**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, April 30, 2013

ഗ്രഹണം; ശനിയുടെ അപഹാരം


 വിദ്യാധരന്റെ വ്യാകുലചിന്തകള്‍

 സത്യത്തില്‍ ഊറ്റുകാരന്‍ ലീലാകൃഷ്ണന്‍റെ ആലയം തിരക്കി ഇറങ്ങിയതാണ്. കണ്ടന്‍പൂച്ച വിലങ്ങനെ ചാടിയപ്പോഴേ തോന്നിയതാണ് ഇന്നൊന്നും നടക്കില്ലായെന്ന്. തപ്പിപിടിച്ചു ആലയത്തില്‍ എത്തിയപ്പോള്‍ ആലയം ക്ലോസ്ഡ്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അനശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്നു എന്നൊരു ബോര്‍ഡും വാതുക്കല്‍ തൂക്കിയിട്ടുണ്ട്. തൊട്ടടുത്ത്‌ അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് ഊറ്റുകാരന്‍റെ ഓമാനപുത്രി ഏതോ വെപ്പുകാരന്‍റെ കൂടെ ഓടിപ്പോയിയെന്നും മകളെ കണ്ടുപിടിക്കാന്‍ അങ്ങേരിപ്പോള്‍ മഷിനോട്ടത്തിലാണെന്നും. നാട്ടുകാരുടെ മുഴുവന്‍ കാര്യങ്ങളു പറയുന്ന ആളാ..... പക്ഷെ സ്വന്തം കുടുംബത്തു നടക്കുന്ന കാര്യം അറിയാന്‍ കഴിഞ്ഞില്ല.....ശനിയുടെ അപഹാരം അല്ലാതെന്താ..................അങ്ങനെയാണ് ജ്യോതിഷരക്നം വാസനപ്പിള്ളയുടെ   അടുത്തെത്തിയത്.  കാര്യങ്ങള്‍ വിശദമായിത്തന്നെ അവതരിപ്പിച്ചു. കേട്ടുകഴിഞ്ഞ് മൊത്തത്തിലുള്ള ഒരു അവലോകനമാണ് അങ്ങേരു നടത്തിയത്. ആറില്‍ കണ്ടക ശനിയാണ് പോലും, ബുധന്‍ കുജന്‍റെ ആസനത്തില്‍ തന്നെയാണ്. ചൊവ്വാ ഇപ്പോഴും തെണ്ടിത്തിരിഞ്ഞു നടക്കുന്നു. വ്യാഴത്തിനു ഇപ്പോഴും മൂലത്തിലെക്ക് ഒരു നോട്ടമുണ്ട്.ഭരണിയിലുള്ള ചിത്തിര കുംഭത്തിലേക്കും തരം കിട്ടിയാല്‍ സൂര്യന്‍റെ കൂടെയും പോകാന്‍ സാധ്യത കാണുന്നുണ്ട്. ഇനിയിപ്പോ ആറാരയിലുള്ള ബുധന്‍ എട്ടില്‍നില്‍ക്കുന്ന വെള്ളിയിലേക്ക് മാറുന്നതുവരെ ശനിയുടെ വ്യവഹാരം നടന്നു കൊണ്ടിരിക്കും..............

   എന്തെങ്കിലും പ്രതിവിധി.

   നഹിം നഹിം നഹിസ്യാ വിധി...

   ഓഹോ അങ്ങനെയാണല്ലേ....

 ദക്ഷിണ വച്ചോളൂ...... പിന്നെ നന്നായി തിന്നുകുടിച്ചു കഴിയുക. എല്ലാ ദിവസവും പറ്റുമെങ്കില്‍ ചിക്കന്‍കറി കഴിക്കുക. അര്ശ്സ്സിന്‍റെ അസുഖം അസാരമുള്ളവര്‍ ബീഫ്‌ കഴിച്ചാലും മതി.പറമ്പില്‍ ഒരു കുഴിയെടുത്ത് മുകളില്‍ പലക നിരത്തുന്നതും നന്നായിരിക്കും. അഥവാ,  വെടി, പുക, ബോബിംഗ് അങ്ങനെ എന്തെങ്കിലും വന്നാല്‍ കയറിക്കിടക്കാന്‍ ഒരു സ്ഥലം....അത്രമാത്രം. പരിഹാരവും എഴുതിവാങ്ങി നാട്ടിലേക്കുവണ്ടികയറി.

 അങ്ങ് ഡല്‍ഹിയില്‍നിന്നും ഹനുമാനപ്പ വിളിച്ചുപറഞ്ഞിരുന്നു, ഒന്നു ജാതകം നോക്കണമെന്ന്. രാജ്യത്ത് മൊത്തം പ്രശ്നമാണ്; ഇങ്ങു കേരളത്തിലും പ്രശ്നമാണ്.എല്ലാ ഞാഞ്ഞൂലുകളും തലപൊക്കി കളിക്കുന്നു.ഏറ്റുനിക്കാന്‍ ആക്കമില്ലാത്ത മണ്ണിരവരെ ഇപ്പൊ കൊത്തുമെന്നു  പറഞ്ഞു നില്‍ക്കുന്നു. അതിര്‍ത്തിയില്‍ പട, പാളയത്തില്‍ പട, അതിനിടെ ചാരന്മ്മാരുടെ വിളയാട്ടം,മൊത്തത്തില്‍ പ്രശ്നമാണ്, അതുകൊണ്ടാണ് ജാതകം നോക്കിയത്.അപ്പോഴല്ലേ കാര്യം മനസ്സിലായത് ശനിയുടെ വ്യവഹാരം...

 കണ്ടകശനി കൊണ്ടേ പോകുമെന്നാണ് പ്രമാണം. അതുകൊണ്ട് തല്ക്കാലം വാതിലടച്ച് ഇരിക്കുകയാണ് ഉത്തമം....

 അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നു. ഏതാണ്ട് പതിനഞ്ചു കിലോമീറ്റര്‍ കടന്നുകയറിയെന്നാണ് പറയുന്നത്. ഇവിടെ ആര്‍ക്കും ഒരു ആശങ്കയുമില്ല. അതൊന്നും കാര്യമാക്കെണ്ടെന്നു പ്രധാനമന്ത്രി പറയുന്നു.രാജ്യരക്ഷാമന്ത്രി കര്‍ണ്ണാടകയില്‍ ഇലക്ഷന്‍പ്രചരണം നടത്തുന്നു. ആര്‍ക്കും അതിര്‍ത്തിക്കാര്യം നോക്കാന്‍ സമയമില്ല. അവസാനം പണ്ട് പറഞ്ഞതുപോലെ നമ്മള്‍ വിജയകരമായി പിന്‍വാങ്ങുന്നുവെന്നു പറയാതിരുന്നാല്‍ മതി. ഒരു അപേക്ഷയേയുള്ളൂ പാവം പട്ടാളക്കാരുടെ ജീവന്‍ ബാലികൊടുക്കരുത്.കണ്ട, പൊട്ടാത്ത തോക്കും, തുരുമ്പുപിടിച്ച കപ്പലും, ഇങ്ങോട്ടു വിട്ടാല്‍ അങ്ങോട്ട്‌ പോകുന്ന മിസൈലും വാങ്ങി കമ്മിഷന്‍ അടിച്ചവന്‍റെയൊക്കെ മനസ്സിലിപ്പോള്‍ ചെറിയയൊരു ശങ്കകാണും. ആവശ്യസമയത്ത് ഇതൊക്കെ പൊട്ടുമോന്നു ആര്‍ക്കറിയാം. ഇവയുടെയൊക്കെ എക്സ്പെയറി ഡേറ്റ് കഴിയുന്നതുവരെ എല്ലാം പിടിച്ചുനിറുത്തണം. അതുകൊണ്ട് ഇങ്ങോട്ടു അതിക്രമിച്ചു കയറിയാലും കാലുപിടിക്കല്‍ തന്നെയാണ് നല്ലത്..സമാധാനം, സംയമനം ഇതൊക്കെ വലിയ വാക്കുകളാണ് അതെടുത്ത് പ്രയോഗിക്കാം..

 പാക്കിസ്ഥാനിലാണേല്‍ നമ്മുടെ സരബ്ജിത്‌സിങ്ങിനെ ലെവന്മാരെല്ലാം കൂടി ഒരു പരുവമാക്കി. പഞ്ഞിക്കിട്ടിരിക്കുന്ന അദേഹത്തെ  കാണാന്‍ ചെന്ന ഞമ്മടെ നയതന്ത്രക്കെരെയെല്ലാം ഓടിച്ചു പമ്പകടത്തിയെന്നാണ് കിട്ടുന്ന വിവരം. ഇമ്മക്ക് ഒരു വിഷമവും ഇല്ല. വലിയ നേതാക്കളെല്ലാം വായില്‍ പഞ്ഞിതിരുകിയപോലെ ഇരുപ്പാണ്. സംയമനം, സംയമനം...മുന്‍പ്‌ നമ്മുടെ പട്ടാളക്കാരുടെ വെട്ടികൊണ്ടുപോയ തല ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടും നമ്മള് ക്ഷമിച്ചു. എവിടെ ചെന്നാലും തല്ലുംമേടിച്ചു ക്ഷമിക്കലാണ് നമ്മുടെ പരിപാടി. സൗദിയില്‍ നിതാഖത് പ്രശ്നത്തില്‍; സൗദിഭരണകൂടം തന്നെ സ്വയമേവെ ചില ഇളവുകളൊക്കെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ എട്ടുകാലി മമുഞ്ഞുമാര്‍ പോയിട്ടുണ്ട്; അതു ഞമ്മളാ ചെയ്തതെന്നു പറയാനായി.. ഞമ്മക്ക് എന്തു സരബ്ജിത്തുവന്നു..പോയത് അവരുടെ കുടുംബത്തിനു, അതാണ് നമ്മുടെ സംയമനത്തിന്‍റെ ഒരു ലൈന്‍.......

 ചൈനയിലേക്കും ഒരു പ്രതിനിധി സംഘത്തെ അയക്കാനിരുന്നതാണ് ഇങ്ങോട്ടു വന്നാല്‍ ഒക്കെനെയും പിടിച്ചു ജയിലിലിടുമെന്നു പറഞ്ഞതു കൊണ്ട്, ആ പോക്ക്‌ പെണ്ടിങ്ങിലാക്കി ഇവിടെ ചുറ്റിത്തിരിയുന്നു.അല്ലേല്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അങ്ങോട്ടൊരു പോക്ക്‌ നടത്തിയേനെ ചര്‍ച്ചിക്കാനായി.... അവിടെച്ചെന്ന് നൂഡില്‍സ്സും പട്ടിയിറച്ചിയുമൊക്കെ കഴിച്ചു ഒരു ഏമ്പക്കവും വിട്ട് ഇങ്ങുപോരും; അത്രതന്നെ...കേരളത്തിലെ ഒരു മന്ത്രിയും പരിവാരങ്ങളും ചൈനയ്ക്ക് പോയി വന്നതേയുള്ളൂ ...എന്നിട്ട് എന്തോ ഉണ്ടായി.... വല്ലതും വികസിച്ചോ..? പേരിനൊരു പടക്ക ശാലയെങ്കിലും ഉണ്ടാക്കിയോ?.....ഓസിലൊരു ചൈനായാത്ര; അത്രതന്നെ..... ദോഷം പറയരുതല്ലോ അവിടംകണ്ട്‌, വാ പൊളിച്ചു പോയതല്ലാതെ കുറ്റമൊന്നും പറഞ്ഞില്ല..ആകെ പറഞ്ഞതു ചൈനയിലെപോലെ ഇവിടെയും ജനങ്ങളുടെ സ്വാതന്ത്രത്തിനു നിയന്ത്രണങ്ങള്‍ വരത്തിയാല്‍ നന്നയിരുന്നുവെന്നാണ്. അങ്ങനെവന്നാല്‍ കക്കാനും കയ്യിട്ടുവരാനും എളുപ്പമാകും ആരും ചോദിക്കാനും പറയാനും ഉണ്ടാവില്ലല്ലോ; അതാണ്‌ ടിയാന്‍ ഉദേശിച്ചത്. സോപ്പ്,ചിപ്പ്‌,കണ്ണട തുടങ്ങി വീട്ടിലിരിക്കുന്ന സര്‍വ്വതും, വിഷുവിനു പൊട്ടിക്കാന്‍ പടക്കം, കുറഞ്ഞവിലയില്‍ ചെറിയകരണ്ടില്‍  തെളിയുന്ന ബള്‍ബുകള്‍, എന്തിനു അണ്ടര്‍വെയറുവരെ ചൈനേന്നു വരണം. ലക്ഷം രൂപയുടെ സാധനം, അതേ രൂപത്തിലും ഭാവത്തിലും കൂലിപ്പണിക്കാരനും ആസ്വദിക്കണമെങ്കില്‍ ചൈനകനിയണം. അവരെങ്ങാനും പണിമുടക്കിയാല്‍ നമ്മുടെകാര്യം കട്ടപ്പൊക. പാവങ്ങളുടെ കണ്കണ്ട ചൈനാമുത്തപ്പാ...... അടിയങ്ങളെ കത്തുകൊള്ളണെ. അങ്ങു ലഡാക്കിലോ ഹിമാലയത്തിലോ എവിടെ വേണമെങ്കിലും കൂടാരം അടിച്ചോളൂ.ഞങ്ങള്‍ക്ക് യാതൊരു വിഷമവുമില്ല.ദയവു ചെയ്തു വെടിവെയ്ക്കരുത്. നമുക്ക് അനുരഞ്ജനം, ചര്‍ച്ച,സംയമനം  തുടങ്ങിയ നവലിബറല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍കളിക്കാം.....

  കേരളത്തിലാണേല്‍ ചാരന്‍മ്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തമിഴ്നാട് ചാരന്‍, സി ഐ എ ചാരന്‍ അങ്ങനെപോകുന്നു.മന്ത്രിമാരൊക്കെ ചാരന്മ്മാരുടെ കീശയിയിലാണെന്നാ പോലിസ്‌ പറയുന്നത്. രണ്ടു മന്ത്രിമാര്‍ ചാരന്‍റെ ഡിന്നറിലും പങ്കെടുത്തുവത്രേ. അതില്‍ ഒരു മന്ത്രിയെ കണ്ടകശനി പണ്ടേ കൊണ്ടുപോയി. അടുത്ത ആള്‍ സത്യമേപറയൂ... നേരെ ചെയ്യൂ... എന്ന നിലപാടുകാരനാണ്. ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട ആള്‍ എന്നനിലയില്‍, അദേഹം പറയുന്നത് വിശ്വസിക്കേണ്ടിവരും.കാരണം നിക്കാന്‍ അറിയില്ലാത്തതുകൊണ്ടാണല്ലോ കേസില്‍പ്പെടുന്നത്. ഒപ്പം പുട്ടടിക്കാന്‍ പോയ മറ്റേയാളിപ്പോള്‍ അട്ടത്തു ചൊറിമാന്തി ഇരിക്കുകയായതിനാല്‍ അദേഹത്തിന് ഇതൊന്നും ബാധകമല്ല. ആസ്വദിക്കുക ജീവിതം ആസ്വദിക്കുകയവ്വനം അതാണ് ലൈന്‍..................

  ഇമ്മളെ സത്യവാര്‍ത്തകളുമാത്രം ധരിപ്പിച്ചു സന്മാര്‍ഗ്ഗത്തിലൂടെ ഉദ്ബുദ്ധരാക്കുന്ന മുത്തശ്ശി പത്രങ്ങളിലെ (മനോരമ, മാതൃഭൂമി, കൌമാദി) ധീരയോദ്‌ധാക്കളും ശനിയുടെ അപഹാരത്തില്‍ കുടുങ്ങിയിരിക്കുന്നു. തമിഴ്നാടിനുവേണ്ടി വാര്‍ത്തയെഴുതിയും, കിട്ടിയവിവരങ്ങള്‍ ചോര്‍ത്തി ക്കൊടുത്തും അവരു കേരളത്തോടുള്ള തങ്ങളുടെ കൂറുവെളിപ്പെടുത്തിയെന്നാണ്  രഹസ്യാന്വേഷണവിഭാഗം പറയുന്നത്. പ്രതിഫലമായി തമിഴ്‌നാട്‌ ടൂറുകള്‍, ഡിന്നറുകള്‍, മക്കള്‍ക്ക് കോളേജ്‌ അഡ്മിഷന്‍ തുടങ്ങിയ ചില്ലറ സമ്മാനങ്ങളും തരമാക്കിയാത്രെ... സത്യവാര്‍ത്ത‍ക്കാര്‍ ഇതൊന്നും തങ്ങളെ ദിവസവും വായിക്കുന്ന കുഞ്ഞാടുകള്‍ക്ക് മുന്‍പില്‍ ഇതുവരെ പറഞ്ഞിട്ടില്ല.. ഇതാണ് ശരിയായ പത്രധര്‍മ്മം....എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലന്നാണ് വകുപ്പുമന്ത്രി വെളിപ്പെടുത്തിയത്.എന്താണിവിടെ ചോര്ത്താനുള്ളത്. അതേയതെ.......... കൊണാത്തില്‍വരെ ഒളിക്യാമറയുമായി നടക്കുന്ന നാടാണ്. ഒരൊറ്റ സര്‍ക്കാര്‍ ഓഫിസിനുപോലും  വാതിലുമില്ല ജനലുമില്ല. സന്ധ്യമയങ്ങിയാല്‍ തെരുവുപട്ടികളും അങ്ങാടിപശുക്കളും കിടന്നുറങ്ങുന്ന സ്ഥലം,  ചോര്‍ന്നൊലിക്കുന്ന മേല്ക്കുരകള്‍, ആര്‍ക്കും കേറി നിരങ്ങാവുന്ന ഇവിടെയാപോലും ചോര്‍ത്താനുള്ള സാധനങ്ങള്‍ ഇരിക്കുന്നത്... നല്ലകഥ. നമ്മളിവിടെ  യൂണിവേഴ്സിറ്റി ഉത്തരകടലാസുകളുവരെ തെരുവീന്നാ പെറുക്കിയെടുക്കുന്നത്. അങ്ങനെ ഇത്രയും സുതാര്യമായ നമ്മുടെ നാട്ടീന്നു ഒരു ചാരന്‍ രേഖചോര്‍ത്തി എന്നക്കെപറഞ്ഞാല്‍ അതിനുവേണ്ടി അയാള്‍ പണമിറക്കിയെന്നത് ശരിയാണെങ്കില് ഉറപ്പാ..... അയാള്‍ക്ക് തലയ്ക്കെന്തോ കുഴപ്പമുണ്ട്. ശനി അയാളുടെ തലയ്ക്കു മുകളില്‍ വട്ടം കറങ്ങുന്നുണ്ട്.

  ഇതിനൊക്കെ ഇടയിലാണ് മല്ലനും മാതേവനും ചില പരാക്രമങ്ങള്‍ നടത്തുന്നത്. അതാണ്‌ തീരെ സഹിക്കാന്‍ പറ്റാത്തത്. ചിരിച്ചു ചാകും. ഉറപ്പാ...താന്‍ കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്നു  പൂവന്‍കോഴിയും, ഈ ഉത്തരം താങ്ങുന്നത് താനാണെന്നു പല്ലിയും പറഞ്ഞാല്‍ ചിരിക്കാതിരിക്കാന്‍ പറ്റുമോ...ഒക്കെ വെറുതെയാ,,,,,തലയില്‍  നെല്ലിക്കാത്തളം വയ്ക്കാന്‍ സമയമായെന്നതിന്‍റെ സൂചനയായി ഇതിനെ കണ്ടാല്‍മതി. സംയുക്ത പ്രസ്താവനയെ മണ്ണാങ്കട്ടയും കരിയിലയും നടത്തിയ കാശിയാത്രപോലെ കൂട്ടിയാല്‍മതി. കാറ്റുംമഴയും വന്നു  കരിയില പറന്നുംപോയി മണ്ണാങ്കട്ട അലിഞ്ഞും പോയി. അതുകൊണ്ട് പൊരുന്നയും കാണിച്ചികുളങ്ങരയും ഉണ്ടാക്കുന്ന ചൊവ്വദോഷത്തെ പേടിക്കാനില്ല..പക്ഷെ ചാരനും ചൈനയും നടത്തുന്ന അപഹരണത്തെ കണ്ടില്ലായെന്നു നടിക്കരുത്. വീണ്ടും ഒരു കാര്‍ഗിലും, ഒരു മറിയംറഷീദയും നമുക്ക്‌ വേണ്ട..... കൈയ്യിലുള്ളത് വല്ലവനും തട്ടിയെടുക്കാതെയും, കക്ഷത്തിലുള്ളത് ചോരാതെയും നോക്കിയാല്‍ നന്ന്. അല്ലെങ്കില്‍ പൊതുജനം ബങ്കറുകള്‍ കുഴിക്കേണ്ടിവരും.

5 comments:

 1. സുനില്‍April 30, 2013 at 10:16 AM

  ഇവിടെ എന്തു സംഭവിച്ചാലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ നമ്മള്‍ വെളിയില്‍ ഉണ്ടാക്കും

  ReplyDelete
 2. അശോക്‌April 30, 2013 at 10:26 AM

  ഇനിയിപ്പോ വല്ല ഹോമവും നടത്തിയാലേ രക്ഷയുള്ളൂ.

  ReplyDelete
 3. ചുമ്മാ പടപ്പേല്‍ തല്ലുന്ന പത്രക്കാരും കിട്ടിയ അവസരം മുതലാക്കി.ഇതാണ് പറയുന്നത് അര്‍ദ്ധരാത്രി സൂര്യന്‍ ഉദിച്ചാല്‍ പലരും കുടുങ്ങും എന്നു പറയുന്നത്

  ReplyDelete
 4. വിമല്‍April 30, 2013 at 1:08 PM

  പറഞ്ഞത് കാര്യം പക്ഷെ ആരോട് പറയാന്‍

  ReplyDelete
 5. നമ്മള്‍ ഭയങ്കര സംയമനക്കാരല്ലേ?
  സംയമനം കണ്ടുപിടിച്ചതേ നമ്മളാ...

  ReplyDelete