**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, April 27, 2013

കുട്ടപ്പന്‍ മഠം. ദൂരം അരക്കിലോമീറ്റര്‍


 
വിദ്യാധരന്‍റെ വ്യകുലചിന്തകള്‍
 

    വെളിക്കിരിക്കാന്‍ പോയ വട്ടപ്പറമ്പില്‍ കുട്ടപ്പന് ‘വെളിപ്പെട്ടു’ എന്ന വാര്‍ത്തകേട്ട് എട്ടുനിലയിലാണ് ഞെട്ടിയത്. കട്ടന്‍കാപ്പിയും പുത്തന്‍പത്രവും ഒരേപോലെ സേവിക്കുമ്പോളാണ്; കറവക്കാരന്‍ അച്യുതന്‍, കുട്ടപ്പന് ‘വെളിപ്പെട്ട’ കാര്യം ഒരു വെളിപാടുപോലെ പൊട്ടിച്ചത്. വീട്ടില്‍ സൌകര്യമുണ്ടായിട്ടും പ്രകൃതിയുടെ ഗന്ധം ഏറ്റുവാങ്ങി കട്ടന്‍ബീഡിയും  വലിച്ചു സര്‍വേക്കല്ലില്‍ കുത്തിയിരിക്കുന്ന കുട്ടപ്പനെ, വെളുപ്പിന് ചൂട്ടു വെളിച്ചത്തില്‍ കണ്ടവരുണ്ട്. രാത്രിയില്‍ പുഴയിലിട്ടവലയില്‍ മീന്‍ തടഞ്ഞോന്നു തപ്പിനോക്കാന്‍ ചൂട്ടുവെളിച്ചത്തില്‍ പുഴക്കടവിലേക്ക് പോയ ദാസപ്പന്‍, കുട്ടപ്പന്‍റെ ഇരുപ്പിനു സാക്ഷിയാണ് . രാവിലെ തന്നെ സുഖകരമല്ലാത്ത കണി കാണേണ്ടായെന്നു കരുതി ദാസപ്പന്‍ എല്ലാം ഒരു ചിരിയിലൊതുക്കി മിണ്ടാതെ പോവുകയാണ് ചെയ്തത്. ..ഏതായാലും കാര്യം സീരിയസാണ്, കുട്ടപ്പനിപ്പോള്‍ വീട്ടിലിരുന്നു മറുഭാഷ പറയുകയാണത്രേ... .

 >        മാഷെ ഒന്നുപോയി കണ്ടോളു. ഈ വെളിപ്പെടലൊക്കെ നമ്മുടെ നാട്ടില്‍ ആദ്യമായിട്ടാ..

<          എന്‍റെ അച്യുതാ..... എനിക്കിതങ്ങോട്ടു വിശ്വസിക്കാന്‍ പറ്റണില്ല. നാട്ടുകാരെ മുഴുവന്‍ പറ്റിച്ചുനടക്കുന്ന കുട്ടപ്പന്, ഭഗവതിവെളിപ്പെട്ടുവെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാ.. കഴിഞ്ഞയാഴ്ച കൊച്ചിനു ഫീസ്‌ അടയ്ക്കാന്‍ വച്ചിരുന്ന കാശാണ്, മരുന്നുവാങ്ങനെന്നും പറഞ്ഞു വാങ്ങിക്കൊണ്ടു പോയത്. അന്നു വൈകുന്നേരം ഷാപ്പിന്‍റെ  മുറ്റത്തു ഉടുതുണിയില്ലാതെ പൂരപ്പാട്ട് നടത്തുന്നത് ഞാന്‍ കണ്ടതാ ..പിന്നെ ഇതുവരെ പൈസയും കണ്ടില്ല ആളെയും കണ്ടിട്ടില്ല .അവനെയൊന്നു കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു….’

 ചായകുടിച്ചശേഷം പത്രപാരായണവും നിറുത്തി കുട്ടപ്പന്‍റെ  വീടുവരെയൊന്നു പോയിവരാമെന്നു വച്ചു. തല്ക്കാലം ഭാര്യ അറിയേണ്ട കാര്യങ്ങള്‍..

അകലെനിന്നേ കാണാം... വീട്ടില്‍ നല്ല ആള്‍ക്കൂട്ടമുണ്ട്. ജനറേറ്റര്‍ വര്‍ക്ക് ചെയ്യുന്ന ഒച്ചകേള്‍ക്കാം. മുറ്റത്ത്‌  പന്തലു വലിച്ചുകെട്ടുന്ന തിരക്കിലാണ് കരക്കാര്‍. ഭഗവാനെ, കുട്ടപ്പന്‍ തട്ടിപ്പോയെന്നാ തോന്നുന്നത്, അടുക്കുംതോറും സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്‍റെയും മണം. വീടിന്‍റെ തിണ്ണയില്‍ എണ്ണത്തിരികള്‍ കത്തുന്നു.വീട്ടുമുറ്റം നിറയെ ആള്‍ക്കാരാണ്.

   എടാ ഉല്‍പ്പലാക്ഷാ.. എപ്പോഴായിരുന്നു.  എല്ലാം കഴിഞ്ഞോ...........?

    എന്ത് കഴിഞ്ഞോന്ന്>>?

  എപ്പോഴാ എടുക്കുന്നതു........... മാവ്‌ വെട്ടിയോ..?

 എന്‍റെ മാഷേ, മാവുവെട്ടലും കുഴികുത്തലും ഒന്നുമല്ല. കുട്ടപ്പന്‍ വെളിപ്പെട്ട് ഇരിക്കുകയാണ്. ഇടയ്ക്കിടെ ഓരോന്ന് പറയുന്നുണ്ട്; എല്ലാം പ്രവചനങ്ങളാണെന്നാ കൂടിയിരിക്കുന്നവര്‍ പറയുന്നത്. കാണണമെങ്കില്‍ ദേ, അകത്തേയ്ക്ക് ചെല്ലുക.കുറച്ചു കഴിഞ്ഞാല്‍ തിരക്കുകൂടും..

 വീടിനകത്തെയ്ക്ക് കടന്നു. നടുമുറിയില്‍ ചുറ്റുംകത്തുന്ന വിളക്കുകള്‍ക്കു നടുവില്‍ കുട്ടപ്പന്‍ ചമ്രം പടിഞ്ഞിരിക്കുന്നു. ചുറ്റും സ്ത്രീജനങ്ങള്‍ ഭക്തിനിര്‍ഭരം നില്ക്കുന്നു. ചിലര്‍ അറിയാവുന്ന രീതിയില്‍ ഭജന പാടുന്നുണ്ട്. ഭാര്യ ഗീതമ്മ കുട്ടപ്പന്‍റെ അടുത്തുതന്നെ ഇരിക്കുന്നു .മക്കളും ചുറ്റിലുമുണ്ട്.

നിര്‍മേഷവാനായി ഇമവെട്ടാതെ, കുട്ടപ്പന്‍ മച്ചിലോട്ടു നോക്കി ഇരിക്കുന്നു. എന്തോ വേദന കടിച്ചുപിടിച്ചിരിക്കുന്നതു പോലെയുള്ള ഇരിപ്പാണ്.

കുട്ടപ്പാ,,, കുട്ടപ്പാ.... ഇതു ഞാനാ വിദ്യാധരന്‍ എന്നേ മനസിലായില്ലേ..??

 ഭഗവാനെ, ഇവന്‍ ഒന്നും മിണ്ടുന്നില്ലല്ലോ.... എന്‍റെ രണ്ടായിരം രൂപ വെള്ളത്തിലാകുമോ.....

മാഷെ, ഇപ്പൊ ശല്യപ്പെടുത്തെണ്ട; കുറച്ചുനേരം ധ്യാനിക്കട്ടെ. ചിലപ്പോ എന്തെങ്കിലും വെളിപ്പെട്ടെക്കും;…………..’ ഭാര്യ ഗീതമ്മ ഇടപെട്ടു. ഇനിയിപ്പോ രക്ഷയില്ല.പുറത്തേയ്ക്ക് പോരുകതന്നെ....

  കുന്തം,  വെളിപ്പെടുന്ന ഒരു ചരക്ക്‌ ,നാടുനീളെ മോഷണവും, കിട്ടുന്നേടത്തുന്നൊക്കെ കടവുംവാങ്ങി ആള്‍ക്കാരെയും പറ്റിച്ചു നടക്കുന്നവനാ.... കെട്ടിയവളെ കുനിച്ചുനിറുത്തി ഇടിച്ചതിന്‍റെ പേരിലുണ്ടായ കേസില്‍; ഞാനാണ്‌ നാട്ടുകാരനായി പോലിസ്‌ സ്റ്റേഷനില്‍ പോയത്. ആ ലെവനാണ് ഇപ്പോള്‍ ഒറ്റരാത്രികൊണ്ടു വെളിപ്പെട്ടെന്നു പറയുന്നത്. അതും അവന്‍റെ ഭാര്യതന്നെ പറയുന്നു. ഭഗവാനെ എന്‍റെ പൈസ.... രമണിയെങ്ങാനും ഇതറിഞ്ഞാല്‍ എന്‍റെ കാര്യം പോക്കാണ്...

 മുറ്റത്ത്‌ നല്ല തിരക്കുണ്ട്. അറിഞ്ഞുകേട്ടാണ് ആളുകള്‍ വരുന്നത്. വരുന്നവരുടെയെല്ലാം കൈകളില്‍ പൂക്കളും പഴങ്ങളും. തിണ്ണയില്‍ ഒരു താലവും അടുത്തുതന്നെ വലിയൊരു കുട്ടയും സ്ഥാനംപിടിച്ചുകഴിഞ്ഞു. താലത്തില്‍ കൊള്ളാതെവരുന്ന പൂക്കളും പഴങ്ങളും കുട്ടയിലേക്ക് വീഴുന്നു. ആപ്പിളും, മുന്തിരിയും, പൂവന്‍പഴവും,  ഞാലിപ്പൂവന്‍പഴവും എല്ലാം വീഴുന്ന കൂട്ടത്തിലുണ്ട്. കൂട്ടത്തില്‍ ചില്ലറത്തുട്ടുകളും വീഴുന്നു. അതുകണ്ട ആരോ ഒരു നേര്ച്ചപ്പെട്ടിയും തിണ്ണയില്‍  സ്ഥാപിച്ചു. പെട്ടി കണ്ട് വരുന്നവരൊക്കെ കാണിക്കയും ഇടാന്‍ തുടങ്ങി.

 ലീല, ഗീത, വിലാസിനി, മാങ്ങാ, തേങ്ങ, പോകണം.. മുട്ടുന്നു.. മാറു.... തുടങ്ങിയ അവ്യക്തപദങ്ങള്‍ കുട്ടപ്പന്‍റെ വായില്‍നിന്നും വരുന്നുണ്ട്; ചുറ്റും നില്‍ക്കുന്നവര്‍ അതിനെ വെളിപ്പെടല്‍ എന്നാക്കുന്നു. വരുന്നവര്‍ വരുന്നവര്‍ കുട്ടപ്പന്‍റെ മുന്നല്‍ സാഷ്ടാംഗം വീഴുന്നു. എല്ലാവര്‍ക്കും കുട്ടപ്പന്‍ പൂക്കള്‍ കൊടുക്കുന്നുണ്ട്. കുട്ടികളുടെ കവിളില്‍ തട്ടുന്നു. സ്ത്രീജനങ്ങളുടെ തലയ്ക്കു പിടിക്കുന്നു. പുരുഷന്മ്മാരുടെ കീശയിലേക്കാണോ  നോക്കുന്നതെന്ന്...ഒരു സംശയം. (അത് എന്‍റെ വെറും തോന്നലായിരിക്കും.)ആകെ ഒരു വെളിപ്പെടല്‍ മയം.

 കണിയാനും, കോമരവും അമ്പലക്കമ്മിറ്റിക്കാരുമെല്ലാം എത്തിത്തുടങ്ങി. ഭഗവതി ആവേശിച്ചതാണെന്നാണ് ഭാഷ്യം. ഇതിനിടയില്‍ ഉല്‍പ്പലാക്ഷന്‍റെ നേതൃത്വത്തില്‍ കുട്ടപ്പന്‍റെ വീടിനുമുന്‍വശത്ത് ഒരു ബോര്‍ഡും സ്ഥാപിച്ചു ‘കുട്ടപ്പന്‍ മഠം’.

 ഇനിയിപ്പോ ഇവിടെനിന്നിട്ട് കാര്യമില്ല. വിശക്കാനും തുടങ്ങിരിക്കുന്നു. വീട്ടിലേക്കുതന്നെ  വിട്ടു. വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുംമക്കളും കുളിച്ചൊരുങ്ങി കസവുമുടുത്തു നില്‍ക്കുന്നു.

  എങ്ങോട്ടാണ് രാവിലെ അമ്പലത്തിലേക്കാ...

 നിങ്ങളറിഞ്ഞില്ലേ .. കുട്ടപ്പന്‍ച്ചേട്ടന് ഭഗവതി കൂടിയിരിക്കുന്നു. എല്ലാവരും പോകുന്നുണ്ട് തൊഴാന്‍; ഞങ്ങളും പോകുവ.....  നിങ്ങള്‍ക്കുള്ള കാപ്പി മേശപ്പുറത്തുണ്ട്.എടുത്തു കഴിച്ചോ.

പരമുനാരുടെ ചായക്കടയിലും ഇതുതന്നെ ചര്‍ച്ച. എല്ലാം കുട്ടപ്പന്‍റെ തട്ടിപ്പാണെന്ന് ഒരുപക്ഷം .ഭഗവതിയെ തൊട്ടുകളിക്കരുതെന്നു മറുപക്ഷം. ഇതൊന്നുമറിയാതെ  ഉച്ചയ്ക്കത്തെ ബസിനുവന്നവര്‍ കുട്ടപ്പന്‍ മഠത്തിലേക്കുള്ള വഴിയന്വേഷിച്ച് കവലയില്‍ വട്ടംകറങ്ങി.. അങ്ങനെ വൈകുന്നേരം കവലയിലും ഒരു ബോര്‍ഡുപൊങ്ങി, ആരോ സഹിതം. ‘കുട്ടപ്പന്‍ മഠം; ദൂരം അരക്കിലോമീറ്റര്‍’.

 ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുമെത്തി. വൈകിട്ട് ആറുമണിയോടെ  പഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്‍മാരും കുട്ടപ്പന്‍റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങുകയുണ്ടായി. കുട്ടപ്പസ്വാമി ഇനിമുതല്‍ നാടിന്‍റെ പൊതുസ്വത്താണെന്നും കുട്ടപ്പസ്വാമിയുടെ  വീട്ടിലേക്കുള്ളവഴി ഉടനെ ടാറു ചെയ്യുമെന്നും സ്വാമിയുടെ പേരിലുള്ള സകലകടങ്ങളും  എഴുതിതള്ളുമെന്നും പ്രസിഡന്‍റ് പ്രഖ്യാപിച്ചു.

 എന്നാലും എന്‍റെ രണ്ടായിരം......... ഭാര്യ അറിഞ്ഞിട്ടില്ല. അറിഞ്ഞാല്‍, എന്നെ പഞ്ഞിക്കിട്ടതുതന്നെ. മരുന്നു വാങ്ങാനാണ്, രണ്ടുദിവസം കഴിഞ്ഞുതരാമെന്നു പറഞ്ഞാണ് ആ കള്ളത്തിരുമാടി പൈസവാങ്ങിയത്.ഈ സമയംനോക്കി അവനു ഭഗവതികൂടുമെന്ന് ആരുകരുതി..??? അവിടെച്ചെന്ന് ചോദിക്കാമെന്നു വെച്ചാല്‍, ഭക്തരൊഴിഞ്ഞ നേരമില്ല. ഏതായാലും രാത്രിയാകുമ്പോള്‍ ഒന്നുകൂടിപ്പോയി നോക്കണം. അപ്പോള്‍ ഭക്തരുടെ തിരക്കു കുറയുമായിരിക്കും....  ഊഹംതെറ്റിയില്ല. ഒന്‍പതുമണിയോടെ തിരക്കു കുറഞ്ഞിരിക്കുന്നു. രാവിലെകണ്ട കുട്ടപ്പനല്ല, അല്‍പ്പം മാറിയിട്ടുണ്ട് എന്നാലും അത്രയങ്ങ് ശരിയായിട്ടില്ല.

   കുട്ടപ്പാ……………….

   ..മാഷേ ...................

ഭാഗ്യം എന്നെ തിരിച്ചറിഞ്ഞു..

  മാഷിങ്ങു വന്നേ……………….

 എന്നെയുംകൂട്ടി കുട്ടപ്പന്‍ അടുത്ത മുറിയിലേക്കുകടന്ന് കതകുചാരി.

 എന്‍റെ മാഷേ എനിക്കൊരു വെളിപാടും ഉണ്ടായിട്ടില്ല... പെട്ടു പോയതാണ്..

         എങ്ങനെ……………?

 രാവിലെ തൂറാന്‍ സര്‍വേക്കല്ലില്‍ ഇരിക്കുവായിരുന്നു. ഒരു ബീഡി കത്തിച്ച് ഇരുന്നതേയുള്ളൂ ഒരു ചൂട്ടുവെട്ടം എന്നെക്കടന്നുപോയി. ഒരു ചിരിയും കുട്ടപ്പനല്ലേ എന്നൊരു ചോദ്യവും. നോക്കുമ്പോള്‍ ആ രൂപം നേരെ പുഴയിലെക്കിറങ്ങുന്നു.  പെട്ടെന്ന് ചന്തിയില്‍ ആരോ തോണ്ടുന്നതുപോലെ തോന്നി.

എന്‍റെ മാഷേ സത്യംപറഞ്ഞാല്‍ ജീവന്‍ പോയി.. ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി. പേടിച്ചതുകൊണ്ട് ഒന്നും പറയാന്‍ പറ്റിയില്ല, നാക്ക് അനങ്ങുന്നതേയില്ലായിരുന്നു  ആകെ വിയര്‍ത്തുപോയി...അതുകണ്ട ഗീതമ്മയാണ് കരഞ്ഞു നിലവിളിച്ചു ആളെകൂട്ടിയത്. കൂട്ടത്തില്‍വന്ന  നാണിയമ്മ പറഞ്ഞു; ഭഗവതി വെളിപ്പെട്ട ലക്ഷണമാ കാണിക്കുന്നതെന്ന്.പണ്ട് അവരുടെ കുടുംബത്തും ഇങ്ങനെ വെളിപ്പെട്ടിരുന്നുവത്രേ..എന്തിനധികം പറയുന്നു എന്നെ എല്ലാവരുംകൂടി  പിടിച്ചു ഭാഗവതിയാക്കി...ഞാനങ്ങനെ തൂറാന്‍മുട്ടലും കടിച്ചുപിടിച്ചിരിക്കുന്ന സമയത്താണ് രാവിലെ മാഷ്‌ വന്നത്.

  ഹോ അങ്ങനെയാണല്ലേ കാര്യങ്ങള്‍………………………

 എനിക്ക് മടുത്തു, കയ്യുംകാലും വിറച്ചിട്ടുമേല... ഒരു കുപ്പി സംഘടിപ്പിക്കാന്‍ ആകുന്നതുനോക്കി; എവടെ,,,  വീട്ടിന്നു ആളുമാറിയ നേരമില്ല. ചുറ്റിലും പെണ്ണുങ്ങളും പിള്ളേരും.എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..ഇനിയിപ്പോ ഉള്ളതു പറഞ്ഞാല്‍ നാട്ടുകാരുടെ തല്ലുകൊള്ളും പന്തല്, ജനറേറ്റര്‍, മൈക്ക്‌ സെറ്റ്‌ എല്ലാത്തിന്‍റെയും പൈസയും ഉണ്ടാക്കേണ്ടിയും വരും; ചീറ്റിംഗ് കേസ്‌ വേറെയും. എന്താ ചെയ്യുക, ഒരു പിടിയും കിട്ടുന്നില്ല..

പെട്ടന്ന് വാതിലും തള്ളിത്തുറന്നു ഗീതമ്മ അകത്തേയ്ക്കുവന്നു

അതേ നിങ്ങള് പറഞ്ഞതൊക്കെ ഞാന്‍കേട്ടു. മിണ്ടാതിരുന്നോളണം....മാഷേ ഇങ്ങേരെക്കൊണ്ട് ഇതുവരെ എനിക്കോ പിള്ളേര്‍ക്കോ ഉപദ്രവമല്ലാതെ ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഞാന്‍ തൊഴിലുറപ്പിനുപോയിട്ടാ കുടുംബം പോറ്റിയത്. അറിയാമോ..  ദേ ഇന്നത്തെ ഒറ്റ ദിവസത്തെ കളക്ഷന്‍ എത്രയാണന്നറിയാമോ പതിനായിരം രൂപ ..നാളെമുതല്‍ ഇതിലുംകൂടും. ഇതിപ്പോ, എനിക്കും മാഷിനും മാത്രമേ സത്യം അറിയാവൂ. ഇതങ്ങനെ പോകട്ടെ. രണ്ടു പെണ്മക്കളെ കെട്ടിക്കാനുണ്ട്, കുറച്ചു സ്ഥലംവാങ്ങി നല്ലൊരു വീടുവെയ്ക്കണം. അതുവരെ ഭഗവതിതന്നെ ശരണം. കേട്ടോ മനുഷ്യാ..

   എടി എനിക്ക് മേലാകെ വിറയ്ക്കുന്നു.ഇന്നലെ കുടിച്ചതാ.. ഒരു തുള്ളി  കള്ള്‌ കിട്ടിയില്ല ഇതുവരെ......

 അതൊന്നും പേടിക്കേണ്ട അതൊക്കെ ഞാന്‍ എത്തിച്ചു തരാം; നിങ്ങളൊന്നു ഇരുന്നുതന്നാ മതി.  മാഷ്‌ എന്ത് പറയുന്നു….”

 എനിക്കീ രക്തത്തില്‍ പങ്കില്ല. പക്ഷെ കുട്ടപ്പന്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങിയ രണ്ടായിരം രൂപ വേണം..

ഇതാ മാഷിന്‍റെ രണ്ടായിരം പലിശയടക്കം....മാഷ്‌ ഒന്നും അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല ..വാ മനുഷ്യാ പുറത്തു ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നു..

പൈസയും വാങ്ങി പുറത്തേയ്ക്ക് നടന്നു.തിരക്കു കുറഞ്ഞെങ്കിലും ദര്‍ശനത്തിനു ക്യൂ ഉണ്ട്. കടുംഭക്തര്‍ മുറ്റത്ത്‌ തീ കൂട്ടി കട്ടന്‍ അടിച്ചു തണുപ്പ് മാറ്റുന്നു.

     മാഷ്‌ പോകുവാണോ……………………

    പോകുവാ, നാളെ സ്കൂളുണ്ട്………………….

കവലയില്‍ എത്തിയപ്പോള്‍, അടുത്തൊരു വണ്ടിവന്നു നിറുത്തി.

ഈ കുട്ടപ്പന്‍ സ്വാമിയുടെ മഠം എവിടെയാ,,,,ഞങ്ങള്  കുറച്ചു ദൂരത്തു നിന്നാണെ...

  എന്താ കാര്യം…………………

ഒരു ബാധ കൂടിയതാ ഒഴിപ്പിക്കാനാ..... വണ്ടിക്കത്തു ബോധമില്ലാതെ എന്തോ പുലമ്പുന്ന ഒരു ചെറുപ്പക്കാരന്‍...ദേ അതിലെ പോയാല്‍ മതി ബോര്‍ഡ്‌ കാണാം

 ഇവനും തൂറാന്‍ സര്‍വേക്കല്ലില്‍ കയറിയപ്പോള്‍ ചൂട്ടുവെട്ടം കണ്ടു പേടിച്ചതാണോ ആവോ..അങ്ങനെ ഗ്രാമത്തില്‍ ഒരു മനുഷ്യദൈവംകൂടി പിറവിയെടുത്തു കുട്ടപ്പ സ്വാമി...

 മതവിശ്വാസവും ഈശ്വരവിശ്വാസവുമൊക്കെ ഓരോ വ്യക്തിയുടെയും മനോഭാവങ്ങല്‍ക്കനുസരിച്ചു തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഈശ്വരന്‍ ഇല്ല എന്നു സ്ഥാപിക്കാന്‍ ഞാനൊരു നാസ്തികനുമല്ല. നന്മയിലേക്കുള്ള എല്ലാ വിശ്വാസങ്ങളും സ്വാഗതം ചെയ്യപ്പെടെണ്ടതുമാണ്.എന്നിരുന്നാലും ഇന്നലെ കുരുത്ത മനുഷ്യദൈവങ്ങളുടെ മുന്നില്‍ കമിഴ്ന്നുകിടക്കുന്നു കാലുപിടിക്കുന്ന മനുഷ്യരെ അല്പ്പം സഹതാപത്തോടെ മാത്രമേ കാണാന്‍ കഴിയൂ... ഇതുപറയാന്‍ കാരണം കേരളത്തിന്‍റെ ചീഫ്സെക്രട്ടറിയായിരുന്ന ഒരു മനുഷ്യന്‍ ഒരു മനുഷ്യദൈവത്തിന്‍റെ കാല്‍ക്കല്‍ വീണുകിടക്കുന്ന ഒരു ഫോട്ടോ കണ്ടു. സ്റ്റേജില്‍ രാഷ്ട്രിയനേതാക്കള്‍ക്കും മതമൊതലാളിമാര്‍ക്കും ഒപ്പം ഇരിക്കുന്ന മനുഷ്യദൈവത്തിന്‍റെ കാലില്‍ ഇങ്ങനെ ഒരാള്‍......

 വീണു കിടക്കുന്ന വ്യക്തിയെ സംബന്ധിച്ച അതു തികച്ചും വ്യക്തിപരമാണ്.അത് ചോദ്യംചെയ്യപ്പെടുന്നില്ല.പക്ഷെ ഒരു കേരളിയന്‍ എന്ന നിലയില്‍ കേരളത്തിന്‍റെ ഒരു മുന്‍ ഐ എ എസ് ചീഫ്‌സെക്രട്ടറിയുടെ ഈ കിടപ്പ് സഹതാപം അര്‍ഹിക്കുന്നു.ബഹുമാനം തെറ്റല്ല പക്ഷെ ബഹുമാനം ഭ്രാന്തിലേക്ക് മാറിയാല്‍ ചികിത്സ ആവശ്യമാണ്. അഭിപ്രായം തികച്ചും ആപേക്ഷികം മാത്രമാണ്.എങ്കിലും പറയാതെ വയ്യ സത്നംസിങ്ങിന്‍റെ പ്രേതമാണിവിടെ ആവേശിച്ചിരിക്കുന്നത്.  ഒഴിപ്പിക്കാനുള്ള ക്രീയകള്‍ ചെയ്യുന്നുണ്ട്...........സംയമനം.......... സംയമനം..........

12 comments:

 1. കിരണ്‍April 27, 2013 at 7:15 AM

  മനുഷ്യദൈവങ്ങളുടെ പിറവി പറഞ്ഞത് വളരെ ശരിയാണ് എന്റെ നാട്ടിലും ഇതുപോലെ സംഭവിച്ചു വെറും വെള്ളം വിറ്റ്‌ ആളു പൈസക്കാരനായി

  ReplyDelete
 2. അതുല്‍April 27, 2013 at 7:45 AM

  മനുഷ്യ ദൈവങ്ങളുടെ കാലുനക്കുന്ന എരപ്പകള്‍ സാംസ്കാരിക കേരളത്തിന്‌ അപമാനം

  ReplyDelete
 3. nannayittundu....paranjathu nooru shathamanavum shariyaanu..

  ReplyDelete
 4. ഒടുവിൽ ADGP യുടെ വക "അമ്മ"യെകെട്ടിക്കാൻ ഒരു അന്വേഷണ റിപ്പോർട്ടും !!!
  സത്നാമിന്റെ കൊലയാളികൾ ഇപ്പോളും വിശ്വാസത്തെ വ്യഭിചരിച്ചു നടക്കുന്നു

  ReplyDelete
 5. സംയമനം......സംയമനം.....തുളസി..സംയമനം

  ReplyDelete
 6. പ്രതികരിക്കണം, ഈ അവിവേക ക്രിയകളേ

  ReplyDelete
 7. നാട്ടകം സിദ്ധനെ പറ്റി കേട്ടിട്ടുണ്ടോ? ചുട്ട കോഴിയെ പറപ്പിക്കുന്ന ദിവ്യനായിരുന്നു

  എണ്‍പതുകളുടെ തുടക്കത്തില്‍ അസാധ്യം തട്ടിപ്പുകള്‍ നടത്തി കോട്ടയത്ത് വിരാജിച്ചിരുന്നു, ഒരിക്കല്‍ ഡീവയ്യെഫ്ഫൈ പ്രവര്‍ത്തകര്‍ ആശ്രമത്തില്‍ കയറി ഒന്നു മേഞ്ഞു, ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടടക്കം പൊക്കി.

  ഇപ്പൊ പുതിയൊരു അവതാരം ഉണ്ട് കോട്ടയത്ത് - തങ്കു ബ്രതര്‍ !!!

  പാതിരാത്രി റിപ്പോര്‍ട്ടര്‍ ചാനലില്‍ ലവന്റെ ആത്മീയ വിതരണമുണ്ട് (പണ്ട് ആ സമയത്ത് ചാനലിലൊക്കെ "ഏ" പടം ആയിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.)

  ReplyDelete
 8. സായി ബാബ ജീവിച്ചിരുന്ന കാലത്ത് പുട്ടപർത്തിയിൽ ചെന്ന് അങ്ങേരുടെ കാലു കൊണ്ടുള്ള ചവിട്ടു (ചവിട്ടിയാണ് ബാബ അനുഗ്രഹിക്കുന്നത് പോലും)തലയിൽ ഏറ്റു വാങ്ങുവാൻ ഇന്ത്യൻ പ്രസിടന്റ്റ് വരെ പോയിട്ടുണ്ട്,പിന്നെയല്ലേ വെറുമൊരു പഴഞ്ചൻ ചീഫ് സെക്രട്ടറി?സാതനം സിംഗിനെ പോലെ എത്രയോ പേർ ഇത് പോലെയുള്ള മാടമ്പിമാരുടെ കയ്യിൽ നിന്നും മരണം ഏറ്റു വാങ്ങിയിട്ടുണ്ട്.പുട്ടപർത്തിയിൽ ബാബയെ കൊല്ലുവാൻ ശ്രമിച്ചു എന്ന് ആരോപിച്ചു വെടി വെച്ച് കൊന്ന ആറ് പേരുടെ ശാപമാണ് മരിച്ചിട്ടും ബാബയെ വിടാതെ പിന്തുടരുന്നത്.സ്വന്തം മരണം പോലും തടയുവാൻ കഴിയാത്ത ദൈവങ്ങളെ ആരാധിച്ചു,ആരാധന ഭ്രാന്തായി മാറി സ്വന്തം നിളയും വിലയും മറക്കുന്ന അല്പ്പന്മാരോട് യഥാര്ത ദൈവം പൊറുക്കട്ടെ എന്ന് പ്രാർത്ഥിക്കാം.ദൈവം നടത്തുന്ന ആശുപത്രിയിലെ നർസുമാരുദെ സങ്കടം കാണുവാൻ കാഴ്ചയില്ലാത്ത ദൈവത്തിന്റെ കാലു നക്കുന്ന ഇത്തരക്കാരെ ചൂല് കൊണ്ട് അടിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

  ReplyDelete
 9. മിന്നല്‍ വാസുApril 27, 2013 at 4:36 PM

  ആസനത്തില്‍ കിളിര്‍ത്ത വാലും തണലാക്കി അതിന്‍റെ ചുവട്ടില്‍ നിലവിളക്കും നേര്‍ച്ചപെട്ടിയും വച്ച് കാശുണ്ടാക്കുന്ന മനുഷ്യ ദൈവങ്ങളെ പോലും മനസിലാക്കാന്‍ കഴിവില്ലാത്ത ഇവനൊക്കെ ആരാണോ ദൈവമേ ഐ പി എസ് കൊടുത്തത് കഷ്ടംതന്നെ

  ReplyDelete
 10. Almeeya vyaapaaram nadathunna manushya deivangalum, madhyavumaanu keralathintey eettavum valiya shaapam.

  ReplyDelete
 11. അമ്പും വില്ലുംApril 27, 2013 at 11:56 PM

  എല്ലാവരും തെറ്റുധരിച്ചു,വേദിയില്‍ പരസ്യമായി വ്യായാമം ചെയ്യുന്ന ഒരു മാന്യദേഹമാണ് ഫോട്ടോയില്‍ കാണുന്നത്.ഒന്നു പുഷ്അപ്പ്‌ എടുക്കാനും സമ്മതിക്കുകേല എന്നു വച്ചാല്‍ കഷ്ടമാണ് കേട്ടോ

  ReplyDelete