**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, April 7, 2013

തല്ലല്ലേ സാറേ,,,,,,,വിദ്യാധരന്‍ ദുര്‍ബലനാണ്.....


 വിദ്യാധരന്റെ വ്യകുലചിന്തകള്‍

   .....സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധജാഥയാണ് ഇതുവഴികടന്നുവരുന്നത്..... അനുഗ്രഹിക്കൂ,,,, ആശീര്‍വദിക്കൂ..

 കുറെ നേരമായി താങ്ങിപ്പിടിച്ച് നില്പ്പുതുടങ്ങിയിട്ട്, ജാഥകടന്നുപോകുന്ന ഒന്നരമണിക്കൂര്‍സമയത്തേക്ക് റോഡുബ്ലോക്കാണ്. വാഹനങ്ങള്‍ പതിനാറുകിലോമീറ്ററുചുറ്റി വേറൊരു വഴിയിലേക്ക് തിരിച്ചു വിട്ടിരിക്കയാണ്. വഴിയുടെ വീതികുറവുകാരണം ആ വഴിയും ബ്ലോക്കായി. മറ്റൊരു വഴിയുള്ളത് ടാറിംഗ് പണി നടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. അങ്ങനെ പെരുവഴിയിലായ സ്ഥിതിയ്ക്ക് ജാഥയൊന്ന് കണ്ടിട്ടുപോകാമെന്ന് വെച്ചു. പട്ടണത്തില്‍വന്നാല്‍ ഒരു ബിരിയാണിയും, ഒരു സിനിമയും എന്നതായിരുന്നു പണ്ടത്തെകണക്ക്. ഇന്നിപ്പോ പ്രാരാബ്ധക്കാരനായപ്പോള്‍ ബിരിയാണിയും സിനിമയും വെട്ടിച്ചുരുക്കി.പകരം കഞ്ഞിയും,ചമ്മന്തിയും, പപ്പടവുമാണ് ഏറ്റവും നല്ലഭക്ഷണമെന്നും.തീയേറ്ററുകാര്‍ പാതിവഴിയില്‍ ഏസി ഓഫാക്കും; അതുകൊണ്ട് ടിവിയാണ് സിനിമകാണാന്‍ നല്ലതെന്നും..... സ്വയവും മറ്റുള്ളവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് തൃപ്തിയടയുന്നു.

 വെയില്‍ കനത്തതിനാല്‍ തണല്‍മരംതന്നെ ശരണം. മരത്തിന്‍റെ ഒരുമാതിരിപ്പെട്ട കൊമ്പുകളിലെല്ലാം ആശംസകളും, ഉല്‍ഘാടനങ്ങളും, വരവേല്‍പ്പുകളുമെല്ലാം വിളിച്ചോതുന്ന ബഹുവര്‍ണ്ണബാനറുകള്‍ കെട്ടുപൊട്ടി, ഉണങ്ങാനിട്ട കോണകംകണക്കെ കാറ്റത്താടുന്നു. തണലുപറ്റിനില്‍ക്കാം എന്ന് കരുതി മരച്ചുവട്ടിലേക്ക് മാറിയതേയുള്ളൂ.. ക്രാക്രാ പണിപറ്റിച്ചു...അങ്ങനെഞാനും ഒരു അപ്പുക്കുട്ടനായി.എവിടെ ചെന്നാലും രക്ഷയില്ലല്ലോ ദൈവമേ...

 അനൌണ്സ്മെന്റ് വാഹനം കടന്നുപോയി.. വളവുതിരിഞ്ഞു വരുന്ന ജാഥയുടെ ആദ്യലക്ഷണമായ കൊടിക്കൂട്ടങ്ങള്‍ കാണാം..ഭൂമി ഉരുണ്ട താണെന്ന് ഉറപ്പുവരുത്തിക്കൊണ്ട്; കൊടികളും പിന്നിട്ട് അവയെ താങ്ങി നിറുത്തുന്ന കൈകളും, അവയുടെ ഉടലുകളും മന്ദംമന്ദം മുന്നോട്ട് വരികയാണ്.മുന്നില്‍ ഒരു വലിയബാനര്‍ പിടിച്ചിട്ടുണ്ട്.നടപ്പിനിടയില്‍ത്തന്നെ മുന്‍നിരയില്‍ ചില ഉന്തുംതള്ളും നടക്കുന്ന ലക്ഷണം സൂക്ഷിച്ചുനോക്കിയാല്‍ കാണാം.ഊത്ത കേറുന്നതുപോലെ മുന്‍നിരയിലേക്ക്‌ ഊളിയിട്ടുവരുന്നവനെ മുന്നിലേക്ക്‌ കയറ്റാതിരിക്കാന്‍ മുന്‍നിരക്കാര്‍ കൈകോര്‍ത്തുപിടിച്ചിരിക്കുന്നു. ടിവി ക്യാമറയില്‍ ഒരു മിന്നലാട്ടം; ഉന്തിവരുന്ന പിന്നണിടീമിന്‍റെ ഉദേശ്യം അതാണ്‌. എന്നിട്ടുവേണം വീട്ടിലേക്കു വിളിക്കാന്‍.

 എടീ... യശോദേ.. നീയാ ടിവി ഒന്നുതുറന്നേ..... എന്നെ കണ്ടോ??ഇല്ലേ...  സൂക്ഷിച്ചു നോക്ക്?? കണ്ടോ... വെള്ള ഷര്‍ട്ടിട്ടു നീലക്കൊടിപിടിച്ച്....ശ്ശോ അതല്ല.... ആ കഷണ്ടിക്കാരന്‍റെ വലതുവശത്ത് കണ്ടോ?? ആ അതുതന്നെ... ആ എല്ലാവരോടും പറഞ്ഞേക്ക്..

  ഈ ഒരു നിമിഷത്തിനു വേണ്ടിയാണ് ഈ ഊളിയിടല്‍. പക്ഷെ എന്തു ചെയ്യാം. ഒരുത്തനും എന്നെ ഓവര്‍ടെക്ക് ചെയ്യാന്‍പാടില്ലായെന്ന നയപരമായ തീരുമാനം മുന്‍നിരക്കാര്‍ കൈകോര്‍ത്ത്‌ നടപ്പാക്കുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അവിടെത്തീര്‍ന്നു.

   ജാഥയുടെ മുന്‍നിര കടന്നുപോയി..മുദ്രാവാക്യം പൊടിപൊടിക്കുന്നു...

.@#$ നാണമില്ലേ ചെറ്റകളെ....... @#$%..കട്ടുമുടിക്കും ചെറ്റകളെ.......,@#$% പെണ്ണുപിടിക്കും ചെറ്റകളെ........@#$% ഇറങ്ങിപോകൂ ഇറങ്ങിപോകൂ...

 ങ്ങഹാഹ........ എന്തൊരു സുഖം.മനുഷ്യന്‍ അടിസ്ഥാനപരമായി പര നാറിയണെന്നും, തനിക്കുപറ്റിയകൂട്ടത്തില്‍ എത്തിയാല്‍ അവനതു പുറത്തെടുക്കുമെന്നുമുള്ള നാളിനാക്ഷന്‍റെ ചിന്താഗതി വളരെശരിയാണെന്നു തോന്നുന്നു.നല്ല ചിരിയുമായി ജനസേവനം നടത്തുന്ന മിടുക്കന്മ്മാരാണ് പരസ്യമായി ഭരണിപ്പാട്ടുംപാടി നടന്നുനീങ്ങുന്നത്.

  പിറകോട്ടു പോകുന്തോറും മുദ്രാവാക്യംവിളിയുടെ രീതികള്‍ മാറുന്നു. ചിലത് വഞ്ചിപ്പാട്ടിന്‍റെരീതിയില്‍ താനാരോ തെന്നരോ... താന്‍ എന്തൊരു @#$%....യാടോ??/.  അതിന്‍റെ പിന്നില്‍ തുള്ളല്‍ രീതിയില്‍ പദങ്ങള്‍ പാടുന്നു. ഏറ്റവും പിറകില്‍; പണ്ട് പല്ലക്ക്‌ ചുമന്നിരുന്നവര്‍ പുറപ്പെടുവിച്ചിരുന്ന ഹോയ്‌ ഹോയ്‌..... രീതിയില്‍ ഒരു ഇരമ്പലാണ് കേള്‍ക്കുന്നത്.നല്ല ഓളത്തിലാണ് ഒച്ചകേള്‍ക്കുന്നത്.പക്ഷെ വിളിച്ചുകൊടുക്കുന്നതല്ല പറയുന്നത്.

അങ്ങനെത്തന്നെ......,അങ്ങനെതന്നെ..... ,അങ്ങനെതന്നെ..... അങ്ങനെതന്നെ.... ..ഇതാണ് കേള്‍ക്കുന്നത്.

സൂക്ഷിച്ചുനോക്കിയപ്പോള്‍ എല്ലാം പരിചിതമുഖങ്ങള്‍ തന്നെ. നമ്മുടെ വാര്‍ഡിലെ കോളനിനിവാസികളാണ്..നാളെ പണിക്കുവരാന്‍ പറ്റില്ല മാഷെ,  കാടാമ്പുഴയ്ക്ക് തൊഴാന്‍ പോകണം എന്നുപറഞ്ഞതിന്‍റെ കാരണംഇതാണ്. കുപ്പിയും, ഇരുനൂറ്റന്പതുരൂപയും, വണ്ടിക്കു പോകുക,വരിക എല്ലാം ഫ്രീ,,,,, ചീരനും, കണ്ടനും, മറുതയും, വെളുക്കനുമൊക്കെ ഊക്കോടെ വിളിക്കുന്നു. അങ്ങനെതന്നെ..... അങ്ങനെതന്നെ.... വിളിച്ചുകൊടുക്കുന്നത് ഏറ്റു വിളിക്കാന്‍ അറിയില്ലേല്‍... അതിനു പകരമുള്ള രീതിയാണിത്‌...

  വിലക്കയറ്റം,അഴിമതി, പെണ്ണുപിടി,ജനദ്രോഹം തുടങ്ങിയ എല്ലാംകൊണ്ടും സര്‍ക്കാര്‍രാജിവെയ്ക്കണമെന്നാണ് പ്രകടനക്കാര്‍ പറയുന്നത്. കഴിഞ്ഞ ഭരണത്തിലും ഇതേ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ജാഥ. അന്നാരും രാജിവെച്ചു കണ്ടില്ല. കഴിഞ്ഞ തവണ ജാഥനടത്തിയവര്‍ ഇന്ന് ഭരിക്കുന്നു, അന്ന് ഭരിച്ചവര്‍ ഇന്ന് ജാഥനടത്തുന്നു. മുദ്രാവാക്യങ്ങള്‍ അന്നും ഇന്നും ഒന്നുതന്നെ രാജിവെയ്ക്കുക. എന്നിട്ടോ??????

  നാട്ടിലെ, മരുന്നുഷോപ്പില്‍ കിട്ടാത്തമരുന്നാണ്. പട്ടണത്തിലെ കിട്ടു. അതുകൊണ്ട് ആദ്യത്തെ വണ്ടിപിടിച്ചിങ്ങുപോന്നു. കുറച്ചു നേരത്തെ അലച്ചിലിനുശേഷമാണ് മരുന്നുകിട്ടിയത്. തണുപ്പില്‍ സൂക്ഷിക്കേണ്ട മരുന്നാണ്. ഐസ് ബാഗിലാക്കിയാണ് മരുന്നുകടക്കാര്‍ തന്നിരിക്കുന്നത്. മൂന്നുമണിക്കൂര്‍ വരെ കുഴപ്പമൊന്നുമില്ല. അതിനുള്ളില്‍ വീടുപിടിക്കണം. അങ്ങനെ വീടുപിടിക്കാനോടുന്ന തിരക്കിലാണ്, ജാഥകാരണം റോഡടച്ചു; ഇനിയിപ്പോള്‍ ബസില്ലായെന്നറിഞ്ഞത്. അനുഗ്രഹിക്കൂ,,,,ആശീര്‍വദിക്കൂ......... തീര്‍ച്ചയായും...... നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കത്തില്ല.  അനുഗ്രഹവുംകൊടുത്തു കാത്തുനിന്നു. പ്രകടനം കടന്നുപോയിരിക്കുന്നു.. പോസ്റ്റ്‌ഓഫീസിലേക്കാണ് പ്രകടനം പോയിരിക്കുന്നത്. അവിടെയാണ് ശേഷക്രിയകള്‍....ഇനിപതുക്കെ ബസ്‌ പിടിക്കാമെന്ന് കരുതി റോഡിലേക്ക് ഇറങ്ങിയതേയുള്ളൂ. പ്രകടനത്തിന്‍റെ പിന്‍ഭാഗം പോയതിലും വേഗത്തില്‍ തിരിച്ചുവരുന്നു. ഇത്തവണ മുദ്രവാക്യമല്ല കേള്‍ക്കുന്നത്. പോലിസ്‌ ..പോലിസ്‌.. അടി... ഹമ്മേ.... ഓടിക്കോ എന്നുള്ള ആര്‍ത്തനാദമാണ് കേള്‍ക്കുന്നത്. ചീരനും, കണ്ടനും, മറുതയുമെല്ലാം മിന്നല്‍വേഗത്തിലാണ് വരുന്നത്.എന്താ ചീര ..എന്ന് ചോദിക്കാന്‍ സമയംകിട്ടിയില്ല അതിനു മുന്‍പേ മറുപടിവന്നു.

     ചാറേ........... തല്ലുവേണ്ടെല്‍ ഓടിക്കോ..... ലാത്തിചാര്‍ജാ.....

  എങ്ങോട്ട് ഓടണം; ഒരു വഴിയും അറിയില്ല. മരത്തെല്‍ കേറിയാലോ..?? പോലിസ്‌ വണ്ടിയുടെ സൈറന്‍ അടുത്തടുത്തുവരുന്നു. ഓടണോ..... അല്ല ഞാനെന്തിനാ ഓടുന്നത്...... ഞാന്‍ മരുന്നുവാങ്ങാന്‍ വന്നതല്ലേ..??

 പ്രകടനത്തിന്‍റെ നല്ലൊരുശതമാനവും നാലുവഴിക്കും ഓടുന്നുണ്ട്. നിന്നാല്‍ പോലിസ്‌ പിടിക്കും. ഒരു നിമിഷവും പാഴാക്കാനില്ല. എല്ലാ ദൈവങ്ങളെയും വിളിച്ചു....ഓടി. തിരിഞ്ഞു നോക്കിയപ്പോള്‍ കൊടിയും,വടിയും,തുണിയും  നഷ്ടപ്പെട്ട ഒരുകൂട്ടം പിന്നാലെ; അവരെ പിന്തുടര്‍ന്ന് പോലീസും.സൈഡ് മാറി ഓടിയില്ലെങ്കില്‍ പെട്ടതുതന്നെ. വഴിസൈഡില്‍ തുറന്നുകിടന്ന ഒരു ഗെയിറ്റിലൂടെ ഒരു വീട്ടുവളപ്പിലേക്ക് ഓടിക്കയറി. ബൌബൌ..വീട്ടുവളപ്പില്‍ നിന്നും പട്ടിയുടെ കുര.. കൈസറെ പിടിച്ചോടാ.. കള്ളനാ.....

ദേ പട്ടി വരുന്നു...പിടിച്ചതിനെക്കാള്‍ വലിയതാണല്ലോ മാളത്തില്‍..പട്ടികടി കൊള്ളാന്‍ പറ്റില്ല. വന്നവഴിയെ പുറത്തേയ്ക്കോടി..ചെന്നതോ..കൃത്യം പോലീസുകാരുടെ മുന്നില്‍തന്നെ

     നില്ലെടാവിടെ.. പിടിയെടാ അവനെ

 സാറേ, തല്ലല്ലേ.... ഞാന്‍ പ്രകടനത്തില്‍ വന്നതല്ല, മാഷാണെ.... മരുന്നു വാങ്ങാന്‍ വന്നതാ..

    മാഷോ എവിടുത്തെമാഷ്‌... ഇവിടെയാണോടാ പഠിപ്പീരും,മരുന്നു വാങ്ങലും ..

   അല്ല.... എല്ലാരും ഓടിയ കൂട്ടത്തില്‍ ഓടിയതാ....

 അവന്‍റെയൊരു മരുന്ന്..കേറടാ വണ്ടിയില്‍.. ഒറ്റ ഉന്തിനുതന്നെ വണ്ടിയിലായി.. ചങ്ക് പടപട ഇടിക്കുന്നു. മരുന്നുകൂട് നെഞ്ചിലേക്ക് അമര്‍ത്തി നല്ല തണുപ്പ്..

സ്റ്റേഷന്‍ നിറയെ പ്രകടനക്കാരാണ്. പ്രകടനത്തില്‍ കണ്ട ഉശിരോന്നും ആരുടേയും മുഖത്തില്ല. ഷര്‍ട്ട് കീറിയവനും.മുണ്ട് പറിഞ്ഞവനും. മുട്ടുപൊട്ടിയവനും, ചുണ്ടു മുറിഞ്ഞുവനും അങ്ങനെ പല തരക്കാര്‍.പല സംസ്കാരങ്ങള്‍..പക്ഷെ എല്ലാവര്‍ക്കും ഒരേഭാവം അണ്ടിപോയ അണ്ണാന്‍റെ ഭാവം..നാനാത്വത്തില്‍ ഏകത്വം.

 മാഷേ ..ഒരു വിളി. പരിചയമുള്ള ശബ്ദം..ഞാനാ മാഷേ മമ്മദ്‌..മാഷും ഉണ്ടായിരുന്നോ, ഞാന്‍ കണ്ടില്ല. ഇന്നു ലീവയിരിക്കുമല്ലെ? എങ്ങനാ കൂലിക്കാ...അതോ.?

 അഞ്ഞൂറുരൂപയും ഭക്ഷണവും കൊടുത്താല്‍ ഏതു പ്രകടനത്തിനും പോകുന്ന ആളാണ് മമ്മദ്‌. ഒരു പാര്‍ട്ടിയോടും അനുഭാവമോ, വിരോധോമോ ഇല്ലാത്ത പ്രകടനതൊഴിലാളി.

  മാഷേ...കുഴപ്പമൊന്നുമുണ്ടാവില്ലെന്നായിരുന്നു അവന്മ്മാര്‍ പറഞ്ഞത്. സാധാരണ ഏറും അടിയും ഉണ്ടെങ്കില്‍ നേരത്തെ പറയുന്നതായിരുന്നു. അങ്ങനെയണേല്‍ ഓടാന്‍ പാങ്ങില്‍നിന്നാല്‍ മതിയല്ലോ; ഇതിപ്പോ ഒരുമാതിരി പറ്റിരായിപ്പോയി. പരിപാടികഴിഞ്ഞു കാണാമെന്ന ബുക്കിംഗ്കാര് പറഞ്ഞത്. അതുകൊണ്ടു പൈസയും കിട്ടിയില്ല. മാഷിനു കാശുകിട്ടിയോ..

     നിഷ്കളങ്കമായ ചോദ്യം..

ഇല്ല മമ്മദേ....ഞാന്‍ പ്രകടനത്തിന് വന്നതല്ല, മരുന്നുവാങ്ങാന്‍ വന്നതാ. പോലീസിനു ആളു മാറിപ്പോയതാ..

 ഉവ്വോ..മാഷേ ഒരു കാര്യം.

   എന്താ..

ഒരു ഇരുപതുരൂപയുണ്ടോ എടുക്കാന്‍. പൈസകിട്ടാത്തതുകൊണ്ട് വണ്ടിക്കൂലിക്കാ... കൈയ്യില്‍ വേറെ കാശില്ല..വരുമ്പോ വാങ്ങിത്തരാം..

     എല്ലാവരും ഇങ്ങോട്ട് മാറിനിക്ക്.... പേരും അഡ്രസും പറഞ്ഞോ..

     അവസാനം എന്‍റെ ചാന്‍സ്‌ വന്നു..

            സാറെ...

             ഊം..

  സാറെ ഞാന്‍ മരുന്നുവാങ്ങാന്‍ വന്നതാ...എല്‍പി സ്കൂള്‍ മാഷാ... പേര് വിദ്യാധരന്‍..

      നേരാണോ, അതോ വിളവിറക്കുവാണോ?/

 അല്ല; സംശയമുണ്ടെങ്കില്‍ ദേ അവനോടു ചോദിച്ചോ അയല്‍വാസിയാ...

           ഊം..നേരാണോടാ,,

     അതെസാറേ.. നമ്മടെ സ്കൂള്‍ മാഷാ.......

 “എന്‍റെ മാഷേ പോരുമ്പോള്‍ പത്രവും ടിവിയുമൊക്കെ നോക്കിവേണ്ടേ ഇറങ്ങാന്‍ ....പ്രകടനവും പ്രതിഷേധവുമുള്ള ദിവസം വീട്ടില്‍ത്തന്നെ ഇരുന്നാല്‍ പോരെ! ..ഇതെന്നാ കൂട്ടില്‍?”

     മരുന്നാ..... ഭാര്യയ്ക്ക്.

    ശരി ശരി മാഷ്‌പോയ്ക്കോളു....

     ഉവ്വ് വലിയ ഉപകാരം.

മാഷേ....മമ്മദിന്‍റെ വിളി; പേഴ്സ് തുറന്നു അമ്പതുരൂപയെടുത്ത് കൊടുത്തു.

      പോട്ടെ മമ്മദേ...

ബാഗിനുള്ളിലെ ഐസുരുകി വെള്ളമായിരിക്കുന്നു.എത്രയുംവേഗം വീട്ടിലെത്തണം...

 പ്രതികരണങ്ങളും പ്രതിക്ഷേധങ്ങളും ജനാധിപത്യസംവിധാനത്തിലെ ആവശ്യങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. അനങ്ങാപ്പാറനയം സ്വികരിക്കുന്ന ഭരണകൂടങ്ങളെ; പൊതുവികാരങ്ങള്‍ അറിയ്ക്കാനുള്ള പ്രതിക്ഷേധങ്ങളെ തള്ളിക്കളയാന്‍ പറ്റില്ല. പക്ഷെ അതിനുസ്വീകരിക്കുന്ന കാലഹരണപ്പെട്ട രീതികള്‍ മാറ്റേണ്ടിയിരിക്കുന്നു.  സര്‍ക്കാരുകളോടുള്ള പ്രതിക്ഷേധം നിസഹായരായ സാധാരണമനുഷ്യരുടെ അവകാശങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലാകാന്‍പടില്ല. പ്രതിക്ഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും സ്വന്തം ചിലവിലായിരിക്കണം. അപരന്‍റെ അവകാശത്തില്‍ കടന്നുകയറി എന്‍റെ പ്രതിഷേധം അറിയ്ക്കുകയെന്നത് നല്ലരീതിയല്ല.. തെരുവില്‍മാത്രം നടന്നിരുന്ന, ഇത്തരം തോന്ന്യാവാസങ്ങള്‍ ഇപ്പോള്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ നെടുംതൂണായ നിയമസഭയ്ക്കുള്ളിലും തുടങ്ങിയിരിക്കുന്നു.ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചും, സംസ്ഥാനത്തിന്‍റെ വികസനപദ്ധതികളെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ട നിയമസഭയില്‍ എന്താണ് നടക്കുന്നത്. സഭകൂടുന്ന ഓരോ മണിക്കൂറിലും, അതിന്‍റെ നടത്തിപ്പിനായി ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്.സഭയില്‍ പങ്കെടുക്കാന്‍വേണ്ടിമാത്രം നമ്മള്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് എത്ര രൂപ കൊടുക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക്‌ എന്താണ് പകരംകിട്ടുന്നത്. സഭ സമ്മേളനങ്ങളില്‍ അധികംകസേരകളും ഒഴിഞ്ഞാണ് കിടക്കുന്നത്. ഇവരൊക്കെ എവിടെപ്പോയി?? വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പകരം കുടുംബകാര്യങ്ങളും തെറിവിളിയും, മുണ്ടുപൊക്കലും, ചെരിപ്പേറുമൊക്കെയായി; നാട്ടിലെ കള്ളുഷാപ്പിലെ അവസ്ഥയാണ് നിയമസഭയില്‍. ഇതിനാണോ ഇവരെ നമ്മള്‍ അങ്ങോട്ട്‌ അയക്കുന്നത്. ഇവരാണോ നമ്മുടെ നേതാക്കള്‍..??ഭരണപക്ഷം പ്രതിപക്ഷം എന്നിങ്ങനെ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളാണോ നിയമസഭയില്‍ നടക്കേണ്ടത്??/. ഇറങ്ങിപ്പോക്കും, ബഹിഷ്ക്കരണവും, സ്തംഭിപ്പിക്കലും നടത്താന്‍ മാത്രമാണോ നിയമസഭസമ്മേളിക്കുന്നത്.പക്ഷെ ഒരു കാര്യത്തില്‍ ഭയങ്കര ഐക്യംകാണുകയും ചെയ്യുന്നു.അതിനു ഇറങ്ങിപ്പോക്കില്ല.സ്തംഭനമില്ല ഐക്യംമാത്രം. സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കുന്ന കാര്യത്തിലാണിത്. വര്‍ദ്ധിപ്പിച്ച ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ച ഒരു മാന്യദേഹത്തെയും ഇതുവരെ കണ്ടില്ല. ശരിക്കും ഇതൊക്കെ വാങ്ങാന്‍ ഇവര്‍ അര്‍ഹാരാണോ?? അതിനുള്ള എന്തു സേവനമാണ്  ജനങ്ങള്‍ക്ക്‌ കൊടുക്കുന്നത്...അറിഞ്ഞാല്‍ കൊള്ളാം .വെറും രണ്ടു മിനിറ്റ്കൊണ്ടാണ് നിയമസഭാ സാമാജികരുടെ ശമ്പളവര്‍ധന ബില്ല് പാസായത്.സഭയുടെ ചരിത്രത്തില്‍തന്നെ ബില്ല് പാസാക്കാനെടുത്ത ഈ വേഗം റെക്കോര്‍ഡായിരിക്കും. പ്രതിമാസം പതിനാലുകോടിരൂപയുടെ അധികചിലവാണ് ഇങ്ങനെ വരത്തിവെച്ചത്.ഒറ്റനോട്ടത്തില്‍....

 മണ്ഡല ബത്ത(മാസം) -12 , 000.
വാഹന ബത്ത(മാസം) -15 , 000.
സ്ഥിര ബത്ത മാസം (ഇത് എന്ത് ബത്ത?)-1000.
യാത്രാ ബത്ത(മാസം) - കേരളത്തിനുള്ളില്‍ -15 , 000.
ടെലിഫോണ്‍ ബത്ത (മാസം)-7500.
ഇന്‍ഫര്‍മേഷന്‍ ബത്ത(മാസം) -1000.
സംപ്റ്റ്യൂവറി ബത്ത (സ്വകാര്യ ചിലവുകള്‍ )-3000.
സ്റ്റാഫ്‌ ബത്തഒരാള്‍ക്ക്‌ (മാസം) -10 , 000.
ദിന ബത്ത -കേരളത്തിനുള്ളില്‍-750 (ഒരു ദിവസത്തെ ബത്തയാണ്).
ദിനബത്ത-കേരളത്തിന്‌ പുറത്തു -900 (ഒരു ദിവസത്തെ ബത്ത).
ട്രാവല്‍ കൂപ്പണ്‍ - പ്രതി വര്‍ഷം 1 , 92 , 000 (മാസം 16000)

                                     ഒരു മാസം  കുറഞ്ഞത് 81250  രൂപ(ദിനബത്ത ഒരു ദിവസത്തെ മാത്രം കൂട്ടിയുള്ള  കണക്കാണിത്)

ഇങ്ങനെ പോകുന്നു നമ്മുടെ സാമാജികര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ബത്തകള്‍.പണംവരുന്ന മറ്റുവഴികള്‍ വേറെയും. ഇതിനുമാത്രം എന്തു മലമറിക്കുന്ന പണിയാണ് ഇവരുചെയ്തുകൊണ്ടിരിക്കുന്നത്. തമ്മിലടിച്ചു, മുണ്ടുപോക്കി, ചെരിപ്പെറിഞ്ഞു, തെറിവിളിച്ച്, പെണ്ണുപിടിച്ച്, കട്ടുവാരി നടക്കുന്ന ജനപ്രധിനിധികളെ(ഇതിനിടയില്‍ മരുന്നിനുമാത്രം കാണാന്‍കഴിയുന്ന ഒന്നോരണ്ടോ എണ്ണത്തെ ഒഴിവാക്കിയാല്‍)  പോറ്റാന്‍ നമുക്ക് വരുന്ന ഒരു ചിലവേ...നമ്മളെ നയിക്കാന്‍ ഇതിലും യോഗ്യരായവര്‍ വേറെ ഇല്ലാത്തതുകൊണ്ട് നമുക്ക് അഭിമാനത്തോടെ സന്തോഷത്തോടെ ഈ ഭാരം ചുമക്കാം.....

 

 

10 comments:

 1. വിളവ് തിന്നുന്ന വേലികള്‍.....

  ReplyDelete
 2. ഈ ബത്തകൾ കുത്തനെ ഉയരും...കാരണം, അവർക്കറിയാം വിദ്യാധരന്മാരെല്ലാം ദുർബ്ബലരാണെന്ന്!

  ReplyDelete
 3. പൊളിച്ചടുക്കി
  ഹ ഹ്
  നല്ലൊരു അവതരണം എന്തോരം പൈസയാ അവർ പാഴാക്കുന്നത് പൊതുജനം എന്ന നമ്മൾ കഴുതകൾ ഇതല്ലാം അനുഭവിക്കാനാ വിധി

  ReplyDelete
 4. അവിനാശ്April 7, 2013 at 9:17 AM

  വിദ്യാധരന്‍മാഷേ ഞങ്ങളുണ്ട് കൂടെ ...നിങ്ങള്‍ ദുര്‍ബലന്‍ അല്ല...

  ReplyDelete
 5. മാഷ്‌ കലക്കി

  ReplyDelete
 6. സുരാജ്April 7, 2013 at 12:06 PM

  ഓടാനുള്ള സ്വാതിന്ത്ര്യം നമ്മുടെ ഏറ്റവുംവലിയ അവകാശമാ മാഷേ..അതു മുറുകെപ്പിടിചായിരിക്കണം നമ്മുടെ ഓരോ നീക്കവും..............

  ReplyDelete
 7. വിദ്യാധരന്‍ മാഷ് ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്നു
  പത്രം നോക്കി വേണം പുറത്തോട്ടിറങ്ങാന്‍

  ചിലപ്പോള്‍ അതും പാളും
  മിന്നല്‍ സമരം......എന്തുചെയ്യും??

  ReplyDelete
 8. വിവേക്‌April 8, 2013 at 11:50 AM

  പറയുമ്പോള്‍ കേരളിയന്‍ ഭയങ്കര വിവരക്കാരനാണ്,നിലവാരം ഉള്ളവനാണ് പക്ഷെ ഇത്രയും നിര്‍ജീവമായ ഒരു ജനത വേറെ കാണില്ല.

  ReplyDelete
 9. നന്നായിരിക്കുന്നു

  ReplyDelete
 10. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി പറയുന്നു...

  ReplyDelete