്കും കൂടി പോയി ക്ഷണിക്കാം വായനശാലാ പ്രതിനിധികളാകുമ്പോള്‍ മൂപ്പര്‍ക്കൊരു മതിപ്പോക്കെ തോന്നും....’

ഒതുക്കുകല്ലുകള്‍ ചവുട്ടി മുറ്റത്തേയ്ക്ക് കടന്നു. വിശാലമായ മുറ്റത്തിന്‍റെ നടുവിലുള്ള തുളസിത്തറയില്‍ ദീപം വച്ചിരിയ്ക്കുന്നു.മാഷ് പൂമുഖത്ത് തന്നെയുണ്ട് .പുസ്തക വായനയിലാണന്നു തോന്നുന്നു.

‘ഊം... എന്താ എല്ലാവരും കൂടി ഈ വൈകുന്നേരം ...’

‘ഓ; ഒന്നുമില്ല മാഷിനെ ഒന്ന് കാണാനായി വന്നതാ..’

‘അതിനു ഞാനിവടെ കൈയ്യുംകാലുമൊടിഞ്ഞു കിടക്കുകയൊന്നുമല്ലല്ലോ..എന്താ വിദ്യാധരാ കാര്യം പറ..’

‘അല്ല; അതുപിന്നെ ഞങ്ങള്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ഡല്‍ഹി സംഭവത്തിനെതിരെ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.അതില്‍ മാഷിനെ മുഖ്യപ്രാസംഗികന്‍ ആക്കാനാ തീരുമാനം...അതിനു ക്ഷണിക്കാന്‍ വന്നതാ...’

‘അതിനു പീഡനസംഭവം കഴിഞ്ഞുപോയില്ലേ.പെണ്‍കുട്ടി അത്യാസന്നനിലയില്‍ കിടക്കുന്നു.പ്രതികളെല്ലാം ജയിലിലായി; കഴിഞ്ഞുപോയതിനെതിരെ പ്രതിക്ഷേധിച്ചിട്ട് എന്ത് കാര്യം; നടന്നതൊക്കെ പഴയ പടി ആകുമോ..’

‘ഇല്ല. എന്നാലും നമ്മളൊക്കെ മാറി നിന്നാല്‍ അതു മോശമല്ലേ മാഷേ...’

‘എന്‍റെ വിദ്യാധരാ.. ഇതാണ് നമ്മുടെ കുഴപ്പം.സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിയുമ്പോള്‍ നമ്മള്‍ പ്രതിഷേധിക്കും. കഴുതയുടെ നിലവിളി പോലെ....... ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികളാണ് സ്വികരിക്കേണ്ടത്.

ആര്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത്??.... സര്‍ക്കാരിനെതിരെയൊ?? അവര്‍ എല്ലാ നടപടിയും എടുത്തില്ലേ.......  പ്രതികള്‍ക്കെതിരെയൊ??? അവര്‍ നിയമത്തിന്‍റെ പിടിയില്‍ ആയില്ലേ.......??? പിന്നെ ആര്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത്???.നമുക്കെതിരെയാണ് നാം പ്രതിഷേധിക്കേണ്ടത്.ആദ്യം നന്നാകേണ്ടത് ഞാനും നീയുമാണ്.അതില്ലാതെ നാട് നന്നാവില്ല.ഒരു വിദേശി വന്നല്ല പീഡപ്പിച്ചത്.പെണ്‍കുട്ടിയുടെ ദേശക്കാര്‍ തന്നെയാണ് പീഡിപ്പിച്ചത്. ഡല്‍ഹിയെന്നത് നമ്മുടെ നാടായിക്കരുതുമ്പോള്‍ ഈ നാട്ടിലെ പീഡനക്കാര്‍ ആരാണ്...’

എന്തോ ഒരു പന്തികേട് മണക്കുന്നതുപോലെ പോലെ തോന്നി ..വാ.....പോകാം പിറകില്‍നിന്നാരോ തോണ്ടി വിളിച്ചു..

എന്നാ ശരി മാഷേ ഞങ്ങളിറങ്ങട്ടെ..

‘നില്‍ക്കു വിദ്യാധരാ ..ഇതുംകൂടി കേട്ടിട്ടുപോ...

ഈ കൂട്ടത്തില്‍ ആരാ..... തരം കിട്ടിയാല്‍ അവസരം മുതലാക്കാത്തവര്‍.

മുതലാക്കിയവരും ഉണ്ടല്ലോ ഇക്കുട്ടത്തില്‍... ഇല്ലേ....’

കൂട്ടത്തില്‍ ആരൊക്കെയോ പടിചാടി ഓടുന്ന ശബ്ദം കേട്ടു.

‘ആദ്യം പോയി സ്വയം നന്നാവാന്‍ നോക്ക്.... ഞാന്‍ ഇനിമുതല്‍ ഇക്കാര്യത്തില്‍ നല്ലവനായിരിക്കുമെന്ന് തീരുമാനിക്കുക.പ്രതിഷേധിക്കുന്ന ഓരോരുത്തരും സ്വയം മാറ്റപ്പെടാനും തയ്യാറാകണം.അല്ലാതെ സമൂഹത്തിന്‍റെ ഉന്‍മാദാവസ്ഥയില്‍  സ്വയം ആട്ടക്കാരനായി മാറിയിട്ട് കാര്യമില്ല.’

‘ഇയാള്‍ക്ക് വട്ടാണ്.....’ തിരിഞ്ഞു പോകുന്നതിനിടയില്‍ ഗോപികൃഷ്ണന്‍ പറഞ്ഞു...

    ഗോപി അവിടെ നിന്നേ’ ...മാഷിന്‍റെ വിളി.

മാഷ്‌ ഗോപിയുടെ അടുത്തേയ്ക്ക് വന്ന് ചെവിയില്‍ മന്ത്രിച്ചു.

‘വട്ട് നിന്‍റെ തള്ളയ്ക്കാണ്. ഇപ്പോഴല്ല... പത്തിരുപതുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിന്നേ ഉണ്ടാക്കിയ നേരത്ത്.....,

     ‘ഗോപി പോയ്ക്കോളു.........’

        ഉവ്വ്

നടന്നു നീങ്ങുന്നതിനടയില്‍ ആരോ ചോദിച്ചു

നാളെത്തന്നെ ഡല്‍ഹിയ്ക്ക് പോയാലോ ഗോപി...

‘ഇല്ല.................’

കത്തിയെടുത്ത് നെഞ്ചിലാരോ കുത്തിയതുപോലെ ഒരു തോന്നല്‍..വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഉണ്ടായ ഒരു ഭ്രാന്തിന്‍റെ ഫലം.ഒരു ഭ്രാന്തനാകാന്‍ പാടില്ല.....

പിറ്റേന്ന് അമ്പലകുളത്തില്‍ മുങ്ങിക്കുളിച്ച ശേഷം പതിവ്‌ തൊഴലിനായി ക്യൂവില്‍ സ്ഥാനം പിടിച്ചു.പ്രസാദം വാങ്ങാന്‍ നല്ലതിരക്ക്‌. മുന്നില്‍ മഞ്ഞപാവാട, പച്ച ബ്ലൌസ് ,ഈറനണിഞ്ഞ മുടിയില്‍ നിന്നും വെള്ളം തുള്ളികളായി വീഴുന്നു.പിന്നിയ മുടിയില്‍ തുളസിക്കതിര്‍.....ചന്ദനത്തിന്റെ മണം....അതെ;അതുതന്നെ .ഒന്‍പതുമണിയുടെ ബസ്‌..... മുന്‍വാതിലിലൂടെയുള്ള കയറ്റം.... തിക്കുംതിരക്കും......ഇലക്ട്രിക് ഷോക്ക്‌....ടിം. പെട്ടന്ന് ഒരു കുലുക്കം, വെടിപൊട്ടുന്ന ഒരു ശബ്ദം.......വായില്‍നിന്നും എന്തോതെറിച്ചുപോയപോലെ, വായിലാകെ ഉപ്പുരസം. എടുത്തെറിയപ്പെടുന്നു,മുന്നില്‍ സൌരയുധം,നക്ഷത്രങ്ങള്‍ മിന്നിമറയുന്നു....അവ്യക്തമായ ശബ്ദങ്ങള്‍.....

അന്ന് വായനശാലയിലെ ടിവി യ്ക്ക് മുന്നില്‍ വാര്‍ത്ത കേള്‍ക്കാന്‍ പതിവില്‍ക്കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു.

...........22വയസുള്ള യുവാവാണ് പിടിയിലായത്.ഇയാള്‍ പതിവ്‌ ശല്യക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു.നാട്ടുകാര്‍ കൈകാര്യംചെയ്തശേഷം പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പുതിയ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ അറസ്റ്റാണിതെന്ന് പോലിസ്‌വ്യക്തമാക്കി...........

നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുനീക്കി വിദ്യാധരന്‍ വീട്ടിലേയ്ക്ക് നടന്നു.......

 

2 comments:

  1. :) നടക്കട്ടെ പീഡനങ്ങള്‍ ... എന്നാലല്ലേ നമുക്ക് പ്രതിഷേധിക്കാന്‍ പറ്റൂ :)

    ReplyDelete
  2. പിറ്റേന്ന് അമ്പലകുളത്തില്‍ മുങ്ങിക്കുളിച്ച ശേഷം പതിവ്‌ തൊഴലിനായി ക്യൂവില്‍ സ്ഥാനം പിടിച്ചു.പ്രസാദം വാങ്ങാന്‍ നല്ലതിരക്ക്‌. മുന്നില്‍ മഞ്ഞപാവാട, പച്ച ബ്ലൌസ് ,ഈറനണിഞ്ഞ മുടിയില്‍ നിന്നും വെള്ളം തുള്ളികളായി വീഴുന്നു.പിന്നിയ മുടിയില്‍ തുളസിക്കതിര്‍.....ചന്ദനത്തിന്റെ മണം....അതെ;അതുതന്നെ .ഒന്‍പതുമണിയുടെ ബസ്‌..... മുന്‍വാതിലിലൂടെയുള്ള കയറ്റം.... തിക്കുംതിരക്കും......ഇലക്ട്രിക് ഷോക്ക്‌....ടിം. പെട്ടന്ന് ഒരു കുലുക്കം, വെടിപൊട്ടുന്ന ഒരു ശബ്ദം.......വായില്‍നിന്നും എന്തോതെറിച്ചുപോയപോലെ, വായിലാകെ ഉപ്പുരസം. എടുത്തെറിയപ്പെടുന്നു,മുന്നില്‍ സൌരയുധം,നക്ഷത്രങ്ങള്‍ മിന്നിമറയുന്നു....അവ്യക്തമായ ശബ്ദങ്ങള്‍-vasthavam athaanu

    ReplyDelete