**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, July 23, 2013

അട്ടപ്പാടിയിലെ ശിശുമരണം ബിരിയാണി കഴിച്ചിട്ടോ.?

വിദ്യാധരന്റെ വ്യാകുലചിന്തകള്‍
 
  ലോകാവസാനം അടുത്തോ എന്നൊരു സംശയം. വെളിവുകളും വെളിവുകേടുകളും തമ്മില്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല. കല്ലറതുറന്നു പല ശവങ്ങളും ഉയര്‍ത്തുവെന്നു പറഞ്ഞാലും അത്ഭുതപ്പെടാനില്ല.എല്ലാ ദൈവങ്ങളും എല്ലാ മതങ്ങളും പിറവിയെടുത്തത് മധ്യപൌരസ്ത്യ ദേശങ്ങളിലാണെങ്കിലും, ചിന്തകന്‍മ്മാരും ചിന്തകളും അധികവും ഉണ്ടാകുന്നത് പടിഞ്ഞാറുനിന്നാണ്. എന്നാല്‍ ഇക്കുറി പതിവിനു വിപരിതമായി നമ്മുടെ നാട്ടുകാരായ ചിന്തകന്മ്മാരുടെ ചില ചിന്തകളും മഹത് വചനങ്ങളും നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്...ലിസ്റ്റില്‍ ഒത്തിരി പ്പേര്‍ ഉണ്ടെങ്കിലും ഈയാഴ്ച്ചയിലെ മഹനിയ ചിന്തകരില്‍ മുന്നിട്ട് നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്. അട്ടപ്പാടിയില്‍ ആദിവാസികള്‍ ഫുഡ്‌ കഴിക്കാത്തതാണ് ശിശുമരണം ഉണ്ടാകാന്‍ കാരണമെന്നു മുഖ്യമന്ത്രി കണ്ടുപിടിച്ചിരിക്കുന്നു...മറ്റൊരുപ്രശ്നം അവര്‍ കക്കൂസ് ഉപയോഗിക്കുന്നില്ല എന്നതാണ്...ഫുഡ്‌ കഴിക്കാത്ത കാലത്തോളും കക്കൂസ് ഉപയോഗിക്കേണ്ട ആവശ്യം വരുമോ എന്നതിനെക്കുറിച്ച് ഒരു മന്ത്രിതലചര്‍ച്ച ആവശ്യമാണ്. പാല്‍, മുട്ട, അണ്ടിപ്പരിപ്പ്, ബദാം, രാഗി, ഗോതമ്പ്, അരി, പയര്, ഉപ്പ്, മുളക്, പഞ്ചസാര ഇവയെല്ലാം ആദിവാസി ഊരുകളുവഴി വേണോ വേണോ എന്നു ചോദിച്ചുകൊണ്ട് നടക്കുകയാണ്...കക്കൂസില്‍ പോകാനുള്ള മടി കാരണം ഇവറ്റകള്‍ ഇവയൊന്നും കഴിക്കുന്നില്ല...കാര്യം മനസിലാക്കി ഫുഡ്‌ കഴിക്കേണ്ടത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കാന്‍ വോളണ്ടിയര്‍മ്മാരെ വച്ചിട്ടുണ്ട്. ആദ്യപടിയായി എങ്ങനെ മുള്ളും കത്തിയും ഉപയോഗിച്ചു കഞ്ഞികുടിക്കാം എന്നാണ് പഠിപ്പിക്കുന്നത്‌..കഞ്ഞികുടി കഴിഞ്ഞാല്‍ എങ്ങനെ യൂറോപ്യന്‍ ക്ലോസറ്റില്‍ തൂറാം എന്നതിനെക്കുറിച്ചാണ് ക്ലാസ്.. അതിനായി വയറ്റിളക്കം പിടിച്ച വളണ്ടിയര്‍മാരെ അങ്ങ് ടെല്‍ഹിന്നു കൊണ്ടുവന്നിട്ടുണ്ട്.. ഇതൊന്നു പഠിപ്പിച്ചുകഴിഞ്ഞാല്‍ അട്ടപ്പാടിയിലെ ശിശുമരണം നിലയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.കാറ്റുള്ളപ്പോള്‍ എങ്ങനെ തൂറ്റാം`എന്നു പഠിപ്പിക്കാന്‍ നാലഞ്ചു കാറ്റാടിയന്ത്രങ്ങളും അട്ടപ്പാടിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. സരിത ജയിലിലായതാണ് പദ്ധതി വൈകാന്‍കാരണം, ഉടനെ ഒരു തീരുമാനമുണ്ടാകും...

 ഇങ്ങനെ പുളകിതനായി ഇരിക്കുമ്പോഴാണ് അടുത്ത ചിന്തകന്‍ വരുന്നത്. വിശ്വമലയാളത്തില്‍ പങ്കെടുക്കാന്‍ പരലോകത്തേക്കുവരെ ക്ഷണകത്തയച്ച ആളാണ്. സി വി രാമന്‍പിള്ളയെ ഒറ്റരാത്രികൊണ്ട്‌ സി വി രാമനാക്കി മാറ്റിയ വകുപ്പിന്‍റെ തലവനുമാണ്.... അപ്പൊ പറയുന്നത് കേള്‍ക്കണം... ശിശുക്കളുടെ അമ്മമാര്‍ പട്ടച്ചാരായം അടിച്ചു മുട്ടയും തിന്നു നടക്കുന്നതിനാലാണ് ശിശുമരണം ഉണ്ടാകുന്നതെന്നാണ് ടിയാന്‍ കണ്ടുപിടിച്ചു കളഞ്ഞത്. ഈ പഠനത്തില്‍ രണ്ടാമതൊരു ഡോക്ടറേറ്റും കിട്ടാന്‍ സാധ്യതയുണ്ട്. ചില്ലറ ആളല്ല; മുഖ്യന്‍റെ മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ഇതു പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അട്ടപ്പാടി നിവാസികള്‍ ഒന്നും കഴിക്കുന്നില്ല കുടിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ വാദം, ഒരു മന്ത്രിതന്നെ തള്ളിയിരിക്കുന്നു. മുട്ടയുടെകൂടെ പട്ടയടിക്കാന്‍ പാടില്ല എന്നൊരു ബോധവല്‍ക്കരണം അട്ടപ്പാടി കേന്ദ്രികരിച്ചു ഉടനെയുണ്ടാകും അതിനായി ചില്ലറ കോടികള്‍ ഉടനെ മാറ്റിവയ്ക്കും എന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.....

 പറഞ്ഞതുവെച്ചു നോക്കുമ്പോള്‍ കാര്യങ്ങള്‍ നൂറു ശതമാനവും ശരിയാണ്.. പട്ടിണികിടന്നാല്‍ മരണം ഉറപ്പാണ്‌...ശിശുമരണം അധികവും പോഷകാഹാരക്കുറവ് മൂലമാണെന്നതും ശരിയാണ്..പക്ഷെ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് താന്‍ അങ്ങനെ പറഞ്ഞിട്ടില്ല ഭക്ഷണം കഴിക്കാതെ അവിടെ ആരും മരിച്ചിട്ടില്ല തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് എന്നാണ്.. അപ്പൊ ഇതാണ് ശരി; തിന്നു തിന്നു വയറു വീര്‍ത്താണ് ശിശുക്കള്‍ മരിച്ചതെന്നു വിശ്വസിക്കാം..അല്ലേ. സരിത വിഷയത്തില്‍ രാമചന്ദ്രന്‍നായര്‍ കള്ളം പറഞ്ഞാലും മുഖ്യമന്ത്രി കള്ളം പറയില്ല..എന്നൊരു തിയറിതന്നെ രൂപപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍ കള്ളം പറയില്ല എന്നതാണ് പരക്കെ അംഗികരിക്കപ്പെട്ട തിയറി..ഭരണഘടനയില്‍ അതു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതും വിശ്വസിക്കാം..അങ്ങനെ അട്ടപ്പാടിയിലെ ശിശുമരണം അമിതാഹാരം കഴിച്ചതു കൊണ്ടാണെന്ന നിഗമനത്തില്‍ എത്താം..

  മനുഷ്യനു ജീവിക്കാന്‍ അത്യാവശ്യംവേണ്ടത് വായൂ, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം  ഇവയാണ്..അതില്‍ വായൂ നമ്മുടെ സര്‍ക്കാര്‍ ആവശ്യംപോലെ തരുന്നുണ്ട്..സര്‍ക്കാരിന്‍റെ സബ്സീടി കിട്ടുന്നതുകൊണ്ട് എ.പ്പി.എല്‍, ബി. പി. എല്‍ വിത്യാസംകൂടാതെ എല്ലാവര്ക്കും വായൂകിട്ടുന്നുണ്ട്‌. പാര്‍പ്പിടമെന്നത് അത്ര പ്രസക്തമല്ല. ആര്‍ഷസംസ്കാരത്തില്‍ വല്ല കാട്ടിലോ കൂട്ടിലോ ഒക്കെ കൂടിയാല്‍ മതി. പിന്നെ വസ്ത്രം അത് എത്രത്തോളം ഒഴിവാക്കാമോ അത്രയും നല്ലത്, പ്രത്യേകിച്ചും സ്ത്രീകള്‍..നഗ്നത പ്രദര്‍ശനം ഒരു സാമൂഹ്യ സേവനമാണെന്നാണ് പ്രമുഖ സമൂഹ്യപ്രവര്‍ത്തക പൂനംപാണ്ടേ പ്രസ്താവിച്ചിരിക്കുന്നത്‌, അതു തെറ്റാന്‍ ഒരു വഴിയുമില്ല. പിന്നെ ഭക്ഷണം അവിടെയാണ് പ്രശ്നം. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പാലും, മുട്ടയും, അണ്ടിപ്പരിപ്പും, ചോറുമൊന്നും കഴിക്കാതെ ഈ ആദിവാസികള്‍ വായൂമാത്രം കഴിക്കുന്നതാണ് യഥാര്‍ത്ഥപ്രശ്നം. അതാരും മനസിലാക്കുന്നില്ല.. അതുകൊണ്ട് ശിശുക്കളെ നിര്‍ബന്ധിച്ചു പാലും, മുട്ടയും, അണ്ടിപ്പരിപ്പും ബദാമും, അരച്ചുകലക്കി കുടിപ്പിക്കാനുള്ള ഒരു ബദല്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.അതിനായി പ്രമുഖ പാലുകാച്ചലുകാരെയും കരിക്കു കുടികാരെയും അട്ടപ്പടിയിലേക്ക് അയക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ ആയിട്ടുണ്ട്‌.

 അതുപോലെ മുട്ടവിഴുങ്ങി പട്ടയടിച്ചു പൂസായി നടക്കുന്ന അമ്മമാരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജും ഉടനെ നടപ്പിലാക്കും.അതിനായി അമ്പലം വിഴുങ്ങികളുടെ കണക്ക് എടുത്തുകൊണ്ടിരിക്കുയാണ്.ഇതെല്ലാം കൂടിനോക്കുമ്പോള്‍ ലോകാവസാനം ഉടനെ ഉണ്ടാക്കാന്‍ സാദ്ധ്യത ഉണ്ട്.

 ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങു പറയുന്നകാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ഒരു ജനകിയനേതാവിന്‍റെ വാക്കുകളാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അട്ടപ്പാടിയിലും അതുപോലെ പിന്നോക്ക പ്രദേശങ്ങളിലും പിന്നോക്ക ക്കാരായ ആദിവാസികളുടെ കാര്യംനോക്കാനും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും അധികാരപ്പെട്ട ഒരു വകുപ്പും അതിനു ഒരു മന്ത്രിയും അങ്ങയുടെ കീഴിലുണ്ട്. ഈ മന്ത്രിയ്ക്കും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കും എന്താണ് പണി എന്നറിഞ്ഞാല്‍ കൊള്ളാം. സുതാര്യത, ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കല്‍ തുടങ്ങിയ ഗിമിക്കുകളുടെ വിശ്വാസ്യത അനുദിനം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. സുതാര്യതയില്‍  കേറിനിരങ്ങാന്‍ ഇനി ബണ്ടിച്ചോര്‍ മാത്രമേ ബാക്കിയുള്ളൂ...രാത്രി കാലത്തെ പാളയം ബസ്സ്‌സ്റ്റാന്റിനെ പോലും നാണിപ്പിക്കുന്ന ഇടാപടുകളാണ് സുതാര്യതവഴി നടന്നത്. എന്നിട്ടും എല്ലാം ശരിയാണെന്ന് പറയുന്നു..അതും വിശ്വസിക്കുന്നു..

 ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനുമുള്ള ജനാധിപത്യസംവിധാനമാണ് മന്ത്രിസഭ. ഭരണത്തെ വകുപ്പുകളായി തിരിച്ച്, ഒരോവകുപ്പിനും തലവനായി മന്ത്രിമാരെ നിയമിച്ചുകൊണ്ട് മന്ത്രിക്കുകീഴില്‍ അങ്ങു താഴെത്തട്ടില്‍ വരെ നീളുന്ന ഉദ്യോഗസ്ഥവൃന്തവും ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്തിരിക്കുന്നതാണ്. അതായതു അങ്ങയുടെ മുന്നില്‍ എത്തുന്ന ഏതൊരു പരാതിയും അങ്ങയുടെ കീഴിലുള്ള മന്ത്രിമാരുടെ വിവിധ വകുപ്പുകള്‍ തീര്‍ക്കേണ്ടാതാണ്. അതിനു വേണ്ടിയാണ് മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി പ്യൂണ്‍ വരെ നീളുന്ന ഉദ്യോഗസ്ഥന്‍മ്മാരുള്ളതു...പരാതി പരിഹാരത്തിനായി അങ്ങു തന്നെ നേരിട്ടിരങ്ങുമ്പോള്‍ ഇവയൊന്നും വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. ഈ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്നെ എന്താണ് പരിപാടി,, എല്ലാം കേള്‍ക്കാനും തീര്‍ക്കാനും അങ്ങുമാത്രം മതിയെങ്കില്‍പ്പിന്നെ  എന്തിനാണ് പത്തൊന്‍പതു മന്ത്രിമാരും അവരുടെ സേവകരും അടങ്ങുന്ന പെരുച്ചാഴികളെ ഖജനാവ് കട്ടുമുടിക്കാന്‍ അനുവദിക്കുന്നത്. ഇവര്‍ ഒരു മാസം പൊടിക്കുന്ന കോടികള്‍ മാത്രംമതി അട്ടപ്പാടിയെ സ്വര്‍ഗമാക്കാന്‍.. ഇരുപത്തിനാലുമണിക്കൂറും ഓഫിസും തുറന്നുവെച്ചിട്ടു അങ്ങ് ലോകംച്ചുറ്റാന്‍ പോയാല്‍..അങ്ങയുടെ കസേരയില്‍ പട്ടി കയറിയിരിക്കും; എന്നതിനിപ്പോള്‍ പ്രത്യേകിച്ച് തെളിവൊന്നും വേണ്ടല്ലോ. അങ്ങ് ആര്‍ജവമുള്ള മുഖമന്ത്രിയാണെങ്കില്‍ സ്വന്തം ഓഫിസ്സില്‍ ഇരുന്നുകൊണ്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കാനും മറ്റു മന്ത്രിമാരെക്കൊണ്ട് അവരുടെ പണി എടുപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. പട്ടിണിമരണങ്ങളും വിലക്കയറ്റവും പൊറുതിമുട്ടിക്കുമ്പോള്‍ കേരളഭരണം, ചില പെണ്ണുങ്ങളുടെ പാവാടച്ചരടില്‍ ഇഴയുന്ന വെറും കാഴ്ച തോന്നലൊന്നുമല്ല.....

 ഭക്ഷണംകിട്ടാതെ പട്ടിണികൊണ്ട് മരിക്കുമ്പോള്‍ അതു ഭക്ഷണം കഴിക്കാത്തതുകൊണ്ട് സംഭവിച്ചതാണെന്നു ഒരു ഇംഗ്ലീഷ് വാരികയോട് ഒരു ഉളുപ്പുമില്ലാതെ തട്ടിവിട്ടത് കേരളിയര്‍ക്കു ഇംഗ്ലീഷ് മനസിലാവില്ല എന്ന ധാരണ കൊണ്ടാകും...ആ കാലം പോയി സാര്‍. നാടുനീളെ ഇംഗ്ലീഷ്മീഡിയങ്ങള്‍ മുളച്ചുവരുമ്പോള്‍ ‘ഔട്ട് ലുക്ക്‌’ വായിക്കാന്‍ മലയാളിയും പഠിക്കും. അമ്മമാര്‍ കുഞ്ഞുങ്ങളെ നോക്കാതെ ചാരയമടിച്ചു നടക്കുന്നതാണ് ശിശുമരണത്തിനു കാരണമെന്നു ഒരു മന്തി സോറി മന്ത്രി പറഞ്ഞിരിക്കുന്നു. വ്യാജവാറ്റും, കള്ളച്ചാരായവിതരണവും തടയാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താതെ പട്ടയും,മൊട്ടയും മോന്തി വെളിവില്ലാതെ വളിപ്പ് പറയുന്ന ഇത്തരം ഇനങ്ങളെ ജനങ്ങളെ ഓര്‍ത്തെങ്കിലും സഭയില്‍ നിന്നു ഒഴിവാക്കണം. ശേഷകാലം ഇവരെ ഏതെങ്കിലും കള്ളുഷാപ്പിന്‍റെ താക്കോലും കൊടുത്തു വിടണം. മുട്ടയും പട്ടയും അടിച്ചു അവിടെ കൂടട്ടെ...

 ഭക്ഷണം കൊടുത്തിട്ടും; അതു കഴിക്കാത്തതാണ് ശിശുമരണത്തിനു കാരണമെന്നും, കുഞ്ഞിനെമുലയുട്ടേണ്ട അമ്മ ചാരായം അടിച്ചു നടക്കുകയാണ്..... തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍ നടക്കുന്ന നാട്ടില്‍, പൂനം പാന്‍ണ്ടെ  പറഞ്ഞതിലും കാര്യമുണ്ട്.. ആരാധകര്‍ക്ക് എന്‍റെ നഗ്നത ഇഷ്ടമാണ്. മാത്രമല്ല ഈ തുണിയഴിക്കല്‍ ഒരു സാമൂഹ്യസേവനം കൂടിയാണ് എന്നാണ് പുള്ളിക്കാരി പറഞ്ഞിരിക്കുന്നത്.  ഭരണം ഒരു സാമൂഹ്യ സേവനമായതുകൊണ്ട്...ശിശുമരണവും പട്ടിണിയുമെല്ലാം ഭരണത്തിന്‍റെ ഭാഗമാണെന്നും, മന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും അഴിമതിയും അവിഹിതവേഴ്ചകളും അനുയായികള്‍ക്ക് ആസ്വദിക്കാനുള്ള വകയാണെന്നും പറഞ്ഞാല്‍ നമുക്കതങ്ങ് വിശ്വസിക്കാം അല്ലേ...’നിന്‍റെ രഹസ്യഭാഗങ്ങള്‍ മൃദുലമാണെന്ന’ എസ്.എം.എസ് വായിച്ചു ചിരിക്കാം. മന്ത്രിമാരെയും എം. എല്‍. എ മാരെയും ശരിരംകൊണ്ട് കീഴ്പ്പെടുത്തി എന്നുപറഞ്ഞാല് അതിന്‍റെ വീഡിയോ തരൂ ഞങ്ങള്‍ കണ്ടുനോക്കട്ടെ എന്നുപറഞ്ഞു സന്തോഷിക്കാം.. അന്ത്യകാലത്തിന്‍റെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.മൂലക്കുരുവും അര്ശ്ശസും ഉള്ളവര്‍ക്ക് ചിക്കന്‍ കഴിച്ചുതുടങ്ങാം. കരിക്കുകുടിയും പാലുകാച്ചാലും നടക്കട്ടെ...യുവാക്കള്‍ മുതല്‍ പടുകിളവന്മാര്‍വരെ പാവാട ച്ചരടില്‍ തൂങ്ങട്ടെ.... ഭക്ഷണം കൊടുത്താല്‍ അതു കഴിക്കാതെ മരിക്കുന്ന, കക്കൂസ് ഉപയോഗിക്കാത്ത ജനം. കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കാതെ ചാരായം കഴിക്കുന്ന അമ്മമാര്‍... കലികാലം.. കല്ലുമഴ ???/

14 comments:

  1. മുഖ്യ മന്ത്രിയെ ന്യായീകരിക്കുന്നതല്ല!! പക്ഷെ അദ്ദേഹം പറായുന്നതിൽ സത്യമുണ്ട് ആദിവാസികളുടെ ജീവിത രീതി തികച്ചും വ്യത്യ്സ്ഥമാണു.അവർക്ക് എത്തിക്കുന്ന പോഷകാഹാരം അവർ കഴിക്കാതെ കളയുകയാണു പകരം അവർ മുമ്പേ ശീലിച്ച ഭക്ഷണം തന്നെ കഴിക്കുന്നു എന്നാണു അദ്ദേഹം പറഞതിന്റെ അർഥം അല്ലാതെ അവർ പട്ടിണി കിടക്കുന്നു എന്നല്ല!! നമ്മുടെ മാധ്യമങ്ങളും/സോഷ്യൽ മീഡിയയിലെ ഓൺ ലൈൻ തൊഴിലാളികളൂം അത് വളച്ചൊടിച്ചതാണു എന്നു അനുമാനിക്കേണ്ടി വരും!!

    ReplyDelete
  2. എല്ലാത്തിനും സര്‍ക്കാരിനെയും മന്ത്രിമാരെയും കുറ്റംപറയുക അതൊരു ട്രെന്‍ഡ് ആണ്. അവരെ വോട്ടു കൊടുത്ത് ജയിപ്പിച്ചു വിട്ടാല്‍ എല്ലാം തീര്‍ന്നുവെന്നു കരുതുന്ന ജനതയ്ക്ക് ഇതൊക്കെ അനുഭവിക്കാന്‍ തന്നെയാണ് വിധി.

    ReplyDelete
    Replies
    1. എല്ലാത്തിനും ജനത്തെ കുറ്റം പറയുന്ന നേതാക്കളുടെ നാട്ടില്‍ മറ്റെന്തു ചെയ്യാന്‍ കഴിയും കാത്തി

      Delete
  3. ഞാന്‍ കുറ്റപ്പെടുത്തുന്നതല്ല പടന്നക്കാര..എങ്കിലും പറയട്ടെ "അവര്‍ക്ക് എത്തിക്കുന്ന പോഷകാഹാരം അവര്‍ കളയുന്നു.' ഇതല്ല സത്യം അവര്‍ക്ക് അനുവധികുന്ന പോഷകാഹാരം അവര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.അത് മറ്റു പലരെയും ആണ് പോഷിപ്പിക്കുന്നത്...ശിശുമരണം ആദ്യമായി റിപ്പോട്ട് ചെയ്തപ്പോള്‍ അവിടെത്തിയ അരോഗ്യ പ്രവര്‍ത്തകര്‍ കണ്ട പട്ടിണിയുടെ മുഖം പെട്ടന്നു മറക്കാന്‍ കഴിയുമോ.പോഷകാഹാരം പോയിട്ട് തരാമെന്ന് പറഞ്ഞ അരിപോലും കിട്ടിയില്ല എന്നവര്‍ പരാതി പറഞ്ഞത് പെട്ടന്നു മറക്കാന്‍ പറ്റുമോ...'അദേഹം പറഞ്ഞത് അവര്‍ പട്ടിണി കിടക്കുന്നു എന്നല്ല.."താങ്കള്‍ ഔട്ട്‌ ലൂക്കില്‍ കൊടുത്ത അഭിമുഖം ഒന്നു വായിക്കുക...ആദിവാസികള്‍ ഒന്നും തിന്നുന്നില്ല കുടിക്കുന്നില്ല കക്കൂസ് ഉപയോഗിക്കുന്നില്ല എന്നു പറയുമ്പോള്‍ നമ്മുടെ ആദിവാസി ഉദ്ധാരണം ഇക്കാലമെത്രയും എവിടെയായിരുന്നു എന്നു കൂടി ചിന്തിക്കണം വര്‍ഷാവര്‍ഷം ഈ പേരില്‍ ചിലവഴിക്കുന്ന കോടികള്‍ എവിടെ പോയി...ആ വകുപ്പും മന്ത്രിമാരും എന്തു ഉദ്ധാരണം ആണ് നടത്തിയത്...ചോദ്യങ്ങള്‍ വരുമ്പോള്‍ സൌകര്യംപോലെ എന്തെങ്കിലും പറഞ്ഞു തലയെടുക്കുന്ന രീതി ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്...സ്നേഹത്തോടെ

    ReplyDelete
  4. I subscribe your words, thulasi.
    very correct

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete
  5. നമ്മുടെ ഒരു പൊതു ചിന്താഗതി തന്നെ ഇങ്ങനെ ആയിട്ടുണ്ട്. എൻഡോസൾഫാൻ വിഷയത്തിൽ ആയാലും അട്ടപ്പാടി വിഷയത്തിൽ ആയാലും , എന്തിനു സ്ത്രീ പീഡന കേസുകളിൽ പോലും കുറ്റം ഇരകളുടെതാണ് എന്ന രീതിയിലാണ് അഭിപ്രായങ്ങൾ വരുന്നത്. ഈ ധാര്ഷ്ട്യംഎന്ന് തീരുന്നോ അന്നേ യഥാർത്ഥ ജനാധിപത്യം ഇവിടെ
    സാധ്യമാവൂ.

    ReplyDelete
    Replies
    1. ഞാനും താങ്കളോട് യോജിക്കുന്നു

      Delete
  6. മുകളിൽ പടന്നക്കാരൻ പറഞ്ഞതിനോട് ഭാഗികമായി യോജിക്കുന്നു.ഏജന്റുമാരും സർക്കാർ ഉദ്യോഗസ്ഥരും മുക്കിയിട്ടു ബാക്കി കിട്ടുന്ന റേഷൻ സാധനങ്ങൾ പോലും തുച്ചമായ തുകക്ക് ആദിവാസികൾ വിൽപ്പന നടത്തി ആ കാശ് കൊണ്ട് ചാരായം കുടിക്കുന്നു.ചില മലയോര മേഖലകളിലെ പലചരക്കു കടകളിൽ വില്പ്പനക്ക് വെച്ചിരിക്കുന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഇത്തരം ഐറ്റംസും കാണാം.മുഖ്യൻ പറഞ്ഞതിനെ കണ്ണടച്ച് എതിർക്കുന്നതിനു പകരം,പറഞ്ഞതിൽ ചില സത്യങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കണം.ആദിവാസി ഊരുകളിൽ പാലും തേനും ഒഴുകുന്നു എന്ന് കരുതുന്നില്ല.പക്ഷെ ലഭ്യമായ തുച്ചമായ സഹായം പോലും വേണ്ട വിധത്തിൽ ഉപയോഗപെടുത്തുവാൻ ആദിവാസികൾക്ക് ആവുന്നില്ല എന്നതാണ് സത്യം.കാടുകളിൽ സ്വന്തം ആവാസ വ്യവസ്ഥയിൽ സ്വന്തം ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് ജീവിക്കുവാൻ ആദിവാസികളെ അനുവദിക്കാതെ കൊണ്ക്രീട്റ്റ് വീടുകൾ വെച്ച് അതിൽ താമസിക്കുവാൻ നിർബന്ധിക്കുന്ന അധികാരികൾ തന്നെയാണ് ആദിവാസികളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം.ആമസോണ്‍ മഴക്കാടുകളിലും ആഫ്രിക്കൻ കാടുകളിലും ജീവിക്കുന്ന ഗോത്ര വർഗക്കാരെ അവർ ജീവിച്ചു പോയിരുന്ന രീതികൾ നിന്നും മാറുവാൻ നിർബന്ധിക്കാതെ അവരുടെ ആചാരങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ അനുവദിക്കുന്ന പല ഉദാഹരങ്ങളും കാണുവാൻ സാധിക്കും.വേണ്ടത് നാട്ടുകാരിൽ നിന്നുള്ള ഇടപെടൽ കുറയ്ക്കുക,ആദിവാസികളെ പുറം ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി ഒരു കർമ സേന രൂപികരിക്കുക.പിന്നെ ആദിവാസികളെ ചാരായം കുടിപ്പിച്ചു സ്വയം ചീർക്കുന്ന കള്ളാ വാറ്റുകാരെ തടയുക.വാട്ടുകാരിൽ നിന്നും ആചാരം വാങ്ങിച്ചു അവര്ക്ക് ചൂട്ടു പിടിക്കുന്ന വനപാലകരും എക്സൈസ് ഏമാന്മാരും ആദിവാസികളുടെ തകര്ച്ചയ്ക്ക് ആക്കം കൂട്ടുന്നു.കാടന്മാരെ നാടൻ ആക്കുവാൻ ശ്രമിച്ചു കാടനും നാടനും അല്ലാത്ത കോലത്തിൽ ആക്കുന്നതിനു പകരം,കാടനെ കാടൻ തന്നെ ആയി സമാധാനത്തോടെ ജീവിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

    ReplyDelete
    Replies
    1. നിയമങ്ങള്‍ പാലിക്കാന്‍ ആദിവാസികളും അവരെ ചൂഷണം ചെയ്യുന്നവരും തയ്യാറാകാതെ വരുമ്പോള്‍ കര്‍ശനമായി ഇടപെടേണ്ടത്‌ സര്‍ക്കാരാണ്...അതിനാണ് അധികാരം...വേണ്ടത് ചെയ്യാതെ കവല പ്രസംഗം നടത്തിയാല്‍ കാര്യമില്ല..വകുപ്പ് മന്ത്രിയും കൂട്ടരും ഉറക്കത്തില്‍ നിന്നു ഉണരണം...

      Delete
  7. പ്രീയപ്പെട്ട തുളസീവനം
    മറ്റു വായനക്കാരെ നിങ്ങളില്‍ എത്ര പേര്‍ ശരിക്കും ആദിവാസികളുമായി അടുത്ത് ഇട പഴകീട്ടുണ്ട് ? പലപ്പോഴും ആദിവാസികള്‍ നമ്മളെ പോലുള്ളവരനെന്നു നമ്മള്‍ പറയാറുണ്ട് പക്ഷെ എനിക്ക് തോന്നുന്നു അങ്ങനെ അല്ലെന്നു . അവരെ നമ്മളെ പോലുള്ള വരാക്കാന്‍ നമ്മള്‍ നടത്തുന്ന വിഫല നാടകത്തിന്റെ പരിണിത ഫലമാണ്‌ ഈ കാണുന്ന അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍
    ഇനി മുഖ്യന്‍ പറഞ്ഞതിലെന്താ തെറ്റ് ? പോഷകഹരക്കുരവ് നവജാത ശിശുക്കല്‍ക്കുണ്ടാവാന്‍ കാരണം അമ്മമാരുടെ ഭക്ഷണരീതി കാരണമാകില്ലെ ?മദ്യവും പുകയിലയും മുഖ്യ അഹരമാക്കിയാല്‍ ആര്‍ക്കും പോഷകാഹാര ക്കുരവുണ്ടാകും .............ഇനിയെങ്കിലും അവരെ വിട്ടേക്കുക അവരെ ഉദ്ദരിച്ച്‌ കൊല്ലരുത് ...........സര്‍ക്കാര്‍ രേഖകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നു കോടി സഹായം ലഭിച്ച കുടുംബം പട്ടിണി കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്

    ReplyDelete
    Replies
    1. ഞാന്‍ അവരുടെ ഇടയില്‍ ജോലി ചെയ്തിട്ടുണ്ട്.അനുവദിച്ച സഹായങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയില്ലേ...സര്‍ക്കാരിന്റെ ഏജന്‍സിയായി അട്ടപടിയില്‍ അന്വേഷണത്തിന് പോയ കോഴിക്കോട് മെഡിക്കല്‍കോളേജ് ഡോക്ടമ്മാരും മുഖ്യന്‍റെ വാദം തള്ളിയില്ലേ...നവജാത ശിശുക്കള്‍ മരിച്ച അമ്മമാര്‍ ആരും മദ്യപിക്കില്ല എന്നു തെളിഞ്ഞില്ലേ...ഭരണ തലത്തിലെ നിസ്സന്ഗത ഇനിയെങ്കിലും മാറ്റൂ...എന്നാണ് ഞാന്‍ പറഞ്ഞത്.

      Delete