**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, February 6, 2013

ബാജിയുടെ തലയില്‍ പപ്പില്ല........


 

    നിയമവിദഗ്ധര്‍ അരിച്ചുഗുണിച്ചുനോക്കിയിട്ടുംരക്ഷയില്ല. കോഴിയെ കട്ട വകയില്‍ തലയില്‍ പപ്പുണ്ടോന്നു എല്ലാവരും തപ്പിനോക്കി ഇല്ലേയില്ല;ബാജി നീതിമാന്‍ തന്നെ......ബാജി, ഉടനെതന്നെ പെണ്‍കുട്ടിക്കെതിരെ പീഡനത്തിനു കേസ്‌ കൊടുക്കുന്നതായിരിക്കും.അങ്ങനെ ഒരു വകുപ്പ്; ഏതോ വകുപ്പിന്‍റെ ഉപവകുപ്പില്‍ കിടപ്പുണ്ടാന്നാണ് സര്‍ക്കാരിനു കിട്ടിയ നിയമോപദേശം. സര്‍ക്കാര്‍തന്നെ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും.മൊഴി മാറ്റിമാറ്റി പറയാത്ത കുറ്റത്തിന് പെണ്‍കുട്ടിയെ അകത്താക്കാം എന്നൊരു ഉപദേശവും കിട്ടിയിട്ടുണ്ട്.അതുകൊണ്ടു സൂര്യനെല്ലിക്കേസില്‍ ഒരു തീരുമാനം ഉടനെ ഉണ്ടാകും.ഒരേ മൊഴി തന്നെ പതിനേഴു വര്‍ഷമായി പറയുന്നത് വളരെ വലിയ കുറ്റമാണ്.നമ്മുടെ വലിയ നേതാക്കള്‍വരെ മണിക്കൂറിനു മണിക്കൂറിനു മൊഴിമാറ്റുന്ന സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി പതിനേഴുവര്‍ഷമായി മൊഴിമാറ്റത്തത് കുഴപ്പംതന്നെ..  നിയമത്തോടും നീതിയോടും വളരെ പ്രതിബദ്ധത പുലര്‍ത്തുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ചചെയ്തിട്ടും ഫലമില്ല. സൂര്യനെല്ലിക്കെസില്‍ പി ജെ കുര്യന്‍റെ പങ്കിനെപ്പറ്റി പുനരന്വേഷണം നടത്താനുള്ള ഒരു  സാഹചര്യവുമില്ലായെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. ജനങ്ങള്‍ പലതുംപറയും അതൊന്നും അന്വേഷിക്കാന്‍ കഴിയില്ലായെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരിക്കുന്നു. അന്വേഷണം വേണമെങ്കില്‍ കരയോഗം പ്രസിഡന്‍റ്, ഗുരുകുലംഗുരുക്കന്‍മാര്‍, പാതിരികള്‍, ചീഫ്‌ വിഴുപ്പുകള്‍ തുടങ്ങിയ യോഗ്യന്മ്മാര്‍ പറയണം;  അല്ലാതെ ചുമ്മാകിടന്നു കൂവിയിട്ടു കാര്യമില്ല. എന്നാലും  ചില കാര്യങ്ങള്‍  അറിയണമെന്നുണ്ട്. സൂര്യനെല്ലിക്കേസ് എന്നൊരു കേസോ, നാല്പത്തിരണ്ടു നിരപരാധികള്‍ നാല്‍പതുദിവസം പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയോ ഉണ്ടോയെന്ന് വ്യകതമാക്കണം. അതോ ഇതൊക്കെ വെറും ഭാവനാവിലാസങ്ങള്‍ മാത്രമാണോ????. പി ജെ കുര്യന്‍ എന്ന വ്യക്തി; പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമായി ഒരു മറുപടി ഗസറ്റിലൂടെ തന്നാല്‍ കൊള്ളാം. കോടതി പറഞ്ഞു ഇല്ല, കുര്യന്‍ പറഞ്ഞു ഇല്ല, പോലിസ്‌ പറഞ്ഞു ഇല്ല... ഇങ്ങനെയുള്ള  മറുപടിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ്‌ അഭിപ്രായമാണ് അറിയേണ്ടത്. കുര്യന്‍ പീഡിപ്പിച്ചിട്ടുണ്ടോ ഇല്ലയോ. വിലകയറ്റം, കറന്‍റ്കട്ട്, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത് തുടങ്ങിയ  കാര്യങ്ങളിലൊന്നും വായ്തുറക്കാതെ, കുര്യന്‍ നിരപരാധിയാണെന്നുപറയാന്‍  പത്രസമ്മേളനം നടത്തിയ മുഖ്യന് കാര്യങ്ങളുടെ കിടപ്പ് എന്തായാലും അറിയാം. അതുകൊണ്ടാണല്ലോ തലയില്‍ പപ്പ് ഉണ്ടോന്നു തപ്പിനോക്കുന്നത്. പെണ്‍കുട്ടി പറയുന്നു കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്നു.മുഖ്യമന്ത്രി പറയുന്നു പീഡിപ്പിച്ചില്ലായെന്ന് . പെണ്‍കുട്ടി പതിനേഴുവര്‍ഷമായി ഇത് തന്നെ പറയുന്നു. കുര്യന്‍ പതിനേഴു വര്‍ഷമായി പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. പക്ഷെ എന്താണ് പ്രാര്‍ഥിക്കുന്നതെന്ന് പറഞ്ഞിട്ടില്ല... ഇത്രയുംപറഞ്ഞ സ്ഥിതിയ്ക്ക് അതുകൂടി വ്യക്തമാക്കേണ്ടതായിരുന്നു. മാത്രമല്ല മഹിളാകോണ്ഗ്രസിന്‍റെ സമ്മേളനത്തില്‍ സ്ത്രീപീഡകര്‍ക്കെതിരെ കുര്യന്‍ വാളെടുത്തിട്ടുണ്ട്..ഓര്‍മ്മ നഷ്ടപെട്ടാല്‍  അമ്ലെഷ്യ അമ്ലെഷ്യ .........

 രാഷ്ട്രിയത്തിലെ സര്‍വരോഗസംഹാരിയായ തുലാഭാരം ഇവിടെയും പ്രയോഗിക്കാവുന്നതാണ്. സര്‍ക്കാരിന്‍റെ ആരോഗ്യത്തിനും, ക്ഷത്രിയ നായന്മാരാല്‍ ആക്രമിക്കപ്പെട്ട് താക്കോലും ദ്വാരവും എല്ലാം നഷ്ടപ്പെട്ട് പരിക്ഷീണിതനായ ചെന്നിത്തലയ്ക്കു വേണ്ടിയും  ആസ്ഥാന വിഴുപ്പാണ് ഇക്കുറി; തുലാസിന്‍റെ തട്ടില്‍ കയറിയത്. തട്ടിലിരുന്നു ആടുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അദേഹം മറന്നില്ല.എന്നാല്‍  നിഷ്കളങ്കനായ കുര്യനുവേണ്ടി പ്രാര്‍ഥിക്കുന്ന കാര്യം മറന്നു പോയിയെന്നാണ് തൂങ്ങുന്ന വേളയില്‍ അദേഹം പറഞ്ഞത്. അമ്ലെഷ്യാ അമ്ലെഷ്യാ....

 ഇതിനിടയില്‍ സ്ത്രീപീഡനക്കെസുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപിച്ച ബഞ്ചില്‍ നിന്നും ആദ്യത്തെ വിധിവന്നു. അഡീഷണല്‍സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിനു വിധിച്ച പ്രതിയെ വെറുതെവിട്ടുകൊണ്ടാണ് ആദ്യ ലഡു പൊട്ടിയത്. പീഡനത്തിനു ഇരയയായ യുവതിയും മാതാവും നല്‍കിയ പരാതി നിയമാനുസൃതമാല്ലായിരുന്നുവെന്നാണ് പുതിയ കോടതിയുടെ നിരീക്ഷണം. പീഡനത്തില്‍ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.ആ കുഞ്ഞിന്‍റെ വിധി ഇനി എന്താകുമെന്ന് കണ്ടറിയാം....അതുംകൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

 സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം ഇല്ലായെന്ന് പറയുന്ന സര്‍ക്കാര്‍ തങ്ങള്‍ക്കു രാഷ്ട്രിയലാഭം ഉണ്ടാക്കുന്ന മറ്റു കേസുകളില്‍ പുനരന്വേഷണം നടത്തുകയും ചെയ്യുന്നു. പതിനേഴു വര്‍ഷമായി നീതികിട്ടാത്ത ഒരു പെണ്‍കുട്ടിയുടെ യാചനയ്ക്ക് മുന്നില്‍ മുഖംതിരിക്കുന്ന സര്‍ക്കാര്‍ നടപടി ന്യായികരിക്കത്തക്കതല്ല. രാഷ്ട്രിയക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഇരയ്ക്ക് നീതികിട്ടുകയില്ലായെന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. കിളിരൂര്‍, വിതുരപീഡനക്കേസുകളിലും അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പല രാഷ്ട്രിയ പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു വെങ്കിലും പിന്നിടതെല്ലാം വിസ്മൃതിയിലായി. കോടതിയില്‍ കുറ്റപത്രം എത്തുമ്പോള്‍ ചെറുമീനുകള്‍ അകത്തും, തിമിംഗലങ്ങള്‍ പുറത്തും എന്ന രീതിയിലാണ് കാര്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിപറയാതെ കേള്‍വിക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന മറുപടിപറഞ്ഞുകൊണ്ട് ആളുകളെ പറ്റിക്കുന്ന ആഭ്യന്തരമന്ത്രിയുടെ പതിവ്‌ നമ്പരുകള്‍ ഈ കേസിലും കണ്ടു. അദേഹം ഈ കേസിനെപ്പറ്റി പഠിച്ചുകൊണ്ടിരിക്കയാണു പോലും. പഠനം കഴിയാത്തതിനാല്‍ ഒന്നുംപറയാന്‍ പറ്റുന്നില്ലപോലും.ഇനിയുള്ളകാലം അദേഹം പഠനത്തിലായിരിക്കുമെന്ന് സാരം.ഇക്കൊല്ലത്തെ ബെസ്റ്റ്‌മിനിസ്റ്റര്‍ പട്ടം കൊടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തി ഇദേഹംതന്നെ. ഒരുകാര്യം ഉറപ്പാണ്‌ സത്യത്തിന്‍റെ വായ് എത്ര മൂടിക്കെട്ടിയാലും ഒരുദിവസം അതു മറനീക്കി പുറത്തുവരും..

സൂര്യനെല്ലി പെണ്‍കുട്ടിയെ കല്ലെറിയുന്നവര്‍ ഒന്നുകാണുക......

 
സ്ത്രീപീഡനക്കേസുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ കോടതികള്‍ ഉണ്ടാക്കിയതുകൊണ്ടുമാത്രം കാര്യമില്ല .പോലിസിന്‍റെ അന്വേഷണറിപ്പോര്‍ട്ടിന്‍റെയും,  തെളിവുകളുടെയും, സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് കോടതിയില്‍ സത്യങ്ങള്‍ ഉണ്ടാകുന്നത്. അതും ഒരു കോടതിയുടെ സത്യം മറ്റൊരു കോടതിയില്‍ സത്യമാകണമെന്നുമില്ല. പോലിസ്‌ തയ്യാറാക്കുന്ന പല അന്വേഷണറിപ്പോര്‍ട്ടുകളും വന്‍തോക്കുകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നിറഞ്ഞതായിരിക്കുമെന്നു സൂര്യനെല്ലിക്കേസ് തന്നെ പറയുന്നു. നിയമത്തിന്‍റെ വശങ്ങളെപ്പറ്റി അറിയാത്ത ഇരകളുടെ അടുത്തുനിന്ന്; തങ്ങള്‍ക്കു ആവശ്യമായ് വിവരങ്ങള്‍ മാത്രം പറയിപ്പിച്ചും, ആശയകുഴപ്പം സൃഷ്ടിച്ചും, പരസ്പര വിരുദ്ധമായ ചോദ്യങ്ങള്‍ ചോദിച്ചു ശ്വാസംമുട്ടിച്ചും തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്നും പ്രതിയെ   ഒരു വക്കിലിനു കഴിയുന്നതേയുള്ളൂ. അങ്ങനെ വരുമ്പോള്‍ തെളിവായ എഴുത്തുകള്‍ പലതും പ്രേമലേഖനങ്ങളായി മാറും.  ഇവിടെ വെറുതെവിട്ട കേസ്‌  മറ്റൊരുകോടതില്‍ ശിക്ഷിക്കപ്പെടാം.. തനിക്കു നീതി കിട്ടിയില്ലായെന്നു ഇരയ്ക്ക് ബോധ്യമുണ്ടെങ്കില്‍ കേസന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി വീണ്ടും അന്വേഷണം ആവശ്യപ്പെടാം. അതുകൊണ്ടുതന്നെ ഒരു വിധികൊണ്ട് ആ അധ്യായം അടഞ്ഞുവെന്ന കുര്യനു വേണ്ടിയുള്ള സര്‍ക്കാര്‍ വാദം ശരിയല്ല. ബാക്കിയുള്ള കേസുകള്‍ക്ക്‌ ആവാം; കുര്യന്‍റെ കേസില്‍ മാത്രം പാടില്ലയെന്ന സര്‍ക്കാര്‍ നയം സംശയാസ്പദമാണ്. ആരെയോ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നു. ഓര്‍ക്കുക ഡല്‍ഹി സംഭവത്തില്‍ ഒരു രാഷ്ട്രിയ പാര്‍ട്ടികളുടെയും കൊടിക്കീഴിലല്ല ജനങ്ങള്‍ സംഘടിച്ചത്. നീതിനിഷേധത്തിനും കുറ്റവാളികള്‍ക്കുമെതിരെയുമുള്ള പ്രതിഷേധമാണ് അവരെ സംഘടിതരാക്കിയത്. തങ്ങള്‍വലിക്കുന്ന ചരടില്‍ കളിക്കുന്ന പാവകള്‍ മാത്രമാണ് പൊതുജനമെന്ന ധാരണ രാഷ്ട്രിയക്കാര്‍ മാറ്റേണ്ടിയിരിക്കുന്നു. നിങ്ങള്‍ പറയുന്നത് മുഴുവന്‍ വെള്ളം തൊടാതെ വിഴുങ്ങുന്ന വെറും തിണ്ണ നിരങ്ങികള്‍ മാത്രമാണ് പൊതുജനമെന്ന് കരുതരുത്. സ്വന്തം മകളും, സഹോദരിയും, ഭാര്യയും, അമ്മയും സുരക്ഷിതരല്ലായെന്ന് തോന്നുമ്പോള്‍ പുരുഷനും, സ്വന്തം നിലനില്‍പ്പ് അപകടത്തിലാണെന്ന് വരുമ്പോള്‍ സ്ത്രീയും രാഷ്ട്രിയംമറന്ന് ഒന്നിക്കും, സംഘടിക്കും,പ്രതിഷേധിക്കും. അതിനെ നേരിടാന്‍ ജനാധിപത്യത്തിലെ മന്ത്രിമാരുടെ പോലീസും ടിയര്‍ഗ്യാസ് ഒന്നും മതിയാവില്ല. പീഡിതരുടെ നിലവിളികളെ ഇനിയും കണ്ടില്ലായെന്നു നടിക്കാതിരികുക, കുറ്റവാളികളെ സംരക്ഷിക്കാതിരിക്കുക.

 വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന ജനകീയ നിലപാടുകളില്‍ രാഷ്ട്രിയംകലരാന്‍ പാടില്ല. സാമൂഹ്യവിരുദ്ധരായ രാഷ്ട്രിയക്കാര്‍ക്ക് ഭരണതലത്തില്‍തന്നെ ചൂട്ടുപിടിക്കുകയും, അവരെത്തന്നെ വീണ്ടും ജനപ്രതിനിധികളായി തിരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ എന്തു നീതി, എന്തു ധര്‍മ്മം. സ്ത്രീപീഡനക്കേസുകളില്‍ തുടക്കംമുതലേ സര്‍ക്കാരിന്‍റെ ആത്മാര്‍ത്ഥത സംശയാസ്പദമാണ്. ഐസ്ക്രീംപാര്‍ലര്‍ പീഡനക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് അന്യക്കാരന് കൊടുക്കാന്‍പടില്ലായെന്നു കോടതിയില്‍ വാദിച്ചത് പ്രതിഭാഗം അല്ലായെന്നോര്‍ക്കണം.... കേസില്‍ കക്ഷിപോലും അല്ലാത്ത സര്‍ക്കാരായിരുന്നു അങ്ങനെ വാദിച്ചത്.ആരെ സംരക്ഷിക്കാനാണത്. പ്രതികള്‍ക്കില്ലാത്ത വേദനയാണ് സര്‍ക്കാരിന്. സര്‍ക്കാര്‍ സംവിധാനങ്ങളെ സ്ത്രീപീഡനക്കാര്‍ക്കുവേണ്ടി ഉപയോഗിക്കുന്നു, എന്നതിനു വേറെ എന്തുതെളിവ്‌ വേണം. കുര്യന്‍റെ പേരില്‍ പുനരന്വേഷണമല്ല  വേണ്ടത്. അന്വേഷണമാണ് വേണ്ടത്. കുര്യനെതിരെ പെണ്‍കുട്ടിയുടെ മൊഴി ഉണ്ടായിട്ടും കുര്യനെക്കേസില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. കുര്യനെതിരെ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയിട്ടില്ല. കേസില്‍നിന്ന് കുര്യനെ ഒഴിവാക്കുന്നതിനു  തെളിവ്‌ കണ്ടുപിടിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയെപ്പറ്റി അന്വേഷിച്ചിട്ടില്ല,. പെണ്‍കുട്ടിയുടെ ഭാഗം സാക്ഷി മൊഴികളെപ്പറ്റി അന്വേഷിച്ചില്ല, കുര്യനെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയില്ല. തുടങ്ങിയ വളരെ പ്രധാനപ്പെട്ട പാളിച്ചകളാണ് അന്വേഷണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ കേസില്‍ പുതിയതായി ഒന്നുമില്ല ,പതിനേഴു വര്‍ഷമായി പറഞ്ഞതുതന്നെ വീണ്ടും പറയുന്നു, പൊതുജനം പറയുന്നതു പോലെ ചെയ്യാന്‍ കഴിയില്ല........ തുടങ്ങിയ വാദങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. ഐസ്ക്രീം പാര്‍ലര്‍ക്കേസിലെ ഇര മൊഴിമാറ്റിപ്പറയുന്നതുപോലെ സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടി മൊഴി മാറ്റാത്തത്തിന്‍റെ വിഷമമാണ്  കുര്യന്‍റെ ഭാഗം വാദിക്കുന്ന ചാണ്ടി സര്‍ക്കാര്‍ പറയുന്നത്. പെണ്‍കുട്ടിയ്ക്ക് വേണ്ടി ചാണ്ടിസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസിന്‍റെ അവസാനം എന്തു പറയുമെന്ന് ഇപ്പോഴേ പ്രവചിക്കാം..ഞങ്ങള്‍ ശക്തിയായി വാദിച്ചുവെങ്കിലും നമ്മള്‍ തോറ്റുപോയി....പ്രതിക്കായി തോറ്റുകൊടുക്കേണ്ടത് നമ്മുടെ കടമയാണല്ലോ.....????

15 comments:

  1. ബിനുജോണ്‍February 6, 2013 at 2:34 PM

    ഇക്കുറി ആരൊക്കെ തപ്പി നോക്കിയാലും പപ്പു കാണുന്ന ലക്ഷണമാ കാണുന്നത്.അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്ത്രീ പീഡനത്തിനെതിരെ സര്‍ക്കാര്‍ ഇപ്പോള്‍ പാസാക്കിയ ഓര്‍ഡിനനസ് ചര്‍ച്ചയ്ക്ക് വരുന്ന സമയത്ത് ,പീഡനക്കേസില്‍ ആരോപണ വിധേയനായ ഒരാള്‍ രാജ്യസഭ നിയന്ത്രിക്കുന്നത്‌ രാജ്യത്തിനുതന്നെ നാണക്കേടാണ്.........കുര്യന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടട്ടെ.നിരപരാധിയാണെങ്കില്‍ എന്തിനു അന്വേഷണത്തെ ഭയപ്പെടണം...

    ReplyDelete
  2. Very well written in a satiristic way. I congratulate you for writing this. Why can't all Keralites to unite just like in Delhi and get the justice to this girl( now lady).

    Correctly said, none of the politicians are punished so far. The laws are only to intimidate the common men.

    Keep writing like this. It is really worthy.

    with best wishes

    Vinu
    Dubai

    ReplyDelete
  3. വായനക്കാരനെ വെറുതെ ഹരം പിടിപ്പിക്കുവാന്‍ ഓരോന്ന് എഴുതി പിടിപ്പിക്കുന്നതിനു മുന്‍പ്,പറയുന്ന കാര്യത്തിലെ സത്യാവസ്ഥ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.മലപ്പുറം തിരുവാലിയിലെ യുവതി,സംഭവം നടന്നു രണ്ടര വര്‍ഷത്തിനു ശേഷമാണ് പരാതി നല്‍കിയത്.കൂടാതെ പ്രസവിക്കുവാന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ സമയത്തും ഡോക്ടറോടൊ മറ്റു വല്ലവരോടുമോ പീഡന കാര്യം പറഞ്ഞിട്ടില്ല.സ്വന്തം ഇഷ്ട പ്രകാരം ശാരിരിക ബന്ധത്തില്‍ ഏര്‍പെട്ടു അവസാനം ഒരു കുട്ടി ആകുമ്പോഴോ,അല്ലെങ്കില്‍ കൂടെ കിടന്നവന്‍ കാലു മാരുമ്പോഴോ ആണ് പീഡന ആരോപണവും കൊണ്ട് പലരും മുന്നോട്ടു വരുന്നത്.പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളുമായി അവരുടെ ഇഷ്ടത്തോടെ ചെയ്‌താല്‍ പോലും,അവരുമായുള്ള ലൈന്ഘിക ബന്ധം പീഡനമായി കണക്കാക്കാം.പക്ഷെ പ്രായ പൂര്‍ത്തി ആയവര്‍ തമ്മിലുള്ള ഇത്തരം കാര്യങ്ങള്‍ പീഡനത്തിന്റെ പരിധിയില്‍ പെടുമോ?ഒന്നിച്ചു കിടന്നുറങ്ങി രാവിലെ എഴുനേറ്റു പീഡനം പീഡനം എന്ന് പറഞ്ഞു നിലവിളിച്ചാല്‍ അത് പീഡനം ആകുമോ സുഹുര്‍ത്തെ?വെറുതെ കോടതികളെ വിമര്‍ശിക്കുന്നതിനു മുന്‍പ് താങ്കളെ പോലെ വളരെ ഏറെ വായനക്കാരുള്ള എഴുത്തുകാരന്‍ കുറച്ചു കൂടി മിതത്വം പാലിക്കേണ്ടി ഇരിക്കുന്നു എന്ന് വിനീതമായി ഉണര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
    Replies
    1. പീറ്റര്‍February 6, 2013 at 4:21 PM

      താങ്കളുടെ അഭിപ്രായത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അത്ര ശരി ആണെന്നു തോന്നുന്നില്ല.എങ്കില്‍ പിന്നെ പത്തു വര്ഷം ശിക്ഷ വിധിച്ച കോടതി ഏതു പുസ്തകമാണ് നോക്കിയത്.മാത്രമല്ല അതൊരു വിമര്‍ശനം അല്ല കേരളത്തിലെ എല്ലാ പത്രങ്ങളിലും വന്ന ഒരു വാര്‍ത്തയാണ്.പത്രങ്ങളില്‍ ഒന്നും വിമര്‍ശനം തോന്നാത്ത നിങ്ങള്ക്ക് അതു ബ്ലോഗുകളില്‍ എഴുതുമ്പോള്‍ എങ്ങനെ വിമര്‍ശനം ആയി തോന്നുന്നു.ഒന്നിച്ചുകിടന്നോ ,പ്രായപൂര്‍ത്തി ആയോ,പീഡിപ്പിച്ചോ ഇതൊക്കെ കേസ്‌ വരുമ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന കാര്യങ്ങള്‍ ആണ്.ആത്യന്തികമായി ഈ സംഭവത്തില്‍ ഒരു തെറ്റ് നടന്നിട്ടുണ്ടോ എന്നതാണ് നമ്മള്‍ നോക്കേണ്ടത്.തെറ്റു നടന്നിട്ടുണ്ടെങ്കില്‍ അതിനു ശിക്ഷ കിട്ടണം.കാലം കഴിഞ്ഞതുകൊണ്ടും ,ആരോട് പറഞ്ഞില്ല എന്നാ കാരണം കൊണ്ടും അനാഥയായ ഒരു യുവതിയെയും അവളുടെ കുഞ്ഞിനേയും കണ്ടില്ലാ എന്നു നടിക്കുന്നത്.ശരിയാണോ.നിങ്ങളുടെ മകള്‍ക്കാണ് ഈ ഗതി വരുന്നതെങ്കില്‍ നിങ്ങള്‍ ആ കുറ്റവാളിയെ വെറുതെ വിടുമോ??ഉള്ളില്‍ കിടക്കുന്ന അളിഞ്ഞ ചിന്തകള്‍ വെറുതെ ശര്ധിക്കുമ്പോള്‍ സ്വയം നാറും എന്നു മനസിലാക്കുക..

      Delete
    2. അജ്ഞാതതന്‍ എന്ന കൊണാണ്ടന്‍ ഇതൊന്നു വായിച്ചു നോക്കുക.http://www.madhyamam.com/news/211818/130204.ഇങ്ങനെയുള്ള ന്യായങ്ങള്‍ തന്നെയാണ് സൂര്യനെല്ലിക്കേസിലും പറയുന്നത്.എന്തിനാണ് വെറുതെ കുഞ്ഞുങ്ങളെ അനാഥര്‍ ആക്കുന്നത്.അതില്‍ പുരുഷന് ഒരു പങ്കും ഇല്ലേ.തെറ്റു നടന്നിട്ടില്ല എന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

      Delete
    3. അജ്ഞാതസുഹൃത്തേ ആ അനാഥമക്കപ്പെട്ട കുഞ്ഞിന്‍റെ കാര്യത്തെക്കുറിച്ചാണ് ബ്ലോഗില്‍ പറയുന്നത്..അതു പ്രസക്തമായ ഒരു ചോദ്യമല്ലേ............അതെങ്ങനെ വിമര്‍ശനം ആകും.ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അതുകൊണ്ട് പറഞ്ഞുവെന്നെയുള്ളൂ.....തുളസിക്ക് ആശംസകള്‍.

      Delete
    4. ചങ്ങായിമ്മാരെ....
      എന്റെ കമന്റ് വായിച്ചു എന്നെ തൂക്കി കൊല്ലുവാന്‍ വിധിക്കുന്നതിനു മുന്‍പ്,ഞാന്‍ തുളസിയെ ഏതു വിഷയത്തില്‍ ആണ് വിമര്‍ശിച്ചത് എന്ന് കൂടി മനസിലാക്കുക.പീഡനവും മാനഭംഗവും ഉഭയ സമ്മത പ്രകാരമുള്ള ലൈന്ഘിക വേഴ്ചയും തമ്മില്‍ വ്യത്യാസം ഉണ്ട്.ഒരു സ്ത്രീ യാതൊരു അടിസ്ഥാനവും ഇല്ലാതെ പീഡിപ്പിച്ചു എന്നും പറഞ്ഞു കേസ് കൊടുത്താല്‍ പ്രതി തെറ്റുകാരന്‍ ആവുമോ?കീഴ്കൊടതികള്‍ മരണ ശിക്ഷ വിധിച്ച പ്രതികളെ വരെ മേല്‍ക്കോടതി വെറുതെ വിട്ട ചരിത്രം നമ്മുടെ നാട്ടില്‍ ഉണ്ട്.അപ്പോള്‍ കീഴ്ക്കൊടതികളും മേല്‍ക്കൊടതികളും നീതി നിര്‍വഹിക്കുന്നത് പ്രത്യേകം പ്രത്യേകം പൊത്തകം നോക്കിയിട്ടാണോ എന്നും കൂടി ചോദിക്കേണ്ടി വരും.എന്റെയോ മറ്റുള്ളവരുടെയോ പെണ്മക്കള്‍ക്കു ഈ ഗതി വരുമോ ഇല്ലയോ എന്ന് ചിന്തിക്കുന്നതിനേക്കാള്‍,തെറ്റായ ആരോപണം ഉന്നയിക്കപെട്ട ഒരാള്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപെട്ടു എന്ന് ചിന്തിക്കുന്നതല്ലേ ഉചിതം?അനാഥമക്കപെട്ട കുഞ്ഞിനു ജീവനംശത്തിനു കേസ് കൊടുക്കുന്നതിനു പകരം,പുരുഷന് മേല്‍ പീഡന ആരോപിച്ചു ജയിലില്‍ ഇടുവാന്‍ ശ്രമിക്കുന്നത് നീതിയാണോ?ഒരു സ്ത്രീ ഗര്‍ഭിണി ആവുന്നതിനു പുരുഷന്‍ മാത്രമാണോ കുറ്റവാളി?വെറുതെ വാളെടുത്തു എന്നെ വെട്ടുവാന്‍ വരുന്നതിനു മുന്‍പ്,സത്യാവസ്ഥ മനസിലാക്കണമെന്ന് എല്ലാ ചങ്ങായിമാരോടും അപേക്ഷിക്കുന്നു.

      Delete
    5. മൊത്തത്തില്‍ ഇത്തരം കേസുകളില്‍ നിങ്ങളുടെ നിലപാടാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്.അത് അത്ര ശരിയായ നിലപാടല്ല.ചര്‍ച്ച അതല്ല.നിങ്ങള്‍ പറഞ്ഞ കേസ്‌ ബ്ലോഗര്‍ ഉണ്ടാക്കിയ ഒരു കേസോ,ബ്ലോഗറുടെ വിമര്‍ശനമോ അല്ല.അത് എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയാണ്.അങ്ങനെ തന്നെയാണ് അത് ബ്ലോഗില്‍ പറഞ്ഞിരിക്കുന്നതും.അത് മറ്റു രീതിയില്‍ കണ്ടത് താങ്കളാണ്.ഇവിടെ ചര്‍ച്ച ബാജിയെ ക്കുറിച്ചാണ്...താങ്കളുടെ നിഗമനത്തില്‍ വേറെ പലതും.അതുകൊണ്ട് താങ്കള്‍ പറഞ്ഞിരിക്കുന്നത്...പീഡനക്കെസുകളില്‍ താങ്കള്‍ക്കുള്ള പൊതു നിലപാടാണ്.അതിനെ കാര്യങ്ങള്‍ നോക്കികാണുന്ന ആളുകള്‍ക്ക് അംഗികരിക്കാന്‍ വിഷമമാണ് സുഹൃത്തേ ............ഗര്‍ഭം അല്ല വിഷയം.ഒരു ജീവിതമാണ് വിഷയം.തെറ്റ് ചെയ്താല്‍ ശിക്ഷ വേണം .കൂടെ കിടന്നപോള്‍ കരഞ്ഞോ ,പ്രായം കവിഞ്ഞൊ ,അന്ന് മറന്നുപോയോ അതല്ല വിഷയം ......

      Delete
    6. ഇത്തരം കേസുകളിലുള്ള എന്റെ മൊത്തത്തിലുള്ള ഒരു നിലപാടാണ് ഞാന്‍ മുകളില്‍ എഴുതിയതെന്നു താങ്കള്‍ക്ക് എങ്ങിനെ അറിയാം?ഞാന്‍ എഴുതിയ കമന്റുകളില്‍ അങ്ങിനെയുള്ള വല്ല പരാമര്‍ശവും ഉണ്ടോ സുഹ്ര്തെ?തിരുവാലിയിലെ യുവതിയുടെ കേസ് പ്രത്യേക കോടതി തള്ളിയതിനെ വിമര്‍ശിച്ച തുളസിയുടെ പരാമര്‍ശമാണ് എന്റെ കമന്റിനു ആധാരം,അല്ലാതെ മൊത്തത്തിലുള്ള പീഡനങ്ങളെ ഞാന്‍ ന്യയികരിച്ചിട്ടില്ല.എന്തെ ആദ്യത്തെ കമന്റില്‍ അക്കാര്യം ഞാന്‍ വളരെ വ്യക്തമായും സ്പഷ്ടമായും പരാമര്‍ശിച്ചിട്ടുണ്ട്.ബാജിയെ കുറിച്ചോ,സുര്യനെല്ലി കേസിനെ കുറിച്ചോ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല.പിന്നെ ബ്ലോഗര്‍ പറഞ്ഞത് പോലെയല്ല പല പത്രങ്ങളിലും അതിനെ കുറിച്ച് വന്നിട്ടുള്ളത്.വിധിന്യത്തില്‍ കോടതി വളരെ വ്യക്തമായി കേസ് തള്ളുവാനുള്ള കാരണങ്ങളും വ്യക്തമാകിയിട്ടുണ്ട്.അങ്ങിനെയുള്ള ഒരു വിധി പുറപെടുവിച്ച കോടതിയെ അകാരണമായി വിമര്‍ശിച്ചതിനെയാണ് ഞാന്‍ എതിര്‍ത്തത്.അല്ലാതെ ബാജി എന്റെ പരാമര്‍ശ വിഷയം അല്ല.കൂടാതെ പരാതിക്കാരി ഗര്‍ഭിണി ആയത് പ്രതി അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബല പ്രയോഗത്തിലൂടെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപെടുത്തിയോ തട്ടിക്കൊണ്ടു പോയി തടവില്‍ പര്‍പിച്ചോ അവരുടെ സമ്മതം ഇല്ലാതെയോ അല്ല "പീഡിപ്പിച്ചത് " എന്നത് കൊണ്ട് തന്നെ പരാതി നിലനില്‍ക്കുന്നില്ല എന്നും വാദി ഭാഗം കോടതിയില്‍ ബോധിപിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇങ്ങിനെയൊരു വിധി ഉണ്ടായത്.അതിനെ കുറിച്ച് മാത്രമാണ് എന്റെ കമന്റ്.അല്ലാതെ ആകെ മൊത്തം ടോട്ടല്‍ പീഡനങ്ങളെയും ഞാന്‍ വെള്ള പൂശുവാന്‍ ശ്രമിച്ചിട്ടില്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

      Delete
    7. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു..പക്വത വരുത്താന്‍ ശ്രമിക്കാം.താങ്കള്‍ സൂചിപ്പിച്ച തരത്തിലുള്ള ഒരു വിമര്‍ശനം അല്ല അത്.അതൊരു വാര്‍ത്തയാണ്.എന്‍റെ എഴുത്തില്‍വരുന്ന പല കാര്യങ്ങളിലും താങ്കള്‍ക്ക് അസഹിഷ്ണുത ഉണ്ടാകാം.എല്ലാ എഴുത്തുകളും വായനകളും വായനക്കാരനെ ഹരം പിടിക്കാനും കൂടിയാണ്..അതൊരു ലോജിക്ആണ്.താങ്കള്‍ പറഞ്ഞ കാര്യത്തില്‍ എവിടെയാണ് ഞാന്‍ മോശം എഴുതിയത്.അതില്‍ താങ്കള്‍ പ്രതിയുടെ വക്കില്‍ ആണെങ്കില്‍ ഞാന്‍ വാദിയുടെ വക്കില്‍ ആണെന്ന് കൂട്ടിയാല്‍ മതി......ഈ വിഷയത്തില്‍ നമ്മുടെ ചര്‍ച്ച വഴി മാറേണ്ട .അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു.

      Delete
    8. താങ്കള്‍ എഴുതുന്ന കാര്യങ്ങളില്‍ എനിക്ക് "അസഹിഷ്ണുത" തോന്നിയിട്ടില്ല,തോന്നാറുമില്ല .പക്ഷെ ചില കാര്യങ്ങളില്‍ "അഭിപ്രായ വ്യത്യാസം" തോന്നാറുണ്ട്.അത് ഞാന്‍ പലപ്പോഴും കമന്റ് രൂപത്തില്‍ താങ്കളെ അറിയിച്ചിട്ടുമുണ്ട്.താങ്കളുടെ കഴ്ച്ചപാടിനോട് അനുകൂല ചിന്താഗതി ഉള്ളവരും,പ്രതികൂല ചിന്താഗതിയുള്ളവരും അവരുടെ അഭിപ്രായം അറിയിക്കുന്നതിനാണ് ഇവിടെ കമന്റ് സെക്ഷന്‍ താങ്കള്‍ തുറന്നു വെച്ചിരിക്കുന്നത് എന്ന വിശ്വാസത്തില്‍ ആണ് ഞാന്‍ പലപ്പോഴും കമന്റുകള്‍ പോസ്റ്റു ചെയ്യുന്നത്.താങ്കളുമായി തര്‍കിച്ചു ജയിക്കുവാനൊ,എതിര്‍ അഭിപ്രായം രേഖപെടുത്തി ശല്യം ചെയ്യുവാനോ ഉദ്ദേശിക്കുന്നില്ല.എന്റെ കമന്റുകള്‍ താങ്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കില്‍,അറിയിക്കുക.മേലില്‍ കമന്റടി പരിപാടി നിര്‍ത്തിയേക്കാം.

      Delete
    9. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ എനിക്ക് താങ്കളുടെ കമന്റ് ഡിലിറ്റ് ചെയ്യാമായിരുന്നു.

      Delete
  4. ബാജിയെപ്പറ്റിപ്പറയൂ

    ReplyDelete
  5. അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയ്ക്കുന്നു...........

    ReplyDelete
  6. കേസിനെ പറ്റിക്കുടുതല്‍ അറിയാന്‍ പറ്റിയ ലേഖനം

    ReplyDelete