**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, February 1, 2013

കാലബോധമില്ലാത്ത താക്കോല്‍ദ്വാരങ്ങള്‍.. 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍  

  പൊരുന്ന കേന്ദ്രികരിച്ച് അത്യന്തം ആവേശത്തോടെ നടത്തിയ ഒരു  താക്കേല്‍ദ്വാരശസ്ത്രക്രീയകൂടി തികഞ്ഞപരാജയമായി കലാശിച്ചിരിക്കുന്നു. ശസ്ത്രക്രിയയില്‍ പങ്കെടുത്തുവെന്നുപറയുന്ന മെയിന്‍സര്‍ജന്മാരെല്ലാം തങ്ങള്‍ അങ്ങനെ ഒരു ഓപ്പറേഷന് പോയിട്ടില്ലായെന്നും; പരിപാടി ഒരു സാങ്കല്പികകഥ മാത്രമായിരുന്നുവെന്നും തറപ്പിച്ചുപറയുന്നുണ്ട്. ഭരണ മുന്നണിയിലെ പ്രമുഖകക്ഷിയുടെ  സമര്‍ഥനായ നേതാവിന് ഭരണത്തില്‍ എന്തെങ്കിലും ഒരു സ്ഥാനം കിട്ടണമെങ്കില്‍; സമുദായസംഘടനയുടെ പിന്തുണ വേണമെന്ന അവസ്ഥ വരുത്തിത്തീര്‍ത്തിരിക്കുന്നു. നാണക്കേട് എന്നല്ലാതെ എന്തു പറയാന്‍. നാടുനീളെ നടന്നു രക്ഷായാത്രകള്‍ സംഘടിപ്പിക്കുമ്പോഴും, മതേതരത്വം വിളിച്ചുകൂവുമ്പോഴും സമുദായം കനിഞ്ഞില്ലെങ്കില്‍ അത്താഴ പട്ടിണിതന്നെ എന്നു പറയുന്നേടംവരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.നായരേ ദ്വാരത്തില്‍ ഇരുത്തിയില്ലെങ്കില്‍ കേരളത്തിലെ വേട്ടര്‍മ്മാര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ മറിച്ചിടുമെന്ന് ഒരു സമുദായനേതാവ്‌ അലറുമ്പോള്‍ എന്നാല്‍ അതൊന്നുകാണട്ടെ എന്നുപറയാനുള്ള ആര്‍ജവം മതേതരത്വപാര്‍ട്ടിയായ കോണ്ഗ്രസിന് ഇല്ലാതെപോയത് ലജ്ജാവഹം തന്നെ.തണുപ്പന്‍ മട്ടിലുള്ള ചിരിയും, ഒന്നുംപറയാനില്ല, അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നു തുടങ്ങിയ ഉണ്ടയില്ലാവെടികള്‍ കീഴടങ്ങല്‍ തന്നെയാണ് സാറുംമ്മാരെ....... കരയോഗമെന്നാല്‍ കേരളത്തിന്‍റെ ജന്മിയൊന്നുമല്ല....ഉള്ളില്‍ കിടക്കുന്ന പഴയ ജന്മികുടിയാന്‍ വ്യവസ്ഥിതിയുടെ പ്രേതം ഇടയ്ക്കിടെ പുറത്തുചാടുമ്പോള്‍ കാലംഏതാണെന്ന് നോക്കുന്നത് നന്നായിരിക്കും.  പണ്ടു വിമോചനസമരം എന്നൊരു മത്താപ്പ് ഉണ്ടാക്കി; ഇതേ  മഹാന്‍മ്മാര്‍; ഇപ്പൊ തീയുണ്ടവീഴും, ലോകം അവസാനിക്കും തുടങ്ങിയ പ്രചാരണങ്ങള്‍ നടത്തി  വീട്ടില്‍ ഉറങ്ങിക്കിടന്നവനെയെല്ലാം ജാതിതിരിച്ചു റോഡിലിറക്കി കൊടിപിടിപ്പിച്ചു. കേരളത്തിന്‍റെകാര്യം പോക്കാണ്, ഇനി പിരിച്ചുവിടലാണ് ഏക മാര്‍ഗ്ഗമെന്നുപറഞ്ഞ കേന്ദ്രസര്‍ക്കാര്‍; തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് അന്ന് രാഷ്ട്രിയപക്വത കാണിച്ചത്. ജാതി, മത ശക്തികളുടെ രാഷ്ട്രിയത്തിനെതിരെയുള്ള പ്രത്യക്ഷകടന്നാക്രമണമായിരുന്നു അത്. അധികാരംമാത്രം മുന്നില്‍ക്കണ്ട കോണ്ഗ്രസ്സ് അന്ന് അതിനു പിന്തുണനല്‍കി.  അന്ന് ഒരേപായില്‍ ഒന്നിച്ചുകിടന്ന ജാതിമതശക്തികള്‍ ഇന്ന് തിരിഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് വാസ്തവം. കൊടുത്താല്‍ കൊല്ലത്തും കിട്ടും. തുടര്‍ന്നങ്ങോട്ട് പല പ്രീണനപരീക്ഷണങ്ങളും കേരള രാഷ്ട്രിയത്തില്‍ ഇടതുവലതു ഭേദമില്ലാതെ അരങ്ങേറി.ഒടുവിലിതാ താക്കോല്‍ ദ്വാരം കിട്ടിയില്ലെങ്കില്‍ മറിക്കും എന്നുവരെയായി കാര്യങ്ങള്‍.  

  മതേതരത്വം,ജനാധിപത്യം എന്നൊക്കെ പറഞ്ഞുകൊണ്ട് മതാധിപത്യത്തിനും ജാതിവര്‍ഗ്ഗ ശക്തികള്‍ക്കും ചൂട്ടുപിടിക്കലാണിപ്പോള്‍ രാഷ്ട്രിയക്കാരുടെ മുഖ്യപരിപാടി. തങ്ങളും, മുസ്ലിയാരും, തിരുമേനിയും, കരയോഗം തമ്പ്രക്കന്മാരും, കള്ളുവില്പന തൊഴിലാക്കിയ ഗുരുക്കന്മ്മാരും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു. അവരുകൊടുക്കുന്ന പട്ടിക; രാഷ്ട്രിയ പാര്‍ട്ടികള്‍ അംഗികരിക്കുന്നു. പാര്‍ട്ടികള്‍ പറയുന്നേടത്തു വോട്ടു കുത്തുക മാത്രമായി  ജനങ്ങളുടെ പണി. അങ്ങനെ ജനാധിപത്യം എന്നത് സമുദായധിപത്യമായി മാറിയിരിക്കുന്നു. ജനപ്രതിനിധിയാകാന്‍ താല്പര്യമുള്ളവര്‍ ആദ്യം സമുദായനേതാക്കള്‍ക്ക് പാദസേവചെയ്യണമെന്ന അവസ്ഥയായിരിക്കുന്നു. തിരഞ്ഞെടുപ്പുവരുമ്പോള്‍ പരസ്യമായി പിന്തുണയില്ല; സമദൂരവും ശരിദൂരവും പ്രസംഗിക്കുക.ഫലം വരുമ്പോള്‍ നമ്മടെ വോട്ടാണ് ജയിപ്പിച്ചതെന്നു വീമ്പടിക്കുക. കേരളത്തിലെ രാഷ്ട്രിയ സാഹചര്യം അറിയാവുന്ന ഏതു ഊളനും അറിയാം; ഭരിക്കുന്ന കക്ഷി അടുത്ത അഞ്ചു വര്ഷം പുറത്താണെന്ന്. ഈ സാമാന്യതത്വത്തെ മുതലെടുത്താണ് പല സമുദായസംഘടനകളും വെളിച്ചപ്പാടാകുന്നത്.ഇപ്പോള്‍ തന്നെ നിസംശയം പറയാം; ഇപ്പോള്‍ ശരിദൂരം പ്രസംഗിക്കുന്ന താഴും താക്കൊലുമെല്ലാം; അടുത്ത ഇലക്ഷന് കളംമാറ്റി ചവിട്ടിയിരിക്കും.

  പുതിയ വെല്ലുവിളിയില്‍ കേരളസര്‍ക്കാരിനെ ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ കരയോഗക്കാര്‍ മറിച്ചിടുമെന്നാണു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുസമയത്ത് നടത്തിയ അണ്ടര്‍വേള്‍ഡ്‌ ധാരണകള്‍ ഇപ്പോഴും അണ്ടര്‍വേള്‍ഡായിതന്നെ ഇരിക്കുന്നതുകൊണ്ടാണ് ഈ മറിച്ചിടലെന്നു കരയോഗംതന്നെ വ്യക്തമാക്കിട്ടുണ്ട്. അന്ന് അരി മാത്രമല്ല;  പത്തായത്തിന്‍റെ താക്കോലുതന്നെ തന്നേക്കാം എന്നു പറഞ്ഞവരോന്നും ഇപ്പോള്‍ കണ്ടഭാവം നടിക്കുന്നില്ലപോലും.ഏതു താക്കോല്‍...., ആരാ..., ഏതാ..., എന്താ.. എവിടെയാ..., എന്നോക്കെയുള്ള അമ്ലേഷ്യ വചനങ്ങളാണിപ്പോള്‍ പറയുന്നത്. എന്നാല്‍ മറിച്ചിട്ടിട്ടുതന്നെ കാര്യം. തള്ളിയാല്‍ താഴെവീഴുമെന്നു ഇത്ര ഉറപ്പണേല്‍ എന്തിനാ ഈ താക്കോല്‍ ദ്വാരം, മലദ്വാരം എന്നൊക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നത്; ഇലക്ഷനില്‍ സമുദായസ്ഥാനാര്‍ത്ഥികളെ മാത്രംനിറുത്തി ജയിപ്പിച്ച് ഈ സുന്ദരകേരളം സുന്ദരന്‍മാര്‍ക്കങ്ങു ഭരിച്ചാല്‍പ്പോരായിരുന്നോ. അതെന്തേ ചെയ്യാഞ്ഞത്???.

  കേരളത്തിലെ എല്ലാ ജനപ്രതിനിധികളും, മന്ത്രിമാരുമെല്ലാം ഓരോ സമുദായത്തിന്‍റെയും പ്രതിനിധികള്‍മാത്രമാണെന്ന ദിവ്യസന്ദേശവും നേതാക്കന്മാര്‍ തന്നെ ജനങ്ങള്‍ക്ക് പകര്‍ന്നുതരികയുണ്ടായി.സമുദായംനോക്കി വോട്ടു കുത്താത്തവരെല്ലാം മണ്ടന്മാര്‍. മന്ത്രിമാരുടെ എണ്ണത്തില്‍; ഭൂരിപക്ഷസമുദായം ഇത്ര...... വലിയ ന്യൂനപക്ഷസമുദായം ഇത്ര..... ഇടത്തരം ന്യൂനപക്ഷസമുദായം ഇത്ര......... ചെറിയ ന്യൂനപക്ഷസമുദായം ഇത്ര..... ഒന്നിലുംപെടാത്തവര്‍ ഇത്ര.... എന്നുള്ള കണക്കുകള്‍ വളരെ വ്യക്തമായി മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒത്തുതീര്‍പ്പ്‌ഫോര്‍മുല അനുസരിച്ചാണ് വകുപ്പുകള്‍ തീരുമാനിക്കുന്നത്. ക്രിസ്ത്യാനിമന്ത്രി ആഭ്യന്തരംഭരിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്മാത്രമായിരുന്നു പോലിസ്‌സ്റ്റേഷനില്‍നിന്ന്‌ നീതി കിട്ടിയിരുന്നത്. അവര്‍ക്ക് വേണ്ടുവോളം നീതികിട്ടിയതിനെത്തുടര്‍ന്ന്;  നായരാണ് ആഭ്യന്തരത്തില്‍ ഇപ്പോള്‍ എല്ലാ നായന്മാര്‍ക്കും നീതി കിട്ടുന്നുണ്ട്‌. നീതി കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ പറയാം... അവര്‍ക്കും കൊടുക്കും വകുപ്പ്‌. അതിനിടയിലാണ് ദ്വാരത്തിന്‍റെ പ്രശ്നംവന്നത്. യഥാര്‍ത്ഥത്തില്‍ ദ്വാരം എന്നത് കുറച്ചു സാഹിത്യമൊക്കെ ഇരിക്കട്ടെയെന്നുകരുതി ഒരു സിമ്പോളിക്കായി പറഞ്ഞതാണ്; അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല. എല്ലാവരുംകൂടി അതിനെയിപ്പോള്‍ ഒരുമാതിരി താഴും താക്കോലുമാക്കി മാറ്റി.  കരയില്‍ നില്‍ക്കുന്നവനോട് നടുക്കടലില്‍ കിടക്കുന്ന കപ്പലില്‍ കേറിക്കോ എന്നുപറയാന്‍ പാടുണ്ടോ??? എന്നുള്ള അര്‍ഥവത്തായ ചോദ്യങ്ങളൊക്കെ മുഴങ്ങികേട്ടു. ജ്ഞാനപീഠം എവിടെ??? ഒന്നെടുത്തു കൊടുക്കൂ; ഇരിക്കട്ടെ മഹാന്‍.

  ഓരോ സമുദായവും മന്ത്രിസ്ഥാനത്തിനും, മറ്റുകസേരകള്‍ക്കും കണക്ക് പറയുന്നത് സ്വന്തം സമുദായത്തെ രക്ഷിക്കാനാണ് എന്ന അവസ്ഥവന്നാല്‍ പിന്നെ എന്തു മതേതരത്വം. ഏതെങ്കിലും മതത്തിന്‍റെ സമുദായത്തിന്‍റെയോ പേരുപറഞ്ഞു ജയിച്ചുവരുന്ന കുറ്റിച്ചൂലുകളില്‍നിന്നു ജനങ്ങള്‍ക്ക്‌ ഒരു നിക്ഷ്പക്ഷഭരണം പ്രതിക്ഷിക്കാമോ..?? പൊതുപ്രവര്‍ത്തനരംഗത്തെ കഴിവും, രാജ്യസ്നേഹവും, പൊതുജനനന്മയും ലക്ഷ്യമാക്കാതെ; സ്വന്തം സമുദായത്തെമാത്രം വണ്ണംവെപ്പിക്കലാണ് അധികാരസ്ഥാനങ്ങളിലുള്ളവരുടെ  ജോലി എന്നുവരുമ്പോള്‍ രാജ്യത്തിന്‍റെ മതേതരസ്വഭാവമാണ് നഷ്ടപ്പെടുന്നത്. താല്‍ക്കാലിക ഭരണസുഖത്തിനുവേണ്ടി  വര്‍ഗ്ഗിയശക്തികളെ പ്രീണിപ്പിച്ച് അധികാരംനിലനിറുത്താന്‍ ശ്രമിക്കുന്നത് പിന്നിട് വലിയദോഷമായിരിക്കും  ഉണ്ടാക്കുക. കെ പി പി സി സി പ്രസിഡണ്ടിനെ ഒരു സമുദായത്തിന്‍റെ മാത്രം ബ്രാണ്ട് അംബാസഡറായി അവതിരിപ്പിക്കുമ്പോള്‍ ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് അവരുടെ സമുദായത്തിലെ പ്രസിഡണ്ടിനെ വേണമെന്നുപറഞ്ഞാല്‍ കൊടുക്കുമോ.. നയം ആരും ഇതുവരെ വ്യകതമാക്കിയിട്ടില്ല.  നീര്‍ക്കോലികണക്കെയുള്ള സാമുദായിക നേതാക്കന്‍മാര്‍; മൂര്‍ഖനെപ്പോലെ പത്തിവിരിച്ച് ആടാന്‍ തുടങ്ങുമ്പോള്‍ അതിനെ തല്ലിത്താഴ്ത്താനുള്ള ആര്‍ജവം രാഷ്ട്രിയനേതൃത്വങ്ങള്‍ കാണിക്കണം. ജാതിയുടെയും മതത്തിന്‍റെയും പേരുപറഞ്ഞു; സാമുദായിക നേതാക്കന്‍മ്മാര്‍ സര്‍ക്കാരില്‍നിന്നും കൈപ്പറ്റിയിട്ടുള്ള സ്വകാര്യലാഭങ്ങളെകുറിച്ചും,  അനധികൃതമായിതട്ടിയെടുത്ത ഭൂമിയുടെ കണക്കുകളെക്കുറിച്ചും, ഇവരുടെയൊക്കെ മക്കള്‍ക്ക്‌ കൊടുത്തിട്ടുള്ള സ്ഥാനമാനങ്ങളെക്കുറിച്ചും ആരറിയാന്‍. ‘ഏറ്റവുംവലിയന്യൂനപക്ഷമെന്ന’മഹാകണ്ടുപിടുത്തത്തിലൂടെ ലീഗുതുടക്കം കുറിച്ച വിലപേശല്‍ സിദ്ധാന്തത്തെ  തള്ളിക്കളയാനുള്ള ആര്‍ജവം അന്നേ കാണിച്ചിരുന്നുവെങ്കില്‍ ഈ തക്കോല്‍ ദ്വാരത്തെയും തള്ളാമായിരുന്നു. ഇപ്പോള്‍ ഒരുത്തനു കൊടുക്കാമെങ്കില്‍ ഞങ്ങള്‍ക്കും തന്നുകൂടെ എന്നു ചോദിക്കാന്‍ അവസരം ഉണ്ടാക്കികൊടുത്തു.തങ്ങളുടെ കസ്റ്റഡിയിലുള്ള മുപ്പതില്‍പരം സ്കൂളുകള്‍ക്ക് എയിഡഡ്‌ പദവി കിട്ടണമെന്ന് പറഞ്ഞുകൊണ്ട് ലീഗ് അടുത്ത സമ്മര്‍ദ്ദതന്ത്രം  പ്രയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് അടങ്ങിക്കിടുന്ന ഞാഞ്ഞൂലുകളെല്ലാം തലപൊക്കാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷപ്രീണനം ഒരു പരിധി വിടാതിരിക്കാനും, തങ്ങള്മാത്രമാണ് ഏറ്റവും ‘വലിയന്യൂനപക്ഷ’മെന്നു പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ ന്യൂനപക്ഷങ്ങളെ പിറകോട്ടു തള്ളാന്‍ ശ്രമിക്കുന്നവരും; ശ്രദ്ധിക്കേണ്ടസമയമായിരിക്കുന്നു.ന്യൂനപക്ഷങ്ങള്‍ വലുതാകുമ്പോള്‍ ഭൂരിപക്ഷമാകുന്നു.അങ്ങനെ ഭൂരിപക്ഷമാകുന്ന ന്യൂനപക്ഷങ്ങളെ ന്യൂനം എന്ന വിഭാഗത്തില്‍നിന്നേ മാറ്റേണ്ടിയിരിക്കുന്നു.കഞ്ഞിക്ക് വകയില്ലാതെ; ദാരിദ്ര്യവും, പട്ടിണിയും മാത്രംകൈമുതലായി ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്‍റെ പുറമ്പോക്കില്‍ കഴിയുന്ന ഒരുപാടുമനുഷ്യര്‍ ഭൂരിപക്ഷത്തിലെ ന്യൂനപക്ഷമായി ഇവിടെ ജീവിക്കുന്നുണ്ട്.സാമ്പത്തികനിലവാരവും സാമൂഹ്യജീവിതത്തിനാവശ്യമായ ചുറ്റുപാടുകളും കണക്കാക്കിയായിരിക്കണം സംവരണആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്.റ്റാറ്റയും, ബിര്‍ളയും, അംബാനിമാരുമൊക്കെ എണ്ണത്തില്‍ കുറവാണ് അതുകൊണ്ട് തങ്ങളെയും ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നു പറഞ്ഞാല്‍....ഇനിയും അതു വേണോ??    ഉപജീവനത്തിനായി സമുദായത്തിന്‍റെ മൊത്തംക്വട്ടേഷന്‍ ഏറ്റെടുത്തുകൊണ്ട് വല്ല നക്കാപ്പിച്ചയും ഒപ്പിക്കാന്‍ വായ്‌തുറക്കുന്ന കുമാരന്‍മ്മാരെയും, ഇത്രയുംകാലമായിട്ടും ഒരു ഗതിയുമില്ലാതെ വലിയന്യൂനപക്ഷമായി തുടരുന്നവരെയും നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍ മതേതരത്വമെന്ന വലിയ ഭാഗ്യത്തെ നമുക്ക്‌ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മറിച്ചിടുന്നവനെയും, വലിച്ചിടുന്നവനെയും ഭയപ്പെടേണ്ട ആവശ്യമില്ല അവര്‍ ഒന്നുംചെയ്യില്ല. ചുമരുണ്ടെങ്കിലേ ചിത്രംവരയ്ക്കാന്‍ കഴിയൂവെന്ന് അവര്‍ക്ക് നന്നായി അറിയാം..... കുരയ്ക്കുന്ന പട്ടി ഒരിക്കലും കടിക്കില്ല.......... ജനപ്രതിനിധികള്‍ ജാതിയിയുടെയോ, സമുദായത്തിന്‍റെയോ പ്രതിനിധികളാകരുത് . ജനങ്ങളുടെ പ്രതിനിധികള്‍ ആയിരിക്കണം............

8 comments:

 1. നാഞ്ഞൂലിനും നീര്‍ക്കൊലിക്കുമൊക്കെ വെള്ളംകൊരുമ്പോള്‍ ഇങ്ങനെ ഒരു ഗതികേട്കൂടി പ്രതീക്ഷികണം............

  ReplyDelete
 2. നമ്മുടെ നാട്ടില്‍ ചീഞ്ഞളിഞ്ഞ ജാതിവെറിയില്‍ ചവിട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു ; ഉണ്ണുന്നതിലും , ഉറങ്ങുന്നതിലും , നോക്കുന്നതിലും , എല്ലാം ജാതി ഭ്രാന്ത് അടിച്ചേല്പ്പിക്കുകയാണ് ജാതി നേതൃത്വങ്ങള്‍ ; കാരണം ജാതിവെറി ഇല്ലെങ്കില്‍ അവന്മാരുടെ കസേരക്കും വാക്കിനും വിലയില്ല . ഇപ്പോള്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതില്‍ മത നേതാക്കള്‍ വിജയിച്ചു വരും ഭാവിയില്‍ ജാതികള്‍ തമ്മിലാവും സ്പര്‍ദ്ധ .
  നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം കാലം ഇത് തുടരുക തന്നെ ചെയ്യും .

  മനുഷ്യന്‍ എന്ന ഒറ്റ ജാതിയും മതവും ഉള്ള ഒരു കാലം വരുമോ ????

  ReplyDelete
  Replies
  1. മനോഹരന്‍February 1, 2013 at 10:46 AM

   അങ്ങനെ പറഞ്ഞ മഹാനായ മനുഷ്യന്‍ മരിച്ചുപോയി...പുതിയ ഗുരു ഇന്നു പറഞ്ഞിരിക്കുന്നത് ആരു എതിര്‍ത്താലും ജാതി പറയും എന്നാണ് .............

   Delete
 3. മാണ്ടാ ജാതിമ്മേ തൊട്ടുള്ള കളി മാണ്ടാ
  ഞമ്മന്ടെ വാപ്പാനെ പറഞ്ഞാല്‍ ഞമ്മള് ക്ഷമിക്കും ഞമ്മന്ടെ ഉമ്മാനെ പറഞ്ഞാല്‍ ഞമ്മള് ക്സമിക്കും
  പച്ചേങ്കില് ജാതിമ്മേ തൊട്ടു കളിച്ചാ ഒരുത്തനേം ബെറുതെ ബിദൂല്ലാ
  പെരുന്നയില്‍ കുടികൊള്ളുന്ന മന്നത്തപ്പനാന്നെ സത്യം സത്യം സത്യം
  ഞമ്മള്‍ ഖദര്‍ ഇട്ടു നടക്കുന്നത് വയറ്റിപ്പിഴപ്പു കാന്ഗ്രസ്സിനെ പറഞ്ഞോ കുയപ്പം ഇല്ല
  നായരേ തൊട്ടു കളിക്കരുത് കളി മാറും
  മന്നത്തപ്പന്റെ കാലം മുതല്‍ക്കു ഞമ്മളെല്ലാ പേരും ക്ഷത്രിയന്മാര്‍ ആണ് അറിയില്ലേ?
  ഇന്ത്യാ മഹാരജ്യതിങ്കല്‍ സ്വന്തം ജാതി ഏതു വര്‍ണത്തില്‍ പെടും എന്ന് നിച്ച്ചയിക്കാനുള്ള അവകാശം മന്നത്തപ്പന് മാത്രമേ കിട്ടിയിട്ടുള്ളൂ എന്നോര്‍മയില്ലേ അതാ ഞമ്മടെ ചത്തി
  വേലുത്തമ്പി ദളവയും ,എട്ടു വീട്ടില്‍ പിള്ളമാരും ,ബാലകൃഷ്ണ പിള്ളയും പിറന്ന ജാതിയാണ് മറന്നു കളിക്കല്ലേ.നേരെയെങ്കി നേരെ ചതി എങ്കി ചതി
  ധൈര്യമുള്ളവനോക്കെ നേരിട്ടുവാടാ

  ReplyDelete
 4. മിന്നല്‍ വാസുFebruary 1, 2013 at 11:07 AM

  നമ്മാ എത്താന്‍ വൈകയപ്പോഴേ കളി തുടങ്ങിയോ ...ഈ ദ്വാരത്തെല്‍ പിടിച്ചുള്ള കളി ഇപ്പോള്‍ നയന്മ്മാരും തുടങ്ങിയോ....ചാത്താ അടിയനെ കാത്തോളണമേ................ആരെവിടെ എല്ലാവര്ക്കും ഓരോ താക്കോല്‍ദ്വാരം കൊടുക്കു.താക്കോല്‍ കൊടുക്കേണ്ട...മണ്ടന്മാര്‍.

  ReplyDelete
 5. താക്കോല്‍ ദ്വാരം അടഞ്ഞുപോയി

  ReplyDelete
  Replies
  1. വളരെ ശരി...............

   Delete
 6. ഇനി വല്ല ദ്വാരവും ബാക്കിയുണ്ടോ, കുറേപ്പേരുകൂടി ജാതിമന്ത്രിമാരാവാന്‍ പുറത്തു ക്യൂ നില്‍ക്കുന്നു.

  ReplyDelete