**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, April 17, 2013

ഡോക്ടര്‍മാര്‍ക്ക് പൊതുവിജ്ഞാനമില്ല; വിക്കി, ലീക്കായി.....


 

  പുതിയതായി സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിച്ച യുവഡോക്ടര്‍മ്മാര്‍ക്ക് വേണ്ടത്ര വിവരവുമില്ലാന്നു പി.എസ്.സി ചെയര്‍മാന്‍ വെടിപൊട്ടിച്ചപ്പോള്‍ ആദ്യം വിചാരിച്ചത്, അങ്ങേര്‍ക്കോ അങ്ങേരുടെ കുടുംബക്കാര്‍ക്കോ ഏതെങ്കിലും യുവഡോക്ടറുടെ കയ്യില്‍നിന്നും പണികിട്ടിയിട്ടുണ്ടാകു മെന്നാണ്. കാരണം എവിടുന്നെങ്കിലും പണികിട്ടുമ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ നല്ലരീതിയിലല്ല പോകുന്നതെന്ന് നമ്മുടെ നേതാക്കള്‍ക്ക് മനസിലാകുന്നത്. സാധാരണ അങ്ങനെ പണികിട്ടാറില്ല. നേതാക്കള്‍ എത്തുമ്പോള്‍ എല്ലാം പെര്‍ഫെക്റ്റായിരിക്കും. തങ്ങളുടെ കാര്യം മുറപോലെ നടന്നാല്‍ ജനങ്ങളുടെ കാര്യം ആരും ശ്രദ്ധിക്കാറില്ലായെന്നതാണ് വാസ്തവം. എന്‍റെ ചെറുപ്പത്തില്‍,  നാട്ടിലെ ഏക ടാറിംഗ് റോഡ്‌ നന്നാക്കുന്നത് അതിലെ മന്ത്രി വരുമ്പോഴാണ്, അതുകൊണ്ട് ഒരു മഴക്കാലം കഴിഞ്ഞാല്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടക്കുമ്പോള്‍ ദൈവമേ ഇതുവഴി ഏതെങ്കിലും മന്ത്രി വരണേയെന്നായിരുന്നു പ്രാര്‍ഥന. മന്ത്രിമാരും രാഷ്ട്രപതി തുടങ്ങിയ മാന്യദേഹങ്ങള്‍ കടന്നുപോകുന്ന വഴികളൊക്കെ യുദ്ധകാലാടിസ്ഥാനത്തിലാണ് നന്നാക്കുന്നത്.വഴിവിളക്കുകള്‍ കത്തുന്നു. ഒരിക്കലും വെള്ളംവരാത്ത വാട്ടറതോറട്ടിയുടെ പൈപ്പിലൂടെവരെ അന്നു വെള്ളംവരുന്നു. അങ്ങനെ പല അല്ഭുതങ്ങളും നടക്കും.

  അതവിടെ നില്‍ക്കട്ടെ നമുക്ക് ഡോക്ടര്‍മാരുടെ കാര്യത്തിലേക്ക് വരാം. ഏതോ വിക്കിലീക്സ് കേബിള്‍ പുറത്തായപോലെയാണ് മാധ്യമങ്ങള്‍ പി. എസ്.സി ചെയര്‍മ്മാന്‍ സര്‍ക്കാരിനുകൊടുത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഒറ്റ ദിവസംകൊണ്ട് എല്ലാംതീര്‍ന്നു. പിന്നിടാ വാര്‍ത്ത പൂട്ടിക്കെട്ടി. പെണ്ണുകേസും, ബലാത്സംഗം,പീഡനം,കളവ്, കൊല  തുടങ്ങിയവയാണ് ഇപ്പോള്‍ മാര്‍ക്കറ്റുള്ള ന്യൂസുകള്‍. അതിനിടയില്‍ കേരളത്തിന്‍റെ ആരോഗ്യമേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ ന്യൂസ് മുങ്ങി, അഥവാ മുക്കി.മാത്രമല്ല ചെയര്‍മ്മാന്‍ നടത്തിയ വെളിപ്പെടുത്തല്‍ അദേഹത്തിന്‍റെ സ്ഥാനത്തിന് പറ്റിയതല്ലായെന്ന ഐ.എം.എ യുടെ പ്രസ്താവന തുടര്‍ന്നു വന്ന ദിവസങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.എല്ലാ മണ്ടന്മാര്‍ക്കും, ചെയര്‍മാന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുവെങ്കില്‍ ഐ.എം.എ യ്ക്ക് തൃപ്തിയായേനേ...

  അസിസ്റ്റന്റ് സര്‍ജന്‍ നിയമനത്തിനായി കേരളത്തിലുടനീളം അഭിമുഖം നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച ശേഷം പി. എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്  കേരളത്തിന്‍റെ ആരോഗ്യരംഗത്ത് ആശങ്ക ഉളവാക്കുന്ന കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്..

 ഡോക്ടര്‍മാരാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്നും. പലര്‍ക്കും പൊതുവിജ്ഞാനം കുറവാണെന്നും. മെഡിക്കല്‍ ജേര്‍ണലുകള്‍ പോലും വായിക്കാറില്ലായെന്നും, പത്രംവായന തീരെയില്ലായെന്നും, സീരിയല്‍തുടങ്ങിയാല്‍ രോഗിയെ കാണാറില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  പത്രവായനയെഅലര്‍ജി പോലെയാണ് പലരും കാണുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയാരെന്നോ, ഗവര്‍ണര്‍ ആരെന്നോ, പ്രസിഡന്റ് ആരെന്നോ പോലും അറിയാത്തവരാണ് കൂടുതലും. മെഡിക്കല്‍ എത്തിക്‌സിനെക്കുറിച്ച് പലരും അജ്ഞാതരാണ്. പലര്‍ക്കും സര്‍ക്കാര്‍ ജോലി ഉറപ്പിച്ച ശേഷം അവധിയെടുത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ഇവര്‍ക്കൊന്നും ഗ്രാമീണ മേഖലയുമായി യാതൊരു ബന്ധവുമില്ല. പിന്നാക്ക, മലയോര പ്രദേശങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയില്ല. തുടങ്ങി  യുവഡോക്ടര്‍മാരുടെ നിലവാരം  പി.എസ്.സി. ചെയര്‍മാന്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

   പലരും വന്‍കിട ഹോസ്പിറ്റലുകളില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വിസ്സിലേക്ക് താത്പര്യം കാണിക്കുന്നത്. ലിസ്റ്റില്‍ വന്നിട്ടുള്ള ഭൂരിഭാഗവും സ്വാശ്രയ മെഡിക്കല്‍ കോളേജുവഴി പുറത്തിറങ്ങിയവരുമാണ്.

  ഇതൊക്കെ പി.എസ്.സി-ക്ക് മനസിലായത് ഇപ്പോഴാണ്.എന്നാല്‍ ജനങ്ങള്‍ക്ക്‌ ഇതു പണ്ടേ മനസ്സിലായ കാര്യങ്ങളാണ്. അന്‍പതും അറുപതും ലക്ഷങ്ങള്‍ മുടക്കി സീറ്റോപ്പിച്ചു, പുറത്തുവരുന്ന യുവഡോക്ടര്‍മ്മാരില്‍ നിന്നും മേല്‍പ്പറഞ്ഞ സാധനങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണ് എന്‍റെ അഭിപ്രായം.മികവിനേക്കാള്‍ കൂടുതല്‍ മടിശ്ശീലയുടെ കനത്തിലാണ് അധികം പേരും മെഡിസിന് പഠിക്കുന്നത്. അതുകൊണ്ട് എം.ബി.ബി.എസ് പാസ്സായോ എന്ന് നോക്കിയാല്‍ മാത്രം മതി. അധികം ചികയാന്‍ നിന്നാല്‍ വല്ലാതെ നാറും. പത്രം വായന, മെഡിക്കല്‍ ജേര്‍ണ്ണല്‍ വായന, സമൂഹ്യ രീതികളെക്കുറിച്ചുള്ള അറിവ്‌ ഇതൊക്കെ പി. എസ്.സി യുടെ കക്ഷത്തില്‍ത്തന്നെ വെച്ചാല്‍ മതി. മാര്‍ക്കറ്റ് വിവരം അറിയാമെന്നതൊഴിച്ചാല്‍ പത്രംകൊണ്ട് അത്രവലിയ കാര്യമൊന്നുമില്ല. വാര്‍ത്ത അറിയാന്‍ പത്രം തന്നെ വായിക്കണമെന്നൊന്നുമില്ല. മെഡിക്കല്‍ ജേര്‍ണ്ണലുകള്‍ വായിച്ചു സമയംകളഞ്ഞാല്‍ പത്തുകാശുണ്ടാക്കാന്‍ പറ്റുമോ. അറുപതുലക്ഷം മുടക്കിയാല്‍ അതിന്‍റെ പത്തിരട്ടിയെങ്കിലും തിരിച്ചു പിടിക്കണം; എങ്കിലേ ബിസിനസ് ലാഭമാണ് എന്നു പറയാന്‍കഴിയൂ. അതുപോലെ നമ്മുടെ സാമൂഹ്യജീവിതത്തെപ്പറ്റി യുവഡോക്ടര്‍മാര്‍ക്ക് അറിയില്ലായെന്നുമാത്രം പറയരുത്. അതു ഏറ്റവും നന്നായി അറിയാവുന്നത് അവര്‍ക്കാണ്. അതുകൊണ്ടല്ലേ ഒരു നക്കാപ്പിച്ചപോലും ഒപ്പിക്കാന്‍ പറ്റാത്ത, ഗ്രാമിണമേഖല തങ്ങള്‍ക്കു വേണ്ടാന്ന് അവരു പറയുന്നത്.

 പിന്നെ വകുപ്പുമന്ത്രിയുടെയും, ഗവര്‍ണ്ണറുടെയും പേരറിയില്ലായെന്ന കാര്യം. ഈ പറയുന്ന പി.എസ്.സി ചെയര്‍മാനറിയാമോ എല്ലാ മന്ത്രിമാരുടെയും പേരുകള്‍.അതുപോട്ടെ ഈ ഞമ്മക്ക് അറിയാമോ.ഇതൊക്കെ അറിയാനാണോ അഞ്ചുവര്‍ഷം ഇത്ര പൈസമുടക്കിപഠിച്ചത്. ഇതൊക്കെ പ്യൂണ്‍ പരീക്ഷയ്ക്ക് ചോദിച്ചാല്‍ മതി. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് മന്ത്രി മാറുന്നേടത്തു ഇവരുടെയൊക്കെ പേര്, ആരോര്‍ത്തു വയ്ക്കാനാണ്.അല്ലേല്‍ തന്നെ ഇതൊക്കെ അറിഞ്ഞിട്ടു എന്തുകാര്യം..... ഇവരെന്നാ വല്ല രാഷ്ട്ര ശില്‍പ്പികളും മറ്റുമാണോ.  ജാതിസമവാക്യങ്ങളും ഗ്രൂപ്പുകളും വീതം വച്ചപ്പോള്‍ ഒരു എം.എല്‍.എ മന്ത്രിയായി;അത്രതന്നെ  അതുവേണേല്‍ നാളെത്തന്നെ മാറാം, എവിടെയെങ്കിലും കൊണ്ടുപോയി ഇരുത്തണമല്ലോ എന്ന കാഴ്ച്ചപ്പാടില്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഗവര്‍ണ്ണര്‍ക്കസേര.....  ഇതില്‍ കവിഞ്ഞു ഇതിനൊക്കെ എന്തു പ്രധാന്യമാണ് ഉള്ളത്. സീരിയലുകള്‍ കാണുന്നുവെന്നു പറയുന്നു. ഡോക്ടര്‍മ്മാര്‍ സീരിയല്‍ കാണാന്‍ പാടില്ലായെന്ന് എവിടെങ്കിലും പറയുന്നുണ്ടോ..ഇതുവരെ അറിയില്ല.

   ഇനിയാണ് ഏറ്റവും പരമമായ കാര്യം മെഡിക്കല്‍ എത്തിക്സ്..... ഇതാരോടാ..... പറയുന്നത്. അതിനെക്കുറിച്ച് യുവാക്കള്‍ പോകട്ടെ, പ്രായമുള്ള എത്രപേര്‍ക്കറിയാം.. നോക്കുകൂലി തരാതെ ചരക്കിറക്കാന്‍ പറ്റില്ലായെന്ന് പറയുന്ന അട്ടിമറിക്കാരും ഡോക്ടര്‍മ്മാരും തമ്മില്‍ എത്തിക്സിന്‍റെ കാര്യത്തില്‍ വലിയ വിത്യാസമൊന്നുമില്ലായെന്നുള്ള കാര്യം ചെയര്‍മാന്‍ ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്യാന്‍ കൈക്കൂലി ,ഇടത്തെക്കാലില്‍ ചെയ്യേണ്ട ഓപ്പറേഷന്‍ വലത്തേക്കാലില്‍ ചെയ്യുന്നു.ചോദിച്ചാല്‍ കുഴപ്പം. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ അവശിഷ്ടങ്ങള്‍ പലതും വയറ്റില്‍ത്തന്നെയിട്ട് തുന്നിക്കൊട്ടുന്നു;ശിഷ്ടകാലം രോഗിയുടെ കാര്യം പോക്ക്. എം.ബി.ബി.എസ് പാസാകാതെതന്നെ ചികിത്സ തുടങ്ങുന്നു, രോഗികളോടുള്ള മോശമായ പെരുമാറ്റം, ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ ചെയ്യിക്കുക, ആവശ്യമില്ലാത്ത സാധങ്ങള്‍ ഓപ്പറേഷന്‍ സമയത്ത് വാങ്ങിപ്പിച്ചു മറിച്ചുവില്‍ക്കുക, നോര്‍മ്മല്‍ പ്രസവങ്ങളെ സിസേറിയാന്‍ ആക്കുക തുടങ്ങിയ ഒരു മാഫിയസംഘം കാണിക്കുന്ന എല്ലാ പ്രവര്‍ത്തികളും നമ്മുടെ ആരോഗ്യ മേഖലയില്‍ നടക്കുന്നത് ദിവസേനെയെന്നോണം നമ്മള്‍ കാണുന്നതാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എന്തുനടപടി വന്നാലും തൊഴിലുമുടക്കി സമരം പ്രഖ്യാപിച്ച് രോഗികളുടെ ജീവന്‍വെച്ച് വിലപേശുന്ന ഇവര്‍ക്കൊക്കെ എത്തിക്സ് എന്ന് പറയുന്ന സംഭവമേ ഇല്ലായെന്നു ആര്‍ക്കാണ്‌ അറിയാത്തത്., സമരംചെയ്യാന്‍ ഏറ്റവും  അത്യാവശ്യമുള്ള ഉത്സവസീസണുകളുതന്നെ തിരഞ്ഞെടുക്കുക. നാട്ടില്‍ ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും തമ്മില്‍ കശപിശ ഉണ്ടാകുമ്പോള്‍ പ്രഖ്യാപിക്കുന്ന സമരത്തെക്കാള്‍ ഒട്ടും മോശമല്ല ഡോക്ടര്‍മ്മാരുടെ സമരങ്ങള്‍. രോഗിയോ ബന്ധുക്കളോ ഡോക്ടരെ നോക്കിയാല്‍ സമരം, ഉന്തിയാല്‍ സമരം, തള്ളിയാല്‍ സമരം,സ്വകാര്യ പ്രാക്ടീസ് നിറുത്തിയാല്‍ സമരം, കുറ്റം ചെയ്ത ഡോക്ടര്‍രെ ശിക്ഷിച്ചാല്‍ സമരം, അറസ്റ്റ്‌ ചെയ്താല്‍ സമരം. എന്നിങ്ങനെ പോകുന്നു.ചുരുക്കത്തില്‍ ഐ.എം.എ പറഞ്ഞ പോലെ ഇതൊക്കെ വലിയ റിപ്പോര്‍ട്ടാക്കിയ പി.എസ്.സി ചെയര്‍മ്മാനാണ് തെറ്റിയത്..ഛെ......മ്ലേച്ചം......

  തങ്ങള്‍ ചെയ്യുന്നത് ഒരു മഹത്തായ സാമൂഹ്യസേവനമാണെന്നും, ദൈവത്തിന്‍റെകരങ്ങള്‍ത്തന്നെയാണ് തങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നതെന്നും, ആശയില്ലാതെ വരുന്നവന് പ്രത്യാശ പകര്‍ന്നുകൊടുക്കേണ്ടവരാണ് തങ്ങളെന്നും കരുതുന്ന എത്ര ഡോക്ടര്‍മ്മാരുണ്ട് നമ്മുടെയിടയില്‍..തപ്പിയാല്‍ മരുന്നിനെടുക്കാന്‍ പരുവത്തില്‍ അവിടെയുമിവിടെയും ഓരോന്നുകാണും അത്രതന്നെ.

  എന്നിരുന്നാല്‍ത്തന്നെയും എല്ലാവരേയും മുകളില്‍ പറഞ്ഞ കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയില്ല. എത്തിക്സിലൂടെത്തന്നെ നീങ്ങുന്ന ഡോക്ടെഴ്സിനേയും അവിടവിടെ കാണാമെന്നുള്ളതാണ് ഏക ആശ്വാസം. എന്‍റെ നാട്ടില്‍ സേവനംചെയ്യുന്ന ഡോക്ടര്‍ ദമ്പതിമാര്‍ ഒരുദാഹരണമാണ്. ആദ്യകാല കുടിയേറ്റനാളുകളില്‍ കൊട്ടിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സേവനം ചെയ്യാന്‍ എത്തുകയും, പിന്നിട് കേളകത്ത് സ്ഥിര താമസമാക്കുകയും ചെയ്ത ഡോക്ടര്‍ ദമ്പതിമാര്‍. ഓരോ രോഗിയുടെയും പേരും, വീട്ടുപേരുംവരെ ഡോക്ടര്‍ക്കറിയാം .എന്താ വിശേഷം, എന്ന ആ ഒറ്റ ചോദ്യത്തില്‍ത്തന്നെ ഒരു ടോണിക് കുടിച്ച പ്രതിതി കിട്ടുന്നു.ഏതൊരു വലിയ രോഗത്തിനും ആശ്വാസം കിട്ടുന്നു. ഡോക്ടര്‍ടെ ആറു നേരത്തെ മരുന്ന് കഴിച്ചാല്‍ ഇതു രോഗവും പമ്പകടക്കുമെന്നൊരു വിശ്വാസം തന്നെ ജനങ്ങളുടെയിടയില്‍ നിലനില്‍ക്കുന്നു.ആ, മാനസിക അടുപ്പം, രോഗിയോടുള്ള സമീപനം ഇവയെല്ലാം മരുന്നുപോലെ പ്രധാനംതന്നെയാണ്.

  ആതുരസേവനരംഗം കച്ചവടവത്ക്കരിക്കപ്പെട്ടുകഴിയുമ്പോള്‍, മുടക്കിയ ലക്ഷങ്ങള്‍ തിരിച്ചുപിടിക്കാനുള്ള വെപ്രാളത്തിനിടയില്‍ പൊതുവിജ്ഞാനവും, സമൂഹ്യസേവനവുമൊക്കെ കെട്ടിപ്പൂട്ടി തട്ടിന്‍പുറത്തിടും. അവിടെ  പണമാണ് എത്തിക്സ് തീരുമാനിക്കുന്നത്.മുടക്കാന്‍ പണമുണ്ടോ നിങ്ങള്‍ക്ക് എല്ലാ എത്തിക്സും ലഭിക്കും.പണമില്ലെ, കിട്ടിയതുതന്നെ മഹാഭാഗ്യമെന്നു കരുതി സ്ഥലം വിട്ടോളുക....

   ആരോഗ്യമേഖലയെ സേവനമേഖലയില്‍നിന്നു മാറ്റി കച്ചവട സ്ഥലമാക്കിയതില്‍ ഡോക്ടര്‍മ്മാരെമാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. സേവന മേഖലകളിലടക്കം യൂണിയനുകളുണ്ടാക്കി തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രിയക്കാരും,എന്തിനും ഏതിനും എനിക്ക് മറ്റുള്ളവരെക്കാള്‍ പരിഗണനകിട്ടാന്‍ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്ന നമ്മളും മാറണം. ആരോഗ്യമേഖലയില്‍ സമൂഹത്തോടുള്ള സേവനമാണ് മുഖ്യമെന്നു ചിന്തിക്കുന്ന ഡോക്ടര്‍റും,സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ സുരക്ഷിതത്വവും മാന്യമായ ജീവിതനിലവാരവും ഉറപ്പാക്കാന്‍ സര്‍ക്കാരും ,കൈക്കൂലി പോലുള്ള വളഞ്ഞ വഴികള്‍ സ്വികരിക്കുകയില്ലായെന്നു തീരുമാനിക്കുന്ന പൊതു സമൂഹവും ഉണ്ടായാല്‍ മാത്രമേ നമ്മുടെ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന ദുഷിച്ചു പ്രവണതകള്‍ക്ക് ഒരു മാറ്റം സാധ്യമാവുകയുള്ളു..

6 comments:

 1. ഒരു രോഗിയെ സംബന്ധിച്ച് ഡോക്ടർ ദൈവത്തിന്റെ നേർരൂപമാണ് ... നമ്മുടെ നാട്ടിലെ ഡോക്ടർമാർ പഠിക്കാൻ മുടക്കിയ കാശ് എങ്ങനെ തിരിച്ചു പിടിക്കും എന്ന് മാത്രം ചിന്തിക്കുന്ന കൂട്ടരായി മാറി , (അങ്ങനെ അല്ലാത്ത വളരെ ചുരുക്കം ആളുകളും ഉണ്ടാവും ല്ലേ )

  ReplyDelete
 2. മോഹന്‍April 17, 2013 at 9:47 AM

  എങ്ങനെയും രോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുക എന്നതാണ് പുതിയ എത്തിക്സ്

  ReplyDelete
 3. അത്ര സേവനരംഗം വെറും കച്ചവടകേന്ദ്രമായി മാറിയിരിക്കുന്നു സര്‍ക്കാരും അതിനു ചൂട്ടു പിടിക്കുകയാണ് ചെയ്യുന്നത്

  ReplyDelete
 4. മിന്നല്‍ വാസുApril 17, 2013 at 10:19 AM

  എല്ലാവരും കടന്നുവരു മടിക്കാതെ വരൂ പനി, ചൊറി, ചിരങ്ങ്, വട്ട ചൊറി,എല്ലാത്തരം വേദനകള്‍,വിങ്ങലുകള്‍,തേങ്ങലുകള്‍.ഒടിവ്‌,ചതവ്,പുറത്തുപറയാന്‍ മടിക്കുന്ന രഹസ്യരോഗങ്ങള്‍ എല്ലാത്തിനും ഒരു മണിക്കൂറിനകം പ്രതിവിധി..ഡിങ്കന്‍ മഠം.തൃശൂര്‍. ബസിനു വരുന്നവര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങി മേലോട്ട് നോക്കി നിന്നാല്‍ മതി.അല്ലാത്തവര്‍ ഓട്ടോപിടിച്ചു കറങ്ങുക.

  ReplyDelete
 5. എന്തോന്ന് എതിക്സ്
  നാല കാശൊണ്ടാക്കാന്‍ നോക്ക്

  ReplyDelete
 6. സ്വകാര്യ മെഡിക്കൽ കോളേജിൽ പണം കൊടുത്ത് ചേരാൻ ആളെപിടിക്കാൻ ഏജെന്റുമാർ. അവിടെ പഠിച്ചവർ രോഗികളെ പിഴിയാതെ എന്ത് ചെയ്യും? ഇവിടെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പലതിനും ചികിത്സ ഫ്രീ ആയാണ്. എന്നാൽ ആളുകൾക്ക് അങ്ങോട്ട് പോവാൻ ഭയം.

  ReplyDelete